വിശകലനം

റഷ്യയുടെയോ ചൈനയുടെയോ പൂർണ സായുധ നയതന്ത്ര പിന്തുണയോടെ, ഇറാനോ തുർക്കിയയോ സിറിയയോ ലബനാനോ മൂന്നു മാസം രാവും പകലും തുടർച്ചയായി തെൽ അവീവിൽ ബോംബു വർഷം നടത്താനും നൂറായിരങ്ങളെ നിഷ്കരുണം കൊന്നുതള്ളാനും, അതിലുമെത്രയോ പേരെ അംഗഭംഗരും ഭവനരഹിതരുമാക്കിത്തീർക്കാനും, തെൽ അവീവ് നഗരത്തെ ഇന്നത്തെ ഗസ്സയെപ്പോലെ വാസയോഗ്യമല്ലാത്ത കെട്ടിടാവശിഷ്ടങ്ങളുടെ കൂമ്പാരമാക്കിത്തീർക്കാനും തുനിഞ്ഞിറങ്ങുന്ന രംഗമൊന്ന് സങ്കൽപിച്ച് നോക്കൂ!
ഇറാനും അതിന്റെ സഖ്യ കക്ഷികളും ചേർന്ന് തെൽ അവീവിലെ ആശുപത്രികളും ലൈബ്രറികളും സിനഗോഗുകളും സ്കൂളുകളും യൂനിവേഴ്സിറ്റികളും, എന്നു വേണ്ട പരമാവധി ആൾനാശം ഉറപ്പാക്കാൻ നാലാളു കൂടുന്ന ഓരോ പ്രദേശവും തെരഞ്ഞുപിടിച്ച് നശിപ്പിക്കുന്നു. എന്നിട്ട് ഞങ്ങൾ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെയാണ് ലക്ഷ്യമിടുന്നതെന്ന ന്യായീകരണവും ലോകത്തോട് വിളിച്ചുപറയുന്നു. അൽപ നേരം നിങ്ങൾ ഇതിനെക്കുറിച്ചൊന്ന് ആലോചിച്ച് നോക്കൂ. അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂനിയനും കാനഡയും, പ്രത്യേകിച്ച് ജർമനിയും ആസ്ത്രേലിയയും ഈ സാങ്കൽപിക രംഗം തുടങ്ങി ഇരുപത്തിനാല് മണിക്കൂറിനുള്ളിൽ എന്തൊക്കെ ചെയ്തുകഴിഞ്ഞിരിക്കുമെന്ന് സ്വയം ഒന്ന് ചോദിച്ചു നോക്കൂ…
ഇനി യാഥാർഥ്യത്തിലേക്ക് തിരിച്ചുവരാം. ഒക്ടോബർ ഏഴു മുതൽ-അതിനുമെത്രയോ പതിറ്റാണ്ടുകൾ മുമ്പു മുതലും- ഫലസ്ത്വീനികളോട് ചെയ്തുകൂട്ടിയതിനൊക്കെ തെൽ അവീവിന്റെ പാശ്ചാത്യ സഖ്യകക്ഷികൾ സാക്ഷികളായിട്ടുണ്ടെന്നു മാത്രമല്ല, പൂർണ നയതന്ത്ര പിന്തുണയും സൈനിക സഹായങ്ങളും മാരക ബോംബുകളും യുദ്ധസാമഗ്രികളും നൽകി സഹായിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ ഫലസ്ത്വീനികളെ വംശഹത്യ ചെയ്യുന്നതിന് ആശയപരമായ ന്യായീകരണങ്ങൾ കണ്ടെത്തുന്നു അമേരിക്കൻ മാധ്യമ ഭീമൻമാർ.

ഹാമിദ് ദബാശി

മേൽ പറഞ്ഞ ആ സാങ്കൽപിക സാഹചര്യത്തെ നിലവിലെ ലോകക്രമം ഒരു ദിവസം പോലും വെച്ചുപൊറുപ്പിക്കില്ല. പക്ഷേ, ഇന്ന് യൂറോപ്പിന്റെയും അമേരിക്കയുടെയും ആസ്ത്രേലിയയുടെയുമൊക്കെ സൈനിക പിന്തുണ പൂർണമായും ഇസ്രയേലിനൊപ്പമാണ്. ഇവിടെ ഫലസ്ത്വീനികളെപ്പോലുള്ള നിസ്സഹായരായ ജീവിതങ്ങൾ കണക്കിൽ പെടുന്നേ ഇല്ല!

ഇതൊരു രാഷ്ട്രീയ യാഥാർഥ്യം മാത്രമല്ല. 'പടിഞ്ഞാറ്' എന്ന് സ്വയം വിശേഷിപ്പിക്കുന്നവരുടെ ധാർമിക സങ്കൽപങ്ങളോടും പ്രാപഞ്ചിക ദർശനത്തോടും ഇത് ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. യൂറോപ്പിന്റെ ധാർമിക സങ്കൽപങ്ങൾക്ക് പുറത്തുള്ള ഞങ്ങളെപ്പോലെയുള്ളവർക്കൊന്നും അവരുടെ പ്രാപഞ്ചിക ദർശനത്തിൽ ഇടമില്ല തന്നെ. അറബികൾ, ഇറാനികൾ, മുസ്ലിംകൾ, അതല്ലെങ്കിൽ ഏഷ്യയിൽനിന്നോ ലാറ്റിനമേരിക്കയിൽനിന്നോ ഉള്ളവർ ഇവർക്കൊന്നും നിശ്ശബ്ദമാക്കപ്പെടേണ്ട 'അതിഭൗതിക ഉപദ്രവങ്ങൾ' എന്നതിൽ കവിഞ്ഞ് ജീവതത്ത്വശാസ്ത്രമായ ഒരസ്തിത്വവും പാശ്ചാത്യ തത്ത്വശാസ്ത്രം കൽപിച്ചു നൽകുന്നില്ല. ഇമ്മാനുവൽ കാന്റ് മുതൽ ഹെഗലിലൂടെ വന്ന് ഇമ്മാനുവൽ ലെവിനാസിലും സാൽവോ സിസക്കിലുമെത്തി നിൽക്കുന്ന ആ നീണ്ട നിരക്ക് ഞങ്ങൾ വിചിത്ര വസ്തുക്കളോ, ഓറിയന്റലിസ്റ്റുകൾക്ക് ഗൂഢാർഥം വ്യാഖ്യാനിക്കാൻ നൽകപ്പെട്ട വെറും വസ്തുക്കളോ മാത്രമാണ്. അതിനാൽ തന്നെയാണ് ആയിരങ്ങളെയും പതിനായിരങ്ങളെയും ഇസ്രയേലോ അമേരിക്കയോ കൊന്നൊടുക്കിയാലും അവർക്കതൊന്നുമല്ലാതെ പോകുന്നത്.

ഇപ്പറഞ്ഞതിൽ നിങ്ങൾക്ക് വല്ല സംശയവുമുണ്ടെങ്കിൽ, പ്രമുഖ യൂറോപ്യൻ ദാർശനികൻ യുർഗൻ ഹബർമാസും കൂട്ടരും ഫലസ്ത്വീൻ വംശഹത്യയെ പിന്തുണച്ച രീതി നോക്കുക. തൊണ്ണൂറ്റിനാലുകാരനായ ഹബർമാസിനെക്കുറിച്ച് ഒരു മനുഷ്യനെന്ന നിലക്ക് നാം എന്ത് മനസ്സിലാക്കണമെന്നതല്ല ഇവിടെ ചോദ്യം, മറിച്ച് ഒരു തത്ത്വചിന്തകൻ അല്ലെങ്കിൽ ഒരു സാമൂഹിക ശാസ്ത്രജ്ഞൻ എന്ന നിലക്ക് എന്ത് മനസ്സിലാക്കണമെന്നതാണ്. അയാളുടെ ചിന്തകളെ ഇനിയും നമ്മൾ കാര്യമാക്കേണ്ടതുണ്ടോ? ഇതുവരെ അവക്ക് വിലയുണ്ടായിരുന്നോ?
മറ്റൊരു പ്രധാന ജർമൻ ഫിലോസഫറെക്കുറിച്ചും ലോകം സമാന ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട്. മാർട്ടിൻ ഹൈഡഗറുടെ നാസി ബന്ധങ്ങളെക്കുറിച്ചായിരുന്നു അത്. ഹബർമാസിന്റെ സയണിസ ചായ്്വിനെപ്പറ്റിയും നമ്മൾ ഇത്തരം ചോദ്യങ്ങൾ ഉയർത്തേണ്ടിയിരിക്കുന്നു. ഫലസ്ത്വീനികൾക്ക് ഹബർമാസിന്റെ ചിന്താമണ്ഡലങ്ങളിൽ ഇടമില്ലെങ്കിൽ പിന്നെന്തിനാണ് അവരുടെ ചിന്തകളെ യൂറോപ്യൻ ഓഡിയൻസിനപ്പുറത്ത് മനുഷ്യത്വവുമായി നമ്മൾ ബന്ധിപ്പിച്ചു പഠിക്കുന്നത്?

ആസഫ് ബയാത്, ഇമ്മാനുവൽ ലെവിനാസ്, ഹെഗൽ, ഇമ്മാനുവൽ കാന്റ്, യുർഗൻ ഹബർമാസ്

പ്രമുഖ ഇറാനിയൻ ചിന്തകൻ ആസഫ് ബയാത് ഹബർമാസിനെഴുതിയ തുറന്ന കത്തിൽ ഫലസ്ത്വീൻ വിഷയ സംബന്ധമായി അവരുടെ ചിന്തകളിലെ പരസ്പര വിരുദ്ധതയെ തുറന്നുകാട്ടുന്നുണ്ട്. ഹബർമാസിന്റെ ഇത്തരം ചിന്തകൾ അദ്ദേഹം ആവാഹിച്ച സയണിസത്തിൽനിന്ന് വരുന്നതാണെന്ന് ഞാൻ കരുതുന്നു. സയണിസം ഫലസ്ത്വീനികളെ മനുഷ്യരായി പരിഗണിക്കുന്നില്ല. അതുകൊണ്ടാണല്ലോ അവരുടെ മന്ത്രി യോവ് ഗാലൻ ഫലസ്ത്വീനികളെ മനുഷ്യ മൃഗങ്ങൾ എന്ന് പച്ചയായി ആക്ഷേപിച്ചത്. ഫലസ്ത്വീനികളോടുള്ള ഈ അവഗണന ജർമൻ- യൂറോപ്യൻ ഫിലോസഫിയിൽ ആഴത്തിൽ വേരൂന്നിയിട്ടുള്ളതാണ്. ഹോളോകോസ്റ്റിന്റെ കുറ്റബോധം കാരണം ജർമനി ഇസ്രയേലിന് നൽകുന്ന അകമഴിഞ്ഞ പിന്തുണ ഒരു പൊതു ജ്ഞാനമായി മാറിയിട്ടുണ്ട്. പക്ഷേ, ദക്ഷിണാഫ്രിക്ക ലോക കോടതിയിൽ തെളിവു സഹിതം സമർപ്പിച്ച രേഖകളിൽ പറയും പോലെ, നാസിസവും സയണിസവും തമ്മിലുള്ള സാമ്യതകളും പൊരുത്തങ്ങളും പുറംലോകം പകൽ വെളിച്ചം പോലെ മനസ്സിലാക്കിക്കഴിഞ്ഞിട്ടുണ്ട്.

ഹബർമാസിന്റെ ആശയങ്ങൾ ജർമനിയുടെ സർക്കാർ നയങ്ങളോട് യോജിച്ചു വരുന്നതാണ്. 'ജർമൻ ഇടതരു'ടെ വംശീയത, ഇസ്ലാംഭീതി, അറബികളോടും മുസ്്ലിംകളോടുമുള്ള അന്യമതവിദ്വേഷപരമായ വെറുപ്പ്, ഇസ്രയേലിന്റെ കുടിയേറ്റ കോളനിവൽക്കരണത്തിന് നൽകിവരുന്ന ഹോൾസെയിൽ പിന്തുണ ഇതെല്ലാമാണ് അതിന്റെ ഉറവിടം.

ഈ യൂറോകേന്ദ്രീകൃതത്വം അവരുടെ ചിന്തയിലെ ജ്ഞാനശാസ്ത്രപരമായ പിഴവ് മാത്രമല്ല, ധാർമിക അപചയത്തിന്റെ സ്ഥിരം അടയാളം കൂടിയാണ്. യൂറോപ്യൻ ഫിലോസഫിയിലെയും അവരുടെ ഏറെ ആഘോഷിക്കപ്പെടുന്ന ചിന്തകരുടെയും വംശീയതയെ മുും ഒരുപാട് തവണ ഞാൻ ചൂണ്ടിക്കാണിച്ചതാണ്. ഈ ധാർമിക അപചയം കേവല രാഷ്ട്രീയമോ പ്രത്യയശാസ്ത്രപരമായ പിഴവോ അല്ല. അത് അവരുടെ ചിന്താ പ്രപഞ്ചത്തിന്റെ ഹൃദയ ഭാഗത്ത് എഴുതപ്പെട്ടതാണ്. അത് മാറ്റാനാവാത്തവിധം വംശീയമാ യി തുടരുകയും ചെയ്യുന്നു.
മഹാനായ മാർട്ടിനിക്കൻ കവി എയിം സീസർ യൂറോപ്യൻ കൊളോണിയൽ അതിക്രമങ്ങളെക്കുറിച്ച് നടത്തിയ പ്രശസ്തമായ പ്രസ്താവനയുടെ വിപുലീകരണം മാത്രമാണ് ഫലസ്ത്വീൻ. ഹബർമാസിന്റെ ഫലസ്ത്വീൻ വിഷയത്തിലെ അവഗണന നമീബിയയിലെ വംശഹത്യയിൽ തന്റെ മുൻഗാമികൾ എടുത്ത അതേ നിലപാട് തന്നെയാണ്. പഴഞ്ചൊല്ലിലെ ഒട്ടകപ്പക്ഷിയെപ്പോലെ യൂറോപ്യൻ വികലതയിൽ തലപൂഴ്ത്തിയിരിക്കുകയാണ് ജർമൻ ഫിലോസഫർമാർ; ലോകം ഇതൊന്നും തിരിച്ചറിയുന്നില്ലെന്ന പോലെ!

ആത്യന്തികമായി എന്റെ കാഴ്ചപ്പാടിൽ, പ്രാപഞ്ചികമെന്ന് തെറ്റിദ്ധരിക്കപ്പെട്ട തന്റെ തത്ത്വചിന്താ വംശാവലിയിലെ വംശീയതയിൽ കവിഞ്ഞ് ഹബർമാസ് ഒന്നും പറയുകയോ ചെയ്യുകയോ ചെയ്തിട്ടില്ല. ആ വ്യാജ പ്രാപഞ്ചികതയാൽ ദുരുപയോഗം ചെയ്യപ്പെട്ടിരിക്കുകയാണ് ഇപ്പോൾ ഈ ലോകം. വി.വൈ മുടിംബെ (കോംഗോ), വാൾട്ടർ മിഗ്നോളോ, എൻറിക് ഡസ്സൽ (അർജന്റീന), കോജിൻ കരത്താനി (ജപ്പാൻ) എന്നിവരെപ്പോലുള്ള ചിന്തകർക്ക് ഇന്ന് ആ പ്രാപഞ്ചികതയെ ആധികാരികമായി അഭിമുഖീകരിക്കാനുള്ള എല്ലാ അവകാശങ്ങളുമുണ്ട്. ഹബർമാസിന്റെ പ്രസ്താവനകളിലെ ധാർമിക പാപ്പരത്തം യൂറോപ്പും മറ്റുള്ളവരും തമ്മിലുള്ള കൊളോണിയൽ ബന്ധങ്ങളിലെ ഒരു മാറ്റത്തിന്റെ സൂചികയായാണ് ഞാൻ കാണുന്നത്. യൂറോപ്യൻ എത്‌നോ ഫിലോസഫിയുടെ പിടിയിൽനിന്ന് ലോകം മോചിതമായിരിക്കുന്നു. ഈ വിമോചനത്തിന് നമ്മൾ ഫലസ്ത്വീനികളോട് കടപ്പെട്ടിരിക്കുന്നു. അവരുടെ ദശകങ്ങൾ നീണ്ട ഐതിഹാസിക പോരാട്ടം വംശീയതയിൽ കെട്ടിപ്പൊക്കിയ 'പാശ്ചാത്യ നാഗരികത'യെ ഒടുക്കം തകർത്തെറിഞ്ഞിരിക്കുന്നു.l
വിവ: ആദിൽ സംനാസ് പാതാർ