ജൂലൈ 30-ന് കാലത്ത് മുതൽ ജീവന്റെ തുടിപ്പ് എവിടെയെങ്കിലുമുണ്ടോ എന്ന് കണ്ടെത്താനുള്ള ഓട്ടത്തിലായിരുന്നു മുണ്ടക്കൈ ദുരന്തഭൂമിയിലെത്തിയ എല്ലാ സംഘങ്ങളും. അവരുടെ വസ്ത്രങ്ങളുടെ നിറം വെവ്വേറെ ആകാമെങ്കിലും അവരൊക്കെയും ഒറ്റക്കെട്ടായി മനുഷ്യരെ രക്ഷിക്കാൻ ധൃതിപിടിക്കുകയായിരുന്നു. ദുരന്തഭൂമികളിൽ കാരുണ്യ സ്പർശമാകാറുള്ള ഐഡിയൽ റിലീഫ് വിംഗിന്റെ വളണ്ടിയർമാർ ദുരന്ത വിവരമറിഞ്ഞ് പുലർച്ച 4 30-ന് തന്നെ അവിടെ ഓടിയെത്തി രക്ഷാ പ്രവർത്തനങ്ങളിൽ സജീവമായി.
രക്ഷാ പ്രവർത്തകരുടെ ഒരു സംഘം ആദ്യ ദിവസം കാഞ്ഞിരമറ്റത്ത് എത്തുമ്പോൾ ദുരന്തത്തിൽനിന്ന് ഓടി രക്ഷപ്പെട്ട ഒരുപാട് പേർ ഇറങ്ങിവരികയുണ്ടായി. ഈ സംഘം വരുന്നത് വരെ രക്ഷപ്പെട്ട ആ ആളുകൾ പുറത്തിറങ്ങിയിരുന്നില്ല. രക്ഷാ പ്രവർത്തകരാണ് എന്ന് മനസ്സിലാക്കിയിട്ടാണ് അവർ അടുത്തേക്ക് വന്നത്. അതിൽ മൂന്നു വയസ്സായ പെൺകൊച്ചും ഉണ്ടായിരുന്നു. ഇതിന്റെ ഗൗരവമോ ഭീതിയോ ഒന്നും മനസ്സിലാകാതെ ആ കൂട്ടത്തോടൊപ്പം അവൾ വാക്കുകൾ മുറിയാതെ സംസാരിച്ച് ഓടിച്ചാടി നടക്കുന്നുണ്ടായിരുന്നു. ഒരു IRW വളണ്ടിയർ മോള് താഴോട്ട് പോരുന്നോ എന്ന് ചോദിച്ചപ്പോൾ അയാളുടെ അടുത്തേക്ക് ഓടി വരികയും നീട്ടിയ കൈയിലേക്ക് കയറുകയും ചെയ്തു. കുന്നിറങ്ങുമ്പോൾ അവൾ തുരുതുരാ സംസാരിക്കുന്നുണ്ടായിരുന്നു. അവളുടെ വീട്ടുകാരെക്കുറിച്ചും, സ്കൂളിനെ കുറിച്ചും അവൾ കഥ പറഞ്ഞു കൊണ്ടേയിരിക്കുകയാണ്. അവളുടെ കഥയും പാട്ടും ഒക്കെ കേട്ടും മൂളിയും അവളെയും എടുത്ത് കുന്നിറങ്ങുകയാണ്. ആ കൂട്ടുകാർക്ക് എന്തു പറ്റി എന്ന് അവൾക്ക് അറിയില്ലല്ലോ. സ്കൂളിനടുത്തെത്തിയപ്പോൾ അതിന്റെ ഭയാനകമായ രൂപം കണ്ട് അവളുടെ മുഖം മാറി. അയ്യോ ഞങ്ങളുടെ സ്കൂളിന് എന്തു പറ്റി എന്നു പറഞ്ഞ് കരഞ്ഞു. അപ്പോൾ വളണ്ടിയർ പറഞ്ഞു: മോള് പേടിക്കേണ്ട. നിങ്ങളുടെ സ്കൂൾ ഇനി പുതിയ സ്കൂൾ ആക്കി മാറ്റുകയാണ്. ഇങ്ങനെ ആശ്വസിപ്പിച്ച് അവളെ വീണ്ടും കഥയിലേക്കും പാട്ടിലേക്കും തിരിച്ചുകൊണ്ടുവന്നു.
ഉരുൾ പൊട്ടിയ ആദ്യ ദിവസം സ്വുബ്ഹ് നമസ്കരിച്ചയുടൻ ചൂരൽമലയിലേക്കാണ് പുറപ്പെട്ടത്. കൊടിയത്തൂരിൽനിന്ന് ഓമശ്ശേരി അടിവാരം റോഡ് വഴിയാണ് ഞങ്ങൾ ആറംഗ സംഘത്തിന്റെ യാത്ര. ഈങ്ങാപുഴ റോഡ് മുങ്ങിയതറിഞ്ഞ് തിരിച്ചുപോന്നു. മുക്കത്ത് വന്ന് മറ്റൊരു വഴി നോക്കി. അവിടെയും വെള്ളം. പിന്നെ തുഷാരഗിരിയിലൂടെ മറ്റൊരു വഴിയാണ് പോയത്. മേപ്പാടി മുതൽ മൂന്ന് ചെക്ക് പോയന്റ് കടന്ന് ചൂരൽമലയെത്തി. ഉടൻ മുണ്ടക്കൈക്ക് ഇക്കരെയുള്ള ഉരുൾ പൊട്ടിയ സ്ഥലത്തേക്കാണ് പോയത്. അതിനിടെ ഒരു വീടിന്റെ റൂഫിന് മുകളിലൂടെ നടന്നപ്പോൾ ഒരു അറ്റ കൈ അവിടെ കിടക്കുന്നുണ്ടായിരുന്നു. പിന്നെ അക്കരെ നിന്ന് കുറേ ഡെഡ് ബോഡികൾ കൊണ്ടുവരാനുള്ള ശ്രമത്തിൽ പങ്കാളിയായി.
രക്ഷപ്പെട്ട ഒരു കുടുംബനാഥനെ കണ്ടു. അദ്ദേഹം അനുഭവം വിവരിച്ചു. രാത്രി ഒരു മണിക്കാണ് ആദ്യ ശബ്ദം കേൾക്കുന്നത്. വാതിൽ തുറന്നു നോക്കിയപ്പോൾ വെള്ളം ഇരച്ചുകയറുകയാണ്. പിൻവാതിലിലൂടെ വീട്ടുകാരെ കൂട്ടി മുകളിലെ വീട്ടിൽ അഭയം തേടി. മൂന്ന് മണിക്ക് അതിനെക്കാൾ വലിയ പൊട്ട് കേട്ടു. നോക്കുമ്പോൾ അവരുടെ വീടും അതിന് മറുഭാഗത്തുള്ളതും ഒന്നിച്ച് ഒലിച്ചു പോകുന്നതാണ് കണ്ടത്. ഇതിനൊക്കെ മുമ്പ് 12 മണിക്ക് ആനയടക്കമുള്ള മൃഗങ്ങൾ റോഡിലൂടെ പോയിരുന്നു.
നമ്പർ :175 .809/24 NBR നമ്പർ: 176.983/24:PKL നമ്പർ177.983/24:PKL….. ഈ നമ്പറുകൾ എന്താണെന്നറിയുമോ? കഴിഞ്ഞ ദിവസം കൈകാര്യം ചെയ്ത മൃതശരീരങ്ങളുടെയും ശരീരാവശിഷ്ടങ്ങളുടെയും വിലാസങ്ങളാണ്. മനുഷ്യൻ ജീവനുള്ളപ്പോൾ വിലമതിക്കാനാവാത്ത എന്തോ ഒക്കെയാണ്. നന്മയുള്ള മനസ്സും വൃത്തിയുള്ള വസ്ത്രങ്ങളും പെർഫ്യൂമുകളുമൊക്കെ മനുഷ്യനെ ഒന്നുകൂടി ശ്രദ്ധേയനാക്കുന്നു. പക്ഷേ, ജീവന്റെ തുടിപ്പുകൾ നിലനിൽക്കും വരേക്കുള്ള ആയുസ്സേ ഇവക്കൊക്കെ ഉള്ളൂ. അതു കഴിഞ്ഞാൽ ഇത്തരം കോഡ് നമ്പറിലൂടെയാണ് അവൻ അറിയപ്പെടുക. പിന്നെ ആരുടേതെന്നറിയാത്ത, എവിടുത്തതെന്നറിയാത്ത വെറും ബോഡീ പാർട്സുകൾ. ആ സത്യം അറിയുമായിരുന്നെങ്കിലും അത് നേരിൽ കാണുകയായിരുന്നു വയനാട്ടിലെത്തിയപ്പോൾ.
മോർച്ചറിയുടെ അരികിലെത്തിയപ്പോൾ അഴുകിയ മനുഷ്യ ശരീരത്തിന്റെ രൂക്ഷ ഗന്ധം. ഞങ്ങൾ മാസ്ക് കെട്ടി, ഒന്നല്ല രണ്ടെണ്ണം വീതം. എയർഫ്രെഷ്നർ, സാമ്പ്രാണി, ചന്ദനത്തിരികൾ ഉപയോഗിച്ചുകൊണ്ടേയിരുന്നു. അവിടെ കണ്ട മനസ്സാക്ഷി മരവിക്കുന്ന രംഗങ്ങൾ വിവരണാതീതം. മോർച്ചറിയുടെ ക്ലീനിംഗ് സെക് ഷനിൽ IRW വളണ്ടിയർമാർ റെഡിയായി നിൽക്കുന്നു. ഫ്രീസറിൽനിന്ന് ബോഡികൾ ക്ലീനിംഗിനെടുക്കുന്നു. ക്ലീൻ ചെയ്ത ശേഷം DNA ക്കായി സാമ്പിളെടുക്കുന്നു. പോസ്റ്റുമോർട്ടം ചെയ്ത ബോഡി വീണ്ടും കഴുകി വൃത്തിയാക്കി പുത്തൻ വെള്ളത്തുണിയിൽ പാക്ക് ചെയ്ത് പുറത്തേക്ക്… ആദ്യം സ്ക്രീനിന്റെ വിടവിലൂടെ കണ്ടു. നെഞ്ചിന് മുകളിലേക്ക് ഒന്നും ബാക്കിയില്ലാത്ത ഒരു കൗമാരക്കാരി, അടുത്തത് വലിയ ഒരാളുടെ ഒരു മുഴുവൻ കാല്, പിന്നെ ആന്തരാവയവങ്ങളിൽ ചിലത് അങ്ങനെയങ്ങനെ… മനസ്സ് പാകപ്പെടാൻ തുടങ്ങി. ഞങ്ങൾ മാസ്കും ഗ്ലൗസും റെഡിയല്ലേ എന്ന് ഒന്നുകൂടി ഉറപ്പ് വരുത്തി. ക്ലീനിംഗിനുള്ള വെള്ളത്തിന്റെ ടാപ്പ് തുറന്നുകൊടുത്തും, സ്ട്രെച്ചർ ചോദിക്കുമ്പോൾ കൊണ്ടു കൊടുത്തും, പെർഫ്യൂമടിച്ച് സ്മെൽ ഇല്ലാതാക്കിയും ഒക്കെ അവിടെ നിൽക്കുന്നതിനിടയിൽ ഒരു പോലീസുകാരൻ അടുത്ത് വന്നു ചോദിച്ചു: നിങ്ങൾ ഈ നീലക്കുപ്പായക്കാർ ഞങ്ങളെ വല്ലാതെ അത്ഭുതപ്പെടുത്തുന്നുവല്ലോ. ഞങ്ങൾ പോലും ഇത്തരം ബോഡികൾ കൈകാര്യം ചെയ്യാൻ മടിക്കുന്നു. ഇതിനു വേണ്ടി ഞങ്ങൾ മദ്യം കുടിപ്പിച്ച് പ്രത്യേകം ആളുകളെ കൊണ്ടുവരാറാണ് പതിവ്……. എത്ര ബഹുമാനത്തോടെയാണയാൾ ഞങ്ങളോട് സംസാരിച്ചത്… വീണ്ടും വീണ്ടും ബോഡികൾ കഴുകി ശേഷക്രിയകൾ നടക്കുന്നു. ഇൻക്വസ്റ്റ് റൂമിലേക്ക് സാവധാനം കയറി അവിടെയുള്ള ബോഡിയുടെ അളവെടുക്കണം. തിരിച്ചറിയാനുള്ള വല്ലതും ഉണ്ടെങ്കിൽ (ഓർണമെൻസ് അടക്കം) ഫോട്ടോ എടുത്ത് ഇൻക്വസ്റ്റ് തയാറാക്കിയ ശേഷമാണ് ചെളിയിൽ പുതഞ്ഞ ശരീര ഭാഗങ്ങൾ ക്ലീൻ ചെയ്ത് പോസ്റ്റുമോർട്ടം ചെയ്യുക. ഇടക്കൊരാൾ വന്ന് എന്നോട്, ഇവിടെ ഇന്നും ഇന്നലെയും വന്ന ബോഡിയിലേതിലെങ്കിലും കൈയിലും കാലിലും മോതിരവും, കൈയിൽ വളയും ഉള്ളത് ശ്രദ്ധയിൽ പെട്ടിരുന്നോ എന്ന് ചോദിച്ചു. കൈ പൊട്ടി കഴുത്തിലേക്ക് കെട്ടിയ മറ്റൊരാൾ, സുന്ദരിയായ ഒരു സ്ത്രീയുടെ ഫോട്ടോ കാണിച്ച് ഇപ്പോൾ വന്ന ബോഡി ഇതാണോ എന്നൊന്ന് നോക്കുമോ എന്ന് കണ്ണീരോടെ ചോദിക്കുന്നു. മണ്ണിൽ പുതഞ്ഞു കിടന്ന ഒരു ബോഡി നാലാം ദിവസം കിട്ടിയെന്നറിഞ്ഞ് ഓടി വന്നതാണയാൾ….. ഒടുവിൽ അയാൾ തന്നെ പുഴുവരിക്കുന്ന ആ മൃതശരീരത്തിലേക്കൊന്ന് നോക്കി, അല്ലെന്ന് പറഞ്ഞ് പുറത്തിറങ്ങി. ഇങ്ങനെ പലതരം കരളലിയിക്കുന്ന ചോദ്യങ്ങൾ… ഞങ്ങളുടെ മനസ്സ് എന്തും അഭിമുഖീകരിക്കാൻ പാകപ്പെട്ടുകഴിഞ്ഞു. ഗസ്സയിലെ കുഞ്ഞുങ്ങളെ ഓർമിപ്പിക്കുന്നൊരു മാലാഖക്കുഞ്ഞ്, കൈയിൽ മൈലാഞ്ചിയണിഞ്ഞ നാലു വയസ്സുകാരി, കാലിൽ നെയിൽ പോളിഷ് ചെയ്ത യുവതി, മുട്ടിന് താഴെയില്ലാത്ത സ്ത്രീ, രണ്ടു മോതിരം ഒരുമിച്ചണിഞ്ഞ വിരലുകളുള്ള ഒരുകൈ… മോതിരത്തിലൊന്നിൽ മുരുകനെന്ന പേരുണ്ടായിരുന്നു. ആരുടേതാണോ എന്തോ?…. അവയവങ്ങൾ പൊതിയുമ്പോൾ 'അന്ത്യനാളിൽ ഇവയെല്ലാം ഒരുമിച്ചുകൂട്ടി നിങ്ങളെ പുനരുജ്ജീവിപ്പിക്കും' എന്ന വേദവാക്യങ്ങൾ ഓർത്തു. ഞങ്ങൾ ചെന്ന ശേഷം 25-ലധികം ബോഡികൾ ഇങ്ങനെ പരിചരിച്ചിട്ടുണ്ട്. IRW വിന്റെ വനിതകളും ഉറങ്ങാതെ മണിക്കൂറുകൾ പരിപാലനത്തിൽ തന്നെയായിരുന്നു. l
രണ്ടു ദിവസമായി തുടരുന്ന കനത്ത പേമാരി കണ്ടപ്പോഴേ മനസ്സിൽ വല്ലാത്ത ആധിയായിരുന്നു. രാവിലെ ഉറക്കുമുണർന്നപ്പോൾ കേട്ടത് എന്റെ ആധിയെ അന്വർഥമാക്കുന്ന വാർത്ത തന്നെയായിരുന്നു. വയനാട് മുണ്ടക്കൈ ഭാഗത്ത് ഉരുൾപൊട്ടി 'ഒന്നോ രണ്ടോ വീടുകളൊഴികെ ഒരു ഗ്രാമം മുഴുവൻ ഒലിച്ചു പോയി.' വയനാട് ജില്ലയിലാണല്ലോ, തൊട്ടടുത്ത പ്രദേശങ്ങളിൽനിന്ന് സേവന സന്നദ്ധരായി വളണ്ടിയർമാർ അവിടെയെത്തിയിരിക്കും എന്ന് ആശ്വസിച്ചു. ആവശ്യമാണെങ്കിൽ വിളിവരുമ്പോൾ പോകാം എന്ന് കരുതുകയും ചെയ്തു. അപ്പോഴാണ് മലപ്പുറം ജില്ലയിലെ നിലമ്പൂർ പോത്തുകല്ലിലെ ചാലിയാർ പുഴയിലൂടെ, വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഒഴുകിവരുന്നു എന്ന വാർത്ത കേട്ടത്. ഉടനെ പോത്തുകല്ല് ക്യാമ്പ് ഓഫീസുമായി ബന്ധപ്പെട്ടു. അവിടെ വളണ്ടിയർമാരെ ആവശ്യമുണ്ടെന്നറിഞ്ഞു.
രാവിലെ 7 മണിയോടെ അവിടെ എത്തി. 12 മണി വരെ ഭൂതാനം പുഴയുടെ ഭാഗത്തെ തിരച്ചിലിൽ പങ്കുചേർന്നു. അപ്പോഴേക്കും നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്ക് ചാലിയാറിൽനിന്ന് ലഭിച്ച മൃതദേഹങ്ങളും ഭാഗികമായ മനുഷ്യാവയവങ്ങളും വഹിച്ച് തുരുതുരാ ആംബുലൻസുകൾ വന്നുതുടങ്ങി. അവിടെയാണ് കൂടുതൽ വളണ്ടിയർ സേവനം ആവശ്യമെന്ന അറിയിപ്പ് ലഭിച്ചു. ഉടനെ ഞങ്ങൾ ആശുപത്രിയിലെത്തി.
അവിടെ കണ്ട കാഴ്ച ഞെട്ടിക്കുന്നതും അതേസമയം സങ്കടകരവും ദയനീയവുമായിരുന്നു. തലയില്ലാത്തതും കൈകാലുകൾ മാത്രമുള്ളതുമായ മയ്യിത്തുകളും ശരീരഭാഗങ്ങളും വന്നുകൊണ്ടേയിരിക്കുന്നു. ചിലതിൽ തല മാത്രമാണുണ്ടായിരുന്നത്.
ആംബുലൻസിൽനിന്നും ബോഡിയും ശരീരാവയവങ്ങളും മോർച്ചറിയിലെത്തിക്കുമ്പോൾ പരിശോധനക്ക് വേണ്ടി ഡോക്ടർമാരും ഇൻക്വസ്റ്റിനു വേണ്ടി പോലീസും ബോഡി മറച്ച തുണി തുറക്കുമ്പോൾ ആ കാഴ്ച കാണാനാകാതെ കൂടെയുള്ള സന്നദ്ധ പ്രവർത്തകർ മുഖം തിരിച്ച് അൽപ്പം മാറി നിന്നു. അത്രയും ദാരുണമായിരുന്നു ആ കാഴ്ചകൾ. നമ്മളെപ്പോലെയുള്ള മനുഷ്യരാണല്ലോ ഈ ജീവനറ്റ് കിടക്കുന്നത്, നാളെ നമുക്കും ഈ ഗതി വന്നാലോ എന്നൊരു നിമിഷം ആലോചിച്ചു. പിന്നെ ഉള്ളിൽനിന്ന് മനോധൈര്യവും ഊർജവും കൈവന്നു. ഞങ്ങൾ ആ ദൗത്യം ഏറ്റെടുത്തു.
ഉച്ചക്ക് മോർച്ചറിയിൽ കയറിയ ഞങ്ങൾ രാത്രി 10 മണി വരെ ഒരു സെക്കന്റ് പോലും വിശ്രമിക്കാതെ, ഒരു തുള്ളി വെള്ളം പോലും കുടിക്കാതെ സേവന പ്രവർത്തനങ്ങളിൽ മുഴുകി. പൊട്ടിയും പൊളിഞ്ഞും ജീർണിച്ചും വികൃതമായ മൃതശരീരാവയവങ്ങളെ ഇൻക്വസ്റ്റ് നടത്താനും സ്ട്രക്ച്ചറിൽ ഫ്രീസറിലെത്തിക്കാനും തിരിച്ച് ഫ്രീസറിൽനിന്ന് പോസ്റ്റ്മോർട്ടം ടേബിളിലെത്തിക്കാനും മെഡിക്കൽ ടീമിനൊപ്പം സഹായികളായി കൂടെ നിന്നു. പിന്നെയവ കുളിപ്പിക്കാനും വൃത്തിയാക്കാനും ഡ്രസ്സ് ചെയ്യാനും നേതൃത്വം നൽകി.
അരിയിൽ ചെറിയ പുഴുവിനെ കണ്ടാൽ പോലും അറപ്പ് കാട്ടി പേടിച്ച് മാറുന്നയാളായിരുന്നു ഞാൻ. ഇവിടെ മോർച്ചറിയിലെത്തിയ മൂന്നാം ദിവസം ശരീരം മുഴുവൻ പുഴുവരിച്ച ഒരു മൃതദേഹം ഇൻക്വസ്റ്റ് ചെയ്യാനും ശേഷം പോസ്റ്റ്മോർട്ടം നടത്താനും കൂടെ നിന്നു. പിന്നെയാ ശരീരം കുളിപ്പിച്ച് വൃത്തിയാക്കുന്നതിലും പങ്കുചേർന്നു. ഇതൊക്കെ ആലോചിക്കുമ്പോൾ എനിക്ക് തന്നെ അത്ഭുതം. പടച്ച തമ്പുരാൻ ആ സമയത്ത് അതിനു കരുത്ത് തന്നതാണെന്ന് ഞാൻ വിശ്വസിക്കുന്നു. ഒാരോ ദിവസം കഴിയുന്തോറും മൃതശരീരങ്ങൾ കൂടുതൽ അഴുകാനും രൂക്ഷ ഗന്ധം വമിപ്പിക്കാനും തുടങ്ങിയിരുന്നു.
പാറയിലോ മരത്തിലോ ഇടിച്ച് തകർന്ന തലയും വികൃതമായ ഉടലുകളുമായി മൃതശരീരങ്ങൾ വരുമ്പോഴേക്കും ആശുപത്രിയിൽ കാത്തുനിൽക്കുന്ന ദുരന്തബാധിതരുടെ ബന്ധുക്കൾ അവരുടെ മൊബൈലിലെ ഫോട്ടോയുമായി ഓടിവരും. 'ഇതുമായി സാമ്യമുണ്ടോ ഒന്ന് നോക്കി പറയുമോ' എന്ന് ചോദിക്കും. ഓരോ ആംബുലൻസ് വരുമ്പോഴും പ്രതീക്ഷയൂറിയ നോട്ടവുമായുള്ള അവരുടെ നിൽപ്പ് മനസ്സിൽനിന്ന് മായുന്നേ ഇല്ല. സാമ്യം ഉണ്ടെന്നും ഇല്ലെന്നും പറയാൻ കഴിയാത്ത അവസ്ഥ.
ദുരന്തമുഖങ്ങളിലാണ് മനുഷ്യസ്നേഹം അതിന്റെ പൂർണതയിൽ കാണാനാവുക. പ്രളയകാല സംഭവങ്ങൾ അതിന് സാക്ഷ്യമാണ്. പോത്തുകല്ലിൽ നിന്നത് ഒരിക്കൽ കൂടി നേരിട്ടനുഭവിച്ചു. മുമ്പ് ഒരിക്കൽ പോലും കണ്ടിട്ടില്ലാത്തവരും അറിയാത്തവരുമായ ആളുകളാണെങ്കിൽ പോലും അവർക്ക് വേണ്ടുന്ന സഹായങ്ങളുമായി മലപ്പുറം ജില്ലയിലെ എല്ലാ ഭാഗത്തുനിന്നും വളണ്ടിയർമാർ നിലമ്പൂരിലേക്ക് സേവന മനസ്സുമായി ഓടിയെത്തിയിരുന്നു. ടീം വെൽഫയർ, ഐ.ആർ.ഡബ്ളിയു, സി.എച്ച് സെന്റർ, എസ് കെ.എസ്.എസ്.എഫ്, സാന്ത്വനം, വിഖായ, എസ്.ഡി.പി.ഐ, ട്രോമ കെയർ, സെൽഫ് ഡിഫൻസ്, ഡി.വൈ.എഫ്.ഐ, സേവാഭാരതി, വൈറ്റ് ഗാർഡ് തുടങ്ങി വ്യത്യസ്ത പേരുകളിൽ പല നിറങ്ങളിലുള്ള കുപ്പായമണിഞ്ഞാണ് അവർ വന്നിരുന്നതെങ്കിലും എല്ലാവർക്കും ഒരേ മനസ്സും ഒരേ ലക്ഷ്യവുമായിരുന്നു. ഒരു കൂട്ടം സ്ത്രീകളും പുരുഷൻമാരും നന്മയിൽ പരസ്പരം മത്സരിച്ച് മുന്നേറുന്ന കാഴ്ചയായിരുന്നു ഇവിടെ കാണാനുണ്ടായിരുന്നത്. വേണ്ട സമയത്ത് വേണ്ട നിർദേശങ്ങളും ഇടപെടലുകളുമായി ആശുപത്രിയിലെ ഡോക്ടർമാരും നഴ്സുമാരും അറ്റൻഡർമാരും ഉൾപ്പെടെ എല്ലാ ആശുപത്രി ജീവനക്കാരും പിന്തുണയുമായി കൂടെയുണ്ടായിരുന്നു.
ഒരു കൂട്ടർ ആംബുലൻസിൽ ബോഡിയുമായി വരുമ്പോൾ മറ്റൊരു ടീം അതെടുത്ത് മോർച്ചറിയിലേക്ക് കൊണ്ടുപോകുന്നു. ഉടനെ അടുത്ത ടീം പോലീസിനൊപ്പം ഇൻക്വസ്റ്റിലേക്ക് പ്രവേശിക്കുന്നു. അവിടെ നിന്നുള്ള നിർദേശ പ്രകാരം മൃതശരീരങ്ങൾ ഫ്രീസറിലേക്കോ പോസ്റ്റ്മോർട്ടം ടേബിളിലേക്കോ മറ്റൊരു കൂട്ടർ എത്തിക്കുന്നു. ഈ വളണ്ടിയർമാർ ക്ഷീണിക്കാതിരിക്കാൻ വേണ്ട സമയത്ത് പ്രാതലും ഉച്ചഭക്ഷണവും ഇടവേളകളിലെ ചായയും പലഹാരവുമായി സി.എച്ച് സെന്ററിന്റെ സാന്ത്വന സ്പർശം. അവിടേക്ക് ആവശ്യമായ ചന്ദനത്തിരികളും എയർ ഫ്രഷ്നറുകളും മാസ്കും ഗ്ലൗസും എല്ലാം സ്പോൺസർ ചെയ്ത പേരറിയാത്ത, ആളറിയാത്ത ഒരുപാട് പേർ. അങ്ങനെ എല്ലാവരും അവരവരുടെ റോൾ ഭംഗിയായി കൈകാര്യം ചെയ്യുന്നു. അവരുടെ ആരുമല്ലാത്ത, എന്നാൽ അവരെപ്പോലെ തന്നെയുള്ള മനുഷ്യരായിരുന്ന മൃതശരീരങ്ങൾക്ക് മരണശേഷം കൊടുക്കാൻ കഴിയുന്ന എറ്റവും നല്ല ഭംഗിയും ആദരവും നൽകുന്നു. ശേഷം മേപ്പാടിയിലേക്ക് ആംബുലൻസിൽ യാത്രയാക്കുന്നു. ഈ ദുരന്തത്തിന്റെ സങ്കടക്കാഴ്ചകൾക്കൊപ്പം മനുഷ്യ സ്നേഹത്തിന്റെ ഈ നല്ല ഓർമകളും എന്നെന്നും മനസ്സിൽ അവശേഷിക്കുകതന്നെ ചെയ്യും. l
'ഉഹുദ് മലയോളം' -പെരുപ്പത്തിന്റെ ഏറ്റവും മനോഹരമായ വേറെ വാക്ക് അതായിരുന്നു. കുന്നോളം എന്ന വെറും മലയാളത്തെക്കാൾ ആഴവും വ്യാപ്തിയുമുണ്ട് അതിന്. ഉഹുദ് മലയോളം സ്നേഹം എന്നും ഉഹുദ് മലയോളം പ്രതിഫലം എന്നുമെല്ലാം ഇസ്ലാമികമായി വിഷയങ്ങളുടെ പാരമ്യത എളുപ്പത്തിൽ വിനിമയം ചെയ്യപ്പെട്ടു എല്ലാ കാലത്തും.
പരാജയത്തിൽനിന്ന് പാഠം പഠിക്കേണ്ടുന്ന ഒരു യുദ്ധത്തിന്റെ പേരിലാണ് നമ്മൾ ഉഹുദ് എന്ന് ആദ്യം കേട്ടിട്ടുണ്ടാവുക. നബി (സ) യുടെ കരളായിരുന്ന ഹംസ (റ) കൊല്ലപ്പെട്ടതിനാൽ എപ്പോഴും സങ്കടപ്പെടുത്തുന്ന ഒരു പേര്. പക്ഷേ, അങ്ങനെയല്ലാതെ ഒരു ഉഹുദ് അറിവ് കൂടിയുണ്ട് - അല്ലാഹുവിന്റെ റസൂലിന് ഏറെ ഇഷ്ടപ്പെട്ട പർവതമായിരുന്നു അത്. സ്നേഹത്തിന്റെ അലിവാർന്ന, ആത്മാർഥമായ ആഗ്രഹം സ്വർഗത്തിൽ ഒരുമിച്ചുണ്ടാകണം എന്നാണല്ലോ. അതേ വാചകമാണ് തിരുമേനി പറഞ്ഞത് - ഉഹുദ് സ്വർഗ കവാടത്തിലെ മലയാണെന്ന്! യുദ്ധത്തിന്റെ സമയത്തുള്ള കാര്യമല്ല പറയുന്നത്. ഇഷ്ടത്തോടെ, സന്തോഷത്തോടെ നബി (സ) അവിടെ പോയതിനെ കുറിച്ചാണ്.
മദീനയിൽ തിരുനബിക്ക് ഏറ്റവും സ്നേഹമുള്ള ഇടമായിരുന്നു ഉഹുദ്. അല്ലാഹുവിന്റെ തിരുദൂതരാൽ സ്നേഹിക്കപ്പെടാനും അവിടുത്തെ പാദങ്ങൾ ഏറ്റുവാങ്ങാനും ഭാഗ്യമുണ്ടായ മലയാണത്!
മദീനയിൽ പോയവരാരും ഉഹുദ് കയറിയതിന്റെ അനുഭവം പറഞ്ഞുകേട്ടിട്ടില്ലാത്തതിനാൽ വിദൂരമായ കിനാവിൽ പോലും അങ്ങനെയൊന്ന് ഉണ്ടായിരുന്നില്ല. അപ്രതീക്ഷിതവും അപൂർവവുമായ ആ ഭാഗ്യത്തിന് കാരണക്കാരനായത് അവിടുത്തെ ഞങ്ങളുടെ 'അൻസാർ' ആയ ജസീം ആയിരുന്നു. അൻസാറുകൾ എന്നത് നബി(സ)യുടെ കാലത്ത് മാത്രമുണ്ടായിരുന്ന കുറച്ച് നന്മ നിറഞ്ഞ മനുഷ്യരല്ല എന്നും മദീനയിൽ എല്ലാ സമയത്തും ഏറിയും കുറഞ്ഞും സഹായികൾ ഉണ്ടാവും എന്നും അനുഭവത്തിൽനിന്ന് പഠിച്ചതാണ്. സഹായിക്കുക എന്ന വിശേഷ സ്വഭാവത്താൽ അനുഗൃഹീതരാണ് അവിടെ താമസക്കാരായി എത്തുന്നവർ. എളുപ്പമല്ല എന്നതിനെക്കാൾ സാധാരണമല്ല എന്നതായിരുന്നു ഉഹുദ് ട്രക്കിങ്ങിന്റെ ഏറ്റവും സന്തോഷമുളവാക്കുന്ന വശം. അപൂർവങ്ങളിൽ അപൂർവമായിരുന്നു അത്. ഇന്നത്തെ ഭാഷയിൽ പറഞ്ഞാൽ 'ഓഫ് റോഡ് റൈഡ്' ആണത്. അതിന് തക്ക വാഹനമുണ്ടെങ്കിലേ മുകളിൽ പോകാനൊക്കൂ. അങ്ങനെ ഒരു സൗകര്യവുമായി ഞങ്ങളെ കൊണ്ടുപോകാൻ വന്ന, മദീനയിൽ ജനിച്ചുവളർന്ന മുപ്പത് കഴിഞ്ഞ ആൾ പോലും അതിന് മുമ്പ് ആ മഹാ പർവതത്തിന്റെ മുകളിൽ പോയിട്ടുണ്ടായിരുന്നില്ല. എട്ട് കിലോമീറ്റർ നീളവും ചിലയിടത്തെങ്കിലും രണ്ടര കിലോ മീറ്ററോളം വീതിയുമുള്ള വലിയ പർവതത്തിന്റെ, നമ്മൾ കാണുന്ന ഒരു ഭാഗത്ത് ഉഹുദ് യുദ്ധത്തിലെ ശുഹദാക്കളുടെ സ്വർഗീയ സുഖങ്ങളുള്ള ഖബ്റുകളാണ്. മദീനയിൽ ആദ്യമായി ചെന്നിറങ്ങിയത് ഒരു രാത്രി ഉഹുദിലെ ശുഹദാക്കളുടെ ഖബ്റിനരികിലായിരുന്നു. മലനിരകളുടെ വലുപ്പം അപ്പോൾ മനസ്സിലായിരുന്നില്ല. ഇപ്പുറത്ത് യുദ്ധവേളയിൽ പരിക്ക് പറ്റിയ തിരുമേനിയെ സംരക്ഷിച്ചിരുത്തിയ സ്ഥലമുണ്ട്. ഇന്നും അതുവഴി കടന്നുപോകവേ, അവിടുത്തെ തിരു ദേഹത്തുനിന്ന് രക്തം വാർന്നതിന്റെയും മുറിവുണ്ടായതിന്റെയും ഓർമകളിൽ നമ്മുടെ നെഞ്ച് കലങ്ങും. നിയന്ത്രിക്കാനാവാതെ കണ്ണുനീരൊഴുകും. അന്ന്, അശ്റഫുൽ ഖൽഖിനെ ഇരുത്തിയ ഗുഹ പോലെയുള്ള ഇടുക്ക് വരെയേ ഇന്ന് ഏറിപ്പോയാൽ ആളുകൾ കയറുകയുള്ളൂ. അതിനും മുകളിലേക്ക് ചുരുക്കം ചിലരേ പോയിട്ടുള്ളൂ. ആ ഭാഗ്യത്തിന്റെ ഒരു പങ്ക് എനിക്കും കൈവന്നതാണ്.
ഏറെ അനുഗ്രഹിക്കപ്പെട്ട ആ ദിവസം മസ്ജിദുന്നബവിയിൽനിന്ന് സ്വുബ്ഹ് നമസ്കാരം കഴിഞ്ഞ് റസൂലുല്ലാഹിയോട് സലാം പറഞ്ഞാണ് പുറപ്പെട്ടത്. കൈയിൽ ശൈഖ് സ്വഫിയ്യുർറഹ്മാൻ മുബാറക്പൂരി രചിച്ച 'മുഹമ്മദ് നബി (സ) ജീവചരിത്ര സംഗ്രഹം' എന്ന മലയാള പുസ്തകവുമുണ്ടായിരുന്നു. യുദ്ധം നടന്ന സ്ഥലം മാത്രമായിരുന്നില്ല നബിക്ക് ഉഹുദ്. കാണുമ്പോൾ അവിടുന്നതിനെ കൈ വീശി അഭിവാദ്യം ചെയ്തിരുന്നു. "തീർച്ചയായും ഇത് നമ്മെ സ്നേഹിക്കുന്ന, നാം സ്നേഹിക്കുന്ന പർവതമാണ്" എന്ന് പറഞ്ഞിരുന്നു.
പ്രവാചകന്റെ തിരു പാദം പതിഞ്ഞ മൂന്ന് പർവതങ്ങളെ കുറിച്ച് ചരിത്രം പ്രത്യേകം പറയുന്നുണ്ട് - ഹിറാ, സൗർ, ഉഹുദ്. മൂന്ന് കാലങ്ങളാണവ. നേർവഴിയറിയാതെ ഉഴറുന്ന അസ്വസ്ഥ മനസ്സോടെയാണ് ഹിറാ ഗുഹയിൽ പോയതെങ്കിൽ, അതും കഴിഞ്ഞ് കൊല്ലാൻ നടക്കുന്ന ശത്രുക്കൾ കാണാതെ ഒളിച്ചിരുന്നതാണ് സൗർ ഗുഹയിൽ. അങ്ങനെയൊന്നുമല്ലാതെ, ശാന്തമായ മനസ്സോടെ, സന്തോഷത്തോടെ പോയത് ഉഹുദിലേക്ക് മാത്രമാണ്.
പർവതങ്ങളെ കുറിച്ചുള്ള ഖുർആൻ ആയത്തുകളിൽ "നാം ഒരു പർവതത്തിൻമേൽ ഈ ഖുർആൻ ഇറക്കിയിരുന്നെങ്കിൽ അത് ദൈവ ഭയത്താൽ വിഹ്വലമായി പൊട്ടിത്തകരുന്നത് നിനക്ക് കാണാമായിരുന്നു" എന്നുണ്ട് (അൽഹശ്ർ 21). ഉഹുദ് അങ്ങനെ വിറച്ചിട്ടുണ്ട്. അതുപക്ഷേ, ഖുർആൻ ഇറങ്ങിയതു കൊണ്ടല്ല. മറിച്ച്, ലോകത്തെ ഏറ്റവും ശ്രേഷ്ഠനായ റസൂലിന്റെ തിരുപാദം പതിഞ്ഞതുകൊണ്ട് ആദരവിനാൽ ആയിരുന്നു! തിരുമേനി ഒരിക്കൽ അബൂബക്ർ (റ) നെയും ഉമർ(റ) നെയും ഉസ്മാൻ ( റ) നെയും കൂട്ടി ആ വലിയ മല കയറുമ്പോൾ ആദരവിനാൽ അത് വിറക്കാൻ തുടങ്ങി. "ഉഹുദേ, നീ അടങ്ങൂ. നിന്റെ മുകളിലുള്ളത് അല്ലാഹുവിന്റെ റസൂലും രണ്ട് രക്തസാക്ഷികളും ഒരു സിദ്ദീഖുമാണ്" എന്ന് അവിടുന്ന് അരുളി. കാലം കടന്നുപോവുകയും ഉമറുൽ ഫാറൂഖും (റ) ഉസ്മാനും (റ) ശഹീദാവുകയും ചെയ്തു. പ്രവാചകത്വത്തിന്റെ അനേകം മുഅ്ജിസത്തുകളിൽ ഒന്നായിരുന്നു ആ പ്രവചനം. ഞാൻ ഓർക്കുകയായിരുന്നു; യസ് രിബുകാർ മക്കയിൽ നിന്ന് വരുന്ന റസൂലിന്റെ വരവ് കാത്തു നിന്ന ദിവസങ്ങളിൽ ദൂരത്തു നിന്നേ അവരെ ആദ്യം കണ്ടപ്പോഴും ഉഹുദ് പർവതം സന്തോഷത്താൽ അകം തുടുത്തിട്ടുണ്ടാവുമല്ലോ എന്ന്. അപ്പോൾ സന്തോഷത്താൽ കല്ലാണെന്ന കാര്യം അത് മറന്നുകാണും! വർത്തമാന കാലത്തെ മുഴുവനായും റദ്ദ് ചെയ്യുന്ന അത്ഭുത സിദ്ധി മദീനക്ക് പൊതുവേയും ഉഹുദിന് വിശേഷിച്ചും ഉണ്ട്. മല കയറാൻ തുടങ്ങുന്ന സ്ഥലത്ത് കല്ലിൽ കൊത്തിയ ഖുർആൻ ആയത്തുകൾ കാണാം; എഴുത്തും വായനയും അറിയാവുന്ന സ്വഹാബികളിൽ ചിലർ ചെയ്തത്. അവിടെ നിന്നങ്ങോട്ട് നമ്മൾ ജീവിക്കുന്ന കാലഘട്ടവും ദിവസവും മറക്കപ്പെടും. കയറുന്ന ഓരോ ചുവടും പ്രവാചകന്റെ നൂറ്റാണ്ടിലേക്കുള്ളതായി മാറും. അല്ലാഹുവിന്റെ ഏകത്വം ഓർമപ്പെടുത്തിയതിന്റെ പേരിൽ പിറന്ന നാട്ടിൽനിന്ന് എല്ലാം ഉപേക്ഷിച്ച് പോകേണ്ടി വന്ന ആ കാലം. കണ്ണിലുണ്ണിയായി, എല്ലാവരാലും സ്നേഹിക്കപ്പെട്ടിരുന്ന ചുറ്റുപാടുള്ള അതേ ആളുകൾ തന്നെ കൊല്ലാൻ നോക്കിയ വിഷമം പിടിച്ച സമയം. എന്നിട്ട്, ജീവൻ കൊടുത്തും ഞങ്ങൾ നബി (സ) യെ കാത്തോളാം എന്ന് ഉറപ്പുകൊടുത്ത് മദീനക്കാർ അല്ലാഹുവിന്റെ തിരു റസൂലിനെ സ്വീകരിച്ചാനയിച്ച കാലം… അന്നേരം നമ്മിൽനിന്ന് നേർത്തൊരു നെടുവീർപ്പുയരും. തീർച്ചയായും അപ്പോൾ ഹിജ്റ മൂന്നാമാണ്ടിൽ മദീനയിലെ മുസ്ലിംകൾ ഇസ്ലാമിന് വേണ്ടി നടത്തിയ രണ്ടാമത്തെ യുദ്ധം ഓർമയിൽ വരും. അന്ന്, നാലിരട്ടിയിലധികം വരുന്ന ശത്രുക്കൾക്കെതിരെ പടനയിക്കാൻ വിശ്വാസം മാത്രം മുതൽക്കൂട്ടായ ചെറിയ സൈന്യത്തെ അണിനിരത്തിയതിലെ കൃത്യതയും കണിശതയും യുദ്ധതന്ത്രങ്ങളും അതേ സ്ഥലം നേരിട്ട് കണ്ട് ഓർത്തെടുക്കുമ്പോൾ അതിശയപ്പെടും. ഏറ്റവും മുകളിലെ കാറ്റേറ്റ് അൽപ്പ നേരം നിന്നു. താഴെ ശാന്തമായി, ധൃതികളില്ലാതെ മദീനത്തുന്നബവിയുണ്ട്. l
2009 കാലം. പ്രീഡിഗ്രി പഠനം കഴിഞ്ഞു. തുടര്‍ പഠനത്തിനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല. കുടുംബത്തില്‍ ദാരിദ്ര്യമായിരുന്നു. അന്നത്തെ ജമാഅത്തെ ഇസ് ലാമി ഏരിയാ സെക്രട്ടറി അബ്ദുല്‍ ജലാല്‍ മാഷ് ബൈത്തുസ്സകാത്തിലേക്ക് അപേക്ഷ തയാറാക്കി തന്നു. 25,000 രൂപ സ്വയംതൊഴില്‍ പദ്ധതി ഇനത്തില്‍ ബൈത്തുസ്സകാത്ത് അനുവദിച്ചു. ഈ മൂലധനവുമായി ബേക്കറി ഉല്‍പന്നങ്ങളുടെ പാക്കിംഗ് യൂനിറ്റ് ആരംഭിച്ചു. ഓട്ടോറിക്ഷ വാടകക്കെടുത്താണ് ആദ്യകാലത്ത് വിതരണം നടത്തിയിരുന്നത്. ഓട്ടോ വാടകയും മറ്റു ചെലവുകളും കഴിഞ്ഞ് വളരെ തുഛമായ സംഖ്യ മിച്ചമുണ്ടാവും. നാട്ടിലെ ഒരു സുമനസ്സ് സ്വന്തമായി വാഹനം വാങ്ങാൻ തിരിച്ചടവ് വ്യവസ്ഥയില്‍ പണം തന്ന് സഹായിച്ചു. കച്ചവടം മെച്ചപ്പെട്ടു തുടങ്ങി. ഇപ്പോള്‍ മൂന്നു പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ കഴിയുന്ന ഈ സംരംഭം ലാഭകരമായി മുന്നോട്ട് പോകുന്നു. 2014-ല്‍ പുതിയ വീടിന്റെ പണി കഴിഞ്ഞു. 2023 ഒക്ടോബറില്‍ മകളുടെ വിവാഹവും നടന്നു. വീടു പണിയും വിവാഹവും കടബാധ്യതകളില്ലാതെയാണ് നടന്നത്. കച്ചവടത്തിന്റെ വരുമാനത്തില്‍നിന്ന് സകാത്ത് കൊടുക്കാന്‍ സാധിച്ചു. ലാഭവിഹിതമെടുത്ത് മഞ്ചേരിയിലുള്ള ഫൈന്‍ ടച്ച് ടിഷ്യു പേപ്പര്‍ കമ്പനിയില്‍ ഷെയര്‍ ചേർന്നിരിക്കുകയാണ്. മകള്‍ക്ക് ഒരു എയ്ഡഡ് സ്ഥാപനത്തില്‍ എല്‍.പി.എസ് ടീച്ചറായി ജോലി ലഭിച്ചു. മകന്‍ പഠനത്തോടൊപ്പം കച്ചവടത്തില്‍ സഹായിക്കുന്നു. ഭാര്യ ഫാത്തിമ പാക്കിംഗ് യൂനിറ്റിന്റെ മുന്നോട്ട് പോക്കിൽ സജീവ പങ്കാളിയാണ്. ഒരു നിര്‍മാണ യൂനിറ്റ് തുടങ്ങുന്നതിനെക്കുറിച്ചും ആലോചനയുണ്ട്, ഇന്‍ശാ അല്ലാഹ്. 9895729490
‘‘വ്രതമാണ് ഔഷധത്തിന്റെ സാരം; വ്രതമനുഷ്ഠിക്കൂ, അപ്പോഴറിയാം ആത്മാവിന്റെ ശക്തിയുടെ ശരിയായ പ്രകാശനം’’- റൂമി
വ്രതം പകരുന്ന ആത്മീയ ഗുണങ്ങളെ കുറിച്ചാണ് റൂമി പറയുന്നത്. വ്രതം മനുഷ്യ ശരീരത്തിനും മനസ്സിനും ചിന്തക്കുമെല്ലാം നൽകിക്കൊണ്ടിരിക്കുന്ന എണ്ണമറ്റ പ്രയോജനങ്ങളും ഗുണങ്ങളും ശാസ്ത്രം കണ്ടെത്തിക്കൊണ്ടിരിക്കുന്ന കാലമാണിത്. ഇമാം ശാഹ് വലിയ്യുല്ലാഹ് റമദാനിനെ വിശേഷിപ്പിക്കുന്നത്, എല്ലാം ചേർന്ന ഒരു മനുഷ്യനെ സൃഷ്ടിച്ചെടുക്കാനുള്ള സമ്പൂർണ പരിശീലനക്കളരി എന്നാണ്. ഉറങ്ങിക്കിടക്കുന്ന എല്ലാ ശേഷികളെയും ഉണർത്തി അവയെ പരിപോഷിപ്പിക്കുകയും കൃത്യമായി അവ പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന അന്തരീക്ഷം വ്രതം സൃഷ്ടിക്കുന്നു.
ഇന്ന്, മറ്റെന്നത്തേക്കാളുമുപരി റമദാനിലെ ഇസ്ലാമിക വ്രതാനുഷ്ഠാനത്തിന്റെ സമഗ്ര സ്വഭാവമാണ് ഗവേഷകർ അന്വേഷണ വിധേയമാക്കുന്നത്. ശാരീരിക, ധാർമിക, ആത്മീയ ക്ഷമത നൽകുന്നതിൽ റമദാൻ നോമ്പിന്റെ കഴിവിനെ കുറിച്ച് എണ്ണമറ്റ പഠനങ്ങൾ വന്നിട്ടുണ്ട്. ശരീരത്തെ വിഷാംശ മുക്തമാക്കൽ, ഭാരം കുറക്കൽ, പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദം എന്നിവ കുറച്ചുകൊണ്ടുവരൽ… എന്നിങ്ങനെ പോകുന്നു ആരോഗ്യ ഗുണങ്ങൾ. ഹൃദയത്തിനും രക്തധമനികൾക്കും ഏറ്റവും മികച്ച ആരോഗ്യം ഉറപ്പെന്നർഥം. വ്യക്തികളുടെ ധാർമിക-ആത്മീയ വളർച്ച, ചുറ്റുമുള്ളവരോട് അനുതാപമുള്ള സമൂഹത്തെ സൃഷ്ടിച്ചെടുക്കൽ തുടങ്ങി നോമ്പെടുക്കുന്നതിന്റെ മൗലികമായ പ്രയോജനങ്ങൾ കൂടി ഇതോടു ചേർത്തുവായിക്കണം. ഇതെല്ലാം പക്ഷേ, നാമെങ്ങനെ വ്രതമെടുക്കുന്നു എന്നതിനെ ആശ്രയിച്ചാണ്. വിഭവങ്ങൾ വിളങ്ങുന്ന ആഘോഷമാക്കി റമദാനിനെ മാറ്റുകയും, പകലുകളെ രാത്രികളാക്കുകയും ചെയ്താൽ ഈ നേട്ടങ്ങൾ നമ്മുടേതാകില്ല.
റമദാനിനെ ഇങ്ങനെ വില കുറക്കുന്നതിനെതിരെ ഇമാം ഗസാലി മുന്നറിയിപ്പ് നൽകുന്നുണ്ട്. വ്രതമെടുക്കുന്നവരെ അദ്ദേഹം മൂന്നായി തരം തിരിക്കുന്നുണ്ട്. അതിലെ ഒന്നാമത്തെ വിഭാഗം, മഹാ ഭൂരിപക്ഷവും പ്രത്യേകിച്ച് ഗുണമൊന്നും നേടാത്തവരാണ്. മണിക്കുറുകൾ അന്നപാനീയങ്ങൾ വെടിഞ്ഞുനിൽക്കുമെങ്കിലും ആസക്തി കൂടുന്നതാണ് അവരുടെ പ്രശ്നം. റമദാനിന്റെ ഗുണകരമായ തലങ്ങൾക്കായി ഉണർന്നിരിക്കുകയും അതിന്റെ നന്മകൾ സ്വാംശീകരിക്കുകയും ചെയ്യുന്നവർ മാത്രമാണ് ശരിക്കും റമദാനിന്റെ ഗുണഭോക്താക്കളെന്ന് അദ്ദേഹം പറയുന്നു. ഈ ലക്ഷ്യം സഫലമാക്കാൻ, 15-ഉം 16-ഉം മണിക്കൂർ ഭക്ഷണം വെടിയുന്നതിലുപരി ചിലത് കൂടിയുണ്ടാകണം നമ്മുടെ റമദാൻ വ്രതക്കാലത്ത്. പ്രാർഥനകൾ, ചിന്ത, അവബോധം, ക്ഷമയും അനുതാപവും പഠിച്ചെടുക്കൽ, പരസ്പരം പങ്കുവെക്കൽ, ദുശ്ശീലങ്ങളോട് വിട പറയൽ എന്നിവയിലൂടെ ദൈവസാന്നിധ്യത്തിലേക്ക് മനസ്സിനെ എത്തിക്കണം. നമ്മുടെ ആത്മീയ ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും നമുക്കുള്ളതിനെല്ലാം നന്ദിയോതുകയും ചെയ്യാനുള്ള സമയം കൂടിയാണിത്. കാനഡയിലെ റമദാൻ വ്രതാനുഷ്ഠാനവുമായി ബന്ധപ്പെട്ട എന്റെ അനുഭവങ്ങൾ വിവരിക്കുകയാണ് ഞാൻ ഈ കുറിപ്പിൽ. സാംസ്കാരിക വൈവിധ്യമുള്ള ബഹുസ്വര നാടാണ് കാനഡ. വിവിധ സമൂഹങ്ങൾ അവിടെ ശാന്തിയിലും സൗഹാർദത്തിലും സഹകരണത്തിലും പുലർന്നുപോരുന്നു. മുസ്‍ലിംകളാണ് അവിടെ ഏറ്റവും വലിയ രണ്ടാമത്തെ സമുദായം. ക്രിസ്ത്യാനികളാണ് ഒന്നാമത്. ഏകദേശം ഇന്ത്യയെക്കാൾ മൂന്നിരട്ടി വിസ്തൃതി വരുന്ന പ്രവിശാലമായ രാജ്യത്ത് 1800-ലേറെ മസ്ജിദുകളുണ്ട്. ആൽബെർട്ടയിൽ എഡ്മൺടനിലെ അൽറാശിദ് മസ്ജിദാണ് കാനഡയിലെ ആദ്യ മസ്ജിദ്- 1938-ലാണ് സ്ഥാപിതമായത്. നോർത്ത് വെസ്റ്റ് പ്രവിശ്യകളിൽ (North West Territories) ഇനുവികിലെ (Inuvik) മിഡ്നൈറ്റ് സൺ മസ്ജിദ് (Midnight Sun Mosque) ഏറ്റവും പുതുതായി തുറന്ന ഒന്നാണ്. അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ഉത്തരദേശത്തുള്ള മസ്ജിദ് കൂടിയാണിത്. ‘ഭൂമിയുടെ പരമമായ അറ്റങ്ങളിൽ പോലും ഈ സന്ദേശം എത്തും’ (ഇമാം അഹ്മദ് റിപ്പോർട്ട് ചെയ്ത ഹദീസ്) എന്ന പ്രവാചക വചനത്തിന്റെ അടയാളങ്ങളിലൊന്ന്. ‘അർധരാത്രി സൂര്യൻ’ മസ്ജിദ് എന്ന പേര് അന്വർഥമാക്കി തറാവീഹ് നമസ്കാരം ഇവിടെ നിർവഹിക്കപ്പെടുക തലക്കുമുകളിൽ സൂര്യൻ വെളിച്ചം ചൊരിഞ്ഞുനിൽക്കുമ്പോഴാകും.
മറ്റൊരു കണ്ടുപിടിത്തം കൂടി ഇത് നമുക്കു മുന്നിലെത്തിക്കുന്നു. അഥവാ, ദിവസവും സൂര്യോദയ - അസ്തമയങ്ങൾക്ക് സാക്ഷിയാകാത്ത പ്രദേശങ്ങളുണ്ട്. നുനാവട്ട് പ്രവിശ്യയിൽ ദിവസങ്ങളോളം സൂര്യൻ അസ്തമിക്കാറില്ല. ആർട്ടിക് സർക്കിളിൽ കാനഡയുടെ നോർത്ത് വെസ്റ്റ് പ്രവിശ്യകൾക്ക് രണ്ട് ഡിഗ്രി മുകളിലാണ് നുനാവട്ട്. പകലും രാത്രിയും ഒരുപോലെ സൂര്യൻ പ്രകാശം പൊഴിച്ച് രണ്ടു മാസത്തോളമുണ്ടാകും ഇവിടെ. ശൈത്യകാലത്ത് തുടർച്ചയായി 30 നാൾ സമ്പൂർണ ഇരുട്ടുമാകും. പകൽ സമയം 16 മുതൽ 20 മണിക്കൂർ വരെ ദൈർഘ്യമുള്ള പ്രദേശങ്ങളുമുണ്ട്. ഒരു അന്താരാഷ്ട്ര വെബ്സൈറ്റിൽ എന്റെ തത്സമയ ഫത് വാ സെഷനുകളിലൊന്നിൽ (Live Fatwa Session) ഒരു ചോദ്യം നേരിട്ടപ്പോൾ ഈ തിരിച്ചറിവിൽ ഞാൻ ഞെട്ടിപ്പോയി. പകൽ സമയം 20 മണിക്കൂറിലധികം വരുമ്പോൾ എങ്ങനെയാകും വ്രതാനുഷ്ഠാനമെന്നായിരുന്നു ചോദ്യം. അത്രയും ദീർഘമായി, തുടർച്ചയായി വ്രതം തുടർന്നാൽ നിർജലീകരണവും മറ്റും വന്ന് തൊഴിലും അധ്യയനവും മറ്റും അസാധ്യമാകുമെന്നായിരുന്നു അവർക്ക് പറയാനുണ്ടായിരുന്നത്. ഇതു സംബന്ധമായി ഫത്‍വ നൽകാൻ ആഴത്തിൽ പഠനം വേണ്ടിവന്നു. ഇമാം ഇബ്നു തൈമിയയുടെ ഉൾക്കാഴ്ചയാർന്ന അന്വേഷണമായിരുന്നു ഞാൻ ആധാരമാക്കിയത്. പ്രവാചകൻ സ്ഥാപിച്ച പ്രാർഥനാ സമയങ്ങൾ ഹിജാസിന്റെ പ്രാർഥനാ സമയമേഖലകളെ അടിസ്ഥാനമാക്കിയുള്ളതാണ്. അതിനാൽ അവ തികച്ചും വ്യത്യസ്തമായ സമയ മേഖലകളിൽ പ്രയോഗിക്കുന്നതിൽ നാം അക്ഷാംശം പ്രയോഗിക്കണം. ഇതുപ്രകാരം മുസ്തഫ അൽ സർഖയെ പോലുള്ള കർമശാസ്ത്ര പണ്ഡിതർ, അതിദീർഘമായ പകലുള്ള പ്രദേശങ്ങളിൽ മക്കയിലെയോ മദീനയിലെയോ അതല്ലെങ്കിൽ അവക്ക് സമീപസ്ഥമായ സ്ഥലങ്ങളിലെയോ ഇതേ മാനദണ്ഡമുള്ള അസ്തമയ സമയം കണക്കിലെടുക്കണമെന്ന് നിർദേശിച്ചു. അഞ്ച് പതിറ്റാണ്ട് മുമ്പ് അനുഭവിച്ചതിനെക്കാൾ സന്തോഷകരമായി കാനഡയിലെ മുസ്‍ലിംകൾ ഇന്ന് റമദാന്റെ പുണ്യങ്ങൾ ആസ്വദിക്കുന്നു. ഇവിടുത്തെ മസ്ജിദുകൾ റമദാനിനെ വരവേൽക്കാൻ നേരത്തെ ഒരുങ്ങിക്കഴിഞ്ഞു. റമദാൻ കാലത്ത് കാനഡയിൽ സവിശേഷമായി എന്തൊക്കെയുണ്ട് എന്നു നോക്കാം. പതിറ്റാണ്ടുകളോളം കാനഡയിൽ റമദാൻ കാലം കഴിച്ചുകൂട്ടിയതിനിടെ രണ്ടു തവണ മാത്രമാണ് ഞാൻ ഇന്ത്യയിൽ വെച്ച് റമദാൻ വ്രതമെടുത്തത്. രണ്ടുതവണയും കാനഡയിലെ റമദാനിന്റെ മധുരം എനിക്ക് നഷ്ടമായി. കാനഡയിലെ റമദാൻ മുസ്‍ലിംകൾക്ക് എല്ലാ തലങ്ങളിലുമുള്ള അനുഭവങ്ങൾ പകരുമ്പോൾ, ഇന്ത്യയിൽ പക്ഷേ അത് നമുക്ക് ആ രീതിയിൽ അനുഭവിക്കാനാകുന്നില്ല.
രണ്ട് അനുഭവങ്ങൾക്കുമിടയിൽ എന്തുകൊണ്ട് ഇത്ര അകലം എന്ന് ഞാൻ എന്നോട് ചോദിച്ചപ്പോൾ രണ്ട് ഉത്തരങ്ങളാണ് ലഭിച്ചത്: ഇന്ത്യയിലെ മുസ്‍ലിംകൾ റമദാനിനെ അത്ര ഗൗരവത്തോടെയല്ല സമീപിക്കുന്നത്. അതോടെ, അതും ഒരു പതിവുകർമം മാത്രമായി മാറുന്നു. യാന്ത്രികമായ ഒരു ശീലമായാണ് അവർ വ്രതം അനുഷ്ഠിക്കുന്നത്. മുൻകാലത്ത് അങ്ങനെയായിരുന്നില്ല. പവിത്രമായ ഈ അതിഥിയെ വരവേൽക്കാൻ ഞങ്ങളുടെ പിതാമഹന്മാർ ഒരുക്കങ്ങളിലാകും. വീടുകൾ തുടച്ചും ശുചീകരിച്ചും മറ്റും, മനസ്സും ശരീരവും ആത്മാവും ഒരുപോലെ വിശുദ്ധിയോടെ റമദാനിലേക്ക് പ്രവേശിക്കലായിരുന്നു ലക്ഷ്യം. പൂർണാർഥത്തിൽ സംസ്കരണം നിർവഹിക്കുന്ന ഒരു അനുഷ്ഠാനത്തെ അതിന്റെ ശരിയായ അർഥത്തിൽ ആത്മീയ അനുഭവമാക്കാൻ അങ്ങനെ അവർക്കായി.
ഭൗതികതയുടെ അതിപ്രസരം കാരണം റമദാനിനോടുള്ള മനസ്സാന്നിധ്യത്തോടെയുള്ള ഈയൊരു സമീപനം ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ആഗോളീകരണം പിടിമുറുക്കിയതോടെ കടുത്ത മത്സരമാണ് എവിടെയും. ബാഹ്യമായ വിഷയങ്ങൾക്കാണ് പരിഗണന. ഇന്ത്യയിലെ മുസ്‍ലിംകൾ പലപ്പോഴും ഇസ്‍ലാമിക വിശ്വാസാചരണം പോലും ശരിയായ അർഥത്തിൽ കാണുന്നില്ല. ആത്മാവൊഴിഞ്ഞ ആചാരങ്ങൾ മാത്രമാണ് അവർക്ക് മതാനുഷ്ഠാനം. മാലിക് ബിന്നബിയുടെ വാക്കുകളാണ് മനസ്സിലെത്തുന്നത്: "മുസ്‍ലിം സമൂഹങ്ങൾ ഖുർആനിക തത്ത്വങ്ങൾക്കനുസൃതമായാണ് ജീവിക്കുന്നതെന്ന് അവർ പറയുന്നു. അതുപക്ഷേ, ശരിയല്ല ഒരിക്കലും. പകരം നമുക്ക് പറയേണ്ടിവരുന്നു, ഖുർആനിക തത്ത്വങ്ങൾ തത്തയെ പോലെ അനുകരിക്കുക മാത്രമാണ് മുസ്‍ലിംകൾ. പെരുമാറ്റത്തിലും ജീവിതശൈലിയിലും ഖുർആനിക പാഠങ്ങൾ പ്രയോഗവത്കരിക്കുന്നതിൽ അവർ വഴിവിട്ടുപോകുന്നു.’’ അവിടെയാണ്, കാനഡയിലെ റമദാൻ അനുഭവം എങ്ങനെ വേറിട്ടതാകുന്നുവെന്ന ചോദ്യം ഉയരുന്നത്.
ഒരു പെൺകാഴ്ചപ്പാടിൽ തുടങ്ങാം: ദീർഘകാലത്തെ ജീവിത പങ്കാളിയായ പ്രിയ പത്നി സുഹ്റയോട് ഇതേ കുറിച്ച് ഞാൻ ചോദിക്കുന്നുണ്ട്. 1975 മുതലാണ് കാനഡയിൽ അവർ എനിക്കൊപ്പം ചേരുന്നത്. അഥവാ, ഇന്ത്യയിലെ നോമ്പനുഭവങ്ങൾക്ക് ശേഷമാണ് അവർ കാനഡയിലെ റമദാനിൽ നോമ്പനുഷ്ഠിക്കുന്നത്. ഇന്ത്യയിലാകുമ്പോൾ ഇഫ്ത്വാറിനും അത്താഴത്തിനും ഭക്ഷണമൊരുക്കലായിരുന്നു ഒരു സ്ത്രീയെന്ന നിലക്ക് പ്രധാന ജോലിയെന്ന് അവർ പറയുന്നു. ഉണർന്നിരിക്കുന്ന സമയമത്രയും പാചകവും വൃത്തിയാക്കലുമായി കഴിയും. റമദാനിന്റെ ആത്മീയ പുണ്യം നേടാൻ അവസരം നന്നേ കുറവ്. സ്ത്രീകൾ മസ്ജിദിലേക്ക് പോകുന്നത് ശുഷ്‍കം. സാമൂഹികതയുടെ അനുഭവം അവർക്ക് തീരെയുണ്ടാകില്ല. കാനഡയിൽ പക്ഷേ, കാര്യങ്ങൾ മറ്റൊന്നാണ്. പാചകം ചെയ്യേണ്ടിവരുമ്പോഴും അതിന് ഏറെ സമയമൊന്നും വേണ്ടിവരില്ല. വിപുലമായ വിഭവശ്രേണികളൊന്നും വേണ്ടെന്നതു തന്നെ മുഖ്യം. അങ്ങനെ റമദാനിന്റെ മാധുര്യമറിയാൻ നമുക്ക് അവസരമുണ്ടാകുന്നു. റമദാനിൽ പള്ളികൾ സജീവമാകും. ആത്മീയത മിടിക്കുന്ന കേന്ദ്രങ്ങളാകും. നൂറുകണക്കിന് സ്ത്രീകളും പുരുഷന്മാർക്കൊപ്പം ഒന്നിച്ച് ഒരേ മേൽക്കൂരക്കു താഴെ അണിനിരക്കും. വാരാന്ത്യങ്ങളിലും മറ്റും നൂറുകണക്കിന് പേർ ഒന്നിച്ച് ഇഫ്ത്വാറുകളിൽ ഭാഗമാകും. പ്രതിവാര പ്രഭാഷണങ്ങൾ, കരുത്തുപകരുന്ന ആത്മീയ പ്രചോദനങ്ങൾ, ഓർമപ്പെടുത്തലുകൾ എന്നിവ അകമ്പടിയായുണ്ടാകും. അറിയപ്പെടുന്ന ഖാരിഉകൾ നിർവഹിക്കുന്ന ഹൃദയഹാരിയായ ഖുർആൻ പാരായണവും വേറിട്ട അനുഭവമാകും. ഇന്ത്യയിൽ മറ്റൊന്നായിരുന്നു ഞങ്ങളുടെ അനുഭവം. റമദാനിലെ അവസാന പത്തു രാത്രികളിൽ ഖിയാമുല്ലൈലിലും കാനഡയിൽ സ്ത്രീ സാന്നിധ്യമുണ്ടാകും. അപ്പോഴും കർണാനന്ദകരമായ ഖുർആൻ പാരായണം അകമ്പടിയായുണ്ടാകും. പ്രതിവാര ഇഫ്ത്വാർ കൂട്ടായ്മകൾ സമുദായത്തെ ഒന്നിപ്പിക്കും. ബന്ധങ്ങൾ ഊഷ്മളമാക്കും- അതുവഴി ഏക ഉമ്മത്തെന്ന ചിന്തയും വികാരവും അനുഭവവേദ്യമാകും.
പെരുന്നാൾ പിറ കണ്ടാൽ, നൂറുകണക്കിന് സഹോദരീ സഹോദരന്മാർ വീണ്ടും ഒരുമിച്ചുകൂടും. കുടുംബം മൊത്തമായി വീട്ടിൽനിന്ന് പുറത്തിറങ്ങും. അതൊരു അനുഭവമാക്കി മാറ്റും. ഇതത്രയും ഇന്ത്യയിൽ സാധ്യമല്ല. അവിടെ സ്ത്രീകളെ നാം പാചകക്കാരും പരിചാരികരുമാക്കി അടച്ചിടുകയാണ്. കാനഡയിൽ എല്ലാം തികഞ്ഞ സാഹചര്യമാണെന്നൊന്നും ഞാൻ പറയുന്നില്ല. എന്നാലും, ഭൗതികത ശക്തമായി ആവേശിച്ച ഉപഭോക്തൃ സമൂഹത്തിൽ ജീവിക്കുന്നവരെന്ന നിലക്ക് മുസ്‍ലിംകൾ കുറെക്കൂടി ശിക്ഷിതമായ ജീവിതം നയിച്ചേ പറ്റൂ. അപ്പോഴേ അവർക്ക് തങ്ങളുടെ ഇസ്‍ലാമിക സ്വത്വം നിലനിർത്താനാകൂ.
കാനഡയിൽ സമുദായത്തിലെ സക്രിയ മനസ്സുകൾക്ക് റമദാൻ പാഠങ്ങൾ പങ്കുവെക്കാനാകുന്ന കൂടുതൽ പ്രായോഗികമായ ആശയങ്ങൾ വികസിപ്പിക്കാനുള്ള അവസരം കൂടിയാണ് റമദാൻ. അത്തരം ദൗത്യങ്ങളിൽ സുപ്രധാനമായ ഒന്നാണ് ‘ഗിവ്30’. ടൊറണ്ടോ ആസ്ഥാനമായുള്ള അഭിഭാഷകനായ സിയാദ് മിയ ആണ് അതിന്റെ സ്ഥാപകൻ. സമൂഹങ്ങൾ അനുഭവിക്കുന്ന വിശപ്പിലേക്ക് ശ്രദ്ധ ക്ഷണിച്ച് 2012-ലാണ് ‘ഗിവ്30’ സ്ഥാപിക്കുന്നത്. റമദാൻ കാലത്ത് ഭക്ഷ്യബാങ്കുകൾക്ക് സഹായവും പിന്തുണയും ഉറപ്പാക്കുകയായിരുന്നു ലക്ഷ്യം. 19 വലിയ ഭക്ഷ്യബാങ്കുകൾ മാത്രമല്ല കാനഡ, യു.എസ്, ആസ്ത്രേലിയ എന്നിവിടങ്ങളിലുടനീളമുള്ള പട്ടിണി മാറ്റാൻ യത്നിക്കുന്ന സംഘടനകൾ വഴി ലക്ഷക്കണക്കിന് പേർക്ക് തുണയും അത്താണിയുമാണിന്ന് ഈ പ്രസ്ഥാനം.
സ്മരണീയമായ മറ്റു സംരംഭങ്ങളുമുണ്ട്. കഴിഞ്ഞ വർഷം ടൊറണ്ടോ ഭക്ഷ്യബാങ്കുകളിൽ ആവശ്യക്കാർ കൂടുകയും മറ്റിടങ്ങളിൽ പലതും പൂട്ടിപ്പോവുകയും ചെയ്തതിനാൽ ദേശീയ സകാത്ത് ഫൗണ്ടേഷൻ (എൻ.സെഡ്.എഫ്) വർധിച്ചുവരുന്ന ആവശ്യം നേരിടാൻ ഒരു പുതു പദ്ധതി അവതരിപ്പിച്ചിട്ടുണ്ട്. ‘‘ഞങ്ങൾ രംഗത്തിറങ്ങി. വിശപ്പിനെ ചെറുക്കുന്ന ഒരു പദ്ധതി ഉണ്ടാക്കണം. ഒന്നിച്ചുപ്രവർത്തിക്കാവുന്ന വിവിധ സംഘടനകളെ കൂടെ കൂട്ടണം. ഇതര സമുദായങ്ങളിൽനിന്നുള്ളവയും വേണം. എവിടെ കുറവുകളുണ്ടെന്നും വീഴ്ചകൾ എങ്ങനെ പരിഹരിക്കണമെന്നും അറിയണം’’- എൻ.സെഡ്.എഫ് ദേശീയ മാനേജർ സെയ്ദ് മിർസ പറയുന്നു.
പെരുന്നാൾ കാലത്തേക്കു വന്നാൽ, കുടുംബങ്ങൾക്കും കുരുന്നുകൾക്കും പെരുന്നാൾ ആഘോഷമാക്കാൻ ടൊറണ്ടോയിലെ മുസ്‍ലിംകൾ വിവിധ പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. പ്രമുഖ മുസ്‍ലിം സംഘടനയായ ‘മാക്’, ആയിരക്കണക്കിന് വിശ്വാസികളെ ആകർഷിക്കുന്ന തരത്തിൽ പ്രധാനപ്പെട്ട വേദികളിലായാണ് അത് നടത്തുക. അവിടെ ചന്തകളും ഭക്ഷ്യ സ്റ്റാളുകളും ഒരുക്കും. നശീദുകൾ, റൈഡുകൾ, വിനോദ പ്രദർശനങ്ങൾ, കുട്ടികൾക്ക് സമ്മാനങ്ങൾ എന്നിങ്ങനെ എല്ലാം ഉണ്ടാകും. മിക്ക മസ്ജിദുകളിലും പെരുന്നാൾ നമസ്കാരത്തിൽ ആയിരങ്ങൾ പങ്കാളികളാകും. പ്രമുഖ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുക്കും. ഇസ്‍ലാമിക് ഇൻസ്റ്റിറ്റ്യൂട്ടിന് കീഴിൽ തുറന്ന സ്ഥലങ്ങളിൽ നടത്തുന്ന നമസ്കാരങ്ങളിലും ആയിരങ്ങളുടെ സാന്നിധ്യമുണ്ടാകും.
കാനഡയിലും യൂറോപ്പിലും വനിതാ പ്രഫഷനലുകളുടെ അനുഭവങ്ങളിലേക്ക് വെളിച്ചം പകരുന്ന ചില സംഭവങ്ങൾ ഉദ്ധരിക്കാം. അടുത്തിടെ കാനഡയിലെ പ്രമുഖ കണ്ടന്റ് ക്രിയേറ്റർമാരായ ജിനെല്ല മാസ, ആലിയ അത്താർ, സഗൽ ജമ എന്നിവർ തങ്ങളുടെ റമദാൻ ആഘോഷവും പെരുന്നാൾ ഒരുക്കവും സംബന്ധിച്ച് ഒന്നിച്ചിരുന്ന് സംസാരിക്കുന്നുണ്ട്. റമദാനിലും ഈദിലും മുസ്‍ലിം വനിതാ പ്രഫഷനലുകളുടെ അനുഭവങ്ങളാണ് അവർ പങ്കുവെക്കുന്നത്. ജിനെല്ല മാസ (ജനനം ജനുവരി 29,1987) കാനഡയിലെ ടി.വി ജേണലിസ്റ്റാണ്. ആഫ്രോ ലാറ്റിൻ മുസ്‍ലിം റിപ്പോർട്ടറും അവതാരകയുമായ അവർ 2015-ൽ കാനഡയിലെ പ്രഥമ ഹിജാബ് ധാരിയായ ടെലിവിഷൻ റിപ്പോർട്ടറായി. ടൊറണ്ടോയിലെ സിറ്റി-ഡി.റ്റി ചാനലിൽ രാത്രി 11 മണിക്ക് സിറ്റി ന്യൂസ് അവതാരകയായി. കാനഡയിലെ തന്റെ റമദാൻ അനുഭവം അവർ പറയുന്നതിങ്ങനെ: "ഇപ്പോൾ ഞാൻ പ്രസവാവധിയിലാണ്(സി.ബി.സി ന്യൂസിൽ കാനഡ ടുനൈറ്റ് അവതരണത്തിനാണ് അവധി). അതുകൊണ്ട് നോമ്പെടുത്ത് ജോലിയെടുക്കുന്ന സാഹചര്യമില്ല. റമദാനിനെ കുറിച്ച് സഹപ്രവർത്തകരുമായി ഞാൻ സംവദിക്കാറുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ ചിലപ്പോൾ പരസ്യ ഇടവേളകളുടെ സമയത്ത് നോമ്പ് തുറക്കുന്ന അവസരങ്ങളുണ്ടായിട്ടുണ്ട്. ലോകം മുഴുക്കെ എല്ലാവരുമായും ബന്ധപ്പെടാൻ വലിയ മാർഗമാണ് സമൂഹ മാധ്യമങ്ങൾ.’’
റമദാൻ അടുത്തെത്തുമ്പോൾ എന്തൊക്കെയാണ് മുന്നിൽ കാണുന്നതെന്ന ചോദ്യത്തിന്: ‘‘ലോകമൊട്ടുക്കും ദശലക്ഷക്കണക്കിന് മുസ്‍ലിംകൾ ഒന്നിച്ചാണ് ഇത് അനുഷ്ഠിക്കുന്നതെന്നോർക്കുമ്പോൾ പെരുത്തിഷ്ടം. അവധികളിൽ പലതും വല്ലാതെ വാണിജ്യവത്കരിക്കപ്പെട്ട് ഭക്ഷണത്തിന്റെയും സമ്മാനങ്ങളുടെയും അതിരുവിടലായി മാറിയിട്ടുണ്ട്. എന്നാൽ, റമദാനിൽ ആരാധനയാണ് ഒന്നാമത്തേതെന്നതാണ് ഏറെ സന്തോഷിപ്പിക്കുന്നത്. നാം നോമ്പുതുറക്കായി കാത്തിരിക്കുമ്പോൾ, എണ്ണമറ്റ മനുഷ്യർ വിശപ്പടക്കാൻ ഭക്ഷണം എവിടെ കിട്ടുമെന്ന ആധിയിൽ നിൽക്കുന്നുണ്ടെന്ന ചിന്ത നമ്മിലെത്തുന്നു."
ആലിയ അത്താർ പറയുന്നതിങ്ങനെ: ‘‘എല്ലാറ്റിലുമുപരി, ഭർത്താവുമായി ആത്മീയ ബന്ധം കൂടുതൽ ഉറ്റതാക്കുന്നുവെന്നത് എന്നെ ഏറെ സന്തോഷിപ്പിക്കുന്നു. വീട്ടിൽ ഞങ്ങൾ ഒന്നിച്ച് പ്രാർഥിക്കുന്നു. സുഹൂറും ഇഫ്ത്വാറും ഒന്നിച്ച് കഴിക്കുന്നു. ഇസ്‍ലാമിക പ്രഭാഷണങ്ങൾ ഒന്നിച്ച് ശ്രവിക്കുന്നു. മസ്ജിദിൽ ഒന്നിച്ച് രാത്രികളിൽ പ്രാർഥനയുമായി കഴിച്ചുകൂട്ടുന്നു.’’ തറാവീഹ് നമസ്കാരമാണ് സഗൽ ജമയെ ആകർഷിക്കുന്നത്: "തറാവീഹ് നമസ്കാരങ്ങൾക്കായുള്ള കാത്തിരിപ്പാണ് എനിക്കേറെയിഷ്ടം. സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കുമൊപ്പം കാറ് പങ്കിട്ടുള്ള യാത്ര, ഒന്നിച്ചുള്ള നമസ്കാരം, പരിചിത മുഖങ്ങളുമായി മസ്ജിദിലെ മുഖാമുഖം, രാത്രി വൈകിയുള്ള ഭക്ഷണം.. എല്ലാം എനിക്കേറെ ഇഷ്ടം.’’
കാനഡയിലെ മുസ്‍ലിം വനിതകളുടെ ഈ അനുഭവങ്ങൾ പങ്കുവെച്ചത്, സമൂഹ നിർമിതിയിൽ പുരുഷനും സ്ത്രീയും ഒരുമയോടെയാകണം ഇവ നിർവഹിക്കേണ്ടതെന്ന ഖുർആനിക പാഠങ്ങൾ റമദാനിലും പെരുന്നാളിലും പ്രയോഗത്തിൽ വരുത്താനാകുമെന്ന് സൂചിപ്പിക്കാനാണ്. ഇന്ത്യയിലെയും കാനഡയിലെയും അനുഭവങ്ങൾ മുന്നിൽവെച്ച് എത്തിച്ചേരുന്ന തീർപ്പ് ഇതാണ്: പുരുഷനും സ്ത്രീയും ഇസ്‍ലാമിൽ തുല്യ പങ്കാളികളാണെന്ന് നാം ഉറക്കെ ഘോഷിക്കുന്നു. പക്ഷേ, അവരെ നാം അടുക്കളയിൽ തളച്ചിടുന്നു. ഈ പ്രതിസന്ധി തിരിച്ചറിഞ്ഞ മാലിക് ബിന്നബി പറയുന്നത്, മുസ്‍ലിംകൾ ഖുർആൻ അനുസരിച്ച് സഞ്ചരിക്കുന്നില്ലെന്നാണ്. പകരം അവർ പ്രസംഗിച്ചുനടക്കുന്നു. സ്ത്രീ ശാക്തീകരിക്കപ്പെടാത്ത ഒരു സമൂഹത്തിലും യഥാർഥ വിമോചനം സാധ്യമായിട്ടില്ല. അവസാനമായി ഇബ്നു റുശ്ദിന്റെ വാക്കുകൾകൂടി ഓർമിപ്പിക്കട്ടെ: ‘‘ഏറ്റവും അവശരായ വിഭാഗങ്ങളോട് എങ്ങനെ പെരുമാറുന്നു എന്ന് നോക്കിയാവണം ഓരോ സമൂഹത്തെ കുറിച്ചും വിധി പറയാൻ.’’ l
എന്റെ ഇസ്ലാമിക ജീവിതത്തിന്റെ ആദ്യകാലം. ഒരു പുതിയ പരിചയം, നോമ്പ് തുറക്ക് വിളിച്ചു. ആൾ സമ്പന്നനാണ്. എന്നോട് കാണിച്ചത് നിറഞ്ഞ സ്നേഹവും. അവിടെ എത്തുമ്പോൾ വീട്ടുമുറ്റത്തു ടേബ്ൾ ഒക്കെ ഇട്ട് വലിയ ഒരുക്കങ്ങൾ. ഈ സംഭവം മുൻ പരിചയമില്ലാത്തതിനാലുള്ള പരുങ്ങൽ എനിക്കുണ്ട്.
കുറേ ആളുകൾ വന്നുചേർന്നു. ഞാൻ ഒതുങ്ങിക്കൂടി. നോമ്പ് തുറക്കുമ്പോൾ തന്നെ ഒരുപാട് വിഭവങ്ങൾ, ജ്യൂസുകൾ, പഴവർഗങ്ങൾ. നന്നായി കഴിച്ചു… അടുത്തുള്ള പള്ളിയിലെ മഗ്‌രിബ് നമസ്കാരശേഷം ഞാൻ മടങ്ങി. ഒരാളെ നോമ്പ് തുറപ്പിച്ച പുണ്യം വലുതാണ്. അദ്ദേഹം നന്നായി തന്നെ എന്നെയും മറ്റു പലരെയും നോമ്പ് തുറപ്പിച്ചല്ലോ. അദ്ദേഹത്തിന് വേണ്ടി പ്രാർഥിച്ചു. നോമ്പ് തുറ വിശേഷങ്ങൾ ഒരു സുഹൃത്തിനോട് പങ്കുവെച്ചപ്പോഴാണ് ഞാൻ ചെയ്ത അബദ്ധം പിടി കിട്ടിയത്.
ഒറിജിനൽ ഭക്ഷണം വരാനിരിക്കുന്നതേയുള്ളൂ! നിസ്കാര ശേഷം ഞാൻ തിരിച്ചുചെല്ലേണ്ടിയിരുന്നു. അതിലാണ് മികച്ച ഐറ്റങ്ങൾ ഉണ്ടാവുക എന്ന്! പാവം ഞാൻ… ഓരോരോ അനുഭവങ്ങളല്ലേ? ഇപ്പോൾ ചിരിയോർമയും. ഇഫ്ത്വാറിന്റെ ഓർമ പങ്കുവെക്കുമ്പോൾ ഈ സംഭവം എന്നിൽ നിറയാറുണ്ട്. ധാരാളിത്തത്തിന്റെ വേഷപ്പകർച്ചയുമായെത്തുന്ന നോമ്പുതുറകൾ റമദാന്റെ ചൈതന്യം കെടുത്താറുണ്ട് എന്ന് സൂചിപ്പിക്കാനാണ് ഈ സംഭവം എഴുതിയത്. പക്ഷേ, ദാഹം ശമിച്ചും ഞരമ്പുകള്‍ കുളിരണിഞ്ഞും, അല്ലാഹു ഉദ്ദേശിച്ചാല്‍ പ്രതിഫലം ഉറപ്പായെന്നും പറഞ്ഞുപോവുന്ന എത്രയോ വൈവിധ്യമേറിയ ഇഫ്ത്വാർ ഓർമകളുണ്ട്.
ഒരു കാരക്ക മാത്രം കൈയിൽ വെച്ച് അപരിചിതമായ സ്ഥലത്തുകൂടി സഞ്ചരിക്കുകയാവും, അല്ലെങ്കിൽ ട്രെയിനിലായിരിക്കും. സമയമായോ എന്ന ആശങ്കയോടെ നിങ്ങൾ എന്തോ തെരഞ്ഞു നടക്കും. അതാ പങ്കുവെക്കപ്പെടാൻ ഒരാളെ കിട്ടിയെങ്കിൽ എന്ന ആശയോടെ ഒരു കുപ്പി വെള്ളവും കുറച്ചു പഴങ്ങളുമായി ഒരാൾ. പടച്ചോനെ കാണുന്ന സന്തോഷം പോലെ, നിങ്ങൾക്ക് ഒരിറക്ക് വെള്ളം നീട്ടുമ്പോൾ അയാൾക്ക് കിട്ടുന്ന ആനന്ദം ശ്രദ്ധിച്ചിരുന്നോ? ഇഫ്ത്വാറുകൾ സൃഷ്ടിക്കുന്ന സാമൂഹിക മാനം അതുല്യമാണ്. വിശപ്പകറ്റുന്നതിലും ഭക്ഷണം പങ്കുവെക്കപ്പെടുന്നതിലും ഇഫ്ത്വാറുകൾ മനോഹരമായ മാതൃകയാണ്.
“അല്ലാഹുവേ, നിനക്കു വേണ്ടി ഞാന്‍ വ്രതം അനുഷ്ഠിച്ചു, നീ നല്‍കിയ ആഹാരം കൊണ്ട് ഞാന്‍ നോമ്പ് മുറിച്ചിരിക്കുന്നു” എന്നൊരാളെക്കൊണ്ട് പറയിപ്പിക്കാൻ മാത്രം ആകസ്മികതകളും അത്ഭുതങ്ങളും നിറഞ്ഞ നോമ്പുതുറ അനുഭവങ്ങൾ ഓരോരുത്തർക്കുമുണ്ടാവും. പ്രവാസ ജീവിതം ആരംഭിച്ചപ്പോഴാണ് ഇഫ്ത്വാറുകൾ നാനാ ജാതി മതസ്ഥരും പങ്കെടുത്ത് വിശപ്പകറ്റി പോവുന്ന ഉത്സവമായി അനുഭവപ്പെട്ടത്. ഇവിടെ ഷാർജയിൽ സജ പോലുള്ള ലേബർ ക്യാമ്പുകളിൽ സംഘടിപ്പിക്കുന്ന ഇഫ്ത്വാറുകളിൽ പതിനായിരങ്ങളാണ് പങ്കെടുക്കുക. വിവിധ ക്യാമ്പുകളിൽ ഇഫ്ത്വാർ ഒരുക്കാനും പങ്കെടുക്കാനുമായി പല ജാതി - മതസ്ഥർ ഒത്തുചേർന്നു കൊണ്ട് നടക്കുന്ന നോമ്പ്തുറകൾ മനുഷ്യ സാഹോദര്യത്തിന്റെ ഉദാത്ത മാതൃകകൾ സൃഷ്ടിക്കുന്നു. ഇസ്ലാമിലെ വ്രതത്തെ കുറിച്ച് ബെഗോവിച്ച് വിശേഷിപ്പിച്ചത് union of asceticism and joy എന്നായിരുന്നു.
നോമ്പിൽ ഒഴിവാക്കപ്പെടുന്നത് വിശപ്പ് മാത്രമല്ലല്ലോ. എല്ലാ ആസക്തികളെയും അമർത്തിവെക്കുന്നുണ്ട്. ആ വർജനത്തിന്റെ പകലിനു ശേഷം ആരാധനകളുടെ രാത്രി. അതിൽ ഭക്ഷണവും ലൈംഗികതയും ഒക്കെ ഉണ്ടാവാമെന്ന ആനന്ദവുമുണ്ട്. പകലിനും ഇരവിനും അതിന്റെതായ ആനന്ദവും സമർപ്പണവുമുണ്ട്. ഒന്നിന്റെ അഭാവത്തിൽ മറ്റൊന്നിന് പൂർണതയില്ലാത്ത വിധം രണ്ടിനെയും ചേർത്തുനിർത്തുകയാണ് ഇസ്ലാം ചെയ്യുന്നത്.
ജീവിത ശൈലികൾ കോവിഡ് മഹാമാരി മാറ്റിമറിക്കും മു് എല്ലാ പള്ളികൾക്കും മുിൽ കാണും നീണ്ട വരികൾ. മഗ്‌രിബിന് മുേ അവിടെ വന്നിരിക്കുന്ന അവരുടെ മതമോ ജാതിയോ പരിശോധിക്കപ്പെടാറില്ല. നോമ്പെടുത്തോ എന്നത് പോലും പ്രസക്തമല്ല. ഭക്ഷണം ആർക്കുമുണ്ടാകും. റമദാനിലെ പ്രവാസജീവിതത്തിന് അതുകൊണ്ടുതന്നെ ചെലവ് കുറവാണ്. ആ മിച്ചം നാട്ടിലെയോ മറ്റു സ്ഥലങ്ങളിലെയോ ആവശ്യക്കാർക്ക് എത്തിക്കാൻ സന്മനസ്സ് കാണിക്കുന്നവരുമുണ്ട്. 'നിങ്ങൾ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുമ്പോൾ ആകാശത്തുള്ളവൻ നിങ്ങളോട് കരുണ കാണിക്കും' എന്ന പ്രവാചക വചനത്തിന്റെ സാക്ഷാത്കാരത്തിനായി ജീവിതം സമർപ്പിക്കുന്ന ഒരുപാട് മനുഷ്യരെ നിങ്ങൾക്ക് ഇഫ്ത്വാർ വേളകളിൽ കണ്ടെത്താനാവും.
കോവിഡ് മനുഷ്യരെ അകറ്റിനിർത്തിയതു പോലെ ഇഫ്ത്വാർ കൂട്ടായ്മകളെ തളർത്തിയിട്ടുമുണ്ട്. പള്ളികൾക്കു മുിൽ ഒരുക്കിയ ഇഫ്ത്വാർ ടെന്റുകളിൽ ഒന്നിച്ചിരുന്നു ഭക്ഷണം പങ്കുവെക്കുന്നതിനു പകരം ഇപ്പോൾ പാക്കറ്റുകൾ നൽകുക പതിവായിരിക്കുന്നു. കോവിഡിൽ തുടങ്ങിയ ആ ശീലം ഈ വർഷം മാറുമോ എന്ന പ്രതീക്ഷയിലാണ് ഇവിടെ യു.എ. ഇയിലെ പ്രവാസികൾ. സുഹൃത്ത് മനോജ് കഴിഞ്ഞ ആഴ്ചയും വിളിച്ചുചോദിച്ചു, ഈ വർഷം പഴയപോലെ ആവുമോ? ലേബർ ക്യാമ്പുകളിൽ നോമ്പ്തുറക്ക് വേണ്ടി ഓടിപ്പാഞ്ഞു നടക്കുന്ന ലഹരി ആവോളം അനുഭവിക്കുന്ന ഒരു മനുഷ്യനാണ്. ഒരിക്കൽ പരിപാടി കഴിഞ്ഞു മടങ്ങുമ്പോൾ അവൻ പറഞ്ഞിരുന്നു, ഗൾഫിലെത്തിയശേഷം ജീവിക്കുന്നു എന്ന തോന്നൽ ശക്തമായി ഉണ്ടാവുന്നത് ഇത്തരം പരിപാടികളിൽ പങ്കെടുക്കുമ്പോഴാണെന്ന്. റമദാന്റെ ധന്യത പൂത്തുലയുന്ന മനോഹര വേളയാണ് ഇഫ്ത്വാർ.
ആത്മീയദാഹത്തോടെ മനസ്സ് മോഹിച്ചുകൊണ്ടിരിക്കും, റമദാനിന്റെ അവസാനത്തെ പത്തിലേക്ക് പ്രവേശിക്കാൻ. അല്ലാഹുവിനെ അടുത്തറിയുന്ന, ഹൃദയം ശുദ്ധി ചെയ്തെടുക്കുന്ന നാം ആകാശത്തേക്ക് ഉയർന്ന് പറക്കുന്ന നാളുകളാണ് അവ. റമദാനിന്റെ പൂർണതയാണ് ആ ധ്യാനം- ഇഅ്തികാഫ്. അതുകൊണ്ടാവണം റമദാൻ ആഗതമായാൽ മനസ്സ് ഇഅ്തികാഫിനായി ധൃതികൂട്ടാറുള്ളത്. കോവിഡ് മഹാമാരിയുടെ ഇടവേള ഒഴിച്ചുനിർത്തിയാൽ, കഴിഞ്ഞ പതിനാല് വർഷക്കാലം തുടർച്ചയായി ഈ ധ്യാനം അനുഭവിച്ചറിയാൻ അവസരം ലഭിക്കുന്നതിന്റെ നിർവൃതി ഏറെ മഹത്തരമാണ്.
ഈ ആത്മീയാനുഭൂതികൾ അക്ഷരങ്ങളിലേക്ക് പകർത്തുക അത്ര എളുപ്പമല്ല. എഴുത്തിനും പ്രസംഗത്തിനും മറ്റും വഴങ്ങാത്ത അനുഭൂതികളുണ്ടല്ലോ, അതിൽ പ്രധാനമാണ് ഇഅതികാഫ്. അതുകൊണ്ട്, മറ്റെന്ത് തിരക്കുകളുണ്ടെങ്കിലും അവയ്ക്കെല്ലാം അവധികൊടുത്ത്, മനസ്സ് പൂർണമായും അല്ലാഹുവിൽ അർപ്പിച്ച് ഈ റമദാനിൽ ഇഅ്തികാഫ് ഇരിക്കാൻ തയാറാവുക മാത്രമാണ് ആ അനുഭൂതി നുകരാനുള്ള വഴി.
ഇഅ്തികാഫിന് രണ്ട് തലങ്ങളുണ്ട് എന്നാണ് അനുഭവം: വ്യക്തിഗതം, സാമൂഹികം. ജീവിതത്തിന്റെ തിരക്കുകൾക്ക് താൽക്കാലിക വിരാമമിട്ട്, അല്ലാഹുവിന്റെ സന്നിധിയിൽ ഏകാഗ്രനാവുക എന്നതാണ് വ്യക്തിഗതമായ നേട്ടം. ഖുർആൻ നമ്മുടെ കൈയിലും ചുണ്ടിലും കൂടുതൽ സമയം ഉണ്ടാകുമ്പോൾ, മനസ്സിലും ചിന്തയിലും അതിന്റെ പ്രതിഫലനം കൂടുതൽ കാണും. പള്ളിയുടെ ഒരു കോണിൽ നാം ഒറ്റക്കിരിക്കുമ്പോഴും ഞാൻ തനിച്ചല്ല, അല്ലാഹു കൂടെയുണ്ട് എന്ന ബോധമാണ് ഇഅ്തികാഫ് പകർന്നുതരുന്നത്. അപ്പോൾ വേദനകൾ, നിരാശകൾ, ആശങ്കകൾ തുടങ്ങി പലതിനും പകരം സമാധാനവും സന്തോഷവും പ്രതീക്ഷയും നമ്മുടെ മനസ്സ് കീഴടക്കും. അല്ലാഹുവിൽ ഭരമേൽപ്പിക്കുകയെന്നാൽ അത്രമേൽ ഉറപ്പുള്ള സത്യമാകും. ചിന്തകൾ അല്ലാഹുവിലേക്ക് ചിറകടിച്ചുയരുമ്പോൾ, അവന്റെ ഭൂമിയിൽ അവന്റെ ദീനിനായി പ്രവർത്തിക്കാൻ നമ്മുടെ അകം തുടിക്കും. പത്തു നാൾ കഴിയുമ്പോൾ, പലതരം ഭാരങ്ങളൊഴിഞ്ഞ്, മനസ്സ് കൂടുതൽ ശുദ്ധമായി തെളിമയുള്ള, കരുത്തുള്ള വ്യക്തിത്വമായി നാം പുറത്ത് വരും.
കർമോർജം വലിയ തോതിൽ ലഭിക്കുന്നതിനും പരീക്ഷണങ്ങളെ സഹനസമരത്തിലൂടെ മറികടക്കുന്നതിനും ഈ ആത്മീയ പരിശീലനം നൽകുന്ന കരുത്ത് സഹായകമാകുന്നുണ്ട്. വ്യക്തിഗതമായ ധ്യാനമായിരിക്കുമ്പോൾ തന്നെ, സാമൂഹികമായ തലങ്ങൾ കൂടിയുണ്ട് ഇഅ്തികാഫിന്. മറ്റു പല പള്ളികളിലും എന്ന പോലെ പാനൂർ മസ്ജിദുർറഹ്മയിലും ഈ സാമൂഹികതയുടെ അനുഭവങ്ങൾ മനോഹരമായുണ്ട്. പതിനഞ്ച് വർഷം മുമ്പാണ് മസ്ജിദുർറഹ്മയിൽ കൃത്യമായ ഇഅ്തികാഫ് ആരംഭിക്കുന്നത്. ലളിതമായിരുന്നു തുടക്കം. ഒറ്റക്ക് ഇരിക്കാൻ ആശങ്ക ഉണ്ടായപ്പോൾ ചിലരെ പ്രത്യേകം ക്ഷണിച്ചു. അങ്ങനെ മൂന്ന് പേർ കൂടി വന്നു. അങ്ങനെ, ആദ്യ വർഷം ഞങ്ങൾ നാലുപേർ മാത്രം. പിന്നെ ഘട്ടം ഘട്ടമായി ആളുകൾ കൂടിവന്നു. ദീർഘിച്ച ഖിയാമുല്ലൈൽ ഇഅ്തികാഫിന്റെ പ്രത്യേകതയാണ്. ചുറ്റുപാടും ഉറക്കത്തിലായിരിക്കെ, നിശ്ശബ്ദമായ അന്തരീക്ഷത്തിലെ അരണ്ട വെളിച്ചത്തിൽ, ഹൃദയം തൊടുന്ന ഖുർആൻ പാരായണവും അല്ലാഹുവിലേക്ക് അണയുന്ന മനസ്സും ഏതൊരു ആത്മീയ ദാഹിയുടെയും ഉള്ളം കുളിർപ്പിക്കും.
2022-ൽ മസ്ജിദുർറഹ്മ പുതുക്കിപ്പണിതപ്പോൾ ഇഅ്തികാഫിന് സ്ത്രീകൾക്ക് ഉൾപ്പെടെ പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തി. മുഴുവൻ സമയത്തെയും രാത്രി കാലത്തെയും ഇഅ്തികാഫിൽ പങ്കാളിത്തം വർധിച്ചു. പതിനഞ്ച് മുതൽ ഇരുപത് വരെ പേർ മുഴുസമയ ഇഅ്തികാഫിനുണ്ടാകും; രാത്രിമാത്രം വരുന്നവർ അമ്പതോളവും. അർധരാത്രിയിലെ ഖിയാമുല്ലൈൽ, ഒന്നിച്ചുള്ള താമസം, ദീനീവൈജ്ഞാനിക ചർച്ചകൾ, ഒന്നിച്ചുള്ള ഭക്ഷണം തുടങ്ങി മാനസികമായ സന്തോഷവും ഊഷ്മളമായ സ്നേഹബന്ധങ്ങളും തരുന്ന നിർവൃതി വലുതാണ്. പാനൂർ മസ്ജിദുർറഹ്മയിൽ വിപുലമായ ഇഫ്താർ സൗകര്യം പൊതുജനങ്ങൾക്കായി റമദാനിലുടനീളം ഒരുക്കാറുണ്ട്. ഇഅ്തികാഫ് ഇരിക്കുന്നവർക്കായി തറാവീഹിന് ശേഷം അത്താഴവുമുണ്ടാവും. എല്ലാവരും ഒന്നിച്ചിരുന്നാണവ കഴിക്കുക. നേരത്തെ അറിയിച്ചതിനെക്കാൾ കൂടുതൽ പേർ ഉണ്ടായാലും ഭക്ഷണം തികയാതെ വരില്ല. കുറച്ചു പേരുടെ ഭക്ഷണം കൂടുതൽ പേർക്ക് മതിയാകുന്ന ബറകത്ത് വെറും വാക്കല്ല.
ഒറ്റക്കിരുന്ന് നടത്തുന്ന ഖുർആൻ പഠന, പാരായണവും പ്രാർഥനയും രൂപപ്പെടുത്തുന്ന കരുത്തുറ്റ വ്യക്തിത്വവും, നമസ്കാരവും ഭക്ഷണവും ഉറക്കവും ഒന്നിച്ച് നിർവഹിച്ച് ഭദ്രതയാർജിക്കുന്ന സാമൂഹിക ശക്തിയും റമദാനിന്റെ ഗുണഫലമായാൽ പിന്നെ, ഇഹലോകത്തും പരലോകത്തും നാം വിജയിക്കാതിരിക്കുന്നതെങ്ങനെ! l