പാരമ്പര്യ ചികിത്സ അറിയുമായിരുന്ന എന്റെ ജ്യേഷ്ഠൻ ഖാലിദ് വൈദ്യർ ചെമനാട് ജുമുഅത്ത് പള്ളിയുടെ അടുത്ത് ഒരു മരുന്ന് പീടിക നടത്തിയിരുന്നു; 1950-70 കാലത്ത്. അത്യാവശ്യം പാരമ്പര്യ ചികിത്സയും മരുന്നുകളുമൊക്കെ ലഭ്യമായിരുന്ന ഒരു വൈദ്യശാല. ഞങ്ങളുടെ ഉപ്പാപ്പയുടെ കൈവശമുണ്ടായിരുന്ന പുസ്തകങ്ങൾ വായിച്ച് പഠിച്ചാണ്, ഖാലിദ് ഇച്ച 'പാരമ്പര്യ വൈദ്യൻ' ആയത്, കെ. വി. ഖാലിദ് വൈദ്യർ! ഞങ്ങൾ കാസർക്കോട്ടുകാർ മുതിർന്ന സഹോദരങ്ങളെ വിളിക്കുന്ന പേരാണ് ഇച്ച. ജ്യേഷ്ഠനെ ഞങ്ങൾ വിളിച്ചിരുന്നത് -കായ്്ച എന്നായിരുന്നു.
ഉപ്പുപ്പയുടെ പേര് സീതു എന്നായിരുന്നു. അദ്ദേഹത്തെ പക്ഷേ, ഞാൻ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ കൈവശം കുറേ വൈദ്യശാസ്ത്ര പുസ്തകങ്ങൾ ഉണ്ടായിരുന്നതായി ഇച്ച പറഞ്ഞറിയാം. ഉപ്പാപ്പക്ക് അവയെല്ലാം എങ്ങനെ കിട്ടിയെന്നോ, അദ്ദേഹം എങ്ങനെ വൈദ്യനായെന്നോ അറിയില്ല. ഇതു സംബന്ധിച്ച ചോദ്യോത്തരങ്ങളൊന്നും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല.
ആ പുസ്തകങ്ങൾ വായിച്ചു പഠിച്ചും മറ്റുമാണ് ഇച്ച ചികിത്സ നടത്തിയിരുന്നത്. ഗവൺമെന്റ് സർട്ടിഫിക്കറ്റ് കോഴ്സുകളൊന്നും അദ്ദേഹം ചെയ്തിരുന്നില്ല. ആ പുസ്തകങ്ങൾ വായിക്കാൻ എനിക്ക് അവസരമുണ്ടായിട്ടുമില്ല.
കളത്തിൽ വീട്
കാസർകോട് ചെമ്മനാട് പ്രദേശത്തായിരുന്നു 'കളത്തിൽ വീട്' എന്നറിയപ്പെടുന്ന ഞങ്ങളുടെ തറവാട്. പേര് സൂചിപ്പിക്കുന്ന പോലെ, ഏതോ ഘട്ടത്തിൽ ഇസ്ലാം സ്വീകരിച്ച കുടുംബമാകാം. എന്റെ ധാരണയനുസരിച്ച്, 'കളം, വീട്' എന്നിവയൊന്നും മുസ്ലിം പാരമ്പര്യത്തിലുള്ള പേരുകളോ പ്രയോഗങ്ങളോ ആയിരുന്നില്ല അക്കാലത്ത്. ഹിന്ദുക്കളാണ് കളം, വീട് എന്നൊക്കെ ഇവിടെ പറയാറുണ്ടായിരുന്നത്. വീട് പിന്നീട് പൊതു പ്രയോഗമായി മാറി. ഇത് എന്റെ നിരീക്ഷണമാണ്, ഗവേഷണം നടത്തി സ്ഥാപിക്കപ്പെട്ടതൊന്നുമല്ല. പിൽക്കാലത്ത് മുസ്ലിം വീടുകൾ നിലനിന്ന ചില പറമ്പുകളിൽ, പഴയ പൂജാ സ്ഥലങ്ങളുടെ അവശിഷ്ടങ്ങളൊക്കെ ഉണ്ടായിരുന്നു. സന്ധ്യാസമയത്തും മറ്റും ഭക്ഷണ സാധനങ്ങൾ നൈവേദ്യമായി സമർപ്പിച്ചിരുന്ന ഇത്തരം പൂജാ സ്ഥലങ്ങൾക്ക് 'പതി' എന്നാണ് പറഞ്ഞിരുന്നത്. ഇങ്ങനെ സമർപ്പിക്കുന്ന ഭക്ഷണം പിശാച് വന്ന് ഭക്ഷിച്ചു പോകും എന്ന വിശ്വാസവും ചിലർക്ക് ഉണ്ടായിരുന്നു. ഹിന്ദു കുടുംബങ്ങൾ ഇസ് ലാം സ്വീകരിച്ചാണ് പിൽക്കാലത്തെ പല മുസ്ലിം തറവാടുകളും ഉണ്ടായത് എന്നതിലേക്കുള്ള സൂചനയാവാം ഇത്; ചിലത് മുസ് ലിംകൾ വിലയ്ക്ക് വാങ്ങിയതുമാകാം.
അറിയപ്പെടുന്ന പണ്ഡിത കുടുംബമായിരുന്നില്ല ഞങ്ങളുടേത്. ദീനീ വിദ്യാഭ്യാസം നേടിയ ചിലരൊക്കെ പൂർവിക കുടുംബ കണ്ണികളിൽ ഉണ്ടായിരിക്കാം. അതേ സമയം, ദീനീബോധമുള്ള കുടുംബമായിരുന്നു; ഞങ്ങളുടെ ഉപ്പ നല്ലൊരു ഭക്തനും. ഹുസൈൻ കുഞ്ഞി എന്നാണ് ഉപ്പയുടെ പേര്. കച്ചവടമായിരുന്നു ഉപജീവന മാർഗം. എനിക്ക് നാല് വയസ്സുള്ളപ്പോൾ ഉപ്പ മരണപ്പെട്ടു. ഉപ്പയുടെ മുഖം കണ്ട ഓർമയുണ്ട്, ആ സമയത്ത് അദ്ദേഹം രോഗിയായിരുന്നു. ഉപ്പ കട്ടിലിൽ ഇരുന്ന്, കാൽ കട്ടിലിൽ കുത്തനെ കയറ്റിവെച്ച് കരിങ്ങാലിയുടെ ചായ (പാൽച്ചായ) കുടിക്കുന്നതാണ് ഉപ്പയെക്കുറിച്ച് എനിക്ക് ആകെയുള്ള ഓർമ. ഉപ്പയുടെ മുഖം എന്റെ മനസ്സിൽ തെളിയുന്നില്ല. ഉപ്പുപ്പയുടെ നാട് എവിടെയാണെന്നും കൃത്യമായി അറിയില്ല. ഉപ്പ, ചെമ്മനാട് കളത്തിൽ വീട്ടിൽ വന്ന് വിവാഹം കഴിക്കുകയായിരുന്നു. കാസർകോടിനടുത്ത എടനീരും ഏരിയാലും ബന്ധുക്കൾ ഉള്ളതായി അറിയാം.
കളത്തിൽ വീട്ടിലെ അംഗമായ എന്റെ ഉമ്മ ആഇശ ഭക്തയും ധർമിഷ്ഠയുമായിരുന്നു. വലിയ പരോപകാരിയായിരുന്നു. 'അയ്്ച്ബു' എന്നാണ് നാട്ടുകാർ ഉമ്മയെ വിളിച്ചിരുന്നത്. കളത്തിൽ വീട്ടിൽ കുഞ്ഞമ്മാലിച്ച എന്നാണ് ഉമ്മയുടെ ഉപ്പാന്റെ പേര്. ഉമ്മാക്ക് രണ്ട് സഹോദരൻമാരും ഒരു ജ്യേഷ്ഠത്തിയും ഒരു അനിയത്തിയുമുണ്ടായിരുന്നു. ഉപ്പ ആദ്യം വിവാഹം കഴിച്ചത് ഉമ്മയുടെ ജ്യേഷ്ഠത്തിയെയാണ്. അതിൽ, ഉപ്പക്ക് രണ്ട് മക്കളുണ്ടായിരുന്നു. അവർ മരിച്ചപ്പോഴാണ്, ഭാര്യയുടെ അനിയത്തിയെ അഥവാ എന്റെ ഉമ്മയെ കല്യാണം കഴിച്ചത്. ജ്യേഷ്ഠത്തി മരിച്ചപ്പോൾ എന്റെ ഉമ്മയാണ് മക്കളെ നോക്കിയിരുന്നത്. ആ മക്കളെ പരിചരിക്കാൻ കൂടുതൽ നല്ലത് എന്ന നിലക്ക് അനിയത്തിയെ കല്യാണം കഴിക്കുകയായിരുന്നു. അക്കാലത്ത് ഇതൊക്കെ സാധാരണമായിരുന്നല്ലോ.
കച്ചവടവും ചപ്പ് കൃഷിയും
1935 സെപ്റ്റംബർ 10-നാണ് എന്റെ ജനനം. ഞാൻ പഠിച്ച എൽ.പി സ്കൂളിലെ പ്രധാന അധ്യാപിക ജാനകി ടീച്ചർ രേഖപ്പെടുത്തിയ തീയതിയാണിത്. അക്കാലത്ത് പൊതുവിൽ ജനന തീയതി കൃത്യമായി രേഖപ്പെടുത്തുന്ന പതിവ് ഇല്ലായിരുന്നല്ലോ.
കായ്്ചയാണ് ഞങ്ങളിൽ മൂത്തയാൾ. പിന്നെ യഥാക്രമം മഹമൂദ്ച്ച, ചെർച്ച, വലിയ മൂഅ (പെങ്ങൾ), ചെറിയ മൂഅ. അതിനുശേഷം, മരിച്ചുപോയ ഒരാൾ. ഇത്രയും പേർ കഴിഞ്ഞാണ് ഞാൻ. മഹമൂദ്ച്ച സിലോണിലായിരുന്നു. അനുജൻ കുഞ്ഞിപ്പ എന്ന് വിളിക്കുന്ന കുഞ്ഞമ്മാലി ആലിയയിൽ ചേർന്ന് കുറച്ചുകാലം പഠിച്ചു, പിന്നെ നിർത്തി. എന്റെ മക്കൾ ചെറിയ കുഞ്ഞിമ എന്ന് വിളിക്കുന്ന പെങ്ങൾ മറിയമ്മ ധാരാളം വായിക്കുമായിരുന്നു. എളയാന്റെ പുസ്തകങ്ങളും ഖുർആൻ തർജമയും അൽമനാർ മാസികയുമൊക്കെ സ്ഥിരമായി വായിച്ച് മറിയമ്മ മുജാഹിദ് ചിന്താഗതിക്കാരിയായി.
അതിസമ്പന്നം ആയിരുന്നില്ലെങ്കിലും നല്ല നിലയിൽ ജീവിക്കാൻ ശേഷിയുള്ള കുടുംബമായിരുന്നു ഞങ്ങളുടേത്. ഉപ്പാക്ക് ചെറിയൊരു കച്ചവടമുണ്ടായിരുന്നു- ഒരു പലചരക്കു കട. ജ്യേഷ്ഠൻ കായ്്ച ചപ്പിന്റെ കൃഷി ചെയ്യും, പുകയിലക്കാണ് ചപ്പ് എന്ന് പറയുക. പള്ളിക്കര മുതൽക്കങ്ങോട്ടാണ് കാര്യമായ ചപ്പ് കൃഷി ഉണ്ടായിരുന്നത്. വലിയ അധ്വാനമുള്ള കൃഷിയാണത്. ചപ്പിന് ദിവസേന രണ്ടുമൂന്നു പ്രാവശ്യം നനയ്ക്കണം. സുബഹി കഴിഞ്ഞ് അതിരാവിലെ വെള്ളമൊഴിച്ചാൽ പിന്നെ പത്തു മണിക്കും വൈകുന്നേരവും നനയ്ക്കണം. ഒരിക്കൽ ചപ്പ് കൃഷി സർക്കാർ ഏറ്റെടുത്തു. എന്നാൽ ഒരൊറ്റ വർഷം കൊണ്ട് ഗവൺമെന്റ് അത് മതിയാക്കി! സർക്കാർ ഓഫീസ് പോലെ നിശ്ചിത സമയത്ത് മാത്രം തുടങ്ങിയും മതിയാക്കിയും ചെയ്യാവുന്ന ജോലിയല്ലല്ലോ ചപ്പ് കൃഷി!
കായ്്ച ചപ്പ് കൃഷി ചെയ്തത് പിലാവിന്റടിയിലെ കണ്ടത്തിലാണ് (വയലിൽ). ഒരു വർഷം മാത്രമേ ചപ്പ് കൃഷി ചെയ്തുള്ളൂ. ചപ്പിന്റെ വിളവെടുപ്പും ശ്രമകരമാണ്. വീടിന്റെ മുറ്റത്ത് പന്തലിട്ട് അതിൽ ചപ്പ് കെട്ടിത്തൂക്കും. കളത്തിൽ വീട്ടിൽ വീട്ടുമുറ്റത്ത് നിറയെ ചപ്പിന്റെ പന്തലായിരുന്നു. ചപ്പ് തണ്ടോടെ, മുരടോടെ, ഇലയോടെയാണ് കെട്ടിത്തൂക്കുക. ഉണങ്ങി പാകമാകുമ്പോൾ മണം വരും. ഉണങ്ങിയാൽ ഇലയെല്ലാം തണ്ടിൽനിന്നെടുത്ത് മാച്ചി പോലെയാക്കി ഓലയിൽ വെച്ച് വലിയ വണ്ണത്തിൽ, ഒരാൾ വലുപ്പത്തിൽ ചുരുട്ടിക്കെട്ടും, തണ്ട് ഒഴിവാക്കും, തണ്ട് നല്ല വളമാണ്. കെട്ടുകളാക്കിയ ചപ്പ് വിൽക്കാൻ കുന്താപുരത്തേക്കും ഉഡുപ്പിയിലേക്കും കൊണ്ടുപോകും. അവയായിരുന്നു ചപ്പ് വ്യാപാരത്തിന്റെ കേന്ദ്രങ്ങൾ. കായ്്ച ഇടക്ക് കിഴങ്ങ് കൃഷിയും ചെയ്തിരുന്നു. ഞാനന്ന് വയലിൽ കാവൽ കിടന്ന് ഉറങ്ങിയ ഓർമയുണ്ട്.
വെള്ളപ്പൊക്കം
പിന്നീടൊരിക്കൽ വലിയൊരു വെള്ളപ്പൊക്കത്തിൽ ഈ വയലുകൾ ഉൾപ്പെടെ പ്രദേശമൊന്നാകെ മുങ്ങിപ്പോയിരുന്നു. 1956-ലാണ് സംഭവം. തയ്യാൾപ്പ്, പുതിയാൾപ്പ്, തോട്ടം, ചിറാക്കൽ ഭാഗങ്ങളിൽ പുഴയിൽനിന്ന് വെള്ളം പറമ്പ് കടന്ന് പുറത്തേക്ക് ചാടി നാട്ടിൽ ഭയങ്കരമായി വെള്ളം കയറി. ആ ശക്തമായ വെള്ളപ്പൊക്കത്തിൽ മറ്റു പല ഭാഗങ്ങളിൽനിന്നും പുഴവെള്ളം വയലിലേക്ക് മറിഞ്ഞിരുന്നു. ഞങ്ങളുടെ വീടിന് നല്ല ഉയരമുള്ള കോലായമായിരുന്നു. കുച്ചിൽപ്പർത്ത് (അടുക്കള ഭാഗത്ത്) കോലായം മുങ്ങി, കൊട്ടിൽപ്പർത്ത് (ഉമ്മറം- മുൻഭാഗം) മുങ്ങിയില്ല. കളത്തിൽ വീട്ടിൽ വെള്ളമെത്തുമ്പോഴേക്കും നാട് മുഴുവൻ വെള്ളത്തിൽ മുങ്ങിയിരിക്കും! ഞങ്ങളുടെ വീടിന്റെ അകത്ത് വെള്ളം കയറിയില്ലെങ്കിലും, ഒരുപാട് പേരുടെ വീടുകൾ വെള്ളത്തിൽ മുങ്ങി. വീട്ടിൽ വെള്ളം കയറിയ ആളുകളെ തോണിയിൽ സുരക്ഷിത സ്ഥലങ്ങളിൽ കൊണ്ടുപോയി താമസിപ്പിക്കാൻ മാഹിൻ ശംനാടായിരുന്നു മുന്നിൽ. ഞങ്ങളുടെ വീട്ടുകാരെയൊക്കെ അദ്ദേഹം നിർബന്ധിച്ച് അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. മുണ്ടാംകുളത്തെ ആ പഴയ വലിയ വീട്ടിൽ ഒന്നോ രണ്ടോ ദിവസം ഞങ്ങൾ താമസിച്ചു.
കടവത്ത് കൗവ്വലിൽ വലിയൊരു മഞ്ചുവിന്റെ (ഉരു) നിർമാണം പുരോഗമിക്കുന്ന സമയമായിരുന്നു അത്. മാമ്പിച്ചാന്റെ വലിയുപ്പ കടവത്ത് അസിനാർച്ചയാണ് മഞ്ചു ഉണ്ടാക്കിച്ചിരുന്നത്. വളരെ വലിയ പണച്ചെലവുള്ളതാണ് മഞ്ചു / ഉരു നിർമാണം. അമ്പതിനായിരം രൂപയോ മറ്റോ ആണെന്ന് തോന്നുന്നു അന്ന് അതിന്റെ മുതൽമുടക്ക്. അന്നത്തെ അമ്പതിനായിരമെന്നാൽ ഇന്നത്തെ അഞ്ചുകോടിയൊക്കെ ആകുമായിരിക്കും. ഒരുപക്ഷേ, അതിലും കൂടുതൽ. നിർമാണം പൂർത്തിയാകാൻ ഒരുപാട് കാലമെടുക്കും. ആ സമയത്താണ് ഇപ്പറഞ്ഞ ഭയങ്കര വെള്ളപ്പൊക്കം. വെള്ളത്തിൽ മഞ്ചു ഒഴുകിപ്പോയി. ഒരുപാട് പേർ ചേർന്ന്, വടമൊക്കെ കെട്ടിയാണ് അത് രക്ഷപ്പെടുത്തി, പിടിച്ചുകെട്ടി കൊണ്ടുവന്നത്. വെള്ളമിറങ്ങിയപ്പോൾ വയലുകളൊക്കെ ആകെ മണൽ നിറഞ്ഞ് മൂടിപ്പോയിരുന്നു. കടവത്ത് മുതൽ അങ്ങേയറ്റത്ത് വയൽ തീരുന്നതുവരെയും മണൽ മൂടിയിരുന്നു. ഇന്ന് ചെമ്മനാട് 'മണൽ' എന്ന് വിളിക്കുന്ന ഭാഗത്ത് ജാഗെ പറ്റെ (വയൽ മുഴുക്കെ) മണലിൽ മുങ്ങി വലിയ മൈതാനമായി മാറിയിരുന്നു. കൃഷിയൊക്കെ അപ്പാടെ മണലിൽ മൂടിപ്പോയി. നിലം തീരെ കാണാനില്ലായിരുന്നു. അങ്ങ് കോളിയാട്ടോളം കൃഷി അങ്ങനെ തന്നെ നശിച്ചു. ഒന്നും ബാക്കിയുണ്ടായിരുന്നില്ല. അത്രയും വലിയ വെള്ളപ്പൊക്കമായിരുന്നു അത്.
കാസർകോട്ടെ മാപ്പിളക്കവി മൊരാൽ ആമുച്ച (മൊഗ്രാൽ അഹ്മദ്) 'ബെള്ളത്തിന്റെ പാട്ടിൽ'പഴയൊരു വെള്ളപ്പൊക്കത്തിന്റെ ദുരിതം വിവരിച്ചത് കാണാം:
'സൗത്ത് കാനറ ജില്ലയിൽ വന്നൊരു വെള്ളപ്പൊക്കം
കൊണ്ടുണ്ടായൊരു നാശം
നഷ്ടം കഷ്ടം ചിന്താനം തന്നേ….
ഇക്കുറിപോലൊത്തൊരു മലവെള്ളം
സാക്ഷാൽ ഇതിന് മുമ്പ് ഒരിക്കലും
വന്നതും കണ്ടതും കേട്ടതും ഇല്ല
വയസ്സന്മാരും ചിന്തുന്നേ..
ഖൗലും ഫിഅഃലാലും പല കൽപ്പന
ആകാവലംഘിച്ച്
ഇന്നല്ലേ ചന്നല്ലേ
അനവധി നനകളും കൃഷിയും വീടും
തമർന്നു താനേ…. '
പെൺസ്കൂളിൽ
വിദ്യാഭ്യാസത്തിൽ താൽപര്യമുള്ള കുടുംബമായിരുന്നു കളത്തിൽ വീട്. മുതിർന്ന രണ്ട് ജ്യേഷ്ഠൻമാർക്ക് കൂടുതൽ വിദ്യാഭ്യാസം നേടാൻ കഴിഞ്ഞിരുന്നില്ലെങ്കിലും, എന്റെ നേരെ ജ്യേഷ്ഠൻ എസ്.എസ്.എൽ.സി വരെ പഠിച്ചിരുന്നു. 1940-കളിൽ അതൊരു നേട്ടം തന്നെയാണല്ലോ. കാസർകോട് ബോർഡ് ഹൈസ്കൂളിൽനിന്നാണ് എസ്.എസ്.എൽ.സി പഠനം പൂർത്തിയാക്കിയത്. ഗവണ്മെന്റ് ഹിന്ദു ബോർഡ് സ്‌കൂൾ എന്നോ മറ്റോ ആയിരുന്നു സ്‌കൂളിന്റെ പേര്. ഞങ്ങളുടെ വീടിന്റെ അടുത്ത് തന്നെയുള്ള ചെമ്മനാട് ഗേൾസ് സ്കൂളിലാണ് ഞാൻ അഞ്ചാം ക്ലാസ് വരെ പഠിച്ചത്. അന്ന് പ്രൈമറി സ്കൂളുകൾ അഞ്ചാം ക്ലാസ് വരെയാണ് ഉണ്ടായിരുന്നത്. ഗേൾസ് സ്കൂളായിരുന്നെങ്കിലും, ചുരുക്കം ചില ആൺകുട്ടികളും അവിടെ പഠിച്ചിരുന്നു. എന്റെ ക്ലാസിൽ ആൺകുട്ടിയായി ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സി. മഹമൂദ്, സി.എച്ച് മുഹമ്മദ്, നാഗത്തിന്റടീലെ അബ്ബാസ്, എൻ. മുഹമ്മദ് ഉമരി തുടങ്ങിയവരൊക്കെ അന്ന് സ്കൂളിലുണ്ടായിരുന്നു.
ക്ലാസുകൾ വെവ്വേറെ തിരിച്ചിട്ടൊന്നും ഉണ്ടായിരുന്നില്ല. കർട്ടനുകളോ റൂമുകളോ ഒന്നും ഇല്ലായിരുന്നു. ബെഞ്ചുകൾ മാറ്റിയിട്ടിട്ട് ഇത് ഒന്ന്, ഇത് രണ്ട്, ഇത് മൂന്ന്.. അങ്ങനെയാണ്.
സി.ടി മുഹമ്മദിന്റെ (മുഹമ്മദുച്ച) ചെറിയ മകൾ ദൈനു (സൈനബ), മുണ്ടാങ്കുലത്തെ പോക്കുച്ചാന്റെ ഒരു മകൾ, ഹാരിസ് ശംനാടിന്റെയും ബഷീർ ശംനാടിന്റെയുമൊക്കെ പെങ്ങൾ ഫകൃച്ചി, (ഫക്രുന്നിസ എന്നോ മറ്റോ ആയിരിക്കും പേര്), പൊയിനാച്ചി കുട്ടിന്ച്ചാന്റെ മകൾ ബീവി, കാദർ കുന്നിലിന്റെ ഉമ്മ, കണ്ടത്തിൽ ബീഫാത്തിമ തുടങ്ങിയവരൊക്കെ എന്റെ ക്ലാസ്സ്‌മേറ്റ് ആയിരുന്നു. ഇവരിൽ എന്റെ കൂടെ പഠിച്ച സൈനബ് മാത്രമാണ് ഇപ്പോൾ ജീവിച്ചിരിപ്പുള്ളത്. ഞാൻ പഠിക്കുന്ന കാലത്ത് അധികവും ഒരു ടീച്ചർ മാത്രമാണുണ്ടായിരുന്നത്. പിന്നീട് പൂവ്യ ടീച്ചർ ട്രെയിനിങ് ഒക്കെ കഴിഞ്ഞ് വന്നു, അവിടെ അധ്യാപികയായി.
ഫാത്തിമാ ബീവി എന്നാണ് പൂവ്യ ടീച്ചറുടെ പേര്. ചെമനാട് കോയക്കുട്ടിച്ചയുടെ മകളാണ്. 1940-കളിൽ ചെമനാട് പ്രദേശത്തെ ആദ്യത്തെ മുസ്ലിം അധ്യാപികയായിരുന്നു അവർ.
1946-ൽ അഞ്ചാം ക്ലാസ് പൂർത്തിയായപ്പോൾ, തുടർന്ന് പഠിക്കാൻ എനിക്കും പഠിപ്പിക്കാൻ ജ്യേഷ്ഠനും ആഗ്രഹമുണ്ടായിരുന്നു. ചെമ്മനാട്ട് യു.പിയോ ഹൈസ്കൂളോ അന്ന് ഉണ്ടായിരുന്നില്ല. അതേ വർഷമാണ് കാസർകോട് തളങ്കരയിൽ മുസ്ലിം ഹൈസ്കൂൾ പ്രവർത്തനമാരംഭിക്കുന്നത്. പ്രതീക്ഷകളോടെ എന്നെയും കൂട്ടി ജ്യേഷ്ഠൻ ഹൈസ്കൂളിൽ അഡ്മിഷൻ എടുക്കാൻ പോയി. പക്ഷേ, വിദ്യാഭ്യാസത്തിൽ പൊതുവെ താൽപര്യം ഉണർന്നുവരുന്ന ആ കാലത്ത്, പുതുതായി തുടങ്ങിയ സ്കൂളിൽ സീറ്റുകൾ പെട്ടെന്നു തന്നെ പൂർത്തിയായിരുന്നു. എം.എ ഖാലിദ്, സി.എൽ മാഹിൻച്ച തുടങ്ങി ചെമ്മനാട്ടു നിന്ന് കുറേപ്പേർ അവിടെ പോയി ചേർന്നിട്ടുണ്ടായിരുന്നു. സീറ്റ് ഫുള്ളായത് കാരണം ആ വർഷം അഡ്മിഷൻ കിട്ടാൻ വഴിയൊന്നും ഉണ്ടായിരുന്നില്ല. തലശ്ശേരി സ്വദേശി ബപ്പൻകുട്ടി മാസ്റ്ററായിരുന്നു അന്നവിടെ ഹെഡ്്മാസ്റ്റർ. 'ക്ലാസിൽ സ്ഥലമില്ല, സൗകര്യമില്ല, ഈ വർഷം പ്രവേശനം തരാൻ യാതൊരു വഴിയുമില്ല. ഈ വർഷം ട്യൂഷനു പോയി, അടുത്ത വർഷം വന്നാൽ സെക്കന്റ് ഫോമിൽ ചേരാം' എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ നിരാശയോടെ ഞങ്ങൾ അവിടെ നിന്ന് മടങ്ങി. l
(തുടരും)