"ഞാൻ ഉൾപ്പെടെയുള്ള നിരവധി നേതാക്കൾ നിരന്തരം നിരീക്ഷണത്തിലാണ്. മാധ്യമങ്ങളെയും കോടതിയെയും പിടിച്ചെടുക്കുകയും ഭയപ്പെടുത്തുകയുമാണ് സർക്കാർ. എന്റെ ഫോണിൽ 'പെഗസസ്' ഉണ്ടായിരുന്നു. നിരവധി രാഷ്ട്രീയ നേതാക്കളുടെ ഫോണുകളിലും 'പെഗസസ്' ഉണ്ടായിരുന്നു. ഫോണിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണം എന്നും പെഗസസ് വഴി തനിക്കുള്ള ഫോൺവിളികൾ ചോർത്തിക്കൊണ്ടിരിക്കുന്നുണ്ടെന്നും രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. മാധ്യമങ്ങൾക്കും ജനാധിപത്യ രൂപകൽപനക്കും നേരെ ഇത്തരത്തിൽ ആക്രമണം നടക്കുമ്പോൾ പ്രതിപക്ഷം എന്ന നിലക്ക് ജനങ്ങളുമായി ആശയവിനിമയം നടത്താൻ ഇന്ത്യയിൽ ഏറെ പ്രയാസം നേരിടുകയാണ്."
"എന്റെ കാഴ്ചപ്പാടിൽ ഇന്ത്യയുടെ രൂപകല്പനയാണ് നരേന്ദ്ര മോദി നശിപ്പിക്കുന്നത്. ഇന്ത്യക്ക് ഉൾക്കൊള്ളാൻ കഴിയാത്ത ഒരു ആശയം അടിച്ചേൽപ്പിക്കുകയാണ് മോദി. സിക്കുകാരും മുസ്‌ലിംകളും ക്രിസ്ത്യാനികളും വ്യത്യസ്ത ഭാഷകളുമാണ് ഇന്ത്യ. എന്നാൽ, അവർ രണ്ടാംതരം പൗരന്മാരാണെന്ന് മോദി പറയുന്നു. മോദിയോട് യോജിക്കാനാവില്ല. ഏതാനും ആളുകളുടെ കൈകളിൽ ഇന്ത്യയുടെ സമ്പത്ത് കേന്ദ്രീകരിച്ചിരിക്കുകയാണ്. കശ്മീരിലൂടെ കാൽനടയായി പോകരുതെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ എന്നോട് പറഞ്ഞു. എന്തുകൊണ്ട് പറ്റില്ലെന്ന് ചോദിച്ചപ്പോൾ അവർ താങ്കൾക്കു നേരെ ഗ്രനേഡുകൾ എറിയുമെന്നായിരുന്നു ഉത്തരം. ഗ്രനേഡുകൾ എറിയുമെങ്കിൽ ആകട്ടെ, കശ്മീരിലൂടെ ഞങ്ങൾക്ക് നടക്കണമായിരുന്നു. ഇന്ത്യൻ പതാകകളേന്തി ജനങ്ങൾ കൂടെ വരുന്നതാണ് കണ്ടത്."
ഏകദേശം ഒന്നര വർഷം മുമ്പ് കേംബ്രിഡ്ജ് സർവകലാശാലയിൽ 'ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ കേൾക്കാൻ പഠിക്കുക' എന്ന വിഷയത്തിൽ സംസാരിക്കവേ രാഹുൽ ഇന്ത്യയെക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്. അന്ന് താങ്കളെ ഭരണപക്ഷം, ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണം കെടുത്തിയെന്നും പറഞ്ഞ് വിവാദങ്ങളുണ്ടാക്കിയെങ്കിലും ലോകത്തിന് മുന്നിൽ ഇന്ത്യയെ താങ്കൾ വീണ്ടെടുക്കുകയായിരുന്നു. ഒന്നര വർഷത്തിനു ശേഷം ഇപ്പോഴിതാ താങ്കൾ അഭിമാനത്തോടും അന്തസ്സോടും കൂടി ഇന്ത്യൻ പാർലമെന്റിലും ഇന്ത്യയെ വീണ്ടെടുത്തിരിക്കുന്നു. താങ്കളെ ഇന്ത്യൻ ജനത ഏൽപിച്ച ഉത്തരവാദിത്വം പ്രതിപക്ഷ നേതാവെന്ന നിലയിൽ പാർലമെന്റിൽ താങ്കൾ ഭംഗിയായി നിർവഹിച്ചിരിക്കുന്നു. പത്തു വർഷത്തിന് ശേഷം പാർലമെന്ററി ജനാധിപത്യത്തെ താങ്കൾ തിരിച്ചുകൊണ്ടുവന്നിരിക്കുന്നു. ബലേ ഭേഷ്, രാഹുൽ!
2014-ൽ ബി.ജെ.പിയുടെ അധികാരാരോഹണത്തോടെ തുടങ്ങിയ, മൊത്തമായിത്തന്നെ ഇന്ത്യയെ പിടിച്ചടക്കൽ യജ്ഞം അതിന്റെ സകല സീമകളും ലംഘിച്ച് മുന്നേറിയ വർഷങ്ങളായിരുന്നു ഇതുവരെ. പാർലമെന്റും കോടതിയും മാധ്യമങ്ങളും തെരഞ്ഞെടുപ്പ് കമീഷനും ബ്യൂറോക്രസിയും അടക്കം സകല ജനാധിപത്യ സംവിധാനങ്ങളെയും പ്രീണിപ്പിച്ചും പ്രലോഭിപ്പിച്ചും പീഡിപ്പിച്ചും വശത്താക്കിക്കഴിഞ്ഞിരിക്കുന്നു. എന്തിനധികം, താങ്കളെപ്പോലുള്ള പ്രതിപക്ഷ നിരയെ ഒന്നടങ്കം നിർദാക്ഷിണ്യം വേട്ടയാടി. പക്ഷേ, ഇപ്പോൾ താങ്കൾ ഫാഷിസത്തിന്റെ നെഞ്ച് പിളർത്തുന്ന കടന്നാക്രമണമാണ് നടത്തിയിരിക്കുന്നത്. അതു കണ്ടപ്പോൾ ജനാധിപത്യ ഇന്ത്യ ഒന്നടങ്കം കരഘോഷം മുഴക്കിക്കൊണ്ടേയിരിക്കുന്നു. താങ്കളെ ജയിപ്പിച്ച ജനങ്ങൾ വിഡ്ഢികളാക്കപ്പെട്ടില്ല എന്ന ആശ്വാസം ചെറുതല്ലല്ലോ.
അനന്ത വൈവിധ്യങ്ങളുടെ മനോജ്ഞ സമ്മേളനമായ നമ്മുടെ രാജ്യത്തെ മതാധിഷ്ഠിത രാഷ്ട്രമാക്കാനും, ജനാധിപത്യ സ്ഥാപനങ്ങളുടെ കരുത്തും ചൈതന്യവും ചോര്‍ത്തി ഒരു ഏകാധിപത്യ ഭരണകൂടത്തിനനുസൃതമായി അവയെ പാകപ്പെടുത്തിയെടുക്കാനുമുള്ള ശ്രമങ്ങളാണ് ബി.ജെ.പി സർക്കാരിന് കീഴിൽ നാം കണ്ടുകൊണ്ടിരിക്കുന്നത്. അറിവിന്റെ പ്രകാശ ഗോപരുങ്ങളായ നമ്മുടെ ദേശീയ സർവകലാശാലകളുടെ ജനാധിപത്യ- മതേതര- ബൗദ്ധിക സ്വഭാവത്തെ നശിപ്പിക്കുന്നത് മുതല്‍ വ്യക്തിയുടെ ആഹാര ശീലങ്ങളിലേക്ക് കടന്നുകയറി ആധിപത്യം സ്ഥാപിക്കുന്നത് വരെ ഒരു ഫാഷിസ്റ്റ് ഭരണകൂടം എന്തൊക്കെ ചെയ്യാമോ അതെല്ലാം മറയും മടിയുമില്ലാതെ ചെയ്തുപോരുകയാണ്. പ്രതിപക്ഷ ബഹുമാനമെന്നത് ജനാധിപത്യ വ്യവസ്ഥയുടെ അന്തസ്സത്തയാണ്. വിയോജിപ്പുകള്‍ രാഷ്ട്രീയവും ആശയപരവുമായിരിക്കണം. എന്നാല്‍, ബി.ജെ.പി സര്‍ക്കാര്‍ ഭരണത്തിലേറിയ അന്നു മുതല്‍ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയുമടക്കമുള്ള പ്രതിപക്ഷ നേതാക്കളെയും അവരുടെ പാർട്ടികളെയും വ്യക്തിപരമായി അധിക്ഷേപിക്കാനും പൊതുജന മധ്യത്തില്‍ താറടിക്കാനുമുള്ള ശ്രമങ്ങള്‍ നിര്‍ലജ്ജം നടത്തിക്കൊണ്ടിരിക്കുകയായിരുന്നല്ലോ. ഇപ്പോൾ അതിനൊക്കെ ഉരുളക്കുപ്പേരി കണക്കെ മറുപടി പറയാനുള്ള സന്ദർഭം താങ്കളെ തേടിവന്നിരിക്കുന്നു.
തെരഞ്ഞെടുപ്പ് വിജയത്തിൽ കണ്ടപോലെ കൂടുതൽ എം.പിമാരുടെ പിന്തുണയോടെ ശക്തമായ പ്രതിപക്ഷത്തെ തനിക്ക് പിന്നിൽ ഒരുമിച്ച് അണിനിരത്താൻ പാർലമെന്റിലും രാഹുലിന് കഴിഞ്ഞു എന്നത് ശുഭ സൂചനയാണ്. താൻ ഭരണഘടനാ പദവിയുള്ള പ്രതിപക്ഷ നേതാവായതോടെ കേവലം കോൺഗ്രസിന്റെയോ പ്രതിപക്ഷത്തിന്റെയോ മാത്രമല്ല, രാജ്യത്തിന്റെ തന്നെ ശബ്ദമാണെന്ന് പ്രഖ്യാപിക്കുക വഴി രാഹുലിലെ രാഷ്ട്രീയക്കാരനെയും നയതന്ത്രജ്ഞനെയുമാണ് പാർലമെന്റിൽ കാണാനായത്.
പത്തു വർഷത്തെ ഭരണ പരാജയങ്ങളും മോദി - അമിത് ഷാമാരുടെ ഏകാധിപത്യ പ്രവണതകളും രാജ്യത്ത് വിപുലമായിക്കൊണ്ടിരുന്ന വിദ്വേഷ-വർഗീയ പ്രവണതകളുമെല്ലാം താങ്കൾ ഒന്നൊന്നായി അക്കമിട്ട് നിരത്തി സംഘ് സർക്കാറിനെ നാണം (അവർക്കങ്ങനെ ഒന്നുണ്ടെങ്കിൽ) കെടുത്തിയിരിക്കുന്നു. അതിനായി നല്ലവണ്ണം ഗൃഹപാഠം ചെയ്തതിന് താങ്കളെ അഭിനന്ദിക്കുന്നു. താങ്കളൊരു മികച്ച പാർലമെന്റേറിയന്റെ മുഴുവൻ കഴിവുകളും പുറത്തെടുത്തിരിക്കുന്നു. നാടുനീളെ താങ്കൾ സഞ്ചരിച്ച വഴിദൂരങ്ങളൊക്കെയും താങ്കളെ പ്രബുദ്ധനും ഉദ്ബുദ്ധനുമാക്കിയിരിക്കുന്നു. രാജീവിന്റെ മകൻ എന്നതിനെക്കാൾ ജവഹർലാലിന്റെ പേരമകനാണെന്ന് താങ്കൾ ഞങ്ങളെ ബോധ്യപ്പെടുത്തിയിരിക്കുന്നു. അതെ, താങ്കളിപ്പോൾ വർഗീയവാദികളുടെ പപ്പുമോനല്ല, മറിച്ച് ഭാവി ഇന്ത്യയുടെ പ്രതീക്ഷയാണ്.
തെരഞ്ഞെടുപ്പ് പരാജയ ശേഷം സംഘ ശക്തികൾ ന്യൂനപക്ഷങ്ങളെ കൂടുതൽ വേട്ടയാടുന്ന ദുരന്തമാണിപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. സാധാരണക്കാരെ വിട്ട് മുസ്‌ലിം പണ്ഡിതരെ വരെ വേട്ടയാടുന്ന പ്രവണതക്കാണിപ്പോൾ ഉത്തരേന്ത്യ സാക്ഷിയായിരിക്കുന്നത്. ഇല്ലാക്കഥകളാരോപിച്ച് ബുൾഡോസർ രാജുകൾ കൂടുതൽ വ്യാപിപ്പിക്കുന്ന തിരക്കിലാണവർ. ഇതൊന്നും കണ്ടില്ലെന്ന് നടിച്ചുകൊണ്ട് താങ്കൾക്ക് മുന്നോട്ടുപോകാനാകില്ല. പാർലമെന്റിൽ മാത്രമല്ല, രാജ്യത്തിന്റെ തെരുവുകളിലും താങ്കൾ ഇടപെടേണ്ടതുണ്ട്. താങ്കളുടെയും താങ്കളുടെ പിന്നണികളുടെയും ശ്രദ്ധയും പ്രതിരോധവും, താങ്കളെ വോട്ടു ചെയ്ത് വിജയിപ്പിച്ച ന്യൂനപക്ഷങ്ങളുടെയും അടിച്ചമർത്തപ്പെടുന്നവരുടെയും അവകാശം നിഷേധിക്കപ്പെടുന്നവരുടെയും ഒപ്പം ഉണ്ടാവേണ്ടതുണ്ട്. "തെരഞ്ഞെടുപ്പിന് പിന്നാലെ മുസ്‌ലിംകൾ വ്യാപകമായി ആക്രമിക്കപ്പെടുന്നു" എന്ന് ഉച്ചൈസ്തരം വിളിച്ചുപറഞ്ഞ സി.പി.എം പോളിറ്റ് ബ്യൂറോ അതിന് താങ്കൾക്ക് മാതൃകയാകട്ടെ.
ഇരുട്ടിന്റെ ഫാഷിസ്റ്റ് ശക്തികൾ തല്ക്കാലം ഒന്നടങ്ങിയിട്ടേയുള്ളൂ. ഏത് സമയത്തും അവർ ഉയർന്നെണീറ്റ് ഫണം വിടർത്തി വിഷം ചീറ്റും. തങ്ങളെ എതിർക്കുന്നവരെ കൽത്തുറുങ്കിലടക്കാനും ഇല്ലായ്മ ചെയ്യാനും അവർക്കൊരു മടിയുമുണ്ടാവില്ല. ഒരുവേള താങ്കളെതന്നെ അപകടപ്പെടുത്താനും അവർ ശ്രമിച്ചേക്കും. അതിനാൽ ജാഗ്രത്തായിരിക്കുക, സ്വന്തത്തെക്കുറിച്ചും 'ഇൻഡ്യ'യെക്കുറിച്ചും ഇന്ത്യയെക്കുറിച്ചും.
ഹബീബ് റഹ്‌മാൻ കൊടുവള്ളി 9645006027
മാറ്റം സ്വാഗതാർഹം
പുതിയ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ലക്കങ്ങൾ രൂപകൽപ്പന ചെയ്യുന്ന പ്രബോധനത്തിന്റെ അണിയറ ശിൽപ്പികൾക്ക് ആശംസകൾ. വായനക്കാരൻ പ്രിന്റ് മീഡിയ തേടി അലയുന്ന കാലം കഴിഞ്ഞുവെന്ന് എത്ര പെട്ടെന്നാണ് വാരിക തിരിച്ചറിഞ്ഞത്. വായനാ ലോകത്ത് വിസ്മയങ്ങൾ തീർക്കുന്നതും ഈ പ്രസ്ഥാനത്തിന്റെ പ്രത്യേകതയാണ്. ഖിലാഫത്തുമായി ബന്ധപ്പെട്ട പഠനാർഹമായ ലേഖനങ്ങൾ പ്രസിദ്ധീകരിച്ച പ്രബോധനത്തിന് ഭാവുകങ്ങൾ.
അമിത്രജിത്ത് തൃശൂർ 9809616335