യാസർ ഖുത്വ്്ബ് എഴുതിയ 'തുടർക്കഥയാവുന്ന തട്ടിപ്പുകൾ' ഫീച്ചർ (15/9/23) അവസരോചിതമായി. യഥാർഥത്തിൽ മൾട്ടിലെവൽ മാർക്കറ്റിംഗ് (MLM), ആട്, തേക്ക്, മാഞ്ചിയം തുടങ്ങിയവക്കൊന്നും കച്ചവടവുമായി ബന്ധമില്ല.
അടിസ്ഥാനപരമായി ഇവ വഞ്ചനയും, അതിലേറെ ചൂഷണവുമാണ്. ഖുർആൻ പലിശ നിരോധിച്ചപ്പോൾ ഹലാലാക്കിയ കച്ചവടമല്ല ഇത്. അതുകൊണ്ടു തന്നെ ഒറ്റവാക്കിൽ അനിസ്‌ലാമികമാണിതെന്ന് പറയാൻ കൂടുതൽ വിശദീകരണം ആവശ്യമില്ല.
ചില മരുന്നുകൾ ആയുർവേദ ലൈസൻസും, പുറമെ 'ആയുഷ്' അംഗീകാരമുണ്ടെന്നും മറ്റും പരിചയപ്പെടുത്തിക്കൊണ്ട് ഇപ്പോൾ പ്രചാരത്തിലുണ്ട്. ആയുഷ് എന്ത് എന്നത് മറ്റൊരു കാര്യം.
കൂടുതൽ അന്വേഷിക്കുമ്പോൾ 'മരുന്നി'ന്റെ പേര് ഫുഡ് സപ്ലിമെന്റ് എന്നാകും! പിന്നെ വലിയ ഫാക്ടറിയുടെ ഫോട്ടോ കാണിച്ച് സ്വാധീനിക്കാനാവും ശ്രമം. ഒരു മരുന്നിന്റെ 'ക്വാളിറ്റി സ്റ്റാൻഡേർഡ്' നിർണയിക്കാൻ, ഒരാൾ ഉപയോഗിച്ചതുകൊണ്ട് അയാൾക്കത് ഫലപ്രദമായി എന്നത് ഏത് തരം സ്റ്റാൻഡേർഡ് മെഷ്വർമെന്റാണ് ?
ബന്ധങ്ങളെ ചൂഷണം ചെയ്തും, വാക് ചാതുരികൊണ്ടും, ഒരാൾക്കു പകരം നാല് പേർ ഒന്നിച്ച് സംസാരിച്ചുകൊണ്ടും ഇരയെ വീഴ്ത്തുക എന്നതാണ് ഈ ചൂഷണത്തിന്റെ രീതികൾ. ഇരയെ കാലുകൊണ്ട് ചവിട്ടിപ്പിടിച്ച് കൈകൾകൊണ്ട് ഒതുക്കിവെച്ച്, അതിന്റെ ദംഷ്ട്രകൾകൊണ്ട് മാന്തിപ്പറിച്ച് വായിലാക്കുന്ന ക്ഷുദ്ര ജീവിയുടെ രൗദ്രതയൊന്നും ഈ ചൂഷണ പരിപാടിയിൽ കാണാനാകില്ല. വളരെ ലളിതമായി, അംഗവിക്ഷേപങ്ങളോടെ വെളുക്കെ ചിരിച്ചും സമർഥമായി സംസാരിച്ചും വിശ്വസിപ്പിച്ചും നടേ പറഞ്ഞ ജീവിയുടെ അതേ ആമാശയ പൂരണം തന്നെയാണിവിടെയും സംഭവിക്കുന്നത്.
കൊള്ള ലാഭം മനസ്സിലുറപ്പിച്ച് മനുഷ്യരെ വഞ്ചിക്കുന്ന 'ചൂഷണ വ്യാപാര'മാണ് ഇത്തരം മാർക്കറ്റിംഗിലൂടെ നടക്കുന്നതെന്ന് ഓരോ വിശ്വാസിയും തിരിച്ചറിയാൻ ഇനിയും വൈകിക്കൂടാ.
സുൽഫിക്കർ അലി
ആർത്തിയും കാരണമാണ്
സാമ്പത്തിക തട്ടിപ്പുകൾക്കും ചൂഷണങ്ങൾക്കും തട്ടിപ്പ് നടത്തുന്നവരെയും പരസ്യം ചെയ്യുന്ന മാധ്യമങ്ങളെയും മാത്രം കുറ്റവാളികളായി കണ്ടാൽ പോരാ. ലാഭം എന്ന് കേട്ടാൽ വേണ്ടപ്പെട്ടവരെപ്പോലും അറിയിക്കാതെ ലക്ഷങ്ങൾ കൊണ്ടുപോയി കൊടുക്കുന്നവരുടെ പണത്തോടുള്ള ആർത്തിയും ഒരു പ്രധാന കാരണമാണ്. ഏതെങ്കിലും ഒരു പാവപ്പെട്ടവൻ മരുന്ന് വാങ്ങാൻ 100 രൂപ കടം ചോദിച്ചാൽ അഞ്ചിന്റെ പൈസ ഇല്ലെന്ന് പറഞ്ഞ് ദാരിദ്ര്യത്തിന്റെ കെട്ടഴിക്കുന്ന പലരും, ഇത്തരം തട്ടിപ്പ് സ്ഥാപനങ്ങൾ പൂട്ടി നടത്തിപ്പുകാരൻ മുങ്ങുമ്പോൾ നഷ്ടപ്പെട്ട ലക്ഷങ്ങളുടെ കണക്ക് പറഞ്ഞ് നിലവിളിക്കുന്നത് കാണാം. ഇരകളുടെ ആർത്തി കുറഞ്ഞാൽ ഇത്തരം തട്ടിപ്പുകളും കുറയും.
എം.കെ അബ്ദുൽ മജീദ് പൂക്കോട്ടൂർ
ഗുറാബി വേറിട്ട കഥ
ഈ അടുത്ത കാലത്ത് വായിച്ച മികച്ച കഥകളില്‍ ഒന്നാണ് പി.എം.എ ഖാദര്‍ എഴുതിയ 'ഗുറാബി' (ലക്കം 3313). ഖുര്‍ആനില്‍നിന്ന് കഥാതന്തുക്കള്‍ കണ്ടെത്തി, അതില്‍ ഭാവനയും കലയും ലളിതമായ ശാസ്ത്ര വിവരങ്ങളും സന്നിവേശിച്ചപ്പോള്‍, ഗുറാബി വായനക്കാരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്ന മനോഹര സര്‍ഗസൃഷ്ടിയായിത്തീര്‍ന്നു. ഖുര്‍ആനില്‍നിന്ന് കഥാബീജം കണ്ടെത്തി വികസിപ്പിക്കുന്ന രീതി നമ്മുടെ ഭാഷയില്‍ വളരെ വിരളമാണ്. ഒരുപക്ഷേ, അതിന് പ്രധാന കാരണം ഖുര്‍ആന്റെ ആശയം ഗ്രഹിച്ചുള്ള വായന നടക്കുന്നില്ല എന്നതാവാം.
ആധുനിക കാലത്തെ കഥകള്‍ പല നിലക്കും ദുര്‍ഗ്രഹവും ക്ലിഷ്ടവുമാവുമ്പോൾ, ഇത്തരം ദൗര്‍ബല്യങ്ങളെ അതിജീവിച്ചു 'ഗുറാബി' അതിന്റെ അപ്രതീക്ഷിത ക്ലൈമാക്സിലേക്ക് എത്തുന്നത് വായനക്കാര്‍ ആകാംക്ഷയോടെയാണ് വായിച്ചുതീര്‍ക്കുന്നത്. ഇത്തരം രചനകള്‍ മലയാള ഭാഷക്കും ഇസ്്ലാമിക സാഹിത്യത്തിനും മുതൽക്കൂട്ടായിരിക്കും. കഥാകൃത്തിനും പ്രബോധനത്തിനും അഭിനന്ദനങ്ങള്‍.
ഇബ്റാഹീം ശംനാട്
സവിശേഷമായിരുന്നു ആ സമീപന രീതികൾ
എം.വി മുഹമ്മദ് സലീം മൗലവിയെ കുറിച്ച് വന്ന (അനുസ്മരണ ലേഖനങ്ങള്‍ - ലക്കം 3317) വായിച്ചു. ഈ കുറിപ്പുകാരനും ഇസ്‌ലാം ഒാണ്‍ലൈവിലൂടെ 'ഓര്‍മകളില്‍ ഒളിമങ്ങാതെ സലീം മൗലവി' എന്ന തലക്കെട്ടില്‍ തുടര്‍ച്ചയായി എഴുതിയിരുന്നു. ചേര്‍ത്തുവായിക്കാന്‍ ഒരു കാര്യം കൂടി പറയട്ടെ: വിശുദ്ധ ഖുര്‍ആനിന്റെ സൗന്ദര്യ ശാസ്‌ത്രവും ആവിഷ്‌കാര ഭംഗിയും, അവതരണത്തിലെ കഥാകഥന രീതിയും, ഭാഷാ പ്രയോഗത്തിലെ അതി സൂക്ഷ്‌മതയും ഒക്കെ പല പണ്ഡിതന്‍മാരും രേഖപ്പെടുത്തുകയോ ഓര്‍മപ്പെടുത്തുകയോ ചെയ്‌തിട്ടുണ്ട്. എന്നാല്‍, മൗലവിയെപ്പോലെ ഇവ്വിഷയങ്ങളെ സമീപിച്ച ശീലിലും ശൈലിയിലും ഭാഷാ സൗന്ദര്യത്തിന്റെ മര്‍മവും ധര്‍മവും അറിഞ്ഞ് ശുദ്ധ മലയാള ഭാഷയില്‍ ഇത്ര ഹൃദ്യമായി പ്രതിഫലിപ്പിക്കാന്‍ ഒരു പക്ഷേ മറ്റാര്‍ക്കും സാധ്യമായിട്ടുണ്ടാവില്ല.
വളരെ ആസ്വാദ്യകരമായി പാരായണം ചെയ്‌തുകൊണ്ട് പദാനുപദം കൃത്യമായ സാരം പറഞ്ഞ്, ഒന്നും ചോര്‍ന്നു പോകാതെ സംഗ്രഹിച്ച് വിശകലനം ചെയ്യുമ്പോള്‍ ഏത് സദസ്സും ആസ്വാദനത്തിന്റെ അനിർവചനീയ തലത്തിലേക്ക് ഉയരും. 'ഇനിയും പ്രയോജനപ്പെടുത്തേണ്ടിയിരുന്ന വ്യക്തിത്വം' എന്ന ഡോ. അബ്ദുസ്സലാം സാഹിബിന്റെ നിരീക്ഷണത്തിന് അടിവരയിട്ടു കൊണ്ട് ചുരുക്കട്ടെ.
അസീസ് മഞ്ഞിയില്‍
അവിസ്മരണീയം ആ പഠന ക്ലാസ്സുകൾ
മുഹമ്മദ് സലീം മൗലവിയെ കുറിച്ചുള്ള ലേഖനങ്ങൾ ഒറ്റ ഇരിപ്പിൽ തന്നെ വായിച്ചു. ഖത്തറിലെ ഇസ് ലാമിക പ്രവർത്തകരായ ഏതൊരാൾക്കും അദ്ദേഹത്തെ കുറിച്ച് ധാരാളം പറയാനും അനുസ്മരിക്കാനുമുണ്ടാകും.
അദ്ദേഹത്തെ കുറിച്ച് രണ്ട് വാക്ക് ഇവിടെ കുറിക്കട്ടെ: ഞാൻ 1990-ലാണ് ഖത്തറിൽ എത്തുന്നത്. ജ്യേഷ്ഠൻ ജലാലുദ്ദീനാണ് അദ്ദേഹത്തെ പരിചയപ്പെടുത്തിയത്. അന്ന് ജ്യേഷ്ഠൻ ഖത്തർ യൂനിവേഴ്സിറ്റിയിൽ പഠിക്കുകയാണ്. സലീം മൗലവിയുടെ കൂടെ പല പ്രാവശ്യവും അദ്ദേഹത്തിന്റെ കാറിൽ യാത്ര ചെയ്യാനും അദ്ദേഹത്തിന്റെ ഉപദേശ നിർദേശങ്ങൾ കേൾക്കാനും എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. പല പ്രാവശ്യം അദ്ദേഹത്തോട് സംശയങ്ങൾ ചോദിക്കുകയും അവക്കെല്ലാം കൃത്യമായ ഉത്തരങ്ങൾ അദ്ദേഹത്തിൽനിന്ന് ലഭിക്കുകയും ചെയ്തിരുന്നു. അദ്ദേഹം എല്ലാവരുമായും നല്ല ബന്ധങ്ങൾ കാത്തുസൂക്ഷിച്ചു. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങളും ക്ലാസ്സുകളും കേൾക്കാൻ എല്ലാ വിഭാഗത്തിൽ പെട്ടവരും ഒത്തുകൂടുമായിരുന്നു.
ഖത്തറിൽ ഇസ് ലാമിക പ്രസ്ഥാനത്തിന് (ഇന്ത്യൻ ഇസ് ലാമിക് അസോസിയേഷൻ ) ഔദ്യോഗികമായ അംഗീകാരം ലഭിച്ചതിന്റെ പിന്നിൽ സലീം മൗലവി, വി.കെ അലി സാഹിബ്, അബ്ദുല്ലാ ഹസൻ സാഹിബ്, ഒ. അബ്ദുർറഹ് മാൻ സാഹിബ് തുടങ്ങിയവരുടെ പങ്ക് ഒരിക്കലും വിസ്മരിക്കാവതല്ല. അറബികൾക്കിടയിൽ മലയാളികൾക്ക് നല്ലൊരു പേര് സൃഷ്ടിച്ചതിൽ ഈ ആദ്യകാല നായകർക്ക് വലിയൊരു പങ്കുണ്ട്.
ശറഫുദ്ദീൻ
നടുക്കമുണ്ടാക്കുന്ന കവിത
യാസീന്‍ വാണിയക്കാടിന്റെ 'ഞങ്ങളുടെ രാഷ്ട്രത്തിലെ ബേട്ടികള്‍' (2023 ആഗസ്റ്റ് 11) എന്ന കവിത മണിപ്പൂരിലെ ജനങ്ങളുടെ നരകതുല്യമായ ജീവിതങ്ങള്‍ അനാവരണം ചെയ്യുന്നു. കൊലപാതകങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ബലാത്സംഗങ്ങള്‍ക്കും കൂട്ടുനില്‍ക്കുന്ന ഭരണകൂടമേ, ലജ്ജിച്ചു തലതാഴ്ത്തുക. എല്ലാവരുമായും സംവദിക്കുന്ന, ഏവരിലും നടുക്കമുണ്ടാക്കുന്ന കവിത.
പി.വി മുഹമ്മദ് ഈസ്റ്റ് മലയമ്മ,
കോഴിക്കോട്