അനുസ്മരണം

കുട്ടിക്കാല കൂട്ടുകാരനും മദ്‌റസയിലും സ്‌കൂളിലും സഹപാഠിയും പില്‍ക്കാലത്ത് ഇസ് ലാഹിയാ സ്ഥാപനങ്ങളുടെ ഭരണനിര്‍വഹണത്തില്‍ സഹപ്രവര്‍ത്തകനും എന്റെ ജീവിത പങ്കാളിയുടെ അടുത്ത ബന്ധുവുമായിരുന്ന ഇ.കെ അബ്ദുര്‍റഹ് മാന്‍ ആഗസ്റ്റ് മൂന്ന് വ്യാഴാഴ്ച രാവിലെ ഈ ലോകത്തോട് വിടപറഞ്ഞപ്പോള്‍ പതിറ്റാണ്ടുകള്‍ നീണ്ട സുഹൃദ് ബന്ധത്തിനാണ് തിരശ്ശീല വീണത്. ചേന്ദമംഗല്ലൂര്‍ ഗവണ്‍മെന്റ് എലിമന്ററി സ്‌കൂളിലും അല്‍ മദ്‌റസത്തുല്‍ ഇസ് ലാമിയ്യയിലും സഹപാഠികളായിരുന്നു ഞങ്ങള്‍. 1960-ല്‍ ചേന്ദമംഗല്ലൂരില്‍ ഇസ് ലാമിയാ കോളേജ് സ്ഥാപിതമായപ്പോള്‍ അതിലും ഞങ്ങള്‍ പഠനം തുടര്‍ന്നു. 1964-ല്‍ ഞാനും അടുത്ത വര്‍ഷം ഇ.കെയും പഠനം പൂര്‍ത്തിയാക്കി; ഞാന്‍ 'പ്രബോധന'ത്തില്‍ ചേര്‍ന്നപ്പോള്‍ അദ്ദേഹം കൊച്ചനൂരില്‍ ജമാഅത്തിന്റെ സ്ഥാപനത്തില്‍ അധ്യാപകനായി പോയി. പക്ഷേ, അക്കാലത്തെ പ്രാരബ്ധങ്ങളെയും പ്രയാസങ്ങളെയും ദീര്‍ഘകാലം അതിജീവിക്കാനാവാതെ അദ്ദേഹം തിരിച്ചുപോന്നു. തുടര്‍ന്നു വേങ്ങേരി അല്‍ മദ്‌റസത്തുല്‍ ഇസ് ലാമിയ്യയില്‍ അധ്യാപകനായി. പിന്നീട് കിണാശ്ശേരിയിലെ സ്‌കൂളില്‍ അറബി അധ്യാപകനായി നിയമനം ലഭിച്ചു. ഇതിനിടയിലൊക്കെ മതപഠന ക്ലാസുകള്‍ നടത്താനും ജുമുഅ ഖുത്വ്്ബക്കുമൊക്കെ ഇ.കെ സമയം കണ്ടു. പക്ഷേ, സ്‌കൂള്‍ അധ്യാപക ജോലിയില്‍ തൃപ്തനാവാതെ രാജിവെച്ചൊഴിഞ്ഞ അദ്ദേഹം എഴുപതുകളുടെ മധ്യത്തില്‍ ഖത്തറിലെത്തി സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തു, സാമാന്യം ദീര്‍ഘകാലം. അപ്പോഴും ഇന്ത്യൻ ഇസ് ലാമിക് അസോസിയേഷനുമായുള്ള ബന്ധം സജീവമായിത്തന്നെ തുടര്‍ന്നു. തൊണ്ണൂറുകളില്‍ നാട്ടില്‍ തിരിച്ചെത്തിയ ശേഷം ബിസിനസ്സ് രംഗത്തേക്ക് തിരിഞ്ഞതോടൊപ്പം തന്നെ പ്രസ്ഥാന പ്രവര്‍ത്തനങ്ങളിലും ഇസ് ലാഹിയാ അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റിയിലും സജീവമായിരുന്ന ഇ.കെ ഒടുവില്‍ മുഴുസമയം ഇസ് ലാഹിയാ ഓഫീസ് മാനേജറായി. ഒപ്പം ജമാഅത്തെ ഇസ്്ലാമി കാര്‍കുന്‍ ഹല്‍ഖയുടെ നാസിമായും സേവനം ചെയ്തു.

ഇ.കെ അബ്ദുര്‍റഹ് മാന്‍

എട്ടു പതിറ്റാണ്ട് നീണ്ട ജീവിതകാലത്തുടനീളം പ്രസ്ഥാന പ്രതിബദ്ധത നിലനിര്‍ത്തിയതും അതേ പാതയില്‍ കുടുംബത്തെ വളര്‍ത്തിയെടുക്കാന്‍ നിഷ്‌കര്‍ഷ പുലര്‍ത്തിയതുമാണ് ഇ.കെയുടെ എടുത്തുപറയേണ്ട മാതൃക. സംസ്ഥാനത്ത് ഒന്നാമതായി ചേന്ദമംഗല്ലൂരില്‍ അല്‍ മദ്‌റസത്തുല്‍ ഇസ് ലാമിയ്യ സ്ഥാപിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച വ്യക്തിയാണ് ഇ.കെയുടെ പിതാവ് വെളുത്തേടത്ത് അബൂബക്കര്‍. മഹല്ല് ഖാദി സ്ഥാനം രാജിവെച്ചു പ്രസ്ഥാനവുമായി സജീവ ബന്ധം പുലര്‍ത്തിയ പി.സി മുഹമ്മദ് സഗീര്‍ മൗലവി ഇ.കെയുടെ അമ്മാവനാണ്. ചേന്ദമംഗല്ലൂര്‍ അല്‍ മദ്‌റസത്തുല്‍ ഇസ് ലാമിയ്യ പ്രഥമ ബാച്ചില്‍ ഇ.കെ അബ്ദുര്‍റഹ് മാന്‍ വിദ്യാര്‍ഥിയായിരുന്നു. ചേന്ദമംഗല്ലൂര്‍ ഗവ. മാപ്പിള എലിമെന്ററി സ്‌കൂളില്‍ എന്റെ സതീര്‍ഥ്യനായിരുന്നു ഇ.കെ. 1954-ല്‍ അഞ്ചാം ക്ലാസ് പൂര്‍ത്തിയാക്കിയശേഷം ഫുള്‍ടൈം മദ്‌റസയില്‍ ഞാനും ചേര്‍ന്നു. അപ്രകാരം വേര്‍പിരിയാത്ത സുഹൃദ് ബന്ധം ജീവിതാവസാനം വരെ തുടര്‍ന്നുവരികയായിരുന്നു.

വിവാദങ്ങളോടും സംവാദങ്ങളോടും അകല്‍ച്ച പാലിച്ചു സാധ്യമായ സേവനങ്ങള്‍ കൃത്യമായി നിറവേറ്റി അച്ചടക്ക പൂര്‍ണമായ ജീവിതം നയിക്കുകയായിരുന്നു അദ്ദേഹം. അലക്കിത്തേച്ച വസ്ത്രങ്ങള്‍ ധരിച്ചു ജന്റില്‍മാനായി ജീവിക്കാന്‍ നിഷ്‌കര്‍ഷ പുലര്‍ത്തിയ ഇ.കെ ഞങ്ങളുടെ കൂട്ടത്തില്‍ എന്നും വേറിട്ടുനിന്നു. അതേസമയം സാഹചര്യങ്ങള്‍ ആവശ്യപ്പെടുമ്പോള്‍ മതപഠന ക്ലാസുകള്‍ നടത്താനും ജുമുഅ ഖുത്വ്്ബ നിര്‍വഹിക്കാനും അദ്ദേഹം മടിച്ചതുമില്ല. ചേന്ദമംഗല്ലൂര്‍ ഒതയമംഗലം ജുമുഅത്ത് പള്ളി കമ്മിറ്റിയിലും ഇസ് ലാഹിയാ അസോസിയേഷന്‍ മാനേജിംഗ് കമ്മിറ്റി അംഗമെന്ന നിലയിലും കൃത്യവും സുചിന്തിതവുമായിരുന്നു ഇ.കെയുടെ ഇടപെടല്‍. ഇസ് ലാഹിയാ അസോസിയേഷന്റെയും അതിന്റെ സ്ഥാപനങ്ങളുടെയും ദൈനംദിന ഭരണത്തില്‍ സംഭവിക്കുന്ന വീഴ്ചകള്‍, ആദ്യം സെക്രട്ടറിയും പിന്നെ പ്രസിഡന്റുമായിരുന്നപ്പോള്‍ എന്റെ ശ്രദ്ധയില്‍ പെടുത്തി. എന്നാല്‍ ഒന്നിന്റെയും പേരില്‍ ഒച്ചപ്പാടുണ്ടാക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. ഏറെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരുന്ന വ്യക്തിയുടെ ഭാഗത്തു നിന്നുണ്ടായ ചില നടപടികള്‍ യഥാസമയം അദ്ദേഹം ശ്രദ്ധയില്‍ പെടുത്തിയതിനാല്‍ അത് തിരുത്താന്‍ സാധിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു. ഇടക്കാലത്ത് ചന്ദ്രിക ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളില്‍ എഴുതാനും മദ്‌റസാ വാര്‍ഷികങ്ങളിൽ പരിപാടികള്‍ തയാറാക്കി അവതരിപ്പിക്കാനും സമയം കണ്ട ഇ.കെ നല്ലൊരു വായനക്കാരന്‍ കൂടിയായിരുന്നു. സഹധര്‍മിണി സുബൈദയും മക്കളായ ബുഷ്‌റയും നബീലും നഈമും അന്‍വറും പ്രാസ്ഥാനിക രംഗത്ത് സജീവമാണെന്ന ചാരിതാര്‍ഥ്യത്തോടെയാവും പ്രിയ സ്‌നേഹിതന്‍ അല്ലാഹുവിലേക്ക് യാത്രയായത്.
ഒ. അബ്ദുര്‍റഹ് മാന്‍ ചേന്ദമംഗല്ലൂര്‍

കഷ്ടിച്ച് ഏഴു ദിവസത്തെ വെടിനിര്‍ത്തലിന് ശേഷം ഗസ്സയിലെ സയണിസ്റ്റ് താണ്ഡവം അതിഭീകരമായി പുനരാരംഭിച്ചിരിക്കുകയാണ്. ആദ്യ ഘട്ടത്തെക്കാള്‍ എത്രയോ മാരകമായ ആക്രമണങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. അമേരിക്കയിലെ ബൈഡന്‍ ഭരണകൂടത്തിന്റെ പൂര്‍ണ പിന്തുണയും ഇതിനുണ്ട്. എത്രയും വേഗം, അഥവാ ക്രിസ്മസിന് മുമ്പ് തന്നെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനാണ് സയണിസ്റ്റ്-യാങ്കി കൂട്ടുകെട്ടിന്റെ ശ്രമം. പ്രധാനമായും മൂന്നു ലക്ഷ്യങ്ങളാണ് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു പ്രഖ്യാപിച്ചിരിക്കുന്നത്. ഒന്ന്, ഹമാസിനെ പൂര്‍ണമായും ഇല്ലാതാക്കുക. രണ്ട്, ബന്ദികളെ മോചിപ്പിക്കുക. മൂന്ന്, ഭാവിയില്‍ ഒരു തരത്തിലുള്ള ഭീഷണിയും ഗസ്സയില്‍നിന്ന് സയണിസ്റ്റ് ഭരണകൂടത്തിനെതിരെ ഉയരാതിരിക്കുക. ഈ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നേടാതെ യുദ്ധം നിര്‍ത്തിയാല്‍ അത് നാണം കെട്ട തോല്‍വിയായി വിലയിരുത്തപ്പെടുമെന്ന് സയണിസ്റ്റ് -യാങ്കി സഖ്യത്തിന് നല്ല ബോധ്യമുണ്ട്. യുദ്ധ ലക്ഷ്യങ്ങളില്‍ ഏറ്റവും പ്രധാനം ഒന്നാമത്തേത് തന്നെ- ഹമാസിനെ രാഷ്ട്രീയമായും സൈനികമായും ഇല്ലാതാക്കുക. ഹമാസിന്റെ പോരാളികളെ കൊന്ന് തീര്‍ത്താലേ അത് സാധ്യമാവൂ എന്നവര്‍ക്ക് നല്ല നിശ്ചയമുണ്ട്. അതിനാല്‍, ഗസ്സ എന്ന ഭൂപ്രദേശത്തെ അടിമുടി ഇളക്കിമറിക്കുന്ന അത്യന്തം നശീകരണ ശേഷിയുള്ള ബോംബുകളായിരിക്കാം ഇനി പ്രയോഗിക്കുക. തുരങ്കങ്ങളില്‍ പതിയിരുന്ന് ഹമാസ് നടത്തുന്ന ഒളിപ്പോരാക്രമണങ്ങളെ നേരിടാന്‍ ശേഷിയില്ലാതെ പകച്ചു പിന്‍മാറുന്ന ഇസ്രായേല്‍ സൈന്യത്തിന് മുന്നില്‍ മറ്റൊരു മാര്‍ഗവും തുറന്ന് കിടപ്പില്ല എന്ന തിരിച്ചറിവില്‍നിന്നായിരിക്കും ഇനിയുള്ള ആക്രമണങ്ങള്‍ എങ്ങനെയാവണമെന്ന് തീരുമാനിക്കുക. ഇതെഴുതുമ്പോള്‍ തന്നെ അനൗദ്യോഗിക കണക്ക് പ്രകാരം, ഗസ്സയില്‍ കൊല്ലപ്പെട്ടവര്‍ ഇരുപതിനായിരമെങ്കിലും ആയിട്ടുണ്ടാവും. ആശുപത്രികളെയും അഭയാര്‍ഥി ക്യാമ്പുകളെയും ലക്ഷ്യം വെച്ച് കൂടുതല്‍ ആക്രമണങ്ങള്‍ പ്രതീക്ഷിക്കണം. ഫലസ്ത്വീനിലെ മറ്റു പോരാളി സംഘങ്ങളുമായി രഹസ്യ ധാരണകളുണ്ടാക്കി ഹമാസിനെ ഒറ്റപ്പെടുത്താനുള്ള നീക്കവും സയണിസ്റ്റ് ഭരണകൂടം നടത്തുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

ഹമാസിനെ തകര്‍ക്കുക മാത്രമാണ് ലക്ഷ്യം എന്ന് ഇടക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്നത് ഒരു യുദ്ധ തന്ത്രമാണ്. ഹമാസ് തകര്‍ന്നുകാണാന്‍ ആഗ്രഹിക്കുന്നവര്‍ ചുറ്റുവട്ടത്തും ഉണ്ടല്ലോ. അത്തരക്കാരെ ഒപ്പം കൂട്ടാന്‍ അത് ഉപകരിക്കും. ഫലസ്ത്വീനികളുടെ സ്വൈരജീവിതത്തിന് ഭീഷണി ഹമാസാണെന്ന് വരുത്തിത്തീര്‍ക്കാനുമാവും. അത്തരത്തിലുള്ള മത വാറോലകളും ധാരാളം ഇറങ്ങുന്നുണ്ടല്ലോ. ആരൊക്കെ, എങ്ങനെയൊക്കെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചാലും ഇത് ഹമാസിനെതിരെയുള്ള യുദ്ധമല്ലെന്ന് എല്ലാ ഫലസ്ത്വീനികളും മനസ്സിലാക്കിയിട്ടുണ്ട് - ഇത് ഫലസ്ത്വീനികളെ ഉന്മൂലനം ചെയ്യാനുള്ള യുദ്ധമാണ്. അതുകൊണ്ടാണ് ഗസ്സയില്‍ ചെയ്യുന്നതൊക്കെ അവര്‍ ഖുദ്‌സിലും വെസ്റ്റ് ബാങ്കിലും മറ്റു മുഴുവന്‍ അധിനിവിഷ്ട പ്രദേശങ്ങളിലും ചെയ്യുന്നത്. കൂട്ടക്കൊലകള്‍, ഭൂമി പിടിച്ചെടുക്കല്‍, സമ്പത്ത് കൊള്ളയടിക്കല്‍, തദ്ദേശീയരെ ആട്ടിപ്പുറത്താക്കല്‍- ഇവിടങ്ങളിലൊക്കെ ഒരേ രീതിയിലുള്ള അതിക്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സായുധ ഗ്രൂപ്പുകളൊന്നും ഇല്ലാത്ത ഇസ്രായേലിനകത്തെ അറബ് ഇസ്രായേലി പൗരന്മാര്‍ക്കും രക്ഷയില്ല. യഥാര്‍ഥ ഉന്നം ഹമാസല്ല എന്നല്ലേ അതിനര്‍ഥം?

അതുകൊണ്ടുതന്നെയാണ് എന്തൊക്കെ ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നാലും തങ്ങള്‍ ഹമാസിനൊപ്പം നില്‍ക്കുമെന്ന് ഗസ്സക്കാര്‍ ചങ്കൂറ്റത്തോടെ വിളിച്ചുപറയുന്നത്. 'ഞങ്ങള്‍ മുഹമ്മദ് ദൈഫ്, ഞങ്ങള്‍ യഹ് യാ സിന്‍വാര്‍, ഞങ്ങള്‍ അബൂ ഉബൈദ' എന്ന് ഫലസ്ത്വീനിലെ ആബാലവൃദ്ധം ജനങ്ങള്‍ ഏറ്റുവിളിക്കുന്നു. ഒരു ജനതയുടെ ഈ നിശ്ചയദാര്‍ഢ്യത്തിന് മുന്നിൽ അധിനിവേശകര്‍ മുട്ടുമടക്കേണ്ടിവരും. അത് എങ്ങനെയായിരിക്കുമെന്ന് കാലം നമുക്ക് പറഞ്ഞുതരും. l

അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിലും നരേന്ദ്ര മോദിയെ തന്നെ മുന്നില്‍ നിര്‍ത്തി നിസ്സംശയം ബി.ജെ.പി പട നയിക്കും. ഹിന്ദി ബെല്‍റ്റില്‍ മോദിയെ കൊമ്പിനു പിടിച്ച് എതിരിടാന്‍ കൈയില്‍ കിട്ടിയ ഒന്നാന്തരം അവസരം കോണ്‍ഗ്രസ് കളഞ്ഞുകുളിക്കുകയാണുണ്ടായത്. മോദാനി തട്ടിപ്പും രാജ്യദ്രോഹത്തോളം മുഴുത്ത പുല്‍വാമയിലെ സുരക്ഷാ വീഴ്ചയും ഒരു ചര്‍ച്ച പോലുമില്ലാതെ വായുവിലലിഞ്ഞു. ജാതി സെന്‍സസും ഒ.ബി.സി വോട്ടും മറ്റും 2024-ലെ മുഖ്യ അജണ്ടയാക്കണോ വേണ്ടേ എന്ന് ഇന്‍ഡ്യ സഖ്യവും കോണ്‍ഗ്രസും ഇനി വീണ്ടും കൂടിയാലോചിച്ചിട്ടു വേണം. ദിഗ്‌വിജയ് സിംഗിനു ശേഷമുള്ള കാലത്ത് മധ്യപ്രദേശില്‍ അടിക്കടി ഏറ്റുവാങ്ങിയ പരാജയങ്ങളില്‍നിന്ന് ഒരു പാഠവും കോണ്‍ഗ്രസ് പഠിച്ചിട്ടില്ല. കമല്‍നാഥിന്റെ കാവിക്കോണകം കൊടിയാക്കി 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ നേരിടാന്‍ പോയാല്‍ ചൗഹാന്റെയും ജ്യോതിരാദിത്യയുടെയും കലർപ്പില്ലാത്ത ഹിന്ദുത്വത്തെയാവും മധ്യപ്രദേശ് ഇനിയും വാരിപ്പുണരുക. കോണ്‍ഗ്രസിന് വല്ലതും ചെയ്യാമായിരുന്ന രാജസ്ഥാനിലും ഛത്തീസ് ഗഢിലുമൊക്കെ പ്രാദേശിക ബന്ധങ്ങളെ ശരിപ്പെടുത്തുന്നതില്‍ മാത്രമല്ല, ഹിന്ദുത്വക്കും മതേതരത്വത്തിനുമിടയില്‍ കൃത്യമായ നിലപാടെടുക്കുന്നതിലും പാര്‍ട്ടി തപ്പിത്തടഞ്ഞു നിന്നു. ആശയപരമായ പോരാട്ടം തുടരുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതിന്റെ പശ്ചാത്തലം അതാണ്. രാഹുല്‍ ഗാന്ധി നേരിട്ട് പോരാട്ടം നയിച്ച തെലങ്കാനയില്‍ ജനം മോദിയെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയിട്ടത് ശ്രദ്ധിക്കുക.

ഇനിയൊരിക്കല്‍ കൂടി കോണ്‍ഗ്രസ് ബാനറില്‍ മൃദു ഹിന്ദുത്വം ഉയര്‍ത്തിപ്പിടിക്കാനുള്ള ധൈര്യം കമല്‍നാഥിന് നഷ്ടപ്പെട്ട സാഹചര്യമാണ് മധ്യപ്രദേശിലുള്ളത്. അതിനെ രാഹുല്‍ ഗാന്ധിക്കും ഒപ്പമുള്ള സംഘത്തിനും ഉപയോഗപ്പെടുത്താനാവണം. മധ്യപ്രദേശിലും രാജസ്ഥാനിലും പാര്‍ട്ടി നേതൃത്വം അടുത്ത തലമുറയിലേക്ക് കൈമാറേണ്ട സമയവും ഇതാണ്. വയോവൃദ്ധരുടെ നേതൃത്വത്തിന് ഇനിയും പാര്‍ട്ടിയെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ലെന്ന് അടിവരയിട്ട തെരഞ്ഞെടുപ്പായിരുന്നു ഇത്. അധികാരമുണ്ടായിട്ടും പാര്‍ട്ടിക്ക് അനുകൂലമായി തെരഞ്ഞെടുപ്പ് പ്രക്രിയയെ മാറ്റിയെടുക്കാന്‍ ഗെഹ്‌ലോട്ടിനും ബാഘേലിനും കഴിഞ്ഞില്ല. മറുഭാഗത്ത് കേന്ദ്രത്തിലിരുന്ന് അമിത് ഷായും ഭോപാലില്‍ ശിവ്‌രാജ് സിംഗ് ചൗഹാനും നിഷ്പ്രയാസം അത് സാധിക്കുകയും ചെയ്തു. വോട്ടര്‍മാര്‍ക്ക് സൗജന്യങ്ങള്‍ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് നേരിടുന്ന തന്ത്രം അധികാരത്തിലിരിക്കുന്ന ബി.ജെ.പി ഉപയോഗപ്പെടുത്തുന്നതു പോലെ കോണ്‍ഗ്രസിന് കഴിയാറില്ലെന്നതിന് ഒറ്റ ഉദാഹരണം മാത്രം പറയട്ടെ: വരുമാനം കുറഞ്ഞ വീടുകളിലെ സ്ത്രീകള്‍ക്ക് 1250 രൂപ പ്രതിമാസം അക്കൗണ്ടിലേക്ക് നല്‍കുന്ന 'ലാഡ്‌ലി ബഹന' എന്ന പദ്ധതി തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇക്കഴിഞ്ഞ മാര്‍ച്ച് 5-ന് മാത്രമാണ് ചൗഹാന്‍ പ്രഖ്യാപിച്ചത്. ഒന്നേകാല്‍ കോടി സ്ത്രീകള്‍ ഈ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തു. എന്നിട്ട് 2023 ആഗസ്റ്റില്‍, അതായത് തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പെ ഈ തുക 3000 രൂപയാക്കി വര്‍ധിപ്പിക്കുകയും ചെയ്തു. രാജീവ് കുമാര്‍ എന്ന കേന്ദ്ര തെരഞ്ഞെടുപ്പു കമീഷണറുടെ റഡാറിനു പുറത്തായിരുന്നു ഭോപാല്‍. 'മുള്‍മുനയില്‍ നടന്ന പോരാട്ടത്തില്‍ ലാഡ്‌ലി ബഹന ഞങ്ങളെ ജയിപ്പിച്ചു' എന്ന് അദ്ദേഹം പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. പ്രശ്‌നം അവിടെയല്ല. ഇതില്‍ പ്രത്യേകിച്ചൊരു പെരുമാറ്റച്ചട്ട ലംഘനവും തോന്നാത്ത രാജീവ് കുമാറും സംഘവും തെലങ്കാനയില്‍ 2018 മുതല്‍ നിലനില്‍ക്കുന്ന റായ്തു ബന്ധു കര്‍ഷകവായ്പയുടെ കുടിശ്ശിക വിതരണം ചെയ്യാന്‍ ആദ്യം നല്‍കിയ അനുമതി മൂന്നു ദിവസങ്ങള്‍ക്കുള്ളില്‍ പിന്‍വലിച്ച് ഉത്തരവിറക്കിയത് ശ്രദ്ധിക്കുക. ഒരേ തത്ത്വത്തിന്റെ രണ്ടുതരം പ്രയോഗങ്ങളിലൊന്ന് മധ്യപ്രദേശില്‍ ബി.ജെ.പിയെ സഹായിച്ചു എന്നത് വ്യക്തം. ചന്ദ്രശേഖര്‍ റാവുവിന്റെ പദ്ധതി വോട്ടര്‍മാരെ സ്വാധീനിച്ചില്ല എന്നത് തെലങ്കാനയിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിച്ചു. എന്നാല്‍, തന്റെ സാമ്പത്തിക സഹായ പദ്ധതി പാര്‍ട്ടിയെ ജയിപ്പിച്ചു എന്ന് ചൗഹാന്‍ പരസ്യമായി സമ്മതിക്കുന്നു. എന്നിട്ടും ഒരു നടപടിയും ഇല്ല.

കമൽ നാഥ്, അശോക് ഗെഹ് ലോട്ട്

അശ്വനി ഉപാധ്യായ എന്ന ബി.ജെ.പി സഹയാത്രികനായ അഭിഭാഷകന്‍ കഴിഞ്ഞ വര്‍ഷം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഒരു ഹരജിയില്‍, തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പ്രഖ്യാപിക്കുന്ന സൗജന്യ പദ്ധതികൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ക്ഷേമപദ്ധതികളെ വേര്‍തിരിച്ചു കാണണമെന്നാണ് ഈ വിഷയത്തില്‍ സുപ്രീം കോടതി അന്ന് നടത്തിയ അഭിപ്രായ പ്രകടനം. രാജസ്ഥാനില്‍ അശോക് ഗെഹ്‌ലോട്ട് പ്രഖ്യാപിച്ച അന്നപൂര്‍ണ പദ്ധതിയെ നരേന്ദ്ര മോദി 'റാബ്ഡി സ്‌കീം' അതായത് 'സൗജന്യ വിതരണ'മായാണ് കണക്കിലെടുത്തത്. ഒരുതരം മധുരപലഹാരത്തിന്റെ പേരാണ് റാബ്ഡി. ഭാഗ്യവശാല്‍ തെരഞ്ഞെടുപ്പ് കമീഷന്‍ അതിന്റെ മുകളില്‍ കൈവെച്ചിട്ടില്ല എന്നത് ശ്രദ്ധിക്കുക. സമാനമായ ചില പ്രഖ്യാപനങ്ങള്‍ ബി.ജെ.പിയും നടത്തിയിരുന്നു. അതേ മോദിയുടെ സംസ്ഥാനമായ ഗുജറാത്തില്‍ സൗജന്യമായി മരുന്നും റേഷനും കൊടുക്കുമെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പ്രഖ്യാപിച്ചത് മോദിയുടെയും തെരഞ്ഞെടുപ്പ് കമീഷന്റെയും കണ്ണില്‍ വികസന പദ്ധതിയായിരുന്നല്ലോ. എന്നാല്‍, ശുദ്ധ സൗജന്യ പദ്ധതിയായിരുന്നു അത്. ഛത്തീസ് ഗഢില്‍ എല്‍.പി.ജി സിലിണ്ടറും താങ്ങുവിലയും പോലുള്ള 'വെല്‍ഫെയര്‍ പദ്ധതി'കളോടൊപ്പം അയോധ്യയിലേക്ക് സൗജന്യയാത്ര പോലുള്ള ശുദ്ധ റാബഡി പരിപാടികളും മോദിയുടെ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പി കൊടുക്കുന്ന ലാപ്‌ടോപ്പും സൈക്കിളും പോക്കറ്റ് മണിയുമൊന്നും റാബ്ഡി അല്ലാതായി. സാങ്കേതികാര്‍ഥത്തില്‍ ആളും തരവും നോക്കി വെല്‍ഫെയര്‍ സ്‌കീമുകളെയും ഫ്രീബി സ്‌കീമുകളെയും വ്യാഖ്യാനിക്കുകയാണ് തെരഞ്ഞെടുപ്പ് കമീഷന്‍ ചെയ്യുന്നതെന്നര്‍ഥം. ഇലക് ഷന്‍ ബോണ്ട് എന്ന നിയമവിധേയമായ അഴിമതിയും ഏതോ അര്‍ഥത്തില്‍ ബി.ജെ.പിയുടെ മൃഗീയ ആധിപത്യത്തെ ഇന്ത്യയില്‍ അടിവരയിടുന്നുണ്ട്. ഭരണഘടനാ സ്ഥാപനമായ ഇലക് ഷന്‍ കമീഷന്‍ അവിടെയും നിശ്ശബ്ദത പാലിക്കുന്നതാണ് കണ്ടുവരുന്നത്.
ഈ പാഠങ്ങളെല്ലാം കോണ്‍ഗ്രസ് എന്നോ പഠിക്കേണ്ടിയിരുന്നു. സൗജന്യം വാഗ്ദാനം ചെയ്തതുകൊണ്ട് തെരഞ്ഞെടുപ്പ് ജയിക്കാനാവില്ല എന്നത് 2019-ലെ പൊതു തെരഞ്ഞെടുപ്പിന്റെ ഏറ്റവു വലിയ പാഠമായിരുന്നില്ലേ? പാവപ്പെട്ട കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 72,000 രൂപ കൊടുക്കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ വാഗ്ദാനം. ന്യായ് എന്നു പേരിട്ട ഈ പദ്ധതി നടപ്പാക്കുന്നതിനാവശ്യമായ ഗൃഹപാഠം കൃത്യമായി ചെയ്ത രാഹുല്‍ ഗാന്ധി ഈ തുക എങ്ങനെ സമാഹരിക്കുമെന്നും അര്‍ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കി. 2017-ല്‍ മോദി സര്‍ക്കാര്‍ നടത്തിയ ഒരു സര്‍വെയുടെ തുടര്‍ച്ചയായി രാജ്യത്തെ 75 ശതമാനം ജനങ്ങളുടെ പട്ടിണി മാറ്റാന്‍ സഹായിക്കുന്ന സമാനമായ ഒരു പദ്ധതി നടപ്പാക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാറിന്റെ മുമ്പാകെ ചര്‍ച്ചക്കു വന്നിരുന്നു. പക്ഷേ, പാവങ്ങൾക്ക് സഹായധനം നല്‍കുന്ന ഈ പദ്ധതി അത് പ്രഖ്യാപിക്കാന്‍ മോദി തയാറായില്ല. അതായത്, കോണ്‍ഗ്രസ് നടപ്പാക്കുമെന്ന് പറഞ്ഞത് ബി.ജെ.പി മാറ്റിവെച്ച പദ്ധതിയായിരുന്നു എന്നര്‍ഥം. എന്നിട്ടും ഒരൊറ്റ പുല്‍വാമയുടെ പുറത്ത് ബി.ജെ.പി തന്നെ വീണ്ടും തെരഞ്ഞെടുപ്പ് ജയിച്ചു. കര്‍ണാടകയില്‍ പ്രഖ്യാപിച്ച അഞ്ച് സൗജന്യ പദ്ധതികളാണ് കോണ്‍ഗ്രസിനെ ജയിപ്പിച്ചതെന്നത് ബി.ജെ.പി അനുകൂല മാധ്യമങ്ങളുടെ പ്രചാരണം മാത്രമാണ്. അതായിരുന്നില്ല അവിടെ വിജയമൊരുക്കിയത്. വര്‍ഗീയതക്കെതിരെ സ്വീകരിച്ച ശക്തമായ നിലപാടായിരുന്നു. പദ്ധതികള്‍ പ്രഖ്യാപിക്കുന്നതില്‍ ഭരണത്തിലിരുന്ന ബസവരാജ് ബൊമ്മെയും ഒട്ടും പിറകിലായിരുന്നില്ലല്ലോ. സൗജന്യമായി പാലും ഗ്യാസും ഭക്ഷണവുമൊക്കെ അദ്ദേഹവും വാഗ്ദാനം ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാറിന്റെ അകമഴിഞ്ഞ പിന്തുണയോടെ ഈ പദ്ധതികള്‍ നിഷ്പ്രയാസം നടപ്പാക്കാമായിരുന്നിട്ടും അവിടെ എന്തുകൊണ്ട് ബി.ജെ.പി തോറ്റു?

പരാജയപ്പെട്ട മൂന്ന് സംസ്ഥാനങ്ങളിലും വിജയിച്ചിടത്തും സൂക്ഷ്മവായനയില്‍ കോണ്‍ഗ്രസിന് ചില ഗുണപാഠങ്ങളുണ്ട്. വര്‍ഗീയതയുടെ മറുപക്ഷത്ത് മൃദു വര്‍ഗീയത ഒരു തെരഞ്ഞെടുപ്പ് തന്ത്രമേയല്ലെന്ന് പാര്‍ട്ടി ആദ്യം തിരിച്ചറിയണം. 2018-ലെ അസംബ്ലി തെരഞ്ഞെടുപ്പിനു മുന്നോടിയായി നർമദാ നദീതീരത്തെ ഹൈന്ദവ ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് യാത്ര നടത്തിയ ദിഗ്‌വിജയ് സിംഗിനെ ആരായിരുന്നു അടുത്ത വര്‍ഷം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയത്? പ്രഗ്യാസിംഗ് താക്കൂര്‍ എന്ന, ഇപ്പോഴും ഭീകരാക്രമണ കേസുകളില്‍ വിചാരണ നേരിടുന്ന ഒരു കൊടും വര്‍ഗീയവാദി ആയിരുന്നില്ലേ? താന്‍ ഹിന്ദുത്വ വിരുദ്ധനാണെന്ന പ്രതിഛായ മാറ്റിയെടുക്കാനാണ് സിംഗ് അന്ന് ആ യാത്രക്ക് തയാറായതെന്നാണ് പറയപ്പെടുന്നത്. അസംബ്ലി തെരഞ്ഞെടുപ്പിന് മൂന്നു മാസം മുമ്പെ ഭാഗേശ്വര്‍ മഠാധിപതി ധീരേന്ദ്ര കൃഷ്ണ ശാസ്ത്രിയെ കമല്‍നാഥ് തന്റെ മണ്ഡലമായ ചിന്ദ്‌വാഢയിലെ ക്ഷേത്രത്തിലേക്ക് ക്ഷണിച്ചുവരുത്തി മൂന്നു നാള്‍ നീണ്ടുനിന്ന ഹനുമാന്‍ ചാലിസ നടത്തിച്ച സംഭവം മറ്റൊരു ഉദാഹരണമാണ്. ബി.ജെ.പി സഹയാത്രികരുടെ വോട്ട്ബാങ്ക് ലക്ഷ്യമിട്ടായിരുന്നു കമല്‍നാഥ് ഈ ഹിന്ദുത്വ സ്വാമിയെ രംഗത്തിറക്കിയത്. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കണമെന്ന ധീരേന്ദ്രയുടെ ആവശ്യത്തെ കുറിച്ച് പിന്നീട് കമല്‍നാഥിനു മുമ്പാകെ ചോദ്യമുയര്‍ന്നു. ഇന്ത്യയിലെ 82 ശതമാനം ജനങ്ങളും ഹിന്ദുക്കള്‍ തന്നെയല്ലേ എന്ന മറുചോദ്യമായിരുന്നു മറുപടി. അക്കങ്ങള്‍ തന്നെ പറയുന്നില്ലേ, ഇത് പ്രത്യേകിച്ച് പേരിട്ടു വിളിക്കേണ്ട കാര്യമുണ്ടോ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയെ ഹിന്ദുരാജ്യമാക്കുന്ന കാര്യത്തില്‍ തന്റെ പാര്‍ട്ടി ഇതുവരെ തീരുമാനം എടുത്തിട്ടില്ല എന്നെങ്കിലും ഇന്ദിരാ ഗാന്ധിയുടെ ഈ അരുമ ശിഷ്യന് പറയാമായിരുന്നില്ലേ?
എന്നിട്ട് തെരഞ്ഞെടുപ്പില്‍ വല്ല നേട്ടവും ഇതുകൊണ്ടുണ്ടായോ? സൗജന്യ പദ്ധതികള്‍ മാത്രമല്ല, മൃദു ഹിന്ദുത്വവും ഒരിടത്തും കോണ്‍ഗ്രസിനെ തുണച്ചിട്ടില്ല. അതിന്റെ ക്ലാസിക്കല്‍ ഉദാഹരണമാണ് മധ്യപ്രദേശിലെ നരേല മണ്ഡലം. 70,000-ത്തില്‍ പരം മുസ്‌ലിം വോട്ടുകളുള്ള ഈ മണ്ഡലത്തില്‍നിന്ന് ഭൂരിപക്ഷ സമുദായത്തിലെ 20,000 വോട്ടുകള്‍ പോലും പാര്‍ട്ടിക്ക് ആകര്‍ഷിക്കാനാവാത്തതുകൊണ്ടാണ് കോണ്‍ഗ്രസിന്റെ മനോജ് ശുക്ലയെ ബി.ജെ.പിയുടെ സിറ്റിംഗ് എം.എല്‍.എ വിശ്വനാഥ് സാരംഗ് പരാജയപ്പെടുത്തിയത്. ബുര്‍ഹാൻ പൂരിലും കോണ്‍ഗ്രസിന്റെ അമുസ്‌ലിം വോട്ടുകള്‍ ബി.ജെ.പിയിലേക്കും മുസ്‌ലിം വോട്ടുകള്‍ നല്ലൊരളവില്‍ ഉവൈസിയിലേക്കും പോയി. ഇന്‍ഡോറിലെ ഒന്നും അഞ്ചും മണ്ഡലങ്ങള്‍, ജാവോറ, സിറോഞ്ച്, വടക്കന്‍ ഉജ്ജയിന്‍ തുടങ്ങിയ മണ്ഡലങ്ങളിലും കോണ്‍ഗ്രസിന് ഇതേ അബദ്ധം സംഭവിച്ചു. മുസ്‌ലിം ഭൂരിപക്ഷമുള്ള ഈ മണ്ഡലങ്ങളില്‍ വിജയസാധ്യത കണക്കിലെടുത്ത് മറ്റു സ്ഥാനാര്‍ഥികളെ നിര്‍ത്തിയെങ്കിലും അവര്‍ക്ക് പിന്തുണ ഉറപ്പാക്കാന്‍ കോണ്‍ഗ്രസിന്റെ ഹിന്ദുത്വ വാചാടോപങ്ങള്‍ കൊണ്ട് കഴിഞ്ഞില്ല.

ദക്ഷിണേന്ത്യയില്‍ ബി.ജെ.പി വലിയ തോതില്‍ ജനപിന്തുണ നേടാത്തതിന്റെയും അധികാരത്തില്‍ നിലനില്‍ക്കാത്തതിന്റെയും കാരണം കുറെക്കൂടി വസ്തുനിഷ്ഠമായി കോണ്‍ഗ്രസ് വിലയിരുത്തേണ്ടതുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മോദിയുടെ യഥാര്‍ഥ മുഖം ഒരിക്കലും ചര്‍ച്ചക്കു വരുന്നേയില്ല. ദക്ഷിണേന്ത്യയിലാകട്ടെ മോദിയുടെ ബാഹുബലി പ്രതിഛായയും വികസന പദ്ധതികളും സദ്ഭരണ മാഹാത്മ്യവും വിലപ്പോകുന്നുമില്ല. ജാതിയും മതവുമൊക്കെ ഇന്ത്യയില്‍ എല്ലായിടത്തുമുണ്ടെങ്കിലും മോദിയെ കൃത്യമായി പൊളിച്ചടുക്കാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കഴിയുന്നതുകൊണ്ടു കൂടിയാണ് മറ്റെല്ലാ സമവാക്യങ്ങള്‍ക്കും മുകളിലായി മതേതര രാഷ്ട്രീയം ജയിച്ചു കയറുന്നത്. തെലങ്കാനയില്‍ ഭാരതീയ രാഷ്ട്ര സമിതി പരാജയപ്പെട്ടിടത്ത് ബി.ജെ.പിയല്ല കയറിവന്നതെന്ന് ശ്രദ്ധിക്കുക. ആസന്നമായ തെരഞ്ഞെടുപ്പില്‍ ഒറീസയിലും സമാനമായ സാഹചര്യം നിലനില്‍ക്കുന്നുണ്ട്. വൃദ്ധനായിത്തുടങ്ങിയ ബിജു പട്‌നായികിനെ നേരിടാന്‍ ബി.ജെ.പിയെക്കാളേറെ ആ സംസ്ഥാനത്ത് കോണ്‍ഗ്രസിനാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ബംഗാളിലും പഞ്ചാബിലും ബിഹാറിലുമൊക്കെ സമാന സ്വഭാവമുള്ള വോട്ടു ബാങ്കുകളാണുള്ളത്. താഴെത്തട്ടില്‍ മതേതര സംസ്‌കാരം നിലനില്‍ക്കുന്ന ഈ സംസ്ഥാനങ്ങളിലാണ് ബി.ജെ.പി പരാജയപ്പെടുന്നതെന്നിരിക്കെ ആ അടിത്തറയാണ് സ്വന്തം വിജയമന്ത്രമെന്ന് ഇനിയെങ്കിലും പാര്‍ട്ടിയിലെ തലമൂത്ത നേതാക്കളെ രാഹുല്‍ ഗാന്ധി പറഞ്ഞു മനസ്സിലാക്കിയാല്‍ അവര്‍ക്ക് നന്ന്. പുല്‍വാമയെ മുന്‍നിര്‍ത്തി മോദിയുടെ 'രാജ്യസ്‌നേഹ'ത്തെ പൊളിച്ചടുക്കാനും അദാനിയുമായുള്ള ബന്ധത്തിലൂടെ രാജ്യത്തിന് സംഭവിച്ച സാമ്പത്തിക വീഴ്ചകളും ചൈനക്കു മുന്നില്‍ അതിര്‍ത്തികള്‍ പണയം വെച്ച രാജ്യസുരക്ഷാ പാളിച്ചകളും തുറന്നു കാട്ടാനും ഈ തെരഞ്ഞെടുപ്പിനെ ഒരവസരമായി കോണ്‍ഗ്രസ് ഉപയോഗിച്ചിട്ടില്ല. അതിന്റെ സാധ്യതകള്‍ ഇനി എങ്ങനെ ഉപയോഗപ്പെടുമെന്ന് പാര്‍ട്ടിക്ക് പറയാനുമാവില്ല. കാരണം, ഈ ആരോപണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളഞ്ഞതാണെന്ന് ബി.ജെ.പിക്ക് മുന്‍കൂര്‍ ജാമ്യമെടുക്കാനാവും. ഇന്‍ഡ്യ എന്ന സഖ്യത്തിന്റെ സാധ്യതകളെ സംസ്ഥാനങ്ങളില്‍ ഉപയോഗപ്പെടുത്താനും പാര്‍ട്ടി ശ്രമിച്ചില്ല. ഛത്തീസ് ഗഢില്‍ പരാജയപ്പെടാനുള്ള മുഖ്യ കാരണം അതായിരുന്നു.
2024-ലെ ലോക്‌സഭാ ഇലക് ഷന്‍ നേരിടുന്നതിന് മുന്നോടിയായി കോണ്‍ഗ്രസ് പാര്‍ട്ടി ആദ്യം ചെയ്യേണ്ടത് സ്വന്തം അഹങ്കാരം ഉപേക്ഷിക്കലാണ്. മോദി എന്ന ഊതിവീര്‍പ്പിച്ച ബലൂണിന്റെ കാറ്റൊഴിച്ചു വിടാതെ അതിനെ ആകാശത്തില്‍ അലയാന്‍ വിട്ട് താഴെയിരുന്ന് നിലവിളിച്ചിട്ട് കാര്യമില്ല. മോദി പിടിച്ചുനില്‍ക്കുന്നത് എന്തൊക്കെ വ്യാജ അവകാശവാദങ്ങളുടെ പുറത്താണോ അവ ധൈര്യപൂര്‍വം ചോദ്യം ചെയ്യാന്‍ പഠിക്കണം. ജനങ്ങളിലേക്ക് യാഥാര്‍ഥ്യങ്ങൾ എത്തിക്കാനുള്ള സംവിധാനങ്ങള്‍ ഉണ്ടാക്കിയെടുക്കണം. എല്ലാറ്റിനുമുപരി നിലത്തിറങ്ങി പണിയെടുക്കുകയും വേണം. സൗജന്യ പദ്ധതികളും സംവരണവും ജാതിയുമൊന്നും ഒരു പരിധിയിലധികം വോട്ടുകള്‍ നേടിത്തരില്ല. മധ്യപ്രദേശിലും രാജസ്ഥാനിലും പുതിയ തലമുറക്ക് നേതൃത്വം കൈമാറണം. വയസ്സന്‍ കുതിരകള്‍ക്ക് വിശ്രമം കൊടുക്കണം. ആശയപരമായി ബി.ജെ.പിയുടെ പ്രതിപക്ഷമാകുമ്പോഴാണ്, അല്ലാതെ അവരുടെ പ്രേതമാകുമ്പോഴല്ല ജനങ്ങള്‍ക്ക് കോണ്‍ഗ്രസ്സിനെ ആവശ്യമുള്ളതെന്ന് തിരിച്ചറിയണം. l

'ജെറുസലേം പോസ്റ്റ്' പ്രസിദ്ധീകരിച്ച ഒരു സുപ്രധാന റിപ്പോർട്ട് ഇസ്രായേൽ - ഹമാസ് മനഃശാസ്ത്ര യുദ്ധത്തെ കുറിച്ചാണ്.
ഇസ്രായേലിന്റെ ബലഹീനതകൾ മനസ്സിലാക്കി മനഃശാസ്ത്ര യുദ്ധത്തിൽ അവ ഉപയോഗിക്കാനുള്ള ഹമാസിന്റെ മിടുക്ക് അപാരമാണെന്ന് ഒരു കൂട്ടം വിശകലന വിദഗ്ധരെയും നിരീക്ഷകരെയും ഉദ്ധരിച്ച് പത്രം അഭിപ്രായപ്പെടുന്നു.
ബാർ-ഇലാൻ യൂനിവേഴ്സിറ്റിയിലെ ഇൻഫർമേഷൻ സയൻസസ് ഡിപ്പാർട്ട്മെന്റിലെ ഇസ്രായേലി വിദഗ്ധൻ ഗാൽ യാവിറ്റ്സ്, ഹമാസാണ് ആദ്യ ദിനം മുതൽ മനഃശാസ്ത്ര യുദ്ധത്തിന്റെ ഗതിയും സ്വരവും നിശ്ചയിക്കുന്നത് എന്ന് അടിവരയിടുന്നുണ്ട്.
ഇസ്രായേൽ - ഹമാസ് മുൻ സംഘർഷങ്ങളിൽനിന്ന് വ്യത്യസ്തമായി, ഇത്തവണത്തെ സൈബർ യുദ്ധത്തിൽ (ലോകത്തിലെ എക്കാലത്തെയും വലിയ സൈബർ യുദ്ധമാണിത്) ഹമാസും ഫലസ്ത്വീനിയൻ ആഖ്യാനങ്ങളുമാണ് മേൽക്കൈ നേടിയത്. അമേരിക്കയിലും യൂറോപ്പിലും ഇന്ത്യയിലുമടക്കം ലോകത്തെല്ലായിടത്തും ഫലസ്ത്വീൻ അനുകൂല അനുരണനങ്ങളാണ് ഉണ്ടായത്.

മനഃശാസ്ത്ര യുദ്ധം എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്ന റോൺ ഷ്ലീഫർ പറയുന്നത്, ഇസ്രായേലിനെ കടുത്ത നിരാശയിലേക്കും നിസ്സഹായതയിലേക്കും തള്ളിയിടാൻ ഹമാസിന് കഴിഞ്ഞു എന്നാണ്. ബന്ദികളുമായി ബന്ധപ്പെട്ടും നഗര യുദ്ധങ്ങളുമായി ബന്ധപ്പെട്ടും ഹമാസും ഇതര ഫലസ്ത്വീൻ പ്രതിരോധ ഗ്രൂപ്പുകളും സംപ്രേഷണം ചെയ്ത വീഡിയോകൾ ഇസ്രായേൽ സർക്കാരിനും സമൂഹത്തിനും എതിരായ ശക്തമായ മനഃശാസ്ത്ര യുദ്ധം തന്നെയാണെന്ന് ഇവർ വിശദീകരിക്കുന്നു. ഹീബ്രു ചാനലുകൾ ബന്ദികളുമായി ബന്ധപ്പെട്ട വീഡിയോകൾ സംപ്രേഷണം ചെയ്യാതെ മാറിനിന്നു.

മനഃശാസ്ത്ര യുദ്ധം തങ്ങൾക്കനുകൂലമാക്കി മാറ്റാൻ ഹമാസ് 2010-ലും 2014-ലും തുടങ്ങിയ ശ്രമങ്ങൾ പഠനാർഹമാണെന്നും റിപ്പോർട്ട് ഊന്നിപ്പറയുന്നു.
മനഃശാസ്ത്ര യുദ്ധ സംബന്ധമായി ധാരാളം വിശകലനങ്ങൾ 2023-ലെ ഗസ്സ ആക്രമണശേഷം മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും നമുക്ക് കാണാം. ലോകത്തെല്ലായിടത്തുമുള്ള അധീശ ശക്തികൾ ദുർബല സമൂഹങ്ങൾക്കെതിരെ യഥാർഥ യുദ്ധവും വംശഹത്യയും നടത്തുന്നതിന് മുമ്പ് ആരംഭിക്കാറുള്ളതാണ് മനഃശാസ്ത്ര യുദ്ധം. ഗസ്സയിലെ ചെറുത്തു നിൽപ്പ് പ്രസ്ഥാനം ഇതിനെ മറികടന്നത് അത്ഭുതകരമാണെന്ന് പലരും നിരീക്ഷിക്കുന്നുണ്ട്. അമേരിക്കയും യൂറോപ്പും വൻ പിന്തുണ നൽകി, ഒരു നൂറ്റാണ്ടോളമായി സയണിസ്റ്റ് അധിനിവേശ ശക്തി തുടരുന്ന ആക്രമണങ്ങൾക്ക് മുന നഷ്ടമാകുന്നതായാണ് വിലയിരുത്തപ്പെടുന്നത്. പതിനയ്യായിരത്തിലധികം നിരപരാധികളെ ബോംബ് വർഷിച്ച് നിഷ്ഠുരമായി വധിക്കുകയും ഗസ്സ നഗരം തകർക്കുകയും ചെയ്തു എന്നതൊഴിച്ചാൽ ഇസ്രയേലിന്റെ ചരിത്രത്തിൽ അപൂർവമായി മാത്രം സംഭവിച്ചിട്ടുള്ള വൻ പരാജയങ്ങളിലൊന്നായി ഈ സംഘർഷം ചരിത്രത്തിൽ രേഖപ്പെട്ടുകഴിഞ്ഞു.

മനഃശാസ്ത്ര യുദ്ധം മുതൽ രാഷ്ട്രീയവും സൈനികവും മാധ്യമപരവുമായ സർവ മേഖലകളിലും അമേരിക്കൻ - ഇസ്രയേലി നീക്കങ്ങൾ പരാജയപ്പെട്ടുകഴിഞ്ഞുവെന്നതിൽ സന്ദേഹത്തിന് വകയില്ല. ഒക്ടോബർ 7-ന് തന്നെ ഇസ്രായേൽ സേനയും ഇന്റലിജൻസും രാഷ്ട്രീയമായും സൈനികമായും പരാജയപ്പെട്ടു പോയിരുന്നുവെന്ന് ഇസ്രായേൽ ചീഫ് ഓഫ് ജനറൽ സ്റ്റാഫ് ഹെർസി ഹാലേവി സമ്മതിക്കുന്നുണ്ട്. കരയുദ്ധം തുടങ്ങിയത് മുതൽ വലിയ പരാജയം നേരിട്ടു എന്ന് നെതന്യാഹു തന്നെ പറയാതെ പറയുന്നുണ്ട്. ഈ ഭൂമിയിലെ ജീവിതത്തെ വലുതായി കാണാത്ത, മറ്റൊരു ശാശ്വത ജീവിതത്തെ നിരന്തരമന്വേഷിക്കുന്ന പ്രേതങ്ങളോടും ബ്ലാക് ബോക്സിനോടുമാണ് തങ്ങൾ ഗസ്സയിൽ ഏറ്റുമുട്ടുന്നതെന്ന് ഇസ്രായേൽ ജനറലുമാർ തന്നെ വെളിപ്പെടുത്തുകയുണ്ടായി.
ഹമാസ് വക്താവ് അബൂ ഉബൈദ പറയുന്നു; ഖസ്സാം ബ്രിഗേഡിനെ നേരിടാനുള്ള ആത്മബലമില്ലാതെ സയണിസ്റ്റ് പട്ടാളക്കാർ അട്ടഹസിക്കുന്നതും നിലവിളിക്കുന്നതും ഗസ്സയുടെ എല്ലാ ഭാഗങ്ങളിലും ഞങ്ങൾ കണ്ടു എന്ന്.

മനഃശാസ്ത്ര യുദ്ധത്തിൽ അധിനിവേശ രാജ്യം പരാജയപ്പെട്ടു എന്നതിന്റെ മറ്റൊരു തെളിവ് ഇസ്രായേൽ മൂടിവെക്കുന്ന യുദ്ധ നഷ്ടത്തിന്റെ കണക്കുകളാണ്.
പ്രമുഖ ഇസ്രായേലി പത്രമായ ഹാരെറ്റ്സ് വെളിപ്പെടുത്തുന്നത് ഗസ്സയിലെ കരയുദ്ധത്തിൽ നേരിട്ട നഷ്ടങ്ങളെ കുറിച്ച ഇസ്രായേലി വെളിപ്പെടുത്തലുകൾ ഒട്ടുമേ സത്യസന്ധമല്ലെന്നാണ്.
അതേസമയം ഹമാസിന്റെ വക്താവും മീഡിയാ തലവനുമായ അബൂ ഉബൈദയുടെ വാർത്താ സമ്മേളനങ്ങളും ലഘു ഭാഷണങ്ങളും ഇസ്രായേലിന് മേൽ മനഃശാസ്ത്ര ബോംബുകളായി വർഷിക്കുകയായിരുന്നു. ബന്ദി മോചനവുമായി ബന്ധപ്പെട്ട് ഹമാസ് നേതാവ് ഉസാമ ഹംദാൻ ബൈറൂത്തിലെ സംഘടനാ ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്താ സമ്മേളനം ഇസ്രായേലി സമൂഹത്തിൽ നെതന്യാഹുവിനെതിരെ വലിയ രോഷമാണ് വളർത്തിയത്. ഹമാസ് അഴിച്ചുവിട്ട മനഃശാസ്ത്ര - മീഡിയാ ആക്രമണങ്ങൾ യുദ്ധഗതിയും വെടിനിർത്തലും നിർണയിക്കുന്നതിലും ഫലസ്ത്വീന്റെ ഭാവി നിശ്ചയിക്കുന്നതിലും വലിയ പങ്കാണ് വഹിക്കാൻ പോകുന്നത്.
മൊസാദിന്റെയും സി.ഐ.എയുടെയും തലവൻമാരും യു.എസ് രാഷ്ട്രത്തലവൻമാരും ദോഹയിലെത്തി മാരത്തൺ ചർച്ചകൾ നടത്തി എന്നതും നമ്മുടെ മുന്നിലേക്ക് വെക്കുന്നത് മറിച്ചൊരു വസ്തുതയല്ല.

ഹമാസ് ഇസ്രായേലി കുട്ടികളുടെ തലയറുത്തുവെന്ന സയണിസ്റ്റ് പ്രോപഗണ്ടയെ ഒരു തെളിവുമില്ലാതെ ആവർത്തിച്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുള്ള മറുപടിയാണ്, ഗസ്സയിൽനിന്ന് ഖസ്സാം ബ്രിഗേഡിന്റെ പോരാളികളോട് സ്നേഹ വികാരങ്ങളോടെ യാത്ര പറയുന്ന ഇസ്രായേലി സ്ത്രീകളും കുട്ടികളും. ശത്രുവിനെ തിരിച്ചറിയുന്നതിൽ വിജയിക്കുന്ന ഒരു സമൂഹവും അവരെത്ര ദുർബലരാണെങ്കിലും പരാജയപ്പെടില്ലെന്നതാണ് ഹമാസും ഗസ്സയും ചെറുത്തു നിൽപ്പ് ഗ്രൂപ്പുകളും നൽകുന്ന പാഠം.

ഈ യുദ്ധത്തിൽ (യുദ്ധമെന്ന് വിളിക്കാൻ കഴിയില്ലെങ്കിലും) ഇസ്രായേൽ അധിനിവേശം നേരിട്ട ധാർമികവും ഭൗതികവുമായ നഷ്ടത്തിന്റെ തോത് പുതിയ ലോകത്തെ വിമോചനം കൊതിക്കുന്ന എല്ലാ ജനതകൾക്കും നൽകുന്ന പ്രചോദനവും കരുത്തും ചെറുതാവില്ല. അതിനാൽ തന്നെയാണത് അറബ് സയണിസ്റ്റുകളുടെയും ചില സൈനിക ജനറലുമാരുടെയും ആധി വർധിപ്പിക്കുന്നതും ഉറക്കം കെടുത്തുന്നതും. ദുർബല ജനതകൾക്കും, നിരന്തരം അടിച്ചമർത്തപ്പെടുന്ന ജനാധിപത്യവാദികൾക്കും പ്രസ്ഥാനങ്ങൾക്കും അഭിമാനത്തോടെ തല ഉയർത്തിപ്പിടിക്കാനായാൽ, ഒരു വിജയിയുടെ മനോബലത്തോടെ ലോകത്തെ അഭിമുഖീകരിക്കാൻ കഴിഞ്ഞാൽ, പേടിയെ മനസ്സിൽനിന്ന് തൂത്തെറിയാനായാൽ അവരുടെ പ്രയാണം വിജയപാതയിലൂടെയായിരിക്കും.
ഇതാണ് ഗസ്സ പകർന്നുനൽകുന്ന പ്രതിരോധത്തിന്റെ ചൂട്. l

മാളയുടെ ഇസ് ലാമിക ഉണര്‍വിന്റെയും മതസൗഹാര്‍ദത്തിന്റെയും ചരിത്രം രേഖപ്പെടുത്തുമ്പോള്‍ നിര്‍ബന്ധമായും ഉൾപ്പെടുത്തേണ്ട രണ്ട് വ്യക്തിത്വങ്ങളാണ് കോഴിക്കോട് ജില്ലയിലെ വാണിമേലിലെ നരിപ്പറ്റയില്‍നിന്ന് മാളയില്‍ താമസമാക്കിയ കെ. അബ്ദുസ്സലാം മൗലവിയും ആലപ്പുഴ ജില്ലയിലെ നീര്‍ക്കുന്നത്ത് നിന്ന് മാളയില്‍ താമസമാക്കിയ ടി.എ മുഹമ്മദ് മൗലവിയും. ഇരുവരും തങ്ങളുടെ പേരിനോടൊപ്പം മാളയുടെ പേരും ചേര്‍ത്താണ് അറിയപ്പെട്ടത്. അബ്ദുസ്സലാം മൗലവി ഇരുപത്തിനാല് വര്‍ഷം മുമ്പ് അല്ലാഹുവിലേക്ക് യാത്രയായി. ഇക്കഴിഞ്ഞ നവംബര്‍ പതിനാലിന് മാള ടി.എ മുഹമ്മദ് മൗലവി(87)യും നമ്മെ വിട്ടുപിരിഞ്ഞു.

ടി.എ മുഹമ്മദ് മൗലവി

പൊന്നാനി താലൂക്കിലെ പുന്നയൂര്‍ക്കുളം പെരുമ്പടപ്പില്‍നിന്ന് ആലപ്പുഴ ജില്ലയിലെ നീര്‍ക്കുന്നത്ത് വന്നു താമസമാക്കിയ അഹ് മദ് കുട്ടി ഹാജിയാണ് ടി.എ മുഹമ്മദ് മൗലവിയുടെ പിതാവ്. പണ്ഡിത കുടുംബമായിരുന്നു ടി.എ മൗലവിയുടേത്. പിതാവും പിതാമഹന്‍ കുട്ട്യാമു മുസ് ലിയാരും പിതാവിന്റെ അമ്മാവനും (വടക്കന്‍ മുസ് ലിയാര്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടത്) പണ്ഡിതന്മാരും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഖത്വീബും മുദർരിസുമൊക്കെയായി സേവനമനുഷ്ഠിച്ചവരുമാണ്. നീര്‍ക്കുന്നത്ത് നിന്ന് വിവാഹം കഴിച്ച് അവിടത്തുകാരനായി മാറിയ അമ്മാവന്‍ വടക്കന്‍ മുസ് ലിയാരുടെ ആഗ്രഹ പ്രകാരം ടി.എ മൗലവിയുടെ പിതാവും നീര്‍ക്കുന്നത്ത് നിന്ന് വിവാഹം കഴിച്ച് പരിസര പ്രദേശങ്ങളില്‍ ഖത്വീബും മുദർരിസുമായി സേവനമനുഷ്ഠിച്ച് നീര്‍ക്കുന്നത്തുകാരനായി മാറി. പുന്നയൂര്‍ക്കുളത്തെയും നീര്‍ക്കുന്നത്തെയും രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം അതോടെ കൂടുതല്‍ ശക്തമായി.

പുന്നയൂര്‍ക്കുളം കോറോത്തതില്‍ അഹ് മദ് കുട്ടി ഹാജിയുടെയും നീര്‍ക്കുന്നം കപ്പാംമൂട്ടില്‍ ഉമ്മുകുത്സൂം ബീവിയുടെയും ഒമ്പത് മക്കളില്‍ ഒന്നാമനായാണ് 1936-ൽ ടി.എ മുഹമ്മദ് മൗലവി ജനിക്കുന്നത്. നാലം ക്ലാസില്‍ സ്‌കൂള്‍ പഠനം അവസാനിപ്പിക്കേണ്ടി വന്ന അദ്ദേഹം പള്ളിദര്‍സിലേക്ക് തിരിഞ്ഞത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി. ആറാട്ടുപുഴ, പുന്നപ്ര, നീര്‍ക്കുന്നം, പുന്നയൂര്‍ക്കുളം, കീരിക്കാട്, ക്ലാപ്പന, പന്താവൂര്‍, ചന്തിരൂര്‍ തുടങ്ങിയ വിവിധ പള്ളിദര്‍സുകളിലൂടെ ആ പഠനയാത്ര തുടര്‍ന്നു. ഒടുവില്‍ കായംകുളം ഹസനിയ അറബിക് കോളേജില്‍ എത്തിച്ചേരുകയും അവിടന്നു 'മൗലവി അല്‍ ഹസനി' ബിരുദം നേടുകയും ചെയ്തു.

ടി.എ മുഹമ്മദ് മൗലവിയുടെ ഭാര്യ സഫിയ

ഹസനിയയിലെ പഠനകാലത്ത് അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആകൃഷ്ടനായി. അധികൃതരുടെ കണ്ണ് വെട്ടിച്ച് പാര്‍ട്ടി സാഹിത്യങ്ങള്‍ വായിക്കുകയും പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുമായിരുന്നു. സഹപാഠികളുമായും അധ്യാപകരുമായും അദ്ദേഹം സംവാദത്തിലേര്‍പ്പെട്ടു. പാര്‍ട്ടിക്കുവേണ്ടി വാദിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളായ എം.എന്‍ ഗോവിന്ദന്‍ നായര്‍, തോപ്പില്‍ ഭാസി, ഇമ്പിച്ചി ബാവ, അഡ്വ. ആഇഷ ഭായ് തുടങ്ങിയവരുമായി ഉറ്റബന്ധം പുലര്‍ത്തി. ചെറുപ്പത്തില്‍ ദിവാന്‍ സര്‍ സി.പി രാമസ്വാമിയുടെ രാജഭരണത്തിലെ ഭരണകൂട ഭീകരതകളും അതിനെതിരെ നടന്ന പുന്നപ്ര വയലാര്‍ സമര പോരാട്ടങ്ങളും കണ്ടു വളര്‍ന്ന ടി.എ മൗലവിയുടെ മനസ്സില്‍ ഭരണകൂട-മുതലാളിത്ത അവിശുദ്ധ കൂട്ടുകെട്ടിനെതിരെ അമര്‍ഷം വളര്‍ന്നു. കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നടത്തുന്ന ശ്രമങ്ങളും പാര്‍ട്ടി നേതാക്കളുടെ ലളിത ജീവിതവും പോരാട്ടവീര്യവുമൊക്കെയാണ് അദ്ദേഹത്തെ കമ്യൂണിസത്തിലേക്ക് ആകര്‍ഷിച്ചത്. തന്റെ സ്വത്ത് മുഴുവന്‍ വിറ്റ് പാര്‍ട്ടിക്ക് സംഭാവന ചെയ്ത് പാര്‍ട്ടി ഓഫീസില്‍ അന്തിയുറങ്ങി ജീവിതം പാര്‍ട്ടിക്കുവേണ്ടി സമര്‍പ്പിച്ച ആര്‍. സുഗതന്‍ ടി.എ മൗലവിയെ ഏറെ സ്വാധീനിച്ച നേതാവാണ്.

അദ്ദേഹത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ഗുരുനാഥന്മാരില്‍ പലരും ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ആയിടക്ക് ഹസനിയ സന്ദര്‍ശിച്ച സി.എന്‍ അഹ്്മദ് മൗലവിയുമായി സംസാരിക്കാന്‍ അധ്യാപകര്‍ അവസരമൊരുക്കിക്കൊടുത്തെങ്കിലും ടി.എ മൗലവി തന്റെ നിലപാടില്‍ ഉറച്ചുനിന്നു. സംസാരത്തിനൊടുവില്‍ സി.എന്‍ അഹ്്മദ് മൗലവി പ്രബോധനം വായിക്കാന്‍ നിര്‍ദേശിക്കുകയും അദ്ദേഹം തന്നെ അത് ടി.എ മൗലവിക്ക് അയച്ചുകൊടുക്കുകയും ചെയ്തു. പ്രബോധനം വായന തുടങ്ങിയത് അദ്ദേഹത്തിന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായിരുന്നു. പ്രബോധനം വായന തന്നിലുണ്ടാക്കിയ ചിന്താപരമായ മാറ്റത്തെക്കുറിച്ച് അദ്ദേഹം തന്റെ ജീവിതം പറയവെ രേഖപ്പെടുത്തിയത് ഇങ്ങനെയാണ്: ''പേജുകള്‍ മറിച്ചു നോക്കിയപ്പോൾ ആദ്യം ശ്രദ്ധയില്‍ പെട്ടത് 'ഒരു മനുഷ്യന്‍ ഒരു വ്യവസ്ഥ' എന്ന ലേഖനമാണ്. എഴുതിയത് പി. ഉസ്മാന്‍ കറാച്ചി. ലേഖനം വായിച്ചു തീര്‍ന്നപ്പോള്‍ മനസ്സ് കലുഷമായി. പിന്നീടങ്ങോട്ട് കുറച്ച് ദിവസം ചിന്തയില്‍ തന്നെയായിരുന്നു. തുടര്‍ ലക്കങ്ങളില്‍ വന്ന ലേഖനത്തിന്റെ ബാക്കി ഭാഗങ്ങള്‍ താല്‍പര്യത്തോടെ വായിച്ചു. തലയില്‍ പുതിയൊരു വെളിച്ചം കയറുന്നതു പോലെ അനുഭവപ്പെട്ടു. ഇസ് ലാമിന്റെ സമ്പൂര്‍ണത, പ്രായോഗികത, സാര്‍വലൗകികത, സര്‍വ പ്രശ്‌നങ്ങള്‍ക്കും പരിഹാരങ്ങള്‍ നല്‍കാനുള്ള ശേഷി തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ അപ്പോള്‍ മാത്രമാണ് മനസ്സിലായത്. കനപ്പെട്ട കിത്താബുകള്‍ ഓതിയിട്ടും എനിക്കത് എന്തുകൊണ്ട് നേരത്തെ ബോധ്യപ്പെട്ടില്ല! ഇസ് ലാമിനെ സമഗ്ര സ്വഭാവത്തില്‍ അവതരിപ്പിക്കുന്ന പ്രൗഢമായ ഗ്രന്ഥങ്ങളായിരുന്നല്ലോ അവയെല്ലാം. കിത്താബുകള്‍ പഠിപ്പിക്കേണ്ട വിധം പഠിപ്പിക്കപ്പെട്ടില്ല എന്നു സാരം. ഞാന്‍ പ്രബോധനത്തിന്റെ സ്ഥിരം വായനക്കാരനായി. ഇസ് ലാം മനോഹരമായ ഒരു സാമൂഹിക, രാഷ്ട്രീയ വ്യവസ്ഥ മുന്നോട്ട് വെക്കുന്നുണ്ട് എന്ന് ബോധ്യപ്പെട്ടു. അതുകൊണ്ടു തന്നെ മനുഷ്യ നിര്‍മിത ഭൗതിക പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ അംഗീകരിക്കാന്‍ ഒരു മുസ് ലിമിന് വകുപ്പില്ല എന്നു മനസ്സിലായി. എന്റെ ജീവിതത്തിലെ അപ്രതീക്ഷിത വഴികാട്ടിയായി സി.എന്‍ മാറുകയായിരുന്നു'' (പ്രബോധനം 2018 ഫെബ്രുവരി 16).

ശബരിമല മുൻ മേൽ ശാന്തി രാജു സ്വാമി ജയരാജ് പോറ്റിയോടൊപ്പം

ഹസനിയയില്‍ പഠിക്കുന്ന കാലത്താണ് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ രൂപവത്കരണം നടക്കുന്നത്. ആ യോഗത്തില്‍ പങ്കെടുക്കുകയും അംഗത്വമെടുക്കുകയും ചെയ്തിരുന്നു. ഹസനിയയിലെ പഠനം പൂര്‍ത്തിയാക്കിയ ശേഷം തേയിലക്കച്ചവടക്കാരനായി 1957-ല്‍ മാളയിലേക്ക് വണ്ടികയറി. അങ്ങനെയാണ് 'മൗലവി അല്‍ ഹസനി' ബിരുദം നേടിയ അദ്ദേഹം മാളക്കാരുടെ 'ചായപ്പൊടി മുസ് ലിയാര്‍' ആകുന്നത്.

മാളയില്‍ വെച്ചാണ് അദ്ദേഹം സജീവ ജമാഅത്തെ ഇസ് ലാമി പ്രവര്‍ത്തകനാകുന്നത്. മാളയിലെ അംഗുലീപരിമിതമായ ജമാഅത്ത് പ്രവര്‍ത്തകരോടൊപ്പം ചേര്‍ന്നു മാള മഹല്ല് പള്ളിയായ മുഹ് യിദ്ദീന്‍ ജുമുഅത്ത് മസ്ജിദിന്റെയും പരിസരത്തെ പള്ളികളുടെയും നടത്തിപ്പ് കാര്യക്ഷമമാക്കുന്നതില്‍ ശ്രദ്ധ ചെലുത്തി. വീടുകള്‍ കയറിയിറങ്ങി ആളുകളെ പള്ളിയിലേക്ക് ക്ഷണിച്ചു.

കെ. അബ്ദുസ്സലാം മൗലവി മാളയില്‍ താമസമാക്കിയതോടെ മാളയിലെ ഇസ് ലാമിക പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമായി. തല്‍പരകക്ഷികളുടെ എതിര്‍പ്പും കൂടിക്കൂടി വന്നു. സ്വന്തമായി നമസ്‌കാരത്തിനും ജുമുഅക്കും സൗകര്യമൊരുക്കാന്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യവുമുണ്ടായി. അങ്ങനെയാണ് ഇന്ന് മാള ടൗണില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഇസ് ലാമിക പ്രസ്ഥാനത്തിന്റെ അഭിമാനമായ ഐ.എസ്.ടി പിറവിയെടുക്കുന്നത്. ഐ.എസ്.ടിയുടെ തുടക്കമായി പണിത ഷെഡില്‍ സ്ത്രീകള്‍ക്കു കൂടി സൗകര്യം ഏര്‍പ്പെടുത്തി ജുമുഅയും ആരംഭിച്ചു. ഇപ്പോഴത്തെ ഐ.എസ്.ടി ബില്‍ഡിംഗിലെ ജുമുഅത്ത് പള്ളിയുടെ ഉദ്ഘാടനം ടി.കെ മുഹമ്മദ് ആലുവ, സച്ചിദാനന്ദ സ്വാമി, ഒരു ക്രൈസ്തവ പുരോഹിതന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചത്. ഇംഗ്ലീഷ് പത്രമുള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെ അത് റിപ്പോര്‍ട്ട് ചെയ്തു. ഈ സംഭവം ഏറെ വിമര്‍ശനങ്ങള്‍ക്കും കാരണമായി. മുസ് ലിംകള്‍ അല്ലാത്തവരെ പള്ളിയില്‍ കയറ്റി എന്നതായിരുന്നു ആക്ഷേപം. ഉദ്ഘാടനം ഇങ്ങനെയായിരിക്കണം എന്നു തീരുമാനിക്കുന്നതിലും അതു നടപ്പാക്കുന്നതിലും മുന്നില്‍നിന്നത് ടി.എ മൗലവി ആയിരുന്നു. അദ്ദേഹത്തെ വിമര്‍ശിച്ചുകൊണ്ട് ആരോ അദ്ദേഹത്തിന് എഴുതിയ കത്തിന്റെ തുടക്കം 'ഓം മുഹമ്മദ് സ്വാമി നമ ശിവായഃ' എന്നായിരുന്നു; തുടർന്ന് കുറെ തെറികളും.

കെ.അബ്ദുസ്സലാം മൗലവിയുടെ ഭാര്യ റാബിയ

വിവിധ മതനേതാക്കളുമായും രാഷ്ട്രീയ നേതാക്കളുമായും വ്യക്തിബന്ധം സ്ഥാപിച്ചിരുന്ന അദ്ദേഹം മതസൗഹാര്‍ദത്തിനുവേണ്ടി നിലകൊള്ളുകയും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ വേണ്ട ഇടപെടലുകള്‍ നടത്തുകയും ചെയ്തു. മാളക്കടുത്ത ചക്കാംപറമ്പ് അമ്പലത്തിലെ ഉത്സവത്തിനിടയില്‍ രണ്ട് മുസ് ലിം കുട്ടികൾ എന്തോ പറഞ്ഞ് തല്ലുണ്ടാക്കി. വര്‍ഗീയ ലഹളയിലേക്ക് വരെ തെന്നിമാറിപ്പോകുമായിരുന്ന ആ സംഭവം രമ്യമായി പരിഹരിക്കുന്നതില്‍ മൗലവിയുടെ ഇടപെടലിന് വലിയ പങ്കുണ്ടായിരുന്നു.

ഐ.എസ്.ടിയുടെ ആഭിമുഖ്യത്തില്‍ വിവിധ മതവിഭാഗങ്ങളെ പങ്കെടുപ്പിച്ച് സമൂഹ വിവാഹം സംഘടിപ്പിച്ചപ്പോള്‍ അതിന്റെ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തത് മുൻ ‍മുഖ്യമന്ത്രി കെ. കരുണാകരനാണ്. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബ് ഖുത്വ്്ബ നിര്‍വഹിച്ച ചടങ്ങില്‍ മുഖ്യ അതിഥിയായി പങ്കെടുത്തത് അന്നത്തെ ജില്ലാ കളക്ടര്‍ ടിക്കാറാം മീണയായിരുന്നു. വടക്കേ ഇന്ത്യക്കാരനായ അദ്ദേഹം ആശംസാ പ്രസംഗത്തില്‍ ആവേശത്തോടെ പറഞ്ഞു: ''മതസൗഹാര്‍ദം എന്നൊന്നുണ്ടെങ്കില്‍ അതിവിടെയാണ്, ഇവിടെയാണ്, ഇവിടെയാണ്.'' ഈ പ്രവര്‍ത്തനങ്ങള്‍ക്കൊക്കെയും ചുക്കാന്‍ പിടിച്ചത് ടി.എ മൗലവിയായിരുന്നു. പാലക്കാട് ജില്ലാ നാസിമായിരിക്കെ വിവിധ മതവിഭാഗങ്ങളെ ഉള്‍പ്പെടുത്തി രൂപവത്കരിച്ച പാലക്കാട് സൗഹൃദ വേദി മതസൗഹാര്‍ദം നിലനിര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.

മുൻ മുഖ്യമന്ത്രി കെ.കരുണാകരനോടൊപ്പം

മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനുമായി വളരെ അടുത്ത ബന്ധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ആ ബന്ധം ഇസ് ലാമിക പ്രസ്ഥാനത്തിന് അനുഗുണമാംവിധം ഉപയോഗപ്പെടുത്തുന്നതിലും മൗലവി പ്രത്യേകം ശ്രദ്ധിച്ചു. ഒരിക്കല്‍ പരിചയപ്പെടുന്നവരോട് ബന്ധം സ്ഥാപിച്ച് നിലനിര്‍ത്തുന്നതില്‍ പ്രത്യേക തല്‍പരനായിരുന്നു അദ്ദേഹം. ബന്ധപ്പെടുന്നവരില്‍ പ്രധാനപ്പെട്ടവരുടെയൊക്കെ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തിയ ഡയറി ഈ മൊബൈല്‍ യുഗത്തിലും സന്തത സഹചാരിയായി കൂടെ ഉണ്ടാകുമായിരുന്നു. അതെവിടെയെങ്കിലും മറന്നുപോയാല്‍ (അതു പലപ്പോഴും സംഭവിക്കുമായിരുന്നു) അത് തിരികെ കിട്ടുന്നതു വരെ വലിയ അസ്വസ്ഥത പ്രകടിപ്പിക്കും.

ഭൗതിക പ്രസ്ഥാനങ്ങളില്‍ ആകൃഷ്ടരായ ഒരുപാട് പേരെ ഇസ് ലാമിന്റെ വഴിയിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായിരുന്ന എന്റെ വാപ്പയെ ഇസ് ലാമിക പ്രസ്ഥാന പ്രവര്‍ത്തകനാക്കി മാറ്റിയത് എന്റെ അമ്മാവന്‍ കൂടിയായ ടി.എ മൗലവിയാണ്. അതുവഴി ഞങ്ങളുടെ കുടുംബത്തിലെ ഉമ്മയുള്‍പ്പെടെ എല്ലാവര്‍ക്കും ഇസ് ലാമിക പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരാകാന്‍ ഭാഗ്യം ലഭിച്ചു. അങ്ങനെ എത്രയെത്ര കുടുംബങ്ങള്‍. ഒരുകാലത്ത് കേരളത്തിലെ ഇസ് ലാമിക പ്രസ്ഥാനത്തിന്റെ സ്റ്റേജുകളിലെ തീപ്പൊരി പ്രസംഗകനായിരുന്ന സി.കെ.ബി വാളൂരിനെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍നിന്ന് ഇസ് ലാമിക പ്രസ്ഥാനത്തിലേക്ക് വഴിനടത്തിച്ചത് കെ. അബ്ദുസ്സലാം മൗലവിയുടെയും ടി.എ മൗലവിയുടെയും ശ്രമങ്ങളാണ്.

1979-ല്‍ ജമാഅത്ത് അംഗമായതോടെ മുഴുസമയ ജമാഅത്ത് പ്രവര്‍ത്തകനായി മാറി. തൃശൂര്‍ ജില്ലാ നാസിം, പാലക്കാട് ജില്ലാ നാസിം, സംസ്ഥാന കൂടിയാലോചനാ സമിതി അംഗം എന്നീ ഉത്തരവാദിത്വങ്ങള്‍ വഹിച്ചു.

കേരളത്തിലെ ഒരുപാട് വേദികളില്‍ ഇസ് ലാമിക പ്രഭാഷണങ്ങളും പ്രാസ്ഥാനിക പ്രഭാഷണങ്ങളും നടത്തി. പരലോകം അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് വിഷയമായിരുന്നു. പരലോകത്തെ കുറിച്ച അദ്ദേഹത്തിന്റെ പ്രഭാഷണം കേള്‍ക്കുന്നവരില്‍ കണ്ണീര്‍ പൊഴിക്കാത്തവരായി ആരുമുണ്ടാവില്ല.

1977-ല്‍ അടിയന്തരാവസ്ഥക്കു ശേഷം എന്റെ നാടായ നീര്‍ക്കുന്നത്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രവര്‍ത്തകര്‍ പത്ത് ദിവസം നീണ്ടുനിന്ന ഒരു ജമാഅത്ത് വിമര്‍ശന വഅ്‌ള് പരമ്പര സംഘടിപ്പിച്ചു. സമസ്ത നേതാക്കളായ വാണിയമ്പലം അബ്ദുര്‍റഹ് മാന്‍ മുസ് ലിയാര്‍, ഇ.കെ അബൂബക്കര്‍ മുസ് ലിയാര്‍, ഇ.കെ ഹസന്‍ മുസ് ലിയാര്‍ തുടങ്ങിയ പ്രഗത്ഭ പണ്ഡിതന്മാരായിരുന്നു പ്രഭാഷകര്‍. ഈ പത്ത് ദിവസത്തെ ഖണ്ഡന പ്രസംഗങ്ങള്‍ക്ക് ജമാഅത്ത് സംഘടിപ്പിച്ച മറുപടി പ്രസംഗത്തിലെ പ്രാസംഗികന്‍ നീര്‍ക്കുന്നത്തുകാരനായ മാള ടി.എ മുഹമ്മദ് മൗലവിയായിരുന്നു. 'വിമര്‍ശനങ്ങളുടെ പൊള്ളത്തരങ്ങള്‍' എന്ന തലക്കെട്ടില്‍ നാല് മണിക്കൂറിലധികം നീണ്ടുനിന്ന പ്രസംഗത്തില്‍, പത്ത് ദിവസം വിവിധ പണ്ഡിതന്മാര്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും സമസ്ത വിഭാഗം തന്നെ അംഗീകരിക്കുന്ന കിത്താബുകളുടെ പിന്‍ബലത്തില്‍ യുക്തിഭദ്രമായി അക്കമിട്ട് മറുപടി നല്‍കി. നീര്‍ക്കുന്നത്തെയും പരിസരപ്രദേശങ്ങളിലെയും ജമാഅത്തെ ഇസ് ലാമി പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശം പകര്‍ന്നുനല്‍കുന്നതും, നാട്ടുകാരില്‍ ധാരാളമാളുകളുടെ തെറ്റിദ്ധാരണകള്‍ നീക്കുന്നതും പ്രസ്ഥാനവ്യാപനത്തിന് ആക്കം കൂട്ടുന്നതുമായിരുന്നു ആ പ്രസംഗം. നീര്‍ക്കുന്നത്ത് അതിന് മുമ്പോ ശേഷമോ അതുപോലൊരു പരിപാടി നടന്നിട്ടില്ല.

ശ്രുതി മധുരമായിരുന്നു അദ്ദേഹത്തിന്റെ ഖുര്‍ആന്‍ പാരായണം. സ്വരമാധുര്യമുള്ളതായിരുന്നു അറബി കവിതാലാപനം. മാളക്കാര്‍ ഒരു കാലത്ത് ഉറക്കമുണര്‍ന്നിരുന്നത് മാള മുഹ് യിദ്ദീന്‍ ജുമുഅ മസ്ജിദില്‍നിന്ന് സ്വുബ്ഹിക്ക് മുമ്പ് മൈക്കിലൂടെയുള്ള അദ്ദേഹത്തിന്റെ ഖുര്‍ആന്‍ പാരായണം കേട്ടുകൊണ്ടായിരുന്നു. ധാരാളം അറബിക്കവിതകള്‍ മനഃപാഠമുണ്ടായിരുന്ന അദ്ദേഹത്തിന് സന്ദര്‍ഭാനുസാരം അവ ഉദ്ധരിക്കാനും കഴിഞ്ഞിരുന്നു. നല്ല ശബ്ദത്തിന് ഉടമയായ അദ്ദേഹം ഖുര്‍ആനും ഹദീസും മേമ്പൊടിയായി അറബിക്കവിതകളും ഉദ്ധരിച്ചുകൊണ്ട് നടത്തുന്ന പ്രഭാഷണങ്ങള്‍ എത്രനേരം വേണമെങ്കിലും കേട്ടിരുന്നുപോകും.

ജില്ലാ നാസിം സ്ഥാനത്തുനിന്ന് ഒഴിഞ്ഞ ശേഷം കേരളത്തിലെ, പ്രത്യേകിച്ച് തെക്കന്‍ കേരളത്തിലെ പണ്ഡിതന്മാരെയും ഖത്വീബുമാരെയും കാണാനും പ്രസ്ഥാനത്തെ അവര്‍ക്കു പരിചയപ്പെടുത്താനുമാണ് കൂടുതല്‍ സമയം ചെലവഴിച്ചത്. മൂന്നു വര്‍ഷക്കാലത്തെ ഈ പ്രവര്‍ത്തനത്തില്‍ നൂറ്റിയമ്പതിലധികം പണ്ഡിതന്മാരുമായി ബന്ധം സ്ഥാപിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.

കുടുംബ ബന്ധങ്ങള്‍ ചേര്‍ക്കുന്നതിലും പരിപാലിക്കുന്നതിലും അദ്ദേഹം അതീവ ശ്രദ്ധ പുലര്‍ത്തി. അറ്റുപോകുമായിരുന്ന എത്രയെത്ര കുടുംബബന്ധങ്ങളും ദാമ്പത്യ ബന്ധങ്ങളുമാണ് അദ്ദേഹത്തിന്റെ സ്‌നേഹസമ്പന്നമായ ഇടപെടലിലൂടെ വിളക്കിച്ചേര്‍ത്തത്! ഒരേവീട്ടില്‍ താമസിക്കവെ തന്നെ പരസ്പരം മിണ്ടാതെ, ഉരിയാടാതെ രണ്ടു റൂമുകളിലായി വര്‍ഷങ്ങളോളം പിണങ്ങിക്കഴിഞ്ഞ പേരക്കുട്ടികളുള്ള ദമ്പതികളുടെ വിഷയത്തില്‍ ഇടപെട്ട് രണ്ടു മൂന്ന് മണിക്കൂറെടുത്ത സംഭാഷണത്തിനൊടുവില്‍ അവര്‍ സന്തോഷത്തോടെ പഴയ ജീവിതത്തിലേക്ക് മടങ്ങിയതിന് ഞാന്‍ സാക്ഷിയാണ്.

പിതാവിന്റെ ജന്മനാടായ പുന്നയൂര്‍ക്കുളത്തെയും മാതാവിന്റെ നാടായ നീര്‍ക്കുന്നത്തെയും കുടുംബബന്ധങ്ങള്‍ നിലനിര്‍ത്താനും ബന്ധുക്കളെ സന്ദര്‍ശിക്കാനും പ്രത്യേകം താല്‍പര്യമെടുത്തിരുന്നു. നീര്‍ക്കുന്നത്ത് വരുമ്പോഴൊക്കെ ഞങ്ങളെ ആരെയെങ്കിലും ഒപ്പം കൂട്ടി എല്ലാ കുടുംബവീടുകളും സന്ദര്‍ശിച്ചേ മാളക്ക് മടങ്ങുമായിരുന്നുള്ളൂ. പെരുന്നാളിനോടനുബന്ധിച്ച് നീര്‍ക്കുന്നത്ത് വരുമ്പോള്‍ ഞങ്ങള്‍ ഒരുമിച്ചു കൂടും. കുട്ടികള്‍ക്കു നല്‍കാന്‍ പെരുന്നാള്‍പടിയും കരുതിയാണ് ആ വരവ്. അവര്‍ അതിനായി കാത്തിരിക്കും. ആ കറുത്ത ബാഗില്‍ കരുതിയിട്ടുള്ള തേനെടുത്ത് കൈയിലൂടെ ഹൃദയത്തിലേക്ക് പകര്‍ന്നുനല്‍കും. കുട്ടികളുടെ എല്ലാവരുടെയും പേര് ഓര്‍മയുണ്ടാവില്ല. എന്നാലും അവനെന്ത്യേ, അവളെന്ത്യേ എന്നു ചോദിച്ച് എല്ലാവരെയും അന്വേഷിക്കും. തോളില്‍ കൈയിട്ടും കെട്ടിപ്പിടിച്ചും മുത്തം നല്‍കിയുമുള്ള ആ സ്‌നേഹസ്പര്‍ശം ഇനിയില്ല എന്ന യാഥാര്‍ഥ്യം അംഗീകരിക്കാന്‍ മനസ്സ് വിസമ്മതിക്കുന്നു. ടി.എ മൗലവി എന്ന ഞങ്ങളുടെ വല്യ മാമയോട് തര്‍ക്കിക്കാനും വിയോജിക്കാനും മറുവാക്കു പറയാനും തമാശ പറയാനുമുള്ള സ്വാതന്ത്ര്യം അദ്ദേഹം ഞങ്ങള്‍ മരുമക്കള്‍ക്കും മക്കള്‍ക്കും നിര്‍ലോഭം അനുവദിച്ചു തന്നിരുന്നു. ഞങ്ങള്‍ അത് വേണ്ടുവോളം ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

അതിഥികളെ സ്വീകരിക്കലും സല്‍ക്കരിക്കലും അദ്ദേഹത്തിന് ഏറെ ഇഷ്ടമായിരുന്നു. ഞങ്ങളുടെ അമ്മായി (മൗലവിയുടെ ഭാര്യ) ജീവിച്ചിരുന്ന കാലത്ത് അതിഥികളില്ലാത്ത ദിവസങ്ങള്‍ ആ വീട്ടില്‍ അപൂര്‍വമായിരുന്നു. പലവിധ പ്രയാസങ്ങള്‍ അനുഭവിക്കുന്നവരെ വീട്ടിൽ ‍കൊണ്ടുവന്ന് ദിവസങ്ങളോളം നിര്‍ത്തുമായിരുന്നു. അവര്‍ക്കൊക്കെ വെച്ചുവിളമ്പിക്കൊടുക്കുന്നതില്‍ അമ്മായിയും സംതൃപ്തി കണ്ടിരുന്നു. കഷ്ടപ്പെടുന്നവരുടെയും, ജീവിതാവശ്യങ്ങള്‍ നിറവേറ്റാന്‍ പ്രയാസപ്പെടുന്നവരുടെയും വിഷമതകള്‍ നീക്കാന്‍ തന്നാലാവുന്നത് ചെയ്യും. ബാക്കി മറ്റുള്ളവരെക്കൊണ്ട് ചെയ്യിപ്പിക്കും. 2018-ലെയും 19-ലെയും വെള്ളപ്പൊക്ക ദുരിതബാധിതരെ സഹായിക്കാന്‍ തന്നാലാവുന്നത് ചെയ്തും, മറ്റുള്ളവരെക്കൊണ്ട് ചെയ്യിപ്പിച്ചും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. വെള്ളപ്പൊക്ക ദുരിതബാധിതരെ ഐ.എസ്.ടി ബില്‍ഡിംഗില്‍ താമസിപ്പിക്കുക മാത്രമല്ല, തന്റെ അനാരോഗ്യം അവഗണിച്ച് ഒരു കാര്‍ന്നോരെപ്പോലെ അതിനൊക്കെയും നേതൃത്വം വഹിക്കുകയും ചെയ്തു.

കുടുംബത്തിലെയും പരിചിത വൃത്തത്തിലെയും കുട്ടികളെ ഇസ് ലാമിക പ്രസ്ഥാനത്തിന്റെ കലാലയങ്ങളില്‍ അയച്ച് പഠിപ്പിക്കാന്‍ ഏറെ താല്‍പര്യം കാണിച്ചു, അദ്ദേഹം. ഞാനും അതിന്റെ ഗുണമനുഭവിച്ചവരില്‍ ഒരാളാണ്. പത്താം ക്ലാസില്‍ പഠനം അവസാനിപ്പിച്ച് തൊഴിലില്‍ ഏര്‍പ്പെട്ട എന്നെ രണ്ട് വര്‍ഷത്തിനു ശേഷം നിര്‍ബന്ധപൂര്‍വം കുറ്റ്യാടി ഇസ് ലാമിയാ കോളേജിലേക്ക് പഠനത്തിനായി പറഞ്ഞുവിട്ടത് വല്യമാമയും അനുജന്‍ സത്താര്‍ മാമയുമായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ വഴിത്തിരിവായിരുന്നു കുറ്റ്യാടിയിലേക്കുള്ള ആ യാത്ര.

കെ. അബ്ദുസ്സലാം മൗലവിയെയും ടി.എ മുഹമ്മദ് മൗലവിയെയും അനുസ്മരിക്കുമ്പോള്‍ നിര്‍ബന്ധമായും ഓര്‍മിക്കേണ്ട രണ്ടു പേര്‍ കൂടിയുണ്ട്- അവരുടെ രണ്ടു പേരുടെയും ഭാര്യമാര്‍. അബ്ദുസ്സലാം മൗലവിയുടെ ഭാര്യ റാബിത്തയും ടി.എ മുഹമ്മദ് മൗലവിയുടെ ഭാര്യ സഫിയയും. അവര്‍ സ്റ്റേജിലോ പൊതുരംഗത്തോ ഉണ്ടായിരുന്നില്ല. പക്ഷേ, അവര്‍ ഈ രണ്ട് മൗലവിമാരുടെയും പിന്നിലെ ശക്തിസ്രോതസ്സായിരുന്നു. അക്ഷരാര്‍ഥത്തില്‍ അവര്‍ക്കു താങ്ങും തണലുമായിരുന്നു. അവരില്ലായിരുന്നുവെങ്കില്‍ ഈ രണ്ട് മൗലവിമാരെയും ഈ രൂപത്തില്‍ നമുക്ക് ലഭിക്കുമായിരുന്നില്ല. ടി.എ മൗലവിയുടെ ഭാര്യ സഫിയ, ഞങ്ങളുടെ വല്യമ്മായി ആറു വര്‍ഷം മുമ്പ് അല്ലാഹുവിലേക്ക് യാത്രയായി. ആ വേർപാട് വല്യമാമയില്‍ വലിയ ആഘാതമാണ് ഉണ്ടാക്കിയത്. റാബിത്ത ടി.എ മൗലവിയുടെ വേര്‍പാടിന് ഒരാഴ്ച മുമ്പ് നവംബര്‍ 7-ന് അല്ലാഹുവിലേക്ക് യാത്രയായി. അല്ലാഹു എല്ലാവര്‍ക്കും മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍.

ടി.എ മൗലവിയുടെ മക്കള്‍: ടി.എം നജീബ്, ടി.എം സഈദ. മരുമകന്‍ കെ. അബ്ദുസ്സലാം മൗലവിയുടെ മകന്‍ മുഹമ്മദലി. അദ്ദേഹത്തിന്റെ എട്ട് സഹോദരങ്ങളില്‍ ഒരാള്‍ ചെറുപ്രായത്തില്‍ തന്നെ മരണപ്പെട്ടു. മറ്റൊരാള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായിലെ അറിയപ്പെടുന്ന പണ്ഡിതനായിരുന്ന മര്‍ഹൂം പാണാവള്ളി മുഹമ്മദ് മൗലവിയുടെ ഭാര്യ സൈനബ. മറ്റുള്ള സഹോദരങ്ങള്‍: എന്റെ മാതാവ് ടി.എ നഫീസ, ടി.എ സത്താര്‍, ടി.എ ആസിയ, ടി.എ അബൂബക്കര്‍, ടി.എ സഫിയ, ടി.എ കബീര്‍. l

കുറിപ്പ്: ടി.എ മുഹമ്മദ് മൗലവിയുടെ ആദ്യകാല ജീവിതത്തെക്കുറിച്ച് ഈ ലേഖനത്തില്‍ പറഞ്ഞ വിവരങ്ങള്‍ 2018 ഫെബ്രുവരി 16 മുതല്‍ മൂന്നു ലക്കങ്ങളിലായി പ്രബോധനത്തില്‍ വന്ന മൗലവിയുടെ ജീവിതം പറയുന്ന ലേഖനത്തെ അവലംബിച്ചുള്ളതാണ്.

മനുഷ്യ ചരിത്രത്തിൽ തന്നെ വളരെ വ്യക്തമായും കൃത്യമായും സത്യസന്ധമായും പൂർണ രൂപത്തിൽ ഡോക്യുമെന്റ് ചെയ്യപ്പെട്ട ജീവചരിത്രം മുഹമ്മദ് നബി(സ)യുടെതായിരിക്കും. സ്വകാര്യ ജീവിതം വരെ അതിൽ അനാവരണം ചെയ്യപ്പെടുന്നു. കഷ്ടിച്ച് ഒരു നൂറ്റാണ്ട് മുമ്പ് ജീവിച്ച പല പ്രമുഖ വ്യക്തിത്വങ്ങളെക്കുറിച്ച് പോലും നമുക്ക് ചിലപ്പോൾ കൃത്യമായ ധാരണകൾ ലഭിക്കണമെന്നില്ല. ഭിന്ന വിരുദ്ധമായ ഒട്ടേറെ പരാമർശങ്ങൾ അവരുടെ ജീവചരിത്ര കൃതികളിൽ കണ്ടെത്താനും കഴിയും. അവരിലേക്ക് ചേർത്തുപറയുന്ന ചില കൃതികളെങ്കിലും അവരുടെതാണോ എന്നുറപ്പിക്കാൻ യാതൊരു മാർഗവുമില്ല. ആധുനിക സാങ്കേതികവിദ്യകളൊക്കെ പ്രചാരം നേടിയതിന് ശേഷമുള്ള കാര്യമാണ് പറയുന്നത്. അതിന് മുമ്പുള്ള ജീവചരിത്രങ്ങൾ പലതും കെട്ടുകഥകളാൽ സമൃദ്ധവുമാണ്. ഇവിടെയാണ് അന്ത്യ ദൈവദൂതൻ മുഹമ്മദ് നബി(സ)യുടെ ജീവിതം വ്യത്യാസപ്പെടുന്നത്. രണ്ട് തരത്തിലാണ് ആ മഹദ് ജീവിതം പൂർണ രൂപത്തിൽ സമാഹരിക്കപ്പെട്ടിരിക്കുന്നത്. ഒന്ന്, ഹദീസുകൾ എന്ന പേരിൽ സമാഹരിക്കപ്പെട്ട കൃതികളിൽ. നബി പറഞ്ഞതായി സ്ഥിരപ്പെട്ട വാക്കുകളും ചെയ്തതായി സ്ഥിരപ്പെട്ട പ്രവൃത്തികളുമാണ് അവയിൽ ക്രോഡീകരിച്ചിരിക്കുന്നത്. നബിയുടേതെന്ന പേരിൽ പ്രചരിപ്പിക്കപ്പെട്ട വ്യാജോക്തികളെ വേർതിരിച്ചെടുത്ത് ദൂരെക്കളയാൻ ചരിത്രത്തിൽ സമാനതകളില്ലാത്ത ഒരു മെക്കാനിസത്തിനാണ് മുസ് ലിം ഗവേഷകരും പണ്ഡിതരും രൂപം നൽകിയത്. ഇങ്ങനെ ആധികാരികമാക്കിത്തീർത്ത ഹദീസുകളെ / തിരുചര്യയെ അടിസ്ഥാനപ്പെടുത്തിയുള്ള ചരിത്ര രചനകളാണ് രണ്ടാമത്തെ ഇനം. നബിചരിത്രത്തിന് സീറ എന്നാണ് അറബിയിൽ പറയുക. ആ വാക്കിൽ സഞ്ചാരം എന്ന അർഥവും ഉള്ളടങ്ങിയിട്ടുണ്ട്. അതായത്, നാം ഒരു സീറാ കൃതി വായിക്കുമ്പോൾ ആ ജീവിതത്തോടൊപ്പം യാത്ര ചെയ്യുകയാണ്. തിരുദൂതരുടെ കാൽപാടുകൾ പിന്തുടരുകയാണ്. അതിനു വേണ്ടിയാണ് ആ ജീവിതം സമ്പൂർണമായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ജീവിതത്തിന്റെ ഏത് മേഖലയാണെങ്കിലും സീറയിൽ നമുക്ക് കൃത്യമായ മാർഗദർശനമുണ്ട്. ആ ജീവിതത്തെ അത്യത്ഭുതകരം എന്ന് വിശേഷിപ്പിക്കുന്നത് അതുകൊണ്ടാണ്. ഓരോ വർഷവും വിവിധ ഭാഷകളിൽ നബിചരിത്ര കൃതികൾ ഇറങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. അവ പഴയതിന്റെ ആവർത്തനമല്ല. പുതിയ പുതിയ ജീവിത പ്രശ്നങ്ങൾക്ക് നബിജീവിതത്തിന്റെ വെളിച്ചത്തിൽ പരിഹാരം നിർദേശിക്കുന്നവയാണ്.

'നിങ്ങൾക്ക് അല്ലാഹുവിങ്കൽനിന്ന് പ്രകാശം വന്നെത്തിയല്ലോ' എന്ന് ഖുർആൻ (അൽ മാഇദ 15 ) പറഞ്ഞത് തിരുദൂതരെക്കുറിച്ചാണെന്ന കാര്യത്തിൽ മിക്ക ഖുർആൻ വ്യാഖ്യാതാക്കൾക്കും എതിരഭിപ്രായമില്ല. 'പ്രകാശം പരത്തുന്ന വിളക്ക്' എന്നാണ് മറ്റൊരിടത്ത് ഖുർആൻ (അൽ അഹ്സാബ് 46) റസൂലിന് നൽകുന്ന വിശേഷണം. വിളക്കും പ്രകാശവുമില്ലെങ്കിൽ പിന്നെ അന്ധകാരമാണ്. നാം ജീവിക്കുന്ന ലോകം അന്ധകാരത്തിലാണ്. വിളക്കുകളായി എഴുന്നള്ളിച്ചുകൊണ്ട് വന്ന ദർശനങ്ങളത്രയും മഹാ അന്ധകാരങ്ങളായി മാറിയതായാണ് നമ്മുടെയും മുൻകാലക്കാരുടെയും അനുഭവം. ഇരുട്ടിൽ വഴിയറിയാതെ അലയുന്ന ജനതതികൾക്ക് തിരുദൂതരുടെ സന്ദേശമെത്തിക്കാനുള്ള അവസരമായി നാം റബീഉൽ അവ്വൽ മാസത്തെ പ്രയോജനപ്പെടുത്തുക. അവരുടെ വഴികൾ പ്രകാശപൂരിതമാവട്ടെ. പ്രവാചകനിൽ നിന്നുള്ള ജീവിത മാതൃകകൾ സ്വന്തം ജീവിതത്തിൽ പകർത്താൻ അദ്ദേഹത്തിന്റെ അനുയായികളായ മുസ് ലിം സമൂഹവും ശ്രദ്ധവെക്കണം. തിരുദൂതരുടെ സന്ദേശം ഇതര സമൂഹങ്ങളിൽ എത്തേണ്ടത് അവർ കാഴ്ചവെക്കുന്ന മാതൃകാ ജീവിതത്തിലൂടെയാണ്. റസൂലിനെ സ്നേഹിക്കുന്നു, അനുധാവനം ചെയ്യുന്നു എന്ന് അവകാശപ്പെടുന്നവർ ചെയ്യേണ്ടത് അതാണ്. പാട്ടുകളിലും മദ്ഹുകളിലും ഒതുങ്ങിപ്പോകേണ്ടതല്ല റസൂലിനോടുള്ള സ്നേഹം. l

പ്രമുഖ ഇസ്്ലാമിക, ബഹുഭാഷാ പണ്ഡിതനും പ്രഭാഷകനുമായ എം.വി മുഹമ്മദ് സലീം മൗലവിയും അല്ലാഹുവിലേക്ക് യാത്രയായി. അദ്ദേഹത്തിന്റെ വിയോഗം മനസ്സിലേക്ക് കൊണ്ടുവന്ന അനേകം ആലോചനകളുണ്ട്. വിജ്ഞാനത്തിന് വേണ്ടി ജീവിതാന്ത്യം വരെ പരിശ്രമിച്ചിട്ടും ദാഹശമനം വരാത്ത വ്യക്തിത്വം, ഇസ്്ലാമിക പണ്ഡിതൻ എന്ന് കേൾക്കുമ്പോൾ മനസ്സിലെത്തുന്ന വാർപ്പു നിർവചനങ്ങളെ അതിലംഘിച്ച് അറിവിന്റെ വൈവിധ്യ വഴികളിലൂടെ കടന്നുപോയ സഞ്ചാരി, അറിവുകൊണ്ട് 'ഇരുത്തം' വരുന്നതിന് പകരം ചിന്തകൊണ്ടും ഗവേഷണം കൊണ്ടും പുതിയ മേച്ചിൽ പുറങ്ങളിലേക്ക് കുതറിയോടിയ അത്യുൽസാഹി, ചക്രവാളങ്ങളിലെ ഇസ് ലാമിന്റെ അതിജീവനവും അതിജയവും ഹൃദയത്തിൽ വരച്ചിട്ട പോരാളി - ഇതൊക്കെയും സാമ്പ്രദായിക ആചാര വിശേഷങ്ങളല്ല. ഇവയോരോന്നിലെയും തെളിമയാർന്ന മുദ്രകൾ നിങ്ങൾക്ക് സലീം മൗലവിയിൽ കാണാനാവും. അപ്പോഴും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ വലിയ സവിശേഷതയായി മനസ്സുടക്കി നിൽക്കുന്നത്, അദ്ദേഹത്തിലെ പ്രാസ്ഥാനിക പണ്ഡിതനിലാണ്.

ഖുർആനും ഹദീസും ദീനിന്റെ ഉസ്വൂലുകളും അപ്രാപ്യമായ കാലമല്ല നമ്മുടേത്. സാധാരണക്കാർക്ക് പോലും അവരുടെ ഭാഷയിൽ ഇന്ന് അവ ലഭ്യമാണ്. ഇവയുടെ പാരാവാരം കണക്കെയുള്ള വിശാലത നീന്തിക്കടന്ന വ്യക്തിത്വങ്ങളും നിരവധിയുണ്ട്. വിശുദ്ധ ഖുർആനിനെ, നബിചര്യയെ, ഇസ്്ലാമിക ചരിത്രത്തെ, പാരമ്പര്യത്തെ ഇസ്്ലാമിന്റെയും മുസ്്ലിം ഉമ്മത്തിന്റെയും ദൗത്യവുമായും അവ നിലനിൽക്കുന്ന കാലവുമായും ചേർത്തുവെച്ച് ഭാവിയിലേക്ക് സഞ്ചരിക്കുന്നതാണല്ലോ ഇസ്്ലാമിന്റെ പ്രാസ്ഥാനികത. ഈ വഴിയിൽ പതർച്ചയില്ലാതെ, അചഞ്ചലമായി നിലകൊണ്ട പണ്ഡിതനായിരുന്നു സലീം മൗലവി. ചരിത്രത്തിൽ മഹത്തുക്കളായ പണ്ഡിതൻമാർ നിർവഹിച്ച ദൗത്യമുണ്ട്. ഇസ്്ലാമിന്റെ ഉസ്വൂലുകളിൽ അടിയുറച്ചുനിന്ന് അവർ അതത് കാലങ്ങളിലേക്കുള്ള വിധികൾ നൽകി. അവ കേവലം വിധികളും ഫത്്വകളും മാത്രമായിരുന്നില്ല; ഇസ് ലാം സംസ്കൃതിയെ മുന്നോട്ട് നയിച്ച ഊർജപ്രവാഹങ്ങളായിരുന്നു. വിപുലമായ വിജ്ഞാന ശേഖരമായി അത് നമ്മുടെ കൈയിലുണ്ട്. അവയിൽ ഉടക്കിനിൽക്കാതെ, അവയുടെ കൂടി ബലത്തിൽ ദീനിനെ ചലനാത്മകമാക്കുക എന്നതാണ് നമുക്ക് നിർവഹിക്കാനുള്ളത്. ഓരോരോ തലങ്ങളിലും നമുക്കൊരു നിയോഗമുണ്ടാവും, അതിനാവശ്യമായ വഴിയുണ്ടാകും, ശൈലികളുണ്ടാകും. അവയെ മുഖ്യമായി കാണാതെ, അവയുടെ തന്നെ ശാഖാപരമായ വിഷയങ്ങളിൽ കൊളുത്തിവലിക്കാതെ മുന്നോട്ട് പോകണമെങ്കിൽ അത്യസാധാരണമായ ധൈര്യവും പുരോഗമനോൻമുഖതയും ആവശ്യമാണ്. മറിച്ചാണെങ്കിൽ കാലത്തിനുമേലത് വിലങ്ങുതടിയായിത്തീരും. ഇസ്്ലാമിക പ്രസ്ഥാനത്തിന്റെ അനുഭവത്തിൽനിന്ന് തീർത്തു പറയാം, ഇതിൽ ആദ്യം പറഞ്ഞതിന്റെ മികച്ച മാതൃകയായിരുന്നു സലീം മൗലവി. ഒരു ആലിമിനെ സംബന്ധിച്ച് ഇതാണ് പ്രാസ്ഥാനിക പ്രതിബദ്ധത.

ഇസ്്ലാമിക പ്രസ്ഥാനത്തെ സംബന്ധിച്ച് ഈ ഗണത്തിലുള്ള പണ്ഡിതൻമാരുടെ സാന്നിധ്യം കൂടിയാണ് അതിന്റെ വിജയ നിദാനം. അത്തരക്കാരുടെ നിര കാണക്കാണെ കുറഞ്ഞുപോവുന്നുവോ എന്ന ആശങ്ക സലീം മൗലവിയുടെ വിയോഗം ഉയർത്തുന്നുണ്ട്. ആത്മവിചാരണയും അത്യധ്വാനവും ചെയ്ത് ആ തലങ്ങളിലേക്ക് ഉയർന്നുവരാൻ നമ്മുടെ പണ്ഡിതൻമാരെ ആ മരണം ആഹ്വാനം ചെയ്യുന്നുണ്ട്. 'നിങ്ങളിൽനിന്ന് അറിവ് ഒറ്റയടിക്ക് എടുത്ത് കളയുകയില്ല, പണ്ഡിതൻമാരെ അല്ലാഹു തിരിച്ചുവിളിക്കുകയാണ് ചെയ്യുക' എന്ന നബി(സ)യുടെ മുന്നറിയിപ്പ്, മുന്നിൽ കനംവെച്ച് നിൽക്കുന്നു.

വ്യക്തിത്വത്തിന്റെ ഈ സവിശേഷത അവസാനം വരെ നിലനിർത്തിയതുകൊണ്ടാണ്, ഇസ്്ലാമിക പ്രസ്ഥാനത്തിന് സമകാലിക വിഷയങ്ങളിൽ നിലപാടെടുക്കുന്നതിൽ അദ്ദേഹം ഒരു റഫറൻസായി നിലനിന്നത്. കേരളത്തിൽ പ്രസ്ഥാനത്തിന് അത് നൽകിയ തുറസ്സുകൾ ചെറുതല്ല. സലീം മൗലവി എന്ന് കേൾക്കുമ്പോൾ ഒരു പണ്ഡിതനാണ് മനസ്സിലേക്കെത്തുന്നതെങ്കിലും, പച്ചയായ ഒരു മനുഷ്യനെ അടുത്തിടപഴകിയ എല്ലാവരും അനുഭവിച്ചിട്ടുണ്ടാവും. വളരെ സ്വകാര്യമായി ആവശ്യക്കാരന് (പ്രയാസപ്പെടുന്ന സ്ഥാപനങ്ങൾക്കും) വലിയ സഹായങ്ങൾ ചെയ്യുന്ന, തന്റെ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവനോട് പോലും തന്റെ പോരായ്മകളെ കുറിച്ചും വീഴ്ചകളെ കുറിച്ചും പറഞ്ഞ് കരയുന്ന, കണ്ണിനെ സജലങ്ങളാക്കുന്ന സുജൂദുകളുള്ള വ്യക്തിത്വം കൂടിയാണ് സലീം മൗലവി.

പണ്ഡിത പശ്ചാത്തലത്തിന്റെ ആനുകൂല്യമുള്ള കുടുംബമല്ല സലീം മൗലവിയുടേത്. നിശ്ചയ ദാർഢ്യവും അത്യധ്വാനവുമുണ്ടെങ്കിൽ ആർക്കും ദീനിന് വലിയ സേവനങ്ങൾ ചെയ്യാനാവുമെന്നും, അല്ലാഹു കൂടെ നിൽക്കുമെന്നുമാണ് സലീം മൗലവിയുടെ ജീവിതം പഠിപ്പിക്കുന്നത്. അറിവ് ശേഖരണത്തിന് അദ്ദേഹം അതിർത്തികൾ നിർണയിച്ചില്ല. തന്റെ മുമ്പിലെത്തുന്ന ഏതൊരു വിഷയത്തിലും സ്വന്തമായ അറിവിന്റെയും അന്വേഷണത്തിന്റെയും തികഞ്ഞ ബോധ്യത്തിൽ നിലപാടെടുക്കുകയും അത് വെട്ടിത്തുറന്നു പറയുകയും ചെയ്തു. മതകാര്യത്തിൽ മാത്രമല്ല ആരോഗ്യം, വിദ്യാഭ്യാസം, ശാസ്ത്രം, ബിസിനസ്സ് തുടങ്ങി മനുഷ്യ ജീവിതത്തിന്റെ വ്യത്യസ്ത മേഖലകളിലെല്ലാം മൗലവിക്ക് കൃത്യമായ നിലപാടുകളുണ്ടായിരുന്നു. അത്തരം നിലപാടുകൾക്ക് ആധാരമായ അറിവും ഈ മേഖലകളിൽ മൗലവിക്കുണ്ടാവും.

ഏറ്റവുമവസാനം തന്റെ രോഗവുമായി അദ്ദേഹം പൊരുതിയത് ആറ് വർഷക്കാലമാണ്. ഈ കാലയളവിൽ തന്റെ രോഗവുമായി ബന്ധപ്പെട്ട് ലഭ്യമായ വ്യത്യസ്ത ചികിത്സാ രീതികളെക്കുറിച്ചും അദ്ദേഹം തന്റേതായ പഠനം നടത്തി. താൻ കഴിക്കുന്ന മരുന്നിന്റെ കണ്ടൻറ് എന്താണെന്ന് അദ്ദേഹം ശരിക്കും മനസ്സിലാക്കുമായിരുന്നു. അതുമായി ബന്ധപ്പെട്ട തന്റേതായ ചോദ്യങ്ങൾ അദ്ദേഹം ഡോക്ടർമാരോട് ചോദിക്കുകയും ചെയ്യും.

മർഹൂം ടി.കെ അബ്ദുല്ല സാഹിബ് മൗലവിയുമായി നടത്തിയ സംഭാഷണത്തിലെ ഒരു പരാമർശം ഏറെ രസകരമാണ്. "മൗലവീ, ഒര് കാറ് വാങ്ങിയാൽ അത് ഡ്രൈവ് ചെയ്യാൻ പഠിച്ചാൽ പോരേ, കാറിന്റെ മുഴുവൻ മെക്കാനിസവും പഠിച്ച ശേഷമേ വണ്ടിയോടിക്കൂ എന്ന നിർബന്ധം വേണോ?" എന്നതായിരുന്നു ടി.കെയുടെ ചോദ്യം. മൗലവി ഇത്തരം കാര്യങ്ങൾക്ക് സമയം മാറ്റിവെക്കുന്നതുകൊണ്ട് ഇസ്്ലാമിക വൈജ്ഞാനിക സംഭാവനകൾ വേണ്ട അളവിൽ കിട്ടാതെ പോവുന്നുവെന്ന ടി.കെയുടെ പരിഭവമായിരുന്നു സംഭാഷണ പശ്ചാത്തലം. ടി.കെ സാഹിബും മൗലവിയും തമ്മിലുള്ള വൈജ്ഞാനിക സംഭാഷണവും സംവാദവും കൗതുകത്തോടെ കാണാനും കേൾക്കാനും ധാരാളം അവസരമുണ്ടായിട്ടുണ്ട്.

നാട്ടിലും വിദേശത്തും ഇസ്്ലാമിക പ്രസ്ഥാനത്തിന്റെ ഒട്ടേറെ അനുബന്ധ സംരംഭങ്ങൾക്കും നീക്കങ്ങൾക്കും നേതൃത്വം നൽകിയിട്ടുണ്ട് സലീം മൗലവി. ആഗോള ഇസ്്ലാമിക ചലനങ്ങളുമായും പണ്ഡിതരുമായും അദ്ദേഹത്തിനുണ്ടായിരുന്ന ബന്ധങ്ങൾ ഇസ്്ലാമിക പ്രസ്ഥാനത്തിന് ഏറെ ഗുണം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ പ്രസ്ഥാന പഠന ക്ലാസ്സുകളിലും ഭരണഘടനാ ക്ലാസ്സുകളിലും പങ്കാളികളായവർക്കൊന്നും അത് ഓർത്തുവെക്കാതിരിക്കാനാവില്ല. ഇസ്്ലാമിക പ്രസ്ഥാനത്തിന്റെ ആദർശ, ലക്ഷ്യങ്ങൾ സന്ദേഹരഹിതമായി അവരുടെ മനസ്സിൽ വേരാഴ്ത്താൻ അവ കാരണമായിട്ടുമുണ്ടാവും.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലെ ദീനീ കലാലയങ്ങളിൽ അധ്യാപകനായിരുന്ന അദ്ദേഹത്തിന് വലിയൊരു ശിഷ്യസമ്പത്തുമുണ്ട്. അതിൽ വിവിധ തുറകളിൽ ദീനീ സേവനമനുഷ്ഠിക്കുന്നവരുണ്ട്. അവരുടെ സുകൃതങ്ങൾ അദ്ദേഹത്തിലേക്കും വന്നുചേരാതിരിക്കില്ല.
നമ്മെയും അദ്ദേഹത്തെയും അല്ലാഹു ജന്നാത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കുമാറാവട്ടെ. l


'മുഹർറം: ചരിത്രസ്മരണയും ഇന്ത്യൻ മുസ്്ലിംകളും'( ആഗസ്റ്റ് 4, ലക്കം 10) എന്ന എസ്.എം സൈനുദ്ദീന്റെ ലേഖനം കാലിക പ്രസക്തം തന്നെയാണ്. എന്നാൽ അദ്ദേഹത്തിന്റെ ചില നിരീക്ഷണങ്ങൾ പ്രമാണപരമായി പിശകുള്ളതായി തോന്നുന്നു.
"മർദകരോടും മർദിതരോടും ഇസ്്ലാമിന് ഒരു നിലപാടല്ല. രണ്ടിടത്തും ഒറ്റ ദൗത്യവും അല്ല. മർദകർക്കും മർദിതർക്കും ഇസ്്ലാമിൽ മോചനമുണ്ട്. പക്ഷേ, രണ്ടിനും ഒരു വഴിയല്ല. ഇസ്്ലാമിന്റെ പൊതുവായ പ്രബോധന ഉള്ളടക്കം ഇരുകൂട്ടർക്കും ഒന്നാണെങ്കിലും, ശൈലിയും പ്രയോഗവും രണ്ടു വിധമാണ്. അതായത്, മർദകനായ ഫറോവയോട് പറഞ്ഞതല്ല, മർദിതരായ ഇസ്രാഈൽ സമൂഹത്തോട് മൂസാ (അ) പറയുന്നത്.

മർദകരും മർദിതരും എന്ന രണ്ടു പക്ഷം നിലനിൽക്കുമ്പോൾ വിമോചകന്റെ ദൃഷ്ടി പ്രഥമമായുംപതിയേണ്ടത് മർദിതരിലാവണം. അത് ദയയുടെയും അനുകമ്പയുടെയും നോട്ടമാകണം. ശകാരവുംകുറ്റപ്പെടുത്തലും താങ്ങാനവർക്ക് കഴിയുകയില്ല. പ്രശ്ന പരിഹാരമാണ് അവർക്കാവശ്യം; പ്രശ്നങ്ങളല്ല.

മർദകരോട് ഒരു വിട്ടുവീഴ്ചയും മൂസാ (അ) കാണിച്ചില്ല. അതേസമയം അവരോട് നയതന്ത്രപരമായ സംഭാഷണം നടത്തിയിട്ടുമുണ്ട്. ഖുർആൻ അത് വ്യത്യസ്ത സന്ദർഭങ്ങളിൽ ഉദ്ധരിക്കുന്നത് കാണാം (അന്നാസിആത്ത് 17-19, ത്വാഹാ 43-48). മൂസായുടെ ദൗത്യത്തെ എതിർവാദങ്ങളുന്നയിച്ച് പരാജയപ്പെടുത്താൻ ഫറോവ തുനിയുന്നതും ഖുർആനിലുണ്ട് (അശ്ശുഅറാഅ് 18). ഇങ്ങനെ തുടരുന്ന സംവാദത്തിന്റെ ഒരു ഘട്ടത്തിൽ ഫറോവയോട് മൂസാ (അ) വെട്ടിത്തുറന്നു തന്നെ പറയുന്നു: "എനിക്കു ചെയ്തുതന്നതായി നീ എടുത്തുകാണിച്ച ആ അനുഗ്രഹം ഇസ്രാഈൽ മക്കളെ നീ അടിമകളാക്കിവെച്ചതിനാൽ സംഭവിച്ചതാണ്" (അശ്ശുഅറാഅ് 22). പൗരസമൂഹത്തിന്റെ സമസ്ത അവകാശങ്ങളും കവർന്നെടുത്ത് പാരതന്ത്ര്യത്തിന്റെ നുകം അവരുടെ ചുമലിൽ ബന്ധിച്ചതിനു ശേഷം അവർക്ക് നൽകിയ ഔദാര്യത്തിന്റെ കണക്കു പറയുന്ന സകല ഏകാധിപതികളോടും ഇസ്്ലാമിന് പറയാൻ ഇതിൽപരം മറ്റൊന്നുമില്ല. ഫറോവയുടെ പതനത്തിനു മുമ്പ് മൂസാ (അ) ഇസ്രാഈല്യരുടെ വിമോചകൻ എന്ന ദൗത്യത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. ഫറോവൻ ആധിപത്യത്തെ ചോദ്യം ചെയ്യുന്ന ശ്രമകരമായ ദൗത്യമായിരുന്നു അത്. ഫറോവക്ക് ഇത് മനസ്സിലായിരുന്നു. ഇതിനെ രാഷ്ട്രീയമായി നേരിടാതെ മതപരമായി അഭിമുഖീകരിക്കുകയായിരുന്നു ഫറോവ ചെയ്തത് (അൽ ഖസ്വസ്വ്് 38, 26)."

നിരീക്ഷണങ്ങൾ ഏറെ ആകർഷകമായി തോന്നുമെങ്കിലും സൂക്ഷ്മവിശകലനത്തിൽ അതിൽ അബദ്ധങ്ങളുണ്ട്. പ്രവാചകൻമാരെല്ലാം വിമോചകരാണ്. മനുഷ്യരെ എല്ലാവിധ അടിമത്തത്തിൽ നിന്നും വിമോചിപ്പിച്ചു ദൈവാടിമത്തത്തിലേക്കു കൊണ്ടുവരിക, അഥവാ മനുഷ്യരെ ദൈവേതരശക്തികളുടെ നിയന്ത്രണത്തിൽ നിന്നു മോചിപ്പിച്ചു ദൈവിക വിധേയത്വത്തിന്റെയും ദൈവാനുസരണത്തിന്റെയും പാതയിൽ കൊണ്ടുവരിക എന്നതായിരുന്നു എല്ലാ പ്രവാചകന്മാരുടെയും ദൗത്യം. മൂസാ നബി നിർവഹിച്ചതും അതുതന്നെയാണ്. ഫറോവ അല്ലാഹുവിന്റെ അടിമത്തം അംഗീകരിക്കുന്നതോടെ തീരുന്നതാണ് ആ വംശീയ പ്രശ്നം, അഥവാ ഇസ്രായേൽ അടിമത്തം. അത് സാധ്യമല്ലാത്ത ഘട്ടത്തിൽ മാത്രമാണ് അവരുടെ വിമോചനം ഉപലക്ഷ്യമാകുന്നത്. അതിനാൽ, പ്രഥമ ദൗത്യം ഫറോവയെ അല്ലാഹുവിലേക്കു ക്ഷണിക്കലാണ്. ശൈഖ് മുഹമ്മദ് കാരകുന്ന് വിശദീകരിക്കുന്നു: "മറ്റെല്ലാ പ്രവാചകൻമാർക്കും ഒരു ചുമതല മാത്രമാണ് നിർവഹിക്കാനുണ്ടായിരുന്നതെങ്കിൽ മൂസാ നബിക്ക് മൂന്നു ബാധ്യതകൾ നിർവഹിക്കാനുണ്ടായിരുന്നു. കോപ്റ്റുകളിൽ ഇസ്്ലാമിക പ്രബോധനം നടത്തുക, പാരമ്പര്യ മുസ് ലിം സമുദായമായ ഇസ്രാഈല്യരെ സംസ്കരിക്കുക, മർദിതരായ ഇസ്രാഈലീ സമൂഹത്തെ ഫറോവയുടെ അക്രമ മർദനങ്ങളിൽനിന്നും രക്ഷിക്കുക" (ഈജിപ്റ്റിലെ ഇസ്രയേല്യരും ഇന്ത്യൻ മുസ്്ലിംകളും, പേജ് 12,13).

മൗലാനാ മൗദൂദിയുടെ വ്യാഖ്യാനം ഇങ്ങനെയാണ്: "രണ്ടു പ്രധാന ദൗത്യവുമായിട്ടാണ് ഫറവോന്റെ മുന്നിലേക്കു മൂസാ (അ) അയക്കപ്പെട്ടിരുന്നത്. ഒന്ന്, അല്ലാഹുവിന്റെ അടിമത്തം അഥവാ ഇസ്്ലാം അംഗീകരിക്കാനുള്ള ക്ഷണം. രണ്ട്, ആദ്യമേ മുസ്്ലിംകളായിരുന്ന ഇസ്രാഈൽ സമുദായത്തെ ഫറവോന്റെ മർദനമുഷ്ടിയിൽനിന്നു മോചിപ്പിക്കാനുള്ള ആഹ്വാനം. വിശുദ്ധ ഖുർആൻ ചിലേടത്ത് ഈ രണ്ടു കാര്യങ്ങളൊന്നിച്ചും ചിലേടത്ത് സന്ദർഭോചിതം അവയിലൊന്നു മാത്രവും പ്രസ്താവിച്ചിട്ടുണ്ട്" (തഫ്ഹീമുൽ ഖുർആൻ, വാള്യം 2, പേജ് 86).

ഇതായിരിക്കാം ഇസ്രാഈല്യരുടെ വിമോചനമാണ് മൂസാ നബിയുടെ പ്രഥമ ദൗത്യമെന്ന രീതിയിൽ ചിന്തിക്കാൻ ലേഖകന് പ്രേരകമായത്. എല്ലാ പ്രവാചകൻമാരുടെയും ദൗത്യം അല്ലാഹുവിന്റെ ഏകത്വം പ്രബോധനം ചെയ്യുകയായിരുന്നു. മൂസാ നബി നിർവഹിച്ചതും അതു തന്നെയാണ്. അതുകൊണ്ടാണ് മറ്റു സമൂഹങ്ങൾ ഉന്നയിച്ച അതേ ആരോപണങ്ങൾ ഫറവോനും ഉന്നയിച്ചത്. മൗലാനാ മൗദൂദി എഴുതുന്നു: "മൂസാ(അ)യുടെ പ്രബോധനം കേട്ടപ്പോള്‍ അവര്‍ പറഞ്ഞതുതന്നെയാണ് മുഹമ്മദി(സ)ന്റെ പ്രബോധനം കേട്ടപ്പോള്‍ ഇവരും പറയുന്നത്; ഇയാള്‍ തെളിഞ്ഞ ആഭിചാരകനാണ് എന്ന്.

നൂഹ് (അ) മുതല്‍ മുഹമ്മദ് (സ) വരെയുള്ള എല്ലാ പ്രവാചകന്മാരും കല്‍പിക്കപ്പെട്ടിരുന്ന അതേ ദൗത്യം തന്നെയാണ് മൂസാ(അ)യും ഹാറൂനും (അ) കല്‍പിക്കപ്പെട്ടിരുന്നതെന്ന് ഈ വാചകങ്ങളുടെ ഘടന ശ്രദ്ധിച്ചാല്‍ വ്യക്തമായി മനസ്സിലാക്കാം. ഒരേ വിഷയമാണ് സൂറയില്‍ ആദ്യം മുതല്‍ക്കുതന്നെ വിവരിച്ചുവരുന്നത്. അതായത്, സര്‍വലോകനാഥനായ അല്ലാഹുവെ മാത്രം റബ്ബായും ഇലാഹായും അംഗീകരിക്കുക. ഐഹിക ജീവിതത്തിനുശേഷം പാരത്രിക ജീവിതമുണ്ടെന്നും അവിടെ അല്ലാഹുവിന്റെ മുമ്പില്‍ തന്റെ പ്രവര്‍ത്തനങ്ങളുടെ കണക്ക് ബോധിപ്പിക്കേണ്ടതുണ്ടെന്നും അംഗീകരിക്കുക. പിന്നീട് പ്രവാചകന്മാരുടെ പ്രബോധനത്തെ ധിക്കരിച്ചിരുന്നവരെ ബോധ്യപ്പെടുത്തുന്നു: നിങ്ങളുടെ മാത്രമല്ല, എക്കാലത്തും മുഴുവന്‍ മനുഷ്യരാശിയുടെയും വിജയം നിലകൊള്ളുന്നത് വിവിധ കാലഘട്ടങ്ങളില്‍ ദൈവത്തിന്റെ പ്രവാചകന്മാര്‍ പ്രബോധനം ചെയ്ത ഏകദൈവ വിശ്വാസവും പരലോക ബോധവും ഉള്‍ക്കൊള്ളുന്നതിലാണ്. അതിനാല്‍, നിങ്ങളുടെ ജീവിതവ്യവസ്ഥ മുച്ചൂടും അതിനനുരൂപമായി വാര്‍ത്തെടുക്കണം. ഇതംഗീകരിച്ചവര്‍ മാത്രമേ വിജയം വരിക്കയുള്ളൂ. അതിനെ നിഷേധിച്ചവര്‍ക്ക് പരലോകത്ത് വമ്പിച്ച നാശമായിരിക്കും ഫലം --ഇതാണ് ഈ സൂറയിലെ കേന്ദ്രവിഷയം. ഈ പ്രകരണത്തില്‍ ചരിത്രമാതൃകകളെന്ന നിലക്ക് മറ്റു പ്രവാചകന്മാരെ പരാമര്‍ശിച്ചിട്ടുണ്ടെങ്കില്‍ സ്വാഭാവികമായും അതിന്റെ അര്‍ഥം, ഈ സൂറയിലൂടെ അവതരിപ്പിക്കപ്പെട്ട പ്രബോധനമാണ് മുഴുവന്‍ പ്രവാചകന്മാരുടെയും പ്രബോധനമെന്നും അതിനുവേണ്ടിത്തന്നെയാണ് മൂസാ(അ)യും ഹാറൂനും (അ) ഫിര്‍ഔന്‍ പ്രഭൃതികളുടെ അരികിലേക്കു പോയതെന്നുമാണ്" (യൂനുസ് വ്യാഖ്യാനക്കുറിപ്പ് 74).

മറ്റൊരു പിശക് സാമിരിയെ കുറിച്ച നിരീക്ഷണമാണ്. സാമിരി പശുക്കുട്ടിയുണ്ടാക്കിയതും പൂജ നടത്തിയതും ഫറവോന്റെ കാലത്തല്ല, ആയിരുന്നുവെങ്കിൽ ഖാറൂന് മുന്നറിയിപ്പ് കൊടുത്തതു പോലെ സാമിരിയെയും കൈകാര്യം ചെയ്യുമായിരുന്നു. മൂസാ നബി സീനാ മലയിലേക്കു പോയതിനു ശേഷമാണ് സാമിരി പശുക്കോലം ഉണ്ടാക്കിയതും ഇസ്രാഈല്യർ അതിനെ ആരാധിച്ചതും.
അല്ലാഹു പറഞ്ഞു: "എന്നാല്‍ അറിയുക: നീ പോന്നശേഷം നിന്റെ ജനതയെ നാം പരീക്ഷണ വിധേയരാക്കി. സാമിരി അവരെ വഴിപിഴപ്പിച്ചിരിക്കുന്നു" (സൂറ 20: 85).
'സാമിരിക്കും സിൽബന്ധികൾക്കും മൂസാ(അ)ക്കൊപ്പം രക്ഷപ്പെടാൻ എന്തിനാണ് അവസരം നൽകിയത്? അതല്ലേ സാമിരിയുടെ പ്രതിഷ്ഠക്കു നിലമൊരുക്കിയത്?' എന്ന സാങ്കൽപിക ചോദ്യമുണ്ടാക്കിയാണ് അദ്ദേഹം ഉത്തരം കണ്ടെത്തിയത്.

ഫറോവയോട് ഒരു നിലക്കും വിട്ടുവീഴ്ച കാണിച്ചില്ല എന്നതും ഖുർആന് വിരുദ്ധമാണ്. ദൈവിക ശിക്ഷകളിൽനിന്ന് ഓരോ ഘട്ടത്തിലും ഇളവ് അനുവദിച്ചിട്ടുണ്ടല്ലോ.
"എന്നാല്‍, അവരെത്തേണ്ട നിശ്ചിത അവധി വരെ നാം അവരില്‍നിന്ന് എല്ലാ വിപത്തുകളും ഒഴിവാക്കി. അപ്പോള്‍ അവരെല്ലാം ആ വാക്ക് ലംഘിക്കുകയാണുണ്ടായത് "(7 :135). ചുരുക്കത്തിൽ, മൂസാ നബി നടത്തിയ ഇസ്്ലാമിക പ്രബോധനം കേവലം നയതന്ത്ര സംഭാഷണമായി മാത്രം നിരീക്ഷിച്ചത് ഒട്ടും ശരിയായില്ല.

ഈ വിഷയത്തിൽ വിശദമായ പഠനത്തിന് കെ.സി അബ്ദുല്ല മൗലവിയുടെ 'പ്രബോധനം ഖുർആനിൽ ' എന്ന ഗ്രന്ഥത്തിലെ മൂസാ നബിയുടെ പ്രബോധനം എന്ന അധ്യായവും ടി.കെ. അബ്ദുല്ല സാഹിബിന്റെ നവോത്ഥാന ധർമങ്ങൾ എന്ന ഗ്രന്ഥത്തിലെ ഭാഗം 2-ന്റെ 89 മുതൽ 119 വരെയുള്ള ഭാഗവും നോക്കുക.

'നൂഹി'ന്റെ പേടകം
പ്രളയങ്ങളെ അതിജീവിക്കും

'വിദ്വേഷത്തിന്റെ വ്യാജ കഥകൾ നൂഹിനെ തകർത്തെറിയുമ്പോൾ' എന്ന പി.ഐ നൗഷാദിന്റെ കവർ സ്റ്റോറി (ലക്കം 3315) ഉൾക്കിടിലത്തോടെയേ വായിച്ചുതീർക്കാനാവൂ. നൂഹ് മുഖ്യധാരാ പാർട്ടികളുടെ ആശങ്കയാകുന്നില്ല എന്നത്, വോട്ടുബാങ്ക് പ്രീണനമാണ് നിലപാടുകൾക്ക് ആധാരം എന്നതിന്റെ തെളിവാണ്. വ്യാജ കഥകൾ എന്നും ഫാഷിസ്റ്റുകളുടെ മൂർച്ചയേറിയ ആയുധമാണല്ലോ. വ്യാജം പേർത്തും പേർത്തും പറഞ്ഞു സത്യമാക്കി മാറ്റാമെന്ന ഗീബൽസിയൻ തന്ത്രം ഇന്ന് സംഘ് പരിവാർ നന്നായി പ്രയോഗിക്കുന്നുണ്ട്. എല്ലാറ്റിനും ഒരന്ത്യം വരും. സത്യം അതിജയിക്കും. നൂഹിന്റെ പേടകം പ്രളയങ്ങളെ അതിജീവിക്കും. ഉമ്മത്തിനെ ആദർശ ധീരരാക്കുക എന്നതാണ് മുസ്്ലിം നേതൃത്വത്തിന്റെ ദൗത്യം.
അബൂ അനാൻ


വിവേകികൾ ഉണർന്ന് പ്രവർത്തിക്കേണ്ട സമയം

പ്രബോധനം ലക്കം 3315-ൽ, നമ്മുടെ നാട്ടിന്റെ നേരവസ്ഥ പി.ഐ നൗഷാദും റശീദുദ്ദീനും ശാഹിദ് ഫാരിസും വരച്ചു കാണിക്കുന്നു. വിദ്വേഷ രാഷ്ട്രീയവും വിവേകരഹിതമായ വിധി തീർപ്പുകളും നമ്മുടെ രാജ്യത്തെ എങ്ങോട്ടാണ് കൊണ്ടുപോകുന്നത്? വിവേകമുള്ളവർ ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണിത്. 'മുസ് ലിംകളെ തൊടാൻ ധൈര്യമുണ്ടെങ്കിൽ രംഗത്തു വാ' എന്ന കർഷക നേതാവ് സുരേഷ് കോത്തിന്റെ വെല്ലുവിളി ഈ ഇരുട്ടിലെ തിരിനാളമാണ്; നാട്ടുകാർ മുഴുവൻ ഒരേ വഴിക്കല്ല ചിന്തിക്കുന്നത് എന്നതിന്‌ തെളിവുമാണ്.
റഹ്്മാൻ മധുരക്കുഴിയുടെ 'സ്നേഹ ബന്ധങ്ങളാൽ ഉർവരമാവട്ടെ ജീവിതം' എന്ന ലേഖനം കാലഘട്ടത്തിലെ നമ്മുടെ ദൗത്യമാണ് വരച്ചുകാട്ടുന്നത്. ലൈക്ക് പേജിൽ മെഹദ് മഖ്ബൂൽ ചൂണ്ടിക്കാട്ടിയ പോലെ 'ഇൻഫർമേഷൻ ഡയറ്റും ഓഫ് ലൈൻ ഫുഡും' സ്വീകരിക്കുന്നില്ലെങ്കിൽ നമ്മുടെ നിലനിൽപിന് ന്യായീകരണമില്ലാത്ത അവസ്ഥയാകും സംജാതമാവുക.
വി.ടി സൂപ്പി നിടുവാൽ, കുറ്റ്യാടി

അനുകരണീയ മാതൃക

നമസ്കാര ശേഷം കൂട്ടു പ്രാർഥന പതിവുള്ള പള്ളികളിൽ, ഇമാം സലാം വീട്ടിയ ഉടനെ മൈക്കിൽ അനുബന്ധ ദിക്റുകളും പ്രാർഥനകളും ഉറക്കെ, ദീർഘനേരം നടത്തുന്നത് പിന്നീട് നമസ്കരിക്കാൻ എത്തുന്നവർക്കും സുന്നത്ത് നമസ്കരിക്കുന്നവർക്കും ഏറെ അലോസരം ഉണ്ടാക്കാറുണ്ട്.
ഈ വസ്തുത കാന്തപുരം എ.പി അബൂബക്കർ മുസ്്ലിയാർ തന്റെ ക്ലാസ്സുകളിൽ സൂചിപ്പിക്കുകയും, അങ്ങനെ ചെയ്യുന്നവർ ഹ്രസ്വമായ വിധത്തിൽ അവ നടത്തുകയും മറ്റുള്ളവർക്ക് ശല്യമുണ്ടാവാതെ നോക്കുകയും ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഉണർത്തുകയും ചെയ്തത് ഓർക്കുന്നു.
കോഴിക്കോട് നഗരത്തിൽ മാവൂർ റോഡിലെ മർക്കസ് പള്ളിയിലാണ് കഴിഞ്ഞയാഴ്ച ഒരു ദിവസം ഞാൻ മഗ്്രിബ് നമസ്കാരം നിർവഹിച്ചത്. നഗരത്തിൽ ഉണ്ടാവുന്ന സന്ദർഭങ്ങളിലെല്ലാം നമസ്കാരം ആ പള്ളിയിൽ തന്നെ നിർവഹിക്കാൻ ഞാൻ ശ്രദ്ധിക്കാറുമുണ്ട്. ജമാഅത്ത് നമസ്കാര ശേഷം വളരെ ഹ്രസ്വമായ ദിക്റുകളും ദുആയും മൈക്ക് ഉപയോഗിക്കാതെ നടത്തി, മർക്കസ് മേധാവിയുടെ ഉപദേശം അക്ഷരാർഥത്തിൽ നിറവേറ്റപ്പെട്ട അനുഭവം പങ്ക് വെക്കുകയാണ്.
മറ്റുള്ളവർക്ക് പ്രയാസമോ ശല്യമോ അനുഭവപ്പെടാത്ത വിധത്തിൽ, ഈ മാതൃക കൂട്ടു പ്രാർഥന പതിവുള്ള മറ്റ് പള്ളികളും സ്വീകരിക്കുന്നത് വളരെ നന്നായിരിക്കും. മാതൃക കാട്ടിയ മർക്കസ് പള്ളി അഭിനന്ദനം അർഹിക്കുന്നു.
പി.കെ ജമാൽ കോഴിക്കോട്

''നിങ്ങള്‍ക്ക് അനിഷ്ടം തോന്നുകയില്ലെങ്കില്‍ ഞാന്‍ തുറന്നു പറയാനാഗ്രഹിക്കുന്നു, ഇന്ത്യ ഇംഗ്ലീഷുകാരുടെ അടിമത്ത ബന്ധനത്തില്‍നിന്ന് സ്വതന്ത്രമായെങ്കിലും ഇന്ത്യക്കാരുടെ മനഃസ്ഥിതിയും ചിന്താഗതിയും ഇന്നും പഴയ നിലക്ക് പാശ്ചാത്യരുടെ ആദർശ ചിന്താഗതികളുടെ ചങ്ങലകളാൽ ബന്ധിക്കപ്പെട്ടിരിക്കയാണ്. ഇതേ കാരണം കൊണ്ടാണ് എല്ലാ കാലത്തും ദൈവഭക്തിയുടെയും ആത്മീയതയുടെയും പതാക പറപ്പിച്ചുകൊണ്ടുപോന്ന ഈ നാട് ഇന്നും വര്‍ഗീയത, ദേശീയത തുടങ്ങിയ ഭൗതികാശയങ്ങളെ പൂജിച്ചുപോരുന്നത്. എന്തിനധികം, മതത്തിന്റെ പേരില്‍ വല്ല പ്രസ്ഥാനവും ആരംഭിച്ചാല്‍ തന്നെയും മതത്തിന്റെ ബാഹ്യമായ മൂടുപടമൊഴിച്ചു ബാക്കി മുഴുവനും വര്‍ഗീയ-ദേശീയ വികാരങ്ങളാല്‍ മാത്രം കരുപ്പിടിപ്പിച്ചതായിരിക്കും. അത്തരം പ്രസ്ഥാനക്കാരുടെ പ്രവര്‍ത്തന പരിശ്രമങ്ങളില്‍ വര്‍ഗീയാഹങ്കാരവും ദേശീയാവേശവും അടിക്കടി പ്രകടമായിക്കണ്ടെന്നുവരാം. പക്ഷേ ധാര്‍മിക സദാചാരം, നന്മ, സൽക്കര്‍മം, ദൈവഭക്തി എന്നിതുകളുടെ നിഴലാട്ടം പോലും അവരുടെ പ്രവര്‍ത്തനങ്ങളിലോ സംഘടനാപരമായ പരിപാടികളിലോ ദൃശ്യമാവുകയില്ല.''

1957-ല്‍ റാംപൂരില്‍ ചേര്‍ന്ന ജമാഅത്തെ ഇസ്്‌ലാമി അഖിലേന്ത്യാ സമ്മേളനത്തില്‍ അന്നത്തെ അമീര്‍ മൗലാനാ അബുല്ലൈസ് ഇസ്വ്്ലാഹി അവതരിപ്പിച്ച പ്രബന്ധത്തില്‍നിന്നുള്ള അവസാന ഖണ്ഡികയാണ് മുകളിലുദ്ധരിച്ചത്. 1948 ഏപ്രിലില്‍ നിലവില്‍ വന്ന ഇന്ത്യന്‍ ജമാഅത്തെ ഇസ്്‌ലാമിയുടെ പ്രഥമ സാരഥി തയാറാക്കി അവതരിപ്പിച്ച ഈ പ്രബന്ധം 'ജമാഅത്തെ ഇസ്്‌ലാമി ലക്ഷ്യം മാര്‍ഗം' എന്ന ശീര്‍ഷകത്തില്‍ പുസ്തക രൂപേണ ഇസ്്‌ലാമിക് പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2019 ഫെബ്രുവരിയില്‍ പുറത്തു വന്ന പതിനേഴാമത് പതിപ്പില്‍നിന്നാണ് ഉദ്ധൃത വരികള്‍. ഏഴു പതിറ്റാണ്ടുകള്‍ക്ക് ശേഷവും ഇസ്്‌ലാമിക പ്രസ്ഥാന നായകന്‍ അന്ന് തുറന്നു പറഞ്ഞ കാര്യങ്ങള്‍ പൂര്‍വാധികം തിക്തമായ സത്യമായി നമ്മുടെ മുന്നില്‍ നില്‍ക്കുന്ന അവസ്ഥാ വിശേഷത്തിലേക്ക് ശ്രദ്ധ ക്ഷണിക്കാനാണ് ആ വരികള്‍ ഉദ്ധരിക്കേണ്ടിവന്നത്. വര്‍ഗീയതയും രണോത്സുക ദേശീയതയും ഒരേ നാണയത്തിന്റെ രണ്ട് പുറങ്ങള്‍ മാത്രമാണെന്നും, യൂറോപ്പില്‍ ഉദയം ചെയ്ത കമ്യൂണലിസവും നാഷനലിസവും വിശ്വ മാനവികതയെ പാടേ നിരാകരിക്കുന്ന ദേശ, ഭാഷ, വര്‍ണ, വംശ പക്ഷപാതിത്തങ്ങളുടെ മൂടുപടങ്ങള്‍ മാത്രമാണെന്നും, ജര്‍മനിയില്‍നിന്നും ഇറ്റലിയില്‍നിന്നും ഇസ്രായേലില്‍നിന്നും പഠിച്ച തെറ്റായ പാഠങ്ങളാണ് സ്വതന്ത്ര ഇന്ത്യയെ ഇന്ന് ഭരിച്ചുകൊണ്ടിരിക്കുന്നതെന്നും നാം കണ്ടില്ലെന്ന് നടിച്ചിട്ട് കാര്യമില്ല. ലോകത്തേറ്റവും സന്തുഷ്ട രാജ്യങ്ങളെന്ന് യു.എന്‍ ഏജന്‍സി വിധിയെഴുതുന്ന ഫിന്‍ലാന്റ്, സ്വീഡന്‍, ഡെന്മാര്‍ക്ക് മുതലായ സ്കാന്‍ഡിനേവിയന്‍ രാജ്യങ്ങളില്‍ പോലും ന്യൂനാല്‍ ന്യൂനപക്ഷങ്ങളായ മുസ്്‌ലിംകളുടെ മതവികാരം വ്രണപ്പെടുത്തുക ഒരു ഹോബിയാക്കി മാറ്റി, മുസ്്‌ലിം രാജ്യ എംബസികളുടെ മുമ്പാകെ വിശുദ്ധ ഖുര്‍ആന്‍ കോപ്പികള്‍ കത്തിക്കുന്നേടത്തോളം അസഹിഷ്ണുത മൂര്‍ഛിച്ചിട്ടുണ്ടെങ്കില്‍ ഭ്രാന്തമായ ദേശീയതയുടെ വിളയാട്ടമായി മാത്രമേ അതിനെ കാണാനാവൂ. ഏറ്റവുമൊടുവില്‍ ഈ രാജ്യങ്ങളുടെ യൂറോപ്യന്‍ യൂനിയന്‍ അംഗത്വത്തിന് പച്ചക്കൊടി കാട്ടാന്‍ തുര്‍ക്കിയ വിസമ്മതിച്ചപ്പോള്‍ മാത്രമാണ് മതപരമായ അസഹിഷ്ണുതക്ക് കടിഞ്ഞാണിടാനുള്ള ബില്‍ സ്വീഡിഷ് പാര്‍ലമെന്റ് അംഗീകരിച്ചതും ഡാനിഷ് പാർലമെന്റ്‌ നിയമനിര്‍മാണം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നതും. ഫ്രാന്‍സില്‍നിന്ന് പുറത്തുവരുന്ന വാര്‍ത്തകളും ഇസ്്‌ലാമോഫോബിയയുടെ ആഴം വെളിപ്പെടുത്തുന്നതാണ്.

ഈ പശ്ചാത്തലത്തില്‍ വീക്ഷിക്കുമ്പോള്‍ ഇന്ത്യയില്‍ അഭൂതപൂര്‍വമായി മൂര്‍ഛിക്കുന്ന ഇസ്്‌ലാം-മുസ്്‌ലിം വിദ്വേഷത്തിന്റെ നാരായ വേര് കണ്ടെത്താന്‍ ബുദ്ധിമുട്ടേണ്ടതില്ല. ഏതാണ്ടൊരു നൂറ്റാണ്ടു കാലമായി ആസൂത്രിതമായി 'ഭാരതീയ ദേശീയത'യുടെ മറവില്‍ വളര്‍ത്തപ്പെട്ട വര്‍ഗീയത അഥവാ വംശീയത തന്നെയാണ് വില്ലന്‍. ദശവത്സരക്കാലം ഭരിച്ച ഹിന്ദുത്വ ശക്തികള്‍ മൂന്നാമൂഴം തരപ്പെടുത്തി ഔദ്യോഗികമായിത്തന്നെ ഹിന്ദു രാഷ്ട്ര സംസ്ഥാപനം പ്രഖ്യാപിക്കാനുള്ള കൊണ്ടുപിടിച്ച പ്രവര്‍ത്തനങ്ങളാണ് ശതകോടികള്‍ ചെലവിട്ട് നടക്കുന്നത്. കൗ ബെല്‍റ്റിലാകെ ഭൂരിപക്ഷ മനസ്സുകളില്‍ ഇസ്്‌ലാം- മുസ്്‌ലിം വിരോധം കുത്തിവെക്കാനുള്ള തീവ്ര ശ്രമത്തിന്റെ അശ്ലീല ദൃശ്യങ്ങളാണ് യു.പി മുസഫര്‍ നഗര്‍ ജില്ലയിലെ മന്‍സൂര്‍ പൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ നേഹ പബ്ലിക് സ്‌കൂളിൽനിന്ന് പുറത്തുവന്നിരിക്കുന്നത്. അധ്യാപിക തൃപ്ത ത്യാഗി രണ്ടാം ക്ലാസ്സുകാരനായ മുസ്്‌ലിം വിദ്യാര്‍ഥിയുടെ നേരെ കാണിച്ച കൊടും ക്രൂരത, അതേ ക്ലാസ്സുകാരായ അഞ്ച് വിദ്യാര്‍ഥികളെ നിര്‍ബന്ധപൂര്‍വം ബാലന്റെ മുഖത്തടിപ്പിക്കുന്ന സംഭവം വീഡിയോയിലൂടെ രാജ്യത്താകെ ദൃശ്യവത്കരിക്കപ്പെട്ടപ്പോള്‍ ഇന്ത്യ എങ്ങോട്ട് പോകുന്നു, എവിടെ എത്തിയിരിക്കുന്നു എന്ന് ലോകത്തിന് മനസ്സിലാക്കാനുള്ള അവസരമാണ് ഒരുക്കപ്പെട്ടത്. നരേന്ദ്ര മോദിയും സഹ പ്രവര്‍ത്തകരും ജി 20 രാഷ്ട്രത്തലവന്മാരുടെ ഉച്ചകോടിക്ക് ആതിഥ്യം വഹിക്കാന്‍ പോകുന്ന അസുലഭ സന്ദര്‍ഭത്തില്‍ തന്നെ അരങ്ങേറിയ ഈ സംഭവം ചന്ദ്രയാന്‍ ദൗത്യം പൂര്‍ത്തീകരിച്ചതിന്റെ ജയഭേരി മുഴക്കുന്ന അസുലഭ നിമിഷങ്ങളില്‍ എന്ത് സന്ദേശമാണ് ലോകത്തിന് നല്‍കുക എന്നാലോചിക്കാവുന്നതേയുള്ളൂ. തല്‍ക്കാലത്തെ പ്രതിഷേധവും ഒച്ചപ്പാടുമൊതുക്കാന്‍ അധ്യാപികയുടെ പേരില്‍ ദുര്‍ബല വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ടെങ്കിലും യോഗി ആദിത്യ നാഥിന്റെ സാമ്രാജ്യത്തില്‍ ഇതും ഇതിലപ്പുറവും സംഭവിക്കുക തീര്‍ത്തും സ്വാഭാവികമായേ കാണേണ്ടതുള്ളൂ. അധ്യാപികയാവട്ടെ തന്റെ പ്രവൃത്തിയിൽ അശേഷം ഖേദിക്കുന്നുമില്ല. പല നാളായ് പണിതുയര്‍ത്തുന്ന പരമത വിദ്വേഷ കോട്ട പൂര്‍ണതയിലെത്താന്‍ ഏതാനും മാസങ്ങളേ കാത്തിരിക്കേണ്ടതുള്ളൂ എന്ന് ഭൂരിപക്ഷ വര്‍ഗീയതയുടെ ധ്വജവാഹകര്‍ കണക്ക് കൂട്ടുന്നുണ്ടാവാം. ആ കണക്ക് കൂട്ടല്‍ പിഴക്കണമെങ്കില്‍ രവീന്ദ്ര നാഥ ടാഗോറും സ്വാമി വിവേകാനന്ദനും ശ്രീനാരായണ ഗുരുവും മഹാത്മാ ഗാന്ധിയും സ്വപ്‌നം കണ്ട സനാതന ധര്‍മാധിഷ്ഠിത രാമരാജ്യ നിര്‍മിതിയിലേക്ക് ഭൂരിപക്ഷ മനസ്സിനെ തിരിച്ചുവിടണം. മതന്യൂനപക്ഷങ്ങളെ കൂട്ടക്കൊല ചെയ്തും അവരുടെ പാര്‍പ്പിടങ്ങളുടെയും തൊഴിലിടങ്ങളുടെയും നേരെ ബുള്‍ഡോസര്‍ പ്രയോഗിച്ചും ആരാധനാലയങ്ങള്‍ പിടിച്ചടക്കിയും ഇളം തലമുറയുടെ വിദ്യാഭ്യാസം മുടക്കിയും സാമൂഹിക ബഹിഷ്‌കരണം നടപ്പാക്കിയും ഭരണഘടനാപരമായ അവകാശങ്ങള്‍ നിഷേധിച്ചും പൗരത്വം നിരാകരിച്ചും സ്ഥാപിതമാവുന്ന പൈശാചിക സംവിധാനമല്ല യഥാര്‍ഥ രാമരാജ്യമെന്ന് ഹിന്ദി സംസാരിക്കുന്ന ജനസമൂഹത്തെ ബോധ്യപ്പെടുത്തണം. 'അയോധ്യയില്‍ ജനിച്ച ദശരഥ പുത്രനായ രാമനല്ല എന്റെ രാമന്‍, റഹ്്മാനെന്നും റഹീമെന്നും മുസ്്ലിംകള്‍ വിളിക്കുന്നത് ആരെയാണോ അവനാണ് എന്റെ രാമന്‍' എന്ന് രാഷ്ട്രപിതാവ് പറഞ്ഞുവെച്ചതിന്റെ അന്തസ്സത്ത ഉള്‍ക്കൊണ്ട്, വിശ്വമാനവികതയുടെ ഭൂമികയില്‍ സ്‌നേഹസാമ്രാജ്യം സ്ഥാപിതമാവുന്നതിനെ ആശ്രയിച്ചിരിക്കുന്നു ഭൂലോകത്തിന്റെ നെറുകയില്‍ ഇന്ത്യയുടെ സ്ഥാനം. ഇലക്്ഷന്‍ തലക്ക് മുകളില്‍ വന്നുനില്‍ക്കുമ്പോള്‍ രൂപപ്പെടുത്തുന്ന മതേതര മുന്നണികള്‍ക്കത് സാധിച്ചുകൊള്ളണമെന്നില്ല. മനുഷ്യ സാഹോദര്യവും സ്‌നേഹവും ധര്‍മവും സദാചാരവും പുലരുന്ന സമൂഹത്തിനായി നാനാജാതി മതസ്ഥരായ മനുഷ്യ സ്‌നേഹികള്‍ ഒറ്റക്കെട്ടായി അക്ഷീണ യത്‌നം നടത്തിയാല്‍ മാത്രമേ വംശീയ ഭ്രാന്തിന്റെ കാളരാത്രി അവസാനിക്കൂ.

1982-ൽ കുറ്റ്യാടി ഇസ്്ലാമിയാ കോളേജിൽ അഞ്ചാം വർഷ വിദ്യാർഥിയായിരിക്കെ ശാന്തപുരം ഇസ്്ലാമിയാ കോളേജിന്റെ ജൂബിലി സമ്മേളനത്തിൽ അറബി അതിഥികളെ കാണാനുള്ള ആകാംക്ഷയോടെ എത്തിച്ചേർന്നതായിരുന്നു ഞാൻ. അന്നൊരു വെള്ളിയാഴ്‌ചയാണ്. സ്ഫുട സുന്ദരമായ മലയാളത്തിൽ നടക്കുന്ന ജുമുഅ ഖുത്വ്്ബ കേൾക്കുന്നുണ്ട്. തിരക്കിൽ ഖത്വീബിനെ കാണാൻ കഴിഞ്ഞിരുന്നില്ല. തീർത്തും വ്യത്യസ്തമായൊരു ഖുത്വ്്ബ. ആരാണ് ആ ഖത്വീബ് എന്നന്വേഷിച്ചപ്പോൾ എം.വി സലീം മൗലവി എന്നു മറുപടി കിട്ടി. അന്ന് കേട്ടറിവു മാത്രമുള്ള പേര്. പിന്നീട് ജൂബിലി സമ്മേളനത്തിന്റെ സ്റ്റേജിലും ശൈഖ് ഖറദാവിയുൾപ്പെടെയുള്ള അതിഥികളുടെ കൂടെയും നിറഞ്ഞുനിൽക്കുന്ന ആ ‘തൊപ്പി’ക്കാരനെ കണ്ടു.

1986-ൽ ഈയുള്ളവൻ ഖത്തറിൽ എത്തുന്നതുവരെ സലീം മൗലവി അപ്രാപ്യനായി ‘നിലകൊണ്ടു’. ഞങ്ങൾ കുറേ ഇസ്്ലാമിയാ കോളേജുകാർ ദോഹയിലെത്തി എന്നറിഞ്ഞ് കാണാൻ വന്ന നേതാക്കളിൽ സലീം മൗലവിയുമുണ്ടായിരുന്നു. അറബി വേഷത്തിൽ ഒരു മലയാളിയെ കാണുന്നത് ആദ്യം. അൽപം പേടിയോടെ അകന്നു നിൽക്കാൻ ശ്രമിച്ചെങ്കിലും, അന്ന് എസ്.ഐ.ഒ സംസ്ഥാന സമിതി അംഗം എന്ന വിശേഷണം ഉണ്ടായിരുന്നതുകൊണ്ടാകണം അദ്ദേഹം അടുത്തു പെരുമാറി. പണ്ടേ ഖുർആന്റെ ആഴത്തിലുള്ള പഠനം എന്ന സ്വപ്നവുമായി നടന്നിരുന്ന എം.വി ഞങ്ങളിൽ തന്റെ ‘ഇരക’ളെ കണ്ടെത്തി. ഞങ്ങളുടെ ക്വാർട്ടേഴ്സിനടുത്തുള്ള പള്ളിയിൽ എല്ലാ ആഴ്ചയും ഞങ്ങൾ യുവ പണ്ഡിതന്മാരെ ഖുർആൻ പണ്ഡിതന്മാരാക്കാൻ അദ്ദേഹം മുടക്കം കൂടാതെ വന്നെത്തി. ഞങ്ങളിൽ പലരും പലപ്പോഴും ‘മുങ്ങി’യെങ്കിലും അദ്ദേഹം മുടങ്ങിയില്ല. കൈയിൽ ഒരു നോട്ടും കടലാസുമില്ലാതെ ഖുർആന്റെ ആഴങ്ങളിലേക്കിറങ്ങിയുള്ള ക്ലാസ്സുകൾ.

ഒമ്പതു വർഷത്തെ ഖത്തർ ജീവിതത്തിൽ പിന്നീട് സലീം മൗലവിയെ ഉസ്താദായും നേതാവായും സഹപ്രവർത്തകനായുമൊക്കെ അനുഭവിക്കാൻ സാധിച്ചു. അക്ഷരാർഥത്തിൽ സഞ്ചരിക്കുന്ന ഒരു വിജ്ഞാനകോശം.

ഡോ. അഹ് മദ് റയ്സൂനി, സലീം മൗലവി, മുഹ് യിദ്ദീൻ ഗാസി

അദ്ദേഹത്തിന്റെ കൂടെ നാം ഡ്രൈവറായി പോയാൽ അദ്ദേഹം അതേ കാറിന്റെ മെക്കാനിസം നമ്മെ പഠിപ്പിക്കും. രോഗത്തെക്കുറിച്ചു പറഞ്ഞാൽ മെഡിക്കൽ സയൻസ് പറയാൻ തുടങ്ങും. ഹോമിയോ മാത്രമല്ല, ആയുർവേദവും അലോപ്പതിയും എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വിശദീകരിക്കും. മലയാള ഭാഷാ പ്രയോഗങ്ങളിൽ നമ്മോട് തർക്കിക്കും. സങ്കീർണമായ അറബി കിതാബുകളിലെ വരികൾ അനായാസം കെട്ടഴിക്കും. അറബിയോട് അറബിയായും ഇംഗ്ലീഷുകാരോട് ഇംഗ്ലീഷുകാരനായും സംസാരിക്കും. ഖത്തർ ടി.വിയിൽ ഖുർആൻ പാരായണം നടത്തിയിരുന്ന മലയാളി. ഖത്തർ റേഡിയോയിലും ടി.വിയിലും അറബി വേഷമിട്ട് മലയാളത്തിൽ പ്രഭാഷണം നടത്തിയിരുന്ന പണ്ഡിതൻ. ഖത്തറിലെ സാംസ്കാരിക മന്ത്രാലയത്തിനു വേണ്ടി മുഴുവൻ മലയാള പ്രസിദ്ധീകരണങ്ങളും സിനിമകളും സെൻസർ ചെയ്തിരുന്ന ഉദ്യോഗസ്ഥൻ. സിനിമകളിൽ ‘കട്ട്’ വരുമ്പോൾ സലീം മൗലവി വന്നു എന്ന് അദ്ദേഹത്തെ അറിയുന്ന മലയാളികൾ പറഞ്ഞിരുന്ന കാലം! അതിനൊക്കെയിടയിൽ വെള്ളപ്പൊതിയിൽ മരുന്നു കൊടുത്തിരുന്ന ഹോമിയോ ഡോക്ടർ. യോഗങ്ങളുടെ തിരക്കുകൾക്കിടയിൽ ‘തലകുത്തനെ നിൽക്കുന്ന’ യോഗാഭ്യാസി. ഖത്തറിൽ ഞങ്ങൾ ഫാമിലിക്കാരുടെ വീടുകളിൽ വന്നു ഭക്ഷണം കഴിക്കാനും കുട്ടികളോട് കൊഞ്ചാനും സമയം കാണുന്ന പച്ച മനുഷ്യൻ.

അൽ ജാമിഅയിൽ

1999-ൽ ജമാഅത്തെ ഇസ് ലാമി കേരള ശൂറ ശാന്തപുരം ഇസ് ലാമിയാ കോളേജിനെ ഒരു ഇസ് ലാമിക് യൂനിവേഴ്സിറ്റിയായി ഉയർത്താൻ തീരുമാനിക്കുകയും വി.കെ അലി സാഹിബിനെയും ഈയുള്ളവനെയും അതിന്റെ ചുമതലയേൽപിക്കുകയും ചെയ്യുമ്പോൾ അൽ ജാമിഅയെ ഡിസൈൻ ചെയ്യുന്നതിൽ എം.വി സലീം മൗലവിയും കെ. അബ്ദുല്ലാ ഹസൻ സാഹിബും ഞങ്ങളോടൊപ്പം ചേർന്നു. അൽ ജാമിഅ കരിക്കുലവും സിലബസും തയാറാക്കാൻ രൂപവത്കരിക്കപ്പെട്ട കമ്മിറ്റിയിൽ വി.കെ അലി, കെ. അബ്ദുല്ലാ ഹസൻ, എ. മുഹമ്മദലി, ഈ ലേഖകൻ, കെ.എം അശ്റഫ് എന്നിവരോടൊപ്പം സലീം മൗലവിയുടെ സജീവ സാന്നിധ്യവുമുണ്ടായിരുന്നു. ചർച്ചയിൽ അദ്ദേഹം വിലപ്പെട്ട നിർദേശങ്ങൾ മുന്നോട്ടുവെച്ചു.

ഡോ. ഖുർറദാഗി, മുഹമ്മദ് പെരുമ, സലീം മൗലവി

പിന്നീട് അൽ ജാമിഅയിൽ കുല്ലിയ്യത്തുൽ ഖുർആൻ പി.ജി കോഴ്സ് ആരംഭിച്ചപ്പോൾ അതിന്റെ ആദ്യ ഡീനായി ചുമതലയേറ്റു. അതിന്റെ സിലബസുണ്ടാക്കുന്നതിലും മുഖ്യ പങ്ക് അദ്ദേഹത്തിന്റേതായിരുന്നു. ഖുർആൻ പഠനത്തിന്റെ രീതിശാസ്ത്രം എന്നും അദ്ദേഹത്തിന്റെ ഇഷ്ട വിഷയമായിരുന്നു. അൽ ജാമിഅക്കു പുറത്തും മൊറയൂർ കേന്ദ്രീകരിച്ച് മർഹൂം എം.സി അബ്ദുല്ല മൗലവിയെയും കൂട്ടി ഖുർആൻ പഠന-സംവാദങ്ങൾ നടത്തുകയും കെ. സി ഫൗണ്ടേഷന് വേണ്ട മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്തു. അൽ ജാമിഅ റിസർച്ച് സെന്ററിന്റെ ഡയറക്ടറായും ഇടക്കാലത്ത് പ്രവർത്തിച്ചു. ഔദ്യോഗിക ഉത്തരവാദിത്വങ്ങളിൽനിന്ന് മാറിയെങ്കിലും രോഗം മൂർഛിക്കുന്നതു വരെയും സലീം മൗലവി ആഴ്ചയിലൊരു തവണ ക്ലാസ്സിനെത്തുമായിരുന്നു. നാട്ടിലില്ലാത്തപ്പോൾ ഓൺലൈനിൽ അദ്ദേഹം ക്ലാസ് തുടർന്നു.

അൽ ജാമിഅയിലെ അദ്ദേഹത്തിന്റെ സാന്നിധ്യം അധ്യാപകർക്കും വിദ്യാർഥികൾക്കും വലിയ പ്രചോദനമായിരുന്നു. അവരുമായുള്ള അദ്ദേഹത്തിന്റെ സാധാരണ സംസാരങ്ങളിൽ പോലും പല പുതിയ അറിവുകളും അവർക്ക് ലഭിച്ചു.

ഉന്നത ഇസ് ലാമിക വിദ്യാഭ്യാസം സലീം മൗലവിയുടെ ഏറ്റവും വലിയ ‘കൺസേൺ’ ആയിരുന്നു. ആഴമുള്ള പണ്ഡിതന്മാരെ സൃഷ്ടിക്കാൻ കരുത്തുറ്റ സംവിധാനങ്ങളില്ലാത്തതിന്റെ വേവലാതികളായിരുന്നു എപ്പോഴും. അവസാനമായി ഈയുള്ളവനോട് സംസാരിച്ചതും അതെക്കുറിച്ചായിരുന്നു.

2022 ഡിസംബർ 10,11 തീയതികളിൽ ശാന്തപുരത്തു നടന്ന ജമാഅത്തെ ഇസ് ലാമി റുക്നുകളുടെ സമ്മേളനത്തിന്റെ ഇടവേളകളിൽ അദ്ദേഹം ഞാനിരിക്കുന്ന ഓഫീസിൽ വിശ്രമിക്കാൻ വരും. അന്ന്, ചർച്ചകൾക്കൊടുവിൽ ഒരു വസ്വിയ്യത്തെന്നവണ്ണം പറഞ്ഞു: “ഞാൻ ഉത്തരവാദപ്പെട്ടവരോട് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് പലപ്പോഴും സംസാരിച്ചുവെങ്കിലും അവർക്കതൊന്നും കേൾക്കാനും ശ്രദ്ധിക്കാനും സമയമില്ല. താങ്കൾ ഇക്കാര്യത്തിൽ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിക്കണം എന്നാണെനിക്കു പറയാനുള്ളത്.”

‘അഹങ്കാരിയായ’ വിനയാന്വിതൻ

സലീം മൗലവിയെപ്പറ്റി ഒറ്റക്കാഴ്ചയിൽ ഒരാൾ ഒരു പക്ഷേ വിലയിരുത്തുക അഹങ്കാരിയായ പണ്ഡിതൻ എന്നായിരിക്കും. വെട്ടിത്തുറന്നു കാര്യങ്ങൾ സംസാരിക്കുന്ന അദ്ദേഹത്തിന്റെ രീതിയാണ് കാരണം. സുഖിപ്പിച്ചു സംസാരിക്കാൻ അറിവില്ലാത്തൊരാളായിരുന്നു അദ്ദേഹം. കാര്യങ്ങൾ പറയേണ്ടി വരുമ്പോൾ ആൾവലുപ്പവും അദ്ദേഹം പരിഗണിക്കാറുണ്ടായിരുന്നില്ല. ഖത്തറിൽ വലിയ അറബികളോട് വരെ അദ്ദേഹത്തിന്റെ സംസാര രീതി അങ്ങനെയായിരുന്നു. പക്ഷേ, ആ കാർക്കശ്യക്കാരന്റെ അകത്ത് വിനീതനായ ഒരു മനുഷ്യനുണ്ടായിരുന്നു. അത്തരം അനുഭവങ്ങൾ എത്രയോ ഉണ്ട്. മറക്കാത്ത ഒരു കാര്യം മാത്രം പറയാം: ശൈഖ് യൂസുഫുൽ ഖറദാവി 2003-ൽ അൽ ജാമിഅ അൽ ഇസ്്ലാമിയ ഉദ്ഘാടനത്തിന് അതിഥിയായെത്തിയ വേളയിൽ, ഒരിക്കൽ ഞാൻ ഹോട്ടൽ മുറിയിൽ ശൈഖിന്റെയടുത്ത് ചെന്നപ്പോഴുണ്ട് സലീം മൗലവിയും കുറേ അലോപ്പതി – ആയുർവേദ ഡോക്ടർമാരും ഒന്നിച്ചിരുന്നു ചർച്ച നടത്തുന്നു. ശൈഖിന് ആയുർവേദ ചികിത്സ നൽകാനും അതിനായി യാത്ര നീട്ടുന്നതിനും ഏതാണ്ട് ധാരണയായിട്ടുണ്ട്. ഞാൻ അസ്വസ്ഥനായി. അൽ ജാമിഅ പരിപാടികൾ കഴിഞ്ഞ് ശൈഖിനെ എത്രയും വേഗം വിമാനം കയറ്റിയെങ്കിലേ ശ്വാസം വിടാനാവൂ എന്ന മാനസികാവസ്ഥയിലായിരുന്നു ഞാൻ. കാരണം, അദ്ദേഹത്തിന് സയണിസ്റ്റുകളുടെ വധഭീഷണിയുള്ള സന്ദർഭമായിരുന്നു അത്. കനത്ത സെക്യൂരിറ്റിയാണ് ഏർപ്പെടുത്തിയിരുന്നത്. ഭക്ഷണം വളണ്ടിയർമാർ കഴിച്ചതിനു ശേഷം മാത്രമേ അദ്ദേഹത്തിന് നൽകിയിരുന്നുള്ളൂ. ഇത്തരമൊരു സന്ദർഭത്തിൽ ഇനിയും അദ്ദേഹത്തെ കേരളത്തിൽ നിർത്തുക ഒട്ടും പന്തിയല്ല. ഇനി ആയുർവേദ ചികിത്സക്കിടയിൽ വല്ലതും സംഭവിച്ചാൽ അതിനും ലോകത്തോട് മുഴുവൻ ഉത്തരം പറയേണ്ടി വരും.

എല്ലാം ഓർത്ത് ഞാൻ സലീം മൗലവിയുടെ പദ്ധതിയെ ശക്തമായി എതിർത്തു. പരസ്യമായും വൈകാരികമായുമായിരുന്നു ആ സംസാരം. എന്റെ സംസാരം കഴിഞ്ഞപ്പോൾ ശൈഖ് ഖറദാവി പിൻവാങ്ങാനുള്ള മാനസികാവസ്ഥയിലായി. സലീം മൗലവിയിൽനിന്ന് ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചിരിക്കെ അദ്ദേഹം പറഞ്ഞു: “സലാം സാഹിബ് കുറേ കാലമായി ശൈഖിനെ ഇവിടെ കൊണ്ടുവരാൻ അത്യധ്വാനം നടത്തിക്കൊണ്ടിരുന്ന ആളാണ്. അദ്ദേഹത്തിനാണ് അതു സംബന്ധമായ എല്ലാ പ്രയാസങ്ങളും അറിയുക. അതുകൊണ്ടാണദ്ദേഹം ഇത്തരമൊരഭിപ്രായ പ്രകടനം നടത്തുന്നത്. അത് പരിഗണിക്കേണ്ടതു തന്നെയാണ്. അതുകൊണ്ട് നമുക്ക് പദ്ധതി ഉപേക്ഷിക്കാം.” ഇതായിരുന്നു സലീം മൗലവി.

ഈഗോ ഉണ്ടെന്നു പലരും തെറ്റിദ്ധരിക്കുകയും എന്നാൽ ഒരു ഈഗോയുമില്ലാതെ ജീവിക്കുകയും ചെയ്ത മനുഷ്യൻ. ഖത്തറിൽ അദ്ദേഹം ഇന്ത്യൻ ഇസ് ലാമിക് അസോസിയേഷന്റെ പ്രസിഡന്റായും വൈസ് പ്രസിഡന്റായും ശൂറാ മെമ്പറായുമൊക്കെ അലി സാഹിബിനും അബ്ദുല്ലാ ഹസൻ സാഹിബിനും എ. മുഹമ്മദലി സാഹിബിനുമൊപ്പം പ്രവർത്തിക്കുമ്പോൾ സെക്രട്ടറിയായും ശൂറാ മെമ്പറായും കൂടെ പ്രവർത്തിക്കാൻ എനിക്കവസരം ലഭിച്ചിട്ടുണ്ട്. ഒരു നല്ല അനുയായിയായും കൂടെ നിൽക്കുന്ന നേതാവായുമാണ് അദ്ദേഹത്തെ അനുഭവിച്ചിട്ടുള്ളത്. ഖത്തറിൽ നേതാക്കൾക്കിടയിൽ ശക്തമായ വീക്ഷണ വൈവിധ്യവും പ്രകൃതങ്ങളുടെ വ്യത്യാസവും നിലനിൽക്കെത്തന്നെ ഒരിക്കലും ആഭ്യന്തര പ്രശ്നങ്ങളില്ലാത്ത ഒരു നല്ല മാതൃക സൃഷ്ടിക്കാൻ സാധിച്ചതിൽ വിനയാന്വിതനായ സലീം മൗലവിയും മറ്റുള്ളവരോടൊപ്പം വലിയ പങ്കുവഹിച്ചു.

രണ്ടു പാഠങ്ങൾ

ഓരോ ജീവിതവും ഒരുപാട് പാഠങ്ങൾ പിൻതലമുറക്ക് നൽകിയാണ് അവസാനിക്കുന്നത്. മരണപ്പെട്ടവരെ അനുസ്മരിക്കുന്നത് അർഥവത്താകുന്നത് അവരുടെ പിൻഗാമികൾ ആ പാഠങ്ങൾ ഉൾക്കൊള്ളുമ്പോഴാണ്. ഈയർഥത്തിൽ രണ്ടു കാര്യങ്ങൾ പറയാൻ തോന്നുന്നു:
ഒന്ന്: എല്ലാ വിവരങ്ങളും ആർജിക്കാനുള്ള അറ്റമില്ലാത്ത ആസക്തി ബഹുമാന്യനായ ഉസ്താദിന്റെ ഏറ്റവും വലിയ ശക്തിയായിരുന്നു. അതോടൊപ്പം അതദ്ദേഹത്തിന്റെ ദൗർബല്യവുമായിരുന്നു. ഒരുപാട് സേവനങ്ങൾ അദ്ദേഹം ചെയ്തു. അതോടൊപ്പം ചില മേഖലകളിൽ മാത്രം ഊന്നി പ്രവർത്തിച്ചിരുന്നുവെങ്കിൽ അദ്ദേഹം അതിലേറെ ചെയ്യുമായിരുന്നില്ലേ എന്നു ഞാൻ സംശയിക്കാറുണ്ട്. അതിനുള്ള വിവരവും വിനയവും ആത്മാർഥതയും ഇഛാശക്തിയുമുള്ള ആളായിരുന്നു അദ്ദേഹം. ജീവിതത്തിൽ ഫോക്കസ് വളരെ പ്രധാനമാണെന്ന് ഈ സംശയം നമ്മെ ഓർമിപ്പിച്ചേക്കാം.

രണ്ട്: യഥാർഥത്തിൽ മുസ് ലിം സമുദായത്തിൽ പൊതുവെയും ഇസ് ലാമിക പ്രസ്ഥാനത്തിൽ വിശേഷിച്ചും ആഘോഷിക്കപ്പെടേണ്ട പണ്ഡിതനായിരുന്നു എം.വി സലീം മൗലവി. ആരുടെയും മുമ്പിൽ അവതരിപ്പിക്കാൻ പോന്ന പാണ്ഡിത്യത്തിന്റെ ഗരിമയുള്ള, പകരക്കാരനില്ലാത്ത വ്യക്തിത്വം. കേരളത്തിൽ ഏത് മതസംഘടനയുടെ നേതൃത്വത്തിലുള്ള ഏത് പണ്ഡിതനാണ് വിവരത്തിൽ സലീം മൗലവിയെ അതിജയിക്കാനാവുക? ആ അർഥത്തിൽ അദ്ദേഹത്തെ പ്രയോജനപ്പെടുത്താൻ നമുക്ക് സാധിച്ചുവോ എന്ന ചോദ്യം ബാക്കിനിൽക്കുന്നു. മഹാന്മാരുടെ മഹത്വത്തെ അവരുടെ മരണശേഷം പുകഴ്ത്തിപ്പറഞ്ഞവസാനിപ്പിക്കാതെ, അവർ ജീവിച്ചിരിക്കുമ്പോൾ തിരിച്ചറിഞ്ഞ് പ്രയോജനപ്പെടുത്തുകയാണ് ബുദ്ധിയുള്ളൊരു സമൂഹം ചെയ്യുക.