ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി അധ്യക്ഷൻ ഡോ. ശഫീഖുർറഹ്മാൻ ബംഗ്ലാദേശിലെ ഏറ്റവും ഒടുവിലത്തെ സംഭവവികാസങ്ങൾ വിശദീകരിക്കുകയും ജമാഅത്തിന്റെ നിലപാടുകൾ വ്യക്തമാക്കുകയും ചെയ്യുന്നു. ബംഗ്ലാദേശിലെ മൗലവി ബസാർ നഗരത്തിൽ 1958 ഒക്ടോബർ 31-നാണ് അദ്ദേഹത്തിന്റെ ജനനം. 1983-ൽ വൈദ്യശാസ്ത്രത്തിൽ ബിരുദം. സർജറിയിൽ സവിശേഷ പഠനം. വിവിധ ആരോഗ്യമേഖലകളിൽ ജോലി ചെയ്തു. 1977-ൽ തന്നെ ജമാഅത്തിന്റെ വിദ്യാർഥി വിഭാഗമായ ഛാത്ര ശിബ്റിൽ ചേരുകയും അതിന്റെ സിൽഹട്ട് മേഖലാ അധ്യക്ഷനാവുകയും ചെയ്തിരുന്നു. 1984-ലാണ് ജമാഅത്തിൽ അംഗത്വമെടുക്കുന്നത്. ഏറെ വൈകാതെ ജമാഅത്തിന്റെ സിൽഹട്ട് മേഖലാ അധ്യക്ഷനായി. 2016 മുതൽ 2019 വരെ ബംഗ്ലാ ജമാഅത്തെ ഇസ്ലാമിയുടെ സെക്രട്ടറി ജനറലായിരുന്നു. 2019 നവമ്പർ 12-ന് ബംഗ്ലാ ജമാഅത്തെ ഇസ്ലാമിയുടെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു. ടർക്കിഷ് റേഡിയോ ആന്റ് ടെലിവിഷൻ കോർപറേഷൻ (ടി.ആർ. ടി) അറബിക് വിഭാഗം ഡോ. ശഫീഖുർറഹ്മാനുമായി നടത്തിയ അഭിമുഖം.
ബംഗ്ലാദേശിലെ പുതിയ സംഭവവികാസങ്ങൾക്ക് ശേഷം താങ്കളുമായി ആദ്യ അഭിമുഖം നടത്താനുള്ള ഭാഗ്യമുണ്ടായത് തുർക്കിയയിലെ ടി.ആർ.ടിക്കാണ്. കഴിഞ്ഞ ഏതാനും വർഷങ്ങൾ ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമിയെ സംബന്ധിച്ചേടത്തോളം കൊടിയ പീഡന പർവങ്ങളുടെ കാലമായിരുന്നല്ലോ. സംഘടനയുടെ മുതിർന്ന നേതാക്കൾ തൂക്കിലേറ്റപ്പെട്ടു. അതിന്റെ സ്ഥാവര സ്വത്തുക്കൾ കൈയേറ്റം ചെയ്യപ്പെട്ടു. നേതാക്കളും പ്രവർത്തകരുമുൾപ്പെടെ ആയിരക്കണക്കിനാളുകൾ ജയലിറകൾക്കുള്ളിലായി. ഇത് നിങ്ങളുടെ സംഘടനയെ ഏതൊക്കെ നിലയിലാണ് ബാധിച്ചത്? ബംഗ്ലാ പൊതു സമൂഹത്തെ അത് ഏതു വിധത്തിലാണ് സ്വാധീനിച്ചത് ?
ഞങ്ങൾ അനുഭവിച്ച പീഡനങ്ങൾ ലോകർക്ക് മുന്നിലെത്തിക്കാൻ സൻമനസ്സ് കാണിച്ച ടി.ആർ.ടി ചാനലിന് ആദ്യമായി നന്ദി അറിയിക്കട്ടെ. പല ചാനലുകളും എന്നോട് അഭിമുഖത്തിന് അവസരം ചോദിച്ചിരുന്നു. ഞാൻ നിരസിക്കുകയാണ് ചെയ്തത്. ആദ്യത്തെ അവസരം തന്നെ നിങ്ങൾക്ക് നൽകാനുള്ള കാരണം, ഈ ചാനലിലൂടെ വേണം ലോകം ഇതേക്കുറിച്ചറിയാൻ എന്ന ഞങ്ങളുടെ ആഗ്രഹമാണ്. ചോദ്യത്തിലേക്ക് വരാം. നിങ്ങൾക്കറിയാവുന്നതു പോലെ ഹസീനയുടെ ഭീകര ഏകാധിപത്യ ഭരണം പതിനഞ്ച് വർഷമാണ് നീണ്ടുനിന്നത്. കടുത്ത പീഡനങ്ങളും അടിച്ചമർത്തലുകളും ഈ കാലയളവിൽ ജമാഅത്തിന് നേരിടേണ്ടി വന്നു. അടിച്ചമർത്തൽ പല രീതിയിലായിരുന്നു. ജുഡീഷ്യറിയെയും മറ്റു നിയമ സംവിധാനങ്ങളെയും ദുരുപയോഗം ചെയ്തുള്ള അടിച്ചമർത്തലായിരുന്നു ആദ്യത്തേത്. കേസുകൾ മുഴുവൻ കെട്ടിച്ചമച്ചത്. ആ കള്ളക്കേസുകളിലാണ് ജമാഅത്തിന്റെ മുതിർന്ന നേതാക്കൾ തൂക്കിലേറ്റപ്പെട്ടത്. പതിനൊന്ന് നേതാക്കളാണ് ഇങ്ങനെ ഞങ്ങൾക്ക് നഷ്ടമായത്. ഇതിൽ അഞ്ചു പേർ തൂക്കുമരത്തിൽ രക്തസാക്ഷികളായെങ്കിൽ, അഞ്ചു പേർ മതിയായ ചികിത്സ കിട്ടാതെ തടവറകളിൽ രക്തസാക്ഷികളാവുകയായിരുന്നു. ഒരാളെ സൈന്യത്തിന്റെ ഒരു ഉപവിഭാഗം നേരിട്ട് കൊലപ്പെടുത്തുകയായിരുന്നു. പ്രക്ഷോഭം നടക്കുമ്പോൾ ജമാഅത്തിന്റെ ഉപാധ്യക്ഷൻ തൂക്കുമരം കാത്ത് കിടക്കുകയായിരുന്നുവെന്ന് നിങ്ങൾ അറിയണം.
ജമാഅത്തിന്റെ മുഴുവൻ ഓഫീസുകളും ഹസീന അടച്ചുപൂട്ടുകയുണ്ടായി. നമ്മുടെ അഭിമുഖം നടക്കുന്ന ഈ ഓഫീസ് അതിന് ഏറ്റവും നല്ല തെളിവാണ്. ഇവിടെ നിങ്ങൾ കാണുന്ന ഈ കർട്ടനുകൾ മാത്രമേയുള്ളൂ. പാർട്ടിപ്രവർത്തനം നടത്താൻ ഓഫീസുകളൊന്നും ബാക്കിയില്ല എന്നതാണ് ഞങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ. അതേസമയം പഴയ നിലയിലേക്ക് കാര്യങ്ങളെത്തിക്കാൻ ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുകയുമാണ്. കഴിഞ്ഞ പതിനഞ്ച് വർഷത്തിനിടക്ക് ജമാഅത്തിന്റെ 550 അംഗങ്ങളെയാണ് ഹസീനാ ഭരണകൂടം കൊലപ്പെടുത്തിയത്. അയ്യായിരത്തി അഞ്ഞൂറ് പ്രവർത്തകർക്ക് ജയിലിലെ നിരന്തര പീഡനങ്ങൾ കാരണം വലിയ തോതിൽ ശാരീരിക വൈകല്യങ്ങളുണ്ടായി. അവരിൽ കണ്ണുകൾ നഷ്ടപ്പെട്ടവരുണ്ട്. കൈകളും കാലുകളും നഷ്ടപ്പെട്ടവരുണ്ട്. ഇതിന്റെയൊക്കെ കഠിന വേദനകളിലാണ് ഞങ്ങളിപ്പോഴും കഴിയുന്നത്. പതിനാലായിരത്തി അഞ്ഞൂറിലധികം കേസുകളാണ് ഞങ്ങൾക്കെതിരെ കോടതികളിൽ ഫയൽ ചെയ്തത്. 22 ലക്ഷം വരുന്ന ഞങ്ങളുടെ പ്രവർത്തകരിലേക്കൊക്കെ ഈ കേസുകൾ എത്തുന്നുണ്ട്. പക്ഷേ, ഈ അതിക്രമങ്ങളൊന്നും ബംഗ്ലാ ജനതക്ക് വെച്ചുപൊറുപ്പിക്കാൻ കഴിയുമായിരുന്നില്ല. കഴിഞ്ഞ പ്രക്ഷോഭത്തിൽ ഞങ്ങൾ ഞങ്ങളുടേതായ ക്രിയാത്മക പങ്ക് വഹിച്ചിട്ടുണ്ട്. പ്രക്ഷോഭം സംഘടിപ്പിക്കുകയും മറ്റുള്ളവർ സംഘടിപ്പിച്ച പ്രക്ഷോഭങ്ങളിൽ പങ്ക് ചേരുകയും ചെയ്തിട്ടുണ്ട്.
ഇങ്ങനെയൊക്കെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ചിട്ടും അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഇക്കാലയളവിൽ ജമാഅത്ത് കൂടുതൽ ശക്തിപ്പെടുകയാണ് ചെയ്തത്. സത്യത്തിന്റെയും നീതിയുടെയും പാതയിൽ സഞ്ചരിച്ച് ജനങ്ങൾക്ക് താങ്ങും തണലുമാകുന്നവരെ തടയാൻ ഒരാൾക്കും സാധിക്കില്ലെന്നതിന്റെ തെളിവ് കൂടിയാണിത്.
ഇത്രയധികം ഉന്മൂലന ശ്രമങ്ങൾ അതിജീവിച്ച ഈ സംഘടനക്ക് വരുംകാലങ്ങളിൽ പുതിയ ചിന്തകളും സംഘടനാ ചട്ടക്കൂടുകളും ആവശ്യമാണെന്ന് താങ്കൾ കരുതുന്നുണ്ടോ? സോഷ്യൽ മീഡിയയിലെ ചില ചർച്ചകൾ ശ്രദ്ധിച്ചു. ഒരു വ്യക്തി എന്നതിലുപരി ഒരു സമിതിയാണ് ഇനി ജമാഅത്തിനെ നയിക്കുക എന്ന രീതിയിലാണ് ചർച്ചകൾ.
ജമാഅത്തിനെ എങ്ങനെ മുന്നോട്ട് ചലിപ്പിക്കാം എന്നതിനെക്കുറിച്ച് പല ചിന്തകളും പങ്കുവെക്കപ്പെടുന്നുണ്ട്. വ്യക്തിയാണോ സമിതിയാണോ സംഘടനയെ മുന്നോട്ട് കൊണ്ടുപോകേണ്ടത് എന്നത് അത്തരം ചർച്ചകളിലൊന്നാണ്. മുമ്പും എങ്ങനെ മുന്നോട്ട് പോകണം എന്ന് തീരുമാനിച്ചിരുന്നത് അതിന്റെ കേന്ദ്ര കൂടിയാലോചനാ സമിതിയാണ്. ജമാഅത്തിന്റെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയും തീരുമാനങ്ങൾക്കായി ആശ്രയിക്കുക ഈ കേന്ദ്രസമിതിയെ തന്നെയായിരിക്കും. സംഘടനാപരമായി മൂന്ന് തലങ്ങളാണ് ജമാഅത്തിനുള്ളത്. ഏറ്റവും മുകളിലുള്ളത് കൂടിയാലോചനാ സമിതി (മജ്ലിസുശ്ശൂറാ). പുരുഷൻമാരും സ്ത്രീകളുമായി ഇതിൽ മുന്നൂറ് അംഗങ്ങളുണ്ടാവും. നിർവാഹക (എക്സിക്യൂട്ടീവ്) സമിതിയാണ് രണ്ടാമത്തേത്. ദൈനം ദിന പ്രവർത്തനങ്ങളുടെ സംഘാടനമാണ് ഇതിന്റെ ചുമതല. 53 പേരാണ് ഈ സമിതിയിൽ ഉണ്ടാവുക. അടിയന്തര ഘട്ടങ്ങളിലുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയാണ് മൂന്നാം സമിതിയുടെ ചുമതല. ആദ്യ രണ്ട് സമിതിയിൽ ഉള്ളതിനെക്കാൾ കുറഞ്ഞ അംഗങ്ങളേ ഇതിൽ കാണൂ - 21 പേർ. നിലവിൽ ആ സമിതിയിൽ 19 പേരേ ഉള്ളൂ.
ഒരു വലിയ മാറ്റത്തിന്റെ വക്കിലാണ് ഇന്ന് ബംഗ്ലാദേശ്. ജമാഅത്തും അതിന്റെ വിദ്യാർഥി വിഭാഗവും ഈ മാറ്റത്തിൽ ഏതു തരത്തിൽ പങ്കാളികളാവണമെന്നാണ് ഉദ്ദേശിക്കുന്നത്?
നിലവിലുള്ള അവസ്ഥയിൽ തൃപ്തരാണെന്നോ അതൃപ്തരാണെന്നോ ഞങ്ങൾ പറയുന്നില്ല. ഏതവസ്ഥയിലും ജനങ്ങളുടെ ആവശ്യങ്ങൾ ഇടക്കാല ഭരണസംവിധാനം മുഖവിലയ്ക്കെടുക്കുമെന്ന് തന്നെയാണ് ഞങ്ങൾ കരുതുന്നത്. ഈ ഭരണകൂടത്തെ ക്രിയാത്മകമായി സഹായിക്കുക എന്നതാണ് ഞങ്ങളുടെ ഡ്യൂട്ടി. അവരുമായി കൂടിയാലോചനകൾ നടക്കുന്നുണ്ട്. അതിനർഥം പിഴവുകൾക്ക് നേരെ കണ്ണ് ചിമ്മും എന്നല്ല. തിരുത്തലുകൾ നിർദേശിച്ച് ഭരണകൂടത്തെ ശരിയായ വഴിയിലേക്ക് കൊണ്ടുവരും. അതിന്റെ പ്രവർത്തനങ്ങളെ ഞങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. നൻമയിൽ സഹകരണം, തിൻമയിൽ നിസ്സഹകരണം എന്നതാണ് ഇവിടെയും പോളിസി.
ബംഗ്ലാദേശിൽ ഏതു തരം രാഷ്ട്രീയ സംവിധാനം ഉണ്ടാകണമെന്നാണ് ജമാഅത്ത് ആഗ്രഹിക്കുന്നത് ?
ഒരു കാര്യം കൂടി ഞാൻ ഊന്നിപ്പറയാൻ ആഗ്രഹിക്കുന്നു. ജമാഅത്തിനെ മാത്രമല്ല ഹസീന ഉപദ്രവിച്ചത്. മുഴുവൻ ജനതക്കും അത്തരം പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഇസ്ലാമിക പണ്ഡിതൻമാർക്കും ഇസ്ലാമിക കൂട്ടായ്മകൾക്കുമാണ് ഏറ്റവുമധികം പീഡനങ്ങളേൽക്കേണ്ടി വന്നത് എന്നു മാത്രം. രാജ്യത്തെ ഏറ്റവും വലിയ ഇസ്ലാമിക സംഘടന എന്ന നിലയിൽ ഞങ്ങൾക്കെതിരെ പീഡനങ്ങൾ അതിരൂക്ഷവുമായി. ഏതായാലും വരാൻ പോകുന്ന പൊതു തെരഞ്ഞെടുപ്പ് സംശുദ്ധവും നിഷ്പക്ഷവുമാവണമെന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ട്. ഒരു പാർട്ടിയും മറ്റൊരു പാർട്ടിക്കു വേണ്ടി തഴയപ്പെടരുത്. നിഷ്പക്ഷമായി നടത്തപ്പെട്ട എല്ലാ തെരഞ്ഞെടുപ്പുകളിലും ഞങ്ങൾ മത്സരിക്കുകയും ഞങ്ങൾക്ക് എം.പിമാരെ ലഭിക്കുകയും ചെയ്തിട്ടുണ്ട്. മന്ത്രിസ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. അതിനാൽ, വരാൻ പോകുന്ന തെരഞ്ഞെടുപ്പിലും ഞങ്ങൾ പങ്കെടുക്കും. ഏതായാലും ഒരുങ്ങാൻ ഞങ്ങൾക്ക് കുറച്ച് സമയം വേണ്ടിവരും. പഴയ രാഷ്ട്രീയ സഖ്യങ്ങളൊന്നും ഇപ്പോൾ നിലനിൽക്കുന്നില്ല. ഓരോ പാർട്ടിയും തങ്ങളുടേതായ രാഷ്ട്രീയ ലൈനുമായി മുന്നോട്ടു പോവുകയാണ്. അതേസമയം അതിക്രമങ്ങളെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒറ്റക്കെട്ടായാണ് എതിർത്തത്. ആ സൗഹൃദങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. രാജ്യത്തിന്റെയും ജനങ്ങളുടെയും നൻമ മുന്നിൽ വെച്ച് തീരുമാനങ്ങളെടുക്കുന്നതിന് ഇപ്പോൾ പ്രയാസമില്ല.
ഹസീന ഇപ്പോഴുള്ളത് ഇന്ത്യയിലാണല്ലോ. ഇത് ഇന്ത്യയുമായി സൗഹൃദത്തിലാവുന്നതിന് തടസ്സമാവുമെന്ന് താങ്കൾ കരുതുന്നുണ്ടോ?
ഇന്ത്യ ബംഗ്ലാദേശിന്റെ അയൽ രാഷ്ട്രമാണ്. ഇരു രാഷ്ട്രങ്ങളുടെയും പൊതു താൽപര്യങ്ങളുടെ അടിസ്ഥാനത്തിൽ, പരസ്പര ആദരവ് നിലനിർത്തിക്കൊണ്ടുള്ള സൗഹൃദ ബന്ധങ്ങൾ രൂപപ്പെട്ടു വരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഒരു രാഷ്ട്രത്തിന്റെയും താൽപര്യങ്ങൾക്ക് പരിക്കേൽപ്പിക്കുന്ന തരത്തിലാവരുത് നീക്കങ്ങൾ. നീതിയുടെയും പരസ്പര ആദരവിന്റെയും അടിസ്ഥാനത്തിലാവണം ഈ അയൽപക്ക ബന്ധങ്ങളെന്ന് ജമാഅത്ത് കരുതുന്നു. കടുത്ത അതിക്രമങ്ങൾ ചെയ്ത ശേഷമാണ് ഹസീന ഇന്ത്യയിലേക്ക് ഒളിച്ചോടിയത്. ആരും നിയമത്തിന് അതീതരല്ല എന്ന് വിശ്വസിക്കുന്ന ഇന്ത്യ, ഹസീനയെ വിചാരണക്കായി വിട്ടുതരുമെന്ന് തന്നെയാണ് ഞാൻ കരുതുന്നത്. ഒരുപാട് കേസുകളിൽ വിചാരണ നടക്കേണ്ടതുള്ളതുകൊണ്ട് ഇന്ത്യയുടെ സഹകരണം ഞങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം ഹസീന ഇന്ത്യയിൽ ഉണ്ട് എന്നതുകൊണ്ട് മാത്രം ജമാഅത്തിന്റെയോ മറ്റു പ്രതിപക്ഷ സംഘടനകളുടെയോ നിലപാട് നിഷേധാത്മകമാവുകയില്ല. കുറ്റവാളികളെ കൈമാറാനുള്ള കരാർ ഇരു രാഷ്ട്രങ്ങളും തമ്മിൽ നേരത്തേ തന്നെ ഉണ്ടല്ലോ.
നിലവിലെ സാഹചര്യത്തിൽ അമേരിക്ക, ചൈന, റഷ്യ പോലുള്ള വൻശക്തികളുമായി ഏതു തരം ബന്ധങ്ങളാവാമെന്നാണ് ജമാഅത്ത് ആഗ്രഹിക്കുന്നത്?
ബംഗ്ലാദേശിലെ വിദ്യാർഥി പ്രക്ഷോഭത്തിന് പിന്നിൽ അമേരിക്കയുടെ നിഗൂഢ കൈ ഉണ്ടെന്നാണ് ഹസീന ആരോപിച്ചത്. ഞങ്ങൾക്ക് ആ അഭിപ്രായമില്ല. ഞങ്ങൾ ഈ പ്രക്ഷോഭത്തിൽ ആദ്യന്തം ഉണ്ടായിരുന്നു. ഒരു അമേരിക്കൻ ഇടപെടലും ഞങ്ങൾക്ക് അനുഭവപ്പെട്ടിട്ടില്ല. ബംഗ്ലാദേശിലെ 180 മില്യൻ ജനങ്ങളും അതിൽ പങ്കാളികളായി. ഉമ്മമാർ കൈക്കുഞ്ഞുങ്ങളുമായി തെരുവിലിറങ്ങി. പ്രത്യേകിച്ച് സംഘാടനമൊന്നുമില്ലാതെ ഒരു ജനതയൊന്നാകെ പ്രക്ഷോഭത്തിൽ അണിചേരുകയായിരുന്നു. അമേരിക്ക, റഷ്യ, ചൈന പോലുള്ള രാജ്യങ്ങളുമായി എങ്ങനെ ബന്ധമുണ്ടാക്കണമെന്നതിനെ സംബന്ധിച്ച് ഭരണഘടനയിൽ വ്യക്തമായ നിർദേശമുണ്ട്. രാജ്യതാൽപര്യത്തിന് വിരുദ്ധമായിരിക്കരുത് ഏത് അന്താരാഷ്ട്ര ബന്ധവും എന്നതാണ് ആ നിർദേശം. അടിസ്ഥാനപരമായി ആരോടും ഞങ്ങൾക്ക് ശത്രുതയില്ല. ഇതിന്റെ അടിസ്ഥാനത്തിൽ തന്നെയാവും ഞങ്ങളുടെ രാഷ്ട്രീയനയങ്ങളും രൂപപ്പെടുക. l
മുസ്ലിം വിരുദ്ധ ബില്ലുകൾ പാർലമെന്റിൽ പാസ്സാക്കിയെടുക്കാനുള്ള തിരക്കിൽ തന്നെയാണ്, വീര്യം അല്പം ചോർന്നെങ്കിലും ഹിന്ദുത്വയിൽ നിന്ന് ഒരിഞ്ചും പിറകോട്ട് പോകാൻ കൂട്ടാക്കാത്ത മോദി സർക്കാർ. ഏതാണ്ട് നാല്പത്തി നാല് ഭേദഗതികൾ വരുത്തി വഖ്ഫ് നിയമത്തെ അപ്പാടെ മാറ്റിമറിക്കാനായിരുന്നു ഇത്തവണത്തെ ശ്രമം. രാജ്യത്തൊട്ടാകെ 30 വഖ്ഫ് ബോർഡുകളുണ്ട്. ദർഗകളും പള്ളികളും ഖബർസ്ഥാനുകളുമുൾപ്പെടെ ഏകദേശം 9 ലക്ഷത്തോളം വസ്തുക്കളാണ് ഈ ബോർഡുകൾ നിയന്ത്രിക്കുന്നത്. വഖ്ഫ് ബോർഡുകളുടെ അധികാരം നിയന്ത്രിക്കുക, വഖ്ഫ് ബോർഡിന് മേൽ ഗവൺമെന്റിനും ബ്യൂറോക്രസിക്കും കൂടുതൽ നിയന്ത്രണം നൽകുക, അമുസ്ലിംകളെ ബോർഡുകളിൽ അംഗങ്ങളാക്കാൻ അനുവദിക്കുക, വഖ്ഫ് ബോർഡിലേക്ക് സ്വത്തുക്കൾ സംഭാവന ചെയ്യുന്നത് നിയന്ത്രിക്കുക, വഖ്ഫ് ട്രിബ്യൂണലുകളുടെ പ്രവർത്തനരീതി മാറ്റുക തുടങ്ങിയവയാണ് നിർദേശിക്കപ്പെട്ട പ്രധാന ഭേദഗതികൾ. പാർലമെന്റിൽ പ്രതിപക്ഷം ബില്ലിനെ ശക്തമായി എതിർത്തതിനെ തുടർന്ന്, ബില്ല് വിശദമായി പഠിക്കാൻ 31 അംഗ ജോയിന്റ് പാർലമെന്ററി കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ്. ബില്ലിൽ നിർദേശിക്കുന്ന ഭേദഗതികളെക്കുറിച്ച് സംസാരിക്കുകയാണ് ഓൾ ഇന്ത്യാ മുസ്ലിം പേഴ്സണൽ ലോ ബോർഡ് വക്താവായ (സ്പോക്സ് പേഴ്സൺ) എസ്.ക്യു.ആർ ഇല്യാസ്. പ്രബോധനത്തിന് അനുവദിച്ച പ്രത്യേക അഭിമുഖം.
വഖ്ഫ് നിയമത്തിൽ സർക്കാർ ഭേദഗതി വരുത്തി എന്ന വാർത്ത നിങ്ങൾ എപ്പോഴാണ് അറിഞ്ഞത്? അറിഞ്ഞപ്പോൾ എന്തായിരുന്നു നിങ്ങളുടെ പ്രതികരണം?
വഖ്ഫ് നിയമത്തിൽ കേന്ദ്ര സർക്കാർ ഭേദഗതി വരുത്താൻ പോകുന്നുണ്ടെന്ന് പത്രങ്ങളിൽ നിന്ന് ഒരു ദിവസം മുന്നേ ഞങ്ങൾ അറിഞ്ഞിരുന്നു. അറിഞ്ഞയുടൻ ഞങ്ങൾ അഖിലേന്ത്യാ മുസ്ലിം പേഴ്സണൽ ലോ ബോർഡിന്റെയും മുസ്ലിം സംഘടനാ പ്രതിനിധികളുടെയും ഒരു യോഗം വിളിച്ചു. ഒരു പത്രക്കുറിപ്പിലൂടെ പുതിയ ഭേദഗതികളോടുള്ള ഞങ്ങളുടെ ശക്തമായ എതിർപ്പ് അറിയിക്കാൻ തീരുമാനിച്ചു. നിലവിലെ വഖ്ഫ് നിയമത്തിൽ വെള്ളം ചേർക്കാനുള്ള സർക്കാർ ശ്രമങ്ങളെ ഒറ്റക്കെട്ടായി നേരിടാനും തീരുമാനമായി. ഒരുപാട് ഭേദഗതികൾക്ക് വിധേയമായിട്ടുണ്ട് ഇന്ത്യയിലെ വഖ്ഫ് നിയമം. 1923-ൽ ബ്രിട്ടീഷ് ഭരണകാലത്താണ് ആദ്യ വഖ്ഫ് നിയമം പ്രഖ്യാപിക്കപ്പെടുന്നത്. ഇന്ത്യ സ്വതന്ത്രമായ ശേഷം 1954-ലാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്. അതിനു ശേഷം പല തവണകളായി വഖ്ഫ് നിയമത്തിൽ ഒരുപാട് ഭേദഗതികൾ വന്നിട്ടുണ്ട്. പക്ഷേ, അവയെല്ലാം ഈ നിയമത്തെ കൂടുതൽ കരുത്തുറ്റതും സുതാര്യവും ആക്കിത്തീർക്കാൻ വേണ്ടിയായിരുന്നു. ഈ സന്ദർഭങ്ങളിലെല്ലാം സർക്കാർ മുസ്ലിം സമുദായത്തിലെ ഉത്തരവാദപ്പെട്ട പ്രതിനിധികളുമായി ബന്ധപ്പെട്ടതിനു ശേഷം മാത്രമാണ് സുപ്രധാനമായ തീരുമാനങ്ങൾ എടുത്തിരുന്നത്. 2013-ൽ മൻമോഹൻ സിംഗിന്റെ ഭരണകാലത്ത് വഖ്ഫ് നിയമത്തെ കൂടുതൽ കരുത്തുറ്റതാക്കാനും കാര്യക്ഷമമാക്കാനും വഖ്ഫ് സ്വത്തുക്കൾക്ക് കൂടുതൽ സംരക്ഷണം നൽകാനും ഒരുപാട് ഭേദഗതികൾ വരുത്തിയിട്ടുണ്ട്.
എന്നാൽ, ഇത്തവണ ഒരു മുന്നറിയിപ്പുമില്ലാതെയാണ് ഏകദേശം 44 ഭേദഗതികൾ കൊണ്ടുവന്നിട്ടുള്ളത് . ഉടൻ നിർദിഷ്ട ഭേദഗതികളെ കുറിച്ച് സൂക്ഷ്‌മമായി പഠിക്കാൻ ഞങ്ങൾ ഒരു ലീഗൽ കമ്മിറ്റിയുണ്ടാക്കി. ഈ ഭേദഗതിയെ എതിർക്കണമെന്ന് ആവശ്യപ്പെട്ട് മുഴുവൻ പ്രതിപക്ഷ കക്ഷികളെയും എൻ.ഡി.എ മുന്നണിയുടെ ഘടക കക്ഷികളെയും, വേണ്ടിവന്നാൽ ബി.ജെ.പിയിലെ അംഗങ്ങളെയും കാണാനും തീരുമാനിച്ചു. വഖ്ഫ് നിയമത്തിന്റെ പേര് വരെ അവർ മാറ്റിക്കളഞ്ഞു. waqf act 1995 എന്ന നിയമത്തെ അവർ waqf management efficiency and development act 1995 എന്നാക്കി പുനർനാമകരണം ചെയ്തു. യഥാർഥത്തിലിത് വളരെ വിനാശകരവും വിഭാഗീയവും പിടിപ്പുകെട്ടതുമായ വഖ്ഫ് ആക്ട് ആണ്. പുതിയ ഭേദഗതികളോടുള്ള മുസ്ലിം സമുദായ സംഘടനകളുടെ ശക്തമായ എതിർപ്പ് കണക്കിലെടുത്ത് പ്രതിപക്ഷ കക്ഷികൾ ബില്ലിനെതിരെ ശക്തമായി രംഗത്ത് വന്നു. അതിനാൽ, ഈ വഖ്ഫ് ആക്ട്, 31 അംഗ ജോയിന്റ് പാർലമെന്റ് കമ്മിറ്റിയിലേക്ക് വിട്ടിരിക്കുകയാണ്.
എന്തുകൊണ്ടാണ് ഇത് വിഭാഗീയവും പിടിപ്പുകെട്ടതും അഴിമതിക്ക് സഹായകരവുമാകുന്ന വഖ്ഫ് ബില്ല് ആണെന്ന് താങ്കൾ ആരോപിക്കുന്നത് ?
ശീഈ, സുന്നീ എന്നിങ്ങനെ രണ്ട് വഖ്ഫ് ബോർഡുകളാണ് നിലവിലുള്ളത്. എന്നാൽ, പുതിയ വഖ്ഫ് നിയമ പ്രകാരം സുന്നീ, ശീഈ, ആഗാ ഖാൻ, ബോഹ്റ എന്നിങ്ങനെ നാല് ബോർഡുകളുണ്ടാവുമെന്നാണ് നിർദേശിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാരിന്റെ കീഴിൽ വരുന്ന സെൻട്രൽ വഖ്ഫ് കൗൺസിലും സംസ്ഥാന സർക്കാരിന്റെ കീഴിലുള്ള വഖ്ഫ് ബോർഡുമാണ് നിലവിലുള്ള ഘടന. അഡ്മിനിസ്ട്രേഷൻ, ജുഡീഷ്യറി, പാർലമെന്റ് എന്നിങ്ങനെ വിവിധ മേഖലകളിലുള്ള മുസ്ലിം വ്യക്തികളാണ് ബോർഡിലെ മെമ്പർമാർ. എന്നാൽ, പുതിയ വഖ്ഫ് ബില്ല് പ്രകാരം അമുസ്ലിംകൾ ആയവർക്കും വഖ്ഫ് ബോർഡ് മെമ്പർമാരാകാം. നിലവിലുള്ള വഖ്ഫ് നിയമ പ്രകാരം അമുസ്ലിംകൾ ആയ വ്യക്തികൾക്കും സ്വത്തുക്കൾ വഖ്ഫ് ചെയ്യാൻ പറ്റും. എന്നാൽ, പുതിയ വഖ്ഫ് ഭേദഗതികൾ അനുസരിച്ച് അമുസ്ലിംകൾക്ക് സംഭാവന നൽകാൻ കഴിയില്ല.
ഈ രാജ്യത്ത് ഹിന്ദുക്കൾക്കും സിഖുകാർക്കും ജൈനന്മാർക്കും മറ്റുമൊക്കെയായി ഒരുപാട് ആരാധനാലയങ്ങളും മറ്റു സ്വത്തുക്കളുമുണ്ട്. അവയെല്ലാം പരിപാലനം ചെയ്യുന്നത് ആ മതത്തിൽ പെട്ടവർ തന്നെയാണ്. ഗവൺമെന്റ് ജോലിക്കാർക്ക് ആർ.എസ്.എസ് അംഗത്വം എടുക്കാൻ പറ്റില്ല എന്ന നിയമം ഈയടുത്താണ് എടുത്തുമാറ്റിയത്. താമസിയാതെ ആർ.എസ്.എസ് ചായ്്വുള്ള പല ഉദ്യോഗസ്ഥരെയും അവർ വിവിധ വഖ്ഫ് ബോർഡുകളിൽ മെമ്പർമാർ ആക്കിയേക്കാം. യൂനിവേഴ്സിറ്റികളിലും ജുഡീഷ്യറിയിലും ഏതു വിധത്തിലാണ് അവർ സംഘ് പരിവാർ അംഗങ്ങളെ നിയമിക്കുന്നത് എന്ന് നമ്മൾ കണ്ടറിഞ്ഞതാണ്.
നിലവിലുള്ള വഖ്ഫ് നിയമ പ്രകാരം സ്റ്റേറ്റ് വഖ്ഫ് ബോർഡുകൾക്ക് ട്രൈബ്യൂണലുകൾ വെക്കാൻ സാധിക്കും. വഖ്ഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട എല്ലാ വിധ തർക്കങ്ങൾക്കും അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം ഈ ട്രൈബ്യൂണലുകൾക്കാണ്. വഖ്ഫ് ഭൂമിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഉണ്ടായാൽ ഒരു വർഷത്തെ കാലാവധിക്കുള്ളിൽ ട്രൈബ്യൂണലുകളെ സമീപിക്കണം. എന്നാൽ, പുതിയ ബില്ല് പ്രകാരം ഒരു ഭൂമി വഖ്ഫാണോ അല്ലയോ എന്ന് അന്വേഷിച്ചു തീരുമാനമെടുക്കാനുള്ള അധികാരം കലക്ടർക്കോ ജില്ലാ മജിസ്‌ട്രേറ്റിനോ ആണ്. മുസ്ലിം വ്യക്തികളുടെയും സംഘടനകളുടെയും വീടുകളും സ്വത്തുക്കളും രാജ്യത്തിന്റെ പല ഭാഗങ്ങളിൽ കലക്ടർമാർ മജിസ്‌ട്രേറ്റുമാരുടെ അനുവാദത്തോടെ ജെ.സി.ബി ഉപയോഗിച്ച് അടിച്ചു നിരത്തുന്നത് നമ്മൾ കണ്ടതാണ് . ഇത്തരം ഉദ്യോഗസ്ഥർ വഖ്ഫ് സ്വത്തുക്കൾ എങ്ങനെ കൈകാര്യം ചെയ്യും എന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. വഖ്ഫ് സ്വത്തുക്കൾ സംഭാവന ചെയ്യുന്ന വ്യക്തി ചുരുങ്ങിയത് ഒരു അഞ്ച് കൊല്ലമെങ്കിലും പ്രാക്ടീസ് ചെയ്യുന്ന മുസ്ലിം ആയിരിക്കണം എന്നതാണ് മറ്റൊരു വിചിത്രമായ നിയമം. ഒരാൾ യഥാർഥ മുസ്ലിമാണോ അല്ലേ എന്ന് എന്തടിസ്ഥാനത്തിലാണ് നമുക്ക് തീരുമാനിക്കാൻ കഴിയുക! നിലവിലുള്ള വഖ്ഫ് നിയമ പ്രകാരം നിയമസഭയിലെയും പാർലമെന്റിലെയും ബാർ കൗൺസിലിലെയും ബോർഡ് പ്രതിനിധികളെ അവിടെയുള്ള മുസ്ലിം അംഗങ്ങൾ വോട്ട് ചെയ്താണ് തീരുമാനിക്കുന്നത്. എന്നാൽ, പുതുക്കിയ ബില്ല് പ്രകാരം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രതിനിധികളെ നോമിനേറ്റ് ചെയ്യുകയാണുണ്ടാവുക. സ്വാഭാവികമായും തങ്ങൾക്ക് താല്പര്യമുള്ള ആളുകളെയായിരിക്കും ഇവർ നോമിനേറ്റ് ചെയ്യുക. 'വഖ്ഫ് ബൈ യൂസർ' എന്ന പ്രധാനപ്പെട്ട ഒരു ക്ളോസ് അവർ എടുത്തുകളഞ്ഞിട്ടുണ്ട്. ഇതു പ്രകാരം, വർഷങ്ങളായി പള്ളികളായും ഖബ്ർസ്ഥാനുകളായും ദർഗകളായും ഉപയോഗിച്ചു വരുന്ന സ്ഥാപനങ്ങൾ വഖ്ഫ് ബോർഡുകളിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ പോലും വഖ്ഫ് സ്വത്തുക്കൾ തന്നെയായാണ് കണക്കാക്കപ്പെടുക. എന്നാൽ, പുതിയ ഭേദഗതി പ്രകാരം ഒരു വസ്തു എത്ര വർഷങ്ങളായി ആരാധനാലയമായി ഉപയോഗിച്ചാലും അത് വഖ്ഫ് ബോർഡിൽ രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിൽ വഖ്ഫ് സ്വത്തായി കണക്കാക്കപ്പെടുകയില്ല. ഇങ്ങനെയുള്ള ഏതാനും ഭേദഗതികൾ പരിശോധിച്ചാൽ തന്നെ പുതിയ ബില്ല് എത്രത്തോളം അപകടകരമാണെ ന്ന് മനസ്സിലാവും.
പുതിയ ബില്ലിനെ പാർലമെന്റിൽ ശക്തമായി എതിർത്ത പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞത് ഇത് ഭരണഘടന ഉറപ്പുനൽകുന്ന മതപരമായ അവകാശങ്ങളുടെ ലംഘനമാണ് എന്നാണല്ലോ. വിശദീകരിക്കാമോ?
ഭരണഘടനയുടെ ആർട്ടിക്ക്ൾ 25 പ്രകാരം, ഈ രാജ്യത്തെ ഓരോ മത വിഭാഗത്തിനും തങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ആരാധനാരീതികൾ ചെയ്യാനുള്ള അവകാശമുണ്ട്. ആർട്ടിക്ക്ൾ 26 പ്രകാരം ഇവിടെയുള്ള ഓരോ മതവിഭാഗത്തിനും അവരുടെ ആരാധനാലയങ്ങളും മറ്റു മതകാര്യ സ്ഥാപനങ്ങളും സ്വതന്ത്രമായി നോക്കിനടത്താനുമുള്ള അവകാശമുണ്ട്. അതിനാൽ, പുതിയ വഖ്ഫ് ബില്ല് ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന അടിസ്ഥാനാവകാശങ്ങളുടെ ലംഘനമാണ്. ഇസ്‌ലാമിക ശരീഅത്തിൽ വളരെ പ്രാധാന്യമേറിയതാണ് വഖ്ഫ്. മുസ്ലിം സമുദായത്തിനൊന്നാകെ ഉപകാരപ്പെടണം എന്ന ലക്ഷ്യത്തോടെയാണ് അത് രൂപപ്പെട്ടു വന്നിട്ടുള്ളതും. ഒരു സ്വത്ത് എന്താവശ്യത്തിനു വേണ്ടിയാണോ ഒരാൾ വഖ്ഫ് ചെയ്തത്, ലോകാവസാനം വരെ അത് അതേ ആവശ്യത്തിനു വേണ്ടി ഉപയോഗിക്കുക എന്നത് വഖ്ഫ് സമ്പ്രദായത്തിന്റെ അടിസ്ഥാന തത്ത്വമാണ്. പുതിയ വഖ്ഫ് ബില്ലിലെ ഭേദഗതികളിൽ പലതും ഇത്തരം അടിസ്ഥാന നിബന്ധനകളുടെ ലംഘനമാണ് .
മുംബൈ ആന്റിലയിൽ അംബാനി വഖ്ഫ് ഭൂമി കൈയേറിയതുമായി ബന്ധപ്പെട്ട് മുംബൈ വഖ്ഫ് ബോർഡ് ഒരു കേസ് നല്കിയിട്ടുണ്ടല്ലോ. രാജ്യത്താകമാനം വിവിധ ടൗണുകളിലെ കണ്ണായ സ്ഥലത്താണ് പല വഖ്ഫ് സ്വത്തുക്കളുമുള്ളത്. ഇത്തരം ഭൂമികൾ തങ്ങളുടെ ഇഷ്ടക്കാരായ കോർപറേറ്റുകൾക്ക് നൽകുക എന്ന ഒരു ഹിഡൻ അജണ്ട ഈ ബില്ലിന് പിന്നിലുണ്ടെന്ന് നിങ്ങൾ സംശയിക്കുന്നുണ്ടോ?
കോർപറേറ്റുകൾ മാത്രമല്ല വഖ്ഫ് ഭൂമികൾ കൈയേറുക. ഇവിടെയുള്ള സർക്കാരുകളുടെയും ലക്ഷ്യമാണ് വഖ്ഫ് ഭൂമി കൈയേറ്റം. കോടിക്കണക്കിനു രൂപ വില മതിക്കും പല വഖ്ഫ് ഭൂമികളും. നൂറുകണക്കിന് കേസുകളുണ്ട് വിവിധ ബോർഡുകളും സർക്കാരുകളും തമ്മിൽ. ദൽഹിയിൽ മാത്രം ഏതാണ്ട് 123 കേസുകൾ സർക്കാറും വഖ്ഫ് ബോർഡും തമ്മിലുണ്ട്. സർക്കാർ ജോലിക്കാരനായ കലക്‌ടർ സർക്കാറിന് അനുകൂലമായി തീരുമാനങ്ങൾ എടുക്കാനാണ് സാധ്യത കൂടുതൽ. തെലുങ്കാനയിൽ നിരവധി ഏക്കറോളം വഖ്ഫ് ഭൂമിയാണ് അവിടുത്തെ സർക്കാർ ഒരു കോർപറേറ്റിന് ദാനമായി നൽകിയത്. ഇതിനെ ചോദ്യം ചെയ്ത് ആളുകൾ ട്രൈബ്യൂണലിനെ സമീപിച്ചു. ട്രൈബ്യൂണൽ ബോർഡിന് അനുകൂലമായി വിധി നൽകിയപ്പോൾ അതിനെതിരെ അവർ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയും വഖ്ഫ് ബോർഡിന് അനുകൂലമായ വിധി നൽകിയതിനാൽ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലായി. എന്നാൽ, സുപ്രീം കോടതിയിൽ തെലുങ്കാന സർക്കാർ ചില റവന്യൂ രേഖകൾ ഹാജരാക്കിയില്ല. സർക്കാർ അനുകൂലികളായ ചില ബോർഡ് മെമ്പർമാർ അതിനെ എതിർത്തതുമില്ല. ഒടുവിൽ സുപ്രീം കോടതി കോർപറേറ്റിന് അനുകൂലമായി വിധി നൽകി. അതേപോലെ ആന്ധ്രയിലും വഖ്ഫ് ഭൂമി അവിടുത്തെ ഒരു പ്രമുഖ വ്യവസായിക്ക് സർക്കാർ നൽകിയിട്ടുണ്ട്. ചന്ദ്ര ബാബു നായിഡു ആന്ധ്രയിൽ നിർമിച്ച എയർപോർട്ട് നിലനിൽക്കുന്നത് വഖ്ഫ് ഭൂമിയിലാണ്. പുതുക്കിയ വഖ്ഫ് നിയമം പ്രാബല്യത്തിൽ വന്നാൽ ഇവിടെയുള്ള പല വഖ്ഫ് ഭൂമികളുടെയും നിലനിൽപ്പ് ഭീഷണിയിലാവും. താമസിയാതെ ഒരുപാട് വഖ്ഫ് ഭൂമികൾ ഗവൺമെന്റിന്റെയും കോർപറേറ്റുകളുടെയും അധീനത്തിലാകും.
നിലവിലുള്ള വഖ്ഫ് നിയമത്തിൽ സംഘ് പരിവാറിന് ഏറ്റവുമധികം പ്രശ്നമുള്ളതാണ് സെക്്ഷൻ 40. ഒരു വസ്തു വഖ്ഫ് സ്വത്താണോ അല്ലയോ എന്ന തർക്കമുണ്ടായാൽ അതിൽ തീരുമാനമെടുക്കാനുള്ള അധികാരം വഖ്ഫ് ബോർഡിനാണ് എന്നാണ് ഈ വകുപ്പ് പറയുന്നത്. പല സംഘ് നേതാക്കളും താത്ത്വികാചാര്യന്മാരും ഈ വകുപ്പിനെതിരെ നിരന്തരം പ്രസംഗിക്കുകയും ലേഖനങ്ങൾ എഴുതുകയും ചെയ്തിട്ടുണ്ട്. പുതിയ വഖ്ഫ് ബില്ലിൽ ഈ വകുപ്പ് എടുത്തുകളഞ്ഞിട്ടുണ്ട്. ഇതേ കുറിച്ച് എന്താണ് പറയാനുള്ളത് ?
വഖ്ഫ് നിയമത്തിൽ സംഘ് പരിവാർ അജണ്ട നടപ്പാക്കുക എന്നതാണ് പുതുക്കിയ വഖ്ഫ് നിയമംകൊണ്ട് സർക്കാർ ഉദ്ദേശിക്കുന്നത് എന്നതിന് ഇതില്പരം വേറെന്ത് തെളിവാണ് വേണ്ടത്?! ഒരധികാരവുമില്ലാത്ത നാമമാത്ര ബോഡിയായി വഖ്ഫ് ബോർഡിനെ ഒതുക്കുക എന്നതാണ് സംഘ് പരിവാറിന്റെയും കേന്ദ്ര സർക്കാരിന്റെയും ഗൂഢോദ്ദേശ്യം. നിലവിലുള്ള വഖ്ഫ് നിയമ പ്രകാരം, എന്തെങ്കിലും തർക്കമുണ്ടായാൽ വഖ്ഫ് ബോർഡ് സർവേ നടത്തി തീരുമാനമെടുക്കാൻ ഒരു സർവേ കമീഷണറെ നിയമിക്കും. അതിനുള്ള അധികാരം വഖ്ഫ് ബോർഡിനുണ്ട്. എന്നാൽ, പുതിയ ഭേദഗതി പ്രകാരം സർവേ കമീഷണർ കലക്ടർക്കാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്. യാതൊരു അധികാരവും നൽകാതെ വഖ്ഫ് ബോർഡിനെ ദുർബലപ്പെടുത്തുക എന്ന സംഘ് പരിവാർ തന്ത്രമാണ് 40-ാം വകുപ്പ് എടുത്തുകളയുന്നതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
എൻ.ആർ.സിയിലൂടെ ഒരാളെ വിദേശിയായി പ്രഖ്യാപിച്ചാൽ അയാൾക്ക് യാതൊരു വിധത്തിലുള്ള സ്വത്തവകാശവും ഉണ്ടായിരിക്കുന്നതല്ല. പുതിയ വഖ്ഫ് ബില്ല് മുസ്ലിം സമുദായത്തിന്റെയാകമാനം സ്വത്ത് ലക്ഷ്യം വെച്ചുകൊണ്ടുള്ളതായിക്കൂടേ? വ്യക്തിപരമായോ സമുദായപരമായോ ഒരു തരത്തിലുമുള്ള സ്വത്തവകാശങ്ങളുമില്ലാത്ത രണ്ടാം കിട പൗരന്മാരായി മുസ്ലിംകളെ മാറ്റുക എന്നതല്ലേ ഇത്തരത്തിലുള്ള നിയമങ്ങൾകൊണ്ട് ഇവർ ലക്ഷ്യമിടുന്നത്?
ഇതേവരെ അവർ മുസ്ലിംകളുടെ വ്യക്തിഗത സ്വത്തുക്കളെ മാത്രമാണ് ബുൾഡോസ് ചെയ്തുകൊണ്ടിരുന്നത്. എന്നാൽ, പുതിയ വഖ്ഫ് ബില്ലിലൂടെ അവർ മുസ്ലിം സമുദായത്തിന്റെ സ്വത്തുക്കളെയാകമാനം ബുൾഡോസ് ചെയ്യാനൊരുങ്ങുകയാണ്. മുമ്പ് മുസ്ലിം ആരാധനാലയങ്ങൾ തകർക്കാൻ അവർക്ക് കർസേവകരുടെ ആവശ്യമുണ്ടായിരുന്നു. എന്നാൽ, ഇനി മുതൽ ആ കർസേവ നിയമപരമായി സർക്കാർ തന്നെ നിർവഹിക്കും. ഒരു ഖബർസ്ഥാനോ ദർഗയോ പള്ളിയോ പൊളിക്കണമെന്നുണ്ടെങ്കിൽ ഇനിയവർക്കത് നിയമപരമായി ചെയ്യാൻ ഈ ബില്ല് പാസാക്കിയെടുത്താൽ മതിയാവും. തർക്ക വസ്തു വഖ്ഫ് സ്വത്തല്ല എന്ന് നിയമപരമായി പ്രഖ്യാപിച്ചു കഴിഞ്ഞാൽ വളരെ എളുപ്പത്തിൽ അത് പൊളിച്ചുകളയാം. താരതമ്യേന ശക്തമായ വഖ്ഫ് നിയമം ഉണ്ടായിട്ടുപോലും ഈ അടുത്ത കാലത്ത് ഗതാഗത തടസ്സവും മറ്റു കാരണങ്ങളും പറഞ്ഞ് ഒരുപാട് മുസ്ലിം ആരാധനാലയങ്ങളാണ് അവർ ബുൾഡോസ് ചെയ്യാനൊരുങ്ങിയത്. മുസ്ലിം സമുദായത്തിന് അവരുടെ പൗരത്വം, ഭൂമി, സ്വത്ത്, ആരാധനാലയങ്ങൾ എന്നിവ നിഷേധിച്ചു അവരെ അന്തസ്സും അഭിമാനവും നഷ്ടപ്പെട്ട രണ്ടാംകിട പൗരന്മാരാക്കുക എന്നത് ഒരു ഹിന്ദുത്വ രാഷ്ട്ര പദ്ധതിയാണ്. മുസ്ലിംകളെ ഇന്ത്യയിൽനിന്ന് ഉന്മൂലനം ചെയ്യുക സാധ്യമല്ലാത്ത കാര്യമാണെന്ന് അവർക്കറിയാം. അതിനാൽ, യാതൊരു വിധ അധികാരവും അവകാശങ്ങളുമില്ലാത്തവരായി സമുദായത്തെ മാറ്റാൻ ശ്രമിക്കുകയാണ്.
ഇത്തരത്തിലുള്ള നിയമം നടപ്പാക്കാനൊരുങ്ങുമ്പോൾ സമുദായത്തിലെ ഉത്തരവാദപ്പെട്ട ആളുകളുമായി കൂടിയാലോചിക്കുക എന്നത് സ്വാഭാവിക മര്യാദയാണ്. ഈ ഭേദഗതികൾ നിർദേശിക്കപ്പെടുന്നതിനു മുമ്പ് സമുദായത്തിലെ നേതാക്കളെ ഇവർ ബന്ധപ്പെട്ടിരുന്നോ?
ഒരു സമുദായത്തെ ബാധിക്കുന്ന നിയമനിർമാണം നടത്തുമ്പോൾ ആ സമുദായത്തിന്റെ പ്രതിനിധികളുമായി ബന്ധപ്പെടുക എന്നത് നിയമ നിർമാണത്തിന്റെ അടിസ്ഥാന മര്യാദയാണ്. ദൗർഭാഗ്യവശാൽ ഈ ഭേദഗതികൾ വരുത്തുന്നതിന്റെ ഒരു ഘട്ടത്തിലും ഉത്തരവാദപ്പെട്ട ഒരു മുസ്ലിം സംഘടനയുമായും അവർ ബന്ധപ്പെട്ടിരുന്നില്ല. ഞങ്ങളിൽ പലരും ഈ ഭേദഗതികളെ കുറിച്ച് പത്രമാധ്യമങ്ങളിൽ വന്ന വാർത്തകളിൽ നിന്നാണ് അറിയുന്നത്. മുസ്ലിംകളിൽ അവർക്ക് അനുകൂലമായി നിൽക്കുന്ന ചില ഗ്രൂപ്പുകളെ അവർ ബന്ധപ്പെട്ടിരുന്നു. ഉദാഹരണത്തിന്, ചില സർക്കാർ അനുകൂല സൂഫി സംഘടനകൾ പുതുക്കിയ വഖ്ഫ് നിയമം സമുദായത്തിനുള്ളിൽ പരിഷ്കരണവും സുതാര്യതയും കൊണ്ടുവരും എന്നു പറഞ്ഞ് ഇതിനെ പിന്തുണക്കുന്നുണ്ട്. കുറച്ചു കാലമായി രാജ്യത്തെ പല നിയമനിർമാണങ്ങളും ഇങ്ങനെയാണ് നടന്നുകൊണ്ടിരിക്കുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട ഒരു കർഷക സംഘടനയുമായും കൂടിയാലോചിക്കാതെയാണല്ലോ രണ്ടാം മോദി സർക്കാർ കാർഷിക ബിൽ പാസാക്കിയത്. സ്വേഛാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന ഒരു സർക്കാറാണ് നിലവിലുള്ളത്. അവരുടെ താല്പര്യങ്ങൾക്കനുസരിച്ചാണ് നിയമനിർമാണം നടത്തുന്നത്.
രാജ്യത്തെ നല്ലൊരു ശതമാനം മുസ്ലിംകളും പിന്നാക്കാവസ്ഥയിലാണ് എന്ന് സച്ചാർ കമ്മിറ്റി കണ്ടെത്തിയിരുന്നല്ലോ. അതിന്റെ അടിസ്ഥാനത്തിൽ സമുദായത്തിന്റെ സാമ്പത്തികോന്നമനം ലക്ഷ്യമാക്കി സർക്കാരിന് നിർദേശങ്ങളും നൽകിയിരുന്നു. അതിനു നേർവിപരീതമല്ലേ ഇത്തരത്തിലുള്ള ബി.ജെ.പി സർക്കാർ നയങ്ങൾ?
ദൗർഭാഗ്യവശാൽ ഒരുപാട് മുസ്ലിം വിരുദ്ധ നയങ്ങൾ ബി.ജെ.പി സർക്കാറുകളുടെ കാലത്താണ് നടപ്പാക്കപ്പെട്ടത്. മൗലാനാ ആസാദിന്റെ പേരിലുള്ള ന്യൂനപക്ഷ വിദ്യാർഥി സ്കോളർഷിപ്പുകൾ നിർത്തലാക്കിയതും, ജാമിഅ മില്ലിയ്യ പോലെയുള്ള കേന്ദ്ര സർവകലാശാലകളുടെ ന്യൂനപക്ഷ പദവി എടുത്തുകളയാൻ ശ്രമമുണ്ടായതും കഴിഞ്ഞ മോദി സർക്കാരിന്റെ കാലത്താണ്. മുസ്ലിം വിദ്യാർഥികളുടെ പ്രീ മെട്രിക്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പുകളും അവർ നിർത്തലാക്കി. മുമ്പ് ഭരിച്ചിരുന്ന പല സർക്കാറുകളും മുസ്ലിംകളുടെ സാമുദായികവും സാമ്പത്തികവുമായ ഉന്നമനം ലക്ഷ്യമിട്ട് തുടങ്ങിയ പല പദ്ധതികളും മോദി സർക്കാർ നിർത്തലാക്കി. മുസ്ലിം ഭൂരിപക്ഷ ജില്ലകളിൽ പ്രത്യേക സാമ്പത്തിക പദ്ധതികൾ നടപ്പാക്കണം എന്ന സച്ചാർ കമ്മിറ്റി നിർദേശം ഇതു വരെ പാലിക്കപ്പെട്ടില്ല.
പുതിയ വഖ്ഫ് ഭേദഗതികൾ വഖ്ഫ് ബോർഡിലെ അഴിമതി നിയന്ത്രിക്കാനും ബോർഡിനെ കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കാനും സഹായിക്കും എന്ന് ഗവൺമെന്റ് അനുകൂലികളായ ചില വഖ്ഫ് ബോർഡ് മെമ്പർമാർ തന്നെ പറയുന്നുണ്ടല്ലോ?
എന്ത് സുതാര്യതയാണ് അവർ അവകാശപ്പെടുന്നത്? നിലവിലിരിക്കുന്ന നിയമപ്രകാരവും വഖ്ഫ് ഭൂമിയിൽ സർവേ നടത്തുക, വഖ്ഫ് സ്വത്തുക്കളുടെ ഡാറ്റാ ബേസ് ഉണ്ടാക്കുക എന്നിവയൊക്കെ നിർബന്ധമുള്ള കാര്യമായിരുന്നു. സുതാര്യമായ സർവേ ഉറപ്പ് വരുത്താൻ വേണ്ടി സർവേ കമീഷണറെ നിയമിക്കാനുള്ള അധികാരവും ബോർഡിനുണ്ടായിരുന്നു. എന്നാൽ, പുതുക്കിയ ബില്ല് പ്രകാരം വഖ്ഫ് സ്വത്ത് സ്‌ക്രൂട്ടിനി ചെയ്യാനുള്ള അധികാരം ജില്ലാ കലക്ടർക്കോ മജിസ്‌ട്രേറ്റിനോ ആണ്. ഈ തരത്തിലുള്ള പുതിയ ഭേദഗതികൾ സുതാര്യത കുറക്കാനും അതുവഴി വമ്പിച്ച രീതിയിലുള്ള അഴിമതിക്കും കാരണമാകും. നിലവിലുള്ള നിയമപ്രകാരം ബോർഡിലെ ഏതെങ്കിലും അംഗത്തിനെതിരെ, അല്ലെങ്കിൽ ബോർഡിന്റെ ഏതെങ്കിലും ഇടപാടിനെതിരെ ആർക്കെങ്കിലും പരാതിയുണ്ടെങ്കിൽ ട്രൈബ്യൂണലിനെയോ കോടതിയെയോ സമീപിക്കാവുന്നതാണ്. എന്നാൽ, പുതിയ ഭേദഗതി പ്രകാരം വഖ്ഫ് സംബന്ധമായ തർക്കങ്ങൾ അന്വേഷിക്കാനുള്ള അധികാരം കലക്ടർക്കോ ജില്ലാ മജിസ്‌ട്രേറ്റിനോ ആണ്. ഒരു വസ്തു വഖ്ഫ് ഭൂമിയാണോ അല്ലയോ എന്ന് അന്വേഷിക്കാനുള്ള അധികാരം കലക്ടർക്കാണ്. അതിനാൽ, പല രീതിയിൽ കലക്ടർമാർ സ്വാധീനിക്കപ്പെടാനുള്ള സാധ്യത കൂടുതലാണ്. സർവേ കമീഷണർ സമയബന്ധിതമായി സർവേ പൂർത്തീകരിക്കുക, എല്ലാ വഖ്ഫ് സ്വത്തുക്കളും ലിസ്റ്റ് ചെയ്യുക, വഖ്ഫ് ഭൂമി സർക്കാറോ മറ്റു വ്യക്തികളോ കൈയേറിയിട്ടുണ്ടെങ്കിൽ അവരോട് മാർക്കറ്റ് റേറ്റ് അനുസരിച്ച് കെട്ടിട വാടക വാങ്ങുക എന്നിങ്ങനെയുള്ള പരിഷ്കരണങ്ങൾ നടത്തിയാണ് അഴിമതിയെ ഇല്ലാതാക്കേണ്ടത്. അല്ലാതെ വഖ്ഫ് ബോർഡിന്റെ അധികാരം എടുത്തുമാറ്റിയിട്ടാകരുത്.
വഖ്ഫ് പോലെയുള്ള മതപരമായ സ്വത്തുക്കൾ ഒരു ജനാധിപത്യ സർക്കാർ കൈകാര്യം ചെയ്യുമ്പോഴാണ് അഴിമതി കുറക്കാനും കാര്യക്ഷമത വർധിപ്പിക്കാനും കഴിയുക എന്ന ലിബറൽ വാദത്തെ നിങ്ങൾ എങ്ങനെ കാണുന്നു?
രാജ്യത്തിന്റെ ഭരണഘടന പ്രകാരം, മതപരമായ ആചാരങ്ങൾ നടത്താനും മതകാര്യ സ്ഥാപനങ്ങളുടെ നടത്തിപ്പിനുമുള്ള അവകാശം ആ മത സമുദായത്തിൽ പെട്ട ആളുകൾക്കാണ്, അല്ലാതെ സ്റ്റേറ്റിനല്ല. നാളെ ഒരുപക്ഷേ, ഒരു പള്ളിയിലെ ഇമാമിനെ നിയമിക്കാനുള്ള അവകാശവും സ്റ്റേറ്റിനാണെന്ന് അവർ വാദിച്ചേക്കാം. ഒരു അമുസ്ലിമിനും പള്ളിയിലെ ഇമാം ആകാം എന്ന വിചിത്ര വാദവും അവർ മുന്നോട്ടു വെച്ചു കൂടായ്കയില്ല. വഖ്ഫ് സ്വത്ത് എന്നത് അല്ലാഹുവിന്റെ പേരിൽ സമർപ്പിക്കപ്പെടുന്ന സ്വത്താണ്. അത് കൈകാര്യം ചെയ്യേണ്ടത് ശരീഅത്ത് നിയമത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കണം. മരണം വരെ ഒരു വഖ്ഫ് സ്വത്ത് അങ്ങനെ തന്നെ നിലനിൽക്കണം എന്ന അല്ലാഹുവിന്റെ നിയമത്തെ എന്തായാലും ഇസ്ലാം മത വിശ്വാസിയായ ഒരാൾക്ക് ലംഘിക്കാനാവില്ല. ഇവിടെ അല്ലെങ്കിൽ പരലോകത്ത് അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരും എന്ന് അവർക്കു ബോധ്യമുണ്ടാകും. എന്നാൽ, ഒരു അമുസ്ലിമിനോ സെക്യുലർ സർക്കാരിനോ അത്തരത്തിലുള്ള ബോധ്യമുണ്ടാകാൻ സാധ്യതയില്ലല്ലോ.
പുതിയ വഖ്ഫ് ഭേദഗതികളിൽ കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുക ഏതൊക്കെയാണ്?
പ്രധാനമായും മൂന്നു ഭേദഗതികളാണ് എനിക്ക് ഏറ്റവും പ്രശ്‌നമുള്ളതായി തോന്നിയിട്ടുള്ളത്. അതിൽ ഒന്നാമത്തേത്, സെക് ഷൻ 40 പൂർണമായും ഒഴിവാക്കിയ ഭേദഗതിയാണ്. രണ്ടാമത്തേത്, വഖ്ഫ് ബോർഡിൽ അമുസ്ലിംകളെ നിയമിക്കാനുള്ള തീരുമാനം. മൂന്നാമത്തേത്, ട്രൈബ്യൂണലിന്റെയും സർവേ കമീഷണറുടെയും അധികാരം എടുത്തുമാറ്റി കലക്ടർക്കോ ജില്ലാ മജിസ്‌ട്രേറ്റിനോ വഖ്ഫ് തർക്കത്തിൽ തീരുമാനമെടുക്കാനുള്ള അധികാരം നൽകൽ.
പുതിയ വഖ്ഫ് നിയമം ജെൻഡർ പ്രാതിനിധ്യവും സാമുദായിക പ്രാതിനിധ്യവും ഉറപ്പ് വരുത്തും എന്ന സർക്കാർ അവകാശവാദത്തെ എങ്ങനെ കാണുന്നു?
ഇത് ഞങ്ങളെ ആശയക്കുഴപ്പത്തിലാക്കാനുള്ള അവരുടെ തന്ത്രമാണ്. മുസ്ലിം സ്ത്രീയുടെ വിമോചനമാണ് തങ്ങളുടെ ലക്ഷ്യം എന്ന പതിവ് ആർ.എസ്. എസ് കപടവാദത്തിന്റെ ഒരു ചെറുപതിപ്പ് മാത്രമാണിത്. മുത്തലാഖ് നിയമം നടപ്പാക്കാൻ വേണ്ടി അവർ പ്രധാനമായും ഉന്നയിച്ചത് മുസ്ലിം സ്ത്രീയുടെ വിമോചനം എന്ന വാദമാണ്. പുതിയ വഖ്ഫ് ബില്ലിൽ രണ്ട് മുസ്ലിം സ്ത്രീകളെ സെൻട്രൽ വഖ്ഫ് കൗൺസിലിലും വഖ്ഫ് ബോർഡിലും നോമിനേറ്റ് ചെയ്യണം എന്ന വ്യവസ്ഥയുണ്ട്. എന്നാൽ, നിലനിൽക്കുന്ന വഖ്ഫ് നിയമത്തിൽ എവിടെയും തന്നെ മുസ്ലിം സ്ത്രീകളുടെ വഖ്ഫ് ബോർഡ് നിയമനത്തെ എതിർക്കുന്നില്ല. മുംബൈ വഖ്ഫ് ബോർഡിലും ദൽഹി വഖ്ഫ് ബോർഡിലും സ്ത്രീ പ്രതിനിധികൾ ഉണ്ടായിട്ടുണ്ട്. എന്നാൽ, പുതിയ ബില്ലിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്ന് മുസ്ലിം സ്ത്രീ ശാക്തീകരണമാണ് എന്ന നിലയിലാണ് സർക്കാർ അനുകൂലികളുടെ പ്രചാരണം. മുസ്ലിം സ്ത്രീകളെ വഖ്ഫ് ബോർഡ് മെമ്പർമാർ ആക്കുന്നതിന് ഒരിക്കലും ഞങ്ങൾ എതിരല്ല. പുതിയ ബില്ലിൽ പിന്നാക്ക മുസ്ലിം വിഭാഗത്തിനും അവർ പ്രത്യേക സംവരണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തിലുള്ള വാഗ്ദാനങ്ങൾ സമുദായത്തെ വിഭജിച്ചു ഭരിക്കാനുള്ള തന്ത്രമാണെന്ന് സമുദായത്തിൽ പലരും ഇതിനോടകം തന്നെ മനസ്സിലാക്കിക്കഴിഞ്ഞു. എല്ലാ കാലത്തും മുസ്ലിംകളെ വിഡ്ഢികളാക്കി ഭരിക്കാം എന്ന അവരുടെ തന്ത്രം വിലപ്പോവില്ല. ഈ കഴിഞ്ഞ പാർലമെന്ററി ഇലക്്ഷനിൽ മുസ്ലിം സമുദായം ഒറ്റക്കെട്ടായാണ് ബി.ജെ.പി വിരുദ്ധ നിലപാടെടുത്തത്. ഭാവിയിലും അവർക്ക് മുസ്ലിം സമുദായത്തെ ഭിന്നിപ്പിച്ച് ഭരിക്കൽ അത്ര എളുപ്പമാവില്ല. ഇത്തരത്തിലുള്ള നിയമനിർമാണങ്ങളെ ജനാധിപത്യപരമായ രീതിയിൽ ചെറുക്കുക എന്നത് രാജ്യത്തിലെ ഓരോ മുസ്ലിമിന്റെയും കടമയാണ്. l
ഹസീനാ ഭരണകൂടം കള്ളക്കേസുകളുണ്ടാക്കി തൂക്കിലേറ്റിയ ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി മുൻ അധ്യക്ഷൻ മുത്വീഉർറഹ്മാൻ നിസാമിയുടെ മകൻ നജീബുർറഹ്മാൻ നിസാമി ഇന്റർനെറ്റ് വഴി ഖത്തറിലെ അൽജസീറ ചാനലിനോട് സംസാരിക്കുന്നു.
നൊബേൽ സമ്മാന ജേതാവ് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിൽ ബംഗ്ലാദേശിൽ ഒരു ഇടക്കാല അഡ്വൈസറി കൗൺസിൽ ഭരണം നിലവിൽ വന്നിരിക്കുകയാണ്. വളരെ പെട്ടെന്നുണ്ടായ ഈ രാഷ്ട്രീയ മാറ്റങ്ങളോട് താങ്കൾ എങ്ങനെ പ്രതികരിക്കുന്നു?
ഞങ്ങൾ ബംഗ്ലാദേശ് ജനതക്കൊപ്പമാണ്. ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെയുള്ള ഈ വിമോചനപ്പോരാട്ടത്തിൽ ഞങ്ങളും അവരോടൊപ്പം ചേരുകയാണ് ചെയ്തത്. പ്രഫ. മുഹമ്മദ് യൂനുസ് നേതൃത്വം നൽകുന്ന ഇടക്കാല ഭരണസംവിധാനത്തിന് ഞങ്ങൾ പൂർണ പിന്തുണ പ്രഖ്യാപിക്കുന്നു. രാജ്യത്തിനകത്തും പുറത്തും അദ്ദേഹത്തെക്കുറിച്ച് നല്ല അഭിപ്രായമാണുള്ളത്. ജനാധിപത്യ ഭരണ സംവിധാനവും നിഷ്പക്ഷ ജുഡീഷ്യറിയും പുനഃസ്ഥാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. സംശുദ്ധമായ തെരഞ്ഞെടുപ്പ് പ്രക്രിയക്ക് അത് കളമൊരുക്കും. അതേ സമയം നിരവധി കടുത്ത വെല്ലുവിളികൾ മുന്നിലുണ്ടെന്ന കാര്യവും ഞങ്ങൾ അവഗണിക്കുന്നില്ല. പിഴുതെറിയപ്പെട്ട ഫാഷിസ്റ്റ് ഭരണകൂടം ജുഡീഷ്യറിയിലും പോലീസിലും മുഴുവൻ പൊതു മേഖലാ സ്ഥാപനങ്ങളിലും സ്വന്തം ആൾക്കാരെ കുത്തിനിറച്ചിരിക്കുകയാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും സഹകരണത്തോടെ മാത്രമേ ഭരണ സംവിധാനത്തെ പൂർവസ്ഥിതിയിലേക്ക് കൊണ്ടുവരാനാവൂ. ജൂഡീഷ്യറിയെ എത്രയും പെട്ടെന്ന് എല്ലാ പൗരൻമാരോടും നീതി ചെയ്യുന്ന സംവിധാനമാക്കി മാറ്റിയെടുക്കുകയാണ് ആദ്യമായി ചെയ്യാനുള്ളത്. പോലീസിലും വലിയ അഴിച്ചു പണി നടക്കേണ്ടതുണ്ട്. പുതിയ ഭരണകൂടം ഈ വിഷയങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കുമെന്നാണ് ഞങ്ങൾ കരുതുന്നത്.
ഹസീന വാജിദിനെതിരെയുള്ള പ്രക്ഷോഭം കൊടുമ്പിരിക്കൊള്ളുമ്പോഴാണ് ബംഗ്ലാ ജമാഅത്തെ ഇസ്ലാമി പൂർണമായി നിരോധിക്കപ്പെടുന്നത്. ഇതിനെ പാർട്ടി എങ്ങനെയാണ് നേരിടുക?
ജമാഅത്തെ ഇസ്ലാമി ബംഗ്ലാദേശിലെ ഒരു പ്രധാന രാഷ്ട്രീയ പാർട്ടിയാണ്. ഭരണഘടനയിൽ പൂർണ വിശ്വാസമർപ്പിച്ചുകൊണ്ടാണ് ഞങ്ങളുടെ പ്രവർത്തനം. ഹസീന ഭരണസംവിധാനങ്ങൾ പിടിച്ചടക്കുന്നതിന് മുമ്പ് ഞങ്ങൾ എല്ലാ തെരഞ്ഞെടുപ്പുകളിലും ഭാഗഭാക്കായിട്ടുണ്ട്. എല്ലാ പാർലമെന്റ് സഭകളിലും ഞങ്ങൾക്ക് പ്രതിനിധികൾ ഉണ്ടായിട്ടുണ്ട്. അതിനാൽ, തീർത്തും നിയമവിരുദ്ധമായാണ് ഹസീന ജമാഅത്തിനെ നിരോധിക്കുകയും പാർലമെന്റിലേക്ക് മത്സരിക്കുന്നത് തടയുകയും ചെയ്തത്. പക്ഷേ, ഹസീനയുടെ അടിച്ചമർത്തൽ ഞങ്ങളുടെ പ്രസ്ഥാനത്തെ കൂടുതൽ ജനകീയമാക്കി. പുതിയ ഭരണ സംവിധാനത്തിൽ ഞങ്ങൾക്ക് പ്രതീക്ഷയുണ്ട്. ഇതുവരെ നടന്ന ചർച്ചകളിലൊക്കെ ഞങ്ങളുടെ പ്രതിനിധികളും ക്ഷണിക്കപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ അഭിപ്രായങ്ങൾ അവർ മുഖവിലക്കെടുക്കുന്നുമുണ്ട്. സൈനിക വൃത്തങ്ങളുമായും ആശയവിനിമയം നടത്താൻ കഴിഞ്ഞിട്ടുണ്ട്. ഹസീനയുടെ മുൻ തീരുമാനങ്ങൾ ഒന്നിനും വിലങ്ങുതടിയാവില്ലെന്ന് ഞങ്ങൾ കരുതുന്നു. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ ഈ നിരോധത്തെ അംഗീകരിക്കുന്നുമില്ല. നിയമാനുസൃത രീതിയിൽ തന്നെയാണ് സംഘടന ഇന്നേവരെയും പ്രവർത്തിച്ചുപോന്നിട്ടുള്ളത്. വരാൻപോകുന്ന തെരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനം.
ഭരണം നിയമാനുസൃതമാക്കാൻ താൽക്കാലിക ഭരണ സംവിധാനത്തിന് എന്തൊക്കെയാണ് ചെയ്യാനുള്ളത്?
ഞാൻ നേരത്തേ സൂചിപ്പിച്ചതു പോലെ ജുഡീഷ്യറിയിലും പോലീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലുമൊക്കെ ഇതുവരെ ഏകാധിപത്യ ഭരണം നടത്തിയവരുടെ ആളുകളാണുള്ളത്. നിയമ വിരുദ്ധമായും വേണ്ടത്ര യോഗ്യതകളില്ലാതെയും കയറിപ്പറ്റിയ ഇത്തരക്കാരെ ഇടക്കാല ഭരണകൂടം തൽസ്ഥാനങ്ങളിൽനിന്ന് നീക്കുമെന്ന് തന്നെയാണ് ഞാൻ കരുതുന്നത്. തീർത്തും രാഷ്ട്രീയവൽക്കരിക്കപ്പെട്ട ജുഡീഷ്യറിയെ അതിൽനിന്ന് മുക്തമാക്കണം. നീതിന്യായ സ്ഥാപനങ്ങൾ നിഷ്പക്ഷത പാലിക്കുമെന്ന വിശ്വാസം ജനങ്ങൾക്കുണ്ടാവണം. പോലീസ് സംവിധാനവും പരിഷ്കരിക്കണം. പിന്നെ എത്രയും പെട്ടെന്ന് പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാമെന്നാണ് ഞാൻ കരുതുന്നത്.
നിരോധിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമിയുടെ ഭാവി പരിപാടികൾ എങ്ങനെയായിരിക്കും?
ഭരണഘടനാനുസൃതമായ രാഷ്ട്രീയ പ്രവർത്തനത്തിലാണ് ജമാഅത്ത് വിശ്വസിക്കുന്നത്. ഇതുവരെയുള്ള തെരഞ്ഞെടുപ്പുകളിൽ പങ്കെടുത്തു പോന്നിട്ടുള്ളതും അങ്ങനെ തന്നെയാണ്. ഈ നിയമാനുസൃത രാഷ്ട്രീയ പ്രവർത്തനത്തിൽനിന്ന് ജമാഅത്തിനെ തടയാനാണ് ഹസീന ശ്രമിച്ചത്. ഇപ്പോൾ രാഷ്ട്രത്തിന്റെ ചുമതല ഏൽപ്പിക്കപ്പെട്ടവരുമായി ഞങ്ങൾ ആശയവിനിമയം നടത്തുന്നുണ്ട്. അവർ ഞങ്ങളോട് അഭിപ്രായമാരായുന്നുണ്ട്. നിയമ വിരുദ്ധമായി ജമാഅത്തിനെ നിരോധിച്ച നടപടി പുതിയ ഭരണകൂടം എടുത്തു കളയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാജ്യത്തെ ക്രമസമാധാനം ഉറപ്പ് വരുത്താൻ ഇടക്കാല ഭരണകൂടത്തിന് എന്തൊക്കെയാണ് ചെയ്യാനുള്ളത്?
എല്ലാ വിഭാഗങ്ങളും ഒത്തൊരുമിച്ച് നിൽക്കുകയാണ് ഈ ഘട്ടത്തിൽ ഏറെ പ്രധാനമായിട്ടുള്ളത്. രാഷ്ട്രീയ പാർട്ടികൾക്ക് മാത്രമല്ല, സാമൂഹിക പ്രസ്ഥാനങ്ങൾക്കും ഇതിൽ വലിയ റോൾ നിർവഹിക്കാനുണ്ട്. കുറച്ചു ദിവസം രാജ്യത്തിന്റെ പല ഭാഗങ്ങളിലും അരാജകത്വമായിരുന്നു. ചിലയിടങ്ങളിൽ ന്യൂനപക്ഷങ്ങളുടെ ആരാധനാലയങ്ങൾക്ക് നേരെ ആക്രമണമുണ്ടായി. ഇങ്ങനെ അക്രമമഴിച്ചു വിട്ടവരെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണം. ഭരണത്തിന്റെ സർവ മേഖലകളിലും അഴിമതിയും കെടുകാര്യസ്ഥതയുമാണ്. പുതിയ ഭരണകൂടത്തിന്റെ മുന്നിലുള്ള വലിയ വെല്ലുവിളികളിലൊന്നാണിത്. വിവിധ വീക്ഷണങ്ങൾ പുലർത്തുന്ന രാഷ്ട്രീയ പാർട്ടികൾ തമ്മിലുള്ള തുറന്ന സംവാദത്തിനും അവസരമുണ്ടാവണം.
ഹസീന വാജിദിനെ കുറ്റവിചാരണ ചെയ്യണമെന്ന് നിങ്ങൾ ആവശ്യപ്പെടുന്നുണ്ടോ?
തീർച്ചയായും. പ്രക്ഷോഭ നാളുകളിൽ കൂട്ടക്കൊലപാതകങ്ങൾ നടക്കുകയുണ്ടായി. ഹസീനാ ഭരണത്തിന്റെ അവസാനത്തെ മുപ്പത്തിയാറ് ദിവസങ്ങളിൽ ആയിരക്കണക്കിനാളുകളാണ് പോലീസിന്റെയും പട്ടാളത്തിന്റെയും ലക്കും ലഗാനുമിലാത്ത വെടിവെപ്പിൽ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരിൽ കുട്ടികളുമുണ്ട്. ധാരാളം പേരെ കാണാതായി. യു.എൻ ഹെലികോപ്ടറുകൾ വരെ പ്രക്ഷോഭം അടിച്ചമർത്താനായി ദുരുപയോഗം ചെയ്തു. അതിനാൽ, വിചാരണക്കായി ഹസീനയെ വിട്ടുനൽകാൻ ഞങ്ങൾ ആവശ്യപ്പെടുകയാണ്. ഇത് മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യമാണ്. കഴിഞ്ഞ പതിനഞ്ച് വർഷത്തെ മനുഷ്യാവകാശ ലംഘനങ്ങൾ പരിശോധിക്കണം. അതിനാൽ, അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ ഹസീനയെ വിചാരണ ചെയ്യണം. ബംഗ്ലാദേശിന് ഈ കോടതിയിൽ അംഗത്വമുണ്ട്. l
ഉരുൾപൊട്ടലിനെ തുടർന്ന് വയനാട്ടിലുണ്ടായ സമാനതകളില്ലാത്ത ദുരന്തത്തിൽ സർവവും നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിനും പുനരധിവസിപ്പിക്കുന്നതിനും ജമാഅത്തെ ഇസ്ലാമി സ്വന്തം നിലക്കും, ഭരണകൂടവുമായും മറ്റു സംഘടനകളുമായും എൻ.ജി.ഒകളുമായും സഹകരിച്ചും നടത്തുന്നതും, നടത്താൻ ഉദ്ദേശിക്കുന്നതുമായ പ്രവർത്തനങ്ങളെക്കുറിച്ച് ജമാഅത്തെ ഇസ്ലാമി കേരള ഘടകം അധ്യക്ഷൻ പി. മുജീബുർറഹ്മാൻ സംസാരിക്കുന്നു.
സാമൂഹിക സേവനത്തിന്റെ വൈവിധ്യമാര്‍ന്ന ആവിഷ്‌കാരാനുഭവങ്ങൾ ഉള്ള പ്രസ്ഥാനമാണല്ലോ ജമാഅത്തെ ഇസ്ലാമി. ഇത്തരം സാമൂഹിക സേവന പ്രവര്‍ത്തനങ്ങളുടെ ആശയപരമായ അടിത്തറയും പ്രചോദനവും എന്താണ്?
മനുഷ്യന്‍ ഒരു സാമൂഹിക ജീവിയാണല്ലോ. മനുഷ്യനും സമൂഹവും തമ്മിലുള്ളത് അന്യോന്യാശ്രിതമായ ബന്ധമാണ്. പരസ്പരം താങ്ങായും തണലായും മാത്രമേ മനുഷ്യജീവിതം സാധ്യമാവൂ. ദയ, കാരുണ്യം, സ്നേഹം, സഹാനുഭൂതി, വിട്ടുവീഴ്ച, ക്ഷമ, സ്ഥൈര്യം തുടങ്ങിയ അടിസ്ഥാന മാനവിക ഗുണങ്ങള്‍ നമ്മളുമായി മാത്രം ബന്ധപ്പെട്ടതല്ല, സമൂഹവുമായി ബന്ധപ്പെട്ടതു കൂടിയാണ്. മനുഷ്യന്റെ ഈ സഹജ പ്രകൃതത്തെ അംഗീകരിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്ത ദര്‍ശനമാണ് ഇസ്ലാം. ഭൂമിയിലെ അല്ലാഹുവിന്റെ അടിമകളോടുള്ള മനുഷ്യന്റെ ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിലൂടെ മാത്രമേ അല്ലാഹുവിലേക്കുള്ള വഴിയിൽ എത്തിപ്പെടാനാവൂ എന്നത് ഇസ്ലാമിന്റെ അടിസ്ഥാന കാഴ്ചപ്പാടുകളിലൊന്നാണ്.
ജമാഅത്തെ ഇസ്ലാമിയുടെ സേവന രംഗത്തുള്ള ചടുലത കൂടുതല്‍ ദൃശ്യമാണല്ലോ. പുതിയ പോളിസി മാറ്റത്തിന്റെ ഭാഗമായും മറ്റും രൂപപ്പെട്ടുവരുന്ന വളര്‍ച്ചയാണോ ഇത്?
സേവന രംഗത്തെ ജമാഅത്തെ ഇസ്ലാമിയുടെ സജീവത ഏതെങ്കിലും സാഹചര്യത്തിന്റെയോ സന്ദര്‍ഭത്തിന്റെയോ തേട്ടമായി ഉണ്ടായതല്ല. നിങ്ങള്‍ പ്രവാചന്‍ മുഹമ്മദ് നബി(സ)യുടെ ജീവിതം നോക്കൂ. ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങള്‍ സമൂഹ മധ്യത്തില്‍ അവതരിപ്പിക്കുന്ന ആദ്യ സന്ദര്‍ഭങ്ങളില്‍ തന്നെ അനാഥയെയും അഗതിയെയും പരിഗണിക്കാനും, അടിസ്ഥാന ആവശ്യങ്ങള്‍ നിഷേധിക്കപ്പെടുന്നവരുടെ അത്താണിയാവാനും അവര്‍ക്കു വേണ്ടി പൊരുതാനും ആഹ്വാനം ചെയ്യുന്നതായി കാണാം. ഇസ്ലാമിന്റെ അടിസ്ഥാന ആശയങ്ങളില്‍ പെട്ടതാണ് സേവനപ്രവര്‍ത്തനം. അതുകൊണ്ടുതന്നെ ഇസ്ലാമിനെ തികവാര്‍ന്ന രൂപത്തില്‍ പ്രതിനിധാനം ചെയ്യാൻ ശ്രമിക്കുന്ന ജമാഅത്തെ ഇസ്ലാമിയുടെ പ്രവര്‍ത്തനങ്ങളില്‍ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യ സ്ഥാനം കൈവരിക സ്വാഭാവികമാണ്. ഏതെങ്കിലും ഘട്ടത്തില്‍ അതിനെ കൈയൊഴിയാനും ജമാഅത്തിന് ആവില്ല.
ജമാഅത്തിന്റെ ചരിത്രത്തിലേക്ക് നിങ്ങള്‍ നോക്കൂ. പരിമിതമായ മാനുഷിക, സാമ്പത്തിക വിഭവങ്ങള്‍ ഉണ്ടായിരുന്ന തുടക്കകാലത്തു തന്നെ കലാപ, പ്രകൃതിദുരന്ത രക്ഷാപ്രവര്‍ത്തനങ്ങളിലും ഇരകളുടെ പുനരധിവാസത്തിലും ജമാഅത്തിന്റെ സാന്നിധ്യം കണ്ടെത്താനാവും. ചരിത്രപരമായി ജമാഅത്തെ ഇസ്ലാമിയില്‍ നിലനിന്നുപോരുന്ന സേവനമെന്ന ജൈവ ഗുണത്തിന്റെ കാലാനുസൃതമായ വികാസവും വേഗവുമാണ് ഇപ്പോഴുള്ളത്.
ജമാഅത്തെ ഇസ്ലാമിയുടെ സേവന പ്രവര്‍ത്തനങ്ങളുടെ രീതിശാസ്ത്രവും സംവിധാനവും എങ്ങനെയാണ്?
ഏതൊരാള്‍ക്കും ചെയ്യാന്‍ സാധിക്കുന്നതും ചെയ്യേണ്ടതുമായ സേവന പ്രവര്‍ത്തനങ്ങളുണ്ട്. അത് വീഴ്ചകളില്ലാതെ നിര്‍വഹിക്കാന്‍ ജമാഅത്തെ ഇസ്ലാമി അതിന്റെ പ്രവര്‍ത്തകരെ പ്രചോദിപ്പിക്കുകയും ആവശ്യമായ പരിശീലനങ്ങള്‍ നല്‍കുകയും ചെയ്യുന്നു. നാട്ടിലുള്ള എല്ലാവരെയും അതില്‍ സഹകരിപ്പിക്കാനും അവരുടെ കഴിവുകള്‍ ഈ മാര്‍ഗത്തില്‍ ഉപയോഗപ്പെടുത്താനും ശ്രമിക്കുന്നു. അതേസമയം, നമ്മുടെ കാലത്ത് ദുരന്ത നിവാരണം, രക്ഷാപ്രവര്‍ത്തനം എന്നിവ സാധ്യമാകുന്നതിന് സാങ്കേതിക വൈദഗ്ധ്യവും പരിശീലനവും ആവശ്യമാണ്. ഇക്കാര്യത്തില്‍ ജമാഅത്തെ ഇസ്ലാമി, യോഗ്യരും താല്‍പര്യമുള്ളവരുമായ പ്രവര്‍ത്തകരെ കണ്ടെത്തി പരിശീലനം നല്‍കി അവരെ സ്ഥിരം സ്വഭാവത്തില്‍ വളര്‍ത്തിയെടുക്കുന്നു. രാജ്യത്തിന് പുറത്തും, കേരളത്തിനകത്തും പുറത്തും ഇതിനകം സ്തുത്യര്‍ഹമായ സേവനങ്ങള്‍ നിര്‍വഹിക്കാന്‍ ഈ സംഘത്തിനായിട്ടുണ്ട്. പല സ്ഥലങ്ങളിലും സുരക്ഷാ സേനകളോടൊപ്പം പ്രവര്‍ത്തിക്കാവുന്ന മികവ് ഈ സംഘത്തിനുണ്ട്. അതുപോലെത്തന്നെയാണ് പുനരധിവാസ പദ്ധതികളും അവയുടെ വിവിധ ഘട്ടങ്ങളും. ഇവയില്‍ പലതും ഹ്രസ്വകാല, ദീര്‍ഘകാല പദ്ധതികളാണ്. ഇവ നടപ്പാക്കണമെങ്കിലും ഉദ്ദേശിച്ച ഫലം കാണണമെങ്കിലും വൈദഗ്ധ്യവും മികവും ആവശ്യമാണ്. ഇതില്‍ സ്പെഷലൈസ് ചെയ്ത എന്‍.ജി.ഒകള്‍ ജമാഅത്തിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്നുണ്ട്. മാത്രമല്ല, ഇത്തരം കാര്യങ്ങളില്‍ അനുഭവപരിചയമുള്ള എന്‍.ജി.ഒകളുമായും പ്ലാറ്റ്ഫോമുകളുമായും സഹകരിച്ചാണ് ജമാഅത്തിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.
പ്രകൃതി ദുരന്തങ്ങള്‍ സേവന പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ചടുലമാക്കുന്ന സന്ദര്‍ഭങ്ങളാണ്. പ്രകൃതി ദുരന്തങ്ങളെ എങ്ങനെയാണ് ജമാഅത്തെ ഇസ്ലാമി അഭിമുഖീകരിക്കുന്നത്?
പ്രകൃതി ദുരന്തമോ മറ്റോ സംഭവിച്ചു കഴിഞ്ഞാല്‍ അതിന്റെ ആഴവും പരപ്പും പെട്ടെന്ന് മനസ്സിലാക്കാൻ കഴിയുന്ന , നന്നായി പഠിക്കുകയും പരിശീലിക്കുകയും ചെയ്ത സര്‍വസജ്ജരായ പൈലറ്റ് ടീം ജമാഅത്തിന് കീഴിലുണ്ട്. കൂടാതെ, മണിക്കൂറുകള്‍ക്കകം ജമാഅത്തെ ഇസ്ലാമിക്ക് അതിന്റെ പോഷക വിഭാഗങ്ങളെയും മാധ്യമ സംരംഭങ്ങളെയും ഈ ദിശയിലേക്ക് തിരിച്ചുനിര്‍ത്താന്‍ സാധിക്കും. ഇത് കേവലം ആസൂത്രണത്തിന്റെ മാത്രം ഫലമല്ല. നേരത്തെ പറഞ്ഞ ആശയപരമായ ഉള്ളടക്കത്തിന്റെ കൂടി ഭാഗമാണ്. അതുകൊണ്ടുതന്നെ ഓരോ വിങ്ങും ഏതു നിലയില്‍ പ്രവര്‍ത്തിക്കണമെന്ന് സ്വയം ബോധ്യമുള്ളവരുമാണ്. ജമാഅത്തിന്റെ സേവനപ്രവര്‍ത്തനം കൂടുതല്‍ ജനകീയവും ഫലപ്രദവുമാകാനുള്ള കാരണം ഇതാണ്. 'ജനസേവനം ഞങ്ങള്‍ക്ക് ദൈവാരാധന' എന്നത് ജമാഅത്തെ ഇസ്ലാമിയുടെ ഒരു സ്ലോഗന്‍ തന്നെയാണ്. അതിനാല്‍, സേവനത്തെ ജീവിത സംസ്‌കാരമായി കൊണ്ടുനടക്കാന്‍ ജമാഅത്തിന് കഴിയുന്നുണ്ട്. അതുകൊണ്ടുതന്നെ കരുതിവെപ്പുകളില്ലാതെ കര്‍മരംഗത്തുണ്ടാവാനും ജമാഅത്തിന് സാധിക്കുന്നുണ്ട്.
പ്രകൃതി ദുരന്തങ്ങള്‍ ഏറെ അനുഭവിച്ച നാടാണ് വയനാട്. ഇപ്പോള്‍ അതിഭീകരമായ ഒരു ഉരുള്‍ദുരന്തത്തിന് വയനാട്ടിലെ ജനങ്ങള്‍ ഇരകളായിരിക്കുന്നു. മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലിൽ സർവം നഷ്ടമായവരുടെ ജീവിതത്തെ എങ്ങനെയാണ് വീണ്ടെടുക്കാന്‍ സാധിക്കുക? ആളപായത്തിന്റെ കാര്യത്തിലും നാശനഷ്ടങ്ങളുടെ കാര്യത്തിലും സമാനതകളില്ലാത്ത ദുരന്തമാണ് വയനാട്ടില്‍ സംഭവിച്ചത്. രണ്ട് പ്രദേശങ്ങള്‍ പൂര്‍ണമായും ഇല്ലാതായിരിക്കുന്നു. ആ ജനതയുടെ വീണ്ടെടുപ്പ് എന്നത് പ്രയാസകരമായ ദൗത്യം തന്നെയാണ്. അവര്‍ക്ക് അവരുടെ നാടും നഗരവും തന്നെ ഇല്ലാതായിരിക്കുന്നു. എന്നാല്‍ എല്ലാവരും ഒത്തൊരുമിച്ച് നിന്നാല്‍ സുരക്ഷിതമായ, ഒരുപക്ഷേ കൂടുതല്‍ മികച്ച ഭാവി അവര്‍ക്ക് നല്‍കാനാവും. ഇതിന് നേതൃത്വം നല്‍കേണ്ടത് സര്‍ക്കാര്‍ ആണ്. സര്‍ക്കാറിന് മാത്രമായി ഒരു പുനരധിവാസ പദ്ധതിയും പൂര്‍ത്തിയാക്കാനാവില്ല എന്നത് നമ്മുടെ അനുഭവമാണ്. അതേസമയം, കേരള ജനത ഇക്കാര്യത്തില്‍ കാണിക്കുന്ന ഉല്‍സാഹമുണ്ട്. അതിനെ ഏകോപിപ്പിച്ച്, എല്ലാവർക്കും ഉള്‍ക്കൊള്ളാവുന്ന വിധത്തിലുള്ള നയത്തിലേക്ക് സര്‍ക്കാര്‍ വന്നാല്‍ മാത്രമേ ഇത് വിജയത്തിലെത്തിക്കാന്‍ സാധിക്കൂ.
ദുരന്തബാധിത ജനങ്ങളുടെ പുനരധിവാസത്തില്‍ ജമാഅത്തെ ഇസ്ലാമി നിര്‍വഹിക്കാനുദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളും അതിന്റെ വ്യാപ്തിയും എത്രത്തോളമാണ്?
ദുരന്ത വിവരമറിഞ്ഞ ഉടനെ തന്നെ ഐ.ആര്‍. ഡബ്ല്യൂവിന്റെ പൈലറ്റ് ടീം അങ്ങോട്ട് പുറപ്പെട്ടു. ദുരന്തത്തിന്റെ വ്യാപ്തി മനസ്സിലാക്കിയതോടെ കൂടുതല്‍ സംഘം വയനാട്ടിലും നിലമ്പൂരിലും എത്തി. പ്രാഥമികമായി രക്ഷാപ്രവര്‍ത്തനത്തിലായിരുന്നു ഇവര്‍ കേന്ദ്രീകരിച്ചത്. അതോടൊപ്പം തന്നെ അവര്‍ക്ക് പിന്തുണ നല്‍കാവുന്ന വിധത്തിൽ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുന്നതിനാവശ്യമായ നീക്കങ്ങള്‍ സംഘടനാതലത്തിലും നടക്കുന്നുണ്ടായിരുന്നു. മേപ്പാടിയില്‍ പീപ്പ്ള്‍സ് ഫൗണ്ടേഷന്റെ ദുരിതാശ്വാസ സെല്‍ തുറന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സഹായങ്ങളും മറ്റും തടസ്സമില്ലാതെ ലഭിക്കുന്നതിന് കോഴിക്കോട്ടും പീപ്പ്ള്‍സ് ഫൗണ്ടേഷന്‍ സെല്‍ തുറക്കുകയുണ്ടായി. ഈ സമയം വരെയും ആ ദുരിതാശ്വാസ സെല്‍ സജീവമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. ക്യാമ്പുകളിലേക്കും ദുരിത ബാധിതര്‍ക്കുമുള്ള അവശ്യസാധനങ്ങള്‍, മെഡിക്കല്‍, കൗണ്‍സലിംഗ് സേവനങ്ങള്‍ തുടങ്ങിയവയെല്ലാം ഇതിലൂടെ ലഭ്യമാക്കിക്കൊണ്ടിരിക്കുന്നു. വേറെയും സന്നദ്ധ സംഘടനകളും എന്‍.ജി.ഒകളും അവിടെ ശ്ലാഘനീയമായ വിധത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
പ്രളയ ദുരന്തങ്ങളിലെ ഇരകള്‍ക്കു വേണ്ടി നടപ്പാക്കിയ വ്യത്യസ്ത പദ്ധതികളെക്കുറിച്ച് അമീര്‍ സൂചിപ്പിച്ചു. ഇവ നല്‍കിയ തിരിച്ചറിവുകള്‍ നമ്മുടെ മുന്നിലുണ്ടാകുമല്ലോ. ഇപ്പോള്‍ വ്യക്തികളും വ്യത്യസ്ത സംഘടനകളും പ്രഖ്യാപിച്ചിട്ടുള്ള പുനരധിവാസ പദ്ധതികള്‍ക്കും ചില പരിമിതികള്‍ ഇല്ലേ? അവയെ എങ്ങനെ മറികടക്കാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്?
വളരെ പ്രസക്തമായ ചോദ്യമാണിത്. ദുരിതബാധിതരെ സഹായിക്കുന്നതിന് മുമ്പെങ്ങുമില്ലാത്ത വിധം മലയാളികള്‍ തയാറാണ്. അതില്‍ വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളും എല്ലാമുണ്ട്. ഭരണപക്ഷവും പ്രതിപക്ഷവുമെല്ലാം ഇതില്‍ ഒരേ മനസ്സോടെ മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്നു. ഇതില്‍ വിസ്മയപ്പെടുത്തുന്ന പ്രകടനമാണ് സേവന മേഖലയിലുള്ള സ്ത്രീകള്‍ കാഴ്ചവെച്ചത്. പഴകിയതും ജീര്‍ണിച്ചതുമായ, ഉറ്റവര്‍ തൊടാന്‍ പകച്ചുനിന്ന മൃതശരീരങ്ങളെ അവയ്ക്ക് നൽകേണ്ട മുഴുവന്‍ ആദരവോടെയും സംസ്‌കരിക്കാനും അടക്കം ചെയ്യാനും സാധിച്ചത് അവരുടെ ഇടപെടലുകള്‍കൊണ്ടായിരുന്നു. ദുരന്തത്തെക്കുറിച്ച് കേട്ടാലുടൻ ഒത്തൊരുമിച്ച് ഇറങ്ങിപ്പുറപ്പെടാനുള്ള ഈ സന്നദ്ധതയും ത്യാഗമനസ്സും ഏതര്‍ഥത്തിലും അഭിവാദ്യം ചെയ്യപ്പെടേണ്ടതാണ്. നോക്കൂ, നമ്മുടെ പുതിയ ജനറേഷനെ കുറിച്ച് എന്തെല്ലാം പരിഭവങ്ങളാണ് നാം പറഞ്ഞിരുന്നത്. പക്ഷേ, ജീവനും ജീവിതവും അപകടത്തില്‍ എന്ന് കേള്‍ക്കുമ്പോള്‍ അവര്‍ ഇറങ്ങി പുറപ്പെടുന്നു. നമ്മുടെ സോഷ്യല്‍ മീഡിയ ഇത്രമേല്‍ സര്‍ഗാത്മകമായ സന്ദര്‍ഭം അടുത്തൊന്നുമുണ്ടായിട്ടില്ല. രാഷ്ട്രീയ വൈരവും സ്ഥാപിത താല്‍പര്യങ്ങളും നിറഞ്ഞാടാറുള്ള സാമൂഹിക മാധ്യമങ്ങള്‍ മറ്റൊന്നിലും ശ്രദ്ധിക്കാതെയായി. അവയെല്ലാം വയനാട്ടിലേക്ക് മാത്രമായി മുഖം തിരിച്ചു.
കുറേയേറെ പരിമിതികള്‍ നമ്മുടെ പുനരധിവാസ സങ്കല്‍പത്തിനുണ്ട് എന്നാണ് അനുഭവത്തില്‍നിന്ന് മനസ്സിലാവുന്നത്. പുനരധിവാസം എന്നാല്‍ വീടുണ്ടാക്കി കൊടുക്കുക, ഏതാനും ദിവസത്തേക്കുള്ള അവശ്യസാധനങ്ങള്‍ നല്‍കുക എന്ന് മാത്രമായി മനസ്സിലാക്കപ്പെടുന്നുണ്ട്. എന്നാല്‍, ദുരന്തങ്ങള്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതം വീടുമായി മാത്രം ബന്ധപ്പെട്ടു നില്‍ക്കുന്നതല്ല. ഞാന്‍ ചില ഉദാഹരണങ്ങള്‍ പറയാം. ദൂരെ പോയി ഉന്നത പഠനം നടത്തുന്ന വിദ്യാര്‍ഥികള്‍ ആ നാട്ടിലുണ്ടാവില്ലേ, അവരുടെ ഭാവി എന്താവും? ബാങ്ക് ലോണ്‍ എടുത്തവരുണ്ടാവില്ലേ? കൃഷി ഉപജീവനമാര്‍ഗമായി സ്വീകരിച്ചവര്‍ക്ക് ഇപ്പോള്‍ കൃഷിഭൂമിയില്ലല്ലോ. തങ്ങളുടെ നിയമപരമായ നാനാതരം രേഖകള്‍ നഷ്ടപ്പെട്ടവരുണ്ടാവില്ലേ? കഴിഞ്ഞ ദിവസം വരെ വൈകുന്നേരങ്ങളില്‍ കടയില്‍നിന്ന് ചായ കുടിച്ചവന്റെ കൈയില്‍ പോക്കറ്റ് മണി ഇല്ലാത്തതിന്റെ ആത്മസംഘര്‍ഷമുണ്ടാവില്ലേ? ആരോടെങ്കിലും കാശ് കടം ചോദിക്കാന്‍ പോലും പറ്റാത്ത മാനസികാവസ്ഥ… ഇവയെ കുറിച്ചെല്ലാം ആലോചിച്ചു നോക്കൂ. പുനരധിവാസം എന്ന് പറയുമ്പോള്‍ ഇതെല്ലാം ഉള്‍ക്കൊള്ളുന്നതാവണം. അത്തരം പഴുതടച്ചതും സമഗ്രവുമായ പുനരധിവാസ കാഴ്ചപ്പാടാണ് വ്യക്തികളും സമൂഹവും സര്‍ക്കാറുമൊക്കെ ആര്‍ജിക്കേണ്ടത് എന്നാണ് തോന്നുന്നത്.
കേരളത്തില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്നു. ഓരോ ദുരന്തത്തിനും ശേഷമുള്ള രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ചും ദുരിതാശ്വാസ, പുനരധിവാസ പദ്ധതികളെക്കുറിച്ചുമാണ് നാം ആലോചിക്കാറുള്ളത്. എന്തുകൊണ്ട് ദുരന്തങ്ങളെ മുന്നില്‍ കണ്ടുകൊണ്ട് മുന്‍കരുതലെടുക്കാന്‍ നമുക്ക് സാധിക്കുന്നില്ല?
ശരിയാണത്. പലനിലക്കുള്ള ദുരന്തങ്ങള്‍ കേരളത്തില്‍ ആവര്‍ത്തിക്കാറുണ്ട്. മനുഷ്യനിര്‍മിത ദുരന്തങ്ങളെ ഒരു പരിധിവരെ കാര്യക്ഷമതയിലൂടെ നമുക്ക് മറികടക്കാനാവും. ഏറക്കുറെ പ്രകൃതി ദുരന്തങ്ങളെ പ്രവചിക്കാവുന്ന വിധം ഇന്ന് സാങ്കേതിക വിദ്യ വളര്‍ന്നിട്ടുണ്ട്. ദുരന്തങ്ങളെ തടയാനാവില്ലെങ്കിലും അതിന്റെ പ്രകൃതിപരവും മാനുഷികവും സാമൂഹികവുമായ ആഘാതം കുറക്കാന്‍ സാങ്കേതിക വിദ്യ സഹായിക്കും. അത്തരം വിവരങ്ങള്‍ നമ്മുടെ ഔദ്യോ ഗിക ഏജന്‍സികളുടെ കൈയിലുണ്ട്. അതിനെ, ദുരന്ത നിവാരണത്തെ, ജനകീയ ആശയവും അറിവുമായി വികസിപ്പിക്കണം. നമുക്കിപ്പോള്‍ ജില്ലാ തലത്തില്‍ പ്രഖ്യാപിക്കുന്ന വിവിധ നിറങ്ങളിലെ അലേര്‍ട്ടുകളെ കുറിച്ച് മാത്രമേ അറിയൂ. ഓരോ പഞ്ചായത്തിലെയും വാര്‍ഡിലെയും ഏതേത് പോയന്റുകളിലാണ് ദുരന്തത്തിന് സാധ്യതയുള്ളത് എന്ന് ഇന്നറിയാന്‍ കഴിയും. അവിടെ അതിനാവശ്യമായ മുന്‍കരുതലുകള്‍ എടുക്കുകയാണ് വേണ്ടത്.
പ്രകൃതി ദുരന്തങ്ങള്‍ വര്‍ധിക്കുന്നതിന് ഒരുപാട് കാരണങ്ങളുണ്ടാവാം. ആഗോള തലത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന കാലാവസ്ഥാ വ്യതിയാനം, കേരളത്തിലെ മഴയുടെ ക്രമവും തോതും മാറിയത്… അങ്ങനെ പലതും. നമ്മുടെ ജീവിതകാഴ്ചപ്പാടുകളും അതിനനുസരിച്ച പ്രവര്‍ത്തനങ്ങളും പ്രകൃതി ദുരന്തങ്ങളുണ്ടാവുന്നതിന് നിമിത്തങ്ങളാവുന്നുണ്ട് എന്നതും നിഷേധിക്കാനാവില്ല. അത് തിരുത്തപ്പെടേണ്ടത് തന്നെയാണ്. പ്രകൃതി സൗഹൃദപരമായ ജീവിതകാഴ്ചപ്പാടിലേക്ക് നാം വളരേണ്ടതുണ്ട്. മനുഷ്യനും മനുഷ്യനും തമ്മിലുള്ള ബന്ധം പോലെത്തന്നെ പ്രധാനമാണ് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധവും. ഈ ബന്ധം മുന്നില്‍ വെച്ചുള്ള വികസനവും വിഭവങ്ങളുടെ ഉപയോഗവുമാണ് പ്രകൃതിയില്‍ നടക്കേണ്ടത്. അഥവാ, പ്രകൃതിസംരക്ഷണവും മനുഷ്യസുരക്ഷയും വികസന പ്രക്രിയയില്‍ ഒഴിച്ചു കൂടാനാവാത്തതാണെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. എന്നാലും മനുഷ്യന് പ്രാപ്യമല്ലാത്തത് സംഭവിച്ചേക്കാം. പ്രകൃതിനിയമങ്ങള്‍ നമ്മുടെ നിയന്ത്രണത്തിലല്ല. അത് നമ്മുടെ പരിമിതിയായി കാണുകയും മനുഷ്യ സമൂഹത്തോട് അതിരറ്റ കാരുണ്യമുള്ള ദൈവം എല്ലാം നന്‍മക്ക് വേണ്ടിയേ ചെയ്യൂ എന്ന് ഉറപ്പിക്കുകയും ചെയ്യാം. l
മതനിരപേക്ഷ ഇന്ത്യയെ മുൾമുനയിൽ നിർത്തിയ തെരഞ്ഞെടുപ്പിന് ശേഷം, പതിനെട്ടാം ലോക്സഭയിലെ എം.പിയായി സത്യപ്രതിജ്ഞ ചെയ്തപ്പോൾ താങ്കളുടെ വിചാര, വികാരങ്ങൾ എന്തായിരുന്നു?
പതിനെട്ടാം ലോക്സഭയിൽ എം.പിയായി സത്യപ്രതിജ്ഞ ചെയ്യാൻ യാത്ര പുറപ്പെടുമ്പോൾ ആശ്വാസവും ആത്മവിശ്വാസവുമായിരുന്നു മനസ്സ് നിറയെ. പാർലമെന്റിൽ എത്തിയപ്പോൾ പ്രതിപക്ഷ എം.പിമാരുടെ മുഖത്ത് പുതിയൊരു പ്രസരിപ്പ് കാണാൻ സാധിച്ചു. സമാശ്വാസത്തിന്റെതായ അന്തരീക്ഷമാണ്, ഈ തെരഞ്ഞെടുപ്പ് ഫലം പാർലമെന്റിനകത്തും, രാജ്യം മുഴുക്കെയും സൃഷ്ടിച്ചത്.
മതേതര വിരുദ്ധവും, ന്യൂനപക്ഷ ദ്രോഹത്തിൽ ഊന്നിയതുമായ അജണ്ട പരസ്യപ്പെടുത്തിയ ആർ.എസ്.എസ് - ബി.ജെ.പി ഭരണം പലതരം ഭീതികൾ സൃഷ്ടിച്ച രണ്ട് പാർലമെന്റ് കാലം കടന്നാണ് നാം ലോക്സഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചത്. മോദി ഭരണം അവസാനിച്ച്, പുതിയ ഗവൺമെന്റ് വരണം എന്നതായിരുന്നു നമ്മുടെ ആഗ്രഹം. അത് സംഭവിച്ചില്ല. പക്ഷേ, ബി.ജെ.പിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷമോ കേവല ഭൂരിപക്ഷം പോലുമോ ലഭിച്ചില്ല. ശക്തമായ പ്രതിപക്ഷവുമുണ്ടായി. ബി.ജെ.പിയുടെ പല പ്രമുഖരും പരാജയപ്പെട്ടു. അവരുടെ ശൗര്യവും നഷ്ടപ്പെട്ടു തുടങ്ങി. ഇങ്ങനെ പല ഘടകങ്ങളും രാജ്യത്തിന് പ്രതീക്ഷയും തുടർ പ്രവർത്തനങ്ങൾക്ക് പ്രചോദനവും നൽകുന്നതാണ്.
400 എം.പിമാരെ ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇറങ്ങിയ ബി.ജെ.പിക്കും എൻ.ഡി.എക്കും തിരിച്ചടികൾ നേരിട്ടു എന്നത് ശരിയാണ്. പക്ഷേ, മറ്റു കക്ഷികളുടെ പിന്തുണയോടെയാണെങ്കിലും അധികാരത്തിൽ വന്ന ബി.ജെ.പി ഗവൺമെന്റിന്റെ അജണ്ടകൾ പഴയത് തന്നെയായിരിക്കുമോ? എന്താണ് താങ്കൾ പ്രതീക്ഷിക്കുന്നത്? ഹിന്ദു രാഷ്ട്രം എന്ന ലക്ഷ്യം നേടിയെടുക്കാൻ അവർ എന്തൊക്കെ തന്ത്രങ്ങൾ പയറ്റിയേക്കാം?
ബി.ജെ.പി അടങ്ങിയിരിക്കാൻ സാധ്യതയില്ല എന്നത് ശരിയാണ്. പക്ഷേ, പഴയതുപോലെ അപകടകരമായ രീതിയിൽ പ്രവർത്തിക്കാൻ ത്രാണിയില്ലാത്ത ഗവൺമെന്റാണ് ഇപ്പോൾ കേന്ദ്രത്തിൽ അധികാരത്തിലുള്ളത്. ബി.ജെ.പി ദുർബലമായിട്ടുണ്ട്. അതുകൊണ്ട്, സംഘ് പരിവാർ ഉദ്ദേശിച്ച തരത്തിലുള്ള ദ്രോഹങ്ങൾ ചെയ്യാൻ കഴിയില്ല. കൈയും കാലും കെട്ടിയിട്ട അവസ്ഥയിലാണ് എൻ.ഡി.എയിൽ ബി.ജെ.പി നിൽക്കുന്നത് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. എൻ.ഡി.എയുടെ പൊളിറ്റിക്കൽ കെമിസ്ട്രിയും വ്യത്യസ്തമാണ്. ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും അധികാരത്തിനു വേണ്ടി എൻ.ഡി.എയിൽ ചേർന്നെങ്കിലും ഇവരുടെ ആശയങ്ങൾ, ബി.ജെ.പിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രവുമായി ചേരുന്നതല്ല. ബിഹാറിനെയും ആന്ധ്രയെയും നമുക്കറിയാം. നേതാക്കൾ അധികാരത്തിനായി ആശയങ്ങളിൽ വിട്ടുവീഴ്ചകൾ ചെയ്താലും അനുയായികൾ അത് ചെയ്യില്ല. കാരണം, സാമൂഹിക നീതിയുടെ പക്ഷത്ത് നിൽക്കുന്നവരാണ് ഇവരുടെ അണികൾ. സംവരണം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ബി.ജെ.പിയുടേതിൽ നിന്ന് ഭിന്നമാണ് ഇവരുടെ നിലപാട്. ഇതിൽ വിട്ടുവീഴ്ച ചെയ്താൽ അണികൾ കൂടെ നിൽക്കില്ല. ഉദാഹരണമായി, ബി.ജെ.പി ജാതി സെൻസസിന് എതിരാണ്. എന്നാൽ, ജാതി സെൻസസ് പറഞ്ഞ് വോട്ട് വാങ്ങിയിരുന്നവരാണ് നിതീഷ് കുമാറിന്റെ പാർട്ടി. ബിഹാറാകട്ടെ വലിയ ജാതി രാഷ്ട്രീയമുള്ള സംസ്ഥാനവുമാണ്. അധികാരത്തിനു വേണ്ടി ബി.ജെ.പിയോട് ചേർന്ന ശേഷം തിരിച്ചുപോയവരുടെ രാഷ്ട്രീയ പരാജയം ഇതിന്റെ തെളിവാണ്. ഒരു ഘട്ടത്തിൽ അധികാരം വാണിരുന്ന മായാവതി, യു.പി രാഷ്ട്രീയത്തിൽനിന്ന് തുടച്ചു മാറ്റപ്പെട്ട അവസ്ഥയിലല്ലേ! ജമ്മു- കശ്മീരിലെ പി.ഡി.പി മറ്റൊരു ഉദാഹരണമാണ്. ബി.ജെ.പിയോടൊപ്പം പോയവർ, എല്ലാ ദ്രോഹവും ചെയ്യാൻ മോദി ഗവൺമെന്റിന് വഴിയൊരുക്കിക്കൊടുത്തവർ എന്ന നിലക്ക് ജനം പിന്നീട് പി.ഡി.പിയെ വിശ്വസിക്കുകയുണ്ടായില്ല. ബി.ജെ.പിയോടൊപ്പം ചേർന്നവരെ ജനങ്ങൾ പിന്നീട് സംശയത്തോടെയാണ് കാണുക. മെഹ്ബൂബ മുഫ്തിക്ക് ഏറ്റ തിരിച്ചടി ഇതിന്റെ അനുഭവപാഠമാണ്.
പ്രതിപക്ഷം ശക്തവും ജനം ഫാഷിസത്തെ അനുകൂലിക്കാത്തവരുമാണെങ്കിലും ഇന്ത്യയിലെ എക്സിക്യൂട്ടീവും ജുഡീഷ്യറിയും മീഡിയയും വലിയ തോതിൽ കാവിവൽക്കരിക്കപ്പെട്ടതാണ്. 100 വർഷത്തെ പരിശ്രമത്തിലൂടെ രാജ്യത്തിന്റെ വിവിധ മേഖലകളെ കൈപ്പിടിയിൽ ഒതുക്കിയ സംഘ് പരിവാറിന് ആഴമുള്ള സ്വാധീനമുണ്ട് രാജ്യത്ത്. അതിന്റെ അപകടങ്ങളെ നമുക്ക് എങ്ങനെ മറികടക്കാൻ കഴിയും? ചോദ്യം വളരെ പ്രസക്തമാണ്. സംഘ് പരിവാർ ഉയർത്തുന്നത് വലിയ വെല്ലുവിളി തന്നെയാണ്. നൂറ് വർഷമായി മൂർച്ച കൂട്ടിക്കൊണ്ടിരിക്കുന്ന അജണ്ടകളൊന്നും അവർ ഉപേക്ഷിക്കുകയില്ല. ഹിന്ദു രാജ്യത്തെക്കുറിച്ച പല പദ്ധതികളും അവരുടെ മനസ്സിലുണ്ട്, പലതും അവർ നടപ്പാക്കിയിട്ടുമുണ്ട്. മതേതരത്വത്തിനും മതന്യൂനപക്ഷങ്ങൾക്കും ഇതൊരു വലിയ ചലഞ്ചാണ്. ഉദാഹരണമായി, വിദ്യാഭ്യാസ മേഖലയെ അടിമുടി കാവിവൽക്കരിച്ചിട്ടുണ്ട് സംഘ് പരിവാർ. ചരിത്രം മാറ്റിയെഴുതി, പാഠപുസ്തകങ്ങൾ തങ്ങൾക്കനുകൂലമായി തിരുത്തി, സ്മാരകങ്ങളും പേരുകളും മാറ്റി, വൈസ് ചാൻസലർമാർ ഉൾപ്പെടെ ഉദ്യോഗസ്ഥരെ അടിമകളാക്കി… ഇങ്ങനെ നിരവധി കാര്യങ്ങൾ അവർ ചെയ്തുവെച്ചിട്ടുണ്ട്. ഇത് ഇന്ത്യയുടെ രാഷ്ട്രീയ ശരീരത്തിൽ അർബുദം പോലെ കിടക്കുന്നുണ്ട്. തലമുറകളിലേക്ക് വംശവെറിയുടെ മഹാരോഗം പടർത്തുന്നുണ്ട്. ഇത് നീക്കിക്കളയുകയെന്നത് വളരെ അത്യാവശ്യമാണ്. ഇത് നിലനിർത്തിക്കൊണ്ട് നമുക്ക് മുന്നോട്ടു പോവാനാകില്ല. വളരെ ദുഷ്കരമായ ദൗത്യമാണിത്.
അധികാരത്തിലിരുന്നുകൊണ്ട് വാജ്പേയ് ഗവൺമെന്റ് പാഠപുസ്തകങ്ങളെ കാവിവൽക്കരിച്ചു. തുടർന്നു വന്ന കോൺഗ്രസ് ഗവൺമെന്റിൽ അർജുൻ സിങ്ങായിരുന്നു വിദ്യാഭ്യാസ മന്ത്രി. വിദ്യാഭ്യാസ രംഗം ശുദ്ധീകരിക്കാൻ വളരെ ശ്രമകരമായ ദൗത്യമാണ് അന്നദ്ദേഹം ഏറ്റെടുത്തത്. ഞാനും ആ ചർച്ചകളിൽ പങ്കാളിയായിരുന്നു. പക്ഷേ, അന്നത്തേതിൽ നിന്നെല്ലാം ഗുരുതരമാണ് ഇപ്പോഴത്തെ അവസ്ഥ. ആഴത്തിലുള്ള പരിക്കാണ് ഇന്ത്യൻ മതനിരപേക്ഷതക്ക് എല്ലാ മേഖലയിലും രണ്ട് ടേമുകളിലെ മോദി ഭരണം ഏൽപ്പിച്ചിട്ടുള്ളത്. എല്ലാറ്റിന്റെയും തലപ്പത്ത് ആർ.എസ്.എസുകാരെയാണ് കുടിയിരുത്തിയിരിക്കുന്നത്. ഇതെല്ലാം പരിഹരിക്കുകയെന്നത് വലിയ വെല്ലുവിളിയാണ്. ബഹളം വെക്കുന്ന പ്രവർത്തനങ്ങളെക്കാൾ, സൂക്ഷ്മവും ക്രിയാത്മകവുമായ കർമ പദ്ധതികളാണ് നാം ആസൂത്രണം ചെയ്ത് നടപ്പാക്കേണ്ടത്. കള്ളം നിറച്ചെഴുതിയ ചരിത്രത്തെ സത്യസന്ധമായി മാറ്റിയെഴുതണം. എൻ.സി.ആർ.ടി, യു.ജി.സി, ഐ.സി.എച്ച്.ആർ.ഒ ഉൾപ്പെടെ അനേകം വേദികളെ ശുദ്ധീകരിക്കേണ്ടതുണ്ട്. അവിടെ കുടിയിരുത്തപ്പെട്ടവരെ വെച്ചുകൊണ്ട് മുന്നോട്ടു പോകാനാവില്ല. എക്സിക്യൂട്ടീവ് മാറാതെ മതനിരപേക്ഷ ഇന്ത്യയെ വീണ്ടെടുക്കാനാവില്ല. ഉദ്യോഗസ്ഥരെ മുഴുവൻ മാറ്റുക എന്നതല്ല, മറിച്ച് മതേതര മൂല്യങ്ങൾക്കനുസൃതമായി സമൂലമായൊരു പരിഷ്കരണം നടക്കേണ്ടതുണ്ട്. ഇൻഡ്യ മുന്നണിയുടെ യോഗത്തിൽ പ്രധാനമായും ഉന്നയിക്കാൻ ഉദ്ദേശിക്കുന്ന വിഷയമാണിത്. ഒരുപാട് മാലിന്യങ്ങൾ ഇന്ത്യൻ സമൂഹ ശരീരത്തിൽനിന്ന് കഴുകിക്കളയേണ്ടതുണ്ട്, എങ്കിലേ നമുക്ക് പുതിയ അധ്യായങ്ങൾ എഴുതിച്ചേർക്കാൻ കഴിയൂ.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡ്യ മുന്നണി നടത്തിയ കഠിന പരിശ്രമങ്ങളോടൊപ്പം, മുസ്ലിം സമൂഹത്തിന്റെ വോട്ട് വിനിയോഗവും ബി.ജെ.പിക്ക് തിരിച്ചടിയായിട്ടുണ്ട്. അതുകൊണ്ടുതന്നെ മുസ്ലിം ന്യൂനപക്ഷത്തോട് കടുത്ത പ്രതികാര നടപടികളിലേക്കാണ് ബി.ജെ.പി കടന്നിട്ടുള്ളത് എന്ന് തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ വർധിച്ച ബുൾഡോസിങ്ങിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കും. ഇത്തരം പ്രതികാര നടപടികൾ ഇനിയും ശക്തിപ്പെടാൻ സാധ്യതയില്ലേ? അതിനെ പ്രായോഗികമായി ചെറുക്കാൻ എന്തൊക്കെയാണ് നമ്മുടെ മുന്നിലുള്ള വഴികൾ?
ഇപ്പോഴത്തെ ചില ലക്ഷണങ്ങളിൽ ഇത് ശരിയാണ്. മോബ് ലിഞ്ചിങ്ങൊക്കെ സംഭവിക്കുന്നുണ്ട്. പക്ഷേ, ഞാൻ മനസ്സിലാക്കുന്നത്, ബി.ജെ.പി പ്രതികാര നടപടികളിൽനിന്ന് പിന്തിരിയേണ്ടി വരുമെന്നാണ്. അധിക നാൾ അവർക്കിത് തുടരാനാവില്ല. അവരുടെ കൈയിലുള്ള അക്രമത്തിന്റെ എല്ലാ ആയുധങ്ങളും അവർ പുറത്തെടുത്തിട്ടുണ്ട്. മത ന്യൂനപക്ഷങ്ങൾക്കെതിരെ അവർ ഇനിയൊന്നും ചെയ്യാൻ ബാക്കിയില്ലല്ലോ. എന്നിട്ടല്ലേ അവർക്ക് ഈ വിധം തിരിച്ചടിയേറ്റത്? ഇത് ഞാൻ പാർലമെന്റിലെ പ്രസംഗത്തിൽ സൂചിപ്പിച്ചിരുന്നു. ഫൈസാബാദ് മണ്ഡലത്തിലെ പരാജയം തന്നെയാണ് മികച്ച ഉദാഹരണം. രാമക്ഷേത്രം പണിത മണ്ണിൽ ബി.ജെ.പിക്ക് രക്ഷ കിട്ടിയിട്ടില്ല. ഇനിയും വർഗീയ കാർഡ് കളിച്ചാൽ ബി.ജെ.പിക്ക് തിരിച്ചടികൾ കൂടും. യു.പിയിലും മറ്റും ചില പ്രശ്നങ്ങൾ ഇനിയും മുസ്ലിംകൾക്ക് നേരിടേണ്ടി വരാം. പക്ഷേ, അത് നിലനിൽക്കില്ല.
ഇപ്പോൾ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിക്കുണ്ടായ വിജയം നാം കാണണം; കാർമേഘങ്ങൾക്കിടയിലെ രജതരേഖകളായിത്തന്നെ. മനുസ്മൃതി കരിക്കുലത്തിന്റെ ഭാഗമാക്കണമെന്ന് ശാസന വന്നപ്പോൾ അത് പറ്റില്ലെന്ന് ഒരു വൈസ് ചാൻസലർ പറഞ്ഞില്ലേ? ബി.ജെ.പിയുടെ തിട്ടൂരങ്ങൾക്കെതിരെ പ്രതികരിക്കാനുള്ള ധൈര്യം ഇപ്പോൾ പലർക്കും കൈവന്നു തുടങ്ങിയിരിക്കുന്നു എന്നാണതിനർഥം. മുമ്പ് ഭയമായിരുന്നു പലർക്കും. കുനിയാൻ പറഞ്ഞാൽ, കിടന്നിഴയുന്ന ഉദ്യോഗസ്ഥ വൃന്ദമാണ് ബി.ജെ.പി ഇവിടെ സൃഷ്ടിച്ചുവെച്ചത്. പ്രതിപക്ഷം ശക്തമായത് ഇങ്ങനെ പലർക്കും അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ, വർത്തമാനം പറയാൻ ധൈര്യം കൊടുത്തിരിക്കുന്നു. അതാണ്, ഈ തെരഞ്ഞെടുപ്പിന്റെ ഗുണഫലം.
നേരിയ ആശ്വാസം പകരുന്ന തെരഞ്ഞെടുപ്പ് വിജയത്തോടെ, നാം സുഷുപ്തിയിലേക്ക് പോകാൻ വലിയ സാധ്യയുണ്ട്. ഫാഷിസ്റ്റ് ഭീഷണിയെ ഗൗരവത്തിൽ കാണാത്ത മാനസികാവസ്ഥ പതിയെ രൂപപ്പെടാം. ഇതിന് എന്താണ് പരിഹാരം? ജാതി ഫാഷിസത്തിന് എതിരായ പോരാട്ടത്തിൽ അടുത്ത അഞ്ച് വർഷത്തേക്കെങ്കിലും കൃത്യമായ അജണ്ടകൾ നാം രൂപപ്പെടുത്തിയിട്ടുണ്ടോ? അത്തരം നീക്കങ്ങൾ ദൽഹിയിൽ എത്രത്തോളം നടക്കുന്നുണ്ട്?
ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയിലെ മുസ്ലിം സമൂഹം ഇത്രയും നല്ല രാഷ്ട്രീയ ബോധത്തോടെ വോട്ട് വിനിയോഗിച്ചത്. ഇതിന് മികച്ച തുടർച്ചകൾ ഉണ്ടാകണം. ഈ തെരഞ്ഞെടുപ്പിൽ സംഭവിച്ച മുസ്ലിം കൺസോളിഡേഷൻ, ആരെങ്കിലും പ്രത്യേകമായി ആസൂത്രണം ചെയ്ത് പ്രവർത്തിച്ചതിന്റെ ഫലമല്ല. രാഷ്ട്രീയ അന്തരീക്ഷത്തിന്റെ അപകടാവസ്ഥയിൽ സ്വാഭാവികമായി സംഭവിച്ചതാണ്. മുസ്ലിം മനസ്സിൽ രൂപപ്പെട്ട ആശങ്കകളും വേദനകളും, ഇനിയെന്താണ് സംഭവിക്കാൻ പോകുന്നത് എന്ന ആപഛങ്ക, ബി.ജെ.പി ഇനിയും അധികാരത്തിൽ വന്നാൽ തങ്ങൾക്ക് നിലനിൽപ്പില്ല എന്ന തിരിച്ചറിവ് തുടങ്ങിയവയെല്ലാം ഇതിൽ പ്രതിഫലിച്ചിട്ടുണ്ട്. മുസ്ലിം സമുദായത്തിന്റെ ഉള്ളിന്റെയുള്ളിൽനിന്ന് വന്ന ഒരു വിളിയാളമാണ് ഈ രാഷ്ട്രീയ ബോധവും ആക് ഷനും രൂപപ്പെടുത്തിയത്. പഠനപ്രക്രിയകളിൽനിന്ന് ആസൂത്രിതമായി രൂപപ്പെട്ടതല്ല, അനുഭവങ്ങളിൽനിന്നും അവസ്ഥകളിൽനിന്നും സ്വയമേവ രൂപാന്തരപ്പെട്ടതാണ് ഈ നിലപാട്. അതുകൊണ്ട്, സ്വയമേവ മറ്റവസ്ഥകളിലേക്കും ഇത് പോകാം. അഥവാ, ഈ ഏകീകരണം സ്ഥായിയായി നിൽക്കുന്നതല്ല, താൽക്കാലികമാണ്. കുറച്ചു കഴിയുമ്പോൾ ആളുകൾ മറ്റു ചിന്തകളിലേക്ക് മാറാം. എന്നാൽ, ഇപ്പോൾ ഉണ്ടായിട്ടുള്ള ഈ ജാഗ്രതയും ഏകീകരണവും സ്ഥായിയായി നിലനിർത്താൻ നല്ല പദ്ധതികൾ ഉണ്ടാകണം. പ്രായോഗിക രംഗത്ത് രൂപപ്പെട്ട ഈ ബോധത്തെയും മുന്നേറ്റത്തെയും ആദർശാടിത്തറകളിൽ ശക്തിപ്പെടുത്തുകയാണ് നാം ചെയ്യേണ്ടത്. അതിനാവശ്യമായ ചർച്ചകൾ നടക്കേണ്ടതുണ്ട്. സമാന ചിന്താഗതിക്കാരുമായി ആശയവിനിമയം നടന്നുകൊണ്ടിരിക്കണം. മുസ്ലിം ലീഗ് ഈ രംഗത്ത് ക്രിയാത്മകമായി ഇടപെടും. പലരും ലീഗിനെയും വിളിക്കാറുണ്ട്. അത്തരം യോജിച്ച വേദികൾ ഇനി രൂപപ്പെടും.
ഇന്ത്യൻ സാഹചര്യത്തിൽ, ദലിത്-മുസ്ലിം രാഷ്ട്രീയത്തിന് വലിയ ഭാവിയുണ്ട്. പിന്നാക്ക, ന്യൂനപക്ഷ രാഷ്ട്രീയം ശക്തിപ്പെടുത്തിയാൽ സംഘ് പരിവാറിന് അനങ്ങാൻ കഴിയില്ല. പക്ഷേ, യോജിച്ച രാഷ്ട്രീയ മുന്നേറ്റത്തിന് നാം തയാറാകണം. എന്നാൽ, ഇത് പെട്ടെന്ന് സാധ്യമല്ല, അതിന് ചില മറുവശങ്ങളുമുണ്ട്. അതുകൊണ്ട്, എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും അജണ്ടയിൽ ഇത് കൊണ്ടുവരണം. ഈ തെരഞ്ഞെടുപ്പിൽ, എസ്.സി, എസ്.ടി വിഭാഗങ്ങളെയൊക്കെ ബി.ജെ.പി ഉപയോഗിച്ചിട്ടുണ്ട്. യഥാർഥത്തിൽ ആർ.എസ്.എസ് മുന്നോട്ടുവെക്കുന്ന പ്രത്യയശാസ്ത്രത്തിൽ ഇന്ത്യയിലെ പിന്നാക്ക വിഭാഗങ്ങൾക്കും കീഴ്ജാതിക്കാർക്കും യാതൊരു സ്ഥാനവുമില്ല. ഇന്ത്യയിലെ ദലിത്, അവർണ, കീഴ്ജാതി, മുസ്ലിം, ക്രിസ്ത്യൻ വിഭാഗങ്ങളുടെയെല്ലാം ശത്രുവാണ് ബി.ജെ.പി. ഇത് ശരിയായി തിരിച്ചറിയുകയും അതിനനുസരിച്ച പ്രായോഗിക രാഷ്ട്രീയ നീക്കങ്ങൾ തുടരുകയും ചെയ്യണം.
ഇന്ത്യയിലെ പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളെ ടെയ്ക്കൻ ഫോർ ഗ്രാന്റഡ് എന്ന സ്വഭാവത്തിൽ എടുത്തിട്ട് കാര്യമില്ലെന്ന് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും തിരിച്ചറിയേണ്ടതുണ്ട്. ഇന്ത്യയിൽ, പ്രാന്തവൽക്കരിക്കപ്പെട്ടവരുടെ രാഷ്ട്രീയത്തിന് വലിയ പ്രസക്തിയുണ്ട്. വി.പി സിങ്ങ് അധികാരത്തിൽ വന്നത് ഇതിന്റെ തെളിവായിരുന്നു. രാഹുൽ ഗാന്ധി അത് തിരിച്ചറിഞ്ഞിട്ടുണ്ട്. അതിനനുസൃതമായി ശക്തമായ നിലപാടുകൾ, ജാതി സെൻസസ് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കൈക്കൊള്ളേണ്ടതുമുണ്ട്.
മുസ്ലിം പേഴ്സണൽ ലോ ബോർഡ് ഉൾപ്പെടെ നിരവധി വേദികളുണ്ട്. എത്രമാത്രം ജാഗ്രതയും വേഗതയും കൃത്യതയും ഈ സംഘടനകളിൽ താങ്കൾക്ക് കാണാനായിട്ടുണ്ട്? ഇവയെ എങ്ങനെ ശക്തിപ്പെടുത്താം?
നിരവധി മുസ്ലിം സംഘടനകളുണ്ട്. ഇവയെയെല്ലാം ഏകോപിപ്പിക്കാൻ സാധിക്കണം. ഈ പാർലമെന്റ് സമ്മേളനം കഴിഞ്ഞാൽ, അതിനെക്കുറിച്ച് ആലോചിക്കണം. ഇതിനാവശ്യമായ ചർച്ചകളും നടക്കേണ്ടതുണ്ട്.
ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തിൽ മുസ്ലിം സമൂഹത്തിന്റെ ദൗർബല്യങ്ങൾ എന്തൊക്കെയാണ്? മുസ്ലിം സംഘടനകൾ ഈ രംഗത്ത് ഇനിയും സ്വീകരിക്കേണ്ട സമീപനങ്ങൾ എന്തൊക്കെയാണ്?
അനൈക്യമാണ് മുസ്ലിം സമൂഹത്തിന് ഈ രംഗത്തുള്ള ഏറ്റവും വലിയ ദൗർബല്യം. കേരളത്തിന്റെ കാര്യമെടുക്കാം. ഇവിടെ മുസ്ലിംകൾ പ്രബുദ്ധരാണ്. പക്ഷേ, കേരളത്തിൽ ഈ നിർണായക തെരഞ്ഞെടുപ്പിൽ മുസ്ലിം വോട്ടുകളെ ദുരുപയോഗപ്പെടുത്താൻ പലരും ശ്രമിച്ചിട്ടുണ്ട്. ഇടതുപക്ഷ ഗവൺമെന്റ് ഭരിക്കുമ്പോഴും ന്യൂനപക്ഷങ്ങൾക്ക് ഇവിടെ പലതും അനുഭവിക്കേണ്ടി വന്നു. ഇടതുപക്ഷ ഗവൺമെന്റിന്റെ കാലത്ത് വന്ന ന്യൂനപക്ഷ വിരുദ്ധ നടപടികൾ ചർച്ചക്ക് എടുത്തതേയില്ല. മുസ്ലിംകൾക്ക് ലഭിച്ചിരുന്ന പല ആനുകൂല്യങ്ങളും പല പേരും പറഞ്ഞ് വീതിച്ചുകൊടുത്തു. ഇതിനൊക്കെ ചട്ടുകമായി നിൽക്കുകയാണ് ചിലർ ചെയ്തത്. ന്യൂനപക്ഷ അവകാശങ്ങൾ ഹനിക്കപ്പെടുമ്പോഴും, മാർക്സിസ്റ്റ് പാർട്ടിക്ക് പാദസേവ ചെയ്യുന്ന സമീപന രീതികൾ ചിലരിൽനിന്ന് ഉണ്ടായിട്ടുണ്ട്. ഇതൊക്കെ തിരിച്ചറിയേണ്ടതായിട്ടുണ്ട്.
വടക്കേ ഇന്ത്യയിലെ മുസ്ലിം നേതാക്കൾ ഒന്നും മനസ്സിലാക്കാത്തവരാണെന്ന് നാം ചിലപ്പോൾ പറയാറുണ്ട്. എന്നാൽ, ഫാഷിസ്റ്റ് ഭീഷണിയെക്കുറിച്ച തിരിച്ചറിവിൽ അവർ ഏറെ മുന്നിലാണ്. ഇത് കേരള മുസ്ലിംകൾക്ക് ഒരു പാഠമാണ്. അവർ, വലിയ ഡിഗ്രികൾ കൈയിലുള്ളവരാകണമെന്നില്ല. പക്ഷേ, വംശവെറിയുടെ വേദന അവർ അനുഭവിച്ചു. ഇത് അവർക്ക് വലിയ തിരിച്ചറിവ് നൽകി. ബി.ജെ.പിയെ തോൽപ്പിക്കാൻ നാം ഒരുമിച്ചുനിൽക്കണം, അതിന് ഉപയുക്തമാം വിധം വോട്ട് വിനിയോഗിക്കണം എന്ന ബോധം അവർക്കുണ്ടായി. അതിലവർ വിജയിക്കുകയും ചെയ്തു.
പാർലമെന്ററി ജനാധിപത്യത്തിലെ ഏറ്റവും ശക്തമായ ആയുധം വോട്ടാണ്. അത് ബുദ്ധിപൂർവം വിനിയോഗിക്കാൻ കഴിഞ്ഞില്ല എന്നതാണ് ഇന്ത്യൻ മുസ്ലിംകൾ ഇതുവരെ അനുഭവിച്ച പരാജയങ്ങളുടെയും പ്രയാസങ്ങളുടെയും കാരണം. ഈ തിരിച്ചറിവ് മുസ്ലിം നേത്യത്വങ്ങൾക്ക് ഉണ്ടാകണം.
ഇന്ത്യയിൽ ഇസ്ലാമിന്റെ യഥാർഥ പ്രതിനിധാനം നിർവഹിക്കാൻ മുസ്ലിം സമൂഹത്തിന് എത്രത്തോളം സാധ്യമായിട്ടുണ്ട്?
ഇസ്ലാമിന്റെ പ്രതിനിധാനം നിർവഹിക്കാൻ മുസ്ലിം ഉമ്മത്തിനെ ഗ്രാസ്റൂട്ട് ലവലിൽ തന്നെ സജ്ജമാക്കികൊണ്ടുവരേണ്ടതുണ്ട്. വൈകാരികമായ പ്രതികരണ രീതികളിലൂടെ രാജ്യ നിവാസികൾക്ക് മുന്നിൽ ഇസ്ലാമിനെ അവതരിപ്പിക്കാൻ കഴിയില്ല എന്നും നാം മനസ്സിലാക്കേണ്ടതുണ്ട്. നല്ല ആദർശ ബോധ്യമുണ്ടായാൽ മാത്രമേ സുചിന്തിതമായ നിലപാടുകൾ കൈക്കൊള്ളാൻ മുസ്ലിം ഉമ്മത്തിന് സാധിക്കുകയുള്ളൂ.
കേരള മുസ്ലിംകളിൽ ഉള്ളതിനെക്കാൾ എത്രയോ വലിയ പണ്ഡിതൻമാർ ഉത്തരേന്ത്യയിൽ ഉണ്ട്. ആത്മീയമായ കരുത്തിൽ അവർ മുന്നിലാണ്. അത് അടിസ്ഥാന വിഷയമാണല്ലോ. അതേസമയം, കാലികമായ പ്രശ്നങ്ങളെ സംബന്ധിച്ച് നല്ല ബോധമുണ്ടാവുകയും അതിനനുസരിച്ച ആക് ഷൻ പ്ലാൻ തയാറാക്കി നടപ്പാക്കുകയും കൂടി വേണം. സമാന ചിന്താഗതിക്കാർക്കിടയിൽ സംഭാഷണങ്ങൾ നടത്തി വേണം ഇതുണ്ടാക്കാൻ. അതുവഴി, ഇന്ത്യൻ ജനതയെ ഇസ്ലാമിന്റെ ഭൂമികയിൽ നിന്നുകൊണ്ട് ശരിയായി അഭിമുഖീകരിക്കാൻ മുസ്ലിംകൾക്ക് സാധിക്കും.
മുസ്ലിം ഉമ്മത്ത് എന്ന അടിസ്ഥാന ആശയത്തെ നാം തത്ത്വത്തിൽ അംഗീകരിക്കുകയും പ്രയോഗത്തിൽ സാക്ഷാത്കരിക്കുകയും ചെയ്യണം. വിശാലവും യഥാർഥവുമായ മുസ്ലിം ഉമ്മത്ത് എന്ന ആശയം നഷ്ടപ്പെട്ടു പോയിരിക്കുന്നു. സമുദായത്തിലെ ഓരോ വിഭാഗവും അവനവന്റെ സംഘടനാ, കക്ഷി ലോകത്തേക്ക് ചുരുങ്ങിപ്പോയിരിക്കുന്നു. ഈ നിലപാട് തിരുത്തി, എല്ലാവരെയും ഉൾക്കൊള്ളാനുള്ള ആദർശ വിശാലത നാം കൈക്കൊള്ളേണ്ടതുണ്ട്. മുഹമ്മദ് നബി (സ) കാണിച്ചുതന്ന സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും സമീപന രീതി നാം മുറുകെ പിടിക്കണം. അകത്തും പുറത്തും ആരെയും വെറുപ്പിക്കാതെ സ്വയം ശാക്തീകരിക്കണം; രാഷ്ട്രീയമായും സാമൂഹികമായും. l
ഫലസ്ത്വീനിലെ 'മഹാ ഇന്‍തിഫാദ' അതിന്റെ ഭൂമിശാസ്ത്ര -രാഷ്ട്രീയ അതിരുകള്‍ ഭേദിച്ച് ഒരു ആഗോള പ്രതിഭാസമായി വളര്‍ന്നിരിക്കുകയാണെന്ന് കൊളംബിയ യൂനിവേഴ്‌സിറ്റി ഇസ്ലാമിക പഠന വിഭാഗം അധ്യാപകനായ പ്രഫ. വാഇല്‍ ഹല്ലാഖ് നിരീക്ഷിക്കുന്നു. ഇന്‍തിഫാദ ഇസ്രയേലിനെതിരെയുള്ള ഒരു പ്രാദേശിക ചെറുത്തുനില്‍പ്പല്ല; അതൊരു ആഗോള ചെറുത്തുനിൽപ്പ് പ്രസ്ഥാനമായി ശക്തിപ്പെട്ടിരിക്കുന്നു. വാഇല്‍ ഹല്ലാഖുമായി അല്‍ ജസീറ ഡോട്ട് നെറ്റ് നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍.
ഫലസ്ത്വീന്‍ പ്രശ്‌നം ഒരു സുപ്രധാന വഴിത്തിരിവിലെത്തിയെന്ന് പലരും വിശ്വസിക്കുന്നു. ഇസ്രയേലി അധിനിവേശകര്‍ നടത്തിക്കൊണ്ടിരിക്കുന്ന വംശീയ ഉന്മൂലനത്തിനെതിരെ പൊട്ടിപ്പുറപ്പെട്ട നിരവധി വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ അതിന് തെളിവാണെന്നും അവര്‍ കരുതുന്നു. ഇത് ശരിയാണോ?
താങ്കളുടെ ചോദ്യത്തിന് ഉത്തരം പറയുന്നതിന് മുമ്പ്, 2023 ഒക്ടോബര്‍ ഏഴിന് ശേഷമുള്ള സംഭവ വികാസങ്ങളെ സൂചിപ്പിക്കാന്‍ ഞാന്‍ പുതിയൊരു പ്രയോഗം രൂപകല്‍പന ചെയ്യുകയാണ്. 'മഹാ ഇന്‍തിഫാദ' എന്നാണ് ആ പ്രയോഗം. ഇത് ഒരു മുദ്രാവാക്യമോ പ്രാസംഗികമായി പറയുന്നതോ അല്ല. ഒക്ടോബര്‍ ഏഴിന് ശേഷമുള്ള ഒരു ചിന്തയെയും അതിന്റെ പ്രയോഗവത്കരണത്തെയും കുറിക്കുന്ന പ്രയോഗമാണത്. 'മഹാ ഇന്‍തിഫാദ' ഫലസ്ത്വീനിയന്‍ മാത്രമല്ല; അത് ഇസ്രയേലിനെതിരെ മാത്രവുമല്ല. അതിന്റെ കേന്ദ്രം ഗസ്സ ആയിരിക്കാമെങ്കിലും, അതിന്റെ ആഘാത തരംഗങ്ങള്‍ ലോകമൊട്ടുക്കുമാണ്. ആധുനിക ലോക ചരിത്രത്തില്‍ സവിശേഷമായ നിരവധി മുദ്രകള്‍ പതിപ്പിക്കാന്‍ അതിന് കഴിഞ്ഞിട്ടുണ്ട്. ഒന്നാമതായി, നന്നെ ചെറിയതും ദുര്‍ബലവുമായ ഗസ്സ മുനമ്പ്, ഇസ്രയേൽ എത്രമാത്രം ദുർബലവും ശിഥിലവുമാണെന്ന് കാണിച്ചുതന്നു. ഇസ്രയേലുമായി അതിന്റെ അയല്‍ രാജ്യങ്ങള്‍ പലപ്പോഴും കൊമ്പ് കോര്‍ത്തിട്ടുണ്ടെങ്കിലും അതിലൊന്നും ഇസ്രയേലിന്റെ ദുര്‍ബലത ഇത്രമാത്രം തുറന്നുകാട്ടപ്പെട്ടിരുന്നില്ല. അമേരിക്ക നിരന്തരം സഹായിക്കുകയും സംരക്ഷണമൊരുക്കുകയും ചെയ്തില്ലായിരുന്നുവെങ്കില്‍, ഇസ്രയേലിനെ എളുപ്പത്തില്‍ തോല്‍പിക്കാനാവുമായിരുന്നുവെന്ന് ഗസ്സ തെളിയിച്ചു. ഇസ്രയേലിനെക്കുറിച്ച 'അജയ്യ ശക്തി' എന്ന മിത്താണ് അതോടെ തകര്‍ന്നു വീണത്. 1973-ലും 2006-ലും ഇസ്രയേലിന്റെ അജയ്യത ചോദ്യം ചെയ്യപ്പെട്ടിരുന്നുവെങ്കിലും അതൊന്നും ഇത്രത്തോളം ശക്തമായിരുന്നില്ല. ഒക്ടോബര്‍ ഏഴ് സംഭവത്തിനു ശേഷം മാസങ്ങള്‍ പിന്നിട്ടിട്ടും മധ്യധരണ്യാഴിയില്‍ അമേരിക്കന്‍ കപ്പലുകള്‍ നങ്കൂരമിട്ടു നില്‍ക്കുന്നതും, അമേരിക്ക തുടര്‍ച്ചയായി ബോംബുകളും മറ്റു ആയുധങ്ങളും എത്തിച്ചുകൊണ്ടിരിക്കുന്നതും അതിന്റെ വ്യക്തമായ തെളിവാണ്. അമേരിക്കയുടെ കനത്ത പിന്‍ബലമില്ലാതെ ഇസ്രയേലിന് യുദ്ധം തുടരാനോ അവസാനിപ്പിക്കാനോ കഴിയാത്ത സ്ഥിതിയാണ്. രണ്ടാമതായി, മഹാ ഇന്‍തിഫാദ ഇരുപക്ഷത്തും കനത്ത ആള്‍ നാശത്തിന് കാരണമായി; നഷ്ടത്തിന്റെ കണക്കില്‍ ഇരുപക്ഷവും തമ്മില്‍ ഭീമമായ അന്തരം ഉണ്ടെങ്കിലും. ഇസ്രയേലിന് ഇത്രയേറെ പേരെ നഷ്ടമായ മറ്റൊരു സൈനിക നീക്കം അവരുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഫലസ്ത്വീനില്‍ ഒറ്റ യുദ്ധത്തില്‍ ഇത്രയധികം രക്തസാക്ഷികളുണ്ടാകുന്നതും ഇതാദ്യം. മൂന്നാമതായി, മിഡില്‍ ഈസ്റ്റിലെ മറ്റൊരു സംഘര്‍ഷത്തിലും ഇത്രയധികം കക്ഷികള്‍ നേരില്‍ പങ്കാളികളായിട്ടില്ല. ഹമാസ്, ഇസ്രയേല്‍, അമേരിക്ക, ലബനാന്‍, യമന്‍, ഇറാന്‍, സിറിയ, ഇറാഖ്, പിന്നെ ചില യൂറോപ്യന്‍ രാജ്യങ്ങളും നേരില്‍ ഇടപെട്ടവരാണ്. താരതമ്യേന ഇസ്രയേലുമായി ഏറ്റവും കൂടുതല്‍ രാജ്യങ്ങള്‍ നയന്ത്ര ബന്ധം വിഛേദിച്ചിട്ടുള്ളതും ഈ സന്ദര്‍ഭത്തിലാണ്. ബൊളീവിയ, ചിലി, കൊളംബിയ, ജോര്‍ദാന്‍, ബഹ്‌റൈന്‍, ഹോണ്ടുറാസ്, തുര്‍ക്കിയ, ഛാഢ്, ബെലിസ്, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് നയതന്ത്ര ബന്ധം വിഛേദിച്ചത്. വിഷയം അന്താരാഷ്ട്ര നീതിന്യായ കോടതിയിലെത്തിച്ച് ഇസ്രയേലിനെതിരെയുള്ള നയതന്ത്ര നിയമ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുമുണ്ട് ദക്ഷിണാഫ്രിക്ക. ഏറ്റവുമൊടുവിലായി, ഇതൊരു 'മഹാ ഇന്‍തിഫാദ'യാകുന്നത് ലോകത്തുടനീളം അതിന് ലഭിച്ചുകൊണ്ടിരിക്കുന്ന അഭൂതപൂര്‍വമായ പിന്തുണകൊണ്ടാണ്. 1948-ല്‍ ഫലസ്ത്വീന്‍ വിമോചന പ്രസ്ഥാനങ്ങള്‍ രൂപവത്കരിക്കപ്പെട്ട ശേഷം ഇതുപോലൊരു ആഗോള പിന്തുണ മുമ്പൊന്നും അതിന് ലഭിച്ചിട്ടില്ല.
ഈ നാലാമത്തെ തലമാണ് ഏറ്റവും പ്രാധാന്യം അര്‍ഹിക്കുന്നത്. ജനങ്ങളുടെ രാഷ്ട്രീയാഭിമുഖ്യത്തില്‍ വന്ന കേവല മാറ്റമായി നമുക്കതിനെ കാണാന്‍ കഴിയില്ല. ഫലസ്ത്വീനികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ നേരില്‍ കണ്ട്, അവരിലുണ്ടായ ജ്ഞാനശാസ്ത്രപരവും അവബോധപരവുമായ മാറ്റമായാണ് ഞാനതിനെ കാണുന്നത്. അതായത്, പില്‍ക്കാല ആധുനികത (Late Modernity)യിലെ ഘടനാപരമായ പ്രശ്‌നങ്ങളെയാണ് അത് തുറന്നുകാണിക്കുന്നത്. അമേരിക്കന്‍ തെരുവിലെ പ്രക്ഷോഭകര്‍ 'നമ്മളെല്ലാം ഫലസ്ത്വീന്‍' എന്ന് വിളിച്ചുപറയുമ്പോള്‍, അതിനെ വെറും രാഷ്ട്രീയ മുദ്രാവാക്യമായി നാം വ്യാഖ്യാനിക്കരുത്. ജ്ഞാനശാസ്ത്രപരമായി വലിയ അര്‍ഥധ്വനികള്‍ അതിനുണ്ട്. ഇനി നിങ്ങളുടെ ചോദ്യത്തിന് ഒറ്റവാക്കില്‍ മറുപടി പറയാം. അതേ, കഴിഞ്ഞ ഏഴ് മാസങ്ങളില്‍ ലോക മനസ്സാക്ഷിയില്‍ വളരെ സുപ്രധാനമായ വഴിത്തിരിവ് തന്നെയാണ് ഉണ്ടായിട്ടുള്ളത്; പില്‍ക്കാല ആധുനികതയിലെ ജ്ഞാനശാസ്ത്രത്തില്‍ തന്നെയാണ് ആ മാറ്റം.
'ജ്ഞാനശാസ്ത്രപരമായ മാറ്റം' എന്ന് പറഞ്ഞല്ലോ. എന്താണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്? രാഷ്ട്രീയമെന്നതിലുപരി അത് ജ്ഞാനശാസ്ത്രപരമാവുന്നത് എങ്ങനെയാണ്? അവബോധം തന്നെയാണ് അറിവ്. അത് മൂല്യനിര്‍ണയത്തിന് വിധേയമായിക്കൊണ്ടിരിക്കും. ചിലപ്പോള്‍ അവബോധം ഉപരിപ്ലവമായിരിക്കും, ചിലപ്പോള്‍ അഗാധ സ്പര്‍ശിയായിരിക്കും. ഉദാഹരണത്തിന്, ഒരു രാഷ്ട്രം/സമൂഹം മറ്റൊരു രാഷ്ട്രത്തെയോ സമൂഹത്തെയോ കടന്നാക്രമിക്കുന്നു. അല്ലെങ്കില്‍ ഭൂരിപക്ഷ സമൂഹം ന്യൂനപക്ഷത്തെ അടിച്ചൊതുക്കുന്നു. ഇതിനെ സംബന്ധിച്ചൊക്കെ പലപ്പോഴും ഉണ്ടാവുക ഉപരിപ്ലവമായ അവബോധമായിരിക്കും. അതില്‍ ഒരുപാട് വൈരുധ്യങ്ങള്‍ ഉള്ളടങ്ങിയിരിക്കും. ഉദാഹരണത്തിന്, ഒരു വെള്ള അമേരിക്കക്കാരന്‍ ഇസ്രയേലില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പല നിയമങ്ങളെയും എതിര്‍ക്കുന്നു. അവയൊക്കെ ഫലസ്ത്വീനികളോട് കടുത്ത വംശീയ വിവേചനം കാണിക്കുന്നവയാണ്. എന്നാലും ഈ വെള്ളക്കാരന്‍ കടുത്ത ഇസ്രയേല്‍ അനുകൂലിയായിരിക്കും. ഇതൊക്കെ കേവലം രാഷ്ട്രീയ അവബോധമോ ചിന്താഗതിയോ ഒക്കെയായി മാത്രമേ കാണാന്‍ പറ്റൂ. ഈ വൈരുധ്യങ്ങളെ പൊറുപ്പിക്കാന്‍ ആ രാഷ്ട്രീയ അവബോധത്തിന് കഴിയുന്നുണ്ട്. ഞാന്‍ എപ്പോഴും ഉണര്‍ത്താറുള്ള ഒരു കാര്യമുണ്ട്. ഇത്തരം രാഷ്ട്രീയ വിശകലനങ്ങള്‍ ഉപരിപ്ലവമാണെന്ന് മാത്രമല്ല, ആഴാര്‍ഥങ്ങളിലേക്ക് അതൊരിക്കലും കടക്കുകയുമില്ല. അവബോധം ആഴമുള്ളതാവുന്നത് ജ്ഞാനശാസ്ത്ര തലം കൂടി അതില്‍ ഉള്‍ച്ചേരുമ്പോഴാണ്. രാഷ്ട്രീയ പ്രതിഭാസങ്ങളെയും മറ്റും അവയുടെ ഉത്ഭവ സ്ഥാനത്ത് പോയി അന്വേഷിച്ചുകൊണ്ടാണ് അതിന് തുടക്കം കുറിക്കേണ്ടത്. നാം പറഞ്ഞ ആ വെള്ള അമേരിക്കക്കാരന് വിഷയത്തിന്റെ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലണമെങ്കില്‍, ഇസ്രയേലില്‍ നടപ്പുള്ള അമ്പതിലധികം വര്‍ണവെറിയന്‍ നിയമങ്ങളെക്കുറിച്ച് ഒരുപാട് ചോദ്യങ്ങള്‍ അയാള്‍ സ്വയം ചോദിക്കേണ്ടതുമുണ്ട്. എന്തിനാണ് ഇസ്രയേല്‍ സൃഷ്ടിക്കപ്പെട്ടത്? ജനാധിപത്യ രാഷ്ട്രമെന്ന് അവകാശപ്പെടുന്ന ഇസ്രയേല്‍ എന്തുകൊണ്ടാണ് സ്വന്തം പൗരന്മാരോട് വിവേചനം കാണിക്കുന്നത്? ഈ വിവേചനത്തിന്റെ ചരിത്രമെന്താണ്? ഒരു രാഷ്ട്രീയ പ്രോജക്ട് എന്ന നിലക്ക് ഇസ്രയേല്‍ തുടക്കം മുതലേ നടപ്പാക്കിവരുന്ന കാര്യങ്ങളും ഈ നിയമങ്ങളും തമ്മില്‍ എന്താണ് ബന്ധം? ഇതിന്റെയൊക്കെ ജ്ഞാനശാസ്ത്രപരമായ/ വീക്ഷണപരമായ അടിത്തറ എന്താണ്? സയണിസത്തിന്റെ വക്താക്കള്‍ എങ്ങനെയാണ് ഫലസ്ത്വീനിലെ തദ്ദേശവാസികളായ അറബികളെ കാണുന്നത്? സയണിസ്റ്റുകളുടേത് (സയണിസ്റ്റ് നേതാവായ സീവ് വ്‌ളാഡ്മിര്‍ ജബോറ്റിന്‍സ്‌കി അങ്ങനെ പറഞ്ഞിട്ടുണ്ട്) ഒരു കൊളോണിയല്‍ പ്രോജക്ട് ആണോ? ഫലസ്ത്വീനികളുടെ സാന്നിധ്യം തന്നെ ഇല്ലാതാക്കലാണോ ആ പ്രോജക്ടിന്റെ ലക്ഷ്യം?
ഇത്തരം ചോദ്യങ്ങളുമായി വിഷയത്തിന്റെ ആഴത്തിലേക്ക് ചെല്ലുമ്പോഴാണ് അവബോധപരമായ ആഴക്കാഴ്ചകള്‍ ലഭിക്കുക. ഫലസ്ത്വീനികളെ ഉന്മൂലനം ചെയ്യലാണ് സയണിസ്റ്റ് പ്രോജക്ടിന്റെ ലക്ഷ്യം എന്നപ്പോള്‍ വ്യക്തമാവും. ഗസ്സയിലെ കൂട്ടക്കുരുതി കാണുമ്പോള്‍ അയാള്‍ക്കൊരു അത്ഭുതവും തോന്നുകയില്ല. ഇത് ആഴത്തിലുള്ള അറിവിന്റെ ആദ്യ ഘട്ടം മാത്രമാണ്. അതാണ് വിദ്യാര്‍ഥി പ്രക്ഷോഭങ്ങളുടെ അന്തര്‍ധാര. അപ്പോള്‍ 'നമ്മളെല്ലാം ഫലസ്ത്വീന്‍' എന്ന മുദ്രാവാക്യത്തിന് പുതിയ അര്‍ഥം കൈവന്നു. കൊളോണിയലാനന്തര, ആധുനികാനന്തര ലോകത്തെക്കുറിച്ച പുതിയ തിരിച്ചറിവായി അത് മാറുന്നു. യുവാക്കള്‍ക്കുള്ളതു പോലെ ഈ തിരിച്ചറിവ് മറ്റാര്‍ക്കും ഉണ്ടാകില്ല. അവരനുഭവിക്കുന്നതു പോലെ മറ്റാര്‍ക്കും അത് അനുഭവിക്കാനാവില്ല. പഴയ തലമുറ ചെയ്തുകൂട്ടിയ പാപങ്ങള്‍ക്ക് പിഴ ഒടുക്കേണ്ടിവരുന്നത് അവരാണല്ലോ.
പതിനെട്ടിനും മുപ്പതിനും ഇടക്ക് പ്രായമുള്ള ഒരു അമേരിക്കന്‍ യുവാവാണ് നിങ്ങളെന്ന് സങ്കല്‍പിക്കുക. മാതാപിതാക്കള്‍ സമ്പന്നരായതുകൊണ്ട് നിങ്ങളെ മികച്ച യൂനിവേഴ്‌സിറ്റിയിലേക്ക് പഠിക്കാനായി പറഞ്ഞയക്കുന്നു. നിങ്ങള്‍ക്ക് ഫലസ്ത്വീനെക്കുറിച്ച് മാത്രമല്ല, മറ്റു വിഷയങ്ങളെക്കുറിച്ചും പരിമിതമായ അറിവേയുള്ളൂ. എന്നാല്‍, ചുറ്റും നോക്കുമ്പോള്‍ നിങ്ങള്‍ കാണുന്നതാവട്ടെ ഇരുണ്ട ചിത്രവും. അമേരിക്കന്‍ യുവാവ് എന്ന നിലക്ക് നിങ്ങളുടെ പ്രശ്‌നങ്ങള്‍ തുടങ്ങുന്നത് കുടുംബത്തില്‍നിന്ന് തന്നെയായിരിക്കും. വിവാഹബന്ധം വേര്‍പിരിഞ്ഞ മാതാപിതാക്കള്‍, അമ്മാവന്മാര്‍, അമ്മായിമാര്‍, മറ്റു കുടുംബാംഗങ്ങള്‍, എങ്ങും തകര്‍ന്ന കുടുംബങ്ങള്‍, ബന്ധങ്ങള്‍ വിളക്കിച്ചേര്‍ക്കാന്‍ ഒരു മാര്‍ഗവുമില്ല. എല്ലാവരും തിരക്കിലാണ്. സ്ത്രീയും പുരുഷനും അവരവരുടെ തൊഴിലും സാമ്പത്തിക നിലയും മെച്ചപ്പെടുത്താനുള്ള നെട്ടോട്ടത്തില്‍. വിവാഹം പല വിട്ടുവീഴ്ചകളും ചെയ്ത് നിലനിര്‍ത്തേണ്ട സ്ഥാപനമാണല്ലോ. ആണും പെണ്ണും അതിന് സന്നദ്ധരല്ല. തൊഴില്‍ എന്നത് മറ്റൊരു അടിമപ്പണിയായി മാറിയിരിക്കുന്നു ഇന്നെവിടെയും. ജീവിതം ഓഫീസില്‍ ജീവിച്ച് തീര്‍ക്കുകയാണ്. അതിന്റെ ക്ഷീണം തീര്‍ക്കാന്‍ ഇടക്ക് ടൂര്‍ പരിപാടികളുണ്ടാവും. പിരിമുറുക്കം കുറക്കാന്‍ പലപ്പോഴും കൂട്ടിനുണ്ടാവുക മയക്കുമരുന്നുകളാവും. കമ്പോളമാണ് മുഴു ജീവിതത്തെയും നിയന്ത്രിക്കുക. പണം സമ്പാദിക്കുകയാണ് ലക്ഷ്യം. ഭദ്രമായ തൊഴില്‍, ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ ഇങ്ങനെ പല സ്വപ്‌നങ്ങള്‍ക്ക് പിന്നാലെ പായുന്ന മനുഷ്യന് പലതും സാക്ഷാത്കരിക്കാന്‍ കഴിയുന്നില്ല.
എല്ലാ ദിവസവും യുദ്ധങ്ങളുടെ, വംശഹത്യകളുടെ, പരിസ്ഥിതി നശീകരണത്തിന്റെ വാര്‍ത്താ കൂമ്പാരങ്ങളാണ് അയാള്‍ക്ക് മുന്നില്‍ വന്നു നിറയുന്നത്. ചിലയിടങ്ങളില്‍ കനത്ത പേമാരിയും വെള്ളപ്പൊക്കവും. ചിലയിടങ്ങളില്‍ ചൂട് ക്രമാതീതമായി ഉയരുന്നു. വായു, വെള്ളം, ഭൂമി എല്ലാം മലിനമാക്കപ്പെട്ടിരിക്കുന്നു. വിഷം ചേര്‍ത്ത ഭക്ഷണമല്ലാതെ കിട്ടാനില്ല. ഈ വിഷമയമായ ഭക്ഷണം ഉല്‍പാദിപ്പിക്കുന്നതാരാണെന്ന കാര്യത്തില്‍ അമേരിക്കന്‍ യുവാവിന് സംശയമില്ല. വന്‍കിട കോര്‍പറേറ്റുകള്‍ തന്നെ. പക്ഷേ, ആ കോര്‍പറേറ്റുകള്‍ തന്നെയാണല്ലോ ഇവരുടെ തൊഴില്‍ദായകരും. ഈ കമ്പനികള്‍ക്ക് വേണ്ടി തൊഴിലെടുക്കാന്‍ ജനം വിധിക്കപ്പെട്ടിരിക്കുന്നു. ആര്‍ത്തിപ്പണ്ടാരങ്ങളായ കമ്പനികള്‍ ഇവരെ വെച്ച് കണ്ടമാനം ലാഭം അടിച്ചുമാറ്റുകയും ചെയ്യുന്നു.
താന്‍ സ്വന്തം നാട്ടില്‍ അഭിമുഖീകരിക്കുന്ന സങ്കീര്‍ണ സ്ഥിതിവിശേഷം മനസ്സിലാക്കിത്തുടങ്ങുന്ന അമേരിക്കന്‍ യുവാവ് പെട്ടെന്നൊരു ദിവസം അഥവാ കഴിഞ്ഞ ഒക്ടോബര്‍ ഏഴിന്, ഇസ്രയേലില്‍ സൈനികാധിനിവേശം നടന്നതായി വാര്‍ത്ത കേള്‍ക്കുന്നു. ഇസ്ലാമിക ഭീകരര്‍ കുട്ടികളെ അടുപ്പിലിട്ട് ചുട്ടതായും സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടതായും കേള്‍ക്കുന്നു. നിങ്ങള്‍, അമേരിക്കന്‍ യുവാവ്, വാര്‍ത്ത കുറച്ചധികം ഗൗരവത്തോടെ പിന്തുടരാന്‍ ആരംഭിക്കുന്നു. ഇതു സംബന്ധമായി ഇസ്രയേലും അമേരിക്കന്‍ ഭരണകൂടവും പറഞ്ഞിരുന്നതെല്ലാം പച്ചക്കള്ളങ്ങളായിരുന്നു എന്ന് കണ്ടെത്തുന്നു. കുഞ്ഞുങ്ങളെ ആരും ചുട്ടുകൊന്നിട്ടില്ല, ആരെയും ബലാത്സംഗം ചെയ്തിട്ടുമില്ല. പക്ഷേ, രാഷ്ട്രീയക്കാര്‍ നുണ പറയുന്നത് തുടര്‍ന്നുകൊണ്ടിരുന്നു. നേരത്തെ തന്നെ നിങ്ങള്‍ക്ക് രാഷ്ട്രീയക്കാരെക്കുറിച്ച് നല്ല അഭിപ്രായമില്ല. ഇപ്പോള്‍ ഒരു കൂട്ടം പെരും നുണയന്മാരായി അവര്‍ നിങ്ങളുടെ മുന്നില്‍ വന്നുനില്‍ക്കുകയാണ്. പിന്നെ ഗസ്സയില്‍ നടക്കുന്ന ക്രൂരത ഓരോന്നോരോന്നായി നിങ്ങളുടെ മുന്നിലേക്ക് വരികയായി. ഇത് രണ്ട് സൈന്യങ്ങള്‍ തമ്മിലുള്ള യുദ്ധമല്ല എന്ന് ഒറ്റനോട്ടത്തില്‍ തന്നെ നിങ്ങള്‍ക്ക് മനസ്സിലാവുന്നു. ഇപ്പോൾ നിങ്ങള്‍ കേള്‍ക്കുന്നു, സൂയസ് കനാലിന് പകരമായി ഇസ്രയേല്‍ മരുഭൂമിയില്‍ നെഗവ് കനാല്‍ കുഴിക്കാന്‍ പോവുകയാണെന്ന്. ഗസ്സ തീരത്തെ ഒരു ദ്വീപാക്കി മാറ്റാന്‍ നേരത്തെ അവര്‍ക്ക് പദ്ധതിയുണ്ട്. എന്നിട്ടവിടെ ആഡംബര റിസോര്‍ട്ടുകളും അപ്പാര്‍ട്ട്‌മെന്റുകളും പണിയും. എല്ലാം ഇസ്രയേലിന്റെ ആഭിമുഖ്യത്തില്‍, യൂറോപ്പിലെ പണക്കാര്‍ക്കു വേണ്ടി.
നിങ്ങള്‍ ശുദ്ധ വെള്ള അമേരിക്കക്കാരന്‍ തന്നെയാണെങ്കിലും, ഈ സാമ്രാജ്യത്തിന്റെ വൃത്തികെട്ട ബീഭത്സ മുഖം നിങ്ങള്‍ കാണാതെ പോകില്ല. നിങ്ങളുടെ നാട് മറ്റൊരു നാടിനെയും അതിലെ ജനങ്ങളെയും ഉന്മൂല നാശം വരുത്തുന്നതിന് ഒരു അതിക്രമി രാജ്യത്തിന് പണവും ആയുധവും നല്‍കിക്കൊണ്ടേയിരിക്കുകയാണ്. വംശഹത്യക്കായി തന്റെ ഭരണകൂടം കൊടുത്തുവിടുന്ന പണം തന്റെ തന്നെ പണമാണെന്ന് നിങ്ങള്‍ തിരിച്ചറിയുന്നു. പൗരനായ തന്റെ അനുവാദമില്ലാതെ അതങ്ങനെ കൊടുത്തുകൊണ്ടേയിരിക്കുകയാണ്. നിങ്ങള്‍ക്ക് അനിയന്ത്രിതമായ കോപം വരുന്നു. ഭരണകൂടവും ആയുധ നിര്‍മാതാക്കളും ആയുധക്കച്ചവടക്കാരും മാത്രമല്ല വാള്‍മാര്‍ട്ട്, ആമസോണ്‍, എക്‌സണ്‍, യൂനിയന്‍ കാര്‍ബൈഡ് പോലുള്ള വന്‍കിട കോര്‍പറേറ്റുകളും ഒന്നിച്ചണിനിരക്കുന്ന വലിയൊരു അന്തര്‍നാടകമാണ് അരങ്ങേറുന്നത് എന്ന ബോധത്തിലേക്ക് താങ്കള്‍ വരുന്നു. തിന്മയുടെ ശക്തികളെല്ലാം പരസ്പരബന്ധിതമാണ് എന്ന ഉറച്ച ബോധ്യവും നിങ്ങള്‍ക്കുണ്ടാകുന്നു. കുറച്ചുകൂടി ഉയര്‍ന്ന് ആ അമേരിക്കന്‍ യുവാവ് ചോദിക്കുന്നു: യഥാര്‍ഥത്തില്‍ നമ്മള്‍ ആരാണ്? എന്തൊരു തരം മനുഷ്യരാണ് നമ്മള്‍ ആയിത്തീര്‍ന്നിട്ടുള്ളത്? ഇങ്ങനെയൊരു മാറ്റത്തെയാണ് ആഴത്തിലുള്ള അവബോധം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതും കഴിഞ്ഞ് ഒരു 'ധാര്‍മിക മാറ്റം' ഉണ്ടാവേണ്ടതുണ്ട്. അതാണ് മനുഷ്യാവബോധത്തിന്റെ ഏറ്റവും ഉയര്‍ന്ന രൂപം. അതേക്കുറിച്ച് പറയാന്‍ ഇപ്പോള്‍ സന്ദര്‍ഭമില്ല.
താങ്കള്‍ താങ്കളുടെ കൃതികളില്‍, ഭരണകൂടം കലാലയങ്ങളെ തങ്ങളുടെ ആശയ പ്രചാരണത്തിനുള്ള ഉപകരണങ്ങളായി ഉപയോഗിക്കുന്നതിനെപ്പറ്റി പറയുന്നുണ്ട്. അതായത്, ഭരണകൂടം സര്‍വകലാശാലകളില്‍ തങ്ങളുടെ ആഖ്യാനങ്ങളെ മാര്‍ക്കറ്റ് ചെയ്യുന്ന ഒരു വരേണ്യ വര്‍ഗത്തെ വളര്‍ത്തിയെടുക്കുന്നുണ്ടെന്ന്. ഫലസ്ത്വീന്‍ വിഷയത്തില്‍ എന്താണ് ഇപ്പോള്‍ അമേരിക്കന്‍ യൂനിവേഴ്‌സിറ്റികളില്‍ നടന്നുകൊണ്ടിരിക്കുന്നത്?
നമ്മള്‍ 'സമൂഹം' എന്ന് പറയാറുണ്ടല്ലോ. യഥാര്‍ഥത്തിലിത് ഒരു പ്രകൃതി പ്രതിഭാസമൊന്നുമല്ല. ഒരര്‍ഥത്തില്‍ ഭരണകൂട നിര്‍മിതിയാണ് സമൂഹം. ഒരു കുടുംബത്തിലെ കുട്ടികളെപ്പോലെയാണ് സമൂഹം. മാതാപിതാക്കളാണ് കുട്ടികളെ വളര്‍ത്തുന്നത്. അതുപോലെ സ്‌റ്റേറ്റ് ആണ് സമൂഹത്തെ വളര്‍ത്തുന്നത്. അതിലെ അംഗങ്ങളെ 'പൗരന്മാര്‍' എന്ന് പേര് വിളിക്കുകയും ചെയ്യുന്നു. സ്റ്റേറ്റിന്റെ കുട്ടിയായ പൗരന്‍ സ്റ്റേറ്റിന്റെ ആശയാദര്‍ശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളാനാണ് പഠിപ്പിക്കപ്പെടുകയും പരിശീലിപ്പിക്കപ്പെടുകയും ചെയ്യുന്നത്. സ്റ്റേറ്റ് നിയമങ്ങള്‍ പാലിക്കപ്പെടുന്ന സ്‌കൂളില്‍ പഠിക്കുകയും, സ്റ്റേറ്റ് നടത്തുന്ന ആശുപത്രികളില്‍ ചികിത്സ തേടുകയും, സ്റ്റേറ്റിന്റെ സാമൂഹിക സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്ന പൗരന്‍ അതേ ആയിത്തീരുകയുള്ളൂ. സ്റ്റേറ്റിനെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള വിമര്‍ശന ജ്ഞാനം അവന്‍ ആര്‍ജിക്കുന്നില്ല. കുടുംബത്തില്‍ മാതാപിതാക്കളും മക്കളും ഒത്തുപോവാതിരിക്കുന്നതു പോലെ, സ്‌റ്റേറ്റും പൗരന്മാരും വിരുദ്ധ ചേരികളില്‍ നിലയുറപ്പിക്കുന്ന രീതികളും കണ്ടുവരാറുണ്ട്. അതാണിപ്പോള്‍ അമേരിക്കന്‍ യൂനിവേഴ്‌സിറ്റികളില്‍ കണ്ടുതുടങ്ങിയിരിക്കുന്നതെന്ന് ഞാന്‍ കരുതുന്നു. 1960-കളില്‍ വിയറ്റ്‌നാം യുദ്ധകാലത്തേ ഈ ഭിന്നത തുടങ്ങിയിരുന്നുവെങ്കിലും ഇപ്പോൾ അവസ്ഥ സങ്കീര്‍ണമാണ്. അന്നില്ലാത്ത പല രോഗങ്ങളും മുതലാളിത്ത ഘടനയെ പിടികൂടിയിരിക്കുന്നു. ജനം മുമ്പത്തെക്കാളേറെ നിരാശരുമാണ്. ഈ ഘടനയെ വീഴ്ത്തുന്നതില്‍ 'മഹാ ഇന്‍തിഫാദ'യും ഒരു പങ്ക് വഹിക്കുമെന്ന് ഞാന്‍ കരുതുന്നു.
താങ്കൾ ജോലി ചെയ്യുന്ന പ്രശസ്ത സ്ഥാപനമായ കൊളംബിയ യൂനിവേഴ്സിറ്റിയുടെ പ്രസിഡന്റായി ഈജിപ്ഷ്യൻ വംശജയായ നിഅ്മത്ത് ശഫീഖ് ചുമതലയേറ്റപ്പോൾ അത് അറബ് വംശജർക്ക് ആഹ്ളാദത്തിന്റെ നിമിഷങ്ങളായിരുന്നു. എന്നാൽ, ഇവരിപ്പോൾ അറബ്-മുസ്ലിം വിരുദ്ധ നയങ്ങളാണ് യൂനിവേഴ്സിറ്റിയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇതൊരു വൈരുധ്യമല്ലേ? അല്ലെങ്കിൽ തങ്ങളുടെ നയങ്ങൾ നടപ്പാക്കാൻ ആധുനികതയുടെ വക്താക്കൾ ഇവരെ ഉപയോഗപ്പെടുത്തുകയാണോ?
കൊളംബിയ യൂനിവേഴ്സിറ്റി പ്രശ്നം മനസ്സിലാക്കൽ താരതമ്യേന എളുപ്പമാണ്. ആ പ്രശ്നം തുടങ്ങിയത് കഴിഞ്ഞ ഒക്ടോബർ ഏഴിന് ശേഷവുമല്ല. ഏതാനും പതിറ്റാണ്ടുകൾക്ക് മുമ്പ് തുടങ്ങിയിട്ടുണ്ട്. അതായത്, യൂനിവേഴ്സിറ്റികൾ കോർപറേറ്റുകളുടെ മാതൃകയിൽ കച്ചവട സ്ഥാപനങ്ങളെപ്പോലെ പ്രവർത്തിക്കാൻ തുടങ്ങിയത് മുതൽക്ക്. മൂന്ന് നൂറ്റാണ്ട് മുമ്പ് ആധുനികതാ പ്രോജക്ട് ആരംഭിക്കുമ്പോഴും സാമ്പത്തികവും ഭൗതികവുമായ നേട്ടങ്ങൾക്കായിരുന്നു ഒന്നാം സ്ഥാനം. യൂനിവേഴ്സിറ്റിയെ ഇത്തരമൊരു സ്ഥാപനമാക്കി മാറ്റുമ്പോൾ 'കച്ചവടക്കാരെ'യും അതിനകത്തേക്ക് കൊണ്ടു വരേണ്ടിവരും. അക്കാദമിക്കുകളോ ബുദ്ധിജീവികളോ ആയിരിക്കില്ല മുൻപന്തിയിൽ. തൊള്ളായിരത്തി എൺപതുകളിൽ ഇതായിരുന്നില്ല സ്ഥിതി. ഇപ്പോൾ കൊളംബിയ യൂനിവേഴ്സിറ്റിയുടെ തലപ്പത്തുള്ളവർ അക്കാദമികമായി മികവ് പുലർത്തുന്നവരല്ല. ബൗദ്ധിക അന്വേഷണങ്ങളുമായി യൂനിവേഴ്സിറ്റിക്കുള്ള ബന്ധം ദുർബലമാണെന്നർഥം. നേതൃത്വത്തിന്റെ മുഖ്യ പരിഗണന പണമായതോടെ, മുതൽമുടക്കാനായി / ഫണ്ട് ചെയ്യാനായി ആരെങ്കിലുമെത്തിയാൽ അവർക്ക് മുന്നിൽ യൂനിവേഴ്സിറ്റി ഭരണ വിഭാഗം തല കുനിക്കും. പണമെറിയുന്നത് ആരാണെന്ന് പോലും നോട്ടമില്ല.
യൂനിവേഴ്സിറ്റി ഭരണ വിഭാഗം കച്ചവടക്കാരായി എന്ന് മാത്രമല്ല, അവർ രാഷ്ട്രീയ യജമാനൻമാരുടെ വിനീത ശിഷ്യരുമായി. അതുകൊണ്ടാണ് യൂനിവേഴ്സിറ്റി പ്രസിഡന്റ് വിദ്യാർഥി പ്രക്ഷോഭം അടിച്ചൊതുക്കാൻ റയട്ട് പോലീസിനെ വിളിച്ചത്. നിഅ്മത്ത് ശഫീഖ് കറങ്ങുന്നത് ഫിനാൻസിന് ചുറ്റുമാണ്. അക്കാദമികമായ മാനങ്ങളൊന്നും അവരിൽനിന്ന് പ്രതീക്ഷിക്കരുത്. യോഗ്യത വെച്ചു പറഞ്ഞാൽ, അവരെ ഒരു ബാങ്കിന്റെ മാനേജരാക്കാൻ കൊള്ളാം. കൊളംബിയ പോലുള്ള ഒരു വലിയ സർവകലാശാലയുടെ തലപ്പത്തിരിക്കാൻ ഒട്ടും യോഗ്യതയില്ല. അക്കാദമിക സ്വാതന്ത്ര്യത്തിന് വേണ്ടി എഴുന്നേറ്റു നിൽക്കാനുള്ള ധൈര്യം നിഅ്മത്തിനില്ല. ആരാണോ ഫണ്ട് ചെയ്യുന്നത് അവർ അവരുടെ ഇഷ്ടത്തിന് യൂനിവേഴ്സിറ്റിയുടെ നയങ്ങളും മുൻഗണനകളും തീരുമാനിക്കുന്നു. AlPAC പോലുള്ള ഇസ്രയേൽ ലോബികളുടെ ആളുകളാവും പലപ്പോഴും ഫണ്ട് കൊടുക്കുന്നത്. അവർ യൂനിവേഴ്സിറ്റിയുടെ മാത്രമല്ല, അമേരിക്കയുടെ തന്നെ നയങ്ങളിൽ തിരിമറി നടത്തുന്നവരാണ്. ഇതൊക്കെ കലാലയത്തിന്റെ ഭരണാധികാര ഘടനയിൽ ഒഴിവാക്കാനാവാത്ത ഒന്നായി മാറിയിട്ടുണ്ട്. മറ്റൊരു സുപ്രധാന രാഷ്ട്രീയ യാഥാർഥ്യവും നമ്മുടെ ശ്രദ്ധയിൽ ഉണ്ടാവണം. അമേരിക്കൻ രാഷ്ട്രീയഘടന മൊത്തമായി വിൽപ്പനക്ക് വെച്ചിരിക്കുന്നു എന്നതാണത്. മറ്റൊരു രാഷ്ട്രത്തിന്റെ മുൻഗണനകൾക്കനുസരിച്ച് ഈ രാഷ്ട്രത്തെ മെരുക്കിയെടുക്കുകയാണ്. John Mearsheimer ഉം Stephen Walt ഉം ചേർന്നെഴുതിയ The Israel Lobby and U.S Foreign Policy എന്ന ഗ്രന്ഥത്തിൽ ഇത് കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. ഇസ്രയേലിന് വേണ്ടിയുള്ള അമേരിക്കൻ നയങ്ങൾ ഇസ്രയേലിന് മാത്രമേ പ്രയോജനപ്പെടൂ എന്നും അതൊരിക്കലും അമേരിക്കൻ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നില്ലെന്നും അതിൽ ഗ്രന്ഥകാരൻമാർ സമർഥിച്ചിട്ടുണ്ട്. കാരണം, ഇത്തരം ലോബികളാണ് ഇന്ന് അമേരിക്കയെ നിയന്ത്രിക്കുന്നത് തന്നെ. യാതൊരു ധാർമികതയും ബാക്കി വെക്കാത്ത ഈ അധികാരക്കളിയുടെ ചെറു മാതൃകയാണ് കൊളംബിയ യൂനിവേഴ്സിറ്റിയിൽ കാണുന്നത്. അതായത്, കൊളംബിയ യൂനിവേഴ്സിറ്റി ഭരണ വിഭാഗം അതിന്റെ ആത്മാവിനെ പിശാചിന് വിറ്റിരിക്കുന്നു. l
മൂല്യ പ്രതിബദ്ധതയുള്ള തലമുറകളെ വാർത്തെടുക്കാനായി വിദ്യാഭ്യാസത്തിന്റെ വ്യത്യസ്ത മേഖലകളിൽ വൈവിധ്യ പൂർണവും ഗുണാത്മകവുമായ ഇടപെടലുകളാണ് കേരളത്തിലെ ഇസ്ലാമിക പ്രസ്ഥാനം നടത്തിക്കൊണ്ടിരിക്കുന്നത്. ഏഴ് പതിറ്റാണ്ടിലധികമായി തുടർന്നു വരുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയിലാണ് 2018-ൽ ഇന്റഗ്രേറ്റഡ് എജുക്കേഷൻ കൗൺസിൽ ഇന്ത്യ (IECI) എന്ന പേരിൽ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കപ്പെടുന്നത്. അതിന് കീഴിൽ സ്കൂൾ, മദ്റസ, കോളേജ്, പ്രീസ്കൂൾ വിഭാഗങ്ങളെ സംയോജിപ്പിക്കുന്ന വ്യത്യസ്ത ബോർഡുകൾ പ്രവർത്തിക്കുന്നു. പുതിയ അധ്യയന വർഷത്തിൽ ഇസ്ലാമിയാ കോളേജുകളുടെ ശാക്തീകരണം പ്രധാന പ്രവർത്തനമായി IECI ഏറ്റെടുത്തിട്ടുണ്ട്. അതിനു വേണ്ട പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഈ പശ്ചാത്തലത്തിൽ ഐ.ഇ.സി.ഐ ചെയർമാൻ എം.കെ മുഹമ്മദലിയുമായി ഹയർ എജുക്കേഷൻ ബോർഡ് അസി. ഡയറക്ടർ അഡ്വ. മുബഷിർ മോരങ്ങാട്ട് സംസാരിക്കുന്നു.
ഇസ്ലാമിക പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ആരംഭിച്ച സവിശേഷമായ ഒരു സംവിധാനമാണല്ലോ ഇസ്ലാമിയാ കോളേജുകൾ. മത-ഭൗതിക വിദ്യാഭ്യാസങ്ങളെ സമന്വയിപ്പിച്ച വിപ്ലവകരമായ ചുവടുവയ്പായിരുന്നു അത്. അന്നു വരെ പരിചയിച്ച രീതികളിൽനിന്ന് ഇസ്ലാമിയാ കോളേജുകളിലേയ്ക്കുള്ള ഈ മാറ്റത്തെ താങ്കൾ എങ്ങനെയാണ് വിലയിരുത്തുന്നത്?
ഇസ്ലാം എന്ന ജീവിത വ്യവസ്ഥയെ അതിന്റെ പൂർണതയോടെയും സമഗ്രതയോടെയും അവതരിപ്പിക്കുക എന്നതാണ് ഇസ്ലാമിക പ്രസ്ഥാനങ്ങൾ നിർവഹിച്ചുവരുന്ന ദൗത്യം. ഇസ്ലാമിനെ സംബന്ധിച്ച ഈ അടിസ്ഥാന സങ്കൽപം തലമുറകളിലേയ്ക്ക് പകർന്നുനൽകാൻ ഇസ്ലാമിക പ്രസ്ഥാനം തുടക്കം മുതലേ ശ്രദ്ധിച്ചിട്ടുണ്ട്. കൊളോണിയലിസം സൃഷ്ടിച്ച രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സ്വാധീനങ്ങളാൽ മതവിദ്യാഭ്യാസ രംഗം ഒട്ടും ജീവിതഗന്ധിയല്ലാതായിത്തീർന്ന സാഹചര്യമായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. അറിവുകൾ നിലനിർത്തുന്നതിലും മുസ്ലിം സംസ്കാരത്തിന്റെ തുടർച്ച ഉറപ്പുവരുത്തുന്നതിലും വലിയ പങ്കാണ് പരമ്പരാഗത പള്ളിദർസുകൾ നിർവഹിച്ചു വന്നിട്ടുള്ളത്. പക്ഷേ, പുതിയ കാലത്തോട് സംവദിക്കാനുള്ള ഭാഷ അവിടങ്ങളിൽനിന്ന് പുറത്തുവരുന്ന പണ്ഡിതന്മാർക്ക് ആർജിക്കാൻ കഴിഞ്ഞിരുന്നില്ല. മറുവശത്താകട്ടെ, യൂനിവേഴ്സിറ്റി / കോളേജ് വിദ്യാഭ്യാസം നേടുന്നവർ പൂർണമായും ദീനിൽനിന്ന് അകന്നു പോകുന്ന സാഹചര്യവുമുണ്ടായിരുന്നു. ഈ പ്രതിസന്ധിയെ ധൈര്യപൂർവം അഭിമുഖീകരിച്ചുകൊണ്ട് ജമാഅത്തെ ഇസ്ലാമി കേരളത്തിലെ ദീനീ വിദ്യാഭ്യാസ രംഗത്ത് കൊണ്ടുവന്ന വിപ്ലവകരമായ മാറ്റമാണ് മത-ഭൗതിക വിദ്യാഭ്യാസങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള ഇസ്ലാമിയാ കോളേജുകൾ എന്ന സംവിധാനം. ദീനീ വിഷയങ്ങളിലും ഭാഷകളിലും അവഗാഹം നേടിയ ആത്മവിശ്വാസമുള്ള തലമുറകളെ അതു വഴി സൃഷ്ടിക്കാനായി. തുടക്കത്തിൽ വൈജ്ഞാനിക പ്രവർത്തനം എന്ന ഏക ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച്, യൂനിവേഴ്സിറ്റി ബിരുദങ്ങളില്ലാതെയായിരുന്നു ഇവ പ്രവർത്തിച്ചിരുന്നത്. പിന്നീട് തൊഴിൽ സമ്പാദനവും കോളേജ് / യൂനിവേഴ്സിറ്റി തല വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണെന്ന കാഴ്ചപ്പാട് ഉൾക്കൊണ്ടുകൊണ്ട് എഴുപതുകൾ മുതൽ യൂനിവേഴ്സിറ്റി ഡിഗ്രി കൂടി ദീനീ വിദ്യാഭ്യാസത്തോടൊപ്പം നൽകുന്ന സംവിധാനമായി അത് വളർന്നു. അൽഹംദു ലില്ലാ, ഇന്ന് മുസ്ലിം സമൂഹത്തിൽ എല്ലാവരാലും പിന്തുടരപ്പെടുന്ന ഒരു ബദൽ വിദ്യാഭ്യാസ വ്യവസ്ഥയായി അത് വളർന്നുകഴിഞ്ഞിരിക്കുകയാണ്.
ഇസ്ലാമിനെ അതിന്റെ സമഗ്രതയോടെ സമൂഹ സമക്ഷം സമർപ്പിക്കുന്നതിലും ഇസ്ലാമിനെതിരിൽ ഉയർന്നുവന്ന പ്രത്യയശാസ്ത്രങ്ങളെ തടുക്കുന്നതിലും ഇസ്ലാമിയാ കോളേജുകൾ വലിയ പങ്കുവഹിച്ചു എന്ന് പറയാറുണ്ട്. വിശദീകരിക്കാമോ?
ആചാര ബന്ധിതമായ ഒരു പരമ്പരാഗത മതമല്ല ഇസ്ലാമെന്നും മനുഷ്യ ജീവിതത്തിന്റെ മുഴുവൻ മേഖലകളെയും നിയന്ത്രിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന ദൈവിക ജീവിത വ്യവസ്ഥ(ദീൻ)യാണ് അതെന്നുമുള്ള ബോധമുൾക്കൊണ്ട്, അത് പ്രബോധനം ചെയ്യുന്ന തലമുറകളെ വാർത്തെടുക്കാൻ കഴിഞ്ഞു എന്നതാണ് ഇസ്ലാമിയാ കോളേജുകളുടെ പ്രധാന സംഭാവന. ഭൗതിക വിദ്യാഭ്യാസം നേടുന്നവർ ഭൗതിക പ്രത്യയശാസ്ത്രങ്ങളിൽ ആകൃഷ്ടരാവുന്ന സാഹചര്യമായിരുന്നു ഇരുപതാം നൂറ്റാണ്ടിന്റെ പകുതി മുതൽ നിലനിന്നിരുന്നത്. ഭൂഗോളത്തിന്റെ ഏതാണ്ട് മുക്കാൽ ഭാഗം നേർക്കുനേരെയോ അല്ലാതെയോ കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രങ്ങളുടെ സ്വാധീനത്തിലായിരുന്നു എന്നോർക്കണം. അക്കാലത്ത് ഇസ്ലാമിന്റെ പക്ഷത്തുനിന്ന് ശക്തമായ പ്രതിരോധം തീർക്കാൻ മുസ്ലിം സമുദായത്തെ പ്രാപ്തമാക്കിയത് ഇസ്ലാമിയാ കോളേജുകൾ പോലുള്ള സ്ഥാപനങ്ങളാണ്. കമ്യൂണിസം, നാസ്തികത, ഭൗതിക വാദം എന്നിവയ്ക്കും അവയുടെ ചുവടൊപ്പിച്ച് ദീനിനെ പരിഷ്കരിക്കാനെന്ന പേരിൽ തലപൊക്കിയ അൾട്രാ സെക്യുലർ പ്രവണതകൾക്കുമെതിരിൽ മുസ്ലി പടയണി തീർക്കാൻ ഇസ്ലാമിയാ കോളേജുകൾക്കായി. ഇത്തരം ആശയഗതിക്കാരുമായി സംവദിക്കാനാവശ്യമായ ഒരു ഭാഷ ഇസ്ലാമിക പരിസരത്തുനിന്ന് വികസിപ്പിച്ചെടുത്തു എന്നത് ഇസ്ലാമിയാ കോളേജുകളുടെ വലിയൊരു സംഭാവനയാണ്.
കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന ദശകത്തോടെ കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ വിദ്യാഭ്യാസ ഭൂമികയിൽ വലിയ മാറ്റങ്ങളാണുണ്ടായത്. ഇത് ഇസ്ലാമിക വിദ്യാഭ്യാസ രംഗത്ത് എങ്ങനെയാണ് പ്രതിഫലിച്ചത്?
തൊണ്ണൂറുകളുടെ ആദ്യത്തിൽ രാജ്യത്തുണ്ടായ സാമ്പത്തിക ഉദാരവൽക്കരണം സാമ്പത്തിക രംഗത്ത് മാത്രമല്ല മാറ്റങ്ങളുണ്ടാക്കിയത്. സാമൂഹിക മേഖലയുടെ അലകും പിടിയും അത് മാറ്റി എന്നു പറയാം. വിദ്യാഭ്യാസ രംഗത്തും വലിയ മാറ്റമുണ്ടായി. സ്വകാര്യ സംരംഭകത്വത്തിന് സാമൂഹിക അംഗീകാരം കിട്ടി എന്നതാണ് കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് അതുണ്ടാക്കിയ വലിയൊരു മാറ്റം. മുസ്ലിം സമുദായം ഈ അവസരം പ്രയോജനപ്പെടുത്തി ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ ഉൾപ്പെടെ ധാരാളം സ്ഥാപനങ്ങൾക്ക് തുടക്കം കുറിച്ചു. മതവിദ്യാഭ്യാസ രംഗത്തും വലിയ മാറ്റങ്ങളുണ്ടായി. ഗൾഫ് പ്രവാസം നൽകിയ ലോക പരിചയവും, ഉദാരവൽക്കരണം തുറന്നിട്ട സാമ്പത്തികാവസരങ്ങളും ഒത്തുചേർന്നപ്പോൾ മതവിദ്യാഭ്യാസം പരമ്പരാഗത പള്ളിദർസുകളിൽനിന്ന് കോളേജുകളിലേയ്ക്കും യൂനിവേഴ്സിറ്റികളിലേയ്ക്കും വളർന്നു. മത-ഭൗതിക സമന്വിത വിദ്യാഭ്യാസം എന്ന, കേരളത്തിൽ ജമാഅത്തെ ഇസ്‌ലാമി അമ്പത് വർഷം മുമ്പ് പരിചയപ്പെടുത്തിയ ആശയം സംഘടനാ ഭേദമന്യേ എല്ലാവരും ഏറ്റെടുക്കുന്ന കാഴ്ചയായിരുന്നു പിന്നീട്. അത് വലിയ വിദ്യാഭ്യാസ വിപ്ലവത്തിന് കളമൊരുക്കി.
മജ്ലിസുത്തഅ്ലീമിൽ ഇസ്ലാമി എന്ന പേരിൽ പ്രവർത്തിച്ചിരുന്ന വിദ്യാഭ്യാസ സംവിധാനം 2018-ൽ ഐ.ഇ.സി.ഐ എന്ന പേരിൽ പുനഃ സംവിധാനിച്ചതിന്റെ പശ്ചാത്തലം എന്താണ്? ആ മാറ്റത്തിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ സഫലീകരിക്കപ്പെട്ടു എന്നു പറയാൻ കഴിയുമോ?
പ്രസ്ഥാനം നേതൃത്വം നൽകിയ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ മദ്റസാ , ഇസ്ലാമിയാ കോളേജ് വിഭാഗങ്ങളിലാണ് ആരംഭിക്കുന്നത്. മജ്ലിസുത്തഅ്ലീമിൽ ഇസ്ലാമി കേരള എന്ന സംവിധാനത്തിന് കീഴിലായിരുന്നു അത്. അൺ എയ്ഡഡ് സ്കൂളുകൾ ഇല്ലാതിരുന്ന എൺപതുകളുടെ അവസാനം വരെ ഓവർ ഏജ്‌ഡ് കാൻഡിഡേറ്റ്സിന് പരീക്ഷ എഴുതാനുള്ള സൗകര്യം ഉപയോഗപ്പെടുത്തി 17-ാം വയസ്സിൽ SSLC എഴുതിക്കുകയും അതോടൊപ്പം ദീനീ പഠനം നൽകുകയുമായിരുന്നു ചെയ്തിരുന്നത്. സ്വതന്ത്രമായ സ്കൂൾ സംവിധാനം ഉണ്ടായിരുന്നില്ല. തൊണ്ണുറുകളോടെ അൺ എയ്ഡഡ് മേഖലയിൽ അംഗീകാരമുള്ള സ്കൂളുകൾ കേരള സ്റ്റേറ്റ് ബോർഡ്/ CBSE എന്നിവയോട് അഫിലിയേറ്റ് ചെയ്ത് ആരംഭിച്ചപ്പോൾ അവയുടെ സംഘാടനത്തിനായി വിദ്യാ കൗൺസിൽ ഫോർ എജുക്കേഷൻ ( VCE) രൂപവത്കരിച്ചു. 2017-ൽ ഖുർആൻ പഠനത്തിന് പ്രാമുഖ്യം കൊടുത്തുകൊണ്ടുള്ള ഹെവൻസ് പ്രീസ്കൂൾ (HPS) സംവിധാനത്തിന് തുടക്കമായി. ഇങ്ങനെ സ്ഥാപനങ്ങളും സംവിധാനങ്ങളും വർധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് അവയുടെ കാര്യക്ഷമമായ നടത്തിപ്പിനായി 2018-ൽ Integrated Education Council India (IECI) എന്ന ഒരൊറ്റ കുടക്കീഴിലേക്ക് നാമവയെ കൊണ്ടുവരുന്നത്. അതിന് കീഴിൽ നാല് അക്കാദമിക് യൂനിറ്റുകളുണ്ട്. സ്കൂൾ വിദ്യാഭ്യാസത്തിന് വിദ്യാ കൗൺസിൽ ഫോർ എജുക്കേഷൻ ( VCE), മദ്റസാ വിദ്യാഭ്യാസത്തിന് കേരളാ മദ്റസാ എജുക്കേഷൻ ബോർഡ് (KMEB ), കോളേജുകൾക്കായി ഹയർ എജുക്കേഷൻ ബോർഡ് (HEB), ഹെവൻസ് പ്രീ സ്കൂൾ എന്നിങ്ങനെ. ഇവയോരോന്നും ഓരോ ഡയറക്ടർമാരുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. വളരെ പോസിറ്റീവായ മാറ്റങ്ങളാണ് ഈ പുനഃസംഘാടനം വഴി ഉണ്ടായിരിക്കുന്നത്.
താങ്കളുടെ അഭിപ്രായത്തിൽ ദീനീ വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രധാന പ്രതിസന്ധികൾ എന്തൊക്കെയാണ്? ഇവ ദീനീ വിദ്യാഭ്യാസ മേഖലയുടേത് മാത്രമാണെന്ന് കരുതുന്നുണ്ടോ?
ദീനീ വിദ്യാഭ്യാസ മേഖലക്ക് മാത്രമായി എന്തെങ്കിലും പ്രതിസന്ധിയുണ്ടെന്ന് കരുതുന്നില്ല. പുതുകാല കോഴ്സുകളുടെ വൈവിധ്യങ്ങളും വിദേശ രാജ്യങ്ങളിലേയ്ക്കുള്ള വിദ്യാർഥികളുടെ ഒഴുക്കും മറ്റുമൊക്കെ രാജ്യത്തെ മൊത്തം ഉന്നത വിദ്യാഭ്യാസ രംഗത്തെ ബാധിച്ചതു പോലെ ഇസ്ലാമിയാ കോളേജുകളെയും ബാധിച്ചിട്ടുണ്ട്. മറ്റു കോഴ്സുകളെപ്പോലെ ഒന്ന് മാറ്റി മറ്റൊന്ന് എന്നു വെക്കാവുന്ന ഉള്ളടക്കമല്ലല്ലോ ഇസ്ലാമിയാ കോളേജുകളുടേത്. അതിനാൽ ഇസ്ലാമിക സംസ്കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കാൻ ബദ്ധശ്രദ്ധരായ ഒരു തലമുറയെ വളർത്തിക്കൊണ്ടു വരാൻ ചില പ്രശ്നങ്ങളുണ്ടെന്ന് മനസ്സിലാക്കി അവയെ മറി കടക്കാൻ നാം ധൈര്യം കാണിച്ചേ പറ്റൂ. മിടുക്കരായ വിദ്യാർഥികളുടെ ഒന്നാമത്തെ ഓപ്ഷനായി ഈ മേഖല വരുന്നില്ല എന്നതാണ് വലിയൊരു പ്രശ്നം. നിരന്തര പരിശീലനം ലഭിക്കാത്തതിനാൽ പുതിയ കുട്ടികളുടെ പഠനാഭിരുചികളെ വേണ്ടും വിധം തൃപ്തിപ്പെടുത്താൻ കഴിയാത്ത അധ്യാപകർ, വേണ്ടത്ര വികസിക്കാത്ത ഭൗതിക സൗകര്യങ്ങൾ, ആകർഷകമല്ലാത്ത കാമ്പസ് അന്തരീക്ഷം, കായിക സൗകര്യങ്ങളുടെ അപര്യാപ്തത എന്നിവയൊക്കെ പരിഹരിക്കപ്പെടേണ്ടുന്ന വിഷയങ്ങളാണ്. ഇവ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ IECI സഹകരണത്തോടെ സ്ഥാപന മാനേജ്മെന്റുകൾ ആരംഭിച്ചിരിക്കുന്നു എന്നത് ഏറെ സന്തോഷകരമാണ്.
ദീനീ പഠനത്തോടൊപ്പം യൂനിവേഴ്സിറ്റി ഡിഗ്രി കൂടി നൽകുന്ന രീതി ഇസ്ലാമിയാ കോളേജുകളിൽ തുടക്കത്തിൽ ഉണ്ടായിരുന്നില്ല. അത് പിന്നീട് കൊണ്ടുവന്നതാണ്. യൂനിവേഴ്സിറ്റി ഡിഗ്രി കൂടി പഠനത്തിന്റെ ഭാഗമാക്കിയത് ഇസ്ലാമിയാ കോളേജുകളിലെ ദീനീ പഠനത്തിന്റെ ആഴത്തെയും ഉള്ളടക്കത്തെയും നെഗറ്റീവായി ബാധിച്ചിരിക്കുന്നു എന്ന വിമർശമുണ്ട്. പ്രതികരണം?
ഉള്ളടക്കത്തിൽ പുതിയ കാര്യങ്ങൾ വരുമ്പോൾ നേരത്തെ കൊടുത്തിരുന്നവ അതേ രീതിയിൽ കൊടുക്കാൻ കഴിയില്ലല്ലോ. അതേ സമയം യൂനിവേഴ്‌സിറ്റി ഡിഗ്രി കാരണം ദീനീ പഠന നിലവാരം പാടേ തകർന്നു എന്നത് അതിവായനയുമാണ്. മാറിവരുന്ന പഠനാഭിരുചികളെ ഉൾക്കൊണ്ടു കൊണ്ടല്ലാതെ ഒരു വിദ്യാഭ്യാസ സംവിധാനത്തിനും മുന്നോട്ടു പോകാൻ സാധ്യമല്ല. മതവിദ്യാഭ്യാസം നേടിയിരുന്ന ആളുകൾ മതമേഖലകളിൽ മാത്രം ജോലി ചെയ്തിരുന്ന പഴയ കാലത്തു നിന്ന് ഭിന്നമായി വൈവിധ്യമാർന്ന നിരവധി മേഖലകളിലാണ് ദീനീ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ എത്തിപ്പെടുന്നത്. ഇസ്ലാമിയാ കോളേജ് വിദ്യാർഥികളുടെ പഠന വൈജ്ഞാനിക കരിയർ സാധ്യതകളുടെ ചക്രവാളം പരമാവധി വികസിതമായിത്തന്നെയാണ് നിൽക്കേണ്ടത്. യൂനിവേഴ്സിറ്റി ബിരുദങ്ങൾ കൂടി പഠനകാലത്ത് ലഭ്യമാക്കുക എന്നത് ഇന്നത്തെ ജീവിത സാഹചര്യത്തിൽ വളരെ പ്രധാനവുമാണ്.
വരുന്ന അധ്യയന വർഷം മുതൽ IECI ഹയർ എജുക്കേഷൻ ബോർഡ് ഇസ്ലാമിയാ കോളേജ് വിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താനുള്ള തീരുമാനം എടുത്തതായി അറിയുന്നു. എന്തൊക്കെയാണ് അതിനായി ആവിഷ്കരിച്ചിട്ടുള്ള പദ്ധതികൾ?
ഇസ്ലാമിയാ കോളേജുകളെ ശക്തിപ്പെടുത്താനുള്ള തീവ്ര യത്നത്തിലാണ് കഴിഞ്ഞ ഒരു വർഷമായി IECI ഹയർ എജുക്കേഷൻ ബോർഡ്. Stakeholder emancipation ന്റെ ഭാഗമായി vanguard എന്ന പേരിൽ മാനേജ്മെന്റുകൾക്കും, Zenith എന്ന പേരിൽ പ്രിൻസിപ്പൽമാർക്കും തുടർ പരിശീലന പദ്ധതികൾ ആരംഭിച്ചുകഴിഞ്ഞു. നാം മുന്നിൽ കാണുന്ന ലക്ഷ്യങ്ങളിലേയ്ക്ക് കുട്ടികളെ സജ്ജരാക്കാൻ അധ്യാപകരെ പ്രാപ്തരാക്കുന്നതിനായി Rahbar എന്ന പേരിൽ ആൾ കേരളാ ഇസ്ലാമിയാ കോളേജ് ടീച്ചേഴ്സ് കോൺഫറൻസ് മാർച്ച് ആദ്യവാരം കോഴിക്കോട്ട് നടത്തി. അടുത്ത അധ്യയന വർഷം അധ്യാപകർക്കായി വ്യത്യസ്ത സെഗ്മെന്റുകളിലെ പരിശീലന പരിപാടികൾ, വിദ്യാർഥികൾക്കായി ഫ്യൂച്ചർ ലീഡർഷിപ്പ് പ്രോഗ്രാം എന്നിവ തയാറാക്കിയിട്ടുണ്ട്. ഇതിനെല്ലാം മുന്നോടിയായി സ്ഥാപനങ്ങളുടെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തി വിദ്യാർഥി സൗഹൃദ കാമ്പസ് അന്തരീക്ഷം സൃഷ്ടിക്കാൻ വേണ്ട മാർഗനിർദേശങ്ങളും IECI നൽകിക്കൊണ്ടിരിക്കുന്നു.
ഇസ്ലാമിയാ കോളേജുകൾക്കായി അഞ്ച് വർഷത്തെ കരിക്കുലം പുതിയതായി നടപ്പാക്കി വരികയാണല്ലോ. അതിനെ എങ്ങനെ വിലയിരുത്തുന്നു?
ഡോ. ആർ യൂസുഫ്, ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് എന്നിവരുടെ നേതൃത്വത്തിൽ അഞ്ച് വർഷ കോഴ്സിന്റെ കരിക്കുലം നിർമാണം നാം നേരത്തെ പൂർത്തീകരിച്ചിട്ടുണ്ട്. ആ കരിക്കുലം പ്രകാരം പ്രവേശനം നേടിയ കുട്ടികൾ ഈ വർഷം മൂന്നാം വർഷത്തിലേയ്ക്ക് കടക്കും. പുതിയ കരിക്കുലത്തിന്റെ ഭാഗമായ ടെക്സ്റ്റ് ബുക്കുകളുടെ നിർമാണം തുടർന്നുകൊണ്ടിരിക്കുകയാണ്. കോഴ്സിന്റെയും വ്യത്യസ്ത വിഷയങ്ങളുടെയും പഠന ലക്ഷ്യങ്ങളെ കൃത്യപ്പെടുത്തി തയാറാക്കിയ കരിക്കുലം പുതിയ കാലത്തെ ദീനീ വിദ്യാഭ്യാസ ആവശ്യങ്ങളെ മുൻനിർത്തി തയാറാക്കിയതാണ് എന്നതിനാൽ നല്ല സ്വീകാര്യതയാണ് അതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അറബി ഭാഷാ പഠനത്തിൽ കമ്യൂണിക്കേഷന് കൂടി പ്രാധാന്യം നൽകുന്നതിനാൽ തുടർ പ്രവർത്തനങ്ങൾക്കാവശ്യമായ ഡിജിറ്റൽ മെറ്റീരിയൽ പുസ്തകങ്ങളോടൊപ്പം നൽകുന്നുണ്ട്. അറബി മീഡിയത്തിന് പ്രാധാന്യം കൊടുക്കുന്ന ആറു വർഷ കോഴ്സിന്റെ കരിക്കുലം നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നു.
ഇസ്ലാമിക വിഷയങ്ങളോടൊപ്പം യൂനിവേഴ്സിറ്റി വിഷയങ്ങളും പഠിക്കുന്നത് കുട്ടികൾക്ക് പഠനഭാരം സൃഷ്ടിക്കുന്നുണ്ടോ?
ഒറ്റ നോട്ടത്തിൽ ശരിയാണെന്ന് തോന്നാൻ സാധ്യതയുള്ള ഒരു നിരീക്ഷണമാണിത്. പക്ഷേ, സാധാരണ ഒരു ആർട്സ് & സയൻസ് കോളജിനെക്കാൾ പഠന പ്രവർത്തനങ്ങൾ ഗൗരവതരമായി നടക്കുന്ന ഇസ്ലാമിയാ കോളേജ് അന്തരീക്ഷത്തിൽ ദീനീ പഠനത്തിന് വിഘാതമാവാതെ തന്നെ യൂനിവേഴ്സിറ്റി പഠനവും നടത്താൻ കഴിയുന്നു എന്നതാണ് അനുഭവം. സാധാരണ കാമ്പസുകളിൽ കുട്ടികളുടെ ശ്രദ്ധ തിരിക്കുന്ന പലതും ഇസ്ലാമിയാ കോളേജ് അന്തരീക്ഷത്തിൽ ഉണ്ടാവുകയില്ലല്ലോ.
സമാന്തര വിദ്യാഭ്യാസം മുഴുവൻ ഓപ്പൺ യൂനിവേഴ്സിറ്റിക്ക് കീഴിലാക്കിയത് ഇസ്ലാമിയാ കോളേജുകൾക്ക് പ്രശ്നങ്ങൾ സൃഷ്ടിക്കുമോ?
സമാന്തര വിദ്യാഭ്യാസം ഓപ്പൺ യൂനിവേഴ്സിറ്റികൾക്ക് കീഴിലാക്കുക എന്നത് കേന്ദ്ര ഗവൺമെന്റ് പോളിസിയാണ്. ഗുണമേൻമയാർന്ന ഓപൺ ആന്റ് ഡിസ്റ്റൻസ് ലേണിംഗ് (ODL) വഴി ഉദ്ദേശിക്കപ്പെടുന്ന Gross Enrollment Ratio (GER) നേടുമെന്നാണ് NEP 2020 പറഞ്ഞിരിക്കുന്നത്. അതിനാൽ ഇത് ഇസ്ലാമിയാ കോളേജ് വിദ്യാർഥികളെ മാത്രമായി ബാധിക്കുന്ന പ്രശ്നമല്ല; രാജ്യത്തെ കോടിക്കണക്കിന് വിദ്യാർഥികളെ ബാധിക്കുന്ന പ്രശ്നമാണ്. ഈ മാറ്റം കുട്ടികളിലും രക്ഷിതാക്കളിലും ചില ആശങ്കകൾ ഉണ്ടാക്കിയിട്ടുണ്ട്. തുടർപഠനത്തിനോ ജോലികൾക്കോ ഓപൺ -റഗുലർ വിദ്യാർഥികൾക്കിടയിൽ യാതൊരു വ്യത്യാസവും ഉണ്ടാവില്ലെന്ന കേന്ദ്ര സംസ്ഥാന സർക്കാർ ഏജൻസികളുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ മുന്നോട്ടു പോകാനാണ് നാം തീരുമാനിച്ചിരിക്കുന്നത്.
പഠന തൽപരരായ കുട്ടികൾ ഇസ്ലാമിയാ കോളേജുകളിലേയ്ക്ക് ആകർഷിക്കപ്പെടുന്നില്ല എന്ന നിരീക്ഷണത്തോട് താങ്കൾ യോജിക്കുന്നുണ്ടോ?
അതിൽ ഒരൽപം വസ്തുതയുണ്ട് എന്നത് കാണാതിരുന്നു കൂടാ. ദീനീ പഠന മേഖലയുമായി ബന്ധപ്പെട്ട് സമൂഹം പുലർത്തുന്ന സമീപനം ഒരു പ്രശ്നമാണ്. കോഴ്സുകളിലെ വൈവിധ്യ രാഹിത്യമാണ് മറ്റൊരു പ്രശ്നം. ഇസ്ലാമിയാ കോളേജുകളിൽ ഹ്യുമാനിറ്റീസ് കോഴ്സുകൾ മാത്രമായിരുന്നേടത്ത് ഇപ്പോൾ കൊമേഴ്സ് കൂടിയുണ്ട്. ഈ മാറ്റമുണ്ടായ സമയത്ത് കൊമേഴ്സിനൊപ്പം എങ്ങനെ ഇസ്ലാമിക്സ് പഠിക്കും എന്ന ആശങ്കയുണ്ടായിരുന്നു. അതിനെ മറികടക്കാൻ നമുക്കായി. പ്ലസ് ടു സയൻസ്, ഇസ്ലാമിക വിഷയങ്ങൾക്കൊപ്പം നൽകുന്ന രീതി പല സ്ഥാപനങ്ങളും ഇപ്പോൾ വിജയകരമായി നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്. അത് നല്ല ഫലം ഉണ്ടാക്കുന്നുമുണ്ട്. തൊഴിലധിഷ്ഠിതമായ നിരവധി ന്യൂ ജെൻ കോഴ്സുകളുടെ തള്ളിക്കയറ്റത്തിനിടയിൽ, ഈ കോഴ്സ് കഴിഞ്ഞാൽ ജോലിയെന്ത് എന്ന് കുട്ടികൾ ചോദിക്കും. വിജ്ഞാന സമ്പാദനം എന്ന ഏക ലക്ഷ്യം പറഞ്ഞ് കുട്ടികളെ തൃപ്തിപ്പെടുത്താനാവില്ല. അതിനാൽ, വിജ്ഞാന സമ്പാദനത്തോടൊപ്പം തന്നെ കുട്ടികളുടെ employability skills കൂടി വികസിപ്പിക്കണമെന്ന് HEB ഉദ്ദേശിക്കുന്നു. അതിനായി ഇസ്ലാമിയാ കോളേജുകളിൽ ഈ വർഷം മുതൽ കരിയർ ഡവലപ്മെന്റ് ആന്റ് പ്ലേസ്മെന്റ് സെല്ലുകൾ ആരംഭിക്കാനും അവയ്ക്ക് കീഴിൽ orientation, upskilling പ്രോഗ്രാമുകൾ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
അധ്യാപന രീതികളും സമീപനങ്ങളും കാലാനുസൃതമായി മാറാത്ത ഇടങ്ങളാണ് ദീനീ വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്ന തോന്നൽ ശക്തമാണ്. കുട്ടികളുടെ മാറിക്കൊണ്ടിരിക്കുന്ന പഠനാഭിരുചികളെ അഭിമുഖീകരിക്കാൻ കഴിവുള്ളവരാണോ ഇപ്പോഴത്തെ അധ്യാപകർ?
വിദ്യാഭ്യാസ മേഖലയിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളും പരിഷ്കാരങ്ങളുമൊന്നും ആവശ്യമില്ലാത്ത ഒറ്റപ്പെട്ട തുരുത്താണ് ദീനീ വിദ്യാഭ്യാസ മേഖല എന്ന തോന്നൽ ചിലർക്കെങ്കിലുമുണ്ട്. പാരമ്പര്യത്തിന്റെയും ഗൃഹാതുരത്വത്തിന്റെയും പേരിൽ തങ്ങളുടെ ജീവിതാനുഭവങ്ങളെ വിദ്യാർഥികളുടെ ജീവിതത്തിൽ അപ്പടി പകർത്തിക്കാൻ ശ്രമിക്കുന്നു എന്നത് പലപ്പോഴും അധ്യാപകരുടെ ഭാഗത്ത് നിന്നുണ്ടാവുന്ന അബദ്ധമാണ്. ഇതിനെ നിരന്തര പരിശീലനങ്ങളിലൂടെ മറികടക്കാനുള്ള ശ്രമങ്ങൾ നാം ഇപ്പോഴേ ആരംഭിച്ചുകഴിഞ്ഞു. മാറിക്കൊണ്ടിരിക്കുന്ന പഠന ബോധന രീതികളെയും വിദ്യാർഥികളുടെ അഭിരുചികളെയും മനസ്സിലാക്കി മുന്നോട്ടുപോവാൻ അധ്യാപകർക്ക് ഇതുവഴി സാധ്യമാവും.
സ്ഥാപനങ്ങളിലെ സ്ഥിരാധ്യാപകരുടേതിന് പുറമെ പുറത്തു നിന്നുള്ള മികച്ച പണ്ഡിതരുടെയും അധ്യാപകരുടെയും സേവനം കുട്ടികൾക്ക് ലഭ്യമാക്കാൻ പാകത്തിൽ guest faculty, emeritus professor സ്ക്കീമുകൾ, extra mural lectures എന്നിവ ഫലപ്രദമായ രീതിയിൽ നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇത് സാധ്യമാക്കാൻ പാകത്തിൽ സ്ഥാപനങ്ങളുടെ digital infrastructure മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
ആർട്സ് - സ്പോർട്സ് ഇനങ്ങളെ പാഠ്യേതരം എന്ന നിലയിൽ നിന്ന് പഠന പ്രവർത്തനങ്ങളുടെ തന്നെ മുഖ്യധാരയിൽ കൊണ്ടു വരണമെന്നാണല്ലോ ദേശീയ വിദ്യാഭ്യാസ പദ്ധതി പോലുള്ളവ നിഷ്കർഷിക്കുന്നത്. ഇതിനു വേണ്ട എന്തെങ്കിലും പദ്ധതികൾ പ്ലാൻ ചെയ്യുന്നുണ്ടോ?
ദീനീ പഠന മേഖലയെ സംബന്ധിച്ച് നിലനിൽക്കുന്ന പല മുൻവിധികളെയും തകർത്താണ് ഇസ്ലാമിയാ കോളേജുകൾ മുന്നോട്ട് പോയിട്ടുള്ളതെന്ന് നേരത്തെ പറഞ്ഞുവല്ലോ. തുടക്കം മുതൽ തന്നെ, ആൺ - പെൺ ഭേദമന്യേ കുട്ടികളുടെ കലാ - കായിക കഴിവുകളെ വളർത്തിക്കൊണ്ടുവരിക എന്നതാണ് ഇസ്ലാമിയാ കോളേജുകളുടെ രീതി. മജ്ലിസ് കോളേജ് ഫെസ്റ്റ് എന്ന പേരിൽ ഇന്റർ കോളജിയറ്റ് ആർട്സ് ഫെസ്റ്റ് നാം കാലങ്ങളായി നടത്തിവരുന്നുണ്ട്. ഇപ്രാവശ്യത്തെ ഇന്റർ കോളേജ് ഫെസ്റ്റ് 'ശഗുഫ്ത 2023'-ൽ മികച്ച പ്രകടനമാണ് നമ്മുടെ കുട്ടികൾ കാഴ്ച വെച്ചത്. ഹദഫ് ഇന്റർ കോളജിയറ്റ് ഫുട്ബോൾ ടൂർണമെന്റ്, ഗേൾസ് ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് എന്നിവയെല്ലാം ഈ ഉദ്ദേശ്യാർഥം സംഘടിപ്പിച്ചതാണ്. ഇസ്ലാമിയാ കോളേജുകളിൽ പഠിക്കുന്നു എന്നത് വിദ്യാർഥികളുടെ കലാവിഷ്ക്കാരങ്ങൾക്കും കായിക നൈപുണി പ്രദർശിപ്പിക്കുന്നതിനും തടസ്സമായിക്കൂടാ എന്ന നിർബന്ധ ബുദ്ധി നമുക്കുണ്ട്. ഇസ്ലാമിക സാംസ്കാര പരിസരത്ത് നിന്നുകൊണ്ട് അത് സാധ്യമാണ് എന്ന് നാം തെളിയിച്ചതാണ്. പെൺകുട്ടികളുടെ സ്വതന്ത്രാവിഷ്ക്കാരങ്ങൾ സാധ്യമാകും വിധം ഇസ്ലാമിക മര്യാദകൾക്കകത്ത് നിന്നുകൊണ്ട് നാം സംഘടിപ്പിക്കുന്ന പരിപാടികൾ എടുത്തുപറയേണ്ടതാണ്. മുഴുവൻ സ്ഥാപനങ്ങളിലും പുതിയ അധ്യയന വർഷം മുതൽ ഏതെങ്കിലും ഒരു കായിക ഇനത്തിനുള്ള കോർട്ട് / ഗ്രൗണ്ട് ഉണ്ടായിരിക്കണമെന്ന് സ്ഥാപനങ്ങളോട് നാം നിഷ്കർഷിച്ചിട്ടുണ്ട്.
ഇസ്ലാമിയാ കോളേജുകളിലെ ഉൽപന്നങ്ങൾ സമൂഹത്തിൽ നേതൃപരമായ പങ്കുവഹിച്ചതായി താങ്കൾ പറഞ്ഞു. അത്തരമൊരു ലീഡർഷിപ്പിനെ വളർത്തിയെടുക്കുന്നതിന് സവിശേഷമായ പദ്ധതികൾ എന്തെങ്കിലും തയാറാക്കിയിട്ടുണ്ടോ?
കഴിഞ്ഞ കാലങ്ങളിൽ ഇസ്ലാമിയാ കോളേജുകളിൽനിന്ന് പുറത്തുവന്നവർ എങ്ങനെ സമൂഹത്തിൽ നേതൃപരമായ പങ്ക് നിർവഹിച്ചു എന്ന് നാം നേരിൽ കണ്ടതാണ്. വിദ്യാഭ്യാസ, മാധ്യമ, രാഷ്ട്രീയ, സാമ്പത്തിക പ്രവർത്തനങ്ങളുടെയൊക്കെ മുൻ നിരയിൽ ഇസ്ലാമിയാ കോളേജുകളിലെ വിദ്യാർഥികൾ എത്തിപ്പെട്ടത് യാദൃച്ഛികമായി സംഭവിച്ചതല്ല. സമൂഹത്തെ നേരായി നയിക്കുന്നവർ ജീവിതത്തിന്റെ എല്ലാ തുറകളിലും ഉണ്ടാവണം എന്ന ഓറിയന്റേഷൻ അവർക്ക് നൽകപ്പെട്ടതുകൊണ്ട് കൂടിയാണ് അതുണ്ടായത്. ലോക നേതൃത്വത്തിലേയ്ക്ക് കുട്ടികളെ തയാറാക്കാൻ നാം ആഗ്രഹിക്കുന്നു എന്ന് കേൾക്കുമ്പോൾ അതൊരു അതിമോഹമായി തോന്നാം. പക്ഷേ, ലോകം ഒരു ഗ്രാമമായി മാറിയ ഇക്കാലത്ത് അത് പരിശ്രമവും പ്രാർഥനയും വഴി സാധ്യമാക്കാവുന്ന ഒന്നാണ് എന്നു തന്നെ നാം കരുതുന്നു. നമ്മുടെ മുഴുവൻ പാഠ്യേതര പ്രവർത്തനങ്ങളും കുട്ടികളുടെ ലീഡർഷിപ് സ്‌കില്ലുകൾ വളർത്തിയെടുക്കുക എന്ന ഉദ്ദേശ്യത്തിലാണ് സംഘടിപ്പിക്കുന്നത്. പുതിയ അധ്യയന വർഷം മുതൽ സവിശേഷമായ ഫ്യൂച്ചർ ലീഡർഷിപ്പ് പ്രോഗ്രാം നാം ഉദ്ദേശിക്കുന്നുണ്ട്. പാഠ്യ- പാഠ്യേതര മേഖലകളിൽ മിടുക്കരായ വിദ്യാർഥി - വിദ്യാർഥിനികളെ കണ്ടെത്തി അവരെ പരിശീലിപ്പിക്കുകയാണ് ഉദ്ദേശ്യം.
ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദ്യാർഥികളിൽ വലിയൊരു പങ്ക് പെൺകുട്ടികളാണല്ലോ. അവരുടെ വിദ്യാഭ്യാസാവശ്യങ്ങളെ എങ്ങനെയാണ് IECI അഭിമുഖീകരിക്കുന്നത്?
കേരളീയ മുസ്ലിം സമൂഹത്തിൽ വനിതാ വിദ്യാഭ്യാസ രംഗത്തെ ട്രെൻഡ് സെറ്റേഴ്സ് ആണ് ഇസ്ലാമിക പ്രസ്ഥാനം. പ്രാഥമിക ക്ലാസുകൾക്കപ്പുറത്തുള്ള സ്ത്രീകളുടെ വിദ്യാഭ്യാസം അനാവശ്യവും പലപ്പോഴും അപകടകരവുമായി മുസ്ലിം സമുദായം കണ്ടിരുന്ന കാലത്ത് അവർക്കായി കോളേജുകൾ ആരംഭിക്കുകയുണ്ടായി പ്രസ്ഥാനം. സെക്യുലർ കാമ്പസുകൾ ഉണ്ടാക്കുന്ന മത വിരുദ്ധ പ്രവണതകളെ ഭയപ്പെട്ട സമുദായം അതിന് പ്രതിരോധം തീർക്കാൻ ശ്രമിച്ചത് സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിച്ചുകൊണ്ടായിരുന്നു. എന്നാൽ, ദീനീ അടിത്തറകൾ ശക്തമാക്കിക്കൊണ്ട് പൊതുവിദ്യാഭ്യാസം നൽകുകയാണ് ശരിയായ വഴി എന്ന് തിരിച്ചറിഞ്ഞ് 50 - 60 വർഷങ്ങൾക്ക് മുമ്പേ സ്ത്രീ വിദ്യാഭ്യാസ രംഗത്ത് മികച്ച നീക്കങ്ങൾ നടത്താൻ നമുക്കായി. നമ്മുടെ സ്ഥാപനങ്ങളിലെ പാഠ്യ - പാഠ്യേതര മേഖലകളിൽ മികച്ച പ്രകടനമാണ് പെൺകുട്ടികൾ കാഴ്ചവെക്കുന്നത്. റാങ്കുകളിൽ നല്ലൊരു ഭാഗവും നേടുന്നത് അവരാണ്. മുസ്ലിം സമുദായത്തിൽ ഇന്ന് വനിതാ വിദ്യാഭ്യാസ രംഗത്ത് ചുവടുവെപ്പുകൾ എല്ലാവരും നടത്തുന്നുണ്ട് എന്നത് സന്തോഷകരമാണ്. പക്ഷേ, പാരമ്പര്യമെന്ന പേരിൽ പുരുഷാധിപത്യപരമായ മതാഖ്യാനങ്ങളിൽ കുട്ടികളെ തളച്ചിടാനും സ്ത്രീകളുടെ ദീനീ സാന്നിധ്യത്തെ അദൃശ്യമാക്കി നിർത്താനും സവിശേഷ ശ്രദ്ധ കൊടുക്കുന്നു എന്ന രീതിയിലാണ് പല സിസ്റ്റങ്ങളുടെയും നടത്തിപ്പ്. ഇത് പലപ്പോഴും ലിബറലിസത്തിലേക്ക് കുട്ടികൾ ആകൃഷ്ടരായിത്തീരാൻ കാരണമാവുന്നു. അതേസമയം ദീൻ സ്ത്രീകൾക്ക് നൽകുന്ന പദവിയും ഉത്തരവാദിത്വങ്ങളും തിരിച്ചറിഞ്ഞ് ദീനീ നിർവഹണം നടത്താൻ പര്യാപ്തരാക്കുന്ന വിദ്യാഭ്യാസം അവർക്ക് നൽകുക എന്നതാണ് ഭൗതിക ലിബറൽ പരിസരങ്ങൾക്കെതിരെ പ്രതിരോധം തീർക്കാനുള്ള യഥാർഥ കവചം എന്ന് നാം ഉറച്ചു വിശ്വസിക്കുന്നു. ഇസ്ലാം അനുവദിക്കുന്ന മുഴുവൻ സ്വാതന്ത്ര്യങ്ങളും അനുവദിച്ചു കൊണ്ട് സന്തോഷകരമായ കാമ്പസ് അനുഭവം പകരാനാണ് നാം ശ്രമിക്കുന്നത്. പെൺകുട്ടികളുടെ സ്വതന്ത്രാവിഷ്കാരങ്ങൾ ഇസ്ലാമിക പരിസരത്ത് നിന്നുകൊണ്ട് നടത്താൻ പാകത്തിലാണ് നമ്മുടെ കലാ - കായിക മത്സരങ്ങൾ പോലും നടത്താറുള്ളത്. l
2000 ഒക്ടോബറിൽ കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തനമാരംഭിച്ച ബൈത്തുസ്സകാത്ത് കേരള കാൽ നൂറ്റാണ്ടിനോടടുക്കുകയാണ്. പബ്ലിക് റിലീജിയസ് ട്രസ്റ്റ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത സംവിധാനമാണിത്. ബൈത്തുസ്സകാത്ത് കേരള ഇതിനകം നിർവഹിച്ച ദൗത്യവും പ്രവർത്തന രീതിയും വിശദമാക്കുകയാണ് ചെയർമാൻ ശൈഖ് മുഹമ്മദ് കാരകുന്ന്.
ബൈത്തുസ്സകാത്ത് കേരള സകാത്ത് ശേഖരിക്കാനും വിതരണം ചെയ്യാനും സ്വീകരിക്കുന്ന രീതികള്‍ എന്തൊക്കെയാണ്?
നിലവില്‍ കേരളത്തിലെ ഏറ്റവും വലിയ സംഘടിത സകാത്ത് സംവിധാനമാണ് ബൈത്തുസ്സകാത്ത് കേരള. ഈ സംരംഭത്തെ നേരിട്ടറിയുന്നവര്‍ അവരുടെ സകാത്തിന്റെ ഒരു പങ്ക് ബൈത്തുസ്സകാത്തിനെ നേരിട്ട് ഏല്‍പിക്കുകയാണ് ചെയ്യുന്നത്. ഇങ്ങനെ നല്‍കുന്നവരുടെ സൗകര്യത്തിനായി ഓണ്‍ലൈന്‍ സംവിധാനമടക്കം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബൈത്തുസ്സകാത്ത് കേരള നടപ്പാക്കുന്ന പദ്ധതികള്‍ നേരിട്ടറിയുകയും അനുഭവിക്കുകയും ചെയ്യുന്നവര്‍ പുതുതായി ഓരോ വര്‍ഷവും ഈ സംവിധാനവുമായി സഹകരിക്കുന്നു. ഓരോ വര്‍ഷവും ബൈത്തുസ്സകാത്ത് കേരളയോട് സഹകരിക്കുന്ന സകാത്ത് ദായകരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. കേരളത്തില്‍ പലയിടങ്ങളിലും പ്രവര്‍ത്തിച്ചുവരുന്ന പ്രാദേശിക സകാത്ത് കമ്മിറ്റികള്‍ ബൈത്തുസ്സകാത്ത് കേരളയില്‍ അഫിലിയേറ്റ് ചെയ്തിട്ടുമുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിലെങ്ങും ബൈത്തുസ്സകാത്ത് കേരളക്ക് പ്രവര്‍ത്തന ശൃംഖലകളുണ്ട്. ഇവ വഴിയും സകാത്ത് ബൈത്തുസ്സകാത്തില്‍ എത്തിച്ചേരുന്നു. ഇങ്ങനെ ഒരു വര്‍ഷം ബൈത്തുസ്സകാത്ത് കേരളക്ക് ലഭിക്കുന്ന സംഖ്യ ആ വര്‍ഷം തന്നെ വിവിധ പദ്ധതികളിലൂടെ അര്‍ഹര്‍ക്ക് വിതരണം ചെയ്യുന്ന രീതിയാണ് സ്വീകരിച്ചിട്ടുള്ളത്. ഭവന നിര്‍മാണം, സ്വയം തൊഴില്‍, വിദ്യാഭ്യാസം, ചികിത്സ, കടബാധ്യത തീര്‍ക്കല്‍, കുടിവെള്ള പദ്ധതി, റേഷന്‍, പെന്‍ഷന്‍ പദ്ധതികളാണ് ഇതിനായി നടപ്പാക്കുന്നത്. ഇത്തരം സഹായങ്ങള്‍ക്ക് അര്‍ഹരായവര്‍ നേരിട്ടോ അവര്‍ക്ക് വേണ്ടി മറ്റുള്ളവരോ ഓണ്‍ലൈനായി ബൈത്തുസ്സകാത്തില്‍ അപേക്ഷ സമര്‍പ്പിക്കുകയാണ് വേണ്ടത്. പ്രാദേശിക സകാത്ത് കമ്മിറ്റികള്‍ വഴിയും ബൈത്തുസ്സകാത്തിന്റെ ആയിരത്തിലേറെ വരുന്ന വളണ്ടിയര്‍മാര്‍ മുഖേനയും അപേക്ഷകരുടെ കൃത്യമായ വിവരങ്ങള്‍ പ്രാദേശികമായി തന്നെ ബൈത്തുസ്സകാത്ത് ശേഖരിക്കും. ശേഷം അപേക്ഷകരില്‍ സകാത്തിന് ഏറ്റവും അര്‍ഹരായവര്‍ക്ക് അവര്‍ ആവശ്യപ്പെട്ട പദ്ധതിക്കായി സഹായം നല്‍കുകയാണ് ബൈത്തുസ്സകാത്ത് ചെയ്യുന്നത്.
ബൈത്തുസ്സകാത്ത് നടപ്പാക്കുന്ന പദ്ധതികളില്‍ ഏറ്റവും ചെലവേറിയത് ഭവന പ്രോജക്ടാണല്ലോ. ഇതിനകം എത്ര വീടുകള്‍ പൂര്‍ത്തീകരിച്ചു നല്‍കാന്‍ സാധിച്ചിട്ടുണ്ട്?
സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം നമ്മുടെ സംസ്ഥാനത്ത് നാലേകാല്‍ ലക്ഷം കുടുംബങ്ങള്‍ ഭവന രഹിതരാണ്. സുരക്ഷിതമായൊരു വീടെന്നത് മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളിലൊന്നാണ്. ഓരോ വര്‍ഷവും വീടില്ലാത്ത അനേകം പേരാണ് ബൈത്തുസ്സകാത്ത് കേരളയിൽ അപേക്ഷ നല്‍കുന്നത്. ഒരു വര്‍ഷം നമുക്ക് ലഭിക്കുന്ന മുഴുവന്‍ സകാത്ത് വിഹിതവും ഇതിനായി നീക്കിവെച്ചാല്‍ പോലും എല്ലാ അപേക്ഷകരെയും പരിഗണിക്കാനാവില്ല. ഒരു പദ്ധതിക്ക് മാത്രമായി സംഖ്യ മാറ്റിവെക്കുന്ന രീതിയല്ല ബൈത്തുസ്സകാത്ത് സ്വീകരിച്ചിട്ടുള്ളത്. നേരത്തെ സൂചിപ്പിച്ച ഏഴു പദ്ധതികള്‍ക്കുമായി ഒരു വര്‍ഷത്തെ സംഖ്യ വിഭജിച്ച് ഉപയോഗിക്കുകയാണ് ചെയ്യാറുള്ളത്. അതിനാല്‍, ഭവന നിര്‍മാണത്തിന് ലഭിക്കുന്ന അപേക്ഷകളില്‍ ഏറ്റവും അര്‍ഹരായവര്‍ക്ക് മാത്രമാണ് പൂര്‍ണമായ സഹായധനം നൽകാറുള്ളത്. ഇപ്രകാരം 1462 വീടുകളാണ് ബൈത്തുസ്സകാത്ത് ഇതിനകം നിര്‍മിച്ചു നല്‍കിയത്. ഇതിനോടൊപ്പം 3706 കുടുംബങ്ങള്‍ക്ക് വീടു നിര്‍മാണത്തിന് ഭാഗിക സഹായം നല്‍കുകയും ചെയ്തിട്ടുണ്ട്. പ്രാദേശികവും കുടുംബപരവുമായ സഹായങ്ങള്‍ കൂടി ചേര്‍ത്തുവെച്ചു കൊണ്ടാണ് ഭവന പദ്ധതികൾ ഇപ്പോള്‍ ബൈത്തുസ്സകാത്ത് പൂര്‍ത്തീകരിക്കുന്നത്. ഇങ്ങനെ പൂര്‍ണമായതും ഭാഗികമായതുമായ സഹായം ചേര്‍ത്തുവെച്ചാല്‍ 5168 കുടുംബങ്ങള്‍ക്ക് സുരക്ഷിതമായി താമസിക്കാനുള്ള ഭവന നിര്‍മാണ പ്രക്രിയയില്‍ പങ്കാളിത്തം വഹിക്കാന്‍ ഇതിനകം ബൈത്തുസ്സകാത്തിന് സാധിച്ചിട്ടുണ്ട്. സ്വന്തമായി പണിയെടുത്തും സമ്പാദിച്ചും വീടെന്ന സ്വപ്‌നം ജീവിതായുസ്സില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷയില്ലാത്ത കുടുംബങ്ങളായിരുന്നു ഇവരെന്ന് പ്രത്യേകം ഓര്‍ക്കുക. ഇങ്ങനെയുള്ള ഒരു കുടുംബത്തില്‍ മിനിമം അഞ്ച് അംഗങ്ങളുണ്ട് എന്ന് കണക്ക് കൂട്ടിയാല്‍ 25,840 പേരിലേക്കാണ് ഈ സംഘടിത സകാത്തിന്റെ തണലെത്തിയിരിക്കുന്നത്. വീട് നിര്‍മിക്കാന്‍ സ്വന്തമായി ഭൂമിയില്ലാത്ത ചില കുടുംബങ്ങള്‍ക്ക് പീപ്പ്ള്‍സ് ഫൗണ്ടേഷനുമായി സഹകരിച്ച് സംയുക്ത ഭവന പദ്ധതിയും നടപ്പാക്കിയിട്ടുണ്ട്.
വിദ്യാഭ്യാസ ശാക്തീകരണമെന്നത് സമുദായത്തിന്റെ സർവതോമുഖമായ ശാക്തീകരണത്തിന്റെ വാതിലാണല്ലോ. ആ രംഗത്ത് സകാത്ത് സംരംഭങ്ങള്‍ കുറെക്കൂടി ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കില്ലേ?
ഏതൊരു സമൂഹത്തിന്റെ ശാക്തീകരണത്തിലും വിദ്യാഭ്യാസ മുന്നേറ്റം നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. വിദ്യാഭ്യാസം വഴി തന്നെയാണ് സാമ്പത്തികവും സാമൂഹികവുമായ ഉണര്‍വുകള്‍ സമുദായത്തിനകത്ത് ഉണ്ടായിട്ടുള്ളത്. അതിനാല്‍, ഈ രംഗത്ത് കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടതുമാണ്. ഈ തിരിച്ചറിവ് ബൈത്തുസ്സകാത്ത് കേരളക്കുണ്ട്. പക്ഷേ, മനുഷ്യന്റെ അടിസ്ഥാനാവശ്യങ്ങളായ പാര്‍പ്പിടം, ഭക്ഷണം, വെള്ളം, ചികിത്സ എന്നിവ പോലും ലഭ്യമല്ലാത്ത ലക്ഷക്കണക്കിന് കുടുംബങ്ങള്‍ കേരളത്തിൽ ഇപ്പോഴുമുണ്ട് എന്ന യാഥാര്‍ഥ്യത്തെ അഭിമുഖീകരിക്കാതിരിക്കാന്‍ നമുക്കാവില്ല. അത് നിലനില്‍ക്കുന്നിടത്തോളം കാലം സകാത്തിന് ഏറ്റവും അര്‍ഹരായ വിഭാഗം എന്ന നിലക്ക് അത്തരം പദ്ധതികള്‍ക്കായി നല്ലൊരു സംഖ്യ മാറ്റിവെക്കേണ്ടിവരും. എന്നാലും ഓരോ വര്‍ഷവും സകാത്തിന് അര്‍ഹരായ കുടുംബങ്ങളിലെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിനായി വിവിധ സ്‌കോളര്‍ഷിപ്പുകള്‍ ബൈത്തുസ്സകാത്ത് നല്‍കിവരുന്നുണ്ട്. അവയുടെ വിഹിതം പരിമിതികള്‍ക്കകത്ത് നിന്നുകൊണ്ട് വര്‍ധിപ്പിക്കുകയും ചെയ്യുന്നു. സമുദായത്തിന് നിലവിലെ സാമൂഹിക സാഹചര്യത്തില്‍ കൂടുതല്‍ ഗുണപ്രദമാണെന്ന് വിലയിരുത്തിയ കോഴ്‌സുകള്‍ക്ക് മാത്രമാണിപ്പോള്‍ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. സിവില്‍ സര്‍വീസ്, മാനേജ്‌മെന്റ് പഠനം, ജേണലിസം കോഴ്‌സുകള്‍, ലോ കോളേജ് കോഴ്‌സുകള്‍, ദരിദ്ര കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പെട്ടെന്ന് ജോലി സാധ്യതയുള്ള ബി.എസ്.സി നഴ്‌സിംഗ്, ബിഫാം കോഴ്‌സുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. നിയമ പഠനം കഴിഞ്ഞ് ജൂനിയര്‍ അഭിഭാഷകരായി ജോലി ചെയ്യുന്നവര്‍ക്ക് തുടക്കത്തില്‍ തുഛമായ ശമ്പളമാണ് ലഭിക്കുക. അതിനാല്‍, പലരും ഈ രംഗം വിട്ട് മറ്റു മേഖലകളിലേക്ക് പോകുന്ന അനുഭവങ്ങളുണ്ട്. നിയമരംഗത്ത് ഭാവിയില്‍ സമുദായത്തിനുപകരിക്കുന്ന പലരും ഇങ്ങനെ പോകുന്നത് ദോഷം ചെയ്യുമെന്നതിനാല്‍ അവരിൽ ചിലര്‍ക്ക് സാമ്പത്തിക സഹായങ്ങളും നല്‍കിവരുന്നു. ബൈത്തുസ്സകാത്തിന്റെ സഹായത്തോടെ ഉന്നത പഠനം പൂര്‍ത്തീകരിച്ച് യൂറോപ്പടക്കമുള്ള വിദേശങ്ങളില്‍ ജോലി ലഭിച്ചവര്‍ പിന്നീട് ബൈത്തുസ്സകാത്ത് സംരംഭവുമായി സഹകരിക്കുകയും അവിടെയുള്ള മറ്റുള്ളവരെ ഈ പദ്ധതിയുമായി സഹകരിപ്പിക്കുകയും ചെയ്തുവെന്നത് എടുത്തു പറയേണ്ട ഒരനുഭവമാണ്.
ബൈത്തുസ്സകാത്ത് കേരള വഴി നടപ്പാക്കുന്ന മറ്റു പദ്ധതികളുടെ സ്വഭാവം എങ്ങനെയാണ്?
സ്വയം തൊഴില്‍ രംഗമാണ് എടുത്തുപറയേണ്ട ഒരു പ്രധാന പദ്ധതി. ഒരാള്‍ക്ക് അയാളുടെ കുടുംബം പോറ്റാന്‍ സാധിക്കുന്ന ഒരു തൊഴിലുണ്ടായാല്‍ ആ കുടുംബം സ്വന്തം കാലില്‍ മുന്നോട്ടുപോകും. പക്ഷേ, പലപ്പോഴും അയാൾക്ക് കഴിവും സാമര്‍ഥ്യവും ആവശ്യമായ തൊഴില്‍ മേഖലയിലേക്ക് കടക്കാനാവശ്യമായ മൂലധനം ഉണ്ടാവില്ല. ഇങ്ങനെയുള്ളവരാണ് ബൈത്തുസ്സകാത്തിലേക്ക് സ്വയം തൊഴിലിന് സഹായം ആവശ്യപ്പെടുക. അപേക്ഷിക്കുന്നവരുടെ കൈവശമുള്ള സംഖ്യയും ചേര്‍ത്താണ് സംരംഭം ആരംഭിക്കുക. ആദ്യം, അവര്‍ സൂചിപ്പിച്ച സ്വയം തൊഴില്‍ ചെയ്യാനുള്ള സാമര്‍ഥ്യം അപേക്ഷകനുണ്ടോ എന്ന് പരിശോധിക്കും. സകാത്തിന് അര്‍ഹമായ കുടുംബമാണെങ്കില്‍ അവരെ അതിന് പരിഗണിക്കും. ഓട്ടോറിക്ഷ, ബോട്ട്, തയ്യല്‍ മെഷീന്‍, പെട്ടിക്കട, റിക്ഷ, കാടുവെട്ട് യന്ത്രം, പശു എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്തുവരുന്നു. ഇതിനകം 2596 വ്യക്തികള്‍ക്ക് ഇങ്ങനെ സ്വയം തൊഴില്‍ സഹായം നല്‍കിയിട്ടുണ്ട്.
ബൈത്തുസ്സകാത്തിന് ഏറ്റവുമധികം അപേക്ഷകള്‍ വരുന്നത് ചികിത്സാ സഹായം ആവശ്യപ്പെട്ടാണ്. ഓരോ ആഴ്ചയും നൂറിലധികം അപേക്ഷകളാണ് വരുന്നത്. ഇതിൽ അധികവും അടിയന്തര ചികിത്സാ സഹായങ്ങളുമായിരിക്കും. ഒരാഴ്ച ലഭിക്കുന്ന അപേക്ഷകളില്‍ അര്‍ഹമായതിനെ ആ ആഴ്ച തന്നെ തെരഞ്ഞെടുക്കും. അപേക്ഷകരുടെ ആധിക്യം കാരണം, അവരാവശ്യപ്പെടുന്ന സംഖ്യ നല്‍കാന്‍ സാധിക്കാറില്ല. അര്‍ഹരായവര്‍ക്കെല്ലാം ഒരു നിശ്ചിത സംഖ്യ നല്‍കുന്ന രീതിയാണ് ചികിത്സാ സഹായ അപേക്ഷകളില്‍ ബൈത്തുസ്സകാത്ത് പൊതുവേ സ്വീകരിച്ചിട്ടുള്ളത്. അധികം അപേക്ഷകളിലും രോഗങ്ങള്‍ കിഡ്‌നി തകരാറുകൾ, ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയവ ആയതിനാല്‍ ദീര്‍ഘകാല ചികിത്സ വേണ്ടി വരും. ആ ചികിത്സ അവസാനിക്കുന്നത് വരെ സഹായം നല്‍കുക അസാധ്യമായതിനാല്‍ കൂടിയാണ് ഈ രീതി സ്വീകരിക്കാന്‍ നമ്മള്‍ നിര്‍ബന്ധിതരായിരിക്കുന്നത്. 5080 കുടുംബങ്ങള്‍ക്ക് ഇങ്ങനെ ഇതിനകം ബൈത്തുസ്സകാത്ത് കേരളയില്‍നിന്ന് ചികിത്സാ സഹായം നൽകിയിട്ടുണ്ട്. ചികിത്സാ രംഗത്ത് ചില പ്രമുഖ ആശുപത്രികൾ ബൈതുസ്സകാത്തുമായി സഹകരിക്കുന്നുണ്ട്.
ബൈത്തുസ്സകാത്ത് രോഗിക്ക് അനുവദിക്കുന്ന സംഖ്യയുടെ മൂന്നിൽ ഒന്ന് ഈ ഹോസ്പിറ്റലുകളും ചേർന്ന് വഹിക്കും. കോഴിക്കോട് ഇഖ്റഅ് ഹോസ്പിറ്റൽ, പെരിന്തൽമണ്ണ അൽ ശിഫ ഹോസ്പിറ്റൽ, കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജ് (മെഡിസിറ്റി) എന്നിവയാണ് ബൈത്തുസ്സകാത്തുമായി സഹകരിക്കുന്നത്. മറ്റ് ഹോസ്പിറ്റലുകളുടെയും സഹകരണം ലഭ്യമാവാൻ ശ്രമങ്ങൾ തുടരും. കടബാധ്യത തീര്‍ക്കാന്‍ നല്‍കുന്ന സാമ്പത്തിക സഹായങ്ങളും, അര്‍ഹരായ വ്യക്തികള്‍ക്കോ ഒന്നിലധികം കുടുംബങ്ങള്‍ക്കോ നല്‍കുന്ന കുടിവെള്ള പദ്ധതിയും, തീര്‍ത്തും നിരാലംബരായവര്‍ക്ക് നല്‍കുന്ന റേഷന്‍ -പെന്‍ഷന്‍ പദ്ധതികളുമാണ് മറ്റു സംരംഭങ്ങള്‍. 312 കുടിവെള്ള പദ്ധതികളും 2265 വ്യക്തികള്‍ക്ക് റേഷൻ-പെന്‍ഷനുകളും ഇതിനകം വിതരണം ചെയ്തിട്ടുണ്ട്. 1989 കുടുംബങ്ങള്‍ക്കാണ് കടബാധ്യത തീര്‍ക്കുന്നതിനുള്ള സഹായം നല്‍കിയിരിക്കുന്നത്.
സംഘടിത സകാത്തിലേക്ക് കേരള മുസ്്‌ലിംകളിലെ സമ്പന്നര്‍ മുഴുവന്‍ വരികയാണെങ്കില്‍ അതുണ്ടാക്കുന്ന മാറ്റങ്ങളുടെ വ്യാപ്തി എത്രയായിരിക്കും?
വ്യക്തിയുടെ സംസ്‌കരണത്തിനും സമ്പത്തിന്റെ ശുദ്ധീകരണത്തിനുമൊപ്പം സമൂഹത്തിലെ ദാരിദ്ര്യ നിര്‍മാര്‍ജനവും സാമ്പത്തിക ഭദ്രതയും സന്തുലിത വികസനവും സകാത്തിന്റെ ലക്ഷ്യങ്ങളാണ്. ഇവ നേടണമെങ്കില്‍ സകാത്ത് സംഘടിതമായി ശേഖരിക്കുകയും വിതരണം നടത്തുകയും ചെയ്യേണ്ടതുണ്ട്. കേരളത്തിലെ മുസ് ലിം സമ്പന്നര്‍ അവരുടെ സകാത്ത് ഇപ്രകാരം സംഘടിത സംരംഭങ്ങള്‍ വഴി വിതരണം ചെയ്യുകയാണെങ്കില്‍ കേരള മുസ് ലിംകളുടെ സര്‍വതോമുഖ ശാക്തീകരണത്തിന് അതുപകരിക്കും. കേരളത്തിന് പുറമെ ഉത്തരേന്ത്യയിലെ മുസ് ലിം ശാക്തീകരണ പ്രോജക്ടുകള്‍ക്കും അവ ഉപയോഗപ്പെടുത്താനാവും. അത്രയും വിപുലമായ പദ്ധതികള്‍ നടപ്പാക്കാനാവശ്യമായ സംഖ്യ ഓരോ വര്‍ഷവും ഇതുവഴി സംഭരിക്കാനാകും. കൃത്യമായ ആസൂത്രണത്തോടെ ദീർഘകാല പദ്ധതികള്‍ നടപ്പാക്കാനും ഇതുവഴി സാധിക്കും. അതുണ്ടാക്കുന്ന മാറ്റം അത്ഭുതകരമായിരിക്കും.
നിലവില്‍ സകാത്ത് ദായകരായ സമ്പന്നരിൽ അധികവും തങ്ങളുടെ പരിചിത വൃത്തത്തിലുള്ള അര്‍ഹരായവര്‍ക്ക് ആയിരവും രണ്ടായിരവും നല്‍കുകയാണ് ചെയ്യുന്നത്. ഇങ്ങനെ ഒരു വ്യക്തിക്ക് ലഭിക്കുന്ന സംഖ്യ പെരുന്നാള്‍ കഴിയുന്നതോടെ ചെലവഴിച്ച് തീരും. പ്രത്യേകിച്ചൊരു മാറ്റവും അത് സമൂഹത്തിലുണ്ടാക്കുന്നില്ല. സകാത്ത് വാങ്ങുന്നവരുടെ സാമ്പത്തിക-കുടുംബാവസ്ഥക്ക് അതൊരു മാറ്റവും ഉണ്ടാക്കുന്നില്ല. വാങ്ങുന്നവര്‍ എല്ലാ വര്‍ഷവും അതേപടി സകാത്ത് വാങ്ങുന്നവരായി തുടരുന്നു. ഇത് ഇസ് ലാം സകാത്ത് വ്യവസ്ഥ കൊണ്ട് ലക്ഷ്യം വെച്ച സാമൂഹിക മാറ്റത്തിന് ഉതകുന്നതേയല്ല. ഈ പ്രവർത്തന വർഷം മാത്രം ബൈത്തുസ്സകാത്ത് കേരള ഭാഗികമായോ പൂർണമായോ 320 വീടുകൾ നിർമിക്കാൻ സഹായം നൽകിയിട്ടുണ്ട്. 750 പേർക്ക് ചികിത്സാ സഹായവും 160 പേർക്ക് സ്വയം തൊഴിൽ സഹായവും 60 പേർക്ക് കടാശ്വാസ സഹായവും 130 പേർക്ക് പെൻഷൻ സഹായവും നൽകിയിട്ടുണ്ട്. 27 കുടിവെള്ള പദ്ധതികളും പൂർത്തീകരിച്ചു. ഒരു വർഷത്തിൽ മാത്രം പൂർത്തീകരിച്ചതാണിത്. ബൈത്തുസ്സകാത്തിൽ നിന്ന് പല കാലങ്ങളിലായി സ്വയം തൊഴില്‍ സഹായം ലഭിച്ച 2520 കുടുംബങ്ങളുടെ സാമ്പത്തിക സാമൂഹികാവസ്ഥ തന്നെ മുന്‍ വര്‍ഷത്തേതില്‍നിന്ന് മാറുകയാണ്. അതുവരെ സ്വന്തമായി ഭവനമില്ലാതിരുന്ന 5002 കുടുംബങ്ങളുടെ ജീവിതാവസ്ഥയും മാറി മറിയുന്നു. ഇത്തരം മാറ്റങ്ങള്‍ കൂടി സകാത്ത് ലക്ഷ്യമാക്കുന്നുണ്ടെന്ന് സകാത്ത് ദായകരായ സമ്പന്നര്‍ തിരിച്ചറിയേണ്ടതുണ്ട്.
സംഘടിത സകാത്തിന് ഇത്തരം മേന്മകളും ഗുണങ്ങളുമെല്ലാം ഉണ്ടായിട്ടും ബൈത്തുസ്സകാത്ത് ഉൾപ്പെടെയുള്ള സംരംഭങ്ങൾക്കെതിരെ വിമര്‍ശനങ്ങളും എതിര്‍പ്പുകളും ഉയര്‍ന്നുവരുന്നത് എന്തുകൊണ്ടാണ്?
സാമ്പ്രദായിക മതപണ്ഡിതരില്‍ ചിലരാണ് ബൈത്തുസ്സകാത്തിനെതിരെ വിമര്‍ശനങ്ങൾ ഉന്നയിച്ചിട്ടുള്ളത്. ഇത്തരം തടസ്സവാദങ്ങൾ ഉന്നയിക്കുന്നവരുടെ പ്രധാന പ്രശ്‌നം ഇസ് ലാമികമോ കര്‍മശാസ്ത്രപരമോ ആയ പ്രശ്‌നങ്ങളാണെന്ന് തോന്നുന്നില്ല. പലരുടെയും ജീവിത സാമൂഹിക സാഹചര്യമാണ് ഇങ്ങനെ പറയാൻ നിര്‍ബന്ധിക്കുന്നത്. നിലവിലെ സമ്പ്രദായമനുസരിച്ച് ഒരു മഹല്ലിലെ സമ്പന്നര്‍ വ്യക്തികള്‍ക്കാണ് സകാത്ത് നല്‍കുന്നത്. ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ ആ മഹല്ലിലെ മത സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പണ്ഡിതന്മാരായിരിക്കും. മഹല്ലിലെ സകാത്ത് നല്‍കുന്ന എല്ലാ സമ്പന്നരും പൊതുവായി ഒരു കാരണവശാലും വിട്ടുപോകാതെ നല്‍കുന്ന വിഭാഗം ഇക്കൂട്ടരായിരിക്കും. മഹല്ലിലെ എല്ലാ സമ്പന്നരില്‍നിന്നും ഇങ്ങനെ ഒരു വിഹിതം ലഭിക്കുമ്പോള്‍ ചെറുതല്ലാത്ത സംഖ്യ അതുണ്ടാവും. ഇങ്ങനെ ഓരോ വര്‍ഷവും കാലങ്ങളായി കിട്ടിക്കൊണ്ടിരിക്കുന്ന കാശ് നഷ്ടപ്പെടുന്നതും സംഘടിത സകാത്തിനെതിരെയുള്ള ഇവരുടെ പ്രചാരണത്തിന് ഒരു കാരണമാണ്. അതല്ലാതെയുള്ള കര്‍മശാസ്ത്ര വാദങ്ങള്‍ അത്ര പ്രബലമായി തോന്നുന്നില്ല. ഇസ് ലാമിക ഗവണ്‍മെന്റുകളുണ്ടെങ്കിലേ സംഘടിത സകാത്ത് നടപ്പാക്കേണ്ടതുള്ളൂ എന്ന വാദം മറ്റു ഇബാദത്തുകള്‍ക്ക് ബാധകമാക്കിയിട്ടില്ലെന്നത് തന്നെ അതിന്റെ ദൗര്‍ബല്യത്തെയാണ് തുറന്നുകാട്ടുന്നത്.
ബൈത്തുസ്സകാത്തിന് എതിരെ ഉയര്‍ന്നിട്ടുള്ള ഓരോ വിമര്‍ശനവും ആ സംരംഭത്തിന് ഉപകാരപ്പെട്ടിട്ടേയുള്ളൂ. കൂടുതല്‍ ആളുകള്‍ ഈ സംരംഭത്തെ മനസ്സിലാക്കുന്നതിനും അതിനോട് സഹകരിക്കുന്നതിനും അത് നിമിത്തമായിട്ടുണ്ട്. പുതിയ ഡിജിറ്റല്‍ യുഗത്തില്‍ ബൈത്തുസ്സകാത്ത് കേരളയുടെ വെബ് സൈറ്റ് വഴിയും സാമൂഹിക മാധ്യമങ്ങളിലെ അതിന്റെ പ്രചാരണങ്ങള്‍ മുഖേനയും നേരിട്ട് പഠിക്കാനും വിലയിരുത്താനും എല്ലാവര്‍ക്കും സാധിക്കും. വിമര്‍ശനങ്ങളുയരുന്ന സന്ദര്‍ഭങ്ങളില്‍ ഒട്ടേറെ പേർ ഇങ്ങനെ വെബ് സൈറ്റ് സന്ദര്‍ശിക്കുന്നു. അതില്‍ ബൈത്തുസ്സകാത്ത് ഒരു വര്‍ഷം ശേഖരിച്ച കാശിന്റെ വിവരണങ്ങളും അത് നടപ്പാക്കിയ വിവിധ പദ്ധതികളും സുതാര്യമായി കാണുമ്പോള്‍ അവര്‍ക്കീ സംരംഭത്തോട് മതിപ്പ് കൂടുകയാണ് ചെയ്തിട്ടുള്ളത്. അത്രയും സുതാര്യവും പൊതുജനങ്ങള്‍ക്ക് മുന്നില്‍ ഓഡിറ്റിംഗിന് വിധേയവുമായാണ് ബൈത്തുസ്സകാത്ത് പ്രവര്‍ത്തിക്കുന്നത്. ഓരോ വര്‍ഷവും അതിന്റെ വരവ് - ചെലവ് കണക്കുകള്‍ പൊതുജനത്തിന് ലഭ്യമായ രീതിയില്‍ ബൈത്തുസ്സകാത്ത് പ്രസിദ്ധീകരിക്കാറുണ്ട്. അതിനാല്‍, വിമര്‍ശനങ്ങളെ ഇനിയും സ്വാഗതം ചെയ്യുന്നു.
ബൈത്തുസ്സകാത്തിന്റെ ഭാവി പ്രോജക്ടുകള്‍?
കേരളത്തിലെ സകാത്ത് ദായകരായ മുഴുവന്‍ സമ്പന്നര്‍ക്കും ബൈത്തുസ്സകാത്തിനെ പരിചയപ്പെടുത്തുന്ന വിപുലമായ പ്രചാരണ പരിപാടികള്‍ക്ക് തുടക്കമായിട്ടുണ്ട്. കുറഞ്ഞ വര്‍ഷങ്ങള്‍ക്കകം അവ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. അവരെയെല്ലാം ബൈത്തുസ്സകാത്തുമായി ബന്ധപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. അവരിപ്പോള്‍ വര്‍ഷവും നല്‍കുന്ന സകാത്ത് വിഹിതം മുഴുവനായും ബൈത്തുസ്സകാത്തിന് നല്‍കണമെന്ന ആവശ്യമല്ല നമ്മള്‍ പങ്കുവെക്കുന്നത്. നിലവിൽ അവര്‍ പ്രാദേശികമായി നൽകിക്കൊണ്ടിരിക്കുന്ന സംരംഭങ്ങള്‍ക്കെല്ലാം നല്‍കിക്കൊണ്ടുതന്നെ സകാത്തിൽ ഒരു പങ്ക് എല്ലാ വര്‍ഷവും ബൈത്തുസ്സകാത്തിനെ ഏല്‍പിക്കണമെന്ന സന്ദേശമാണ് നല്‍കുന്നത്. ബൈത്തുസ്സകാത്ത് വഴി സംഘടിതമായി സകാത്ത് വിതരണം ചെയ്തപ്പോഴുണ്ടായ നന്മകളും ഗുണങ്ങളും അവരെ ബോധ്യപ്പെടുത്തും. ഇത് വലിയൊരളവോളം യാഥാര്‍ഥ്യമായാല്‍ ഇപ്പോള്‍ നടപ്പാക്കുന്ന പദ്ധതികളുടെ പതിന്മടങ്ങ് പ്രോജക്ടുകള്‍ ബൈത്തുസ്സകാത്ത് കേരളക്ക് നടപ്പാക്കാനാവും. അതുവഴി കേരളീയ മുസ് ലിം സമൂഹത്തിലും പൊതുസമൂഹത്തിലും ഒട്ടേറെ സാമൂഹിക മാറ്റങ്ങളുണ്ടാക്കാന്‍ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. l
പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റും പ്രഭാഷകനുമായ പി. സുരേന്ദ്രൻ, കേരള സാഹിത്യ അക്കാദമി അവാർഡ്, ഓടക്കുഴൽ അവാർഡ്, കേരള ലളിതകലാ അക്കാദമി അവാർഡ്, കേന്ദ്ര സാഹിത്യ അക്കാദമിയുടെ ട്രാവൽ ഗ്രാന്റ്, അങ്കണം അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ജൈവം, ശൂന്യ മനുഷ്യൻ, മഹായാനം തുടങ്ങിയ നോവലുകളും നിരവധി ചെറുകഥാ സമാഹാരങ്ങളും ഉൾപ്പെടെ മുപ്പതിലേറെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബുദ്ധിസ്റ്റായ പി. സുരേന്ദ്രൻ, ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടങ്ങളിൽ സജീവമാണ്. പാലക്കാട് ജില്ലയിലെ കുമരനെല്ലൂർ ഹയർ സെക്കന്ററി സ്കൂളിൽ അധ്യാപകനായിരുന്ന അദ്ദേഹം, മലപ്പുറം ജില്ലയിലെ വട്ടംകുളത്ത് താമസിക്കുന്നു.
ബഹുസ്വരതയാണ് ഇന്ത്യയുടെ പ്രധാന സവിശേഷതകളിലൊന്ന്. എങ്ങനെയാണ് ഈ ബഹുസ്വരത രൂപപ്പെട്ടു വന്നത്? എന്തൊക്കെയാണ് അതിന്റെ പ്രത്യേകതകൾ?
ഇന്ത്യ ഏക മതാധിപത്യമുള്ള രാജ്യമല്ല. വിവിധ മതദർശനങ്ങൾ പൂക്കുകയും കായ്ക്കുകയും ചെയ്ത മണ്ണാണിത്. ബഹുസ്വരത തന്നെയാണ് ഇന്ത്യയുടെ സൗന്ദര്യം. ഏക മതത്തിലേക്ക് ചുരുങ്ങുന്നത് ഇന്ത്യയുടെ സൗന്ദര്യം നശിപ്പിക്കും. മതത്തെക്കാളേറെ ജാതിശ്രേണികളാണ് ഇന്ത്യൻ സംസ്കൃതിയെ രൂപപ്പെടുത്തിയിട്ടുള്ളത്. ഇപ്പോഴും ജാതി തന്നെയാണ് പ്രധാനം. ജാതിശ്രേണിയിൽ ഉപരിവർഗത്തിന്റെ ആധിപത്യമാണ് സംഭവിച്ചത്. മറ്റുള്ളവ അരികുവൽക്കരിക്കപ്പെട്ടു. ആ ഉപരിവർഗ പ്രത്യേയശാസ്ത്രത്തെയാണ് ആർ.എസ്.എസ് ഏറ്റെടുത്തത്. യഥാർഥത്തിൽ, ബ്രാഹ്മണിക്കൽ പ്രത്യയശാസ്ത്രത്തെയാണ് ഹിന്ദുത്വ എന്നു പറയുന്നത്. ഇന്ത്യയിൽ എക്കാലത്തും മതങ്ങളുടെ വൈവിധ്യങ്ങൾക്ക് പ്രാധാന്യമുണ്ട്. ക്രിസ്ത്യാനിറ്റി, ഇസ് ലാം, പാഴ്സി, ബുദ്ധ, ജൈന തുടങ്ങി വൈവിധ്യമാർന്ന മതദർശനങ്ങളുടെ മണ്ണാണ് നമ്മുടേത്. ഈ മതങ്ങൾ തമ്മിൽ ആഴമേറിയ കലഹങ്ങൾ ഇവിടെ നിലനിന്നിരുന്നില്ല. കുറെയൊക്കെ സമാധാനത്തോടെയാണ് ഇന്ത്യയിൽ മതങ്ങൾ പുലർന്നിരുന്നത്. അതിലൊക്കെ ഇപ്പോൾ മാറ്റം സംഭവിക്കുകയാണ്. ഇതൊരു ചരിത്രത്തിന്റെ തുടർച്ചയാണ്. ഒരുകാലത്ത് ഇവിടെ ബുദ്ധ, ജൈന മതങ്ങൾ ഉണ്ടായിരുന്നു. ഇന്ത്യയിൽ ഒരു മതത്തിനുമേൽ മറ്റൊരു മതം ആധിപത്യം സ്ഥാപിച്ചതിന്റെ ആദ്യ ഉദാഹരണം ബുദ്ധമതത്തിനെതിരായ നീക്കമായിരുന്നു. ഇതിന്റെ ഫലമാണ് ബുദ്ധമതത്തിന്റെ തകർച്ച. ബുദ്ധ കേന്ദ്രങ്ങൾക്കുമേൽ അക്രമാസക്തമായ വംശീയ ഹിന്ദുത്വത്തിന്റെ അധീശത്വമുണ്ടായി. നിരവധി ബുദ്ധ നിർമിതികൾ ഹിന്ദുത്വം തകർത്തിട്ടുണ്ട്.
ഇന്ത്യയിലേക്ക് വന്ന മുഗളന്മാർ ഇവിടെ ഇസ് ലാം മതത്തിന്റെ ആധിപത്യത്തിന് ശ്രമിച്ചിട്ടില്ല. ഇന്ത്യയുടെ വൈവിധ്യങ്ങളെ ചേർത്തുപിടിക്കുകയാണ് ചെയ്തത്. അവരീ നാടിനെ സ്നേഹിക്കുകയും അതിന്റെ ഭാഗമാവുകയുമായിരുന്നു. ഇന്ത്യൻ നാഗരികത പടുത്തുയർത്തുന്നതിൽ വലിയ പങ്കും അവർക്കുണ്ട്. അതുവഴി വലിയ തോതിൽ സാംസ്കാരിക പ്രബുദ്ധതയുമുണ്ടായി. ഇപ്പോൾ ഇവിടെ നടക്കുന്നത് മതവുമായി ബന്ധപ്പെട്ട ആക്രമണങ്ങളല്ല; ഹിന്ദുത്വ വംശീയതയുമായി ബന്ധപ്പെട്ടതാണ്. ഇവിടെ രൂഢമായിട്ടുള്ളത് ജാതി തന്നെയാണ്. ഇതര മതങ്ങൾക്കെതിരെ മാത്രമല്ല കടന്നുകയറ്റമുണ്ടാകുന്നത്. ബ്രാഹ്മണിക്കൽ പ്രത്യയശാസ്ത്രം കീഴാള സംസ്കൃതിയെയും പതിയെ വേട്ടയാടുന്നുണ്ട്. അതൊന്നും പഠിക്കപ്പെടുന്നില്ല. വേണ്ട രീതിയിൽ അഡ്രസ് ചെയ്യപ്പെടുന്നില്ല.
ലോക ചരിത്രം നോക്കിയാൽ ഫാഷിസ്റ്റ് ഐഡിയോളജി അടിസ്ഥാനമാക്കിയ രാഷ്ട്രങ്ങൾ ഒക്കെയും തകരുന്നത് നമ്മൾ കാണുന്നുണ്ട്. ജനാധിപത്യത്തിലേക്ക് അവർക്ക് മടങ്ങേണ്ടി വന്നു. വെറുപ്പിലും വിദ്വേഷത്തിലും അധിഷ്ഠിതമായി ഒരിക്കലും ഒരു ജനതക്കോ, രാഷ്ട്രത്തിനോ മുന്നോട്ട് പോകാൻ കഴിയില്ല. ആർ.എസ്.എസിന്റെ പ്രത്യയ ശാസ്ത്രം സ്വാഭാവികമായും തകരും. അതിന് ആക്കം കൂട്ടാൻ ഇന്ത്യയിലെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് കഴിയുന്നുണ്ടോ എന്നതാണ് പരിശോധിക്കേണ്ടത്.
സനാതന ഹിന്ദു ധർമം ഇന്ത്യൻ ബഹുസ്വരതയെ പരിപാലിക്കുന്നതിലും വികസിപ്പിക്കുന്നതിലും ഏതൊക്കെ രീതിയിൽ പങ്കുവഹിച്ചിട്ടുണ്ട്?
സനാതന ഹിന്ദുധർമം എന്ന ആശയത്തോട് തന്നെ എനിക്ക് വിയോജിപ്പുണ്ട്. അങ്ങനെ ഏക ശിലാത്മകമായ ഹിന്ദുധർമം നിലനിൽക്കുന്നില്ല. ഹൈന്ദവത എന്നത് തന്നെയും ഈ ജാതിശ്രേണികളുടെ വൈവിധ്യത്തിലൂടെ രൂപപ്പെട്ടുവന്ന സംസ്കൃതിയാണ്. ബ്രാഹ്മണിക്കൽ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ രൂപപ്പെട്ടു വന്നതാണ് സനാതന ധർമം. അല്ലാതെ ഒരു സനാതന ധർമം ഇല്ല. ഹൈന്ദവ ദർശനത്തിൽ, ക്ഷേത്ര വിശ്വാസികളും ബിംബാരാധകരും ആണല്ലോ ഹിന്ദു വിഭാഗം. അവരിൽ തന്നെ ഈ പറയുന്ന സനാതന ധർമത്തോട് ഐക്യപ്പെടാത്ത എത്രയോ വിഭാഗങ്ങളുണ്ട്. കാഞ്ച ഐലയ്യ, ഞാൻ എന്തുകൊണ്ട് ഹിന്ദുവല്ല എന്ന് വിശദീകരിച്ചിട്ടുണ്ട്. പ്രത്യക്ഷത്തിൽ ഹൈന്ദവം എന്ന് തോന്നുന്ന ആരാധനകൾ അവരിലുണ്ട്. ക്ഷേത്രങ്ങളും ആരാധനാ സമ്പ്രദായങ്ങളും മൂർത്തി സങ്കൽപ്പങ്ങളുമെല്ലാം ഉള്ളപ്പോൾ തന്നെ, അവർ സനാതന ഹിന്ദുത്വത്തിന്റെ ഭാഗമല്ല എന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നു. സനാതനമല്ല എന്നതിനർഥം, ബ്രാഹ്മണിക്കൽ ഹിന്ദുത്വത്തിന്റെ ഭാഗമല്ല എന്നാണ്. ഹിന്ദു വിഭാഗങ്ങളിലെ ദർശന പദ്ധതികൾ എടുത്തു നോക്കിയാൽ പല തരത്തിലുള്ള വൈവിധ്യങ്ങൾ കാണാം. യുക്തിവാദ ആശയങ്ങൾക്കു വരെ ഇടം കിട്ടിയിട്ടുണ്ട്. രാമായണത്തിനു തന്നെ അനേക പാഠങ്ങൾ ഉണ്ടായി. ദൈവ നിഷേധികളായ ഹിന്ദുക്കളും ഉണ്ടായിരുന്നു. അതൊക്കെ നമ്മൾ കാണണം. ഇപ്പോഴുള്ള തീവ്ര ഹിന്ദുത്വത്തിന്റെ പ്രചാരകർ തന്നെ ദൈവ വിശ്വാസികളായിരുന്നോ എന്ന് സംശയമുണ്ട്. സവർക്കർ ഹിന്ദുത്വയിലൂടെ മത വിശ്വാസമല്ല, വംശീയതയാണ് കൊണ്ടുവരുന്നത്. ഇതര മതവിശ്വാസങ്ങളോടുള്ള വെറുപ്പിൽ അധിഷ്ഠിതമായ ഉപരിവർഗ പ്രത്യയശാസ്ത്രം! ഇതര മതങ്ങളെ മാത്രമല്ല അവർ ലക്ഷ്യം വെച്ചിട്ടുള്ളത്. ജാതിശ്രേണിയിൽ ഏറ്റവും പിന്നാക്കം നിൽക്കുന്നവരുടെ അസ്തിത്വത്തെയും വലിയ തോതിൽ അവർ ചോദ്യം ചെയ്യുന്നുണ്ട്. ഇപ്പോൾ ഭയപ്പെടുത്തുന്ന കാര്യം, ഏകമുഖമായ ഒരു ഹിന്ദുത്വം പതിയെ രൂപപ്പെട്ടുവരുന്നു എന്നതാണ്. ദലിത് വിഭാഗങ്ങൾ പോലും അതിലേക്ക് ആകർഷിക്കപ്പെടുന്നുണ്ട്. അങ്ങനെ വരുമ്പോൾ ഇവർ പറയുന്ന തീവ്ര ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന് കുറെക്കൂടി സ്വീകാര്യത ലഭിക്കും. കേരളത്തിൽ തന്നെ മൃദു ഹിന്ദുത്വം വളർന്നു വരുന്നുണ്ട്. ജനാധിപത്യ വിശ്വാസികൾക്ക് അകത്തു പോലും സ്ലീപിങ് സെൽ ഉണ്ട് എന്നെനിക്ക് തോന്നിയിട്ടുണ്ട്. അതുകൊണ്ട് സനാതന ഹിന്ദുത്വം എന്ന ആശയം എന്നെ സംബന്ധിച്ചേടത്തോളം ബഹുസ്വരതക്ക് വെല്ലുവിളിയാണ്. ഹിന്ദുത്വ ശക്തികൾ സ്ഥാപിച്ചെടുക്കുന്ന സനാതന ധർമത്തിന് ഒട്ടും ബഹുസ്വര സ്വഭാവമില്ല. അത് ദലിതുകൾക്ക് എതിരാണ്, ആദിവാസികൾക്ക് എതിരാണ്, അത് ഇന്ത്യയുടെ വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നില്ല. അക്രമാസക്തമായ ഒരു വംശീയ പ്രത്യയശാസ്ത്രമാണിത്. ഹിന്ദു മതത്തിന്റെ സൗന്ദര്യമോ, ആത്മീയതയോ, വൈവിധ്യമോ ഉൾക്കൊള്ളാത്ത ഒരു പദ്ധതി മാത്രമാണത്.
സനാതന ഹിന്ദു ധർമവും സംഘ് പരിവാർ മുന്നോട്ടുവെക്കുന്ന ഹിന്ദുത്വവും തമ്മിലുള്ള വ്യത്യാസങ്ങൾ എന്തൊക്കെയാണ്?
യഥാർഥത്തിൽ ഹിന്ദു /ഹൈന്ദവം എന്ന് നമ്മൾ വിശേഷിപ്പിക്കുന്ന, നൂറ്റാണ്ടുകളായി ബഹുസ്വരതയിലൂടെ രൂപപ്പെട്ടുവന്ന വൈവിധ്യപൂർണമായ ദർശനങ്ങളുമായി, ആർ.എസ്.എസിന് യാതൊരു ബന്ധവുമില്ല. ഹിറ്റ്ലർ അവതരിപ്പിച്ച പ്രത്യയശാസ്ത്രത്തിന് ആത്മീയതയും സൗന്ദര്യവും ഉണ്ടായിരുന്നില്ല. മതത്തിന്റെ ഏതെങ്കിലും സൗന്ദര്യ ഭാവത്തെ അത് ഉൾക്കൊണ്ടിട്ടുമില്ല. അത് വെറുപ്പിൽ അധിഷ്ഠിതമാണ്. അതുപോലെ ഒന്നാണ് ആർ.എസ്.എസ്സിന്റേതും. അവരുടെ വസ്ത്രവും വടിയും നോക്കൂ. അതിന് ഇന്ത്യയിലെ പാരമ്പര്യവുമായി ഒരു ബന്ധവുമില്ല. അവർ ഒരിക്കലും മറ്റുള്ള ദർശനങ്ങളെയും വൈവിധ്യങ്ങളെയും അംഗീകരിക്കില്ല. തങ്ങളുടെ അധികാരം നിലനിർത്തി, ഇന്ത്യയെ ഏകമുഖമായ ഒരു ബ്രാഹ്മണിക്കൽ പ്രത്യയശാസ്ത്ര ഘടനയിലേക്ക് കൊണ്ടുവരാനുള്ള ശ്രമമാണ് നടത്തുന്നത്. അതിന് ആത്മീയതയുടെ സ്പർശമേ ഇല്ല. ആത്മീയതയുടെ സ്പർശം ഉണ്ടാകുമ്പോഴാണ് കാരുണ്യവും ആർദ്രതയുമുണ്ടാവുക. അഹിംസയുടെ പ്രത്യയശാസ്ത്രം ഉയർത്തിപ്പിടിച്ച ബുദ്ധൻ അരികുവത്കരിക്കപ്പെട്ടവരെ ഹൃദയത്തോട് ചേർത്തുപിടിച്ചു. ഇതാണ് ഗൗതമ ബുദ്ധന്റെ പ്രസക്തി. അതുകൊണ്ടാണല്ലോ അംബേദ്കർ ഈ പറയുന്ന സനാതന ധർമം ഉപേക്ഷിച്ചുപോകുമ്പോൾ ബുദ്ധനെ ചേർത്തുപിടിക്കുന്നത്.
ആർ.എസ്.എസ് ഇന്ത്യൻ സംസ്കാരത്തെ പ്രതിനിധീകരിച്ചു കൂടാ. അതിന് അവർക്ക് അർഹതയില്ല. അവർ അവരുടെ വഴിക്ക് സഞ്ചരിക്കട്ടെ. പക്ഷേ, ആർ.എസ്.എസ് സൈലന്റായി കൊണ്ടുവരുന്ന പ്രത്യയശാസ്ത്രത്തിനെതിരെ ജനാധിപത്യ വിശ്വാസികൾക്ക് ഒന്നിച്ച് പോരാടാൻ സാധിക്കുന്നില്ല എന്നതാണ് പ്രശ്നം. പല നിലക്കും അവരോട് സോഫ്റ്റാണ് ഇവിടം. ഒരു ഘട്ടം വരെ, വലിയ തോതിൽ അവരെ തടഞ്ഞു നിർത്താൻ നെഹ്‌റുവിയൻ ആശയങ്ങൾക്ക് സാധിച്ചിരുന്നു. നെഹ്‌റുവിയൻ ആശയങ്ങളെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ കോൺഗ്രസ്സും സോഷ്യലിസ്റ്റ് പാർട്ടികളും പരാജയപ്പെടുകയാണുണ്ടായത്.
ആർ.എസ്.എസ് മുന്നോട്ടു വെക്കുന്ന ഹിന്ദുത്വ വാദങ്ങൾ ഏതെല്ലാം രീതിയിൽ ഹിന്ദു സമൂഹത്തിനും ഇന്ത്യക്കും അപകടങ്ങൾ വരുത്തിവെക്കും?
ബ്രാഹ്മണ്യത്തിന്റെ അടിസ്ഥാനത്തിലുള്ള രാജ്യ സങ്കൽപമാണ് ആർ.എസ്.എസ് മുന്നോട്ടു വെക്കുന്നത്. ഞാൻ ദലിതർ ഉൾപ്പെടെ അരികുവൽക്കരിക്കപ്പെട്ട വിഭാഗങ്ങളോടൊക്കെ പറയുന്ന ഒരു കാര്യമുണ്ട്, ന്യൂനപക്ഷങ്ങൾ മാത്രമല്ല ഇവിടെ വേട്ടയാടപ്പെടുക. ആർ.എസ്.എസ്സിന്റെ പ്രത്യയശാസ്ത്രം സ്ഥാപിക്കപ്പെടുന്നതോടു കൂടി ജാതിശ്രേണിയിൽ പിന്നിൽ നിൽക്കുന്ന ദലിതുകൾ, ആദിവാസി ഗോത്ര വർഗങ്ങൾ, അവരുടെ വിശ്വാസങ്ങൾ, സ്പിരിച്വാലിറ്റി… ഇതെല്ലാം തന്നെ വലിയ വെല്ലുവിളി േരിടും. അതിനാൽ, ആർ.എസ്.എസ് ആശയങ്ങൾക്കെതിരെ വലിയ തോതിലുള്ള ഉയിർപ്പ് ദലിത് ജനവിഭാഗങ്ങളിൽനിന്നുണ്ടാവണം. ന്യൂനപക്ഷങ്ങളെയും ദലിതുകളെയും ചേർത്തുപിടിച്ചുള്ള മഹാ പ്രക്ഷോഭങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ നിലനിൽപിന് അനിവാര്യമാണ്. പക്ഷേ, അതിനു വേണ്ടിയുള്ള ശ്രമങ്ങൾ നടക്കുന്നില്ല. പൗരത്വ ബില്ല് നടപ്പാക്കിയില്ലെങ്കിലും സമര കാലത്തെ വിഷയങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്. പക്ഷേ, ദലിത് ന്യൂനപക്ഷ പ്രക്ഷോഭങ്ങൾ കാണാനില്ല. മതേതര കക്ഷികൾ തങ്ങളുടെ പ്രാദേശിക അധികാരങ്ങൾ നിലനിർത്താനുള്ള തിരക്കിൽ രാജ്യം എന്തുമാകട്ടെ എന്ന മാനസികാവസ്ഥയിലാണ്. ബാബരി മസ്ജിദ് തകർത്ത സ്ഥലത്ത് ഉണ്ടാക്കിയ ക്ഷേത്രം എന്ന് നമ്മൾ പറഞ്ഞുകൊണ്ടേയിരിക്കണം. ആ ക്ഷേത്രത്തിലേക്ക് തീർഥ യാത്രയാവാം എന്ന മനോഭാവത്തിലേക്ക് മതേതര പ്രസ്ഥാനങ്ങളുടെ കൂടെ സഞ്ചരിക്കുന്ന ഹിന്ദു വിഭാഗങ്ങൾ പോലും എത്തുന്നതോടെ, വേദനാ പൂർണമായ ബാബരിയുടെ തകർച്ച ഓർമകളിൽ പോലും പതിയെ ഇല്ലാതെയാകുമോ എന്ന് ഞാൻ പേടിക്കുന്നു.
ഭാരതീയ പാരമ്പര്യത്തിലെ ശ്രീരാമനും ആർ.എസ്.എസ് ഉയർത്തിക്കൊണ്ടുവന്ന രാമനും തമ്മിൽ അന്തരങ്ങളില്ലേ?
വംശീയ പ്രത്യയശാസ്ത്രത്തിന്റെ സ്ഥാപനത്തിന് വേണ്ടി ഉപയോഗിക്കാനുള്ള ഒരു ബിംബം മാത്രമാണ് ആർ.എസ്.എസ്സിന്റെ രാമൻ. ഇന്ത്യയിൽ നൂറ്റാണ്ടുകളിലൂടെ വളർന്ന രാമസങ്കൽപം വളരെ വൈവിധ്യപൂർണമായതാണ്. രാമന്റെ മഹത്വം ഉദ്ഘോഷിക്കപ്പെടുക മാത്രമല്ല, അദ്ദേഹം വിമർശിക്കപ്പെടുന്നുമുണ്ട്. സീതയുടെ പക്ഷത്തുനിന്നും നോക്കിയാൽ രാമന് മഹത്വമില്ല എന്ന് ദലിത് വിഭാഗത്തിൽനിന്നൊക്കെ വിമർശനങ്ങൾ വരുന്നുണ്ട്. വളരെ പോസിറ്റീവായും രാമനെ കാണാൻ കഴിയും. രാമനെയും രാമായണത്തെയും മറന്നുകൊണ്ട് ഇന്ത്യൻ സംസ്കാരത്തെ വിലയിരുത്താൻ സാധിക്കില്ല. അതിന്റെ പ്രാധാന്യം നമ്മൾ അംഗീകരിച്ചേ മതിയാവൂ. വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന രാമൻ എന്ന സങ്കല്പമാണ് ഗാന്ധി മുന്നോട്ടുവെച്ചത്. അതൊരിക്കലും ഹിന്ദു രാജ്യമായിരിക്കില്ല എന്ന ഉറപ്പും ന്യൂനപക്ഷങ്ങൾക്ക് ഉണ്ടായിരുന്നു. ഗാന്ധിയോടൊപ്പം നടന്ന ധാരാളം മുസ് ലിം പണ്ഡിതന്മാരുമുണ്ട്. ഇസ് ലാമിക തിയോളജിയിൽ ആഴമേറിയ അറിവ് ഉണ്ടായിരുന്ന ആളാണല്ലോ മൊയ്‌തു മൗലവി. എന്നാൽ, അദ്ദേഹം ഗാന്ധിയനും ആയിരുന്നു. ഗാന്ധിയാണെങ്കിൽ രാമരാജ്യം മുന്നോട്ടുവെച്ച ആളും. എന്നാൽ, രാമനെയും കൃഷ്ണനെയും അധികാരം സ്ഥാപിച്ചെടുക്കാൻ വേണ്ടിയുള്ള ബിംബങ്ങളായി മാത്രമേ ആർ.എസ്.എസ് കാണുന്നുള്ളൂ.
മതങ്ങൾക്ക് ആഴമേറിയ ആത്മീയ തലമുണ്ട്. അത് നഷ്ടപ്പെട്ടാൽ പിന്നെ മതത്തിന് വിലയില്ല. എം.എൻ വിജയൻ മാഷ് പറയുന്ന പോലെ, മുത്തുച്ചിപ്പിയുടെ വാല്യൂ എന്നത് അതിലെ മുത്താണ്. മുത്ത് പോയാൽ അത് വെറും ഷെൽ മാത്രമാണ്. ചിപ്പിക്കകത്തെ മുത്ത് പോലെയാണ് മതത്തിനകത്തെ സ്പിരിച്വാലിറ്റി. ആ സൗന്ദര്യമാണ് മറ്റു മതങ്ങളെയും ആശയങ്ങളെയും ചേർത്തുപിടിക്കാനുള്ള ആത്മശക്തി നൽകുന്നത്. ആർ.എസ്.എസ് ഒട്ടും സ്പിരിച്വൽ അല്ല. അവരോടുള്ള എന്റെ വിയോജിപ്പുകളിലൊന്ന് അതാണ്. ആർ.എസ്.എസ് എന്നെ ഒരിക്കലും ആകർഷിച്ചിട്ടില്ല. അവരോട് ഒരു ഡയലോഗിന് പോലും ഞാൻ ആഗ്രഹിച്ചിട്ടുമില്ല.
ഇന്ത്യൻ ബഹുസ്വരതക്കും മതനിരപേക്ഷതക്കും വലിയ ആഘാതം ഏൽപ്പിച്ചിട്ടുണ്ടല്ലോ, ആർ.എസ്.എസ്സിന്റെ രാമക്ഷേത്ര പ്രക്ഷോഭം. 1992-ൽ ബാബരി മസ്ജിദ് തകർത്തതാണ് പിന്നീട് ബി.ജെ.പിയുടെ രാഷ്ട്രീയ ഇന്ധനമായി മാറിയത്. ഇപ്പോൾ രാമക്ഷേത്രം യാഥാർഥ്യമാകുമ്പോൾ, 1992-ന് ശേഷമുള്ള 31 വർഷങ്ങളെ താങ്കൾ എങ്ങനെ വിലയിരുത്തുന്നു?
രാമക്ഷേത്രത്തിന് ചരിത്രപരമായ സാധുത ഇല്ലല്ലോ. ഏത് കാലഘട്ടത്തിലാണ് രാമസങ്കല്പം ഇന്ത്യയിൽ രൂപപ്പെടുന്നത് എന്ന് പഠിക്കണം. ഇപ്പോൾ സനാതന ധർമത്തിന്റെ ആളുകൾ പറയുന്നത് ലക്ഷക്കണക്കിന് വർഷങ്ങളുടെ പഴക്കം ഹിന്ദുത്വ ആശയങ്ങൾക്കുണ്ട് എന്നാണ്. ഈ വാദത്തിന് നരവംശ ശാസ്ത്രവുമായി യാതൊരു ബന്ധവുമില്ല. ഭംഗിയുള്ള ഒരു കഥ മെനഞ്ഞെടുത്ത് അതിനെ നുണകളാൽ പടുത്തുയർത്തിയിരിക്കുകയാണ്. ആർക്കിയോളജിക്കൽ പഠനങ്ങൾ പരിശോധിച്ചാലറിയാം, അതിനൊന്നും ചരിത്ര വസ്തുതകളുടെ യാതൊരു അടിസ്ഥാനവുമില്ലെന്ന്. ഇപ്പോൾ പുതിയ ക്ഷേത്രത്തിലെ പ്രതിഷ്ഠകളിൽ സ്വയംഭൂ വിഗ്രഹം എവിടെപ്പോയി? രാമന്റെ സ്വയംഭൂ വിഗ്രഹം ഉണ്ട് എന്ന് പറഞ്ഞിരുന്നു, ഇപ്പോൾ അതില്ലല്ലോ!
എല്ലാ രാജ്യത്തും ക്ഷേത്രങ്ങളും പള്ളികളും സ്വാഭാവികമായി ജീർണിച്ചുപോകാം, തകരാം. പ്രകൃതി ദുരന്തങ്ങളിൽ മൺമറയാം. എന്നാൽ, ബാബരി മസ്ജിദിന്റെ തകർച്ച വ്യത്യസ്തമാണ്. രാമൻ പിറന്ന പ്രദേശം എന്ന, ചരിത്രത്തിന്റെ പിൻബലമില്ലാത്ത ഒരു വിശ്വാസപ്രമാണത്തെ മുൻനിർത്തി, വംശീയമായ ആധിപത്യത്തിനു വേണ്ടിയുള്ള ഒരു ക്യാമ്പയിനാണ് 1992-ൽ ബാബരി മസ്ജിദിന്റെ തകർച്ചക്ക് കാരണമായത്. കർസേവകരുടെ ആക്രമണത്തിൽനിന്നും ആ മന്ദിരത്തെ സംരക്ഷിക്കാൻ, അതിന് ചുറ്റും വലയം തീർക്കാൻ പോലും ഇന്ത്യയിലെ ജനാധിപത്യ സംരക്ഷകർക്ക് സാധിച്ചില്ല. അതോടുകൂടി രാജ്യത്ത് തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കാൻ അളവറ്റ ആത്മവിശ്വാസം ആർ.എസ്.എസ്സിന് കിട്ടി. ബാബരിയുടെ തകർച്ചയ്ക്ക് ശേഷം ആർ.എസ്.എസ് പ്രമോട്ട് ചെയ്യുന്ന രാഷ്ട്രീയത്തിന് കൂടുതൽ സ്വീകാര്യത ലഭിച്ചുതുടങ്ങി. കാലം കഴിയുമ്പോൾ സ്വീകാര്യത ഇനിയും കൂടും എന്നെനിക്ക് തോന്നുന്നു. കാരണം മൃദു ഹിന്ദുത്വത്തിന് അകത്തുള്ള ആളുകൾ തന്നെ പതിയെ ആർ.എസ്.എസ് മുന്നോട്ടുവെക്കുന്ന സനാതന ആശയങ്ങളുമായി കുറച്ചുകൂടി ചേർന്നുനിൽക്കാൻ കേരളത്തിൽ പോലും ശ്രമിക്കുന്നുണ്ട്. കേരളത്തിൽ ബി.ജെ.പിക്ക് നിയമസഭയിലോ ലോക് സഭയിലോ സീറ്റ് കിട്ടുന്നില്ല എന്നതുകൊണ്ട് ഇവിടെയത് ദുർബലമാണെന്ന് ധരിക്കേണ്ട. പല ജനാധിപത്യ വിശ്വാസികൾക്കിടയിലും നിശ്ശബ്ദമായി ആർ.എസ്.എസ്സിന്റെ പ്രത്യയശാസ്ത്രത്തെ പിന്തുണക്കുന്നവർ കേരളത്തിൽ പോലും ഉണ്ടായിവരുന്നു. ഒരു ഘട്ടം കഴിഞ്ഞാൽ വലിയ വിജയങ്ങൾക്ക് അത് കാരണമായേക്കാം. ജനാധിപത്യ വിശ്വാസികളുടെ ഒരുമിച്ചുള്ള ചെറുത്തുനിൽപുണ്ടായാൽ അതിന് തടയിടാൻ സാധിക്കും. ജനാധിപത്യത്തിന്റെ തകർച്ചക്ക് കാരണമാകുന്ന ഒരു വംശീയ പ്രത്യയശാസ്ത്രത്തിന്റെ മുന്നോട്ടുള്ള യാത്രയായിട്ടാണ് ഈ 31 വർഷത്തെ ഞാൻ കാണുന്നത്. ഈ 31 വർഷത്തിനിടയിൽ ദലിത്, ആദിവാസി ന്യൂനപക്ഷങ്ങൾ കൂടുതൽ ആശങ്കാകുലരായിട്ടുണ്ട്. ബാബരി തകർക്കാൻ കഴിഞ്ഞ അഹങ്കാരമാണ് പൗരത്വ ഭേദഗതി നിയമം കൊണ്ടുവരുന്നതിന് അവർക്ക് പ്രചോദനമായത്. പൗരത്വ ഭേദഗതി നീക്കങ്ങളെ അന്ന് തോല്പിച്ചത് ജനകീയ പ്രക്ഷോഭങ്ങൾ മാത്രമാണ്. വംശീയ ഫാഷിസത്തെ തോല്പിക്കാനുള്ള ഏക പോംവഴി ജനകീയ പ്രക്ഷോഭങ്ങൾ മാത്രമാണ്. ആ ജനകീയ പ്രക്ഷോഭങ്ങൾ പ്രതീക്ഷയാണ്. എന്നാലും കഴിഞ്ഞ 31 വർഷങ്ങൾ വേദനയുടേതും ആശങ്കയുടേതുമായിരുന്നു. നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെട്ട വർഷങ്ങൾ. വംശീയ ഫാഷിസത്തിനെതിരെയുള്ള ജനാധിപത്യ പ്രതിരോധം ഇങ്ങനെയായാൽ പോരാ എന്നാണ് എനിക്ക് പറയാനുള്ളത്.
മറ്റൊരു മതവിഭാഗത്തിന്റെ ആരാധനാലയം തകർത്ത് നിർമിക്കുന്ന അമ്പലം ഹിന്ദുധർമത്തിന്റെ മൂല്യങ്ങൾക്ക് നിരക്കുന്നതാണോ?
ഒരു വിഭാഗത്തിന്റെ ആരാധനാ കേന്ദ്രങ്ങൾ മറ്റൊരു വിഭാഗം തകർക്കുന്നത് ഇന്ത്യയിൽ ആദ്യമായല്ല. ഹിന്ദു മതത്തിനകത്തും സംഘർഷങ്ങൾ വന്നപ്പോൾ അങ്ങനെ സംഭവിച്ചിട്ടുണ്ട്. ഭക്തിപ്രസ്ഥാനത്തിന്റെ കാലം നോക്കുക. ശൈവ -വൈഷ്ണവ ഭക്തിപ്രസ്ഥാനങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. ചില കാലങ്ങളിൽ അവ വലിയ സംഘർഷങ്ങളിലേക്ക് പോയിട്ടുണ്ട്. ആ കാലഘട്ടങ്ങളിൽ ആരാധനാലയങ്ങൾ പരസ്പരം തകർക്കുന്നതിലേക്ക് സംഘർഷങ്ങൾ എത്തിയിട്ടുണ്ട്. എത്രയോ ബുദ്ധ കേന്ദ്രങ്ങളും തകർക്കപ്പെട്ടിട്ടുണ്ട്.
ചരിത്രത്തെ നിർണയിക്കുന്ന പഠന ശാഖയാണല്ലോ ആർക്കിയോളജി. ചരിത്ര പണ്ഡിതന്മാർ ആർക്കിയോളജിക്കൽ നിർമിതികൾക്ക് വലിയ പ്രാധാന്യം നൽകും. പക്ഷേ, ഇവിടെ സംഭവിച്ചത് മറിച്ചാണ്. ബാബരി മസ്ജിദ് തകർക്കാനുള്ള ആശയങ്ങൾ സംഭാവന ചെയ്യുന്നതിലും ആർക്കിയോളജിസ്റ്റുകളെന്ന് പറയുന്ന ചിലർ പങ്കുവഹിച്ചില്ലേ? അവരിൽ പലരും ആർ.എസ്.എസ്സിന്റെ സഹായികളായി മാറിയത് നാം കണ്ടു. സംസ്കൃതിയുടെ ഒറ്റുകാരായാണ് ഞാൻ അവരെ കാണുന്നത്. അവർ ചരിത്രത്തെ വളരെ വികലമായി പ്രക്ഷേപണം ചെയ്യും. ആർ.എസ്.എസിന്റെ ഗ്രന്ഥങ്ങൾ എടുത്തുനോക്കിയാൽ തന്നെ, യാതൊരു അടിത്തറയും അവരുടെ വാദങ്ങൾക്കില്ലെന്ന് മനസ്സിലാക്കാം. ഒരിക്കലും ഒരു ചരിത്ര മന്ദിരം തകർക്കുന്നത് അഭിമാനകരമല്ല. ചരിത്രപരമായ ഒരു മന്ദിരം തകർത്ത് ഒരു വംശീയ പ്രത്യയശാസ്ത്രത്തിന്റെ മന്ദിരം അവിടെ കെട്ടിയാൽ അതിനകത്ത് ഈശ്വര ചൈതന്യവും ഉണ്ടാവില്ല.
മസ്ജിദിനു മേൽ പണിത മന്ദിർ ഒരു ഹിന്ദുവിന് അഭിമാനമാണോ, അതോ അപമാനമോ? അയോധ്യയിൽ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുമ്പോൾ, ഒരു സനാതന ഹിന്ദു അതിനോട് സ്വീകരിക്കേണ്ട നിലപാട് എന്താണ്?
ഞാൻ ഒരു ക്ഷേത്രാരാധകനല്ല; അടിസ്ഥാനപരമായി ബുദ്ധിസ്റ്റ് ആണ്. ക്ഷേത്രത്തിൽ പോകാത്തതുകൊണ്ട് ഈ രാമക്ഷേത്രത്തിന്റെ പണികളോ വിവരങ്ങളോ ഞാൻ ശ്രദ്ധിച്ചിരുന്നില്ല. എന്റെ വിഷയം ബാബരിയുടെ തകർച്ചയും അതിലുള്ള വിഷമവും ആയിരുന്നു. ആ വേദന കാരണം അവിടെ കെട്ടിപ്പടുത്ത മന്ദിരം സ്വർണത്തിലോ വജ്രത്തിലോ നിർമിച്ചതായാലും എന്നെ ആകർഷിക്കില്ല. അയോധ്യയിലെ രാമക്ഷേത്രത്തിൽ, ആ ഒരു ചൈതന്യമുണ്ട് എന്നും എനിക്ക് തോന്നുന്നില്ല.
ഇന്ത്യൻ ബഹുസ്വരതയുടെ ആരോഗ്യകരമായ നിലനിൽപ്പിനും വംശവെറിയുടെ ഉന്മൂലനത്തിനും നാം, വിശേഷിച്ചും നവതലമുറ സ്വീകരിക്കേണ്ട സാമൂഹിക- രാഷ്ട്രീയ നിലപാടുകൾ?
ഭൂമിയിൽ പല തരം പൂക്കളും പ്രാണികളുമുണ്ട്. അവയൊക്കെ പ്രകൃതിയുടെ ഭാഗമാണ്. അപ്രകാരമാണ് മതങ്ങൾ. എല്ലാ മതങ്ങളും നിലനിൽക്കട്ടെ നമ്മുടെ രാജ്യത്ത്. ചരിത്രം പരിശോധിച്ചാൽ, പല സൗന്ദര്യാനുഭവങ്ങളും കൂടിച്ചേർന്നതാണല്ലോ നമ്മുടെ നാട്. മസ്ജിദും ഒരു സൗന്ദര്യാനുഭവമാണ് എന്ന് തിരിച്ചറിയുകയാണ് വേണ്ടത്. ഇൻഡോ-പേർഷ്യൻ വാസ്തുശില്പ വിദ്യയിൽ നിർമിക്കപ്പെട്ട എത്രയോ മന്ദിരങ്ങളില്ലേ, മൈസൂർ പാലസ് പോലെ. രാജസ്ഥാനിൽ രജ്പുത്തുകളുടെ വാസ്തുശില്പമൊക്കെ നോക്കൂ. അതിലെല്ലാം ഇൻഡോ -പേർഷ്യൻ സ്വാധീനം കാണാം. ബാബരി മസ്ജിദും ഒരു വാസ്തു സ്മാരകം പോലെ അവിടെ നിലനിൽക്കട്ടെ എന്നാണ് തീരുമാനിക്കേണ്ടിയിരുന്നത്. അതും ഇന്ത്യയുടെ സൗന്ദര്യമാണ് എന്ന് തിരിച്ചറിയുന്ന വിശാലതയാണ് ഉണ്ടാകേണ്ടിയിരുന്നത്. മസ്ജിദ് തകർത്തത് ബഹുസ്വരതയുടെ നിഷേധമായിരുന്നു. ബാബരി മസ്ജിദ് തകർത്തിട്ട് 31 വർഷങ്ങൾ കഴിഞ്ഞങ്കിലും, ഞാൻ വിശ്വസിക്കുന്നത് അപകടകരമായ അവസ്ഥയിലേക്ക് നമ്മുടെ രാജ്യം പൂർണമായി എത്തിയിട്ടില്ല എന്നുതന്നെയാണ്. നാം ഒരുമിച്ചാൽ മതനിരപേക്ഷ ഇന്ത്യയെ തിരിച്ചുകൊണ്ടുവരാം. ഹിന്ദുത്വക്ക് വലിയ സ്വാധീനമുണ്ടായിരുന്ന കർണാടകയിൽ കോൺഗ്രസ് തിരിച്ചുവന്നില്ലേ? മധ്യപ്രദേശിലും രാജസ്ഥാനിലും പരാജയം സംഭവിച്ചത്, കോൺഗ്രസ് മറ്റുള്ളവരെ ചേർത്തുപിടിക്കുന്ന ജനാധിപത്യ മര്യാദ കാണിക്കാത്തതുകൊണ്ടാണ്. വിട്ടുവീഴ്ചകൾക്ക് തയാറായിരുന്നെങ്കിൽ ജനാധിപത്യത്തിലേക്കുള്ള ഇന്ത്യയുടെ മടക്കം ശോഭനമായേനെ. ആ നിലയിൽ എനിക്ക് പ്രതീക്ഷ നശിച്ചിട്ടില്ല. ഈ ഇരുട്ടിൽനിന്ന് നാം വെളിച്ചത്തിലേക്ക് എത്തും. ഗാന്ധിയുടെയും ബുദ്ധന്റെയും രാജ്യത്ത്, സമ്പൂർണമായി ഇരുട്ട് മൂടും എന്ന് ഞാൻ വിചാരിക്കുന്നില്ല. വെളിച്ചം മടങ്ങി വരും. അടുത്ത ലോകസഭാ ഇലക് ഷനിലും ഒരുപാട് ശ്രമിക്കേണ്ടിവരും. വിട്ടുവീഴ്ചയും സഹകരണവും ഐക്യവും വേണ്ടയളവിൽ ഉണ്ടായാൽ മാത്രം നമുക്ക് പ്രതീക്ഷയുണ്ട്. l
ഗസ്സക്ക് വേണ്ടി ശബ്ദിക്കുന്നത് അറബ് രാജ്യങ്ങളെക്കാൾ കൂടുതലായി ദക്ഷിണാഫ്രിക്കയാണ്, ലാറ്റിനമേരിക്കൻ രാജ്യങ്ങളാണ്. എന്തുകൊണ്ടാണിത്? ഞാൻ പറഞ്ഞല്ലോ, ഗസ്സ ഇപ്പോൾ അനുഭവിക്കുന്നതെന്തോ അതേ അനുഭവങ്ങളിലൂടെ കടന്നുപോയവരാണ് ഈ രാജ്യങ്ങളൊക്കെ. ഗസ്സയിലെ പോരാട്ടം അവരുടെ പോരാട്ടം തന്നെയാണ്. ഗസ്സ അവരെ പോരാട്ട വഴിയിലേക്ക് ഉണർത്തിക്കൊണ്ടുവന്നിരിക്കുന്നു. ഉദാഹരണത്തിന് ബ്രസീലിന്റെ കാര്യമെടുക്കാം. അവിടെ രണ്ട് ധാരകളുണ്ട്. ഒന്ന്, ബ്രസീലിയൻ പ്രസിഡന്റ് ലുല ഡ സിൽവ നേതൃത്വം നൽകുന്ന സോഷ്യലിസ്റ്റ്, ഇടതുപക്ഷ ധാര. എതിർപക്ഷത്തുള്ളത് രാജ്യത്തിന്റെ വിഭവങ്ങൾ കുത്തകയാക്കി വെച്ചിട്ടുള്ള വെള്ളക്കാരുടെ കോർപറേറ്റ് സ്ഥാപനങ്ങളാണ്. ബ്രസീലിലെ മുഖ്യധാരാ മീഡിയ അവരുടെ പിടിത്തത്തിലാണ്. ഗസ്സയിൽ ഇസ്രായേലിനൊപ്പം നിൽക്കുന്നവർ തന്നെയാണ് ബ്രസീലിലും മറുപക്ഷത്തുള്ളത് എന്നർഥം. മുൻ ബ്രസീലിയൻ പ്രസിഡന്റും തീവ്ര വലതുപക്ഷക്കാരനുമായിരുന്ന ബോൾസൊനാരോയുടെ ഭാര്യ കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പ്രചാരണത്തിനിറങ്ങിയത് ഇസ്രായേലിന്റെ പതാക മുദ്രണം ചെയ്ത ടീഷർട്ട് ധരിച്ചുകൊണ്ടായിരുന്നു. ബോൾസൊനാരോയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലുടനീളം ഇസ്രായേലി പതാക പാറിക്കളിക്കുന്നതും നിങ്ങൾക്ക് യുട്യൂബ് നോക്കിയാൽ കാണാം. അതേസമയം എതിർ സ്ഥാനാർഥി ലുല ഡ സിൽവ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത് ഫലസ്ത്വീനി കഫിയ്യ കഴുത്തിൽ ചുറ്റിയാണ്. ഫലസ്ത്വീനിലും ബ്രസീലിലും നടക്കുന്നത് പാശ്ചാത്യ മൂലധന അധീശത്വത്തിനെതിരെയുള്ള ഒരേ പോരാട്ടമാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞതു കൊണ്ടാണിത്. ലാറ്റിനമേരിക്കയിലെ മറ്റു ഇടതുപക്ഷ ഭരണകൂടങ്ങളും ഗസ്സക്കൊപ്പം വീറോടെ നിൽക്കുന്നതും അതുകൊണ്ടാണ്. ഇസ്രായേലിന്റേത് പോലെയുള്ള വംശീയ ഭരണകൂടത്തിന്റെ (അപ്പാർത്തീഡ്) ഭീകര താണ്ഡവം ഏറെ അനുഭവിച്ചവരാണ് ദക്ഷിണാഫ്രിക്കക്കാരും. നെൽസൺ മണ്ടേല നേതൃത്വം നൽകിയ ആ സമൂഹത്തിന്, നടന്നുകൊണ്ടിരിക്കുന്ന പോരാട്ടത്തെക്കുറിച്ച് കൃത്യമായ ധാരണകളുണ്ട്. ഇസ്രായേലിലേത് വംശീയ ഭരണകൂടമാണെന്ന് തങ്ങളുടെ അനുഭവങ്ങളിലൂടെ അവർക്കാണ് നന്നായി പറയാനാവുക. അവരത് ലോകത്തെ ബോധ്യപ്പെടുത്തുകയും ചെയ്തു. നോക്കൂ, കഴിഞ്ഞ ഒരു വർഷത്തിനകം പ്രമുഖ മനുഷ്യാവകാശ കൂട്ടായ്മകളായ ഹ്യൂമൻ റൈറ്റ്സ് വാച്ചും ആംനസ്റ്റി ഇന്റർനാഷ്നലും ഇസ്രായേലിലെ തന്നെ ബെയ്ത്ത് സാലിമും (B'Tselem) അതു പോലുള്ള മറ്റു സ്ഥാപനങ്ങളും അന്താരാഷ്ട്രീയമായി അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങൾ വെച്ച് ഇസ്രായേൽ വംശീയ രാഷ്ട്രമാണെന്ന് സമർഥിച്ചിട്ടുണ്ട്. അപ്പോൾ അന്താരാഷ്ട്ര നിയമങ്ങൾ വെച്ചായിരിക്കണം ലോക രാഷ്ട്രങ്ങൾ ഇസ്രായേലിനോടുള്ള നിലപാട് രൂപപ്പെടുത്തേണ്ടത്. പക്ഷേ, അങ്ങനെയൊന്നുമല്ല സംഭവിക്കുന്നത്. പറഞ്ഞുവന്നതിന്റെ ചുരുക്കം ഇതാണ്: ലോകത്ത് എല്ലായിടത്തും നടക്കുന്നത് ഒരേ പോരാട്ടമാണ്. ഒരു വശത്ത് അധികാരവും മൂലധനവും കൈയടക്കി വെച്ചിരിക്കുന്ന ശക്തികൾ. മറുവശത്ത് അതിനെ ചെറുക്കുകയും അതിനെതിരെ പോരാടുകയും ചെയ്യുന്ന സംഘങ്ങൾ.
ഈ പോരാട്ടത്തിൽ സത്യം തുറന്നു പറയുന്ന മാധ്യമങ്ങളെ നിശ്ശബ്ദമാക്കാൻ അമേരിക്കയും ഇസ്രായേലും ശ്രമിക്കാറുണ്ട്. താങ്കൾ അൽ ജസീറ ചാനലിന്റെ തലപ്പത്ത് ഉണ്ടായിരുന്നപ്പോഴാണ് അമേരിക്കയുടെ അഫ്ഗാൻ - ഇറാഖ് അധിനിവേശങ്ങളുണ്ടാകുന്നത്. അന്നത്തെ അനുഭവങ്ങൾ വെച്ച് എന്താണ് പറയാനുള്ളത് ?
മുഖ്യധാരാ മാധ്യമങ്ങൾക്ക് അവയുടേതായ ഒരു പ്രവർത്തന രീതിയുണ്ട്. അത് അധികാരം കൈയാളുന്ന മൂലധന ശക്തികൾ രൂപപ്പെടുത്തിയതാണ്. അതിൽ നിന്ന് മാറി ഏതെങ്കിലും മാധ്യമം സ്വന്തമായി ആഖ്യാനമുണ്ടാക്കാൻ ശ്രമിച്ചാൽ പ്രശ്നമാകും. സാമ്പത്തിക മേഖലയിലും നിങ്ങൾക്കിത് കാണാനാവും. മൂലധന ശക്തികൾ ഇവിടെ ഒരു സിസ്റ്റം ഉണ്ടാക്കിവെച്ചിട്ടുണ്ട്. അതിൽനിന്ന് ഭിന്നമായ ഒരു രീതി സ്വീകരിക്കാൻ ശ്രമിച്ചാൽ അവരത് വെച്ചുപൊറുപ്പിക്കില്ല. ആഗോള തലത്തിൽ അംഗീകരിക്കപ്പെട്ടുപോന്ന ഈ ധാരയിൽനിന്ന് പുറത്തുകടക്കുകയായിരുന്നു അൽ ജസീറ. നേരത്തെ സൂചിപ്പിച്ച മുഖ്യധാരാ മാധ്യമപ്രവർത്തനം എന്നു പറയുന്നത്, പാശ്ചാത്യ ലിബറൽ ധാരണകളെയും ആശയങ്ങളെയും സ്ഥാപിച്ചെടുക്കാനുള്ള ശ്രമമാണ്. ഭൂമിയുടെ ദക്ഷിണ മേഖലക്ക് അഥവാ ഗ്ലോബൽ സൗത്തിന് അവിടെ ഇടമില്ല. ദക്ഷിണ ഭാഗത്തുള്ള മീഡിയയും പാശ്ചാത്യ നിയന്ത്രണത്തിൽ തന്നെയാണല്ലോ. ഇറാഖ് യുദ്ധമൊക്കെ നടക്കുന്ന കാലത്ത് സോഷ്യൽ മീഡിയ ദുർബലവും പരിമിതവുമാണ്. അതിന്റെ പ്രയോജനം വലിയ തോതിൽ ലഭിച്ചുതുടങ്ങിയത് അറബ് വസന്ത പ്രക്ഷോഭ കാലത്താണ്. ഇന്ന് സോഷ്യൽ മീഡിയ വളരെയേറെ ശക്തിയാർജിച്ചിരിക്കുന്നു. മുഖ്യധാരാ മീഡിയാ ആഖ്യാനങ്ങളെ അത് ദുർബലപ്പെടുത്തുകയും നിർവീര്യമാക്കുകയും ചെയ്യുന്നു. നേരത്തെ മൂലധന ശക്തികൾ അൽ ജസീറ സംപ്രേഷണം തടസ്സപ്പെടുത്തിയതു പോലെ ഇന്ന് തടസ്സപ്പെടുത്തിയതുകൊണ്ട് ഒരു പ്രയോജനവുമില്ല. ഗസ്സയിലുള്ളവർ അവരുടെ മൊബൈൽ കാമറകളിൽ സംഭവങ്ങളൊക്കെ പിടിച്ചെടുക്കുന്നുണ്ട്. അവ സംപ്രേഷണം ചെയ്യാൻ നിരവധി പ്രാദേശിക ജനകീയ യൂട്യൂബ് ചാനലുകളുമുണ്ട്.
ഇറാഖ് യുദ്ധകാലത്തൊക്കെ അമേരിക്ക പല രീതിയിൽ അൽ ജസീറ സംപ്രേഷണത്തെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടുണ്ട്. കാരണം, ഇറാഖിലെ ജനകീയ ചെറുത്തുനിൽപ്പിനെക്കുറിച്ച് സത്യസന്ധമായ വാർത്ത കൊടുത്തുകൊണ്ടിരുന്നത് അൽ ജസീറ മാത്രമായിരുന്നു. അൽ ജസീറ ഏതെങ്കിലും പക്ഷം ചേർന്നുകൊണ്ടല്ല റിപ്പോർട്ടുകൾ കൊടുത്തിരുന്നത്. വസ്തുനിഷ്ഠമായിട്ടായിരുന്നു. ഇന്നും അതിൽ മാറ്റമില്ല. ഫലസ്ത്വീനികളുടെ യാതനകൾ ലോകത്തിന് മുമ്പിൽ കൊണ്ടുവരുമ്പോൾ തന്നെ, ഇസ്രായേൽ സൈനിക വക്താവിന്റെ പത്രസമ്മേളനങ്ങളും മറ്റും അൽ ജസീറ പൂർണമായി കൊടുക്കുന്നുണ്ടല്ലോ. മാധ്യമ ധർമം നിർവഹിക്കുന്നതിൽ അത് വീഴ്ചവരുത്തുന്നില്ല. അമേരിക്കയിലെയോ ഇസ്രായേലിലെയോ മാധ്യമങ്ങൾ ഈ ധർമം നിർവഹിക്കുന്നില്ല. അവർ ഒരു പക്ഷം മാത്രം കേൾക്കുന്നു. അൽ ജസീറയുടെ ഗസ്സയിലെ പ്രതിനിധി വാഇൽ ദഹ്ദൂഹിന്റെ മാധ്യമ പ്രതിബദ്ധത നോക്കൂ. അദ്ദേഹത്തിന്റെ മകനുൾപ്പെടെ അടുത്ത കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടയുടനെ വാർത്ത റിപ്പോർട്ട് ചെയ്യാനായി അദ്ദേഹം കാമറക്ക് മുമ്പിൽ വരികയാണ്. മനുഷ്യനെന്ന നിലക്ക് അത്യന്തം വികാരവിക്ഷുബ്ധനായിരിക്കുന്ന ഈ ഘട്ടത്തിൽ സംയമനം പാലിക്കുക എന്നത് വളരെ പ്രയാസകരമാണ്. അപ്പോഴും എത്ര സമചിത്തതയോടെയാണ് അദ്ദേഹം റിപ്പോർട്ട് ചെയ്യുന്നത്! ഈയൊരു മാധ്യമ സംസ്കാരമാണ് അൽ ജസീറ അതിന്റെ സന്തതികളെ പഠിപ്പിക്കുന്നത്. പ്രതിബദ്ധതയും പ്രഫഷനലിസവും ഇവിടെ ഒത്തുചേരുന്നു.
ഗസ്സയുടെ ഭാവി എങ്ങനെ രൂപപ്പെടുമെന്നാണ് താങ്കൾ കരുതുന്നത്?
ഇസ്രായേലിന് അതിന്റെ സൈനിക ലക്ഷ്യങ്ങളൊന്നും നേടിയെടുക്കാൻ കഴിഞ്ഞിട്ടില്ല. കഴിഞ്ഞിരുന്നെങ്കിൽ അവരുടെ സൈനികനടപടികൾ ഇത്രമാത്രം ബീഭത്സമാവുമായിരുന്നില്ല. ആശുപത്രികളും സ്കൂളുകളും അഭയാർഥി ക്യാമ്പുകളും തകർത്തു, ആയിരക്കണക്കിന് സ്ത്രീകളെയും കുഞ്ഞുങ്ങളെയും കൊന്നു… ഇതേ അവർക്ക് 'നേട്ട'മായി പറയാനുള്ളൂ. ഇസ്രായേലിന്റെ പ്രതിഛായയെ വലിയ തോതിൽ കളങ്കപ്പെടുത്താനേ അത് ഉപകരിച്ചുള്ളൂ. ആ നിലക്ക് ഇസ്രായേലിനിത് കനത്ത പരാജയമാണ്. നിരപരാധികൾ ദിവസവും ഗസ്സയിൽ കൂട്ടക്കൊലക്കിരയാവുന്നു എന്നത് നമ്മെയെല്ലാം വല്ലാതെ മുറിപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ സ്ട്രാറ്റജിക് വീക്ഷണകോണിലൂടെ നോക്കിക്കാണുമ്പോൾ, ഇസ്രായേൽ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മണ്ടത്തരമാണ് ചെയ്തുവെച്ചിരിക്കുന്നത് എന്ന് വ്യക്തമാവും. ഇസ്രായേൽ സമചിത്തതയോടെ പെരുമാറും എന്നിനി അതിനെക്കുറിച്ച് ആരും വിചാരിക്കുമെന്ന് തോന്നുന്നില്ല. അത്രക്ക് ഭീകരമാണ് അതിന്റെ സൈനിക ഓപറേഷനുകൾ. സൈനിക ലക്ഷ്യങ്ങളൊന്നും നേടിയില്ല എന്നു പറഞ്ഞല്ലോ. ആശുപത്രികൾക്ക് മേൽ നിരന്തരം ബോംബിടുക… ആലോചിച്ചു നോക്കൂ, എന്തൊരു മാനക്കേടാണ്! ഈ ഇസ്രായേൽ സൈന്യം 1967-ലെ യുദ്ധത്തിൽ മൂന്ന് അറബ് രാഷ്ട്രങ്ങളെയാണ് എതിരിട്ടത്. ആറ് ദിവസത്തിനകം ഈ മൂന്ന് സൈന്യങ്ങളെയും ഇസ്രായേൽ പരാജയപ്പെടുത്തി. ഈ മൂന്ന് രാജ്യങ്ങളിൽനിന്നായി ഇസ്രായേൽ പിടിച്ചെടുത്ത ഭൂമിയുടെ വിസ്തീർണം അന്ന് ഇസ്രായേലിന് ഉണ്ടായിരുന്ന ഭൂമിയുടെ മൂന്ന് ഇരട്ടിയായിരുന്നു. അറുനൂറ് ഇസ്രായേലി പട്ടാളക്കാർക്ക് മാത്രമാണ് ജീവഹാനി സംഭവിച്ചത്. ഇന്ന് മുന്നൂറിൽപരം ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള, പതിനേഴ് വർഷമായി കടുത്ത ഉപരോധത്തിൽ കഴിയുന്ന ഒരു ചെറിയ ഭൂപ്രദേശത്തോടാണ് ഇസ്രായേൽ യുദ്ധം ചെയ്യുന്നത്. അങ്ങനെ നോക്കുമ്പോൾ ശാക്തിക ബലാബലത്തിൽ ഇസ്രായേലിന് വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. അമേരിക്കയും ഇസ്രായേലും യുദ്ധ ലക്ഷ്യങ്ങളെക്കുറിച്ച് മാത്രമല്ല, ഹമാസാനന്തര ഗസ്സയിലെ ഭരണ സംവിധാനത്തെപ്പറ്റി വരെ സംസാരിക്കുന്നുണ്ടെങ്കിലും ചെറുത്തുനിൽപ്പിനെ ഏതെങ്കിലും തരത്തിൽ തളർത്താൻ പോലും അവർക്ക് കഴിഞ്ഞിട്ടില്ലെന്നാണ് ഇതു വരെയുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇപ്പോഴും ചെറുത്തുനിൽപ്പ് സംഘങ്ങൾക്ക് ഇസ്രായേലിലേക്ക് റോക്കറ്റുകൾ വിക്ഷേപിക്കാനാവുന്നുണ്ട്.
എനിക്ക് തോന്നുന്നത്, ഇസ്രായേൽ ഇതുവരെ പ്രഖ്യാപിച്ച ലക്ഷ്യങ്ങളിൽനിന്ന് ക്രമേണ താഴോട്ട് ഇറങ്ങി വന്ന് ചെറിയതെന്തെങ്കിലും നേടിയാൽ തന്നെ അവർ തൃപ്തരാവുമെന്നാണ്. വലിയ അബദ്ധം കാണിക്കുകയോ യുദ്ധത്തിന് അയൽപക്കങ്ങളിലേക്ക് അപ്രതീക്ഷിത വിപുലനം ഉണ്ടാവുകയോ ചെയ്താൽ ഇതിന് മാറ്റമുണ്ടാവും. ഉദാഹരണത്തിന്, തെക്കൻ ലബനാനിൽനിന്ന് വിക്ഷേപിക്കുന്ന റോക്കറ്റുകൾ ഇസ്രയേലിൽ വലിയ നാശനഷ്ടങ്ങളുണ്ടാക്കിയാൽ യുദ്ധഗതി മാറും. ഏതായാലും ഇപ്പോൾ ഒരു പ്രവചനം അസാധ്യമാണ്.
ഇതിനോടുള്ള പ്രതികരണമെന്ന നിലയിൽ, 2011-ൽ ഉണ്ടായ അറബ് വസന്ത വിപ്ലവങ്ങളെക്കാൾ തീക്ഷ്ണമായ ജനകീയ പ്രക്ഷോഭങ്ങൾ അറബ് ലോകത്ത് സംഭവിക്കുമെന്ന് താങ്കൾ കരുതുന്നുണ്ടോ?
അറബ് സമൂഹങ്ങൾ അകത്ത് സൂക്ഷിക്കുന്ന വിപ്ലവോർജം പുറത്ത് ചാടുമെന്നതിൽ എനിക്ക് സംശയമില്ല. അത് എങ്ങനെയായിരിക്കും എന്നു പറയാൻ കഴിയില്ല. 1948-ൽ നക്ബ സംഭവിച്ചതു മുതൽ അറബ് ലോകത്ത് ജനകീയ പ്രക്ഷോഭങ്ങൾ ഉണ്ടായിട്ടുണ്ട്. രാജഭരണങ്ങൾ പലതും കടപുഴകിയത് അങ്ങനെയാണ്. തൊള്ളായിരത്തി അറുപത്തിയേഴിന് ശേഷവും അത് ആവർത്തിച്ചു. പിന്നെ അൽ അഖ്സ്വാ ഇൻതിഫാദയുണ്ടായി. എന്തൊക്കെപ്പറഞ്ഞാലും പരാജയത്തിന് മുന്നിൽ അടങ്ങിയൊതുങ്ങുന്നവരല്ല അറബ് സമൂഹങ്ങൾ. പരാജയവുമായി ഒത്തുപോകാൻ അവർക്ക് കഴിയില്ല. അറബ് ലോകത്തെ ഭരണാധികാരികൾ ഇപ്പോൾ ഒരു കാര്യം ചെയ്യുന്നത് നന്നായിരിക്കുമെന്ന് എനിക്ക് തോന്നുന്നു. അവർ തങ്ങളുടെ സമൂഹങ്ങളുമായി സന്ധിചെയ്തു ഒത്തുതീർപ്പിലെത്തണം. ഫലസ്ത്വീൻ പ്രശ്നത്തോട്, സ്വന്തം ജനതയോട് തന്നെ അവർ സ്വീകരിച്ചുവരുന്ന നയങ്ങൾ പുനഃപരിശോധിക്കണം. കഴിഞ്ഞതൊക്കെ മറക്കാനും പൊറുക്കാനും അറബ് സമൂഹങ്ങൾ തയാറാണ്. സ്വന്തം സമൂഹങ്ങളുമായി അറബ് ഭരണാധികാരികൾ പുതിയ രാഷ്ടീയ - സാമൂഹിക സമവാക്യങ്ങൾ രൂപപ്പെടുത്തേണ്ട സന്ദർഭമാണിത്; അത് സംഭവിക്കുമെന്ന് എനിക്ക് പ്രതീക്ഷയില്ലെങ്കിലും.
ഓരോ യുദ്ധവും എന്താണ് ബാക്കി വെക്കുന്നത് എന്ന് ആലോചിക്കണം. ഒന്നാം ഇറാഖ് യുദ്ധത്തിന് ശേഷം അൽ ഖാഇദ പ്രത്യക്ഷപ്പെടുന്നു. രണ്ടാം ഇറാഖ് യുദ്ധത്തിന് ശേഷം ഐ.എസ് രംഗത്ത് വരുന്നു. പിന്നെ അറബ് വസന്ത പ്രക്ഷോഭങ്ങൾ. ഇതൊക്കെ പല രീതിയിലും, ക്രിയാത്മകമായും നിഷേധാത്മകമായും, അറബ് സമൂഹങ്ങളിൽനിന്ന് ഉൽഭൂതമാവുന്ന ഊർജ പ്രവാഹങ്ങളാണ്. ചിലപ്പോഴവ സമാധാനപരമാവും; ചിലപ്പോൾ ഹിംസാത്മകവും.
പലരും പറയാറുണ്ടല്ലോ, ഗസ്സക്ക് വേണ്ടിയുള്ള പ്രക്ഷോഭങ്ങൾ കൂടുതലും യൂറോപ്യൻ രാജ്യങ്ങളിലാണ്, അറബ് ലോകത്തല്ല എന്ന്. ഞാൻ അവരോട് പറയുന്നു, ഞങ്ങൾ അറബികൾ ഓർമകൾ സൂക്ഷിക്കുന്നവരാണ്. ആ ഓർമകൾ അവസരം കാത്തു നിൽക്കുകയാണ്. യഥാസമയം അത് അഗ്നിപർവതം പോലെ പൊട്ടും. അറബ് വസന്തം പൊട്ടിപ്പുറപ്പെട്ടത് നിങ്ങൾ കണ്ടില്ലേ? ആരും ഒട്ടും പ്രതീക്ഷിക്കാത്ത സമയത്താണ് ഭരണകൂടങ്ങളെ കടപുഴക്കിയ ആ പ്രക്ഷോഭമുണ്ടാകുന്നത്. സകല സുരക്ഷാ-രഹസ്യാന്വേഷണ വിഭാഗങ്ങളും അമ്പരന്ന് നിന്നു. അതെ, അറബ് സമൂഹം എല്ലാം ഓർമയിൽ പാത്തുവെക്കുകയാണ്. യഥാസമയം ആ ഊർജപ്രവാഹമുണ്ടാവും. അത് ഇസ് ലാമിക സമൂഹത്തിന് അതിന്റെ അന്തസ്സും ശക്തിയും തിരിച്ചുപിടിക്കാനുള്ള ഒരു ബൃഹദ് പദ്ധതിയായി മാറട്ടെ എന്ന് ഞാൻ ആശിക്കുകയാണ്.
അടുത്തൊരു ഘട്ടത്തിൽ ത്വൂഫാനുൽ അഖ്സ്വായിൽ പൊതുജന പങ്കാളിത്തം ഉണ്ടാവുമെന്ന് കരുതുന്നുണ്ടോ?
രാഷ്ട്രീയമായും, മാധ്യമങ്ങളിലൂടെയും ജനം ഇപ്പോൾ തന്നെ ഈ ചെറുത്തുനിൽപ്പിന്റെ ഭാഗമാണല്ലോ. ഫലസ്ത്വീൻ പ്രശ്നം കുഴിച്ചുമൂടാൻ പലരും യവനികക്ക് പിറകിൽ കരുക്കൾ നീക്കുന്നുണ്ടെന്നത് ശരിയാണെങ്കിലും ത്വൂഫാനുൽ അഖ്സ്വായോടെ സംഭവിച്ചത് എന്താണെന്ന് നോക്കൂ. ഫലസ്ത്വീൻ പ്രശ്നത്തെക്കുറിച്ച് ഒരു ധാരണയുമില്ലാതിരുന്ന പുതിയ തലമുറ ആ വിഷയം ആഴത്തിൽ പഠിച്ചു. ഇന്ന് പഴയ തലമുറയെക്കാൾ അവബോധം ആ വിഷയത്തിൽ പുതിയ തലമുറക്കുണ്ട്. ആഴ്ചകളായി ലോകമെങ്ങും ഈ അനൗപചാരിക പഠന - അധ്യയന പ്രക്രിയ നടന്നുവരികയാണ്. അതായത്, മുമ്പെങ്ങുമില്ലാത്ത അവബോധമാണ് ഫലസ്ത്വീൻ വിഷയത്തിൽ ഉണ്ടായിരിക്കുന്നത്. ഇസ്രായേലിന്റെ ആദ്യ പ്രധാനമന്ത്രി ബെൻഗുറിയോൺ പറഞ്ഞതായി ഒരു രാഷ്ട്രീയ നിരീക്ഷകൻ ഉദ്ധരിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. ബെൻഗുറിയോൺ പറഞ്ഞത് ഇതാണ്: 'ഫലസ്ത്വീനികൾ അവരുടെ ഓർമകൾ സൂക്ഷിക്കുന്നുണ്ടോ എന്നു നോക്കണം. അവരെക്കുറിച്ച് ഞാൻ ഭയപ്പെടുന്ന ഏക സംഗതി അതാണ്.' ഇന്ന് ഫലസ്ത്വീനികൾ മാത്രമല്ല, ലോകം മുഴുവൻ ആ ഓർമയിലേക്ക് വന്നിരിക്കുകയാണ്. ഫലസ്ത്വീനിലെ ഓരോ നഗരവും തെരുവും, തൊള്ളായിരത്തി നാൽപ്പത്തെട്ടും തൊള്ളായിരത്തി അറുപത്തേഴുമെല്ലാം ഇന്ന് ഫലസ്ത്വീനികളല്ലാത്തവർക്കും നന്നായിട്ടറിയാം. ഇത് അസാധാരണ നേട്ടമാണ്.
ഇനി എന്താണ് ചെയ്യേണ്ടത് ?
ഈ അവബോധത്തെ കർമ പരിപാടിയായി ആവിഷ്കരിക്കുക. ഫലസ്ത്വീനികളല്ലാത്ത യുവാക്കളിലും ശ്രദ്ധ കേന്ദ്രീകരിക്കണം. യുവ സമൂഹം സഹായിക്കാൻ സൻമനസ്സുള്ളവരാണ്. ഇന്നത്തെ യുവശക്തിയാണ് നാളെ ലോകത്തെ നിയന്ത്രിക്കുന്ന ശക്തി. ഇന്നത്തെ യുവാക്കളാണ് നാളത്തെ പ്രസിഡന്റുമാർ, പ്രധാനമന്ത്രിമാർ, കമ്പനി മേധാവികൾ ….. അവരെ ഒപ്പം കൂട്ടാനാകണം. അതിനാലാണ് നീതിക്കും സ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള ഒരു ആഗോള പ്രസ്ഥാനം ആരംഭിക്കേണ്ട സമയമാണിതെന്ന് ഞാൻ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. സംഘടനകൾ, സ്ഥാപനങ്ങൾ, സാഹിത്യകാരൻമാർ, സാംസ്കാരിക പ്രവർത്തകർ, സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതുന്ന വിമോചനപ്പോരാളികൾ - ഇങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗമാളുകളും അതിൽ പങ്കാളികളാണ്. എല്ലാവർക്കും ഒറ്റ ലക്ഷ്യം, ഒറ്റ താൽപര്യം: രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക മേഖലകളിലെല്ലാം പിടിമുറുക്കിയിരിക്കുന്ന പാശ്ചാത്യ അധീശത്വത്തിന് അന്ത്യം കുറിക്കുക. l (അവസാനിച്ചു)