കവര്‍സ്‌റ്റോറി

പശ്ചിമ ഘട്ടം ഒരിക്കൽ കൂടി ചർച്ചക്ക് വിധേയമാകുന്നു. ലോക പൈതൃക പട്ടികയിലുള്ള ഈ ജലഗോപുരം ആറ് സംസ്ഥാനങ്ങളിലെ കോടിക്കണക്കിന് മനുഷ്യരുടെ ജീവിതവുമായി നേരിട്ടും അല്ലാതെയും ഇഴ ചേർന്ന് നിൽക്കുന്നു. ആ മലയടിവാരത്തും അതിൽ നിന്ന് ഉദ്ഭവിക്കുന്ന അരുവികൾക്കും പുഴകൾക്കും ഇടയിലാണ് നമ്മുടെ ജീവിതം ഇത്ര ഹരിതാഭമായി തുടരുന്നത്.

പുരോഗതി ആഗ്രഹിക്കാത്ത, വികസനം കൊതിക്കാത്ത ഒരു ജനസമൂഹവും ലോകത്തില്ല. ഓരോ നാടും അവർക്കാവുന്ന തരത്തിൽ മുന്നോട്ട് കുതിക്കുന്നു. ആ പ്രയാണത്തിൽ ചിലർ വേഗത്തിൽ മുന്നേറുന്നു. ചിലർ കിതക്കുന്നു! ഈ കിതച്ചവരുടെ കൂട്ടത്തിലാവുന്നുവോ നമ്മൾ പശ്ചിമ ഘട്ട വാസികൾ? വികസനവും പ്രകൃതിയും രണ്ട് ധ്രുവങ്ങളിലായി സഞ്ചരിക്കുന്ന ഗതികേടിലാണ് നാമിന്ന്.

നമുക്ക് വയനാട്ടിലേക്ക് വരാം. ഡക്കാൻ പീഠഭൂമിയുടെ തെക്കുപടിഞ്ഞാറൻ അതിരിൽ എഴുന്നുനിൽക്കുന്ന അനേകം മലകളുണ്ട്. ബ്രഹ്മഗിരിയും ബാണാസുരയും ചെമ്പ്രയും വെള്ളരി മലയും തലയെടുപ്പോടെ ഉയർന്നു നിൽക്കുന്നു. അവയ്ക്കിടയിൽ അനേകം ചെറു മലകളും താഴ്വാരങ്ങളും! ഈ താഴ്വാരങ്ങളിലെല്ലാം നമുക്ക് അനേകം ചോലകൾ കാണാം. ആ ചോലകളുടെ തീരത്താണ് വയനാട്ടിലെ ഒട്ടുമിക്ക ഗ്രാമങ്ങളും സ്ഥിതി ചെയ്യുന്നത്.

എന്തുകൊണ്ട് പുഴയോരത്ത്?
ചൂരൽമലയിലും മുണ്ടക്കൈയിലും ദുരന്തമുണ്ടായ സ്ഥലങ്ങൾ സന്ദർശിച്ച സമയത്താണ്, എങ്ങനെയാണ് ജനങ്ങൾ പുഴതീരത്ത് എത്തിച്ചേർന്നത് എന്നതിനെ കുറിച്ച് വീണ്ടും ചിന്തിച്ചത്. മൂന്നാം മൈസൂർ യുദ്ധാനന്തരം മലബാർ പൂർണമായും ബ്രിട്ടീഷ് അധീനത്തിലായി. തുടർന്ന് വയനാട്ടിൽ അനേകം എസ്റ്റേറ്റുകൾ നിലവിൽ വന്നു. ചോലക്കാടുകളും പുൽമേടുകളും മഴക്കാടുകളും പതുക്കെ പല തരത്തിലുള്ള എസ്റ്റേറ്റുകളായി. ചെങ്കുത്തായ ചരിവുകളും കൊടുമുടികളും റിസർവ് വനങ്ങളും ഒഴികെ എല്ലാം ഏലം, കാപ്പി, തേയില തോട്ടങ്ങളായി. നല്ല മണ്ണെല്ലാം ഫലത്തിൽ വിശാലമായ എസ്റ്റേറ്റ് ഉടമകളുടെ അധീനത്തിൽ വന്നു. പല ദേശങ്ങളിൽ നിന്നായി ജോലിക്കായി എത്തിയ തൊഴിലാളികൾ എസ്റ്റേറ്റുകളിലെ ലയങ്ങളിൽ ജീവിച്ചു. സമീപകാലത്ത് ഇതര ജോലികളിലേക്ക് വഴിമാറിപ്പോയ യുവതലമുറ കൂടുതൽ മെച്ചപ്പെട്ട തൊഴിലുകളിൽ ഏർപ്പെട്ടു. പലരും സാമ്പത്തികമായ അഭിവൃദ്ധി കൈവരിച്ചു. സ്വന്തമായ വീടുപണിയാൻ ആഗ്രഹിച്ചവർക്ക് പക്ഷേ, നല്ല ഭൂമി കിട്ടിയില്ല. കിട്ടിയ ഭൂമിയോ എസ്റ്റേറ്റുകളുടെ താഴ്വാരത്തെ ചെറു പുഴകളോട് ചേർന്നുനിൽക്കുന്ന ഇടങ്ങളായിരുന്നു, വിശേഷിച്ച് സൗത്ത് വയനാട്ടിൽ.

മേപ്പാടി അങ്ങാടിയിൽനിന്ന് മുണ്ടക്കൈ വരെ യാത്ര ചെയ്യുമ്പോൾ കാണുന്ന മിക്ക കവലകളും ഒരു പുഴയരികിലായി നിൽക്കുന്നതു കാണാം. മുറിച്ചു വിൽക്കാനും വാങ്ങാനും പറ്റുന്ന ആകെയുള്ള ഇത്തിരി മണ്ണിൽ അടുത്തടുത്ത വീടുകളിലായി അങ്ങനെ മനുഷ്യർ തളയ്ക്കപ്പെട്ടു.

ക്യാമൽ ഹംപുകൾ
വൻ മലകൾക്കിടയിൽ ഒട്ടകത്തിന്റെ മുതുകു പോലെ അനേകം മലകൾ സൗത്ത് വയനാട്ടിലെ മേപ്പാടി മുതൽ നിലമ്പൂർ താഴ്‌വാരം വരെ കാണാം. ജലസമൃദ്ധമായ ഈ മലകൾ അതീവ പരിസ്ഥിതി ലോല പ്രദേശങ്ങളാണെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയതാണ്. നിർഭാഗ്യത്തിന് കൃത്യമായ ഒരു രൂപരേഖ ഇതുവരെ പൊതുജനങ്ങളുടെ കൈയിലോ ഗ്രാമപഞ്ചായത്ത്/റവന്യൂ അധികൃതരുടെ കൈയിലോ ഇല്ല.

നാട് മുഴുവൻ പരിസ്ഥിതി ലോല പ്രദേശമാണെന്ന ഒരു പൊതു ധാരണയേ ഫലത്തിൽ ജനങ്ങൾക്കുള്ളൂ. അതിനാൽ തന്നെ വിഷയത്തെ ഗൗരവമായി സമീപിക്കാൻ ആർക്കും സാധിക്കാതെ വരുന്നു. മറിച്ച്, ഓരോ വാർഡിലെയും കുന്നുകളെയും ചോലകളെയും പ്രത്യേകം പഠിച്ച് വിശദമായ ഒരു രേഖാചിത്രം ഇറക്കിയിരുന്നുവെങ്കിൽ ജനങ്ങൾക്ക് ആവശ്യമായ മുൻകരുതൽ എടുക്കാമായിരുന്നു. ഉദാഹരണത്തിന്, ഇത്ര മില്ലിമീറ്റർ മഴ തുടർച്ചയായി പെയ്യുകയാണെങ്കിൽ അത് അപകടകരമാവുമെന്നും അത്തരം സന്ദർഭങ്ങളിൽ മലമുകളിലെ മണ്ണ് പൊട്ടി താഴേക്ക് കുത്തിയൊഴുകാൻ സാധ്യതയുണ്ടെന്നും ജനങ്ങൾ സുരക്ഷിത സ്ഥാനത്തേക്ക് നീങ്ങണമെന്നും നിർദേശം നൽകാൻ കഴിയുമായിരുന്നു.

എന്തുകൊണ്ട് പറ്റുന്നില്ല?
മനുഷ്യർ വസിക്കുന്ന ഓരോ ഇടവും കൃത്യമായി പഠിക്കാൻ ഇന്ന് ശാസ്ത്രീയ സംവിധാനങ്ങളുണ്ട്. സാറ്റലൈറ്റ് മുതൽ റഡാർ വരെയുള്ള ഒട്ടനവധി നൂതന മാർഗങ്ങൾ നിലവിലുള്ള ഇക്കാലത്ത് പക്ഷേ, ദുരന്തം വന്നുചേരുമ്പോൾ മാത്രമേ നമ്മൾ അത് ഉപയോഗപ്പെടുത്താറുള്ളൂ.

അനേകം പഠനങ്ങൾ പശ്ചിമ ഘട്ടവുമായി ബന്ധപ്പെട്ട് നടന്നിട്ടുണ്ട്. 1986-ലെ പശ്ചിമ ഘട്ട സംരക്ഷണ നിയമം, ഗാഡ്ഗിൽ കസ്തൂരി രംഗൻ റിപ്പോർട്ടുകൾ, ഹരിത ട്രൈബൂണലിന്റെ പരാമർശങ്ങൾ തുടങ്ങി നിരവധി ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുടെ പഠനങ്ങൾ നമുക്ക് ചുറ്റും ചിതറിക്കിടക്കുന്നു. കോടിക്കണക്കിന് രൂപ ചെലവഴിച്ച് പഠിച്ചെഴുതിയ പ്രബന്ധങ്ങൾ കടലാസുകളിൽ വിശ്രമിക്കുന്നു എന്നല്ലാതെ ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിയിൽ ഇതുവരെ അവയൊന്നിനെയും പ്രയോജനപ്പെടുത്താനായിട്ടില്ല. ഇപ്പോഴും ദുരന്ത മുഖത്ത് ഗൂഗ്ൾ മാപ്പ് ഉപയോഗിക്കുന്നത് കാണാം! മുണ്ടക്കൈ തോടും കള്ളാടിപ്പുഴയും ഗൂഗ്ളിന് ഇപ്പോഴും ഇരുവഴിഞ്ഞിപ്പുഴയാണ്. ആ തെറ്റ് തിരച്ചിൽ നടത്തുന്നവർക്ക് വരെ പ്രയാസങ്ങൾ സൃഷ്ടിക്കുകയുണ്ടായി.

കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രയാസങ്ങൾ നേരിട്ട് അനുഭവിക്കുന്ന ജനതയാണ് കേരളത്തിലുള്ളത്. കാരണം, പശ്ചിമ ഘട്ടത്തിന്റെ ചരിവിലെ ഇത്തിരിക്കുഞ്ഞൻ തുരുത്താണിത്. അതിനരികിൽ അറബിക്കടലും. കള്ളക്കടൽ പ്രതിഭാസങ്ങളും കടൽ ക്ഷോഭവും സൈക്ലോണുകളും ഒരു ഭാഗത്ത് കൂടുന്നു. നമ്മുടെ തീരം ദുർബലമാവുന്നു.

കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് മലയോര മേഖലയിൽ മഴയും പേമാരിയും കനക്കുന്നു. മണ്ണൊലിപ്പ് മുതൽ മലയിടിച്ചിൽ വരെ കൂടിവരുന്നു. അതിനെ തുടർന്ന് പ്രളയവും വെള്ളക്കെട്ടും കൂടുന്നു. ഓരോ വർഷം പിന്നിടുമ്പോഴും ഈ ദുരന്തത്തിന്റെ വ്യാപ്തി കൂടിവരികയാണ്. അതിനൊപ്പം ഇതിനെയൊന്നും പരിഗണിക്കാതെയുള്ള വികസന പ്രക്രിയകൾ കൂടുന്നു.

ഭൂമി കൂടുതൽ തുണ്ടം തുണ്ടമായി മുറിക്കപ്പെടുന്നു. തോടുകളും പുഴകളും കൈയേറി സ്വന്തമാക്കുന്നു. സ്വാഭാവിക നീരൊഴുക്ക് പലയിടത്തും തടസ്സപ്പെടുന്നു. കാട് കത്തിക്കുന്നു. മണ്ണിനെ ചേർത്തുനിർത്താനുള്ള അതിന്റെ സ്വാഭാവിക ശേഷി ഇല്ലാതാവുന്നു. വനനശീകരണത്തിന്റെ തോത് വർധിച്ചുവരുന്നതും വനം തന്നെ പലർക്കായി തീരെഴുതുന്നതും കൂടിവരുന്നു. മറുഭാഗത്ത് പരിസ്ഥിതി ലോലപ്രദേശത്തു പോലും മൈനിംഗിന് അനുമതി നൽകുന്നു. ഇതൊക്കെ പരിഗണിച്ചു വേണം നമ്മുടെ പശ്ചിമ ഘട്ടത്തിലെ മലഞ്ചരിവിലെ ജനജീവിതത്തെ കുറിച്ച് പഠിക്കാൻ.

ഓരോ മലഞ്ചരിവിനെയും പ്രത്യേകം സോണുകളായി കണക്കാക്കാൻ ഇപ്പോഴും നമുക്കായിട്ടില്ല. നമുക്കിപ്പോഴും അവയെല്ലാം ജില്ലകളും താലൂക്കുകളുമാണ്. സൂക്ഷ്മ പഠനവിലയിരുത്തലിന് നാം ശ്രമിക്കേണ്ടിയിരിക്കുന്നു.

ഓരോ പഞ്ചായത്തിലെയും ജൈവ വൈവിധ്യ രജിസ്ടർ നിർമിക്കാൻ നമുക്കായിട്ടുണ്ട്. പൊതു ജനങ്ങളുടെ സഹകരണത്തിലാണ് അത് നിർമിച്ചിരിക്കുന്നത്. അതേ രീതിയിൽ ഒരു ഭൂപഠനം വാർഡ് പഞ്ചായത്ത് തലത്തിൽ നടത്തേണ്ടതുണ്ട്. അപകടകരമായ കുന്നിൻ ചരിവുകളെയും നീർ ചോലകളെയും വെള്ളം കയറിവരാൻ സാധ്യതയുള്ള ഇടങ്ങളെയുമെല്ലാം അവിടത്തെ ആളുകളുമായി സംസാരിച്ചും വിദഗ്ധരുടെ സഹായത്തോടെയും രേഖപ്പെടുത്താൻ കഴിഞ്ഞാൽ ഭാവിയിൽ അപകട ലഘൂകരണത്തിന് അത് വഴിയൊരുക്കും. വിവിധ ഏജൻസികൾ നിരവധി പഠനങ്ങൾ ഇത്തരത്തിൽ നടത്തിയിട്ടുണ്ട്. അത്തരത്തിലുള്ള പല ഭൂപടങ്ങളും പഠന റിപ്പോർട്ടുകളും വയനാട് ദുരന്തത്തെ തുടർന്ന് പുറത്തു വന്നിരുന്നു. ഏറ്റവും താഴെ തട്ടിലേക്ക് അതൊന്നും എത്തുകയുണ്ടായിയില്ല.

ലോകത്ത് നടക്കുന്ന ഒട്ടുമിക്ക കാര്യങ്ങളെ കുറിച്ചും ധാരണയുള്ള മലയാളിക്ക് നമ്മുടെ പുഴയൊഴുകുന്നത് എവിടേക്കാണെന്നോ അതിന്റെ ഉദ്ഭവം എവിടെയെന്നോ അറിയില്ല. അവർക്ക് നമ്മുടെ നാട്ടിലെ മലയുടെ ചരിവ് എത്ര ഡിഗ്രിയാണ്, പാറയുടെ മുകളിൽ എത്ര കനത്തിൽ മണ്ണുണ്ട്, എത്ര മില്ലിലിറ്റർ മഴ പെയ്യുന്നുണ്ട് എന്നിങ്ങനെയുള്ള കനത്ത ചോദ്യങ്ങൾക്ക് ഉത്തരമുണ്ടാവില്ലെന്ന് ഉറപ്പ്.

ഇത്തരം കാര്യങ്ങൾ മുഴുവൻ മനുഷ്യരും അറിഞ്ഞിരിക്കുക എന്നത് ഒട്ടും നിർബന്ധമുള്ള കാര്യമല്ല. പക്ഷേ, ഒരു ഗ്രാമപഞ്ചായത്തിലെ ഒരു ടീമിനെങ്കിലും അതെക്കുറിച്ച് അറിവുണ്ട് എന്നു നമുക്ക് തീർച്ചപ്പെടുത്താൻ കഴിയണം. എന്നാലേ കേന്ദ്ര/സംസ്ഥാന ഏജൻസികളുടെ മുന്നറിയിപ്പ് വരുന്നതിന് മുന്നെയെങ്കിലും മിനിമം കരുതൽ ജനത്തിനെടുക്കാനാവൂ.

മുണ്ടക്കൈ, ചൂരൽമല ദേശത്ത് കനത്ത മഴ പെയ്തിറങ്ങിയത് നാട്ടുകാർ അറിയുന്നുണ്ടായിരുന്നു. പക്ഷേ, അത് അപകടകരമായ അവസ്ഥയിലേക്ക് പോവുന്നു എന്ന് തിരിച്ചറിയാൻ ഒരു സംവിധാനവും ഉണ്ടായിരുന്നില്ല. അത്തരത്തിലുള്ള സംവിധാനങ്ങളിലേക്കാണ് നാം ഇനി ശ്രദ്ധ ഊന്നേണ്ടത്. ഒപ്പം പശ്ചിമ ഘട്ടത്തെ സംരക്ഷിക്കാനുള്ള ബൃഹത്തായ പദ്ധതികൾക്കും. പശ്ചിമ ഘട്ടത്തിലെ നിസ്സഹായരായ കർഷകർക്കും സാധാരണക്കാർക്കുമൊപ്പം നമ്മൾ ചേർന്നു നിൽക്കേണ്ടിയിരിക്കുന്നു. l