ചില മരണങ്ങൾ അപ്രതീക്ഷിതവും ആകസ്മികവുമായി നമുക്ക് അനുഭവപ്പെടുന്നത് അവർ ഇനിയും ജീവിക്കേണ്ടവരാണ് എന്ന് നമ്മൾ ആഗ്രഹിക്കുന്നതു കൊണ്ടാണ്. വളപട്ടണം അമ്പലത്തിലകത്ത് ഇസ്ഹാഖ് സാഹിബിന്റെ മരണം ഉൾക്കൊള്ളാൻ അദ്ദേഹത്തെ അറിയുന്നവർ പ്രയാസപ്പെടുന്നത് ഈ കാരണംകൊണ്ടാണ്. നാടിനും നാട്ടുകാർക്കും കണ്ണൂർ ജില്ലയിലെ ഇസ്്ലാമിക പ്രവർത്തകർക്കും അത്രമേൽ വേണ്ടപ്പെട്ട ആളായിരുന്നു അദ്ദേഹം.
വളപട്ടണം ടൗണിൽ തന്നെയുള്ള അദ്ദേഹത്തിന്റെ വീടും വീടിനു തൊട്ടുള്ള തന്റെ മരമില്ലും എപ്പോഴും ജനമധ്യത്തിൽ ജീവിക്കാൻ അദ്ദേഹത്തിന് അവസരമുണ്ടാക്കി. ആർക്കും ഏത് സമയത്തും എന്താവശ്യത്തിനും കയറിച്ചെല്ലാവുന്ന വിധം അദ്ദേഹം ജീവിച്ചു. ഇസ്്ലാമിക പ്രവർത്തകരും പാർട്ടി പ്രവർത്തകരും സ്ത്രീ -പുരുഷ-കുട്ടികൾ ഭേദമന്യേ സംഗമിക്കുന്ന താവളമായിരുന്നു അദ്ദേഹത്തിന്റെ വീട്. വരുന്നവർക്കൊക്കെ ഭക്ഷണം നൽകുന്ന നല്ല ആതിഥേയരും കൂടിയായിരുന്നു ഇസ്ഹാഖ് സാഹിബും ഭാര്യ സക്കീന സാഹിബയും.
ജമാഅത്തെ ഇസ്്ലാമി പ്രാദേശിക ഘടകത്തിന്റെ ദീർഘകാല സെക്രട്ടറിയും വളപട്ടണം ബൈത്തുസ്സകാത്തിന്റെ എക്സിക്യൂട്ടീവ് അംഗവുമായിരുന്നു ഇസ്ഹാഖ് സാഹിബ്. മാസം തോറുമുള്ള റേഷൻ/ പെൻഷൻ വിതരണവും മറ്റു ജീവൽ പ്രശ്നങ്ങളിലുള്ള ധന വിതരണവും അർഹരിൽ കൃത്യമായി എത്തിക്കുന്നതിൽ കണിശത പുലർത്തിയിരുന്ന അദ്ദേഹം സകാത്ത് സംഭരണ വിഷയത്തിലും ശ്രദ്ധ ചെലുത്തി. തന്റെ വീട് സ്ഥിതിചെയ്യുന്ന പത്താം വാർഡിന്റെ സർവതോന്മുഖമായ വികസന പ്രവർത്തനങ്ങളിൽ വാർഡ് മെമ്പർ സമീറ സാഹിബക്കും പാർട്ടി പ്രവർത്തകർക്കും എന്നും താങ്ങും തണലുമായി അദ്ദേഹം നിലകൊണ്ടു. സേവന വഴികളിൽ അദ്ദേഹവും അദ്ദേഹത്തിന്റെ മോട്ടോർ ബൈക്കും നിരന്തരം സഞ്ചരിക്കുന്നത് വളപട്ടണത്തെ സ്ഥിരം കാഴ്്ചയായിരുന്നു.
വാരാന്ത യോഗങ്ങളിൽ ചായ ഫ്ളാസ്കും കൂടെ കടിക്കാൻ വല്ല പലഹാരവും എടുത്തുവരുന്ന ഇസ്ഹാഖ് സാഹിബിന്റെ ചിത്രം മനസ്സിൽനിന്ന് മായുകയില്ല. സെക്രട്ടറി എന്ന നിലയിൽ യോഗ നടപടികൾ സമയ ബന്ധിതമായി കൊണ്ടുപോവാൻ വാശി കാണിക്കുന്നതോടൊപ്പം ചർച്ചകൾ വഴിമാറുമ്പോൾ അൽപം കാർക്കശ്യത്തോടെ ഇടപെടുകയും ചെയ്തിരുന്നു അദ്ദേഹം. പുരുഷന്മാരും സ്ത്രീകളും കുട്ടികളും നടത്തുന്ന ഏത് പ്രാസ്ഥാനിക പരിപാടികളിലും ഇസ്ഹാഖ് സാഹിബിന്റെ സാന്നിധ്യമില്ലാതിരിക്കില്ല.
സമ്പൂർണ പ്രസ്ഥാന കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. ഭാര്യ സക്കീനയും മകൾ സുഹൈലയും (ജമാഅത്ത് വനിതാ സംസ്ഥാന സമിതി അംഗം) മരുമകൻ ഫർമീസും (മീഡിയാ വൺ) ജമാഅത്ത് അംഗങ്ങളാണ്. മറ്റൊരു മകൾ സുഫാനയും ഭർത്താവ് ജുനൈദും പ്രസ്ഥാന പ്രവർത്തകരാണ്.

ഉമയ് മുത്തു

ഉമയ് മുത്തു


ജമാഅത്തെ ഇസ്്ലാമി കായംകുളം ഏരിയാ പ്രസിഡന്റ് മുജീബ് റഹ്്മാന്റെ മാതാവും പ്രസ്ഥാന പ്രവര്‍ത്തകയുമായ കൊച്ചുപള്ളത്തേത്ത് ഉമയ് മുത്തു ഇത്ത അല്ലാഹുവിലേക്ക് യാത്രയായി. ദീര്‍ഘകാലമായി പല തരത്തിലുള്ള രോഗങ്ങള്‍ പ്രയാസപ്പെടുത്തിയിരുന്നുവെങ്കിലും അതൊന്നും അവരുടെ പ്രവര്‍ത്തനങ്ങളെ ബാധിച്ചിരുന്നില്ല. കുടുംബം മുഴുവന്‍ പ്രസ്ഥാന വഴിയിലായതിനാല്‍ ആവോളം അതിന്റെ നന്മകള്‍ ആസ്വദിക്കാന്‍ ഭാഗ്യം ലഭിച്ച മഹതിയാണ് ഇത്ത. വര്‍ഷങ്ങള്‍ക്കു മുമ്പ് അവരുടെ അയല്‍വാസിയായി താമസിക്കാന്‍ ഭാഗ്യം ലഭിച്ചതിനാല്‍ പല തരത്തിലുള്ള സഹായം പരേതനായ ഷറഫ് സാഹിബില്‍നിന്നും ഇത്തയില്‍നിന്നും ലഭിച്ചിരുന്നു. ഷറഫ് സാഹിബിന്റെ മരണം ഇത്തയില്‍ ഉണ്ടാക്കിയ ആഘാതം വളരെ വലുതായിരുന്നു.
എം. മൈതീൻ ‍കുഞ്ഞ്‌