ചിന്താവിഷയം

പ്രപഞ്ചത്തിലെ ഓരോ സൃഷ്ടിക്കും പ്രപഞ്ചനാഥൻ കൃത്യമായ വ്യവസ്ഥയും കണക്കും നിശ്ചയിച്ചു കൊടുത്തിട്ടുണ്ട്. ആ നാഥന്റെ ഗ്രന്ഥത്തിനുമുണ്ട് കൃത്യമായ അടുക്കും ചിട്ടയും. സൂറത്തുകളും ആയത്തുകളും, എന്തിന് ഓരോ അക്ഷരം പോലും വെക്കേണ്ട സ്ഥാനങ്ങളിൽ തന്നെയാണ് വെച്ചിരിക്കുന്നത്. ഈ വ്യവസ്ഥയാണ് നിളാമുൽ ഖുർആൻ. അഥവാ, സൂറത്തുകളും ആയത്തുകളുമൊക്കെ തമ്മിൽ അഭേദ്യമായ ബന്ധവും ഇഴയടുപ്പവും നിലനിൽക്കുന്നു. അതിന്റെ ഈ മനോജ്ഞ ഘടനയെക്കുറിച്ച് മിക്ക ആളുകളും ബോധവാന്മാരല്ല. വിമർശകർ പല കാലങ്ങളിൽ ഉന്നയിച്ചുകൊണ്ടിരുന്ന ഒന്നാണ് വിശുദ്ധ ഖുർആനിൽ യാതൊരു അടുക്കും ചിട്ടയുമില്ല എന്നത്. ഓറിയന്റലിസ്റ്റുകളുടെയും ഒരു മുഖ്യ ആരോപണമായിരുന്നു ഇത്. നവ ഭൗതികവാദികളും സെക്കുലറിസ്റ്റുകളും റാഷനലിസ്റ്റുകളുമെല്ലാം ഇത് ഏറ്റുപാടുന്നതായും കാണാം. വിശുദ്ധ ഖുർആനെ ഉപരിപ്ലവമായി വായിക്കുമ്പോഴുള്ള പ്രശ്നമാണിത്. ഖുർആൻ ആഴത്തിൽ പഠിക്കുന്ന ഏതൊരാളും അതിലെ അത്ഭുതകരമായ ക്രമം കാണാതെ പോകില്ല.

ഖുർആന്റെ നിളാമുമായി ബന്ധപ്പെട്ട് ചില പൂർവകാല മുഫസ്സിറുകൾ ആഴത്തിലുള്ള പഠനങ്ങൾ നടത്തിയിട്ടുണ്ട്. 19-ാം നൂറ്റാണ്ടിൽ ജീവിച്ച ഇന്ത്യൻ പണ്ഡിതനായ ഉസ്താദ് ഹമീദുദ്ദീൻ ഫറാഹി(റ)യാണ് അവരിലൊരാൾ. ഒരു ഖുർആൻ പഠിതാവിന് ഫറാഹി(റ)യെ വായിക്കാതിരിക്കാൻ കഴിയില്ല; വിശുദ്ധ ഖുർആനിന്റെ നിളാമിനെക്കുറിച്ച് പഠിക്കാൻ 30 വർഷക്കാലം ചെലവഴിച്ച പണ്ഡിത വ്യക്തിത്വമാണ്. അറബിയിലും ഇംഗ്ലീഷിലും പേർഷ്യനിലും അഗാധ പാണ്ഡ്യത്യമുണ്ടായിരുന്നു.

അദ്ദേഹം പഠിച്ചുകൊണ്ടിരുന്ന യൂനിവേഴ്സിറ്റിയിൽ നിരവധി ഓറിയന്റലിസ്റ്റുകളുണ്ടായിരുന്നു. അവർ ഖുർആനെ വിമർശിക്കുക പതിവായിരുന്നു. അവർ പ്രധാനമായും ഉന്നയിക്കുക, വിശുദ്ധ ഖുർആനിലെ വിഷയങ്ങൾ തമ്മിൽ യാതൊരു ബന്ധവുമില്ല, അതിൽ ക്രമവും ചിട്ടയുമില്ല എന്നൊക്കെയായിരിക്കും. ഈ വിമർശനം അദ്ദേഹത്തെ അസ്വസ്ഥപ്പെടുത്തി. അങ്ങനെയാണ് ഈ വിഷയം പഠിക്കാനായി മൂന്ന് പതിറ്റാണ്ട് ചെലവിട്ടത്. ഇതിനിടയിൽ വിശുദ്ധ ഖുർആൻ പഠനത്തിന്റെ ഭാഗമായി ഹീബ്രു ഭാഷയും അദ്ദേഹം സ്വായത്തമാക്കുകയുണ്ടായി.

ആദ്യമായി അദ്ദേഹം സൂറഃ അൽ ബഖറയുടെ നിളാമാണ് പഠിച്ചത്. അൽ ഖസ്വസ്വ് തുടങ്ങി പത്തോളം സൂറകൾ അദ്ദേഹം വളരെ ആഴത്തിൽ മനസ്സിലാക്കി മനോഹരമായി വിവരിച്ചു. അദ്ദേഹം സമർഥിക്കുന്ന കാര്യമിതാണ്: " നിളാം എന്നതിലൂടെ നാം ഉദ്ദേശിക്കുന്നത് ഒരു സൂറത്ത് പൂര്‍ണമായും ഒരു യൂനിറ്റ്/ഏകകം ആവുക എന്നതാണ്. മാത്രമല്ല, അത് മുമ്പോ ശേഷമോ ഉള്ള ഏതെങ്കിലും സൂറത്തുമായി ബന്ധമുള്ളതാവുകയും ചെയ്യുന്നു. ചില സൂക്തങ്ങള്‍ ഇടവാചകങ്ങള്‍ ആവുന്നതുപോലെ സൂറത്തുകളും അപ്രകാരമാവും. ഈ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ഖുര്‍ആന്‍ ആദ്യന്തം പരസ്പര ബന്ധിതവും ക്രമപ്രവൃദ്ധവുമായ ഒറ്റ വാക്യം പോലെയാണെന്നു കാണാം."

ഇമാം ഇബ്നുൽ ഖയ്യിം (റ) പറയുന്നു: " മികച്ച ഘടനയില്‍ പരസ്പര ബന്ധിതമായി നെയ്‌തെടുത്തതാണ് ഏറ്റവും മികച്ച വചനം. ഖുര്‍ആനിലെ മുഴുവന്‍ സൂക്തങ്ങളും അപ്രകാരമാണ്. അതിനാല്‍, അത് തിരിച്ചറിയാന്‍ ശ്രമിക്കണം" (കിതാബുല്‍ ഫവാഇദ്). ഡോ. ഇനായത്തുല്ല സുബ്ഹാനി കുറിക്കുന്നു: " വാചകത്തിന്റെ ശരിയായ വിവക്ഷയിലേക്ക് അത് വഴികാണിക്കുന്നു. അത് പരിഗണിക്കാതിരിക്കുമ്പോള്‍ ലക്ഷ്യത്തിലെത്താതെ ഇടറിവീഴുന്നു. മാത്രമല്ല, നിരവധി സാധ്യതകള്‍ മുന്നിലുണ്ടാകുമ്പോള്‍ ശരിയായത് തെരഞ്ഞെടുക്കാനുള്ള ചൂണ്ടുപലകയാണ് നിളാം."

ഇമാം ഫറാഹി (റ) വിശുദ്ധ ഖുർആനിലെ മുഴുവൻ സൂറകളുടെയും നിളാം പഠനവിധേയമാക്കിത്തീരുന്നതിനു മുമ്പ് അല്ലാഹുവിലേക്ക് യാത്രയായി. പിന്നീട് ഈ വിഷയത്തിൽ ശ്രദ്ധേയമായ പഠനം നടത്തിയത് അദ്ദേഹത്തിന്റെ പ്രമുഖ ശിഷ്യനും ഖുർആൻ പണ്ഡിതനുമായ മൗലാനാ അമീൻ അഹ്സൻ ഇസ്്ലാഹിയാണ്. അദ്ദേഹത്തിന്റെ തദബ്ബുറെ ഖുർആൻ വളരെ പ്രശസ്തമാണ്. ഒരു ഖുർആൻ പഠിതാവിനെ സംബന്ധിച്ചേടത്തോളം വളരെ ഉപകാരപ്രദമായ ഗ്രന്ഥമാണത്. പിന്നീട് ഈ രംഗത്ത് പഠനം നടത്തിയത് രണ്ട് പാശ്ചാത്യ പണ്ഡിതന്മാരാണ് - പ്രഫ. നീൽ റോബിൻസണും ഡോ. റൈമൻഡ് ഫെറിനും. നീൽ റോബിൻസൺ വിശുദ്ധ ഖുർആന്റെ ഘടനയും സാഹിത്യവും ആഴത്തിൽ പഠിച്ചിട്ടുണ്ട്. Discovering the Qur'an: A Contemporary Approach to a Veiled Text എന്ന മനോഹരമായ ഒരു ഗ്രന്ഥം രചിക്കുകയും ചെയ്തു. വിശുദ്ധ ഖുർആന്റെ ഘടനയും സാഹിത്യവും പഠിക്കാനെത്തുന്നവർക്ക് നല്ലൊരു റഫറൻസായി അത് നിലകൊള്ളുന്നു.

വിശുദ്ധ ഖുർആന്റെ നിളാം പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ്, ഈ വിഷയത്തിൽ അഗ്രഗണ്യനായ മൗലാനാ അമീൻ അഹ്സൻ ഇസ്‌ലാഹിയെക്കുറിച്ച് അദ്ദേഹം കേൾക്കുന്നത്. ഉടനെ തന്നെ അദ്ദേഹം ഇംഗ്ലണ്ടിൽനിന്ന് പാകിസ്താനിലേക്ക് പുറപ്പെടുകയാണ്. ശേഷമുള്ള മൂന്ന് വർഷക്കാലം വിശുദ്ധ ഖുർആന്റെ നള്മ് ആഴത്തിൽ പഠിക്കുകയും ഉർദു ഭാഷയിൽ പാണ്ഡിത്യം നേടുകയും ചെയ്തു. വിശുദ്ധ ഖുർആനിന്റെ അനുയായികളെന്ന് വാദിക്കുന്ന നമ്മൾ നമ്മോട് തന്നെ ആത്മാർഥമായി ചോദിക്കേണ്ട ഒരു ചോദ്യമുണ്ട്: ഇത്ര ഗൗരവത്തിൽ ഖുർആനിലെ ഏതെങ്കിലും ഒരു സൂറയെ നാം പഠന വിധേയമാക്കിയിട്ടുണ്ടോ? നീൽ റോബിൻസൺ അവസാനം ഇസ്ലാം സ്വീകരിക്കുകയാണ്. അല്ലെങ്കിലും വിശുദ്ധ ഖുർആന്റെ ആഴത്തിലേക്കിറങ്ങുന്ന ഏതൊരാളുടെ മനസ്സും ഖുർആൻ കീഴടക്കിയിരിക്കും എന്നത് ഒരു യാഥാർഥ്യമാണ്.

ഡോ. റൈമൻഡ് ഫെറിന്റെ ഗവേഷണം അറബി ഭാഷയെക്കുറിച്ചായിരുന്നു. അതായത്, ക്ലാസ്സിക്കൽ അറബി സാഹിത്യത്തെക്കുറിച്ച്. ജാഹിലിയ്യ അറബി കവിതകളായിരുന്നു അദ്ദേഹത്തിന്റെ പി.എച്ച്.ഡി തിസീസ്. അങ്ങനെയാണ് ഖുർആൻ അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുന്നത്. ഖുർആനെയും അക്കാലത്തെ ഒരു സാഹിത്യകൃതി മാത്രമായാണ് അദ്ദേഹം കണ്ടത്. അങ്ങനെ പഠിച്ചുനോക്കുമ്പോൾ അദ്ദേഹം അവസാനം എത്തിച്ചേർന്ന നിഗമനം, ഖുർആൻ ഒരിക്കലും ഒരു മനുഷ്യ കൃതിയല്ല എന്നതാണ്. Structure and Qur'anic Interpretation എന്ന ശീർഷകത്തിൽ മനോഹരമായൊരു ഗ്രന്ഥം രചിക്കുകയും ചെയ്തു. അദ്ദേഹവും ഇസ്ലാം സ്വീകരിക്കുകയായിരുന്നു. l