വൈദ്യശാസ്ത്രവും അനുബന്ധ മേഖലകളും മനുഷ്യ ജീവിതവുമായി അഭേദ്യമായി ബന്ധപ്പെട്ടു നിൽക്കുന്നു. വ്യത്യസ്ത നാഗരികതകളുടെ ചരിത്രത്തിൽ വളരെ പ്രധാനപ്പെട്ട സ്ഥാനം അതിനു ലഭിച്ചിട്ടുണ്ട്. വൈദ്യശാസ്ത്രത്തിന്റെ നൈതികത അല്ലെങ്കിൽ ധാർമികത (ethics) എന്നതും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പല സംസ്കാരങ്ങളും ഈ ധാർമിക വശത്തെ പലപ്പോഴും അവഗണിക്കുകയായിരുന്നു. അല്ലെങ്കിൽ അർഹിച്ച പ്രാധാന്യം അതിന് നൽകിയില്ല. സെക്യുലർ യൂറോപ്യൻ നിയമവ്യവസ്ഥ മത ധാർമികതയെ പൂർണമായി അവഗണിച്ചു എന്നു പറയാം. അതിനാൽ, ധാർമിക പരിഗണനകൾ ആവശ്യമായ ആധുനിക മെഡിക്കൽ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ അത് പരാജയപ്പെട്ടു. ഭരണകൂടം നിയമപരമായി പ്രയോഗവൽക്കരിച്ചിട്ടില്ലാത്തതും, മനുഷ്യമനസ്സാക്ഷി ധാർമികമായി നടപ്പാക്കിയിട്ടില്ലാത്തതുമായ പുതിയ ചില നൈതിക മൂല്യങ്ങളുടെ പിറവിയിലേക്ക് അത് നയിച്ചു. അത് മനുഷ്യനിലെ നീതിബോധത്തെയും കാരുണ്യ സങ്കല്പങ്ങളെയും നശിപ്പിക്കുകയാണ് ചെയ്തത്.
ഈ സാഹചര്യത്തിൽ ശരീഅത്തിന്റെ അഞ്ച് അടിസ്ഥാന ലക്ഷ്യങ്ങളിൽ ഊന്നി ഇസ്ലാമിക മെഡിക്കൽ നൈതികതയുടെ സവിശേഷതകളെ കുറിച്ച പഠനത്തിന് പ്രസക്തിയുണ്ട്. ദീൻ, ശരീരം, തലമുറ, ബുദ്ധി, സമ്പത്ത് എന്നിവയുടെ സംരക്ഷണമാണ് ശരീഅത്തിന്റെ അഞ്ച് അടിസ്ഥാന ലക്ഷ്യങ്ങൾ. ഏതു മെഡിക്കൽ പ്രവർത്തനങ്ങളും ഈ ലക്ഷ്യങ്ങളെ സാക്ഷാത്കരിക്കുന്നതും സംരക്ഷിക്കുന്നതുമാണെങ്കിൽ അതിനെ ഇസ്ലാം ധാർമികതയുള്ളതായി പരിഗണിക്കും. അതിന് വിരുദ്ധമായ എല്ലാവിധ മെഡിക്കൽ പ്രവർത്തനങ്ങളെയും അധാർമികമായി കാണുകയും ചെയ്യും.
മെഡിക്കൽ നൈതികതയുടെ ചരിത്രം
മെഡിക്കൽ നൈതിക മൂല്യങ്ങൾ രണ്ടു വിധമാണ്. ഒന്ന്, പൗരാണിക മൂല്യങ്ങൾ. രണ്ട്, ആധുനിക മൂല്യങ്ങൾ. പൗരാണിക നൈതിക മൂല്യങ്ങളിൽ പ്രധാനം മെഡിക്കൽ ജോലിയുമായി ബന്ധപ്പെട്ട ഹിപ്പോക്രാറ്റ്സിന്റെ പ്രതിജ്ഞകളാണ്. മെഡിക്കൽ നൈതികതയിൽ ഇബ്നു സീന (അവിസെന്ന) എഴുതിയിട്ടുള്ള ഗ്രന്ഥങ്ങളും പെടും. ഈ കാലത്ത് മെഡിക്കൽ എത്തിക്സിന് ലഭിച്ചിട്ടുള്ള പ്രാധാന്യം അതേ അളവിൽ പൗരാണിക കാലത്ത് ലഭിച്ചിരുന്നില്ല. അതായത്, അന്ന് ഓരോ ഡോക്ടറും തികച്ചും സ്വാഭാവികമെന്നോണം ധാർമിക മൂല്യങ്ങൾക്കും മനസ്സാക്ഷിക്കുമനുസരിച്ചാണ് പ്രവർത്തിച്ചിരുന്നത്. അക്കാലങ്ങളിൽ മതപരമായ പ്രചോദനം ശക്തമായിരുന്നു എന്ന് മനസ്സിലാക്കാം.
എന്നാൽ, ആധുനിക കാലത്ത് നൈതിക മൂല്യങ്ങൾ മുറുകെ പിടിക്കുക എന്നത് വലിയ ഗൗരവത്തിൽ പരിഗണിക്കപ്പെട്ടു. അതിനുള്ള ശക്തമായ സമ്മർദവുമുണ്ടായി. ഇതിന് പ്രധാനമായി രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, മെഡിക്കൽ സാങ്കേതിക വിദ്യയിലുണ്ടായ വലിയ വികാസം സൃഷ്ടിച്ച പ്രശ്നങ്ങൾ. കൃത്രിമ ബീജസങ്കലനം, അവയവദാനം പോലുള്ള ഒട്ടേറെ കാര്യങ്ങൾ. ഇതെല്ലാം പല ധാർമിക പ്രശ്നങ്ങളും ഉയർത്തുകയുണ്ടായി. രണ്ട്, വൈദ്യശാസ്ത്ര മേഖലയിൽ പ്രവർത്തിക്കുന്നവരിൽ വർധിച്ചുകൊണ്ടിരിക്കുന്ന ധാർമിക പ്രശ്നങ്ങൾ. ഇതെല്ലാം യൂറോപ്യൻ മെഡിക്കൽ മേഖലയെ വലിയ പതനത്തിലാണ് കൊണ്ടെത്തിച്ചത്. ധാർമിക മൂല്യങ്ങൾ ഒരിക്കലും അവരുടെ സെക്യുലർ വൈദ്യശാസ്ത്ര പാരമ്പര്യത്തിന്റെ ഭാഗമായിരുന്നിട്ടില്ല. ഇപ്പോൾ മെഡിക്കൽ മൂല്യങ്ങൾ മുറുകെ പിടിക്കാൻ അവർ നിർബന്ധിതരായി; അവർ തന്നെ ഉണ്ടാക്കിയ മൂല്യങ്ങളാണെങ്കിലും.
മുസ്ലിം സമൂഹങ്ങൾക്ക് ഒരിക്കലും ഈ ധാർമിക പ്രതിസന്ധി ഉണ്ടായിട്ടില്ല. കാരണം, ഇസ്ലാമിക ശരീഅത്ത് ഈ വൈദ്യശാസ്ത്ര ധാർമിക മൂല്യങ്ങൾ മുസ്ലിംകളെ കൃത്യമായി പഠിപ്പിച്ചിട്ടുണ്ട്. അതിനാൽ, ഏത് മെഡിക്കൽ ധാർമിക പ്രതിസന്ധികളെയും കൈകാര്യം ചെയ്യാനും മറികടക്കാനും മുസ്ലിം ഭിഷഗ്വരൻമാർക്ക് അനായാസേന കഴിഞ്ഞിട്ടുണ്ട്. പുതിയ പുതിയ പ്രശ്നങ്ങൾ ഉയർന്നുവരുമ്പോൾ അവയ്ക്ക് പരിഹാരം നിർദേശിക്കാനുള്ള സവിശേഷമായ സിദ്ധിയാണ് ഇസ്ലാമിക ശരീഅത്തിനെ വ്യതിരിക്തമാക്കുന്നത്. മറ്റൊരു വാക്കിൽ പറഞ്ഞാൽ, മുസ്ലിംകളെ സംബന്ധിച്ചേടത്തോളം ഇസ്ലാമിക ശരീഅത്തിന്റെ ലക്ഷ്യങ്ങളിൽനിന്ന് വേർപ്പെട്ട ഒന്നല്ല ആരോഗ്യ പ്രവർത്തനങ്ങൾ; അതിന്റെ അവിഭാജ്യ ഭാഗം തന്നെയാണ്.
ഇസ്ലാമിന്റെ നൈതിക സവിശേഷതകൾ
ധാർമികതക്കും നൈതികതക്കും വിരുദ്ധമായിട്ടുള്ള മുഴുവൻ പ്രവർത്തനങ്ങളും ഇസ്ലാമിക ശരീഅത്ത് വിലക്കുന്നു. അത്തരം കാര്യങ്ങളെയാണ് ഹറാം (നിഷിദ്ധം) എന്ന സാങ്കേതിക ശബ്ദം കൊണ്ട് അർഥമാക്കുന്നത്. ധാർമികതയുൾക്കൊള്ളുന്ന എല്ലാ പ്രവർത്തനങ്ങളെയും അത് അനുവദിക്കുകയും ചെയ്യുന്നു. മുബാഹ് (അനുവദനീയം) എന്നാണ് അതിനെ വിശേഷിപ്പിക്കുന്നത്. ഇസ്ലാമിൽ ധാർമിക രീതികൾ രണ്ടു വിധമാണ്: ഒന്ന്, കാലത്തിനും ലോകത്തിനും അനുസരിച്ച് മാറാതെ സ്ഥിരമായി നിലകൊള്ളുന്നത്. രണ്ട്, കാലത്തിനനുസരിച്ച് മാറ്റത്തിന് വിധേയമാകുന്നത്. എല്ലാ കാലത്തിന്റെയും ആവശ്യങ്ങളെ ഉൾക്കൊള്ളാൻ പര്യാപ്തമാണ് ശരീഅത്തിന്റെ ധാർമിക തത്ത്വങ്ങൾ. എന്നാൽ, അതിന്റെ വിശദമായ പ്രായോഗിക രീതികൾ ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും വികാസത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുന്നതുമാണ്.
മെഡിക്കൽ ധാർമികതയെയും മറ്റു മേഖലകളിലുള്ള ധാർമികതയുടെ തന്നെ ഭാഗമായിട്ടാണ് ഇസ്ലാം പരിഗണിക്കുന്നത്. മെഡിക്കൽ മേഖലയുമായി മാത്രം ബന്ധപ്പെട്ട പ്രത്യേക ധാർമിക മൂല്യങ്ങളുടെ രേഖ ശരീഅത്ത് അവതരിപ്പിക്കുന്നില്ലെങ്കിലും, പൊതു ധാർമിക തത്ത്വങ്ങളുടെ ഉള്ളിൽ തന്നെയാണ് അതിന്റെ സ്ഥാനം. മെഡിക്കൽ മേഖലകളിൽ ഉയർന്നുവരുന്ന പുതിയ പ്രശ്നങ്ങളെ മുൻനിർത്തി പുതിയ സാങ്കേതിക ശബ്ദങ്ങളുടെ സഹായത്തോടെ വിഷയങ്ങൾ പുനരവതരിപ്പിക്കുകയാണ് ചെയ്യുക.
ഇവയാണ് 'മെഡിക്കൽ ധാർമിക മൂല്യങ്ങൾ' എന്ന് വിശേഷിപ്പിക്കപ്പെടുക. അവ വികസിപ്പിക്കുന്നതും പ്രയോഗവൽക്കരിക്കുന്നതും ഡോക്ടർമാരുടെ ഗവേഷണത്തിന്റെ അടിസ്ഥാനത്തിൽ കൂടിയായിരിക്കും. ധാർമിക പ്രശ്നങ്ങളുള്ള ചില മെഡിക്കൽ രീതികളെ അപ്പാടെ തള്ളിക്കളയലായിരിക്കും ചിലപ്പോൾ പരിഹാരം. കാരണം, സംശയം ഇളക്കിവിടുന്നവയെ തള്ളിക്കളയുക എന്നത് ഇസ്ലാമിന്റെ അധ്യാപനങ്ങളിൽ പ്രധാനമാണ്. ഇസ്ലാമിൽ ധാർമിക ദർശനങ്ങൾ ശരീഅത്തിന്റെ അഞ്ച് അടിസ്ഥാന ലക്ഷ്യങ്ങളിലാണ് (ളറൂറിയാത്) പ്രതിഫലിക്കുന്നത്. ദീനിന്റെയും തലമുറയുടെയും ശരീരത്തിന്റെയും ബുദ്ധിയുടെയും സമ്പത്തിന്റെയും സംരക്ഷണം. വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട ഏത് പ്രവർത്തനവും ഈ ഉദ്ദേശ്യ ലക്ഷ്യങ്ങളെ സാക്ഷാത്കരിക്കുമ്പോഴാണ് അത് ധാർമികമായി പരിഗണിക്കപ്പെടുക.
ശരീഅത്തിന്റെ വൈദ്യശാസ്ത്ര ലക്ഷ്യങ്ങൾ
1) ദീനിന്റെ സംരക്ഷണം : ഈ ലക്ഷ്യം ബുദ്ധിപരവും ശാരീരികവുമായ ആരോഗ്യവുമായി ബന്ധപ്പെട്ടതാണ്. കാരണം, ദീനിന്റെ സംരക്ഷണത്തിൽ ആരാധനകളുടെ സംരക്ഷണം കൂടി ഉൾപ്പെടുന്നുണ്ട്. അതുകൊണ്ട് വൈദ്യശാസ്ത്ര ചികിത്സ ആരാധനകളെ സംരക്ഷിക്കുന്നതിൽ നേർക്കു നേരെ പങ്കുകൊള്ളുന്നു. അത് ആരാധന എന്ന ഉത്തരവാദിത്വം നിർവഹിക്കാനാവശ്യമായ ശാരീരികവും ബുദ്ധിപരവുമായ ശേഷിയും പ്രാപ്തിയും നൽകുന്നു. അടിസ്ഥാന ആരാധനകളായ നമസ്കാരം, നോമ്പ്, ഹജ്ജ് എന്നിവ ശാരീരിക ശേഷിയെ ആശ്രയിച്ചാണുള്ളത്. ശരീരം ദുർബലമായാൽ ഈ ആരാധനകൾ അവയുടെ പൂർണരൂപത്തിൽ നിർവഹിക്കാൻ സാധ്യമല്ല.
2) ശരീരത്തിന്റെ സംരക്ഷണം: ഇതാണ് വൈദ്യശാസ്ത്രത്തിന്റെ അടിസ്ഥാന ലക്ഷ്യം. മരണത്തെ തടയാനോ അതിന്റെ സമയം നീട്ടാനോ മെഡിക്കൽ സയൻസിനാവില്ല. അതിന്റെ നിയന്ത്രണം അല്ലാഹുവിന്റെ കരങ്ങളിലാണ്. എങ്കിലും മരണം വരെ മനുഷ്യജീവിതത്തിന് ഉയർന്ന ആരോഗ്യ പരിരക്ഷ ഉറപ്പുവരുത്താൻ ഒരു പരിധി വരെ അതിന് കഴിയും. ഇതിലൂടെ ശരീരത്തിന് അതിന്റെ ഉത്തരവാദിത്വം നിർവഹിക്കാൻ സാധ്യമാവുകയും ചെയ്യും.
3) തലമുറയുടെ സംരക്ഷണം: കുട്ടികൾക്ക് മികച്ച പരിരക്ഷ ഉറപ്പുവരുത്തുന്നതിലൂടെ തലമുറയുടെ സംരക്ഷണത്തിൽ മെഡിക്കൽ സയൻസ് വലിയ പങ്കുവഹിക്കുന്നു. അതുവഴി സമൂഹത്തിൽ ആരോഗ്യമുള്ള തലമുറയ്ക്ക് ജന്മം നൽകാൻ കഴിയുന്ന ആരോഗ്യമുള്ള വ്യക്തികളായി അവർ മാറുന്നു. സ്ത്രീ - പുരുഷന്മാരിൽ കാണപ്പെടുന്ന വന്ധ്യത ചികിത്സിക്കുന്നതിലൂടെ സന്താന സൗഭാഗ്യം ഉണ്ടാവുന്നുണ്ടല്ലോ. ഗർഭിണികളെയും ഭ്രൂണാവസ്ഥയിലുള്ള കുഞ്ഞുങ്ങളെയും പരിരക്ഷിക്കുന്നതിലൂടെ ആരോഗ്യമുള്ള തലമുറയെ സൃഷ്ടിക്കാനും മെഡിക്കൽ സയൻസിന് കഴിയുന്നു.
4) ബുദ്ധിയുടെ സംരക്ഷണം: ശാരീരിക രോഗങ്ങൾ ചികിത്സിക്കുന്നതിലൂടെ ബുദ്ധിയുടെ സംരക്ഷണം കൂടിയാണ് മെഡിക്കൽ സയൻസ് ഉറപ്പുനൽകുന്നത്. അതായത്, ശരീരത്തിന്റെ വേദനകളെ ചികിത്സിക്കുന്നതിലൂടെ മാനസികാവസ്ഥകളെ സ്വാധീനിക്കുന്ന നാഡി വ്യവസ്ഥ(nervous system)യിൽ അനുഭവപ്പെടുന്ന സമ്മർദങ്ങളെ നീക്കാൻ കഴിയും. ബുദ്ധിപരമായ പ്രവർത്തനങ്ങളെ സംരക്ഷിക്കാൻ വേണ്ടിയുള്ള ചികിത്സകളും ധാരാളമുണ്ട്. മനുഷ്യബുദ്ധിയെ തകർക്കുന്ന മയക്കുമരുന്നുകളിൽനിന്നും മറ്റു ലഹരി വസ്തുക്കളിൽനിന്നും അവയുടെ ഇരകളെ രക്ഷപ്പെടുത്തിയെടുക്കാൻ മെഡിക്കൽ സയൻസ് മുന്നോട്ടുവയ്ക്കുന്ന ചികിത്സാ രീതികളും ഈ ഗണത്തിലാണ് പെടുക.
5) സമ്പത്തിന്റെ സംരക്ഷണം: സമ്പത്ത് സംരക്ഷിക്കുന്നതിലും മെഡിക്കൽ സയൻസ് പങ്കുവഹിക്കുന്നുണ്ട്. ഏത് സമൂഹത്തിന്റെയും സാമ്പത്തിക പ്രവർത്തനങ്ങളും പുരോഗതിയും ആശ്രയിച്ചുനിൽക്കുന്നത്, മാനസികവും ശാരീരികവുമായ ആരോഗ്യമുള്ള വ്യക്തികളെയാണ്. ആരോഗ്യപരമായി ദുർബലമായ ഒരു തലമുറക്ക് സാമ്പത്തിക പുരോഗതിക്കു വേണ്ടി പ്രയത്നിക്കാൻ കഴിയില്ല. സാമ്പത്തിക കിടമത്സരത്തിൽ അവർ തോറ്റുപോവുകയേയുള്ളൂ. അതുകൊണ്ട് തലമുറയുടെ ആരോഗ്യ സംരക്ഷണവും ചികിത്സയും ആത്യന്തികമായി സമ്പത്തിനെ കൂടി സംരക്ഷിക്കുന്നതാണ്. ആരോഗ്യമുള്ള സമൂഹങ്ങൾ ഉല്പാദന പ്രക്രിയയിൽ വളരെ വേഗം മുന്നോട്ടു പോകുമ്പോൾ, ആരോഗ്യമേഖലയിൽ പിന്നാക്കം നിൽക്കുന്ന സമൂഹങ്ങൾ പിറകിൽ തന്നെയായിരിക്കും.
ശരീഅത്തിന്റെ തത്ത്വങ്ങൾ
ശരീഅത്തിന്റെ അടിസ്ഥാന തത്ത്വങ്ങൾ ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഇടപെടുന്നുണ്ട്. അവയെ വിഷയവുമായി ബന്ധപ്പെടുത്തി ഇങ്ങനെ വിശദീകരിക്കാം:
1- ഉദ്ദേശ്യ ലക്ഷ്യങ്ങൾ പരിഗണിക്കുക. ഈ തത്ത്വത്തിന് താഴെ മെഡിക്കൽ പ്രവർത്തനങ്ങളുമായി യോജിക്കുന്ന ധാരാളം ശാഖാപരമായ തത്ത്വങ്ങൾ വരുന്നുണ്ട്. അതിൽ പെട്ടതാണ്, ഏതൊരു കാര്യത്തിലും അതിന്റെ ഉദ്ദേശ്യം നോക്കി വിധി കൽപ്പിക്കുക എന്നത്. അതായത്, ഡോക്ടർ തന്റെ മനസ്സാക്ഷിക്ക് അനുസരിച്ച് പ്രവർത്തിക്കുക. പൊതുജനങ്ങൾക്ക് മനസ്സിലാക്കാൻ കഴിയാത്ത ധാരാളം മെഡിക്കൽ തീരുമാനങ്ങളും നടപടിക്രമങ്ങളും ഉണ്ടാകും. തന്റെ അറിവും അനുഭവവും വെച്ച് തനിക്ക് സ്വീകാര്യമായ നടപടിക്രമങ്ങളുമായി അദ്ദേഹം മുന്നോട്ടുപോകലാണ് കരണീയം. രോഗത്തിന്റെ അവസാന ഘട്ടത്തിൽ വേദന ശമിപ്പിക്കാൻ നൽകുന്ന മോർഫിൻ ഉദാഹരണമായി പറയാം. ചില സന്ദർഭങ്ങളിൽ ഇതിന്റെ ഉപയോഗം ശ്വാസോച്ഛ്വാസം താഴ്ന്ന് മരണത്തിലേക്ക് നയിക്കാൻ കാരണമാകുന്നുണ്ട്. ഇതും കൂടി പരിഗണിച്ചാണ് ഇത്തരം കാര്യങ്ങളിൽ ഡോക്ടർ ഒരു തീരുമാനത്തിൽ എത്തുക.
2- അക്ഷരങ്ങളല്ല, ഉദ്ദേശ്യ ലക്ഷ്യങ്ങളാണ് പരിഗണിക്കുക. ധാർമികത തീണ്ടാത്ത പ്രവർത്തനങ്ങളെ ന്യായീകരിക്കാനായി ചിലർ അക്ഷര വായന നടത്തുന്നതുകൊണ്ട് സംഭവിക്കുന്ന അഭിപ്രായ ഭിന്നത ഇല്ലാതാക്കാൻ സഹായിക്കുന്ന തത്ത്വമാണിത്. അക്ഷരങ്ങളുടെയും വാക്യഘടനകളുടെയും ഇടുങ്ങിയ വൃത്തങ്ങളെ ഭേദിച്ച് പ്രമാണങ്ങളുടെ ഉദ്ദേശ്യലക്ഷ്യങ്ങളുടെ വിശാലതയിലേക്ക് കടന്നുചെന്ന് അവയോട് നീതിപുലർത്തും വിധം പുതിയ നിയമങ്ങളുടെ നിർമിതി സാധ്യമാകുന്ന തത്ത്വമാണിത്. ഉദാഹരണമായി, ഭ്രൂണശാസ്ത്രവുമായി ബന്ധപ്പെട്ട ചില ഹദീസുകൾക്ക് അക്ഷരവായനയിലൂടെ നൽകിയ തെറ്റായ വ്യാഖ്യാനം. ഇതവസാനം ഭ്രൂണത്തിൽ ആത്മാവിനെ സന്നിവേശിപ്പിക്കുന്നതിന് മുമ്പുള്ള ഭ്രൂണഹത്യയെ ന്യായീകരിക്കുന്നതിലേക്ക് നയിച്ചു.
3- 'വിനാശത്തെ നീക്കുക' എന്നത് മറ്റൊരു തത്ത്വമാണ്. വിനാശത്തിന് കാരണമാവുന്നതെല്ലാം നിർബന്ധമായി നീക്കപ്പെടണം. ഇതിന്റെ അടിസ്ഥാനത്തിൽ ഒരു ഡോക്ടർക്ക് ദ്രോഹത്തിന് കാരണമാകുന്ന യാതൊന്നും ചെയ്യാൻ പാടില്ല.
"ദ്രോഹം ഏൽക്കാനും ഏൽപ്പിക്കാനും പാടില്ല", "ദ്രോഹങ്ങൾ സാധ്യമാകുന്ന അളവിൽ നീക്കപ്പെടണം", "ഒരു ഉപദ്രവം നീക്കുമ്പോൾ തത്തുല്യമായത് പകരം വരുമെങ്കിൽ അത് നീക്കപ്പെടാവതല്ല." ഇങ്ങനെ ധാരാളം തത്ത്വങ്ങൾ ശരീഅത്തിൽ കാണാം. അതിനാൽ ഒരു ശാരീരിക ഉപദ്രവം നീക്കുമ്പോൾ അതേ അളവിലുള്ള പാർശ്വഫലങ്ങൾ വരികയാണെങ്കിൽ അത് നീക്കപ്പെടാവതല്ല.
പ്രയോജനം കൊണ്ടുവരുന്നതിനെക്കാൾ വിനാശം തടയുന്നതിനാണ് മുൻഗണന എന്നതും ഒരു ശരീഅത്തി തത്ത്വമാണ്. ഒരു മെഡിക്കൽ ഇടപെടൽ പാർശ്വഫലങ്ങൾ കൊണ്ടുവരുന്നുണ്ടെങ്കിലും, വലിയ ഒരു വിനാശം തടയാൻ അത് അനിവാര്യമെങ്കിൽ അങ്ങനെ ചെയ്യുന്നത് അനുവദനീയമാണ്. എന്നാൽ, വിനാശത്തെക്കാൾ പ്രയോജനത്തിനാണ് പ്രാധാന്യമുള്ളതെങ്കിൽ അവിടെ പ്രാധാന്യമുള്ളതിന് മുൻഗണന നൽകും.
ഈ രണ്ടു വശങ്ങളും ഇടകലർന്നു വരുന്ന സന്ദർഭങ്ങൾ ഒരു ഡോക്ടറുടെ മെഡിക്കൽ സേവനത്തിനിടയിൽ കടന്നുവരും. അനുവദനീയങ്ങളുടെയും നിഷിദ്ധങ്ങളുടെയും സമ്മിശ്രമായ വശങ്ങൾ അഭിമുഖീകരിക്കുന്ന സന്ദർഭത്തിൽ സ്വീകരിക്കേണ്ട നിലപാട് ശരീഅത്ത് വ്യക്തമാക്കുന്നുണ്ട്. ഹറാമും ഹലാലും സമ്മിശ്രമായി വന്നാൽ ഹലാലിനെ പരിഗണിക്കുന്നതിന്റെ മുമ്പ് ഹറാമിനെ തടയുന്നതിന് മുൻഗണന നൽകണം എന്നതാണത്. അതേസമയം ഉപദ്രവകരമായ രണ്ട് സന്ദർഭങ്ങളെ ഒരേസമയം ഡോക്ടർമാർ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ, അതിൽ ലഘുവായതിനെ തെരഞ്ഞെടുക്കാൻ ശരീഅത്ത് അനുവാദം നൽകുന്നു. വലിയ ഉപദ്രവത്തെ ചെറിയ ഉപദ്രവം കൊണ്ട് നീക്കുക എന്നതാണിവിടത്തെ തത്ത്വം. വ്യക്തി താൽപര്യങ്ങളെക്കാൾ പൊതു താൽപര്യങ്ങൾക്ക് മുൻഗണന നൽകുക എന്നതും ഇതുമായി ബന്ധപ്പെട്ട മറ്റൊരു തത്ത്വമാണ്.
പൊതു സമൂഹത്തെ ബാധിക്കുന്ന ഉപദ്രവങ്ങളെ തടയുമ്പോൾ വ്യക്തികൾക്ക് ചില്ലറ ഉപദ്രവങ്ങൾ ഉണ്ടാകുന്നുവെങ്കിൽ അവ സഹിക്കണം. പകർച്ചവ്യാധി രോഗങ്ങൾ പടർന്നുകൊണ്ടിരിക്കുമ്പോൾ ഭരണകൂടങ്ങൾക്ക് പൗരന്മാരുടെ സഞ്ചാരം തടയാനും അല്ലെങ്കിൽ രോഗം വ്യാപിപ്പിക്കാൻ കാരണമാകുന്ന സമ്പത്തുകൾ നശിപ്പിക്കാനും അവകാശമുണ്ടാവുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. എന്നാൽ, നന്മതിന്മകൾ കൂടിക്കുഴഞ്ഞ് വേർതിരിക്കാൻ കഴിയാത്ത സങ്കീർണ സന്ദർഭങ്ങളിൽ ഏറ്റവും മികച്ചത് മനസ്സിൽ തോന്നിക്കാനുള്ള 'ഇസ്തിഖാറ'ത്തിന്റെ നമസ്കാരം നിർവഹിക്കാം.
4- 'അനിവാര്യ സന്ദർഭങ്ങൾ നിരോധിക്കപ്പെട്ട കാര്യങ്ങളെ അനുവദനീയമാക്കുന്നു' - ഇതാണ് മറ്റൊരു തത്ത്വം. ആസന്നമായ വലിയ വിനാശത്തെ പ്രതിരോധിക്കാൻ നിരോധിക്കപ്പെട്ട വഴികളല്ലാതെ മറ്റൊന്നും ഇല്ല എന്ന് വരുമ്പോൾ ആ വിനാശത്തിന്റെ തീവ്രത കണക്കിലെടുത്ത് ആ നിരോധിത മാർഗം സ്വീകരിക്കാവുന്നതാണ്. അത് ആവശ്യമുള്ള അളവിലും നിർണിത സമയത്തും മാത്രമാണ് അനുവദിക്കപ്പെടുക. ഇത് ആരോഗ്യ മേഖലയിൽ ഏറ്റവും കൂടുതൽ ആവശ്യമായി വരുന്ന ഒന്നാണ്.
5- നാട്ടുനടപ്പുകൾ: ശരീഅത്ത് അംഗീകരിച്ച മറ്റൊരു തത്ത്വമാണിത്. ഇസ്ലാമിക ശരീഅത്തിന്റെ പൊതു ലക്ഷ്യങ്ങളോടും മൂല്യങ്ങളോടും വിരുദ്ധമാകാത്ത നാട്ടുനടപ്പുകളും ജീവിതശൈലികളും സ്വീകരിക്കാൻ ശരീഅത്ത് അനുവാദം നൽകുന്നു. വൈദ്യശാസ്ത്ര മേഖലയിൽ തുടർന്നുവരുന്ന അത്തരം രീതികൾ ഇസ്ലാം അംഗീകരിക്കുന്നു.
മനുഷ്യജീവിതത്തിന്റെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവും ആരോഗ്യപരവുമായ മേഖലകളിൽ നിയമനിർമാണം നടത്തുമ്പോൾ പരിഗണിക്കേണ്ട കർമശാസ്ത്ര തത്ത്വങ്ങളാണ് വിശദീകരിച്ചത്. പ്രസ്തുത തത്ത്വങ്ങൾ ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിസ്മയകരമായി യോജിച്ചു വരുന്നത് കാണാൻ കഴിയും; പ്രത്യേകിച്ച് മെഡിക്കൽ ശാസ്ത്രമേഖലയിൽ. ഇസ്ലാമിക ശരീഅത്തും അതിന്റെ അടിസ്ഥാന ലക്ഷ്യങ്ങളും മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും നേർക്കുനേരെ ഇടപെടുന്നു. അങ്ങനെ ഇസ്ലാമിക ശരീഅത്ത് ജീവിതത്തെ സമഗ്രമായി ഉൾക്കൊള്ളുന്ന ഒരു ജീവിത വ്യവസ്ഥയായി പരിണമിക്കുന്നു. l