ദുൽഹജ്ജ് 7. മിനയിലേക്ക് പുറപ്പെടാനുള്ള വിളിയാളവും കാത്ത് അസീസിയയിലെ ഹോട്ടൽ മുറിയിൽ വിശ്രമിക്കുകയാണ് ഞങ്ങൾ. രാത്രി 10 മണി ആയിക്കാണും. ഹജ്ജിന് വേണ്ടി വിശുദ്ധ ഭൂമിയിലെത്തിയിട്ട് രണ്ടാഴ്ചയിലധികം പിന്നിട്ടിരിക്കുന്നു. മക്കയെയും മദീനയെയും അനുഭവിക്കുകയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ. മുമ്പ് രണ്ട് തവണ ഉംറക്ക് വന്നിട്ടുണ്ടെങ്കിലും മസ്ജിദുൽ ഹറാമിന്റെയും മസ്ജിദുന്നബവിയുടെയും ചാരത്ത്, അല്ലാഹുവിന്റെ അതിഥിയായി ദിവസങ്ങളോളം കഴിഞ്ഞുകൂടാൻ അവസരം ലഭിക്കുന്നത് ഇതാദ്യമാണ്. മക്കയും മദീനയും - വ്യത്യസ്ത മുഖഭാവമുള്ള രണ്ട് നഗരികൾ. കരിമ്പാറക്കുന്നുകൾക്കിടയിൽ വിശ്രമിക്കുന്ന താഴ് വരയാണ് മക്ക. നഗരവൽക്കരണത്തെ ചെറുത്തുതോൽപിക്കുന്ന ഭൂപ്രകൃതി. പാറക്കെട്ടുകൾ തുളച്ചുകൊണ്ട് വേണം റോഡുകളും കെട്ടിടങ്ങളും നിർമിക്കാൻ. പാറക്കൂട്ടങ്ങളുടെ മേൽ കയറ്റിവെച്ചതു പോലുള്ള എത്രയോ നിർമിതികൾ മക്കയിൽ കാണാം. ഹറമിലേക്ക് നയിക്കുന്ന നിരവധി ടണലുകൾ നിർമിച്ചിരിക്കുന്നത് പാറ തുരന്നിട്ടാണ്. ദൂരെ നിന്ന് നോക്കിയാൽ കരിമ്പാറക്കുന്നുകളുടെ മുകളിൽ പടുത്തുയർത്തപ്പെട്ട നഗരിയാണ് മക്കയെന്നു തോന്നും. മാനം മുട്ടുന്ന കെട്ടിടങ്ങളും വിശാലമായ ചത്വരങ്ങളും ഇവിടെ അപൂർവമായേ കാണൂ. ഇബ്റാഹീം നബിയുടെ പ്രാർഥനക്ക് ഉത്തരമായിട്ടാണല്ലോ, കൃഷിയും പച്ചപ്പുമില്ലാത്ത ഈ താഴ് വരയിൽ വിശുദ്ധ മന്ദിരത്തിന് ചുറ്റും ഒരു നാഗരികത തളിരിട്ടത് ! "നാഥാ, ഈ നാടിനെ സമാധാനത്തിന്റെ നാടാക്കണേ. എന്നെയും എന്റെ സന്തതികളെയും വിഗ്രഹാരാധനയിൽനിന്ന് അകറ്റേണമേ …. നാഥാ, എന്റെ സന്തതികളിൽ ചിലരെ കൃഷിയില്ലാത്ത ഒരു താഴ്‌വരയിൽ, നിന്റെ പവിത്ര ഗേഹത്തിനരികെ ഞാൻ പാർപ്പിച്ചിരിക്കുന്നു. നാഥാ, അവരിവിടെ നമസ്കാരം മുറപ്രകാരം നിലനിർത്തുന്നതിന് വേണ്ടിയാകുന്നു ഇത്. നീ ജനഹൃദയങ്ങളിൽ അവരോട് അനുഭാവമുണ്ടാക്കേണമേ. അവർക്കാഹരിക്കാൻ ഫലങ്ങൾ നൽകേണമേ" (ഖുർആൻ സൂറ: ഇബ്റാഹീം 35 - 41). ഇബ്റാഹീമിന്റെ പ്രാർഥന ഇളം പൈതലിന് ദാഹജലം തേടിയലഞ്ഞ ഒരു പെണ്ണിന്റെ വിലാപമായി ചരിത്രത്തിൽ പ്രതിധ്വനിച്ചപ്പോൾ മരുഭൂമിയിൽ സംസം കിളിർന്നൊഴുകി. സംസ്കാരത്തിന്റെ തീർഥ ജലം!
മസ്ജിദുൽ ഹറാമിൽനിന്ന് ഘനസാന്ദ്രമായ ശബ്ദത്തിലും ഈണത്തിലും ബാങ്ക് വിളി ഉയരുമ്പോഴൊക്കെ ഇബ്റാഹീം നബിയുടെ പ്രാർഥന ഓർമയിൽ വരും: ''നാഥാ, നമസ്കാരം നിലനിർത്തുന്നതിന് വേണ്ടിയാണ് അവരെ ഞാൻ ഇവിടെ പാർപ്പിച്ചിരിക്കുന്നത്!'' ലോകത്തിന്റെ നാനാ ഭാഗങ്ങളിൽനിന്ന് ഇബ്റാഹീമീ മില്ലത്തിന്റെ പിന്തുടർച്ചക്കാരെ മക്കയിൽ കൊണ്ടുവന്ന് പാർപ്പിച്ചിരിക്കുന്നതും, അഞ്ചു നേരം അല്ലാഹുവിന്റെ വിളികേട്ട് അവർ മസ്ജിദുൽ ഹറാമിലേക്ക് ഒഴുകുന്നതും ഈ പ്രാർഥനയുടെ ഉത്തരമായിട്ടല്ലേ? ഓരോ നമസ്കാരസമയത്തും മസ്ജിദുൽ ഹറാമിനെ ശ്രദ്ധിച്ചുനോക്കൂ. പാപമോചനത്തിലേക്ക് ജനങ്ങൾ മത്സരിച്ച് ഓടുകയാണ്. അകം പള്ളിയിൽ, കഅ്ബയുടെ കഴിയാവുന്നത്ര അടുത്ത് എവിടെയെങ്കിലും ഒരിടം കണ്ടെത്താൻ. എല്ലാ കവാടങ്ങളിലൂടെയും അവർ തിക്കിത്തിരക്കുകയാണ്. സ്വർഗത്തിലേക്ക് നീളുന്ന ഏതെങ്കിലും ഒരു സ്വഫിൽ ഇടം പിടിക്കാൻ. കഅ്ബക്കു ചുറ്റുമുള്ള വർത്തുളമായ ചലനം (ത്വവാഫ്) ഇനിയും നിലച്ചിട്ടില്ല. സ്വഫാ - മർവക്കിടയിൽ സഅ്യ് തുടർന്നുകൊണ്ടിരിക്കുന്നു. ഇഖാമത്ത് വിളിക്കുന്നതോടെ സർവം നിശ്ചലം. നമസ്കാരത്തിന് ഇറങ്ങിപ്പുറപ്പെട്ടവർ എത്തിയേടത്ത് മുസ്വല്ല വിരിക്കുന്നു (മുസ്വല്ല എന്നാൽ നമസ്കാര സ്ഥലം എന്നാണ് ശരിയായ അർഥം. നിസ്കാരപ്പായക്ക് സജ്ജാദ എന്നാണ് അറബികൾ പറയുക). തൗഹീദിന്റെ ഭവനത്തെ മുന്നിൽ നിർത്തി വിശ്വാസികൾ അല്ലാഹുവിനെ വാഴ്ത്തുകയും അവന്റെ മഹത്വം ഘോഷിക്കുകയും അവന്റെ മുമ്പിൽ പ്രാർഥനാ നിരതരാവുകയും ചെയ്യുന്ന മനോഹര ദൃശ്യം. ലോകമെമ്പാടും വീടുകളിലും പള്ളികളിലും ഇതേ കാഴ്ച ആവർത്തിക്കുന്നു. "നമസ്കാരം നിലനിർത്തുക" (ഇഖാമത്തുസ്സ്വലാത്ത്) എന്ന് പറയുന്നതിന്റെ സാമൂഹികവും ആധ്യാത്മികവുമായ അർഥധ്വനികൾ ശരിക്കും ഉൾക്കൊള്ളാനാവുക മസ്ജിദുൽ ഹറാമിലെ ജമാഅത്ത് നമസ്കാരങ്ങളിൽ പങ്കുചേരുമ്പോഴാണ്. ഇബ്റാഹീം നബിയുടെ ഇഖാമത്തുസ്സ്വലാത്തിന്റെ അർഥം നമസ്കാരം എന്ന ആരാധനാകർമം നിർവഹിക്കലോ നിലനിർത്തലോ മാത്രമല്ല. ദൈവബോധത്തിന്റെയും ദൈവസ്മരണയുടെയും അടിത്തറയിൽ ഒരു സംസ്കാരത്തെയും നാഗരികതയെയും സ്ഥാപിക്കലും നിലനിർത്തലുമാണ്. ആ നാഗരികതയുടെ കേന്ദ്രബിന്ദുവാണ് കഅ്ബ.
മസ്ജിദുൽ ഹറാം നൽകുന്ന ആത്മീയാനുഭൂതി മുമ്പും അനുഭവിച്ചറിഞ്ഞതാണ്. ത്വവാഫിലും സഅ്യിലും കണ്ണുകൾ സജലമായിട്ടുണ്ട്. ഓരോ തവണ കഅ്ബയുടെ ചാരത്തണയുമ്പോഴും അറിയാതെ വിതുമ്പിപ്പോയിട്ടുണ്ട്. ഹജ്ജ് കാലത്ത് എങ്ങനെയായിരിക്കും മസ്ജിദുൽ ഹറാം അനുഭവപ്പെടുന്നത് ? ഉംറയിൽ വന്നുചേരുന്ന ആൾക്കൂട്ടത്തിൽനിന്ന് എങ്ങനെയാണ് ഹജ്ജിന്റെ ആൾക്കൂട്ടം വ്യത്യസ്തമാവുന്നത് ? ജനലക്ഷങ്ങൾ ഹജ്ജിന് വേണ്ടി മക്കയിൽ വന്നു നിറയുമ്പോൾ എന്തായിരിക്കും സംഭവിക്കുക? മിനായിലേക്കും അറഫയിലേക്കും മുസ്ദലിഫയിലേക്കും ജംറയിലേക്കുമുള്ള വഴികൾ എങ്ങനെയാവും ഞങ്ങൾ താണ്ടിക്കടക്കുക?
ആൾക്കൂട്ടത്തിനിടയിൽ ഹറമിന്റെ പരിസരത്തെവിടെയെങ്കിലും ഇത്തരം ചിന്തകളിൽ സ്വയം നഷ്ടപ്പെട്ടു നിൽക്കുമ്പോഴായിരിക്കും "യാ ഹജ്ജി, ഹർരിക്" എന്ന ശബ്ദം നിങ്ങളെ ഉണർത്തുന്നത്. ആൾക്കൂട്ടത്തെ നിയന്ത്രിക്കുന്ന പോലീസുകാരന്റെ വിളിയാണത്. "തീർഥാടകാ നിൽക്കരുത് , ചലിച്ചു കൊണ്ടിരിക്കുക." പ്രവാഹത്തിലെ ജലകണമാണ് നിങ്ങൾ. ഇവിടെ കെട്ടിക്കിടക്കാൻ അവസരമില്ല. വഴി തടസ്സപ്പെടുത്താതെ ലക്ഷ്യത്തിലേക്ക് മുന്നേറുക. സ്വർഗത്തിലേക്കും പാപമോചനത്തിലേക്കും കുതിച്ചുകൊണ്ടിരിക്കുക!
നാൾ ചെല്ലുന്തോറും ആൾക്കൂട്ടം കനം വെക്കുന്നത് നിങ്ങൾക്ക് തൊട്ടറിയാം. ഇബ്റാഹീമിന്റെ വിളി കേട്ട് ലോകത്തിന്റെ നാനാ ദിക്കുകളിൽനിന്ന് ഒഴുകിയെത്തിയവർ. "ഹജ്ജിനായി ജനങ്ങളെ വിളിക്കുക. കാൽനടയായും മെലിഞ്ഞ ഒട്ടകങ്ങളുടെ പുറത്തേറിയും അവർ വരും. ദുർഗമമായ വിദൂര പഥങ്ങളിൽനിന്ന് അവർ വരും" (ഖുർആൻ 22:27). കൂട്ടം കൂട്ടമായി വന്നണയുന്ന തീർഥാടക സംഘങ്ങളെ അടയാളപ്പെടുത്താൻ വർണശബളമായ മേൽവസ്ത്രങ്ങളും കുടകളും കൊടികളും തൊപ്പിയും തട്ടവും അലങ്കാരങ്ങളുമുണ്ട്. അവർ ഏത് നാട്ടുകാരാണെന്നും ഏത് ഭാഷ സംസാരിക്കുന്നവരാണെന്നും അവരുടെ അടയാളങ്ങളിൽനിന്ന് നിങ്ങൾക്ക് അറിയാൻ കഴിഞ്ഞേക്കും. പക്ഷേ, അവർ ആരാണ്? കൃഷിക്കാർ, കച്ചവടക്കാർ, നേതാക്കൾ, ബുദ്ധിജീവികൾ, പണ്ഡിതർ, എഴുത്തുകാർ , പ്രഭാഷകർ, രാഷ്ട്രീയക്കാർ, പ്രസിഡന്റുമാർ, പ്രധാനമന്ത്രിമാർ, സമ്പന്നർ, പാവപ്പെട്ടവർ, മർദിതർ, വേട്ടയാടപ്പെടുന്നവർ… ആരാണവർ? അവരുടെ ദുഃഖങ്ങൾ, വേദനകൾ, സങ്കടങ്ങൾ, വേവലാതികൾ, ആകുലതകൾ എന്തൊക്കെയായിരിക്കും? അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകാനാണ് അവർ വന്നിരിക്കുന്നത്. ലബ്ബയ്ക്കല്ലാഹുമ്മ ലബ്ബയ്ക്ക്! അല്ലാഹുവേ, ഞാനിതാ വന്നിരിക്കുന്നു. നീയല്ലാതെ നാഥനില്ല. സ്തുതികളെല്ലാം നിനക്ക്. അധികാരവും ആധിപത്യവ്യം നിനക്ക് മാത്രം! ഞാനിതാ നിനക്ക് സമർപ്പിച്ചിരിക്കുന്നു! നിന്റെ വിളിക്ക് ഉത്തരം നൽകിയിരിക്കുന്നു! എന്റെ സങ്കടങ്ങൾക്ക് നീ ഉത്തരം നൽകിയാലും! അവരുടെ പ്രാർഥനകൾ, നെടുവീർപ്പുകൾ, ഏങ്ങലടികൾ ഒരു തരംഗമായി ആകാശത്തേക്കുയർന്ന് അന്തരീക്ഷത്തിൽ വിലയം പ്രാപിക്കുന്നത് നിങ്ങൾക്ക് സങ്കൽപിക്കാം. മത്വാഫിലും സ്വഫാ - മർവയിലും ഉറ്റിവീഴുന്ന അവരുടെ കണ്ണീർ ഒരു ദുഃഖക്കടലായി മാറുന്നത് നിങ്ങൾക്ക് കാണാം. ഓരോ ത്വവാഫിലും ഓരോ സഅ് യിലും ഓരോ നമസ്കാരത്തിലും ഈ രംഗം ആവർത്തിച്ചുകൊണ്ടിരിക്കുന്നു. ജനസാഗരത്തിൽ ഒരു ബിന്ദുവായി, ദുഃഖക്കടലിൽ ഒരു തുള്ളിയായി, പ്രവാഹത്തിൽ ഒരു കണമായി നിങ്ങളുമുണ്ട്. ആൾക്കൂട്ടത്തിലായിരിക്കുമ്പോഴും നിങ്ങൾ ഏകനാണ്. ഏകനായിരിക്കുമ്പോഴും നിങ്ങൾ ആൾക്കൂട്ടത്തിന്റെ കൂടെയാണ് ! ജനങ്ങളുടെ റബ്ബാണ് നിങ്ങളുടെ റബ്ബ്! വ്യക്തിയും സമൂഹവും, മനസ്സും ശരീരവും, ത്വവാഫും സഅ്യും , പ്രാർഥനയും അധ്വാനവും, ധ്യാനവും സമരവും, ചരിത്രവും വർത്തമാനവും ഒരുമിച്ചു ചേർന്നതാണ് ഹജ്ജ്!
ഉംറക്ക് ഇഹ്റാം ചെയ്തു വന്നവരും ഉംറ നിർവഹിച്ച് ഇഹ്റാമിൽനിന്ന് വിരമിച്ചവരുമുണ്ട് ഈ ആൾക്കൂട്ടത്തിൽ. പല വർണങ്ങളിലുള്ള തട്ടവും മേൽവസ്ത്രവുമണിഞ്ഞ സ്ത്രീകളുടെ സംഘങ്ങൾ പുരുഷൻമാരടങ്ങിയ അവരുടെ 'ഹംല'കളോടൊപ്പം കൂട്ടമായൊഴുകുന്നത് കൗതുകകരമായ കാഴ്ചയാണ്. കൂട്ടം തെറ്റുന്ന പുരുഷൻമാർ പോലും അവരുടെ യാത്രാസംഘത്തെ ദൂരെനിന്നും തിരിച്ചറിയുന്നത് പ്രത്യേക വർണങ്ങളിലുള്ള സ്ത്രീകളുടെ ഉടയാടകളിലൂടെയാണ്. ആഫ്രിക്കൻ നാടുകളിൽനിന്നും മധ്യേഷ്യയിൽനിന്നും ഇറാനിൽ നിന്നുമുള്ള തീർഥാടകരെ അവരുടെ അടയാളങ്ങൾകൊണ്ട് പെട്ടെന്ന് തിരിച്ചറിയാം. വസ്ത്രങ്ങളുടെ വർണപ്പൊലിമകൊണ്ട് നിങ്ങളെ വിസ്മയിപ്പിക്കുക ആഫ്രിക്കൻ തീർഥാടകരാണ്. എന്തെന്തു ഭാഷകൾ! എന്തെന്തു വേഷങ്ങൾ! എന്തെല്ലാം ആകാര വിശേഷങ്ങൾ!
എല്ലാ വർണവൈവിധ്യങ്ങളും അല്ലാഹുവിന്റെ വർണത്തിൽ അലിഞ്ഞുചേരുന്നതാണ് ഇഹ്റാം! പല നദികൾ സംഗമിക്കുന്ന ഹറമിന്റെ കൈവഴികളിലൂടെ ഒരു വെളുത്ത നദി എപ്പോഴും ഒഴുകുന്നത് കാണാം. ഹറമിന്റെ കവാടങ്ങളിലൂടെ സഞ്ചരിച്ച് അത് മത്വാഫിലേക്ക് കുത്തിയൊഴുകുന്നു. അവിടെ നിന്ന് സ്വഫാ - മർവയിലേക്ക് പരക്കുന്നു. മസ്ജിദുൽ 'ഹറാമി'ന്റെയും 'ഇഹ്റാമി'ന്റെയും ഉറവിടം ഒന്നുതന്നെയാണ്. ഹറാം എന്നാൽ വിലക്കപ്പെട്ടത്. അനുവദിക്കപ്പെട്ട പലതും നിഷിദ്ധമാവുന്ന ഇടം. വിലക്കപ്പെട്ടവയുടെ അസാന്നിധ്യംകൊണ്ട് പവിത്രമാവുന്ന ഇടം. സാധാരണ ജീവിതത്തിൽ അനുവദനീയമായ പലതും ഇഹ്റാമിൽ നിഷിദ്ധമാണ്. ഇഹ്റാമിൽനിന്ന് വിരമിക്കുന്നത് വരെ മുടിയെടുക്കാനോ നഖം മുറിക്കാനോ പാടില്ല. അത്തരം അലങ്കാരങ്ങൾക്കുള്ള സമയമല്ല ഇത്. മരണത്തിന്റെ പുടവയാണ് നിങ്ങൾ അണിഞ്ഞിരിക്കുന്നത്. ജീവിതത്തിൽ നിങ്ങളെ കൊതിപ്പിക്കുന്നതും വശീകരിക്കുന്നതുമായ എല്ലാറ്റിനെയും ഊരിയെറിഞ്ഞാണ് നിങ്ങൾ വന്നിരിക്കുന്നത്.
അടിവസ്ത്രത്തിന്റെ അസ്വാതന്ത്ര്യത്തിൽനിന്ന് പോലും മോചിതനാണ് നിങ്ങൾ. അലങ്കരിച്ചതും തുന്നൽ കൊണ്ട് മനോഹരമാക്കിയതുമായ പൊങ്ങച്ചത്തിന്റെ എല്ലാ ഉടയാടകളോടും വിടപറഞ്ഞാണ് പുണ്യഭൂമിയിൽ നിങ്ങൾ കാൽകുത്തിയിരിക്കുന്നത്. മത്വാഫിലെ മിനുപ്പുള്ള മാർബിളിൽ ചവിട്ടി നടക്കുമ്പോഴും മരണത്തിന്റെ പരുപരുപ്പ് നിങ്ങളറിയണം. ജീവിതത്തിന്റെ നാടക വേദികളിൽ നിങ്ങൾ എടുത്തണിഞ്ഞ പൊയ്മുഖങ്ങൾ നാഥന്റെ മുന്നിൽ അഴിച്ചു വെക്കണം. സ്വന്തത്തോടും മറ്റുള്ളവരോടും ചെയ്ത അരുതായ്മകൾ എണ്ണിപ്പറഞ്ഞ് പശ്ചാത്തപിക്കണം. കണ്ണീരുകൊണ്ട് തൗബയുടെ ഒരു കടൽ തീർക്കണം. മനസ്സും ശരീരവും ഇസ്തിഗ്ഫാറിൽ കഴുകിയെടുക്കണം. ഹജറുൽ അസ് വദിന് ചുംബനമർപ്പിക്കണം. ഹിജ്റ് ഇസ്മാഈലിൽ പ്രാർഥനാ നിരതനാവണം. മഖാമു ഇബ്റാഹീമിന്റെ ചാരെ സുജൂദിൽ വീഴണം. ഏഴ് ത്വവാഫിന്റെ പൂർത്തിയിൽ ഇഹ്റാമിന്റെ വസ്ത്രം വിയർപ്പിൽ കുതിരുമ്പോൾ സംസം കുടിച്ച് ദാഹമകറ്റണം. പിന്നെ സ്വഫാ - മർവക്കിടയിൽ ഹാജർ ഓടിത്തീർത്ത വഴിദൂരം പിന്നിടണം.
ഒരു പെണ്ണിന്റെ കാൽപ്പാടുകളിൽ സ്ത്രീകളുടെയും പുരുഷൻമാരുടെയും അനേകമനേകം തലമുറകളെ പ്രയാണം ചെയ്യിക്കുന്ന ദർശനത്തിന്റെ വിപ്ലവാത്മകത ഓർത്തുനോക്കൂ. സഅ്യ് എന്നാൽ പരിശ്രമം എന്നാണർഥം. ഹാജറിന്റെ ഓട്ടം അതിജീവനത്തിന് വേണ്ടിയുള്ള ഓട്ടമായിരുന്നു. തലമുറകളുടെ നിലനിൽപ്പിന് വേണ്ടിയുള്ള ഓട്ടമായിരുന്നു. പ്രതിസന്ധി ഘട്ടത്തിലും ജീവിതത്തെക്കുറിച്ച പ്രത്യാശ നിറഞ്ഞ പ്രയാണമായിരുന്നു. അല്ലാഹു മാത്രം കൂട്ടിനുള്ള ഒരു പെണ്ണിന്റെ പ്രാർഥനാ നിർഭരമായ നിലവിളിയായിരുന്നു. ഓടിത്തളർന്ന ഹാജറിന്റെ പ്രാർഥന മരുഭൂമിയുടെ ഊഷരതയിൽ വിലയിച്ചപ്പോഴാണ് കരുണാമയന്റെ ഉത്തരമായി സംസം പൊട്ടിയൊലിച്ചത്. ദൈവഭവനത്തിന് ചാരെ, ഒരു പുതിയ നാഗരികതയുടെ കുളിർജലം!
ഹറമിലായിരിക്കെ, നിങ്ങളുടെ ജീവിതം കഅ്ബക്ക് ചുറ്റും വലം വെക്കുകയാണ്. മസ്ജിദുൽ ഹറാമിന്റെ കെട്ടിടങ്ങൾ കഅ്ബയെ വലയം ചെയ്യുന്ന രീതിയിലാണ് നിർമിച്ചിരിക്കുന്നത്. എല്ലാ ദിക്കുകളും തിരിയുന്നത് കഅ്ബയിലേക്കാണല്ലോ. മുന്തിയ തരം മാർബിൾകൊണ്ട് അലങ്കരിച്ച അനേകമനേകം തൂണുകളുടെയും കമാനങ്ങളുടെയും ശിൽപചാരുതക്ക് നടുവിൽ, ആകാശം മാത്രം മേലാപ്പായി അത്യന്തം ലളിതമായ ഒരു ചതുരനിർമിതി ! ആൾത്തിരക്കിനിടയിൽ ഏകാകിയായി ഒരുപാട് നേരം കഅ്ബയെ നോക്കിനിന്നിട്ടുണ്ട്. ഓരോ വിശ്വാസിയും മനസ്സിൽ ഒരു സ്വപ്നമായി താലോലിക്കുന്ന ഈ ഭവനത്തിന്റെ പൊരുൾ എന്താണ്? "മനുഷ്യർക്കായി നിർമിക്കപ്പെട്ട പ്രഥമ ദൈവഭവനം ബക്കയിൽ (മക്കയിൽ) തന്നെയാകുന്നു. അനുഗൃഹീതമാണത്. ലോകർക്കാകമാനം വഴികാട്ടിയും. അതിൽ വ്യക്തമായ ദൃഷ്ടാന്തങ്ങളുണ്ട്. മഖാമു ഇബ്റാഹീം (ഇബ്റാഹീമിന്റെ ആരാധനാസ്ഥാനം) ഉണ്ട്. അതിൽ പ്രവേശിക്കുന്നവർ നിർഭയരായിരിക്കുന്നു" (ഖുർആൻ 3: 96-97). മനുഷ്യർക്ക് വേണ്ടി നിർമിക്കപ്പെട്ട ഭവനം. ലോകത്തിന്റെ വഴികാട്ടി. യുദ്ധവും രക്തച്ചൊരിച്ചിലും പകയും വിദ്വേഷവും നിഷിദ്ധമാക്കപ്പെട്ട സമാധാന ഗേഹം. ബൈത്തുൽ ഹറാം! "പരിശുദ്ധ ഗേഹമായ കഅ്ബയെ അല്ലാഹു ജനങ്ങൾക്ക് നിലനിൽപ്പിനുള്ള ആധാരമാക്കി നിശ്ചയിച്ചിരിക്കുന്നു" (ഖുർആൻ 5:97). സംസ്കാരത്തിന്റെയും നാഗരികതയുടെയും അസ്തിവാരം. മക്കയെന്ന താഴ് വരയിൽ ഉറവെടുത്ത് ലോകമൊട്ടുക്കും പടർന്നു പന്തലിച്ച ദൈവിക മാർഗദർശനത്തിന്റെ പ്രഭവ കേന്ദ്രം. ലോകത്തിന്റെ വഴികാട്ടി എന്ന പ്രയോഗം എത്ര അർഥഗർഭമാണ്!
ചരിത്രത്തിലെ രണ്ട് മഹാ പ്രവാചകൻമാരുടെ സംഗമ ഭൂമിയിലാണ് നിങ്ങൾ നിൽക്കുന്നത്. നിങ്ങളുടെ ചുണ്ടിൽ എപ്പോഴും ആ പ്രാർഥനയുണ്ട്: 'മുഹമ്മദിന്റെയും (സ) കുടുംബത്തിന്റെയും മേൽ അല്ലാഹുവിന്റെ അനുഗ്രഹവും രക്ഷയുമുണ്ടാവട്ടെ; ഇബ്റാഹീമിന്റെയും (അ) കുടുംബത്തിന്റെയും മേൽ അല്ലാഹു രക്ഷയും അനുഗ്രഹവും ചൊരിഞ്ഞതു പോലെ.' മനസ്സിന്റെ കണ്ണ് തുറന്നുവെച്ചാൽ ഇബ്റാഹീമും മകൻ ഇസ്മാഈലും ചേർന്ന് കഅ്ബ പടുത്തുയർത്തുന്നത് നിങ്ങൾക്ക് കാണാം. പാറക്കല്ലുകൾ ചുമലിലേറ്റി ഇസ്മാഈൽ നടന്നുവരുന്നതും ഉയരമുള്ള ഒരു കല്ലിൽ കയറിനിന്ന് ഇബ്റാഹീം ആ കല്ലുകൾ ഏറ്റുവാങ്ങി ഒന്നൊന്നായി അടുക്കിവെച്ച് കഅ്ബയുടെ ചുമര് പണിയുന്നതും. അവരുടെ ചുണ്ടുകൾ ഒരു പ്രാർഥന ഉരുവിടുന്നുണ്ട്. നെറ്റിത്തടത്തിൽ പൊടിയുന്ന വിയർപ്പ് കണങ്ങൾ അവർ കൈകൊണ്ട് ഒപ്പിയെടുക്കുന്നുണ്ട്. "ഞങ്ങളുടെ റബ്ബേ, ഈ കർമം ഞങ്ങളിൽനിന്ന് നീ സ്വീകരിക്കേണമേ" എന്നാണ് അവർ പ്രാർഥിച്ചുകൊണ്ടിരിക്കുന്നത്. മൂന്ന് മതങ്ങളുടെ പ്രവാചകനായ ഇബ്റാഹീമിൽനിന്ന് ചരിത്രം ഇസ്മാഈലിലൂടെ മുഹമ്മദിലേക്ക് നീളുന്നു. ഇടയിലെപ്പോഴോ തൗഹീദിന്റെ ഗേഹമായ കഅ്ബയിൽ ജാഹിലിയ്യത്തിന്റെ വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കപ്പെടുന്നു. തൗഹീദും ശിർക്കും മുഖാമുഖം കണ്ടുമുട്ടുന്നു. മുഹമ്മദിലൂടെ ചരിത്രവും നാഗരികതയും തൗഹീദിലേക്ക് തിരിഞ്ഞൊഴുകുന്നു.
ആ ചരിത്രത്തിന്റെ ശേഷിപ്പുകളാണ് ഹജറുൽ അസ് വദും ഹിജ്റ് ഇസ്മാഈലും മഖാമു ഇബ്റാഹീമും. ഒരു പ്രളയത്തിൽ കേടുപാടുകൾ സംഭവിച്ച കഅ്ബ ഖുറൈശികൾ പുതുക്കിപ്പണിതപ്പോൾ കഅ്ബയുടെ ഭാഗമായ ഹിജ്റ് ഇസ്മാഈൽ കൂടി ചേർത്ത് പണിയാൻ പണം തികയാഞ്ഞത് കാരണം അവർക്ക് സാധ്യമായില്ലത്രെ. നിഷിദ്ധമായ മാർഗത്തിലൂടെയുള്ള സമ്പാദ്യം കഅ്ബയുടെ നിർമാണത്തിന് ഉപയോഗിക്കുകയില്ല എന്ന നിർബന്ധമായിരുന്നു അതിന് കാരണം. അങ്ങനെയാണ് ഹിജ്റ് ഇസ്മാഈൽ ഇപ്പോൾ കാണുന്നതു പോലെ കഅ്്ബയോട് ചേർന്ന് കഅ്ബക്ക് പുറത്ത് നിലകൊള്ളുന്നത് എന്ന് ചരിത്രത്തിൽ വായിക്കാം. കഅ്ബയിൽ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച് അവയെ ആരാധിക്കുമ്പോൾ തന്നെ, ബഹുദൈവാരാധകരായ ഖുറൈശികൾ കഅ്ബയോട് പുലർത്തിയിരുന്ന ആദരവിന്റെ ഉദാഹരണമായി ഈ സംഭവം ചൂണ്ടിക്കാണിക്കപ്പെടുന്നു. നിരവധി പുനരുദ്ധാരണങ്ങളിലൂടെ കടന്നുവന്നാണ് കഅ്ബ ഇബ്റാഹീം നബി പണിത യഥാർഥ ഘടനയിൽനിന്ന് ചെറിയ മാറ്റങ്ങളോടെ ഇപ്പോഴത്തെ അവസ്ഥയിൽ നിലനിൽക്കുന്നത് എന്ന് ചരിത്രം രേഖപ്പെടുത്തുന്നു. കഅ്ബയെ അതിന്റെ പൂർവ മാതൃകയിൽ പുനർനിർമിക്കാൻ നബി (സ) ആഗ്രഹിച്ചിരുന്നുവെന്നും പുതുതായി ഇസ്ലാമിലേക്ക് കടന്നുവന്ന ആളുകൾക്ക് അത് ഉൾക്കൊള്ളാൻ പ്രയാസമായിരിക്കുമെന്നതിനാൽ അത് ഉപേക്ഷിക്കുകയായിരുന്നുവെന്നും ഹദീസുകളിൽ കാണാം. തൗഹീദിന്റെ പ്രതീകമായി, ജനലക്ഷങ്ങളുടെ സ്വപ്നസാഫല്യമായി അനാർഭാടസുന്ദരമായ വിശുദ്ധ ഗേഹം പരിലസിക്കുന്നു. ത്വവാഫിനായി വന്നണയുന്ന വിശ്വാസികൾ വിളിച്ചു പ്രാർഥിക്കുന്നത് കഅ്ബയുടെ നാഥനോടാണ്. ഒരു നിമിഷം പോലും അവരുടെ ചിന്തകളിൽ ആരാധനാമൂർത്തിയായി കഅ്ബയില്ല, ഹജറുൽ അസ്‌വദില്ല, മഖാമു ഇബ്റാഹീം ഇല്ല. അതുണ്ടായാൽ പിന്നെ ഇബ്റാഹീമില്ല, മുഹമ്മദില്ല, അല്ലാഹുവിന്റെ ഭവനമില്ല. വിശ്വാസിയുടെ ഭാവനകൾ കഅ്ബയിൽ ബന്ധിതമായിപ്പോകാതിരിക്കാൻ വേണ്ടിയായിരിക്കുമോ ഏറ്റവും ലളിതമായ ഒരു രൂപഘടന അതിന് നൽകിയിരിക്കുന്നത്?
മത്വാഫിൽനിന്ന് സ്വഫായിലേക്ക് ചെന്നാൽ ഹാജർ കുഞ്ഞിന് പാനജലം തേടി ഓടിക്കയറിയ സ്വഫാ കുന്നിന്റെ അവശിഷ്ടം കാണാം. മർവയിലുമുണ്ട് മിനുസമുള്ള പാറയുടെ ഒരു തുണ്ട്. സ്വഫാ - മർവക്കിടയിൽ ഖുറൈശികളുടെ പാർലമെന്റായിരുന്ന ദാറുന്നദ് വയുടെയും, നബിയും അനുചരൻമാരും ഒത്തുകൂടിയിരുന്ന ദാറുൽ അർഖമിന്റെയും സ്ഥാനം അടയാളപ്പെടുത്തിയിട്ടുണ്ട്. മർവയിൽനിന്ന് പുറത്തേക്ക് കടന്നാൽ ചുറ്റിലും പാറക്കുന്നുകളാണ്. മൂന്ന് വർഷം പ്രവാചകന്നും അനുചരൻമാർക്കുമെതിരെ ശത്രുക്കൾ ഉപരോധമേർപ്പെടുത്തിയ ശിഅ്ബ് അബീത്വാലിബ് അടുത്തു തന്നെയുണ്ട്. നബി (സ) പിറന്നുവീണ വീടിന്റെ സ്ഥാനത്ത് ഇപ്പോൾ ഒരു ലൈബ്രറിയാണ്. ഖദീജാ ബീവിയുടെ വീട് ഉണ്ടായിരുന്നതും ഈ പരിസരത്ത് തന്നെ. കഅ്ബയുടെ ഒരു കിലോമീറ്റർ ചുറ്റളവിനുള്ളിലാണ് ഈ ചരിത്ര സ്ഥലികളൊക്കെയും. ചരിത്രത്തിലേക്ക് മനസ്സഞ്ചാരം നടത്തിയെങ്കിലേ ത്വവാഫും സഅ്യും അനുഭവിക്കാൻ കഴിയൂ. ഇല്ലെങ്കിൽ മസ്ജിദുൽ ഹറാമിലെ ആധുനിക സൗകര്യങ്ങളുടെ സുഖശീതളിമയിൽ നിങ്ങൾ സ്വയം നഷ്ടപ്പെട്ടു പോകും.
ആൾക്കൂട്ടത്തിൽ തനിച്ചാവുന്ന നിമിഷങ്ങളാണ് ത്വവാഫും സഅ്യും. ഒരുമിച്ച് ഒരേ താളത്തിൽ പ്രാർഥനകൾ ചൊല്ലിക്കൊണ്ട് നീങ്ങുന്ന തീർഥാടക സംഘങ്ങൾ. ആൾത്തിരക്കിൽ വേർപെട്ടു പോവാതിരിക്കാൻ പരസ്പരം കൈകൾ കോർത്തുപിടിച്ച് നീങ്ങുന്ന ദമ്പതികൾ, സുഹൃത്തുക്കൾ, സഹോദരീ സഹോദരങ്ങൾ. കുഞ്ഞുങ്ങളെയും പ്രായം ചെന്ന സ്ത്രീകളെയും പുരുഷൻമാരെയും തോളിലേറ്റി ത്വവാഫ് ചെയ്യുന്നവർ. നിങ്ങളും ഒരു സംഘത്തിന്റെ ഭാഗമാണ്. കൂട്ടത്തിലൊരാൾ ഉറക്കെ ചൊല്ലിത്തരുന്ന ദിക്റുകളും പ്രാർഥനകളും നിങ്ങൾ ഏറ്റു പറയുന്നുണ്ട്. പക്ഷേ, റബ്ബിന്റെ മുന്നിൽ സമർപ്പിക്കാൻ നിങ്ങളുടേത് മാത്രമായ സങ്കടങ്ങളുടെ ഒരു ഭാണ്ഡക്കെട്ടുമായാണ് നിങ്ങൾ വന്നിരിക്കുന്നത്. ആൾക്കൂട്ടത്തിനിടയിലായിരിക്കുമ്പോഴും, നിങ്ങൾ നിങ്ങളുടെ റബ്ബിന്റെ കൂടെ തനിച്ചാണ് ! വ്യക്തിയും സമൂഹവും ഒരേ ലക്ഷ്യത്തിലേക്ക്, ഒരേ നാഥനിലേക്ക്, ഒരേ മനസ്സോടെ മുന്നേറുകയാണിവിടെ. സമൂഹത്തിൽനിന്ന് മാറിനിന്നുകൊണ്ടുള്ള വ്യക്തിയുടെ മോക്ഷം ഇസ്ലാമിൽ ഇല്ല. സമൂഹതാൽപര്യങ്ങളെ ക്ഷതപ്പെടുത്തിക്കൊണ്ടുള്ള വ്യക്തിസുഖമോ, വ്യക്തിയെ അവഗണിച്ചുകൊണ്ടുള്ള സാമൂഹികതയോ ഇല്ല. വ്യക്തിയാണ് സമൂഹത്തിന്റെ അസ്തിവാരം. സമൂഹമാണ് വ്യക്തിയുടെ അവലംബം. വ്യക്തിയും സമൂഹവും തമ്മിലുള്ള സന്തുലിതമായ ബന്ധത്തിന്റെ മനോഹരമായ ആവിഷ്കാരമാണ് ഹജ്ജ്. l
(ഐ.പി.എച്ച് പ്രസിദ്ധീകരിക്കാനിരിക്കുന്ന 'അനുഭവങ്ങളിലെ ഹജ്ജ് ' എന്ന പുസ്തകത്തിന്റെ ഒന്നാം അധ്യായത്തിൽനിന്ന്)