കുടുംബം

''എന്റെ ഭര്‍ത്താവ് മക്കളുടെ മുന്നില്‍ വെച്ച് എന്നെ അപമാനിക്കുന്നു, നിന്ദിച്ചു സംസാരിക്കുന്നു, അവഹേളിക്കുന്നു. എന്നോട് ആദരപൂര്‍വം സംസാരിക്കണമെന്നും കുട്ടികളുടെ മുന്നില്‍ വെച്ച് എന്നെ കൊച്ചാക്കി സംസാരിക്കരുതെന്നും പലവട്ടം അദ്ദേഹത്തെ ഉണര്‍ത്തിയെങ്കിലും, എന്റെ അഭ്യര്‍ഥനക്ക് അദ്ദേഹം ചെവികൊടുക്കുന്നേയില്ല. പത്തു കൊല്ലമായി ഞങ്ങള്‍ വിവാഹിതരായിട്ട്. മൂന്ന് മക്കളുണ്ട്. എന്നെ ഈ വിധം നിന്ദിക്കുന്നത് കണ്ട് മക്കള്‍ക്കും പിതാവിനോട് വെറുപ്പാണ്. ഈ പ്രതിസന്ധിയില്‍നിന്ന് കരേറാന്‍ എന്തുണ്ട് പരിഹാരം?''
ഹതഭാഗ്യയായ ആ സ്ത്രീ തന്റെ ഭര്‍ത്താവില്‍നിന്ന് നേരിടുന്ന അനുഭവങ്ങള്‍ എന്നോട് വിവരിച്ചു.


ഞാന്‍: ''നിങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പോലെയുള്ള പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കുന്ന സ്ത്രീകളുടെ കാര്യത്തില്‍, വിജയിച്ച ചില നിര്‍ദേശങ്ങള്‍ നിങ്ങള്‍ക്കും നല്‍കാം. ഒടുവില്‍, നിങ്ങളുടെ ഭര്‍ത്താവ് ഈ വിധം പെരുമാറാനുള്ള കാരണമെന്തായിരിക്കുമെന്നും ഞാന്‍ പറഞ്ഞു തരാം.''
ഞാന്‍: ''ഭര്‍ത്താവ് രോഷാകുലനാവുകയും മക്കളുടെ മുന്നില്‍ നിങ്ങളെ ഇകഴ്ത്തി സംസാരിക്കുകയും നിന്ദിക്കുകയും ചെയ്യുമ്പോള്‍ വളരെ മയത്തിലും സൗമ്യമായും ശാന്തമായും വേണം നിങ്ങള്‍ അദ്ദേഹത്തോട് ഇടപെടുന്നത്. നിങ്ങളുടെ ഈ പെരുമാറ്റ രീതിയും സംസാര ശൈലിയും ശാന്തനാകാന്‍ അയാളെ പ്രേരിപ്പിച്ചേക്കും.''
''രണ്ടാമത് നിങ്ങള്‍ ചെയ്യേണ്ടത്, അയാളെ ശാന്തമായി മനസ്സിലാക്കി കൊടുക്കുക. നിങ്ങളുടെ ഈ രീതി എനിക്ക് അങ്ങേയറ്റം പ്രയാസവും മനഃക്ലേശവും ഉണ്ടാക്കുന്നുണ്ട്. കുട്ടികളുടെ ഭാവിയെ ഇത് പ്രതികൂലമായി ബാധിക്കും. ഈ സംസാരത്തിലൂടെ അയാളുടെ പെരുമാറ്റത്തില്‍ മാറ്റമുണ്ടായേക്കാം.

മൂന്നാമതായി നിങ്ങള്‍ക്ക് അവലംബിക്കാവുന്ന മാര്‍ഗം, അയാളുടെ കോപത്തിനും ഭീഷണിക്കും അവഹേളനത്തിനും നിങ്ങളുടെ സമീപനങ്ങളും പെരുമാറ്റവും കാരണമാകുമെന്നുണ്ടോ എന്ന് സ്വയം പരിശോധിക്കുകയാണ്. അത്തരം കാരണങ്ങളുണ്ടെങ്കില്‍ അവ ഇല്ലാതാക്കാന്‍ നിങ്ങള്‍ ശ്രമിക്കണം. ഒരുവേള അയാളുടെ ഈ സമീപനത്തില്‍ അല്‍പം ശമനം വന്നേക്കാം.

നാലാമത് പരീക്ഷിക്കാനുള്ളത്, അയാള്‍ രോഷാകുലനാകുമ്പോള്‍ ആ ഇടത്തുനിന്ന് മാറി മറ്റൊരിടത്ത് നിങ്ങള്‍ പോയി ഇരിക്കുക എന്നതാണ്. കണ്ണില്‍ നിന്നകന്നാല്‍ ചിലപ്പോള്‍ അയാള്‍ ശാന്തനായേക്കാം. പക്ഷേ, ഒരു കാര്യം ഓര്‍ക്കണം. ചില പുരുഷന്മാര്‍ നേരെ തിരിച്ചായിരിക്കും. നിങ്ങള്‍ അവരുടെ കണ്‍വെട്ടത്തുനിന്ന് മാറിനിന്നാല്‍ അവരുടെ കോപതാപങ്ങള്‍ കൂടും.

അഞ്ചാമത്, ഈ രീതികളൊന്നും ഫലിക്കുന്നില്ലെങ്കില്‍ ബാഹ്യമായ ഇടപെടല്‍ പ്രയോജനപ്പെട്ടേക്കും. അയാളുടെ ഉമ്മ, സഹോദരങ്ങള്‍, കൗണ്‍സലിംഗ് വിദഗ്ധന്‍ തുടങ്ങി ആരെയെങ്കിലും അയാളുടെ പെരുമാറ്റത്തിലെ അപകടം ബോധ്യപ്പെടുത്തിയാല്‍ അയാള്‍ മാറി ചിന്തിച്ചേക്കും. നിങ്ങളോട് മാന്യമായി പെരുമാറാന്‍ ശ്രമിച്ചെന്നും വരാം.

ആറാമത്, നിങ്ങള്‍ ആത്മവിശ്വാസം കൈവിടാതെ നോക്കുകയാണ്. നിങ്ങളുടെ വ്യക്തിത്വം ബലഹീനമാവാന്‍ അയാളുടെ പെരുമാറ്റം ഹേതുവാകാതെ നോക്കേണ്ടത് നിങ്ങളുടെ കര്‍ത്തവ്യമാണ്. പ്രശ്‌നം അയാളുടേതാണെന്ന് നിങ്ങള്‍ തിരിച്ചറിയണം. അതിനാലാണ് പറയുന്നത്, നിങ്ങള്‍ നിങ്ങളുടെ മനോനില തെറ്റാതെ നോക്കണമെന്ന്.
ഏഴാമത്, കുറച്ചു കൂടിയ രീതിയാണ്. നിയമത്തിന്റെ വഴി തേടുക. അതിന്റെ ദോഷവും ഭവിഷ്യത്തും നിങ്ങള്‍ സഹിക്കേണ്ടി വരും. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിന്റെ ഭാവിയെക്കുറിച്ചും ചിന്തവേണം. ഭര്‍ത്താവിന്റെ ദോഷവശങ്ങളാണ് ഗുണത്തെക്കാള്‍ കൂടുതലെങ്കില്‍ അയാളുടെ ഉപദ്രവം കൂടിക്കൊണ്ടേയിരിക്കും. നിങ്ങളെ മക്കളുടെ മുന്നിലിട്ട് അവഹേളിച്ച് ഒന്നുമല്ലാതാക്കുന്ന രീതി തുടര്‍ന്നുകൊണ്ടേയിരിക്കും അയാള്‍.

ഈ ഏഴ് രീതികള്‍ നിങ്ങളുടെ പ്രശ്‌നം പരിഹരിച്ചേക്കാം. ഭര്‍ത്താവ് മതബോധമുള്ള വ്യക്തിയാണെങ്കില്‍ ചില ഖുര്‍ആൻ സൂക്തങ്ങളോ നബിവചനങ്ങളോ അയാളുടെ ശ്രദ്ധയില്‍ കൊണ്ടുവന്നാല്‍ ഫലപ്പെട്ടേക്കാം. ''പരസ്പരം അവഹേളിക്കരുത്; ദുഷ്‌പേരുകള്‍ വിളിക്കുകയുമരുത്, വിശ്വാസം കൈക്കൊണ്ട ശേഷം ദുഷ്‌പേരുകള്‍ വിളിക്കുകയെന്നത് അത്യന്തം മോശമായ കാര്യമാകുന്നു. ഈ ദുശ്ശീലത്തില്‍നിന്ന് പിന്മാറാത്തവര്‍ ധിക്കാരികള്‍ തന്നെയാകുന്നു'' (അല്‍ ഹുജുറാത്ത് 11). ഈ സൂക്തം അയാള്‍ കേള്‍ക്കെ ഉദ്ധരിക്കാം. മനുഷ്യന്റെ അന്തസ്സിടിക്കുന്ന പദപ്രയോഗങ്ങള്‍ ഇസ് ലാം നിരോധിച്ചിരിക്കുന്നു.

''രണ്ടു പേര്‍ പരസ്പരം ശകാരിച്ചുവെന്നിരിക്കട്ടെ, തുടങ്ങിവെച്ചവന്നാണ് കൂടുതല്‍ കുറ്റം'' എന്ന നബി വചനവും ഉണര്‍ത്താവുന്നതാണ്.
അസഭ്യവര്‍ഷവും ശകാരങ്ങളുമൊക്കെ തുടങ്ങിവെച്ചവനിലേക്കാണ് തിരിച്ച് ചെല്ലുക. രണ്ടാമന്‍ പ്രതികരിക്കുന്നില്ലെങ്കില്‍, തീര്‍ച്ചയായും എല്ലാ പാപഭാരവും അയാള്‍ പേറേണ്ടിവരും.

ഈ രീതികളൊന്നും വിജയിക്കുന്നില്ലെങ്കില്‍ എട്ടാമത്തെ ഒരു രീതിയുണ്ട്. താല്‍ക്കാലികമായ ഒരു വേറിട്ട് നില്‍ക്കല്‍. ചില പുരുഷന്മാരുടെ ദുഃസ്വഭാവം മാറ്റാന്‍ ഇത് പ്രയോജനപ്പെട്ടതായാണ് മനസ്സിലായത്.
''നിങ്ങളുടെ ഭര്‍ത്താവ്, ഈ വിധം നിങ്ങളെ അവഹേളിക്കുന്നതും നിന്ദിക്കുന്നതും നിങ്ങള്‍ക്ക് മാത്രമല്ല ദോഷം ചെയ്യുക. അത് നിങ്ങളുടെ മക്കളുടെ ഭാവിയെ ബാധിക്കും. മക്കള്‍ അസ്വസ്ഥരാകും, മനഃശാന്തി നഷ്ടപ്പെടും. വീട്ടിലെ ജീവിതം ദുഷ്‌കരമാകും. പഠനത്തില്‍ പിന്നിലാകും. അവരെ അംഗീകരിക്കുന്നില്ലെന്ന് കാണുമ്പോള്‍ അത് വൈകാരിക പ്രശ്‌നങ്ങള്‍ക്കും കാരണമാകും. അവരില്‍ അന്യതാ ബോധമുണ്ടാകും. നല്ല സാമൂഹിക ബന്ധങ്ങള്‍ ഭാവിയില്‍ ഉണ്ടാക്കിയെടുക്കുന്നതില്‍ അവര്‍ പരാജയപ്പെടും.''

എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ അവര്‍: ''നിങ്ങള്‍ പറഞ്ഞതൊക്കെ ശരിയാണ്. ഇത് മക്കളില്‍ ഞാന്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. എന്തിനാണ് എന്റെ ഭര്‍ത്താവ് എന്നോട് ഇങ്ങനെ പെരുമാറുന്നതെന്ന് എനിക്കറിഞ്ഞു കൂടാ.''
ഞാന്‍ പറഞ്ഞു: ''പല കാരണങ്ങളുണ്ടാകും. ചിലപ്പോള്‍ ആശയ വിനിമയ കഴിവില്ലാത്തവനാവാം അയാള്‍. ഒരു കാര്യം സംസാരിച്ചു ബോധ്യപ്പെടുത്താനുള്ള ശേഷിയോ നൈപുണിയോ ഇല്ലാത്തവര്‍ ശകാരത്തിന്റെയും അട്ടഹാസത്തിന്റെയും ആക്രോ ശത്തിന്റെയും വഴിയാണ് തേടുക. അല്ലെങ്കില്‍ അയാള്‍ കുട്ടിയായിരുന്ന കാലത്ത് മാതാപിതാക്കൾ ഈ രീതിയില്‍ സംസാരിച്ചതായിരിക്കും കണ്ടിരിക്കുക. അല്ലെങ്കില്‍ നിങ്ങളെ അടക്കിഭരിച്ച് തന്റെ മേധാവിത്വം സ്ഥാപിക്കാനാവും അയാള്‍ ഇങ്ങനെ പെരുമാറുന്നത്. ചിലര്‍, 'പൗരുഷ'മെന്നാല്‍ ഇതൊക്കെയാണെന്ന് ധരിച്ചുവശായിട്ടുണ്ടാവും. ഈ എട്ട് രീതികളില്‍ ഏതെങ്കിലും നിങ്ങളുടെ പ്രശ്‌ന പരിഹാരത്തിന് ഉതകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.'' l
വിവ: പി.കെ.ജെ

വിവാഹരംഗത്ത് ഇസ്്‌ലാം വരുത്തിയ വിപ്ലവത്തെ വിലയിരുത്തേണ്ടത് ജാഹിലിയ്യാ കാലത്ത് നിലനിന്ന വിവാഹ സമ്പ്രദായങ്ങളെയും രീതികളെയും പഠിച്ചു വേണം. അക്ഷരാര്‍ഥത്തില്‍ ഇരുൾ മുറ്റിയ കാലഘട്ടം തന്നെയായിരുന്നു അത്. സ്ത്രീ-പുരുഷ ബന്ധവും വിവാഹവും അതിന് അപവാദമായിരുന്നില്ല. ഇസ്്‌ലാം പരിചയപ്പെടുത്തിയ സദാചാര മൂല്യങ്ങളും ധാര്‍മിക നിഷ്ഠകളും അറബ് സമൂഹത്തെ പുതിയ അടിത്തറയില്‍ മാറ്റിപ്പണിതു. സര്‍വതല സ്പര്‍ശിയായ മാറ്റം വിവാഹരംഗത്തും ദൃശ്യമായി. ഇസ്്‌ലാമിക വിവാഹരീതിയുടെ ലാളിത്യം, സൗന്ദര്യം എന്നിവ അനുഭവവേദ്യമാക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ ചരിത്ര വായനയില്‍ തെളിഞ്ഞുവരും. 'ജാഹിലിയ്യത്തിനെ അറിയാത്തവന്‍ ഇസ്്‌ലാമിനെ അറിഞ്ഞിട്ടില്ല' എന്ന ഉമറി(റ)ന്റെ വാക്കുകള്‍ അര്‍ഥഗര്‍ഭമാണ്. ജാഹിലിയ്യാ കാലത്തെ വിവാഹരീതികള്‍ വിചിത്രമായിരുന്നു. ഇസ്്‌ലാമിക രീതിയുടെ മഹിമ അറിയാന്‍ ജാഹിലിയ്യത്തിനെ തിരിച്ചറിയണം.

അക്കാലത്തെ വിവാഹ രീതികളില്‍ ചിലത്:
നികാഹുസ്സ്വദാഖ്, നികാഹുല്‍ ബഊലാ - വിവാഹാലോചന, മഹ്്ർ, ഈജാബ്, ഖബൂല്‍ എന്നീ ഘടകങ്ങള്‍ മേളിച്ച് ഇപ്പോള്‍ സുപരിചിതമായ വിവാഹരീതി. വിവാഹത്തിന്റെ സാധുതക്കും അംഗീകാരത്തിനും മഹ് ര്‍ നിര്‍ബന്ധോപാധിയായിരുന്നു.

നികാഹുല്‍ മഖ്ത്: പിതാവ് വിവാഹമോചനം ചെയ്ത സ്ത്രീ, പിതാവിന്റെ മരണത്തോടെ വിധവയായ സ്ത്രീ- ഇവരെ മൂത്ത പുത്രന്‍ വേള്‍ക്കുന്ന രീതിയുണ്ടായിരുന്നു. അതുപക്ഷേ, സമൂഹം അഭിലഷണീയമായി കണ്ടിരുന്നില്ല. മൂത്ത സഹോദരന്‍ മരിച്ചാലും അനന്തര സ്വത്തായി സ്ത്രീയെ സ്വന്തമാക്കാം.
നികാഹുല്‍ ബദല്‍, നികാഹുല്‍ മുബാദല: മഹ്‌റില്ലാതെ പുരുഷന്മാര്‍ പരസ്പരം സ്ത്രീകളെ സ്ഥിരമായി മാറ്റി വേള്‍ക്കുന്ന രീതി. മറുത്തു പറയാന്‍ സ്ത്രീക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. അടിമസ്ത്രീകളെ പോലെ അവര്‍ ക്രയവിക്രയം ചെയ്യപ്പെട്ടു.

നികാഹുശ്ശിഗാര്‍: ഒരാള്‍ മറ്റെയാള്‍ക്ക് തന്റെ മകളെയോ സംരക്ഷണത്തിലുള്ള സ്ത്രീയെയോ മഹ്‌റില്ലാതെ വിവാഹം ചെയ്തുകൊടുക്കും. തിരിച്ച് മറ്റെയാള്‍ തന്റെ മകളെയോ സംരക്ഷണത്തിലുള്ള പെണ്‍കുട്ടിയെയോ മഹ്‌റില്ലാതെ വിവാഹം ചെയ്തു കൊടുക്കും.

നികാഹു ളഈന: യുദ്ധത്തടവുകാരിയായ സ്ത്രീയെ, വിവാഹാലോചനയോ, മഹ്‌റോ കൂടാതെ കൈവശപ്പെടുത്തിയവന്‍ വിവാഹം കഴിക്കുന്ന രീതി.
നികാഹുല്‍ മുത്അ: നിശ്ചിത അവധി വെച്ചുള്ള വിവാഹം. മഹ് ര്‍ ഇതില്‍ ഉപാധിയല്ല. അവധി അവസാനിക്കുന്നതോടെ വിവാഹബന്ധം വേര്‍പെടുന്നു.
അല്‍ ഇസ്തിബ്ളാഅ്: പരപുരുഷനില്‍നിന്ന് ഗര്‍ഭം ധരിക്കാന്‍ ഭാര്യയെ ഭര്‍ത്താവ് പറഞ്ഞയക്കും. പണവും പദവിയുമുള്ള പുരുഷന്റെ അടുത്തേക്കാണ് സാധാരണ അയക്കുക.

അല്‍ മുളാമദ: ദരിദ്രകളായ വിവാഹിതകളെ ഭര്‍ത്താക്കന്മാര്‍ സമ്പന്നരുടെ അടുത്തേക്ക് വേഴ്ചക്ക് പറഞ്ഞുവിടും. സാമ്പത്തിക സുസ്ഥിതി കൈവരിച്ചാല്‍ യഥാര്‍ഥ ഭര്‍ത്താവിന്റെ അടുത്തേക്ക് സ്ത്രീ തിരിച്ചുവരും.
അല്‍ ബിഗാഅ്: പ്രതിഫലം വാങ്ങുന്ന വേശ്യാവൃത്തി.
അല്‍ മുഖാനദ (നികാഹുര്‍റഹ്ത്): ഒരു സ്ത്രീയെ സഹോദരങ്ങളോ, ഒരു കൂട്ടം ആളുകളോ വേള്‍ക്കുന്ന ബഹുഭര്‍തൃ രീതി.

വിചിത്രമായ ഇത്തരം വിവാഹ രീതികളെല്ലാം അവസാനിപ്പിച്ച്, പരിപാവനമായ ദാമ്പത്യ ജീവിതത്തിന്റെ ഔന്നത്യത്തിലേക്ക് സമൂഹത്തെ ഉയര്‍ത്തുകയായിരുന്നു ഇസ്്‌ലാം. വിവാഹം, കുടുംബം, കുടുംബ സംരക്ഷണം, സന്താന പരിപാലനം, ഭാര്യയുടെയും ഭര്‍ത്താവിന്റെയും കടമകള്‍, അവകാശങ്ങള്‍, മാതാപിതാക്കളും മക്കളും തമ്മിലെ ബന്ധം, വിവാഹമോചനം, അനന്തരാവകാശ നിയമങ്ങള്‍- ഇങ്ങനെ സമൂഹത്തിന്റെ ഭദ്രതക്കും സുരക്ഷിതത്വപൂര്‍ണമായ നിലനില്‍പിനും ആധാരമായ നിയമങ്ങളും ചട്ടങ്ങളും ആവിഷ്‌കരിച്ചു നടപ്പാക്കി എന്നതാണ് ഇസ്്‌ലാമിന്റെ സവിശേഷത.

വിവാഹം ലളിതമാക്കാന്‍ നബി (സ) നിര്‍ദേശിച്ചു. ആഗ്രഹിക്കുന്നവര്‍ക്കെല്ലാം പ്രാപ്യമായിരിക്കണം വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം എന്ന നിഷ്‌കര്‍ഷ നബിക്കുണ്ടായിരുന്നു. നബി (സ) പറഞ്ഞു: 'മഹ്‌റില്‍ ഉത്തമം ഏറ്റവും എളുപ്പവും ലളിതവുമായതാണ്' (ബൈഹഖി). പുരുഷന് അനായാസം നല്‍കാവുന്ന മഹ് ര്‍ മാത്രമേ സ്ത്രീ ചോദിക്കാവൂ എന്ന് സാരം. ഭീമമായ മഹ്്ര്‍ ആവശ്യപ്പെടുന്നതിനാല്‍, പുരുഷന് വിവാഹം അസാധ്യമാവുകയും പെണ്‍കുട്ടികള്‍ വിവാഹിതരാവാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍, മഹ്്ര്‍ തുകക്ക് പരിധി നിശ്ചയിക്കേണ്ടിവന്നു ചില അറബ് രാജ്യങ്ങള്‍ക്ക്. മഹ്‌റിന് പരിധി നിശ്ചയിക്കാന്‍ ഒരുങ്ങിയ അമീറുല്‍ മുഅ്മിനീന്‍ ഉമറി(റ)നെ ഒരു സ്ത്രീ ചോദ്യം ചെയ്ത് തിരുത്തിയത് ചരിത്രം. ഇസ്്‌ലാമില്‍ സ്ത്രീധനമല്ല, മഹ്‌റാണ് നിയമം. ഉമറിന്റെ ഉദ്ബോധനം ചരിത്രത്തില്‍ വായിക്കാം: ''നിങ്ങള്‍ സ്ത്രീകള്‍ക്കുള്ള മഹ്്ര്‍ തുക അധികം അധികമായി വര്‍ധിപ്പിക്കരുത്. അത് ഇഹലോകത്ത് ബഹുമതിയും തഖ് വയുടെ അടയാളവും ആയിരുന്നെങ്കില്‍ അല്ലാഹുവിന്റെ പ്രവാചകനായിരുന്നു അത് കൂടിയ തോതില്‍ കൊടുക്കേണ്ടിയിരുന്നത്. റസൂല്‍ വിവാഹം ചെയ്തതും പെണ്‍മക്കളെ വിവാഹം കഴിച്ചുകൊടുത്തതുമെല്ലാം പന്ത്രണ്ട് ഈഖിയക്കായിരുന്നു'' (തിര്‍മിദി).
വിവാഹം ആരും അറിയാത്ത സ്വകാര്യ ചടങ്ങായി നടത്തുക എന്നതായിരുന്നില്ല നബി(സ)യുടെ രീതി. ആഇശ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു. നബി (സ) പറഞ്ഞു: 'നികാഹ് നിങ്ങള്‍ പരസ്യമായി നിര്‍വഹിക്കണം' (തിര്‍മിദി). വിവാഹത്തെ തുടര്‍ന്നുള്ള സല്‍ക്കാരവും വിരുന്നും നബി പ്രോത്സാഹിപ്പിച്ചു. അതൊരു സന്തോഷ പ്രകടനമാണ്, സന്തോഷം പങ്കുവെക്കലാണ്. അബ്ദുര്‍റഹ്മാനിബ്‌നു ഔഫുമായി ബന്ധപ്പെട്ട വിശ്രുതമായ സംഭവമുണ്ട്: ''അബ്ദുര്‍റഹ്്മാനിബ്‌നു ഔഫിനെ നബി വഴിയോരത്ത് കാണാനിടയായി. കുപ്പായത്തില്‍ കുങ്കുമ നിറം ശ്രദ്ധയില്‍ പെട്ട നബി: 'എന്താണിത്?'
അബ്ദുര്‍റഹ്മാന്‍: 'ഞാന്‍ വിവാഹിതനായി.'
നബി: 'അവള്‍ക്ക് നീ മഹ്‌റായി എന്ത് നല്‍കി?'
അബ്ദുര്‍റഹ്്മാന്‍: 'കാരക്കക്കുരു തൂക്കമുള്ള സ്വര്‍ണം.'
നബി: ഒരു ആടിനെ അറുത്തെങ്കിലും 'വലീമത്ത്' നല്‍കുക'' (ബുഖാരി, അബൂ ദാവൂദ്).
മദീനയില്‍ തങ്ങളുടെ നേതാവും അല്ലാഹുവിന്റെ ദൂതനുമായ നബിയെ അബ്ദുര്‍റഹ്മാനിബ്നു ഔഫ് നികാഹിന് ക്ഷണിച്ചിരുന്നില്ലെന്ന് വ്യക്തം. ക്ഷണിക്കണമെന്ന നിര്‍ബന്ധം അബ്ദുര്‍റഹ്മാനോ തന്നെ ക്ഷണിച്ചില്ല എന്ന പരിഭവം നബിക്കോ ഉണ്ടായിരുന്നില്ല. അത്രമേല്‍ ലളിതമായിരുന്നു വിവാഹകര്‍മം.
മറ്റൊരു സംഭവം സഹ്്ലുബ്‌നു സഅ്ദുസ്സാഇദി റിപ്പോര്‍ട്ട് ചെയ്തതാണ്: ഞങ്ങള്‍ നബിയുടെ സന്നിധിയില്‍ ഇരിക്കുകയാണ്. തന്നെ നബി വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് ഒരു സ്ത്രീ അവിടെ സന്നിഹിതയായി. താന്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് നബിയുടെ പെരുമാറ്റത്തില്‍നിന്ന് ബോധ്യമായി. അനുചരന്മാരില്‍ ഒരാള്‍ അന്നേരം: 'അവളെ എനിക്ക് വിവാഹം ചെയ്ത് തരൂ റസൂലേ?'
നബി: 'അവള്‍ക്ക് മഹ്്ര്‍ നല്‍കാന്‍ നിന്റെ വശം വല്ലതുമുണ്ടോ?'
അയാള്‍: 'എന്റെ പക്കല്‍ ഒന്നുമില്ല.'
നബി: 'ഒരു സ്വര്‍ണ മോതിരമെങ്കിലും?'
അയാള്‍: 'സ്വര്‍ണ മോതിരവും ഇല്ല. പക്ഷേ, ഒന്ന് ചെയ്യാം. എന്റെ ഈ പുതപ്പിന്റെ പകുതി ഞാന്‍ അവള്‍ക്ക് മഹ്്ര്‍ നല്‍കാം. മറ്റേ പാതി മതി എനിക്ക്.'
നബി: 'അങ്ങനെ വേണ്ട. നിനക്ക് ഖുര്‍ആന്‍ വല്ലതും അറിയുമോ?'
അയാള്‍: 'അറിയാം; ഇന്നയിന്ന സൂറത്തുകള്‍ മനഃപാഠമായുണ്ട്'.
നബി: 'പോകൂ. നിനക്കറിയാവുന്ന ഖുര്‍ആന്‍ മഹ് ര്‍ നിശ്ചയിച്ച് അവളെ നിനക്ക് ഞാന്‍ വിവാഹം ചെയ്തു തന്നിരിക്കുന്നു' (ബുഖാരി).

'വലീമത്ത്' നല്‍കാന്‍ നബി അബ്ദുര്‍റഹ്മാനിബ്‌നു ഔഫിന് നല്‍കിയ നിര്‍ദേശത്തിന് നിര്‍ബന്ധത്തിന്റെ സ്വരമുണ്ടെന്ന് ചില പണ്ഡിതന്മാര്‍ക്ക് അഭിപ്രായമുണ്ട്. അലി (റ) ഫാത്വിമയെ വിവാഹാലോചന നടത്തിയപ്പോള്‍ നബി നിര്‍ദേശിച്ചു: 'വിവാഹത്തിന് വലീമത്ത് അനിവാര്യമാണ്' (അഹ്്മദ്).

സാധ്യമായ ഭക്ഷണ വിഭവങ്ങൾ ഒരുക്കി, വലീമത്ത് ലളിതമായി നടത്താം. ധൂര്‍ത്തും ധാരാളിത്തവും ഒഴിവാക്കണം. ഓരോരുത്തരുടെയും സാമൂഹിക പദവിയാണ് ഇവിടെ പരിഗണിക്കേണ്ടത്. അപ്പോഴും മിതവ്യയ ശീലം മുറുകെ പിടിക്കണം.
അനസ് (റ) നബി നല്‍കിയ വലീമത്തിനെക്കുറിച്ചോര്‍ത്ത് പറയുന്നു: ''ഖൈബറിനും മദീനക്കുമിടയിലുള്ള ഒരിടത്ത് നബി മൂന്ന് നാള്‍ പത്‌നി സ്വഫിയ്യയോടൊപ്പം താമസിച്ചു. നബി നല്‍കിയ വലീമത്തിലേക്ക് ഞാനാണ് ജനങ്ങളെ ക്ഷണിച്ചത്. അതില്‍ റൊട്ടിയും ഇറച്ചിയും ഒന്നും ഉണ്ടായിരുന്നില്ല. ബിലാലിനോട് ഒരു വിരിപ്പ് വിരിക്കാന്‍ നബി പറഞ്ഞു. ബിലാല്‍ വിരിപ്പ് വിരിച്ചു. പാല്‍ക്കട്ടിയും നെയ്യും കാരക്കയും ജനങ്ങള്‍ അതില്‍ കൊണ്ടിട്ടു. അതെല്ലാവരും കഴിച്ചു. അതായിരുന്നു നബിയുടെ വലീമത്ത്'' (ബുഖാരി).

ദമ്പതികളെ അനുഗ്രഹിക്കുന്നതും അവര്‍ക്ക് വേണ്ടി പ്രാര്‍ഥിക്കുന്നതും സുന്നത്താണ്. അബൂഹുറയ്‌റ: ''ഒരാള്‍ വിവാഹിതനായാല്‍ നബി അയാളെ അനുമോദിക്കുകയും അനുഗ്രഹത്തിനായി ഇങ്ങനെ പ്രാര്‍ഥിക്കുകയും ചെയ്യും. 'ബാറകല്ലാഹു ലക, വബാറക അലൈക, വ ജമഅ ബൈനകുമാ ഫീ ഖൈരിന്‍.''

വിവാഹം ആന്ദവേള

വിവാഹം സന്തോഷവേളയാണ്.ആനന്ദം പങ്കുവെക്കുന്നതിന്റെ ഭാഗമായി വിനോദങ്ങളില്‍ ഏര്‍പ്പെടാം. മാനസികോല്ലാസം നല്‍കുന്ന ഗാനങ്ങളും കൈകൊട്ടിക്കളിയും ഒപ്പനയും ഒക്കെ ആവാം. നബി അവ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. നബി അനുവദിച്ച കലാരൂപങ്ങള്‍ പോലും അനുവദിക്കാതെ വിവാഹ വീടിനെ മരണ വീടിന് തുല്യമാക്കി മസില്‍ പിടിക്കുന്ന അനുഭവങ്ങളും ധാരാളമുണ്ട്. ഇസ്്‌ലാമിന്റെ വിശാലതയും, ഹിതകരമായതെന്തും ഉള്‍ക്കൊള്ളുന്ന ഉദാരതയും മനസ്സിലാക്കാത്ത വരണ്ട മനസ്സിന്റെ ഉടമകള്‍ക്ക് അങ്ങനെ പെരുമാറാനേ സാധിക്കുകയുള്ളൂ.
വിവാഹ സദസ്സില്‍ പാട്ടുപാടുന്നത് നബി പ്രോത്സാഹിപ്പിച്ചു. റുബയ്യിഅ് ബിന്‍ത് മുഅവ്വദ് ഓര്‍ക്കുന്നു: ഞാന്‍ വിവാഹിതയായ ദിവസം നബി എന്റെ അടുത്ത് കയറിവന്നു. എന്റെ വിരിപ്പില്‍ ഇരുന്നു. അപ്പോള്‍ എന്റെ കൂട്ടുകാരികള്‍ ദഫ് മുട്ടി ബദ്‌റില്‍ വധിക്കപ്പെട്ട എന്റെ പിതാക്കന്മാരെ അനുസ്മരിച്ചു പാട്ടുപാടുകയാണ്. നബിയെ കണ്ടപ്പോള്‍ അവരില്‍ ഒരാള്‍ പാടിയ വരികള്‍: 'നാളത്തെ കാര്യങ്ങള്‍ അറിയുന്ന ഒരു പ്രവാചകന്‍ ഞങ്ങളില്‍ ആഗതനായിരിക്കുന്നു.' ഇതു കേട്ട നബി: 'ആ വിശേഷണം അരുതാത്തത്. അത് ഉപേക്ഷിക്കുക. അതിന് മുമ്പ് പാടിയത് പാടിക്കൊള്ളുക' (ബുഖാരി).

അന്‍സ്വാരിയായ പുരുഷന്റെ സന്നിധിയിലേക്ക് ഒരു സ്ത്രീയെ വധുവായി അയച്ചപ്പോള്‍ നബി ആഇശയോട് ചോദിച്ചു: ''ആഇശാ, വിനോദത്തിന് ഒന്നുമുണ്ടായിരുന്നില്ലേ? അന്‍സ്വാരികള്‍ക്ക് വിനോദം ഇഷ്ടമാണ്'' (ബുഖാരി). 'ദഫ് മുട്ടി പാട്ടുപാടുന്ന പെണ്‍കുട്ടികളെ അയച്ചില്ലേ?' എന്ന് നബി അന്വേഷിച്ചതും ഹദീസില്‍ വായിക്കാം.

വിവാഹാഘോഷ വേളകളില്‍, ധാര്‍മികതയുടെയും മൂല്യബോധത്തിന്റെയും അതിര്‍ വരമ്പുകള്‍ പാലിച്ച് ഗാനങ്ങളും സംഗീതോപകരണങ്ങള്‍ ഉപയോഗിച്ച് ആനന്ദങ്ങൾ ആവാം. അവ പക്ഷേ, ഇന്ന് സര്‍വത്ര കാണുന്ന ആഘോഷാഭാസങ്ങള്‍ക്കും ഗാന അട്ടഹാസങ്ങള്‍ക്കുമുള്ള സമ്മതപത്രമല്ല എന്ന് തിരിച്ചറിയണം. വിവാഹ സദസ്സുകളില്‍ സ്‌നേഹ ഭാഷണങ്ങളോ, പരസ്പരമുള്ള ക്ഷേമാന്വേഷണങ്ങളോ പോലും സാധ്യമാവാത്ത രൂപത്തില്‍, സംഗീതമേളാ ട്രൂപ്പുകള്‍ മത്സരിച്ച് അരങ്ങു തകര്‍ക്കുകയും വിവാഹവേദികള്‍ ബഹളമയമാക്കുകയും ചെയ്യുന്ന രീതികള്‍ അഭിലഷണീയമോ, അനുവദനീയമേ അല്ല. l

"മുഹമ്മദിന് ഭ്രാന്തിളകിയോ? ഇതെന്ത് വിഡ്ഢിത്തമാണ് ഇയാൾ പറയുന്നത്?" നബി (സ) പരസ്യ പ്രബോധനം തുടങ്ങിയ കാലമാണ്. ഖുറൈശികളെല്ലാം നബിയുടെ വിരുന്നിൽ കൂടിയിരിക്കുന്നു. എങ്ങും പുച്ഛം നിറഞ്ഞ മുറുമുറുപ്പ്. അത് പതിയെ പരിഹാസത്തിലേക്ക് വഴിമാറിക്കൊണ്ടിരിക്കുന്നു. ഒരാൾ പോലും പ്രവാചകനെ അംഗീകരിക്കുന്ന മട്ടില്ല.

പെട്ടെന്നതാ ഒരു പത്തു വയസ്സുകാരൻ എണീറ്റ് നിൽക്കുന്നു: "അല്ലാഹുവിന്റെ ദൂതരേ, താങ്കൾക്കൊപ്പം ഞാനുണ്ട്. അങ്ങയുടെ ദൗത്യത്തിൽ ഞാനിതാ പങ്കുചേർന്നിരിക്കുന്നു. ശത്രുക്കളോട് ഞാൻ പോരാടും, എന്റെ വാൾ അങ്ങയെ സംരക്ഷിക്കും." ഉറച്ച ശബ്ദം. ദൃഢനിശ്ചയമുള്ള മുഖം. ആ പയ്യന്റെ പേര് അലിയ്യിബ്്നു അബീ ത്വാലിബ് എന്നായിരുന്നു. നബി സദസ്സിൽനിന്ന് എഴുന്നേറ്റു നിന്നു: “അലീ, നീ എന്റെ പോരാളിയാണ്.” റസൂൽ (സ) അഭിമാനപൂർവം ഖുറൈശികൾക്ക് മുന്നിൽ അവനെ ആലിംഗനം ചെയ്തു.

പ്രവാചകന്റെ ദൗത്യം ജാഹിലിയ്യത്തിനെ തുടച്ചു നീക്കലാണ്. അറേബ്യയെ കീഴ്മേൽ മറിച്ചിടുന്നതിനെക്കാൾ കടുപ്പം കൂടിയ പണി. കളിപ്രായം കഴിഞ്ഞിട്ടില്ലാത്ത ആ കൊച്ചു പയ്യൻ അവിടെ എന്തു ചെയ്യാനാണ്! പക്ഷേ, റസൂൽ (സ) അവനെ ചേർത്തുപിടിച്ചു. അവന്റെ ഇസ് ലാം സ്വീകരണം അംഗീകരിച്ചു. ആ ബാലനെ കാലം എവിടെ എത്തിച്ചുവെന്ന് നമുക്കറിയാം. ഇസ് ലാമിന്റെ നാലാം ഖലീഫയോളം ചരിത്രം പാടിയും പറഞ്ഞും ആഘോഷിച്ച മറ്റാരാണുള്ളത്! കുഞ്ഞുങ്ങളെ പരിഗണിക്കേണ്ടതെങ്ങനെയാണെന്ന് പ്രവാചകൻ നമ്മെ ഓർമിപ്പിക്കുകയാണ്.

പാരന്റിങ് എന്ന വാക്ക് നമുക്കിപ്പോൾ സുപരിചിതമാണ്. സോഷ്യൽ മീഡിയ നിറയെ പാരന്റിങ് ടിപ്പുകളാണ്. ട്രെൻഡിങ് ബ്ലോഗുകളിൽ മിക്കതും ചർച്ച ചെയ്യുന്നതും ഈ വിഷയം തന്നെ. കുഞ്ഞുങ്ങളെ വളർത്തുന്നതിനെ കുറിച്ചു കൃത്യമായി പഠിപ്പിക്കപ്പെടുന്ന രക്ഷിതാക്കളുടെ ആദ്യത്തെ തലമുറയാണ് നമ്മൾ. പാരന്റിംഗിന്റെ ഇസ് ലാമിക മാനങ്ങളെ കുറിച്ചു പഠിക്കുമ്പോൾ നബി (സ) പ്രായോഗിക തലത്തിൽ കുഞ്ഞുങ്ങളുമായി ഇടപെടുന്ന നിരവധി ഉദാഹരണങ്ങൾ കണ്ടെടുക്കാനാവും. ഏത് കാലത്തെയും ഏത് തലമുറയെയും നേരിടാനുള്ള കരുത്ത് പ്രവാചകാധ്യാപനങ്ങളുടെ സവിശേഷതയാണല്ലോ.

നാം അഭിമുഖീകരിക്കുന്നത് ആൽഫ ജനറേഷനെയാണ്. 2010-നു ശേഷം ജനിച്ച കുട്ടികളെയാണ് പൊതുവെ ആൽഫ ജനറേഷൻ എന്നു വിളിക്കുന്നത്. കഴിഞ്ഞുപോയ തലമുറകളുമായി പൊതുവെ സാമ്യതകളില്ലാത്ത, തീർത്തും പുതിയ സവിശേഷതകളുള്ള മനുഷ്യരാണവർ. തൊട്ടു മുന്നിലെ തലമുറയുടെ കുട്ടിക്കാലമല്ല ആൽഫയുടേത്. ‘നിയന്ത്രിക്കാൻ കഴിയാത്തവർ' എന്നാണ് നമുക്ക് അവരെ കുറിച്ചുള്ള ധാരണ. യഥാർഥത്തിൽ അവർ നിയന്ത്രണം ആവശ്യമില്ലാത്തവരാണ്. ലോകത്തെ കുറിച്ചും ചുറ്റും നടക്കുന്ന സംഭവങ്ങളെ കുറിച്ചും വളരെ നേരത്തേ ബോധവാന്മാരാവുന്നുണ്ടവർ. ടെക്നോളജിയെ പഠിക്കുന്ന അതേ താൽപര്യത്തിൽ അവർ ഇസ് ലാമിനെയും ധാർമിക മൂല്യങ്ങളെയും ഉൾക്കൊള്ളുന്നുണ്ട് എന്ന് ഉറപ്പ് വരുത്തുകയാണ് മുസ് ലിം രക്ഷിതാക്കൾ എന്ന നിലക്ക് നാം ചെയ്യേണ്ടത്. പത്തുവയസ്സുകാരൻ അലിക്ക് നബി (സ) കൊടുത്ത പരിഗണന തീർച്ചയായും നമ്മുടെ മക്കളും അർഹിക്കുന്നുണ്ട്.

ഒരിക്കൽ നബി (സ) ഒരു സദസ്സിലിരിക്കെ ആരോ ഒരാൾ അൽപം പാനീയം കൊണ്ടുവന്നു. റസൂൽ (സ) ആദ്യം കുടിച്ചു. പിന്നീട് സദസ്സിലേക്ക് നോക്കി. വലതു വശത്ത് ഒരു കുട്ടിയാണുള്ളത്. ഇടതു വശത്ത് വൃദ്ധരായ ആളുകളും. "ആദ്യം ഈ ഉപ്പാപ്പമാർക്ക് കൊടുക്കാൻ നീ സമ്മതം തരുമോ?" റസൂൽ കുട്ടിയോട് ചോദിച്ചു. "ഇല്ല റസൂലേ, അങ്ങയുടെ അടുത്തുനിന്ന് എനിക്ക് കിട്ടേണ്ടത് ഞാൻ മറ്റാർക്കും കൊടുക്കില്ല"- അവൻ വിട്ടുകൊടുത്തില്ല. പ്രവാചകൻ പാനീയപാത്രം കുട്ടിയുടെ കൈയിൽ കൊടുത്തു. അവൻ കുടിച്ചതിനു ശേഷം അത് ഇടതു വശത്തേക്ക് കൈമാറി. പ്രവാചകൻ ഒരു കുട്ടിയോട് സമ്മതം ചോദിക്കുക, അവൻ അത് നൽകാതിരുന്നപ്പോൾ അവൻ പറഞ്ഞതിനനുസരിച്ച് പ്രവർത്തിക്കുക എന്നതൊക്കെ നമ്മെ സംബന്ധിച്ചേടത്തോളം അത്ഭുതമാണ്. മുതിർന്നവരുടെ തീരുമാനങ്ങളിൽ ജീവിക്കേണ്ടവരാണ് കുട്ടികൾ എന്നാണ് നമ്മുടെ വാദം. കുഞ്ഞുങ്ങൾക്കും അവകാശങ്ങളുണ്ടെന്നും അവരോട് നീതിപൂർവം പെരുമാറണമെന്നും ഹസൻ - ഹുസൈനുമാരെ തോളിലേറ്റി അവരുടെ വലിയുപ്പ ലോകത്തെ പഠിപ്പിക്കുന്നു.

ശുദ്ധ പ്രകൃതിയിലാണ് കുട്ടികൾ ജനിക്കുന്നത്. രക്ഷിതാക്കളാണ് അവരുടെ ആദ്യത്തെ അധ്യാപകരും വിദ്യാലയവും. നമ്മളെ കണ്ട് അവർ ജീവിതം പഠിക്കുന്നു. അവരെ ഏറ്റവും നല്ല മനുഷ്യരായി രൂപപ്പെടുത്തിയെടുക്കേണ്ട ചുമതല ധാർമികമായും സാമൂഹികമായും നമുക്കുണ്ട്. പുതു തലമുറയുടെ മേൽ മുതിർന്നവർക്ക് ആധിപത്യം കുറവാണ്, അത് വളരെ പ്രകടവുമാണ്. മുതിർന്നവർ പറയുന്നതെല്ലാം ശരിയാണെന്ന ധാരണയൊന്നും ആൽഫ ജനറേഷനില്ല. ഉപ്പ പറഞ്ഞത് തെറ്റാണെന്ന് അവർ ഗൂഗിൾ നോക്കി നമ്മെ തിരുത്തും. ഉമ്മ പറഞ്ഞുകൊടുക്കാത്ത കാര്യങ്ങൾ അവർ സെർച്ച് ചെയ്ത് കണ്ടുപിടിച്ചോളും. അവരുടെ കൗമാരവും യുവത്വവും എങ്ങനെയാവുമെന്ന് നമുക്ക് പ്രവചിക്കാൻ പോലും പറ്റാത്തത്ര വേഗത്തിലാണ് അവരും അവരുടെ കാലവും സഞ്ചരിക്കുന്നത്. അവർ പതിവുകളിൽനിന്ന് മാറിനടക്കാൻ ധൈര്യമുള്ള, മറുചോദ്യങ്ങൾ ചോദിക്കാൻ പ്രാപ്തിയുള്ള മനുഷ്യരാണ്. അവരെ മനസ്സിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുക എന്നത് വളരെ പ്രധാനമാണ്.

ഉമൈറിന്റെ നുഗൈറിനെ കുറിച്ചു കേട്ടിട്ടില്ലേ? കൊച്ചുകുട്ടിയായിരുന്ന അബൂ ഉമൈറിന് ഒരു കിളിയുണ്ടായിരുന്നു. അവൻ അതിനെ നുഗൈര്‍ എന്ന് വിളിച്ചു. റസൂൽ (സ) അബൂ ഉമൈറിനെ കാണുമ്പോഴൊക്കെ നുഗൈറിനെ കുറിച്ചു തിരക്കുമായിരുന്നു. അവൻ അത്യാവേശത്തോടെ കിളിക്കുഞ്ഞിനെ കുറിച്ച് നബിയോട് വാചാലനാവും. ഒരിക്കൽ ഉമൈറിന്റെ മുഖത്ത് സങ്കടം നിറഞ്ഞു കണ്ടപ്പോൾ റസൂൽ അവനോട് നുഗൈറിനെ കുറിച്ചന്വേഷിച്ചു. "നുഗൈര്‍ മരിച്ചു പോയി റസൂലേ"- അവൻ വിതുമ്പിക്കൊണ്ട് പറഞ്ഞു. റസൂൽ (സ) അവന്റെ അടുത്തിരുന്നു അവനെ തലോടി ആശ്വസിപ്പിച്ചു. അവന്റെ ദുഃഖമകറ്റുന്ന വർത്തമാനങ്ങൾ പറഞ്ഞു. അബൂ ഉമൈറിനു സന്തോഷമായി.

കുട്ടികളെ കരുണയും ആർദ്രതയുമുള്ളവരാക്കി വളർത്തേണ്ടത് അനിവാര്യമാണ്. അത്രക്കൊന്നും മനസ്സലിവില്ലാത്ത കാലത്താണ് അവർ വളരുന്നത്. ടാബ്ലറ്റ് പൊട്ടിപ്പോയോ, കമ്പ്യൂട്ടർ കേടുവന്നോ സങ്കടപ്പെട്ടിരിക്കുന്ന ഉമൈറുമാർ നമ്മുടെ വീട്ടിലുമുണ്ട്. കുട്ടികളുടെ പ്രശ്നങ്ങൾ അവരുടെ കണ്ണുകൊണ്ട് കാണാൻ പരാജയപ്പെട്ടു പോവുന്ന രക്ഷിതാക്കളാകരുത് നാം. റസൂൽ (സ) ചെയ്തത് നോക്കൂ. ഉമൈറിന് സങ്കടം വന്നപ്പോൾ നബി അവന്റെ ഉറ്റ സുഹൃത്തായി. ആ കുഞ്ഞു ഹൃദയം വേദനിച്ചപ്പോൾ കൂടെ വേദനിച്ചു നബി.

അതേ സമയം, കുട്ടികളെ അമിതമായി ലാളിക്കുന്നത് നബിയുടെ രീതിയായിരുന്നില്ല. തെറ്റുകൾ അപ്പപ്പോൾ തന്നെ തിരുത്തിയിരുന്നു പ്രവാചകൻ. സകാത്തിന്റെ സ്വത്തു വകകളിൽ പെട്ട ഒരു ഈത്തപ്പഴം പേരക്കുട്ടിയായ ഹസൻ (റ) എടുത്തു കഴിച്ചപ്പോൾ കുട്ടിയുടെ വായിൽ കൈയിട്ട് പ്രവാചകൻ അത് എടുത്തുകളഞ്ഞിട്ടുണ്ട്. സകാത്തിന്റെ സ്വത്ത് ഉപയോഗിക്കൽ നബിക്കോ കുടുംബത്തിനോ അനുവാദമില്ലാത്തതുകൊണ്ടായിരുന്നു അങ്ങനെ ചെയ്തത്. അല്ലാഹുവിനെ സൂക്ഷിക്കണമെന്നും സുജൂദുകൾ അധികരിപ്പിക്കണമെന്നുമൊക്കെ വിവിധ സന്ദർഭങ്ങളിൽ റസൂൽ തന്റെ ചുറ്റുമുള്ള കുട്ടികളെ ഉപദേശിക്കുന്നതായി കാണാം.

നമ്മുടെ കുട്ടികൾക്ക് എല്ലാം വിരൽത്തുമ്പിൽ ലഭ്യമാണ്. അവിടെ ശരിയിലേക്കും തെറ്റിലേക്കും പോകാനുള്ള സാധ്യത സമമാണ്. സത്യമെന്ന് തോന്നിപ്പിക്കുന്ന നുണകളും നീതിയെന്ന് തോന്നിപ്പിക്കുന്ന അക്രമങ്ങളും തിരിച്ചറിയാൻ നമ്മുടെ കുട്ടികളെ പരിശീലിപ്പിക്കേണ്ടതുണ്ട്. അവരെ ആകർഷിക്കുന്ന ആശയങ്ങൾ നമ്മളും വിശാലാർഥത്തിൽ പഠനവിധേയമാക്കണം. അടുത്തിടെ കാനഡയിൽ LGBTQ എജുക്കേഷൻ പോളിസിക്ക് എതിരായി നടന്ന സമരത്തിന്റെ തലവാചകം 'ഞങ്ങളുടെ കുട്ടികളെ വെറുതെ വിടൂ' (Leave Our Kids Alone) എന്നായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയും സിനിമകളിലൂടെയും സാമാന്യവത്കരിക്കപ്പെടുന്ന സത്യാനന്തര നുണകളെ ചെറുത്തുനിൽക്കാൻ കുട്ടികൾക്ക് മതിയായ ധാർമിക അടിത്തറ നമ്മളാണ് ഉറപ്പ് വരുത്തേണ്ടത്.

റസൂലിന്റെ കുട്ടികളോടുള്ള സമീപനരീതികളും മനഃശാസ്ത്രപരമായ ഇടപെടലുകളുമൊക്കെ മോഡേൺ പാരന്റിംഗിന്റെ തിയറികൾ മുൻനിർത്തിയാണ് പഠിക്കേണ്ടത്. നൂറ്റാണ്ടുകൾക്കപ്പുറത്തുനിന്ന് നമ്മുടെ അറിവില്ലായ്മയുടെ ഇരുട്ടറകളിലേക്ക് വെളിച്ചം കൊണ്ടുവരികയാണ് തിരുദൂതർ. ആൽഫ ജനറേഷനെ വളർത്താൻ പറ്റില്ല എന്നാണ് പറയാറ്. അവരോടൊപ്പം വളരലാണ് ഒരേയൊരു വഴി. അതുകൊണ്ട് വളരാൻ തന്നെ തീരുമാനിക്കുക. മക്കളുടെ ഏറ്റവും നല്ല സുഹൃത്തുക്കളാവുക. വീടിനെ അവരുടെ ഏറ്റവും പ്രിയപ്പെട്ട ഇടമാക്കുക. നമ്മുടെ മക്കളെ അലിവും അറിവുമുള്ള മനുഷ്യരാക്കാൻ പ്രവാചകന്റെ മാതൃകകൾ നമ്മെ വഴിനടത്തട്ടെ. അവരുടെ ഹീറോ എപ്പോഴും റസൂലുല്ലാഹി തന്നെയാവട്ടെ. l