കവര്‍സ്‌റ്റോറി

സകാത്ത് വിതരണത്തിൽ കൂടുതൽ കാര്യക്ഷമമായ മാർഗങ്ങൾ സ്വീകരിച്ചാൽ ജനങ്ങൾക്ക് വരുമാനമുണ്ടാക്കുന്നതിനും സമൂഹത്തിന്റെ സുസ്ഥിര വികസനത്തിനും അത് ഉപകാരപ്പെടും എന്ന് അഭിപ്രായപ്പെടുകയാണ് ഈ പ്രബന്ധത്തിൽ ഗവേഷകർ. കൊലാലമ്പൂരിലെ യൂനിവേഴ്സിറ്റി മലായയിലെ അക്കാദമി ഓഫ് ഇസ്ലാമിക് സ്റ്റഡീസിനു കീഴിലുള്ള ഡിപ്പാർട്ട്മെൻറ് ഓഫ് ശരീഅ ആന്റ് മാനേജ്മെൻറ്, ഡിപ്പാർട്ട്മെൻറ് ഓഫ് ശരീഅ ആന്റ് ഇക്കണോമിക്സ് എന്നിവയിലെ ഫാക്കൽറ്റികളായ സുഹൈലി ശരീഫ്, നൂർ ഐനി അലി, നൂർ അസ്സ കംരി എന്നിവരാണ് ഈ ഗവേഷണ പ്രബന്ധത്തിന്റെ അവതാരകർ.

ദരിദ്രരെ സഹായിക്കുന്നതിനും അവർക്ക് സുസ്ഥിര വരുമാനം ഉണ്ടാക്കിക്കൊടുക്കുന്നതിനും സകാത്ത് വിതരണത്തിലൂടെ സാധിക്കും. സകാത്ത് സ്വീകർത്താക്കൾക്ക് മൂലധനമായോ തൊഴിൽ ഉപകരണങ്ങളായോ (അതിനുള്ള പരിശീലനവും ഉൾപ്പെടെ) അത് നൽകാവുന്നതാണ്. പരമ്പരാഗതമായും സാമ്പ്രദായികമായും നടത്തുന്ന സകാത്ത് വിതരണത്തിൽ പ്രതിമാസ സാമ്പത്തിക സഹായം അല്ലെങ്കിൽ പരിമിതമായ പ്രവർത്തന മൂലധനമാണ് (വർക്കിംഗ് ക്യാപ്പിറ്റൽ) വിതരണം ചെയ്യുന്നത്. ഈ രീതി ദാരിദ്ര്യ നിർമാർജനത്തിന് അത്ര ഫലപ്രദമല്ല. പാരമ്പര്യ രീതികളും ആധുനിക സകാത്ത് വിതരണ സമ്പ്രദായങ്ങളും എങ്ങനെ ഇൻകം ജനറേഷനെ സഹായിക്കുന്നു എന്നാണ് ഞങ്ങൾ പഠിക്കാൻ ശ്രമിച്ചത്.
പുതിയ കാലത്തെ പണ്ഡിതന്മാർ താഴെ പറയുന്ന സകാത്ത് വിതരണ മാതൃകകളെക്കുറിച്ച് അനുകൂല വീക്ഷണം രേഖപ്പെടുത്തിയിട്ടുണ്ട്. വരുമാന സൃഷ്ടിപ്പിനു (ഇൻകം ജനറേഷന് ) കൂടി ഉതകുന്നതാണ് ഇത്തരം വിതരണ രീതികൾ.

മൂലധന ഗ്രാന്റുകൾ (Capital Grant)

വരുമാനം ഉണ്ടാക്കുന്നതിനുവേണ്ടി സകാത്ത് ഉപയോഗപ്പെടുത്തുന്നതിലെ ഒരു പ്രധാന ഇനം, 'ഫണ്ടുകൾ' വിതരണം ചെയ്യുക എന്നതു തന്നെയാണ്. പണ്ഡിതന്മാരുടെ അഭിപ്രായത്തിൽ ഗ്രാന്റ് ആയോ ലോൺ ആയോ സ്വീകർത്താക്കൾക്ക് സകാത്ത് നൽകാം. ഇവർക്കിടയിൽ പ്രവർത്തിക്കുന്ന സകാത്ത് ജോലിക്കാർക്കാണ് വാങ്ങുന്നവരുടെ ആവശ്യങ്ങളും പരിതഃസ്ഥിതികളും കൂടുതലായി അറിയുക (യൂസുഫുൽ ഖറദാവി - ഫിഖ്ഹുസ്സകാത്ത്).

'ഗ്രാൻറ്' പദ്ധതികളിലൂടെ സകാത്ത് വിതരണം ചെയ്യുന്നതിനെ കുറിച്ച് പണ്ഡിതന്മാർക്ക് എതിരഭിപ്രായങ്ങളില്ല. പ്രത്യേകിച്ചും, ശാഫിഈ ഫിഖ്ഹ് പിന്തുടരുന്ന പണ്ഡിതന്മാർ ഇതിനെ ശക്തമായി തന്നെ പിന്തുണക്കുന്നു. അതിനാൽ ആധുനിക പണ്ഡിതന്മാരും വരുമാന സൃഷ്ടിപ്പിന് സഹായകരമാകുന്ന ഇത്തരം വ്യവസ്ഥകളെ കൂടുതലായി സ്വീകരിക്കുന്നു. ഉദാഹരണത്തിന് ഇന്തോനേഷ്യയിലെ കൗൺസിൽ ഓഫ് മുസ്ലിം സ്കോളർസ്, 1982-ൽ സകാത്ത് കൂടുതൽ ഫലപ്രദമായും ക്രിയാത്മകമായും ഉപയോഗിക്കപ്പെടണമെന്ന് തീരുമാനിക്കുകയുണ്ടായി. അവർ, പാവപ്പെട്ടവർക്ക് ബിസിനസ്സുകൾ തുടങ്ങാനുള്ള മൂലധനം അല്ലെങ്കിൽ കർഷകർക്ക് കൃഷിക്ക് ഉപയുക്തമാകുന്ന പ്രവൃത്തികൾക്കും ഉപകരണങ്ങൾക്കുമുള്ള പണം സകാത്ത് ഇനത്തിൽ നൽകാമെന്ന് പറഞ്ഞു. ഇമാം നവവിയുടെ കാഴ്ചപ്പാടുകൾ കൂടി കണക്കിലെടുത്താണ് അവർ ഈ തീരുമാനത്തിലെത്തിയത്. പിന്നീട് 1989-ൽ ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ഇസ്ലാമിക സംഘടനയായ നഹ്ദത്തുൽ ഉലമായും ഈ രീതി അംഗീകരിക്കുകയുണ്ടായി.

സകാത്ത്, വരുമാന സൃഷ്ടിപ്പിനായി ഉപയോഗിക്കാം എന്നുള്ള നിയമം മലേഷ്യയിൽ നിലവിൽ വന്നത് 1994-ലാണ്. സെലൻഗർ(Selangor) മലേഷ്യയിലെ ഏറ്റവും വികസിതമായ സ്റ്റേറ്റ് ആണ്. ബിസിനസ്സ് ക്യാപ്പിറ്റൽ, പാവപ്പെട്ട കർഷകർക്ക് കൃഷി യന്ത്രങ്ങൾ വാങ്ങുന്നതിനുള്ള പണസഹായം, മത്സ്യത്തൊഴിലാളികൾക്കാവശ്യമുള്ള യന്ത്രങ്ങൾക്കുള്ള പണം എന്നീ ഇനങ്ങളിലായി സകാത്ത് ചെലവഴിക്കാമെന്ന് തീരുമാനിച്ചു. ഇപ്പോൾ മലേഷ്യയുടെ പല ഭാഗങ്ങളിലും ഇത്തരം ബിസിനസ്സ് ഗ്രാന്റുകൾക്കായി സകാത്ത് നൽകുന്നുണ്ട്. Keda, Negeri, Sembilan, Penang തുടങ്ങിയ പ്രവിശ്യകൾ ഇതിന് ഉദാഹരണമാണ്. എല്ലാ പ്രദേശങ്ങളിലെയും മതകാര്യവകുപ്പിന്റെ പ്രത്യേക അനുമതി ലഭിച്ചതിനുശേഷമാണ് ഈ കാറ്റഗറിയിൽ സകാത്ത് വിതരണം നടത്തുന്നത്.

ലോൺ

വരുമാനം ഉണ്ടാക്കാനായി സകാത്ത് കടമായി കൊടുക്കുന്ന കാര്യത്തിൽ പണ്ഡിതന്മാർക്ക് വിയോജിപ്പുണ്ട്. ജീവിക്കാൻ വളരെയധികം കഷ്ടപ്പാടുകൾ അനുഭവിക്കുന്നവരാണ് സാധാരണ കടങ്ങൾ വാങ്ങുക. 'കടം കൊണ്ട് വലയുന്നവർ' സകാത്തിന്റെ അവകാശികളായ ഗണത്തിൽ പെടുന്നവരായതിനാൽ ഇത്തരക്കാർക്ക് സകാത്ത് നൽകാമെന്ന് യൂസുഫുൽ ഖറദാവി ചൂണ്ടിക്കാണിക്കുന്നുണ്ട്. പലിശയില്ലാത്ത കടമായി ആളുകൾക്ക് നൽകുക വഴി, അവരെ ദാരിദ്ര്യത്തിൽനിന്ന് മോചിപ്പിക്കുക മാത്രമല്ല, പലിശയിൽനിന്ന് രക്ഷിക്കുക കൂടിയാണ് ചെയ്യുന്നത്. ഇസ്ലാമിക സമ്പദ് വ്യവസ്ഥയുടെ ഒരു പ്രധാന കാര്യമാണ് പലിശ രഹിത വ്യവസ്ഥ. സകാത്തിന്റെ വിശാല അർഥത്തിൽ ഇതു കൂടി ഉൾപ്പെടുന്നു (ഖറദാവി - ഫിഖ്ഹുസ്സകാത്ത്).
നാഷണൽ സകാത്ത് ബോഡീസ് ഓഫ് ഇന്തോനേഷ്യ (2004-2015)യുടെ പ്രസിഡന്റായിരുന്ന ദിദിൻ ഹഫിദുദ്ദീന്റെ അഭിപ്രായത്തിൽ , "സകാത്ത് പരമാവധി ആളുകളിലെത്തിച്ചാൽ കൂടുതൽ ഗുണഭോക്താക്കൾ ഉണ്ടാകും. നമ്മൾ ശേഖരിക്കുന്ന സകാത്ത് വളരെ ചെറുതാണെങ്കിൽ, അവ തിരിച്ചടവ് വ്യവസ്ഥയിൽ പലർക്കും എത്തിച്ചാൽ കൂടുതൽ ആളുകൾക്ക് അത് ഗുണമായി ലഭിക്കും. ഈ വിഷയത്തിൽ പണത്തിന്റെ ഉടമസ്ഥാവകാശം എന്നത് സകാത്ത് നൽകുന്നവർക്ക് ബാധ്യതയാകുന്നില്ല. കമ്മിറ്റി മുഖാന്തരം ആയതിനാൽ ഉടമസ്ഥാവകാശത്തിൽ ഉള്ള കൈമാറ്റം (തംലീക്) ഉറപ്പുവരുത്തപ്പെടുന്നുമുണ്ട്. എന്നിരുന്നാലും സമ്പത്തിന്റെ ഉടമസ്ഥാവകാശം ഏതെങ്കിലും ഒരു വ്യക്തിയിൽ മാത്രമായി കേന്ദ്രീകരിക്കപ്പെടുന്നില്ല, ഒരുപാട് ഗുണഭോക്താക്കളിലായി വികേന്ദ്രീകൃതമാവുകയാണ് ചെയ്യുക."
ഇന്തോനേഷ്യയിലെ ഉലമാ കൗൺസിൽ (മജ്ലിസ് ഉലമ ഇന്തോനേഷ്യ) 2021-ൽ, സ്വീകർത്താക്കൾക്ക് വിശാലാർഥത്തിൽ ഗുണകരമാകണം എന്ന ലക്ഷ്യത്തോടെ, സകാത്ത് ഫണ്ടിനെ നിബന്ധനകൾക്ക് വിധേയമായി, പലിശരഹിത കടം (അൽ ഖർദ് അൽ ഹസൻ) കൊടുക്കുന്നതിനുവേണ്ടി ഉപയോഗപ്പെടുത്താമെന്ന് ഫത് വ നൽകുകയുണ്ടായി. എന്നാൽ, മലേഷ്യ അടക്കമുള്ള രാജ്യങ്ങളിൽ ഇത് കൂടുതലായൊന്നും പ്രയോഗവൽക്കരിച്ചിട്ടില്ല.

ധാരാളം മതപണ്ഡിതന്മാരും സംഘടനകളും ഈ വീക്ഷണത്തിന് എതിരാണ് എന്നതാണ് കാരണം. സകാത്ത് ഫണ്ട് ലോൺ ആയി കൊടുക്കാന്‍ പാടില്ല എന്നാണ് പലരുടെയും അഭിപ്രായം. സകാത്ത് അവകാശികൾക്ക് ലഭിക്കുന്ന പണം വ്യവസ്ഥകൾക്ക് വിധേയമാവരുത്. പൂർണമായും അവർക്ക് ഇഷ്ടമുള്ള രീതിയിൽ ചെലവഴിക്കാൻ സാധിക്കണം. പണത്തിന്റെ പൂർണാവകാശം അത് ലഭിച്ചവർക്ക് തന്നെയാണ് എന്നാണ് ഈ വിഭാഗത്തിന്റെ അഭിപ്രായം.
ചില പണ്ഡിതന്മാർ എതിർക്കുന്നുണ്ടെങ്കിലും മലേഷ്യയിലും ഇന്തോനേഷ്യയിലും ധാരാളം സകാത്ത് ബോഡികൾ ഇതിനെ അനുകൂലിക്കുന്നുമുണ്ട്. കുവൈത്തിലും സകാത്ത് ഫണ്ടിനെ മൈക്രോഫിനാൻസ് രൂപത്തിൽ ലോൺ ആയി ഉപയോഗിക്കുന്നുണ്ട് (കുവൈത്ത് സകാത്ത് ഹൗസ് ആണ് നേതൃത്വം നൽകുന്നത്).

ട്രെയിനിംഗ്

സകാത്ത് സ്വീകർത്താവിന്റെ നൈപുണികൾ/ സ്കില്ലുകൾ വളർത്തുന്നതിനായി ട്രെയിനിംഗുകൾ നടത്തുന്നത് നല്ലതാണ്. ഇതിലൂടെ അവർക്ക് തങ്ങളുടെ കർമ മേഖലകളിൽ കൂടുതൽ ക്രിയാത്മകത കൈവരിക്കാൻ സാധിക്കും. തങ്ങൾ ചെയ്യുന്ന ജോലികളിൽ ഉൽപാദനക്ഷമത വർധിപ്പിക്കാൻ സഹായകരമാകും. സകാത്ത്പണം ഉപയോഗിച്ച് ട്രെയിനിംഗുകൾ നടത്താമെന്ന് പല ആധുനിക പണ്ഡിതന്മാർക്കും അഭിപ്രായമുണ്ട്. എന്നാൽ ശൈഖ് അബ്ദുല്ലയുടെ അഭിപ്രായ പ്രകാരം, സ്വീകർത്താക്കളുടെ ഏറ്റവും അടിസ്ഥാനപരമായ എല്ലാ ആവശ്യങ്ങളും നിർവഹിച്ചതിന് ശേഷം മാത്രമേ ട്രെയിനിംഗുകൾക്ക് വേണ്ടി പണം ചെലവഴിക്കാൻ പാടുള്ളൂ.

ഒരാൾക്ക് താൻ ചെയ്യുന്ന ബിസിനസ്സിൽ വേണ്ടത്ര പരിചയവും അറിവും ഇല്ലെങ്കിൽ അയാൾക്ക് പലപ്പോഴും സകാത്ത് ഫണ്ട് ലഭിക്കാതിരിക്കാൻ അത് കാരണമാകും. ഉദാഹരണത്തിന്, തുന്നൽ അറിയാത്തവർക്ക് തയ്യൽ മെഷീൻ കൊടുക്കാൻ സകാത്ത് കമ്മിറ്റികൾ മുൻഗണന നൽകില്ല. സകാത്ത് സ്വീകർത്താക്കൾക്ക് ട്രെയിനിംഗുകൾ കൊടുക്കുന്നതിനെ കുറിച്ച് പൗരാണിക പണ്ഡിതന്മാർക്ക് ഏകാഭിപ്രായവും ഇല്ല. ഭൂരിപക്ഷം പൗരാണിക പണ്ഡിതരും ഇങ്ങനെ ഒരു വിഷയം ചർച്ച ചെയ്യുന്നേ ഇല്ല. ഇത്തരം ഒരു വിഷയം ഹനഫി പണ്ഡിതന്മാരും അംഗീകരിക്കുന്നില്ല. ഇതിനെ ഒരു അദൃശ്യ (intangible) ഗണത്തിൽ പെടുന്ന വിതരണമായാണ് മദ്ഹബ് പരിഗണിക്കുന്നത്.
അതേസമയം സമകാലികരും ആധുനികരുമായ പല പണ്ഡിതന്മാരും, നമുക്ക് കാണാൻ കഴിയാത്ത കാര്യങ്ങൾക്കും (intangible) സകാത്ത് ഫണ്ട് വിനിയോഗിക്കാം എന്ന് അഭിപ്രായപ്പെടുന്നവരാണ്. സകാത്ത് സ്വീകർത്താക്കളുടെ നൈപുണി വികസനത്തിനുള്ള (skill development) ഫീസ്, സകാത്ത് ഫണ്ടിൽനിന്ന് കൊടുക്കാം എന്നാണ് പല പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്. മലേഷ്യയിൽ ഇതിന് അനുകൂലമായ ഫത് വകൾ പല മുഫ്തികളും നൽകിയിട്ടുണ്ട്. ഇതു പ്രകാരം ആളുകളുടെ അറിവും സ്കില്ലും വർധിപ്പിക്കുന്ന കോഴ്സുകളോ ട്രെയിനിംഗുകളോ സംഘടിപ്പിക്കാൻ സകാത്ത് ബോഡികൾക്ക് അനുവാദമുണ്ട്. നബി (സ) ഒട്ടകങ്ങളുടെ പാല് കറക്കാൻ സകാത്ത് ഇനത്തിൽ ആളുകൾക്ക് മുൻകൂർ അനുവാദം നൽകാറുണ്ടായിരുന്നു.

ഇതൊരു intangible സകാത്തിന് ഉദാഹരണമാണെന്ന് പല പണ്ഡിതന്മാർക്കും അഭിപ്രായമുണ്ട്. “പൊതുജനത്തിൽ പെടുന്ന സകാത്തിന്റെ അവകാശികൾക്ക്, ഏറ്റവും പ്രയോജനപ്രദമായ രീതിയിൽ ആ സകാത്ത് വിതരണം ചെയ്യാൻ അതിന്റെ കൈകാര്യകർത്താക്കൾ(സകാത്ത് ബോഡികൾ)ക്ക് അനുവാദമുണ്ട്. അതിനാൽ ലോണും പരിഗണനീയമാണ്” -ജബത്താൻ മുഫ്തി നെഗ് രി സലങ്കോർ പറയുന്നു.
അദൃശ്യ ഇനങ്ങളിലുള്ള വിതരണങ്ങൾ (intangible disbursements), അപൂർണമായ ഉടമസ്ഥത (incomplete ownership) തുടങ്ങിയ വിഷയങ്ങളിൽ മുൻഗാമികളിൽനിന്ന് വ്യത്യസ്തമായ ഇജ്തിഹാദുകൾ പുതിയ തലമുറയിൽ പെട്ട പല പണ്ഡിതന്മാരും നടത്തിയിട്ടുണ്ട്. സകാത്തിന്റെ ഫലപ്രാപ്തി വർധിപ്പിക്കുന്നതിന്, വിതരണ ക്രമം മെച്ചപ്പെടുത്തുകയെന്ന സദുദ്ദേശ്യമാണ് ഇത്തരം പഠനങ്ങൾക്ക് പിന്നിലുള്ളത്.
സകാത്ത് അടിസ്ഥാന ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തുന്നതോടൊപ്പം, മൈക്രോഫിനാൻസ് സ്ഥാപനങ്ങളുടെ സഹകരണത്തോടെ ട്രെയിനിംഗുകളും മറ്റും സംഘടിപ്പിക്കാനും പ്രയോജനപ്പെടുത്തുക- ഇങ്ങനെ പരസ്പര പൂരകങ്ങളായ മാതൃകകളും സ്വീകരിക്കാവുന്നതാണെന്ന് മറ്റു ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നു.
ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായത്തിൽ, സകാത്ത് സ്വീകർത്താക്കളുടെ അടിസ്ഥാന വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് വേണ്ടി സകാത്ത് തുക ഉപയോഗപ്പെടുത്തുന്നത് അനുവദനീയമാണ്. അർഹരായ വിദ്യാർഥികൾക്ക് പഠനത്തിനു വേണ്ടി സകാത്ത് ഫണ്ടിൽനിന്ന് പണം നൽകാവുന്നതാണ്. ചില പണ്ഡിതന്മാരുടെ (ഉദാ: യൂസുഫുൽ ഖറദാവി) അഭിപ്രായത്തിൽ, വിദ്യാഭ്യാസം കരസ്ഥമാക്കുക എന്നത് 'ഫീ സബീലില്ലാഹ്' ഗണത്തിൽ ഉൾപ്പെടുന്നതാണ്. ഇതെല്ലാം പരിഗണിച്ചാണ് പലരും വിദ്യാഭ്യാസ സ്കോളർഷിപ്പുകളും സഹായങ്ങളും സ്കൂൾ - കോളേജ് വിദ്യാർഥികൾക്ക് നൽകുന്നത്. അതായത്, വിദ്യാഭ്യാസ ആവശ്യങ്ങൾക്കായി സകാത്ത് ഫണ്ട് നൽകാമെന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. ഇതിന്റെ ഒരു വിപുലീകൃത പതിപ്പാണ് ട്രെയിനിംഗും സ്കിൽ ഡെവലപ്മെൻറും. ജോലിയുടെ പ്രവർത്തനക്ഷമത വർധിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ചുരുക്കത്തിൽ, വർധിച്ച ഉൽപാദനത്തിനും കാര്യക്ഷമമായ സർവീസുകൾക്കും ട്രെയിനിംഗ് ലഭിക്കുന്നത് എപ്പോഴും നല്ലതാണ്. ഇനി സകാത്ത് ഇനത്തിൽ ഈ കാറ്റഗറിക്ക് ആവശ്യമായ ഫണ്ടില്ല, അല്ലെങ്കിൽ ഫണ്ട് ഉപയോഗിക്കാൻ പാടില്ല എന്ന അഭിപ്രായമാണ് അംഗീകരിക്കപ്പെട്ടതെങ്കിൽ മറ്റു സ്രോതസ്സുകൾ- ചിലപ്പോൾ അത് ഗവൺമെൻറ് നൽകുന്ന ട്രെയിനിംഗുകൾ ആവാം- ഉപയോഗപ്പെടുത്താവുന്നതാണ്.

പരമ്പരാഗതവും ആധുനികവുമായ കാഴ്ചപ്പാടുകൾ

ദരിദ്രരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനു വേണ്ടി സകാത്ത്പണം ചെലവഴിക്കണം എന്നതിനെ കുറിച്ച് പാരമ്പര്യ പണ്ഡിതന്മാർക്ക് അനുകൂല അഭിപ്രായങ്ങൾ മാത്രമാണ് എപ്പോഴും ഉണ്ടായിരുന്നത്. സ്വീകർത്താക്കൾക്ക് പണമായോ അല്ലെങ്കിൽ ദൃശ്യമായ (tangible) സഹായങ്ങളായോ നൽകണമെന്നായിരുന്നു ഭൂരിപക്ഷം ആളുകളുടെയും അഭിപ്രായം. മത്സ്യബന്ധനത്തിന് ആവശ്യമായ വലകളും വ്യവസായത്തിന് വേണ്ട യന്ത്രങ്ങളും ഇപ്രകാരം നൽകിയിരുന്നു. ഒരു മനുഷ്യന് എത്ര സകാത്ത് ഫണ്ട് സ്വീകരിക്കാം എന്നതിനെക്കുറിച്ചും അഭിപ്രായ വ്യത്യാസങ്ങളുണ്ടായിരുന്നു. ഹനഫി പണ്ഡിതരുടെ വീക്ഷണത്തിൽ, ഒരാൾക്ക് സകാത്ത് പരിധിക്ക് (നിസ്വാബ്) താഴെയുള്ള പണം മാത്രമേ സകാത്തായി സ്വീകരിക്കാൻ പാടുള്ളൂ. എന്നാൽ ശാഫിഈ മദ്ഹബ് പിന്തുടരുന്ന പണ്ഡിതന്മാരുടെ അഭിപ്രായം, ഇങ്ങനെ ഒരു പരിധിയില്ല എന്നാണ്. ചുരുക്കത്തിൽ, ഒരാൾക്ക് വരുമാനം ഉണ്ടാക്കുന്ന പദ്ധതികളെക്കുറിച്ച് ആർക്കും എതിരഭിപ്രായമില്ല. ക്യാപ്പിറ്റൽ ആയി ഒരുപാട് പണം നൽകുന്നതിനെക്കുറിച്ചു മാത്രമായിരുന്നു വിരുദ്ധ വീക്ഷണം. സകാത്ത് പ്രവർത്തകർക്ക് സ്വീകർത്താവിന്റെ യഥാർഥ ആവശ്യം മനസ്സിലാക്കി അതിനനുസരിച്ച് പണം നൽകാം എന്നും ഒരു വിഭാഗം പണ്ഡിതർ അഭിപ്രായപ്പെടുന്നു.

എന്നാൽ, ചില ആധുനിക പണ്ഡിതന്മാരുടെ ഇജ്തിഹാദുകൾ പ്രകാരം, പരമ്പരാഗത സകാത്ത് മോഡലിൽനിന്ന് വ്യത്യസ്തമായി, സകാത്ത് സ്ഥാപനങ്ങൾ വിതരണത്തിന്റെ കാര്യത്തിൽ കൂടുതൽ ക്രിയാത്മകമായ റോളുകൾ വഹിക്കണമെന്ന് പറയുന്നു. സകാത്ത് സ്വീകർത്താക്കൾക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകി അവർക്ക് കൊടുത്ത സകാത്ത് കൂടുതൽ പ്രവർത്തനക്ഷമമായി ഉപയോഗിക്കാൻ അവരെ പ്രാപ്തരാക്കണം. അതുവഴി അവരെ ആ മേഖലയിൽ കൂടുതൽ വൈദഗ്ധ്യമുള്ളവരാക്കാനും, കൂടുതൽ മികച്ച വരുമാനം ലഭ്യമാക്കാനും സഹായകരമായിത്തീരുന്നു. അങ്ങനെ അടുത്തവർഷം ഇയാൾ സകാത്ത് ദായകനായി മാറുന്നു. ഇനി മറ്റു ചില പണ്ഡിതന്മാർ പറഞ്ഞതുപോലെ, ബിസിനസ്സിന് വേണ്ടിയുള്ള ലോൺ ആയാണ് സകാത്ത് കൊടുത്തതെങ്കിൽ സ്വീകർത്താവിന് തന്റെ ആവശ്യം നിർവഹിക്കപ്പെടുകയും, തിരിച്ചടവിലൂടെ സകാത്ത് കമ്മിറ്റിക്ക് വീണ്ടും തുക ലഭിക്കുകയും ചെയ്യുന്നു. ഇത് കൂടുതൽ ആളുകൾക്ക് കൂടുതൽ തുക നൽകാൻ സകാത്ത് കമ്മിറ്റിയെ പ്രാപ്തമാക്കുന്നു. ഇങ്ങനെ ഒരു സുസ്ഥിര സമ്പദ് വ്യവസ്ഥക്കും വരുമാന സൃഷ്ടിപ്പിനും സകാത്ത് കാരണമായി വർത്തിക്കുന്നു. l

വിവ: യാസിർ ഖുത്വ്്ബ്
9886462588