"മിന്നിത്തിളങ്ങുന്ന നക്ഷത്രങ്ങളും മനോഹരമായ ചന്ദ്രനും നിറഞ്ഞ ആകാശം നിഗൂഢതകളുടേതാണ്. പക്ഷേ, നക്ഷത്രങ്ങൾ തിളങ്ങുന്നില്ലെന്നും അത്ര മനോഹരമല്ലെന്നും ശാസ്ത്രാന്വേഷണങ്ങളിലൂടെ വെളിപ്പെട്ടു. അതുകൊണ്ട് ഈ പഠനം മുന്നറിയിപ്പ് നൽകുന്നു: നിങ്ങൾ കണ്ടതിൽ വിശ്വസിക്കരുത്. ഉപ്പും പഞ്ചസാര പോലെ കാണപ്പെടാം!" വർഷങ്ങളോളം സർക്കാർ പൂഴ്ത്തിവെച്ച, ഇപ്പോൾ പുറത്തുവിട്ട ഹേമ കമീഷൻ റിപ്പോർട്ടിന്റെ ആമുഖമാണിത്. എത്ര മനോഹരവും അർഥഗർഭവുമായ പ്രയോഗങ്ങളും വാക്കുകളും! ഈ ആമുഖത്തിൽ തന്നെ എല്ലാം അടങ്ങിയിട്ടുണ്ട്.
മലയാള സിനിമാ ചരിത്രമെടുത്ത് പരിശോധിച്ചാൽ വളരെയൊന്നും മെച്ചപ്പെട്ട അവസ്ഥയിലും നിലവാരത്തിലുമൊന്നുമെത്താൻ കഴിഞ്ഞിട്ടുണ്ടെന്ന് പറയുക വയ്യ. അപൂർവമായി ചില നല്ല സിനിമകളുണ്ടാവുന്നുണ്ടെങ്കിലും കൂടുതലും സ്ത്രീവിരുദ്ധ പുരുഷാധിപത്യ പ്രവണതകളും ബ്രാഹ്മണ്യ-സവർണ താല്പര്യങ്ങളും തന്നെയാണ് മേൽക്കോയ്മ നേടുന്നത്. സ്ഥിരമായുണ്ടാകുന്ന പ്രേമ-പ്രണയ, ഭാര്യാ-ഭർതൃ കുടുംബ ജീവിതവും വീടകങ്ങളുമൊക്കെ തന്നെയാണ് ഇപ്പോഴും എപ്പോഴും ഇതിവൃത്തമായി വരുന്നത്. പുതിയ ഒരു ആകാശമോ ഭൂമിയോ സൃഷ്ടിക്കാൻ മലയാള സിനിമകൾ അപര്യാപ്തമാണ്. കാലോചിതവും ശക്തമായ തീമുള്ളതും ഊർജസ്വലവുമായ സിനിമകൾ വരാത്തതുകൊണ്ട് കൂടിയാണ് സിനിമാ വ്യവസായം തകർന്നുകൊണ്ടിരിക്കുന്നത്.
ഇതിനൊക്കെ പുറമെയാണ് ഏതാനും വർഷങ്ങളായി മലയാള സിനിമാ മേഖല അശ്ലീലവും അറക്കുന്നതുമായ വിവാദങ്ങൾക്ക് വേദിയാകുന്നത്. ജീവിതത്തോടോ യാഥാർഥ്യങ്ങളോടോ ഒരല്പം പോലും ബന്ധമില്ലാത്ത കാല്പനിക ഭാവനകളിലും താരപ്രഭയിലും അഭിരമിക്കുന്ന കുറേ നടന്മാരും നടികളും. സാധാരണക്കാരോടൊപ്പം നിൽക്കാൻ തയാറാവാത്ത, വോട്ട് ചെയ്യാൻ വരിനിൽക്കാൻ പോലും അഹങ്കാരം അനുവദിക്കാത്ത ഒരു കൂട്ടർ. അവർക്ക് ചുറ്റും കറങ്ങുന്ന ചലച്ചിത്ര വ്യവസായവും. ഇതിന്റെ ഏറ്റവും മ്ലേച്ഛമായ തികട്ടലാണ് ഇപ്പോൾ ഹേമ കമീഷൻ റിപ്പോർട്ടിലൂടെ പുറത്തുവന്നിരിക്കുന്നത്.
സിനിമാ മേഖലകളിൽ പ്രവർത്തിക്കുന്ന ഏതാനും സ്ത്രീകൾ രൂപംകൊടുത്ത വിമന്‍ ഇന്‍ സിനിമ കളക്ടീവ് (wcc) എന്ന സംഘടനയാണ് ഇപ്പോഴെങ്കിലും ഇങ്ങനെ ഒരു കമീഷനെ നിയമിക്കാനും ലജ്ജാവഹമായ ഈ റിപ്പോർട്ട് പുറത്തുവരാനും കാരണം. കഴിഞ്ഞ കുറേ വർഷങ്ങളായി അവർ ഉയര്‍ത്തിക്കൊണ്ടുവന്ന വിഷയങ്ങള്‍ ആരെയാണ് പ്രതിക്കൂട്ടിലാക്കുന്നത് എന്ന് നമുക്കെല്ലാമറിയാം. ഈ സംഘടനയുടെ നിലപാടിലൂടെ പ്രതിക്കൂട്ടിലായിപ്പോയ താര സംഘടനയായ A.M.M.A (അമ്മ) ക്രിയാത്മകമായ ഒരു നേരിടലിന് നാളിതുവരെ തയാറായിട്ടില്ല. പ്രതിസ്ഥാനത്തുള്ള താരസംഘടനയുടെ നേതൃത്വത്തിലുള്ളത് മലയാള സിനിമയിലെ പ്രമുഖ പുരുഷതാരങ്ങളും അവരുടെ വിനീതവിധേയരായ, സിനിമയുടെ ചുറ്റുവട്ടത്ത് നിലനിന്നുപോരുന്ന ചില ചില്ലറ നടത്തിപ്പുകാരുമാണ്.
പല പ്രമാദ കേസുകളിലും പിടിക്കപ്പെടുമ്പോൾ കുറ്റവാളികൾ പോലീസിനോട് പറയുന്ന കഥകളിൽ പലതും പല സിനിമകളെയും മാതൃകയാക്കിയോ അല്ലെങ്കിൽ അത്തരം സിനിമകളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടോ ആണ്. വല്ല നല്ല കാര്യങ്ങൾക്കും സിനിമ പ്രോത്സാഹനമായ കഥ നാമൊട്ടും കേൾക്കുന്നില്ല താനും. മദ്യവും മയക്കുമരുന്നും സ്ത്രീപീഡനവുമൊക്കെ തിരക്കഥകളാവുകയും, അടിയും ഇടിയും സ്റ്റണ്ടുമൊക്കെ ഹരം പകരുകയും, അയലത്തെ പ്രണയവും അവിഹിത ഗർഭവുമൊന്നും കുറ്റമല്ലാതാവുകയും ചെയ്യുമ്പോൾ സമൂഹം ദുഷിക്കുന്നു. ഒപ്പം തീവ്രവാദവും വർഗീയതയും അന്ധവിശ്വാസാനാചാരങ്ങളും മേമ്പൊടിയായി വരുമ്പോൾ വിശേഷിച്ചും. അതിനെക്കാൾ രസകരമാണ് സിനിമാ നടീനടന്മാരുടെയും പ്രവർത്തകരുടെയും വിവാഹങ്ങൾ. ഏറിവന്നാൽ ഏതാനും മാസങ്ങളോ വർഷങ്ങളോ മാത്രം നീണ്ടുനിൽക്കുന്നു, താര പ്രഭയിൽ വലിയ മാധ്യമ ആഘോഷമാക്കി മാറ്റുന്ന വിവാഹങ്ങൾ! ഇതൊക്കെ പ്രേക്ഷകർക്കും സമൂഹത്തിനും നൽകുന്ന ഗുണപാഠം എന്തായിരിക്കും?!
നിര്‍ഭാഗ്യവശാല്‍ മലയാള താരസംഘടനകളും പ്രവർത്തകരും സിനിമ എന്ന കലയെ അല്ല, വ്യവസായത്തെയാണ് യഥാർഥത്തില്‍ പ്രതിനിധാനം ചെയ്യുന്നത്. അവര്‍ അവിടെയിരിക്കുന്നത് സമ്പത്തിന്റെയും പ്രശസ്തിയുടെയും പിന്‍ബലത്തിലാണ്. അഭിനയ മികവിന്റെയോ കലയോടുള്ള പ്രതിബദ്ധതയുടെയോ പിന്‍ബലത്താലല്ല. അതുകൊണ്ടാണ് സാമാന്യം സാമൂഹികബോധം കണ്ടേക്കും എന്ന് നാം വിശ്വസിക്കുന്ന മലയാളത്തിന്റെ വര്‍ത്തമാന കാലത്തെ മഹാ നടന്മാരും നടികളും വരെ നിശ്ശബ്ദരായിപ്പോകുന്നത്. വിഗ്രഹവത്കരിക്കപ്പെട്ടവർക്ക് അതിൽ ആനന്ദം കൊള്ളാനും അഭിരമിക്കാനും മാത്രമേ കഴിയൂ. അല്ലാതെ മനുഷ്യ നന്മക്കായി ഒരു ചുക്കും ചെയ്യാൻ സാധ്യമല്ല.
ഇത്തരമൊരു അശ്ലീല റിപ്പോർട്ട് പുറത്തു വന്ന സ്ഥിതിക്കെങ്കിലും അല്പമെങ്കിലും മാന്യതയും മര്യാദയുമുള്ള ഫാൻസ് അസോസിയേഷനുകളും ആരാധകവൃന്ദങ്ങളും മറ്റനുയായികളും ഒന്ന് മനസ്സിലാക്കുന്നത് നന്ന്: ഇവരൊന്നും ഒരർഥത്തിലും 'താര'ങ്ങളോ മാതൃകകളോ അല്ല. മറിച്ച്, ലൈംഗികതകളിലും ഗോസിപ്പ് കഥകളിലും അഭിരമിക്കുന്ന വൃത്തികെട്ട ജന്മങ്ങൾ മാത്രം. അവരിൽ ഭൂരിപക്ഷവും നമ്മെ അക്രമങ്ങളിലേക്കും സംസ്കാര രാഹിത്യത്തിലേക്കും ലൈംഗികാഭാസങ്ങളിലേക്കും നയിക്കുന്ന വില്ലന്മാർ മാത്രവും. ഇതിത്ര കാലം പൂഴ്ത്തിവെച്ച അധികാരികളും അവരുടെ ആരാധകരാണോ എന്നേയുള്ളൂ നമ്മുടെ സംശയം!
ഹബീബ് റഹ്‌മാൻ കൊടുവള്ളി 9645006027
ഈ ഏർപ്പാട് അവസാനിപ്പിക്കണം
'വിശ്വാസം' വർധിച്ചു വർധിച്ചു കേരളത്തിലെ ചില മതസംഘടനകൾ വിശ്വാസികളെ പരസ്പരം കാഫിറാക്കിക്കൊണ്ടിരിക്കുകയാണ്. ഇത് തുടങ്ങിയിട്ട് കുറച്ചധികം കാലമായിട്ടുണ്ടെങ്കിലും ഇപ്പോൾ ഇത് വർധിച്ചിരിക്കയാണ്. ഒരു മുസ്ലിമിന് മറ്റൊരു മുസ്ലിമിനെ കാഫിറാക്കാൻ എന്ത് അവകാശമാണുള്ളത്? കേരളത്തിലെ പൗരോഹിത്യ ഗ്രൂപ്പുകളും പൗരോഹിത്യത്തെ എതിർക്കുന്നവരും തമ്മിൽ നടക്കുന്ന പ്രചണ്ഡ ഘോഷണങ്ങൾ ദീനിനെ വളർത്തുകയാണോ തളർത്തുകയാണോ എന്ന് കാര്യഗൗരവത്തോടെ ഇനിയെങ്കിലും ചിന്തിക്കണം.
അബ്ദുൽ മാലിക് മുടിക്കൽ 9747242013
വായനയോട് പ്രതിപത്തി കുറയുന്നുണ്ട്
ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് എഴുതിയ 'ഒഴുകുന്ന പുഴയാകണം അധ്യാപകർ' എന്ന ലേഖനം ( ലക്കം 3365) കാലിക പ്രസക്തമായി. ഇന്റർനെറ്റിന്റെ അതിപ്രസരത്തിൽ വായന കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ഇത്തരം ലേഖനങ്ങൾക്ക് ഏറെ പ്രസക്തിയുണ്ട്. ആരെന്തൊക്കെ പറഞ്ഞാലും വായനയോടുള്ള പ്രതിപത്തി കുറഞ്ഞുവരുന്നതായി കാണാം. അറുപതോളം അധ്യാപകർ പങ്കെടുത്ത ഒരു ക്ലാസിൽ ട്രയിനറായി വന്ന അധ്യാപകൻ ആടുജീവിതം വായിച്ചവരോട് കൈ പൊക്കാൻ പറഞ്ഞപ്പോൾ വളരെ പരിതാപകരമായിരുന്നു അവസ്ഥ. വിരലിലെണ്ണാവുന്നവർ മാത്രമാണ് കൈ പൊക്കാൻ ഉണ്ടായിരുന്നത്.
അധ്യാപകരുടെ അവസ്ഥ ഇതാണെങ്കിൽ പിന്നെ സാധാരണക്കാരുടെ കാര്യം പറയാനുണ്ടോ? ഈ ലേഖനം വായനക്ക് പ്രചോദനമാവട്ടെ, അഭിനന്ദനങ്ങൾ.
അബു നന്മണ്ട, കൂത്തുപറമ്പ്
പോരാട്ടത്തിന്റെ ബഹുമുഖങ്ങള്‍
ശമീര്‍ബാബു എഴുതിയ 'പോരാട്ടത്തിന്റെ ഇസ്ലാമിക മാനങ്ങള്‍' (2024 ആഗസ്റ്റ് 9) വായിച്ചു. പോരാട്ടങ്ങള്‍ കൊണ്ടുദ്ദേശിക്കുന്നത് ആത്മപോരാട്ടം, വൈജ്ഞാനിക പോരാട്ടം, സാമൂഹിക പോരാട്ടം തുടങ്ങിയവയാണ്. ഒരാള്‍ക്ക് ദൈവിക പന്ഥാവില്‍ സഞ്ചരിക്കാന്‍ ദൈവത്തിന്റെ കാരുണ്യമുണ്ടെങ്കിലേ സാധ്യമാവൂ. വളരെയേറെ ത്യാഗവും പ്രയത്‌നവും അത് ആവശ്യപ്പെടുന്നുണ്ട്. പോരാട്ടം കൈമുതലാക്കിയ മുജാഹിദുകളായി വളര്‍ന്നുവരണം, സമൂഹത്തിന്റെ ഐശ്വര്യത്തിനും ജനക്ഷേമത്തിനും വേണ്ടി നിലകൊള്ളണം. ധര്‍മ സംസ്ഥാപനത്തിനു വേണ്ടിയത്രെ ഇസ്ലാം വന്നിട്ടുള്ളത്. ശമീര്‍ബാബു കൊടുവള്ളിയുടെ അവതരണം ആകര്‍ഷകമായി.
പി.വി മുഹമ്മദ് ഈസ്റ്റ് മലയമ്മ, കോഴിക്കോട്