ഉദുഹിയ്യത്ത് (ഈദുല്‍ അദ്ഹായോടനുബന്ധിച്ച് നടത്തുന്ന ബലികർമം) ഖുര്‍ആനിലും സുന്നത്തിലും സ്ഥിരപ്പെട്ട ആരാധനാകർമമാണ്.
إِنَّا أَعْطَيْنَاكَ الْكَوْثَرَ . فَصَلِّ لِرَبِّكَ وَانْحَرْ . إِنَّ شَانِئَكَ هُوَ الْأَبْتَرُ
"(നബിയേ) താങ്കൾക്കു നാം കൗസര്‍ (ധാരാളം അനുഗ്രഹങ്ങള്‍) പ്രദാനം ചെയ്തിരിക്കുന്നു. ആകയാല്‍, താങ്കളുടെ നാഥനു വേണ്ടി നമസ്‌കരിക്കുകയും ബലിയര്‍പ്പിക്കുകയും ചെയ്യുക. താങ്കളുടെ ശത്രുവാരോ അവനാണ് കുറ്റിയറ്റവന്‍" (അൽ കൗസർ).
ബലിയുടെ പ്രാധാന്യം വ്യക്തമാക്കുന്ന ഒരു നബിവചനം ഇങ്ങനെ:
مَنْ كَانَ لَهُ سَعَةٌ وَلَمْ يُضَحِّ فَلَا يَقْرَبَنَّ مُصَلاَّنا
(ബലിയറുക്കാന്‍ കഴിവുണ്ടായിട്ടും ബലിയറുക്കാത്തവന്‍ നമ്മുടെ നമസ്കാരസ്ഥലത്തിന് അടുത്തു പോലും വരാവതല്ല).
ഈ ആയത്തിന്റെയും ഹദീസിന്റെയും അടിസ്ഥാനത്തില്‍ ബലി നിര്‍ബന്ധമാണ് എന്നാണ് ഇമാം അബൂ ഹനീഫയുടെ മദ്ഹബ്. ഇത് 'സുന്നഃ മുഅക്കദ' (പ്രബലമായ സുന്നത്ത്) എന്നാണ് ബാക്കിയുള്ള മദ്ഹബുകള്‍. എന്തെങ്കിലും തടസ്സം ഇല്ലെങ്കിലല്ലാതെ ബലി ഒഴിവാക്കാന്‍ പാടില്ല എന്നാണ് പൊതു അഭിപ്രായം.
ബലി ഉദ്ദേശിക്കുന്നയാള്‍ മൃഗത്തെ (ആടുമാടുകള്‍, ഒട്ടകം) സ്വന്തമായി അറുക്കുന്നതും അതില്‍നിന്ന് ഭക്ഷിക്കലും സുന്നത്താണ്. ബലിമാംസം മൂന്ന് ഭാഗമാക്കി ഒരു ഭാഗം പാവങ്ങള്‍ക്ക് ദാനം ചെയ്യുകയും ഒരു ഭാഗം ഹദിയ്യ (പാവങ്ങളല്ലാത്തവര്‍ക്കും സമ്മാനിക്കല്‍) ചെയ്യുകയും ബാക്കി ഒരു ഭാഗം സ്വന്തം ആവശ്യത്തിന് എടുക്കുകയും ചെയ്യുക എന്നതാണ് നബി തിരുമേനി പഠിപ്പിച്ച രീതി.
ബലിയുടെ പൈസ മറ്റു സേവനമേഖലകളില്‍ ഉപയോഗിക്കാമോ എന്ന ചോദ്യം ഉയരാറുണ്ട്. രണ്ടും രണ്ടായി കാണണം എന്നാണ് ഉത്തരം. പ്രതിസന്ധികള്‍ ഉണ്ടാവുമ്പോള്‍ കൈമെയ് മറന്ന് പ്രവര്‍ത്തിക്കുക എന്നതാണ് ഇസ്‌ലാം ആവശ്യപ്പെടുന്നത്. അത്തരം അനിവാര്യ ഘട്ടങ്ങളില്‍ തനിക്ക് മിച്ചമുള്ളതൊക്കെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവാക്കാന്‍ വിശ്വാസി കല്‍പിക്കപ്പെട്ടിരിക്കുന്നു. ഒരാളുടെ സ്വന്തം എന്ന് പറയുന്നത് മറ്റുള്ളവരുടെ അവകാശം കഴിഞ്ഞ് ബാക്കിയാകുന്നത് മാത്രമാണ്. സകാത്ത്, ഉദുഹിയ്യത്ത് എന്നിങ്ങനെ ഇസ്‌ലാം കല്‍പിച്ച കാര്യങ്ങള്‍ നിർവഹിച്ച ശേഷം ബാക്കിയാവുന്നതാണ് ഒരാളുടെ സ്വന്തം. അതില്‍നിന്നാണ് അവന്‍ ചെലവാക്കേണ്ടത്. ആരാധനകള്‍ നബി തിരുമേനി കാണിച്ച രീതിയില്‍ വേണം നിർവഹിക്കാന്‍. അതില്‍ മാറ്റങ്ങള്‍ വരുത്താന്‍ അനുവാദമില്ല.
ഉദുഹിയ്യത്ത് ഫിത്വ്്ര്‍ സകാത്ത് പോലെയല്ല. ഫിത്വ്്ര്‍ സകാത്തിന്റെ ഉദ്ദേശ്യം ‘നോമ്പില്‍ വന്ന വീഴ്ചകള്‍ക്ക് പരിഹാരം, പാവങ്ങള്‍ക്ക് ഭക്ഷണം’ എന്നാണ് നബി (സ) വിശദീകരിച്ചിരിക്കുന്നത്. ഉദുഹിയ്യത്ത് ആവട്ടെ, അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി പ്രകടിപ്പിക്കാന്‍ വേണ്ടിയാണ് നിശ്ചയിക്കപ്പെട്ടിരിക്കുന്നത്. രണ്ടും ഒരുപോലെയല്ല. ഫിത്വ്്ര്‍ സകാത്ത് പാവങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന രീതിയില്‍ പണമായോ ഭക്ഷണമായോ നല്‍കാം. എന്നാല്‍, ഉദുഹിയ്യത്ത് നബി കാണിച്ച മാതൃകയില്‍ തന്നെ നിർവഹിക്കപ്പെടണം. രണ്ടിന്റെയും വിതരണ രീതിയും വ്യത്യസ്തമാണ്.
പുത്തൻ വാദങ്ങള്‍ ചിലയാളുകള്‍ സ്വയം മെനഞ്ഞുണ്ടാക്കുന്നതാണ്. അത്തരം ആളുകളെ സംബന്ധിച്ചേടത്തോളം അവരുടെ ഖുര്‍ആനും സുന്നത്തുമെല്ലാം അവരുടെ മനസ്സുതന്നെയാണ്. l