കവര്‍സ്‌റ്റോറി

ജാതി സെൻസസ് നടത്തുന്നതിനെ എല്ലാ പാർട്ടികളിലെയും മേൽജാതിക്കാർ അങ്ങേയറ്റം ഭയപ്പെടുന്നു. രാജ്യം 'വിഭജിക്കപ്പെടു'ന്നതിന്റെ ഭീതിയാണോ വാസ്തവത്തിൽ അവരെ അലട്ടുന്നത്? “ജനാധിപത്യം നാലു കാലുകളിലാണ് നിൽക്കുന്നത്; ഒരു രാജ്യത്തെ ജനാധിപത്യമായി കണക്കാക്കുന്നതിന് അവയെല്ലാം അനിവാര്യമാണ്: സാമൂഹിക ജനാധിപത്യം, പ്രാതിനിധ്യ ജനാധിപത്യം, രാഷ്ട്രീയ (തെരഞ്ഞെടുപ്പ്)ജനാധിപത്യം, സാമ്പത്തിക ജനാധിപത്യം. ഇതിൽ ഏറ്റവും നിർണായകം പ്രാതിനിധ്യ ജനാധിപത്യമാണ്. അതില്ലാതെ ഭരണകൂടത്തിന് എല്ലാ വിഭാഗം ജനങ്ങളുടെയും താൽപര്യങ്ങൾ നിറവേറ്റാൻ പറ്റുകയില്ല. പ്രാതിനിധ്യ ജനാധിപത്യം ഉണ്ടായാലേ ഒരു രാജ്യം ജനാധിപത്യത്തിന്റെ പ്രാരംഭ ഘട്ടത്തിലെത്തൂ.” (പ്രഫ. [ഡോ.] ജി. മോഹൻഗോപാൽ- പ്രാതിനിധ്യ ജനാധിപത്യത്തിനുള്ള പോരാട്ടം- ജ്ഞാനോത്സവം 2023, മാള ഗുരുധർമ ട്രസ്റ്റ്).

വ്യത്യസ്ത സമുദായങ്ങൾക്ക് അർഹമായതും മതിയായതുമായ പ്രാതിനിധ്യം (due and adequate representation; due share of power) നൽകിയില്ലെങ്കിൽ അഥവാ പ്രാതിനിധ്യ ജനാധിപത്യം നടപ്പായില്ലെങ്കിൽ, ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോകുമ്പോൾ, ഏതാനും ചില സമുദായങ്ങളുടെ ഭരണ(ഒലിഗാർക്കി)മായിരിക്കും ഇവിടെ ഉണ്ടാവുക എന്ന മുന്നറിയിപ്പ്, നൂറു വർഷങ്ങൾക്കു മുമ്പേ, ഡോ. ബാബാസാഹിബ് അംബേദ്കർ നൽകിയിരുന്നു. എന്നാൽ, സ്വാതന്ത്ര്യത്തിനുശേഷം ഇന്ത്യയിലും സംസ്ഥാനങ്ങളിലും അധികാരത്തിൽ വന്ന ഏതാണ്ടെല്ലാ പാർട്ടികളിലും, ചില പ്രത്യേക സമുദായക്കാരുടെ മേധാവിത്വം ഉണ്ടായിരുന്നതിനാൽ, ആ ഒലിഗാർക്കി ഭരണകൂടങ്ങളൊന്നും വ്യത്യസ്ത സമുദായങ്ങളുടെ കണക്കെടുക്കാനോ അവർക്ക് അർഹമായ പ്രാതിനിധ്യം നൽകാനോ തയാറായില്ല.

1871 മുതൽ 1931 വരെ ബ്രിട്ടീഷുകാർ നടത്തിയ സെൻസസുകളിലെല്ലാം ഇന്ത്യയിലെ വ്യത്യസ്ത സമുദായങ്ങളുടെ കണക്ക് ശേഖരിച്ചിരുന്നു. എന്നാൽ, സ്വാതന്ത്ര്യത്തിനുശേഷം നടന്ന ഏഴു സെൻസസുകളിലും മുന്നാക്ക സമുദായങ്ങളുടെയോ പിന്നാക്ക സമുദായങ്ങളുടെയോ കണക്ക് എടുത്തില്ല. അതിനവർ പറഞ്ഞുപോരുന്ന കാരണം അതിവിചിത്രമാണ്: മുന്നാക്ക സമുദായങ്ങളുടെയും പിന്നാക്ക സമുദായങ്ങളുടെയും കണക്കെടുക്കുന്നത് ‘രാജ്യത്ത് വിഭജനവും കലാപങ്ങളും ഉണ്ടാക്കു’മത്രേ!! എല്ലാ സെൻസസിലും പട്ടികജാതിക്കാരുടെയും പട്ടികവർഗക്കാരുടെയും കണക്കെടുക്കുന്നുണ്ട്. അതുകൊണ്ട് രാജ്യം വിഭജിക്കപ്പെടുകയോ കലാപം ഉണ്ടാവുകയോ ചെയ്തോ? നാഷ്നൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ പോലുള്ള സംവിധാനങ്ങൾ ഇപ്പോഴും, എല്ലാ ജാതികളുടെയും കണക്കെടുക്കുകയും അതു പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ട്. എന്നിട്ട് ഈ നാട്ടിൽ എന്തു 'കലാപ'മാണുണ്ടായത്? എന്തു 'വിഭജന'മാണ് സമൂഹത്തിൽ ഉണ്ടായത്?

പൂർണമായ ഹെഡ്കൗണ്ട് നടത്താതെ, സാമ്പിൾ സർവേ മാത്രം നടത്തിയാണ് എൻ.എസ്. എസ്.ഓയും മറ്റും ജാതിക്കണക്ക് പുറത്തുവിടുന്നത്. അയഥാർഥമായ, എളുപ്പം മാനിപ്പുലെയ്റ്റ് ചെയ്യാവുന്ന അത്തരം ഡാറ്റക്കു പകരം, എല്ലാവരുടെയും തലയെണ്ണുന്ന തരത്തിൽ ഈ സർവേ നടത്തണമെന്നു മാത്രമാണ് ജാതി സെൻസസ് വാദികൾ ആവശ്യപ്പെടുന്നത്. സാമ്പിൾ സർവേയിലൂടെ, ഇത്ര ശതമാനം ഒ.ബി.സികളുണ്ടെന്നു പറയുമ്പോളില്ലാത്ത ‘കലാപ’വും ‘വിഭജന’വും, സമ്പൂർണ സർവേ നടത്തി കണക്ക് പുറത്തുവന്നാലുണ്ടാവും എന്നു പറയുന്നതിന്റെ അടിസ്ഥാനം എന്താണ്?

ഡോ. അംബേദ്കർ

സത്യത്തിൽ, കലാപമോ വിഭജനമോ അല്ല ജാതി സെൻസസിനെ എതിർക്കുന്നവരുടെ വേവലാതി എന്ന് ചിന്താശേഷിയുള്ള സകലർക്കും അറിയാം. ബിഹാർ ജാതി സെൻസസിലൂടെ ആ സത്യം പകൽപോലെ സ്പഷ്ടമായിട്ടുമുണ്ട്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരണം നിയന്ത്രിക്കുന്ന ഒലിഗാർക്കി സമുദായങ്ങൾ കേവലം 15 ശതമാനം മാത്രമാണെന്ന ഭീകര സത്യമാണ് ബിഹാർ സെൻസസ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ഏതു പാർട്ടി അധികാരത്തിൽ വന്നാലും കേന്ദ്രം ഭരിക്കുന്നത് മൈക്രോസ്കോപ്പിക് മൈനോറിറ്റികൾ മാത്രമായ നാലു സമുദായങ്ങളാണെന്ന സത്യമായിരിക്കും ജാതി സെൻസസ് നടപ്പായാൽ പുറത്തുവരാൻ പോകുന്നത്. അത് തങ്ങളുടെ അടിത്തറ തോണ്ടുന്ന പരിപാടിയാണെന്ന് ഈ ഒലിഗാർക്കി സമുദായങ്ങൾക്കറിയാം. അതുകൊണ്ട് ആ സത്യം പുറത്തുവരാതിരിക്കാൻ വേണ്ടി എന്തു വില കൊടുക്കാനും അവർ തയാറാണ്.

വി.പി സിംഗ്

അതിനിടെയാണ്, മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ്, ജാതി സെൻസസ് നടത്തണമെന്ന് പ്രമേയം പാസാക്കിയിരിക്കുന്നത്. പ്രതിപക്ഷ സഖ്യമായ ‘ഇൻഡ്യ’യുടെ പ്രകടനപത്രികയിൽ, ജാതി സെൻസസ് നടത്തും എന്ന കാര്യം ഉൾപ്പെടുത്താൻ കോൺഗ്രസ് ശ്രമിക്കുമെന്നും വാർത്തയുണ്ട്. എന്നു മാത്രമല്ല, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലൊന്നായ കർണാടകയിൽ 2017-ൽ നടത്തിയ ജാതി സെൻസസ് കണക്കുകൾ പുറത്തുവിടുമെന്നും, രാജസ്ഥാൻ, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളിൽ ജാതി സെൻസസ് നടത്തുമെന്നും ആ പാർട്ടിയുടെ നേതാക്കൾ പറയുന്നുണ്ട്.

എന്നാൽ കോൺഗ്രസ്സിന്റെ ഈ തീരുമാനത്തെ, പാർട്ടിക്കകത്തും പുറത്തുമുള്ള ഒലിഗാർക്കി സമുദായങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും പാരവയ്ക്കാൻ ശ്രമിക്കുന്നു എന്നതാണ് ഉത്കണ്ഠയുളവാക്കുന്ന കാര്യം.

പങ്കജ് വോറ എന്ന സംഘ് അനുകൂല ബ്രാഹ്മണ ജേണലിസ്റ്റ് സൺഡേ ഗാർഡിയനിൽ ജാതി സെൻസസിന് എതിരായെഴുതിയ ലേഖനത്തിന്റെ തലക്കെട്ടു തന്നെ,‘ഖാർഗെ രാഹുലിനെ നിയന്ത്രിക്കണം’ (Kharge Must Rein in Rahul) എന്നാണ്. ജാതി സെൻസസ് നടത്തണമെന്നുള്ള രാഹുൽ ഗാന്ധിയുടെ പറച്ചിൽ, കോൺഗ്രസ് വർക്കിങ് കമ്മിറ്റി തീരുമാനമാക്കി എടുക്കുമോ എന്ന ആശങ്ക വർധിച്ചപ്പോഴാണ് വോറ, ഖാർഗെക്കു മുന്നറിയിപ്പ് നൽകുന്നത്: “കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ സംബന്ധിച്ചേടത്തോളം, ഒരു പ്രത്യേക നിർദേശത്തിന് തന്റെ അംഗീകാരം ലഭിക്കുകയും വർക്കിങ് കമ്മിറ്റി യഥാവിധി അംഗീകരിക്കുകയും ചെയ്തിട്ടില്ലെങ്കിൽ, അതിനെക്കുറിച്ച് പരസ്യമായി സംസാരിക്കേണ്ടതില്ലെന്ന് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എല്ലാവരോടും സ്പഷ്ടമായി പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.”

രാഹുൽ ഗാന്ധി

തുടർന്ന് അദ്ദേഹം എഴുതുന്നു: 'ജിത്‌നി ആബാദി, ഉത്‌ന ഹഖ്' (എത്ര ജനസംഖ്യ, അത്ര [പ്രാതിനിധ്യ/പങ്കാളിത്ത] അവകാശം) എന്ന രാഹുൽ ഗാന്ധിയുടെ ആഹ്വാനം, അദ്ദേഹത്തിന്റെ പാർട്ടി സഹപ്രവർത്തകരിൽ പലരെയും അസ്വസ്ഥരാക്കിയിട്ടുണ്ട്. കാരണം, ഈ ചിന്ത കോൺഗ്രസ് മുൻകാലങ്ങളിൽ നിലകൊണ്ട എല്ലാറ്റിനും എതിരാണ്, അത്തരമൊരു സിദ്ധാന്തമെങ്ങാൻ നടപ്പാക്കിയാൽ അത് പൂർണമായ കുഴപ്പത്തിലേക്കു നയിക്കും. മുതിർന്ന നേതാവ് അഭിഷേക് സിങ്്വി ഈ തീസിസിനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു. ഭൂരിപക്ഷവാദ(majoritarianism)ത്തിലേക്ക് നയിക്കുന്ന ഇതിന്റെ അനന്തര ഫലങ്ങൾ എല്ലാവരും മനസ്സിലാക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു. എന്നിരുന്നാലും, പല തവണ പാർട്ടിക്കുവേണ്ടി വാദിച്ച പ്രമുഖ അഭിഭാഷകൻ, ഒരുപക്ഷേ നിർബന്ധത്താലോ പ്രേരണയാലോ തന്റെ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയും വിചിത്രവും കോൺഗ്രസ് വിരുദ്ധവുമായ പ്രസ്താവനയോടുള്ള എതിർപ്പ് കുറയ്ക്കാൻ ശ്രമിക്കുകയും ചെയ്തു. സ്വന്തം പാർട്ടിക്കു ചേരാത്ത അജണ്ട നിശ്ചയിക്കാൻ രാഹുൽ ഗാന്ധി എന്തിനു ശ്രമിക്കണം എന്നതാണ് കാര്യം. ഇത്തരമൊരു പ്രവർത്തനത്തിന്റെ അനന്തര ഫലങ്ങൾ, അദ്ദേഹത്തിനു ചുറ്റുപാടുമുള്ളവർ മനസ്സിലാക്കാത്തതുകൊണ്ടാണോ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചുകൊണ്ടിരിക്കുന്നത്?” [https://sundayguardianlive.com/opinion/kharge-must-rein-in-rahul]

മണ്ഡൽ കമീഷൻ റിപ്പോർട്ട് നടപ്പാക്കാനുള്ള വി. പി സിംഗിന്റെ തീരുമാനം പോലെ, 'തെറ്റായതും സാമൂഹിക സംഘർഷങ്ങളുണ്ടാക്കുന്നതു'മായ നീക്കമാണ് ജാതി സെൻസസ് നടത്താനുള്ള ആഹ്വാനം എന്നാണ് വോറയെപ്പോലുള്ള ഒലിഗാർക്കി സമുദായ ജേണലിസ്റ്റുകൾ നിരന്തരം വാദിക്കുന്നത്. അദ്ദേഹത്തിന്റെ ‘സങ്കടം’ കാണൂ:

“1990 ആഗസ്റ്റിൽ, തന്റെ കാലം കഴിഞ്ഞുവെന്ന് അറിയാവുന്ന വിശ്വനാഥ് പ്രതാപ് സിങ്, മണ്ഡൽ കമീഷൻ നടപ്പാക്കിയത് വളരെയധികം സാമൂഹിക പ്രക്ഷോഭങ്ങൾ സൃഷ്ടിച്ചിരുന്നു. ഇപ്പോൾ ജാതി സെൻസസ് എന്ന ഈ ആവശ്യം, അനാവശ്യമായി രാജ്യത്ത് ഭിന്നിപ്പുണ്ടാക്കാൻ പോകുന്ന മറ്റൊരു നീക്കമായിരുന്നു, അത് സാധാരണ നില പൂർണമായും തകരുന്നതിലേക്കു നയിക്കും.”
വോറയുടെ അടുത്ത സുഹൃത്തും ബ്രാഹ്മണനുമായ ശുബഭ്രത ഭട്ടാചാര്യയും സമാനമായ ഉത്കണ്ഠ പങ്കുവയ്ക്കുന്നുണ്ട്. “രാഹുൽ ഗാന്ധി കോൺഗ്രസ്സിൽ നിന്നു വേറിട്ട് സ്വന്തം ആഖ്യാനം ഉണ്ടാക്കുന്നു” എന്നാണ് എൻ.ഡി ടി.വി ഓൺലൈനിൽ എഴുതിയ ലേഖനത്തിലൂടെ അദ്ദേഹം ആക്ഷേപിക്കുന്നത്. [https://www.ndtv.com/opinion/rahul-gandhi-crafts-his-own-narrative-separate-from-congress-4456232]

ബ്രാഹ്മണ ജാതിവാദികളായ നേതാക്കന്മാരുടെയും മാധ്യമ പ്രവർത്തകരുടെയും ഉപജാപങ്ങളെ മറികടന്ന്(?), ജാതി സെൻസസിന് അനുകൂലമായ തീരുമാനം കോൺഗ്രസ് വർക്കിങ് കമ്മിറ്റി എടുത്തുവെങ്കിലും കേരളം പോലുള്ള പല സംസ്ഥാനങ്ങളിലെയും കോൺഗ്രസ് നേതാക്കന്മാർ, ഈ തീരുമാനത്തെ സ്വാഗതം ചെയ്യാൻ മടിക്കുകയാണ്. യു.ഡി.എഫിൽ മുസ് ലിം ലീഗൊഴികെയുള്ള കക്ഷികളും ഇക്കാര്യത്തിൽ നിശ്ശബ്ദത പാലിക്കുകയാണ്. കോൺഗ്രസ് മാത്രമല്ല, ഇൻഡ്യ സഖ്യത്തിന്റെ ഭാഗമായ സി.പി.എമ്മും എൽ.ഡി.എഫും ജാതി സെൻസസ് വിഷയത്തിൽ നാളിതുവരെ കമാന്നു മിണ്ടാൻ ധൈര്യപ്പെട്ടിട്ടില്ല. ഈ പാർട്ടികളുടെയെല്ലാം ‘തലതൊട്ടപ്പനെ’ന്നു വിശേഷിപ്പിക്കാവുന്ന നായർ സർവീസ് സൊസൈറ്റി, ജാതി സെൻസസ് നടത്താനുള്ള നീക്കത്തിനെതിരെ പരസ്യ പ്രസ്താവന ഇറക്കിയിട്ടുള്ളതിനാലാണ്, എൽ.ഡി.എഫ് - യു.ഡി.എഫ് പാർട്ടികൾ ജാതി സെൻസസിന് അനുകൂലമായി സംസാരിക്കാൻ തയാറാകാത്തതെന്ന് ന്യായമായും സംശയിക്കാവുന്നതാണ്.

പാർട്ടി കമ്മിറ്റികളിലും നിയമനിർമാണ സഭകളിലും മതിയായ പ്രാതിനിധ്യമില്ലെങ്കിൽ, പാർട്ടികളുടെയും ഭരണത്തിന്റെയും തലപ്പത്ത് പിന്നാക്ക സമുദായക്കാർ വന്നാൽപോലും പിന്നാക്കക്കാർക്ക് അനുകൂലമായ, ന്യായവും നീതിപൂർവകവുമായ തീരുമാനങ്ങൾ പോലും എടുക്കാൻ അവർക്ക് ധൈര്യമുണ്ടാവില്ല.

ലെജിസ്ലേച്ചറിൽ മതിയായ പ്രാതിനിധ്യം കിട്ടിയാൽപോലും എക്സിക്യൂട്ടീവിലും ജുഡീഷ്യറിയിലും കൂടി, മതിയായതും അർഹമായതുമായ പ്രാതിനിധ്യം ഇല്ലാത്ത നിലവിലെ അവസ്ഥയിൽ, ഭരണാധികാരികളായി വരുന്ന പിന്നാക്ക സമുദായക്കാർ മുന്നാക്കക്കാർക്ക് ഹിതകരമല്ലാത്ത തീരുമാനങ്ങളെടുക്കാൻ സാധാരണഗതിയിൽ തയാറാവില്ല. ദേവസ്വം ബോഡിൽ മുന്നാക്ക സംവരണമേർപ്പെടുത്താനും ഇ.ഡബ്ല്യൂ.എസ് എന്ന മുന്നാക്ക സംവരണം എല്ലാ സംസ്ഥാനങ്ങളെക്കാളും വേഗത്തിൽ നടപ്പാക്കാനും കേരളത്തിലെ എൽ.ഡി.എഫ് സർക്കാർ തയാറായത് ഒലിഗാർക്കി സമുദായങ്ങളെ ഭയന്നിട്ടാണെന്നു കരുതണം. ശബരിമല മേൽശാന്തി നിയമനക്കാര്യത്തിൽ അബ്രാഹ്മണരെ പരിഗണിക്കാം എന്നുപോലും പറയാൻ,‘പുരോഗാമി’ സർക്കാരിനു ചങ്കുറപ്പില്ലാത്തതിനും കാരണം വേറെ തിരയണ്ട.

ദേവസ്വം ബോഡിലും വിദ്യാഭ്യാസ-ഉദ്യോഗരംഗത്തും മുന്നാക്ക സംവരണം നടപ്പാക്കാൻ വേണ്ടി ഇവിടത്തെ മുന്നാക്ക സമുദായങ്ങൾക്ക് സമരമോ കോടതിപ്പോരാട്ടമോ നടത്തേണ്ടി വന്നിട്ടില്ല. ഒ.ബി.സി വിഭാഗത്തിൽപ്പെട്ട പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ഉണ്ടായിട്ടും, കെ.എ.എസ് മുതൽ ശബരിമല മേൽശാന്തി നിയമനക്കാര്യം വരെയുള്ള കാര്യങ്ങളിൽ, ഒ.ബി.സി സംഘടനകൾക്കും വ്യക്തികൾക്കും സമരങ്ങളും നിവേദനങ്ങളും കോടതിക്കേസുകളുമൊക്കെ വേണ്ടിവരുന്നു. ഭരണകൂടത്തിൽ ഒലിഗാർക്കി സമുദായങ്ങളുടെ സ്വാധീനം എത്രക്കുണ്ടെന്നതിന്റെ തെളിവാണിത്.

കേരളത്തിൽ ജാതി സെൻസസിനെ എതിർത്തുകൊണ്ട് പരസ്യപ്രസ്താവനയും ലേഖനങ്ങളും സോഷ്യൽ മീഡിയാ പോസ്റ്റുകളും എഴുതുന്നത് ഈ ഒലിഗാർക്കി സമുദായങ്ങളിൽപെട്ടവരാണ്. ജാതി സെൻസസിലൂടെ വസ്തുതകൾ പുറത്തറിഞ്ഞാൽ വർഷങ്ങളായി അനർഹമായി കൈവശം വെച്ചനുഭവിച്ചുപോരുന്ന അധികാരം, ഇതര സമുദായങ്ങളുമായി ആനുപാതികാടിസ്ഥാനത്തിൽ പങ്കുവെക്കേണ്ടിവരും എന്ന ആധിയാണ് അവരെ അലട്ടുന്നത്.
ബിഹാർ ജാതി സെൻസസ് കണക്കുകൾ പുറത്തുവരികയും അതു ചർച്ചയാവുകയും ചെയ്തതോടെ, ഈ ഒലിഗാർക്കി സമുദായങ്ങളുടെ അങ്കലാപ്പ് വളരെയധികം വർധിച്ചു. നായർ സർവീസ് സൊസൈറ്റി മുതൽ സൈബർ പോരാളികളായ സവർണ ഹിന്ദു / ക്രൈസ്തവ പ്രൊഫൈലുകൾ വരെയുള്ളവർ ജാതി സെൻസസിനെതിരെ പ്രതികരിക്കുന്നത് അതുകൊണ്ടാണ്.
ജാതി സെൻസസിനെതിരെ എൻ.എസ്.എസ് പുറത്തിറക്കിയ പ്രസ്താവന, മൊത്തത്തിൽത്തന്നെ വസ്തുതാവിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. പ്രസ്താവനയിൽ ജാതി സെൻസസിനെതിരെയല്ല എൻ. എസ്.എസ് കൂടുതലും പറയുന്നത്. മറിച്ച്, സംവരണത്തിനെതിരെയാണ്.
ഇന്നത്തെ കാലത്ത് ഗൂഗിൾ ചെയ്തുനോക്കിയാൽ കൊച്ചു കുട്ടികൾക്കു പോലും മനസ്സിലാക്കാൻ സാധിക്കുന്ന കാര്യമാണ് ഉദ്യോഗ-വിദ്യാഭ്യാസ സംവരണത്തിന് കാലപരിധി നിശ്ചയിച്ചിട്ടില്ലെന്നത്. അപ്പോൾ പിന്നെ, സംവരണം ഏർപ്പെടുത്തിയത് പത്തു വർഷത്തേക്കു മാത്രമായിരുന്നു എന്ന പച്ചക്കള്ളം എൻ. എസ്.എസ്സിനെപ്പോലുള്ള സംഘടനകൾ നിരന്തരം ആവർത്തിക്കുന്നത് നുണ, ആവർത്തനത്തിലൂടെ സത്യമാക്കാം എന്ന കുത്സിത ലക്ഷ്യം മുൻനിർത്തിയാണെന്നു വ്യക്തം. തമാശ അതല്ല; ഇന്ത്യയിലെ ആദ്യ ജാതിസംവരണമായ, ഇ.ഡബ്ല്യൂ.എസ് എന്ന ഓമനപ്പേരിലറിയപ്പെടുന്ന മുന്നാക്ക ജാതിസംവരണം ലഭിക്കുന്ന നായർ സമുദായത്തിന്റെ നേതാവിനും‘സംവരണം രാജ്യത്തിനു ഗുണകരമല്ല’ത്രേ! താക്കോൽ സ്ഥാനങ്ങളിൽ എപ്പോഴും നായന്മാർ ഇരുന്നാൽ മതിയെന്ന് സുകുമാരൻ നായർ ആഗ്രഹിക്കുന്നതു മനസ്സിലാക്കാം. എന്നാൽ, ആ താളത്തിനു തുള്ളേണ്ട കാര്യം പിണറായി വിജയനോ ഇടതുപക്ഷ സർക്കാരിനോ ഉണ്ടോ? ഈഴവരുൾപ്പെടെ എല്ലാ പിന്നാക്ക സമുദായങ്ങളുടെ സംഘടനകളും ലത്തീൻ, മുസ് ലിം സമുദായ സംഘടനകളും ജാതി സെൻസസിനു വേണ്ടി ശക്തമായി നിലകൊള്ളുമ്പോൾ, കേന്ദ്രം വേണമെങ്കിൽ നടത്തിക്കോട്ടെ എന്ന നിലപാടെടുക്കുന്ന സി.പി.എം നിലപാട് അവരുടെ ഭൂരിപക്ഷം വരുന്ന അണികളെ വഞ്ചിക്കലല്ലാതെ മറ്റെന്താണ്?

കോൺഗ്രസ് ഭരണത്തിലിരുന്നപ്പോഴാണ്, രാജ്യത്തെ വിഭജിക്കും എന്ന വാദം ഉയർത്തി ജാതി സെൻസസ് നടത്താതിരുന്നതും 2011-ൽ നടത്തിയ സോഷ്യോ ഇക്കണോമിക്കൽ സർവേ ഫലങ്ങൾ പോലും പുറത്തുവിടാതിരുന്നതും. കോൺഗ്രസ് പണ്ടു പറഞ്ഞ അതേ ന്യായങ്ങളാണ് ജാതി സെൻസസ് നടത്താതിരിക്കാൻ വേണ്ടി ഇപ്പോൾ ബി.ജെ.പി പറയുന്നത്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരണം കൈയാളുന്ന ആളുകളിൽ, ഏതാനും ചില സമുദായക്കാരുടെ അമിത പ്രാതിനിധ്യത്തെക്കുറിച്ച് നിരവധി വെളിപ്പെടുത്തലുകൾ ഉണ്ടായിട്ടുണ്ട്. നാഷ്നൽ ജുഡീഷ്യൽ അക്കാദമിയുടെ ഡയറക്ടറായിരുന്ന ഭരണഘടനാ വിദഗ്ധൻ പ്രഫ. (ഡോ.) ജി. മോഹൻ ഗോപാൽ, തന്റെ നിരവധി പ്രസംഗങ്ങളിൽ ഇക്കാര്യം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കേരള എക്സിക്യൂട്ടീവിലും ജുഡീഷ്യറിയിലും ചില പ്രത്യേക സമുദായങ്ങളുടെ ഒലിഗാർക്കിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമർശം വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു:

“മുസ് ലിംകളും ഈഴവരുമാണല്ലോ കേരളത്തിലെ ജനസംഖ്യയിൽ ഏറ്റവും വലിയ സമുദായങ്ങൾ. എന്നാൽ, കേരളപ്പിറവിക്കു ശേഷം ഇന്നുവരെ ഒറ്റ മലയാളി മുസ് ലിം പോലും കേരള ചീഫ് സെക്രട്ടറി ആയിട്ടില്ല. ഒരേയൊരു ഈഴവൻ മാത്രമേ കേരള ചീഫ് സെക്രട്ടറി ആയിട്ടുള്ളൂ. ഇതര ഒ.ബി.സികളുടെ ഇടയിൽനിന്ന് കേവലം ഒരാൾ മാത്രമാണ് (നാടാർ) ചീഫ് സെക്രട്ടറി ആയിട്ടുള്ളത്. കേരള പോലീസ് മേധാവിയായി ഒരേയൊരു മുസ് ലിമേ* ഇരുന്നിട്ടുള്ളൂ; അതും വെറും 25 ദിവസങ്ങൾ മാത്രം. രണ്ട് ഈഴവർ മാത്രമേ കേരളത്തിൽ പോലീസ് മേധാവി ആയിട്ടുള്ളൂ. കേരളത്തിൽനിന്ന് സുപ്രീം കോടതിയിൽ നിയമിതരായ മലയാളികളിൽ രണ്ടു ദലിതരും രണ്ടു മുസ് ലിംകളുമൊഴിച്ച് ബാക്കിയെല്ലാവരും മുന്നാക്ക ഹിന്ദുക്കളും സിറിയൻ ക്രിസ്ത്യാനികളും മാത്രമാണ്. ഇന്നു വരെ ഒരു ഈഴവനും സുപ്രീം കോടതി ജഡ്ജി ആയിട്ടില്ല. ഇതു വലിയ സമുദായങ്ങളുടെ സ്ഥിതിയാണെങ്കിൽ, ഒരു പ്രാതിനിധ്യവും ഇല്ലാത്ത ഒട്ടനവധി ചെറിയ സമുദായങ്ങളുണ്ട്. താക്കോൽ സ്ഥാനങ്ങളിൽ ഇന്നും കുത്തക മുന്നാക്ക ഹിന്ദു, മുന്നാക്ക ക്രിസ്ത്യൻ ഒലിഗാർക്കിക് സമുദായങ്ങൾക്കാണ്. തൽഫലമായി, ഭരണത്തിന്റെ ഗുണനിലവാരം പ്രതികൂലമായി ബാധിക്കപ്പെട്ടിരിക്കുന്നു.”

“ഇന്ത്യയിലെ സുപ്രീം കോടതിയിലെ 73% ജഡ്‌ജിമാരും സവർണരാണ്; അതിൽ 40%-വും ബ്രാഹ്മണരാണ്. 34 ജഡ്‌ജിമാരിൽ 2 ജഡ്‌ജിമാർ പട്ടികജാതി വിഭാഗത്തിൽ പെട്ടവരാണ്. 3 ശൂദ്രന്മാർ, 1 മുസ് ലിം, 1 ക്രിസ്ത്യൻ, 1 പാഴ്സി ഇത്രയുമാണ് ഇതര സമുദായങ്ങളിൽനിന്നുള്ള ജഡ്ജിമാർ. ആനുപാതികമായി നോക്കിയാൽ 8 എസ്.സി-എസ്.ടി ജഡ്‌ജിമാരും 5 മുസ് ലിം/ക്രിസ്ത്യൻ ജഡ്ജിമാരും 20 അവർണ ഒ.ബി.സികളും ഒരു ദ്വിജനും ആണുണ്ടാകേണ്ടത്. അത്തരമൊരു സോഷ്യൽ പശ്ചാത്തലം ഉണ്ടായാൽ, കോടതിയുടെ ജഡ്ജ്മെന്റുകൾതന്നെ പാടേ മാറുമെന്നു കരുതേണ്ടിയിരിക്കുന്നു” (മുൻ പരാമർശിത പ്രസംഗം).

ജാതി സെൻസസ്, ഒലിഗാർക്കി സമുദായങ്ങളുടെ യഥാർഥ കണക്ക് പുറത്തുകൊണ്ടുവരും; ഒ.ബി.സി സമുദായങ്ങളുടേതും. അനുബന്ധമായി ഉദ്യോഗ-വിദ്യാഭ്യാസ രംഗങ്ങളിലെ പ്രാതിനിധ്യത്തിന്റെ കണക്ക് കൂടി പുറത്തുവരണം. കൂടുതൽ പ്രാതിനിധ്യം കിട്ടിയവരെ മാറ്റിനിർത്തിയും കിട്ടാത്തവർക്ക് അതുറപ്പാക്കിയും എക്സിക്യൂട്ടീവും ലെജിസ്ലേച്ചറും ജുഡീഷ്യറിയും അഴിച്ചുപണിയാനുള്ള ആദ്യ പടിയായിരിക്കും അത്; യഥാർഥ ജനാധിപത്യത്തിലേക്കുള്ള ഇന്ത്യയുടെ നിർണായകമായ ചുവടുവെപ്പും. l

*നിലവിലെ ഡി.ജി.പി മുസ് ലിം സമുദായത്തിൽപെട്ട ആളാണ്; മലയാളി അല്ലെന്നു മാത്രം.