രണ്ടു ദിവസമായി തുടരുന്ന കനത്ത പേമാരി കണ്ടപ്പോഴേ മനസ്സിൽ വല്ലാത്ത ആധിയായിരുന്നു. രാവിലെ ഉറക്കുമുണർന്നപ്പോൾ കേട്ടത് എന്റെ ആധിയെ അന്വർഥമാക്കുന്ന വാർത്ത തന്നെയായിരുന്നു. വയനാട് മുണ്ടക്കൈ ഭാഗത്ത് ഉരുൾപൊട്ടി 'ഒന്നോ രണ്ടോ വീടുകളൊഴികെ ഒരു ഗ്രാമം മുഴുവൻ ഒലിച്ചു പോയി.' വയനാട് ജില്ലയിലാണല്ലോ, തൊട്ടടുത്ത പ്രദേശങ്ങളിൽനിന്ന് സേവന സന്നദ്ധരായി വളണ്ടിയർമാർ അവിടെയെത്തിയിരിക്കും എന്ന് ആശ്വസിച്ചു. ആവശ്യമാണെങ്കിൽ വിളിവരുമ്പോൾ പോകാം എന്ന് കരുതുകയും ചെയ്തു. അപ്പോഴാണ് മലപ്പുറം ജില്ലയിലെ നിലമ്പൂർ പോത്തുകല്ലിലെ ചാലിയാർ പുഴയിലൂടെ, വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഒഴുകിവരുന്നു എന്ന വാർത്ത കേട്ടത്. ഉടനെ പോത്തുകല്ല് ക്യാമ്പ് ഓഫീസുമായി ബന്ധപ്പെട്ടു. അവിടെ വളണ്ടിയർമാരെ ആവശ്യമുണ്ടെന്നറിഞ്ഞു.
രാവിലെ 7 മണിയോടെ അവിടെ എത്തി. 12 മണി വരെ ഭൂതാനം പുഴയുടെ ഭാഗത്തെ തിരച്ചിലിൽ പങ്കുചേർന്നു. അപ്പോഴേക്കും നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് ചാലിയാറിൽനിന്ന് ലഭിച്ച മൃതദേഹങ്ങളും ഭാഗികമായ മനുഷ്യാവയവങ്ങളും വഹിച്ച് തുരുതുരാ ആംബുലൻസുകൾ വന്നുതുടങ്ങി. അവിടെയാണ് കൂടുതൽ വളണ്ടിയർ സേവനം ആവശ്യമെന്ന അറിയിപ്പ് ലഭിച്ചു. ഉടനെ ഞങ്ങൾ ആശുപത്രിയിലെത്തി.
അവിടെ കണ്ട കാഴ്ച ഞെട്ടിക്കുന്നതും അതേസമയം സങ്കടകരവും ദയനീയവുമായിരുന്നു. തലയില്ലാത്തതും കൈകാലുകൾ മാത്രമുള്ളതുമായ മയ്യിത്തുകളും ശരീരഭാഗങ്ങളും വന്നുകൊണ്ടേയിരിക്കുന്നു. ചിലതിൽ തല മാത്രമാണുണ്ടായിരുന്നത്.
ആംബുലൻസിൽനിന്നും ബോഡിയും ശരീരാവയവങ്ങളും മോർച്ചറിയിലെത്തിക്കുമ്പോൾ പരിശോധനക്ക് വേണ്ടി ഡോക്ടർമാരും ഇൻക്വസ്റ്റിനു വേണ്ടി പോലീസും ബോഡി മറച്ച തുണി തുറക്കുമ്പോൾ ആ കാഴ്ച കാണാനാകാതെ കൂടെയുള്ള സന്നദ്ധ പ്രവർത്തകർ മുഖം തിരിച്ച് അൽപ്പം മാറി നിന്നു. അത്രയും ദാരുണമായിരുന്നു ആ കാഴ്ചകൾ. നമ്മളെപ്പോലെയുള്ള മനുഷ്യരാണല്ലോ ഈ ജീവനറ്റ് കിടക്കുന്നത്, നാളെ നമുക്കും ഈ ഗതി വന്നാലോ എന്നൊരു നിമിഷം ആലോചിച്ചു. പിന്നെ ഉള്ളിൽനിന്ന് മനോധൈര്യവും ഊർജവും കൈവന്നു. ഞങ്ങൾ ആ ദൗത്യം ഏറ്റെടുത്തു.
ഉച്ചക്ക് മോർച്ചറിയിൽ കയറിയ ഞങ്ങൾ രാത്രി 10 മണി വരെ ഒരു സെക്കന്റ് പോലും വിശ്രമിക്കാതെ, ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ സേവന പ്രവർത്തനങ്ങളിൽ മുഴുകി. പൊട്ടിയും പൊളിഞ്ഞും ജീർണിച്ചും വികൃതമായ മൃതശരീരാവയവങ്ങളെ ഇൻക്വസ്റ്റ് നടത്താനും സ്ട്രക്ച്ചറിൽ ഫ്രീസറിലെത്തിക്കാനും തിരിച്ച് ഫ്രീസറിൽനിന്ന് പോസ്റ്റ്മോർട്ടം ടേബിളിലെത്തിക്കാനും മെഡിക്കൽ ടീമിനൊപ്പം സഹായികളായി കൂടെ നിന്നു. പിന്നെയവ കുളിപ്പിക്കാനും വൃത്തിയാക്കാനും ഡ്രസ്സ് ചെയ്യാനും നേതൃത്വം നൽകി.
അരിയിൽ ചെറിയ പുഴുവിനെ കണ്ടാൽ പോലും അറപ്പ് കാട്ടി പേടിച്ച് മാറുന്നയാളായിരുന്നു ഞാൻ. ഇവിടെ മോർച്ചറിയിലെത്തിയ മൂന്നാം ദിവസം ശരീരം മുഴുവൻ പുഴുവരിച്ച ഒരു മൃതദേഹം ഇൻക്വസ്റ്റ് ചെയ്യാനും ശേഷം പോസ്റ്റ്മോർട്ടം നടത്താനും കൂടെ നിന്നു. പിന്നെയാ ശരീരം കുളിപ്പിച്ച് വൃത്തിയാക്കുന്നതിലും പങ്കുചേർന്നു. ഇതൊക്കെ ആലോചിക്കുമ്പോൾ എനിക്ക് തന്നെ അത്ഭുതം. പടച്ച തമ്പുരാൻ ആ സമയത്ത് അതിനു കരുത്ത് തന്നതാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഒാരോ ദിവസം കഴിയുന്തോറും മൃതശരീരങ്ങൾ കൂടുതൽ അഴുകാനും രൂക്ഷ ഗന്ധം വമിപ്പിക്കാനും തുടങ്ങിയിരുന്നു.
പാറയിലോ മരത്തിലോ ഇടിച്ച് തകർന്ന തലയും വികൃതമായ ഉടലുകളുമായി മൃതശരീരങ്ങൾ വരുമ്പോഴേക്കും ആശുപത്രിയിൽ കാത്തുനിൽക്കുന്ന ദുരന്തബാധിതരുടെ ബന്ധുക്കൾ അവരുടെ മൊബൈലിലെ ഫോട്ടോയുമായി ഓടിവരും. 'ഇതുമായി സാമ്യമുണ്ടോ ഒന്ന് നോക്കി പറയുമോ' എന്ന് ചോദിക്കും. ഓരോ ആംബുലൻസ് വരുമ്പോഴും പ്രതീക്ഷയൂറിയ നോട്ടവുമായുള്ള അവരുടെ നിൽപ്പ് മനസ്സിൽനിന്ന് മായുന്നേ ഇല്ല. സാമ്യം ഉണ്ടെന്നും ഇല്ലെന്നും പറയാൻ കഴിയാത്ത അവസ്ഥ.
ദുരന്തമുഖങ്ങളിലാണ് മനുഷ്യസ്നേഹം അതിന്റെ പൂർണതയിൽ കാണാനാവുക. പ്രളയകാല സംഭവങ്ങൾ അതിന് സാക്ഷ്യമാണ്. പോത്തുകല്ലിൽ നിന്നത് ഒരിക്കൽ കൂടി നേരിട്ടനുഭവിച്ചു. മുമ്പ് ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവരും അറിയാത്തവരുമായ ആളുകളാണെങ്കിൽ പോലും അവർക്ക് വേണ്ടുന്ന സഹായങ്ങളുമായി മലപ്പുറം ജില്ലയിലെ എല്ലാ ഭാഗത്തുനിന്നും വളണ്ടിയർമാർ നിലമ്പൂരിലേക്ക് സേവന മനസ്സുമായി ഓടിയെത്തിയിരുന്നു. ടീം വെൽഫയർ, ഐ.ആർ.ഡബ്ളിയു, സി.എച്ച് സെന്റർ, എസ് കെ.എസ്.എസ്.എഫ്, സാന്ത്വനം, വിഖായ, എസ്.ഡി.പി.ഐ, ട്രോമ കെയർ, സെൽഫ് ഡിഫൻസ്, ഡി.വൈ.എഫ്.ഐ, സേവാഭാരതി, വൈറ്റ് ഗാർഡ് തുടങ്ങി വ്യത്യസ്ത പേരുകളിൽ പല നിറങ്ങളിലുള്ള കുപ്പായമണിഞ്ഞാണ് അവർ വന്നിരുന്നതെങ്കിലും എല്ലാവർക്കും ഒരേ മനസ്സും ഒരേ ലക്ഷ്യവുമായിരുന്നു. ഒരു കൂട്ടം സ്ത്രീകളും പുരുഷൻമാരും നന്മയിൽ പരസ്പരം മത്സരിച്ച് മുന്നേറുന്ന കാഴ്ചയായിരുന്നു ഇവിടെ കാണാനുണ്ടായിരുന്നത്. വേണ്ട സമയത്ത് വേണ്ട നിർദേശങ്ങളും ഇടപെടലുകളുമായി ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും അറ്റൻഡർമാരും ഉൾപ്പെടെ എല്ലാ ആശുപത്രി ജീവനക്കാരും പിന്തുണയുമായി കൂടെയുണ്ടായിരുന്നു.
ഒരു കൂട്ടർ ആംബുലൻസിൽ ബോഡിയുമായി വരുമ്പോൾ മറ്റൊരു ടീം അതെടുത്ത് മോർച്ചറിയിലേക്ക് കൊണ്ടുപോകുന്നു. ഉടനെ അടുത്ത ടീം പോലീസിനൊപ്പം ഇൻക്വസ്റ്റിലേക്ക് പ്രവേശിക്കുന്നു. അവിടെ നിന്നുള്ള നിർദേശ പ്രകാരം മൃതശരീരങ്ങൾ ഫ്രീസറിലേക്കോ പോസ്റ്റ്മോർട്ടം ടേബിളിലേക്കോ മറ്റൊരു കൂട്ടർ എത്തിക്കുന്നു. ഈ വളണ്ടിയർമാർ ക്ഷീണിക്കാതിരിക്കാൻ വേണ്ട സമയത്ത് പ്രാതലും ഉച്ചഭക്ഷണവും ഇടവേളകളിലെ ചായയും പലഹാരവുമായി സി.എച്ച് സെന്ററിന്റെ സാന്ത്വന സ്പർശം. അവിടേക്ക് ആവശ്യമായ ചന്ദനത്തിരികളും എയർ ഫ്രഷ്നറുകളും മാസ്കും ഗ്ലൗസും എല്ലാം സ്പോൺസർ ചെയ്ത പേരറിയാത്ത, ആളറിയാത്ത ഒരുപാട് പേർ. അങ്ങനെ എല്ലാവരും അവരവരുടെ റോൾ ഭംഗിയായി കൈകാര്യം ചെയ്യുന്നു. അവരുടെ ആരുമല്ലാത്ത, എന്നാൽ അവരെപ്പോലെ തന്നെയുള്ള മനുഷ്യരായിരുന്ന മൃതശരീരങ്ങൾക്ക് മരണശേഷം കൊടുക്കാൻ കഴിയുന്ന എറ്റവും നല്ല ഭംഗിയും ആദരവും നൽകുന്നു. ശേഷം മേപ്പാടിയിലേക്ക് ആംബുലൻസിൽ യാത്രയാക്കുന്നു. ഈ ദുരന്തത്തിന്റെ സങ്കടക്കാഴ്ചകൾക്കൊപ്പം മനുഷ്യ സ്നേഹത്തിന്റെ ഈ നല്ല ഓർമകളും എന്നെന്നും മനസ്സിൽ അവശേഷിക്കുകതന്നെ ചെയ്യും. l