ശൈഖ് ഹസീനയുടെ തേര്‍വാഴ്ചക്കെതിരെ പൊട്ടിപ്പുറപ്പെട്ട ജനകീയ പ്രക്ഷോഭം ഏകാധിപതിയുടെ സ്ഥാനത്യാഗത്തെയും നാട് വിടലിനെയും തുടര്‍ന്നു കെട്ടടങ്ങുകയും ജീവിതം സാധാരണ നില കൈവരിക്കുകയും ചെയ്തതായാണ് ധാക്കയില്‍നിന്നുള്ള വാര്‍ത്തകള്‍. അവാമി ലീഗ് അനുകൂലികളായ ന്യൂനപക്ഷ സമുദായക്കാര്‍ക്കെതിരെ അങ്ങിങ്ങായി അരങ്ങേറിയ ആക്രമണങ്ങള്‍ ഇന്ത്യയില്‍ രണോത്സുക പ്രതികരണങ്ങള്‍ക്ക് വഴിമരുന്നിട്ടെങ്കിലും മോദി സര്‍ക്കാര്‍ നയതന്ത്ര തലത്തില്‍ പ്രശ്‌നപരിഹാരത്തിന് നടത്തിയ ശ്രമം സഫലമായി എന്നാണ് വിലയിരുത്തല്‍. ഉത്തരവാദപ്പെട്ട പല ദേശീയ മാധ്യമങ്ങളും യാഥാര്‍ഥ്യബോധത്തോടെയാണ് ബംഗ്ലാദേശ് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നിട്ടും ഈ രാജ്യത്ത് മതന്യൂനപക്ഷങ്ങളുടെ നേരെ കഴിഞ്ഞ പത്തു വര്‍ഷക്കാലമായി നടക്കുന്ന അത്യാചാരങ്ങള്‍ക്ക് മറയിടാനും വിദ്വേഷാഗ്നി വീണ്ടും വീണ്ടും ആളിക്കത്തിക്കാനുമാണ് തീവ്ര ഹിന്ദുത്വവാദികളുടെ ശ്രമം. പക്ഷേ, ഇടക്കാല സര്‍ക്കാറിന്റെ മേധാവി മുഹമ്മദ് യൂനുസിന്റെ സമചിത്തതയോടെയുള്ള ഇടപെടലും, ജനകീയ പ്രക്ഷോഭകരുടെ ന്യായമായ ആവശ്യങ്ങളോടുള്ള ക്രിയാത്മക സമീപനവും, സ്വതന്ത്രവും നീതിപൂര്‍വകവുമായി തെരഞ്ഞെടുപ്പ് നടത്തുമെന്ന വാഗ്ദാനവും ബംഗ്ലാ ജനതയെ ശാന്തരാക്കുന്നുവെന്നാണ് വ്യക്തമാവുന്നത്. അതോടെ ഇന്ത്യയിലെ കാടിളക്കിയുള്ള വിദ്വേഷ പ്രചാരണവും അല്‍പായുസ്സാവാനാണിട.
അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കാനുള്ള ത്വരയില്‍ ഹസീന രാജ്യത്തെ എല്ലാ ഓരോ സ്ഥാപനത്തെയും തകര്‍ത്തുകളഞ്ഞതായി മുഹമ്മദ് യൂനുസ് കുറ്റപ്പെടുത്തുന്നുണ്ട്. 'ജുഡീഷ്യറിയെ തകര്‍ത്തു. ഒന്നര പതിറ്റാണ്ട് നീണ്ട ആക്രമണത്തിലൂടെ ജനാധിപത്യാവകാശങ്ങള്‍ അടിച്ചമര്‍ത്തി' എന്നാണദ്ദേഹം തുറന്നടിച്ചിരിക്കുന്നത്. എട്ട് കൊലപാതകങ്ങള്‍, ഒരു തട്ടിക്കൊണ്ടുപോവല്‍, മനുഷ്യത്വ വിരുദ്ധമായ കുറ്റകൃത്യങ്ങൾ, വംശീയ ഉന്മൂലനം തുടങ്ങി 11 കേസുകള്‍ ഇപ്പോള്‍ തന്നെ ഹസീനക്കെതിരെ നിലവിലുണ്ട്.
അതേസമയം, അവാമി ലീഗിന്റെ ഏകകക്ഷി ഭരണത്തിനും ഹസീനയുടെ സ്വേഛാവാഴ്ചക്കുമെതിരായി അരങ്ങേറിയ ജനകീയ പ്രതിഷേധത്തിലേക്കും പ്രക്ഷോഭത്തിലേക്കും വഴിതെളിയിച്ച സംഭവവികാസങ്ങളെ വസ്തുനിഷ്ഠമായി വിലയിരുത്തുന്ന റിപ്പോർട്ടുകളും ഇന്ത്യൻ മീഡിയയിൽ വന്നുകൊണ്ടിരിക്കുന്നു. ദ ഹിന്ദു ലേഖകന്‍ റബീഉല്‍ ആലമിന്റെ ആഗസ്റ്റ് 10-ലെ പത്രത്തില്‍ The Making of the Bangladesh Revolt എന്ന മുഴുപേജ് റിപ്പോര്‍ട്ടില്‍നിന്നുള്ള ഏതാനും ഭാഗമാണ് ചുവടെ:
ജൂലൈ 20 ശനിയാഴ്ച പുലര്‍ച്ച ധാക്കക്ക് വെളിയിലെ സാവര്‍ ഉപജില്ലയിലെ മന്‍സൂര്‍ നഗര്‍ ഹൗസിംഗ് എസ്റ്റേറ്റിൽ ബംഗ്ലാദേശ് പോലീസിലെ ഡിറ്റക്ടീവ് വിഭാഗത്തില്‍നിന്നാണെന്ന് സ്വയം പരിചയപ്പെടുത്തിയ സാധാരണ വസ്ത്രധാരികളായ 8-10 ആളുകള്‍ വന്ന് 1971-ലെ വിമോചന യുദ്ധത്തില്‍ പങ്കെടുത്ത 70-കാരന്‍ അബുല്‍ ഖൈറിന്റെ ഗേറ്റിന് മുട്ടി. ഗേറ്റ് തുറക്കാനാവശ്യപ്പെട്ട ആഗതർ തുറന്നില്ലെങ്കില്‍ തകര്‍ക്കുമെന്ന് അട്ടഹസിച്ചു. തുടര്‍ന്നവര്‍ ബലം പ്രയോഗിച്ചു അകത്ത് കടന്നു. ഫോണുകള്‍ പിടിച്ചെടുത്തു. അബുല്‍ ഖൈറിന്റെ രണ്ട് മക്കളായ ആരിഫ് സോഹലിനെയും (27) മുഹമ്മദലി ജോവലിനെയും പിടികൂടി. സോഹലിനെ വിട്ടയച്ചു. ജോവലിനെ 36 മണിക്കൂറുകളോളം കാണ്മാനുണ്ടായിരുന്നില്ല. അയാളെ അടിക്കുകയും ഭക്ഷണം നിഷേധിക്കുകയും ചെയ്തു. ബലപ്രയോഗത്തിലൂടെ അപ്രത്യക്ഷനാവുന്ന മറ്റൊരു ഇര മാത്രമാണ് അവനെന്ന് കുടുംബം പറയുന്നു. വിമതരെ അമര്‍ത്താന്‍ മുൻ പ്രധാനമന്ത്രി ഹസീനയുടെ ഗവണ്‍മെന്റ് പ്രയോഗിക്കുന്ന സാമാന്യ രീതിയാണിതെന്ന് ബംഗ്ലാദേശിലെ ജനങ്ങള്‍ പറയുന്നു. ജഹാംഗീര്‍ നഗര്‍ യൂനിവേഴ്‌സിറ്റി വിദ്യാര്‍ഥി യൂനിയന്‍ കണ്‍വീനര്‍ എന്ന നിലയില്‍, ജൂലൈ ഒന്നിന് ആരംഭിച്ച വിവേചനത്തിനെതിരായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയതാണ് ജുവൈന്‍ ചെയ്ത കുറ്റം. 1971-ലെ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരുടെ മക്കള്‍ക്ക് 30 ശതമാനം സംവരണമേര്‍പ്പെടുത്തിയതിനെതിരെയായിരുന്നു പ്രക്ഷോഭം. മൃഗീയമായാണ് ഗവണ്‍മെന്റ് പ്രക്ഷോഭത്തെ നേരിട്ടത്. ആയിരക്കണക്കില്‍ വിദ്യാര്‍ഥികളും പ്രതിപക്ഷ നേതാക്കളും ജനങ്ങളും അറസ്റ്റിലായി. ജൂലൈ 19-ന് രാത്രി കര്‍ഫ്യൂ പ്രഖ്യാപിക്കപ്പെട്ടു. പട്ടാളവും പോലീസും പ്രക്ഷോഭകരുടെ നേരെ വെടിവെക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിച്ചു. പൗരത്വ നിയമ ഭേദഗതിക്കെതിരെ നടന്ന പ്രക്ഷോഭത്തെ ഇന്ത്യാ ഗവണ്‍മെന്റ് വിശേഷിപ്പിച്ച പോലെ ഹസീനയുടെ നടപടി ബംഗ്ലാദേശിന്റെ ആഭ്യന്തര കാര്യമായാണ് അവര്‍ ചിത്രീകരിച്ചത്. ഇന്റര്‍നെറ്റ് സര്‍ക്കാര്‍ കട്ട് ചെയ്തു. 439 പേര്‍ കൊല്ലപ്പെട്ടതായി ബംഗ്ലാദേശിലെ പ്രമുഖ പത്രമായ പ്രോത്തം ആലോ റിപ്പോര്‍ട്ട് ചെയ്തു.
അവാമി ലീഗിന്റെ വിദ്യാര്‍ഥി സംഘടനയായ ബംഗ്ലാദേശ് ഛാത്ര ലീഗാണ് കാമ്പസുകളിലെ ജീവിതം കൈയടക്കിവെച്ചിരിക്കുന്നതെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു. ഛാത്ര ലീഗിലെ വിദ്യാര്‍ഥികള്‍ക്ക് മാത്രമാണ് എല്ലാ ആനുകൂല്യങ്ങളും. തൊഴിലിനു വേണ്ടിയുള്ള പരീക്ഷകളുടെ സുതാര്യത ഭയങ്കരമായി കളഞ്ഞു കുളിച്ചിരിക്കുന്നു. പരീക്ഷ പേപ്പര്‍ ചോര്‍ച്ച സാധാരണമാണ്. വൈവാ ബോര്‍ഡുകള്‍ ഛാത്ര ലീഗിലെ അപേക്ഷകരോട് പക്ഷപാതിത്വം കാട്ടുന്നു. തന്മൂലം ഒരു ജോലിക്കും പ്രതീക്ഷ മറ്റു വിദ്യാര്‍ഥികള്‍ക്കില്ല.
വിദ്യാര്‍ഥി രാഷ്ട്രീയം മാത്രമല്ല ഹസീന ഗവണ്‍മെന്റിനെ താഴെ ഇറക്കിയത്. 2001 മുതല്‍ 600 പേരെങ്കിലും കാണാതായതില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാട്ടുന്നു. സസ്‌പെന്‍ഷനിലായ ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്ലാഹില്‍ അമാന്‍ അഅ്‌സമി ഐനാ ഘര്‍ തടങ്കല്‍ സെന്ററില്‍നിന്ന് എട്ടു വര്‍ഷമായി തടവില്‍ കഴിഞ്ഞ ശേഷമാണ് ആഗസ്റ്റ് ആറിന് മോചിതനായത്. ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയുടെ അമീറായിരുന്ന പ്രഫ. ഗുലാം അഅ്സമിന്റെ മകനാണ് അദ്ദേഹം. 2016 ആഗസ്റ്റ് 23-ന് സ്വവസതിയില്‍നിന്ന് പിടിച്ചുകൊണ്ടുപോവുകയായിരുന്നു ബ്രിഗേഡിയറെ. ഹസീനയാവട്ടെ ഐനാ ഘറോ മറ്റു 23 തടങ്കല്‍ ക്യാമ്പുകളോ ഇല്ലെന്ന് തന്നെ ആവര്‍ത്തിച്ചു നിഷേധിച്ചുകൊണ്ടിരുന്നതാണ്. പ്രസംഗിക്കാനും സമ്മേളിക്കാനുമുള്ള സ്വാതന്ത്ര്യം സര്‍ക്കാര്‍ നിഷേധിക്കുന്നതായി മീഡിയ പരാതിപ്പെട്ടുകൊണ്ടിരുന്നിട്ടുണ്ട്. ഡിജിറ്റല്‍ സെക്യൂരിറ്റി ആക്ട് പ്രകാരം 255 പത്രപ്രവര്‍ത്തകരുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. 2018 ഒക്ടോബറിനും 2023 സെപ്റ്റംബറിനുമിടയില്‍ 1436 കേസുകള്‍ 4520 പേരില്‍ ചുമത്തപ്പെട്ടിട്ടുണ്ടെന്ന് സി.ജി.എസ് പറയുന്നു. കോടതി വിധിക്ക് പുറത്തുള്ള കൊലകള്‍, ബലം പ്രയോഗിച്ചുള്ള കാണാതാവല്‍, അഴിമതി തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്യാന്‍ പത്രപ്രവര്‍ത്തകര്‍ കടുത്ത വെല്ലുവിളിയെ നേരിടുന്നു. സര്‍ക്കാറിനെ അനുകൂലിക്കുന്ന പത്രങ്ങളാവട്ടെ അളവറ്റ ആനുകൂല്യങ്ങളും സൗകര്യങ്ങളും അനുഭവിക്കുകയും ചെയ്യുന്നു (ഇതാണ് ദ ഹിന്ദു ലേഖകന്‍ എടുത്തുകാട്ടിയ ഉദാഹരണങ്ങളില്‍ ചിലത്).
മുസ് ലിം രാജ്യങ്ങളിലെ ഏകാധിപതികള്‍ക്കും സൈനിക ഭരണാധികാരികള്‍ക്കും, പുറത്ത് സെക്യുലര്‍ ബോര്‍ഡ് തൂക്കിയാല്‍ ആഭ്യന്തര രംഗത്ത് ജനാധിപത്യാവകാശങ്ങളോ പൗരാവകാശങ്ങളോ തെല്ലും പരിഗണിക്കാതെ ഏതത്യാചാരവും ആവാം; മതതീവ്രവാദ മുദ്രകുത്തി ഏത് കൂട്ടായ്മയെയും അടിച്ചമര്‍ത്താം, വ്യക്തികളെ തൂക്കിക്കൊല്ലാം, ആയുഷ്‌ക്കാലം മുഴുവന്‍ ഇരുട്ടറകളില്‍ പാര്‍പ്പിച്ച് മനുഷ്യത്വ രഹിതമായി പീഡിപ്പിക്കാം എന്നതാണിപ്പോഴത്തെ സാമാന്യാനുഭവം. അറബ് വസന്തം അരങ്ങേറിയ നാടുകളും ബംഗ്ലാദേശുമൊക്കെ അതാണ് തെളിയിച്ചു കൊണ്ടിരിക്കുന്നത്. ഈ സാമാന്യാവസ്ഥയില്‍നിന്ന് മാറിച്ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഭരണാധികാരിക്ക് എത്ര ജനപിന്തുണ തെളിയിച്ചാലും ലഭിക്കുന്ന മുഖമുദ്ര ഏകാധിപതിയുടേതായിരിക്കും എന്നും തുര്‍ക്കിയയിലെ ഉര്‍ദുഗാന്റെ അനുഭവം തെളിയിക്കുന്നു. l