വിഖ്യാത ഹദീസ് പണ്ഡിതനാണ് അബ്ദുല്ലാഹിബ്നുൽ മുബാറക് (റ). അദ്ദേഹത്തിന്റെ അഗാധ ജ്ഞാനത്തെയും തഖ് വയെയും സുകൃതങ്ങളെയും സാക്ഷ്യപ്പെടുത്തി ഇമാം ദഹബി പറയുന്നു: ''ജനക്ഷേമ തല്പരത, ജിഹാദീ വികാരം, ആത്മാർഥത, സുകൃതം, ധീരത, സത്യമാർഗത്തിലെ സ്ഥിരത എന്നീ ഉത്കൃഷ്ട ഗുണങ്ങളുടെ ഉടമയായിരുന്നു ഇബ്നുൽ മുബാറക്. അതുകൊണ്ടുതന്നെയാണ് ഞാൻ അദ്ദേഹത്തെ അല്ലാഹുവിന്റെ പേരിൽ സ്നേഹിക്കുന്നത്. ആ സ്നേഹം ഗുണകരമായി ഭവിക്കുമെന്ന് തന്നെയാണ് എന്റെ പ്രത്യാശ.''
അദ്ദേഹത്തിന്റെ പിതാവ് മുബാറക് ഒരു ധനാഢ്യന്റെ തോട്ടത്തിന്റെ മേൽനോട്ടക്കാരനായിരുന്നു. അയാളുടെ കാര്യബോധത്തിലും സത്യസന്ധതയിലും അത്യന്തം സന്തുഷ്ടനായിരുന്നു തോട്ടക്കാരൻ. ഒരിക്കൽ ഉടമ തന്റെ തോട്ടം നല്ല നിലയിൽ നടന്നുപോകുന്നതിന്റെ ആഹ്ലാദത്തിൽ മുബാറകിനോട് പറഞ്ഞു: ''തോട്ടത്തിന്റെ മേൽനോട്ടം നീ മറ്റാർക്കെങ്കിലും നൽകുക. നീ എപ്പോഴും എന്നോടൊപ്പം കഴിയുക.'' മുബാറക് മൗനമവലംബിച്ചപ്പോൾ ഉടമ തുടർന്നു… ''കുറേ ആലോചിച്ച ശേഷമാണ് ഞാൻ നിനക്ക് ഈ ബഹുമതി നൽകുന്നത്. തോട്ടത്തിന്റെ ഉത്തരവാദിത്വം ഏൽക്കാൻ യോഗ്യരായ പലരുമുണ്ടല്ലോ. പറ്റിയവർക്ക് ചുമതല കൊടുത്ത് നാളെ മുതൽ എന്റെ സദസ്സിൽ വന്നിരിക്കുക.''
മുബാറക് തോട്ടക്കാരന് നന്ദി പറഞ്ഞു സലാം ചൊല്ലി അവിടന്നു പുറത്തിറങ്ങി. തോട്ടത്തിന്റെ കാര്യനിർവാഹകനായി മറ്റൊരാളെ കണ്ടെത്തുകയും തൊട്ടുള്ള ദിവസം മുതൽ സദസ്സിൽ ഹാജരാവുകയും ചെയ്തു. ഇതോടെ മുബാറകിന്റെ അകം നന്മകൾ കൂടുതൽ വെളിവാകാൻ തുടങ്ങി. വീട്ടുകാര്യങ്ങളിൽ വരെ ഉപദേശ നിർദേശങ്ങൾ സ്വീകരിക്കുന്നതിലേക്ക് ഇരുവരും തമ്മിലുള്ള സൗഹൃദം വളർന്നു.
ഒരിക്കൽ തോട്ടം ഉടമ ആലോചനാമഗ്നനായി ഇരിക്കുന്നത് മുബാറക് ശ്രദ്ധിച്ചു. എന്തോ കാര്യമായ പ്രശ്നമുണ്ടെന്ന് മനസ്സിലായി. മുബാറക് ചോദിച്ചു: ''ഇന്നെന്താ താങ്കൾ വളരെ അസ്വസ്ഥനും ചിന്താകുലനുമാണല്ലോ?”
''ങാ… സങ്കീർണമായ ഒരു കാര്യം എന്നെ വല്ലാതെ അലട്ടുന്നുണ്ട്. നീയുമായി കൂടിയാലോചിക്കാൻ നിൽക്കുകയായിരുന്നു.'' ഉടമസ്ഥൻ വളരെ രഹസ്യഭാവത്തിൽ പ്രശ്നം മുബാറകിന്റെ അഭിപ്രായമറിയാനായി സമർപ്പിച്ചു: "മകൾക്ക് വിവാഹ പ്രായമായിരിക്കുന്നു. പലരും വിവാഹാലോചനകളുമായി വരുന്നുണ്ട്. അവളുടെ കല്യാണം എത്രയും വേഗം നടത്തണമെന്നാണ് ആഗ്രഹം. ആരെ തെരഞ്ഞെടുക്കും, ആരെ ഒഴിവാക്കും എന്നതാണ് പ്രശ്നം.''
മുബാറക് ഉടമസ്ഥന്റെ വാക്കുകൾ സശ്രദ്ധം കേട്ട് അൽപ്പം ആലോചിച്ച ശേഷം പറഞ്ഞു: "അതത്ര സങ്കീർണതയുള്ളതൊന്നുമല്ല. വിഷമിക്കേണ്ട കാര്യവുമില്ല. ജാഹിലീ കാലത്തെ അറബികൾ തറവാടാണ് നോക്കിയിരുന്നത്. ജൂതന്മാർ സമ്പത്തും ക്രൈസ്തവർ സൗന്ദര്യവും വിവാഹത്തിന്റെ മാനദണ്ഡമായി പരിഗണിച്ചു. മതനിഷ്ഠയും സ്വഭാവ സൗകുമാര്യവുമാണ് ഇസ്ലാം മുഖ്യമായി കാണുന്നത്.. ഇനി താങ്കൾക്ക് പ്രയാസമില്ലാതെ തീരുമാനത്തിലെത്താം. എന്താണ് മുൻഗണനയെന്ന് പരിശോധിക്കാം.”
മുബാറകിന്റെ സംസാരം ഉടമസ്ഥനെ ഹർഷപുളകിതനാക്കി. അവന്റെ കാര്യബോധത്തെയും ബുദ്ധി കൂർമതയെയും മനസാ പ്രശംസിച്ചു. ഉടൻ വീട്ടിലെത്തി സംഭവം പൂർണമായി നല്ല പാതിയെ കേൾപ്പിച്ചു. അവരും മുബാറകിന്റെ ബുദ്ധിവൈഭവത്തെ അഭിനന്ദിച്ചു. ഭാര്യക്കും താല്പര്യമുണ്ടെന്ന് കരുതി ഉടമസ്ഥൻ പറഞ്ഞു: "എന്റെ ഓമന മകളെ മുബാറകിനു തന്നെ വിവാഹം ചെയ്തുകൊടുക്കാൻ എന്റെ മനസ്സ് കൊതിക്കുന്നു. അവനോളം ദൈവഭക്തിയും ബുദ്ധിസാമർഥ്യവും സത്യസന്ധതയുമുള്ള ഒരു യുവാവിനെ കണ്ടെത്തുക ദുഷ്കരം.'' "എന്ത് ..? ഒരു അടിമച്ചെറുക്കന് എന്റെ മകളെ കൊടുക്കുകയോ?" ഭാര്യ അല്പം അമ്പരപ്പോടെയാണ് മറുപടി പറഞ്ഞത്.
"എന്താണ് പ്രശ്നം?! മതചര്യയിലും സൽസ്വഭാവത്തിലും അവൻ ഏറ്റവും ശ്രേഷ്ഠനല്ലേ? വൈവാഹിക ബന്ധത്തിൽ അളവുകോലായി അവ ഇസ്ലാം നിശ്ചയിച്ചത് അബദ്ധമായെന്നാണോ പറയുന്നത്? റസൂൽ (സ) നിശ്ചയിച്ച മാനദണ്ഡമാണ് ദീനും ഉത്തമ സ്വഭാവവും. അതുതന്നെയാണ് ശരിയും. ഇരു ലോകത്തുമുള്ള നന്മയും ഐശ്വര്യവും അതിലാണ്. കൂടുതൽ ചിന്തിച്ച് സമയം കളയേണ്ടതില്ല." സഹധർമിണിയും സമ്മതം മൂളി. തോട്ടക്കാരൻ തന്റെ സുന്ദരിയായ മകളെ മുബാറകിന് നികാഹ് ചെയ്തുകൊടുത്തു. ആ ദാമ്പത്യ ബന്ധത്തിൽ പിറന്ന അബ്ദുല്ലയാണ് പിന്നീട് വൈജ്ഞാനിക നഭോമണ്ഡലത്തിൽ സൂര്യതേജസ്സായി ജ്വലിച്ചുനിന്നത്. l ('റോഷൻ സിതാരെ' എന്ന കൃതിയിൽനിന്ന്. മൊഴിമാറ്റം: എം.ബി അബ്ദുർറശീദ് അന്തമാൻ) 9933264848
മക്കാദേശത്തെങ്ങും പുതിയ പ്രവാചകനെക്കുറിച്ച സംവാദം മൂർച്ഛിച്ചു നിൽക്കുന്ന സന്ദർഭം. അയൽനാടുകളിലും ആ വിവരങ്ങളെത്തി. ഗിഫാരി ഗോത്രക്കാരനായ അബൂദർറും ആ വാർത്ത അറിഞ്ഞു. വസ്തുത എന്തെന്നറിയാൻ അദ്ദേഹത്തിന് തിടുക്കമായി. തന്റെ സഹോദരനെ വിളിച്ച് അവനോട് മക്കയിൽ പോയി അന്വേഷിക്കാൻ ആവശ്യപ്പെട്ടു. അല്പം അമ്പരപ്പോടെ സഹോദരൻ ചോദിച്ചു:"മക്കയോ? അതെന്തിന്?”
അബൂദർറ്: "അവിടെ ഒരു പുതിയ പ്രവാചകൻ ആഗതനായ വിവരമൊന്നും നീ കേട്ടില്ലേ? അയാൾക്ക് വാനലോകത്തുനിന്ന് ദിവ്യബോധനം ഇറങ്ങുന്നുണ്ടത്രെ! അക്കാര്യം സത്യമാണോ എന്ന് അന്വേഷിച്ചറിയണം. അദ്ദേഹം യഥാർഥ പ്രവാചകൻ തന്നെയോ, അതോ മനുഷ്യനെ വഴിതെറ്റിക്കാൻ വ്യാജങ്ങൾ ചമക്കുന്നവനോ എന്നറിഞ്ഞു വരണം.”
സഹോദരൻ ഉടൻ തന്നെ യാത്രക്കുള്ള തയാറെടുപ്പുകൾ നടത്തി മക്കയിലേക്ക് പോയി. അവിടത്തെ വിവരങ്ങൾ അന്വേഷിച്ചറിഞ്ഞ് ഏതാനും ദിവസങ്ങൾക്കകം തിരിച്ചെത്തി. അബൂദർറ്: "എന്താണ് മക്കയിൽ കണ്ടതും കേട്ടതുമായ കാര്യങ്ങൾ?” സഹോദരൻ: "ഞാൻ നേരിൽ കണ്ടതനുസരിച്ച് അദ്ദേഹം പരിശുദ്ധനായ വ്യക്തിയാണ്. ധർമവും സൽസ്വഭാവങ്ങളുമാണ് പ്രബോധനം ചെയ്യുന്നത്. മനുഷ്യഹൃദയങ്ങളിൽ ആണ്ടിറങ്ങുന്ന ചില വചനങ്ങൾ അദ്ദേഹം കേൾപ്പിക്കുന്നുണ്ട്. അത് കവികളുടെ ഭാവനാസൃഷ്ടി പോലെയല്ല. സാരസമ്പൂർണവും സന്മാർഗ പ്രചോദിതവുമാണ്.'' സഹോദരന്റെ കുറഞ്ഞ വാക്കുകളിലുള്ള മറുപടി അബൂദർറിന് ആശ്വാസം പകർന്നു. കൂടുതൽ അറിയാനുള്ള ഉദ്വേഗം വർധിപ്പിച്ചു.
മക്കയിലേക്കുള്ള പുറപ്പാടിനായി അബൂദർറ് അത്യാവശ്യ സന്നാഹങ്ങളൊരുക്കി. താമസിയാതെ മക്കയിലേക്ക് ആവേശത്തോടെ യാത്ര തിരിച്ചു. അവിടെ കഅ്ബക്കടുത്ത് തന്നെയാണ് തങ്ങിയത്. ആരോട്, എന്ത് ചോദിക്കുമെന്ന ഒരു പിടിപാടുമില്ല. രാത്രി ഇരുണ്ടപ്പോൾ അവിടെത്തന്നെ കിടന്നുറങ്ങി. ഏതോ പരദേശിയാണെന്ന് തിരിച്ചറിഞ്ഞ അലി (റ) അദ്ദേഹത്തെ സ്വന്തം വീട്ടിലേക്ക് ക്ഷണിക്കുകയും ഭക്ഷണം നൽകിയ ശേഷം അവിടെത്തന്നെ ഉറങ്ങാൻ ഏർപ്പാടാക്കുകയും ചെയ്തു. അബൂദർറ് അലിയോട് ഒന്നും ചോദിച്ചില്ല; അലി താനാരാണെന്ന് സ്വയം പരിചയപ്പെടുത്തിയുമില്ല. നേരം പുലർന്നപ്പോൾ തന്റെ ഭാണ്ഡവുമായി അബൂദർറ് വീണ്ടും കഅ്ബയിലെത്തി. രണ്ടാം ദിനവും ആരോടും ഒന്നും സംസാരിക്കാൻ കഴിയാതെ കടന്നുപോയി. കഅ്ബാങ്കണത്തിന്റെ ഒരു മൂലയിൽ ഇരിക്കുന്ന അബൂദർറും അലിയും വീണ്ടും യാദൃച്ഛികമായി കണ്ടുമുട്ടി. യാത്രക്കാരന്റെ ആഗമന ലക്ഷ്യം സഫലമായിട്ടുണ്ടാവില്ലെന്ന് അദ്ദേഹം ആലോചിച്ചു. അന്നും അബൂദർറിനെ വീട്ടിൽ സൽക്കരിക്കുകയും രാത്രി ഉറങ്ങാൻ സൗകര്യപ്പെടുത്തുകയും ചെയ്തു. എന്നിട്ടും അവർ പരസ്പരം സംസാരിച്ചില്ല. പിറ്റേന്നും അബൂദർറ് കഅ്ബാ പരിസരത്ത് കഴിച്ചുകൂട്ടി.
രാത്രി സമയത്ത് അലി (റ) വീണ്ടും അബൂദർറുമായി സന്ധിച്ചു. മൂന്ന് ദിവസമായി ഒരു പരദേശി കഅ്ബാങ്കണത്തിൽ തന്നെ കഴിഞ്ഞുകൂടുന്നു. അയാളുടെ യാത്രാ ലക്ഷ്യം എന്താണെന്ന് താൻ ഇന്നു വരെയും ചോദിച്ചില്ലല്ലോ - അലി ആത്മഗതം ചെയ്തു. പിന്നീട് അപരിചിതനായ യാത്രക്കാരനോടായി: "ഞാൻ അന്വേഷിക്കുന്നതിൽ താങ്കൾ വിഷമിക്കരുത്. മക്കയിൽ വന്നത് എന്തിനാണ്? താങ്കൾക്ക് എന്ത് സഹായവും ചെയ്യാൻ ഞാൻ സന്നദ്ധനാണ്.'' അബൂദർറ് പറഞ്ഞു: "അതെ, ഞാൻ ആഗമനോ ദ്ദേശ്യം വ്യക്തമാക്കാം - അത് പൂർത്തീകരിക്കാൻ താങ്കളുടെ മാർഗനിർദേശവും സഹകരണവും ഉറപ്പു നൽകുമെങ്കിൽ.'' അലി: ''നിശ്ചയമായും അങ്ങനെ ചെയ്യാം. താങ്കൾ എന്റെ അതിഥിയാണ്. ആവശ്യം അറിയിച്ചാലും.''
ആതിഥേയന്റെ സഹതാപപൂർണവും സഹകരണാത്മകവുമായ സമീപനം അബൂദർറിന് ധൈര്യം പകർന്നു. പിന്നീട് രഹസ്യഭാവത്തിൽ അലിയോട് പറഞ്ഞു: "വാനലോകത്തുനിന്ന് ദിവ്യബോധനം കിട്ടുന്ന, പ്രവാചകത്വം വാദിക്കുന്ന ഒരു വ്യക്തി മക്കയിലുണ്ടെന്ന് അറിഞ്ഞു. അദ്ദേഹത്തെ കാണാനും യാഥാർഥ്യമെന്തെന്ന് മനസ്സിലാക്കാനും അതീവ താൽപര്യത്തോടെയാണ് ഞാൻ മക്കയിൽ വന്നിരിക്കുന്നത്.” യാത്രക്കാരന്റെ വാക്കുകൾ കേട്ട് അലി മനസാ ഏറെ സന്തോഷിച്ചു. “ഇപ്പോൾ താങ്കൾ വിശ്രമിക്കുക. നേരം പുലർന്നാൽ നമുക്ക് ആ വ്യക്തിയുമായി മുഖാമുഖം കാണാം. മക്കയിലെ ചുറ്റുപാട് വളരെ ആപത്കരമാണ്. അത് താങ്കൾ മനസ്സിലാക്കണം. താങ്കൾ എന്നെ പിന്തുടരുക. വഴിയിൽ വല്ല വിഘാതവും അനുഭവപ്പെട്ടാൽ ഞാൻ മൂത്രമൊഴിക്കുന്നതായി അഭിനയിക്കും. താങ്കൾ മുന്നോട്ട് നീങ്ങണം. നമ്മൾ പരസ്പരം യാതൊരു ബന്ധവുമില്ലെന്ന് മറ്റുള്ളവരെ ധരിപ്പിക്കാനാണ്.''
രാത്രി ഭക്ഷണം കഴിഞ്ഞ് അബൂദർറ് അലിയുടെ വീട്ടിൽ തന്നെ രാപ്പാർത്തു. നിദ്ര ആ കൺപോളകളെ തഴുകിയില്ല. പ്രഭാതം വിടരുന്ന നിമിഷങ്ങൾ എണ്ണിത്തീർക്കുകയായിരുന്നു അദ്ദേഹം. സൂര്യനുദിച്ച ശേഷം ഇരുവരും നബിയുടെ സന്നിധിയിലെത്തി.
അബൂദർറ് (റ) സാകൂതം നബിയുടെ വാക്കുകൾക്ക് കാതോർത്തു. ഉടൻ ആ ആദർശം ആശ്ലേഷിക്കാൻ സന്നദ്ധനായി. നബി (സ) അദ്ദേഹത്തോട് പറഞ്ഞു: "സ്വദേശത്തേക്ക് തിരിച്ചുപോവുക. കുടുംബത്തിനും ഗോത്രത്തിനും ഈ സന്ദേശം എത്തിക്കുക. ഞാൻ ആവശ്യപ്പെടുന്ന സന്ദർഭത്തിൽ മക്കയിലേക്ക് തിരിച്ചുവരണം.''
എന്നാൽ, അബൂദർറ് ഏകദൈവ വിശ്വാസം ഉൾക്കൊണ്ട ഉന്മാദാവസ്ഥയിലായിരുന്നു. അദ്ദേഹം പറഞ്ഞു: "റസൂലേ, ഞാൻ ബഹുദൈവാരാധകർക്കു മുന്നിൽ അല്ലാഹു ഏകനാണെന്നും മുഹമ്മദ് (സ) അല്ലാഹുവിന്റെ ദൂതനാണെന്നും ഉച്ചൈസ്തരം ഉദ്ഘോഷിക്കും”. പ്രവാചകനോട് വിടപറഞ്ഞ് പുറത്തിറങ്ങിയ അബൂദർറ് കഅ്ബയിലെത്തി സത്യസാക്ഷ്യ വചനങ്ങൾ ഉറക്കെ ചൊല്ലി. ഖുറൈശിക്കൂട്ടം അദ്ദേഹത്തെ മൃഗീയമായി ആക്രമിച്ചു. അവശനായ അബൂദർറ് നിലത്തു വീണു. നബിയുടെ പിതൃവ്യൻ അബ്ബാസ് (റ) ആണ് അവരുടെ കൊടിയ പീഡനത്തിൽനിന്ന് അദ്ദേഹത്തെ രക്ഷിച്ചത്. അബ്ബാസ് മർദകരോട് പറഞ്ഞു: "നിങ്ങൾക്ക് നാശം! ഇദ്ദേഹം ഏതു ഗോത്രക്കാരനാണെന്ന് നിങ്ങൾക്ക് അറിയാമോ? ഗിഫാർ ഗോത്രക്കാരനാണ്. ശാമിലേക്കുള്ള കച്ചവട സംഘം അവരുടെ പ്രദേശത്തുകൂടെയാണ് കടന്നുപോകാറുള്ളത്.'' അബ്ബാസിന്റെ വാക്കുകൾ ശ്രദ്ധിച്ച അവർ പിരിഞ്ഞുപോയി. രണ്ടാം ദിവസവും അബൂദർറ് ഏകദൈവത്വ പ്രഖ്യാപനം ആവർത്തിച്ചു. ശത്രുക്കൾ വീണ്ടും അദ്ദേഹത്തിന് മേൽ ചാടിവീണു. അപ്പോഴും അദ്ദേഹത്തിനു സംരക്ഷണ കവചമൊരുക്കിയത് അബ്ബാസ് (റ) തന്നെ ആയിരുന്നു. l ('റോഷൻ സിതാരെ' എന്ന കൃതിയിൽനിന്ന്. മൊഴിമാറ്റം: എം.ബി അബ്ദുർറശീദ് അന്തമാൻ)
ഹ. ബിലാൽ (റ) ഇസ്ലാം ആശ്ലേഷിച്ചതിന്റെ പേരിൽ നേരിട്ട പ്രയാസങ്ങളും പരീക്ഷണങ്ങളും മറ്റും വായിച്ചറിയുമ്പോൾ നാം രോമാഞ്ചം കൊള്ളും. ഉമയ്യത്ത് എന്ന നേതാവിന്റെ അടിമയായിരുന്നു ബിലാൽ. ഉമയ്യത്താവട്ടെ ഇസ്ലാമിന്റെ കൊടിയ ശത്രുവും. മധ്യാഹ്നത്തിൽ ചുട്ടുപൊള്ളുന്ന മണൽപ്പരപ്പിൽ ബിലാലിനെ കിടത്തും. വലിയ പാറക്കല്ലുകൾ നെഞ്ചിൽ കേറ്റിവെക്കും - വേദനകൊണ്ടു പുളയുമ്പോൾ അനങ്ങാതിരിക്കാൻ. ശിർക്കൻ മതത്തിലേക്കു മടങ്ങിയില്ലെങ്കിൽ വധിക്കുമെന്ന് ഭീഷണിപ്പെടുത്തും. ഏകദൈവ വിശ്വാസത്തിൽ സാന്ത്വനം കണ്ടെത്തിയ ബിലാൽ ആ കുടില ഹൃദയനോടു പറയും: “അല്ലാഹു അഹദ്….അഹദ്…'' (അല്ലാഹു ഏകനാണ് … ഏകനാണ്).
രാത്രി ഇരുട്ടിയാൽ പരുപരുത്ത ചങ്ങലയിൽ കെട്ടിയിട്ട് ചാട്ടവാർ കൊണ്ടടിക്കും. വ്രണങ്ങളുള്ള ബിലാലിനെ തൊട്ടടുത്ത ദിവസം വീണ്ടും മണൽപ്പരപ്പിലിട്ട് മർദന പീഡനങ്ങൾ തുടരും. പുത്തൻ പ്രസ്ഥാനത്തിൽനിന്ന് പിൻവാങ്ങിയില്ലെങ്കിൽ ഈ ദണ്ഡനങ്ങളേറ്റു താൻ മരിക്കും -ഉമയ്യത്ത് ഗർജിക്കും. എന്നാലും ബിലാൽ തന്റെ വിശ്വാസം ഉച്ചൈസ്തരം ഉദ്ഘോഷിക്കും: ''അല്ലാഹു ഏകനാണ്… ഏകനാണ്… ഏകനാണ്.''
ആ ദുഷ്ടൻ അടിച്ചടിച്ചു സ്വയം തളരുമ്പോൾ കഴുത്തിൽ ഒരു കയറ് കെട്ടി വികൃതിക്കുട്ടികളെ ഏല്പിക്കും. അവർ അദ്ദേഹത്തെ തെരുവിലൂടെ വലിച്ചിഴച്ചു രസിക്കും. അപ്പോഴും ബിലാൽ അഹദ്… അഹദ് … എന്ന് ഉറക്കെ പറയും.
ആ ത്യാഗത്തിനുള്ള സമ്മാനം കൂടിയായാണ് മദീനാ മസ്ജിദിലെ ബാങ്ക് വിളിയുടെ ചുമതല തിരുദൂതർ ബിലാലിനെ ഏൽപിച്ചിരുന്നത്. നബിയോടൊപ്പമുള്ള യാത്രകളിലും അദ്ദേഹമാണ് ബാങ്ക് വിളിച്ചത്. പ്രവാചകന്റെ വിയോഗാനന്തരം ബിലാൽ മദീനയോട് വിട പറഞ്ഞു പരദേശിയായി - മദീനയുടെ തെരുവുകളും ചുമരുകളും പ്രവാചകനെക്കുറിച്ച ഓർമകളും അദ്ദേഹത്തെ അത്രമേൽ വികാരപരവശനാക്കിയിരുന്നു.
ഒരിക്കൽ ബിലാൽ തിരുദൂതരെ സ്വപ്നത്തിൽ കണ്ടു. അവിടുന്ന് ബിലാലിനോട് ചോദിച്ചു: ''നീ എന്നെ സന്ദർശിക്കാൻ വരാത്തതെന്താണ്?'' ഉറക്കിൽനിന്ന് എണീറ്റ ബിലാൽ ഉടനെ മദീനാ യാത്രക്കുള്ള സന്നാഹങ്ങളൊരുക്കി. താമസം വിനാ യാത്രയാവുകയും ചെയ്തു. മദീനയിലെത്തിയപ്പോൾ പ്രവാചകനുമായി ഇഴുകിച്ചേർന്ന ജീവിതം ഓർമയുടെ ഓളങ്ങളിൽ ഒരു ചലച്ചിത്രം പോലെ കടന്നുപോയി. ബിലാലിന്റെ നയനങ്ങൾ നിറഞ്ഞൊഴുകി. പ്രവാചക പൗത്രന്മാരായ ഹസനും ഹുസൈനും ബിലാലിനോട് ബാങ്ക് കൊടുക്കാൻ അഭ്യർഥിച്ചു. ബിലാലിന്റെ ബാങ്കൊലികൾ മദീനാ നിവാസികളെ പ്രവാചകന്റെ കാലത്തെ അനുസ്മരിപ്പിച്ചു. അവർ വിലപിച്ചു. സ്ത്രീജനങ്ങൾ പോലും വിതുമ്പൽ നിയന്ത്രിക്കാനാകാതെ വീടകങ്ങളിൽനിന്ന് പുറത്തിറങ്ങി. മദീനാ നഗരത്തിൽ സ്ഥിരമായി താമസിക്കാൻ ബിലാലിന്റെ മനസ്സ് സമ്മതിക്കാത്തതിനാൽ ദമസ്കസിലേക്കു തന്നെ തിരിച്ചുപോയി. അന്ത്യം സംഭവിച്ചതും അന്ത്യവിശ്രമം കൊള്ളുന്നതും അവിടെത്തന്നെയാണ്. l
('റോഷൻ സിതാരെ' എന്ന കൃതിയിൽനിന്ന്. മൊഴിമാറ്റം: എം.ബി അബ്ദുർറശീദ് അന്തമാൻ )
രണ്ടാം ഖലീഫ ഉമർ (റ) ഏതോ യാത്രക്കിടയിൽ നഗരാതിർത്തിക്ക് പുറത്തുള്ള ഒരു ടെന്റിനടുത്തു കൂടി കടന്നുപോവുകയായിരുന്നു. അപ്പോൾ ഒരു വയോധിക പാൽ കറന്നെടുക്കുന്നതായി കണ്ടു. വാഹനപ്പുറത്തിരുന്നുകൊണ്ട് തന്നെ അവരോട് അദ്ദേഹം പറഞ്ഞു: “മുത്തശ്ശീ! പാലിൽ വെള്ളം ചേർക്കരുത്. വിശ്വാസികളെ ചതിക്കരുത്.” “അമീറുൽ മുഅ്മിനീൻ! അങ്ങനെ ചെയ്യുകയില്ലെന്ന് ഉറപ്പ് തരുന്നു.” ഉമർ (റ) തന്റെ യാത്ര തുടർന്നു.
ദിവസങ്ങൾക്കു ശേഷം വീണ്ടും ആ പ്രദേശം വഴി കടന്നുപോയപ്പോൾ ആ വൃദ്ധസ്ത്രീയെ വീണ്ടും കാണാനിടയായി. പാലിൽ വെള്ളം ചേർക്കരുതെന്നും അത് മുസ്ലിംകളെ വഞ്ചിക്കലാണെന്നും അവരെ ഒന്നുകൂടി ഓർമപ്പെടുത്തി. 'ഞാൻ അങ്ങനെ ഒരിക്കലും ചെയ്യാറില്ല' - അവർ ആണയിട്ടു പറഞ്ഞു.
“ഉമ്മാ, നിങ്ങൾ സത്യം ചെയ്തതെന്താണ്? അല്ലാഹുവിനോട് കുറ്റം സമ്മതിച്ച് മാപ്പു ചോദിക്കുക. ശരിയാണ്, അമീറുൽ മുഅ്മിനീൻ ഒന്നും കണ്ടിട്ടില്ല. നിങ്ങൾ സത്യം ചെയ്ത് പറഞ്ഞപ്പോൾ അദ്ദേഹമത് വിശ്വസിച്ചിരിക്കുകയും ചെയ്തിരിക്കാം. പക്ഷേ, ആകാശഭൂമികളുടെ ഉടമയായ അല്ലാഹു എല്ലാം കാണുന്നുണ്ടല്ലോ. അവനിൽ നിന്ന് എന്തെങ്കിലും മറച്ചുവെക്കാൻ ആർക്കും സാധ്യമല്ല. അവനെ ഭയന്നു സത്യം മാത്രം പറയുക.” പൊളിഞ്ഞു വീഴാറായ തൊട്ടടുത്ത കൂടാരത്തിൽനിന്ന് ഒരു യുവതി ഇങ്ങനെ ധീരതയോടെ വിളിച്ചുപറയുന്നത് ഉമർ കേട്ടു.
ഉമർ അല്പ നേരം എന്തോ ആലോചിച്ചു നിന്ന ശേഷം നേരെ വീട്ടിലേക്ക് പോയി. മക്കളെ അടുത്ത് വിളിച്ചുപറഞ്ഞു: “എന്റെ പ്രിയ മക്കളേ, ജീർണിച്ച ഒരു കൂടാരത്തിൽനിന്ന് അസൂയാവഹമായ സ്വഭാവ മഹിമയുള്ള ഒരു കന്യകയുടെ ശബ്ദം ഞാൻ കേട്ടിരിക്കുന്നു. ആ തരുണിയുടെ തേജസ്സുറ്റ മുഖം ഞാൻ കണ്ടിട്ടില്ല. ഈമാൻ സ്ഫുരിക്കുന്ന അവളുടെ വാക്കുകൾ എന്നെ വല്ലാതെ ആകർഷിച്ചിട്ടുണ്ട്. ആ പെൺകുട്ടിയെ എന്റെ കുടുംബത്തിലെ മരുമകളായി കിട്ടിയാൽ നമ്മുടെ വീടിന്റെ ശോഭയേറും. അവൾ മുഖേന എന്റെ തലമുറകളിൽ നല്ലൊരു ജന്മമുണ്ടായേക്കാം.” “വാപ്പാ, ഞാൻ തയാറാണ്.”
വിവേകശാലിയായ മകൻ ആസ്വിമാണ് പ്രതികരിച്ചത്. ഉമർ (റ) ഉടനെ ആ കൂടാരത്തിലെത്തി. ഉമറിനെ കണ്ട വയോധിക ആകെ പരിഭ്രമിച്ചു. "നീ എന്നെ അപമാനിച്ചുവല്ലോ” - അവർ മകളോട് പറഞ്ഞു. “ഇല്ല. സത്യം ആരെയും നിന്ദ്യരാക്കുകയില്ല; ഉന്നതരാക്കുകയേ ഉള്ളൂ. നിങ്ങൾ വിഷമിക്കരുത്” - മാതാവിനെ ആശ്വസിപ്പിച്ചു കൊണ്ട് യുവതി പറഞ്ഞു. ഉമർ (റ) ഒരു പഴകിയ പായയിൽ ഇരുന്നു. വിവാഹാന്വേഷണത്തിനായി വന്നതാണെന്ന് വയോധികയെ അറിയിച്ചു. അവർ സ്തംഭിച്ചു നിൽക്കുകയാണ്. താൻ ഉണർവിൽ തന്നെയാണോ, അതോ സ്വപ്നം കാണുകയോ?
ഉമർ (റ) വീണ്ടും പറഞ്ഞു: "താങ്കളുടെ മകളെ എന്റെ മകൻ ആസ്വിമിന്റെ ജീവിത പങ്കാളിയാക്കാൻ ആഗ്രഹിക്കുന്നു.” വൃദ്ധയുടെ കണ്ണുകളിൽ ആനന്ദാശ്രുക്കൾ നിറഞ്ഞൊഴുകി. “പൊട്ടിപ്പൊളിഞ്ഞ കൂടാരത്തിൽ കഴിയുന്ന ഞാനും നിങ്ങളും തമ്മിലോ? എന്റെ മകൾ താങ്കളുടെ സംരക്ഷണത്തിലും ലാളനയിലും ജീവിക്കുന്നതിനെക്കാൾ വലിയ സൗഭാഗ്യവും സന്തോഷവും മറ്റെന്താണ്?!”
ഖലീഫയുടെ പുത്രൻ ആസ്വിം ആ പാവപ്പെട്ട യുവതിയെ തന്റെ ജീവിത സഖിയാക്കി. ഏതാനും വർഷങ്ങൾക്കകം അവർക്ക് ഒരു പെൺകുട്ടി ജനിച്ചു. ഉമ്മു ആസ്വിം എന്ന് അവൾക്ക് പേരിട്ടു. വിവാഹ പ്രായമെത്തിയപ്പോൾ അവളെ ഉമവി കുടുംബത്തിലെ അബ്ദുൽ അസീസ് ഇബ്നു മർവാൻ തന്റെ ജീവിത പങ്കാളിയായി സ്വീകരിച്ചു. ചരിത്രത്തിൽ അഞ്ചാം ഖലീഫയായി അറിയപ്പെട്ട ഉമറുബ്നു അബ്ദിൽ അസീസിന് ജന്മം നൽകിയത് ഉമ്മു ആസ്വിമായിരുന്നു. അദ്ദേഹത്തിന്റെ ഭരണം സച്ചരിതരായ പൂർവിക ഖലീഫമാരുടെ മാതൃകാ ഭരണത്തെ ഓർമിപ്പിക്കുന്നതായിരുന്നു. l ('റോഷൻ സിതാരെ' എന്ന കൃതിയിൽനിന്ന് - വിവ: എം.ബി അബ്ദുർറശീദ് അന്തമാൻ)
തിരുദൂതർ മക്കാ ദേശത്ത് സത്യപ്രബോധനത്തിനു നാന്ദി കുറിച്ചിട്ട് പത്തു വർഷം തികയുകയാണ്. മക്കാ പട്ടണത്തിന്റെ മുക്ക് മൂലകളിലെല്ലാം ഇസ്ലാം ചൂടേറിയ ചർച്ചാ വിഷയമാണ്. ഇസ്ലാമിന്റെ ആദർശം ഗ്രഹിച്ചവർ സ്വമേധയാ അത് അംഗീകരിക്കുകയും അതിനെ പുൽകുകയും ചെയ്തു. ഇസ്ലാം സ്വീകരിച്ചവരിൽ മുതിർന്ന സ്ത്രീ-പുരുഷന്മാരോടൊപ്പം ചില ബാലന്മാരുമുണ്ടായിരുന്നു. പ്രവാചക ജിഹ്വയിൽനിന്ന് ഉതിർന്നുവീഴുന്ന സത്യമൊഴികൾ വലിയ ആകർഷണമുള്ളതായിരുന്നു. അത് ശ്രവിക്കുന്നവരെല്ലാം ആ സത്യസംഘത്തിന്റെ പോരാളികളായി, അതിനായി ജീവൻ സമർപ്പിക്കാൻ സന്നദ്ധരായി. പ്രവാചകന്നനുകൂലമായ സാഹചര്യം രൂപപ്പെടുന്നത് ശത്രുക്കളെ പ്രകോപിതരാക്കി. അവർ റസൂലിനെതിരെ അധിക്ഷേപ വർഷം നടത്തി. ആഭിചാരകനെന്ന് കുറ്റപ്പെടുത്തി. നബിയുടെ പ്രബോധനപ്രവർത്തനങ്ങൾക്ക് തടസ്സം സൃഷ്ടിച്ചു. അദ്ദേഹത്തിന്റെ ഉപദേശ നിർദേശങ്ങൾ ജനം ശ്രവിക്കാതിരിക്കാൻ പലതരം സമ്മർദ തന്ത്രങ്ങൾ പ്രയോഗിച്ചു.
ആ പ്രതികൂല സാഹചര്യത്തിലാണ് യമനിലെ പ്രശസ്ത കവി ദൗസ് ഗോത്രക്കാരനായ ത്വുഫൈൽ മക്കയിലെത്തുന്നത്. അദ്ദേഹം തന്റെ ഗോത്രത്തിന്റെ നേതാവും സർവ സ്വീകാര്യനുമായിരുന്നു. മക്കക്കാർ അദ്ദേഹത്തെ സസന്തോഷം സ്വീകരിച്ചാനയിച്ചു, അതീവ ബഹുമാനാദരങ്ങളോടെ ഉപചാരങ്ങൾ ചെയ്തു. ത്വുഫൈൽ പ്രവാചകന്റെ പ്രബോധനം കേട്ടു കഴിഞ്ഞാൽ അതിലേക്കദ്ദേഹം ആകൃഷ്ടനാകുമോ എന്ന് അവർക്ക് ആശങ്കയുണ്ടായിരുന്നു. റസൂലിന്റെ ഭാഷണങ്ങൾ ആരെയും സ്വാധീനിക്കാൻ മാത്രം ആകർഷകമായിരുന്നല്ലോ. സത്യവും അസത്യവും വേർതിരിച്ചറിയാൻ കെല്പുള്ള പ്രതിഭയും കവിയുമാണ് ത്വുഫൈൽ. നബിയുടെ ഔന്നത്യവും വശ്യമായ സംഭാഷണ ചാതുരിയും സ്വഭാവ മഹിമയും ത്വുഫൈലിന്റെ ഇസ്ലാം സ്വീകരണത്തിന് വഴിയൊരുക്കും, തീർച്ച. മാത്രമല്ല അതു കാരണം അദ്ദേഹത്തിന്റെ ഗോത്രക്കാരും ഇസ്ലാമിലേക്ക് വരും. മക്കാ നിവാസികളുടെ സ്വാസ്ഥ്യം കെടുത്തിയ ചിന്തകൾ; ആശങ്കകൾ!
ത്വുഫൈലിന്റെ മക്കയിലേക്കുള്ള ആഗമനം വൻ അപായ സൂചനയാണെന്ന് അവർ വിലയിരുത്തി. അതവരെ അസ്വസ്ഥരുമാക്കി. മക്കാ സമൂഹത്തിലെ നേതാക്കൾ അദ്ദേഹത്തെ നേരിൽ കണ്ട് സംസാരിച്ച് ഏതുവിധേനയും നബിയുമായി കണ്ടുമുട്ടുന്നതിൽനിന്ന് അദ്ദേഹത്തെ വിലക്കണമെന്ന് തീരുമാനിച്ചു. രഹസ്യമായി ത്വുഫൈലിനെ കാണാനെത്തിയ സംഘം ഗുണകാംക്ഷാ ഭാവത്തിൽ അദ്ദേഹത്തോട് പറഞ്ഞു: “ഞങ്ങളുടെ നാട്ടിൽ സ്വയം പ്രവാചകത്വം വാദിക്കുന്ന ഒരു വ്യക്തിയുണ്ട്. താങ്കളും അയാളെക്കുറിച്ച് കേട്ടിരിക്കും. അതിനിപുണനായ ആഭിചാരകൻ. മധുരോദാരമായ അയാളുടെ മൊഴികളാൽ ആരും വശീകരിക്കപ്പെട്ടുപോകും; അയാളുടെ സംഘത്തിൽ ചേർന്നുപോകും. മക്കാ ദേശത്തെ ചിന്താശേഷിയില്ലാത്ത പലരും അയാളുടെ മായാജാലത്തിൽ കുടുങ്ങിയിട്ടുണ്ട്. തങ്ങളുടെ പൈതൃക മതം വിട്ടുപോയിട്ടുണ്ട്. ഇയാൾ കാരണം ഞങ്ങളുടെ പല വീടുകളിലും കുടുംബങ്ങളിലും ആഭ്യന്തര സംഘർഷങ്ങളാണ്. അയാളുടെ ജാലവിദ്യയിൽ വീണവർ ഒരിക്കലും പിന്നോട്ടടിക്കാതെ പാറപോലെ ഉറച്ചുനിൽക്കുന്നു - ഉറ്റവരുടെയും ഉടയവരുടെയും ആത്മാർഥമായ ഉപദേശങ്ങൾക്കു പോലും ചെവികൊടുക്കാതെ. അതുകൊണ്ട് താങ്കൾ മക്കയിലുള്ള ദിനങ്ങളിൽ അങ്ങേയറ്റം ജാഗരൂകനാകണമെന്ന് ഞങ്ങൾ അപേക്ഷിക്കുന്നു.”
ഖുറൈശി സംഘത്തിന്റെ മുന്നറിയിപ്പുകൾ ത്വുഫൈൽ ശ്രദ്ധയോടെ കേട്ടു. മുഹമ്മദിന്റെ ഭാഷണങ്ങൾക്ക് ഒരിക്കലും കാതു കൊടുക്കുകയില്ലെന്ന് ദൃഢനിശ്ചയം ചെയ്തു. പുത്തൻ പ്രവാചകന്റെ ആഭിചാരത്താൽ താനും സ്വാധീനിക്കപ്പെട്ടേക്കുമോ എന്ന ആശങ്ക അദ്ദേഹത്തിനുണ്ടായി. കഅ്ബാ പ്രദക്ഷിണത്തിെനത്തിയപ്പോൾ പുറത്തുനിന്നുള്ള ഒരു ശബ്ദവും കേൾക്കാതിരിക്കാൻ കാതിൽ പരുത്തിത്തുണി തിരുകി.
ഒരിക്കൽ പ്രവാചകൻ നമസ്കാരത്തിൽ ഖുർആൻ ഓതുകയായിരുന്നു. അപ്പോഴാണ് ത്വുഫൈൽ യാദൃച്ഛികമായി അവിടേക്ക് കടന്നുവരുന്നത്. നബിയുടെ ഖുർആൻ പാരായണം അയാളെ അത്യധികം ആകർഷിച്ചു. ആദ്യമൊന്ന് പതറിയെങ്കിലും ഉടൻ സ്വബോധം വീണ്ടെടുത്തു. ഈ ഖുർആൻ കേട്ടതു കൊണ്ട് എന്നിൽ യാതൊരു ഭാവമാറ്റവുമുണ്ടാവാൻ പോകുന്നില്ല. ഞാൻ ഒരു കവിയാണ്. ശരിയും തെറ്റും തിരിച്ചറിയാൻ കഴിവുള്ള ജ്ഞാനിയാണ്. വാക്യങ്ങളുടെ ഗാംഭീര്യവും നാനാർഥങ്ങളും നന്നായറിയുന്നവൻ. അതിനാൽ ഈ പ്രവാചകൻ പറയുന്നത് ഒന്നു കേട്ടു നോക്കാം. അങ്ങനെ ത്വുഫൈൽ പ്രവാചകന്റെ ഖുർആൻ പാരായണം വളരെ താൽപര്യത്തോടെ കേട്ടുകൊണ്ടിരുന്നു. നബിതിരുമേനി ഖുർആൻ ഓതിക്കൊണ്ടിരിക്കെ ത്വുഫൈലിന്റെ മനസ്സ് തരളിതമായി. ഓരോ സൂക്തവും അയാളുടെ ചിന്താമണ്ഡലത്തിൽ ആന്ദോളനം സൃഷ്ടിക്കുകയാണ്.
നമസ്കാരം കഴിഞ്ഞ് നബി വീട്ടിലേക്ക് മടങ്ങി. ത്വുഫൈലും പിറകെ ചെന്നു. പ്രവാചകൻ വീട്ടിനകത്തേക്ക് കടക്കാനൊരുങ്ങുമ്പോൾ പിന്നിൽ നിന്നൊരു ശബ്ദം: ''എന്നെ അകത്ത് കടക്കാൻ അനുവദിച്ചാലും." പ്രവാചകൻ തിരിഞ്ഞുനോക്കിയപ്പോൾ കാണുന്നത് യമനിലെ ആദരണീയ നേതാവും കവിയുമായ ത്വുഫൈലിനെ. റസൂൽ അദ്ദേഹത്തെ സാദരം വീട്ടിലേക്ക് സ്വീകരിച്ചിരുത്തി. സംസാര മധ്യേ അദ്ദേഹത്തിന്റെ ആഗമനോദ്ദേശ്യം ചോദിച്ചറിഞ്ഞു. ത്വുഫൈൽ നടന്നതെല്ലാം സവിസ്തരം ദൈവദൂതരെ കേൾപ്പിച്ചു. പ്രവാചകൻ എല്ലാം സാകൂതം കേട്ടു. തനിക്ക് ദിവ്യബോധനമായി കിട്ടിയ ഖുർആൻ കേൾപ്പിക്കാൻ ത്വുഫൈൽ പ്രവാചകനോട് ആവശ്യപ്പെട്ടു. പ്രവാചകന്റെ പാരായണം അയാൾ താത്പര്യത്തോടെ കേട്ടു. മനസ്സിലെ കറകൾ അലിഞ്ഞില്ലാതാവുന്നതായി അനുഭവപ്പെട്ടു. അശ്രദ്ധയുടെ ആന്ധ്യം നീങ്ങി, സത്യത്തിന്റെ വെളിച്ചം അയാളുടെ കണ്ണുകൾക്ക് കൂടുതൽ തെളിച്ചം നൽകി.
പ്രവാചകൻ ഖുർആൻ പാരായണം നിർത്തിയപ്പോൾ ത്വുഫൈൽ പറഞ്ഞു: “എന്നെ സൃഷ്ടിച്ച ദൈവമാണ! അറബികളായ പല പ്രസിദ്ധ പ്രഭാഷകരെയും ഞാൻ കേട്ടിട്ടുണ്ട്. താങ്കളിൽനിന്നു കേട്ടതുപോലെ ആശയസമ്പന്നവും ആകർഷകവുമായ വചനങ്ങൾ ഒരിക്കലും മുമ്പ് കേട്ടിട്ടില്ല. ഈ വചനങ്ങൾ പൂർണ സന്മാർഗമാണ്; പ്രകാശമാണ്; നീതിയാണ്. അതിൽനിന്ന് മുഖം തിരിക്കുന്നവൻ സദ്പന്ഥാവിൽ നിന്ന് മുഖം തിരിക്കുന്നവനാണ്. അല്ലാഹുവാണ! ഇത് ദൈവികമാണ്; മനുഷ്യ വചനമല്ല." ത്വുഫൈലിന്റെ ഹൃദയം സന്മാർഗ സ്വീകരണത്തിന് സുസജ്ജമാകുന്നത് കണ്ട് മനസാ ആഹ്ലാദിക്കുകയായിരുന്നു പ്രവാചകൻ. തിരുദൂതർ അദ്ദേഹത്തിന് സത്യസാക്ഷ്യ വാക്യങ്ങൾ ചൊല്ലിക്കൊടുത്തു. അതുരുവിട്ട ത്വുഫൈലിന്റെ മുഖം സത്യവിശ്വാസത്തിന്റെ പ്രഭയാൽ വെട്ടിത്തിളങ്ങി. യമനിൽനിന്നെത്തിയ ആ വിശിഷ്ടാതിഥി ഈമാനിന്റെ മഹത്വം പൂർണമായും ഉൾക്കൊണ്ടിരുന്നു. മക്കയിൽ വന്നപ്പോൾ ലൗകികമായ അന്തസ്സായിരുന്നു കൈമുതൽ; ഇപ്പോഴിതാ ഇസ്ലാമിന്റെ ഇസ്സത്തും സ്വായത്തമാക്കിയിരിക്കുന്നു.
യാത്രാമൊഴി ചൊല്ലി യമനിലേക്ക് മടങ്ങാനൊരുങ്ങുമ്പോൾ ത്വുഫൈൽ നബിയോട് പറഞ്ഞു: “എന്റെ ഹൃത്തടം സത്യവിശ്വാസത്താൽ നിർഭരവും പ്രശോഭിതവുമാണ്. എന്റെ കുടുംബവും ഗോത്രവും അവിശ്വാസത്തിന്റെ അന്ധകാരത്തിലാണ്. തിരുദൂതരേ, അവർക്ക് ഈമാനിന്റെ വെളിച്ചം കിട്ടാൻ അവിടുന്ന് പ്രാർഥിച്ചാലും.” പ്രവാചകൻ ഇരു കൈകളുമുയർത്തി പ്രാർഥിച്ചു: “അല്ലാഹുവേ, ത്വുഫൈലിനെ മറ്റുള്ളവർക്ക് സന്മാർഗം കാണിക്കുന്ന മുദ്രയാക്കേണമേ!" വിശ്വാസത്താൽ ആവേശഭരിതനായ ത്വുഫൈൽ വീട്ടിലെത്തി. വാർധക്യത്താൽ വിവശനായ സ്വന്തം പിതാവ് അംറുമായാണ് ആദ്യം സംസാരിച്ചത്: "അവിശ്വാസത്തിന്റെ ഇരുട്ടിൽനിന്ന് മോചിതനായി ഞാൻ സത്യവിശ്വാസത്തിന്റെ പ്രകാശം സ്വീകരിച്ചിരിക്കുന്നു. ഇനി നമ്മൾ തമ്മിൽ ആദർശപരമായ ബന്ധമില്ല. മക്കയിൽ ആഗതനായ സത്യദൂതനിൽ ഞാൻ വിശ്വസിച്ചിരിക്കുന്നു. ഏകദൈവ വിശ്വാസികളോടൊപ്പമാണ് ഞാൻ. അഥവാ ഇസ്ലാമിക സംഘത്തോടൊപ്പം.” മകൻ ത്വുഫൈലിന്റെ വാക്കുകൾ കേട്ട് അംറ് ചിന്തയിൽ മുഴുകി: "പിതാവും പുത്രനും തമ്മിലുള്ള ബന്ധം പോലും വിച്ഛേദിക്കാൻ മാത്രം ശക്തമാണോ ഈ ആദർശം? പിതൃബന്ധത്തെക്കാൾ അതിശ്രേഷ്ഠമാണോ ഈ ആദർശ ബന്ധം?!” അയാൾ മകനോട് പറഞ്ഞു: "ആ ദൈവദൂതന്റെ അധ്യാപനങ്ങൾ എനിക്കും പറഞ്ഞുതരിക."
ത്വുഫൈൽ വളരെ സാവധാനം ഇസ്ലാമിന്റെ സന്ദേശസാരം പിതാവിനെ കേൾപ്പിച്ചു. സത്യവിശ്വാസത്തിന്റെ അത്ഭുതകരമായ വശ്യത ഫലം കണ്ടു. അയാൾ മകനോട് പറഞ്ഞു: “ത്വുഫൈൽ, നീ എന്റെ പുത്രനാണല്ലോ; ഞാൻ നിന്റെ പിതാവും. നീ വിശ്വസിച്ച പ്രവാചകനിൽ ഞാനും വിശ്വസിക്കുന്നു.” ത്വുഫൈലിന്റെ മുഖം സന്തോഷത്താൽ പ്രസന്നമായി. “ആദരണീയനായ പിതാവേ, കുളിച്ചു ശുദ്ധി വരുത്തുക. സത്യസാക്ഷ്യ വാക്യം ഉരുവിട്ട് അല്ലാഹുവിന്റെ പ്രിയദാസരിൽ ചേരാം" - ത്വുഫൈൽ പറഞ്ഞു. അംറ് കുളിച്ചു വൃത്തിയായി നല്ല വസ്ത്രം ധരിച്ച് ഏകദൈവ വിശ്വാസത്തിന്റെ പ്രതിജ്ഞാ വചനങ്ങൾ ഏറ്റുപറഞ്ഞു. പിന്നീട് ത്വുഫൈൽ തന്റെ പ്രിയതമക്ക് ഇസ്ലാമിനെ പരിചയപ്പെടുത്തിക്കൊണ്ട് പറഞ്ഞു: “സ്നേഹനിധിയായ, എന്റെ ജീവിതസഖിയായ നീയും ഞാനും തമ്മിൽ യാതൊരു ബന്ധവുമില്ല. ഞാൻ മക്കയിൽ നിയുക്തനായ സത്യദൂതനിൽ വിശ്വസിച്ചിരിക്കുന്നു. നീ അദ്ദേഹത്തിൽ വിശ്വസിച്ചിട്ടുമില്ല. ഞാൻ വിശ്വാസത്തിന്റെ സുബദ്ധവും സുവ്യക്തവുമായ പാതയിലൂടെ ചരിക്കുമ്പോൾ നീ അവിശ്വാസത്തിന്റെ അന്ധകാരത്തിൽ അപഥ സഞ്ചാരം നടത്തുകയാണ്. വിശ്വാസവും അവിശ്വാസവും ഒരിക്കലും സന്ധിക്കുകയില്ല. അല്ലാഹുവിൽ യാതൊരു പങ്കാളിയെയും സങ്കല്പിക്കാതെ അവന് മാത്രം വിധേയപ്പെട്ട് ജീവിക്കുന്ന വിശ്വാസികളോടാണ് എനിക്ക് മാനസിക ബന്ധവും മൈത്രിയും."
ത്വുഫൈലിന്റെ ഹൃദയസ്പർശിയായ വാക്കുകൾ സഹധർമിണിയുടെ ഹൃദയ വാതിലുകൾ തട്ടിത്തുറന്നു. അവരും സത്യത്തിന്റെ ആകർഷണവലയത്താൽ ബന്ധിതയായി. അവർ പറഞ്ഞു: “താങ്കൾ എന്റെ ജീവിത പങ്കാളി. ശിഷ്ടകാലവും ഞാൻ താങ്കളോടൊപ്പമുണ്ടാകും. പ്രപഞ്ച സ്രഷ്ടാവും പരിപാലകനുമായ ഏകനായ അല്ലാഹുവിൽ ഞാനും വിശ്വസിക്കുന്നു, അവൻ അയച്ച ദൂതനിലും വിശ്വസിക്കുന്നു.” ത്വുഫൈലിന്റെ അകത്തളം ആനന്ദത്താൽ നൃത്തമാടി. സത്യത്തിന്റെ വിജയത്തിൽ അതീവ സന്തുഷ്ടനായ അദ്ദേഹം അതിന്റെ കാന്തശക്തി എത്ര മഹത്തരമാണെന്ന് ആലോചിക്കുകയായിരുന്നു. l ('റോഷൻ സിതാരെ' എന്ന കൃതിയിൽനിന്ന്. വിവ: എം.ബി അബ്ദുർറശീദ് അന്തമാൻ)
ചിന്താമഗ്നനായ തീർഥാടകൻ ദൈവഗേഹത്തിനു നേരെ കുതിരപ്പുറത്ത് അതിവേഗം സഞ്ചരിക്കുന്നു. തന്റെ ജന്മദേശമായ 'മുറാദി'ൽ നിന്ന് ഏതാനും കാതങ്ങൾ താണ്ടിയിരിക്കുന്നു. കുതിരയുടെ കടിഞ്ഞാൺ പിടിച്ച് അയാൾ താഴെ ഇറങ്ങി. വഴിയോരത്ത് ഒരു പാവം പെൺകുട്ടി മാലിന്യ കൂമ്പാരത്തിൽനിന്ന് എന്തോ പുറത്തെടുക്കുന്നുണ്ടായിരുന്നു. യാത്രികൻ പതുക്കെ അവളുടെ അടുത്തെത്തി. ആ രംഗം അയാളെ വേദനിപ്പിച്ചു. പാവം പെൺകുട്ടി ഒരു ചത്ത പക്ഷിയെ പഴന്തുണിക്കഷ്ണത്താൽ പൊതിയുകയാണ്. അപരിചതനെ കണ്ട അവൾ ചകിതയായി. അവളുടെ കൈകൾ വിറകൊണ്ടു.
"മോളേ, നീ ഈ ചത്ത ജീവിയെ എന്തു ചെയ്യാൻ പോകുന്നു?" യാത്രക്കാരൻ സ്നേഹവാത്സല്യത്തോടെ തിരക്കി.
പെൺകുട്ടിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. തന്റെ പഴകിപ്പിഞ്ഞിയ വസ്ത്രം നേരെയാക്കി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു: "എന്റെ വാപ്പ ജീവിച്ചിരിപ്പില്ല. ഒരു സംഘം അക്രമികൾ അദ്ദേഹത്തെ കൊലപ്പെടുത്തി. സമ്പത്ത് മുഴുവൻ കൊള്ളയടിച്ചു". അനാഥക്കുട്ടി തലതാഴ്ത്തി, കണ്ണീർ തുടച്ചു കൊണ്ട് തുടർന്നു: "എനിക്കും അനുജനും അല്ലാഹു മാത്രമാണ് ആശ്രയം. മറ്റാരുമില്ല. ദിവസങ്ങളായി പട്ടിണി മാറ്റാൻ ഒന്നും കിട്ടിയിട്ടില്ല. സഹോദരൻ അസഹ്യമായ വിശപ്പുകൊണ്ട് ക്ഷീണിതനായി വീട്ടിൽ തന്നെയാണ്. അവന്റെ അവസ്ഥ കണ്ട് പരിഭവിച്ച്, വല്ലതും തിന്നാൻ കിട്ടുമോ എന്നന്വേഷിച്ച് പുറത്തിറങ്ങിയതാണ്. മാലിന്യ കൂമ്പാരത്തിൽ ചത്ത പക്ഷിയെ കണ്ടപ്പോൾ ജീവൻ തിരിച്ചുകിട്ടിയതുപോലെയായി. ഇതു തന്നെ വലിയ അനുഗ്രഹമാണ്. എന്റെ അനുജൻ ഇതും കഴിച്ചു സുഖമായുറങ്ങും…." ഇത്രയും മൊഴിഞ്ഞു ആ പാവം പെൺകുട്ടി പൊട്ടിക്കരഞ്ഞു.
ഹ. അബ്ദുല്ലാ ബിൻ മുബാറകിന് ദുഃഖം അടക്കിവെക്കാനായില്ല. പാവം പെൺകുട്ടിയുടെ ശിരസ്സിൽ കൈവെച്ചു അദ്ദേഹവും കരഞ്ഞു. രണ്ടു പേരും ദീർഘസമയം ആ നിലയിൽ തുടർന്നു. പിന്നീട് ഇബ്നു മുബാറക് തന്റെ പണം സൂക്ഷിപ്പുകാരനോട് കൈയിൽ എത്ര കാശ് കാണുമെന്ന് ചോദിച്ചു. ആയിരം സ്വർണനാണയങ്ങളുണ്ടെന്ന് അയാൾ മറുപടി നൽകി.
നമുക്ക് നാം യാത്ര പുറപ്പെട്ട മുറാദിലെത്താൻ ഇരുപതു നാണയങ്ങൾ പോരേ? മതിയെന്ന് പണം സൂക്ഷിപ്പുകാരൻ പറഞ്ഞു. "എങ്കിൽ അതൊഴിച്ചു ബാക്കിയുള്ള നാണയങ്ങൾ മൊത്തം ഈ പെൺകുട്ടിയെ ഏല്പിക്കുക. ഈ വർഷം നമ്മുടെ ഹജ്ജ് ഇവിടം വരെയാണ്. അതാവട്ടെ കഅ്ബാലയത്തിലെത്തിയുള്ള ഹജ്ജിനെക്കാൾ മഹത്തരവും." ഇബ്നു മുബാറക് തന്റെ മാറ്റമില്ലാത്ത തീരുമാനം പ്രഖ്യാപിച്ചു കഴിഞ്ഞു. പണം ആ പാവം പെൺകുട്ടിക്ക് കൈമാറി.
പട്ടിണി മൂലം കരുവാളിച്ചിരുന്ന ആ മുഖം സന്തോഷാധിക്യത്താൽ പ്രശോഭിതമായി. ആ നയനങ്ങളിൽനിന്ന് ആനന്ദാശ്രുക്കൾ പ്രവഹിച്ചു. പണക്കിഴി കൈയിൽ തൂക്കി പോകാൻ വെമ്പി നിൽക്കുന്ന പാവം പെൺകുട്ടിയോട് സ്നേഹവാത്സല്യത്തോടെ ഇബ്നു മുബാറക് പറഞ്ഞു: "ആ നാണയങ്ങളുമായി വീട്ടിലേക്ക് പോവുക. പട്ടിണിയിൽനിന്ന് നിനക്കും സഹോദരന്നും മോക്ഷം കിട്ടുമല്ലോ. അല്ലാഹുവിന് നന്ദി പ്രകാശിപ്പിക്കുക. പണംകൊണ്ട് ജീവിതത്തിന്റെ അത്യാവശ്യങ്ങൾ പൂർത്തീകരിക്കുക. പോവുക; അനുജൻ കാത്തിരിക്കുന്നുണ്ടാവും. ആ ചത്ത പക്ഷിയുടെ ജഡം ദൂരത്തെറിയുക." അവൾ അദ്ദേഹം പറഞ്ഞ പ്രകാരം അതിനെ ദൂരെയെറിഞ്ഞു. "ഇനിയൊരിക്കലും ശവം ഞങ്ങൾക്ക് ഹലാലായിരിക്കുകയില്ല." ഇത്രയും പറഞ്ഞ് ഇബ്നു മുബാറകിന് സലാം ചൊല്ലി അവൾ തന്റെ വീട്ടിലേക്ക് സന്തോഷത്തോടെ നടന്നുനീങ്ങി.
അതു നോക്കിനിൽക്കെ ഇബ്നു മുബാറക് അല്ലാഹുവിനെ കൃതജ്ഞതാപൂർവം സ്മരിച്ചു. അവൾ കൺവെട്ടത്തു നിന്ന് അപ്രത്യക്ഷയായപ്പോൾ അദ്ദേഹം തന്റെ പണം സൂക്ഷിപ്പുകാരനോട് പറഞ്ഞു: "നമുക്ക് നാട്ടിലേക്ക് മടങ്ങാം. ഇവിടെ വെച്ചു തന്നെ അല്ലാഹു നമ്മുടെ ഹജ്ജ് സ്വീകരിച്ചിരിക്കുന്നു." l
('റോഷൻ സിതാരെ' എന്ന കൃതിയിൽനിന്ന്. മൊഴിമാറ്റം: എം.ബി അബ്ദുർറശീദ് അന്തമാൻ)
ഉസ്മാനി ഖിലാഫത്ത് ഫലസ്ത്വീനെ സംരക്ഷിച്ചത് എങ്ങനെ? - 2
തിയഡോർ ഹെർസൽ സയണിസ്റ്റ് പ്രസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുത്തതിന് ശേഷം ഫലസ്ത്വീന്റെ കാര്യത്തിൽ ഉസ്മാനികളുമായുള്ള ഏറ്റുമുട്ടൽ കൂടുതൽ രൂക്ഷമായി. ചിലപ്പോൾ രഹസ്യമായും പലപ്പോഴും പരസ്യമായും പ്രസ്തുത സംഘർഷം തുടർന്നുകൊണ്ടേയിരുന്നു. സയണിസ്റ്റുകളും അവരുടെ സഖ്യകക്ഷികളും ബ്രിട്ടീഷുകാരും അമേരിക്കക്കാരും യൂറോപ്യന്മാരുമായ, ഉസ്മാനി സാമ്രാജ്യത്തിനുള്ളിലെ അവരുടെ സഹായികളായ ഫ്രീമേസൺമാരും അതിൽ തരാതരം പോലെ പങ്കുചേർന്നു.
ഉസ്മാനി സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന അർമീനിയയിലെ ക്രിസ്ത്യാനികൾ സുൽത്താൻ അബ്ദുൽ ഹമീദിന്റെ കാലത്ത് കലാപത്തിന് ശ്രമിച്ചപ്പോൾ ഹെർസൽ പെട്ടെന്ന് തന്നെ അതിൽ ഇടപെട്ടു. അതുവഴി സുൽത്വാനെ പ്രീതിപ്പെടുത്തുകയായിരുന്നു ലക്ഷ്യം. അർമേനിയൻ നേതാക്കളുമായി ബന്ധപ്പെട്ട് കലാപം നിർത്താനുള്ള തന്റെ ശ്രമങ്ങൾ, തുർക്കി രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുള്ള പോളിഷ് വംശജനായ ആസ്ട്രിയൻ ജൂതൻ ഫിലിപ്പ് മൈക്കൽ ന്യൂലിൻസ്കി മുഖേന സുൽത്താനെ അറിയിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. അർമേനിയൻ കലാപം അവസാനിപ്പിക്കുന്നതിൽ തന്റെ പങ്കിനെക്കുറിച്ച് സുൽത്താൻ സംപ്രീതനാണെന്ന് ന്യൂലിൻസ്കി ഹെർസലിനെ അറിയിച്ചുകൊണ്ടുമിരുന്നു. തദ്വാരാ അബ്ദുൽ ഹമീദ്, ജൂതന്മാരുടെ ആവശ്യങ്ങളോട് അനുകൂലമായി പ്രതികരിക്കുമെന്നാണ് ഹെർസൽ കണക്കുകൂട്ടിയത്. അതിനാൽ, അദ്ദേഹം ന്യൂലിൻസ്‌കിയെ ഇടനിലക്കാരനാക്കി ഒരു പദ്ധതി അവതരിപ്പിക്കാൻ ശ്രമിച്ചു. ഫലസ്ത്വീനിലേക്ക് ജൂത കുടിയേറ്റം അനുവദിക്കുന്നതിന് പകരമായി ഉസ്മാനി സാമ്രാജ്യ ട്രഷറിയിലേക്ക് 20 മില്യൺ ടർക്കിഷ് ലീറ നൽകാനുള്ള ജൂതന്മാരുടെ സന്നദ്ധതയായിരുന്നു അത്. എന്നാൽ, പ്രസ്തുത ഓഫറുമായി തന്നെ സമീപിച്ച ന്യൂലിൻസ്കിയെ സുൽത്താൻ അപ്പോൾ തന്നെ തന്റെ കൗൺസിലിൽ നിന്ന് പുറത്താക്കുകയാണുണ്ടായത്. വിവരമറിഞ്ഞ ഹെർസൽ കടുത്ത നിരാശയിലായി. യഹൂദരുടെ പണം ഉപയോഗിച്ച് ഉസ്മാനി സാമ്രാജ്യത്തെ പിന്തുണക്കുക വഴി സുൽത്താൻ അബ്ദുൽ ഹമീദിനെ വശീകരിക്കാനുള്ള ഹെർസലിന്റെ ശ്രമങ്ങൾ ആവർത്തിച്ചുകൊണ്ടിരുന്നു. സുൽത്താന് കൈക്കൂലി വാഗ്ദാനം ചെയ്യുന്നതിൽ ഹെർസലിന്റെ ഇടനിലക്കാർ നിരവധിയായിരുന്നു. അവരിൽ പ്രത്യക്ഷത്തിൽ മുസ്ലിംകളും പരോക്ഷമായി യഹൂദനുമായ (ദോനുമ) ജാവിദ് ബേ, സുൽത്താന്റെ ഏതൻസിലെ അംബാസഡർ മഹ്മൂദ് നദീം പാഷ, ജൂത പത്രപ്രവർത്തകനും ദോൻമയുമായ അഹ്്മദ് മിദ്ഹത് പാഷ, ബെർലിനിലെ സുൽത്താന്റെ അംബാസഡർ അഹമദ് തൗഫീഖ് പാഷ തുടങ്ങിയവർ ഉൾപ്പെടുന്നു.
കൈക്കൂലിയും മറ്റു പ്രലോഭന രീതികളും പരാജയപ്പെട്ടപ്പോൾ, ഫലസ്ത്വീനിലേക്കുള്ള ജൂത കുടിയേറ്റത്തിനായി മറ്റു വഴികൾ തേടാൻ ഹെർസൽ നിർബന്ധിതനായി. പ്രസ്തുത വിഷയത്തിൽ ഉസ്മാനി സാമ്രാജ്യത്തിന്റെ നിലപാട് പാറപോലെ ഉറച്ചതാണെന്ന് അയാൾക്ക് ബോധ്യമായി. തുടർന്നാണ് ഹെർസൽ തന്ത്രം മാറ്റിയത്. ഒരു ദ്വിമുഖ തന്ത്രം അയാൾ ആവിഷ്കരിച്ചു. അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ രാജ്യങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ഫലസ്ത്വീനിൽ ഒരു ജൂതരാഷ്ട്രം സ്ഥാപിക്കുക എന്ന ആശയത്തെ മുൻനിർത്തിയുള്ള അന്താരാഷ്‌ട്ര ഉടമ്പടി അംഗീകരിക്കാൻ ഉസ്മാനി സാമ്രാജ്യത്തെ നിർബന്ധിക്കുന്നതായിരുന്നു ഒന്നാമത്തെ വഴി. രണ്ടാമത്തേത്, ഫലസ്ത്വീനിലേക്കുള്ള ജൂതന്മാരുടെ രഹസ്യ കുടിയേറ്റത്തെ ചുറ്റിപ്പറ്റിയാണ്. ഫലസ്ത്വീൻ, ബൈറൂത്ത്, ജറൂസലം, ഹൈഫ എന്നിവിടങ്ങളിലെ അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ രാജ്യങ്ങളുടെ കോൺസൽമാരുടെ പരോക്ഷ പിന്തുണയുടെ മറവിൽ അനധികൃതമായി ഭൂമി സമ്പാദിക്കാൻ ജൂതൻമാരെ പ്രാപ്തരാക്കുന്നതായിരുന്നു അത്.
സുൽത്താൻ അബ്ദുൽ ഹമീദ്, ഹെർസലിന്റെ പുതിയ തന്ത്രത്തോട് കൂടുതൽ തീവ്രമായാണ് പ്രതികരിച്ചത്. 1898 ജൂണിൽ അദ്ദേഹം പുറപ്പെടുവിച്ച നിയമത്തിൽ ഉസ്മാനി പൗരൻമാരല്ലാത്ത ഒരു വിദേശ യഹൂദനും മതപരമായ ആവശ്യങ്ങൾക്കല്ലാതെ ഫലസ്ത്വീൻ സന്ദർശിക്കാൻ അനുവാദമില്ല എന്ന് വ്യവസ്ഥ ചെയ്തു. അവിടത്തെ അവരുടെ താമസം 30 ദിവസത്തിൽ കവിയാനും പാടില്ല. കാലാവധി അവസാനിച്ചതിന് ശേഷം അവിടെ തങ്ങുന്നവരെ ബലം പ്രയോഗിച്ച് പുറത്താക്കും. ഈ നിയമത്തിന് എതിരായി ഉസ്മാനി സാമ്രാജ്യത്തിലെ അമേരിക്ക, ബ്രിട്ടൻ, യൂറോപ്യൻ രാജ്യങ്ങളിലെ അംബാസഡർമാരുടെയും കോൺസൽമാരുടെയും പ്രതിഷേധം സുൽത്താൻ കാര്യമാക്കിയില്ല. പകരം, അവരും അവരുടെ രാജ്യങ്ങളും നിയമം പാലിക്കുന്നുണ്ടോയെന്ന് കൂടുതൽ ജാഗ്രതയോടെ നിരീക്ഷിച്ചുകൊണ്ടിരുന്നു. നിയമം ലംഘിച്ച് ഫലസ്ത്വീനിൽ പ്രവേശിക്കാൻ ശ്രമിച്ച അന്ത്യോക്യയിലെ ജൂതനായ ബ്രിട്ടീഷ് കോൺസലിനെതിരെ അദ്ദേഹം നടപടിയെടുത്തു. ഹൈഫയിലെ ഉസ്മാനി ഗവർണർ, പുതിയ നിയമം ലംഘിച്ചതിന് ഒമ്പത് ബ്രിട്ടീഷ് ജൂതന്മാരെ ഫലസ്ത്വീനിൽനിന്ന് പുറത്താക്കുകയും ചെയ്തു. ജറൂസലമിലെ ബ്രിട്ടീഷ് കോൺസൽ, ഉസ്മാനി സാമ്രാജ്യത്തിന് ഇതു സംബന്ധമായ പ്രതിഷേധ കുറിപ്പ് നൽകിയപ്പോൾ സുൽത്താന്റെ പ്രതികരണം ഇപ്രകാരമായിരുന്നു: “ഉസ്മാനി സാമ്രാജ്യത്തിലെ ഉദ്യോഗസ്ഥർ നിയമപ്രകാരമുള്ള തങ്ങളുടെ ചുമതല നിറവേറ്റുക മാത്രമാണ് ചെയ്തത്.''
കുടിയേറ്റത്തിന്റെ വാതിൽ തുറക്കാൻ ഉസ്മാനി സാമ്രാജ്യത്തെ നിർബന്ധിക്കുന്നതിൽ പയറ്റിയ തന്ത്രങ്ങൾ പരാജയപ്പെട്ടെങ്കിലും ഹെർസൽ പിൻവാങ്ങിയില്ല. അയാൾ തന്ത്രം വീണ്ടും മാറ്റി. 1899 ആഗസ്റ്റ് 15-ന് ബാസലിൽ മൂന്നാം സയണിസ്റ്റ് കോൺഗ്രസിന്റെ ഉദ്ഘാടന വേളയിൽ സുൽത്താന് ഒരു ടെലിഗ്രാം അയച്ചുകൊണ്ടാണ് ഹെർസൽ തന്റെ പുതിയ തന്ത്രം പ്രയോഗിച്ചത്. കാപട്യവും ചതിയും തുളുമ്പിനിന്ന അതിൽ പ്രസ്താവിച്ചത് ഇപ്രകാരമാണ്: “മൂന്നാം ബാസൽ കോൺഫറൻസിൽ ഒത്തുകൂടിയ സയണിസ്റ്റുകൾ, നിങ്ങളുടെ മഹത്തായ സിംഹാസനത്തിന്റെ വാതിൽപ്പടിയിൽ കൊണ്ടുവരുന്നത് എന്തെന്നാൽ, യഹൂദ പ്രജകളോടുള്ള നിങ്ങളുടെ ദയയും പരിഗണനയും നിങ്ങളുടെ മഹത്വത്തിന്റെ നിദർശനമായി അവർ കണക്കാക്കുന്നു. ഉസ്മാനി സാമ്രാജ്യത്തിന്റെ ഉയർച്ചക്കും സമൃദ്ധിക്കുമായി സംഭാവനകൾ അർപ്പിക്കാനുള്ള അവരുടെ ആത്മാർഥമായ ആഗ്രഹം വിശ്വസ്തതയോടെ പ്രകടിപ്പിക്കുന്നത് ഒരു കടമായി അവർ കാണുന്നു”. സുൽത്താൻ അബ്ദുൽ ഹമീദ് ഇതിനോട് കൂടുതൽ തീവ്രതയോടെ പ്രതികരിക്കുകയും 1900-കളുടെ അവസാനത്തിൽ ഒരു നിയമം പുറപ്പെടുവിക്കുകയും ചെയ്തു. അതനുസരിച്ച് ഫലസ്ത്വീൻ, സിറിയ, ലബ്നാൻ, സീനായ് എന്നിവിടങ്ങളിലെ ജൂതന്മാർക്ക് ഭൂമി വിൽക്കുന്നത് അദ്ദേഹം നിരോധിച്ചു. ഈ നിയമം ഉസ്മാനി പൗരത്വമുള്ള ജൂതന്മാർക്കും ബാധകമാണ്.
എങ്കിലും ഹെർസൽ നിരാശനായില്ല. തന്റെ സുഹൃത്ത് ഹംഗേറിയൻ ജൂത ഓറിയന്റലിസ്റ്റ് ആർമിനിയസ് ഫാബ്രിയുടെ സഹായത്തോടെ സുൽത്താൻ അബ്ദുൽ ഹമീദുമായി കൂടിക്കാഴ്ച നടത്താനുള്ള ശ്രമം തുടർന്നുകൊണ്ടേയിരുന്നു. ഒടുവിൽ അയാൾ അതിൽ വിജയിക്കുകയും ചെയ്തു. ഹെർസൽ തന്റെ ഡയറിയിൽ എഴുതി: “തന്റെ കോപം ഉണർത്തുന്ന രണ്ട് കാര്യങ്ങളെക്കുറിച്ച് സുൽത്താന്റെ സമക്ഷത്തിൽ സംസാരിക്കരുതെന്ന് ഫാബ്രി എന്നെ ഉപദേശിക്കുകയുണ്ടായി: ഒന്ന്, സയണിസത്തിന്റെ പ്രശ്നം. രണ്ട്, ഫലസ്ത്വീനിലേക്കുള്ള ജൂത കുടിയേറ്റത്തിന്റെ പ്രശ്നം.''
1901 മെയ് 18-ന് സുൽത്താൻ ഹെർസലിന് കൂടിക്കാഴ്ചക്ക് അനുവാദം നൽകി. ഹെർസലിനെയും കൂട്ടാളികളെയും കൊട്ടാരത്തിൽനിന്ന് പുറത്താക്കുന്നതിലാണ് ആ അഭിമുഖം കലാശിച്ചത്. ഫലസ്ത്വീനിലേക്ക് കുടിയേറാൻ ജൂതന്മാരെ അനുവദിക്കണമെന്ന ആവശ്യത്തോട് പ്രതികരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞ വാക്കുകൾ പ്രസിദ്ധമാണ്. സുൽത്താൻ അബ്ദുൽ ഹമീദിന്റെയും ഉസ്മാനി സാമ്രാജ്യത്തിന്റെയും ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്തേണ്ടതാണ് അവ. അത് ഇപ്രകാരമാണ്: “ഫലസ്ത്വീനിലെ ഓരോ ഇഞ്ച് മണ്ണും ഞങ്ങളുടെ പൂർവികർ രക്തം ചിന്തി നേടിയെടുത്തതാണ്. അന്ന് അവർ ചിന്തിയതിനെക്കാൾ കൂടുതൽ ചോര ചിന്താതെ അതിലെ ഒരു ഇഞ്ച് ഭൂമി പോലും വഞ്ചകരായ തൽപരകക്ഷികൾക്ക് വിട്ടുകൊടുക്കാൻ ഞങ്ങൾ തയാറല്ല.”
ഹെർസൽ, ഇസ്തംബൂളിലെ തന്റെ താമസസ്ഥലത്ത് മടങ്ങിയെത്തിയ ശേഷം സുൽത്താനുമായുള്ള അഭിമുഖം തന്നിലുണ്ടാക്കിയ എല്ലാ രോഷവും നിരാശയും ഡയറിയിൽ (1901 മെയ് 18) ഇങ്ങനെ രേഖപ്പെടുത്തി: “അബ്ദുൽ ഹമീദ് എന്നത് ഒരുകൂട്ടം നികൃഷ്ട വ്യക്തികളുടെ പേരാണ്.” പിന്നീട് അയാൾ സുൽത്താൻ അബ്ദുൽ ഹമീദിനോട് തനിക്കുള്ള പകയും വിദ്വേഷവും തീർക്കാനുള്ള തിരക്കിട്ട നീക്കങ്ങളിലാണ് ഏർപ്പെട്ടത്. ഉസ്മാനി സാമ്രാജ്യത്തിനെതിരായി സയണിസ്റ്റ് പ്രസ്ഥാന നേതൃത്വത്തിന് സമർപ്പിച്ച രഹസ്യ റിപ്പോർട്ടിൽ അയാൾ പറഞ്ഞു: “സുൽത്താൻ അബ്ദുൽ ഹമീദുമായി ബന്ധപ്പെട്ട് എന്റെ ഇതുവരെയുള്ള നീക്കങ്ങളുടെ വെളിച്ചത്തിൽ ഒരു കാര്യം ഞാൻ തീർത്തു പറയാം: ഫലസ്ത്വീനിലേക്കുള്ള ജൂത കുടിയേറ്റത്തിന്റെ കാര്യത്തിൽ ഉസ്മാനി സാമ്രാജ്യത്തിന്റെ നയം മാറ്റാത്തിടത്തോളം കാലം നമുക്ക് ഒരടി പോലും മുമ്പോട്ട് പോകാനാവില്ല. അതിനാൽ, ഒന്നുകിൽ നാം തുർക്കികളെ അവർ പരാജയപ്പെടുമെന്ന് ഉറപ്പുള്ള യുദ്ധങ്ങളിൽ തളച്ചിടുകയോ അല്ലെങ്കിൽ അന്തർദേശീയ പ്രശ്‌നങ്ങളിൽ കുരുക്കിയിടുകയോ ചെയ്യണം. അല്ലെങ്കിൽ ഒരേസമയം രണ്ട് വഴികളിലൂടെയും നീങ്ങണം”.
സയണിസ്റ്റുകൾ രണ്ട് വഴിയും സ്വീകരിച്ചുവെന്നതാണ് പിന്നീട് നാം കാണുന്നത്. ഉസ്മാനി ഭരണ പ്രദേശങ്ങളിൽ ഉടനീളം വിവിധ വംശീയ വിഭാഗങ്ങളെ കലാപത്തിന് പ്രേരിപ്പിച്ചതോടൊപ്പം ഒന്നാം ലോക യുദ്ധത്തിലേക്ക് ഖിലാഫത്തിനെ വലിച്ചിഴക്കുകയും ചെയ്തു; സുഹൃദ് രാജ്യമായ ജർമനിയുടെ സഖ്യകക്ഷിയെന്ന നിലയിൽ. ഒടുവിൽ ഫലസ്ത്വീൻ ജനതയുടെ കാര്യത്തിൽ സവിശേഷമായും, മുസ്്ലിം ലോകത്തെ സംബന്ധിച്ച് പൊതുവിലും നിർഭാഗ്യകരമായ ആ ദുരന്തം സംഭവിക്കുക തന്നെ ചെയ്തു. സയണിസ്റ്റ് പ്രസ്ഥാനത്തിലെ ഹെർസലിന്റെ പിൻഗാമികൾ അവരുടെ മുഖ്യ എതിരാളിയായ സുൽത്താൻ അബ്ദുൽ ഹമീദ് രണ്ടാമനെ അധികാര ഭ്രഷ്ടനാക്കുന്നതിൽ (1909) വിജയിച്ചു. അതോടെ ഫലസ്ത്വീനിൽ ഒരു ജൂത രാഷ്ട്രം എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിലും അതിന് തടസ്സമായി നിന്ന ഉസ്മാനി സാമ്രാജ്യത്തെ ഉന്മൂലനം ചെയ്യാനുള്ള പദ്ധതികൾ ഘട്ടം ഘട്ടമായി നടപ്പാക്കുന്നതിലും സയണിസ്റ്റുകൾക്ക് ഏറെ മുന്നോട്ട് പോകാനായി.
ഖിലാഫത്തിന്റെ തകർച്ചയോടെ മുസ്്ലിം ലോകത്തിന് നഷ്ടപ്പെടുന്നത് എന്താണെന്ന് തിരിച്ചറിയാൻ അറബികൾക്കും സാധിച്ചില്ല. മഹ്മൂദ് അബൂ ഗനീമ എഴുതുന്നു: “ഉസ്മാനി രാഷ്ട്രത്തെ ഉന്മൂലനംചെയ്യുക എന്ന സ്വപ്നം സാക്ഷാത്കരിക്കാൻ ഞങ്ങൾ അറബികൾ അന്താരാഷ്ട്ര സയണിസത്തെ അറിഞ്ഞോ അറിയാതെയോ സഹായിച്ചു എന്നത് ഖേദകരമാണ്. ഫലസ്ത്വീനിലെ സയണിസ്റ്റ് അഭിലാഷങ്ങൾക്ക് പ്രതിരോധ നിര തീർക്കാൻ അവസാന നിമിഷം വരെ പോരാടിയ ഉസ്മാനികളെ പിന്തുണക്കാൻ അവർക്ക് സാധിച്ചില്ല. അങ്ങനെയാണ് അറബ്-മുസ്്ലിം ഹൃദയഭൂമിയിൽ ഒരു രാഷ്ട്രം സ്ഥാപിക്കാനുള്ള ജൂതന്മാരുടെ സ്വപ്നം സാക്ഷാത്കൃതമായത്.” l (അവസാനിച്ചു)
വലിയ മനുഷ്യന്റെ പേരിൽ അറിയപ്പെടുന്ന ചെറിയ ഗ്രാമമാണ് മേവാത്തിലെ സാലാർപൂർ. ഇന്ന് രാജസ്ഥാനിലെ അൽവാർ ജില്ലയിൽ, ദേശീയപാത എട്ടിന് സമീപമാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. സാലാർ മസ്ഊദ് ഗാസിയുടെ (1002- 1033) പേര് ചേർത്താണ് ഈ ഗ്രാമം 'സാലാർപൂർ' എന്ന് അറിയപ്പെടുന്നത്. ഉത്തർ പ്രദേശിലെ വാരാണസിയിലും അദ്ദേഹത്തിന്റെ പേരിൽ സാലാർപൂർ എന്നൊരു ഗ്രാമമുണ്ട്. ദൽഹിയോട് അടുത്ത് നോയിഡയിലും ബിഹാറിൽ പറ്റ്ന ജില്ലയിലെ ദനിയാവാനിലും സാലാർപൂർ എന്ന പേരിൽ ഗ്രാമങ്ങൾ കാണാം. ഇത്രയധികം ഗ്രാമങ്ങൾ തന്റെ പേരിൽ സ്ഥാപിതമാകാൻ മാത്രം മഹത്വവും ചരിത്ര പ്രാധാന്യവുമുള്ള ആ വ്യക്തിത്വം ആരാണ്?
മേവാത്ത് യാത്രയിൽ മനസ്സിലുടക്കിയ ചോദ്യമായിരുന്നു ഇത്. വിശദമായ ഉത്തരം ചരിത്രം പറഞ്ഞുതന്നു, വിദ്വേഷ രാഷ്ട്രീയത്തിന് അദ്ദേഹത്തോടുള്ള വെറുപ്പിനെപ്പറ്റി വർത്തമാനവും ബോധ്യപ്പെടുത്തി. ക്രിസ്ത്വബ്ദം പതിനൊന്നാം നൂറ്റാണ്ടിൽ മേവാത്തിന്റെ മണ്ണിൽ ഇസ്ലാമിക സംസ്കാരത്തിന്റെ മഹത്വം വിളംബരം ചെയ്ത ധീരനായ പ്രബോധകനായിരുന്നു സാലാർ മസ്ഊദ് ഗാസി. ഇന്ന് ഹരിയാന, രാജസ്ഥാൻ, ഉത്തർ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഉൾപ്പെടുന്ന, പഴയ രജ്പുത്താന, മേവാത്ത് തുടങ്ങിയ ദേശങ്ങളിൽ പാദമുദ്ര പതിച്ച സാലാർ ഗാസിയുടെ ചിരകാല സ്മരണകൾ ഉണർത്തിയാണ് ഈ ഗ്രാമങ്ങൾ ഇന്നും നിലകൊള്ളുന്നത്. മുഹമ്മദ് ബിൻ ഖാസിമിന് ശേഷം സിന്ധിൽ വിപുലമായ ഇസ്ലാമിക ദൗത്യം നിർവഹിച്ച രണ്ടാമത്തെ വ്യക്തിത്വമായിരുന്നു അദ്ദേഹം.
മേവാത്തിലെ ഇസ്ലാമിക പ്രചാരണത്തിന്റെ വിപുലമായ രണ്ടാം ഘട്ടത്തിലാണ് സുൽത്താൻ മഹ്മൂദ് ഗസ്നവിയും സാലാർ ഗാസിയുമൊക്കെ കടന്നുവരുന്നത്. സാലാർ ഗാസിക്ക് മുമ്പ്, ഖാജ അബൂ മുഹമ്മദ് ചിഷ്തിയുടെ നിർദേശപ്രകാരം, അബ്ദുശുകൂർ സാലിമി മേവാത്തിൽ ഇസ്ലാമിക പ്രബോധനം നിർവഹിക്കുകയുണ്ടായി. അറിയപ്പെടുന്ന പണ്ഡിതനായിരുന്ന അബ്ദുശുകൂർ സാലിമി, 'തംഹീദുത്തംഹീദ്' എന്ന പേരിൽ ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. മേവാത്തിൽ താമസമാക്കിയാണ് ഇദ്ദേഹം പ്രബോധന ദൗത്യം നിർവഹിച്ചിരുന്നത്. ധീരനായിരുന്ന സാലാർ മസ്ഊദ് ഗാസി മുപ്പത്തിയൊന്ന് വയസ്സുവരെ മാത്രമേ ജീവിച്ചിരുന്നുള്ളൂ. ഖാദി സാലാർ സാഹുവിന്റെയും സുൽത്താൻ മഹ്മൂദ് ഗസ്്നവിയുടെ സഹോദരി സിദ്ർ മുഅല്ലയുടെയും മകനായി 1002-ലാണ് അദ്ദേഹത്തിന്റെ ജനനം. വിശ്രമരഹിതമായ പടയോട്ടങ്ങൾക്കും പ്രബോധന പ്രവർത്തനങ്ങൾക്കുമൊടുവിൽ, 1033-ൽ സാലാർ മസ്ഊദ് ഗാസി രക്തസാക്ഷ്യം വരിക്കുകയായിരുന്നു.
സരയൂ നദിക്കരയിൽ സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ബഹറായിച്ച് പട്ടണത്തിന് പെരുമ നൽകുന്ന ഒരു ചരിത്ര സ്മാരകമുണ്ട്- സയ്യിദ് സാലാർ മസ്ഊദ് ഗാസിയുടെ ഖബറിടം. അന്ധവിശ്വാസങ്ങളും അയിത്താചരണവും ചൂഷണവും ഉൾപ്പെടെ മാരകമായ സാമൂഹിക രോഗങ്ങൾ ബാധിച്ച ഒരു ജനതയെ ആദർശപരമായ വിമോചനത്തിന്റെ വഴികളിലേക്ക് നയിച്ച അദ്ദേഹത്തോടുള്ള ആദരവിന്റെ ഭാഗമായി ദൽഹി സുൽത്താൻ ഫിറോസ് ഷാ തുഗ്ലക്ക് പണിതതാണ് ബഹറായിച്ചിലെ ഈ സ്മാരകം. ഇവിടുത്തെ വെള്ളത്തിൽ കുളിച്ചാൽ ചർമരോഗങ്ങൾ ഭേദമാകും എന്ന് വിശ്വസിച്ച്, ഹിന്ദുക്കളും മുസ്്ലിംകളും ഒരുപോലെ പുണ്യം തേടിയെത്തുന്ന ദർഗയാണ് ഇന്നത്! സാലാർ ബാബയെയും ഈ ദർഗയെയും ചുറ്റിവരിഞ്ഞ് ഐതിഹ്യങ്ങളുടെയും കറാമത്ത് കഥകളുടെയും ഘോഷയാത്ര തന്നെയുണ്ട്. എല്ലാ വർഷവും വലിയ ഉറൂസ് ഇവിടെ നടക്കുന്നുണ്ട്. ഇത് മറ്റൊരു ദുരന്തമാണ്. പല കാരണങ്ങളാൽ,
ആദർശ വിശുദ്ധി നഷ്ടപ്പെട്ടും അടിസ്ഥാന മതപാഠങ്ങൾ പോലും അറിയാതെയും നാമമാത്ര മുസ്ലിംകളായി ജീവിക്കുന്ന വലിയൊരു വിഭാഗത്തെയും ഉത്തരേന്ത്യയിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും കാണാനാകും. ഒരു ജനതയുടെ ദൗർബല്യങ്ങളെയും പ്രതിസന്ധികളെയും അതിജീവനത്തെയും കുറിച്ച വിചാരപ്പെടലുകളിൽ ഈ വശവും ഏറെ പ്രസക്തമാണ്.
മിത്തും യാഥാർഥ്യവും കൂടിക്കലർന്ന വിശ്വാസ, ആചാരങ്ങളുടെ വലിയൊരു ലോകം സാലാർ മസ്ഊദ് ഗാസിയെ പൊതിഞ്ഞ് പിൽക്കാലത്ത് രൂപപ്പെട്ടിട്ടുണ്ട്. ആ തലത്തിൽ, ഹിന്ദു-മുസ്ലിം സമുദായാംഗങ്ങൾക്ക് ഒരുപോലെ പുണ്യപുരുഷനാണ് അദ്ദേഹം! വൈരുധ്യങ്ങളുടെയും വൈവിധ്യങ്ങളുടെയും നാടായ ഇന്ത്യയിലെ സമ്മിശ്ര സംസ്കാരത്തെ, ആദാന-പ്രദാനങ്ങളെ ഇത് അടയാളപ്പെടുത്തുന്നുണ്ട്. ശശി തരൂരിന്റെ 'കലാപം' എന്ന നോവലിൽ ഗാസി മിയാനും കടന്നുവരുന്നുണ്ട്. പശുക്കളുടെയും കന്നുകാലികളുടെയും സംരക്ഷകൻ, ഹിന്ദു രാജ്ഞിയുടെ സഹോദരൻ, കന്യകകളുടെ സംരക്ഷകൻ തുടങ്ങിയ തലങ്ങളിൽ ആദരിക്കപ്പെടുന്ന ആ വ്യക്തിത്വത്തെ, കൽപ്പിത കഥകളിൽനിന്ന് മോചിപ്പിച്ചെടുത്താൽ, ചരിത്രത്തിന്റെ വ്യത്യസ്തമായൊരു വായന സാധ്യമായേക്കാം. ഓറിയന്റ് ബുക്സ് പ്രസിദ്ധീകരിച്ച, പ്രഫ. ഷാഹിദ് അമീനിന്റെ 'കോൺക്വസ്റ്റ് ആന്റ് കമ്യൂണിറ്റി: ദ ആഫ്റ്റർ ലൈഫ് ഓഫ് വാര്യർ സെയ്്ന്റ് ഗാസി മിയാൻ' എന്ന പുസ്തകം അത്തരത്തിലൊരു ശ്രമമാണ്. മേവാത്തിലെ പല പ്രദേശങ്ങളിലും ജീവിച്ചിരുന്ന സാലാർ ഗാസിയുടെ കുടുംബ പരമ്പരകൾ ഇന്ത്യാ വിഭജനത്തോടെ പാകിസ്താനിലേക്ക് പോവുകയാണുണ്ടായത്.
മേവാത്തിന്റെ മണ്ണിൽ മുസ്്ലിം പാരമ്പര്യത്തിന്റെ വേരുകൾ തേടി യാത്ര ചെയ്യുമ്പോൾ സാലാർ മസ്ഊദ് ഗാസിയുടെ പേര് നാം ഓർക്കുന്നത് ചരിത്രത്തിലെ ഇടപെടലുകൾകൊണ്ടു മാത്രമല്ല, വർത്തമാനത്തിലെ വംശീയ 'ഭീഷണി'കൊണ്ടു കൂടിയാണ്. നൂഹിലെ കെട്ടിടങ്ങളിലേക്ക് നീണ്ടുവന്ന ബുൾഡോസറുകളുടെ മറ്റൊരു എപ്പിസോഡ് ബഹ്റായിച്ച് പട്ടണത്തിലും ഏതു സമയത്തും അരങ്ങേറാവുന്നതാണ്. കാരണം, ബഹ്റായിച്ചിലെ ഈ ഗാസി ബാബ ദർഗ പൊളിച്ച്, അവിടെ രാജാ സുഹൽദേവിന്റെ പേരിൽ സൂര്യ ക്ഷേത്രം നിർമിക്കണമെന്ന് വി.എച്ച്.പി കുറച്ച് വർഷങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. അവരുടെ ആവശ്യം അംഗീകരിച്ചതായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ശ്രാവസ്തിയിലെ രാജാവായിരുന്ന സുഹൽ ദേവാണ് സാലാർ മസ്ഊദ് ഗാസിയെ ഏറ്റുമുട്ടലിൽ വധിച്ചത്. അതിനാലാണ്, വി.എച്ച്.പി അദ്ദേഹത്തെ വീരനായി ഗണിക്കുന്നത്. 2014-ലെ തെരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി സുഹൽദേവ് ക്ഷേത്ര വിഷയവും ഉന്നയിച്ചിരുന്നു. സുഹൽദേവിന്റെ ഒരു പ്രതിമ ബഹ്റായിച്ചിൽ അനാച്ഛാദനം ചെയ്തതും അദ്ദേഹത്തെക്കുറിച്ച പുസ്തകം പ്രകാശനം ചെയ്തതും ബി.ജെ.പി നേതാവ് അമിത്ഷാ ആയിരുന്നു. പിന്നീട് റാസിപൂരിൽനിന്ന് ദൽഹിയിലെ ആനന്ദ് വിഹാറിലേക്ക് സുഹൽദേവ് എക്സ്പ്രസ് ആരംഭിക്കുകയും ചെയ്തു. മാത്രമല്ല, രാജാ സുഹൽദേവ് മസ്ഊദ് ഗാസിക്കെതിരെ വിജയിച്ചതിന്റെ സ്മരണക്കായി ലഖ്നൗവിൽ വി.എച്ച്.പി ഒരു ഹിന്ദു വിജയോത്സവം സംഘടിപ്പിച്ചിരുന്നു. ഇങ്ങനെയുള്ള ആക്രോശങ്ങൾക്കിടയിലും, ഹിന്ദുക്കളെ ആക്രമിച്ചുവെന്നും മതപരിവർത്തനം നടത്തിയെന്നും ആരോപണങ്ങൾ ഉന്നയിക്കുന്ന ഈ 'ജിഹാദി യോദ്ധാവി'നെ, ഹിന്ദുക്കൾ തന്നെ പുണ്യപുരുഷനായി കാണുകയും അദ്ദേഹത്തിന്റെ ഗുണവിശേഷങ്ങളുള്ള ആൺകുട്ടിക്കായി ഹിന്ദു സ്ത്രീകൾ അദ്ദേഹത്തിന്റെ ദർഗയിൽ പ്രാർഥിക്കുകയും ചെയ്യുന്നത് എന്തിനാണെന്ന ചോദ്യം ബാക്കിയാകുന്നു. പാടിപ്പറയപ്പെടുന്ന കഥകളിൽനിന്ന് ഇങ്ങനെയും ഒരു ഉത്തരം ലഭിക്കുന്നുണ്ട്: മസ്ഊദ് ഗാസി വിവാഹത്തിന് തയാറെടുത്തുകൊണ്ടിരിക്കെ ഒരു വാർത്ത അദ്ദേഹത്തിന്റെ ചെവിയിലെത്തി. ശ്രാവസ്തിയിലെ അധികാരിയായിരുന്ന സുഹൽദേവ് പശുക്കളെയും കൊള്ളയടിക്കാൻ എത്തുന്നു എന്നതായിരുന്നു അത്. വാർത്തയറിഞ്ഞ ഉടൻ, വിവാഹം മാറ്റിവെച്ച് അദ്ദേഹം അവരെ രക്ഷിക്കാൻ പുറപ്പെട്ടു. ഈ രക്ഷാദൗത്യത്തിനിടയിലാണ് അദ്ദേഹം രക്തസാക്ഷിയാകുന്നത്. സമത്വവും സാഹോദര്യവും സ്ത്രീ സുരക്ഷയും ഉയർത്തിപ്പിടിക്കുന്ന പ്രബോധക പോരാളികൾ, ഇരുട്ടുമൂടിയ പഴയ ജാതിഭ്രാന്തിന്റെ കാലത്ത്,
എന്തു തരം പോരാട്ടമാണ് നടത്തിയിട്ടുണ്ടാവുക എന്ന് ചിന്തിക്കാവുന്നതേയുള്ളൂ. ജാതിവാദികൾ അധികാരം വാഴുന്ന ഇക്കാലത്ത്, 'ഹാഥറസു'കളിൽ പിടഞ്ഞുമരിച്ച പെൺകുട്ടികളുടെ വർത്തമാനം സുഹൽദേവുമാരുടെ യഥാർഥ ചരിത്രത്തെക്കുറിച്ച തിരിച്ചറിവുകൾ തരുന്നുണ്ട്. വംശീയവാദികളും കൊളോണിയലിസ്റ്റുകളും ചേർന്ന് കെട്ടിയുണ്ടാക്കിയ ചരിത്രവെറികളെ വകഞ്ഞുമാറ്റി സത്യം അന്വേഷിച്ചറിയുക തന്നെ വേണം.
എന്തിനാണ് ഇവർ സയ്യിദ് സാലാർ മസ്ഊദ് ഗാസിയോട് ഇവ്വിധം വെറുപ്പ് പ്രകടിപ്പിക്കുന്നത് എന്നത് വ്യക്തമാണല്ലോ. പതിനൊന്നാം നൂറ്റാണ്ടിൽ ഒരു ജനതയുടെ വിമോചകനായി വന്ന ഇസ്ലാമിക പ്രബോധകനായിരുന്നു അദ്ദേഹം എന്നതാണ് ഒരു കാരണം. മസ്ഊദ് ഗാസിയുടെ അനുയായി സയ്യിദ് ദമീറുദ്ദീനും ഗോട്ഖാൻവയിൽ പ്രബോധകനായി ജീവിച്ചിരുന്നു. എന്നാൽ, സയ്യിദ് അബ്ദുശുകൂർ സാലിമി ഉൾപ്പെടെയുള്ളവരുടെ പിൻമുറക്കാർക്ക് പൃഥ്വിരാജ് ചൗഹാനും രജപുത്രരും ഉയർത്തിയ എതിർപ്പു കാരണം പ്രബോധന പ്രവർത്തനങ്ങളുടെ വേഗത കുറക്കേണ്ടി വന്നു. മാത്രമല്ല, ഇസ്്ലാം സ്വീകരിക്കുന്നവരെ ക്രൂരമായി അടിച്ചമർത്തുകയായിരുന്നു അന്നത്തെ രജപുത്ര ഭരണകൂടങ്ങൾ ചെയ്തത്. ഇതിന്റെ തുടർച്ചയായാണ്, ശുദ്ധി പ്രസ്ഥാനത്തിലൂടെ മുസ്്ലിംകളെ മതപരിവർത്തനം ചെയ്ത്, 'പൂർവമത'ത്തിൽ ചേർക്കാൻ 1920-കൾ മുതൽ ശ്രമം നടന്നത്. സയ്യിദ് സാലാർ മസ്ഊദ് ഗാസി, സയ്യിദ് അബ്ദുശുകൂർ സാലിമി, സയ്യിദ് ദമീറുദ്ദീൻ തുടങ്ങി പൂർവികരായ പ്രബോധകരും അവർ വഴി ഇസ്ലാം സ്വീകരിച്ചവരും അനുഭവിക്കേണ്ടി വന്ന ഭരണകൂട ക്രൂരതകളുടെ ചരിത്രം കേട്ട്, മേവാത്തിന്റെ മണ്ണിലൂടെ നടക്കുമ്പോൾ, എന്റെ മനസ്സിൽ തെളിഞ്ഞത് മൗലാനാ കലീം സിദ്ദീഖിയുടെ മുഖമാണ്. ഇസ്ലാമിക പ്രബോധനം നിർവഹിച്ചതിന്റെ പേരിൽ, 2021 സെപ്റ്റംബറിൽ ഉത്തർ പ്രദേശ് ഭരണകൂടം ജയിലിലടച്ച പണ്ഡിതനാണ് കലീം സിദ്ദീഖി. 'നിയമ വിരുദ്ധ മതപരിവർത്തനത്തിന്റെ ഏറ്റവും വലിയ സിണ്ടിക്കേറ്റ്' എന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്. 590 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ് 2023 ഏപ്രിലിൽ അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്.
കാലമേതായാലും കർമം തുടരുവോളം ജാതിരാഷ്ട്ര വാദികളായ ഭരണകൂടങ്ങൾ ഇസ്്ലാമിക പണ്ഡിതരെ വേട്ടയാടും എന്നതിന്റെ തെളിവാണ്, സാലാർ മസ്ഊദ് ഗാസി മുതൽ കലീം സിദ്ദീഖി വരെയുള്ളവർ. l (അവസാനിച്ചു)
നാം ഉത്തരമറിയേണ്ട മറ്റു ചില കാര്യങ്ങളുണ്ട്. ആര്യൻ പാരമ്പര്യമുള്ള മിയോ ജനത ഇസ് ലാമിൽ എത്തിയത് എങ്ങനെയാണ്? മുഹമ്മദ് ബിൻ ഖാസിമിന്റെ സിന്ധ് പടയോട്ടമായിരുന്നോ കാരണം? അതോ, സൂഫീ പ്രബോധനമോ?
ഈ ചോദ്യങ്ങൾക്ക് ഉത്തരം തേടുമ്പോൾ, മിയോ ജനതയുടെ മതത്തെക്കുറിച്ച് വേണം ആദ്യം പറയാൻ. മിയോജനത ഏകീകൃത മതവിശ്വാസത്തിൽ വേരുറച്ചവരായിരുന്നില്ല. പ്രകൃതിപൂജകർ (സൂര്യനെയും ചന്ദ്രനെയും ആരാധിക്കുന്നവർ) മിയോകളിൽ ഉണ്ടായിരുന്നു, ചിലർക്ക് അഗ്നി പൂജയായിരുന്നു പ്രിയം. പേർഷ്യ അഗ്നിയാരാധനയുടെ കേന്ദ്രമായിരുന്നല്ലോ. മറ്റു ചിലർ, ക്രൈസ്തവ മതത്തിൽ വിശ്വസിച്ചു. ബുദ്ധ മതക്കാരായിരുന്നു കുറേ പേർ. അതേസമയം, വിഗ്രഹാരാധന മിയോ പാരമ്പര്യത്തിൽ പതിവായിരുന്നില്ല എന്നാണ് ചരിത്രകാരൻമാരുടെ ഒരു പക്ഷം. എന്തായിരുന്നാലും, മതപരമായ ഏകമുഖത്വമോ കാർക്കശ്യമോ അവരുടെ രീതിയായിരുന്നില്ല. ഇസ് ലാമിലേക്കുള്ള ആഗമനത്തെ ഇതും എളുപ്പമാക്കിയിട്ടുണ്ടാകണം. മിയോകളുടെ ഇസ് ലാം സ്വീകരണം നടന്നത് പല ഘട്ടങ്ങളിലായാണ്. മുഹമ്മദ് നബിയുടെ കാലത്ത് ആരംഭിച്ച പ്രബോധന പ്രവർത്തനങ്ങൾ നാല് ഖലീഫമാരുടെ ഭരണകാലങ്ങളിൽ പേർഷ്യയിൽ സജീവമായിരുന്നല്ലോ. പേർഷ്യയിലെ മിയോകളിൽ പലരും ഈ കാലത്തു തന്നെ ഇസ് ലാം സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. എന്നാൽ, നേരത്തെ തന്നെ ഇന്ത്യയിലേക്ക് കുടിയേറിയ മിയോകൾ ഏതു ഘട്ടത്തിലാണ് ഇസ് ലാം സ്വീകരിക്കാൻ തുടങ്ങിയത് എന്ന് കൃത്യമായി പറയാൻ കഴിയില്ല. അറബികൾക്ക് ഇന്ത്യയുമായുള്ള ബന്ധം, ഗുജറാത്ത് - ബോംബെ കടൽ തീരങ്ങളിലൂടെയുള്ള കച്ചവട യാത്രകൾ, സിന്ധിൽ താമസിച്ചിരുന്ന അറബ് വണിക്കുകൾ, ശ്രീലങ്ക, മാലദ്വീപ് തുടങ്ങിയ രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധങ്ങൾ എന്നിവ അക്കാലത്ത് ഇവിടങ്ങളിൽ ഇസ് ലാമിന്റെ പ്രചാരണത്തിന് വഴിതുറന്നിട്ടുണ്ടല്ലോ. എണ്ണത്തിൽ കുറവാണെങ്കിലും, ഈ മേഖലകളിൽ ഈ കാലത്ത് ഇസ് ലാം സ്വീകരണം ആരംഭിച്ചിട്ടുണ്ട്. പിൽക്കാല മേവാത്തിൽ എത്തും മുമ്പ്, സിന്ധിലും മറ്റു പ്രദേശങ്ങളിലും താമസിച്ചിരുന്ന ഹിന്ദുസ്ഥാനിലെ മിയോകളിലും ഇതേ കാലത്ത് ഇസ് ലാമിന്റെ സന്ദേശം എത്തിയിട്ടുണ്ടെന്നാണ് മിയോ ചരിത്രകാരൻമാർ പറയുന്നത്. മുസ് ലിംകളുടെ സ്നേഹവും സാഹോദര്യവും സമത്വ ചിന്തയുമായിരുന്നു ജനങ്ങളെ ആകർഷിച്ചത്. എണ്ണത്തിൽ കുറവാണെങ്കിലും, സിന്ധിൽ താമസമാക്കിയ അറബ്-മുസ് ലിം വ്യാപാരികളുടെ ജീവിതവും ഇടപെടലുകളും, ജാതീയത കത്തിനിന്ന നാട്ടിൽ ശ്രദ്ധിക്കപ്പെടുക സ്വാഭാവികമാണല്ലോ. മുഹമ്മദ് ബിൻ ഖാസിമിന്റെ കടന്നുവരവിനും മുമ്പായിരുന്നു ഇത്.
സിന്ധിലേക്കുള്ള അറബ്-മുസ് ലിംകളുടെ ആദ്യത്തെ പടയോട്ടം നടക്കുന്നത് ഖലീഫാ ഉമറുബ്നുൽ ഖത്ത്വാബിന്റെ കാലത്താണ്. ഉസ്മാനുബ്നു അബിൽ ആസ്വ് സഖഫിയായിരുന്നു നായകൻ. മുഹല്ലബ് ബിൻ അബൂ സ്വഫ്റയുടെ നേതൃത്വത്തിലായിരുന്നു പിന്നീട് വന്നത്. മുസ് ലിംകളും പേർഷ്യക്കാരും തമ്മിൽ നടന്ന ഖാദിസിയ്യ യുദ്ധത്തിൽ, പേർഷ്യക്ക് സിന്ധിൽനിന്ന് കാര്യമായ സഹായം ലഭിച്ചിരുന്നു. അഥവാ, മുസ് ലിം രാഷ്ട്രത്തിനെതിരായ പടയോട്ടത്തിൽ, പണവും പടയാളികളെയും നൽകി പങ്കാളികളായി, യുദ്ധം തുടങ്ങിവെച്ചത് സിന്ധ് തന്നെയാണ് എന്നർഥം. ഇസ് ലാമിക സമൂഹത്തിനെതിരെ, പേർഷ്യയെ സഹായിച്ച സിന്ധിനെ മുസ് ലിം ഭരണാധികാരികൾ നോട്ടമിടുക സ്വാഭാവികമാണല്ലോ. ഈ രാഷ്ട്രീയ- യുദ്ധ പശ്ചാത്തലമായിരുന്നു സിന്ധ് ആക്രമണത്തിന്റെ പിന്നിലുണ്ടായിരുന്നത്. മുൽത്താൻ വരെ നീണ്ട ഈ പടയോട്ട കാലത്ത്, മിയോജനത സിന്ധു-യമുന നദീതടങ്ങളിലാണ് അധിവസിച്ചിരുന്നത്. അതുകൊണ്ട്, ഉസ്മാനുബ്നു അബിൽ ആസിന്റെയും മുഹല്ലബിന്റെയും പടയോട്ടം മിയോകളെ സ്വാധീനിക്കുകയുണ്ടായില്ല. ക്രി. 684-ൽ ഖലീഫാ അബ്ദുൽ മലികിന്റെ നിർദേശപ്രകാരം, ഹജജാജുബ്നു യൂസുഫിന്റെ നേതൃത്വത്തിൽ നടത്തിയ പടയോട്ടം രജ്പുത്താന വരെ എത്തുകയുണ്ടായി. ഇതിൽ, മിയോകളുടെ രാജാവും രാജകുമാരനും കൊല്ലപ്പെട്ടുവെന്ന് ചില വിവരണങ്ങളിലുണ്ട്. ഈ യുദ്ധത്തിൽ, മിയോകളുമായി നേരിട്ട് ഏറ്റുമുട്ടലുകൾ നടന്നു. പക്ഷേ, അതുവഴി മിയോകളിൽ ഇസ് ലാമിന്റെ സ്വാധീനം എത്രത്തോളമുണ്ടായി എന്നത് സ്ഥിരീകരിക്കപ്പെടാത്ത വിഷയമാണ്.
മിയോകൾ ഒരു ഘട്ടത്തിൽ ഇസ് ലാം സ്വീകരിക്കുന്നത് മുഹമ്മദ് ബിൻ ഖാസിമിന്റെ പടയോട്ടത്തെ തുടർന്നാണ്. പിന്നീടുള്ള സൂഫീ പ്രബോധനങ്ങൾ ഇതിന് ആക്കം കൂട്ടുകയും ചെയ്തു. മുഹമ്മദ് ബിൻ ഖാസിമിന്റെ സിന്ധ് ആക്രമണത്തെ സംബന്ധിച്ച നുണക്കഥകൾ പൊളിക്കുന്നതു കൂടിയാണ് ഈ ഘട്ടത്തിലെ മിയോകളുടെ ഇസ് ലാം സ്വീകരണ ചരിത്രം.
എന്തിനായിരുന്നു മുഹമ്മദ് ബിൻ ഖാസിം സിന്ധിലേക്ക് പടയോട്ടം നടത്തിയത്? അത് അറബ് മുസ് ലിം അധിനിവേശമായിരുന്നോ?
രണ്ട് കാരണങ്ങളാണ് ചരിത്ര വായനയിൽനിന്ന് മനസ്സിലാകുന്നത്: ഒന്ന്, ഖാദിസിയ്യ യുദ്ധത്തിൽ, ഇസ് ലാമിക സമൂഹത്തിനെതിരെ സിന്ധ് പേർഷ്യയുടെ പക്ഷം ചേർന്നതിന് എതിരായ സൈനിക നടപടിയുടെ തുടർച്ച. രണ്ട്, മുസ് ലിം സ്ത്രീകളെ ആക്രമിച്ചവർക്കെതിരിലുള്ള സൈനിക നടപടി. നീതിയുടെ നിർവഹണം എന്ന വലിയൊരു ദൗത്യം മുഹമ്മദ് ബിൻ ഖാസിമിന്റെ നേതൃത്വത്തിൽ ഇസ് ലാമിക സമൂഹത്തിന്റെ ഈ ആഗമനത്തിന് പ്രചോദനമായിരുന്നു; ഇരകളാക്കപ്പെട്ട സ്ത്രീകൾക്ക് ഉൾപ്പെടെ ആ നീതി ഇന്നും ഇവിടെ എത്രമാത്രം അകലെയാണെന്ന് നമുക്കറിയാം. അനീതിയെ ആഘോഷമാക്കുന്ന ഈ കാലത്ത് വിശേഷിച്ചും. ഇവിടെ ഏറെ പ്രസക്തമായ മറ്റൊരു വിഷയം കൂടിയുണ്ട്; മിയോജനത മുഹമ്മദ് ബിൻ ഖാസിമിനോട് എന്തു നിലപാടാണ് സ്വീകരിച്ചത്? കൗതുകമുണർത്തുന്ന കാര്യമാണിത്. മിയോകളും ജാട്ടുകളും മുഹമ്മദ് ബിൻ ഖാസിമിനെ സ്വീകരിക്കുകയും സഹായിക്കുകയുമാണ് ചെയ്തത്. അധിനിവേശക്കാരായല്ല, ഒരർഥത്തിൽ വിമോചകരായാണ് അവർ മുഹമ്മദ് ബിൻ ഖാസിമിനെയും സംഘത്തെയും കണ്ടത്. സിലോണിൽനിന്ന് ഇറാഖിലേക്ക് യാത്ര തിരിച്ച മുസ് ലിം സ്ത്രീകൾ സഞ്ചരിച്ച കപ്പൽ സിന്ധിന്റെ ഭാഗമായ ദൈബൽ തുറമുഖത്ത് ആക്രമിക്കപ്പെട്ടു. സിന്ധ് ഭരിച്ച ദാഹിർ രാജാവാണ് അക്രമികൾക്കെതിരെ നടപടി എടുക്കേണ്ടിയിരുന്നത്. എന്നാൽ, രാജാവ് അതിന് തയാറായില്ല. സിന്ധ് ഭരണകൂടം കൊള്ളക്കാരെ സംരക്ഷിക്കുന്നതായി മനസ്സിലാക്കിയ ഇസ് ലാമിക രാഷ്ട്രം അതൊരു രാഷ്ട്രീയ കുറ്റമായാണ് കണ്ടത്. ഈ വലിയ തിന്മക്കെതിരെ നടപടി സ്വീകരിക്കാൻ ബഗ്ദാദ് തീരുമാനിച്ചു, അവർ സൈനിക നീക്കം ആരംഭിച്ചു. ഇബ്‌നു നബ്ഹാൻ, ബുദൈൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ സിന്ധിലേക്ക് വന്ന ആദ്യഘട്ട സൈന്യങ്ങള്‍ പരാജയപ്പെടുകയാണുണ്ടായത്. പിന്നീടാണ് മുഹമ്മദ് ബിൻ ഖാസിമിന്റെ നേതൃത്വത്തിൽ സൈനിക നീക്കം നടത്തുന്നത്.
ക്രി. 712-ലാണ് മുഹമ്മദ് ബിൻ ഖാസിമിന്റെ കുതിരപ്പട സിന്ധിന്റെ അതിർത്തി കടക്കുന്നത്. മുൽത്താനും ബലൂചിസ്ഥാനും ദൈബലും കീഴടക്കിയ അവർ രാജാ ദാഹിറിന്റെ രാഷ്ട്രത്തിൽ വിജയക്കൊടി നാട്ടി. അക്കാലത്ത് സിന്ധിൽ അധിവസിച്ചിരുന്ന മിയോ, ജാട്ട് വിഭാഗങ്ങളുമായാണ് മുഹമ്മദ് ബിൻ ഖാസിം ആദ്യം ഏറ്റുമുട്ടിയത്. അവരായിരുന്നല്ലോ അവിടെ കാലങ്ങളായി ജീവിച്ചുവന്നത്. എന്നാൽ, തീരദേശങ്ങൾ കടന്ന് മുഹമ്മദ് ബിൻ ഖാസിം മുന്നോട്ട് പോയപ്പോൾ മിയോകളുടെ സമീപനം മാറി. ബുദിയയിലെ ഭരണാധികാരി കാക്കാ റാണ യുദ്ധത്തിന് നിൽക്കാതെ, മുഹമ്മദ് ബിൻ ഖാസിമിനെ സ്വീകരിക്കുകയായിരുന്നു. മുഹമ്മദ് ബിൻ ഖാസിമാകട്ടെ കാക്കാ റാണയെ ഏറെ ആദരിക്കുകയും തന്റെ സമീപത്ത് ഇരുത്തുകയും ചെയ്തു. 'ഇന്ത്യയുടെ നായകൻ - അമീറെ ഹിന്ദ്' എന്നാണ് മുഹമ്മദ് ബിൻ ഖാസിം അദ്ദേഹത്തെ അഭിസംബോധന ചെയ്തത്. ജേതാവായി എത്തിയ മുഹമ്മദ് ബിൻ ഖാസിം തന്റെ സൈന്യത്തിന്റെ ഒരു കമാണ്ടറായി കാക്കാ റാണയെ വാഴിക്കുകയും ചെയ്തു. ഭാരതീയ പാരമ്പര്യത്തിൽ, പരാജിതർക്കുണ്ടാകുന്ന പൂർവാനുഭവങ്ങളിൽനിന്ന് തീർത്തും വ്യത്യസ്തമായി, വിജിഗീഷുവായ മുഹമ്മദ് ബിൻ ഖാസിമിന്റെ ചൊല്ലും ചെയ്തികളും കാക്കാ റാണയെയും കൂട്ടരെയും ആഴത്തിൽ സ്വാധീനിച്ചു. തുടർന്ന്, കാക്കാ റാണയുടെ നേതൃത്വത്തിൽ മേവ് സൈന്യം മുഴുവനായും ഇസ് ലാം സ്വീകരിക്കുകയായിരുന്നു. ബുധിയയുടെ ഭരണം കാക്കാ റാണയെ തന്നെ ഏൽപ്പിച്ച് മുഹമ്മദ് ബിൻ ഖാസിം മുന്നോട്ടു പോയി. ഉദാരത, മതസ്വാതന്ത്ര്യം, ജനാധിപത്യ മര്യാദകൾ തുടങ്ങി മുഹമ്മദ് ബിൻ ഖാസിമിന്റെ ഗുണങ്ങൾ ജനമനസ്സുകൾ കീഴടക്കുകയായിരുന്നു. ഉമവി ഭരണാധികാരി ഉമർ ബിൻ അബ്ദിൽ അസീസ് ക്രി. 717 ൽ, ഇസ് ലാമിലേക്ക് ക്ഷണിച്ചുകൊണ്ട് ഹിന്ദുസ്ഥാനിലെ പല രാജാക്കൻമാർക്കും കത്തുകൾ അയക്കുകയുണ്ടായി. അബൂ അബ്ദില്ല മുഹമ്മദ് മൻസൂരിന്റെ ഖിലാഫത്ത് കാലത്ത്, ക്രി. 738-ൽ, ആരവല്ലി താഴ്വരകളിൽ നേടിയ വിജയമാണ് മറ്റൊന്ന്. പിന്നീട്, ക്രി. 1002 വരെ മേവാത്തിനു മേൽ മറ്റൊരു പടയോട്ടവും ഉണ്ടായിട്ടില്ല. സിന്ധ് - മേവാത്ത് മേഖലകളിൽ പൊതുവിലും, മിയോജനതയിൽ വിശേഷിച്ചും വലിയൊരു വിഭാഗത്തിന്റെ ഇസ് ലാം സ്വീകരണമായിരുന്നു ഇതിന്റെ ഫലം.
മിയോകൾ മാത്രമല്ല, ജാട്ടുകളും അറബ് മുസ് ലിംകളുടെ കൂടെ നിന്നതായി ചരിത്രകാരൻമാർ രേഖപ്പെടുത്തിയിട്ടുണ്ട്. കാക്കാ റാണ ജാട്ട് വിഭാഗത്തിൽപെട്ട ഭരണാധികാരിയായിരുന്നു. സിന്ധിലേക്ക് പ്രവേശിക്കുമ്പോൾ മുഹമ്മദ് ബിൻ ഖാസിമിന്റെ കൂടെ പതിനായിരമോ, പന്ത്രണ്ടായിരമോ വരുന്ന സൈന്യമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ, അദ്ദേഹം മുൽത്താനിലെത്തുമ്പോൾ സൈന്യത്തിന്റെ അംഗബലം അമ്പതിനായിരമായി വർധിച്ചിരുന്നു. ഈ സൈനികർ ആരായിരുന്നു? മേവുകളും ജാട്ടുകളും ഉൾപ്പെടെ വലിയൊരു വിഭാഗം അദ്ദേഹത്തിന്റെ പക്ഷത്തേക്ക് മാറിയിരുന്നു എന്നാണിതിനർഥം. ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന ജാതീയതയിൽനിന്നും രാജഭരണ രീതികളിൽനിന്നും വ്യത്യസ്തമായി പുതിയൊരു രാഷ്ട്രീയ-സാമൂഹിക അനുഭവമാണ് ഈ അറബ്-മുസ് ലിം സൈന്യം തദ്ദേശീയർക്ക് സമ്മാനിച്ചത്. ഇന്ത്യയിൽ ആദ്യമായി പലിശ രഹിത വായ്പ നൽകിയത് മുഹമ്മദ് ബിൻ ഖാസിം ആയിരുന്നുവെന്ന് എവിടെയോ വായിച്ചതോർക്കുന്നു. സിന്ധ് കീഴടക്കിയ ശേഷം പ്രഖ്യാപിച്ച പൊതുമാപ്പാണ് മറ്റൊരു സുപ്രധാന നീക്കം. നഗരാസൂത്രണങ്ങൾ അവിടവിടങ്ങളിലെ അമുസ് ലിം നേതാക്കൾക്ക് തന്നെ വിട്ടുകൊടുത്ത മുഹമ്മദ് ബിൻ ഖാസിം, ദേബലിലെ ഭരണം ഏൽപ്പിച്ചത് ഒരു പണ്ഡിറ്റിനെ തന്നെയായിരുന്നു. പിന്നീട്, മൗലാ ഇസ് ലാമീ, മൗലാ ഏ ദേബൽ എന്ന പേരിൽ അറിയപ്പെട്ടത് അദ്ദേഹമാണ്. ഇതെല്ലാം സിന്ധിലെ ജനതയെ ആഴത്തിൽ സ്വാധീനിക്കുകയുണ്ടായി. ഇന്‍ഡസിലെ അറേബ്യന്‍ ജനാധിപത്യത്തെ ഗോത്രങ്ങള്‍ ഒന്നടങ്കം ചെണ്ടയും മദ്ദളവും കൊട്ടിയാണ് സ്വീകരിച്ചത്. കാരണം, ഹിന്ദു രാജാക്കന്മാരാല്‍ അവര്‍ മർദിതരായിരുന്നു. ജാട്ടുകളും മീഡ്‌സ് ഗോത്രങ്ങളും അറബികള്‍ക്ക് സ്തുതി പാടി. തന്റെ പ്രജകള്‍ക്ക് ഖാസിം പൂര്‍ണ സ്വാതന്ത്ര്യവും ആരാധനാലയങ്ങള്‍ക്ക് പൂര്‍ണ സംരക്ഷണവും ഉറപ്പാക്കി.
വിഖ്യാത ചരിത്രകാരൻ ലൈന്‍ പൂളിന്റെ വാക്കുകളിൽ ആ സാമൂഹികാനുഭവത്തിന്റെ വിവരണമുണ്ട്. ഇതിൽ പരാമർശിച്ച 'മീഡ്സ്' - മിയോ ജനതയാണ്. മിയോകളുടെയും സിന്ധ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെയും ജനങ്ങളുടെ വ്യാപകമായ ഇസ് ലാം സ്വീകരണത്തിന് വഴിതുറന്ന കാലവും കാരണവും ഏതാണെന്ന് ഇതിൽനിന്ന് വ്യക്തം. വാള് കാണിച്ച് ഭീഷണിപ്പെടുത്തി മുഹമ്മദ് ബിൻ ഖാസിം മതപരിവർത്തനം നടത്തിയതായിരുന്നെങ്കിൽ അദ്ദേഹത്തിന് മനുഷ്യ മനസ്സുകളെ ഇത്രമേൽ സ്വാധീനിക്കാനോ, തന്റെ ദൗത്യത്തിൽ വിജയിക്കാനോ കഴിയുമായിരുന്നില്ല. ആയുധവും അധികാരവുമായിരുന്നു കാരണമെങ്കിൽ, മുഹമ്മദ് ബിൻ ഖാസിം സിന്ധിൽ നിന്ന് മടങ്ങിയതോടെ, വലിയൊരു വിഭാഗവും പൂർവമതങ്ങളിലേക്ക് തിരിച്ചുപോകുമായിരുന്നല്ലോ.
പക്ഷേ, പിന്നീടുണ്ടായ നാനാതരം പ്രതിസന്ധികൾ മറികടന്ന് ഇസ് ലാമിൽ ഉറച്ചുനിൽക്കുന്ന ജനതയെ അല്ലേ ഇന്ത്യാ ചരിത്രത്തിൽ പിന്നീട് കാണാൻ കഴിഞ്ഞത്! l (തുടരും)
ഹജ്ജ് ഉദ്ദേശിച്ച് ബഗ്ദാദിൽനിന്ന് പുറപ്പെട്ട ഖലീഫ ഹാറൂൻ അർറശീദ് യാത്രാ മധ്യേ കൂഫയിലെത്തി. കൂഫക്കാർ നാലു ദിക്കുകളിൽനിന്നും അദ്ദേഹത്തെ കാണാനായി വന്നു. ഒട്ടകപ്പുറത്തെ കൂടാരത്തിലിരിപ്പാണ് ഹാറൂൻ. ചുറ്റും ജനം തടിച്ചുകൂടിയിരിക്കുന്നു. "ഹാറൂൻ, ഹാറൂൻ" എന്ന് പെട്ടെന്നൊരു ശബ്ദം. ജനം അമ്പരന്നു. ആരാണ് ഇത്രയും അപമര്യാദയോടെ ഖലീഫയെ വിളിക്കുന്നത്! നിസ്സങ്കോചം ഇത്രയും ധൈര്യത്തിൽ എന്റെ പേരെടുത്ത് വിളിക്കുന്നത് ആരാണെന്ന് ഖലീഫ ചോദിച്ചു. ഷാ ബഹ്്ലൂൽ ആണെന്ന് ചുറ്റുമുള്ളവർ പറഞ്ഞു.
കൂടാരത്തിന്റെ മറ നീക്കി നോക്കിയപ്പോൾ ഖലീഫ കാണുന്നത് ശാന്തഗംഭീരനായി നിൽക്കുന്ന ബഹ് ലൂലിനെയാണ്. "ഷാ ബഹ് ലൂൽ, എന്താണ് സംഭവിച്ചത്?" ഖലീഫ ചോദിച്ചു. ഷാ ബഹ്്ലൂൽ: "ഹാറൂൻ അർറശീദ്, ഹസ്റത്ത് അബ്ദുല്ലാ ആമിരി (റ) പറയുന്നു. തിരുദൂതർ ഹജ്ജിനു പോകുന്നത് ഞാൻ നേരിൽ കണ്ടിട്ടുണ്ട്. അനാഡംബരവും നാട്യങ്ങളുമില്ലാത്തതായിരുന്നു ആ യാത്ര. പരിവാരങ്ങളില്ല. കണ്ണഞ്ചിപ്പിക്കുന്ന അധികാര- അഹങ്കാര പ്രകടനങ്ങളില്ല. ബഹളമയവുമല്ല. ഹാറൂൻ, താങ്കൾ ഹജ്ജ് മാത്രമാണ് ലക്ഷ്യമാക്കുന്നതെങ്കിൽ പൊങ്ങച്ച പ്രകടനങ്ങളില്ലാതെ റസൂൽ ചെയ്ത പോലെ സരളവും വിനയപൂർണവുമായ യാത്ര തുടരുക. ഒച്ചപ്പാടുകൾ നിർത്തുക. പരിവാരങ്ങളെ പിരിച്ചുവിടുക. മഹത്വവും തേജസ്സുമുള്ള അല്ലാഹുവിന്റെ വീട്ടിലേക്ക് അങ്ങേയറ്റത്തെ വിനയവും വിധേയത്വവുമുള്ളവനായി കടന്നുചെല്ലുക. അല്ലാഹുവാണ് സർവത്തെക്കാളും സർവരെക്കാളും ഏറ്റവും വലിയവൻ. അവനോട് വിനയവും വിധേയത്വവും കാണിക്കുന്നവർക്ക് അന്തസ്സും ആദരവും ലഭിക്കും"- ബഹ്്ലൂൽ ശാന്തഗംഭീരമായ, ഹൃദ്യമായ ശൈലിയിൽ ഉപദേശിച്ചു. ഖലീഫയുടെ മനം നിറഞ്ഞു. കണ്ണുകൾ സജലങ്ങളായി. കരഞ്ഞുകൊണ്ട് ബഹ്്ലൂലിനോട് പറഞ്ഞു: "ഷാ ബഹ്്ലൂൽ, താങ്കളുടെ വാക്കുകൾ വളരെ സാർഥകം. ഇനിയും സംസാരിക്കുക."
ഷാ ബഹ്്ലൂൽ: "ഒരു വ്യക്തിക്ക് അല്ലാഹു സമ്പത്ത് നൽകി. സൗന്ദര്യം പ്രദാനം ചെയ്തു. അധികാരത്താൽ അനുഗ്രഹിച്ചു. ഇതിന്റെയൊക്കെ അവകാശം കൊടുക്കുക അയാളുടെ ബാധ്യതയാണ്. പണം ദൈവമാർഗത്തിൽ വ്യയം ചെയ്യണം. സൗന്ദര്യത്തെ പാപത്തിന്റെ കറപറ്റാതെ പരിശുദ്ധമായി സൂക്ഷിക്കണം. അല്ലാഹു തന്ന അധികാരത്തെ പ്രജകളോട് നീതി പുലർത്തിക്കൊണ്ട് ശക്തിപ്പെടുത്തണം." ഹാറൂൻ വീണ്ടും കരഞ്ഞു. ഷാ ബഹ്്ലൂലിന്റെ വാക്കുകൾ വളരെ ഗൗരവത്തിലെടുത്തു. എന്നിട്ട് നല്ല ഒരു സംഖ്യ അദ്ദേഹത്തിനു പാരിതോഷികമായി നൽകാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.
ഷാ ബഹ്്ലൂൽ: "എനിക്ക് അതിന്റെ യാതൊരാവശ്യവുമില്ല. താങ്കൾ അത് പിരിച്ചെടുത്ത ജനങ്ങൾക്കു തന്നെ തിരിച്ചു നൽകുക." ഹാറൂൻ അർറശീദ് അല്പനേരം നിശ്ശബ്ദനായി. ശേഷം പറഞ്ഞു: "ഇന്നത്തെ ഭക്ഷണം നമുക്ക് ഒന്നിച്ചു കഴിക്കാം." ഹാറൂനിന്റെ അപേക്ഷ നിരസിച്ചു ആകാശത്തേക്ക് തല ഉയർത്തി ഷാ ബഹ് ലൂൽ പറഞ്ഞു: "ഹാറൂൻ, ഞാനും താങ്കളും അല്ലാഹുവിന്റെ അടിമകളാണ്. അവനാണ് നമ്മുടെ വിധാതാവ്. താങ്കൾക്ക് ഇത്ര വലിയ അധികാരശക്തി നൽകിയവൻ എനിക്ക് രണ്ടു നേരത്തെ ഭക്ഷണം തരാതിരിക്കില്ല." അതും പറഞ്ഞു അദ്ദേഹം അവിടം വിട്ടുപോയി. l
('റോഷൻ സിതാരെ' എന്ന കൃതിയിൽനിന്ന്. മൊഴിമാറ്റം: എം.ബി അബ്ദുർറശീദ് അന്തമാൻ).