കത്ത്‌

മനഃസാക്ഷി മരവിയ്ക്കുന്ന ഒട്ടനവധി ക്രൂരകൃത്യങ്ങളാണ് കേരളത്തില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നത്. 2006 -ലെ നാഷ്‌നല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അക്രമം നടക്കുന്ന സംസ്ഥാനങ്ങളില്‍ മൂന്നാം സ്ഥാനം കേരളത്തിനാണ്. കേരളത്തിലെ ഒരു ലക്ഷം ആളുകളില്‍ 20.19 പേര്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നു. ദേശീയ ശരാശരിയാകട്ടെ 5.82 മാത്രമാണ്. കേരള പോലീസിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച 2021 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ മാത്രം കേരളത്തില്‍ നടന്ന മൊത്തം ക്രിമിനല്‍ കുറ്റങ്ങള്‍ 129278 ആണ്. കുട്ടികള്‍ക്കെതിരെ വിവിധ തരത്തിലുള്ള കേസുകള്‍ 3847-ഉം സ്ത്രീകള്‍ക്കെതിരെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ 14427-ഉം ആണ്. കഴിഞ്ഞ ക്രിസ്മസ് ദിനത്തില്‍ കിഴക്കമ്പലത്ത് ഇതര സംസ്ഥാന തൊഴിലാളികള്‍ പൊലീസുകാരെ ജീപ്പടക്കം കത്തിച്ച് കൊല്ലാന്‍ ശ്രമിച്ചതൊക്കെ കേള്‍ക്കുമ്പോള്‍ ആര്‍ക്കാണ് ഉള്‍ക്കിടിലമുണ്ടാകാതിരിക്കുക.
രാഷ്ട്രീയ കൊലപാതകങ്ങളില്‍ നാം പുതിയ കണ്ടുപിടുത്തങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണല്ലോ. ഒരു മനുഷ്യ ജീവനെ എങ്ങനെയൊക്കെ കൊല്ലാമെന്നും ഒരു ശരീരത്തില്‍ എത്രമാത്രം മുറിവും വെട്ടുമേല്‍പിക്കാമെന്നും നാം 'പരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോള്‍ അത് പുരോഗമിച്ച് എത്ര മണിക്കൂറുകള്‍ക്കകം പകരം ആളെ കണ്ടെത്താമെന്നും പ്രതികാരം ചെയ്യാമെന്നുമാണ് പരീക്ഷണം.
സ്ത്രീകളുടെയും കുട്ടികളുടെയും സാമൂഹിക സുരക്ഷിതത്വത്തെക്കുറിച്ച് പറയാതിരിക്കുന്നതാണ് ഭേദം. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളില്‍ രാജ്യത്ത് 3,71,503 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 10,139 കേസുകളും കേരളത്തിലാണ്. ഇതുമായി ബന്ധപ്പെട്ട പഠനങ്ങള്‍ നടത്തുന്ന ഏജന്‍സി ആറുമാസത്തിനുള്ളില്‍ എഴുന്നൂറോളം കുട്ടികള്‍ മാനസികവും ശാരീരികവുമായി പീഡിപ്പിക്കപ്പെട്ടു എന്ന റിപ്പോര്‍ട്ടിനൊപ്പം ചേര്‍ത്തിരിക്കുന്നത് കേരളത്തില്‍ ഇക്കാര്യത്തില്‍ ഒരു ലോക്ക് ഡൗണും ഇല്ലെന്നത്രേ. സ്ത്രീകളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളാകട്ടെ സകല സംസ്ഥാനങ്ങളെയും ബഹുദൂരം പിന്തള്ളി 11.1 എന്ന നിരക്കിലെത്തിയിരിക്കുന്നു. സ്ത്രീധനവും ബലാത്സംഗങ്ങളും കൊലപാതകങ്ങളുമൊക്കെ ഭീതിപ്പെടുത്തും വിധം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. ഒടുവില്‍ പുറത്തുവന്ന നാഷ്‌നല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കില്‍ കുറ്റകൃത്യങ്ങളുടെ റേറ്റിങ്ങില്‍ 92.5 ശതമാനത്തിലെത്തി ഗുജറാത്തിനേയും പശ്ചിമ ബംഗാളിനെയുമെല്ലാം പിന്തള്ളിയത് നമ്മെ ഞെട്ടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
കേരളത്തില്‍ പെണ്‍മക്കളുള്ള മാതാപിതാക്കളുടെ ഉള്ളിലെ തീ വര്‍ധിച്ച് വരികയാണ്. വീടും റോഡും പള്ളിയും പള്ളിക്കൂടവും താമസ സ്ഥലവും ജോലിസ്ഥലവുമെല്ലാം പീഡനക്കഥകളാല്‍ മലീമസമാണ്. കെട്ടിച്ചയച്ചാല്‍ ഒരു പരിധിവരെ അവള്‍ സുരക്ഷിതയാണെന്ന ബോധമുണ്ടായിരുന്നു. ഇപ്പോള്‍ കെട്ടിയവന്മാരുടെ തന്നെ പീഡനവും വെച്ചുമാറലും അരങ്ങു തകര്‍ക്കുമ്പോള്‍ എവിടെയാണ് നമ്മുടെ നാട്ടില്‍ സ്ത്രീസുരക്ഷ?
ദാമ്പത്യ-സ്ത്രീധന പീഡനങ്ങളും കൊലപാതകങ്ങളും വര്‍ധിക്കുക തന്നെയാണ്. ഭാര്യയെ വിഷ ജീവികളെക്കൊണ്ട് കടിപ്പിക്കുക, പട്ടിണിക്കിടുക, മയക്കുമരുന്ന് നല്‍കുക, കിണറ്റിലും പുഴയിലുമൊക്കെ തള്ളിയിടുക, കഴുത്തറുക്കുക, തീപൊള്ളിക്കുക, വാഹനങ്ങളിടിപ്പിക്കുക, അമിതമായ പഞ്ചസാര വെള്ളം കൊടുത്തും അരി കുതിര്‍ത്തു നല്‍കിയും പ്രമേഹ രോഗിയാക്കുക തുടങ്ങി ഞെട്ടിക്കുന്ന തരത്തിലുള്ളതാണ് സ്ത്രീ പീഡനങ്ങള്‍.
കേരളത്തില്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഉണ്ടായത് 70 ഓളം സ്ത്രീധന പീഡന മരണങ്ങള്‍. ഇതില്‍ ആത്മഹത്യയും കൊലപാതകവുമെല്ലാമുണ്ട്. മരണകാരണം വ്യക്തമല്ലാത്തത് വേറെയുമുണ്ട്. ഇതൊക്കെ ഔദ്യോഗിക കണക്ക് മാത്രം. എണ്ണത്തില്‍ പെടാത്തതും പുറം ലോകമറിയാത്തതുമായവ ഇനിയെത്ര!
നാഷ്‌നല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തില്‍ കുട്ടിക്കുറ്റവാളികളും വര്‍ധിച്ചുകൊണ്ടിരിക്കുന്നു. 2020-ല്‍ മാത്രം 434 കുട്ടിക്കുറ്റവാളികളെയാണ് നിയമനടപടികള്‍ക്ക് വിധേയരാക്കിയത്. വെറുതെ വിട്ടതും അവഗണിക്കപ്പെട്ടതുമായ കേസുകള്‍ നിരവധിയാണ്. ഒരു ലക്ഷത്തിന് 3.5 ശതമാനം എന്ന തോതില്‍ കുട്ടികളുടെ കുറ്റവാസനകള്‍ വര്‍ധിച്ചതായാണ് കണക്ക്. ബലാത്സംഗം, കൊലപാതകം, മാനഭംഗശ്രമം, ലഹരി ഉപയോഗവും വില്‍പനയും തുടങ്ങി മോഷണശ്രമങ്ങളും കവര്‍ച്ചയും, ആത്മഹത്യയുമടക്കം സകല കുറ്റങ്ങളിലും ഈ കൗമാരക്കാരും പ്രതികളാണ്. ട്രാഫിക് നിയമലംഘനങ്ങള്‍, അടിപിടിക്കേസുകള്‍ തുടങ്ങിയ പോലെത്തെ നിസ്സാര കുറ്റങ്ങള്‍ വേറെയുമുണ്ട്. ക്രൈം ബ്യൂറോ പുറത്തു വിട്ട കണക്കുകളില്‍ നമ്മെ ഏറെ ഞെട്ടിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നത് ഈ 434 കുട്ടി കുറ്റവാളികളില്‍ 402 പേരും അവരുടെ മാതാപിതാക്കളോടൊപ്പവും അവരില്‍ 20 പേര്‍ മറ്റ് രക്ഷിതാക്കളോടൊപ്പവും 12 പേര്‍ മാത്രം തെരുവുകുട്ടികളുമാണെന്നതാണ്. കേരളത്തിന്റെ ശുഭ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിക്കുന്നതാണ് ഈ കണക്കുകളൊക്കെയും.  

'ദഹനക്കേടി'ന്റെ കെടുതികള്‍

ഇബ്‌റാഹീം എളോടത്ത്, മാറഞ്ചേരി

ഉസ്മാന്‍ പാടലടുക്കയുടെ കവിത 'ഓക്കാനം' (ലക്കം 3235) ശക്തമായ സന്ദേശമാണ് പ്രസരിപ്പിക്കുന്നത്. അകത്തേക്ക് കടക്കുന്ന അരുതായ്മകളെ 'ഓക്കാനി'ച്ചു പുറന്തള്ളാതിരുന്നത് കൊണ്ടുണ്ടായ 'ദഹനക്കേടി'ന്റെ കെടുതികളാണ് സമൂഹം ഇന്നനുഭവിച്ചുകൊണ്ടിരിക്കുന്നത്. അധികാരികള്‍ക്ക് അലോസരമുണ്ടാവുമോ എന്ന ഭയപ്പാടില്‍ ചിലര്‍ 'ഓക്കാന'ത്തെ അമര്‍ത്തിപ്പിടിച്ചു, അരുതായ്മകളെ ഉള്ളിലൊളിപ്പിച്ചു പ്രയാസപ്പെടുമ്പോള്‍ ആര്‍ക്കൊക്കെ അലോസരമുണ്ടായാലും 'ഓക്കാനി'ക്കുന്നവര്‍ പരമാവധി ഉച്ചത്തില്‍ തന്നെ അത്  നിര്‍വ്വഹിക്കണമെന്ന ആഹ്വാനം കാലോചിതം തന്നെ.


ക്ലാസിലെ പ്രതികരണം

വി.ടി സൂപ്പി, നിടുവാല്‍

കെ.ടി ഹുസൈന്‍ എഴുതിയ 'പുസ്തക പരിചയം' (ലക്കം 3234) വായിച്ചപ്പോള്‍ 1969 കാലത്തെ സുല്ലമുസ്സലാമിലെ ഒരു ക്ലാസ് ഓര്‍മ്മ വന്നു.  കെ.പി മുഹമ്മദ് മൗലവി ക്ലാസെടുത്തുകൊണ്ടിരിക്കേ കേരളത്തിലെ ഏറ്റവും നല്ല പ്രാസംഗികനായി സി.എച്ച് മുഹമ്മദ് കോയയെ പരിചയപ്പെടുത്തിയിരുന്നു. പറഞ്ഞു തീരുന്നതിന് മുമ്പായി അബു ചാടിയെഴുന്നേറ്റു പറഞ്ഞു 'ടി.കെ അബ്ദുല്ല മൗലവി.' ഇതാണ് അബു സാഹിബിന്റെ പ്രകൃതം.

അധികാരസ്ഥാനങ്ങളോട് കലഹിച്ച പണ്ഡിത പാരമ്പര്യം

കെ.എന്‍ മുഹമ്മദ് കുഞ്ഞി, അബൂദബി

'പോരാട്ടത്തിന്റെ പണ്ഡിത പാരമ്പര്യം' എന്ന തലക്കെട്ടില്‍ സദ്റുദ്ദീന്‍ വാഴക്കാട് എഴുതിയ ലേഖനം (ലക്കം 3234) അത്യന്തം കാലികപ്രസക്തമാണ്.
അധികാരസ്ഥാനങ്ങള്‍ക്കു മുന്നില്‍ കുനിഞ്ഞും പാരിതോഷികങ്ങള്‍ക്കു മുന്നില്‍ കൈനീട്ടിയും ജീവിതമാഘോഷിക്കുന്ന പണ്ഡിതര്‍ ഈ ലേഖനം നെഞ്ചില്‍ കൈചേര്‍ത്ത് വായിക്കണം. ഒരൊത്തുതീര്‍പ്പിനും വഴങ്ങാത്ത, അധികാരസ്ഥാനങ്ങളോട് കലഹിച്ചൊരു ദീര്‍ഘപാരമ്പര്യം ഇസ്‌ലാമിക പണ്ഡിതര്‍ക്കുണ്ടെന്ന സത്യം ലേഖനം വെളിപ്പെടുത്തുന്നു.
'ആരാധനകളില്‍ പരിമിതപ്പെടുന്ന മതവും ജനപ്രീതിയിലുള്ള താല്‍പര്യവും ഭൗതികതയോടുള്ള ആവേശവും അധികാരത്തിന്റെ തണലില്‍ സുരക്ഷിതമാകാനുള്ള ത്വരയുമൊക്കെയാണ് അവരുടെ മുഖമുദ്രകള്‍' എന്ന നിരീക്ഷണം നാം കണ്‍മുന്നില്‍ കാണുന്ന യാഥാര്‍ത്ഥ്യമാണ്. ഇത് എന്ന് തുടങ്ങി എന്നതല്ല എങ്ങനെയൊന്ന് അവസാനിപ്പിക്കാം എന്നതായിരിക്കണം പുതിയ കാലത്തിന്റെ ആലോചന.
ചരിത്രത്തിലിരുന്ന് ഭാവിയിലേക്ക് പ്രകാശം പ്രസരിപ്പിക്കുന്ന വലിയൊരു അനുഭവപാരമ്പര്യം ഇസ്ലാമിക പണ്ഡിതര്‍ക്കുണ്ടായിരുന്നെന്ന് ലേഖനത്തിലെ ഉദ്ധരണികള്‍ തെളിയിക്കുന്നു. എന്നിട്ടും എവിടെ വെച്ചായിരിക്കാം കാലം അതൊക്കെയും കുടഞ്ഞെറിഞ്ഞു കളഞ്ഞത്? എപ്പോഴായിരിക്കാം ജനകീയ പണ്ഡിതര്‍ (ഉലമാഉശ്ശഅബ്) അരികുകളിലേക്ക് മാറ്റപ്പെടുകയും അധികാര പണ്ഡിതന്മാര്‍ (ഉലമാഉസ്സുല്‍ത്താന്‍) മുഖ്യധാരയിലേക്ക് എഴുന്നള്ളിക്കപ്പെടുകയും ചെയ്തത്? ചരിത്രപരമായ മറവി ബാധിച്ച സമൂഹമായി എങ്ങനെയാണ് ഈ അനുയായിക്കൂട്ടങ്ങള്‍ ഇത്രയെളുപ്പത്തില്‍ പരിവര്‍ത്തിക്കപ്പെട്ടത്?
ധ്യാനനിഷ്ഠമായ/ആരാധനാകേന്ദ്രീകൃതമായ മതം ലേഖകന്‍ സൂചിപ്പിച്ച കണക്കെ മാനസികവും സാമൂഹികവുമായ നിഷ്‌ക്രിയത്വത്തെ മാത്രമേ സൃഷ്ടിക്കൂ എന്നതിന്റെ നേര്‍ച്ചിത്രത്തിന് മലയാളിമുസ്‌ലിമിന് ദൂരെയെവിടെയും പോവേണ്ടി വരില്ല. സാമൂഹികമാധ്യമങ്ങളിലൂടെ, എണ്ണം കണക്കാക്കി ചൊല്ലിപ്പറയുന്ന പ്രാര്‍ഥനകള്‍ക്ക് വേണ്ടി കുടുംബങ്ങളെയൊന്നാകെ മണിക്കൂറുകള്‍ തളച്ചിടുന്നതിലാണ് പല പണ്ഡിതരുമിപ്പോള്‍ ആനന്ദം കണ്ടെത്തുന്നത്.
ബഗ്ദാദില്‍ ഖലീഫയേക്കാള്‍ സ്വീകാര്യത പണ്ഡിതനും പോരാളിയുമായ അബ്ദുല്‍ മലിക് ബിന്‍ മുബാറക്കിന് ലഭിച്ചിരുന്നതിന്റെ ചരിത്രം ലേഖകന്‍ ഓര്‍മപ്പെടുത്തുമ്പോള്‍ അത്  പുതിയ തലമുറയിലെ പണ്ഡിതന്മാരെയെങ്കിലും പ്രചോദിപ്പിക്കുന്നില്ലെങ്കില്‍ ഇരുട്ടിന്റെ കനം ഇനിയും കൂടിക്കൂടിവരാനേ സാധ്യതയുള്ളൂ.
ഒരുകാര്യം കൂടി സൂചിപ്പിക്കാതെ വയ്യ. വാക്കുകളിലെ കൃത്യതയും ഭാഷയിലെ വ്യക്തതയും ഈ ലേഖനത്തിന്റെ എടുത്തുപറയേണ്ട മേന്മയാണ്. അനുചിതമായ പദങ്ങളെടുത്ത് ധൂര്‍ത്തടിച്ചും ഭാഷയെ വക്രീകരിച്ചും ആശയങ്ങളെ ദുര്‍ഗ്രഹമാക്കിക്കളയുന്ന എഴുത്തുകാരുടെ എണ്ണം ഇസ്ലാമിക പ്രസിദ്ധീകരണങ്ങളില്‍ പതിവിലേറെ വര്‍ധിച്ചിരിക്കുന്ന കാലമാണിത്. തലക്കെട്ട് മുതല്‍ തുടങ്ങുന്ന ആ അസംബന്ധത്തെ പുണരുന്നവര്‍,  ഈ ലേഖനത്തിലുപയോഗിച്ച ചടുലവും തെളിച്ചമുള്ളതുമായ ഭാഷയുടെ സത്യസന്ധത ഉള്‍ക്കൊാല്‍ ഏതെഴുത്തിനും വിപുലമായ സ്വീകാര്യത ലഭിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. ഗുണകാംക്ഷയായിരിക്കട്ടെ ഏതെഴുത്തിന്റെയും ആത്യന്തിക ലക്ഷ്യം.


കെ-റെയിലും ജമാഅത്തെ ഇസ്‌ലാമിയും

ഇ.പി അന്‍വര്‍ സാദത്ത്, കുന്ദമംഗലം

കേരള സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ സില്‍വര്‍ ലൈനിനെതിരെ പ്രതിഷേധം ശക്തിപ്പെട്ടുവരുന്നത് മുഖ്യമന്ത്രിയെയും സി.പി.എമ്മിനെയും കുറച്ചൊന്നുമല്ല അസ്വസ്ഥപ്പെടുത്തുന്നത്; വിശേഷിച്ചും ശാസ്ത്രസാഹിത്യ പരിഷത്തും സി.പി.ഐയും പദ്ധതിയില്‍ എതിര്‍പ്പും ആശങ്കയും ഉയര്‍ത്തിയ സാഹചര്യത്തില്‍. പദ്ധതിയുടെ വിശദരേഖ പുറത്ത് വിടാത്തത് ജനങ്ങളില്‍ ദുരൂഹതയും ഉയര്‍ത്തുന്നുണ്ട്. വിമര്‍ശനങ്ങളെ ക്രിയാത്മകമായി സമീപിക്കുന്നതിന് പകരം ചര്‍ച്ചയുടെ ഗതി തിരിച്ചുവിടുന്ന തന്ത്രപരവും അപകടകരവുമായ നിലപാടാണ് സി.പി.എം സ്വീകരിച്ചിരിക്കുന്നത്. കേരളത്തിന്റെ വികസനത്തെ അട്ടിമറിക്കുന്നത് യു.ഡി.എഫ്, ബി.ജെ.പി, ജമാഅത്തെ ഇസ്‌ലാമി കൂട്ടുകെട്ടാണെന്ന പ്രചാരണമാണ് സി.പി.എം നടത്തുന്നത്. രണ്ട് രാഷ്ട്രീയ മുന്നണികളോടൊപ്പം ജമാഅത്തെ ഇസ്ലാമി എന്ന ഒരു മതസംഘടനയെ ചേര്‍ത്തു പറഞ്ഞതിലെ ദുരുദ്ദേശ്യം വ്യക്തമാണ്. സമൂഹത്തില്‍ പിടിമുറുക്കുന്ന ഇസ്‌ലാമോഫോബിയ മുതലെടുത്ത് കെ റെയില്‍ പദ്ധതിക്കെതിരെ ഉയരുന്ന പ്രതിഷേധത്തെ പ്രതിരോധിക്കുക. വര്‍ഗീയത ഉയര്‍ത്തിയും പദ്ധതി നടപ്പിലാക്കണമെന്ന സര്‍ക്കാരിന്റെ നിര്‍ബന്ധ ബുദ്ധിയാണിത്. ഗെയില്‍ സമരത്തിലും ഇത് കണ്ടതാണ്. ഗെയില്‍ സമരക്കാര്‍ റോഡില്‍ വെള്ളിയാഴ്ച നമസ് കാരം നിര്‍വഹിച്ചതായിരുന്നു സര്‍ക്കാരും സി.പി.എമ്മും ആയുധമാക്കിയത്. പൊതു സമൂഹത്തില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാനും സമരക്കാര്‍ക്കിടയില്‍ വിള്ളലുണ്ടാക്കാനും ഇത്തരം പ്രചാരണങ്ങള്‍ സഹായിക്കുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
കര്‍ഷക സമരത്തോട് നരേന്ദ്ര മോദി സര്‍ക്കാര്‍  സ്വീകരിച്ചതും ഇതേ രീതിയാണ്. കര്‍ഷക സമരത്തില്‍ ഖാലിസ്ഥാനികള്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നത്.
സില്‍വര്‍ ലൈന്‍ വിഷയത്തില്‍ ജമാഅത്തെ ഇസ്‌ലാമി ഔദ്യോഗികമായി നിലപാടെടുത്തിട്ടില്ലെന്ന് അതിന്റെ ഭാരവാഹികള്‍ പറയുന്നു. ശാസ്ത്രസാഹിത്യ പരിഷത്ത് അതിന്റെ എതിര്‍പ്പുമായി മുന്നോട്ട് പോകുന്നു. ചുരുക്കത്തില്‍ സി.പി.എമ്മല്ലാത്ത ഒട്ടുമിക്ക പാര്‍ട്ടികളും പദ്ധതിക്കെതിരാണ്. ജനവികാരം ഉള്‍ക്കൊള്ളാന്‍ സര്‍ക്കാര്‍ തയാറാകണം. സാമൂഹികാന്തരീക്ഷത്തെ തകര്‍ക്കുന്ന പ്രചാരണങ്ങളില്‍ നിന്ന് സര്‍ക്കാരും സി.പി.എമ്മും വിട്ടുനില്‍ക്കണം.