എനൻറെ പ്രബോധനം

പ്രബോധനവുമായി എനിക്കുള്ള ബന്ധം ഹൈ സ്‌കൂൾ പഠന കാലത്ത് ( 1970-73) ആരംഭിക്കുന്നു. വായനക്കാരനായല്ല, വിതരണക്കാരനായിട്ടായിരുന്നു തുടക്കം. വാണിമേലിൽ അന്നു പണം കൊടുത്തു പ്രബോധനം വാങ്ങുന്ന 41 പേർക്ക് പത്രം എത്തിക്കുകയായിരുന്നു എന്റെ ചുമതല. എല്ലാ വെള്ളിയാഴ്‌ചകളിലും ജുമുഅക്ക് മുമ്പേ വയൽ പീടികയിലെ തപ്പാൽ ആപ്പീസിൽ എത്തണം. കല്ലാച്ചി സബ് പോസ്റ്റ് ഓഫീസിൽനിന്നു വരുന്ന തപ്പാൽ ഉരുപ്പടികളിൽ ഈയിടെ നാഥങ്കലേക്കു മടങ്ങിയ ടി. മൂസ സാഹിബിന്റെ പേരിൽ വരുന്ന പ്രബോധനത്തിന്റെ കെട്ടുമുണ്ടാകും. ജുമുഅ നമസ്കാരം കഴിഞ്ഞ ഉടനെ ഞാൻ പുറത്തിറങ്ങി വരിക്കാർക്ക് പത്രം വിതരണം ചെയ്തു തുടങ്ങും. ഭൂമിവാതുക്കൽ എത്തിക്കാനുള്ള ഏതാനും കോപ്പികളുമായി വൈകിട്ട് വീണ്ടും ഇറങ്ങും. അതു കൂടി കഴിഞ്ഞാൽ പത്രം പൊതിഞ്ഞു വന്ന ബ്രൗൺ പേപ്പറുമായി ഞാൻ വീട്ടിലേക്ക് മടങ്ങുകയായി (എന്റെ പാഠപുസ്തകങ്ങൾ പൊതിയിട്ടിരുന്നത് ആ ബ്രൗൺ കടലാസ്സ് കൊണ്ടായിരുന്നു!).

വിതരണത്തോടൊപ്പം വായന തുടങ്ങുന്നതും അക്കാലത്തു തന്നെ. പ്രബോധനം വായന ഹരമായി മാറിയപ്പോൾ വിതരണം പൂർത്തിയാക്കുന്നതിനു മുമ്പേ വായിച്ചു തീർക്കുകയും പതിവായി. മുജീബിന്റെ 'ചോദ്യോത്തര' പംക്തിയിൽനിന്നാണ് തുടങ്ങുക. ഒന്നാം പേജിലെ 'നിരീക്ഷക'ന്റെ കോളവും ഉൾപ്പേജിലെ 'വീക്ഷണ വിശേഷങ്ങളും' തുടർന്ന് മുഖപ്രസംഗം, വാർത്തകൾ, ലേഖനങ്ങൾ എന്ന ക്രമത്തിലായിരുന്നു വായന.

സൈനബുൽ ഗസ്സാലിയുടെ 'ജയിൽ അനുഭവങ്ങളും' ഒ.പി അബ്ദുസ്സലാം മൗലവിയുടെ 'സാമ്പിയൻ സ്മരണകളും' പ്രസിദ്ധീകരിച്ചു വന്ന നാളുകളിൽ ആദ്യ വായന അതായിരുന്നു.
സ്വന്തം പേര് ആദ്യമായി അച്ചടി മഷി പുരണ്ടതും പ്രബോധനത്തിൽ തന്നെ. 'മുജീബി'നോട് ചോദ്യങ്ങൾ ചോദിച്ചായിരുന്നു തുടക്കം. ചേന്ദമംഗല്ലൂർ ഇസ്വ്്ലാഹിയയിലെ പഠനകാലത്ത് അവിടെ ലൈബ്രറിയിൽ ലഭിച്ചിരുന്ന Illustrated Weekly, Sunday, Onlooker, Arab News തുടങ്ങിയ ആനുകാലികങ്ങളിൽ വരുന്ന ലേഖനങ്ങൾ വിവർത്തനം ചെയ്തു അയച്ചു തുടങ്ങി. മറ്റു പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങൾ എഴുതി അയക്കാനുള്ള ധൈര്യം പകർന്നത് ഇസ്വ്്ലാഹിയയിലെ ഈ അനുഭവമാണ്.