2023 ഒക്ടോബര്‍ ഏഴിന് ഇസ്രായേല്‍ സൈന്യത്തിനെതിരെ ഫലസ്ത്വീനികള്‍ നടത്തിയ ആക്രമണത്തിന്റെ ശൈലിയും വ്യാപ്തിയും 'ഭൂരാഷ്ട്രതന്ത്രത്തിലെ വന്‍ വഴിത്തിരിവ്' എന്ന വിശേഷണത്തിന് അതിനെ അര്‍ഹമാക്കുന്നു. സൈനികമായും രാഷ്ട്രീയമായും അതൊരു വഴിത്തിരിവ് തന്നെയാകും. അതിന്റെ സൈനിക വശമാണ് ഇപ്പോള്‍ വെളിച്ചത്ത് വന്നിരിക്കുന്നത്. വളരെ പരിമിതമായ ആയുധങ്ങളും കോപ്പുകളുമുള്ള പോരാളികള്‍ക്ക് മുന്നില്‍ ഇസ്രായേല്‍ സൈന്യം കുറച്ച് സമയത്തേക്ക് നിര്‍വീര്യമായിപ്പോവുകയായിരുന്നു. അപ്പോള്‍ ഇറാനെയോ ഹിസ്ബുല്ലയെയോ നേരിടുമ്പോള്‍ എന്തായിരിക്കും ഈ സൈന്യത്തിന്റെ ഗതി?
മൂന്ന് ചോദ്യങ്ങളാണ് സൈനിക വിദഗ്ധര്‍ ചോദിക്കുന്നത്: പശ്ചിമേഷ്യയിലെ മുഴുവന്‍ രഹസ്യാന്വേഷണ വിഭാഗങ്ങളെയും കബളിപ്പിക്കാന്‍ എങ്ങനെ ഫലസ്ത്വീനികള്‍ക്ക് കഴിഞ്ഞു? ഇത്രയധികം റോക്കറ്റുകള്‍ എങ്ങനെ അവര്‍ക്ക് നിര്‍മിക്കാനായി? ഫലസ്ത്വീനി റോക്കറ്റുകള്‍ തടയുന്നതില്‍ ഇസ്രായേലി പ്രതിരോധ സംവിധാനമായ 'അയേണ്‍ ഡോം' എന്തുകൊണ്ട് പരാജയപ്പെട്ടു? മറ്റെല്ലാം മാറ്റിവെച്ച് ആയുധ നിര്‍മാണത്തിന്റെ രഹസ്യ സ്വഭാവം മാത്രം നമുക്ക് പരിശോധിക്കാം. രണ്ടാം ലോക യുദ്ധത്തില്‍ സഖ്യകക്ഷികള്‍ പുറത്തെടുത്ത നോര്‍മന്‍ഡി (Normandy) യുദ്ധതന്ത്രത്തോടും ആറ്റം ബോംബ് നിര്‍മാണത്തിന് മറയായി ഉപയോഗിച്ച മന്‍ഹട്ടന്‍ പ്രോ ജക്ടി(Manhattan Project)നോടുമാണ് അതിനെ ഉപമിക്കാനാവുക. അതിന് രണ്ട് പ്രധാന കാരണങ്ങളുണ്ട്: ഒന്ന്, സായുധ ഓപ്പറേഷന്റെ രഹസ്യ സ്വഭാവം. രണ്ട്, അതിന്റെ അനന്തര ഫലങ്ങള്‍.
രണ്ടാം ലോക യുദ്ധത്തില്‍ സഖ്യകക്ഷികള്‍ ജര്‍മനിക്കെതിരെ പുറത്തെടുത്ത 'നോർമന്‍ഡി' യുദ്ധതന്ത്രം വളരെ രഹസ്യ സ്വഭാവമുള്ളതായിരുന്നു. അതെക്കുറിച്ച് ഒരു വിവരവും ജര്‍മന്‍ സേനക്ക് ചോര്‍ന്ന് കിട്ടിയില്ല. സൈനിക നീക്കത്തെക്കുറിച്ച് കുറെ കള്ള വിവരങ്ങള്‍ സഖ്യകക്ഷികള്‍ മനഃപൂര്‍വം സൃഷ്ടിച്ച് വിടുകയും ചെയ്തിരുന്നു. അവ സത്യമെന്ന് കരുതി സൈനിക നീക്കം നടത്തിയ നാസികള്‍ സകല കെണികളിലും വന്നുചാടുകയും ഒടുവില്‍ സമ്പൂര്‍ണമായി പരാജയപ്പെടുകയും ചെയ്തു. ഇതിനോട് സാദൃശ്യമുണ്ട് ഫലസ്ത്വീനികളുടെ ഈ നീക്കത്തിന്.
അമേരിക്കയുടെ ആറ്റം ബോംബ് നിര്‍മാണത്തെ 'മന്‍ഹട്ടന്‍ പ്രോജക്ട്' എന്നാണ് വിളിച്ചിരുന്നത്. നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ആയിരക്കണക്കിനാളുകള്‍ ജോലി ചെയ്തിരുന്നെങ്കിലും ഓരോ വിഭാഗവും എന്താണ് ചെയ്യുന്നതെന്ന് മറു വിഭാഗങ്ങള്‍ക്ക് അറിയുമായിരുന്നില്ല. അമേരിക്കന്‍ വൈസ് പ്രസിഡന്റിന് വരെ അതെക്കുറിച്ച് അറിവുണ്ടായിരുന്നില്ല എന്നാണ് പറയുന്നത്. ഗസ്സയില്‍ മൊസാദിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഒറ്റുകാര്‍ ഉണ്ടായിരുന്നിട്ടും റോക്കറ്റ് നിര്‍മാണത്തെക്കുറിച്ച് അവര്‍ അറിയാതെ പോയത് മന്‍ഹട്ടന്‍ പ്രോജക്ട് തന്ത്രം പ്രയോഗിച്ചതു കൊണ്ടാണത്രെ. ഓരോ വിഭാഗവും എന്താണ് നിര്‍മിക്കുന്നതെന്ന് മറുവിഭാഗങ്ങള്‍ക്ക് അറിയുമായിരുന്നില്ല. l