"എനിക്ക് നഷ്ടപ്പെട്ടത്
വെറുമൊരു മധുവിധു
ഞാന്‍ നേടിയെടുത്തതോ
സ്വര്‍ഗരാജ്യവും."
കമല സുരയ്യ
സമൂഹത്തിന്റെ ഭൗതികാസക്തികളോട് മനം മടുത്ത് ഹിറയിൽ മൗനത്തിലിരിക്കുമ്പോഴാണ് മുഹമ്മദിന് ഖുർആനിന്റെ വെളിച്ചമിറങ്ങുന്നത്. ധ്യാനമാണ് അത് വഹിക്കാനുള്ള കരുത്ത് പ്രവാചകന് നൽകിയത്. ശബ്ദത്തിനു സാധിക്കാത്തത് മൗനത്തിനു കഴിയും. ശരീരംകൊണ്ട് നേടാൻ കഴിയാത്തത് ആത്മാവിനെകൊണ്ട് സാധിക്കും. വീണ്ടുമൊരു അനുഗൃഹീതമാസത്തിന് ആയുസ്സ് സാക്ഷിയാവുമ്പോൾ നമ്മുടെ ഭാണ്ഡത്തിൽ നാമെന്തൊക്കെയാണ് നിറച്ചിരിക്കുന്നത്? നിങ്ങൾ നടന്നുവന്നാൽ ഞാൻ ഓടി വരും എന്ന കാരുണ്യത്തിന് എന്താണ് നമ്മുടെ കൈയിൽ പകരമുള്ളത്?
"നോമ്പുകാരന് രണ്ട് സന്തോഷങ്ങളുണ്ട്: നോമ്പ് തുറക്കുമ്പോഴുള്ളതാണ് ഒന്ന്. രണ്ടാമത്തെത് തന്റെ നാഥനെ നേരിൽ കണ്ടുമുട്ടുമ്പോഴാണ്" (ബുഖാരി) എന്നാണ് നബിവചനം. അസ്തമയം വരെ അന്നപാനീയങ്ങളുപേക്ഷിച്ച് ഒടുവിൽ, മഗ്‌രിബ് ബാങ്കിന്റെ ആദ്യ വചനം കേൾക്കുമ്പോൾ ആദ്യത്തെ ഇറക്ക് പച്ചവെള്ളം ആമാശയം വരെ കുളിർപ്പിച്ചു ഇറങ്ങിച്ചെല്ലുന്നതിന്റെ സുഖം നോമ്പെടുത്തവർക്കറിയാം. ദുനിയാവിന്റെ മോഹക്കാടുകളിൽനിന്ന് ഇറങ്ങിനടന്ന്, ഒരു ആയുസ്സ് മുഴുക്കെ കാത്തിരുന്ന് ഏറ്റവുമൊടുവിൽ ഒരു സത്യവിശ്വാസി തന്റെ റബ്ബിനെ കാണുന്നതിനെ നോമ്പ് തുറക്കുന്നതിനോടാണ് റസൂൽ (സ) സമീകരിച്ചിരിക്കുന്നത്. അല്ലാഹുവിനെ നേരിൽ കാണുമ്പോലെ ഒരു അനുഭൂതി ഓരോ നോമ്പിനൊടുവിലും വിശ്വാസിക്ക് ലഭിക്കണമെന്നാണ്. അല്ലാഹുമ്മ ലക സ്വുംതു - 'അല്ലാഹുവേ, നിനക്ക് വേണ്ടിയാണ് ഞാൻ നോമ്പെടുത്തത്' എന്ന് നാവുകൊണ്ട് ഉരുവിടേണ്ടൊരു വെറും വാക്കല്ല, ഹൃദയം കൊണ്ട് ഉറപ്പിക്കേണ്ടതാണ്.
ആത്മാവും ശരീരവുമാണ് മനുഷ്യൻ. അതുപോലെ തന്നെ ഇബാദത്തുകൾക്കും ബാഹ്യവും ആന്തരികവുമായ വശങ്ങളുണ്ട്. ശരീരംകൊണ്ട് ഇബാദത്തിന്റെ ബാഹ്യമായ കർമങ്ങൾ ചെയ്താൽ അവ പൂർണമാവുകയില്ല. ആത്മാവുകൊണ്ട് അതിന്റെ ആന്തരിക വശങ്ങളെയും തൊടാൻ നമുക്ക് സാധിക്കേണ്ടതുണ്ട്. ആത്മാവ് സമർപ്പിക്കപ്പെടുന്നുവെങ്കിൽ മാത്രമേ ശരീരത്തിന്റെ സമർപ്പണത്തിന് അർഥമുള്ളൂ.
അന്നപാനീയങ്ങളുപേക്ഷിച്ചാൽ അതിനെ നോമ്പ് എന്നു വിളിക്കാം. അല്പം കൂടി കടന്ന് സ്വഭാവത്തെയും സംസാരത്തെയും സൂക്ഷിച്ചാൽ അതിനെ നല്ല നോമ്പെന്ന് വിളിക്കാം. പക്ഷേ, നോമ്പ് ഏറ്റവും ഉന്നതമായ, പൂർണമായ ഒരു അനുഭവമായി തീരണമെങ്കിൽ നമ്മൾ അതിനെ ദൈവ സാമീപ്യത്തിന്റെ വഴിയായി മനസ്സിലാക്കേണ്ടതുണ്ട്. റമദാനായതുകൊണ്ട് നോമ്പെടുക്കലല്ല. അല്ലാഹുവോടുള്ള അതിരറ്റ ഹുബ്ബിനാൽ നമ്മുടെ സമയത്തെ, ശരീരത്തെ, വിശപ്പിനെ, ഇച്ഛകളെ, കാമത്തെ അവനു മുന്നിൽ നാം സമർപ്പിക്കുകയാണ്. ദൈവമേ, നിന്നെക്കാൾ പ്രിയമുള്ളതൊന്നുമില്ലയീ അടിമക്കെന്ന് നമ്മളൊരു മൗന പ്രഖ്യാപനം നടത്തുകയാണ്. കാരുണ്യത്തിന്റെ ചിറകുകളാൽ അവൻ നമ്മെ വാരിപ്പുണരാൻ ഓടി വരികയാണ്.
ഇബ്‌നു അറബി(റ)യും നോമ്പിനെ മൂന്ന് തരമായി വിഭജിക്കുന്നുണ്ട്: സ്വൌമുല്‍ ആം, സ്വൌമുന്നഫ്‌സ്, സ്വൌമുല്‍ ഖല്‍ബ്. കർമശാസ്ത്രപരമായ എല്ലാ വിധ ഘടകങ്ങളെയും ഉള്‍വഹിക്കുന്നതാണ് സ്വൌമുല്‍ ആം, ശാരീരിക പ്രേരണകളെ അകറ്റിനിര്‍ത്തുന്ന വ്രതമാണ് സ്വൌമുന്നഫ്‌സ്, ദൈവസാമീപ്യം കൊതിച്ചു ഹൃദയംകൊണ്ട് നിർവഹിക്കുന്ന സ്വൌമുല്‍ ഖല്‍ബ് ആണ് മൂന്നാമത്തേത്. വയറുകൊണ്ട് നോമ്പെടുക്കാൻ എല്ലാവർക്കും സാധിക്കും. ഹൃദയംകൊണ്ടുള്ള നോമ്പാണ് നമ്മുടെ ലക്ഷ്യമെങ്കിൽ അതിനു വേണ്ടി നാം നിരന്തരം പരിശ്രമിക്കേണ്ടതുണ്ട്. സമർപ്പണത്തിലൂടെ മാത്രം ലഭിക്കുന്ന ആത്മധന്യതയാണ് നോമ്പിലൂടെ നമ്മൾ തേടിക്കൊണ്ടിരിക്കേണ്ടത്.
"ആദമിന്റെ മക്കളുടെ എല്ലാ കർമവും അവനു വേണ്ടിയുള്ളതാണ്, നോമ്പ് ഒഴികെ. നോമ്പ് എനിക്കുള്ളതാണ്. അതിന് പ്രതിഫലം നൽകുന്നത് ഞാനാണ്." എന്ന് അല്ലാഹു പറഞ്ഞതായി ഹദീസിൽ കാണാം (ബുഖാരി, മുസ്‌ലിം). എല്ലാ സൽക്കർമങ്ങള്‍ക്കും പ്രതിഫലം നൽകുന്നത് അല്ലാഹുവാണ്. പക്ഷേ, നോമ്പിന് അവൻ പ്രത്യേകമായി തരുമെന്നാണ്; വിശേഷ ദിവസങ്ങളിൽ പ്രിയപ്പെട്ടൊരാൾ ഒരു പ്രത്യേക സമ്മാനം നല്കുമ്പോലെ. മറ്റൊരു ഇബാദത്തിനെ കുറിച്ചും ഇത്ര സമ്മോഹനമായൊരു വാഗ്ദാനം അല്ലാഹു നല്‍കിയിട്ടില്ല. അതിലുപരി, മറ്റെല്ലാ ആരാധനാ കര്‍മങ്ങളും അല്ലാഹുവിനുള്ളതു തന്നെയാണെങ്കിലും ‘നോമ്പ് എനിക്കുള്ളതാണ്’ എന്ന് പ്രത്യേകം എടുത്തുപറയുന്നതിലൂടെ അതിശക്തമായ ഒരു ഉടമസ്ഥാവകാശം അല്ലാഹു സ്ഥാപിക്കുന്നുണ്ട്.
നോമ്പ് മനുഷ്യനെ പീഡിപ്പിക്കുന്നുവെന്നാണ് നിരീശ്വരവാദികളുടെ വാദം. നോമ്പ് മനുഷ്യനെ ക്ഷീണിപ്പിക്കുകയല്ല, ഉന്മേഷഭരിതനാക്കുകയാണ് ചെയ്യുന്നത്. അത് ജീവിതത്തെ അല്പം കൂടി നിറപ്പകിട്ടുള്ളതാക്കുന്നു. ശരീരം വിരക്തിയെയും ആത്മാവ് ധന്യതയെയും പ്രാപിക്കുന്നു. ജീവിതാനന്ദം അതിന്റെ ഏറ്റവും വിശുദ്ധമായ രീതിയിൽ നമ്മെ തേടിവരുന്നു. മനുഷ്യന്റെയുള്ളിലെ വന്യമൃഗത്തെ മെരുക്കിയെടുക്കുകയാണ് റമദാൻ. കരുണയും ആർദ്രതയും സ്നേഹവും ദയയുമുള്ളൊരു മനുഷ്യൻ ഉള്ളിൽനിന്ന് ഊറിവരുന്നത് നമുക്ക് തെളിഞ്ഞു കാണാനാകും.
പുണ്യ റസൂൽ (സ) അബൂദർറി (റ)നെ ഉപദേശിക്കുന്നുണ്ട്: "പ്രിയപ്പെട്ട അബൂദർറേ, പാഥേയമൊരുക്കുമ്പോൾ നീ മൂന്ന് കാര്യങ്ങൾ ഉറപ്പുവരുത്തുക. ഇരുട്ടിലെ നമസ്കാരം; അത് നിന്റെ ഖബ്റിലെ വെളിച്ചമാകും. കൊടും വെയിലുള്ള പകലിലെ നോമ്പ്; അത് മഹ്ശറിൽ നിന്റെ തണലാകും. ഒരു ഹജ്ജ്; അത് നിന്റെ ജീവിത ലക്ഷ്യം നിർണയിക്കും." ശരീരത്തിന് സാധിക്കുന്ന പോലെ ഇബാദത്ത് ചെയ്യലല്ല, ദൈവത്തെ പ്രീതിപ്പെടുത്തുന്ന രീതിയിൽ ജീവിക്കാൻ ശരീരത്തെ പരിശീലിപ്പിക്കുകയാണ് വേണ്ടത്.
നോമ്പിന് പ്രത്യക്ഷ ഭാവങ്ങളൊന്നുമില്ല. ആരെയും ഒന്നും കാണിക്കാനില്ല. ചെയ്യാനോ ചൊല്ലാനോ ഇല്ല. നോമ്പ് നോമ്പുകാരനും അവന്റെ റബ്ബിനും മാത്രമറിയുന്നൊരു രഹസ്യമാണ്. നോമ്പെടുക്കുമ്പോൾ നമുക്കും അല്ലാഹുവിനുമിടയിൽ മറ്റാരുമില്ലല്ലോ. അല്ലാഹുവിനെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായി കണ്ടു തുടങ്ങാൻ പറ്റിയ നേരം റമദാനാണ്. അവനോട് സ്വകാര്യം പറഞ്ഞു തുടങ്ങാൻ വേറൊരു തടസ്സവുമില്ലാത്ത സമയം. ഒന്നുകിൽ ഒരു സൽക്കർമം, അല്ലെങ്കിൽ പശ്ചാത്താപത്തോടെയുള്ളൊരു ഏറ്റുപറച്ചിൽ, അതുമല്ലെങ്കിൽ ജീവിതത്തെ കുറിച്ച സുപ്രധാനമായൊരു തീരുമാനം- രഹസ്യം എന്തുമാവാം. അല്ലാഹുവിന്റെ കൂടെ ജീവിക്കാൻ ഒരു കാരണമുണ്ടായിരിക്കലാണ് പ്രധാനം. അവനു മാത്രമറിയുന്ന സ്വകാര്യ സൽക്കർമങ്ങൾകൊണ്ടാണ് നാം നമ്മെ സ്വയം അടയാളപ്പെടുത്തേണ്ടത്. മറ്റാരെയും അറിയിക്കാതെ ആ നിർവൃതി ദൈവത്തോട് മാത്രം പങ്കിടുന്ന അനുഭൂതി തീർച്ചയായും മനസ്സ് നിറയ്ക്കും. ദൈവത്തോട് മിണ്ടുന്നത് കുറയുമ്പോഴാണ് അവനൊരുപാട് ദൂരെയാണെന്ന് നമുക്ക് തോന്നാൻ തുടങ്ങുന്നത്.
റമദാൻ ക്ഷമയുടെ മാസമാണ്. ക്ഷമയുടെ പ്രതിഫലം സ്വർഗവും. അതിവേഗത്തിലോടുന്നൊരു കാലത്താണ് നമ്മൾ ജീവിക്കുന്നത്. പിറകിലായിപ്പോകുമെന്ന ആധിയിൽ കാലത്തോട് മത്സരിച്ചോടുകയാണ് മനുഷ്യർ. അനുഭവങ്ങൾക്കും അനുഭൂതികൾക്കും പ്രസക്തിയില്ലാതായ ലോകത്തിരുന്നാണ് നമ്മൾ റമദാനിനെ സ്വാഗതം ചെയ്യുന്നത്. ഈ റമദാനിൽ നമുക്കൊന്ന് ഗിയര്‍ ഡൗൺ ചെയ്യാം. നമസ്കാരശേഷം ഇത്തിരി നേരം മുസ്വല്ലയിൽ തന്നെയിരുന്ന്, ആയത്തുകളെ നിർത്തി നിർത്തി വായിച്ച്, അവന്റെ അനുഗ്രഹങ്ങൾക്ക് ഖൽബ് നിറയെ ഹംദ് ചൊല്ലി, ഇത്തിരി പതുക്കെ പോയിനോക്കാം. എത്ര കർമങ്ങൾ ചെയ്തു എന്നതല്ല, ചെയ്ത കർമങ്ങളിൽ എത്ര മാത്രം നിങ്ങളുണ്ടായിരുന്നു എന്നതാണ് ചോദ്യം. സുരയ്യ പാടുന്ന പോലെ, ദുനിയാവ് തരുന്ന മധുവിധു നഷ്ടപ്പെട്ടാലെന്താണ്, നമുക്ക് ലഭിക്കാനുള്ളത് സ്വർഗരാജ്യമാണല്ലോ!
ടാഗോറിന്റെ ഒരു കവിത ഇങ്ങനെയാണ്:
"ആയിരം മോഹങ്ങൾ സാധിച്ചു തരാൻ നിന്നോട് ഞാൻ അപേക്ഷിച്ചു. അവയെല്ലാം നിഷേധിച്ചു കൊണ്ട്, ദൈവമേ, നീയെന്നെ കാത്തു രക്ഷിച്ചു."
മനുഷ്യന്റെ ജീവിതാഭിലാഷങ്ങൾ മുഴുവൻ ഒരു കാരക്കച്ചീളിലേക്ക് ഒതുക്കുന്നുണ്ട് നോമ്പ്. ആ ഭാരമില്ലായ്മയെ ഉള്ളുകൊണ്ട് ആഘോഷിക്കാനുള്ള പുറപ്പാടാണ് നാം നടത്തേണ്ടത്. l