നോക്കൂ,
നമ്മുടെ വീട് ഇന്നില്ല
അവിടെ മലപെറ്റ
പുഴയൊഴുകുന്നുണ്ട്.
നാമുറങ്ങാൻ വിരിച്ച രാവ്
മഴയിൽ കുതിർന്നു കിടക്കുന്നു.
ആ രാവിനെ പിഴിഞ്ഞാൽ
നമ്മുടെ നിലവിളികൾ
തുള്ളിയായ് ഇറ്റിയേക്കാം.
നാമുരുട്ടിക്കയറ്റിവെച്ച
ഉരുളിനോളം പോന്ന കിനാവുകൾ
ഇടറിവീണേക്കാം.
നിന്റെ കൈയോ കാലോ
എന്റെ പാതിമുറിഞ്ഞ
ഉടലോ ഏന്തി
ചാലിയാർ വേച്ചുനടക്കുന്നുണ്ട്.
നമ്മുടെ കുട്ടികൾ
നോട്ടുബുക്കിൽ
ക്രയോണിനാൽ വരഞ്ഞ
കൊച്ചു കൊച്ചു അരുവികൾ
ചാലിയാറിൽ വന്നുമുട്ടുന്നുണ്ട്.
അവർ വരച്ച
മലയും മാമരങ്ങളും
സഹ്യാദ്രിയെ ഇറുകിപ്പുണരുന്നുണ്ട്.
അത് തുരക്കാനൊരു
ബുൾഡോസറിനേയും
അവരുടെ ക്രയോണുകൾ
കടത്തിവിട്ടിട്ടുണ്ടാവില്ല.
എന്നോ വരച്ചിട്ട
കാട്ടുവള്ളികളിൽ തൂങ്ങി
ആകാശത്തേക്ക് കയറിപ്പോകുന്നുണ്ട്
അവരുടെ കുട്ടിക്കാലം.
ഒഴുക്കിന്റെ
പാതിവഴിയിൽ
അതോ ഏതെങ്കിലും കടവിലോ
മിടിപ്പൊഴിഞ്ഞ പ്രാണനായിട്ടെങ്കിലും
നാമിനി കണ്ടുമുട്ടുമോ?
മീൻവിശപ്പിന് നമ്മുടെ
വ്രണങ്ങളെ വേണ്ട
നമ്മുടെ പൈതങ്ങളുടെ
തുറിച്ച കണ്ണുകളിൽ കൊത്തേണ്ട.
മീനുകളോട്
പുഴയുടെ
ശാസനമായിരിക്കുമോ അത്?
നോക്കൂ,
നമ്മുടെ വീട് ഇന്നില്ല
നമ്മുടെ തൊടിയില്ല
നമ്മുടെ ഗന്ധമില്ല.
നാമുണ്ട്
ജീവിച്ചിരിക്കുന്നവരുടെ
തുളുമ്പിയ കൺതടാകത്തിലെ
പരൽമീനുകളായി,
ഓർമകളിലെ
ഉരുൾപൊട്ടാത്ത മലയായി
മാമരങ്ങളായി….
ക്രയോൺ കൊണ്ട് വരച്ച
മലയിൽ ഇപ്പോഴും
മഴ ചാറുന്നുണ്ട്.
l