latest updates

ക്രൊയേഷ്യന്‍ നോവലിസ്റ്റും മാധ്യമപ്രവര്‍ത്തകയുമായ സ്ലാവ്ങ്ക ഡ്രാക്കുലികിന്റെ ''സ് '- ദ നോവല്‍ എബൗട്ട് ദ ബാള്‍കന്‍സ്' 1992-ല്‍ ബോസ്‌നിയന്‍ യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്തെ ഭയാനകത വെളിപ്പെടുത്തുന്ന നോവലാണ്. ബോസ്‌നിയയില്‍ സെര്‍ബ് സൈന്യം അധിനിവേശം നടത്തി സ്ത്രീകളെ കൂട്ട ബലാല്‍സംഗം ചെയ്തിരുന്നു.ഒരു ജയില്‍ ക്യാമ്പിലെ മുറിയില്‍ സെര്‍ബിയന്‍ പട്ടാളക്കാര്‍ സ്ത്രീകളെ പീഡിപ്പിച്ചു കൊണ്ടിരുന്നപ്പോള്‍ ഇങ്ങനെ ആക്രോശിച്ചു; 'നിങ്ങളുടെ ഗര്‍ഭപാത്രത്തില്‍ ആയിരം സെര്‍ബ് മക്കള്‍ പിറക്കട്ടെ'!

പ്രവാസിയായ ബോസ്‌നിയന്‍ സ്ത്രീയുടെ കഥയാണ്, 'സ് ' ദ നോവല്‍ എബൌട്ട് ദ ബാല്‍ക്കന്‍സി'ന്റെ മുഖ്യ പ്രമേയം. ബലാത്സംഗത്തിന് ഇരയായി അവള്‍ ഗര്‍ഭിണിയാവുന്നു. ഉദരത്തില്‍ വളരുന്ന കുഞ്ഞിനെ വെറുപ്പോടെയല്ലാതെ നോക്കാന്‍ അവള്‍ക്കു കഴിഞ്ഞിരുന്നില്ല. ആ ഗര്‍ഭം അലസിപ്പോകാന്‍ പലതും അവള്‍ ചെയ്തു നോക്കി. പക്ഷെ, പറ്റുന്നില്ല. കുഞ്ഞു ജനിച്ചപ്പോള്‍ മുലയൂട്ടാന്‍ പോലും തോന്നാതെ ആ അമ്മ കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് അടിപ്പെടുന്നു. ബോസ്‌നിയന്‍ വംശഹത്യയുടെ നടുക്കുന്ന ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് സ്ലവെങ്ക ഡ്രാക്കുലീക്കിന്റെ ഈ നോവല്‍.

എല്ലാ വര്‍ഷവും ജൂലൈ പതിനൊന്ന്, 1995-ലെ സ്രെബ്രനീസ വംശഹത്യയെ അനുസ്മരിക്കുന്ന അന്താരാഷ്ട്ര ദിനമായി പ്രഖ്യാപിക്കുന്ന പ്രമേയം 2024 മേയില്‍ യുഎന്‍ പൊതുസഭയില്‍ അവതരിപ്പിക്കുകയുണ്ടായി. 84 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു.
ബോസ്‌നിയ ഹെര്‍സോഗോവിന തെക്കന്‍ യൂറോപ്പിലെ ബാല്‍കന്‍ ഉപദ്വീപിലുള്ള രാജ്യമാണ്. ബോസ്‌നിയയിലെ ഒരു പട്ടണമാണ് മുസ്ലിം ഭൂരിപക്ഷ പ്രദേശമായ സ്രെബ്രനീസ.
1992 മാര്‍ച്ച് മുതല്‍ 1995 നവംബര്‍ വരെ ബോസ്‌നിയ ഹെര്‍സഗോവിനയില്‍ നടന്ന മുസ്‌ലിം വംശഹത്യയില്‍ സെര്‍ബിയന്‍ വംശജര്‍ക്ക് സൈനികവും സാമ്പത്തികവുമായ പിന്തുണ നല്‍കിയത് സെര്‍ബിയന്‍ റിപ്പബ്ലിക്കായിരുന്നു. അത് പിന്നീട് യുഗോസ്ലോവ് പീപ്പിള്‍സ് ആര്‍മിയായി മാറി. ക്രോയേഷ്യയും സൈന്യത്തെ നല്‍കി.

1995 ജൂലൈ പതിനൊന്നിന് 8372 മുസ്ലിം പുരുഷന്മാരെയും ആണ്‍കുട്ടികളെയും സെബ്രനീസ പട്ടണത്തിലും പരിസരത്തും റാദ്‌കോ മ്ലാദികിനു കീഴിലുള്ള ബോസ്‌നിയന്‍ സെര്‍ബ് ആര്‍മി ഓഫ് റിപ്പബ്ലിക്ക സ്ര്‍പ്‌സ്‌കയുടെ (വി ആര്‍ എസ് ) യൂനിറ്റുകളാണ് കൂട്ടക്കൊല നടത്തിയത്. 20000 സാധാരണക്കാരാണ് അവിടെ നിന്ന് തുടച്ചു നീക്കപ്പെട്ടത്. 1991 വരെ സെര്‍ബിയന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഭാഗമായിരുന്ന സെര്‍ബിയയില്‍ നിന്നുള്ള അര്‍ധ സൈനിക വിഭാഗമായ 'സ്‌ക്കോര്‍പിയന്‍സ് 'കൂട്ടകൊലയിലും ആക്രമണങ്ങളിലും പങ്കെടുത്തു.

2000-ത്തില്‍ ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഓണ്‍ മിസ്സിംഗ് പേഴ്‌സണിന്റെ (ഐ.സി.എം.പി) നിര്‍ദ്ദേശ പ്രകാരം ഡി.എന്‍.എ പരിശോധനക്ക് തുടക്കമിട്ടു. 2012 ജൂലൈ വരെ, കൂട്ട കുഴിമാടങ്ങളില്‍ നിന്ന് കണ്ടെടുത്ത ശരീര ഭാഗങ്ങളുടെ ഡി.ന്‍.എ വിശകലനത്തിലൂടെ വംശഹത്യക്കു ഇരയായ 6,838 ഓളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 2021 ജൂലൈ വരെ 6,671 മൃതദേഹങ്ങള്‍ പോട്ടോകരിയിയിലെ സ്മാരകകേന്ദ്രത്തില്‍ സംസ്‌ക്കരിക്കുകയും 236 മൃതദേഹങ്ങള്‍ മറ്റൊരിടത്തു സംസ്‌കരിക്കിക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന്, 2023 നവംബര്‍ വരെ നടത്തിയ ഡി.എന്‍എ പരിശോധനയില്‍ കുറച്ചു പേരെയും കൂടി തിരിച്ചറിഞ്ഞു. ആയിരത്തോളം പേരെ ഇനിയും തിരിച്ചറിയാനുണ്ട്.

ബോസ്‌നിയയിലെ സ്രെബ്രനീസ മെമ്മോറിയല്‍ സെന്ററിന് മുകളില്‍ സൂര്യന്‍ അസ്തമിക്കുമ്പോള്‍, ശാന്തമെന്ന് തോന്നിക്കുന്ന ഒരു വിശ്രമ സ്ഥലം ഭയാനകമായ ഒരു ചരിത്രം മറച്ചു വെക്കുന്നുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പ് ദര്‍ശിച്ച ഏറ്റവും ഭീകരമായകൂട്ട കൊലകള്‍ക്കും അക്രമങ്ങള്‍ക്കും ഏക പക്ഷീയമായി ഒരു വിഭാഗം ഇരകളായിത്തീരുകയായിരുന്നു. അന്താരാഷ്ട്ര കോടതികള്‍ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരാന്‍ വര്‍ഷങ്ങളെടുത്തു. ആഗോള പ്രതികരണം തണുപ്പനായിരുന്നു. കുറെ കാല താമസവുമുണ്ടായി.

2004ല്‍ മുന്‍ യുഗോസ്ലാവ്യക്കായുള്ള ഇന്റര്‍നാഷണല്‍ ക്രിമിനല്‍ ട്രിബൂണല്‍ സ്രെബ്രനീസ കൂട്ടക്കൊലയെ വംശഹത്യയായി വിധിച്ചിരുന്നുവെങ്കിലും 2007ലാണ് സെര്‍ബിയയെ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. 29 വര്‍ഷം മുമ്പ് നടന്ന ബോസ്‌നിയയിലെ വംശഹത്യയില്‍ നിന്ന് മനുഷ്യ സമൂഹം പാഠം പഠിച്ചിരുന്നുവെങ്കില്‍ ഗസ്സയിലെ വംശഹത്യ ഇന്ന് സംഭവിക്കില്ലായിരുന്നു.


ഇന്ത്യയെ ലോകത്തിനു മുന്നില്‍ നാണം കെടുത്തുന്ന പശുവിന്റെ പേരിലുള്ള കൊലകളും മര്‍ദ്ദനങ്ങളും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ തുടരുന്നു. ഹരിയാനയിലെ ചര്‍കി ദാദ്രിയില്‍ സാബിര്‍ മാലിക്ക് എന്ന 24 വയസ്സുകാരനായ തൊഴിലാളിയെ
ബീഫ് കഴിച്ചെന്ന പേരില്‍ തല്ലിക്കൊന്ന ദാരുണമായ സംഭവത്തിനു തൊട്ടു പിന്നാലെ, മഹാരാഷ്ട്രയിലെ നാസിക് ജില്ലയില്‍ ഹാജി അശ്‌റഫ് മുന്‍യാര്‍ എന്ന വൃദ്ധനെ ട്രെയിനില്‍ ഹിന്ദുത്വവാദികള്‍ ആക്രമിക്കുന്ന വീഡിയോയും പുറത്തുവന്നിരിക്കുന്നു,
മാലേഗാവിലുള്ള മകളുടെ വീട്ടിലേക്ക് സാധനങ്ങളുമായി പോകുമ്പോഴാണ് അക്രമികള്‍ അദ്ദേഹത്തെ കയ്യേറ്റം ചെയ്തത്. തന്റെ കൈവശമുള്ളത് ആട്ടിറച്ചിയാണെന്നും ബീഫല്ലെന്നും പറഞ്ഞെങ്കിലും വൃദ്ധന്റെ മുഖത്തടിച്ചും ഭീഷണിപ്പെടുത്തിയുമാണ് ഒരു സംഘം തീവ്രവാദികള്‍ വിളയാട്ടം നടത്തിയത്. വിഷയം ബജ്രംഗ്ദളുകാരുടെ ശ്രദ്ധയില്‍പെടുത്തിയാല്‍ ജീവനോടെയുണ്ടാകില്ലെന്നും ഇവര്‍ ഭീഷണി മുഴക്കിയിരുന്നു. 2015-ല്‍ ദാദ്രിയില്‍ 52-കാരനായ മുഹമ്മദ് അഖ്‌ലാഖിനെയും വീട്ടില്‍ ആട്ടിറച്ചി സൂക്ഷിച്ചതിനാണ് ആള്‍ക്കൂട്ടം അടിച്ചു കൊന്നത്.

ഹരിയാന സംഭവത്തെ ന്യായീകരിച്ചാണ് ബി.ജെ.പി മുഖ്യമന്ത്രി നയാബ് സിംഗ് സെയിനി രംഗത്തുവന്നത്. കൗമാരക്കാര്‍ ഉള്‍പ്പെടെ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടും അതൊരു ആള്‍ക്കൂട്ട കൊലയല്ലെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ഹരിയാന അസംബ്ലി ഗോ സംരക്ഷണത്തിനായി നിയമം പാസ്സാക്കിയതിനാല്‍ ആള്‍ക്കൂട്ടം നിയമം കയ്യിലെടുക്കില്ലെന്നും ഗ്രാമവാസികള്‍ക്ക് പശുവിനോട് അഗാധ ഭക്തിയുണ്ടെന്നിരിക്കെ, ഒരാള്‍ ബീഫ് കഴിച്ച വിവരം അറിഞ്ഞാല്‍ അവര്‍ വെറുതെയിരിക്കില്ലെന്നുമാണ് മുഖ്യമന്ത്രിയുടെ ന്യായീകരണം.

ഗസ്സയില്‍ ഹമാസുമായി ഉടന്‍ കരാറിലെത്തി ബന്ദികളെ തിരികെ കൊണ്ടുവരണമെന്ന ആവശ്യപ്പെട്ട് ഇസ്രായേലില്‍ പ്രതിഷേധം രൂക്ഷം. ആറു ബന്ദികളുടെ മൃതദേഹങ്ങള്‍ ശനിയാഴ്ച രാത്രി കണ്ടെത്തിയ സാഹചര്യത്തിലാണ് ഇസ്രായേലിലെ പ്രധാന നഗരങ്ങളില്‍ ജനം ഞായറാഴ്ച തെരുവിലിറങ്ങിയത്. പലയിടത്തും പോലിസുമായി ഏറ്റുമുട്ടലുമുണ്ടായി. ബന്ദികളുടെ മരണത്തിന് നെതന്യാഹുവാണ് കാരണക്കാരനെന്ന് അവര്‍ കുറ്റപ്പെടുത്തി. രാജ്യത്തെ ഏറ്റവും വലിയ തൊഴിലാളി യൂനിയന്‍ ഹിസ്റ്റാട്രറ്റ് തിങ്കളാഴ്ച പൊതു പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

അതിനിടെ, ഗസ്സയില്‍ തുടരുന്ന വംശഹത്യയില്‍ നടുക്കം പ്രകടിപ്പിച്ച് തുര്‍ക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ സുഊദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായി ടെലിഫോണില്‍ ചര്‍ച്ച നടത്തിയതായി അനദോലു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രായേലിനു മേല്‍ അന്താരാഷ്ട്ര സമൂഹം സമ്മര്‍ദ്ദം ചെലുത്തേണ്ട നിര്‍ണായക സമയമാണിതെന്ന് ഉര്‍ദുഗാന്‍ ഓര്‍മിപ്പിച്ചു.

സ്വതന്ത്ര ലൈംഗികതക്ക് ഇന്ന് ആഗോളതലത്തില്‍ ഏറെ വിപണന സാധ്യതയുണ്ട്. സ്ത്രീത്വത്തിനെതിരെ നടന്നുകൊണ്ടിരിക്കുന്ന പല അതിക്രമങ്ങളും ഈ ആശയത്തിന്റെ ഉപോല്‍പന്നമാണെങ്കിലും ഇതു സംബന്ധമായി കാര്യഗൗരവത്തിലുള്ള ഒരു അന്വേഷണം നടത്താന്‍ ആഗോള വേദിയായ ഐക്യരാഷ്ട്ര സഭ പോലും മുന്നോട്ടു വന്നിട്ടില്ല. സെക്‌സ് ടൂറിസത്തിലും മറ്റും ഐ.എം.എഫ് പോലുള്ള ഫണ്ടിംഗ് ഏജന്‍സികള്‍ക്ക് വലിയ മുതല്‍മുടക്കുള്ളതിനാല്‍ അത്തരം അന്വേഷണങ്ങള്‍ വിപരീത ഫലം ചെയ്യുമെന്ന് കോര്‍പറേറ്റുകള്‍ കണക്കു കൂട്ടുന്നുണ്ട്. അതിനാല്‍ കോര്‍പറേറ്റുകള്‍ നിയന്ത്രിക്കുന്ന വികസിത രാഷ്ട്രങ്ങളിലെ ഭരണകൂടങ്ങളും ഈ അതിക്രമങ്ങളെ ഒരു സ്വാഭാവിക പ്രതിഭാസമായി കണ്ട് അവഗണിക്കുന്നു. അമേരിക്കയിലും യൂറോപ്പിലും ആസ്‌ത്രേലിയയിലുമൊക്കെ സ്ത്രീകള്‍ക്കെതിരിലുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുകയല്ലാതെ ഒട്ടും കുറയുന്നില്ല. അമേരിക്കയില്‍ ഓരോ വര്‍ഷവും തൊണ്ണൂറായിരം ബലാത്സംഗ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ലൈംഗികാതിക്രമമായതിനാല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകളായിരിക്കും കൂടുതല്‍. കുറ്റവാളികള്‍ അടുത്ത ബന്ധുക്കളാവുമ്പോള്‍ മാനഹാനി ഭയന്ന് പലരും കേസ് കൊടുക്കാന്‍ മടിക്കുന്നു. കേസ് കൊടുത്താല്‍ തന്നെ അന്വേഷണവും വിചാരണയുമായി കേസുകള്‍ നീണ്ടു നീണ്ടുപോകും. ഒടുവില്‍ പ്രതികളില്‍ ആറ് ശതമാനം പേര്‍ മാത്രമേ ശിക്ഷിക്കപ്പെടുന്നു പോലുമുള്ളൂ. രണ്ടോ മൂന്നോ കൊല്ലം തടവ് എന്നതിലപ്പുറം കുറ്റവാളികള്‍ക്ക് ശിക്ഷ കിട്ടാനും പോകുന്നില്ല. സ്ഥിതി വിവര കണക്കുകള്‍ പരിശോധിച്ചാല്‍ വികസിത, വികസ്വര, അവികസിത രാജ്യങ്ങളിലെല്ലാം സ്ത്രീ പീഡന വിഷയത്തില്‍ ഒരേ പാറ്റേണിലാണ് കാര്യങ്ങള്‍ നീങ്ങുന്നത് എന്നു കാണാം. തങ്ങളുടെ നാട് ടൂറിസത്തിനും മറ്റുമായി തുറന്നിടുമ്പോള്‍ ഇത്തരം കൈയേറ്റങ്ങള്‍ സ്വാഭാവികമാണെന്നും, മൊത്തത്തിലുള്ള സാമ്പത്തിക നേട്ടങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ അവയെ കാര്യഗൗരവത്തിലെടുക്കേണ്ടതില്ലെന്നുമുള്ള അവബോധം ലോക വ്യാപകമായി സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു.

മലയാള സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളും കൈയേറ്റങ്ങളും പഠന വിധേയമാക്കി റിട്ട. ജസ്റ്റിസ് ഹേമ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കേരള സര്‍ക്കാര്‍ നാലര വര്‍ഷക്കാലം പുറത്തുവിടാതിരുന്നതിലും ഈയൊരു മനോഭാവമാണ് നമുക്ക് കാണാന്‍ കഴിയുക. പ്രമുഖരുടെ മുഖം രക്ഷിക്കുക എന്നത് പൂഴ്ത്തിവെക്കാനുള്ള ഒരു ന്യായമാണെങ്കിലും, റിപ്പോര്‍ട്ടില്‍ ഉന്നയിക്കപ്പെട്ട കാര്യങ്ങള്‍ അത്ര ഗൗരവമുള്ള വിഷയമായി സര്‍ക്കാര്‍ കാണുന്നില്ല എന്നതാണ് യഥാര്‍ഥ പ്രശ്‌നം. ഇതിന്റെയൊക്കെ വിത്ത് സ്വതന്ത്ര ലൈംഗികത എന്ന ആശയത്തിലാണ്. കേരള സര്‍ക്കാരാകട്ടെ കൊച്ചു കുഞ്ഞുങ്ങളില്‍ വരെ ആ ആശയം എങ്ങനെ കുത്തിവെക്കാമെന്ന് ആലോചിച്ചുകൊണ്ടിരിക്കുകയുമാണ്. അതിനു വേണ്ടി യു.എന്നില്‍നിന്നും മറ്റും ഫണ്ടുകളും വരുന്നുണ്ട്. ഇതൊക്കെ സൃഷ്ടിക്കുന്ന സാമൂഹിക അന്തരീക്ഷമാണ് ഇത്തരം അതിക്രമങ്ങള്‍ക്ക് വളമാവുന്നത്.

ഏതൊരു അതിക്രമവും തടയണമെങ്കില്‍ മൂന്ന് 'പേടികള്‍' വേണമെന്നാണ് പറയാറ് - ദൈവത്തെ പേടി, ജനത്തെ പേടി, നിയമത്തെ പേടി. പാശ്ചാത്യ ഭൗതികത ദൈവത്തെക്കുറിച്ച പേടി മാത്രമല്ല, ദൈവത്തെ തന്നെ എന്നേ നിഷ്‌കാസനം ചെയ്തുകഴിഞ്ഞു. ജനത്തെയും നിയമത്തെയും പേടിക്കേണ്ടതില്ല എന്ന നിലയിലേക്കും കാര്യങ്ങളെത്തിച്ചിരിക്കുന്നു. വ്യഭിചാരമോ ബലാത്സംഗമോ മറ്റു ലൈംഗിക അതിക്രമങ്ങളോ ഒരു മതവും അംഗീകരിക്കുന്നില്ല. എന്നല്ല, അവയെ ശക്തമായി എതിര്‍ക്കുന്നുമുണ്ട്. പക്ഷേ, അത്തരം മതബോധങ്ങളെ മുതലാളിത്തവും മറ്റു ഭൗതിക ദര്‍ശനങ്ങളും നിര്‍വീര്യമാക്കി നിര്‍ത്തിയിരിക്കുന്നു. ഇതൊക്കെയും മഹാ പാപമാണെന്നും ദൈവശിക്ഷക്ക് കാരണമാക്കുന്നതാണെന്നുമുള്ള ബോധ്യം മനുഷ്യ മനസ്സുകളില്‍ ഉണ്ടാക്കിയെങ്കില്‍ മാത്രമേ അതിക്രമങ്ങള്‍ക്ക് തടയിടാനാവൂ. l

2017 ഫെബ്രുവരി 17-ന് മലയാളത്തിലെ ഒരു പ്രമുഖ നടിയെ ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയി കാറിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു. കേരളത്തിൽ ഉടനീളം രോഷം ആളിക്കത്തിച്ച കേസിൽ പിന്നീട് ഒരു പ്രമുഖ നടൻ ഉൾപ്പെട്ടപ്പോൾ, മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന വിവേചനം വലിയ ചർച്ചക്ക് വഴിവെച്ചു. ഈ സംഭവത്തെ തുടർന്ന് അഭിനേതാക്കൾ, നിർമാതാക്കൾ, സംവിധായകർ, സാങ്കേതിക വിദഗ്ധർ എന്നിവരടങ്ങുന്ന വിമൻ ഇൻ സിനിമാ കളക്ടീവ് (W.C.C) രൂപവത്കരിക്കപ്പെട്ടു. 2017 മെയ് 18-ന് ഡബ്ലിയു.സി.സി കേരള മുഖ്യമന്ത്രിക്ക് അന്വേഷണം ആവശ്യപ്പെട്ട് ഒരു നിവേദനം നൽകി. കൂടാതെ മലയാള സിനിമാ മേഖലയിൽ നിലനിൽക്കുന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ടു. മലയാള സിനിമാ വ്യവസായത്തിലെ ലൈംഗികാതിക്രമവും വ്യാപകമായ ലിംഗ അസമത്വവും അന്വേഷിക്കാൻ കേരള ഹൈക്കോടതിയിൽനിന്ന് വിരമിച്ച ജസ്റ്റിസ് കെ. ഹേമയുടെ നേതൃത്വത്തിൽ ജൂലൈയിൽ സംസ്ഥാന സർക്കാർ മൂന്നംഗ സമിതി രൂപവത്കരിച്ചു. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന 80-ലധികം സ്ത്രീകൾ ജസ്റ്റിസ് ഹേമയ്ക്ക് മുന്നിൽ തങ്ങളുടെ അനുഭവം പങ്കുവെക്കുകയും മലയാള സിനിമാ വ്യവസായത്തിൽ നിലനിൽക്കുന്ന ശത്രുതാപരമായ അന്തരീക്ഷത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. കമ്മിറ്റി 295 പേജുള്ള റിപ്പോർട്ട് 2019 ഡിസംബറിൽ കേരള മുഖ്യമന്ത്രിക്ക് സമർപ്പിച്ചു. അങ്ങനെ സമർപ്പിച്ച് നാലര വർഷത്തിന് ശേഷം 2024 ആഗസ്റ്റ് 19-ന്, ഹേമ കമ്മിറ്റി റിപ്പോർട്ട് ഭാഗികമായി വെളിച്ചം കണ്ടു. മലയാളം സിനിമാ ഇൻഡസ്ട്രിയിലെ ലൈംഗികാതിക്രമങ്ങളും ചൂഷണങ്ങളും ലോബിയിംഗും തുറന്നുകാണിക്കുന്ന ഒന്നായി അത്. വലിയ ചർച്ചകൾക്കും രാഷ്ട്രീയ പൊട്ടിത്തെറികൾക്കും റിപ്പോർട്ട് വഴിയൊരുക്കി.

സ്ത്രീകൾക്ക് വസ്ത്രം മാറാനുള്ള മുറികളും ടോയ്‌ലറ്റുകളും പോലുള്ള അടിസ്ഥാന സൗകര്യങ്ങൾ ലൊക്കേഷനുകളിൽ ഒരുക്കാറില്ലെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ട്. എല്ലാവരെയും ഞെട്ടിച്ചത് ലൈംഗിക പീഡന കഥകളാണ്. ശക്തമായ ഒരു ലോബി പവർ ഗ്രൂപ്പായി മലയാള സിനിമയെ നിയന്ത്രിക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. മദ്യപിച്ചിരിക്കുന്ന പുരുഷന്മാർ (നടന്മാർ, നിർമാതാക്കൾ, സംവിധായകർ) സ്ത്രീ അഭിനേതാക്കളുടെ മുറികളുടെ വാതിലുകളിൽ മുട്ടാറുണ്ടെന്നും റിപ്പോർട്ടിലുണ്ട്. സിനിമാ മേഖലയിലെ സ്ത്രീകള്‍ ലൈംഗിക പീഡനം, തൊഴില്‍പരമായ വിവേചനം, ലിംഗവിവേചനം എന്നിവ നേരിടുന്നുണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. സിനിമകളില്‍ അവസരം ലഭിക്കുന്നതിന് ലൈംഗികാവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കേണ്ട സാഹചര്യ(കാസ്റ്റിംഗ് കൗച്ച്)വും നിലനിൽക്കുന്നു.

ആധുനിക പുരോഗമന പ്രത്യയശാസ്ത്രം എന്ന പേരിൽ ആഘോഷിക്കപ്പെടുന്ന തിയറികളെല്ലാം എത്രമാത്രം സ്ത്രീ വിരുദ്ധമാണ് എന്ന് തെളിയിക്കുന്നുണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ട്. സാമൂഹിക- സാംസ്‌കാരിക- സദാചാര മൂല്യങ്ങളുടെ തിരസ്‌കരണമാണ് ഇത്തരം ലിബറല്‍ മൂല്യങ്ങളുടെ മറവിൽ സംഭവിക്കുന്നത്. ഇത് നന്മ / തിന്മ എന്നതിനപ്പുറം വ്യക്തിസ്വാതന്ത്ര്യത്തെയാണ് അടിസ്ഥാന തത്ത്വമായി വിഭാവനം ചെയ്യുന്നത്. അപ്പോള്‍ തുടക്കവും ഒടുക്കവുമെല്ലാം പവർ അല്ലെങ്കിൽ അധികാരമുള്ള വ്യക്തിയിൽ നിന്നായിത്തീരും. അത് പുരുഷന്റെ താൽപര്യത്തെ തൃപ്തിപ്പെടുത്തുന്നതാകും. അഥവാ വ്യക്തിയെ ഉടമയാക്കുകയും വ്യക്തിയുടെ വ്യക്തിത്വത്തെ ധാര്‍മികമായി അളക്കാതിരിക്കുകയും ചെയ്യുന്നു. എല്ലാ മൂല്യങ്ങളെയും ധാര്‍മികതയെയും വെടിയുന്ന വ്യക്തികേന്ദ്രീകൃത കാഴ്ചപ്പാടായി അത് മാറുന്നു. കേരളത്തിൽ ഇടതുപക്ഷ സർക്കാരും സി.പി.എമ്മിന്റെ വിദ്യാർഥി സംഘടനയുമെല്ലാം തങ്ങൾ വലിയ പുരോഗമനക്കാരാണ് എന്ന് തെളിയിക്കുന്നതിനായി ലിബറൽ മൂല്യങ്ങൾ പാഠപുസ്തകങ്ങളിലും കുട്ടികളുടെ യൂനിഫോമിലും വരെ അടിച്ചേൽപ്പിച്ചവരാണ്. എല്ലായിടത്തും ന്യായം പറയുന്നത് ഞങ്ങൾ സ്ത്രീപക്ഷ വാദികളും സംരക്ഷകരുമെല്ലാം ആണെന്നാണ്. അവരുടെ സ്ത്രീപക്ഷം എത്രമാത്രം സ്ത്രീവിരുദ്ധവും പൊള്ളത്തരങ്ങൾ നിറഞ്ഞതുമാണെന്ന് ഇപ്പോൾ തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.

മത സമൂഹങ്ങളെ പൊതുവിലും, മുസ്‌ലിംകളെ പ്രത്യേകമായും ടാര്‍ഗറ്റ് ചെയ്തുകൊണ്ട് ലിബറല്‍ മൂല്യങ്ങളുടെ മറപിടിച്ച് സി.പി.എമ്മും പോഷക സംഘടനകളും നടത്തിക്കൊണ്ടിരിക്കുന്ന സാംസ്‌കാരിക കടന്നാക്രമണങ്ങളെല്ലാം സ്ത്രീകൾക്കെതിരായിരുന്നു എന്ന് കാണാൻ സാധിക്കും. കുടുംബ ജീവിതത്തിൽ സ്ത്രീകൾ അടിമകളാണെന്നും അതിനാൽ കുടുംബം തകർക്കപ്പെടണമെന്നുമുള്ള ലിബറൽ ചിന്താഗതിയാണ്, കുടുംബത്തെയും വിവാഹത്തെയും അപ്രസക്തമാക്കുന്ന തരത്തിലുള്ള പുതിയ ലിബറല്‍ ആശയങ്ങളും കാഴ്ചപ്പാടുകളും കാമ്പസുകളിലും പൊതു സമൂഹത്തിലും പ്രചരിപ്പിക്കാന്‍ മാത്രമല്ല, അധികാര ബലം ഉപയോഗിച്ച് അവ അടിച്ചേല്‍പിക്കാനുമുള്ള നീക്കത്തിന് പിന്നിൽ.

ഇടതുപക്ഷ സർക്കാർ വലിയ കൊട്ടിഗ് ഘോഷങ്ങളുമായി കൊണ്ടുവന്നതാണ് ജെൻഡർ ന്യൂട്രൽ യൂനിഫോം. ആൺകുട്ടിയും പെൺകുട്ടിയും ഒരേവസ്ത്രം ധരിച്ചതുകൊണ്ടുമാത്രം ലിംഗനീതി സാധ്യമാകും എന്ന വിഡ്ഢിത്തത്തിന്റെ പുറത്ത് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം ഹനിക്കുക കൂടിയാണ് ജെന്‍ഡര്‍ ന്യൂട്രല്‍ യൂനിഫോം ചെയ്യുന്നത്. ഒരേ ഭാഷ, ഒരേ ഭക്ഷണം എന്നൊക്കെ പറയുന്നതു പോലെ മറ്റൊരു ഫാഷിസമാണ് ഒരേ വസ്ത്രമേ പാടുള്ളൂ എന്നു പറയുന്നതും. ആണും പെണ്ണും പരസ്പര പൂരകമാണെന്നും രണ്ടു പേരും പരസ്പരം ബഹുമാനിക്കേണ്ടവരാണെന്നുമുള്ള പാഠങ്ങള്‍ കുട്ടികള്‍ക്ക് പകര്‍ന്നുനല്‍കേണ്ടതിനു പകരം, നിങ്ങളുടെ വസ്ത്രം മാറ്റിയാൽ പുരോഗമനം സാധ്യമാകും എന്ന മണ്ടത്തരം പ്രഖ്യാപിക്കുകയാണ് ചെയ്തത്. കുടുംബവും മതവുമൊക്കെ കുട്ടികളെ അവര്‍ക്കിഷ്ടമില്ലാത്ത, കംഫര്‍ട്ടബിളല്ലാത്ത വസ്ത്രം ധരിക്കാന്‍ നിര്‍ബന്ധിക്കുന്നു എന്ന് നിരന്തരം ആരോപിക്കുന്നവർ അതിനു പ്രതിവിധിയായി കുട്ടികളുടെ മേല്‍ പാന്റ്സും ഷര്‍ട്ടും അടിച്ചേല്‍പിക്കുന്ന വിരോധാഭാസം. ഇങ്ങനെ കൊട്ടിഗ്്ഘോഷിച്ചു കൊണ്ടുവന്നതെല്ലാം എത്രമാത്രം സ്ത്രീപക്ഷമായിരുന്നുവെന്ന് പരിശോധിക്കുന്നത് നല്ലതാണ്.

സെക്‌സ് ഇന്‍ഡസ്ട്രി ലോകത്തിലെ ഏറ്റവും വലിയ വ്യവസായങ്ങളിലൊന്നായി മാറിയത് പുരോഗമനപരം ആയതുകൊണ്ടല്ല, മനുഷ്യന്റെ ജന്തു സഹജമായ ചോദനകളെ കയറൂരി വിടുന്നു എന്നതുകൊണ്ടാണ്. മുതലാളിത്തം നന്നായി കച്ചവടം ചെയ്യുന്ന ഈ ചോദനകളുടെ പുറത്താണ് ഇടതുപക്ഷം അടക്കം അതിന്റെ നിലനിൽപ്പ് സാധ്യമാക്കുന്നതും. അപ്പോഴും ഒന്നാമതായി ചൂഷണം ചെയ്യപ്പെടുന്നത് സ്ത്രീകൾ തന്നെയാണ്. ഇത്തരം സ്പെയ്സുകൾ ഒരേസമയം സ്ത്രീയെയും പുരുഷനെയും ചൂഷണം ചെയ്യുന്നതായും നമുക്ക് കാണാൻ കഴിയും. ഇതൊന്നും ഇത്തരം മൂല്യങ്ങളുടെയോ ലിബറൽ വാദത്തിന്റെയോ പ്രശ്നമൊന്നുമല്ല, അതെല്ലാം വ്യക്തികേന്ദ്രീകൃതമായിട്ടുള്ള പ്രശ്നങ്ങൾ മാത്രമാണ്, മതവിശ്വാസികളിലും ഇതുപോലെയുള്ള പ്രവണതകൾ നിലനിൽക്കുന്നുണ്ടല്ലോ എന്നു തുടങ്ങിയ ന്യായീകരണങ്ങൾ നമുക്ക് ധാരാളമായി കേൾക്കാൻ കഴിയും. പക്ഷേ, മനസ്സിലാക്കേണ്ടത് മത മൂല്യങ്ങൾ ഒരിക്കലും ഉദാരമായി വ്യക്തിസ്വാതന്ത്ര്യത്തെ മഹത്വവത്കരിക്കുന്നില്ല എന്നതാണ്. മറിച്ച്, സമൂഹത്തിന് അതല്ലെങ്കിൽ മറ്റൊരു വ്യക്തിക്ക് മോശമായി ഭവിക്കുന്ന എല്ലാ വ്യക്തിസ്വാതന്ത്ര്യങ്ങളെയും മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ ലിമിറ്റ് ചെയ്യുകയാണ് മതം.

ഇസ്ലാം മതത്തെ സംബന്ധിച്ചേടത്തോളം പരിധികളും അതിരുകളും ഇല്ലാത്ത എല്ലാ സ്വാതന്ത്ര്യങ്ങളും നിരാകരിക്കപ്പെടേണ്ടതാണ്. മറ്റു മനുഷ്യരുടെ ജീവൻ, സമ്പത്ത്, വിശ്വാസം, ആത്മാഭിമാനം എന്നിവ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് ഇത്തരം നിയന്ത്രണങ്ങളും പരിധികളും നിശ്ചയിച്ചിട്ടുള്ളത്. എല്ലാ മനുഷ്യർക്കും സ്പേസ് ഉള്ള ഒരു ധാർമിക സമൂഹത്തെ അത് വിഭാവന ചെയ്യുന്നു. നല്ലതായുള്ളതെല്ലാം ദൈവം അനുവദനീയമാക്കുകയും ചീത്തത് നിഷിദ്ധമാക്കുകയും ചെയ്തു എന്നാണല്ലോ. ഉത്കൃഷ്ടനാകാനും മ്ലേച്ഛനാകാനുമുള്ള മനുഷ്യന്റെ രണ്ട് സാധ്യതകളെ മുന്നിൽ കണ്ടുകൊണ്ടാണ് ഇസ്ലാം ഇത്തരം ധാർമിക അതിരുകൾ മനുഷ്യ ജീവിതത്തിൽ നിശ്ചയിച്ചത്.

വ്യക്തിയുടെ ലൈംഗിക സ്വാതന്ത്ര്യത്തിനും അഭിനിവേശങ്ങള്‍ക്കും തടസ്സമാവുന്ന സ്ഥാപനം എന്ന നിലയില്‍ ലിബറലിസത്തിന് കുടുംബം, വിവാഹം എന്നതിനോടൊന്നും വലിയ താല്‍പര്യമില്ല. പടിഞ്ഞാറന്‍ നാടുകളില്‍ ലിബറലിസം വിവാഹത്തിന്റെയും കുടുംബ ഘടനയുടെയും വ്യാപകമായ തകര്‍ച്ചയിലേക്ക് നയിക്കാനുള്ള കാരണമിതാണ്. എന്നാൽ, ബദലായി അവതരിപ്പിച്ച എല്ലാ സംവിധാനങ്ങളും സ്ത്രീചൂഷണത്തിൽ അധിഷ്ഠിതവുമാണ്. വിവാഹ ജീവിതത്തിലും കുടുംബജീവിതത്തിലും സ്ത്രീക്ക് പ്രത്യേകമായ പദവിയും പുരുഷന് അവളോട് ഉത്തരവാദിത്വങ്ങളും കടമകളും ഉണ്ട്. എന്നാൽ, ലിബറലിസം മുന്നോട്ടു വെക്കുന്ന കുടുംബത്തിന് ബദലായി കൊണ്ടുവന്ന സംവിധാനങ്ങളൊക്കെയും പ്രായോഗികതയിലും തത്ത്വത്തിലും കുടുംബമായി തന്നെയാണ് നിലകൊള്ളുന്നതെങ്കിലും സ്ത്രീക്ക് പ്രത്യേകമായിട്ടുള്ള അവകാശങ്ങളോ പദവികളോ അനുവദിക്കുന്നില്ല. ഉപാധികളില്ലാതെ സ്ത്രീകൾ ചൂഷണത്തിന് വിധേയമാവുകയാണ് എന്നാണ് ഇത്തരം തുറന്നുപറയലുകളിലൂടെ വ്യക്തമാകുന്നത്.

സ്വതന്ത്ര ലൈംഗികത സൃഷ്ടിക്കുന്ന സാമൂഹിക ശൈഥില്യം ഭീകരമായിരിക്കും. ലിവിംഗ് ടുഗെദറിൽ ആർക്കും എപ്പോൾ വേണമെങ്കിലും തന്റെ പങ്കാളിയുമൊന്നിച്ചുള്ള ജീവിതം ഉപേക്ഷിച്ച് ഇറങ്ങിപ്പോകാം. അവിടെ ഒരാൾക്ക് പ്രണയം അവസാനിക്കുമ്പോൾ മറ്റൊരാളിൽ പ്രണയം അവശേഷിക്കുന്നുണ്ടെങ്കിൽ അത് എത്ര വലിയ മാനസിക പ്രയാസമാണ് ഉണ്ടാക്കുക എന്നോർത്തു നോക്കൂ. പരസ്പരം കടമകളും ഉത്തരവാദിത്വങ്ങളും ഒന്നുമില്ലാത്ത അത്തരം ജീവിതത്തിൽ സ്ത്രീയെ ലൈംഗികമായി ചൂഷണം ചെയ്യാനും സാധിക്കുന്നു. യാതൊരു ഉത്തരവാദിത്വവും സ്ത്രീയോട് നിർവഹിക്കാതെ ആ ജീവിതത്തിൽനിന്ന് യഥേഷ്ടം പുരുഷന് ഇറങ്ങിപ്പോകാൻ കഴിയും.

സ്ത്രീ ഗർഭിണി ആവുകയോ കുഞ്ഞിന് ജന്മം നൽകുകയോ ചെയ്യേണ്ടി വന്നാൽ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിൽ സിംഗിൾ പാരന്റിംഗിലേക്ക് ആ സ്ത്രീ നയിക്കപ്പെടുന്നു. അതല്ലെങ്കിൽ ആ കുഞ്ഞ് രക്ഷിതാക്കളില്ലാതെ ഉപേക്ഷിക്കപ്പെടുന്നു. രണ്ടും മനുഷ്യത്വ വിരുദ്ധമാണ്, സ്ത്രീവിരുദ്ധവുമാണ്.
ആണ്‍-പെണ്‍ ലൈംഗിക ബന്ധത്തിലും സ്വവര്‍ഗരതിയിലും വിചിത്രമായ പുതിയ പുതിയ രീതികള്‍ പരീക്ഷിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന പടിഞ്ഞാറിന്റെ ലിബറല്‍ ലോകത്തു നിന്നാണ് കുടുംബം തിരിച്ചുപിടിക്കാനുള്ള മുറവിളി ഉയരുന്നതെന്നോര്‍ക്കണം. ഈ ഘട്ടത്തിലാണ് വേലികള്‍ തകര്‍ക്കാനും ലിംഗാതിര്‍ത്തികള്‍ ഭേദിക്കാനും യുവതലമുറയോടുള്ള എസ്.എഫ്.ഐ ഉൾപ്പെടെയുള്ള സോ കാൾഡ് ലിബറൽ പുരോഗമന പ്രസ്ഥാനങ്ങൾ ആവശ്യപ്പെടുന്നത്. മതേതരത്വത്തിന്റെ പേരും പറഞ്ഞ് അവർ നടപ്പാക്കാൻ ശ്രമിക്കുന്നത് പുരുഷാധിപത്യത്തിൽ അധിഷ്ഠിതമായ, ലൈംഗിക വൈകൃതങ്ങൾ നിറഞ്ഞ മുതലാളിത്ത സംസ്കാരമാണ്. അത് വ്യക്തി എന്ന നിലയിലും സാമൂഹിക ജീവി എന്ന നിലയിലും തൊഴിലിടങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും രാഷ്ട്രീയ സാമൂഹിക മേഖലകളിലും സ്ത്രീയെ ചൂഷണം ചെയ്യുകയും ഭീഷണിപ്പെടുത്തി വരുതിയിൽ നിർത്തുകയും, വീണ്ടും വീണ്ടും പാർശ്വവൽക്കരിക്കുകയും ചെയ്യുന്നു. മുതലാളിത്ത സംസ്കാരത്തിൽ സ്ത്രീ എന്നത് കമ്പോളത്തിൽ വിലപേശി വിറ്റഴിക്കപ്പെടുന്ന ഉപഭോഗ വസ്തു മാത്രമാണ് എന്ന് തിരിച്ചറിയുക. അതിനെ കമ്യൂണിസത്തിന്റെ കുപ്പിയിലാക്കിയാൽ വിമോചനം സാധ്യമാകില്ല.

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ, സിനിമയിൽ അവസരം ലഭിക്കുന്നതിന് പുരുഷന്മാർക്ക് ശാരീരികമായി വഴങ്ങാൻ നിർബന്ധിതരാകുന്നു പ്രായപൂർത്തി എത്താത്ത പെൺകുട്ടികൾ ഉൾപ്പെടെയുള്ള സ്ത്രീകൾ എന്ന് പറയുന്നുണ്ട്. അത്തരം കരാറുകളിൽ ഏർപ്പെടുന്നത് ഈ പെൺകുട്ടികളുടെ അമ്മമാരുടെ 'സമ്മതപ്രകാരം' ആണെന്നും പറയുന്നു. ഒന്നോർത്തു നോക്കൂ, ടാലന്റ് മാനദണ്ഡം ആയിരിക്കേണ്ട ഒരു കലാമേഖലയിൽ അവിടെ സ്ത്രീയുടെ കാര്യം വരുമ്പോൾ അവളുടെ ടാലന്റോ കഴിവോ അല്ല പരിഗണിക്കപ്പെടുന്നത്. അതിന് പ്രാധാന്യം നൽകുന്നതിനു പകരം അതേ തൊഴിലിടത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പുരുഷന്റെ ശാരീരിക താൽപര്യങ്ങൾക്ക് വഴങ്ങിക്കൊടുക്കുക എന്ന നിബന്ധനയാണ് കയറിവരുന്നത്. സ്ത്രീയെ കേവലം ഉപഭോഗ വസ്തു മാത്രമായിട്ടേ അവർ കാണുന്നുള്ളൂ. സ്ത്രീകളുടെ ചോയ്സ് എന്നെല്ലാം അവരിടുന്ന വസ്ത്രത്തെക്കുറിച്ച് പറയാറുണ്ടല്ലോ. യഥാർഥത്തിൽ, സിനിമയിലെ സ്ത്രീകൾ ധരിക്കുന്ന വസ്ത്രം പോലും അതേ മേഖലയിലെ പുരുഷന്മാർ നിശ്ചയിക്കുന്നതാണെന്ന് കേൾക്കുമ്പോൾ ആ മേഖലയിൽ സ്ത്രീയുടെ അവസ്ഥ എത്രമാത്രം പരിതാപകരമായിരിക്കുമെന്ന് ഊഹിക്കാം. ഇതൊരു സിനിമാ മേഖലയിലെ മാത്രം കാര്യമല്ല, ലിബറൽ എന്നു പറയപ്പെടുന്ന സ്പേസുകളുടെയെല്ലാം മാനിഫെസ്റ്റേഷനാണ്.

സ്ത്രീകളുടെ ശരീരത്തിന് മാത്രം പ്രാധാന്യം നൽകുന്ന ഒരു തൊഴിൽ മേഖലയിലും സ്ത്രീക്ക് ചൂഷണത്തിൽനിന്ന് മുക്തി നേടാൻ സാധ്യമല്ല. ലൈംഗിക ചുവയുള്ള നോട്ടം, സംസാരം, ഇടപെടലുകൾ, അത്തരത്തിലുള്ള തമാശകൾ, ശരീര ഭാഷ ഇതെല്ലാം സ്ത്രീകൾക്കെതിരായ അതിക്രമം തന്നെയാണ്. തന്റെ സഹപ്രവർത്തകയായ ഒരു സ്ത്രീയോട് കിടക്ക പങ്കിടാൻ തയാറാണോ എന്ന് സ്വാഭാവികമായി ചോദിക്കാനുള്ള ധൈര്യം പുരുഷന് വരുന്നത് എങ്ങനെയാണ്? തയാറല്ലാത്തവരെ ഭീഷണിപ്പെടുത്താനും പ്രലോഭിപ്പിക്കാനും, അവസരമില്ല എന്നു പറഞ്ഞു ആ തൊഴിൽ മേഖലയിൽനിന്ന് പുറത്താക്കാനും മാത്രമുള്ള പ്രവിലേജ് ഇത്തരം ലിബറൽ സ്പെയ്സുകളിൽ സ്ത്രീക്ക് മേൽ പുരുഷന് ഉണ്ടാകുന്നതെങ്ങനെയാണ്? സ്ത്രീ എന്നാൽ ശരീരം മാത്രമാണെന്നും, അവളുടെ മറ്റ് മൗലികതകളെല്ലാം റദ്ദ് ചെയ്യപ്പെടേണ്ടതാണെന്നും, പുരുഷനെ തൃപ്തിപ്പെടുത്തുക എന്നുള്ളതാണ് അവളുടെ ഉത്തരവാദിത്വമെന്നുമുള്ള മൂഢ ബോധ്യങ്ങളിൽ നിന്നല്ലേ ഇത്തരം 'സ്വാഭാവിക' പ്രതികരണങ്ങൾ ഉണ്ടാകുന്നത്?

മലയാള സിനിമാ വ്യവസായം 15 അംഗ മാഫിയാ സംഘത്തിന്റെ പിടിയില്‍ അടിമുടി മനുഷ്യാവകാശ ലംഘനങ്ങളും സ്ത്രീകളോടുള്ള അതിക്രമങ്ങളും തൊഴില്‍ നിഷേധവും തുടരുന്ന ഇടമാണെന്ന് ഹേമ കമീഷന്‍ റിപ്പോര്‍ട്ട് പ്രതിപാദിക്കുമ്പോഴും, പ്രതികളെ കുറിച്ചുള്ള മുഴുവന്‍ തെളിവുകളും കൈയില്‍വെച്ചു നാലര വര്‍ഷം ഈ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചത് സര്‍ക്കാര്‍ ഇരകളോട് ചെയ്ത കടുത്ത അനീതിയാണ്; ക്രിമിനലുകളെ സംരക്ഷിക്കുന്നതിന് തുല്യവുമാണ്. പ്രതികളെ കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും പുറത്തുവിടാനും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കാനും സ്ത്രീപക്ഷ സർക്കാറിന് കഴിയുന്നില്ല എന്നു മാത്രമല്ല, ആരോപിതരിൽ സി.പി.എം ജനപ്രതിനിധികൾ വരെ ഉൾപ്പെട്ടിരിക്കുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും, സ്ത്രീകള്‍ക്ക് സ്വതന്ത്രമായും ഭയരഹിതമായും ജോലി ചെയ്യാനും ഹേമ കമീഷന്‍ ശിപാര്‍ശകള്‍ കൃത്യമായി നടപ്പാക്കാനും സർക്കാറിന് ധൈര്യമുണ്ടോ എന്ന് തിരിച്ചറിയാനുള്ള മറ്റൊരവസരം കൂടിയാണിത്.

ജെൻഡർ വ്യത്യാസമില്ലാതെ ഇടപഴകുമ്പോഴും, സ്വയം തെരഞ്ഞെടുപ്പാണെന്ന് കള്ളം പറഞ്ഞ് വസ്ത്രധാരണത്തിലും സൗഹൃദങ്ങളിലും യാതൊരു സൂക്ഷ്മതയും നിയന്ത്രണങ്ങളുമില്ലാതെ ജീവിക്കുമ്പോഴുമാണ് പുരോഗമനം സാധ്യമാകുന്നത് എന്ന ലിബറൽ പുരോഗമന വാദത്തെയും ഹേമ കമ്മിറ്റി റിപ്പോർട്ട് സൂക്ഷ്മമായി ചോദ്യം ചെയ്യുന്നു. അതിൽ പതിയിരിക്കുന്ന ചതിക്കുഴികൾ തുറന്നു കാണിക്കുന്നു. പുരുഷ കാമനകളെ തൃപ്തിപ്പെടുത്തുന്ന വസ്ത്രധാരണവും ശാരീരിക രൂപഘടനയും നിർണയിക്കപ്പെടുന്ന ലിബറൽ ഇടങ്ങളിൽനിന്ന്, മുസ്ലിം സ്ത്രീകളുടെ ഹിജാബിനെയും വസ്ത്രധാരണത്തെയും അടിമത്തത്തിന്റെ കവചിത രൂപങ്ങളായി അടയാളപ്പെടുത്താനുള്ള ശ്രമങ്ങൾ കുറേ കാലമായി തുടരുന്ന ഒന്നാണ്. മറ്റൊരു മനുഷ്യന്റെയും താൽപര്യത്തിൽ അധിഷ്ഠിതമല്ലാത്ത, തികച്ചും തന്റെ വിശ്വാസത്തിൽ മാത്രം അധിഷ്ഠിതമായ വസ്ത്രധാരണ രീതി മുസ്ലിം സ്ത്രീ തെരഞ്ഞെടുക്കുമ്പോൾ അതിനെ താലിബാനിസവും തീവ്രവാദവും അടിമത്തവും ആക്കി മുസ്ലിം സ്ത്രീകളെ അധിക്ഷേപിക്കാൻ തുടങ്ങിയിട്ട് കാലമെത്രയായി! തെരഞ്ഞെടുപ്പുകളെ കുറിച്ച് വലിയ ഗീർവാണം മുഴക്കുന്നവർ അത്തരം തെരഞ്ഞെടുപ്പുകളുടെ മോട്ടിവ് ഒന്ന് പരിശോധിക്കുന്നത് നന്നാവും. തോന്നുമ്പോൾ തോന്നുമ്പോൾ നിലപാട് മാറ്റി സ്ത്രീകളെ ഒന്നുകിൽ 'എസ്' അല്ലെങ്കിൽ 'നോ' എന്ന് മാത്രം പറയേണ്ട വിഭാഗമാക്കി ചുരുക്കുകയല്ലേ ചെയ്യുന്നത്.

ഏതായാലും സിനിമാ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന ചൂഷണങ്ങളും തൊഴിൽ നിഷേധവും പീഡനങ്ങളും തുറന്നുപറയാൻ ധൈര്യം കാണിച്ച സിനിമാ മേഖലയിലെ വനിതാ പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ. പുരുഷ താൽപര്യങ്ങൾക്ക് വഴങ്ങാത്തതിന്റെ പേരിൽ കാലങ്ങളായി തൊഴിൽ നിഷേധിക്കപ്പെട്ടവരുണ്ട് ഈ പോരാളികളുടെ കൂട്ടത്തിൽ, തന്റെ കുടുംബ ജീവിതവും സമ്പത്തും നഷ്ടപ്പെട്ടവരുണ്ട്, ക്രൂരമായ ബലാത്സംഗത്തിന് വിധേയമാക്കപ്പെട്ടവരുണ്ട്, ഭയന്ന് ജീവിക്കാൻ വിധിക്കപ്പെട്ടവരുണ്ട്, അഭിമുഖീകരിക്കാനിരിക്കുന്ന പ്രതിസന്ധികളെ ഓർത്ത് വഴങ്ങി ജീവിക്കാൻ വിധിക്കപ്പെട്ടവരും ഉണ്ട്. ഇതിൽ ഏതു സ്ത്രീയാണ് സ്വതന്ത്ര എന്ന് പറഞ്ഞുതന്നാൽ നന്നായിരുന്നു. l

സര്‍വതന്ത്ര സ്വതന്ത്രമായ ലൈംഗിക ജീവിതത്തിന് വേണ്ടി മുറവിളി കൂട്ടുന്ന ലിബറല്‍ ചിന്താഗതിയുടെ ഭവിഷ്യത്തുകള്‍ സമൂഹത്തില്‍ ഭീഷണമാം വിധം പ്രകടമായിക്കൊണ്ടിരിക്കുന്നു. അതിരുവിട്ട സ്ത്രീ-പുരുഷ സങ്കലനത്തിന്റെയും ധാർമിക മൂല്യങ്ങളുടെ നിരാകരണത്തിന്റെയും ദുഷ്പരിണതിയാണ് സ്ത്രീ അവമതിക്കപ്പെടുന്നതിനും പീഡിപ്പിക്കപ്പെടുന്നതിനും കാരണമായി വർത്തിക്കുന്ന പ്രധാന ഘടകങ്ങൾ. ധാര്‍മിക സദാചാര മൂല്യങ്ങള്‍ പോയകാലത്തിന്റെ ശവകുടീരത്തില്‍ അടക്കം ചെയ്യപ്പെടേണ്ടതാണെന്ന ചിന്ത പാശ്ചാത്യ രാജ്യങ്ങളില്‍ അലയടിച്ച ഒരു കാലമുണ്ടായിരുന്നു. മാരക രോഗങ്ങളും മാറാ വ്യാധികളും കുടുംബസംവിധാനത്തിന്റെ തകര്‍ച്ചയും മാത്രം സമ്മാനിച്ച പാശ്ചാത്യ ജീവിതരീതിയോട് ആഭിമുഖ്യം പുലര്‍ത്തിയ പൗരസ്ത്യ രാജ്യങ്ങളിലും ഈ ദൃശ അനുഭവങ്ങള്‍ പ്രകടമായപ്പോള്‍ പുനഃശ്ചിന്തയുടെ പാതയിലാണ് എല്ലാവരും.

സിനിമാ മേഖലയില്‍ മാത്രമല്ല, മറ്റു തൊഴിലിടങ്ങളിലും വിദ്യാഭ്യാസ രംഗത്തും കലാലയങ്ങളിലും സാമൂഹിക ജീവിതമണ്ഡലങ്ങളിലും എല്ലാം അതിരുവിട്ട സ്ത്രീ-പുരുഷ സങ്കലനം സൃഷ്ടിച്ച സങ്കീര്‍ണ പ്രശ്‌നങ്ങള്‍ വ്യാപക ചര്‍ച്ചക്ക് വിധേയമായിട്ടുണ്ട്. ഹോളിവുഡിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച ഒരു പഠനം, ഗാര്‍ഡിയന്‍ പത്രം 2017 ജൂലൈ 18-ന് പ്രസിദ്ധീകരിച്ചിരുന്നു. സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്ന ലേഖനം, അവയ്‌ക്കെതിരെ കൈക്കൊണ്ട നടപടികള്‍ നിഷ്ഫലമായെന്ന് ചൂണ്ടിക്കാട്ടുന്നു. പുരുഷ കേന്ദ്രീകൃതമായ നിയമ വ്യവസ്ഥയില്‍, സ്ത്രീ സമൂഹം അനുഭവിക്കുന്ന നിസ്സഹായതയുടെ നിരവധി ഉദാഹരണങ്ങള്‍ നിരത്തിയ ഗാര്‍ഡിയന്‍ പത്രം, പക്ഷേ, സിനിമാ മേഖലയുടെ പൊതു സ്വഭാവം വെച്ചു നോക്കുമ്പോള്‍ ഇതില്‍ അമ്പരക്കാനൊന്നുമില്ല എന്നും സൂചിപ്പിക്കുന്നുണ്ട്. സര്‍വ മേഖലയെയും ഗ്രസിച്ച ധാര്‍മികാധഃപതനം സിനിമാ രംഗത്തും പ്രകടമായെന്ന് കണക്ക് കൂട്ടിയാല്‍ മതി എന്ന് സാരം. 'സഹകരിക്കുക, അല്ലെങ്കില്‍ രംഗം വിട്ടൊഴിയുക' എന്ന സന്ദേശമാണ് ഹോളിവുഡിലെ കാസ്റ്റിംഗ് കൗച്ചും പറയുന്നത്. മോളിവുഡിലും ഇതേ സംഭവിച്ചിട്ടുള്ളൂ, ബോളിവുഡിലും ഇതു തന്നെ സ്ഥിതി.

സ്ത്രീ-പുരുഷ ബന്ധങ്ങളില്‍ കര്‍ശനമായി പാലിക്കേണ്ട ചിട്ടകളും വ്യവസ്ഥകളും നിലനിന്നിരുന്ന സമൂഹമായിരുന്നു നമ്മുടേത്. ഇന്ന് പക്ഷേ, അതിന് ക്ഷതമേറ്റിരിക്കുന്നു. കൂട്ടുകുടുംബ സംവിധാനത്തില്‍നിന്ന് അണുകുടുംബത്തിലേക്ക് മാറിയപ്പോള്‍ വിനഷ്ടമായത്, വീട്ടിന്റെ മേല്‍ക്കൂരക്ക് കീഴില്‍ മുതിര്‍ന്നവരില്‍നിന്ന് നിരന്തരം പകര്‍ന്നുകിട്ടിക്കൊണ്ടിരുന്ന ശിക്ഷണങ്ങളും ശീലങ്ങളുമാണ്. മതശാസനകള്‍ക്കപ്പുറം, മുതിര്‍ന്നവരുടെ സ്‌നേഹ സാന്നിധ്യം മൂല്യങ്ങളുടെ നിറവില്‍ ജീവിക്കാന്‍ തലമുറകളെ പ്രാപ്തരാക്കി.

സ്ത്രീകളും പുരുഷന്മാരും പരസ്പരം കാണുന്നതോ ഒന്നിച്ച് പ്രവർത്തിക്കുന്നതോ അടിസ്ഥാനപരമായി നിഷിദ്ധമല്ല. മഹത്തായ ലക്ഷ്യ സാക്ഷാല്‍ക്കാരത്തിന് വേണ്ടിയാവുമ്പോള്‍ അത് അനുവദനീയവും അനുപേക്ഷ്യവുമാണ്; ഇരു വിഭാഗവും അറിവും വൈദഗ്ധ്യവും പങ്കിട്ട് വിജയിപ്പിക്കേണ്ട സംരംഭങ്ങളാവുമ്പോള്‍ വിശേഷിച്ചും. ആലോചന, ആസൂത്രണം, നിര്‍വഹണം എന്നീ ഘട്ടങ്ങളിലെല്ലാം പുരുഷനും സ്ത്രീക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാവുന്നതാണ്. അതിര്‍വരമ്പുകള്‍ കണക്കിലെടുക്കണമെന്ന് മാത്രം. ശരീഅത്ത് നിശ്ചയിച്ച നിയമങ്ങളും നിര്‍ദേശങ്ങളും പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

സ്ത്രീ-പുരുഷ സങ്കലന വിഷയത്തില്‍ തീവ്ര നിലപാട് കൈക്കൊള്ളുന്നവരുണ്ട്, അലസ സമീപനം സ്വീകരിക്കുന്നവരുമുണ്ട്. മനുഷ്യ പ്രകൃതിയുടെ സവിശേഷതകളും ശരീഅത്തിന്റെ സമുന്നത ലക്ഷ്യങ്ങളും പരിഗണിച്ചുകൊണ്ടുള്ള നയവും നിലപാടുമാണ് ഈ വിഷയത്തില്‍ ആവശ്യം. സ്ത്രീ-പുരുഷ സങ്കലന വിഷയത്തില്‍ ഡോ. യൂസുഫുല്‍ ഖറദാവിയുടെ അഭിപ്രായം ഇങ്ങനെയാണ്: "നമ്മുടെ പ്രശ്‌നം ഞാന്‍ അന്നും ഇന്നും ചൂണ്ടിക്കാട്ടുന്നതാണ്. വിഷയം സാമൂഹികമോ ചിന്താപരമോ എന്തുമാവട്ടെ, രണ്ടറ്റങ്ങളിലാണ് നാം നിലയുറപ്പിക്കുക; തീവ്രതയുടെയും ആലസ്യത്തിന്റെയും രണ്ടറ്റങ്ങളിൽ. മധ്യമ നിലപാടില്‍ നാം എത്തുക വളരെ അപൂര്‍വമാണ്. ഏതു രംഗത്തും മധ്യമ നിലപാടാണല്ലോ ഇസ് ലാമിനെ വ്യതിരിക്തമാക്കുന്നത്. മുസ് ലിം സമൂഹത്തിന്റെ സവിശേഷതയും അതാണ്, അതായിരിക്കണം.

നമ്മുടെ മുന്നിലുള്ള ഈ പ്രശ്‌നത്തിലും ആധുനിക മുസ് ലിം സ്ത്രീകള്‍ നേരിടുന്ന മറ്റു പ്രശ്‌നങ്ങളിലും ഈ നിലപാട് ഏറെ പ്രസക്തമാണ്. രണ്ടു വിഭാഗമാളുകൾ സ്ത്രീയെ അങ്ങേയറ്റം ദ്രോഹിച്ചിട്ടുണ്ട്; നേര്‍ വിപരീതമോ വിരുദ്ധമോ ആയ അറ്റങ്ങളിൽ നിൽക്കുന്നവരാണ് ഇരു വിഭാഗവും.

  1. പാശ്ചാത്യവത്കൃത വിഭാഗം: പാശ്ചാത്യ സംസ്‌കാരത്തിന്റെയും ജീവിത രീതിയുടെയും മുഴുവന്‍ കുഴപ്പങ്ങളും മൂല്യച്യുതിയും നമ്മുടെ സമൂഹത്തിലേക്ക് പറിച്ചുനടാന്‍ ആഗ്രഹിക്കുന്നവരാണവര്‍. പ്രവാചകന്മാര്‍ കൊണ്ടുവന്ന സ്പഷ്ടവും സ്വച്ഛവുമായ ദൈവിക സന്ദേശത്തിന്റെ ഋജുപാതയില്‍നിന്ന് ജനങ്ങളെ അകറ്റാനും പ്രകൃതിമതത്തിന്റെ സര്‍ഗാത്മക വിശുദ്ധിയില്‍ കളങ്കം ഉണ്ടാക്കാനുമാണ് അവരുടെ യത്‌നം. 'മുഴത്തിന് മുഴമായും ചാണിന് ചാണായും' മുസ് ലിം സ്ത്രീകള്‍ പാശ്ചാത്യ വനിതകളുടെ ജീവിതരീതിയും സംസ്‌കാരവും അനുധാവനം ചെയ്യണമെന്ന് ഇവരാഗ്രഹിക്കുന്നു. ഉടുമ്പിന്റെ മാളത്തില്‍ അവര്‍ പ്രവേശിച്ചെന്നിരിക്കട്ടെ, ഇവരും അതിന്റ പിറകെ ചെല്ലും. ആ മാളത്തിന്റെ ഇടുക്കമോ അതിലെ ദുര്‍ഗന്ധമോ അവര്‍ക്ക് പ്രശ്‌നമാകില്ല. 'ഉടുമ്പ് മാളത്തിന്റെ ഫാഷന്‍' എന്ന് വ്യവഹരിക്കാവുന്ന തലത്തിലായിരിക്കും പിന്നെ അത്തരം സ്ത്രീകളുടെ സഞ്ചാരം.

ഇന്ന് പാശ്ചാത്യ വനിതകള്‍ നേരിടുന്ന സങ്കീര്‍ണ പ്രശ്‌നങ്ങളെ കുറിച്ചൊന്നും അവർക്ക് ബോധമില്ല. അതിര്‍വരമ്പില്ലാത്ത സ്ത്രീ-പുരുഷ സങ്കലനവും മിശ്ര ജീവിതരീതികളും അവിടെ ആണിനും പെണ്ണിനും വരുത്തിവെച്ച വിനകളെ കുറിച്ച് അവര്‍ക്ക് നോട്ടമില്ല, ആലോചനയില്ല. കുടുംബത്തിലും സമൂഹത്തിലും അവ സൃഷ്ടിച്ച വിപത്തുകളും അവര്‍ കാണുന്നില്ല. പാശ്ചാത്യ സമൂഹത്തില്‍നിന്ന് തന്നെ ഇവയ്‌ക്കെതിരെ ഉയരുന്ന മുറവിളികള്‍ കേള്‍ക്കാത്ത വിധം ബധിരരുമാണവര്‍. സ്ത്രീ-പുരുഷ ബന്ധത്തിന്റെ മുഴുവന്‍ അതിര്‍വരമ്പുകളും ഇല്ലാതാക്കി ഒരു സര്‍വതന്ത്ര സ്വതന്ത്ര സമൂഹത്തെ സൃഷ്ടിച്ചതിന്റെ പ്രത്യാഘാതങ്ങളെ ചൊല്ലി ചിന്തകന്മാരും സാഹിത്യകാരന്മാരും സാംസ്‌കാരിക നായകന്മാരും എഴുതുകയും വായിട്ടലയ്ക്കുകയും ചെയ്യുന്നത് ഇവരാരും കേള്‍ക്കുന്നില്ല, കാണുന്നില്ല.

  1. രണ്ടാമത്തെ വിഭാഗമാവട്ടെ, സ്ത്രീകളുടെ മേല്‍ മറ്റു പല ആചാരങ്ങളും സമ്പ്രദായങ്ങളും അടിച്ചേല്‍പിക്കുന്നവരാണ്. അവ പക്ഷേ, പൗരസ്ത്യ രാജ്യങ്ങളിലെ ആചാരങ്ങളും സമ്പ്രദായങ്ങളുമാണെന്ന് മാത്രം; പാശ്ചാത്യ ആചാരങ്ങളോ പാരമ്പര്യങ്ങളോ അല്ല. ഇസ്ലാമിനെ തെറ്റായി വായിക്കുകയും മനസ്സിലാക്കുകയും ചെയ്തതിനാൽ അവയ്ക്ക് മതകീയ വര്‍ണവും ഛായയും അവര്‍ നല്‍കും. ആ ആചാരങ്ങളെ ഇസ് ലാമിന്റെ ചാരത്തേക്ക് ചേര്‍ത്തുനിര്‍ത്തും. തങ്ങൾ അന്ധമായി പിന്തുടരുന്ന അഭിപ്രായങ്ങൾ, സ്ത്രീ വിഷയത്തില്‍ തങ്ങളുടെ അഭിപ്രായത്തോട് യോജിക്കുന്നതിനാല്‍ അവർ നല്‍കുന്ന മുന്‍ഗണനയാവാം അതിന് കാരണം. സ്ത്രീയുടെ ദീൻ, ബുദ്ധി, പെരുമാറ്റം തുടങ്ങിയവയെക്കുറിച്ച് അവരുടെ മനസ്സില്‍ അള്ളിപ്പിടിച്ച തെറ്റായ ധാരണകളും ഈ വികല വിശ്വാസങ്ങള്‍ക്ക് ഹേതുവായിട്ടുണ്ടാവും.

അവ പാപസുരക്ഷിതത്വം കല്‍പിച്ചുകൊടുക്കാനാവാത്ത വ്യക്തികളുടെ അഭിപ്രായമായിരിക്കും. തങ്ങളുടെ പദവി, ജീവിച്ച കാലഘട്ടം, ജീവിച്ച സാഹചര്യം, തങ്ങളുടെ ഗുരുവര്യന്മാര്‍, അവരുടെ ചിന്താരീതികള്‍-അവയെല്ലാം അഭിപ്രായ രൂപവല്‍ക്കരണത്തെ സ്വാധീനിച്ചിരിക്കും. ഖുര്‍ആനും സുന്നത്തും സ്വഹാബത്തും താബിഉകളും പ്രഘോഷിച്ച ആശയങ്ങള്‍ക്ക് തീര്‍ത്തും വിരുദ്ധമാണ് ആ അഭിപ്രായങ്ങള്‍ എന്നിരിക്കിലും, തങ്ങളുടെ അഭിപ്രായം സ്ത്രീകളുടെ കാര്യങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നു.

ഒരു കാര്യം വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. 'ഇഖ്തിലാത്വ്' അഥവാ സങ്കലനം എന്ന പദം സ്ത്രീ-പുരുഷ ബന്ധങ്ങളെ സംബന്ധിച്ചേടത്തോളം ഇസ് ലാമിക ശബ്ദതാരാവലിക്ക് പരിചയമില്ലാത്ത പദമാണ്. കഴിഞ്ഞ സുദീര്‍ഘമായ നൂറ്റാണ്ടുകളിലോ, നമ്മുടെ കുലീനമായ പാരമ്പര്യങ്ങളിലോ ഒന്നും കേട്ടിട്ടില്ലാത്ത പദമാണ് 'സങ്കലനം' അല്ലെങ്കില്‍ 'ഇഖ്തിലാത്വ്'. ഈ കാലത്താണ് നാം ഈ പദം കേട്ടുതുടങ്ങിയത്. ഏതെങ്കിലും അന്യ ഭാഷാ പദത്തിന്റെ തര്‍ജമയാവാം അത്. ഒരു മുസ് ലിമിന്റെ ബോധമണ്ഡലത്തിന് ഉള്‍ക്കൊള്ളാനാവാത്തതാണ് ആ പദത്തിന്റെ ധ്വനിയും ഉള്‍സാരവും. അതിനെക്കാള്‍ നല്ല പ്രയോഗങ്ങൾ ഒരുവേള, 'പുരുഷന്മാര്‍ സ്ത്രീകളുമായി കണ്ടുമുട്ടുമ്പോള്‍, 'പുരുഷന്മാര്‍ സ്ത്രീകളെ അഭിമുഖീകരിക്കുമ്പോള്‍', 'പുരുഷന്മാരും സ്ത്രീകളും തമ്മില്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം' എന്നൊക്കെയാണ്.

എന്തോ ആവട്ടെ, ഇത്തരം വിഷയങ്ങളില്‍ ഇസ് ലാം ഒരു പൊതു വിധി പുറപ്പെടുവിക്കില്ല. അവയുടെ ലക്ഷ്യം, അത് സാക്ഷാല്‍ക്കരിക്കുന്ന പൊതു നന്മ, ആശങ്കിക്കേണ്ട ദോഷവശങ്ങള്‍, അന്തിമ ഫലം, പരിഗണിക്കേണ്ട നിബന്ധനകള്‍ തുടങ്ങിയവയെല്ലാം വിലയിരുത്തിയാണ് ഇസ്ലാം ഒരു തീര്‍പ്പില്‍ എത്തിച്ചേരുക.

ഈ വിഷയത്തില്‍ നാം പിന്തുടരേണ്ട ഉദാത്തവും ഉത്തമവുമായ മാതൃക നബിയുടേതാണ്, ഖുലഫാഉര്‍റാശിദുകളുടേതാണ്, സച്ചരിതരായ സ്വഹാബത്തിന്റേതാണ്. ഇവ പരിശോധിക്കുമ്പോള്‍ ഒരു കാര്യം നമുക്ക് സമ്മതിക്കേണ്ടി വരും- സ്ത്രീ അക്കാലത്ത് ഒരു തടവുപുള്ളിയായി കഴിയുകയായിരുന്നില്ല; ബന്ധനസ്ഥയുമായിരുന്നില്ല. മുസ് ലിം പിന്നാക്കാവസ്ഥയുടെ കാലത്തും ദൃശ്യമായ വിധത്തില്‍ പൊതു ധാരയില്‍നിന്ന് അകറ്റി നിര്‍ത്തപ്പെട്ടവളുമായിരുന്നില്ല.'' l

ജസ്റ്റിസ് ഹേമ കമീഷന്‍ റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിട്ടതോടെ 'അമ്പു കൊള്ളാത്തവരില്ലാരും കുരുക്കളില്‍' എന്ന അവസ്ഥയാണിപ്പോള്‍. വെള്ളിത്തിരക്ക് പിന്നിലെ 'മാംസ വിപണി'യെ കുറിച്ചുള്ള വര്‍ത്തമാനങ്ങള്‍ ഒരു ന്യായാധിപ റിപ്പോര്‍ട്ടെഴുതിയപ്പോള്‍ മാത്രം വെളിവായ വസ്തുതകളാണോ? ഈ 'നടപ്പു ദീനം' കാലങ്ങളായി ഇവിടെ ഉണ്ടെന്ന് അതില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും അത് 'ആസ്വദിക്കുന്ന'വര്‍ക്കുമൊക്കെ അറിയാത്ത പുതിയ പ്രതിഭാസമൊന്നുമല്ല. ഇതില്‍ ധാര്‍മിക രോഷം കൊള്ളുന്നവര്‍ അതിലടങ്ങിയ സദാചാര പ്രശ്‌നങ്ങളില്‍ ഉത്കണ്ഠയുള്ളവരാണോ? ഉഭയ സമ്മതത്തിന്റെ അഭാവമല്ലാതെ കലയുടെ ഈ വിപണിയില്‍ വല്ല പ്രശ്‌നവുമുണ്ടോ? ലിബറല്‍ മൂല്യങ്ങള്‍ വാഴുന്ന ഈ ലോകത്ത് സമ്മതമുണ്ടെങ്കില്‍ തീരുന്ന പ്രശ്‌നമേ ഇവിടെയുള്ളൂ. വ്യക്തിസ്വാതന്ത്ര്യമാണ് പ്രധാനം. കൊട്ടിഗ്‌ഘോഷിക്കപ്പെടുന്ന എല്ലാ സദാചാര മൂല്യങ്ങളും വ്യക്തി സ്വാതന്ത്ര്യത്തില്‍ ചുരുങ്ങും. ഈ സ്വാതന്ത്ര്യം വിദ്യാലയം തൊട്ടേ തുടങ്ങണമെന്നാണ് സര്‍ക്കാറിന്റെ തന്നെയും നിലപാട്. ഏറെ വിവാദം സൃഷ്ടിച്ച ജെന്‍ഡര്‍ ന്യൂട്രാലിറ്റിയും ലിവിംഗ് ടുഗെദറും (സഹജീവിതം) ഒക്കെ ഈ നിലപാടിന്റെ ഭാഗമാണ്. അപ്പോള്‍ കല കമ്പോളവത്കരിക്കപ്പെടുകയും സദാചാരം കുത്തഴിയുകയും ചെയ്യുക എന്നത് അതിന്റെ സ്വാഭാവിക പരിണതിയാകും. അതില്‍ വിലപിക്കുന്നവര്‍ ആറാം നൂറ്റാണ്ടിലേക്ക് നാട് കടത്തപ്പെടും. 'കമ്പോള കല'യില്‍ എല്ലാം 'ചരക്കുകളാ'കുന്നതില്‍ അത്ഭുതമുണ്ടോ?

ജീവിതത്തോടുള്ള അടിസ്ഥാന കാഴ്ചപ്പാട് എന്താണ് എന്നതിനെ ആസ്പദിച്ചിരിക്കും കലയുടെ നേരെയുള്ള കാഴ്ചപ്പാടും. മൂല്യ നിരപേക്ഷവും സര്‍വതന്ത്ര സ്വതന്ത്രവും (Laissez faire) ആണ് ജീവിത കാഴ്ചപ്പാടെങ്കില്‍ കലയും അങ്ങനെത്തന്നെയായിരിക്കും. അവിടെ നിയന്ത്രണങ്ങള്‍, വിശിഷ്യാ സദാചാര നിയമങ്ങള്‍ പിന്തിരിപ്പനും കലയുടെ ആത്മസത്തയെ ഹനിക്കുന്നതുമായാണ് വിലയിരുത്തപ്പെടുക.

എന്താണ് ജീവിതത്തെ ഭരിക്കുന്ന, ഭരിക്കേണ്ട അടിസ്ഥാന പ്രമാണം? പ്രയോജനാത്മകതയായിരിക്കണം എന്തിന്റെയും അടിസ്ഥാന മാനദണ്ഡം. ജീവിതത്തെ അതിരുകളില്ലാത്ത ആഘോഷമായി ആനന്ദിക്കുക. ഈ തത്ത്വശാസ്ത്രം ആധുനിക യുഗത്തിന്റെ സംഭാവനയൊന്നുമല്ല. ക്രി. മു 341-270 കാലത്ത് ജീവിച്ച എപിക്യൂറസിന്റെ ഫിലോസഫിയിലാണ് അത് ചെന്നെത്തുന്നത്. ചരിത്രത്തിന്റെ എല്ലാ ഘട്ടങ്ങളിലും ആനന്ദത്തിന്റെ ഈ വ്യാജ ഫിലോസഫിയില്‍ അഭിരമിച്ചവര്‍ കടന്നുപോയതായി കാണാം. ഉമര്‍ ഖയ്യാമിന്റെ മധുചഷകങ്ങളില്‍ നുരഞ്ഞു പൊന്തുന്ന ഫിലോസഫിയും പ്രത്യക്ഷത്തില്‍ മറ്റൊന്നല്ല. 'ബാബര്‍ ബ അയ്ശ് കോശ്, ആലം ദോ ബാറഃ നേസ്ത്' എന്ന സഹീറുദ്ദീന്‍ ബാബറിന്റെ പ്രസിദ്ധമായ പാര്‍സി വരികളില്‍ പ്രതിധ്വനിക്കുന്ന സന്ദേശവും അതുതന്നെ. മതത്തിന്റെ ചരിത്രത്തിലൂടെ പിന്നോട്ട് പോയാലും ആദ്യമായി നടക്കുന്ന കൊലപാതകത്തിന്റെ പിന്നിലും സെക്‌സാണ് കണ്ടെത്താനാവുക.

ജസ്റ്റിസ് ഹേമ

മദ്യവും രതിയും
പൊതുവെ കലാകാരന്മാരുടെ ജീവിതവും അവരുടെ സൃഷ്ടികളും പരിശോധിക്കുമ്പോള്‍ മദ്യത്തിനും രതിക്കും വലിയ സ്വാധീനമുള്ളതു പോലെയാണ് തോന്നുക. തമിഴ്-മലയാളം എഴുത്തുകാരനായ ജയമോഹന്‍ ഈയിടെ ഒരു ന്യൂജന്‍ സിനിമയെ കുറിച്ച് വിലയിരുത്തിയപ്പോള്‍ അതിലെ മദിരോത്സവത്തെ വിമര്‍ശിച്ചത് നമ്മുടെ എഴുത്തുകാരെ ഏറെ ചൊടിപ്പിച്ചത് അനുസ്മരണീയമാണ്.

യഥാര്‍ഥത്തില്‍ മദ്യം എഴുത്തിന്, കലക്ക് പ്രചോദകമാണോ? മലയാളത്തിലെ വലിയ എഴുത്തുകാരനായ വൈക്കം മുഹമ്മദ് ബഷീറിനോട് ഇതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, മദ്യപിച്ചു കൊണ്ട് താന്‍ ഒരു വരി പോലും എഴുതിയിട്ടില്ലെന്നാണ് പറഞ്ഞത്. ഒരു കാലത്ത് മദ്യത്തിന്റെ അടിമയായിരുന്നു ബഷീര്‍. ആ കാലത്തെ കുറിച്ചാണ് ബഷീര്‍ ഇതു പറഞ്ഞത്. മദ്യാസക്തനായ ബഷീര്‍ പില്‍ക്കാലത്ത് മദ്യപാനം പാടേ ഉപേക്ഷിക്കുകയായിരുന്നു. അത്രയുമല്ല, വീണ്ടും അതിലേക്ക് വഴുതി വീഴേണ്ട സാഹചര്യങ്ങളെ പോലും അസാമാന്യമായ സംയമനത്തോടെ അതിജീവിച്ച കഥയും അദ്ദേഹം നേരിട്ടു പറയുകയുണ്ടായി. പഴയകാല സുഹൃത്തുക്കള്‍ ഒരിക്കല്‍ അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ വന്നത് മുന്തിയ വിദേശ മദ്യവുമായിട്ടായിരുന്നു. വീട്ടില്‍ രാപ്പാര്‍ത്ത അവര്‍ മദിരോത്സവത്തില്‍ മുഴുകിയപ്പോഴും ബഷീര്‍ അതില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. എന്നിട്ടും ഒരു ബോട്ടില്‍ ബഷീറിനു വേണ്ടി ബാക്കി വെച്ചുകൊണ്ടായിരുന്നുവത്രേ ആ സ്‌നേഹിതന്മാര്‍ പിറ്റേന്ന് തിരിച്ചുപോയത്. ''വിലപിടിച്ച ആ സാധനം അപ്പാടെ അവിടെ കൊണ്ടുപോയി ഞാന്‍ തൂത്തു കളഞ്ഞു''- മുറ്റത്തെ തൈ തടത്തിലേക്ക് കൈ ചൂണ്ടി ബഷീര്‍ പറഞ്ഞു.

വൈക്കം മുഹമ്മദ് ബഷീർ

സെക്‌സിന്റെ കാര്യം ബഷീര്‍ തന്നെ എഴുതിയിട്ടുള്ളതാണ്. തന്റെ സൃഷ്ടികളില്‍ മിക്കതും, അക്കാലത്തെ പ്രമുഖ നിരൂപകനും അടുത്ത സുഹൃത്തുമായ എം.പി പോളിനെ കാണിച്ചിട്ടേ അദ്ദേഹം പ്രസിദ്ധീകരിക്കാറുണ്ടായിരുന്നുള്ളൂ. താന്‍ എഴുതിയ ഒരു നോവല്‍ ഒരിക്കല്‍ പോളിന് ബഷീര്‍ വായിക്കാന്‍ കൊടുത്തു. രണ്ട് പേരും കായലില്‍ അപ്പോള്‍ ഒരു ബോട്ടില്‍ സഞ്ചരിക്കുകയായിരുന്നു. നോവല്‍ വായിക്കുന്ന പോളിന്റെ മുഖ ഭാവങ്ങള്‍ ബഷീറും വായിക്കുന്നുണ്ടായിരുന്നു. ആ ഭാവങ്ങളിലെ അസംതൃപ്തി അദ്ദേഹം ശ്രദ്ധിച്ചു. വായിച്ചു തീര്‍ന്നപ്പോള്‍, ഇത്രയൊക്കെ വേണോ എന്നേ പോള്‍ ചോദിച്ചുള്ളൂ. ബഷീര്‍ അതെഴുതിയ താളുകള്‍ ഒന്നൊഴിയാതെ മുഴുവന്‍ പിച്ചിചീന്തി കായലിലേക്ക് എറിഞ്ഞു. പുതുകാലത്തെ 'കമ്പി സാഹിത്യകാരന്മാരി'ല്‍നിന്നൊന്നും പ്രതീക്ഷിക്കാന്‍ കഴിയാത്ത, ബഷീറിന് മാത്രം അനുഗ്രഹമായി ലഭിച്ച വിവേകമായിരുന്നു അത്.

കലയും സദാചാരവും
കലക്ക് മതവും സദാചാരവുമായി ബന്ധമില്ല, അതിന്റെ ആവശ്യമില്ല എന്നതാണ് പൊതു മണ്ഡലത്തില്‍ നിലനില്‍ക്കുന്ന കാഴ്ചപ്പാട്. അതുകൊണ്ടാണ് അധമ വികാരങ്ങളെ ഉപചരിക്കുന്ന, കലയും പോര്‍ണോഗ്രാഫും തമ്മിലുള്ള അതിരുകള്‍ നേര്‍ത്ത് വരുന്ന കമ്പോള കലകള്‍ പെരുകുന്നത്. മതം സദാചാരത്തിന്റെയും ധാര്‍മിക മൂല്യങ്ങളുടെയും അതിരുകള്‍ വരക്കും. അതിനൊക്കെ അതീതമാണ് കലയുടെ സ്ഥാനം. ഇതാണ് ഈ കാഴ്ചപ്പാടിന്റെ അടിപ്പടവ്.

മതത്തെയും കലയെയും സംബന്ധിച്ച തെറ്റിദ്ധാരണയാണ് ഇത്തരമൊരു കാഴ്ചപ്പാടിലേക്ക് നയിക്കുന്നത്. യൂഗോസ്ലാവ്യന്‍ ചിന്തകനായ ഇസ്സത്ത് ബെഗോവിച്ചിന്റെ നിരീക്ഷണം ഇവിടെ ശ്രദ്ധേയമത്രെ: "കല ആന്തരികമായ സാന്നിധ്യമാണ്. പ്രത്യക്ഷത്തില്‍നിന്ന് ഗുപ്ത ലോകത്തിേലക്കുള്ള യാനമാണത്. ആന്തരികവും ആത്മനിഷ്ഠവുമായ അവസ്ഥക്ക് അത് ഊന്നല്‍ നല്‍കുന്നു. മതം, ധര്‍മനീതി, കല എന്നിവയുടെ സാര സര്‍വസ്വം ഏകവും സമാനവുമാണ്. ബൈബിളോ ഖുര്‍ആനോ കേവല മതമീമാംസാ ഗ്രന്ഥമല്ല. മതവും കലയും കണ്ടുമുട്ടുന്ന ബിന്ദുക്കള്‍ അതിലുണ്ട്. മതവും കലയും തമ്മിലുള്ള പൊതുവായ ആശയങ്ങളെ കുറിച്ച് പറയുമ്പോള്‍ മാനുഷികാന്വേഷണമായ കല ഈശ്വരാന്വേഷണമായി മാറുന്നുവെന്ന് പറയണം. മതാധിഷ്ഠിത സത്യമില്ലെങ്കില്‍ കലാധിഷ്ഠിത സത്യവുമില്ല" (ഇസ്ലാം രാജപാത, എന്‍.പി മുഹമ്മദിന്റെ വിവര്‍ത്തനം, ഐ.പി.എച്ച്).

മതം സത്യാന്വേഷണമാണ്. സൗന്ദര്യാന്വേഷണമാണ് കല. അനുഭൂതിയുടെ മണ്ഡലത്തില്‍ കലയും മതവും സന്ധിക്കുന്നുവെന്നാണ് ബെഗോവിച്ച് പറയുന്നതിന്റെ പൊരുള്‍. പൂര്‍ണതയുടെ സാക്ഷാത്കാരത്തിനു വേണ്ടിയുള്ള അഭിനിവേശത്തിന്റെ പ്രതിനിധാനങ്ങളാണവ. ജീവിതത്തിന്റെ യാന്ത്രികതയോടുള്ള കലാപമാണ് രണ്ടും. വൈകാരിക മണ്ഡലങ്ങളുമായാണ് മതവും കലയും സംവദിക്കുന്നത്. മനസ്സ് വികാര ശൂന്യമാവുകയും മനുഷ്യന്റെ പ്രപഞ്ചയാനം യാന്ത്രികമാവുകയും ചെയ്യുമ്പോള്‍ അവന്‍ പ്രപഞ്ചത്തെ അതിന്റെ അഗാധതയില്‍ അനുഭവിക്കുകയോ ദര്‍ശിക്കുകയോ ചെയ്യുന്നില്ല. പ്രപഞ്ചത്തിന്റെ താളബദ്ധമായ ജീവസ്പന്ദത്തിലേക്കും സൗന്ദര്യത്തിലേക്കും അപ്പോള്‍ അവന്റെ മിഴികള്‍ തുറക്കപ്പെടാതെ പോകുന്നു. ദൈവം, പ്രപഞ്ചം, ജീവിതം, സഹജീവികള്‍ എന്നിവയുമായി മനുഷ്യനെ കണ്ണി ചേര്‍ക്കുന്നതിനോട് സജീവമായി പ്രതികരിക്കാന്‍ അവന് സാധിക്കാതെ പോകുന്നു. ഉന്നതമായ ലക്ഷ്യങ്ങളിലേക്കുള്ള പ്രയാണ പഥം അവന് നഷ്ടപ്പെടുന്നു. ഈ ഇടുങ്ങിയ ലോകത്തുനിന്ന് മനുഷ്യനെ മോചിപ്പിക്കുന്ന രണ്ടു വഴികളാണ് കലയും മതവും. ഉണ്മയുടെ അഗാധതകളിലെന്ന പോലെ മനസ്സിന്റെ ആഴങ്ങളില്‍ സന്ധിക്കുന്ന പ്രതിഭാസങ്ങള്‍. ഉണ്മയുടെ ആവിഷ്‌കാരമാണ് രണ്ടിലൂടെയും സാധിതമാകുന്നത്. പ്രപഞ്ചത്തെയും ജീവിതത്തെയും മനുഷ്യനെയും സ്പര്‍ശിക്കുന്ന സൗന്ദര്യാവിഷ്‌കാരം. സത്യവും സൗന്ദര്യവും പരസ്പരാശ്ലേഷിതമാകുന്ന ബിന്ദു.

അതിരുകള്‍
ജീവിതം സുന്ദരമാക്കാന്‍ മതം വരച്ചിടുന്ന അനുവാദങ്ങളുടെയും വിലക്കുകളുടെയും അതിരുകള്‍ കലക്കും ബാധകമാണ്. കലയുടെ ഉദ്ദീപന കാന്തിയിലെ മൂല്യാഭിവിന്യാസത്തിലുള്ള ഊന്നലാണ് മതത്തിന്റെ സൗന്ദര്യ ദര്‍ശനം. ''ദൈവം അനുവദനീയമാക്കിയ സുന്ദര വസ്തുക്കള്‍ വിലക്കാന്‍ അധികാരമുള്ളവര്‍ ആരാണ്'' എന്ന ഖുര്‍ആന്റെ ചോദ്യം ( 7:32) ശ്രദ്ധേയമത്രെ.

ജീവിതത്തിന്റെ ഇരുണ്ട വശങ്ങളുടെ ആവിഷ്‌കാരത്തിന് കലയില്‍ പ്രസക്തിയില്ലേ എന്ന് ചോദിക്കാം. ആവാം. പക്ഷേ, ആവിഷ്‌കാരങ്ങളുടെ പിന്നിലെ ഉദ്ദേശ്യമാണ്് പ്രസക്തം. അനുഭൂതിയെ മലിനമാക്കാത്തിടത്തോളം അതിനും അതിന്റേതായ ഇടമുണ്ട്. വിപരീതങ്ങളിലൂടെ യാഥാര്‍ഥ്യം അനാവരണം ചെയ്യുക എന്ന രചനാ തന്ത്രത്തിന്റെ അളവിലാണ് അതിന്റെ സാധുത നിലനില്‍ക്കുന്നത്. സൗന്ദര്യത്തിന് നന്മയുടെ മാനം കൂടിയുണ്ട് മതത്തിന്റെ പരിപ്രേക്ഷ്യത്തില്‍. നന്മയിലധിഷ്ഠിതമായിരിക്കണം സൗന്ദര്യ ദീക്ഷ. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ തിന്മയുടെ അഭാവം തന്നെ നന്മയെ സാക്ഷാത്കരിക്കുന്നുണ്ട്. തിന്മ ഇല്ലാതിരുന്നാല്‍ മതി. തിന്മയില്‍ ലാവണ്യം സ്വയം നശിക്കുന്നു.

കലയും രതിയും
കലയില്‍ രതിയുടെ ആവിഷ്‌കാരം പറ്റുമോ? രതിയും ജീവിതത്തിന്റെ ഭാഗം തന്നെയാണ്. അത് ജീവിത ബാഹ്യമോ പാപമോ അല്ല. എന്നാല്‍, രതിയിലെ നന്മയും സൗന്ദര്യവും അതിന്റെ വിശുദ്ധിയിലാണ്. വൃത്തിയുള്ള രതിലീല ദൈവോപാസനയാണെന്ന് പ്രവാചകന്‍ പറഞ്ഞിട്ടുണ്ട്. ലൈംഗികവൃത്തി ദൈവത്തിനുള്ള സമര്‍പ്പണമോ എന്ന് ശിഷ്യന്‍മാര്‍ വിസ്മയിച്ചപ്പോള്‍, വിവാഹ ബാഹ്യമാകുമ്പോള്‍ അത് പാപമാകുന്നില്ലേ എന്നായിരുന്നു പ്രവാചകന്റെ മറുപടി. അതിനാല്‍, രതി വര്‍ജ്യമാകുന്നുവെങ്കില്‍ അത് അതെന്ന നിലക്കല്ല. രതിയുടെ ആവിഷ്‌കാര രീതിയെയും ഉദ്ദേശ്യത്തെയും ആസ്പദിച്ചിരിക്കും അതിന്റെ ഹിതാഹിതങ്ങള്‍. ക്ഷുദ്ര വികാരങ്ങളെയാണ് അത് ഉപചരിക്കുന്നതെങ്കില്‍ അത് കലയല്ല, കലാഭാസമാകും. സൃഷ്ടിയുടെ സാകല്യത്തോട് ചേര്‍ത്തുവെച്ചുകൊണ്ടാണ് അതിന്റെ സാംഗത്യം തീര്‍പ്പിലെത്തുക. എല്ലാ കലകളെക്കാളും ജാജ്വല്യമാനമായ, ജീവിതത്തിന്റെ ഗഹനമായ പൊരുളുകളുടെ സത്യസന്ധമായ ആവിഷ്‌കാരം സാധിക്കുക എന്ന പരമ ലക്ഷ്യത്തിന്റെ ഭാഗമായിരിക്കണം അത്.

ജയ മോഹൻ

കേവലം മാംസബദ്ധമല്ല രതി. ശരീര മാത്രമായ രതി തിര്യക് സഹജമായ വികാര പൂര്‍ത്തിയിലേക്ക് അധോയാനം നടത്തുന്നതാണ്. ആത്മീയ സമ്പൂര്‍ത്തിയിലാണ് രതിയുടെ സൗന്ദര്യം. കാമനകളുടെ ക്രമീകരണത്തിലൂടെയാണ് ലൈംഗികാനന്ദം ഉദാത്ത വിതാനത്തിലേക്ക് ഉയരുന്നത്. അതിരുകള്‍ ലംഘിക്കുന്ന അതിന്റെ ആവിഷ്‌കാരം ഉല്‍പാദിപ്പിക്കുന്നത് വ്യാജമായ ആനന്ദമാണ്. ഉൺമയുടെ പൊരുളുമായി പൊരുത്തപ്പെടുന്ന ഉത്കൃഷ്ട കലകള്‍ അനുഷ്ഠിക്കേണ്ട, പ്രപഞ്ച സത്തയില്‍നിന്ന് ഉത്ഭൂതമാകുന്ന മഹത്തായ സൗന്ദര്യത്തോടുള്ള കലഹമായി മാറുന്നു അപ്പോഴത്. അത്തരം ആവിഷ്‌കാരങ്ങളിലൂടെ പകര്‍ന്നുകിട്ടുന്ന ആനന്ദം ലഹരി പദാര്‍ഥങ്ങളിലൂടെ ലഭിക്കുന്ന വ്യാജവും മാരകവുമായ ആനന്ദമാണ്. വ്യക്തിക്കെന്ന പോലെ സമൂഹത്തിനും ആപത്താണത്. l

ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി അധ്യക്ഷൻ ഡോ. ശഫീഖുർറഹ്മാൻ ബംഗ്ലാദേശിലെ ഏറ്റവും ഒടുവിലത്തെ സംഭവവികാസങ്ങൾ വിശദീകരിക്കുകയും ജമാഅത്തിന്റെ നിലപാടുകൾ വ്യക്തമാക്കുകയും ചെയ്യുന്നു. ബംഗ്ലാദേശിലെ മൗലവി ബസാർ നഗരത്തിൽ 1958 ഒക്ടോബർ 31-നാണ് അദ്ദേഹത്തിന്റെ ജനനം. 1983-ൽ വൈദ്യശാസ്ത്രത്തിൽ ബിരുദം. സർജറിയിൽ സവിശേഷ പഠനം. വിവിധ ആരോഗ്യമേഖലകളിൽ ജോലി ചെയ്തു. 1977-ൽ തന്നെ ജമാഅത്തിന്റെ വിദ്യാർഥി വിഭാഗമായ ഛാത്ര ശിബ്റിൽ ചേരുകയും അതിന്റെ സിൽഹട്ട് മേഖലാ അധ്യക്ഷനാവുകയും ചെയ്തിരുന്നു. 1984-ലാണ് ജമാഅത്തിൽ അംഗത്വമെടുക്കുന്നത്. ഏറെ വൈകാതെ ജമാഅത്തിന്റെ സിൽഹട്ട് മേഖലാ അധ്യക്ഷനായി. 2016 മുതൽ 2019 വരെ ബംഗ്ലാ ജമാഅത്തെ ഇസ്ലാമിയുടെ സെക്രട്ടറി ജനറലായിരുന്നു. 2019 നവമ്പർ 12-ന് ബംഗ്ലാ ജമാഅത്തെ ഇസ്ലാമിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. ടർക്കിഷ് റേഡിയോ ആന്റ് ടെലിവിഷൻ കോർപറേഷൻ (ടി.ആർ. ടി) അറബിക് വിഭാഗം ഡോ. ശഫീഖുർറഹ്മാനുമായി നടത്തിയ അഭിമുഖം.

ബംഗ്ലാദേശിലെ പുതിയ സംഭവവികാസങ്ങൾക്ക് ശേഷം താങ്കളുമായി ആദ്യ അഭിമുഖം നടത്താനുള്ള ഭാഗ്യമുണ്ടായത് തുർക്കിയയിലെ ടി.ആർ.ടിക്കാണ്. കഴിഞ്ഞ ഏതാനും വർഷങ്ങൾ ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ചേടത്തോളം കൊടിയ പീഡന പർവങ്ങളുടെ കാലമായിരുന്നല്ലോ. സംഘടനയുടെ മുതിർന്ന നേതാക്കൾ തൂക്കിലേറ്റപ്പെട്ടു. അതിന്റെ സ്ഥാവര സ്വത്തുക്കൾ കൈയേറ്റം ചെയ്യപ്പെട്ടു. നേതാക്കളും പ്രവർത്തകരുമുൾപ്പെടെ ആയിരക്കണക്കിനാളുകൾ ജയലിറകൾക്കുള്ളിലായി. ഇത് നിങ്ങളുടെ സംഘടനയെ ഏതൊക്കെ നിലയിലാണ് ബാധിച്ചത്? ബംഗ്ലാ പൊതു സമൂഹത്തെ അത് ഏതു വിധത്തിലാണ് സ്വാധീനിച്ചത് ?

ഞങ്ങൾ അനുഭവിച്ച പീഡനങ്ങൾ ലോകർക്ക് മുന്നിലെത്തിക്കാൻ സൻമനസ്സ് കാണിച്ച ടി.ആർ.ടി ചാനലിന് ആദ്യമായി നന്ദി അറിയിക്കട്ടെ. പല ചാനലുകളും എന്നോട് അഭിമുഖത്തിന് അവസരം ചോദിച്ചിരുന്നു. ഞാൻ നിരസിക്കുകയാണ് ചെയ്തത്. ആദ്യത്തെ അവസരം തന്നെ നിങ്ങൾക്ക് നൽകാനുള്ള കാരണം, ഈ ചാനലിലൂടെ വേണം ലോകം ഇതേക്കുറിച്ചറിയാൻ എന്ന ഞങ്ങളുടെ ആഗ്രഹമാണ്. ചോദ്യത്തിലേക്ക് വരാം. നിങ്ങൾക്കറിയാവുന്നതു പോലെ ഹസീനയുടെ ഭീകര ഏകാധിപത്യ ഭരണം പതിനഞ്ച് വർഷമാണ് നീണ്ടുനിന്നത്. കടുത്ത പീഡനങ്ങളും അടിച്ചമർത്തലുകളും ഈ കാലയളവിൽ ജമാഅത്തിന് നേരിടേണ്ടി വന്നു. അടിച്ചമർത്തൽ പല രീതിയിലായിരുന്നു. ജുഡീഷ്യറിയെയും മറ്റു നിയമ സംവിധാനങ്ങളെയും ദുരുപയോഗം ചെയ്തുള്ള അടിച്ചമർത്തലായിരുന്നു ആദ്യത്തേത്. കേസുകൾ മുഴുവൻ കെട്ടിച്ചമച്ചത്. ആ കള്ളക്കേസുകളിലാണ് ജമാഅത്തിന്റെ മുതിർന്ന നേതാക്കൾ തൂക്കിലേറ്റപ്പെട്ടത്. പതിനൊന്ന് നേതാക്കളാണ് ഇങ്ങനെ ഞങ്ങൾക്ക് നഷ്ടമായത്. ഇതിൽ അഞ്ചു പേർ തൂക്കുമരത്തിൽ രക്തസാക്ഷികളായെങ്കിൽ, അഞ്ചു പേർ മതിയായ ചികിത്സ കിട്ടാതെ തടവറകളിൽ രക്തസാക്ഷികളാവുകയായിരുന്നു. ഒരാളെ സൈന്യത്തിന്റെ ഒരു ഉപവിഭാഗം നേരിട്ട് കൊലപ്പെടുത്തുകയായിരുന്നു. പ്രക്ഷോഭം നടക്കുമ്പോൾ ജമാഅത്തിന്റെ ഉപാധ്യക്ഷൻ തൂക്കുമരം കാത്ത് കിടക്കുകയായിരുന്നുവെന്ന് നിങ്ങൾ അറിയണം.

ജമാഅത്തിന്റെ മുഴുവൻ ഓഫീസുകളും ഹസീന അടച്ചുപൂട്ടുകയുണ്ടായി. നമ്മുടെ അഭിമുഖം നടക്കുന്ന ഈ ഓഫീസ് അതിന് ഏറ്റവും നല്ല തെളിവാണ്. ഇവിടെ നിങ്ങൾ കാണുന്ന ഈ കർട്ടനുകൾ മാത്രമേയുള്ളൂ. പാർട്ടിപ്രവർത്തനം നടത്താൻ ഓഫീസുകളൊന്നും ബാക്കിയില്ല എന്നതാണ് ഞങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ. അതേസമയം പഴയ നിലയിലേക്ക് കാര്യങ്ങളെത്തിക്കാൻ ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയുമാണ്. കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടക്ക് ജമാഅത്തിന്റെ 550 അംഗങ്ങളെയാണ് ഹസീനാ ഭരണകൂടം കൊലപ്പെടുത്തിയത്. അയ്യായിരത്തി അഞ്ഞൂറ് പ്രവർത്തകർക്ക് ജയിലിലെ നിരന്തര പീഡനങ്ങൾ കാരണം വലിയ തോതിൽ ശാരീരിക വൈകല്യങ്ങളുണ്ടായി. അവരിൽ കണ്ണുകൾ നഷ്ടപ്പെട്ടവരുണ്ട്. കൈകളും കാലുകളും നഷ്ടപ്പെട്ടവരുണ്ട്. ഇതിന്റെയൊക്കെ കഠിന വേദനകളിലാണ് ഞങ്ങളിപ്പോഴും കഴിയുന്നത്. പതിനാലായിരത്തി അഞ്ഞൂറിലധികം കേസുകളാണ് ഞങ്ങൾക്കെതിരെ കോടതികളിൽ ഫയൽ ചെയ്തത്. 22 ലക്ഷം വരുന്ന ഞങ്ങളുടെ പ്രവർത്തകരിലേക്കൊക്കെ ഈ കേസുകൾ എത്തുന്നുണ്ട്. പക്ഷേ, ഈ അതിക്രമങ്ങളൊന്നും ബംഗ്ലാ ജനതക്ക് വെച്ചുപൊറുപ്പിക്കാൻ കഴിയുമായിരുന്നില്ല. കഴിഞ്ഞ പ്രക്ഷോഭത്തിൽ ഞങ്ങൾ ഞങ്ങളുടേതായ ക്രിയാത്മക പങ്ക് വഹിച്ചിട്ടുണ്ട്. പ്രക്ഷോഭം സംഘടിപ്പിക്കുകയും മറ്റുള്ളവർ സംഘടിപ്പിച്ച പ്രക്ഷോഭങ്ങളിൽ പങ്ക് ചേരുകയും ചെയ്തിട്ടുണ്ട്.

ഇങ്ങനെയൊക്കെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ചിട്ടും അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഇക്കാലയളവിൽ ജമാഅത്ത് കൂടുതൽ ശക്തിപ്പെടുകയാണ് ചെയ്തത്. സത്യത്തിന്റെയും നീതിയുടെയും പാതയിൽ സഞ്ചരിച്ച് ജനങ്ങൾക്ക് താങ്ങും തണലുമാകുന്നവരെ തടയാൻ ഒരാൾക്കും സാധിക്കില്ലെന്നതിന്റെ തെളിവ് കൂടിയാണിത്.

ഇത്രയധികം ഉന്മൂലന ശ്രമങ്ങൾ അതിജീവിച്ച ഈ സംഘടനക്ക് വരുംകാലങ്ങളിൽ പുതിയ ചിന്തകളും സംഘടനാ ചട്ടക്കൂടുകളും ആവശ്യമാണെന്ന് താങ്കൾ കരുതുന്നുണ്ടോ? സോഷ്യൽ മീഡിയയിലെ ചില ചർച്ചകൾ ശ്രദ്ധിച്ചു. ഒരു വ്യക്തി എന്നതിലുപരി ഒരു സമിതിയാണ് ഇനി ജമാഅത്തിനെ നയിക്കുക എന്ന രീതിയിലാണ് ചർച്ചകൾ.

ഡോ. ശഫീഖുർറഹ്്മാനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന റാലി

ജമാഅത്തിനെ എങ്ങനെ മുന്നോട്ട് ചലിപ്പിക്കാം എന്നതിനെക്കുറിച്ച് പല ചിന്തകളും പങ്കുവെക്കപ്പെടുന്നുണ്ട്. വ്യക്തിയാണോ സമിതിയാണോ സംഘടനയെ മുന്നോട്ട് കൊണ്ടുപോകേണ്ടത് എന്നത് അത്തരം ചർച്ചകളിലൊന്നാണ്. മുമ്പും എങ്ങനെ മുന്നോട്ട് പോകണം എന്ന് തീരുമാനിച്ചിരുന്നത് അതിന്റെ കേന്ദ്ര കൂടിയാലോചനാ സമിതിയാണ്. ജമാഅത്തിന്റെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയും തീരുമാനങ്ങൾക്കായി ആശ്രയിക്കുക ഈ കേന്ദ്രസമിതിയെ തന്നെയായിരിക്കും. സംഘടനാപരമായി മൂന്ന് തലങ്ങളാണ് ജമാഅത്തിനുള്ളത്. ഏറ്റവും മുകളിലുള്ളത് കൂടിയാലോചനാ സമിതി (മജ്ലിസുശ്ശൂറാ). പുരുഷൻമാരും സ്ത്രീകളുമായി ഇതിൽ മുന്നൂറ് അംഗങ്ങളുണ്ടാവും. നിർവാഹക (എക്സിക്യൂട്ടീവ്) സമിതിയാണ് രണ്ടാമത്തേത്. ദൈനം ദിന പ്രവർത്തനങ്ങളുടെ സംഘാടനമാണ് ഇതിന്റെ ചുമതല. 53 പേരാണ് ഈ സമിതിയിൽ ഉണ്ടാവുക. അടിയന്തര ഘട്ടങ്ങളിലുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയാണ് മൂന്നാം സമിതിയുടെ ചുമതല. ആദ്യ രണ്ട് സമിതിയിൽ ഉള്ളതിനെക്കാൾ കുറഞ്ഞ അംഗങ്ങളേ ഇതിൽ കാണൂ - 21 പേർ. നിലവിൽ ആ സമിതിയിൽ 19 പേരേ ഉള്ളൂ.

ഒരു വലിയ മാറ്റത്തിന്റെ വക്കിലാണ് ഇന്ന് ബംഗ്ലാദേശ്. ജമാഅത്തും അതിന്റെ വിദ്യാർഥി വിഭാഗവും ഈ മാറ്റത്തിൽ ഏതു തരത്തിൽ പങ്കാളികളാവണമെന്നാണ് ഉദ്ദേശിക്കുന്നത്?

നിലവിലുള്ള അവസ്ഥയിൽ തൃപ്തരാണെന്നോ അതൃപ്തരാണെന്നോ ഞങ്ങൾ പറയുന്നില്ല. ഏതവസ്ഥയിലും ജനങ്ങളുടെ ആവശ്യങ്ങൾ ഇടക്കാല ഭരണസംവിധാനം മുഖവിലയ്ക്കെടുക്കുമെന്ന് തന്നെയാണ് ഞങ്ങൾ കരുതുന്നത്. ഈ ഭരണകൂടത്തെ ക്രിയാത്മകമായി സഹായിക്കുക എന്നതാണ് ഞങ്ങളുടെ ഡ്യൂട്ടി. അവരുമായി കൂടിയാലോചനകൾ നടക്കുന്നുണ്ട്. അതിനർഥം പിഴവുകൾക്ക് നേരെ കണ്ണ് ചിമ്മും എന്നല്ല. തിരുത്തലുകൾ നിർദേശിച്ച് ഭരണകൂടത്തെ ശരിയായ വഴിയിലേക്ക് കൊണ്ടുവരും. അതിന്റെ പ്രവർത്തനങ്ങളെ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. നൻമയിൽ സഹകരണം, തിൻമയിൽ നിസ്സഹകരണം എന്നതാണ് ഇവിടെയും പോളിസി.

ബംഗ്ലാദേശിൽ ഏതു തരം രാഷ്ട്രീയ സംവിധാനം ഉണ്ടാകണമെന്നാണ് ജമാഅത്ത് ആഗ്രഹിക്കുന്നത് ?

ഒരു കാര്യം കൂടി ഞാൻ ഊന്നിപ്പറയാൻ ആഗ്രഹിക്കുന്നു. ജമാഅത്തിനെ മാത്രമല്ല ഹസീന ഉപദ്രവിച്ചത്. മുഴുവൻ ജനതക്കും അത്തരം പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഇസ്ലാമിക പണ്ഡിതൻമാർക്കും ഇസ്ലാമിക കൂട്ടായ്മകൾക്കുമാണ് ഏറ്റവുമധികം പീഡനങ്ങളേൽക്കേണ്ടി വന്നത് എന്നു മാത്രം. രാജ്യത്തെ ഏറ്റവും വലിയ ഇസ്ലാമിക സംഘടന എന്ന നിലയിൽ ഞങ്ങൾക്കെതിരെ പീഡനങ്ങൾ അതിരൂക്ഷവുമായി. ഏതായാലും വരാൻ പോകുന്ന പൊതു തെരഞ്ഞെടുപ്പ് സംശുദ്ധവും നിഷ്പക്ഷവുമാവണമെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ട്. ഒരു പാർട്ടിയും മറ്റൊരു പാർട്ടിക്കു വേണ്ടി തഴയപ്പെടരുത്. നിഷ്പക്ഷമായി നടത്തപ്പെട്ട എല്ലാ തെരഞ്ഞെടുപ്പുകളിലും ഞങ്ങൾ മത്സരിക്കുകയും ഞങ്ങൾക്ക് എം.പിമാരെ ലഭിക്കുകയും ചെയ്തിട്ടുണ്ട്. മന്ത്രിസ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. അതിനാൽ, വരാൻ പോകുന്ന തെരഞ്ഞെടുപ്പിലും ഞങ്ങൾ പങ്കെടുക്കും. ഏതായാലും ഒരുങ്ങാൻ ഞങ്ങൾക്ക് കുറച്ച് സമയം വേണ്ടിവരും. പഴയ രാഷ്ട്രീയ സഖ്യങ്ങളൊന്നും ഇപ്പോൾ നിലനിൽക്കുന്നില്ല. ഓരോ പാർട്ടിയും തങ്ങളുടേതായ രാഷ്ട്രീയ ലൈനുമായി മുന്നോട്ടു പോവുകയാണ്. അതേസമയം അതിക്രമങ്ങളെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒറ്റക്കെട്ടായാണ് എതിർത്തത്. ആ സൗഹൃദങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. രാജ്യത്തിന്റെയും ജനങ്ങളുടെയും നൻമ മുന്നിൽ വെച്ച് തീരുമാനങ്ങളെടുക്കുന്നതിന് ഇപ്പോൾ പ്രയാസമില്ല.

ഹസീന ഇപ്പോഴുള്ളത് ഇന്ത്യയിലാണല്ലോ. ഇത് ഇന്ത്യയുമായി സൗഹൃദത്തിലാവുന്നതിന് തടസ്സമാവുമെന്ന് താങ്കൾ കരുതുന്നുണ്ടോ?

ഇന്ത്യ ബംഗ്ലാദേശിന്റെ അയൽ രാഷ്ട്രമാണ്. ഇരു രാഷ്ട്രങ്ങളുടെയും പൊതു താൽപര്യങ്ങളുടെ അടിസ്ഥാനത്തിൽ, പരസ്പര ആദരവ് നിലനിർത്തിക്കൊണ്ടുള്ള സൗഹൃദ ബന്ധങ്ങൾ രൂപപ്പെട്ടു വരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഒരു രാഷ്ട്രത്തിന്റെയും താൽപര്യങ്ങൾക്ക് പരിക്കേൽപ്പിക്കുന്ന തരത്തിലാവരുത് നീക്കങ്ങൾ. നീതിയുടെയും പരസ്പര ആദരവിന്റെയും അടിസ്ഥാനത്തിലാവണം ഈ അയൽപക്ക ബന്ധങ്ങളെന്ന് ജമാഅത്ത് കരുതുന്നു. കടുത്ത അതിക്രമങ്ങൾ ചെയ്ത ശേഷമാണ് ഹസീന ഇന്ത്യയിലേക്ക് ഒളിച്ചോടിയത്. ആരും നിയമത്തിന് അതീതരല്ല എന്ന് വിശ്വസിക്കുന്ന ഇന്ത്യ, ഹസീനയെ വിചാരണക്കായി വിട്ടുതരുമെന്ന് തന്നെയാണ് ഞാൻ കരുതുന്നത്. ഒരുപാട് കേസുകളിൽ വിചാരണ നടക്കേണ്ടതുള്ളതുകൊണ്ട് ഇന്ത്യയുടെ സഹകരണം ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം ഹസീന ഇന്ത്യയിൽ ഉണ്ട് എന്നതുകൊണ്ട് മാത്രം ജമാഅത്തിന്റെയോ മറ്റു പ്രതിപക്ഷ സംഘടനകളുടെയോ നിലപാട് നിഷേധാത്മകമാവുകയില്ല. കുറ്റവാളികളെ കൈമാറാനുള്ള കരാർ ഇരു രാഷ്ട്രങ്ങളും തമ്മിൽ നേരത്തേ തന്നെ ഉണ്ടല്ലോ.

നിലവിലെ സാഹചര്യത്തിൽ അമേരിക്ക, ചൈന, റഷ്യ പോലുള്ള വൻശക്തികളുമായി ഏതു തരം ബന്ധങ്ങളാവാമെന്നാണ് ജമാഅത്ത് ആഗ്രഹിക്കുന്നത്?

ബംഗ്ലാദേശിലെ വിദ്യാർഥി പ്രക്ഷോഭത്തിന് പിന്നിൽ അമേരിക്കയുടെ നിഗൂഢ കൈ ഉണ്ടെന്നാണ് ഹസീന ആരോപിച്ചത്. ഞങ്ങൾക്ക് ആ അഭിപ്രായമില്ല. ഞങ്ങൾ ഈ പ്രക്ഷോഭത്തിൽ ആദ്യന്തം ഉണ്ടായിരുന്നു. ഒരു അമേരിക്കൻ ഇടപെടലും ഞങ്ങൾക്ക് അനുഭവപ്പെട്ടിട്ടില്ല. ബംഗ്ലാദേശിലെ 180 മില്യൻ ജനങ്ങളും അതിൽ പങ്കാളികളായി. ഉമ്മമാർ കൈക്കുഞ്ഞുങ്ങളുമായി തെരുവിലിറങ്ങി. പ്രത്യേകിച്ച് സംഘാടനമൊന്നുമില്ലാതെ ഒരു ജനതയൊന്നാകെ പ്രക്ഷോഭത്തിൽ അണിചേരുകയായിരുന്നു. അമേരിക്ക, റഷ്യ, ചൈന പോലുള്ള രാജ്യങ്ങളുമായി എങ്ങനെ ബന്ധമുണ്ടാക്കണമെന്നതിനെ സംബന്ധിച്ച് ഭരണഘടനയിൽ വ്യക്തമായ നിർദേശമുണ്ട്. രാജ്യതാൽപര്യത്തിന് വിരുദ്ധമായിരിക്കരുത് ഏത് അന്താരാഷ്ട്ര ബന്ധവും എന്നതാണ് ആ നിർദേശം. അടിസ്ഥാനപരമായി ആരോടും ഞങ്ങൾക്ക് ശത്രുതയില്ല. ഇതിന്റെ അടിസ്ഥാനത്തിൽ തന്നെയാവും ഞങ്ങളുടെ രാഷ്ട്രീയനയങ്ങളും രൂപപ്പെടുക. l

വിഖ്യാത ഹദീസ് പണ്ഡിതനാണ് അബ്ദുല്ലാഹിബ്നുൽ മുബാറക് (റ). അദ്ദേഹത്തിന്റെ അഗാധ ജ്ഞാനത്തെയും തഖ് വയെയും സുകൃതങ്ങളെയും സാക്ഷ്യപ്പെടുത്തി ഇമാം ദഹബി പറയുന്നു: ''ജനക്ഷേമ തല്പരത, ജിഹാദീ വികാരം, ആത്മാർഥത, സുകൃതം, ധീരത, സത്യമാർഗത്തിലെ സ്ഥിരത എന്നീ ഉത്കൃഷ്ട ഗുണങ്ങളുടെ ഉടമയായിരുന്നു ഇബ്നുൽ മുബാറക്. അതുകൊണ്ടുതന്നെയാണ് ഞാൻ അദ്ദേഹത്തെ അല്ലാഹുവിന്റെ പേരിൽ സ്നേഹിക്കുന്നത്. ആ സ്നേഹം ഗുണകരമായി ഭവിക്കുമെന്ന് തന്നെയാണ് എന്റെ പ്രത്യാശ.''

അദ്ദേഹത്തിന്റെ പിതാവ് മുബാറക് ഒരു ധനാഢ്യന്റെ തോട്ടത്തിന്റെ മേൽനോട്ടക്കാരനായിരുന്നു. അയാളുടെ കാര്യബോധത്തിലും സത്യസന്ധതയിലും അത്യന്തം സന്തുഷ്ടനായിരുന്നു തോട്ടക്കാരൻ. ഒരിക്കൽ ഉടമ തന്റെ തോട്ടം നല്ല നിലയിൽ നടന്നുപോകുന്നതിന്റെ ആഹ്ലാദത്തിൽ മുബാറകിനോട് പറഞ്ഞു: ''തോട്ടത്തിന്റെ മേൽനോട്ടം നീ മറ്റാർക്കെങ്കിലും നൽകുക. നീ എപ്പോഴും എന്നോടൊപ്പം കഴിയുക.'' മുബാറക് മൗനമവലംബിച്ചപ്പോൾ ഉടമ തുടർന്നു… ''കുറേ ആലോചിച്ച ശേഷമാണ് ഞാൻ നിനക്ക് ഈ ബഹുമതി നൽകുന്നത്. തോട്ടത്തിന്റെ ഉത്തരവാദിത്വം ഏൽക്കാൻ യോഗ്യരായ പലരുമുണ്ടല്ലോ. പറ്റിയവർക്ക് ചുമതല കൊടുത്ത് നാളെ മുതൽ എന്റെ സദസ്സിൽ വന്നിരിക്കുക.''

മുബാറക് തോട്ടക്കാരന് നന്ദി പറഞ്ഞു സലാം ചൊല്ലി അവിടന്നു പുറത്തിറങ്ങി. തോട്ടത്തിന്റെ കാര്യനിർവാഹകനായി മറ്റൊരാളെ കണ്ടെത്തുകയും തൊട്ടുള്ള ദിവസം മുതൽ സദസ്സിൽ ഹാജരാവുകയും ചെയ്തു. ഇതോടെ മുബാറകിന്റെ അകം നന്മകൾ കൂടുതൽ വെളിവാകാൻ തുടങ്ങി. വീട്ടുകാര്യങ്ങളിൽ വരെ ഉപദേശ നിർദേശങ്ങൾ സ്വീകരിക്കുന്നതിലേക്ക് ഇരുവരും തമ്മിലുള്ള സൗഹൃദം വളർന്നു.

ഒരിക്കൽ തോട്ടം ഉടമ ആലോചനാമഗ്നനായി ഇരിക്കുന്നത് മുബാറക് ശ്രദ്ധിച്ചു. എന്തോ കാര്യമായ പ്രശ്നമുണ്ടെന്ന് മനസ്സിലായി. മുബാറക് ചോദിച്ചു: ''ഇന്നെന്താ താങ്കൾ വളരെ അസ്വസ്ഥനും ചിന്താകുലനുമാണല്ലോ?”

''ങാ… സങ്കീർണമായ ഒരു കാര്യം എന്നെ വല്ലാതെ അലട്ടുന്നുണ്ട്. നീയുമായി കൂടിയാലോചിക്കാൻ നിൽക്കുകയായിരുന്നു.'' ഉടമസ്ഥൻ വളരെ രഹസ്യഭാവത്തിൽ പ്രശ്നം മുബാറകിന്റെ അഭിപ്രായമറിയാനായി സമർപ്പിച്ചു: "മകൾക്ക് വിവാഹ പ്രായമായിരിക്കുന്നു. പലരും വിവാഹാലോചനകളുമായി വരുന്നുണ്ട്. അവളുടെ കല്യാണം എത്രയും വേഗം നടത്തണമെന്നാണ് ആഗ്രഹം. ആരെ തെരഞ്ഞെടുക്കും, ആരെ ഒഴിവാക്കും എന്നതാണ് പ്രശ്നം.''

മുബാറക് ഉടമസ്ഥന്റെ വാക്കുകൾ സശ്രദ്ധം കേട്ട് അൽപ്പം ആലോചിച്ച ശേഷം പറഞ്ഞു: "അതത്ര സങ്കീർണതയുള്ളതൊന്നുമല്ല. വിഷമിക്കേണ്ട കാര്യവുമില്ല. ജാഹിലീ കാലത്തെ അറബികൾ തറവാടാണ് നോക്കിയിരുന്നത്. ജൂതന്മാർ സമ്പത്തും ക്രൈസ്തവർ സൗന്ദര്യവും വിവാഹത്തിന്റെ മാനദണ്ഡമായി പരിഗണിച്ചു. മതനിഷ്ഠയും സ്വഭാവ സൗകുമാര്യവുമാണ് ഇസ്ലാം മുഖ്യമായി കാണുന്നത്.. ഇനി താങ്കൾക്ക് പ്രയാസമില്ലാതെ തീരുമാനത്തിലെത്താം. എന്താണ് മുൻഗണനയെന്ന് പരിശോധിക്കാം.”

മുബാറകിന്റെ സംസാരം ഉടമസ്ഥനെ ഹർഷപുളകിതനാക്കി. അവന്റെ കാര്യബോധത്തെയും ബുദ്ധി കൂർമതയെയും മനസാ പ്രശംസിച്ചു. ഉടൻ വീട്ടിലെത്തി സംഭവം പൂർണമായി നല്ല പാതിയെ കേൾപ്പിച്ചു. അവരും മുബാറകിന്റെ ബുദ്ധിവൈഭവത്തെ അഭിനന്ദിച്ചു. ഭാര്യക്കും താല്പര്യമുണ്ടെന്ന് കരുതി ഉടമസ്ഥൻ പറഞ്ഞു: "എന്റെ ഓമന മകളെ മുബാറകിനു തന്നെ വിവാഹം ചെയ്തുകൊടുക്കാൻ എന്റെ മനസ്സ് കൊതിക്കുന്നു. അവനോളം ദൈവഭക്തിയും ബുദ്ധിസാമർഥ്യവും സത്യസന്ധതയുമുള്ള ഒരു യുവാവിനെ കണ്ടെത്തുക ദുഷ്കരം.''
"എന്ത് ..? ഒരു അടിമച്ചെറുക്കന് എന്റെ മകളെ കൊടുക്കുകയോ?" ഭാര്യ അല്പം അമ്പരപ്പോടെയാണ് മറുപടി പറഞ്ഞത്.

"എന്താണ് പ്രശ്നം?! മതചര്യയിലും സൽസ്വഭാവത്തിലും അവൻ ഏറ്റവും ശ്രേഷ്ഠനല്ലേ? വൈവാഹിക ബന്ധത്തിൽ അളവുകോലായി അവ ഇസ്ലാം നിശ്ചയിച്ചത് അബദ്ധമായെന്നാണോ പറയുന്നത്? റസൂൽ (സ) നിശ്ചയിച്ച മാനദണ്ഡമാണ് ദീനും ഉത്തമ സ്വഭാവവും. അതുതന്നെയാണ് ശരിയും. ഇരു ലോകത്തുമുള്ള നന്മയും ഐശ്വര്യവും അതിലാണ്. കൂടുതൽ ചിന്തിച്ച് സമയം കളയേണ്ടതില്ല." സഹധർമിണിയും സമ്മതം മൂളി. തോട്ടക്കാരൻ തന്റെ സുന്ദരിയായ മകളെ മുബാറകിന് നികാഹ് ചെയ്തുകൊടുത്തു. ആ ദാമ്പത്യ ബന്ധത്തിൽ പിറന്ന അബ്ദുല്ലയാണ് പിന്നീട് വൈജ്ഞാനിക നഭോമണ്ഡലത്തിൽ സൂര്യതേജസ്സായി ജ്വലിച്ചുനിന്നത്. l
('റോഷൻ സിതാരെ' എന്ന കൃതിയിൽനിന്ന്. മൊഴിമാറ്റം: എം.ബി അബ്ദുർറശീദ് അന്തമാൻ)
9933264848

മനുഷ്യനു മേൽ കണക്കറ്റ അനുഗ്രഹങ്ങൾ വർഷിച്ചിട്ടുണ്ട് അല്ലാഹു. നന്ദി കാണിക്കാൻ മനുഷ്യൻ ഏതവസ്ഥയിലും ഏത് സമയത്തും ബാധ്യസ്ഥനാണ്. മാലാഖമാർ അല്ലാഹുവിന്റെ സമീപസ്ഥരാണല്ലോ. അവരുടെ പ്രധാന പ്രത്യേകതയായി എടുത്തുപറഞ്ഞിട്ടുള്ളത്, അവർ ദൈവത്തെ സ്തുതിച്ചും സ്തോത്രങ്ങളർപ്പിച്ചും കഴിഞ്ഞുകൂടുന്നു എന്നതാണ്. ഖുർആൻ പറയുന്നു: "ദൈവ സിംഹാസനത്തിന്റെ വാഹകരും അതിനു ചുറ്റും നിലകൊള്ളുന്നവരുമായ മലക്കുകൾ തങ്ങളുടെ റബ്ബിനെ സ്തുതിച്ചുകൊണ്ട് കീർത്തനം ചെയ്തുകൊണ്ടിരിക്കുകയാകുന്നു'' (40:7).
ഇനി, മനുഷ്യരിൽ ഏറ്റവും ശ്രേഷ്ഠർ പ്രവാചകൻമാരും മുർസലുകളുമല്ലേ. അവരുടെ സ്ഥിതിയും ഇതുതന്നെ. നൂഹ് നബിയെ അക്രമികളിൽനിന്ന് രക്ഷപ്പെടുത്തിയപ്പോൾ അദ്ദേഹം പറഞ്ഞു:"അൽഹംദു ലില്ലാഹ് .. അക്രമികളിൽനിന്ന് ഞങ്ങളെ രക്ഷിച്ച അല്ലാഹുവിന് സ്തുതി" (23: 28). സുലൈമാൻ, ദാവൂദ് എന്നിവർ നബിമാരായിരുന്നു; ഒപ്പം അവർ ഭരണാധികാരികളുമായിരുന്നു. ഏതൊരു നല്ല കാര്യം സംഭവിച്ചാലും അവർ ദൈവത്തെ സ്തുതിക്കും. "തന്റെ വിശ്വാസികളായ ദാസന്മാരിൽ മിക്കവരെക്കാളും ഞങ്ങൾക്ക് ശ്രേഷ്ഠത നൽകിയ അല്ലാഹുവിന് സ്തുതി" (27:15).

വിശ്വാസി നിത്യജീവിതത്തിലൂടെ കടന്നുപോകുന്നത് പല തവണ അല്ലാഹുവിനെ സ്തുതിച്ചു കൊണ്ടാണ്. രാവിലെ എഴുന്നേൽക്കുമ്പോൾ 'ഉറക്കമാവുന്ന മരണത്തിൽനിന്ന് എന്നെ ഉണർത്തിയ നാഥന് സ്തുതി' എന്നവൻ ഉരുവിടുന്നു. ഭക്ഷണം കഴിച്ചുകഴിയുമ്പോൾ,
الحمد لله الذي اطعمني هذا ورزقنيه من غير حول مني ولا قوة
( ابن ماجه )
(സ്വന്തമായി ഒരു കഴിവും ശേഷിയും ഇല്ലാതിരുന്നിട്ടും എനിക്ക് ഈ ഭക്ഷണം നൽകി എന്നെ ഊട്ടിയ നാഥനു സ്തുതി) എന്ന് പറയുന്നു. പുതുവസ്ത്രം ധരിക്കുമ്പോൾ വിശ്വാസി 'ഈ വസ്ത്രം ധരിപ്പിച്ച ദൈവമേ നിനക്ക് സ്തുതി' എന്ന വാക്യം ഉരുവിടുന്നു.
ഹസ്രത്ത് ഫാത്വിമ വീട്ടുജോലിക്ക് ഒരു വേലക്കാരിയെ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ പിതാവ് മുഹമ്മദ് നബി (സ), 'ഞാൻ നിനക്ക് വേലക്കാരിയെക്കാൾ നല്ല ഒരു കാര്യം നിർദേശിച്ചു തരാം. രാത്രി ഉറങ്ങാൻ നേരം 33 വട്ടം സുബ്ഹാനല്ലാ, 33 വട്ടം അൽഹംദു ലില്ലാ, 34 വട്ടം അല്ലാഹു അക്ബർ എന്ന് പറയുക. ഇത് നിനക്ക് ഈ ലോകത്ത് ഒരു വേലക്കാരിയെ കിട്ടുന്നതിനെക്കാൾ ഉത്തമമാണ്' (അൽ ജാമിഉസ്സഗീർ) എന്നാണ് മകളെ ഉപദേശിച്ചത്. ആഇശ (റ) പറയുന്നു: റസൂൽ തിരുമേനി(സ)ക്ക് പ്രത്യേകമായ വല്ല സന്തോഷവും ഉണ്ടായാൽ അദ്ദേഹം ഇങ്ങനെ പ്രാർഥിക്കാറുണ്ടായിരുന്നു:
الحمد لله الذي بنعمته تتم الصالحات
''സർവസ്തുതിയും അല്ലാഹുവിന്. അവന്റെ അനുഗ്രഹത്താലത്രെ എല്ലാ സത്കർമങ്ങളും പൂർത്തിയാവുന്നത്'' (അൽ ജാമിഉസ്സഗീർ 4640).
വെറുക്കപ്പെട്ടത് സംഭവിച്ചാൽ നബിതിരുമേനി "ഏതവസ്ഥയിലും ദൈവത്തിന് സ്തുതി" എന്നു പറയുമായിരുന്നു. സ്വർഗത്തിൽ കടക്കുന്ന വിശ്വാസി മന്ത്രിക്കുന്നത്, അൽഹംദു ലില്ലാഹില്ലദീ ഹദാനാ ലി ഹാദാ… (നമുക്ക് ഈ മാർഗം കാണിച്ചു തന്നവനായ ദൈവത്തിന് മാത്രമാകുന്നു സ്തോത്രം) എന്നായിരിക്കും. 'ദൈവം നമുക്ക് മാർഗദർശനം നൽകിയിരുന്നില്ലെങ്കിൽ നാം സ്വയം സന്മാർഗം പ്രാപിക്കാൻ കെൽപുള്ളവരായിരുന്നില്ല' (7:43). സ്വർഗപ്രാപ്തരായ ശേഷം വിശ്വാസികളുടെ അവസാനവാക്കും ഹംദ് മാത്രമായിരിക്കും. വ ആഖിറു ദഅ്വാഹും.. "അവരുടെ സകല സംഗതികളുടെയും പര്യവസാനം സർവസ്തുതിയും ലോകനാഥനായ അല്ലാഹുവിന് മാത്രമാകുന്നു" (ഖുർആൻ 10:10).
ഒരു നബിവചനത്തിൽ ഇങ്ങനെ കാണാം:
أفضل الذكر لا اله الا الله وأفضل الدعاء الحمد لله
"ഏറ്റവും നല്ല കീർത്തനം ലാ ഇലാഹ ഇല്ലല്ലാഹ് എന്നാകുന്നു. ഏറ്റവും ശ്രേഷ്ഠമായ പ്രാർഥന അൽഹംദു ലില്ലാഹ് എന്നും" (ഇബ്നു മാജ).

താബിഈ പണ്ഡിതനായ ഇമാം ബക്റുബ്നു അബ്ദില്ല മുസനി പറയുന്നു: ചുമലിൽ വലിയ ഭാരം വഹിച്ചുപോകുന്ന ഒരു തൊഴിലാളിയെ ഞാൻ കണ്ടു. ആ തൊഴിലാളി അൽഹംദു ലില്ലാ എന്നും അസ്തഗ്ഫിറുല്ലാ എന്നും മാറിമാറി ഉരുവിടുന്നുണ്ട്. ഞാൻ അയാളോട് ചോദിച്ചു: നിങ്ങൾ എന്താണ് ഈ പ്രാർഥനകൾ ഇങ്ങനെ മാറിമാറി ഉരുവിടുന്നത്, മറ്റൊരു പ്രാർഥനയും ഉരുവിടുന്നുമില്ലല്ലോ? അദ്ദേഹം പറഞ്ഞു: ഞാൻ ഖുർആൻ മനപ്പാഠമാക്കിയ ഒരാളാണ്. എനിക്ക് മറ്റു പ്രാർഥനകളും അറിയാം.
മനുഷ്യർ രണ്ടവസ്ഥയിലാണുള്ളത്. അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ അവർ സ്വീകരിക്കുന്നു. അതോടൊപ്പം അവർ നന്ദികേട് കാണിക്കുന്നു. ഞാൻ ദൈവത്തിന്റെ അനുഗ്രഹങ്ങൾ ഓർക്കുമ്പോൾ അവനെ സ്തുതിക്കുന്നു. തെറ്റുകളും കുറ്റങ്ങളും ഓർമ വരുമ്പോൾ ഞാൻ അസ്തഗ്ഫിറുല്ലാ ( അല്ലാഹുവേ, മാപ്പ്) എന്ന് ഏറ്റ് പറയുന്നു. തൊഴിലാളിയുടെ ഈ മറുപടി കേട്ട് ഞാൻ അത്ഭുതപ്പെട്ടു. എന്റെ മനസ്സ് മന്ത്രിച്ചു: "ഈ തൊഴിലാളി എത്ര വലിയ ജ്ഞാനിയാണ്" (ഇബ്നുൽ ഖയ്യിം).

അബൂ മൂസൽ അശ്അരിയിൽനിന്ന് നിവേദനം: 'വിശ്വാസിയായ ഒരാളുടെ മകൻ മരണപ്പെട്ടു. അപ്പോൾ അല്ലാഹു മലക്കുകളോട് ചോദിച്ചു. എന്റെ അടിമയുടെ കുട്ടിയുടെ ആത്മാവിനെ നിങ്ങൾ പിടിച്ചെടുത്തോ? അവർ പറഞ്ഞു: 'അതെ'. വീണ്ടും അല്ലാഹു ചോദിച്ചു: അല്ല, നിങ്ങൾ എന്റെ അടിമയുടെ കരളിന്റെ കഷ്ണത്തെ പിടിച്ചോ! അപ്പോഴും അവർ പറഞ്ഞു: അതേ ദൈവമേ! അപ്പോൾ ആ കുട്ടിയുടെ പിതാവിന്റെ പ്രതികരണം എന്തായിരുന്നു? അവർ പറഞ്ഞു: അദ്ദേഹം നിന്നെ സ്തുതിക്കുകയും ഇന്നാ ലില്ലാഹ് .. പറയുകയും ചെയ്തു. ഉടനെ അല്ലാഹുവിന്റെ ഉത്തരവ്: നിങ്ങൾ എന്റെ ആ അടിമക്ക് സ്വർഗത്തിൽ ഒരു ഭവനം പണിയുക. അതിന് ബൈത്തുൽ ഹംദ് (സങ്കീർത്തന ഭവനം) എന്ന് പേരിടുകയും ചെയ്യുക' (തിർമിദി).

ഇഹലോകത്ത് ധാരാളമായി അല്ലാഹുവിനെ സ്തുതിക്കുന്നവർ മരണ സമയത്തും സ്തുതിവാക്യങ്ങൾ ഉരുവിട്ടുകൊണ്ടാവും ഭൗതിക ലോകത്തോട് വിട പറയുക. റസൂൽ (സ) പറഞ്ഞു:
المؤمن بخير على كل حال وان المؤمن تخرج نفسه وهو يحمد الله
( مسند أحمد)
(വിശ്വാസി എല്ലാ അവസ്ഥയിലും നന്മയിലായിരിക്കും. അവന്റെ ശരീരത്തിൽനിന്ന് ആത്മാവ് ഉയർത്തപ്പെടുമ്പോൾ പോലും അവൻ അല്ലാഹുവിനെ സ്തുതിക്കുന്നു).
ഒരു നബിവചനം ഇങ്ങനെ വായിക്കാം: 'അന്ത്യദിനത്തിൽ ദൈവത്തിന്റെ അടിയാറുകളിൽ ഏറ്റവും ശ്രേഷ്ഠർ 'ഹമ്മാദൂൻ' അഥവാ ധാരാളമായി അല്ലാഹുവിനെ സ്തുതിക്കുന്നവരായിരിക്കും' (ത്വബ്റാനി).
പ്രയാസങ്ങളും പരീക്ഷണങ്ങളും ഉണ്ടാകുമ്പോൾ അല്ലാഹുവിനെ സ്തുതിക്കുന്നവർക്ക് അല്ലാഹു സ്വർഗത്തിൽ ഒരു ഇടം നൽകും. ആ സ്ഥലത്തിന്റെ പേരാണ് 'ബൈത്തുൽ ഹംദ് ' (സ്തുതിഗേഹം).
ഖുർആനിലെ പ്രഥമ അധ്യായം ആരംഭിക്കുന്നത് തന്നെ 'അൽഹംദു ലില്ലാഹി റബ്ബിൽ ആലമീൻ' എന്നോതിക്കൊണ്ടാണല്ലോ (സർവ സ്തുതിയും സർവലോകരക്ഷിതാവിനാകുന്നു). l