മനുഷ്യന്റെ ലക്ഷ്യപ്രാപ്തിക്കായി പടച്ചവൻ അരുളിയ കഴിവുകളിൽ ഏറ്റവും മൂർച്ചയുള്ളതാണ് സംസാരശേഷി. മനുഷ്യനോട് സംവദിക്കാൻ അല്ലാഹു തെരഞ്ഞെടുത്ത മാധ്യമവും സംസാരമാണ്. വാക്കുകളുടെ നാഥൻ അല്ലാഹുവാണെന്നും, ഏറ്റവും ഉന്നതി പ്രാപിച്ച വാക്കുകൾ അവന്റേത് മാത്രമാണെന്നും, സൃഷ്ടികളെ സംസാരം പഠിപ്പിച്ചത് അവനാണെന്നും, ഒരു സംസാരവും അവനിൽ നിന്ന് മറച്ചുവെക്കപ്പെടുന്നില്ലെന്നും, വിചാരണ സാധ്യമാകും വിധം അത് രേഖപ്പെടുത്തുന്നുവെന്നുമുള്ള വിശ്വാസത്തിൽ നിന്നാണ് ഇസ്ലാമില്‍ സംസാരത്തിലെ ധാർമികത ഉരുത്തിരിഞ്ഞു വരുന്നത്.
വാക്കുകളുടെ പ്രഹരശേഷി അപാരമാണ് എന്നതുകൊണ്ട് തന്നെ സംസാരശേഷിയുള്ള ഒരാളുടെ ഓരോ വാക്കിനും ഭൂമിയിൽ അതുണ്ടാക്കുന്ന ഫലങ്ങൾക്കനുസരിച്ച് ആഖിറത്തിൽ രക്ഷാശിക്ഷകൾ നിർണയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ മുസ്ലിമിന്റെ വാക്കുകളുടെ അളവുകോലുകൾ ഖുർആനിൽ അല്ലാഹു വ്യക്തമാക്കുന്നുമുണ്ട്. വാക്കുകളെ കുറിച്ചും സംസാരത്തെപ്പറ്റിയുമെല്ലാം ഖുർആനിൽ വന്നിട്ടുള്ള ചില പരാമർശങ്ങൾ حق ،صدق، عدل എന്നൊക്കെയാണ്. അല്ലാഹു പറയുന്നു: "ഏറ്റവും ഉയർന്നത് അല്ലാഹുവിന്റെ വചനമാണ്" (കലിമത്തുല്ലാഹി ഹിയൽ ഉൽയാ ).
അല്ലാഹുവിന്റെ വാക്കുകളെ ഭൂമിയിൽ സ്ഥാപിക്കുക എന്ന ദൗത്യം ഏറ്റെടുത്ത ഓരോ മുസ്ലിമും അല്ലാഹുവിന്റെ 'കലിമത്തി'ൽ നിന്നുകൊണ്ടാണ് ഭൂമിലോകത്തോട് സംവദിക്കുന്നത്. ഇത് മനുഷ്യ സംസാരം അല്ലാഹുവിന്റെ കലിമത്തിനോട് നീതി പുലർത്തേണ്ടതിന്റെ അനിവാര്യതയെ സൂചിപ്പിക്കുന്നു.
മനുഷ്യന്റെ ഉയർച്ചയിലും താഴ്ചയിലും വാക്കുകൾ വഹിക്കുന്ന പങ്ക് പ്രധാനമാണ്. അഹങ്കാരത്തിന്റെ വാക്കുകൾ ഇബ്്ലീസിനെ മാനവതയുടെ ശത്രുവാക്കി. വിനയത്തിന്റെ വാക്കുകൾ ആദമിന് ഭൂമി വാസസ്ഥലമായി ലഭിക്കാൻ നിദാനമായി. ഖുർആൻ ഒരുപാട് തരം قول കൾ പ്രതിപാദിക്കുന്നു. മറ്റ് എന്തിനെയും പോലെ വാക്കുകളുടെയും അടിസ്ഥാന വിഭജനം منكرا من القول، الطيب من القول എന്നതിലാണ്.
ത്വയ്യിബ് ആയ സംസാരത്തിലേക്ക് അല്ലാഹു മുസ്ലിമിനെ ക്ഷണിക്കുകയും മുന്‍കര്‍ ആയതിൽനിന്ന് അകന്നുനിൽക്കാൻ കൽപ്പിക്കുകയും ചെയ്യുന്നു. വിവിധ സന്ദർഭങ്ങളിലായി ഖുർആൻ പരാമർശിക്കുന്ന قول കളുടെ ഇനങ്ങളിലൂടെ മുസ്ലിമിന്റെ വാക്കുകൾ എങ്ങനെയായിരിക്കണമെന്ന് ഖുർആൻ കൃത്യപ്പെടുത്തുന്നു.
അതിൽ പ്രധാനപ്പെട്ട നാല് 'ഖൗലുകൾ' വിശകലനം ചെയ്യാം.
ഒന്നാമത്തേത്, ഖൗലുൻ മഅ്റൂഫ് (قول معروف). കേൾവിക്കാർക്ക് തള്ളിക്കളയാൻ കഴിയാത്ത വിധത്തിലുള്ള മാന്യമായ സംസാരത്തെയാണ് ഖൗലുൻ മഅ്റൂഫ് എന്ന് പറയുന്നത് . ഇത് കേൾക്കുന്ന വ്യക്തി, പറഞ്ഞ ആൾക്കു വേണ്ടി പ്രാർഥിക്കുകയോ നല്ല വാക്കുകൾകൊണ്ട് പ്രതികരിക്കുകയോ ചെയ്യുന്നു. അന്യരോട് ഈ വിധത്തിൽ സംസാരിക്കാനാണ് പ്രവാചക പത്നിമാരോട് അല്ലാഹു നിർദേശിച്ചത്. വിധവകളായ സ്ത്രീകളോട്, അഗതികളോട്, അടുത്ത കുടുംബക്കാരോട്…. ഇങ്ങനെ പലരോടുമുള്ള സംസാരത്തെ ഖൗലുൻ മഅ്റൂഫിനോട് അല്ലാഹു ചേർത്തുപറയുന്നു. സംസാരം സ്ഥലകാല സന്ദർഭങ്ങളെ പരിഗണിച്ചുള്ളതും കേൾവിക്കാരനെ മനസ്സിലാക്കിക്കൊണ്ടുള്ളതുമാവണം.
അവിവേകികളോടുള്ള സംസാരം സലാം എന്നതിൽ ഒതുക്കാനും കളിതമാശകൾ മാത്രം പറയുന്നിടത്തുനിന്ന് ഒഴിഞ്ഞു മാറിനിൽക്കാനും, അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടുന്ന ആളുകളിൽനിന്ന് വിട്ടുനിൽക്കാനും, മാതാപിതാക്കളോട് മനസ്സ് വേദനിപ്പിക്കും വിധം സംസാരിക്കാതിരിക്കാനും തുടങ്ങി, ഒട്ടനവധി നിർദേശങ്ങൾ ഇസ്ലാം പഠിപ്പിക്കുന്നു.
രണ്ടാമത്തേത്, ഖൗലുൻ സദീദ് (قول سديد). അഥവാ നേരായ, വ്യക്തമായ, സംശയങ്ങൾക്ക് ഇടയില്ലാത്ത വിധം പഴുതടച്ച സംസാരം. അല്ലാഹു തഖ് വയോട് ചേർത്താണ് ഇത് പരാമർശിക്കുന്നത് (33: 70). അഥവാ അല്ലാഹുവിനെക്കുറിച്ചും അവന്റെ വിധിവിലക്കുകളെക്കുറിച്ചും സൂക്ഷ്മതാ ബോധം ഉണ്ടാവുക എന്നത് ഒരാളുടെ സംസാരം നേരെയാവുന്നതിനോട് വളരെയേറെ ബന്ധപ്പെട്ടുകിടക്കുന്നു. അവ്യക്തത ഉണ്ടാക്കുന്നതും, ആളുകളെ പ്രീതിപ്പെടുത്താൻ വേണ്ടിയുള്ളതും, അല്ലെങ്കിൽ ആരെയോ ഭയപ്പെട്ടുകൊണ്ടുള്ളതുമായ സംസാരങ്ങൾ തഖ് വയുടെ കുറവിലേക്കാണ് വിരൽ ചൂണ്ടുന്നത്. മറ്റെന്തിനെക്കാളും അല്ലാഹുവിനെ ഭയമുള്ള ഒരു വ്യക്തി, പറയേണ്ടത് പറയേണ്ടിടത്ത് പറയുക എന്ന ഇസ്ലാമിക ധർമം പാലിച്ചിരിക്കും. തന്റെ സംസാരങ്ങളെല്ലാം അല്ലാഹു കേൾക്കുന്നു എന്നും അത് രേഖപ്പെടുത്തുന്നു എന്നും ബോധ്യമുള്ള മുസ്ലിം കള്ള സംസാരങ്ങളിൽനിന്ന് വിട്ടുനിൽക്കുന്നു. ഈ ബോധ്യത്തിൽ പിഴവ് ഉണ്ടാവുമ്പോൾ അവന്റെ വാക്കുകള്‍ സദീദ് (നേരെ ചൊവ്വെ ) അല്ലാതായിത്തീരുന്നു. ചുരുക്കത്തിൽ, സംസാരം സദീദ് ആവാനുള്ള ഏറ്റവും ആദ്യത്തെ ഉപാധി, മനസ്സിൽ അല്ലാഹുവിലുള്ള വിശ്വാസവും ഭയവും ഉറപ്പിക്കുക എന്നതാകുന്നു.
മൂന്നാമത്തേതാണ്, ഖൗലുൻ ലയ്യിൻ (قول لين). സോഫ്റ്റായ സംസാരം, മൃദുഭാഷണം. അതൊരിക്കലും വിശ്വാസത്തെ അടിയറ വെക്കുന്നതോ സത്യത്തെ വളച്ചൊടിക്കുന്നതോ അല്ല. മാന്യമായ രീതിയിൽ സത്യത്തെ സത്യമായി അവതരിപ്പിക്കുക എന്നത് മഹത്തായ കർത്തവ്യമാണ്. ലോകം കണ്ട ഏറ്റവും സ്വേച്ഛാധിപതിയായ ഫിർഔന്റെ മുന്നിലേക്ക് മൂസാ നബി(അ)യെ അല്ലാഹു പറഞ്ഞയക്കുമ്പോൾ സഹോദരനായ ഹാറൂൻ (അ) യെ മൂസാനബി സഹചാരിയായി ആവശ്യപ്പെടുന്നുണ്ട്. "എന്റെ സഹോദരൻ എന്നെക്കാൾ വാചാലനാകുന്നു. അദ്ദേഹത്തെ എന്നോടൊപ്പം സഹായിയായി നിയോഗിക്കണം" (28: 3). ഇവിടെ ഹാറൂൻ (അ)യുടെ സവിശേഷതയായി മൂസാ (അ) പറയുന്നത് 'എന്നെക്കാൾ വാചാലൻ' എന്നാണ്. അഥവാ വാക്കുകളുടെ ശക്തിയെക്കുറിച്ച് അദ്ദേഹത്തിന് കൃത്യമായ ബോധ്യമുണ്ടായിരുന്നു എന്ന് വ്യക്തം.
നാലാമത്തേത്, 'അഹ്സനു ഖൗൽ' (احسن قول) എന്നതാണ്. ഏറ്റവും നൻമ നിറഞ്ഞ വാക്യം. മുസ്ലിമിന്റെ മുഖമുദ്രയായ ഇഹ്സാൻ എന്നത് വാക്കുകളിലും അതിന്റെ ഏറ്റവും ഉത്തമ രീതിയിൽ പ്രതിഫലിപ്പിക്കാൻ അല്ലാഹു കല്പിക്കുന്നു. ഏറ്റവും നല്ലതായ സംസാരം അല്ലാഹുവിന്റെതാണ് എന്ന് പറഞ്ഞു വെക്കുന്ന ഖുർആൻ സംസാരത്തിൽ മാത്രമല്ല, അഭിവാദ്യങ്ങളിൽ പോലും അഹ്സൻ ആവാൻ മനുഷ്യരോട് ആവശ്യപ്പെടുന്നു. ചീത്തയായതിനെ അഹ്സൻ ആയതുകൊണ്ട് പ്രതിരോധിക്കാനാണ് ഖുർആന്റെ മറ്റൊരു കല്പന. അതായത്, സംസാരിക്കാൻ തുടങ്ങുന്ന ഒരു വിശ്വാസി, താൻ പറയാൻ പോകുന്ന കാര്യത്തെ അവന് സാധ്യമാകുന്നതിൽ ഏറ്റവും മികച്ച രീതിയിൽ, അല്ലാഹുവിന്റെ കലിമത്തിനോട് ഏറ്റവും നീതിപുലർത്തുന്ന രീതിയിൽ ആവിഷ്കരിക്കേണ്ടതുണ്ട്.
പറയാൻ കഴിയുന്നതിൽ ഏറ്റവും നല്ലത് പറയുക എന്നതു മാത്രമല്ല, കേൾക്കുന്നതിൽ ഏറ്റവും നല്ലത് പിന്തുടരുക എന്നതും ഖുർആൻ പ്രോത്സാഹിപ്പിക്കുന്നുണ്ട്. l