ജീവിതം

കെ.ടി അബ്ദുര്‍റഹീം സാഹിബ് വരുമ്പോള്‍ വിംബര്‍ലി ഗഞ്ചില്‍ പുരോഗമനാശയക്കാരുടെ പള്ളിയും മദ്‌റസയുമൊക്കെയുണ്ട്. ഞാന്‍ അവിടത്തുകാരനായതുകൊണ്ട് എനിക്കവിടെ ഖുത്വ് ബ പറയാം. കെ.ടിയെ ഖുത്വ് ബ പറയാന്‍ ചിലര്‍ സമ്മതിക്കില്ല. തന്ത്രപരമായ ചില നീക്കങ്ങളിലൂടെയാണ് ഇത് മറികടന്നത്. കെ.ടിക്ക് ജനങ്ങളുമായി അടുത്ത ബന്ധമായിരുന്നു. ഒരിക്കല്‍ ബന്ധപ്പെട്ടാല്‍ അത് വലിയ സൗഹൃദമായി വളരും. മര്‍കസിന്റെ നടത്തിപ്പ് ചെലവിനായി ഞങ്ങൾ പാടത്ത് കൃഷിയിറക്കാറുണ്ടായിരുന്നു. കൃഷിക്കാരനായി അദ്ദേഹം ഞങ്ങളോടൊപ്പം പാടത്തേക്കിറങ്ങും (സുനാമി കാലത്ത് ഈ പാടങ്ങളിലേക്ക് വെള്ളം ഇരച്ചുകയറി. വെള്ളം മുഴുവനായി ഇറങ്ങിപ്പോയില്ല. കൃഷിയോഗ്യമല്ലാത്ത ചതുപ്പ് നിലങ്ങളാണ് ഈ പാടശേഖരമിപ്പോള്‍). പണ്ഡിതന്മാരുമായും സാധാരണക്കാരുമായും, അവരെ ഒട്ടും പ്രകോപിപ്പിക്കാത്ത തരത്തില്‍ സംവദിക്കാന്‍ കെ.ടിക്ക് കഴിഞ്ഞിരുന്നു. ഇവിടത്തെ അറിയപ്പെടുന്ന തൊഴിലാളി നേതാവാണ് പി.കെ.എസ് പ്രസാദ്. അദ്ദേഹവുമായി കെ.ടി നടത്തിയ സംഭാഷണങ്ങള്‍ ഓര്‍മവരികയാണ്. വൈരുധ്യാധിഷ്ഠിത ഭൗതികവാദമല്ല, വൈവിധ്യങ്ങളുടെ സമന്വയമാണ് സംഭവലോകത്തുള്ളതെന്ന് കെ.ടി സമര്‍ഥിച്ചു. തുടക്കത്തില്‍ ഞാന്‍ പലതരം ആശയക്കുഴപ്പങ്ങളില്‍ പെട്ടുപോയിരുന്നു എന്ന് പറഞ്ഞല്ലോ. മനസ്സിന് തൃപ്തിയാവുന്ന ഉത്തരങ്ങളും വിശദീകരണങ്ങളും തന്ന് എന്നെ സത്യപാതയില്‍ ഉറപ്പിച്ചു നിര്‍ത്തിയത് അദ്ദേഹമാണ്. അത്തരം അനുഭവങ്ങള്‍ ഇന്നാട്ടിലെ പലര്‍ക്കും പറയാനുണ്ടാവും.

അടിയന്തരാവസ്ഥ

1975 ജൂലൈ 4-നാണ് ഇന്ദിരാഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. പി.കെ ഇബ്‌റാഹീം മൗലവി രണ്ടാമതും അന്തമാനിലെത്തിയ കാലമാണ്. അദ്ദേഹവും പതിനൊന്ന് പേരും 'മിസ' നിയമപ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടു. ആദ്യ ലിസ്റ്റില്‍ എന്റെ പേരിന് പകരം പി.കെ മുഹമ്മദ് സാഹിബിന്റെ പേരാണുണ്ടായിരുന്നത്. അബദ്ധം മനസ്സിലാക്കി പിറ്റേന്ന് തന്നെ എന്നെ അറസ്റ്റ് ചെയ്തു. പി.കെ മുഹമ്മദ് സാഹിബിനെ വിട്ടയച്ചതുമില്ല. അദ്ദേഹവും പ്രസ്ഥാനത്തിന്റെ അറിയപ്പെടുന്ന നേതാവാണ്. അദ്ദേഹവും ഞങ്ങളോടൊപ്പം 21 മാസം പോര്‍ട്ട് ബ്ലയറിലെ സെല്ലുലാര്‍ ജയിലില്‍ കിടന്നു. 1975 ജൂലൈ 5-ന് അറസ്റ്റിലായ ഞങ്ങള്‍ 1977 മാര്‍ച്ച് 21-നാണ് വിട്ടയക്കപ്പെടുന്നത്. ജയില്‍വാസം ഞങ്ങള്‍ക്ക് ഇസ്ലാമിക പ്രബോധനത്തിന് തുറന്നുകിട്ടിയ അവസരമായിരുന്നു. ഇക്കാലത്ത് രാജസ്ഥാനില്‍ നിന്നൊരു സന്യാസി അന്തമാനിലെത്തിയിരുന്നു. ആനന്ദ മാര്‍ഗികളില്‍ പെട്ടയാളാണെന്ന് പറഞ്ഞ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ഞങ്ങളോടൊപ്പം പാര്‍പ്പിച്ചു. ആനന്ദമാര്‍ഗികളുമായി സംവദിക്കാന്‍ ഇത് അവസരമൊരുക്കി. ഞങ്ങളെ സന്ദര്‍ശിക്കാന്‍ വരുന്നവര്‍ രഹസ്യമായി ഞങ്ങള്‍ക്ക് പത്രങ്ങളും പുസ്തകങ്ങളും എത്തിച്ചുതരുമായിരുന്നു. വിംബര്‍ലി ഗഞ്ചിലെ മദ്‌റസക്കും സ്റ്റുവര്‍ട്ട് ഗഞ്ചിലെ മര്‍കസ് കെട്ടിടത്തിനുമൊപ്പം എന്റെ വീടിന്റെ മുകള്‍നിലയും സീല്‍ ചെയ്യപ്പെട്ടിരുന്നു; അത് പ്രസ്ഥാനത്തിന്റെ ഓഫീസ് ആണെന്ന കാരണം പറഞ്ഞ്. നെല്ലും മറ്റു സാധനങ്ങളും സൂക്ഷിച്ചുവെച്ചിരുന്നത് മുകള്‍ നിലയിലാണ്. ആവശ്യമുള്ള സാധനങ്ങള്‍ വീട്ടുകാര്‍ കോണികയറി എടുക്കും. ഉദ്യാഗസ്ഥൻമാർ പിന്നീട് കണക്കെടുപ്പിന് വന്നപ്പോള്‍ ലിസ്റ്റ് ചെയ്ത പല സാധനങ്ങളും ഇവിടെ നിന്ന് അപ്രത്യക്ഷമായതായി കണ്ടെത്തി!
മാനസിക പ്രയാസങ്ങള്‍ വല്ലാതെ അനുഭവിക്കേണ്ടിവന്നു ജയില്‍വാസക്കാലത്ത്. വൃദ്ധ മാതാപിതാക്കളുടെ പരിചരണം മനസ്സിനെ അലട്ടി. ഞാന്‍ ഏക മകനാണല്ലോ. എന്റെ രണ്ടാമത്തെ മകന് ഒന്നര വയസ്സുള്ള സമയമാണ്. ഈ നിസ്സഹായാവസ്ഥ ചൂഷണം ചെയ്യാന്‍ ചില രാഷ്ട്രീയ നേതാക്കള്‍ എന്റെ പിതാവിന്റെ കൈവശം ഒരു ദയാഹരജി കൊടുത്തുവിട്ടു. ജമാഅത്തുമായുള്ള ബന്ധം അബദ്ധത്തില്‍ സംഭവിച്ചതാണെന്ന് എഴുതി ഒപ്പിട്ടുകൊടുത്താല്‍ മതി. ജമാഅത്തുമായുള്ള ബന്ധം അബദ്ധത്തില്‍ സംഭവിച്ചതല്ലെന്നും അറിഞ്ഞുകൊണ്ട് സംഭവിച്ചതാണെന്നും ഞാന്‍ മറുപടി നല്‍കി.

സ്വന്തം കാലില്‍

പി.കെ ഇബ്‌റാഹീം മൗലവി, ഹൈദറലി ശാന്തപുരം, കെ.ടി അബ്ദുര്‍റഹീം സാഹിബ് തുടങ്ങി കേരളത്തില്‍ നിന്നെത്തിയവരെല്ലാം നാട്ടിലേക്ക് തിരിച്ചുപോയ ശേഷമാണ് തലസ്ഥാന നഗരിയായ പോര്‍ട്ട് ബ്ലയറില്‍ ഇസ്ലാമിക് ഗൈഡന്‍സ് സെന്റര്‍ എന്ന പേരില്‍ ഒരു സാംസ്‌കാരിക കേന്ദ്രം പണിയുന്നത്. 1997 ഡിസംബര്‍ പതിനൊന്നിന് അന്നത്തെ ജമാഅത്ത് അഖിലേന്ത്യാ സെക്രട്ടറി ഇഅ്ജാസ് അസ് ലം സാഹിബ് അതിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. എല്ലാറ്റിനും നേതൃത്വം നല്‍കിയത് അന്തമാനിലെ ഇസ്ലാമിക പ്രവര്‍ത്തകര്‍ തന്നെ. എം.ബി അബ്ദുര്‍റശീദ്, ഇപ്പോഴത്തെ അന്തമാന്‍ മേഖലാ നാസിം എം.കെ മുഹമ്മദ് തുടങ്ങിയവര്‍ ഫണ്ട് സമാഹരണത്തിനായി മുന്നിട്ടിറങ്ങി. നിരവധി ജനസേവന പ്രവര്‍ത്തനങ്ങള്‍ക്കും സെന്റര്‍ നേതൃത്വം നല്‍കുന്നുണ്ട്. അഗതികളും അനാഥകളുമായ കുട്ടികള്‍ക്ക് ഹോസ്റ്റല്‍ സൗകര്യം ഈ സെന്ററിലുണ്ട്. സംരക്ഷിക്കാനാരുമില്ലാത്ത കുട്ടികളുടെ കാര്യം വരുമ്പോള്‍, അന്തമാന്‍ ഭരണകൂടം പലപ്പോഴും ആദ്യം ബന്ധപ്പെടുക ഗൈഡന്‍സ് സെന്ററുമായിട്ടായിരിക്കും. അന്തമാനിലെ ലഫ്റ്റനന്റ് ഗവർണറടക്കം സമുന്നതരായ ഉദ്യോഗസ്ഥര്‍ സെന്റര്‍ നടത്തുന്ന പരിപാടികളില്‍ പങ്കെടുക്കാറുണ്ട്. 2004-ലെ സുനാമി ദുരന്തത്തില്‍ സകലതും നഷ്ടപ്പെട്ട ഒമ്പത് കുടുംബങ്ങള്‍ക്ക് മലപ്പുറം ഗ്രാമത്തില്‍ ജമാഅത്ത് കേരള ഘടകത്തിന്റെ സഹായത്തോടെ വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ പ്രസ്ഥാന പ്രവര്‍ത്തകര്‍ക്ക് സാധിക്കുകയുണ്ടായി.

എം.കെ മുഹമ്മദ്

യാഥാസ്ഥിതികരുടെയും ഉല്‍പതിഷ്ണുക്കളുടെയും പലതരം എതിര്‍പ്പുകളും കള്ളപ്രചാരണങ്ങളും അതിജീവിച്ച്, അല്‍ഹംദു ലില്ലാഹ്, ഇസ്ലാമിക പ്രസ്ഥാനം ഇന്ന് സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തി നേടിക്കഴിഞ്ഞു. യാഥാസ്ഥിതിക - ഉൽപതിഷ്ണു വിഭാഗങ്ങളുടെ പണ്ഡിതന്മാര്‍ ജമാഅത്തിനെതിരെ പ്രസംഗ പരമ്പര നടത്താനായി മാത്രം കേരളത്തില്‍നിന്ന് അന്തമാനില്‍ വന്നിരുന്ന കാലമുണ്ടായിരുന്നു. മൗദൂദിക്ക് അറബി അറിയില്ല പോലുള്ള അസത്യ പ്രചാരണങ്ങളാണ് ഉൽപതിഷ്ണുക്കൾ നടത്തിവന്നിരുന്നത്. ഇബാദത്തിന്റെ അർഥവും വലിയ വിവാദ വിഷയമാക്കി. യാഥാസ്ഥിതികരുടെ എതിർപ്പ് ഇതിനെക്കാൾ രൂക്ഷമായിരുന്നു. ജമാഅത്തുകാർ ഹൈദരാബാദിൽ അഖിലേന്ത്യാ സമ്മേളനം നടത്തിയപ്പോൾ വെള്ളം കിട്ടാതെ വന്നതിനാൽ വുദൂ എടുക്കാതെയാണ് നമസ്കരിച്ചത് - ഇമ്മട്ടിലുള്ള കള്ളങ്ങളാണ് സ്റ്റേജ് കെട്ടി പറഞ്ഞുകൊണ്ടിരുന്നത്. ഇതിനൊക്കെ എങ്ങനെ മറുപടി പറയും! അഞ്ച് ദിവസം തുടർച്ചയായി അവരുടെ ദുഷ്പ്രചാരണങ്ങൾ തുറന്നുകാട്ടി മറുപടി പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്. കെ.ടിയൊക്കെ പോയ്ക്കഴിഞ്ഞതിന് ശേഷം ഞാൻ തന്നെയാണ് പലപ്പോഴും മറുപടി പ്രസംഗം നടത്തുക. മൊയ്തീൻ മാല, രിഫാഈ മാല പോലുള്ള മാലകൾ പാടിക്കൊണ്ടാവും ചിലപ്പോൾ മറുപടി. അതിൽ 'ഓവർ' ആയി പറഞ്ഞിട്ടുള്ളതൊക്കെ ഞങ്ങൾ നീട്ടിപ്പാടും. മാലകളിൽ പറഞ്ഞ അന്ധവിശ്വാസങ്ങൾ ഞങ്ങൾ പൊതുജനത്തിന് മുമ്പിൽ തുറന്നുകാട്ടി. അതോടെ യാഥാസ്ഥിതിക പക്ഷം പ്രതിരോധത്തിലായി. ഒരു വിധം മാലകളൊക്കെ പഠിച്ചാണ് നമ്മുടെ അവതരണം. മാലപുസ്തകങ്ങളും ഞാൻ സംഘടിപ്പിച്ചിരുന്നു. എതിർപക്ഷക്കാർ വരെ മാലയിൽ അങ്ങനെ പറഞ്ഞിട്ടുണ്ടോ എന്നറിയാനായി പുസ്തകം തേടി നമ്മുടെ അടുത്താണ് വരിക. ഈ കളിയാക്കലുകൾ ശരിക്കും ഏറ്റു. ഇതൊന്ന് നിർത്തിക്കിട്ടിയാൽ മതിയെന്നായി യാഥാസ്ഥിതിക പക്ഷത്തിന്.

പോർട്ട് ബ്ലയറിലെ ഇസ്ലാമിക് ഗൈഡൻസ് സെന്റർ

അത്തരം എതിർപ്പുകളൊന്നും പ്രത്യക്ഷത്തിൽ ഇപ്പോഴില്ല. അതേസമയം രഹസ്യമായി കള്ളപ്രചാരണങ്ങള്‍ തുടരുന്നുമുണ്ട്. അവയെയൊക്കെ ചങ്കൂറ്റത്തോടെ നേരിടാന്‍ കെല്‍പുള്ള പണ്ഡിതന്മാരും പ്രവര്‍ത്തകരും ഇവിടെ നിന്നു തന്നെ ഉയര്‍ന്നുവന്നു എന്നത് ചാരിതാര്‍ഥ്യജനകമാണ്. l (അവസാനിച്ചു)

അന്തമാനിലെ മലബാര്‍ മാപ്പിളമാരുടെ ചരിത്രമെഴുതുമ്പോഴും ഇസ്ലാമിക പ്രസ്ഥാനത്തിന്റെ ചരിത്രമെഴുതുമ്പോഴും പി.കെ മുഹമ്മദലിയുടെ പേര് വിട്ടുകളയാനാവില്ല. പ്രതിസന്ധികളോട് മല്ലടിച്ചായിരുന്നു അന്തമാനിലെ ജീവിതം. 1921-ലെ മലബാര്‍ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ അദ്ദേഹത്തിന്റെ പിതാവിനെ ബ്രിട്ടീഷുകാര്‍ ബെല്ലാരി ജയിലില്‍നിന്ന് അന്തമാനിലേക്ക് നാട് കടത്തുകയായിരുന്നു. പലതരം എതിര്‍പ്പുകള്‍ നേരിട്ടാണ് അദ്ദേഹവും സഹപ്രവര്‍ത്തകരും ദ്വീപില്‍ ഇസ്ലാമിക പ്രസ്ഥാനത്തെ നട്ടുവളര്‍ത്തിയത്. ഈയിടെ അന്തമാന്‍ സന്ദര്‍ശിച്ചപ്പോള്‍ വിംബര്‍ലി ഗഞ്ചിലെ നയാപുരത്തുള്ള വീട്ടില്‍ ചെന്ന് അദ്ദേഹത്തെ സന്ദര്‍ശിക്കാന്‍ അവസരമുണ്ടായി. അദ്ദേഹം സംസാരിക്കുന്നു.

പി.കെ മുഹമ്മദലി അന്തമാൻ

എന്റെ പിതാവ് പൂവക്കുണ്ടില്‍ അലവി ജനിച്ചത് പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാടിനടുത്ത കുമരംപുത്തൂര്‍ ഗ്രാമത്തിലാണ്. പൂവക്കുണ്ടില്‍ (പി.കെ) മൂസയാണ് അദ്ദേഹത്തിന്റെ പിതാവ്. പിന്നീട് അന്തമാനില്‍ പല നിലയില്‍ അറിയപ്പെട്ട പൂവക്കുണ്ടില്‍ മാഹീന്‍ ഹാജിയുടെ ജ്യേഷ്ഠ സഹോദരനാണ് മൂസ. മാഹീന്‍ ഹാജിയുടെ കുടുംബക്കാര്‍ ഇപ്പോള്‍ അന്തമാനിലെ ഫൊനിക്‌സ് ബേയിലാണ് താമസം. പി.കെ മൂസയുടെ ഏക സന്താനമായിരുന്ന അലവി 1921-ല്‍ മലബാര്‍ സമരം ശക്തിപ്പെടുമ്പോള്‍ കൗമാരക്കാരനായിരുന്നു. പതിനെട്ട് വയസ്സ് പ്രായം കാണും. സമര പ്രവര്‍ത്തനങ്ങളിലൊന്നും ഭാഗഭാക്കായിരുന്നില്ല. പക്ഷേ, ബ്രിട്ടീഷ് സൈന്യം തിരൂരങ്ങാടി പള്ളി ആക്രമിച്ചു എന്നു കേട്ടപ്പോള്‍ ക്ഷുഭിതരായ മാപ്പിളമാര്‍ പല സംഘങ്ങളായി തിരൂരങ്ങാടിയിലേക്ക് തിരിച്ചു. അക്കൂട്ടത്തില്‍ എന്റെ പിതാവ് അലവിയും ഉണ്ടായിരുന്നു. ബ്രിട്ടീഷുകാര്‍ മറ്റുള്ളവരോടൊപ്പം അദ്ദേഹത്തെയും പിടികൂടി കര്‍ണാടകയിലെ ബെല്ലാരി ജയിലിലേക്കയച്ചു. മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബൊക്കെ ബെല്ലാരി ജയിലില്‍ കഴിയുന്ന കാലമാണ്. കുറെക്കാലം, ഏകദേശം ഒമ്പത് വര്‍ഷത്തോളം പിതാവ് ബെല്ലാരി ജയിലില്‍ കഴിഞ്ഞു. ജയില്‍വാസം കഴിഞ്ഞ് സ്വദേശത്ത് തിരിച്ചുവന്നപ്പോഴാണ് തന്റെ കുടുംബക്കാരില്‍ പലരും സമരത്തില്‍ കൊല്ലപ്പെട്ടിരുന്നു എന്ന് മനസ്സിലായത്. ശേഷിച്ചവരെ അന്തമാനിലേക്ക് നാട് കടത്തുകയും ചെയ്തിരുന്നു. സ്വത്തുവകകള്‍ അന്യാധീനപ്പെട്ടു പോയിരുന്നു. പിതാവ് വിവാഹിതനായിരുന്നു എന്ന് കേട്ടിട്ടുണ്ട്. വിശദാംശങ്ങളൊന്നും അറിയില്ല.
ഏതായാലും തനിക്ക് വേണ്ടപ്പെട്ടവരൊന്നും കുമരംപുത്തൂരില്‍ ഇല്ലെന്നറിഞ്ഞപ്പോള്‍, മാഹീന്‍ ഹാജിയെപ്പോലുള്ള തന്റെ കുടുംബക്കാരെ നാടുകടത്തിയ അന്തമാനിലേക്ക് പോകാന്‍ തീരുമാനിച്ചു. ഒരുപക്ഷേ, പിതാവിനെ ബ്രിട്ടീഷുകാര്‍ ബെല്ലാരിയില്‍നിന്ന് നേരെ അന്തമാനിലേക്ക് നാട് കടത്തിയതാവാനും സാധ്യതയുണ്ട്.
സ്വാതന്ത്ര്യ സമര സേനാനികളായ തടവുകാര്‍ അന്തമാനിലെത്തുമ്പോള്‍ അവരെ പാര്‍പ്പിക്കാന്‍ തലസ്ഥാനമായ പോര്‍ട്ട് ബ്ലെയറില്‍ സെല്ലുലാര്‍ ജയില്‍ പണികഴിപ്പിച്ചിട്ടുണ്ട്. ദീര്‍ഘകാലം ജയിലില്‍ കഴിഞ്ഞതുകൊണ്ടാവാം പിതാവിന് സെല്ലുലാര്‍ ജയിലിലേക്ക് പോവേണ്ടിവന്നില്ല. അല്ലെങ്കിലും അന്നത്തെ അന്തമാന്‍ ദ്വീപുകള്‍ തന്നെ തുറന്ന ജയിലുകളായിരുന്നല്ലോ. നാട് കടത്തപ്പെട്ടവര്‍ക്കായി ബ്രിട്ടീഷ് ഗവണ്‍മെന്റ് അന്തമാനില്‍ നാലേക്കര്‍ വീതം ഭൂമി പതിച്ചുനല്‍കിയിരുന്നു. അധികവും കൃഷിഭൂമിയായിരിക്കും. നെല്ലും മറ്റും കൃഷി ചെയ്യാം. രാത്രി നിബിഡ വനത്തില്‍നിന്ന് ആനകളിറങ്ങി കൃഷി നശിപ്പിക്കാറുണ്ട്. അതിന് കാവല്‍ വേണം. കാവല്‍ നിന്നാല്‍ ചെറിയ കൂലിയും കിട്ടും. പിതാവ് ആ പണിക്ക് പോകാറുണ്ട്. അദ്ദേഹം പോകുന്നില്ലെങ്കില്‍ പകരം ഞാന്‍ പോകും.

പി.കെ ഇബ്റാഹീം മൗലവി

ഞങ്ങളുടെ തലമുറ മാപ്പിളമാരാണെങ്കിലും ഇവിടെത്തന്നെ ജനിച്ചവരാണ്. ഇതുപോലെ നാട് കടത്തപ്പെട്ട മറ്റൊരു കുടുംബത്തിലെ അംഗമാണ് എന്റെ ഉമ്മ. 1928-30 കാലയളവിലാണ് ഞങ്ങളുടെ കുടുംബങ്ങള്‍ ഇവിടെ എത്തുന്നത്. മലയാളികളായ മാപ്പിളത്തടവുകാരെ വിവിധ സ്ഥലങ്ങളിലാണ് പാര്‍പ്പിച്ചിരുന്നത്. ആ സ്ഥലങ്ങള്‍ക്കൊക്കെ അവര്‍ തങ്ങളുടെ ജന്മനാടുകളുടെ തന്നെ പേര് കൊടുത്തു. അങ്ങനെയാണ് അന്തമാനില്‍ തിരൂരും വണ്ടൂരും മഞ്ചേരിയും മണ്ണാര്‍ക്കാടും മലപ്പുറവും ഒക്കെ സ്ഥലനാമങ്ങളായത്. ഇവയില്‍ ചിലയിടങ്ങളില്‍നിന്ന് മാപ്പിള കുടുംബങ്ങള്‍ മറ്റു സ്ഥലത്തേക്ക് മാറിപ്പോവുകയും വേറെ വിഭാഗങ്ങള്‍ ഇങ്ങോട്ട് കുടിയേറുകയും ചെയ്തിട്ടുണ്ടെങ്കിലും സ്ഥലനാമങ്ങള്‍ക്ക് മാറ്റമില്ല.
ഇന്ന്, നാട് കടത്തപ്പെട്ടവരുടെ പിന്മുറക്കാര്‍ മാത്രമല്ല അന്തമാനിലെ മാപ്പിള സമുദായം. ആദ്യകാലങ്ങളില്‍ ജോലി തേടി ഇവിടെ എത്തിയവരും ഇവിടത്തുകാരായി മാറിയിട്ടുണ്ട്. പഞ്ചാബികളും ബംഗാളികളുമാണ് ഇവിടെ കൂടുതലുള്ളത്. തമിഴ് വംശജരും ഒരു പ്രബല വിഭാഗമാണെങ്കിലും അവര്‍ അടുത്തകാലത്ത് മാത്രം എത്തിച്ചേര്‍ന്നവരാണ്. ഉത്തർ പ്രദേശില്‍നിന്നും മറ്റും മോഷ്ടാക്കളെന്ന് ആരോപിച്ച് നാടുകടത്തപ്പെട്ട ബാത്തു വിഭാഗങ്ങളുടെ പിന്മുറക്കാരും ഇവിടെയുണ്ട്. 1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരകാലത്ത് ബ്രിട്ടീഷുകാര്‍ പിടികൂടി അന്തമാനിലേക്ക് നാട് കടത്തിയ സ്വാതന്ത്ര്യ സമര സേനാനികളാണ് ഇവിടെ ആദ്യമായി എത്തിയവര്‍. അവരില്‍ ഫദ്‌ലുല്‍ ഹഖ് ഖൈറാബാദിയെപ്പോലുള്ള മുസ്ലിം പണ്ഡിതന്മാരുമുണ്ടായിരുന്നു. അവരുടെ ഖബ്‌റുകള്‍ അന്തമാനില്‍ പലയിടങ്ങളിലായി കാണാം. കാടുകളില്‍ താമസിക്കുന്ന ആദിവാസികളാണ് മറ്റൊരു വിഭാഗം. പരിഷ്‌കൃത ലോകവുമായി അകന്നുകഴിയുകയാണ് അവരിപ്പോഴും.

നവോത്ഥാന പ്രവര്‍ത്തനങ്ങള്‍

മലബാറില്‍നിന്ന് നാട് കടത്തപ്പെട്ട് അന്തമാനിലെത്തിയവര്‍ തങ്ങളുടെ പരമ്പരാഗത മത വിശ്വാസാചാരങ്ങളുമായി കഴിഞ്ഞുപോരുകയായിരുന്നു. അന്തമാനിലേക്ക് നാട് കടത്തപ്പെട്ടവര്‍ യാത്രക്കാരെപ്പോലെയാണ്, അവര്‍ക്ക് ജുമുഅ നിര്‍ബന്ധമില്ല എന്നൊക്കെ ധരിച്ചുവെച്ച കാലമുണ്ടായിരുന്നു. അന്ധവിശ്വാസങ്ങള്‍ക്കും കുറവുണ്ടായിരുന്നില്ല. മുജാഹിദ് നേതാവായ രണ്ടത്താണി സൈദു മൗലവി അന്തമാനിലെത്തിയ ശേഷമാണ് പരിഷ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. അദ്ദേഹം മാഹീന്‍ ഹാജിയുടെ അളിയനാണ്. അദ്ദേഹത്തിന്റെ സഹോദരിയെയാണ് മാഹീന്‍ ഹാജി കല്യാണം കഴിച്ചിരുന്നത്. ആ ബന്ധുത്വത്തിന്റെ പേരിലാണ് ദ്വീപിലേക്കുള്ള മൗലവിയുടെ വരവ്. അദ്ദേഹം വഅ്‌ള് പറയും. അതില്‍ നവോത്ഥാനാശയങ്ങള്‍ ഉണ്ടാകും. പക്ഷേ, നദ് വത്തുല്‍ മുജാഹിദീന്‍ എന്ന പേരൊന്നും എവിടെയും പറയില്ല. അളിയന്‍ മാഹീന്‍ ഹാജി പാരമ്പര്യവാദികളുടെ നേതാവുമാണല്ലോ. പിന്നെയാണ് എ.പി അബ്ദുല്‍ ഖാദിര്‍ മൗലവി ദ്വീപിലെത്തുന്നത്. അദ്ദേഹം അന്ന് വളരെ ചെറുപ്പമാണ്. പുരോഗമനാശയങ്ങൾ അദ്ദേഹത്തിൽ സ്വാധീനം ചെലുത്തിവരുന്ന കാലമാണ്. പണ്ഡിതനെന്ന നിലക്ക് അദ്ദേഹം അറിയപ്പെട്ടു തുടങ്ങിയിട്ടില്ല. ദിവസങ്ങളോളം അദ്ദേഹമിവിടെ താമസിക്കും. പള്ളിയില്‍ ഇമാമായി നില്‍ക്കും. അക്കാലത്ത് പ്രബോധനം പ്രതിപക്ഷ പത്രം ദ്വീപിലെ ഒരാള്‍ക്ക് വരുന്നുണ്ട്. എ.പി സ്ഥിരമായി ആ കോപ്പി സംഘടിപ്പിച്ച് വായിക്കാറുണ്ടായിരുന്നു. മുപ്പത് കൊല്ലം കഴിഞ്ഞ് വീണ്ടും എ.പി അന്തമാനിലെത്തുന്നുണ്ട്. അപ്പോഴേക്കും അദ്ദേഹം മുജാഹിദ് നേതൃനിരയിലെ അറിയപ്പെട്ട പണ്ഡിതനായി മാറിക്കഴിഞ്ഞിരുന്നു.
ക്രമേണ പരിഷ്കരണ ആശയങ്ങളില്‍ ആകൃഷ്ടരായ ഒരു സംഘം രൂപപ്പെട്ടു. പിന്നീടാണ് മുഹമ്മദ് ഷെഡു മൗലവി എത്തുന്നത്. കരുവാരക്കുണ്ട് സ്വദേശിയായ അദ്ദേഹം ഉമറാബാദിൽ പഠിച്ചിട്ടുണ്ട്. പാകിസ്താനിലെ പട്ടാള ഭരണകൂടം മൗലാനാ മൗദൂദിയെ തൂക്കിലേറ്റാന്‍ തീരുമാനിച്ചപ്പോള്‍, അതിനെതിരെ ഷെഡു മൗലവിയും മാഹീന്‍ ഹാജിയും എന്റെ പിതാവും ഖബ്‌റിസ്താന്‍ പള്ളിയില്‍ ആളുകളെ വിളിച്ചുചേര്‍ത്ത് പ്രമേയം അവതരിപ്പിച്ച് പാസ്സാക്കുകയും അത് ബന്ധപ്പെട്ടവര്‍ക്ക് അയച്ചുകൊടുക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. മാഹീന്‍ ഹാജി അപ്പോഴേക്കും പരിഷ്‌കരണാശയങ്ങളില്‍ ആകൃഷ്ടനായിക്കഴിഞ്ഞിരുന്നു.

കെ.ടി അബ്ദുർറഹീം സാഹിബ്

അതോടെ സുന്നി-മുജാഹിദ് ആശയ സംഘട്ടനങ്ങളും ആരംഭിച്ചു. വാദപ്രതിവാദങ്ങളും അരങ്ങേറി. കെ.കെ ജമാലുദ്ദീന്‍ മൗലവിയും സൈദു മൗലവിയും മുജാഹിദ് പക്ഷത്ത്; കെ.വി മുഹമ്മദ് മുസ്ലിയാര്‍ കൂറ്റനാട്, വി. കുട്ടി ഹസന്‍ ഹാജി തുടങ്ങിയവര്‍ മറുപക്ഷത്തും. ഒടുവില്‍ ഇരുപക്ഷവും നേര്‍ക്കുനേരെ ഇരുന്ന് ചര്‍ച്ച നടത്താന്‍ തീരുമാനമായി. അതിനിടക്ക് ജമാലുദ്ദീന്‍ മൗലവിക്ക് അസുഖമായി. പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് വന്നു. അപ്പോള്‍ മറുപക്ഷം പുതിയ വാദങ്ങളുമായി രംഗത്തെത്തി. സൈദു മൗലവിക്ക് മതബിരുദങ്ങളൊന്നുമില്ല. അതിനാല്‍ പണ്ഡിതനല്ലാത്ത ഒരാളുമായി ഞങ്ങള്‍ ചര്‍ച്ച നടത്തില്ല. അങ്ങനെ യാഥാസ്ഥിതിക വിഭാഗം ഏകപക്ഷീയമായി വിജയ പ്രഖ്യാപനവും നടത്തി.

എം.ബി അബ്ദുർ റശീദ്

പിന്നെയാണ് ചേകനൂര്‍ മൗലവിയുടെ ആശയങ്ങളില്‍ ആകൃഷ്ടനായ മറ്റൊരു മൗലവി എത്തുന്നത്. അബ്ദുല്‍ അസീസ് എന്നാണ് പേര്. തൃപ്പനച്ചിക്കാരനാണ്. അവസാന കാലത്ത് അദ്ദേഹം അഹ് ലുൽ ഖുർആൻ, മോഡേൺ ഏജ് സൊസൈറ്റി പോലുള്ള സംഘങ്ങൾക്കൊപ്പമാണ് ഉണ്ടായിരുന്നത്. ഖാദിയാനികള്‍ പുറത്തിറക്കുന്ന 'സത്യദൂതന്‍' മാസികയും അദ്ദേഹത്തിന്റെ കൈയിലുണ്ടാവും. എത്തിയതോ, പുരോഗമനാശയങ്ങളില്‍ ആകൃഷ്ടരായവര്‍ നടത്തുന്ന പള്ളിയിലേക്ക് ഇമാമായി! സുന്നി പക്ഷത്തെ അദ്ദേഹം അതിനിശിതമായി കടന്നാക്രമിച്ചു. ഈ മൗലവി പലതരം ആശയങ്ങളുടെ പിടിയിലായിരുന്നു. ഞാന്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരിലൊരാളാണ്. ഇദ്ദേഹം മുഖേനയാണ് ഞാന്‍ തുടക്കത്തില്‍ ഖാദിയാനി ആശയങ്ങളിലേക്ക് ആകൃഷ്ടനാകുന്നത്. ഖാദിയാനി നേതാവ് അബ്ദുല്‍ വഫാ എന്നയാൾക്ക് ബൈഅത്ത് ചെയ്യാന്‍ വരെ എന്നോട് പറഞ്ഞതാണ്. ഇനി ഇങ്ങോട്ട് വരാന്‍ പോകുന്നത് ഒരു 'മൗദൂദി'യാണെന്നും അയാളെ കരുതിയിരിക്കണമെന്നും ഇദ്ദേഹം ഞങ്ങള്‍ വിദ്യാര്‍ഥികളോട് പറയുമായിരുന്നു.

ഇതിനൊരു പശ്ചാത്തലമുണ്ട്. നേരത്തെ സൂചിപ്പിച്ച ചര്‍ച്ച നടക്കാതെ വന്നപ്പോള്‍ സുന്നി പക്ഷം ഏകപക്ഷീയമായി വിജയപ്രഖ്യാപനം നടത്തിയത് മുജാഹിദ് പക്ഷത്തിന് ക്ഷീണമായി. അന്തമാനിലേക്ക് പ്രഗത്ഭനായ ഒരാളെ അയച്ചുതരണമെന്ന് അവര്‍ കേരളത്തിലെ മുജാഹിദ് നേതൃത്വത്തോട് ആവശ്യപ്പെട്ടു. സ്ഥിരം പ്രബോധനം വായനക്കാരായ ആളുകളും ഇക്കൂട്ടത്തിലുണ്ടായിരുന്നു. മുജാഹിദ് നേതൃത്വം ആളെ അയച്ചുകൊടുക്കാമെന്ന് ഏറ്റെങ്കിലും, അദ്ദേഹത്തിന് കൊടുക്കേണ്ട ശമ്പളം, മറ്റു സൗകര്യങ്ങള്‍ ഇതൊന്നും അന്തമാനിലെ മുജാഹിദ് കേന്ദ്രത്തിന് താങ്ങാന്‍ കഴിയുമായിരുന്നില്ല. സാമ്പത്തിക സ്ഥിതി അത്രക്ക് പരിതാപകരമായിരുന്നു. നിരാശരായ മുജാഹിദ് കേന്ദ്രത്തിന്റെ നടത്തിപ്പുകാര്‍ അന്നത്തെ ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ കെ.സി അബ്ദുല്ല മൗലവിക്ക് കത്തെഴുതി. അങ്ങനെയാണ് ശാന്തപുരം ഇസ്ലാമിയാ കോളേജ് ആദ്യ ബാച്ചുകാരനായ പി.കെ ഇബ്‌റാഹീം മൗലവി, കെ.സിയുടെ നിര്‍ദേശപ്രകാരം അന്തമാനിലേക്ക് വരാന്‍ തീരുമാനിക്കുന്നത്. വരുന്നത് 'മൗദൂദി'യാണെന്ന് അബ്ദുല്‍ അസീസ് മൗലവി 'മുന്നറിയിപ്പ്' നല്‍കിയത് ഈ പശ്ചാത്തലത്തിലാണ്.

സെല്ലുലാർ ജയിൽ

അബ്ദുല്‍ അസീസ് മൗലവിയുടെ ഉള്ളില്‍ ഖാദിയാനിസവും ചേകനൂരിസവും മറ്റെന്തെല്ലാമോ ആശയങ്ങളുമൊക്കെയാണുള്ളത്. 1964- 65 കാലമാണ്. ഞാനപ്പോള്‍ വിദ്യാര്‍ഥിയാണ്. പതിനഞ്ച് വയസ്സായിക്കാണും. ഇത്തരം ആശയങ്ങളില്‍ ഞാനും പെട്ടുപോയി. രാത്രി ഞാന്‍ ഖാദിയാനി നേതാവ് അബുല്‍ വഫായുടെ അടുത്ത് പോകും. ഉര്‍ദുവില്‍ അദ്ദേഹമെഴുതിയ എല്ലാ പുസ്തകങ്ങളും ഞാന്‍ വായിച്ചിട്ടുണ്ട്. വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ രാത്രി പന്ത്രണ്ട്, ഒരു മണിയാകും. ഞങ്ങളുടെ തൊട്ടടുത്ത് ഒരു ഫോറസ്റ്റ് ഓഫീസര്‍ താമസിക്കുന്നുണ്ട്. അദ്ദേഹം ഇടക്കിടെ വാപ്പയോട് പറയും, കുട്ടി പിഴച്ചു പോകുന്നുണ്ട്, ശ്രദ്ധിക്കണം. ഞാനാണെങ്കില്‍ ഒറ്റ മകനാണ്. വാപ്പ വലിയ ടെന്‍ഷനിലായി.

അപ്പോഴാണ് പി.കെ ഇബ്‌റാഹീം മൗലവി എത്തുന്നത്. ആളുകളെ ആകര്‍ഷിക്കാന്‍ അദ്ദേഹത്തിന് വല്ലാത്ത കഴിവാണ്. ഏത് വിഭാഗം പണ്ഡിതന്മാരുമായും അടുത്ത സൗഹൃദവും ബന്ധവും അദ്ദേഹം ഉണ്ടാക്കിയെടുത്തു. ഖാദിയാനിസത്തിനെതിരെ എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിച്ച് നിര്‍ത്തുന്നതിലും അദ്ദേഹം വലിയ പങ്കുവഹിച്ചു. എന്റെ ചാഞ്ചാട്ടങ്ങള്‍ അദ്ദേഹത്തിന് പിടികിട്ടിയിട്ടുണ്ട്. എന്നെ പ്രത്യേകമായി അദ്ദേഹം നോട്ടമിട്ടു. ഞാനപ്പോള്‍ ഒരുവിധം ഖാദിയാനീ പുസ്തകങ്ങളൊക്കെ വായിച്ചുതീര്‍ത്തിട്ടുണ്ട്. ഇബ്‌റാഹീം സാഹിബ് പലതും പറഞ്ഞുതരുന്നുണ്ടെങ്കിലും അതൊന്നും തലയില്‍ കയറുന്നുണ്ടായിരുന്നില്ല. മഞ്ചേരിയിലെ ഒരു ഖാദിയാനി നേതാവുമായി എനിക്ക് കത്തിടപാടുണ്ടായിരുന്നു. 'ലാ നബിയ്യ ബഅ്ദീ' എന്നതിന് 'എനിക്ക് ശേഷം നബിയില്ല' എന്നല്ല, 'എനിക്കെതിരെ നബിയുണ്ടാവില്ല' എന്നാണ് അദ്ദേഹം അര്‍ഥം പറയുക.

ഇങ്ങനെയൊക്കെ ചിന്തകള്‍ കലുഷമായിക്കൊണ്ടിരുന്നപ്പോഴും, ഇവിടെ മര്‍കസില്‍ പഠിച്ച വിദ്യാര്‍ഥി എന്ന നിലക്ക് ജമാഅത്ത് വൃത്തത്തില്‍ തന്നെയാണ് ഞാനുണ്ടായിരുന്നത്. അഖിലേന്ത്യാ ജമാഅത്ത് സെക്രട്ടറി ഹാമിദ് ഹുസൈന്‍ സാഹിബ് അന്തമാനില്‍ വന്ന് 'ജംഇയ്യത്തുത്ത്വലബ' എന്ന വിദ്യാര്‍ഥി സംഘടനക്ക് രൂപം നല്‍കിയപ്പോള്‍ ഞാനതിന്റെ സെക്രട്ടറിയുമായി. ജമാഅത്തിന് വിവിധ സ്ഥലങ്ങളില്‍ ഘടകങ്ങള്‍ രൂപവത്കരിക്കപ്പെടുന്നതും ഇക്കാലത്താണ്. ഹൈദറലി ശാന്തപുരവും ഇബ്‌റാഹീം സാഹിബിനെ സഹായിക്കാനായി എത്തിച്ചേരുന്നുണ്ട്. ഇരുവര്‍ക്കും ജമാഅത്ത് അംഗത്വം ലഭിക്കുന്നതും ഇവിടെ വെച്ചാണ്. കുറ്റ്യാടി സൂപ്പി മൗലവി, ടി. അബ്ദുര്‍റഹ്മാന്‍ തിരൂര്‍ക്കാട്, അയ്യൂബ് മൗലവി തുടങ്ങിയവരൊക്കെ എത്തി ഒരു ടീമായി പ്രവര്‍ത്തിക്കുന്ന കാലമാണ്. ശാന്തപുരം മോഡല്‍ വിദ്യാഭ്യാസ സ്ഥാപനമാണ് അവരുടെ മനസ്സിലുണ്ടായിരുന്നത്. സിലബസും ശാന്തപുരത്തേത്. ഏറെ വൈകാതെ ഇബ്‌റാഹീം സാഹിബ് നാട്ടിലേക്ക് തിരിച്ചുപോയി. മദീനാ യൂനിവേഴ്‌സിറ്റിയില്‍ ഉപരിപഠനത്തിന് അവസരം കിട്ടിയപ്പോള്‍ ഹൈദറലി ശാന്തപുരവും ദ്വീപ് വിട്ടു. കെ.ടി അബ്ദുർറഹീം സാഹിബ് അന്തമാനിൽ വരുമ്പോൾ ടി. അബ്ദുര്‍റഹ്മാന്‍ സാഹിബ് മാത്രമേ കേരളത്തില്‍നിന്നുള്ള മുഴുസമയ പ്രവര്‍ത്തകനായി ഇവിടെയുള്ളൂ. മര്‍കസ് നടത്തിവന്നിരുന്ന വിദ്യാഭ്യാസ സ്ഥാപനം മുന്നോട്ടു പോകാന്‍ കഴിയാത്ത സ്ഥിതിയിലായിരുന്നു. സ്ഥാപനം ജമാഅത്തെ ഇസ്ലാമിയുടേതാണെന്ന് വ്യക്തമായതോടെ അതിനെതിരെ വ്യാപകമായ കള്ളപ്രചാരണങ്ങള്‍ നടന്നു. ഇത് സര്‍ക്കാര്‍ വിരുദ്ധ സംഘടനയാണ്, കുട്ടികള്‍ക്ക് ജോലി കിട്ടില്ല തുടങ്ങിയ ആരോപണങ്ങള്‍ വിശ്വസിച്ച് പല രക്ഷിതാക്കളും കുട്ടികളെ സ്ഥാപനത്തില്‍നിന്ന് പിന്‍വലിച്ചു. ഒടുവില്‍, കെ.ടിക്ക് ആ സ്ഥാപനം തന്നെ നിര്‍ത്തേണ്ടിവന്നു. അവിടെയുള്ള വിദ്യാര്‍ഥികളെ ശാന്തപുരത്തും തിരൂര്‍ക്കാടുമൊക്കെയുള്ള പ്രസ്ഥാന സ്ഥാപനങ്ങളിലേക്ക് അയച്ചു. എം.ബി അബ്ദുർറശീദ്, എന്‍. മൂസ, എന്‍. ഹംസ തുടങ്ങിയവര്‍ അങ്ങനെ കേരളത്തിലെ സ്ഥാപനങ്ങളില്‍ എത്തിച്ചേര്‍ന്നവരാണ്. മര്‍കസ് എന്ന പേരില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന സ്റ്റുവര്‍ട്ട് ഗഞ്ചിലെ ജമാഅത്ത് ആസ്ഥാനത്തെപ്പറ്റി 'ഗതകാല സ്മണകള്‍' എന്ന പുസ്തകത്തില്‍ ഹൈദറലി ശാന്തപുരവും, 'പ്രസ്ഥാന യാത്രകള്‍' എന്ന പുസ്തകത്തില്‍ കെ.ടി അബ്ദുര്‍റഹീം സാഹിബും (രണ്ടും ഐ.പി.എച്ച് പ്രസിദ്ധീകരിച്ചത്) വിശദമായി എഴുതിയിട്ടുണ്ട്. സ്റ്റുവര്‍ട്ട് ഗഞ്ചില്‍ ജമാഅത്തിന്റെ മേല്‍നോട്ടത്തില്‍ ഇപ്പോള്‍ പള്ളിയും മദ്‌റസയും നടന്നുവരുന്നുണ്ട്.

മര്‍കസിലുണ്ടായിരുന്ന എം.ബി അബ്ദുർറശീദ്, എന്‍. ഹംസ, എം. അബ്ദുല്‍ ഗഫൂര്‍ തുടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് സുഊദിയിലെ മദീനാ യൂനിവേഴ്‌സിറ്റിയില്‍ പഠിക്കാനും പിന്നീട് അവസരമുണ്ടായി. എന്റെ പേരും ലിസ്റ്റില്‍ ഉണ്ടായിരുന്നു. ഞാന്‍ മാതാപിതാക്കളുടെ ഏക മകനാണ്. അവര്‍ക്കാണെങ്കില്‍ പ്രായവുമായി. അങ്ങനെയാണ് ഞാന്‍ മദീനാ യൂനിവേഴ്സിറ്റിയിലേക്ക് പോകേണ്ടെന്ന് വെച്ചത്. അതൊരു നഷ്ടമായി ഞാന്‍ കരുതുന്നില്ല. അവിടെ പോയി പഠിച്ചാല്‍ കിതാബ് തിരിയുന്ന പണ്ഡിതനാകാം എന്നത് ശരിയാണ്. ഇവിടെ പണ്ഡിതന്മാര്‍ പൊതുവെ ജനങ്ങളിലേക്കിറങ്ങാന്‍ വിമുഖത കാണിക്കുന്നവരാണ്. 'പാണ്ഡിത്യ ഭാരം' ഇല്ലാത്തതിനാല്‍ ജനങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിക്കൊണ്ടായിരുന്നു എന്റെ പ്രാസ്ഥാനിക ജീവിതം. അതേസമയം സ്വയം പഠിക്കാന്‍ ഞാന്‍ എന്നും ഉത്സുകനുമായിരുന്നു. ഉര്‍ദു ഞാന്‍ സ്വയം പഠിച്ചതാണ്. മുജ് രിം, സബിസ്താന്‍ പോലുള്ള ഉര്‍ദു ഡിറ്റക്ടീവ് നോവലുകളൊക്കെ വായിക്കുന്ന ഒരാളുണ്ടായിരുന്നു തൊട്ടടുത്ത പ്രദേശത്ത്. ആ നോവലുകളൊക്കെ കൊണ്ടുവന്ന് ഞാന്‍ മെനക്കെട്ടിരുന്ന് വായിക്കും. ദല്‍ഹിയിലെ ജമാഅത്ത് കേന്ദ്രത്തിലേക്ക് ഉര്‍ദുവിലാണ് റിപ്പോര്‍ട്ട് അയക്കേണ്ടത്. ആ റിപ്പോര്‍ട്ട് എഴുതാന്‍ വേണ്ടിയാണ് തിരക്കിട്ടുള്ള ഈ ഉര്‍ദു പഠനം. ഇവിടെ സ്‌കൂളിലെ പഠന മാധ്യമം ഹിന്ദിയായതുകൊണ്ട് ഉര്‍ദു പഠനം എളുപ്പമായി. 'റൂദാദേ ജമാഅത്തെ ഇസ്ലാമി' എന്ന അഞ്ച് ഭാഗങ്ങളുള്ള ഉര്‍ദു പുസ്തകം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ കഴിഞ്ഞത് അതുകൊണ്ടാണ്. മലയാളവും ഞാന്‍ ഔപചാരികമായി പഠിച്ചിട്ടില്ല. കാളികാവുകാരനായ ഒരാള്‍ കുറച്ചുകാലം ഇവിടെ അധ്യാപകനായി ഉണ്ടായിരുന്നു. അയാളില്‍നിന്നാണ് ഞാന്‍ മലയാളം പഠിച്ചത്. പ്രബോധനവും ഐ.പി.എച്ച് സാഹിത്യങ്ങളും നിരന്തരം വായിക്കുന്നതുകൊണ്ട് അത്യാവശ്യം നല്ല മലയാളത്തില്‍ എഴുതാനും കഴിയും. l
(തുടരും)

ജീവിതം-3

ജമാഅത്തെ ഇസ്ലാമിയുടെ ആശയങ്ങൾ മനസ്സിൽ നിറച്ചും പ്രവർത്തനങ്ങൾ ആരംഭിച്ചുമാണ് ഞാൻ പള്ളിദർസ് പഠനം പൂർത്തീകരിച്ചത്. പക്ഷേ, പിന്നീട് അധ്യാപന ജീവിതത്തിന്റെ ഒരു പ്രധാന ഘട്ടം മുജാഹിദ് പ്രവർത്തകർ നടത്തുന്ന കോളേജുകളിലായിരുന്നു. മുജാഹിദ് പ്രസ്ഥാനവുമായി സംഘടനാ ബന്ധമൊന്നും എനിക്കുണ്ടായിരുന്നില്ല. കുമരനെല്ലൂരിലെ ഇസ്ലാഹിയ കോളേജിലാണ് ആദ്യം അധ്യാപകനായിരുന്നത്. കുമരനെല്ലൂർ അറക്കൽ പള്ളിയുടെ അടുത്തായിരുന്നു ഇസ്ലാഹിയ. മുസ്ലിം ലീഗ് അനുഭാവിയായ എം.കെ കുമരനെല്ലൂർ ഉൾപ്പെടെയുള്ളവരായിരുന്നു അതിന് നേതൃത്വം നൽകിയിരുന്നത്. ആദ്യഘട്ടത്തിൽ ഇത് പരിഷ്കരണ - പുരോഗമന മനസ്കരുടെ കൂട്ടായ്മയായിരുന്നു; കൃത്യമായി മുജാഹിദ് സംഘടനയുടേതായിരുന്നില്ല. പിന്നീട് മുജാഹിദ് പ്രവർത്തകരുടെ പൂർണ നേതൃത്വത്തിലേക്ക് സ്ഥാപനം മാറുകയായിരുന്നു. പെൺകുട്ടികൾക്ക് മാത്രമായുള്ള അറബിക് കോളേജായിരുന്നു ആദ്യം ഇസ്ലാഹിയ. രണ്ട് ക്ലാസ് റൂമുകൾ മാത്രമുള്ള ചെറിയൊരു സ്ഥാപനമായിരുന്നു അത്. പിന്നീട് ഓർഫനേജും സ്കൂളും മറ്റും ഉൾക്കൊള്ളുന്ന വലിയ കാമ്പസായി ഇസ്ലാഹിയ വളർന്നു. ഇവിടത്തെ അധ്യാപന ജീവിതത്തിനിടയിലാണ്, പാവിട്ടപ്പുറത്തെ അസ്സബാഹ് കോളേജിൽ പ്രിൻസിപ്പലായി എന്നെ ക്ഷണിച്ചത്. ഇതും മുജാഹിദിന്റെ സ്ഥാപനമാണ്. പാവിട്ടപ്പുറത്ത് ഒരു ഓലഷെഡിലാണ് കോളേജ് പ്രവർത്തിച്ചിരുന്നത്. നടത്തിപ്പുകാരിൽ മുജാഹിദ്, ജമാഅത്ത് പ്രവർത്തകർ ഉണ്ടായിരുന്നു. അന്ന്, പരിഷ്കരണ പ്രവർത്തകർ എന്ന രീതിയിൽ ഇങ്ങനെ പരസ്പരം സഹകരിക്കുന്നതിൽ ഇരു വിഭാഗത്തിനും വലിയ പ്രയാസമൊന്നും ഉണ്ടായിരുന്നില്ല. ജമാഅത്തെ ഇസ്ലാമിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ ഈ രണ്ട് സ്ഥാപനങ്ങളിലും ഞാൻ സേവനം ചെയ്യുന്നത് അതുകൊണ്ടാണല്ലോ. അവർ എന്റെ ജമാഅത്ത് ബന്ധം അറിഞ്ഞുകൊണ്ടു തന്നെയാണ് എന്നെ അവിടെ നിയമിച്ചത്. അസ്സബാഹ് സ്ഥാപനങ്ങൾ പിന്നീട് നല്ല വളർച്ച കൈവരിക്കുകയുണ്ടായി. എം.ബി.എം എന്ന പേരിൽ വളയംകുളത്ത് വലിയ കാമ്പസ് തന്നെ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. ഈ കോളേജുകളിൽ വർഷങ്ങൾക്ക് മുമ്പ് ഞാൻ പഠിപ്പിച്ച വിദ്യാർഥികളിൽ പലരും ഇപ്പോഴും ഗുരു-ശിഷ്യബന്ധം നിലനിർത്തുന്നു. അധ്യാപന ജീവിതത്തിലെ വലിയ നേട്ടമാണ് ആ കാലങ്ങളിലേക്ക് നീളുന്ന ഈ ബന്ധം.

പൊന്നാനി ഐ.എസ്.എസ് കാമ്പസിൽ മൂസ മൗലവി മരം നടുന്നു. എം.ഐ അബ്ദുൽ അസീസ്, ഫാത്വിമ മൂസ എന്നിവർ സമീപം

കോലളമ്പിലും എടപ്പാൾ അൽനൂർ മസ്ജിദിലും ഖത്വീബായി സേവനം ചെയ്തത് ഇതിനു മുമ്പായിരുന്നു. 1971-ലാണ് തിരൂർ വിട്ട് നാട്ടിലേക്ക് മടങ്ങിയത്. എടപ്പാളും കോലളമ്പുമായിരുന്നു പിന്നീട് ഇടത്താവളങ്ങൾ. എടപ്പാളിൽനിന്ന് പൊന്നാനിയിലേക്കുള്ള വഴിയിൽ, ഹംസക്കച്ചേരിയിലെ അൽനൂർ മസ്ജിദിൽ ഖത്വീബായിരുന്നു കുറച്ചു കാലം. അവിടെനിന്നാണ് കോലളമ്പിലേക്ക് ക്ഷണം ലഭിക്കുന്നത്. തൃശൂർ അതിർത്തിയോട് അടുത്ത് കിടക്കുന്ന ഗ്രാമമാണ് കോലളമ്പ്. ധാരാളം മുസ്ലിംകളുള്ള കോലളമ്പ് മഹല്ലിലെ ജനങ്ങൾ അൽപ്പം വിഘടിച്ചു നിൽക്കുകയായിരുന്നു അന്ന്. ജമാഅത്തെ ഇസ്ലാമിയുടെ പ്രവർത്തകരും അനുഭാവികളും പരിഷ്കരണ മനസ്സുള്ള മറ്റു ചിലരും ഒരു ഭാഗത്ത്. പാരമ്പര്യ സുന്നി സഹോദരങ്ങൾ മറുഭാഗത്തും. വലിയ ബഹളങ്ങളും വഴക്കുകളും ഇല്ലെങ്കിലും, രണ്ട് തരം ചിന്താഗതികളോടെ സംഘബോധം നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു നാട്. അപ്പോഴാണ് മഹല്ല് പള്ളിയിലെ ഖത്വീബായി ഞാൻ ക്ഷണിക്കപ്പെടുന്നത്.

മഹല്ല് നിവാസികൾക്കിടയിലെ അസ്വാരസ്യങ്ങൾ ഏറക്കുറെ പരിഹരിക്കാനും അഭിപ്രായ സമന്വയത്തിലേക്ക് കൊണ്ടുവരാനും എനിക്ക് സാധിച്ചു. ജമാഅത്ത് അനുഭാവികൾക്കും പരിഷ്കരണ മനസ്കർക്കും അപ്പോൾ മേൽക്കൈ ഉണ്ടായിരുന്നതിനാൽ ജുമുഅ ഖുത്വ്്ബ മലയാള ഭാഷയിൽ നിശ്ചയിക്കപ്പെട്ടു. നേരത്തെ കുറേയൊക്കെ സ്വതന്ത്ര സ്വഭാവത്തിലാണ് പള്ളി നടന്നുവന്നിരുന്നത്. ഖുത്വ്്ബയുടെ ഭാഷയിൽ നിഷ്കർഷ ഉണ്ടായിരുന്നില്ല. അറബിയിലോ മലയാളത്തിലോ ഖുത്വ്്ബ നടത്താമായിരുന്നു. എനിക്ക് മുമ്പ് കോലളമ്പ് പള്ളിയിൽ ഖത്വീബായിരുന്ന സൈനുദ്ദീൻ മുസ്ലിയാർക്ക് മലയാളത്തിൽ ഖുത്വ്്ബ നടത്താൻ താൽപര്യമായിരുന്നു. മലയാളത്തിൽ ഖുത്വ്്ബ നടത്തിയിരുന്ന സുന്നി പള്ളികൾ പലതും മുമ്പ് കേരളത്തിൽ ഉണ്ടായിരുന്നല്ലോ. ഞാൻ ചെല്ലുന്നതിന് മുമ്പ് മർഹൂം വി.പി മൊയ്തീൻ കുട്ടി മൗലവി, വി.കെ അലി തുടങ്ങിയവർ അവിടെ ഖുത്വ്്ബക്ക് പോയിരുന്നു. ഞാൻ എത്തിയതോടെ മലയാള ഖുത്വ്്ബയും വ്യവസ്ഥാപിതമായ മറ്റു പ്രവർത്തനങ്ങളുമായി മഹല്ല് മുന്നോട്ട് പോയി.

കെ.കെ മമ്മുണ്ണി മൗലവിയോടൊപ്പം

കുറച്ചു കാലം അവിടെ നിന്ന ശേഷം ഞാൻ, അനുജൻ കുഞ്ഞിമരക്കാറിന് ഉത്തരവാദിത്വം ഏൽപ്പിച്ചുകൊടുത്തു. അപ്പോഴും ഖുത്വ്്ബ മലയാളത്തിൽ തന്നെയായിരുന്നു. ജമാഅത്ത് പ്രവർത്തകർക്കായിരുന്നു പള്ളിയുടെ മേൽനോട്ടം. മുജാഹിദുകാരും ഉണ്ടായിരുന്നു. ഞാൻ ഇല്ലാത്ത സന്ദർഭത്തിൽ ഖുത്വ്്ബക്ക് മുജാഹിദ് പ്രഭാഷകരെയും ക്ഷണിക്കുമായിരുന്നു. മലയാളം ഖുത്വ്്ബ ഇഷ്ടപ്പെടാത്ത കുറച്ചു പേർ അവിടെ ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് ഒരു സന്ദർഭത്തിൽ, പ്രദേശത്തെ സുന്നികൾ രംഗത്ത് വരികയും, ഇനി ഇവിടെ ജമാഅത്തെ ഇസ്ലാമി വേണ്ടെന്നു പ്രഖ്യാപിച്ച് പള്ളി പൂർണമായും തങ്ങളുടെ വരുതിയിലാക്കുകയും ചെയ്തു. പിന്നീട് ജമാഅത്ത് പ്രവർത്തകർ അവിടെ സ്വന്തമായി പള്ളിയും അൻസാർ എന്ന പേരിൽ സ്കൂളുമൊക്കെ സ്ഥാപിക്കുകയുണ്ടായി.

കോലളമ്പിൽനിന്നാണ് ഞാൻ കൊടുങ്ങല്ലൂർ അഴീക്കോട് വനിതാ കോളേജിൽ അധ്യാപകനായി പോകുന്നത്. ഇസ്ലാമിക വിഷയങ്ങളോടൊപ്പം, പ്രിലിമിനറി എൻട്രൻസ് പരീക്ഷക്ക് കുട്ടികളെ തയാറാക്കുകയും വേണം. അറബിക് മുൻഷിയാകാൻ ഡിപ്ലോമ കോഴ്സുള്ള കാലമാണത്. ഭാര്യ ഫാത്വിമയും ഈ കോഴ്സിൽ ചേരുകയും പരീക്ഷ പാസ്സാവുകയും ചെയ്തിരുന്നു. കൊടുങ്ങല്ലൂരിൽനിന്ന് തിരിച്ചുവന്ന ശേഷമാണ് കുമരനെല്ലൂരിലും പടിഞ്ഞാറങ്ങാടിയിലും അധ്യാപകനാകുന്നത്. തുടർന്ന് എന്റെ തട്ടകം പൊന്നാനിയിലേക്ക് മാറി. 1978-84 കാലത്ത് പൊന്നാനി ഐ.എസ്.എസിൽ പ്രിൻസിപ്പലായി.

സംഘാടനമായിരുന്നു എന്റെ പ്രധാന മേഖല. എല്ലാവരെയും സഹകരിപ്പിച്ച് സ്ഥാപനത്തിന്റെ കാര്യക്ഷമമായ നടത്തിപ്പിനും വളർച്ചക്കും മേൽനോട്ടം വഹിക്കാനായി. അധ്യാപനവും ഉണ്ടായിരുന്നു. കെ.എൻ അബ്ദുല്ല മൗലവിയും മൊയ്തീൻ കുട്ടി മൗലവിയുമൊക്കെ ആദ്യഘട്ടത്തിൽ സ്ഥാപനത്തിൽ ഉണ്ടായിരുന്നു. ആദ്യം അറബിക് കോളേജാണ് ഐ.എസ്.എസ്സിൽ ആരംഭിച്ചത്. പിന്നീട്, നഴ്സറി ക്ലാസ്സുകളും ഹൈസ്കൂളുമായി സ്ഥാപനം വളർന്നു. പിന്നീട് ഞാൻ സ്ഥാപനത്തിലെ അധ്യാപന ചുമതല ഒഴിയുകയും ജമാഅത്തിന്റെ മുഴുസമയ പ്രവർത്തകനായി നിയമിക്കപ്പെടുകയും ചെയ്തു. അതിനു ശേഷം ഐ.എസ്.എസ് ട്രസ്റ്റിൽ അംഗമാവുകയുമുണ്ടായി. സമ്പന്നമായ ആ ഐ.എസ്.എസ് അനുഭവങ്ങൾ മറ്റൊരിക്കൽ പറയാം. കഴിഞ്ഞ വർഷം ഐ.എസ്.എസിലെ പൂർവ വിദ്യാർഥികളും അധ്യാപകരും മാനേജ്മെന്റും ചേർന്ന് എന്നോടൊപ്പം ഓർമകൾ പങ്കുവെക്കുന്ന പരിപാടി സംഘടിപ്പിച്ചത് നന്ദിയോടെ ഓർക്കുന്നു.

പൊന്നാനി ഐ.എസ്.എസ് കാമ്പസ്

ജമാഅത്തെ ഇസ്ലാമിയുടെ നേതൃതലത്തിൽ മുഴുസമയ പ്രവർത്തകനാവുക എന്നത് വലിയ ഉത്തരവാദിത്വമാണ്, മഹാ സൗഭാഗ്യവും. അല്ലാഹുവിന്റെ ദീനിന്റെ മാർഗത്തിൽ ജീവിതം പൂർണമായി അർപ്പിക്കാൻ കഴിയുക എന്നതിൽപ്പരം വലിയ ഭാഗ്യം എന്തുണ്ട്! എന്റെ ഉമ്മ ആഗ്രഹിച്ചതും പ്രാർഥിച്ചതും എന്തിനു വേണ്ടിയായിരുന്നോ, അത് സഫലമായി കണ്ട കാലമാണ് പിന്നീട് എന്റെ ജീവിതത്തിൽ. അധ്യാപന ജീവിതത്തിൽനിന്ന് പൂർണമായും പ്രവർത്തന രംഗത്തേക്കുള്ള മാറ്റമാണ് സംഭവിച്ചത്. മലപ്പുറം ജില്ലാ നാസിമായിട്ടാണ് തുടക്കം. കണ്ണൂർ, തിരുവനന്തപുരം, പാലക്കാട്….. ഏതാണ്ട് എല്ലാ ജില്ലകളിലും ഞാൻ നാസിമായിരുന്നിട്ടുണ്ട്. ഏത് സമയത്തും ഏത് ചുമതലകളും ഏൽപ്പിക്കാവുന്നതായിരുന്നു അന്ന് ജമാഅത്തിന്റെ അവസ്ഥ. അത്തരമൊരു ത്യാഗത്തിന് തയാറായാണല്ലോ ജമാഅത്തിൽ അംഗത്വം സ്വീകരിക്കുന്നത്.

കോലൊളമ്പ് അൻസാർ കാമ്പസ്

അന്നാകട്ടെ, അടിയന്തരാവസ്ഥ കഴിഞ്ഞ് പത്തുവർഷം പിന്നിടുന്ന സമയമാണ്. പ്രവർത്തകരൊക്കെ ആവേശത്തോടെ കർമരംഗത്തുള്ള കാലം. പ്രസ്ഥാനം അന്ന് വളർച്ചയുടെ പടവുകൾ കയറുകയാണ്. എപ്പോഴും പരിപാടികൾ ഉണ്ടാകും. അതിനായി ധാരാളം യാത്ര ചെയ്യണം. കൊണ്ടോട്ടി അബ്ദുർറഹ്മാൻ സാഹിബിനായിരുന്നു ഓഫീസ് ചുമതല. അദ്ദേഹമാണ് ഷെഡ്യൂൾ അറിയിച്ചുതരിക. നാസിമിന്റെ സന്ദർശനം ഉൾപ്പെടെ പ്രധാന പരിപാടികൾ പ്രബോധനത്തിൽ, തീയതിയും സ്ഥലവും ഉൾപ്പെടെ പ്രസിദ്ധീകരിക്കുമായിരുന്നു. വ്യവസ്ഥ പ്രകാരം 22 ദിവസങ്ങളാണ് പരിപാടികൾ ഉണ്ടാകേണ്ടത്. പക്ഷേ, മാസത്തിൽ 28 ദിവസവും പരിപാടികൾ ഉണ്ടാകുമായിരുന്നു. ഈ പരിപാടികളെല്ലാം നാസിം യോഗത്തിൽ ലിസ്റ്റ് ചെയ്ത് റിപ്പോർട്ട് നൽകേണ്ടതുണ്ടായിരുന്നു.

1985-ൽ മലപ്പുറം ജില്ലാ നാസിമായി ചുമതലയേറ്റു. നാസിം എന്ന നിലക്ക് ഇരിമ്പിളിയത്തായിരുന്നു എന്റെ ആദ്യത്തെ പരിപാടി.
ഇതിനു ശേഷം, 1986-87 കാലത്ത് കണ്ണൂരിൽ മുഴുസമയ പ്രവർത്തകനായി ജമാഅത്ത് എന്നെ നിയമിച്ചു. അതോടെ പ്രവർത്തനകേന്ദ്രം കണ്ണൂരിലായി. മൂന്ന് ദിവസം കണ്ണൂർ സിറ്റി കേന്ദ്രീകരിച്ചും മൂന്ന് ദിവസം മാടായിയിലുമായിരുന്നു പ്രവർത്തനങ്ങൾ ക്രമീകരിച്ചിരുന്നത്. കണ്ണൂർ താണയിലെ പള്ളിയിൽ ഖുത്വ്്ബയും നിർവഹിക്കും. മാടായിയിൽ ഇന്ന് കാണുന്ന പ്രസ്ഥാന വളർച്ചയൊന്നും അന്ന് ഉണ്ടായിരുന്നില്ല. പ്രവർത്തനങ്ങൾക്കൊക്കെ ചില ഭീഷണികൾ നേരിടേണ്ടി വന്നിരുന്നു. മാടായിയിൽനിന്ന് എനിക്ക് കല്ലേറ് കിട്ടുകയൊക്കെ ചെയ്തിട്ടുണ്ട്.

വി. മൂസ മൗലവി കുടുംബത്തോടൊപ്പം യാത്രയിൽ

ഭാര്യ ഫാത്വിമ അധ്യാപികയായിരുന്നല്ലോ. കണ്ണൂരിൽ താമസമായതോടെ ഞാൻ ഫാത്വിമയെയും കൂടെക്കൂട്ടി. അവർക്ക് സ്കൂളിൽ അധ്യാപികയായി ജോലിയും ലഭിച്ചു. നാല് ദിവസം സ്കൂളിൽ പഠിപ്പിക്കും, ബാക്കി ദിവസങ്ങൾ വിവിധ സ്ഥലങ്ങളിൽ, സ്ത്രീകൾക്ക് വേണ്ടി ക്ലാസ്സെടുക്കും- ഇതായിരുന്നു അവരുടെ ചുമതല. ഫാത്വിമ മൂസാ എന്ന പ്രഭാഷകയും നേതാവും വളർന്നു വരുന്നത് അങ്ങനെയാണ്. 'ളലാലത്തിന്റെ പാർട്ടിയിൽ ഒരു മസീഹുദ്ദജ്ജാൽ ഇറങ്ങിയിട്ടുണ്ട്, ആണും പെണ്ണുമല്ലാത്ത ഒരാൾ'! എന്നൊക്കെ വിമർശനങ്ങൾ ഉയർന്നു. തുടർച്ചയായ വഅളുകൾ പറയാൻ തുടങ്ങിയത് കണ്ണൂരിൽ ഉണ്ടായിരിക്കെയാണ്.

പിന്നീട്, കേരളത്തിലുടനീളം യാത്ര തന്നെയായിരുന്നു. പ്രസ്ഥാന മാർഗത്തിലുള്ള യാത്രകളിൽ, എന്റെ ജീവിതത്തിലെ ഒരുപാട് സമയം റെയിൽവെ സ്റ്റേഷനുകളിലാണ് ചെലവഴിച്ചത്. ബസ്സിനെക്കാൾ എനിക്ക് ഇഷ്ടം ട്രെയിൻ യാത്രയാണ്. വീട്ടിൽ നിന്ന് കണ്ണൂരിലേക്ക് ഒരു പരിപാടിക്ക് പോകും, അവിടെനിന്ന് കാസർകോട് യാത്ര. ശേഷം, കാസർകോട്നിന്ന് നേരെ തിരുവനന്തപുരത്തേക്ക്! ഇങ്ങനെ വിശ്രമമില്ലാതെ ഒരുപാട് ഓടിയിട്ടുണ്ട്. പരിപാടികൾക്കു നേരത്തെ എത്തുക എന്റെ ശീലമായിരുന്നു. ഒരു മണിക്കൂർ മുമ്പ് എത്തണം എന്നാണ് ആഗ്രഹിക്കുക. പരിപാടിക്ക് മുമ്പ് തന്നെ കുറേ പ്രവർത്തകരെയും പുതിയ അനുഭാവികളെയും കാണും. പുതിയ പ്രദേശമാണെങ്കിൽ മുത്തഫിഖ് ഹൽഖയുടെ ഒരുക്കം നടത്തിയ ശേഷമാണ് പ്രസംഗിക്കുക. പ്രവർത്തകരുടെ വീടുകളിലാണ് താമസിക്കുക. പ്രവർത്തകരുടെ മാത്രമല്ല, അവരുടെ തൊട്ടടുത്ത ബന്ധുവീടുകളും സന്ദർശിക്കും. അവർക്ക് പ്രസ്ഥാന ബന്ധം ഉണ്ടാകില്ല. പക്ഷേ, അവരെ സന്ദർശിക്കും, സുഖ വിവരങ്ങൾ അന്വേഷിക്കും, ദുആ ചെയ്യും, അടുത്ത തവണ വരുമ്പോഴേക്കും പ്രസ്ഥാന അനുഭാവിയായിട്ടുണ്ടാകും. ഇതിലൂടെ ഉണ്ടായിത്തീരുന്ന വ്യക്തിബന്ധങ്ങൾ വിലപ്പെട്ടതായിരുന്നു.
ജമാഅത്തെ ഇസ്ലാമിയുടെ വനിതാ സംഘടന കെട്ടിപ്പടുക്കുന്നതിൽ പങ്കുവഹിക്കാനായതാണ് പ്രസ്ഥാന മാർഗത്തിലെ മറ്റൊരു നേട്ടം.

ഫാ. ഡേവിസ് ചിറമ്മൽ മൂസ മൗലവിയെ പൊന്നാട അണിയിക്കുന്നു

വനിതാ സംഘാടനത്തിൽ ജമാഅത്തിന് ആദ്യം ഉണ്ടായത്
ജി.ഐ.ഒ ആണ്, 1986-ൽ. കൊണ്ടോട്ടി അബ്ദുർറഹ്മാൻ സാഹിബിനായിരുന്നു ഇതിന്റെ ചുമതല. തുടർന്ന് മുതിർന്ന സ്ത്രീകൾക്കു വേണ്ടി, ജമാഅത്തിന്റെ ഇന്ത്യയിലെ ആദ്യ വനിതാ വിംഗ് കേരളത്തിൽ രൂപവത്കരിക്കാൻ തീരുമാനിച്ചു. 1993 മുതൽ വനിതാ വിഭാഗം നാസിമായി എന്നെ നിശ്ചയിച്ചു. പ്രിയപ്പെട്ടവൾ ഫാത്വിമയും കൂടെയുണ്ടായിരുന്നു. പിന്നീട് ഞങ്ങളുടെ ശ്രദ്ധ പൂർണമായും ജമാഅത്തെ ഇസ്ലാമിയുടെ വനിതാ വിഭാഗത്തിന് വ്യവസ്ഥാപിതമായ സംഘടനാരൂപം നൽകുന്നതിലായിരുന്നു. പ്രാദേശിക ഘടകങ്ങളും ജില്ലാ സമിതി, സംസ്ഥാന സമിതി തുടങ്ങിയവയുമൊക്കെ രൂപവത്കരിച്ച് സംഘടനാ വളർച്ചക്ക് ശക്തമായൊരു അടിത്തറയൊരുക്കാനായി. പടിപടിയായ വളർച്ചയാണ് സംഘടന നേടിയത്. പ്രാദേശിക - സംസ്ഥാന വനിതാ നേതാക്കളെ പ്രസംഗം പഠിപ്പിച്ചത് ഉൾപ്പെടെ ഒരുപാട് ഓർമകളുണ്ട്. ഒരിക്കൽ പോലും സ്റ്റേജിൽ കയറിയിട്ടില്ലാത്ത സ്ത്രീകളെ, സ്വാഗത പ്രസംഗം, ഖുർആൻ ക്ലാസ്, വിഷയാവതരണം തുടങ്ങിയവയൊക്കെ പരിശീലിപ്പിച്ചെടുത്തു. അന്ന് പഠിച്ച സ്ത്രീകളും ഇപ്പോഴും അതെല്ലാം ഓർത്ത് പറയും.
ഈ വിഷയത്തിൽ എനിക്ക് സ്വന്തം ജീവിതത്തിൽ തന്നെ മാതൃക കാണിക്കാൻ സാധിച്ചിരുന്നു. തന്റെ പതിനഞ്ചാം വയസ്സിൽ എന്റെ ജീവിതത്തിലേക്ക് കടന്നുവന്ന ഫാത്വിമയെ തുടർവിദ്യാഭ്യാസം നൽകി, ടീച്ചറാക്കി, പ്രഭാഷകയാക്കി, നേതാവാക്കി വളർത്തിയെടുക്കാൻ കഴിഞ്ഞു. ഞങ്ങൾ രണ്ടു പേരും മുഴുസമയ പ്രസ്ഥാന പ്രവർത്തകരായിരിക്കെത്തന്നെ ഞങ്ങളുടെ മക്കൾക്ക് നല്ല വിദ്യാഭ്യാസം നൽകാനും അവരെ പ്രസ്ഥാന പ്രവർത്തകരാക്കാനും സാധിച്ചു. റുക്നുകളും കാർകുനുകളും ഉൾപ്പെടെ എല്ലാ മക്കളും പ്രസ്ഥാന പ്രവർത്തകരാണ്. എസ്.ഐ.ഒവിന്റെ നേതൃത്വത്തിൽ എത്തിയ പേരക്കുട്ടികളിലും ഈ കൺകുളിർമ ഞങ്ങൾക്കുണ്ടായി.

1985-ൽ തുടങ്ങിയ ഈ ഓട്ടം, എന്റെ അറുപതാമത്തെ വയസ്സ് വരെ മുടക്കമില്ലാതെ തുടർന്നു. അപ്പോഴേക്കും ശാരീരികമായ പ്രയാസങ്ങൾ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. ഇടക്കാലത്ത് രോഗപീഡകൾ എന്നെ നന്നായി അലട്ടി. ഇത് മുഴുസമയ പ്രവർത്തകനായി തുടരാൻ തടസ്സമായി. അങ്ങനെ ആരിഫലി സാഹിബ് അമീറായിരിക്കെ ഞാൻ നാസിം ചുമതലകളിൽനിന്ന് ഒഴിവാക്കിത്തരാൻ ആവശ്യപ്പെടുകയായിരുന്നു. അമീർ നിർദേശിക്കുന്ന പരിപാടികൾ നിർവഹിക്കാം എന്ന ധാരണയോടെ നാസിം ഉത്തരവാദിത്വത്തിൽനിന്ന് ഒഴിവായി. സംഭവബഹുലമായ ഒരു കാലഘട്ടം ഞാൻ പിന്നിടുകയായിരുന്നു. l
(അവസാനിച്ചു)
(ലേഖകൻ തയാറാക്കുന്ന വി. മൂസ മൗലവിയുടെ ആത്മകഥാ കൃതിയിൽനിന്ന് സംഗ്രഹിച്ചത്)

തിരൂർ വെട്ടത്തേക്കുള്ള യാത്ര എന്റെ ജീവിതത്തിലെ വഴിത്തിരിവായി മാറി. ജമാഅത്തെ ഇസ്ലാമി എന്ന മഹാ പ്രസ്ഥാനത്തെ കൂടുതൽ മനസ്സിലാക്കാനും അടുത്തറിയാനും സാധിച്ചത് അവിടെ നിന്നാണ്. അഥവാ, വെട്ടത്തു വെച്ചാണ് ഇസ്ലാമിക പ്രസ്ഥാനത്തിന്റെ സമ്പൂർണ വെളിച്ചത്തിലേക്ക് ഞാൻ നടന്നുകയറിയത്. വെട്ടത്ത് ഞാൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്ന ജുമുഅത്ത് പള്ളിയുടെ അല്പം മാറി ഒരു നമസ്കാര പള്ളി ഉണ്ടായിരുന്നു. അവർക്ക് രണ്ടുനേരം - മഗ് രിബിനും ഇശാഇനും- നമസ്കാരത്തിന് ഒരു ഇമാമിനെ ആവശ്യമായി വന്നു. അതനുസരിച്ച് ഉസ്താദ് എന്നെ അവിടെ ഇമാമായി നിശ്ചയിക്കുകയായിരുന്നു.

ഞാൻ എല്ലാ ദിവസവും വൈകുന്നേരം ആ നമസ്കാര പള്ളിയിലേക്ക് പോകും. ഇമാമത്ത് നിൽക്കാൻ അന്ന് പ്രത്യേക തൊപ്പിയോ തലപ്പാവോ ഒന്നും അവിടെ ആവശ്യമുണ്ടായിരുന്നില്ല. ഒഴിവു സമയത്ത് വായിക്കാനായി 'ഇസ്ലാമിക പാഠങ്ങൾ' എന്ന പുസ്തകം ഞാൻ കൈയിൽ കരുതുമായിരുന്നു. നേരത്തെ കൂനംമൂച്ചിയിലെ കുഞ്ഞമ്മദ്ക്കയിൽനിന്ന് ലഭിച്ചതായിരുന്നു ആ പുസ്തകം. അവിടെ സ്ഥിരമായി നമസ്കരിക്കാൻ വന്നിരുന്ന ബീരാൻ കുട്ടി സാഹിബ് ഞാനുമായി പരിചയത്തിലായി. 'ഇസ്ലാമിക പാഠങ്ങൾ' എന്ന പുസ്തകം വായിക്കുന്നത് കണ്ടപ്പോൾ അദ്ദേഹം അതിനെക്കുറിച്ച് അന്വേഷിച്ചു. അപ്പോഴാണ് എന്റെ ജമാഅത്ത് ബന്ധം അദ്ദേഹത്തിന് മനസ്സിലായത്. അദ്ദേഹമാകട്ടെ നേരത്തെ തന്നെ ജമാഅത്ത് പ്രവർത്തകനായിരുന്നു. ഇത് എനിക്കും അറിയുമായിരുന്നില്ല. തന്റെ കൈയിലുള്ള പുസ്തകങ്ങൾ അദ്ദേഹം വായിക്കാനായി കൊണ്ടുവരും. അങ്ങനെ ഞങ്ങൾ പുസ്തകങ്ങളുടെ കൈമാറ്റവും വായനയും സജീവമാക്കി. അദ്ദേഹത്തിന്റെ കൈയിൽ ധാരാളം പുസ്തകങ്ങൾ ഉണ്ടായിരുന്നതുകൊണ്ട് എനിക്ക് ജമാഅത്ത് സാഹിത്യങ്ങളുടെ വായന വളരെ എളുപ്പമായി. പ്രബോധനം വാരികയുടെ വായനയും തുടർന്നു. ഇത് പ്രാസ്ഥാനികമായ ഒരു ആത്മബന്ധത്തിന്റെ തുടക്കമായിരുന്നു. ആ നമസ്കാര പള്ളി ജമാഅത്തെ ഇസ്ലാമിയുടേത് ആയിരുന്നില്ല. മുസ്ലിം ലീഗ് ആഭിമുഖ്യമുള്ള സുന്നി ആശയക്കാരുടേതായിരുന്നു. പക്ഷേ, അവിടെ പുസ്തകങ്ങൾ വായിക്കുന്നതിനോ മറ്റോ തടസ്സങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എനിക്കാവട്ടെ അവിടത്തെ പ്രമുഖരായ എല്ലാ വ്യക്തികളുമായും ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു.

വെട്ടം ഹൽഖയും ഇസ്ലാമിക് സ്റ്റഡി സെന്ററും

വെട്ടത്ത് എത്തിയതോടെയാണ് എനിക്ക് ഇസ്ലാമിക പ്രസ്ഥാന മാർഗത്തിൽ മുന്നോട്ടുപോകാൻ കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചത്. ഒരുപറ്റം ജമാഅത്ത് പ്രവർത്തകർ അക്കാലത്ത് അവിടെ ഉണ്ടായിരുന്നു. ബീരാൻ കുട്ടി സാഹിബ്, ബാവ സാഹിബ്, കെ.പി.ഒ മൊയ്തീൻ കുട്ടി സാഹിബ്, സി.വി ഉമ്മർ സാഹിബ് തുടങ്ങിയവരൊക്കെ തിരൂരിലെ ജമാഅത്ത് പ്രവർത്തകരിൽ പ്രധാനികളായിരുന്നു. കോട്ടക്കൽ താമസിക്കുന്ന ഷുക്കൂർ സാഹിബാണ് മറ്റൊരാൾ. തണ്ണീർക്കോട് കെ.കെ കുഞ്ഞമ്മദ്ക്കയിൽനിന്നാണ് ഞാൻ ആദ്യം ജമാഅത്തിനെ മനസ്സിലാക്കിയതെങ്കിലും എന്നെ പ്രസ്ഥാനത്തിലേക്ക് കൂടുതൽ അടുപ്പിച്ചത് തിരൂർ വെട്ടത്തെ പ്രവർത്തകരാണ്. വെട്ടത്ത് ജമാഅത്ത് ഹൽഖ രൂപീകരിച്ച് പ്രവർത്തനം ആരംഭിക്കുകയും ചെയ്തിരുന്നു. അറിവും വിശ്വാസവും മനസ്സിൽ നിറഞ്ഞാൽ പിന്നെ അതൊരു വികാരമായി വളരും. എന്റെ പ്രസ്ഥാന ജീവിതത്തിലും അത് സംഭവിച്ചുതുടങ്ങി. ദർസ് വിദ്യാർഥിയായിരിക്കെ തന്നെ, ഹൽഖാ യോഗങ്ങളിൽ പങ്കെടുക്കുന്ന പ്രവർത്തകനാകാൻ എനിക്ക് ഭാഗ്യമുണ്ടായി. പള്ളിദർസിൽ രണ്ടോ മൂന്നോ ക്ലാസ്സുകൾ ഉണ്ടാകും. അത് കഴിഞ്ഞാൽ നമസ്കാര പള്ളിയിൽ വരും. വെട്ടത്ത് രുപീകരിച്ച ഹൽഖയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കും. രാത്രി വൈകിയും വൈജ്ഞാനിക ചർച്ചകൾ തുടരും.

മൂസ മൗലവി

പ്രബോധനം വാരികയുടെ ഏജൻസി എന്ന ഉത്തരവാദിത്വം ബീരാൻ സാഹിബിന്റെ നിർദേശപ്രകാരം ഞാൻ ഏറ്റെടുത്തു. കോഴിക്കോട്ടുനിന്ന് അയച്ചുകിട്ടുന്ന പ്രബോധനം കോപ്പികൾ വരിക്കാർക്ക് വിതരണം ചെയ്തുതുടങ്ങി. ആഴ്ചയിൽ ഒരിക്കൽ വെട്ടത്തുനിന്ന് തിരൂരിൽ പോകും, അവിടെ ഇസ്ലാമിക് സ്റ്റഡി സെന്ററിൽ ക്ലാസ് എടുക്കും. ഇന്നത്തെപ്പോലെ വലിയ ആൾക്കൂട്ടമൊന്നും ഉണ്ടാകില്ല. കുറച്ചു പേർ, പക്ഷേ അവർ പ്രസ്ഥാനത്തെ അറിയാനും പഠിക്കാനും താൽപര്യപ്പെട്ട് വരുന്നതാണ്. തിരൂർ ഇസ്ലാമിക് സ്റ്റഡി സെന്ററിലെ അന്നത്തെ ക്ലാസ്സുകളാണ് പ്രസംഗം പരിശീലിക്കാൻ എനിക്ക് അവസരം തന്നത്. എല്ലാ ആഴ്ചയും ഞാൻ ക്ലാസ്സെടുക്കും. ക്രമേണ സാമാന്യം നന്നായി പ്രസംഗിക്കാൻ ശേഷി കൈവരിച്ചു. ആത്മവിശ്വാസം കൈവന്നതോടെ അടുത്ത പ്രദേശങ്ങളിലും പ്രസംഗിക്കാൻ പോയിത്തുടങ്ങി. കേരളത്തിലുടനീളം പിൽക്കാലത്ത് പ്രഭാഷകനായി എനിക്ക് സഞ്ചരിക്കാൻ കഴിഞ്ഞത് തിരൂരിലെ ഇസ്ലാമിക് സ്റ്റഡി സെന്ററിൽനിന്ന് ലഭിച്ച പരിശീലനം കൊണ്ടാണ്. നാലു വർഷം ഞാൻ വെട്ടത്ത് ഉണ്ടായിരുന്നു.

പ്രസ്ഥാന പ്രവർത്തനത്തിന്റെ സന്തോഷം ഉണ്ടായിരിക്കെത്തന്നെ, ഞങ്ങളുടെ ജീവിതം പ്രാരബ്ധങ്ങൾ നിറഞ്ഞതായിരുന്നു. വാപ്പ അസുഖബാധിതനാവുകയും പിന്നീട് മരണപ്പെടുകയും ചെയ്തു. മൂത്ത മകൻ എന്ന നിലയിൽ, താഴെയുള്ള സഹോദരങ്ങളുടെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കേണ്ട സാഹചര്യമായിരുന്നു. വാപ്പയുടെ ആഗ്രഹ പ്രകാരം, ഞാൻ വിവാഹിതനുമായി. 20- 21 വയസ്സുള്ള ആ സമയത്ത്, വീട് പരിപാലനവും എട്ട് അംഗങ്ങളുള്ള കുടുംബത്തിന്റെ സംരക്ഷണവും ഏറ്റെടുക്കേണ്ടി വരുന്ന എന്റെ അവസ്ഥ ആലോചിച്ചു നോക്കൂ. വലിയ പട്ടിണിയിലാണ്, മറ്റു പലരെയും പോലെ ഞങ്ങളുടെ വീടും. 45 രൂപ വീതം പളളിയിൽനിന്നും മദ്റസയിൽനിന്നുമായി, മാസത്തിൽ ആകെ 90 രൂപ കിട്ടും. പള്ളിയുടെ ഹൗളിൽ നിറക്കാൻ വേണ്ടി വെള്ളം വലിച്ചു കയറ്റിയതിനാൽ കൈയൊക്കെ പൊട്ടിയിട്ടുണ്ടാകും. ഭക്ഷണത്തിന്റെ ലഭ്യതക്കുറവും വിശ്രമമില്ലാത്ത കഠിനാധ്വാനവും കാരണം തളർന്ന്, ചിലപ്പോൾ തല കറങ്ങി വീഴും.

പൊന്നാനി ഐ.എസ്.എസ് കോളേജ് മൂസ മൗലവിയെ ആദരിക്കുന്നു

വീട്ടു ചെലവ് മാത്രമായിരുന്നില്ല പ്രശ്നം. സഹോദരങ്ങളുടെ വിദ്യാഭ്യാസവും വലിയ ബാധ്യതയായിരുന്നു. ആൺമക്കളെ പണിക്ക് പറഞ്ഞയച്ച് ചെലവ് കാശ് കണ്ടെത്താൻ ഉമ്മ തയാറായില്ല. മക്കളുടെ മത-ഭൗതിക വിദ്യാഭ്യാസത്തിനാണ് അവർ ഊന്നൽ കൊടുത്തത്. 'ഈമാൻ കുട്ടികൾ' എന്നാണ് നാട്ടുകാർ ഞങ്ങളെ വിളിച്ചിരുന്നത്. മുഖത്ത് ഈമാനിന്റെ വെളിച്ചവും ജീവിതത്തിൽ ആ വിശുദ്ധിയും ഉണ്ടായിരുന്നതുകൊണ്ടായിരുന്നു ഈ വിശേഷണം. നാട്ടിൽ അലഞ്ഞു നടക്കാനോ, പട്ടിണി മാറ്റാൻ സഹായം ചോദിച്ച് യാചിക്കാനോ ഞങ്ങളാരും പോയിരുന്നില്ല, ഉമ്മ ഞങ്ങളെ അതിന് സമ്മതിച്ചിരുന്നില്ല.

പ്രഭാഷണ വേദികളിൽ

കേരളത്തിലുടനീളം ഇസ്ലാമിക പ്രഭാഷണവേദികളിൽ ധാരാളമായി പങ്കെടുക്കാൻ കഴിഞ്ഞതാണ് ജീവിതത്തിലെ ഏറ്റവും തിളക്കമുള്ള ഓർമകളിലൊന്ന്. ഇസ്ലാമിക പ്രഭാഷണം എന്നു പറഞ്ഞാൽ അക്ഷരാർഥത്തിൽ തന്നെ ദീനീ പ്രസംഗങ്ങൾ തന്നെയായിരുന്നു. വിശുദ്ധ ഖുർആനും ഹദീസുകളും പണ്ഡിതന്മാരുടെ വചനങ്ങളും ഉദ്ധരിച്ച് സംസ്കരണത്തിന് ഉതകുന്നതും ആത്മീയ അനുഭൂതി നൽകുന്നതും പരലോക ബോധം ഉണ്ടാക്കുന്നതുമായിരുന്നു ആ പ്രസംഗങ്ങൾ. ഓരോ സന്ദർഭത്തിലും അതിനോട് ചേർന്ന വിഷയങ്ങളാണ് പ്രസംഗിക്കുക. റമദാനിനോട് അടുത്ത സമയമാണെങ്കിൽ നോമ്പുമായി ബന്ധപ്പെട്ട വിഷയങ്ങൾ തുടർച്ചയായി പ്രസംഗിക്കും. ചിലപ്പോൾ സകാത്തിനെ കുറിച്ച നീണ്ട പ്രഭാഷണ പരമ്പരകൾ നടത്തും. പരലോക വിശ്വാസം ഊട്ടി ഉറപ്പിക്കുക എന്നത് ഒരു പ്രത്യേക വിഷയം തന്നെയായിരുന്നു. ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് പ്രസംഗിക്കുമ്പോൾ, ഒരു ദീനീ പ്രസ്ഥാനത്തിന്റെ സവിശേഷതകളുള്ള സംഘടനയായി അതിനെ അവതരിപ്പിക്കും. കേരളീയ മുസ് ലിം സമൂഹത്തിലെ ഭൂരിപക്ഷത്തിനും മനസ്സിലാകുന്ന ഭാഷയും ശൈലിയും ജമാഅത്തിനെക്കുറിച്ച അവതരണത്തിൽ പ്രധാനമാണ്.

മക്കളും മരുമക്കളും

ഒരിക്കൽ എന്റെ പ്രസംഗം കേൾക്കാൻ സുന്നി വിഭാഗത്തിൽപെട്ട ചിലർ വന്നു. പേരിലെ 'മൗലവി' കണ്ട്, 'മൗലവിയുടെ പ്രസംഗം' കേൾക്കാനാണ് അവർ എത്തിയത്. പക്ഷേ, അവർ കണ്ടതും കേട്ടതും സുന്നി മുസ്ലിയാരെയാണ്. കാരണം, എന്റെ വേഷവും അവതരണവും ഒരു മുസ്ലിയാരുടേതായിരുന്നു. വലിയ കിതാബുകളിൽനിന്നുള്ള ഉദ്ധരണികൾ സഹിതമാണ് അന്ന് പലരും മതപ്രസംഗങ്ങൾ നടത്തിയിരുന്നത്. പക്ഷേ ഞാൻ, സാധാരണക്കാർക്ക് തിരിയുന്ന ഭാഷയിൽ, ലളിതമായ ശൈലിയിൽ, ആളുകൾക്ക് പരിചിതമായ ഹദീസുകളും മറ്റും പറഞ്ഞ്, ശാഫിഈ ഫിഖ്ഹ് ഉദ്ധരിച്ച്, നാട്ടുകാർക്ക് പരിചിതമായ ദീനീ പ്രസംഗമാണ് പൊതുവിൽ നടത്തുക.
1970 - 80 കാലത്ത് സകാത്ത് ഇന്നത്തെപ്പോലെ ഒരു ചർച്ചാവിഷയമല്ല. പ്രസംഗത്തിൽ ഞാൻ സകാത്ത് വിശദമായി അവതരിപ്പിക്കും. ഖുദ് മിൻ അംവാലിഹിം സ്വദഖ എന്ന ആയത്തും മറ്റും മുന്നിൽവെച്ച് സകാത്തിന്റെ സംഘടിത സ്വഭാവം വ്യക്തമാക്കും. അക്കാലത്ത് സംഘടിത സകാത്ത് പൊതുവിൽ ഇല്ലായിരുന്നു. സകാത്ത് വിഷയാവതരണം കേൾക്കാൻ നല്ല താൽപര്യമായിരുന്നു ആളുകൾക്ക്. അഹ് ലുസ്സുന്നത്തിന്റെ കാഴ്ചപ്പാടുകളിൽ നിന്നുകൊണ്ട്, കിതാബിയായി തന്നെയാണ് അവതരണം. സാധാരണക്കാർക്ക് വിഷയങ്ങൾ പെട്ടെന്ന് മനസ്സിലാകുമായിരുന്നു. അന്തർദേശീയ പ്രശ്നങ്ങളെക്കാൾ, പ്രാദേശിക വിഷയങ്ങളാണ് സാധാരണക്കാർക്ക് പെട്ടെന്ന് ഉൾക്കൊള്ളാനാവുക എന്നതാണ് ആ അവതരണങ്ങളിൽനിന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുള്ളത്.

ഫാത്വിമ മൂസ, മൂസ മൗലവി

ശരീഅത്ത് വിവാദകാലത്ത് കേരളത്തിലുടനീളം ധാരാളം പ്രസംഗങ്ങൾ നടത്തിയിട്ടുണ്ട്. ഇസ്ലാമിനെക്കുറിച്ച അവതരണങ്ങൾ സമൂഹം ശ്രദ്ധിച്ച സന്ദർഭമായിരുന്നു അത്. എന്റെ സഹധർമിണി ഫാത്വിമയും വിഷയങ്ങൾ പഠിച്ചിരുന്നു. പലപ്പോഴും ഞങ്ങൾ ഒന്നിച്ചാണ് പ്രസംഗിക്കാൻ പോവുക. ശരീഅത്തിലെ സ്ത്രീ നിയമങ്ങൾ പ്രധാന ചർച്ചാ വിഷയമായിരുന്നതിനാൽ ഫാത്വിമ സ്ത്രീ സദസ്സുകളിൽ നടത്തിയ പ്രസംഗങ്ങൾ ഏറെ ശ്രദ്ധ പിടിച്ചുപറ്റി. ബസ് യാത്രയാണ് അന്നത്തെ രീതി. പലയിടത്തും പ്രസംഗ സമയം തീരുമാനിക്കുക തിരിച്ചുപോരാനുള്ള അവസാനത്തെ ബസ്സിന്റെ സമയം നോക്കിയാണ്. ബസ് വരുന്നതിനോടടുത്ത് പ്രസംഗം നിർത്തി, നേരെ ബസ്സിലേക്ക് കയറും. തിരക്കുള്ള ബസ്സാണെങ്കിൽ പ്രസംഗകനെ തിരിച്ചറിഞ്ഞ്, പലപ്പോഴും ആളുകൾ സീറ്റ് ഒഴിഞ്ഞ് തരുമായിരുന്നു.
വിഷയത്തിന്റെ ഉള്ളടക്കത്തോടൊപ്പം, വേഷഭൂഷകളിലെ മൗലവി സ്വഭാവവും ജനങ്ങളിൽ മതിപ്പ് ഉളവാക്കുന്നതിൽ കാര്യമായ പങ്കു വഹിച്ചു. സുന്നികളെ എതിർക്കുന്ന ഒരു ജമാഅത്തെ ഇസ്ലാമിയെ അവർ എന്റെ പ്രസംഗത്തിൽ ഒരിക്കലും കേൾക്കുകയില്ല. ഉദാഹരണമായി, ഖുത്വ്്ബയിലെ രണ്ട് സമീപന രീതികൾ സംബന്ധിച്ച് രണ്ട് അനുഭവങ്ങൾ പറയാം: ഞാൻ കണ്ണൂർ താണയിൽ ഖുത്വ്്ബ നടത്തുന്ന കാലം. മകളുടെ പ്രസവത്തിന് ഹോസ്പിറ്റലിലേക്ക് പോകുന്ന ഒരാൾ തികച്ചും യാദൃഛികമായി എന്റെ ഖുത്വ്്ബ കേൾക്കാനിടയായി. അടുത്ത ദിവസങ്ങളിലൊന്നിൽ കണ്ണൂർ ടൗണിലെ പള്ളിയിൽ പെരുന്നാൾ ഖുത്വ്്ബ സംബന്ധിച്ച ചർച്ച നടക്കുകയാണ്. പെരുന്നാളിന് പുതിയ ഖത്വീബിനെ കൊണ്ടുവരുന്നതാണ് വിഷയം. യോഗത്തിൽ ഇങ്ങനെയൊരു അഭിപ്രായം ഉയർന്നു; 'താണ പള്ളിയിലെ ഖത്വീബിനെ കിട്ടിയാൽ നന്നായിരുന്നു, എന്താണ് വഴി'? കഴിഞ്ഞ ആഴ്ച എന്റെ ഖുത്വ്്ബ കേട്ട വ്യക്തിയാണ് ഈ നിർദേശം മുമ്പോട്ട് വെച്ചത്. അത് അംഗീകരിക്കപ്പെട്ടു. അദ്ദേഹമായിരുന്നു കണ്ണൂർ ടൗൺ പള്ളിയുടെ മുതവല്ലി. അന്ന് ബന്ധപ്പെടാൻ ഫോൺ ഇല്ല. എന്റെ അഡ്രസും തപ്പിപ്പിടിച്ച് അവർ കണ്ണൂരിൽനിന്ന് കപ്പൂരിലെ എന്റെ വീട്ടിൽ വന്നു. നോമ്പിന്റെ അവസാനമാണ്, പെരുന്നാൾ വെള്ളിയാഴ്ചയോ ശനിയാഴ്ചയോ ആകാം. പെരുന്നാളായാൽ വെള്ളിയാഴ്ച പെരുന്നാൾ ഖുത്വ്്ബ നടത്തണം, അല്ലെങ്കിൽ റമദാനിലെ അവസാനത്തെ ജുമുഅ ഖുത്വ്്ബ നിർവഹിക്കണം. ഖുത്വ്്ബ മലയാളത്തിലാകാം, പക്ഷേ ഒരു നിബന്ധനയുണ്ട്; താണ പള്ളിയിലെ പ്രാർഥന ഞാൻ കേട്ടിരുന്നു. അതുപോലെ നീണ്ട ദുആ വേണം, നമസ്കാര ശേഷം കൂട്ടുപ്രാർഥന തന്നെ. ഞാൻ അംഗീകരിച്ചു. അടുത്ത ദിവസം കണ്ണൂരിലേക്ക് പുറപ്പെട്ടു, രാത്രിയോടെ അവിടെ എത്തി. ഖുത്വ്്ബയും ദുആയും പൊതുവിൽ എല്ലാവർക്കും സ്വീകാര്യമായി. അതായിരുന്നു കണ്ണൂർ ടൗൺ പള്ളിയിലെ എന്റെ ഖുത്വ്്ബയുടെ തുടക്കം. കുറച്ചു കാലം ഞാൻ അവിടെ ഖത്വീബായി തുടർന്നു. ജമാഅത്തിനോട് എതിർപ്പുണ്ടായിരുന്ന കുറച്ചു പേർ, ഈ ഖുത്വ്്ബയുടെ സ്വാധീനം വഴി പിന്നീട് പ്രസ്ഥാനത്തിൽ ആകൃഷ്ടരാവുകയുണ്ടായി.

ഒരു പള്ളിയിലെ ജുമുഅ ഖുത്വ്്ബ നഷ്ടപ്പെടുത്തിയ അനുഭവവും എനിക്കുണ്ട്. കൂറ്റനാടിനടുത്ത് ചാലിശ്ശേരിയിലെ പള്ളിയിൽ ഞാൻ ഖുത്വ്്ബ നടത്തിയിരുന്നു. മാനംകണ്ടത്ത് മയ്മുണ്ണി ഹാജിയാണ് മുതവല്ലി. മലയാളത്തിലാണ് ഖുത്വ്്ബ, നമസ്കാര ശേഷം കൂട്ടുപ്രാർഥന നടത്തണം. ഏതാനും ആഴ്ചകൾ ഞാൻ പ്രാർഥന നടത്തി. പിന്നീട് എന്നിലെ 'വിപ്ലവകാരി' ക്ഷമിച്ചില്ല. നമസ്കാരത്തിനു ശേഷം കൂട്ടുപ്രാർഥന നടത്തില്ല എന്ന് ഞാൻ നിർബന്ധം പിടിച്ചു. അതോടെ എന്റെ ഖുത്വ്്ബ അവസാനിച്ചു, തുടർന്ന് മലയാള ഖുത്വ്്ബ തന്നെ അവിടെ നിർത്തി. അന്നത്തെ എന്റെ തീരുമാനം അബദ്ധമായിരുന്നു. അന്നത്തെ അപക്വത കാരണം, ചെറുപ്പത്തിന്റെ വികാരത്തള്ളിച്ചയിൽ എടുത്ത തീരുമാനം തെറ്റായിപ്പോയി എന്ന് പിന്നീട് എനിക്ക് തോന്നിയിട്ടുണ്ട്. അന്ന് കൂട്ടുപ്രാർഥനയുടെ പേരിൽ ഞാൻ ഖുത്വ്്ബ നിർത്തിയിരുന്നില്ലെങ്കിൽ ഇപ്പോഴും അവിടെ മലയാള ഖുത്വ്്ബ നടക്കുകയും അത് ഒരുപാട് പേരുടെ പരിവർത്തനത്തിന് കാരണമാവുകയും ചെയ്യുമായിരുന്നല്ലോ എന്ന് ഞാൻ ചിന്തിക്കാറുണ്ട്. (തുടരും) l

പ്രഭാഷകനും സംഘാടകനും അധ്യാപകനുമായ വി. മൂസ മൗലവി ദീർഘ കാലം ജമാഅത്തെ ഇസ് ലാമിയുടെ നേതൃതലത്തിൽ സജീവമായിരുന്നു. 1947-ൽ പാലക്കാട് ജില്ലയിലെ പെരുമുക്കിൽ ജനനം. മാരായംകുന്ന്, കോഴിക്കോട്, മുക്കം, തിരൂർ വെട്ടം പള്ളി ദർസുകളിൽ പഠനം. അഴീക്കോട് -കൊടുങ്ങല്ലൂർ, കുമരനെല്ലൂർ ഇസ് ലാഹിയ, പാവിട്ടപ്പുറം അസ്സബാഹ്, പൊന്നാനി ഐ.എസ്.എസ് സ്ഥാപനങ്ങളിൽ അധ്യാപകനും പ്രിൻസിപ്പലുമായി സേവനമനുഷ്ഠിച്ചു. വിവിധ ജില്ലകളിൽ ജമാഅത്തെ ഇസ് ലാമി നാസിമായി ദീർഘകാലം പ്രവർത്തിച്ചു. ജമാഅത്തിന്റെ വനിതാ വിഭാഗം കെട്ടിപ്പടുക്കുന്നതിൽ വി. മൂസ മൗലവി-ഫാത്വിമ മൂസ ദമ്പതികൾ നിർവഹിച്ച സേവനം ചരിത്ര പ്രധാനമാണ്. കേരളത്തിലുടനീളം നിരവധി വേദികളിൽ ഇസ് ലാമിക പ്രഭാഷണവും പള്ളികളിൽ ജുമുഅ ഖുത്വ്്ബയും നിർവഹിച്ചു. വി. മൂസ മൗലവിയുടെ പ്രസ്ഥാന ജീവിതത്തിൽനിന്ന് ചില അധ്യായങ്ങൾ.

പത്താമത്തെ വയസ്സിൽ ജന്മനാടായ പെരുമുക്കിൽ നിന്ന് അയൽപ്രദേശത്തേക്ക് പലായനം ചെയ്ത് ബാല്യകാലത്തോട് പൊരുതിയാണ് ഞാൻ കൗമാരത്തിലേക്ക് പ്രവേശിച്ചത്. ആലങ്കോട് പഞ്ചായത്തിൽ, ചങ്ങരംകുളത്തുനിന്ന്, പന്താവൂരിലേക്കുള്ള വഴിയിലാണ് പെരുമുക്ക്. അവിടെയാണ് എന്റെ സ്കൂൾ വിദ്യാഭ്യാസത്തിന്റെ തുടക്കം. പത്താമത്തെ വയസ്സിൽ, കപ്പൂര് പഞ്ചായത്തിലെ കൊള്ളന്നൂരിലേക്ക് താമസം മാറ്റിയ ശേഷം, എറവക്കാട് എ.എം.എൽ.പി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം തുടർന്നു. അഞ്ചാം ക്ലാസ് വരെയാണ് രണ്ട് സ്ഥലങ്ങളിലുമായി പഠിച്ചത്. അതിനു ശേഷം, പള്ളിദർസിലേക്കുള്ള യാത്ര ആരംഭിച്ചു. അക്കാലത്തെ മറ്റു മുസ് ലിം ആൺകുട്ടികളുടെ പതിവുതന്നെ ഞാനും പിന്തുടർന്നു.

പക്ഷേ, എന്റെ ദീനീ വിദ്യാഭ്യാസം ഉമ്മയുടെ ആഗ്രഹത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ഫലമായിരുന്നു എന്ന വ്യത്യാസമുണ്ട്. എന്റെ വാപ്പ അഹമ്മദുണ്ണി കച്ചവടക്കാരനായിരുന്നു. വ്യാപാരത്തിൽ വിജയിക്കാനാകാതെ, വീടും സ്ഥലവും വിറ്റാണ് കൊള്ളന്നൂരിലേക്ക് താമസം മാറ്റിയത്. ഉമ്മയുടെ വിദ്യാഭ്യാസപരമായ ദീർഘവീക്ഷണവും ഈ താമസമാറ്റത്തിന് പിന്നിലുണ്ടായിരുന്നു. അതെന്റെ ഭാവി ജീവിതത്തിൽ മുതൽക്കൂട്ടാവുകയും ചെയ്തു. ഉമ്മ പാത്തുണ്ണി ഉറച്ച വിശ്വാസവും ഭക്തിയും നിശ്ചയദാർഢ്യവുമുള്ള വ്യക്തിത്വമായിരുന്നു. ദീനീ നിഷ്ഠയില്ലാത്ത ആദ്യ ഭർത്താവിൽനിന്ന് ധൈര്യപൂർവം വിവാഹമോചനം നേടിയാണ് ഉമ്മ, എന്റെ വാപ്പയെ വിവാഹം ചെയ്തത്.

1940-കൾ മുതൽ ദാരിദ്ര്യത്തോട് പടവെട്ടി, പ്രയാസങ്ങൾ ഏറെ സഹിച്ച്, മക്കളുടെ വയറു നിറക്കാൻ പലതരം ജോലികൾ ചെയ്ത് പൊരുതി ജയിച്ച ജീവിതമായിരുന്നു ഉമ്മയുടേത്. ആട് മേയ്ക്കാൻ പോകുമ്പോൾ സ്കൂളിനടുത്ത് പതിയിരുന്ന് കേട്ടു പഠിച്ച പാഠങ്ങളായിരുന്നു ഉമ്മയുടെ മുതൽക്കൂട്ട്. പിന്നെ വായിച്ചുണ്ടാക്കിയ അറിവും. ആ ഉമ്മ പക്ഷേ, പിന്നീട് കൊള്ളന്നൂരിലെ തറവാട്ടുവീട്ടിൽ മികച്ചൊരു മദ്റസ സ്ഥാപിച്ച്, അത് സ്വയം നടത്തി, പെൺഉസ്താദായി വളർന്നതാണ് ചരിത്രം. മക്കളുടെ വിദ്യാഭ്യാസത്തിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്ത ആ ഉമ്മയുടെ സുകൃതമാണ് ഞങ്ങളെ ഇസ് ലാമിക പ്രവർത്തകരാക്കി മാറ്റിയത്. മൂത്ത മകനാണ് ഞാൻ. എനിക്ക് ആറ് സഹോദരങ്ങൾ; ആഇശ, മുഹമ്മദ് മൗലവി (Late), കുഞ്ഞിമരക്കാർ മൗലവി, അബൂബക്കർ മാസ്‌റ്റർ, സൈനുദ്ദീൻ മൗലവി, അലി.

മൂസ മൗലവിയുടെ മാതാവ്
പാത്തുണ്ണി ഉമ്മ

മാരായംകുന്ന്, കോഴിക്കോട്, മുക്കം, തിരൂർ വെട്ടം തുടങ്ങിയ സ്ഥലങ്ങളിലൊക്കെ അറിവു തേടി അലഞ്ഞതാണ് എന്റെ കൗമാരകാലം. മാരായാംകുന്നിലെ പള്ളിദർസിലാണ് കിതാബ് ഓതാൻ തുടങ്ങിയത്. അറക്കൽ കോയക്കുട്ടി മുസ് ലിയാരാണ് അന്നത്തെ മുദർരിസ്. വലിയ പണ്ഡിതനായിരുന്ന അദ്ദേഹത്തിന്റെ അടുത്താണ്- 1956 മുതൽ 66 വരെ- പത്ത് വർഷക്കാലം പഠിച്ചത്. കൂറ്റനാട് പള്ളിയിലായിരുന്നു അദ്ദേഹത്തിന് ഖുത്വ്്ബ. ചില ആഴ്ചകളിൽ അദ്ദേഹത്തിന് പോകാൻ കഴിയാതെ വരുമ്പോൾ ഖുത്വ്്ബക്ക് എന്നെ അയക്കുമായിരുന്നു. അങ്ങനെയാണ് ഞാൻ ഖുത്വ്്ബ നടത്താൻ തുടങ്ങിയത്. ഹൗളിൽ വെള്ളം കോരി നിറക്കൽ ഉൾപ്പെടെ പല ജോലികളും ഉസ്താദ് എനിക്ക് തരുമായിരുന്നു. വീട്ടിലെ ദാരിദ്ര്യം മനസ്സിലാക്കിയായിരുന്നു ഇത്. മാരായംകുന്ന് അന്നും ഇന്നും വലിയ മുസ് ലിം മഹല്ലാണ്. ഇപ്പോഴും അവിടെ ദർസ് നടക്കുന്നുണ്ട്; മണ്ണാർക്കാട് സ്വദേശി ഉമർ മുസ് ലിയാരാണ് ഇപ്പോൾ കുറേ വർഷങ്ങളായി മുദർരിസ്.

അവിടെ കുറച്ച് വർഷങ്ങൾ പഠിച്ച്, മുതിർന്ന വിദ്യാർഥിയായതോടെ സമീപത്തെ മദ്റസകളിൽ പഠിപ്പിക്കാൻ അവസരം കിട്ടുമായിരുന്നു. ഇത് പള്ളിദർസ് വിദ്യാഭ്യാസത്തിന്റെ ഒരു ഗുണമായിരുന്നു. പഠനത്തോടൊപ്പം അധ്യാപനം പരിചയിക്കാൻ അവസരം; ചെറിയൊരു വരുമാനമാർഗവും. എനിക്ക് പഠിപ്പിക്കാൻ അവസരം കിട്ടിയത് കൂനംമൂച്ചിയിലായിരുന്നു. ജീവിതത്തിലെ വഴിത്തിരിവായിരുന്നു ഈ കൂനംമൂച്ചി കാലം. അവിടെ സാത്വികനായ ഒരു പ്രബോധകനെ ഞാൻ കണ്ടുമുട്ടി. പ്രാസ്ഥാനിക ജീവിതത്തിന്റെ ആദ്യ വിത്തുകൾ കൂനംമൂച്ചിയുടെ മണ്ണിൽ വെച്ച് എന്റെ മനസ്സിൽ പാകിയത് അദ്ദേഹമാണ്.

മൊയ്തുക്ക എന്ന അബ്ദുൽ ഖാദർ

കുഞ്ഞമ്മദ്ക്ക എന്ന ഒരൽഭുത മനുഷ്യൻ, മദ്റസാ അധ്യാപകനായ ബീഡി തെറുപ്പുകാരൻ! രാവിലെ മദ്റസയിൽ കുട്ടികളെ പഠിപ്പിക്കും. ക്ലാസ് കഴിഞ്ഞാൽ, പുകയിലയും മുറവും എടുത്ത് ബീഡി തെറുക്കാനിരിക്കും. എന്നാൽ, ഇതൊന്നുമായിരുന്നില്ല എന്നെ ആകർഷിച്ചത്. ഇസ് ലാമിക നവോത്ഥാനത്തിന്റെ വെളിച്ചം ആവേശിച്ച പ്രവർത്തകനായിരുന്നു അദ്ദേഹം. തെളിച്ചമുള്ളൊരു നവലോക ദർശനത്തിന്റെ സ്വപ്നങ്ങൾ അദ്ദേഹത്തിന്റെ ഉള്ളിൽ തുടിക്കുന്നുണ്ടായിരുന്നു. പ്രബോധനം വാരികയും ഐ.പി.എച്ചിന്റെ പുസ്തകങ്ങളും എപ്പോഴും കൈയിലുണ്ടാകും. അത് വായിക്കുകയും വായിപ്പിക്കുകയും ചെയ്യുകയായിരുന്നു അദ്ദേഹത്തിന് പ്രധാനം. പുകയില ചുരുട്ടി ബീഡി തെറുക്കുന്നതിനെക്കാൾ കെ.കെ കുഞ്ഞമ്മദ്ക്കയുടെ ശ്രദ്ധ മനുഷ്യ മനസ്സുകൾ മാറ്റിയെടുക്കുന്നതിലായിരുന്നു.

കൂനംമൂച്ചിയിലായിരുന്നു കുഞ്ഞമ്മദ്ക്കയുടെ ജോലിയെങ്കിലും ബീഡിക്കമ്പനി കുമരനെല്ലൂരിലായിരുന്നു. ഇടക്ക് അദ്ദേഹം അവിടെ പോയി വരും. കുമരനെല്ലൂരിൽ കുറെ ജമാഅത്ത് പ്രവർത്തകരുണ്ടായിരുന്നു; ബീഡി തെറുപ്പുകാരും അല്ലാത്തവരുമായി. ഇസ് ലാമിക പ്രസ്ഥാനം പാലക്കാട് ജില്ലയിൽ ആദ്യം വേരോടിയ പ്രദേശമാണ് കുമരനെല്ലൂർ. മൊയ്തുക്ക എന്ന് വിളിക്കുന്ന അബ്ദുൽ ഖാദർ അവിടത്തെ തൊഴിലാളിയും ജമാഅത്ത് പ്രവർത്തകനുമായിരുന്നു. അദ്ദേഹത്തിലൂടെയാണ് കുഞ്ഞമ്മദ്ക്കക്ക് ജമാഅത്തിന്റെ ആശയങ്ങൾ കൈമാറി കിട്ടുന്നത്.

കെ.സി അബ്ദുല്ല മൗലവിയോടൊപ്പം
ഒരു ശിലാ സ്ഥാപന വേളയിൽ

വിദ്യാർഥിയായ ഞാൻ മദ്റസയിൽ അധ്യാപകനായി എത്തിയപ്പോൾ കുഞ്ഞമ്മദ്ക്ക എന്നെ നോട്ടമിട്ടു കാണും. അന്നൊക്കെ ഇസ് ലാമിക പ്രവർത്തകർക്ക് അങ്ങനെയൊരു ഗുണമുണ്ടായിരുന്നു. ഈ ആദർശ പ്രസ്ഥാനത്തിലേക്ക് ആളെക്കൂട്ടാനുള്ള ആവേശം അവരുടെ ഉള്ളിൽ തുടിക്കുന്നുണ്ടാകും. ഭാവിയിലേക്ക് സാധ്യതയുള്ളവരെ വിശേഷിച്ചും അവർ പ്രത്യേകം നോട്ടമിടും. കുഞ്ഞമ്മദ്ക്ക പ്രബോധനം വാരിക എന്റെ കൈയിൽ വെച്ചുതന്നു. പതിയെ വായന തുടങ്ങി. പലതും പഠിച്ചെടുക്കാനായി. പക്ഷേ, ചിലതൊന്നും മനസ്സിലായില്ല. മനസ്സിലാകാത്ത വാക്കുകൾ കുഞ്ഞമ്മദ്ക്കയോടും മറ്റും ചോദിച്ചറിയും. പ്രബോധനം വായനയിലൂടെ ഞാൻ ശരിയായ ഇസ് ലാമിനെ അറിയാൻ തുടങ്ങി. ഉർദുവിൽനിന്നും മറ്റും വിവർത്തനം ചെയ്ത ലേഖനങ്ങൾ വായിക്കുമ്പോൾ, കിതാബുകളിൽ പഠിച്ച ഇസ് ലാമിന്റെ ശരിയായ അവതരണമാണ് എനിക്കതിൽ കാണാനായത്. അതെന്നെ ആകർഷിച്ചു.

മദ്റസ കഴിഞ്ഞു വരുമ്പോൾ വാരിക കൈയിലുണ്ടാകും. മുരിക്കു കൊണ്ടുണ്ടാക്കിയ ഒരു ചെറിയ പെട്ടിയുണ്ടായിരുന്നു. മറ്റു പുസ്തകങ്ങളുടെ ഇടയിൽ പ്രബോധനം ഒളിപ്പിച്ചുവെക്കും. പുത്തൻ പ്രസ്ഥാനത്തിന്റെ പുസ്തകങ്ങൾ വായിക്കുന്നത് മഹാ അപരാധമായി കരുതപ്പെട്ടിരുന്ന കാലമാണത്. പക്ഷേ, ഈ ഒളിച്ചുകളി അധികനാൾ നീണ്ടുനിന്നില്ല. ഞാൻ പിടിക്കപ്പെട്ടു. ആരോ പറഞ്ഞുകൊടുത്തതനുസരിച്ച്, ഒരു ദിവസം ഞാൻ മദ്റസയിൽ പോയ സമയത്ത് എന്റെ പെട്ടി തുറന്ന്, പ്രബോധനവും അൽ മനാറും കണ്ടെടുത്തു. അരിശം പൂണ്ട് അവർ അവയെല്ലാം കീറിക്കളയുകയും പെട്ടി പൊളിച്ചുകളയുകയും ചെയ്തു. 'മിശ്കാത്തുൽ മസാബീഹ്' എന്ന ഹദീസ് ഗ്രന്ഥവും അവർ വലിച്ചുകീറിയതിൽ ഉൾപ്പെട്ടിരുന്നു.

മൂസ മൗലവിയും കുടുംബവും (പഴയ ഫോട്ടോ)

എന്നെ വിചാരണ ചെയ്തു. ഞാൻ പ്രബോധനം വായിക്കുന്നതും ജമാഅത്തെ ഇസ് ലാമിയോട് ഇഷ്ടം കൂടുന്നതും വലിയ തെറ്റായി അവതരിപ്പിക്കപ്പെട്ടു. പള്ളിയിലെ വലിയ ഉസ്താദ് കോപിച്ചു. അദ്ദേഹത്തിന്റെ അന്നത്തെ ധാരണ വെച്ച്, 'ഞാൻ പിഴച്ചുപോകുന്നു' എന്ന് വിശ്വസിച്ച്, ആത്മാർഥതയോടെയാകാം അദ്ദേഹം നിലപാട് എടുത്തത്. മാത്രമല്ല, അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ട ശിഷ്യനായിരുന്നു ഞാൻ. അതുകൊണ്ടാണ്, മദ്റസാ അധ്യാപനത്തിനും ഖുത്വ്്ബക്കും എനിക്ക് പെട്ടെന്നു തന്നെ അവസരം തന്നിരുന്നത്. അതിനാൽ, ഞാൻ വഴിമാറിത്തുടങ്ങിയത് അദ്ദേഹത്തിന് വലിയ പ്രയാസം ഉണ്ടാക്കിക്കാണണം. എന്തായിരുന്നാലും എന്നെ പള്ളിയിൽനിന്ന് പുറത്താക്കുകയാണുണ്ടായത്. ഈ സംഭവത്തോടെ, വഹാബി എന്ന് എനിക്ക് പേര് വീണു. പുരോഗമന ചിന്ത പുലർത്തുകയും പരിഷ്കരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യുന്നവരെ, മുഹമ്മദുബ്നു അബ്ദിൽ വഹാബിലേക്ക് ചേർത്ത്, വഹാബി എന്നാണ് കളിയാക്കി വിളിച്ചിരുന്നത്. അങ്ങനെ ഞാൻ, 'വഹാബി മൂസയായി'. വിവാഹാന്വേഷണ സമയത്ത്, ഫാത്വിമയെ കാണാൻ ചെന്നപ്പോൾ, 'വഹാബി മൂസ' വരുന്നുണ്ട് എന്നാണത്രെ അവർ അടക്കംപറഞ്ഞിരുന്നത്!

പള്ളിയിൽനിന്ന് പുറത്താക്കിയതിൽ എനിക്ക് സങ്കടമോ വേദനയോ ഒന്നും ഉണ്ടായില്ല. കാരണം, ഇസ് ലാമിക പ്രസ്ഥാനത്തിന്റെ ബീജം എന്റെയുള്ളിൽ വളർന്നുതുടങ്ങിയിരുന്നു. പക്ഷേ, വീട്ടിൽ ഇതൊരു വലിയ പ്രശ്നമായി. ഏറെ പ്രാരബ്ധങ്ങളുള്ള കുടുംബം, മകൻ ഇസ് ലാമിക വിജ്ഞാനം നേടി ഉയർന്നു പോകുന്നത് കാണാൻ ആഗ്രഹിച്ചിരിക്കുന്ന ഉമ്മ, മൂത്ത മകനായ എന്നിൽ അർപ്പിതമായ ഉത്തരവാദിത്വങ്ങളും പ്രതീക്ഷകളും, പണ്ഡിതനായ ഗുരുനാഥന്റെ ഗുരുത്വവും പൊരുത്തവും നഷ്ടപ്പെടുത്തി വെറുപ്പ് സമ്പാദിച്ചാലുണ്ടാകാവുന്ന ആപത്തിനെക്കുറിച്ച ആധി… എല്ലാം ചേർന്ന് വല്ലാത്തൊരു അവസ്ഥ. ഉമ്മ വല്ലാതെ വേദനിച്ചു, കരഞ്ഞു. വീട്ടിലെത്തിയ എന്നെ സ്വീകരിക്കാൻ വാപ്പയും തയാറായില്ല. ഉസ്താദിന്റെ പൊരുത്തം കിട്ടാത്ത മകനെ വീട്ടിൽനിന്ന് പുറത്താക്കി എന്നു പറയാം. ഉമ്മക്ക് വല്ലാത്ത വിഷമമുണ്ടായിരുന്നു. എന്റെ ഏക പെങ്ങളും കരയുകയാണ്. എനിക്ക് പക്ഷേ, ജമാഅത്തെ ഇസ് ലാമിയെ തള്ളിപ്പറയാൻ കഴിയുമായിരുന്നില്ല. ഞാൻ അന്നുവരെ പള്ളി ദർസിൽ പഠിച്ച ദീനിന് വിരുദ്ധമായതൊന്നും ജമാഅത്തെ ഇസ് ലാമിയുടെ പുസ്തകങ്ങളിൽ കാണാൻ കഴിഞ്ഞിരുന്നില്ല. എന്നു മാത്രമല്ല, യഥാർഥ ദീൻ നന്നായി അവതരിപ്പിക്കുകയും പ്രവർത്തിക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നതായിരുന്നു പ്രബോധനത്തിലെ ലേഖനങ്ങൾ. പിന്നെ ഞാനെന്തിന് ജമാഅത്തിനെ തള്ളിപ്പറയണം! ഇതൊന്നും പക്ഷേ, എന്റെ മാതാപിതാക്കൾക്ക് അന്ന് പറഞ്ഞാൽ മനസ്സിലാകുമായിരുന്നില്ലല്ലോ. അവസാനം വീടുവിട്ടിറങ്ങാൻ തന്നെയായിരുന്നു എന്റെ തീരുമാനം. ഉമ്മ എന്നെ കെട്ടിപ്പിടിച്ചു കരയുന്നുണ്ട്. 'പ്രായമായ വാപ്പയെയും സഹോദരങ്ങളായ പിഞ്ചുമക്കളെയും വിട്ട് നീ പോവുകയാണോ?' എന്നൊക്കെ ഉമ്മ ചോദിക്കുന്നുണ്ടായിരുന്നു.

'ഉമ്മാ, അല്ലാഹുവിന്റെ തീരുമാനം ഇതാണെങ്കിൽ ഞാനത് അനുഭവിച്ചല്ലേ മതിയാകൂ. ഉമ്മ വിഷമിക്കരുത്. ഞാൻ ആരെയും വേദനിപ്പിച്ചിട്ടില്ല, തെറ്റൊന്നും ചെയ്തിട്ടുമില്ല. ഉമ്മ ഉദ്ദേശിച്ച പോലെ ഒരു നല്ല മകനായി, ദീനീ അറിവുകൾ നേടി തിരിച്ചുവരും, ഇൻ ശാ അല്ലാഹ്' - ഇതായിരുന്നു എന്റെ മറുപടി. പിന്നെ ഞാൻ വീട്ടിൽ നിന്നില്ല. കോഴിക്കോട് ലക്ഷ്യം വെച്ചായിരുന്നു യാത്ര. അവിടെ എന്റെ ഉമ്മയുടെ സഹോദരൻ ഹുസൈൻ മുസ് ലിയാർ ഉണ്ടായിരുന്നു. അദ്ദേഹം കോഴിക്കോട്ടെ പള്ളിയിൽ മുദർരിസായി സേവനമനുഷ്ഠിക്കുകയാണ് അന്ന്. എന്റെ കഥകളെല്ലാം അദ്ദേഹത്തോട് പറഞ്ഞു. കുറച്ചു കാലം അവിടെ താമസിച്ചു. പിന്നീട് മുക്കത്ത് ഒരു പള്ളിയിൽ, മൂന്ന് വർഷത്തോളം കിതാബ് ഓതി. പന്താവൂർ സ്വദേശി ആലി മുസ് ലിയാരാണ് അവിടെ മുദർരിസ്. അപ്പോഴേക്കും വീട്ടിലെ പ്രശ്നങ്ങളെല്ലാം തീർന്നിരുന്നു.

ഇക്കാലത്തെപ്പോഴോ, നേരത്തെ പറഞ്ഞ ജമാഅത്ത് പ്രവർത്തകരോടൊപ്പം കെ.സി അബ്ദുല്ല മൗലവിയുടെ ഒരു പ്രസംഗം കേൾക്കാൻ പോവുകയുണ്ടായി. ഒരു അബ്ദുല്ല മുസ് ലിയാരുടെ വഅള് ഉണ്ട് എന്നു കേട്ടാണ് പോയത്. പിന്നീടാണ് അത് കെ.സി അബ്ദുല്ല മൗലവിയാണ് എന്ന് മനസ്സിലായത്. അദ്ദേഹത്തിന്റെ പ്രസംഗം വല്ലാതെ ഇഷ്ടപ്പെട്ടു. ഇസ് ലാമിന്റെ സമഗ്രതയെ കുറിച്ച അവതരണമാണ് എന്നെ ഏറെ ആകർഷിച്ചത്. അതൊന്നും അന്ന് ഇസ് ലാമിനെ കുറിച്ച് ആരും പറയുമായിരുന്നില്ല. അങ്ങനെയൊരു ഇസ് ലാം ആളുകൾക്ക് അറിയുമായിരുന്നില്ല. ഇങ്ങനെയൊക്കെ ഇസ് ലാമിനെക്കുറിച്ച് പറയേണ്ടതുണ്ട് എന്ന ബോധമാണ് ഈ പ്രഭാഷണം എന്നിൽ ഉണ്ടാക്കിയത്.
ഉമ്മയുടെ അമ്മാവൻ പൂളയിൽ അബ്ദു മുസ് ലിയാർ നല്ല പണ്ഡിതനായിരുന്നു. തിരൂർ വെട്ടം ജുമുഅത്ത് പള്ളിയിലായിരുന്നു അബ്ദു മുസ് ലിയാർ ദർസ് നടത്തിയിരുന്നത്. ഒരു ദിവസം അദ്ദേഹം എന്നോട് പറഞ്ഞു: 'നീ തുണിയും മറ്റും റെഡിയാക്കി വെക്ക്, നമുക്ക് നാളെ രാവിലെ പോകണം'. അങ്ങനെ അദ്ദേഹം എന്നെ തിരൂരിലേക്ക് കൂട്ടിക്കൊണ്ടു പോയി. ഒരു മദ്റസയിൽ ജോലി ശരിയാക്കിത്തന്നു, ഒപ്പം പള്ളിദർസിലെ പഠനവും തുടർന്നു. അന്നെനിക്ക് പതിനെട്ട് വയസ്സോ മറ്റോ ആയിരുന്നു പ്രായം. അങ്ങനെ കോഴിക്കോട്ട് നിന്ന് എന്റെ തട്ടകം തിരൂരിലേക്ക് മാറി. വെട്ടത്ത് ദർസിൽ പഠനവും മദ്റസാ അധ്യാപനവും പള്ളി പരിപാലനവുമൊക്കെയായി ജീവിതം മുന്നോട്ട് പോയി. വൈകാതെ, ജമാഅത്തെ ഇസ് ലാമിയുടെ പ്രവർത്തനങ്ങളിലേക്ക് ഞാനെത്തിച്ചേരുകയും ചെയ്തു.

ഈ പള്ളിദർസുകളിലെ പഠനമാണ് എന്റെ വൈജ്ഞാനിക അടിത്തറ. അധ്യാപനത്തിലും പ്രസ്ഥാന പ്രവർത്തനത്തിലും എനിക്ക് ഈ അറിവുകളെല്ലാം ഏറെ പ്രയോജനപ്പെടുകയുണ്ടായി. പള്ളിയിൽ ഇരുന്ന് കിതാബുകൾ നന്നായി ചൊല്ലിപ്പഠിക്കുമ്പോൾ, വിഷയങ്ങൾ ശരിക്കും മനസ്സിൽ പതിയും. മുതഫർരിദ്, ജലാലൈനി, മിശ്കാത്ത് തുടങ്ങിയവയൊക്കെ ഓതിയിട്ടുണ്ട്. ഹദീസിൽ ഓതിയത് മിശ്കാത്താണ്, ബുഖാരി ഉണ്ടായിരുന്നെങ്കിലും അതൊന്നും പഠിക്കേണ്ടതില്ല എന്നതായിരുന്നു ദർസിലെ കാഴ്ചപ്പാട്. ജലാലൈനിയാണ് പഠിക്കാനുള്ള ഏക തഫ്സീർ. ബൈദാവി എന്ന തഫ്സീർ ഉണ്ടെങ്കിലും അത് പഠിക്കാൻ വേണ്ടിയല്ല, പുണ്യത്തിന് വേണ്ടിയാണ് ഓതുക. ജലാലൈനി തന്നെ ഓതുന്നത്, ഖുർആന്റെ ആശയങ്ങൾ മനസ്സിലാക്കിയല്ല, ചൊല്ലിപ്പഠിച്ച് പോകുന്നു എന്നേയുള്ളൂ.

പടിഞ്ഞാറങ്ങാടിയിലെ അൻസാർ സ്കൂൾ വാർഷിക പരിപാടിയിൽ

ഖുർആന്റെ ആശയം പഠിക്കേണ്ടതില്ല എന്നായിരുന്നു അന്ന് പള്ളിദർസുകളിൽ പൊതുവിലുള്ള ധാരണ. ആശയങ്ങൾ മനസ്സിലാകാവുന്ന രീതിയിൽ ഞങ്ങളെ പഠിപ്പിക്കാറും ഉണ്ടായിരുന്നില്ല. അത്രയും വർഷങ്ങൾ പള്ളിദർസിൽ പഠിച്ചിട്ടും ഖുർആൻ എന്തിനാണ് അവതീർണമായത് എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ എനിക്ക് മനസ്സിലായിരുന്നില്ല. ജമാഅത്തെ ഇസ് ലാമിയുമായി ബന്ധപ്പെടുകയും തഫ്ഹീമുൽ ഖുർആൻ വായിക്കുകയുമൊക്കെ ചെയ്ത ശേഷമാണ് ഖുർആൻ മനസ്സിലാകാൻ തുടങ്ങിയത്. ഖുർആൻ പഠനത്തിൽ എന്റെ ഗുരു, ജമാഅത്തെ ഇസ് ലാമിയുടെ അമീറും പണ്ഡിതനുമായിരുന്ന കെ.സി അബ്ദുല്ല മൗലവിയാണ് എന്നു പറയാം.
ഹദീസിന്റെ കാര്യവും ഏറക്കുറെ ഇങ്ങനെത്തന്നെയായിരുന്നു. സ്വഹീഹുൽ ബുഖാരി ഉൾപ്പെടെ പ്രധാന ഹദീസ് ഗ്രന്ഥങ്ങളൊന്നും പഠിപ്പിക്കുമായിരുന്നില്ല. അതിന്റെയൊന്നും ആവശ്യമില്ല എന്നായിരുന്നു വെപ്പ്. മിശ്കാത്തുൽ മസ്വാബീഹ് എന്ന കൃതിയായിരുന്നു ഹദീസിൽ മുഖ്യം. അതിലപ്പുറം നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ ഓതിപ്പഠിച്ചോളൂ എന്നാണ് ഉസ്താദ് പറയുക. കുറേ കുട്ടികളും ഒരു അധ്യാപകനുമാണ് ദർസിൽ ഉണ്ടാവുക. മുതിർന്ന വിദ്യാർഥികളിൽ ചിലർ പുതിയ കുട്ടികൾക്ക് കിതാബുകൾ ചൊല്ലിക്കൊടുക്കുകയും ചെയ്യും. നേരത്തെ പറഞ്ഞ പോലെ, പഠനവും അധ്യാപനവും ഒന്നിച്ച് പോകുന്ന രീതി. ഓരോ വിദ്യാർഥിക്കും അവന്റെ കഴിവിനും പഠനത്തിനും അനുസരിച്ച് വ്യത്യസ്ത ക്ലാസ്സുകളും പാഠങ്ങളുമാണ് ഉണ്ടാവുക. പ്രത്യേക സമയക്രമവും ഇല്ല, സ്വുബ്ഹ് നമസ്കാരം കഴിഞ്ഞാൽ ആരംഭിക്കും. നിലത്ത് ചമ്രം പടിഞ്ഞിരുന്നാണ് വായന, ഉറക്കവും അവിടെത്തന്നെ.

വീടുകളിൽ പട്ടിണിയുള്ള കാലമാണ്. കൂടുതൽ കുട്ടികൾക്ക് ഭക്ഷണം കൊടുക്കാനൊന്നും പല വീടുകളിലും ഗതിയുണ്ടാകില്ല. അതുകൊണ്ട് ഒന്നോ രണ്ടോ കുട്ടികളെയെങ്കിലും പള്ളിദർസിൽ അയച്ചാൽ അവരെങ്കിലും പട്ടിണിയിൽനിന്ന് രക്ഷപ്പെടുമല്ലോ എന്നായിരുന്നു ആളുകളുടെ ചിന്ത. ചില കുട്ടികൾ പള്ളി പരിപാലനവും പാർട് ടൈം ജോലിയായി ചെയ്യും. അതിൽനിന്ന് ലഭിക്കുന്ന വരുമാനം എത്ര ചെറുതാണെങ്കിലും വീട്ടിലേക്ക് എത്തിച്ചുകൊടുക്കും. കുടുംബത്തിന്റെ പ്രാരബ്ധങ്ങളിൽ അതൊരു താങ്ങായി പ്രയോജനപ്പെടുമായിരുന്നു. തിരൂർ വെട്ടത്ത് ദർസിൽ ഉണ്ടായിരുന്നപ്പോൾ പള്ളി പരിപാലനം ഞാനും സ്വീകരിച്ചിരുന്നു. ആഴമുള്ള കിണറ്റിൽനിന്ന് വെള്ളം കോരി വേണം ഹൗള് നിറക്കാൻ. അത് വല്ലാത്തൊരു കാലമാണ്. ഇങ്ങനെ പള്ളി പരിപാലനത്തിലൂടെയും മദ്റസാ അധ്യാപനത്തിലൂടെയും കിട്ടുന്നതായിരുന്നു എന്റെ കുടുംബത്തിന്റെ ജീവിതമാർഗം.

അല്ലാഹുവിന്റെ അനുഗ്രഹത്താൽ എന്റെ പള്ളിദർസ് ജീവിതം ഏറെ മികച്ചതായിരുന്നു. എന്നിൽ വൈജ്ഞാനികമായും ഈമാനികമായും എന്തെല്ലാം ഗുണങ്ങളുണ്ടോ, അതെല്ലാം പള്ളിദർസ് വിദ്യാഭ്യാസത്തിൽനിന്ന് കിട്ടിയതാണ്. ജമാഅത്തിൽ വന്നശേഷം ആ ഗുണങ്ങൾ വളരുകയാണ് ചെയ്തത്. അടിത്തറ പള്ളിദർസാണ്. ജമാഅത്തിന്റെ പുസ്തകങ്ങൾ വായിച്ച് പഠിക്കുമ്പോൾ, അതിലുള്ള കാര്യങ്ങൾ പെട്ടെന്ന് ഉൾക്കാള്ളാനായത് പള്ളിദർസ് പഠനത്തിന്റെ അടിത്തറ ഉള്ളതുകൊണ്ടു കൂടിയാണ്. പിൽക്കാലത്ത്, പ്രിലിമിനറി എൻട്രൻസ്, ഡിപ്ലോമ കോഴ്സുകളിലെ വിദ്യാർഥികൾക്ക് ക്ലാസ്സെടുത്തിരുന്നതും, ജമാഅത്ത് പരിപാടികളിലെ ഇസ് ലാമിക പഠന ക്ലാസ്സുകൾ കൈകാര്യം ചെയ്തിരുന്നതും മറ്റും ഈ പള്ളിദർസ് യോഗ്യതകളും അതിന്റെ അടിത്തറയിൽ വായിച്ചുണ്ടാക്കിയ അറിവുകളും ഉപയോഗപ്പെടുത്തിയാണ്.

മുജാഹിദ് - ജമാഅത്ത് സ്ഥാപനങ്ങളിൽ പഠിപ്പിക്കുമ്പോൾ, പള്ളിദർസിൽനിന്ന് കിട്ടിയ അറിവും രീതികളും പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, നഹ്്വ് അഥവാ അറബി ഗ്രാമർ. പള്ളിദർസിൽ ചില ഉസ്താദുമാർ നല്ല രീതിയിൽ നഹ്്വ് പഠിപ്പിക്കുമായിരുന്നു. ഈ രീതി ഞാനും മാതൃകയാക്കിയിട്ടുണ്ട്. പിൽക്കാലത്ത് നമ്മുടെ ഇസ് ലാമിക കലാലയങ്ങളിൽ അവ്വിധം നഹ്്വ് പഠിപ്പിക്കുന്നില്ല എന്നതും, അതിന്റെ പ്രയാസങ്ങൾ നാം അനുഭവിക്കുന്നു എന്നതും യാഥാർഥ്യമാണ്. പുതിയ കാലത്ത് നിലവിലുള്ള പള്ളിദർസുകളിലും ഇതൊക്കെത്തന്നെയാണ് അവസ്ഥ എന്നാണ് എനിക്ക് തോന്നുന്നത്. നഹ്്വും സ്വർഫും ബലാഗയും പഠിച്ചാൽ മാത്രമേ ഇസ് ലാമിക വിജ്ഞാനീയങ്ങളിൽ ഉയർന്നു പോകാൻ കഴിയൂ എന്ന് നാം മനസ്സിലാക്കണം. l
(തുടരും)

കര്‍മപാത-ഒന്ന് 

കെ.കെ അബൂബക്കര്‍ /സദ്‌റുദ്ദീന്‍ വാഴക്കാട്
വിദ്യാഭ്യാസ സാമൂഹിക പ്രവര്‍ത്തകനും എം.ഇ.എസിന്റെ മുന്‍ സംസ്ഥാന പ്രസിഡന്റുമാണ് കെ.കെ അബൂബക്കര്‍. കൊടുങ്ങല്ലൂര്‍ എറിയാട്ടെ കറുകപ്പാടത്ത് വേടിയില്‍ കുടുംബത്തില്‍ 1930 ഏപ്രില്‍ 22ന് ജനനം. പിതാവ് കറുകപ്പാടത്ത് കൊച്ചുണ്ണി എന്ന കുഞ്ഞിപ്പോക്കരുട്ടി. മാതാവ് പുന്നിലത്ത് ഖാദര്‍ ഹാജിയുടെ മകള്‍ കൊച്ചയിഷ. കൊടുങ്ങല്ലൂര്‍ കേരളവര്‍മ ഹൈസ്‌കൂളില്‍ നിന്ന് 1945-ല്‍ ഏഴാം ക്ലാസും എറണാകുളം മുനവ്വിറുല്‍ ഇസ്‌ലാം ഹൈസ്‌കൂളില്‍നിന്ന് 1948-ല്‍ പത്താം ക്ലാസും പൂര്‍ത്തിയാക്കി. 1948-'50 കാലത്ത് തേവര സേക്രഡ് ഹാര്‍ട്ട് കോളേജില്‍ ഇന്റര്‍മീഡിയറ്റ് പഠനം. 1950ല്‍ കാമ്പസ് സെലക്ഷനിലൂടെ നേവിയില്‍ ഉദ്യോഗസ്ഥനായി. ഇന്ത്യയുടെ ആദ്യത്തെ വിമാനവാഹിനി കപ്പല്‍ കമീഷന്‍ ചെയ്യാനുള്ള സംഘാംഗമായി 1957-ല്‍ യു.കെയിലേക്ക് നിയോഗിക്കപ്പെട്ടു. ഒരു വര്‍ഷം ലിവര്‍പൂളില്‍ താമസിച്ചു. 1964-ല്‍ നേവിയില്‍ നിന്ന് വിരമിച്ചു. തുടര്‍ന്ന് എറണാകുളത്ത് താമസമാരംഭിച്ചു. ഇതേ വര്‍ഷം തന്നെ മുസ്‌ലിം എജുക്കേഷണല്‍ സൊസൈറ്റിയില്‍ (എം.ഇ.എസ്) അംഗമായി. സീനിയര്‍ സ്റ്റോര്‍ കീപ്പര്‍, ഷിപ്പിങ്ങ് ഓഫീസര്‍, എക്‌സ്‌പോര്‍ട്- ഇംപോര്‍ട്ട് മാനേജര്‍ തുടങ്ങിയ തസ്തികകളിലായി 1964- 1989 കാലത്ത് എച്ച്.എം.ടിയില്‍ ജോലി ചെയ്തു. 
1965 മുതല്‍ വിദ്യാഭ്യാസ, സാമൂഹിക സേവന രംഗത്ത് സജീവമായ കെ.കെ അബൂബക്കര്‍ അഞ്ച് തവണ എം.ഇ.എസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും   മൂന്ന് തവണ പ്രസിഡന്റും (1989-'99) ആയി തെരഞ്ഞെടുക്കപ്പെട്ടു. നേരത്തെ, എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറി, സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സമിതി അംഗം തുടങ്ങിയ ചുമതലകള്‍ വഹിക്കുകയുണ്ടായി. അര്‍ജുന്‍ സിംഗ് മാനവശേഷി വകുപ്പ് മന്ത്രിയായിരുന്ന കാലത്ത് കേന്ദ്ര ഗവണ്‍മെന്റിന്റെ മൈനോറിറ്റി എജുക്കേഷന്‍ എംപവര്‍മെന്റ് കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഇസ്‌ലാമിക് ഡവലപ്‌മെന്റ് ബാങ്കിന്റെ (ഐ.ഡി.ബി) ഇന്ത്യയിലെ സതേണ്‍ റീജിയന്‍ കണ്‍വീനര്‍, സെന്‍ട്രല്‍ കമ്മിറ്റി അംഗം (2006), ആലുവ അസ്ഹറുല്‍ ഉലൂം ട്രസ്റ്റ് വൈസ് പ്രസിഡന്റ്, കൊച്ചിന്‍ പബ്ലിക് സ്‌കൂള്‍ ട്രസ്റ്റ് മെമ്പര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. എറണാകുളത്തിന്റെ സാമൂഹിക മണ്ഡലത്തിലും മുസ്‌ലിം ഉണര്‍വുകളിലും സജീവ സാന്നിധ്യമായിരുന്ന കെ.കെ, പ്രസിദ്ധമായ എറണാകുളം ഫ്രൈഡേ ക്ലബ്ബിന്റെ രൂപീകരണത്തിലും  പ്രവര്‍ത്തനങ്ങളിലും പങ്കുവഹിക്കുകയുണ്ടായി.
1957-ലായിരുന്നു വിവാഹം. ഭാര്യ പി. എം ഫാത്വിമാബി. മക്കള്‍, അബ്ദുല്‍ മനാഫ്, ആയിഷ, സാജിദ. ഇപ്പോള്‍ എറണാകുളത്തെ വീട്ടില്‍ വിശ്രമജീവിതം നയിക്കുന്ന കെ.കെയുടെ ജീവിതാനുഭവങ്ങളിലൂടെ....

*** *** *** *** 
പണ്ടുകാലത്തേ പെരുമയുള്ള നാടാണ് കൊടുങ്ങല്ലൂര്‍. ഇസ്‌ലാമിന്റെ ശബ്ദവും വെളിച്ചവും ഇന്ത്യയില്‍ ആദ്യമെത്തിയ മണ്ണ്. അതുകൊണ്ട് തന്നെ, ഇന്ത്യന്‍ മുസ്ലിംകളുടെ തുടക്കമാണ് കൊടുങ്ങല്ലൂര്‍ മുസ്ലിംകള്‍ എന്നു പറയാം. അതിന്റെയൊരു പോരിമ കൊടുങ്ങല്ലൂരിന് എന്നും ഉണ്ടായിട്ടുണ്ട്. മാലിക് ബ്‌നു ദീനാറിന്റെ പാരമ്പര്യത്തില്‍, അഥവാ ഇസ്‌ലാം ആദ്യം എത്തിയ പ്രദേശത്തെ മുസ്ലിംകള്‍ എന്ന നിലയില്‍ ഊറ്റം കൊള്ളുന്നവരായിരുന്നു ഞങ്ങള്‍ കൊടുങ്ങല്ലൂരുകാര്‍. ഉയര്‍ന്ന് ചിന്തിക്കുന്ന, കൂടുതല്‍ അറിവ് നേടാന്‍ ത്വര കാണിക്കുന്ന ധാരാളമാളുകള്‍  അവിടെ ഉണ്ടായിരുന്നു. കൊടുങ്ങല്ലൂര്‍ മുസ്‌ലിംകളുടെ പ്രൗഢമായ പാരമ്പര്യം വ്യത്യസ്ത മേഖലകളില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. വിദ്യാഭ്യാസ വളര്‍ച്ച, സാമ്പത്തിക ഉന്നമനം, സാമൂഹിക നവോഥാനം, രാഷ്ട്രീയ മുന്നേറ്റം തുടങ്ങിയവയില്‍ കൊടുങ്ങല്ലൂര്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടല്ലോ. മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ് മുതല്‍ സിദ്ദീഖ് ഹസന്‍ സാഹിബ് വരെയുള്ള ഒട്ടനവധി വ്യക്തിത്വങ്ങള്‍ ഈ ചരിത്രം കൃത്യമായി അടയാളപ്പെടുത്തുന്നവരാണ്. 
കൊടുങ്ങല്ലൂരിന്റെ ജനസംഖ്യാ ചരിത്രം പരിശോധിച്ചാല്‍ മുസ്‌ലിംകളേക്കാള്‍ ഹിന്ദു മത വിശ്വാസികളാണ് എന്നും ഇവിടെ കൂടുതലുണ്ടായിരുന്നത്. പക്ഷേ, ഏറക്കുറെ മുസ്‌ലിംകള്‍ക്കായിരുന്നു സാമൂഹിക ജീവിതത്തില്‍ മേല്‍ക്കൈ. പ്രമാണിമാര്‍ അധികവും മുസ്‌ലിംകളും മറ്റുള്ളവര്‍ അവരുടെ ആശ്രിതരുമായിരുന്നു. കൊങ്കിണി ബ്രാഹ്മണരും നായന്മാരുമൊക്കെ കൊടുങ്ങല്ലൂര്‍ ടൗണിനോട് ചേര്‍ന്നാണ് താമസിച്ചിരുന്നത്. ഞങ്ങളുടെ എറിയാട് ഭാഗത്ത് അധികവും ഈഴവര്‍ ഉള്‍പ്പെടെയുള്ള മററു ജാതിക്കാരായിരുന്നു. വിഭിന്ന മത സമുദായക്കാര്‍ ഇടകലര്‍ന്ന് ജീവിച്ചിട്ടും, ജനങ്ങള്‍ തമ്മില്‍ യാതൊരു തരത്തിലുള്ള പ്രശ്‌നങ്ങളും മുമ്പ് ഇവിടെ ഉണ്ടായിരുന്നില്ല.  മത വിവേചനപരമായ യാതൊരു വേര്‍തിരിവുകളും ചിന്തകളും ഇല്ലായിരുന്നു. ജനങ്ങള്‍ക്കിടയില്‍ വിഭാഗീയ ചിന്തകള്‍ ഉരുത്തിരിയാതിരിക്കുന്നതില്‍ മുസ്‌ലിം കുടുംബങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല. കാരണം, ഇതര സമുദായക്കാരെ ആശ്രിതരായി കണ്ട് അടിച്ചമര്‍ത്താന്‍ നോക്കാതെ, മനുഷ്യരായി പരിഗണിക്കുകയാണ് മുസ്ലിംകള്‍ ചെയ്തത്. ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ പരസ്പര സ്‌നേഹവും ബഹുമാനവും വളര്‍ന്നു വരാന്‍ ഇത് കാരണമായി. മുസ്‌ലിംകള്‍ ഇതര മതത്തില്‍ പെട്ട ജോലിക്കാരെ കുടുംബാംഗങ്ങളെപ്പോലെ തന്നെയാണ് കണ്ടിരുന്നത്. എന്റെ ചെറുപ്പത്തില്‍ ഞങ്ങളുടെ വീട്ടില്‍ ആറ് ജോലിക്കാരുണ്ടായിരുന്നു. എന്തെങ്കിലും ഭാഗം വെക്കുമ്പോള്‍ അവരെക്കൂടി ചേര്‍ത്താണ് ഭാഗിക്കുക. അത്തരത്തിലായിരുന്നു അന്നത്തെ സ്‌നേഹബന്ധം.
കൊടുങ്ങല്ലൂരിലെ മുസ്‌ലിംകള്‍ പ്രമാണിമാരും ഭൂ ഉടമകളുമായത് എങ്ങനെയാണെന്ന് വ്യക്തമല്ല. മാലിക്ബ്‌നു ദീനാറിനൊപ്പം വന്ന് കുടിയേറിപ്പാര്‍ത്തവരുടെ പിന്‍മുറക്കാരാണോ എന്നതും കൃത്യമായി അറിയില്ല. അവിടത്തെ മുസ്ലിം സമൂഹത്തിലെ ഒരു വിഭാഗം തികഞ്ഞ ധാര്‍മിക ബോധത്തോടെ ജീവിതം നയിക്കുന്നവരായിരുന്നു. മറ്റൊരു വിഭാഗം, ഹറാമില്‍ നിന്ന് വിട്ടു നില്‍ക്കുന്നവരായിരുന്നെങ്കിലും ചെയ്യേണ്ട കടമകളും കര്‍ത്തവ്യങ്ങളും പലതും കൃത്യമായി ചെയ്യാതെ, ദീനീനിഷ്ഠ പാലിക്കാതെ ജീവിച്ചവരായിരുന്നു. ചേരമാന്‍ പള്ളിയിലും എറിയാട് പള്ളിയിലും ഒരു കാലത്ത് ഖബ്ര്‍ ആരാധനയും നേര്‍ച്ചയും വിളക്ക് കത്തിക്കലുമൊക്കെ ഉണ്ടായിരുന്നു. പില്‍ക്കാലത്തെ പരിഷ്‌കരണ യത്‌നങ്ങളാണ് ഈ അവസ്ഥയില്‍ മാറ്റമുണ്ടാക്കിയത്. എറിയാട് പള്ളിയില്‍ മലയാളത്തില്‍ ഖുത്വ്ബ തുടങ്ങിയത് എന്‍.കെ അബ്ദുല്‍ ഖാദര്‍ മൗലവിയാണ്. 
മലബാറിനെ അപേക്ഷിച്ച് വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം കൊടുത്ത പ്രദേശമാണ് കൊടുങ്ങല്ലൂര്‍. വിദ്യാഭ്യാസപരമായും സാമൂഹികമായും ഉന്നതങ്ങളിലെത്തിയ കൊടുങ്ങല്ലൂരിലെ വ്യക്തിത്വങ്ങള്‍ ഇതിന് തെളിവാണ്. ഐക്യ സംഘം വന്നതിനു ശേഷമാണ് ഇങ്ങനെയൊരു സമീപനമുണ്ടായതെന്ന് ഞാന്‍ കരുതുന്നില്ല. അതിന് മുമ്പും കൊടുങ്ങല്ലൂരിലെ മുസ്‌ലിംകള്‍ മക്കളെ പഠിപ്പിക്കാന്‍ താല്‍പര്യമുള്ള കൂട്ടത്തിലായിരുന്നു. കൊടുങ്ങല്ലൂരിന്റെ വിദ്യാഭ്യാസ തല്‍പരതക്ക് ഏറ്റവും വലിയ ഉദാഹരണം ഡോ. പി.കെ അബ്ദുല്‍ ഗഫൂറിന്റെ കുടുംബമാണ്. വിദ്യാധനം കൊണ്ട് ദൈവം ആവോളം അനുഗ്രഹം ചൊരിഞ്ഞവര്‍. ഞാന്‍ ചെറിയ ക്ലാസില്‍ പഠിക്കുമ്പോഴാണ് ഡോ.ഗഫൂറിന്റെ പെങ്ങള്‍ ഫാത്വിമ റഹ്മാന്‍ ഡിഗ്രി പൂര്‍ത്തിയാക്കുന്നത്. അവരാണ് നാട്ടിലെ ആദ്യത്തെ ബിരുദധാരി. അന്ന് അവര്‍ക്കായി ഒരുക്കിയ സ്വീകരണത്തില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. അവരെ കൂടാതെ ഒരുപാട് പേര്‍ ഈ ഗണത്തിലുണ്ടായിരുന്നു. ഡോ. ഗഫൂറിന്റെ സഹോദരിമാരെ കൂടാതെ സഹോദരങ്ങളായ ഹൈദ്രോസ് ഹാജി, ഇബ്‌റാഹീം ഹാജി, അബ്ദുര്‍റഹ്മാന്‍ ഹാജി, ഡോ. ഗഫൂറിന്റെ ഇളയ സഹോദരങ്ങളായ ഹഖ്, അബ്ദുസ്സലാം, മറ്റു സഹോദരിമാര്‍ എല്ലാവരും ഉന്നത വിദ്യാഭ്യാസമുള്ളവരായിരുന്നു. ആ കാലം ഏതാണെന്ന് ഓര്‍ക്കണം! അന്ന് സ്ത്രീകള്‍ പ്രാഥമിക വിദ്യാഭ്യാസവും കടന്ന് ബിരുദം നേടി എന്നത് നാടിനെ സംബന്ധിച്ച് അത്ഭുതകരമായ മുന്നേറ്റമായിരുന്നു.

രാഷ്ട്രീയ പാരമ്പര്യം

ഒരു ഘട്ടത്തില്‍, മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബ്, സീതി സാഹിബ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂരില്‍ രാഷ്ട്രീയ പ്രവര്‍ത്തനം ശക്തിപ്പെടുകയുണ്ടായി. അബ്ദുര്‍റഹ്മാന്‍ സാഹിബ് കോണ്‍ഗ്രസിന്റെ ശക്തനായ നേതാവായി ഉയര്‍ന്നു വന്നു. മറുഭാഗത്ത്, സീതി സാഹിബിന്റെ  നേതൃത്വത്തില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തനം സജീവമാക്കുകയും പല കുടുംബങ്ങളിലെയും കാരണവന്‍മാരടക്കമുള്ളവര്‍ അതിന്റെ ഭാഗമാവുകയുമുണ്ടായി. രാഷ്ട്രീയമായി ചിന്തിച്ചാല്‍ നാടിന് രണ്ട് മനസ്സായിരുന്നെന്ന് പറയാം. മുഹമ്മദ് അബ്ദുര്‍റഹ്മാന്‍ സാഹിബിനും സീതി സാഹിബിനും ഒപ്പം നിന്ന് കൊടുങ്ങല്ലൂര്‍, വിശേഷിച്ചും അവിടത്തെ മുസ്‌ലിംകള്‍ ചാഞ്ചാടിക്കൊണ്ടിരുന്നു. മലബാറിലെ ഒരു മണ്ഡലത്തില്‍ ഇവര്‍ പരസ്പരം മത്സരിച്ചതായി കേട്ടിട്ടുണ്ട്. അബ്ദുര്‍റഹ്മാന്‍ സാഹിബ് എന്റെ  വാപ്പയുടെ കസിനാണ്. വാപ്പ അദ്ദേഹത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍  പോകാറുണ്ടായിരുന്നു. സ്വാതന്ത്ര്യ സമരകാലത്തെ നേതാക്കളുടെ സ്വാധീനം കൊണ്ടോ മറ്റോ പാകിസ്താന്‍ ലീഗിനോട് യാതൊരു തരത്തിലുള്ള അനുഭാവവും കൊടുങ്ങല്ലൂര്‍ മുസ്ലിംകള്‍ക്ക് ഇല്ലായിരുന്നു.
കൊടുങ്ങല്ലൂരില്‍ ഒരു കാലത്ത് മുസ്‌ലിം എം.എല്‍.എ.മാര്‍ മാത്രമേ  ജയിക്കാറുണ്ടായിരുന്നുള്ളൂ. അതിനൊരു മാറ്റം വന്നത് ഇ. ഗോപാലകൃഷ്ണ മേനോന്‍ തെരഞ്ഞെടുക്കപ്പെട്ടപ്പോഴാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിക്കാരനായ അദ്ദേഹം കൊടുങ്ങല്ലൂരിന്റെ എം.എല്‍.എയായി ഒരുപാട് വര്‍ഷം തുടര്‍ന്നു. പണ്ടുമുതലേ കമ്യൂണിസത്തിന് വേരോട്ടമുള്ള മണ്ണായിരുന്നു കൊടുങ്ങല്ലൂര്‍. തൊഴിലാളി വര്‍ഗത്തിന്റെയും അടിച്ചമര്‍ത്തപ്പെട്ടവരുടെയും കൂടെയായിരുന്നല്ലോ അന്നത്തെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍. അത് വരെ കോണ്‍ഗ്രസ് ശക്തമായിരുന്ന ഇടമായിരുന്നു കൊടുങ്ങല്ലൂര്‍. അതിന് ശേഷവും കോണ്‍ഗ്രസ് പലതവണ വിജയിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗിനും  ആഴത്തിലുള്ള സ്വാധീനമുണ്ടായിരുന്നു. പക്ഷേ, അവര്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല. 
1956-ല്‍ ആണെന്നാണ് എന്റെ ഓര്‍മ; അന്ന് ബ്ലാക്ക് ഡേ (ലിയാഖത്ത് ഡേ) ആചരിക്കുകയുണ്ടായി. ഈ സന്ദര്‍ഭത്തില്‍, അതിനെ അനുകൂലിക്കണോ വേണ്ടയോ എന്നതിനെ സംബന്ധിച്ച് വീട്ടില്‍ കാരണവന്മാരൊക്കെ കൂടിയാലോചന നടത്തിയിരുന്നു. ഞാന്‍ അന്ന് ചെറിയ കുട്ടിയാണ്. ആ സമയത്ത് നാട്ടില്‍ ഒരുതരം മത വിഭാഗീയത രൂപപ്പെടുന്ന അവസ്ഥയുണ്ടായിരുന്നു.

കുടുംബം, കുട്ടിക്കാലം

കൊടുങ്ങല്ലൂരിലെ എറിയാട്ട്, കറുകപ്പാടത്ത് തറവാട്ടിലാണ് ഞാന്‍ ജനിച്ചത്. അക്കാലത്ത് പ്രമാണിത്തവും തറവാട്ടു പെരുമയുമുള്ളവരായി കൊടുങ്ങല്ലൂര്‍ ഭാഗങ്ങളില്‍ കണക്കാക്കിയിരുന്ന കുടുംബങ്ങളില്‍ ഒന്നായിരുന്നു ഞങ്ങളുടേത്. കറുകപ്പാടത്ത് തറവാടിന് ഒരുപാട് ഉപ തറവാടുകളുണ്ട്. കറുകപ്പാടത്ത് വേടിയില്‍ എന്നാണ് ഞങ്ങളുടെ കുടുംബപ്പേര്. യഥാര്‍ഥത്തില്‍ കറുകപ്പാടം കുടുംബത്തിന്റെ തായ് വേര് പടര്‍ന്നു കിടക്കുന്നത് മലബാറിലെ തിരൂര്‍ കൂട്ടായിലാണ്. അവിടെ നിന്ന് മഹാരാജാവിന്റെ കാലത്ത് കൊടുങ്ങല്ലൂരിലേക്ക് ചേക്കേറിയവരാണ് ഞങ്ങളുടെ പൂര്‍വികര്‍. അറബന മുട്ടുമായി  നാടുചുറ്റി  കൊടുങ്ങല്ലൂരെത്തുകയും പിന്നീട് അന്നത്തെ നിയമമനുസരിച്ച് മഹാരാജാവിന്റെ അനുമതിയോടെ അവിടെ സ്ഥിരതാമസമാക്കുകയും ചെയ്യുകയായിരുന്നു എന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. ഞാന്‍ ജനിക്കുന്നതിനും മൂന്നോ, നാലോ തലമുറ മുമ്പേയായിരുന്നു ഈ കുടിയേറ്റം.
കറുകപ്പാടത്ത് മുഹമ്മദ് എന്നാണ് എന്റെ വല്ല്യുപ്പയുടെ - വാപ്പയുടെ ഉപ്പയുടെ - പേര്. കൊച്ചുണ്ണി എന്ന കുഞ്ഞിപ്പോക്കര്‍ കുട്ടിയാണ് എന്റെ വാപ്പ. കുഞ്ഞിപ്പോക്കര്‍ കുട്ടി എന്ന പേര് ഞങ്ങളുടെ കുടുംബത്തില്‍ ഒരുപാട് പേര്‍ക്കുണ്ടായിരുന്നു. അതുകൊണ്ട് ഇവരെല്ലാവരും അറിയപ്പെടുന്നത് എന്തെങ്കിലും വിളിപ്പേര് ചേര്‍ത്തായിരിക്കും. വാപ്പ കൊച്ചുണ്ണി ചേര്‍ത്താണ് അറിയപ്പെട്ടിരുന്നത്. പലപ്പോഴും ഔദ്യോഗിക രേഖകളില്‍ പോലും ഈ പേരാണ് ഉപയോഗിച്ചിരുന്നത്. കൊച്ചുണ്ണി എന്ന പേര് അന്ന് എല്ലാ മതസ്ഥരും ഉപയോഗിക്കുന്ന വിളിപ്പേരായിരുന്നു. അന്ന് മുസ്‌ലിംകള്‍ക്കിടയില്‍ മക്കള്‍ക്ക് അറബിയില്‍ പേരിടണമെന്നോ, അര്‍ഥം നോക്കണമെന്നോ ഉള്ള ശാഠ്യമൊന്നും ഉണ്ടായിരുന്നില്ല. നമ്മുടെ ചരിത്രത്തില്‍ നിന്ന്, ഖലീഫമാരുടെയോ മറ്റോ പേരുകള്‍ ഉപയോഗിച്ചിരുന്നു എന്നല്ലാതെ അവര്‍ അതിലൊന്നും കൂടുതല്‍ ശ്രദ്ധ ചെലുത്തിയിരുന്നില്ലെന്ന് വേണം മനസ്സിലാക്കാന്‍. കൊച്ചുണ്ണി പോലെ കൊടുങ്ങല്ലൂര്‍ ഭാഗങ്ങളില്‍ വ്യാപകമായുള്ള പേരുകളാണ് കുട്ടിക്കമ്മദ്, കോമു തുടങ്ങിയവ.  കൊച്ചയ്ഷ എന്നാണ് എന്റെ ഉമ്മയുടെ പേര്. അന്നത്തെ പേരുകളിലൊക്കെത്തന്നെയും പ്രാദേശികത കൂടി കലര്‍ന്നിരിക്കും. കൊച്ചെന്നും കുഞ്ഞെന്നും ചേര്‍ത്ത് ഓരോ നാടിന്റെയും അഭിസംബോധനകളും സ്‌നേഹവായ്പുകളും പേരുകളില്‍ തന്നെ തെളിഞ്ഞു കാണാവുന്നതാണ്. 
പുന്നിലത്ത് ഖാദര്‍ ഹാജി, ഉമ്മയുടെ ഉപ്പ. പഴയ കൊച്ചി സ്റ്റേറ്റിന്റെ അതിര്‍ത്തിയായിരുന്ന ഇന്നത്തെ പടിഞ്ഞാറേ  വെമ്പല്ലൂരുകാരനായിരുന്നു. പ്രദേശത്തെ പ്രമാണിമാരില്‍ ഒരാളായ അദ്ദേഹം 1929-ല്‍ പുന്നിലത്ത് വടക്കേചാലില്‍ എന്ന പള്ളി പണിയുകയുണ്ടായി. അക്കാലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ കല്ലുകളും മറ്റു വസ്തുക്കളും ലഭിക്കാനുള്ള ബുദ്ധിമുട്ട് ഊഹിക്കാവുന്നതേയുള്ളൂ. വളരെ കഷ്ടപ്പെട്ടാണെങ്കിലും താഴികക്കുടം സ്ഥാപിച്ച്, പണി പൂര്‍ത്തിയാക്കിയ പള്ളിയില്‍ നിന്നും നിസ്‌കരിച്ചിറങ്ങി അവിടെ നിന്ന് തന്റെ മൂന്ന് ആണ്‍മക്കളെയും കൂട്ടി നേരെ ഹജ്ജിനു പോവുകയായിരുന്നുവെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. അവര്‍ക്കൊപ്പം ഹജജിന് വല്യുമ്മയുമുണ്ടായിരുന്നു. 1929-30 കാലത്തൊക്കെ ഹജ്ജിന് പോവുകയെന്നത് വലിയ സാഹസികതയാണ്. കേരളത്തിനു പുറത്ത് ബോംബെയിലെത്തുന്നത് തന്നെ അന്ന് അസാധാരണമാണ്. അങ്ങനെയുള്ള കാലത്താണ്  ഇവര്‍ അഞ്ച് പേരും കൂടെ ട്രെയിനിലും ബസിലുമായി ബോംബെയിലേക്ക് പോകുന്നത്. ബോംബെയില്‍ നിന്നും സൗദിയിലേക്ക് പോകാന്‍ കപ്പല്‍  മാത്രമേയുള്ളൂ. മക്കയിലെത്തി ഹജ്ജ് ചെയ്ത വല്ല്യുപ്പ അവിടെ വെച്ച് തന്നെ മരിച്ചു. അദ്ദേഹം മരിച്ച് ഏകദേശം 80 ദിവസം കഴിഞ്ഞാണ് വല്ല്യുമ്മയും മക്കളും നാട്ടില്‍ തിരിച്ചെത്തിയത്. അന്ന് ഹജ്ജ് ചെയ്ത സ്ത്രീകള്‍ നന്നേ കുറവാണെന്ന് പറഞ്ഞല്ലോ. അതിനാല്‍ ഹജ്ജ് കഴിഞ്ഞെത്തിയ വല്യുമ്മയെ കാണാന്‍ ദൂരെ ദിക്കുകളില്‍ നിന്നു പോലും സ്ത്രീകള്‍ വരുമായിരുന്നത്രേ. ലക്ഷദ്വീപില്‍ നിന്നുവരെ ബീവികള്‍ വന്ന് വല്ല്യുമ്മക്കൊപ്പം താമസിച്ചിരുന്നുവെന്നാണ് പഴമക്കാര്‍ പറയുന്നത്.
അന്നൊക്കെ വലിയ കുടുംബങ്ങളിലെ കാരണവന്‍മാരും മറ്റും വൈകുന്നേരങ്ങളില്‍ കൂടിയിരുന്ന് സംസാരിക്കുകയും സാമൂഹിക പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരത്തിന് ശ്രമിക്കുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു. അവര്‍ക്ക് ഒരു പ്രാദേശിക ജഡ്ജിംഗ് പാനല്‍ തന്നെയുണ്ടായിരുന്നെന്നാണ് പറഞ്ഞു കേട്ടിട്ടുള്ളത്. റമദാനില്‍ നോമ്പെടുക്കാതെ നടക്കുന്നവരെ പരസ്യമായി ഈ സഭ ശാസിക്കുകയും അയാള്‍ക്ക് ശിക്ഷ വിധിക്കുകയും  മറ്റും ചെയ്തിരുന്നുവത്രെ. വാപ്പയും ഇതിന്റെയൊക്കെ ഭാഗമായിരുന്നു. എന്റെ ഓര്‍മയില്‍ ഉപ്പയുടെ സൗഹൃദങ്ങളും ബന്ധങ്ങളുമൊക്കെ വലുതും ദൃഢവുമായിരുന്നു. എന്റെ സ്‌കൂള്‍ പഠനകാലത്തെ ഒരു അനുഭവം പറയാം. ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ട്  അന്ന് മലബാറില്‍ നിന്ന് കൊടുങ്ങല്ലൂരില്‍ വന്ന് താമസിച്ചിരുന്ന ചിലരും ഇ.കെ മൗലവിയുമൊക്കെയായി ഉപ്പക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നു. അക്കാലത്ത് മുണ്ടാണല്ലോ പുരുഷന്‍മാരുടെ വേഷം. ഞാന്‍  അന്ന് വലത്തോട്ടാണ് മുണ്ടുടുത്തിരുന്നത്. ഒരു ദിവസം സ്‌കൂളില്‍ പോകുന്ന വഴിക്ക്  കാരണവന്‍മാരില്‍ ചിലര്‍ എന്നെ വിളിച്ചു; 'ഇങ്ങനെയാണോ മുണ്ടുടുക്കുന്നത്' എന്ന് ചോദിച്ച്, സ്‌നേഹത്തില്‍ ശാസിക്കുകയും ഇടത്തോട്ട് മുണ്ട് ഉടുപ്പിക്കുകയും ചെയ്തു. തുടര്‍ന്നങ്ങോട്ട് ഞാന്‍ ഇടത്തോട്ട് മാത്രമേ മുണ്ടുടുത്തിട്ടുള്ളൂ.
കുടുംബ സ്വത്തില്‍ പ്രധാനം ഭൂമിയും കൃഷിയുമായിരുന്നു. ഇതില്‍ അധികവും പാട്ടത്തിന് കൊടുത്തിരിക്കുകയാവും. നമ്മുടെ കൈയില്‍ ഒന്നുമുണ്ടാകണമെന്നില്ല. കരാറെഴുതിയാണ് പാട്ടത്തിന് കൊടുക്കുക. ഓരോ സ്ഥലത്തിനും ഇത്ര മൂല്യം എന്ന് കല്‍പിച്ച് കരാറില്‍ രേഖപ്പെടുത്തിയിട്ടുണ്ടാകും. വിളവെടുപ്പിന്റെ 50 ശതമാനം, അല്ലെങ്കില്‍ 25 ശതമാനം ഒക്കെയായിരിക്കും പാട്ടക്കരാര്‍. പാട്ടത്തിന് കൊടുത്തില്ലെങ്കില്‍ അത്രയും ഭൂമി നോക്കി നടത്താനൊന്നും ആര്‍ക്കും സാധിക്കില്ല. അതുകൊണ്ട് എല്ലാവരും പാട്ടത്തിന് കൊടുക്കും. 
ഒരുകാലത്ത് സര്‍ക്കാരിന്റെ ഭൂമി പാട്ടത്തിനെടുക്കാന്‍ ആളില്ലാത്തതിനാല്‍ നികുതിക്ക് വേണ്ടി ഭൂമി വ്യക്തികള്‍ക്ക് ഏല്‍പിച്ച് കൊടുക്കുന്ന രീതി ഉണ്ടായിരുന്നു. ഭൂമി വെറുതെ കിടന്നപ്പോള്‍  സര്‍ക്കാരിന് നികുതി കിട്ടാനില്ലാതായി. ഇത് പരിഹരിക്കാനായി വാക്കാല്‍ കരാര്‍ ഉറപ്പിച്ച് ഭൂമി വ്യക്തികള്‍ക്ക് ഏല്‍പ്പിച്ചു കൊടുക്കാന്‍ തുടങ്ങി. അങ്ങനെ സര്‍ക്കാര്‍ പതിച്ചു കൊടുത്ത ഭൂമിയാണ് കുഞ്ഞുമുഹമ്മദ് ഹാജിയുടെ കൈവശമുണ്ടായിരുന്ന വൈക്കത്തെ സ്ഥലം. തിരുവിതാംകൂര്‍ മഹാരാജാവാണ് അത് പതിച്ചു കൊടുത്തത്. ഇതാണ് പിന്നീട് കുഞ്ഞഹമ്മദ് ഹാജി എന്‍.എസ്.എസിന് കൈമാറിയത്. എന്‍.എസ്.എസിന് ഭൂമി കൊടുത്ത സംഭവമൊക്കെ എനിക്ക് അവ്യക്തമായ ഓര്‍മയേ ഉള്ളൂ. അവര്‍ ആവശ്യപ്പെട്ട പ്രകാരമാണ് കൊടുത്തതെന്നാണ് അറിവ്. കുഞ്ഞുമുഹമ്മദ് ഹാജിക്ക് കൊച്ചി മഹാരാജാവുമായി അടുത്ത ബന്ധമുണ്ടായിരുന്നു. അദ്ദേഹത്തിന് 'വീര ശൃംഖല' ബഹുമതിയൊക്കെ കിട്ടിയിട്ടുണ്ട്. പ്രഗത്ഭര്‍ക്ക് മാത്രം കൊടുത്തിരുന്ന ബഹുമതിയായിരുന്നു അത്. കരിക്കുളം കുടുംബത്തിലെ ഖാന്‍ സാഹിബ് കരിക്കുളവും 'വീര ശൃംഖല' ലഭിച്ച മറ്റൊരാളാണ്. കൊച്ചി സംസ്ഥാനത്ത് ആകെ ഈ ബഹുമതി ലഭിച്ചത് കരിക്കുളത്തിനാണ്. എം.ഇ.എസിന്റെ തൃശൂര്‍ ജില്ലാ പ്രസിഡന്റ് ആയിരുന്ന ഡോ. സിദ്ദീഖിന്റെ പിതാവാണ് അദ്ദേഹം.

വിദ്യാഭ്യാസ കാലം 

ഓത്തു പള്ളിയിലായിരുന്നു ഞങ്ങളുടെ പ്രാഥമിക പഠനം. അന്ന് മൊല്ലാക്കയോട് വലിയ ബഹുമാനമാണ്, പേടിയും. പഠിക്കാതിരുന്നാലും വികൃതി കാണിച്ചാലും നല്ല ശിക്ഷ കിട്ടും എന്നതായിരുന്നു പേടിയുടെ കാരണം. പക്ഷേ, കുറേ വര്‍ഷങ്ങള്‍ക്കിപ്പുറം ചിന്തിക്കുമ്പോള്‍ നമുക്ക് അവരുടെ ഉദ്ദേശ്യ ശുദ്ധി തിരിച്ചറിയാന്‍ പറ്റുന്നുണ്ട്. അവര്‍ തങ്ങളുടെ ജോലി ആത്മാര്‍ഥമായി ചെയ്യുകയായിരുന്നു. നിസ്‌കാരപള്ളികളോട് ചേര്‍ന്നാണു ഓത്തുപള്ളികള്‍ ഉണ്ടാവുക. മുപ്പത് ജുസ്അ് ഓതി പഠിപ്പിച്ച്  രണ്ടോ മൂന്നോ ഖത്തം തീര്‍ക്കും. 'യാസീന്‍' മനഃപാഠമാക്കും, നിസ്‌കാരം പഠിപ്പിക്കും. അതോടെ മൊല്ലാക്കയുടെ അടുത്തുള്ള പഠനം തീര്‍ന്ന്, മുസ്‌ലിയാരുടെ അടുത്തു പോയി 'ഫത്ഹുല്‍ മുഈന്‍' പഠിക്കാന്‍ തുടങ്ങും. പള്ളിയില്‍ നടക്കുന്ന ദര്‍സിലേക്കാണ് പോകുക. ഞാന്‍ പഠിച്ചത് എറിയാട് ഓത്തുപള്ളിയിലാണ്. അന്ന് എറിയാട് വലിയ ജുമുഅത്ത് പള്ളി കഴിഞ്ഞാല്‍ പിന്നെ ചേരമാന്‍, അഴീക്കോട്, മാടവന എന്നിവിടങ്ങളിലേ കൊടുങ്ങല്ലൂര്‍ മേഖലയില്‍ പള്ളികളുള്ളൂ. സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് തന്നെയാണ് ഓത്തുപള്ളിയിലും പോകുന്നത്. സ്‌കൂള്‍ വിദ്യാഭ്യാസം ആദ്യം എറിയാട് കടമ്പൂരുള്ള  അല്‍മദ്‌റസത്തുല്‍ ഇത്തിഹാദിയയിലാണ് തുടങ്ങുന്നത്. എന്നെയും ജ്യേഷ്ഠനെയും ഒരേ ദിവസമാണ് സ്‌കൂളില്‍ ചേര്‍ത്തത്. അവിടെ നാലാം ക്ലാസുവരെയേ ഉള്ളൂ. അത് കഴിഞ്ഞ് എറിയാട് കേരള വര്‍മ സ്‌കൂളാണുള്ളത്. അവിടെ പഠിക്കാന്‍ ഫീസ് കൊടുക്കണം. ഞങ്ങള്‍ പത്ത് മക്കളുടെയും സ്‌കൂള്‍ ഫീസ് അടക്കാന്‍ ബുദ്ധിമുട്ടായതിനാല്‍ ഉപ്പ എന്നെയും നേരെ മൂത്ത ജ്യേഷ്ഠനെയും മലബാര്‍ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന മതിലകം ഗോപാലകൃഷ്ണ ഹയര്‍ എലിമെന്ററി സ്‌കൂളിലാണ് ചേര്‍ത്തത്. അവിടെ പഠിക്കാന്‍ ഫീസ് വേണ്ടിയിരുന്നില്ല. എട്ട് കിലോമീറ്റര്‍ നടന്ന് വേണം ഈ സ്‌കൂളിലെത്താന്‍. അന്ന് പത്തോ പതിനൊന്നോ ആണ് പ്രായം. അവിടെ അഞ്ചാം ക്ലാസ് വരെ പഠിച്ചു. പിന്നീട് കേരളവര്‍മയില്‍ ചേര്‍ന്നു. ആറും ഏഴും ക്ലാസുകള്‍ അവിടെയായിരുന്നു. ഇന്നത്തെ എസ്.എസ്.എല്‍.സി പോലെ പബ്ലിക് പരീക്ഷയായിരുന്നു അന്ന് ഏഴാം ക്ലാസില്‍. കേരളവര്‍മയില്‍ അന്ന് ഏഴാം ക്ലാസ് വരെയുള്ളൂ. പിന്നീട്, എട്ടാം ക്ലാസ് മുതല്‍ ഞാന്‍ എറണാകുളത്തുള്ള എന്റെ ജ്യേഷ്ഠനോടൊപ്പമായിരുന്നു. അന്ന് തുടങ്ങിയതാണ് എറണാകുളത്തെ താമസം. എന്റെ ജീവിതത്തിന്റെ സിംഹ ഭാഗവും ഇവിടെയായിരുന്നുവെന്ന് പറയാം.
എറണാകുളത്ത് മുനവ്വിറുല്‍ ഇസ്‌ലാമിലാണ് ചേര്‍ന്നത്. ആ സ്‌കൂള്‍ ഇന്നില്ല. ഇന്നത്തെ എറണാകുളം  മാര്‍ക്കറ്റ് റോഡിന് മുമ്പിലായിരുന്നു മുസ്‌ലിം മാനേജ്‌മെന്റിന് കീഴില്‍ അന്ന് സ്‌കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇവിടെ ഏഴാം ക്ലാസ് വരെ നേരത്തെയുണ്ട്. ഹൈസ്‌കൂളായി ഉയര്‍ത്തിയത് 1945ലാണ്. എ.എസ് ബാവയുടെ മകന്‍ കൊച്ചുണ്ണി സാഹിബായിരുന്നു അന്നത്തെ മാനേജര്‍. അദ്ദേഹം നല്ലൊരു സാമൂഹിക പ്രവര്‍ത്തകനായിരുന്നു. അദ്ദേഹവും മജീദ് മരക്കാര്‍ സാഹിബും മറ്റും ചേര്‍ന്നാണ് കേരളത്തിലെ ആദ്യത്തെ മുസ്‌ലീം ഡയറക്ടറി ജമാഅത്ത് ഫെഡറേഷന്റെ പേരില്‍ പുറത്തിറക്കിയത്. കൂടുതലും മുസ്‌ലിം കുട്ടികളാണ് അന്ന് സ്‌കൂളിലുണ്ടായിരുന്നത്. അധ്യാപകരില്‍ പലരും മുസ്‌ലിംകളായിരുന്നു, അറബി അധ്യാപകനായി ഇ.കെ മൗലവിയുമുണ്ടായിരുന്നു. കൊച്ചുണ്ണി സാഹിബിന്റെ മരണശേഷം 1954-55 കാലഘട്ടമായപ്പോഴേക്കും  സ്‌കൂളിന്റെ  പ്രവര്‍ത്തനം ദുര്‍ബലപ്പെട്ടു തുടങ്ങി.
മുനവ്വിറുല്‍ ഇസ്‌ലാമിലെ ആദ്യത്തെ എസ്.എസ്.എല്‍.സി ബാച്ചില്‍ (1948) അംഗമാണ് ഞാന്‍. എന്റെ സഹപാഠിയാണ് എം.എം ലോറന്‍സ്. ആ വര്‍ഷം എസ്. എസ്.എല്‍.സിക്ക്, ഞങ്ങള്‍ മൂന്ന് പേര്‍ക്ക് ഫസ്റ്റ് ക്ലാസുണ്ടായിരുന്നു; എനിക്കും ടി.പി മുഹമ്മദിനും പുഷ്പ കുമാരിക്കും. എന്നെ മലയാളം പഠിപ്പിച്ച ചാക്യാര്‍ മാഷിന്റെ വിരമിക്കല്‍ ചടങ്ങില്‍ സംസാരിക്കാനായി പില്‍ക്കാലത്ത്  എന്നെ  സ്‌കൂളിലേക്ക് ക്ഷണിച്ചിരുന്നു. ഞാന്‍ അന്ന് ഫ്രൈഡേ ക്ലബും മറ്റുമായി പൊതുരംഗത്ത് സജീവമായി തുടങ്ങിയ കാലമാണ്. അപ്പോഴൊക്കെ അവിടത്തെ മാനേജ്‌മെന്റ് കൊച്ചുണ്ണി സാഹിബിന്റെ സഹോദരന്‍മാരായിരുന്നു. അന്ന് ഞാന്‍ സ്‌കൂളിന്റെ ശോചനീയാവസ്ഥയെ കുറിച്ച് സൂചിപ്പിക്കുകയുണ്ടായി. എന്നെകൊണ്ട് ആരോ പറയിച്ചതായിരുന്നുവോ ഇതെല്ലാം എന്ന സംശയമായിരുന്നു അവര്‍ക്ക്. എന്നെ വിളിപ്പിച്ച് അതിനെക്കുറിച്ച് അവര്‍ അന്വേഷിക്കുകയും ചെയ്തു.
പിന്നീട് ഉടമസ്ഥ തര്‍ക്കത്തെ തുടര്‍ന്ന് സ്‌കൂളും സ്ഥലവും കേസില്‍ പെടുകയും അങ്ങനെ പതിയെ പതിയെ അത് ക്ഷയിക്കുകയും ചെയ്തു. സിയാദ് കോക്കറിന്റെ കുടുംബമാണ് സ്‌കൂള്‍ സ്ഥാപിച്ചതെന്നും അവരുടേതാണ് ഭൂമിയെന്നുമൊക്കെയാണ് പറയപ്പെടുന്നത്. അവര്‍ തന്നെയായിരുന്നു മാനേജ്‌മെന്റ്. എന്നാല്‍, തങ്ങളാണ് സ്‌കൂള്‍ സ്ഥാപിച്ചതെന്ന അവകാശവാദവുമായി യങ് മെന്‍ മുസ്ലിം അസോസിയേഷന്‍ (YMMA) രംഗത്ത് വരികയുണ്ടായി. കൃത്യമായി പറയാന്‍ ഇരു വശത്തും രേഖകളുണ്ടായിരുന്നില്ല എന്നാണ് എന്റെ അറിവ്. ഇതിനെച്ചൊല്ലി ചേരിതിരിവുകള്‍ ഉണ്ടാവുകയും ഒരു പാട് കാലം കേസ്  നടക്കുകയും ചെയ്തു. വലിയ രീതിയില്‍ വളര്‍ന്നു വരേണ്ട സ്‌കൂളായിരുന്നു അത്. മുനവ്വിറുല്‍ ഇസ്‌ലാമിനൊപ്പം അന്ന് എറണാകുളത്തുണ്ടായിരുന്ന മറ്റു സ്‌കൂളുകളെല്ലാം തന്നെ ഇന്ന് വലിയ പാരമ്പര്യമുള്ള, അഡ്മിഷന് വേണ്ടി കുട്ടികള്‍ മത്സരിക്കുന്ന വളര്‍ച്ച നേടി.
വീട്ടുകാര്‍ക്ക് എന്നെ തുടര്‍ന്ന് പഠിപ്പിക്കാന്‍ നല്ല താല്‍പര്യമായിരുന്നു; പഠിക്കാന്‍ എനിക്കും. എന്നെ അലിഗഢില്‍ അയച്ച് പഠിപ്പിക്കണമെന്ന മോഹം വാപ്പക്കുണ്ടായിരുന്നു. അക്കാലത്ത് കൊടുങ്ങല്ലൂരില്‍ നിന്ന് കുറേ പേര്‍ അലീഗഢില്‍  പഠിക്കുകയുണ്ടായി. പി. അബ്ദുല്ല സാഹിബ്, പി.കെ കുഞ്ഞാലി സാഹിബ്, സീതി സാഹിബിന്റെ അനിയന്‍ മൊയ്തീന്‍ സാഹിബ്, ഇബ്‌റാഹീം സാഹിബ് തുടങ്ങി ഒരുപാട് പേര്‍. എല്ലാവരും എടുത്തിരുന്നത് ഒരേ ഡിഗ്രിയാണ്; എം.എ, എല്‍.എല്‍ ബി. അന്ന്, ഇന്നത്തെ പോലെ സ്‌കോളര്‍ഷിപ്പുകള്‍ ഉണ്ടോയെന്നും, അത് എങ്ങനെ നേടാമെന്നും എനിക്ക് അറിയില്ലായിരുന്നു. പാരമ്പര്യ സ്വത്തുണ്ടെങ്കിലും വരുമാനം കുറവായിരുന്നു. ഞങ്ങള്‍ പത്ത് മക്കളുണ്ടല്ലോ. ഫീസ് കൊടുത്ത് ഞങ്ങളെയെല്ലാം പഠിപ്പിക്കുക എളുപ്പമായിരുന്നില്ല. അതുകൊണ്ട്, അലീഗഢില്‍ അയക്കാന്‍ വാപ്പക്ക് കഴിഞ്ഞില്ല. അവിടെ പോയി പഠിക്കാന്‍ പറ്റാത്തതില്‍ എനിക്ക് വലിയ വിഷമമായിരുന്നു. ഞാന്‍ പത്താം ക്ലാസ് കഴിഞ്ഞ് തേവര കോളേജിലാണ് ചേര്‍ന്നത്. ഫസ്റ്റ് ഗ്രൂപ്പ് എടുത്തു. അന്ന് ഞാന്‍ താമസിച്ചിരുന്നത്  മുസ്‌ലിം സ്ട്രീറ്റിലായിരുന്നു. അവിടെയാണ് ജ്യേഷ്ഠന്റെ വീട്. ബസ് സര്‍വീസൊക്കെ വളരെ കുറവാണ്. നടന്നാണ് കോളേജില്‍ പോയിരുന്നത്. എന്നും 8/9 കിലോമീറ്റര്‍ നടക്കും. അതുകൊണ്ട് എനിക്ക് എറണാകുളത്തെ എല്ലാ റോഡും നന്നായി അറിയാമായിരുന്നു.  
അന്നത്തെ അധ്യാപകരെയൊക്കെ ഞാന്‍ ഇന്നും ഓര്‍ക്കുന്നുണ്ട്. കെമിസ്ട്രി അധ്യാപകനായിരുന്ന ഇരിങ്ങാലക്കുടക്കാരന്‍ വര്‍ഗീസ്, 95 വയസ്സുവരെ ജീവിക്കുകയുണ്ടായി. ഫാദര്‍ തിയോഡോഷ്യസ് അച്ചനായിരുന്നു പ്രിന്‍സിപ്പല്‍. ഹോസ്റ്റല്‍ വാര്‍ഡനായിരുന്നു ഡിസ്മാസ് അച്ചന്‍. അങ്ങനെ പലരെയും ഓര്‍ക്കുന്നുണ്ട്. അന്ന് കോളേജ് ഇലക്ഷനില്‍ ചെയര്‍മാന്‍ സ്ഥാനത്തേക്ക് മത്സരിച്ചത് പി.ടി ചാക്കോയുടെ അനിയന്‍ പി.ടി തോമസായിരുന്നു. അന്നാണ് സര്‍ സി.പിയെ തേവര കോളേജില്‍ വെച്ച് ആക്രമിച്ചത്. കോളേജ് തേവരയാണെങ്കിലും തിരുവിതാംകൂറില്‍ നിന്നുള്ള ക്രിസ്ത്യാനികളായിരുന്നു അവിടത്തെ വിദ്യാര്‍ഥികളില്‍ ഭൂരിഭാഗവും. സര്‍ സി.പി കൊണ്ടുവന്ന പരിഷ്‌കാരങ്ങളോട് അമര്‍ഷമുള്ളവരായിരുന്നു ഇവര്‍. അന്ന് ഇദ്ദേഹം എന്ത് പറഞ്ഞാലും മഹാരാജാവ് നടപ്പിലാക്കുന്ന അവസ്ഥയായിരുന്നു. സര്‍ സി.പി കോളേജില്‍ ഒരു പരിപാടിക്ക് വന്നപ്പോഴാണ് പി.ടി തോമസ് അടക്കമുള്ളവര്‍ ചേര്‍ന്ന് അദ്ദേഹത്തെ ആക്രമിച്ചത്. സുരക്ഷാ വലയമുള്ളതുകൊണ്ട് കൂടുതല്‍ അപകടമൊന്നും പറ്റിയില്ല. ഞാനും അന്ന് കോളേജില്‍ ഉണ്ടായിരുന്നു. എന്റെ കൂടെയാണ് ഇ.കെ അബ്ദുല്‍ ഖാദറും പഠിച്ചിരുന്നത്. എന്റെ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ഇടയില്‍ ഇ.കെയെപ്പോലെ ഇത്രയും ശുദ്ധതയും ആത്മാര്‍ഥതയുമുള്ള  മറ്റൊരാളുണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ മരണം എന്നെ വല്ലാതെ തളര്‍ത്തിയിരുന്നു. പ്രീഡിഗ്രിക്ക് ശേഷം ഞാന്‍ അവിടെത്തന്നെ ബി.എസ്.സി കെമിസ്ട്രിക്ക് ജോയിന്‍ ചെയ്തു. ആറ് മാസം കഴിഞ്ഞപ്പോഴേക്കും എനിക്ക് നേവിയില്‍ സെലക്ഷന്‍ കിട്ടി. 

(തുടരും)

ജമാഅത്തെ ഇസ്‌ലാമിയില്‍ അംഗമാകുന്നതിനുമുമ്പും ശേഷവും ധാരാളം സമ്മേളനങ്ങളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. ഓരോ സമ്മേളനവും ഒന്നിനൊന്ന് മികച്ചതും പുതിയ അനുഭവങ്ങള്‍ പകരുന്നതുമായിരുന്നു. ഐഡിയല്‍ സ്റ്റുഡന്റ്‌സ് ലീഗി(ഐ.എസ്.എല്‍)ന്റെ ആദ്യസമ്മേളനം കോഴിക്കോട് മുതലക്കുളത്താണ് നടന്നത്. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പത്തോളം കുട്ടികളുമായി കൊച്ചിയില്‍നിന്ന് ട്രെയ്‌നിലാണ് വന്നത്. 1975 ജനുവരി 18,19 തീയതികളില്‍ കോഴിക്കോട്ട് നടന്ന ഐ.എസ്.എല്ലിന്റെ രണ്ടാം സമ്മേളനം വളരെയേറെ ശ്രദ്ധിക്കപ്പെട്ടു. ഇന്റര്‍നാഷ്‌നല്‍ ഇസ്‌ലാമിക് ഫെഡറേഷന്‍ ഓഫ് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍സ് (ഇഫ്‌സോ) ജന. സെക്രട്ടറി ഡോ. അഹ്മദ് തൂത്തഞ്ചി പങ്കെടുത്തിരുന്നു. ടി.കെ അബ്ദുല്ല സാഹിബ് സമ്മേളനത്തില്‍ പ്രസംഗിച്ചിട്ടുണ്ട്. ടി.കെയുടെ പ്രഭാഷണം കേട്ട് മലയാളമറിയാത്ത തൂത്തഞ്ചി പോലും കൈയടിക്കുകയുണ്ടായി. അത്ര ആവേശകരമായിരുന്നു ടി.കെയുടെ ആ പ്രഭാഷണം. പിന്നീട്, 1989-ല്‍ എന്റെ സുഊദി സന്ദര്‍ശനവേളയില്‍ തൂത്തഞ്ചിയെ വീണ്ടും കാണാനുള്ള സൗഭാഗ്യമുണ്ടായി. അദ്ദേഹം തന്റെ വലതുകൈ ഉയര്‍ത്തി ഐ.എസ്.എല്‍ സിന്ദാബാദ് എന്നു വിളിച്ച് പരിചയം പുതുക്കി.
ഐ.എസ്.എല്‍ സമ്മേളനം നടന്ന പിറ്റേദിവസം ഞാന്‍ കൊടിഞ്ഞി ടി. മുഹമ്മദ് സാഹിബിനെയും ടി.കെ അബ്ദുല്ല സാഹിബിനെയും വെള്ളിമാട്കുന്നിലെ പ്രബോധനം ഓഫീസില്‍ ചെന്നു കണ്ടു. ഇരുവരുമായും ഏറെ നേരം സംസാരിച്ചു. സംസാരത്തിനിടെ ടി.കെ ഒരു കാര്യം പറഞ്ഞു: തെക്കന്‍ കേരളത്തില്‍ ജമാഅത്തിന് ഒരു സ്ഥാപനം വേണം. വിശദാംശങ്ങളൊന്നും പറഞ്ഞില്ല. സമ്മേളനം കഴിഞ്ഞ് വീട്ടിലെത്തുന്നതുവരെ ടി.കെ പറഞ്ഞ കാര്യത്തെ കുറിച്ചായി എന്റെ ചിന്ത. കൊച്ചിയിലെ വാരാന്തയോഗത്തില്‍ അക്കാര്യം ഞാന്‍ അവതരിപ്പിച്ചു. തൊട്ടുമുമ്പത്തെ യോഗത്തില്‍ മറ്റൊരു തീരുമാനം എടുത്തിരുന്നു. 'നീലക്കുയില്‍', 'മുടിയനായ പുത്രന്‍', 'തച്ചോളി ഒതേനന്‍' തുടങ്ങിയ സിനിമകളുടെ നിര്‍മാതാവും ചന്ദ്രതാര പിക്‌ച്ചേഴ്‌സ് ഉടമയുമായ ടി.കെ പരീക്കുട്ടിയുടെ സ്ഥലം വാങ്ങാനുള്ള തീരുമാനമായിരുന്നു അത്. അതില്‍ തേക്കുകൊണ്ട് നിര്‍മിച്ച വീടുമുണ്ട്. പരീക്കുട്ടി അത് വില്‍പനക്കു വെച്ചപ്പോള്‍, പ്രവര്‍ത്തകര്‍ അത് പോയി നോക്കിയിരുന്നു. എനിക്ക് അക്കാര്യത്തെക്കുറിച്ച് ധാരണയില്ലായിരുന്നു.
ടി.കെയുടെ നിര്‍ദേശം പ്രവര്‍ത്തകരോട് പങ്കുവെച്ചപ്പോള്‍ എസ്.വി മുഹമ്മദ്, കെ.യു ഹംസ, പി.കെ അബ്ദുല്ലക്കുട്ടി, ടി.എം ഹൈദ്രോസ്, കെ.എം അബു എന്നിവരടങ്ങുന്ന സംഘം കോഴിക്കോട്ടെത്തി. ടി.കെയുമായി കൂടിക്കാഴ്ച നടത്തി. അധികം വൈകാതെ ഞങ്ങളുടെ പ്രദേശം സന്ദര്‍ശിക്കുമെന്ന് ടി.കെ അറിയിച്ചു. അങ്ങനെ ടി.കെ കൊച്ചിയില്‍ വന്ന് പരീക്കുട്ടിയുടെ സ്ഥലം കണ്ടു. സ്ഥലവും വീടും വാങ്ങിയേ പറ്റൂ എന്നായി ജമാഅത്ത് അമീറായിരുന്ന ടി.കെ. അപ്പോള്‍ ഒരു പ്രശ്‌നം. ടി.കെയുടെ തെക്കന്‍ കേരളത്തിന്റെ നിര്‍വചനത്തില്‍ കൊച്ചി ഉള്‍പ്പെടുമായിരുന്നില്ല. എറണാകുളം കഴിഞ്ഞുള്ള പ്രദേശങ്ങളെയാണ് തെക്കന്‍ കേരളമായി അദ്ദേഹം കണ്ടത്. തെക്കന്‍ കേരളത്തില്‍ ഒരിടത്ത് സ്ഥലമെടുക്കണമെന്നാണല്ലോ നിര്‍ദേശിച്ചതെന്നും അതെങ്ങനെയാണ് കൊച്ചിയായിത്തീര്‍ന്നതെന്നും ടി.കെ ഞങ്ങളോട് ചോദിച്ചു.
കൊച്ചി മുതല്‍ തിരുവനന്തപുരം വരെയുള്ള എവിടെയും തെക്കന്‍ കേരളമാണ് ഞങ്ങള്‍ക്ക്. ആ അര്‍ഥത്തിലാണ് പരീക്കുട്ടിയുടെ സ്ഥലത്തെക്കുറിച്ച വിവരം ടി.കെയെ അറിയിക്കുന്നത്. ഒടുവില്‍ ടി.കെയോട് ഞാനിപ്രകാരം വിശദീകരിച്ചു: 'തെക്കന്‍കേരളത്തില്‍ ആദ്യമായി ജമാഅത്ത് രൂപപ്പെടുന്നത് കൊച്ചിയിലാണ്. കെ അബ്ദുസ്സലാം മൗലവി, ടി. മുഹമ്മദ് സാഹിബ്, അബുല്‍ജലാല്‍ മൗലവി, കെ. മൊയ്തു മൗലവി എന്നിവര്‍ കൊച്ചിയിലെ ഫുള്‍ടൈം പ്രവര്‍ത്തകരും നാസിമുമാരുമായിരുന്നു. കൊച്ചിയില്‍നിന്നാണ് തെക്കന്‍ കേരളത്തിലെ മറ്റിടങ്ങളിലേക്ക് ജമാഅത്ത് വ്യാപിക്കുന്നത്. ജമാഅത്തിന് കൊച്ചി സുപ്രധാന പ്രദേശമായതിനാലാണ് താങ്കളുടെ നിര്‍ദേശംകൂടി പരിഗണിച്ച് കൊച്ചിയില്‍ പരീക്കുട്ടിയുടെ സ്ഥലം നോക്കാന്‍ തീരുമാനിച്ചത്. തെക്കിന്റെ നിര്‍വചനത്തില്‍ കൊച്ചി ഉള്‍പ്പെടില്ലെങ്കില്‍, നിലവിലെ സ്ഥലം ഒഴിവാക്കി മറ്റൊരു സ്ഥലം വാങ്ങാവുന്നതേയുള്ളൂ'.
എന്റെ വിശദീകരണം കേട്ടപ്പോള്‍ എല്ലാവരും ചിരിച്ചു. കൂട്ടത്തില്‍ ടി.കെയും. അവസാനം പരീക്കുട്ടിയുടെ സ്ഥലം വാങ്ങാന്‍ ടി.കെ അനുമതി നല്‍കി. അങ്ങനെയാണ് ദഅ്‌വത്തുല്‍ ഇസ്‌ലാം ട്രസ്റ്റ് കൊച്ചിയില്‍ വരുന്നത്. ട്രസ്റ്റിന്റെ രണ്ടാമത്തെ ചെയര്‍മാന്‍ ഞാനായിരുന്നു. അന്ന് ഞാന്‍ ജമാഅത്ത് മുത്തഫിഖാണ്. ഇസ്‌ലാമിക് മദ്‌റസ, സ്‌കൂള്‍, പലിശരഹിതനിധി എന്നീ സംരംഭങ്ങള്‍ ഇവിടെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. നഴ്‌സറിയും തുടങ്ങിയിരുന്നെങ്കിലും അധികകാലം മുന്നോട്ടുപോയില്ല. നിലവിലെ സണ്‍റൈസ് പ്രോജക്ട് പരീക്കുട്ടിയില്‍നിന്ന് വാങ്ങിയ സ്ഥലത്തിന്റെ തൊട്ടടുത്താണ്. അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആശാവഹമാണ്.
ദഅ്‌വത്തുല്‍ ഇസ്‌ലാം ട്രസ്റ്റിന്റെ രൂപീകരണത്തോടെയാണ് കൊച്ചിയില്‍ ജമാഅത്തിന്റെ വ്യാപനം സാധ്യമാകുന്നത്. ട്രസ്റ്റ് നിലവില്‍ വന്ന സ്ഥലം കേരളത്തിലെ മോസ്‌കോ എന്ന് അറിയപ്പെട്ടിരുന്ന തുരുത്തിയിലാണ്. ഇ.എം.എസിനെപ്പോലുള്ള കമ്യൂണിസ്റ്റ് നേതാക്കള്‍ രഹസ്യമായി താമസിച്ച് പാര്‍ട്ടിപ്രവര്‍ത്തനം നടത്തിയ ഗല്ലി പ്രദേശമാണത്. ഗല്ലിയിലെ വീടിന്റെ ഒരു മുറിയില്‍തന്നെ ആടും പൂച്ചയും ഉമ്മയും ഉപ്പയും മകളും മരുമകളുമൊക്കെയുണ്ടാവും. ഇപ്പോള്‍ അതൊക്കെ മാറിക്കൊണ്ടിരിക്കുന്നുണ്ട്. ഏതായാലും, ജമാഅത്തിന് അവിടെ നല്ല വേരോട്ടമുണ്ടായി. ധാരാളം സി.പി.എം, സി.പി.ഐ പ്രവര്‍ത്തകര്‍ ജമാഅത്തില്‍ അണിചേര്‍ന്നു. ഹിമായത്തുല്‍ ഇസ്‌ലാം സംഘം എന്ന സംവിധാനം തുരുത്തിയില്‍ രൂപംകൊണ്ടു. ഐ.എസ്.വൈ.എ ഒരുഭാഗത്തും ജമാഅത്ത് മറ്റൊരു ഭാഗത്തുമായി പ്രവര്‍ത്തനങ്ങള്‍ സജീവമായ കാലമായിരുന്നു അത്. പ്രദേശത്തുകാര്‍ സാധാരണക്കാരും തൊഴിലാളികളുമായിരുന്നു.
ഓര്‍മയില്‍ തെളിയുന്ന ഒരു സമ്മേളനം, ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീര്‍ മുഹമ്മദ് യൂസുഫ് സാഹിബിന് 1972-ല്‍ കൊച്ചിയില്‍ നല്‍കിയ സ്വീകരണ സമ്മേളനമാണ്. ഒരു ബന്ദ് ദിനത്തിലായിരുന്നു സ്വീകരണ സമ്മേളനം. കേരളത്തിലെ സാമൂഹിക, രാഷ്ട്രീയരംഗത്തെ പ്രമുഖരായ മുന്‍ കെ.പി.സി.സി പ്രസിഡന്റ് ടി.ഒ ബാവ സാഹിബ്, ഇബ്‌റാഹീം സുലൈമാന്‍ സേട്ട് സാഹിബ്, കൊച്ചിയിലെ മാസ് ഓഡിറ്റോറിയത്തിന്റെയും മാസ് ലോഡ്ജിന്റെയും ഉടമയും കെ.പി.സി.സി ട്രഷററുമായിരുന്ന കെ.സി.എം മേത്തര്‍, അഡ്വ. കുര്യന്‍ ജോര്‍ജ് കണ്ണന്താനം എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. കണ്ണന്താനത്തെ ഓര്‍ക്കാന്‍ കാരണമുണ്ട്. അമീര്‍ വേദിയിലിരിക്കുന്നവരുടെ പേര് പറഞ്ഞപ്പോള്‍ കൂടെ സാഹിബെന്നും കൂട്ടിച്ചേര്‍ത്തിരുന്നു. കണ്ണന്താനത്തിന്റെ കൂടെയും സാഹിബെന്ന് ചേര്‍ത്തുപറഞ്ഞു. ഗംഭീരമായിരുന്നു ആ സ്വീകരണ സമ്മേളനം.
പങ്കെടുത്തില്ലെങ്കിലും, ഓര്‍മയിലുള്ള ജമാഅത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം 1969 മാര്‍ച്ചില്‍ നൂറടിപ്പാലത്ത് നടന്ന മലപ്പുറം സമ്മേളനമാണ്. കെ.സി അബ്ദുല്ല മൗലവി അമീറായിരിക്കുമ്പോഴാണ് അത് നടക്കുന്നത്. സമ്മേളനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുണ്ടായിരുന്നുവെങ്കിലും, ദൂരം കാരണം പങ്കെടുക്കാനായില്ല. കൂടാതെ, എന്റെ പഠനകാലവുമായിരുന്നു അത്. 1974-ല്‍ നടന്ന കാഞ്ഞിരപ്പള്ളി ദക്ഷിണകേരള സമ്മേളനമാണ് ജമാഅത്ത് സമ്മേളനങ്ങളെക്കുറിച്ചുള്ള ആദ്യ അനുഭവം. കേരളത്തിന്റെ മൂന്ന് മേഖലകളിലായി നടന്ന സമ്മേളനങ്ങളില്‍ ഒന്നായിരുന്നു അത്. രണ്ട് ദിവസങ്ങളിലായായിരുന്നു സമ്മേളനം. ഭക്ഷണം, നമസ്‌കാരം, ഉറക്കം തുടങ്ങി എല്ലാം സമ്മേളനപ്പന്തലില്‍ തന്നെ. സമ്മേളനത്തിലെ കെ.എന്‍ അബ്ദുല്ല മൗലവിയുടെ പ്രസംഗം ഇപ്പോഴും ഓര്‍മയിലുണ്ട്.
കാഞ്ഞിരപ്പള്ളി സമ്മേളനത്തിനു മുമ്പും ശേഷവും യാഥാസ്ഥിതിക വിഭാഗം ജമാഅത്ത് വിമര്‍ശന പ്രഭാഷണങ്ങള്‍ സംഘടിപ്പിച്ചിരുന്നു. വിമര്‍ശന പ്രഭാഷണങ്ങളിലെ സ്ഥിരം സാന്നിധ്യമായിരുന്നു വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി. വിമര്‍ശനത്തിനുവേണ്ടി ജമാഅത്ത് കൃതികള്‍ ധാരാളം വായിച്ചിരുന്നു വൈലിത്തറ. തന്നെയുമല്ല, തനിക്കനുകൂലമായ കാര്യങ്ങള്‍ക്കും ജമാഅത്ത് കൃതികള്‍ ഉപയോഗിച്ചുപോന്നു അദ്ദേഹം. പ്രൗഢഗംഭീരമായ ശബ്ദവും സാഹിത്യസമ്പുഷ്ടമായ ഭാഷയും വൈലിത്തറയുടെ സവിശേഷതകളാണ്. വ്യാജപ്രചാരണങ്ങളും തെറ്റിദ്ധരിപ്പിക്കലുകളും നിറഞ്ഞതായിരുന്നു വൈലിത്തറയുടെ ജമാഅത്ത്‌വിരുദ്ധ പ്രസംഗം. ജമാഅത്തിനെക്കുറിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാനും പ്രസ്ഥാനത്തെ പരിചയപ്പെടുത്താനും ദ്വിദിന പ്രഭാഷണം സംഘടിപ്പിക്കുകയുണ്ടായി. കെ.എന്‍ അബ്ദുല്ല മൗലവി, ടി.കെ മുഹമ്മദ് ആലുവ എന്നിവരായിരുന്നു പ്രഭാഷകര്‍. ഇരുവരുടെയും പ്രഭാഷണങ്ങള്‍ തെറ്റിദ്ധാരണകള്‍ അകറ്റാന്‍ പര്യാപ്തമായിരുന്നു. വൈലിത്തറ ഇപ്പോള്‍ ജമാഅത്തിനെ വിമര്‍ശിക്കാറില്ല.
തികച്ചും വ്യത്യസ്തവും എന്നാല്‍, വൈയക്തികവുമായ ഒരു അനുഭവം പങ്കുവെക്കാം. അടിയന്തരാവസ്ഥക്കാലത്ത് റെഡിമെയ്ഡ് വസ്ത്രങ്ങളുണ്ടാക്കുകയും വിതരണം നടത്തുകയും ചെയ്യുന്ന എസ്‌കോര്‍ട്ട് എന്ന ഒരു സ്ഥാപനം ഉണ്ടായിരുന്നു. വി.പി മുഹമ്മദാണ് ഉടമ. അദ്ദേഹത്തിന്റെ സഹായിയായി ഞാനും വസ്ത്രത്തിന്റെ ഓര്‍ഡര്‍ സ്വീകരിക്കാന്‍ ദക്ഷിണകേരളത്തില്‍ പതിവായി യാത്ര ചെയ്യും. ഒരിക്കല്‍ ഓര്‍ഡര്‍ എടുക്കുന്നതിന് വര്‍ക്കലയിലെത്തി. അവിടെ രണ്ട് ലോഡ്ജുകളാണ് പരിചയത്തിലുള്ളത്. ഒന്ന് തവക്കല്‍ ലോഡ്ജ്. മറ്റൊന്ന് ചൈനീസ് ഭക്ഷണങ്ങള്‍ ലഭിക്കുന്ന ബാപ്പുജി ലോഡ്ജും. തവക്കല്‍ ലോഡ്ജില്‍ ചെന്നപ്പോള്‍, മുറികള്‍ ബുക്കിംഗാണ്. ശിവഗിരി മഠത്തില്‍ വാര്‍ഷികം നടക്കുന്ന സമയമായതിനാലാണ് ഈ തിരക്ക്. പള്ളിയില്‍ പോയാലോയെന്ന് ആലോചിച്ചുനില്‍ക്കുമ്പോഴാണ് മൂന്നു പേരെ കാണുന്നത്. ലോഡ്ജില്‍ വിശാലമായ റൂമുണ്ടെന്നും ഞാന്‍ അവരോടൊപ്പം ചേര്‍ന്നാല്‍ അതെടുക്കാമെന്നും അവരെന്നോട് പറഞ്ഞു. ഞങ്ങള്‍ നാലു പേര്‍ അതെടുക്കാന്‍ തീരുമാനിച്ചു. എന്റെ പേരിലാണ് മുറിയെടുത്തത്.
വിശപ്പു കാരണം പെട്ടിയും മറ്റും മുറിയില്‍ വെച്ച് ഭക്ഷണം കഴിക്കാന്‍ ഞാന്‍ പുറത്തുപോയി. നേരത്തേ ഓര്‍ഡര്‍ അയച്ചുകൊടുത്ത വകയില്‍ ശേഖരിച്ച പണം എന്റെ കൈവശമുണ്ട്. നമസ്‌കാരം റൂമില്‍നിന്നാവാമെന്ന് കരുതി ഭക്ഷണത്തിനുശേഷം തിരിച്ചുവന്നു. അപ്പോള്‍ കാണുന്നത്, മൂവര്‍സംഘം 'ആഘോഷ'ത്തിന് ഒരുങ്ങുന്നതാണ്. കക്ഷികള്‍ ശിവഗിരി 'വാര്‍ഷികം' ആഘോഷിക്കാന്‍തന്നെ വന്നതാണ്. മൂന്ന് മേത്തരം കുപ്പികള്‍ എന്റെ മേശപ്പുറത്തുണ്ട്. പിന്നെ കുറച്ച് എണ്ണക്കടികളും നേന്ത്രപ്പഴവും അച്ചാറും. അതിലൊരാളായ അബ്ദുല്ലത്വീഫിനോട് ഞാന്‍ നേരത്തേതന്നെ കാര്യങ്ങള്‍ തുറന്നു സംസാരിക്കുകയും എന്റെ സ്വത്വം വെളിപ്പെടുത്തുകയും ചെയ്തിരുന്നു. അതിനാല്‍ അദ്ദേഹത്തിന് എന്നെക്കുറിച്ച് നല്ല ധാരണയുണ്ട്.
എനിക്ക് നമസ്‌കരിക്കേണ്ടതുണ്ടായിരുന്നു. കൂടെയുള്ളവരെ ഗൗനിക്കാതെ ഞാന്‍ നമസ്‌കരിച്ചു. അപ്പോള്‍ ഒരാളുടെ പ്രതികരണം ഇപ്രകാരമായിരുന്നു: 'ഹൊ, യവന്‍ അളിയാ, കൈക്കൊരു വിലങ്ങാണല്ലോ'. നമസ്‌കാരം കഴിഞ്ഞപ്പോള്‍, മുന്തിയ ഇനം ചേര്‍ത്ത ഒരു ഗ്ലാസ് സോഡ സന്തോഷപൂര്‍വം എനിക്ക് തന്നു. ഞാന്‍ തുടക്കമിടണമെന്നാണ് അവരുടെ ഉള്ളിലിരുപ്പ്. ഒരു ഡ്രിങ്ക്‌സും ഉപയോഗിക്കാറില്ലെന്ന് ഞാന്‍ തീര്‍ത്തുപറഞ്ഞു. ഇതൊക്കെ വല്ലപ്പോഴുമല്ലേ എന്നായി അവര്‍. 'വല്ലപ്പോഴും ഉപയോഗിക്കുന്നതാണ് പതിവാകുന്നത്. കുടിക്കുന്ന സ്വഭാവം എനിക്കില്ല. അത് തുടങ്ങണമെന്നും തീരുമാനിച്ചിട്ടില്ല'- ഞാന്‍ പ്രതികരിച്ചു. അങ്ങനെ ഞങ്ങള്‍ തര്‍ക്കമായി. 'സ്വസ്ഥമായി ഉറങ്ങാനാണ് ഞാന്‍ ഇങ്ങോട്ടുവന്നത്. അതിന് സാധിച്ചില്ലെങ്കില്‍, തൊട്ടപ്പുറത്തുള്ള പള്ളിയില്‍ പോയി കിടക്കും'- ഞാനവരോട് കടുത്ത സ്വരത്തില്‍ പറഞ്ഞു. അങ്ങനെ ചെയ്യരുതെന്ന് അവര്‍ പറഞ്ഞു. കുടിക്കാന്‍ എന്നെ നിര്‍ബന്ധിക്കുന്നതില്‍നിന്ന് ഒഴിയുകയും ചെയ്തു. ഞാന്‍ ഉറങ്ങാന്‍ കിടന്നു. അവരുടെ ചെയ്തികളും അട്ടഹാസവും കാരണം ഉറക്കം വന്നില്ല. മാത്രമല്ല, എന്റെ പേരിലാണല്ലോ റൂം എന്നോര്‍ക്കുമ്പോള്‍ വിട്ടുപോകാനും കഴിയുന്നില്ല. ഇവര്‍ വല്ല അപകടവും വരുത്തിവെച്ചാല്‍, ഞാനായിരിക്കും ഉത്തരവാദി. കൂടാതെ, എന്റെ കൈവശം കുറേ പണവുമുണ്ട്. പിന്നെ ഉറക്കം എങ്ങനെ വരാനാണ്!
കുറേ കഴിഞ്ഞപ്പോള്‍ ക്ഷീണം കാരണം ഞാന്‍ മയങ്ങിപ്പോയി. വൈകിയാണ് ഉറങ്ങിയതെങ്കിലും, നേരത്തേ എഴുന്നേറ്റ് സ്വുബ്ഹ് നമസ്‌കരിച്ചു. എന്റെ നമസ്‌കാരം കണ്ട് അവരിലൊരാള്‍: 'നിങ്ങള്‍ ചെറുപ്പക്കാരനായ ഭക്തിയുള്ള വ്യക്തിയാണ്. നിങ്ങളെപ്പൊലെ മറ്റൊരു വ്യക്തിയെ ഞാന്‍ കണ്ടിട്ടേയില്ല'. ഞാന്‍ ഒന്നും പ്രതികരിച്ചില്ല. നാശ്തക്കുശേഷം അവരുമായി കാര്യങ്ങള്‍ തുറന്നുപറഞ്ഞു: 'നിങ്ങള്‍ ഉയര്‍ന്ന സ്ഥാനങ്ങളിലുള്ള വ്യക്തികളാണ്. ഒരാള്‍ ഇന്‍സ്‌പെക്ടര്‍, മറ്റു രണ്ടു പേര്‍ അധ്യാപകര്‍. നിങ്ങളിങ്ങനെ ചെയ്താല്‍ ഭാവി തലമുറ എവിടെയെത്തും? ഞാനും നിങ്ങളോടൊപ്പം ചേര്‍ന്നിരുന്നെങ്കില്‍, നിങ്ങളെപ്പോലെ ആകുമായിരുന്നില്ലേ? എന്റെ കീഴിലുള്ളവരും അങ്ങനെ ആകുമായിരുന്നില്ലേ?' ഇതൊന്നും ഞങ്ങള്‍ സ്ഥിരമായി ചെയ്യാറില്ലെന്ന് ഇന്‍സ്‌പെക്ടര്‍ ന്യായീകരിച്ചു. ശിവഗിരി വാര്‍ഷികമായതിനാല്‍ ഒന്നിച്ചിരുന്നുവെന്നു മാത്രം. 'ആയിക്കോട്ടെ, ഇതൊരു വാര്‍ഷികമാണ്. മറ്റൊരു സ്ഥലത്ത് ഉത്സവം വരും. വേറൊരിടത്ത് നേര്‍ച്ചയും പെരുന്നാളും വരും. അപ്പോഴൊക്കെ ആഘോഷിക്കും. പിന്നെ അതൊരു ശീലമായി മാറും. അങ്ങനെ ചുട്ടയിലെ ശീലം ചുടലവരെ തുടരും. അങ്ങനെയാണ് നമ്മള്‍ വഴിതെറ്റുന്നത്. അതിനാല്‍, ആത്മപരിശോധന നടത്തണം'- ഞാനവരോട് പറഞ്ഞു. ഉള്ളുതുറന്ന സംസാരത്തിനുശേഷം അവര്‍ ഒന്നുകൂടി എന്നോടടുത്തു. കുറേയേറെ കാര്യങ്ങള്‍ അവര്‍ പങ്കുവെച്ചു. ഞാന്‍ കൂടുതല്‍ സംസാരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അവര്‍ അവരുടെ ഫോണ്‍ നമ്പറുകള്‍ തരികയും ചെയ്തു. കുറേ കാലത്തേക്ക് അവരുമായി ഫോണിലൂടെ സംസാരിക്കാറുണ്ടായിരുന്നു. ഇടക്കാലത്ത് നമ്പര്‍ നഷ്ടപ്പെട്ടതോടെ അവരുമായുള്ള ബന്ധം മുറിഞ്ഞുപോയി.
(തുടരും)

(ജീവിതം - 13 )

ഐ.ആര്‍.എസിലെ അധ്യാപന ജീവിതം പ്രസ്ഥാന ജീവിതത്തെ കരുപ്പിടിപ്പിക്കുന്നതില്‍ വലിയ പങ്കാണ് വഹിച്ചത്. സമദ് മാഷുടെ പിന്തുണയും സഹപ്രവര്‍ത്തകരുടെ സഹകരണവും അതിനു സഹായകമായിട്ടുണ്ട്. ക്രമേണ വിദ്യാര്‍ഥികളില്‍ പലരും സുഹൃത്തുക്കളെപ്പോലെയായി. വിദ്യാര്‍ഥികളെക്കൂട്ടി പരിസര പ്രദേശങ്ങളില്‍ സ്‌ക്വാഡ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നിടത്തേക്കു വരെ കാര്യങ്ങളെത്തി.
അതിനിടയില്‍ പരിശുദ്ധ റമദാന്‍ കടന്നുവന്നു. സ്‌കൂളിനോടനുബന്ധിച്ചുള്ള പള്ളിയില്‍ വെച്ചായിരുന്നു നമസ്‌കാരം നടന്നിരുന്നത്. തറാവീഹ് നമസ്‌കാരത്തിന് നേതൃത്വം നല്‍കാന്‍ ഒരു ദര്‍സില്‍ പഠിച്ചിരുന്ന അസ്‌ലം എന്ന വിദ്യാര്‍ഥിയെ കൊണ്ടു വന്നിരുന്നു. അസ്‌ലമിന്റെ ഖുര്‍ആന്‍ പാരായണത്തിന്റെ മധുരം ഇപ്പോഴും മനസ്സിലു്. ഏഴാം ക്ലാസ്സിലോ മറ്റോ ആണ് അസ്‌ലം പഠിച്ചിരുന്നത്. ഖുര്‍ആന്‍ മുഴുവന്‍ മനഃപാഠമാക്കിയിട്ടുണ്ട് എന്ന് ആരോ പറഞ്ഞപ്പോള്‍ വല്ലാത്ത അത്ഭുതമായി. അങ്ങനെ എത്രയെത്ര കുട്ടികളാണ് ഖുര്‍ആന്‍ ഹൃദിസ്ഥമാക്കുന്നത്! നിഷ്‌കളങ്കമായ കുഞ്ഞു മനസ്സുകളില്‍ പോലും പരിശുദ്ധ ഖുര്‍ആനിനെ സ്രഷ്ടാവായ തമ്പുരാന്‍ 'സൂക്ഷിച്ചു വെക്കുന്ന' രീതി അത്ഭുതം തന്നെയല്ലേ? വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായും മനഃപാഠമാക്കുന്നതിനുള്ള കോഴ്‌സ് തന്നെ ഉണ്ടെന്നാണറിഞ്ഞത്; 'ഹിഫഌ കോഴ്‌സ്' എന്ന പേരില്‍. ലക്ഷക്കണക്കിന് വിദ്യാര്‍ഥികളാണ് ഖുര്‍ആന്‍ മനഃപാഠമാക്കുന്നത്.  ഇതുപോലെ ഒരു ഗ്രന്ഥവും വേറെ ഇല്ല എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്.    
'ജനങ്ങള്‍ക്ക് സന്മാര്‍ഗമായി ഖുര്‍ആന്‍ അവതരിച്ച മാസമാണ് റമദാന്‍' എന്ന് ഖുര്‍ആനിലെ രണ്ടാം അധ്യായം നൂറ്റി എണ്‍പത്തി അഞ്ചാം സൂക്തത്തില്‍ പറയുന്നുണ്ടല്ലോ.
ഭൂമിയുടെ പരുപരുത്ത ഭൗതിക പരിസരത്തേക്ക് ആകാശത്തു നിന്നുള്ള മിനുമിനുത്ത ആത്മീയതയുടെ പെയ്ത്ത് ആരംഭിച്ചതിന്റെ വാര്‍ഷികമാണ് റമദാന്‍. ആധുനിക ലോകത്തെക്കൂടി കണ്ടറിഞ്ഞുകൊണ്ടാണ് അത് പെയ്തിറങ്ങിയത് എന്നാണ് ആദ്യമായി അവതരിച്ച സൂക്തം വായിച്ചപ്പോള്‍ തോന്നിയത്.
'വായിക്കുക, നിന്നെ സൃഷ്ടിച്ച നിന്റെ ദൈവത്തിന്റെ നാമത്തില്‍.' - ഇങ്ങനെയാണല്ലോ ഖുര്‍ആന്‍ അവതരണം ആരംഭിച്ചത്. 'ഖുര്‍ആന്‍' എന്ന പദത്തിന്റെ അര്‍ഥം തന്നെ 'വായന' എന്നാവുകയും വായിക്കാന്‍ പറഞ്ഞുകൊണ്ട് ആരംഭിക്കുകയും ഏറ്റവും അധികം വായിക്കപ്പെടുന്ന ഗ്രന്ഥം ഖുര്‍ആന്‍ ആവുകയും ചെയ്യുന്നതിലെ പൊരുത്തം പോലും അതിന്റെ മഹത്വത്തിനാണ് അടിവരയിടുന്നത്. ഏറ്റവും അധികം ജനഹൃദയങ്ങളില്‍ വള്ളിപുള്ളി വ്യത്യാസമില്ലാതെ അക്ഷരാര്‍ഥത്തില്‍തന്നെ സ്ഥാനം പിടിച്ച ഗ്രന്ഥവും ഖുര്‍ആനാണ്. അന്ത്യവേദം എന്ന നിലക്ക് വിശുദ്ധ ഖുര്‍ആന്‍ ഇങ്ങനെ നിലനില്‍ക്കുന്നു എന്നത് അതിന്റെ മഹത്വത്തിന് മാറ്റു കൂട്ടുന്നതായി തോന്നിയിട്ടുണ്ട്.
ആധുനിക ലോകത്തിന്റെ ഏറ്റവും വലിയ പ്രത്യേകത അറിവ് അരങ്ങു തകര്‍ക്കുന്നു എന്നതാണ്. അറിവിന് പഞ്ഞമില്ലാത്ത കാലം. വിവരവിപ്ലവത്തിന്റെ ലോകം. പക്ഷേ, മനുഷ്യന്‍ എന്ന നിലക്കുള്ള മനുഷ്യന്റെ വളര്‍ച്ചയോ? മഹാകഷ്ടവും!
'ഭൗതികതയില്‍ പുരോഗതി, മാനവികതയില്‍ അധോഗതി' - ഇതാണല്ലോ ആധുനിക ലോകത്തിന്റെ അവസ്ഥ. ഇത് വിലയിരുത്തിക്കൊണ്ട് ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറഞ്ഞത്, 'വിശ്വാസമില്ലാത്ത വിജ്ഞാനം വികലാംഗനാണ്; വിജ്ഞാനമില്ലാത്ത വിശ്വാസം അന്ധനും' എന്നാണ്. ആദ്യമായി അവതരിച്ച ഖുര്‍ആന്‍ സൂക്തത്തിന്റെ ഒരു വ്യാഖ്യാനം പോലെയാണിത് അനുഭവപ്പെട്ടത്. നിരീശ്വരവാദത്തോട് വിടപറഞ്ഞ്, ഖുര്‍ആന്‍ പഠനം തുടങ്ങിയ സമയത്താണ് ഐന്‍സ്റ്റീന്റെ ഈ പ്രസ്താവന വായനയില്‍  വന്നത്. ശരിയായ വിശ്വാസത്തിന്റെ അടിസ്ഥാനത്തിലുള്ള വിജ്ഞാനവും ശരിയായ വിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലുള്ള വിശ്വാസവുമാണ് ശരി എന്നാണല്ലോ ആ പറഞ്ഞതിന്റെ അര്‍ഥം.
ഖുര്‍ആന്റെ അവതരണം ആരംഭിച്ചതു തന്നെ വായിക്കാന്‍ പറഞ്ഞുകൊണ്ടാണ് എന്നത് ശ്രദ്ധേയമായി തോന്നി. വായന എന്നത് അറിവ് നേടുന്നതിനുള്ള ഒരു താക്കോലാണ്. വെറും അറിവുകൊണ്ടു മാത്രം മനുഷ്യന്‍ യഥാര്‍ഥ മനുഷ്യനാവുകയില്ല. ഈ യാഥാര്‍ഥ്യം ബോധ്യപ്പെടുത്താന്‍ സാധാരണയായി പ്രസംഗങ്ങളില്‍ പറയാറുള്ള ഉദാഹരണം 'രോഗിയുടെ വൃക്ക മോഷ്ടിച്ചെടുക്കുന്ന ഡോക്ടര്‍ അറിവില്ലാത്തവനല്ലല്ലോ' എന്നാണ്.
ഐ.ആര്‍.എസിലെ ഒരു വിദ്യാര്‍ഥിയില്‍നിന്ന് കടമെടുത്ത പ്രയോഗമാണത്. സ്‌കൂളില്‍ നടന്ന സാഹിത്യ സമാജം പരിപാടിയിലോ മറ്റോ പ്രസംഗമധ്യേ ഒരു വിദ്യാര്‍ഥി പറഞ്ഞതാണത്. അവന്റെ പേര് ഓര്‍ക്കുന്നില്ല. വളരെ കൃത്യമായ  ഉദാഹരണമായതുകൊണ്ട് പലപ്പോഴും അത് ഉദ്ധരിക്കാറുണ്ട്. ഒരു സ്ഥാപനം വിദ്യാര്‍ഥികള്‍ക്ക് കൊടുക്കുന്ന അറിവിനപ്പുറത്തുള്ള തിരിച്ചറിവിന്റെ ഉദാഹരണം കൂടിയാണല്ലോ ഇത്. ആ അര്‍ഥത്തില്‍ സ്ഥാപനത്തെപ്പറ്റി അഭിമാനം തോന്നി, ആ പ്രഭാഷണം കേട്ടപ്പോള്‍.
പറഞ്ഞുവന്നത്, ദൈവത്തിന്റെ ആദ്യത്തെ കല്‍പന വായിക്കാനായിരുന്നു എന്ന കാര്യമാണ്. മനുഷ്യന്‍ ആദ്യം അറിവ് നേടണം. അറിവ് കഴിഞ്ഞാണ് ആചാരങ്ങളും അനുഷ്ഠാനങ്ങളും. കാരണം, വിജ്ഞാനമില്ലാത്ത വിശ്വാസം അന്ധമായിരിക്കും.
അതോടൊപ്പം വായനക്ക് ഖുര്‍ആന്‍ വെച്ച ഉപാധി 'സൃഷ്ടിച്ച ദൈവത്തിന്റെ നാമത്തില്‍' വായിക്കണം എന്നാണ്. കാരണം, വിശ്വാസമില്ലാത്ത വിജ്ഞാനം വികലമായിരിക്കും. അതിനാല്‍, വിജ്ഞാനാന്വേഷണം ആരംഭിക്കേണ്ടത് ദൈവനാമത്തിലായിരിക്കണം. വിശ്വാസത്തെയും വിജ്ഞാനത്തെയും സമന്വയിപ്പിച്ചുകൊണ്ടുള്ള ഖുര്‍ആനിന്റെ ഈ അവതരണാരംഭവും ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ പ്രസ്താവനയും ആധുനിക മനുഷ്യന് ഏറ്റവും വിലപ്പെട്ടതാണെന്നാണ് തോന്നിയിട്ടുള്ളത്.
വിജ്ഞാനത്തിന്റെ അടിസ്ഥാനത്തിലല്ലാത്ത വിശ്വാസമാണല്ലോ അന്ധവിശ്വാസം. അതിന്റെ പേരില്‍ എന്തെല്ലാമാണ് സമൂഹത്തില്‍ നടക്കുന്നത്! അന്ധവിശ്വാസങ്ങളുടെ പേരില്‍ എത്രയെത്ര വീടുകളാണ് പൊളിക്കുന്നത്, എത്രയെത്ര കുടുംബ ബന്ധങ്ങളാണ് തകരുന്നത്, എത്രയെത്ര സുഹൃത്തുക്കളാണ് ശത്രുക്കളാവുന്നത്, എത്രയെത്ര വിവാഹങ്ങളാണ് മുടങ്ങുന്നത്, എത്രയെത്ര വിധവകളാണ് ശപിക്കപ്പെടുന്നത്, എത്രയെത്ര നിരപരാധികളായ കുട്ടികളെയാണ് ജനിച്ച ദിവസത്തിന്റെ പേരില്‍ കുറ്റവാളികളാക്കുന്നത്, എത്രയെത്ര മനുഷ്യരാണ് അനാവശ്യ പേടിയില്‍ ജീവിക്കുന്നത്, എത്രയെത്ര സമ്പത്താണ് അനാവശ്യമായി ചെലവഴിക്കുന്നത്, എത്രയെത്ര ബലാത്സംഗങ്ങളാണ് നടക്കുന്നത്, എത്രയെത്ര ചൂഷണങ്ങളാണ് അരങ്ങു തകര്‍ക്കുന്നത്, എത്രയെത്ര മനുഷ്യരാണ് ആത്മഹത്യ ചെയ്യുന്നത്... വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്ന വിശ്വാസത്തിന്റെ പേരില്‍ ഇതൊന്നും സംഭവിക്കുന്നേയില്ല. ഇത്തരം അരുതായ്മകളില്‍നിന്നെല്ലാം മുക്തമാവുകയാണ് ചെയ്യുക. മാത്രമല്ല, മനുഷ്യന്‍ പൊതുവില്‍ തിന്മയായി കാണുന്ന എല്ലാറ്റില്‍നിന്നും ഖുര്‍ആന്‍ മനുഷ്യനെ സംരക്ഷിക്കുന്നതായി കാണാം.
സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന കാലത്ത് മുസ്ലിം സമുദായത്തില്‍ പിറന്ന മദ്യപാനിയായ ഒരാളെപ്പറ്റി അമ്മ പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നുണ്ട്;
'മുസ്ലിമാണ്, എന്നാലും കള്ള് കുടിക്കും.'
മുസ്ലിമാണെങ്കില്‍ കള്ള് കുടിക്കാന്‍ പാടില്ല എന്ന  പൊതുബോധം അന്നുണ്ടായിരുന്നു.
പലിശക്കച്ചവടം നടത്തിയിരുന്ന ഒരു ഹാജിയാരെപ്പറ്റി പറയുമ്പോള്‍, 'ഹാജിയാരൊക്കെത്തന്നെയാണ്. എന്നിട്ടും...' എന്നാണ് പറയുക. മുസ്‌ലിമായ ഒരാള്‍ പലിശക്കച്ചവടം ചെയ്യാന്‍ പാടില്ല എന്ന പൊതുബോധമാണിതിനു കാരണം.
ഇങ്ങനെ വ്യഭിചാരം, ചൂതാട്ടം, കൈക്കൂലി, അഴിമതി, കൊള്ള, കൊല തുടങ്ങി എല്ലാ തിന്മകളില്‍നിന്നും മനുഷ്യനെ മുക്തമാക്കാനാണ് ഖുര്‍ആന്‍ നിലകൊള്ളുന്നത്. ഖുര്‍ആന്‍ മനുഷ്യര്‍ക്ക് സന്മാര്‍ഗം പഠിപ്പിക്കാനാണ് അവതരിച്ചത് എന്ന യാഥാര്‍ഥ്യം ബോധ്യപ്പെട്ടത് ഇങ്ങനെ വിലയിരുത്തിയപ്പോഴാണ്.
താനൊരു യുക്തിവാദി ആയതോടെയാണ് മദ്യപാനം നിര്‍ത്തിയത് എന്നു പറഞ്ഞ ഒരാളെയും ജീവിതത്തില്‍ കണ്ടിട്ടില്ല. യുക്തിവാദി ആയതോടെയാണ് കൈക്കൂലി വാങ്ങല്‍ നിര്‍ത്തിയത് എന്ന് പറഞ്ഞവരെയും കണ്ടിട്ടില്ല. യുക്തിവാദി ആയതോടെയാണ് ചൂതാട്ടം നിര്‍ത്തിയത് എന്ന് പറഞ്ഞവരാരെങ്കിലുമുണ്ടോ? വ്യഭിചാരം, കളവ്, അഴിമതി തുടങ്ങി ഏതൊരു തിന്മയില്‍നിന്നും മാറിനില്‍ക്കാനുള്ള പ്രേരണയായത് യുക്തിവാദമാണെന്നു പറഞ്ഞ ഒരാളെയും കണ്ടിട്ടില്ല. അത് അസാധ്യവുമാണ്. കാരണം, 'ധാര്‍മികത' എന്നത് യുക്തിവാദത്തിന്റെ പരിധിയില്‍ വരുന്ന കാര്യമല്ല. ഏതെങ്കിലും വ്യക്തികള്‍ ചില മൂല്യങ്ങള്‍ പാലിക്കുന്നുണ്ടെങ്കില്‍ അത് ആ വ്യക്തിയുടെ ഗുണമാണ്; യുക്തിവാദം എന്ന ആശയത്തിന്റേതല്ല. ഇത്തരം 'ജനിതക തകരാറുകള്‍' ഉള്ള ഒരു ജീവിതവീക്ഷണം കൊണ്ട് മനുഷ്യനെ ധാര്‍മികതയിലേക്ക് നയിക്കല്‍ അസാധ്യമാണ് എന്നത് അനുഭവം കൊണ്ട് ബോധ്യപ്പെട്ടതാണ്. അന്ധവിശ്വാസങ്ങളില്‍നിന്ന് മുക്തമായതുകൊണ്ടു മാത്രം മനുഷ്യന്‍ തിന്മകളില്‍നിന്ന് മുക്തനാവുകയില്ല.
അതേസമയം ഖുര്‍ആന്‍ കാരണം ഇത്തരം തിന്മകളില്‍നിന്ന് മുക്തമായി ജീവിക്കുന്ന ആയിരക്കണക്കിനാളുകളെ നേരില്‍ പരിചയമുണ്ട്. ഇത്തരം തിന്മകളില്‍ ആറാടി ജീവിച്ച ധാരാളം ആളുകള്‍ ഖുര്‍ആന്‍ തെളിച്ച വെളിച്ചത്തിലൂടെ ജീവിത വിശുദ്ധിയിലേക്ക് വന്നത് നേരിട്ടനുഭവമുള്ളതാണ്.
ഇങ്ങനെ മനുഷ്യനെ ജീവിതത്തിലുടനീളം വിശുദ്ധിയിലേക്ക് നയിക്കാന്‍ പര്യാപ്തമായ ഒരാശയമാണ് ഖുര്‍ആന്‍ മുന്നോട്ടു വെക്കുന്നത്. ഇത് ഖുര്‍ആനിന്റെ ദൈവികതക്കുള്ള  ന്യായം കൂടിയായി തോന്നിയിട്ടുണ്ട്.
ശരിയിലേക്ക് നയിക്കുന്ന വിശ്വാസം ശരിയും തെറ്റിലേക്ക് നയിക്കുന്ന വിശ്വാസം തെറ്റുമാണല്ലോ. വിശുദ്ധ ഖുര്‍ആന്‍ ശരിയിലേക്കു മാത്രമാണ് മനുഷ്യനെ നയിക്കുക. വിശുദ്ധ ഖുര്‍ആന്‍ പറയുന്ന വിശ്വാസം ശരിയാണ് എന്നതിന്റെ ന്യായം അതാണ്. ഖുര്‍ആനില്‍ എവിടെയും ഖുര്‍ആനിനെ 'വിശുദ്ധ ഖുര്‍ആന്‍' എന്ന് വിശേഷിപ്പിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. എന്നിട്ടും 'വിശുദ്ധ' ഖുര്‍ആന്‍ എന്ന് പറയാനുള്ള ന്യായമായി തോന്നിയത്  തിരുത്തപ്പെട്ടിട്ടില്ല എന്നതോ, ശാസ്ത്രീയ സത്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു എന്നതോ ഒന്നുമല്ല. മനുഷ്യനെ ജീവിത വിശുദ്ധിയിലേക്ക് നയിക്കാന്‍ അതിന് കഴിയുന്നു എന്നതാണ്. അതിന് കഴിയാത്ത ഒരു ഗ്രന്ഥം എത്ര ശാസ്ത്രീയ സത്യങ്ങളുണ്ടെങ്കിലും മനുഷ്യരാശിക്ക് തീരേ വിലയില്ലാത്തതായിരിക്കും. വിശുദ്ധ ഖുര്‍ആനിന്റെ വളച്ചുകെട്ടില്ലാത്ത സവിശേഷതയായി തോന്നിയത് ഇതാണ്. അതിനാലാണ് ഖുര്‍ആനിനെ 'വിശുദ്ധ ഖുര്‍ആന്‍' എന്ന് വിളിക്കാന്‍ തോന്നുന്നത്.
ഇങ്ങനെയുള്ള ഒരു വിശുദ്ധ വേദത്തിന്റെ അവതരണം ആരംഭിച്ച മാസമാണല്ലോ റമദാന്‍. ആകാശവും ഭൂമിയും മനുഷ്യകുലത്തിന്റെ സന്മാര്‍ഗത്തിനു വേണ്ടി സന്ധിച്ച മാസം! അങ്ങനെയുള്ള പുണ്യ നിമിഷങ്ങളും നാളുകളും ഉള്‍ക്കൊള്ളുന്ന മാസമാണത്. ഒരു മാസത്തിന് മഹത്വം കല്‍പിക്കാന്‍ മനുഷ്യര്‍ക്ക് ഇതിനേക്കാള്‍ പിന്നെന്തു വേണം! ആത്മീയമായ ഒരാഘോഷമായിട്ടാണ് റമദാന്‍ അനുഭവപ്പെട്ടത്. അസ്‌ലമിന്റെ ഖുര്‍ആന്‍ പാരായണത്തിന് അതില്‍ വലിയൊരു പങ്കുണ്ട്. മനുഷ്യജീവിതത്തെ മനോഹരമാക്കാന്‍ പര്യാപ്തമായ ഖുര്‍ആന്‍ സ്വയം തന്നെ മനോഹരമാണെന്ന് തോന്നിയത് ആ മനോഹരമായ പാരായണം കേട്ടപ്പോഴാണ്.
റമദാനോടനുബന്ധിച്ച് പള്ളികളില്‍ ക്ലാസ്സുകള്‍ നടക്കാറുണ്ട്. സമദ് മാഷ് പറഞ്ഞതനുസരിച്ച് തിരൂരിലെ സ്വഫാ മസ്ജിദില്‍ ഒരു പരിപാടിക്ക് വിളിച്ചിരുന്നു. നമസ്‌കാരം കഴിഞ്ഞ് ഒരു മണിക്കാണ് പരിപാടി. ദൂരത്തെക്കുറിച്ച കൃത്യമായ ധാരണ ഇല്ലാത്തതിനാല്‍ അല്‍പം വൈകിയാണെത്തിയത്. പള്ളിയുടെ വാതില്‍ക്കല്‍ രണ്ടാം മുണ്ട് തോളിലിട്ട, കഷണ്ടിയുള്ള ഒരാള്‍ അക്ഷമനായി നില്‍ക്കുന്നുണ്ട്. കണ്ട ഉടനെ സലാം പറഞ്ഞു. അദ്ദേഹം ധൃതി കൂട്ടുന്ന പോലെ. വേഗം നമസ്‌കരിക്കാന്‍ പറഞ്ഞു. പള്ളിയുടെ ഫസ്റ്റ് ഫ്‌ളോറിലാണ് പരിപാടി. അദ്ദേഹത്തിന്റെ കൂടെ മുകളിലേക്ക് കയറി. പെട്ടെന്ന് ഉള്ളില്‍ ഒരു കാളല്‍.
ഉള്‍ഭയം അസ്വസ്ഥതയായി, ശരീരം വിറക്കുന്ന പോലെ. കാരണം മറ്റൊന്നുമല്ല. ഇത്രയും വലിയൊരു സദസ്സിനെ ആദ്യമായിട്ടാണ് അഭിമുഖീകരിക്കാന്‍ പോകുന്നത്. ഫസ്റ്റ് ഫ്‌ളോറില്‍ നിറയെ ആളുകളാണ്. സ്റ്റെപ്പുകളില്‍ വരെ ഇരിക്കുന്നുണ്ട്. ഏതോ അത്ഭുത ജീവിയെ കാണുന്ന പോലെ എല്ലാവരും തുറിച്ചു നോക്കുന്നു! അദ്ദേഹത്തെ തോണ്ടിക്കൊണ്ട് മെല്ലെ പറഞ്ഞു:
'ഇത്ര വലിയ സദസ്സില്‍ എനിക്ക് പ്രസംഗിക്കാന്‍ കഴിയില്ല.'
'ഒന്നും പ്രശ്‌നാക്കണ്ട. കുറച്ച് അനുഭവങ്ങള്‍ പറഞ്ഞാല്‍ മതി' എന്നു പറഞ്ഞ് അദ്ദേഹം ആത്മവിശ്വാസം നല്‍കി, കസേരയിലിരുത്തി.  
ആദ്യത്തെ കുറച്ച് സമയം എന്തൊക്കെയാണ് നടന്നത് എന്ന് അന്നും ഇന്നും ഓര്‍മയില്ല. ജീവിതത്തില്‍ ആദ്യമായി, ഉണര്‍ന്നിരിക്കെ സ്ഥലകാലബോധമില്ലാതായ നിമിഷങ്ങളായിരുന്നു അത്. പ്രസംഗം മെല്ലെമെല്ലെ ട്രാക്കില്‍ കയറി. ആളുകളെല്ലാം നന്നായി ശ്രദ്ധിക്കുന്നുണ്ട്. ആവേശത്തിന് അതൊരു കാരണമായി. ഏതാണ്ട് ഒരു മണിക്കൂറോളം പ്രസംഗിച്ചു! ഒരു വലിയ സദസ്സിനെ അഭിമുഖീകരിക്കുന്ന ആദ്യത്തെ പ്രഭാഷണം. അതോടെ 'സഭാകമ്പം' പമ്പകടന്നു. ഇസ്‌ലാമിനെക്കുറിച്ച് പറയാനാണെങ്കില്‍ ലോകത്തെ മുഴുവന്‍ അഭിസംബോധന ചെയ്യാനും റെഡി എന്ന ഒരു മനസ്സ് പാകപ്പെട്ടു.
രണ്ടാം മുണ്ട് തോളിലിട്ട, കഷണ്ടിക്കാരനായ അദ്ദേഹം കുറേ നല്ല വര്‍ത്തമാനങ്ങള്‍ പറഞ്ഞാണ് യാത്രയാക്കിയത്. അദ്ദേഹം ആരായിരുന്നു എന്ന് പിന്നീടാണ് ചോദിച്ചറിഞ്ഞത്. കെ.പി.ഒ എന്നറിയപ്പെടുന്ന, തിരൂരിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ എല്ലാമെല്ലാമായിരുന്നു അദ്ദേഹം എന്നാണറിഞ്ഞത്.
ജീവിതയാത്രയിലെ വളവുതിരിവുകളില്‍ ഇങ്ങനെ കണ്ടുമുട്ടുന്ന, പിന്നീട് ഒരിക്കലും മറക്കാത്ത കുറേ നല്ല മനുഷ്യരുണ്ട്. കുറച്ച് മാത്രം പറഞ്ഞ് കൂടുതല്‍ പ്രചോദിപ്പിക്കുന്നവര്‍! അങ്ങനെയുള്ള ചിലരൊക്കെ ദൈവസന്നിധിയിലെത്തിയവരാണ്. ചിലര്‍ ജീവിച്ചിരിക്കുന്നു.
ക്രമേണ പല ഭാഗങ്ങളിലും പരിപാടികള്‍ നടന്നുകൊണ്ടിരുന്നു. പരിപാടികളോടനുബന്ധിച്ച് അമ്മ, ജ്യേഷ്ഠന്മാര്‍, സഹോദരിമാര്‍ ഇവര്‍ക്കൊക്കെ സത്യത്തിന്റെ വെളിച്ചം കിട്ടാന്‍ പ്രാര്‍ഥിക്കണമെന്ന് സദസ്സിലുളളവരോട് അപേക്ഷിക്കാനുള്ള അവസരമായും പരിപാടികളെ കണ്ടു.
'വിദൂരസ്ഥന്റെ പ്രാര്‍ഥന സമീപസ്ഥന്റ പ്രാര്‍ഥനയേക്കാള്‍ വേഗത്തില്‍ സ്വീകരിക്കപ്പെടും' എന്ന പ്രവാചകവചനം അതിനൊരു പ്രേരണയായിരുന്നു.
അങ്ങനെയിരിക്കെയാണ് വിവാഹത്തെക്കുറിച്ച ചില വര്‍ത്തമാനങ്ങള്‍ വന്നത്. നാട്ടിലായിരുന്ന സമയത്തു തന്നെ അസീസ് സാഹിബ് മുന്‍കൈയെടുത്ത് ഒരു ശ്രമം നടന്നിരുന്നു. പെണ്ണുകാണാന്‍ മോഹനനും നാസറുമുണ്ടായിരുന്നു. മൂന്നു പേര്‍ക്കും ഒരുമിച്ച് നടത്തുന്നതിനെപ്പറ്റിയാണ് ആലോചിച്ചിരുന്നത്. പെണ്ണ് കാണാന്‍ പോയെങ്കിലും പല കാരണങ്ങളാല്‍ അത് നടന്നില്ല.
അതിനു ശേഷം ഒരു കുറ്റബോധം മനസ്സിനെ വേട്ടയാടിക്കൊണ്ടിരുന്നു. ഒരു പെണ്ണിനെ കണ്ട ശേഷം 'പറ്റിയില്ല' എന്ന സന്ദേശം ഒരു പെണ്ണില്‍ ഉണ്ടാക്കുന്ന മുറിവ് എത്ര വലുതായിരിക്കും! ആണിനെപ്പറ്റി പെണ്ണ് അങ്ങനെ പറയുമ്പോഴും അതുണ്ടാവും. അത് സ്വാഭാവികമാണ്. ഇനി അതിനുള്ള അവസരമുണ്ടാവരുതേ എന്ന  പ്രാര്‍ഥന അന്നു മുതല്‍ മനസ്സിലുണ്ടായിരുന്നു.
കല്യാണത്തിനു മുമ്പ് ഒരു 'സുന്നത്ത് കല്യാണം' വേണം എന്ന് ആരോ തമാശയായി പറഞ്ഞിരുന്നു. ചേലാകര്‍മത്തിന് 'സുന്നത്ത് കല്യാണം' എന്നാണ് പൊതുവില്‍ പറഞ്ഞിരുന്നത്. അതു സംബന്ധമായ ആലോചന നേരത്തേ ഉണ്ടായിരുന്നു. ഐ.ആര്‍.എസില്‍ ജോലി ചെയ്യുന്ന സമയത്താണ് അതില്‍ ഒരു തീരുമാനമായത്. വെക്കേഷന്‍ സമയത്ത് നടത്താന്‍ അസീസ് സാഹിബുമായി ധാരണയായി.
ഇസ്‌ലാമിനെ പഠിക്കുമ്പോള്‍ ചില വിഷയങ്ങള്‍ 'കല്ലുകടി'യായി വരാറുണ്ട്. അതില്‍പെട്ട ഒന്നായിരുന്നു 'സുന്നത്ത്' എന്ന് പൊതുവില്‍ പറയാറുള്ള ചേലാകര്‍മം അഥവാ പരിഛേദന.
ഒരു സത്യവിശ്വാസിയെ മറ്റുള്ളവരില്‍നിന്ന് വേര്‍തിരിക്കുന്ന മൗലികമായ ഘടകം നമസ്‌കാരമാണെന്നാണല്ലോ പ്രവാചകന്‍ പഠിപ്പിച്ചത്. അത് മാറി നമസ്‌കാരത്തിന്റെ സ്ഥാനത്ത് 'സുന്നത്ത് 'കടന്നു കയറിയ വൈരുധ്യം ചിന്താവിഷയമായി. നമസ്‌കരിച്ചില്ലെങ്കിലും മുസ്‌ലിമായി പരിഗണിക്കണമെങ്കില്‍ 'സുന്നത്ത്' നിര്‍ബന്ധമാണ്!
മാത്രമല്ല, ഒരു പ്രവാചക ചര്യ എന്ന നിലക്ക് പ്രധാനപ്പെട്ട ഒന്നാണ് ഇതെങ്കില്‍ മറ്റു പ്രവാചകന്മാര്‍ എന്തുകൊണ്ട് ചേലാകര്‍മം ചെയ്തില്ല? മറ്റു പ്രവാചകന്മാര്‍ സുന്നത്ത് ചെയ്തിരുന്നു എന്നതിന് തെളിവുകളുണ്ടോ? പ്രവാചകന്മാര്‍ ഇങ്ങനെ ഒരു ചര്യ പിന്തുടര്‍ന്നിരുന്നു എങ്കില്‍ അവരുടെ അനുയായികളില്‍ അത് നിലനില്‍ക്കേണ്ടതല്ലേ? മറ്റു സമൂഹങ്ങളിലൊന്നും ഇങ്ങനെ ഒരു സമ്പ്രദായം കാണുന്നില്ലല്ലോ. ഇത് അന്ന് അറേബ്യയിലുണ്ടായിരുന്ന ഒരു ഗോത്രാചാരമാണ് എന്ന് ചിലര്‍ പറയുന്നു. അത് ശരിയായിരിക്കാന്‍ സാധ്യതയില്ലേ? ഇങ്ങനെയുള്ള അന്വേഷണങ്ങളുമായി മുന്നോട്ടു പോയി.
ജൂതന്മാര്‍ ചേലാകര്‍മം ചെയ്യാറുണ്ട് എന്നറിഞ്ഞത് അപ്പോഴാണ്. ബൈബിളില്‍ അതു സംബന്ധമായ അധ്യാപനങ്ങള്‍ കണ്ടെത്താനും കഴിഞ്ഞു. അബ്രഹാം പ്രവാചകനോട് ചേലാകര്‍മത്തെപ്പറ്റി ദൈവത്തിന്റെ കല്‍പന ഉല്‍പത്തി പുസ്തകം 17:11-ല്‍ ഇങ്ങനെ കാണാം: 'നിങ്ങളില്‍ പുരുഷ പ്രജയൊക്കെയും പരിഛേദന ഏല്‍ക്കണം. നിങ്ങളുടെ അഗ്രചര്‍മം പരിഛേദന ചെയ്യണം; അത് എനിക്കും നിങ്ങള്‍ക്കും മധ്യേയുള്ള നിയമത്തിന്റെ അടയാളം ആകും.'
അനന്തരം തന്റെ മകനായ യിശ്‌മേയേലിനെ അടക്കം എല്ലാവരുടെയും അഗ്രചര്‍മത്തെ പരിഛേദന കഴിച്ചതായി ഉല്‍പത്തി 17:23-ല്‍ കാണാം. മാത്രമല്ല, യേശുക്രിസ്തു ജനിച്ച് എട്ടു ദിവസം കഴിഞ്ഞപ്പോള്‍ പരിഛേദന കഴിച്ചതായി ലൂക്കോസ് സുവിശേഷം 2:21-ല്‍ പറയുന്നുണ്ട്. യേശുക്രിസ്തു 'സുന്നത്ത്' നടത്തിയിട്ടുണ്ടായിരുന്നു എന്ന് വ്യക്തം. പിന്നെന്തുകൊണ്ട് ക്രൈസ്തവ സഹോദരങ്ങള്‍ ചെയ്യുന്നില്ല? അതിനുള്ള ഉത്തരം ബൈബിള്‍ പുതിയ നിയമത്തില്‍ ഗലാത്യര്‍ 5:2-ല്‍ പൗലോസ് പറയുന്നുണ്ട്: 'നിങ്ങള്‍ പരിഛേദനയേറ്റാല്‍ ക്രിസ്തുവിനെക്കൊണ്ട് നിങ്ങള്‍ക്ക് യാതൊരു പ്രയോജനവുമില്ല എന്ന് പൗലോസായ ഞാന്‍ നിങ്ങളോട് പറയുന്നു.'
പിന്നെയും സംശയം തീര്‍ന്നില്ല. എല്ലാ സമൂഹങ്ങളിലേക്കും പ്രവാചകന്മാരെ അയച്ചിട്ടുണ്ട് എന്നാണല്ലോ ഖുര്‍ആന്‍ പറയുന്നത്. അപ്പോള്‍ ഇന്ത്യയിലും പ്രവാചകന്മാര്‍ വന്നിട്ടുണ്ടാവും എന്നുറപ്പാണല്ലോ. എങ്കില്‍ ഇവിടെ വന്ന പ്രവാചകന്മാര്‍ ചേലാകര്‍മം ഒരു ചര്യയായി എന്തുകൊണ്ട് സ്വീകരിച്ചില്ല? ഇവിടെ ഒരു സമൂഹത്തിലും അങ്ങനെ ഒരു സമ്പ്രദായം കാണുന്നില്ലല്ലോ. പ്രമാണങ്ങളിലുമില്ല. യേശുവിന്റെ ശിഷ്യന്മാരില്‍ പൗലോസ് അത് നിര്‍ത്തലാക്കിയ പോലെ സംഭവിച്ചതാവുമോ? ഇതൊരു കല്ലുകടിയായി മനസ്സില്‍ കല്ലിച്ചു നിന്നിരുന്നു.
ദൈവകല്‍പനപ്രകാരം പ്രവാചകന്‍ പഠിപ്പിച്ചതാണെങ്കില്‍ 'സാക്ഷാല്‍ തല' തന്നെ വെട്ടാനും റെഡിയായ സമയമായിരുന്നു അത്. എന്നാലും ചില കാര്യങ്ങളില്‍ ഉറപ്പു വരുത്തല്‍ ഒരു ശീലമായിരുന്നു. അങ്ങനെ ഈ വിഷയവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഒരു വെളിച്ചം കിട്ടി. കുറുപ്പുംവീട്ടില്‍ കെ.എന്‍ ഗോപാലപ്പിള്ളയുടെ 'കേരള മഹാചരിത്രം' എന്ന ഒരു കൃതിയുണ്ട്. തിരുവനന്തപുരം റെഡ്യാര്‍ പ്രസ് ആന്റ് ബുക്ക് ഡിപ്പോ 1949-ല്‍ പ്രസിദ്ധീകരിച്ചതാണത്. അതിന്റെ രണ്ടാം ഭാഗം 54, 55 പേജുകളില്‍ പറയുന്നത് ഒരു മഹാത്ഭുതമായി തോന്നി. അതില്‍ പറയുന്നു:
''ലോകത്തിലെ എല്ലാ പ്രാചീന സമുദായങ്ങളും ആചരിച്ചുപോരുന്ന ഒരു ആചാരമാകുന്നു 'ലിംഗ ശാസ്ത്രം.' പുരുഷപ്രജകളുടെ ലിംഗാഗ്രത്തിലുള്ള ബാഹ്യചര്‍മം ഛേദിച്ചുകളയുന്ന ക്രിയയാകുന്നു ലിംഗശാസ്ത്രം. കേരളത്തില്‍ നായന്മാരുടെ ഇടയില്‍ പുരാതന കാലങ്ങളില്‍ ഈ ആചാരം നടപ്പുണ്ടായിരുന്നു. ദക്ഷിണ തിരുവിതാംകൂറില്‍ ചില പ്രദേശങ്ങളിലെ നായന്മാര്‍ ഒരു പാദസര വര്‍ഷം മുമ്പുവരെ ഈ കര്‍മം നടത്തിവന്നു. ഇതിന് 'ചേലാകര്‍മം' എന്നും പേരുണ്ട്. ആണ്‍കുട്ടികളെ കൗപീനം ധരിപ്പിക്കുന്നതിന്റെ പ്രാരംഭ കര്‍മമായിട്ടാണ് ഈ ശസ്ത്രക്രിയ നടത്തിപ്പോന്നത്. തന്നിമിത്തം ഈ ക്രിയക്ക് 'ചേലാകര്‍മം' എന്ന് പേര്‍ സിദ്ധിച്ചു.''
ഇതിനര്‍ഥം 'സുന്നത്ത്' എന്നത് അറേബ്യയിലുണ്ടായിരുന്ന ഒരു ഗോത്രാചാരമല്ല എന്നാണല്ലോ. ശുദ്ധിയുമായി ബന്ധപ്പെട്ട് പ്രവാചകന്മാരിലൂടെ പഠിപ്പിച്ച വിവിധ ചര്യകളില്‍പെട്ട ഒന്നാണിത്.
ഇതു സംബന്ധമായി പ്രവാചകന്‍ പറഞ്ഞത്: 'അഞ്ചു കാര്യങ്ങള്‍ പ്രകൃതിചര്യകളില്‍ പെട്ടതാകുന്നു. ചേലാകര്‍മം, ഗുഹ്യസ്ഥാനരോമങ്ങള്‍ കളയല്‍, നഖം മുറിക്കല്‍, കക്ഷരോമം കളയല്‍, മീശ വെട്ടല്‍ എന്നിവയാണവ.'
ചേലാകര്‍മത്തിന്റെ ശാസ്ത്രീയമായ ഗുണവശങ്ങള്‍ പഠനവിധേയമാക്കി. കിട്ടിയ വിവരങ്ങള്‍ ഡയറിയില്‍ കുറിച്ചിട്ടുണ്ട്: 'ജനനേന്ദ്രിയത്തില്‍ അണുബാധ വരാനുള്ള സാധ്യത കുറയുന്നു; ലൈംഗിക രോഗങ്ങള്‍ക്കുള്ള സാധ്യത കുറയുന്നു; ലൈംഗിക പങ്കാളിയില്‍ അണുബാധക്കുള്ള സാധ്യത കുറയുന്നു; സെര്‍വിക്കല്‍ കാന്‍സറിനുള്ള സാധ്യത കുറയുന്നു; ജനനേന്ദ്രിയ കാന്‍സറിനുള്ള സാധ്യത കുറയുന്നു; ബാലനിറ്റിസ് (ലിംഗാഗ്രത്തിലെ വീക്കം), ബാലനോപോസ്റ്റിറ്റിസ് (ലിംഗാഗ്രചര്‍മത്തിന്റെയും ലിംഗത്തിന്റെ തലയുടെയും വീക്കം), ഫിമോസിസ് (അഗ്രചര്‍മം പിന്‍വലിക്കാന്‍ കഴിയാത്ത അവസ്ഥ) എന്നിവ ഇല്ലാതാക്കുന്നു.' ഇങ്ങനെയുള്ള ധാരാളം ഗുണങ്ങള്‍ പരിഛേദനക്കുണ്ട്. ജനനേന്ദ്രിയം വൃത്തിയാക്കാന്‍ എളുപ്പവുമാണ്. ഒരു പ്രവാചക ചര്യ ഇത്രത്തോളം ഗുണപ്രദമാണെന്നറിഞ്ഞപ്പോള്‍ വലിയ അത്ഭുതമായി.
സൃഷ്ടിക്കുമ്പോള്‍ തന്നെ അഗ്രചര്‍മം ഇല്ലാതെ സൃഷ്ടിച്ചുകൂടായിരുന്നോ, ദൈവത്തിന്റെ സൃഷ്ടിയിലുള്ള മനുഷ്യന്റെ കൈകടത്തലല്ലേ ഇത് എന്നിങ്ങനെ ചേലാകര്‍മത്തെ സംബന്ധിച്ച പല ചോദ്യങ്ങളും അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്.
മനുഷ്യന്‍ യഥാര്‍ഥത്തില്‍ മനുഷ്യനെന്ന നിലക്ക് വളരുന്നത് ജനിച്ച പാടേ ജീവിക്കുമ്പോഴല്ല. സ്വന്തത്തിലുള്ള ചിലതില്‍ നിയന്ത്രണം വരുത്തുമ്പോഴും ഇടപെടുമ്പോഴുമാണ്; ചില ചര്യകള്‍ പാലിക്കുമ്പോഴാണ്. ഇത് മനസ്സിലാവുമ്പോള്‍ പ്രസ്തുത ചോദ്യങ്ങള്‍ അപ്രസക്തമാവും.
പക്ഷിമൃഗാദികള്‍ മനുഷ്യരെപ്പോലെയല്ല. സൃഷ്ടിക്കപ്പെട്ട അതേ പ്രകൃതിയില്‍ ജീവിക്കാന്‍ പട്ടിക്കും പൂച്ചക്കും കോഴിക്കും കഴുതക്കുമെല്ലാം കഴിയും; അങ്ങനെ ജീവിക്കാനേ അവക്ക് കഴിയൂ. അതാണ് അവയുടെ ധര്‍മം. അതിനര്‍ഥം അവയെ സൃഷ്ടിക്കുന്നതു തന്നെ പൂര്‍ണതയോടു കൂടിയാണ്. മനുഷ്യന്‍ പക്ഷേ അങ്ങനെയല്ല. കുളിച്ചാല്‍ വൃത്തിയാവുകയും കുളിച്ചില്ലെങ്കില്‍ വൃത്തികേടാവുകയും ചെയ്യുന്നവനാണ് മനുഷ്യന്‍. അതിനാല്‍ കുളിച്ച് വൃത്തിയാവുക എന്നത് മനുഷ്യന് ബാധകമായ ധര്‍മമാണ്. പക്ഷിമൃഗാദികള്‍ക്കത് ബാധകമല്ല. ഇതുപോലെ ധാരാളം കാര്യങ്ങളുണ്ട്.
'വൃത്തി' എന്നത് മനുഷ്യനാഗരികതയുടെ അടിത്തറയാണ്. അത് സാധ്യമാകണമെങ്കില്‍ ചില ചര്യകള്‍ മനുഷ്യന്‍ പാലിക്കണം. ജനിച്ച പാട് ജീവിച്ചാല്‍ മതിയാവുകയില്ല. വൃത്തിക്കുവേണ്ടി പക്ഷിമൃഗാദികള്‍ പല്ലു തേച്ച് മുഖം കഴുകേണ്ടതില്ല. എന്നാല്‍ മനുഷ്യനോ? അതിനാല്‍ ദിവസവും മനുഷ്യന്‍ പല്ലു തേച്ച് വൃത്തിയാക്കണം. വൃത്തിക്കു വേണ്ടി പക്ഷിമൃഗാദികള്‍ നഖം വെട്ടേണ്ടതില്ല. എന്നാല്‍ മനുഷ്യനോ? ആഴ്ചയിലെങ്കിലും മനുഷ്യന്‍ നഖം വെട്ടി വൃത്തിയാക്കണം.
വൃത്തിക്കു വേണ്ടി പക്ഷിമൃഗാദികള്‍ ഗുഹ്യഭാഗങ്ങളും കക്ഷവും ഷേവ് ചെയ്യേണ്ടതില്ല. എന്നാല്‍ മനുഷ്യനോ? മാസത്തിലെങ്കിലും മനുഷ്യന്‍ ഗുഹ്യഭാഗങ്ങളും കക്ഷവും ഷേവ് ചെയ്ത് വൃത്തിയാക്കണം. എന്നതുപോലെ വൃത്തിക്കു വേണ്ടി പക്ഷിമൃഗാദികള്‍ ചേലാകര്‍മം ചെയ്യേണ്ടതില്ല. എന്നാല്‍ മനുഷ്യന്‍ അങ്ങനെയല്ല. അതിനാല്‍ ജീവിതത്തിലൊരിക്കല്‍ ചേലാകര്‍മം ചെയ്യണം.
ലിംഗാഗ്രത്തെ മൂടിനില്‍ക്കുന്ന തൊലി കാരണം മൂത്രം കെട്ടിനില്‍ക്കും. അങ്ങനെയുണ്ടാകുന്ന 'സ്‌മെഗ്മ' വഴി രോഗങ്ങള്‍ വരാം. ഗര്‍ഭാശയ കാന്‍സര്‍ ഏറ്റവും കുറവുള്ളത് മുസ്‌ലിം -ജൂത സ്ത്രീകള്‍ക്കിടയിലാണെന്ന പഠനവും ഇതിനോട് ചേര്‍ത്തു വായിക്കണം. ശുദ്ധിയും ആരോഗ്യവും തമ്മിലുള്ള ബന്ധം ഏതൊരു സാമാന്യബുദ്ധിക്കും മനസ്സിലാവും.
അതിനാല്‍, ദിവസവും പല്ലുതേക്കലും ആഴ്ചയിലൊരിക്കല്‍ നഖം വെട്ടലും മാസത്തിലൊരിക്കല്‍ കക്ഷവും ഗുഹ്യഭാഗങ്ങളുമൊക്കെ ഷേവ് ചെയ്യലും ജീവിതത്തിലൊരിക്കല്‍ ചേലാകര്‍മം ചെയ്യലും വൃത്തിയുടെ ഭാഗമായ ചര്യകളാണ്; ദൈവത്തിന്റെ സൃഷ്ടിയില്‍ കൈകടത്തലല്ല. ഇങ്ങനെയാണ് പ്രവാചകന്മാരിലൂടെ ദൈവം മനുഷ്യന് സംസ്‌കാരം പഠിപ്പിക്കുന്നത്. അത് പിന്‍പറ്റിയാല്‍ അതിന്റെ ഗുണം മനുഷ്യനുണ്ടാവും; പിന്‍പറ്റിയില്ലെങ്കില്‍ ദോഷവും.
ചേലാകര്‍മത്തെ സംബന്ധിച്ച പഠനം വേറെയും ചില പഠനങ്ങള്‍ക്ക് നിമിത്തമായി. പ്രമാണങ്ങള്‍ പരതിയാല്‍ പ്രവാചകന്മാരുടെ 'കാല്‍പ്പാടുകള്‍' എല്ലായിടത്തും കാണാം. ഭാരതത്തിലും പ്രവാചകന്മാര്‍ വന്നതിന്റെ അടയാളങ്ങളുണ്ട്. ടി. മുഹമ്മദിന്റെ ഭാരതീയ സംസ്‌കാരത്തിന്റെ അടിയൊഴുക്കുകള്‍, ഒരു ജാതി ഒരു ദൈവം, ശിഹാബുദ്ദീന്‍ ആരാമ്പ്രത്തിന്റെ വേദദര്‍ശനം പോലെയുള്ള കൃതികള്‍ ആശയതലത്തിലുള്ള പഠനത്തിലാണ് ഊന്നിയിട്ടുള്ളത്. ആ അര്‍ഥത്തില്‍ അത് പ്രസക്തവുമാണ്. അതോടൊപ്പം പ്രവാചകന്മാരുടെ ചര്യകളെ വേറെത്തന്നെ പഠിച്ചെടുക്കേണ്ടതാണ്. ആ അര്‍ഥത്തില്‍ ഒരു എളിയ ശ്രമം നടത്തിയിരുന്നു. ഐ.പി.എച്ച് പ്രസിദ്ധീകരിച്ച ദൈവത്തിന്റെ വെളിപാട് എന്ന പുസ്തകത്തിലെ 'ദൈവദൂതന്മാരുടെ കാല്‍പാടുകള്‍ ഭാരതത്തില്‍', 'യേശുവിന്റെ പാത; മുഹമ്മദിന്റെയും' പോലെയുള്ള ചില അധ്യായങ്ങള്‍ അത്തരത്തിലുള്ള പരിമിതമായ ഒരു കാല്‍വെപ്പാണ്. പ്രഗത്ഭരായ ഗവേഷകര്‍ ആ തലത്തില്‍ പഠനം നടത്തിയിരുന്നെങ്കില്‍ എന്ന് ആശിച്ചുപോയിട്ടുണ്ട്. ടി. ആരിഫലി സാഹിബിന്റെ വീട്ടില്‍ വെച്ചുണ്ടായ ഒരു സംഭാഷണത്തില്‍, ദൈവിക ദര്‍ശനത്തെ ജനങ്ങളുടെ മുമ്പില്‍ അവതരിപ്പിക്കുമ്പോള്‍ ചരിത്രം പറച്ചിലിന്റെ പ്രാധാന്യം അദ്ദേഹം വിശദീകരിച്ചിരുന്നു. വിശുദ്ധ ഖുര്‍ആനിന്റെ വലിയൊരു ഭാഗം ഗതകാല സമൂഹങ്ങളുടെ ചരിത്രം പറയാനാണല്ലോ നീക്കിവെച്ചിരിക്കുന്നത്. ഇസ്‌ലാം എന്നത് മനുഷ്യാരംഭം മുതലുള്ളതാണ്. മുഹമ്മദ് നബി സ്ഥാപിച്ച ഒരു 'മത'മല്ല. ഈ കാര്യം വ്യക്തമാക്കലാണല്ലോ ചരിത്ര വിശകലനങ്ങളിലൂടെ മുഖ്യമായും ഖുര്‍ആന്‍ ഉദ്ദേശിക്കുന്നത്. ഇത് ബോധ്യപ്പെടുത്തല്‍ ഇസ്‌ലാമിനെ പഠിപ്പിക്കുന്നിടത്ത് വലിയ പ്രാധാന്യമുള്ള ഒന്നായിട്ടാണ് തോന്നിയിട്ടുള്ളത്.
'സത്യാസത്യവിവേചക ഗ്രന്ഥ'മാണ് ഖുര്‍ആന്‍ എന്ന് ഖുര്‍ആന്‍ തന്നെ പറയുന്നുണ്ടല്ലോ. അതുകൊണ്ടുതന്നെ ജീവിക്കുന്ന നാടിന്റെ പൂര്‍വകാല ചരിത്രം പ്രമാണങ്ങള്‍ പരതി, ഖുര്‍ആന്‍ കൊണ്ട് മാറ്റുരച്ച് പഠിക്കല്‍ ഒരു പ്രബോധക സമൂഹത്തിന് അനിവാര്യമാണെന്നാണ് വിശ്വസിക്കുന്നത്.
എസ്.ഐ.ഒ തൃശൂരില്‍ നടത്തിയ ഹിന്ദു-മുസ്‌ലിം ഡയലോഗിനെ സംബന്ധിച്ച് മുമ്പ് സൂചിപ്പിച്ചിരുന്നല്ലോ. സംസ്‌കൃതം പഠിക്കാന്‍ തയാറുള്ള മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് അവിടെ വെച്ച് സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചതോര്‍ക്കുന്നു. എന്നാല്‍ അതിന്റെ പ്രസക്തി അന്ന് അത്ര മനസ്സിലായിട്ടില്ലായിരുന്നു. അതിന്റെയൊക്കെ പ്രസക്തി ഏറിയ സമയമാണിത് എന്നാണ് തോന്നുന്നത്.
ഏതായാലും വെക്കേഷന്‍ കാലത്ത് കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍നിന്ന് 'സുന്നത്ത്' കര്‍മം നിര്‍വഹിച്ചു. കൂടെ തിരുവനന്തപുരത്തുള്ള ശ്യാംകുമാര്‍ എന്ന സഹോദരനുമുണ്ടായിരുന്നു. അന്നു തന്നെ ഉച്ചക്കു ശേഷം ആലത്തൂരിലേക്ക്  പുറപ്പെട്ടു. അസീസ് സാഹിബും ഉണ്ടായിരുന്നു കൂടെ. 

(തുടരും)
 

[ജീവിതം - 8 ]

അതിനിടയിലാണ് ചുണ്ടോട്ടുകുന്ന് എസ്.ഐ.ഒ യൂനിറ്റ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുന്നത്. മസ്ജിദുല്‍ ഇഹ്‌സാനില്‍ വെച്ച് ബശീര്‍ പുതുക്കോടിന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെടാനുള്ള യോഗ്യത അദ്ദേഹം ആമുഖത്തില്‍ വിശദീകരിച്ചു. അതിലെ നിബന്ധനകള്‍ വല്ലാതെ അത്ഭുതപ്പെടുത്തി. അഭിപ്രായ സുബദ്ധതയും ധാര്‍മിക നിഷ്ഠയുമൊക്കെ അതില്‍ വരും. അധികാര മോഹമില്ലാതിരിക്കലാണ് മറ്റൊരു പ്രധാന നിബന്ധന.
അതൊരു വല്ലാത്ത നിബന്ധനയല്ലേ? ലോകത്തെവിടെയെങ്കിലും ഇസ്‌ലാമിക പ്രസ്ഥാനങ്ങള്‍ക്കല്ലാതെ ഇങ്ങനെ ഒരു നിബന്ധന വെക്കാന്‍ കഴിയുമോ? ഒരു ദര്‍ശനത്തിന്റെ പരിശുദ്ധിയുടെ ആഴത്തെയാണല്ലോ ഇത് കുറിക്കുന്നത്. ഇസ്‌ലാമിന്റെ ആന്തരിക മൂല്യങ്ങളെക്കുറിച്ച് കൂടുതല്‍ ചിന്തിക്കാനും അറിയാനും  ഇത്തരം സന്ദര്‍ഭങ്ങള്‍ നിമിത്തമായിട്ടുണ്ട്. 'അധികാരം' എന്ന ലക്ഷ്യത്തിനു വേണ്ടി എന്ത് നീച മാര്‍ഗവും സ്വീകരിക്കുന്ന ഒരു ലോകത്താണല്ലോ നാം. 'ലക്ഷ്യം മാര്‍ഗത്തെ ന്യായീകരിക്കും' എന്ന തത്ത്വമാണ് ആ ലോകത്തെ നയിക്കുന്നത്. എന്നാല്‍, ഇസ്‌ലാമിന്റെ നിലപാട് അതല്ല. ലക്ഷ്യവും മാര്‍ഗവും ശരിയായിരിക്കണമെന്നാണ്. ഇസ്‌ലാമില്‍ അധികാരം 'അധികഭാര'മാണ്; അതൊരലങ്കാരമല്ല. തന്നിഷ്ടം നേടാനുള്ള 'സുവര്‍ണാവസര'വുമല്ല. 
സംഘടാനാ നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ശേഷം പൊട്ടിക്കരഞ്ഞ പല നേതാക്കളെയും കണ്ടിട്ടുണ്ട്. ഉത്തരവാദിത്വങ്ങള്‍ വീഴ്ച കൂടാതെ നിര്‍വഹിക്കാനുള്ള പ്രാപ്തിക്കുവേണ്ടി, ദൈവത്തോട് പ്രാര്‍ഥിക്കണമെന്ന് അണികളോട് കേണപേക്ഷിക്കുന്നതും കണ്ടിട്ടുണ്ട്. ഇങ്ങനെയുള്ള നേതാക്കള്‍ നയിക്കുന്ന വല്ലാത്തൊരു പ്രസ്ഥാനം! ഇത്തരം നേതാക്കളെ സൃഷ്ടിക്കുന്ന ഒരാദര്‍ശത്തെ അറിയാന്‍ അവസരം കിട്ടി. ഇങ്ങനെയുള്ള നേതാക്കള്‍ നയിക്കുന്ന പ്രസ്ഥാനത്തില്‍ അണിചേരാനും അവസരം കിട്ടി. ഇതൊരു മഹാഭാഗ്യമല്ലാതെ മറ്റെന്താണ്?
'യൂഫ്രട്ടീസിന്റെ തീരത്ത് ഒരാട്ടിന്‍കുട്ടി വിശന്നു മരിച്ചാല്‍ അതിന്റെ പേരില്‍ ഞാന്‍ നാളെ ദൈവത്തോട് മറുപടി പറയേണ്ടിവരുമല്ലോ' എന്ന് ഖലീഫാ ഉമര്‍ വിലപിച്ച ചരിത്രമുണ്ട്. ഒരുകാലത്ത് പ്രവാചകനെ വെട്ടിക്കൊല്ലാന്‍ ഊരിപ്പിടിച്ച വാളുമായി പാഞ്ഞു നടന്നിരുന്നു ഉമര്‍. ആ ഉമര്‍ പിന്നീട് ഇങ്ങനെയായത് ഇസ്‌ലാമിന്റെ വെള്ളിവെളിച്ചം അകത്തു ചെന്നപ്പോഴാണ്. പ്രസ്ഥാന നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെടുമ്പോള്‍ വിങ്ങിക്കരയുന്ന നേതാക്കളെ കാണുമ്പോള്‍ ഖലീഫാ ഉമറിന്റെ ആ ചരിത്രമാണ് ഓര്‍മ വരിക. ഉമറിനെക്കൊണ്ടത് പറയിപ്പിച്ച അതേ ആദര്‍ശമാണ് ഇസ്‌ലാമിക പ്രസ്ഥാനത്തെയും നയിക്കുന്നത് എന്ന തിരിച്ചറിവിന് ഇതും ഒരു കാരണമായിട്ടുണ്ട്. ഈ കാര്യത്തില്‍ മാത്രമല്ല, മറ്റെല്ലാ കാര്യങ്ങളിലും ദൈവികാധ്യാപനങ്ങള്‍ തന്നെയാണ് ഈ പ്രസ്ഥാനത്തെ നയിക്കുന്നത് എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞത്.
ആദ്യകാല ഇസ്‌ലാം വായനയില്‍ ഉള്‍പ്പുളകമുണ്ടാക്കിയ ഒരു വായന ഇവിടെ ഉദ്ധരിക്കട്ടെ: ''ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങിയ യാത്രക്കാരിലൊരാള്‍ സ്റ്റേഷന്‍ മാസ്റ്ററെ സമീപിച്ചു പറഞ്ഞു: 'ഞാന്‍ ടിക്കറ്റെടുത്തിരുന്നത് ഷൊര്‍ണൂരിലേക്കാണ്. വണ്ടിയില്‍ വെച്ച് ഉറങ്ങിപ്പോയി. ഇനിയെന്തു വേണം?'
'അടുത്ത വണ്ടിക്ക് ടിക്കറ്റെടുത്ത് അങ്ങോട്ട് തന്നെ പോയ്‌ക്കൊള്ളൂ'- സ്റ്റേഷന്‍ മാസ്റ്റര്‍ നിസ്സംഗതയോടെ പറഞ്ഞു.
'അതറിയാം. അതല്ല ഞാന്‍ അന്വേഷിക്കുന്നത്. ടിക്കറ്റില്ലാതെ ഷൊര്‍ണൂരില്‍നിന്ന് ഇതുവരെ യാത്ര ചെയ്തതിന് എന്തു വേണമെന്നാണ്?'
'അതു സാരമില്ല. അങ്ങനെ ടിക്കറ്റില്ലാതെ എത്ര പേര്‍ വണ്ടിയില്‍ സഞ്ചരിക്കാറുണ്ട്!' 
'അതു പറ്റുകയില്ല. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് തെറ്റാണ്. ഞാനൊടുക്കേണ്ട സംഖ്യ എത്രയെന്ന് അറിയിച്ചാലും.'
നിശ്ചയിച്ച പിഴയടച്ച് പുറത്തിറങ്ങിയപ്പോള്‍ സ്റ്റേഷന്‍ മാസ്റ്റര്‍ തലയുയര്‍ത്തി പറഞ്ഞു: 'താങ്കളെപ്പോലുള്ള വിശുദ്ധന്മാരുണ്ടെങ്കില്‍ ഈ നാട് താനേ നന്നാകുമല്ലോ!'
'അത്തരക്കാരെ ഉണ്ടാക്കുന്ന ജോലിയാണ് ഞാന്‍ ഏറ്റെടുത്തിരിക്കുന്നത്.' അതും പറഞ്ഞ് ആ യാത്രക്കാരന്‍ പുറത്തിറങ്ങി.''
ഇസ്‌ലാമിക പ്രസ്ഥാനത്തിന് കേരളത്തില്‍ അടിത്തറ പാകിയ മര്‍ഹൂം ഹാജി സാഹിബ് ആയിരുന്നു അത്!
ഭൗതിക താല്‍പര്യങ്ങളില്ലാതെ, ദൈവപ്രീതി മാത്രം ലക്ഷ്യം വെച്ച് ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍. ഇങ്ങനെയുള്ളൊരു കൂട്ടായ്മയില്‍ അണിചേരാനായത് ദൈവാനുഗ്രഹമല്ലാതെ മറ്റെന്താണ്!
ദൈവിക മാര്‍ഗം എന്നത് മാനവികതയുടെ പര്യായമാണ് എന്നാണ് മനസ്സിലാക്കിയിട്ടുള്ളത്. 'മാനവികതയുടെ പൂര്‍ത്തീകരണത്തിനു വേണ്ടിയാണ് ഞാന്‍ നിയോഗിക്കപ്പെട്ടിരിക്കുന്നത്' എന്ന പ്രവാചക വചനം ഇതിനാണ് അടിവരയിടുന്നത്. അതിനാല്‍, സ്വാഭാവികമായും ദൈവിക മാര്‍ഗത്തില്‍ നിലകൊള്ളുന്ന പ്രസ്ഥാനം കൂടുതല്‍ മാനവികമാവണം. അത് ഉറപ്പുവരുത്തിയത് അതിന്റെ പ്രവര്‍ത്തകരിലൂടെയാണ്.
ഒരു മദ്യപാനിയെയും ഈ പ്രസ്ഥാനത്തില്‍ കണ്ടിട്ടില്ല. ഇതില്‍ വ്യഭിചാരികളുമില്ല. ചൂതാട്ടക്കാരാരുമില്ല. കൈക്കൂലി വാങ്ങുന്നവരെയും കണ്ടിട്ടില്ല.
അഴിമതിക്കാരൊട്ടും തന്നെയില്ല. പലിശക്കച്ചവടക്കാരേയില്ല. കള്ളന്മാരില്ല. കൊള്ളക്കാരുമില്ല. 
സാമുദായിക വാദികളെയോ വര്‍ഗീയ വാദികളെയോ കാണാന്‍ കഴിഞ്ഞിട്ടില്ല.
അഥവാ ഇങ്ങനെയുള്ള  ആരെങ്കിലും കടന്നു കൂടിയിട്ടുണ്ടെങ്കില്‍ അധികകാലം തുടാന്‍ കഴിയാറില്ല. ഇതൊരത്ഭുതമല്ലേ ഈ കാലത്ത്? പ്രവാചകന്മാര്‍ക്ക് അവരുടെ അനുയായികളെപ്പറ്റിയും ഇങ്ങനെ പറയാന്‍ കഴിയുമായിരുന്നല്ലോ. പ്രവാചകന്മാരുടെ പാത പിന്‍പറ്റുന്നവരാണോ ഈ സംഘം എന്ന് കണ്ടെത്തിയത് ഇങ്ങനെയുള്ള നിരീക്ഷണത്തിലൂടെയാണ്.
ഈ നിരീക്ഷണം നേടിത്തന്ന പാഠമിതാണ്: ആയിരത്തിനാനൂറ് വര്‍ഷങ്ങള്‍ക്കു മുമ്പ് അറേബ്യയിലുണ്ടായ ഒരു 'പഴംപുരാണ'മല്ല ഇസ്‌ലാം; മനുഷ്യനെ അന്നും ഇന്നും എന്നും നേര്‍മാര്‍ഗത്തില്‍ നയിക്കാന്‍ പ്രാപ്തിയുള്ള ദൈവിക ദര്‍ശനമാണത്. ആ ദര്‍ശനത്തെയാണ് ഈ പ്രസ്ഥാനം പ്രതിനിധീകരിക്കുന്നത്.
ആ ദൈവിക ദര്‍ശനത്തെ പ്രതിനിധീകരിച്ചും പ്രബോധനം ചെയ്തും 'മനം മാറ്റി' മാനവികതയെ പോഷിപ്പിക്കാനാണ് ഈ പ്രസ്ഥാനം നിലകൊള്ളുന്നത്; 'മതം മാറ്റി' സമുദായത്തെ വളര്‍ത്താനല്ല. ഒരു സമുദായത്തിനും പ്രസ്ഥാനം എതിരല്ല; എല്ലാ സാമുദായികതകള്‍ക്കും എതിരാണ്. എല്ലാ നന്മകളോടും ചേര്‍ന്നു നില്‍ക്കും, എല്ലാ തിന്മകളെയും എതിരിടും. ഇസ്ലാമിക താല്‍പര്യങ്ങളെ സംഘടിതമായി പ്രതിനിധീകരിക്കുന്ന പ്രസ്ഥാനത്തിന്റെ ഈ പ്രകൃതത്തെ നന്നായി ഇഷ്ടപ്പെട്ടു.
എല്ലാ തിന്മകളില്‍നിന്നും സാധ്യമാകുംവിധം വിട്ടുനില്‍ക്കുന്ന ഒരു കൂട്ടര്‍. അതിനര്‍ഥം ഗുണവും ദോഷവുമില്ലാത്ത 'പച്ചപ്പാവം സാധുക്കള്‍' ആണെന്നല്ല. തിന്മകള്‍ക്കെതിരില്‍ പോരാടുന്ന 'നല്ല വിപ്ലവകാരികള്‍' ആണ് എന്നാണ്. അതാണനുഭവം. ഈ കൊച്ചു കൂട്ടായ്മ ഇടപെടാത്ത ഒരു മേഖലയുമില്ല എന്നത് വല്ലാതെ അത്ഭുതപ്പെടുത്തിയ ഒരു കാര്യമാണ്.
'വിപ്ലവത്തിന്റെ ചൂടും ആത്മീയതയുടെ തണുപ്പും' ഉള്‍ച്ചേര്‍ന്ന ഒരു നല്ല കൂട്ടായ്മയുടെ പേരാണ് ഇസ്‌ലാമിക പ്രസ്ഥാനം. സമരത്തെയും സേവനത്തെയും സുന്ദരമായി സമന്വയിപ്പിച്ച ഒരു കൂട്ടായ്മ! 'നിങ്ങള്‍ നന്മ കല്‍പിക്കുന്നു, തിന്മ വിരോധിക്കുന്നു' എന്ന ഖുര്‍ആനിന്റെ വിശേഷണത്തെ നെഞ്ചേറ്റിയ ഒരു സംഘം. ഇത്തരം കാര്യങ്ങളില്‍ ജാതി-മത പരിഗണനകളില്ല; മനുഷ്യന്‍ എന്ന പരിഗണന മാത്രം. ഇതാണ് ഈ കൂട്ടായ്മയിലെ ഏറ്റവും അധികം ആകര്‍ഷിച്ച ഘടകങ്ങളിലൊന്ന്. ഇതിനു പകരം വെക്കാന്‍ മറ്റൊരു കൂട്ടായ്മയെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടേയില്ല.
'ജനങ്ങള്‍ക്കു വേണ്ടി നിയോഗിക്കപ്പെട്ട ഉത്തമ സമൂഹമാണ് നിങ്ങള്‍' എന്നാണ് ഖുര്‍ആന്‍ വിശ്വാസികളെപ്പറ്റി പറഞ്ഞിരിക്കുന്നത്. ജാതിയും മതവും നോക്കാതെയുള്ള റിലീഫ് പ്രവര്‍ത്തനങ്ങളില്‍നിന്നും സൗഹൃദ കൂട്ടായ്മകളില്‍നിന്നുമെല്ലാം ഇത് അനുഭവിച്ചറിഞ്ഞിട്ടുണ്ട്.
ഏറെ അത്ഭുതം തോന്നിയ മറ്റൊരു കാര്യമിതാണ്: ഈ പ്രസ്ഥാനത്തെ കല്ലെറിയുന്ന പലരുമുണ്ട്. അങ്ങനെ പ്രസ്ഥാനത്തിനെതിരു നിന്നിരുന്ന പലര്‍ക്കും നീതി നിഷേധിക്കപ്പെട്ടപ്പോള്‍ അവരുടെ നീതിക്കുവേണ്ടി പ്രസ്ഥാനത്തിന്റെ സംവിധാനങ്ങളിലൂടെ ശബ്ദിക്കുന്ന മനോഹരമായ കാഴ്ചകള്‍ ധാരാളം കണ്ടിട്ടുണ്ട്.
''ഒരു ജനതയോട് നിങ്ങള്‍ക്കുള്ള ശത്രുത അവരോട് അനീതി ചെയ്യാന്‍ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ'' (ഖുര്‍ആന്‍ 5:8).
ഖുര്‍ആന്‍ പറഞ്ഞുതന്ന നീതിയെ അക്ഷരാര്‍ഥത്തില്‍ പ്രതിനിധീകരിക്കുകയാണല്ലോ ഇവിടെ. പ്രവാചകനെ ആക്ഷേപിച്ചതിന്റെ പേരില്‍ ആരോ ഒരു പ്രഫസറുടെ കൈ വെട്ടി. ആ നിര്‍ണായക ഘട്ടത്തില്‍ ആ പ്രഫസര്‍ക്ക് രക്തം നല്‍കിയ പ്രസ്ഥാനമാണിത്. 'തിന്മയെ ഏറ്റവും നല്ലതു കൊണ്ട് പ്രതിരോധിക്കുക' എന്ന ഖുര്‍ആന്‍ കല്‍പനയെ ഇതിലേറെ മനോഹരമായി എങ്ങനെയാണ് പ്രയോഗത്തില്‍ വരുത്തുക?
വര്‍ഷങ്ങള്‍ക്കു മുമ്പ് നടന്ന എസ്.ഐ.ഒവിന്റെ ഒരു കണ്‍വെന്‍ഷനില്‍ എം.ഐ അബ്ദുല്‍ അസീസ് സാഹിബ് പറഞ്ഞ ഒരു ഉപമ ഹൃദയത്തില്‍ കൊത്തിവെച്ച പോലെ ഇന്നും നിലനല്‍ക്കുന്നുണ്ട്. സമയമായിട്ടും പ്രസവം നടക്കാതെ വന്നാല്‍ സിസേറിയന്‍ നടത്തേണ്ടി വരും. ആ നിര്‍ണായക സന്ദര്‍ഭത്തില്‍ ഒരു ഡോക്ടര്‍ ആയുധമെടുക്കുന്ന പോലെയാണ് പ്രവാചകന്മാര്‍ ആയുധമെടുത്തത് എന്നായിരുന്നു ആ ഉപമ. മനുഷ്യരുടെ രക്തമെടുക്കാന്‍ വന്നവരല്ല പ്രവാചകന്മാര്‍. മനുഷ്യര്‍ക്ക് രക്തവും ജീവനും നല്‍കാന്‍ വന്നവരാണവര്‍. ഇതാണ് പ്രസ്ഥാനത്തിന്റെ നിലപാട്. എന്നിട്ടും തീവ്രവാദ ആരോപണങ്ങള്‍ നിരന്തരമായി കേള്‍ക്കേണ്ടിവരുന്നു!
ഈ പ്രസ്ഥാനത്തെ തീവ്രവാദ പ്രസ്ഥാനം എന്ന് വിളിക്കുന്നതിനെ ലോക മഹാത്ഭുതങ്ങളില്‍ പെടുത്താനാണ് തോന്നിയിട്ടുള്ളത്. കാരണം, ഒരു അടിപിടിക്കേസ്സിലെങ്കിലും പ്രതിയായി, ഉത്തരവാദപ്പെട്ട ഒരാളെങ്കിലും ഒരു ജയിലിലും ഇന്നേവരെ ഉണ്ടായിട്ടില്ലെന്നിരിക്കെയാണ് ഈ ആരോപണം. ഇസ്‌ലാമിന്റെ പേരിലുള്ളവരും അല്ലാത്തവരും നിയമം കൈയിലെടുത്ത് കൊലവിളികളും കൊലപാതകങ്ങളും നടത്തുന്നു. അരുതെന്ന് പ്രസ്ഥാനം നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നിട്ടും അവരൊന്നടങ്കം പറയുന്നു: 'നിങ്ങള്‍ തീവ്രവാദികള്‍!'
ജീവിതത്തിലൊരിക്കലും ഇത്ര വിചിത്രമായ ആരോപണങ്ങള്‍ കേട്ടിട്ടേയില്ല; പ്രവാചകന്മാരുടെ ചരിത്രത്തിലല്ലാതെ.
അസത്യത്തിന്റെ കാഠിന്യം സത്യത്തിന്റെ തിളക്കം കൂട്ടും; ഇരുട്ടിന്റെ കാഠിന്യം പ്രകാശത്തെ കൂടുതല്‍ ഉജ്ജ്വലമാക്കും പോലെ. 'ഒന്നിന്റെ യാഥാര്‍ഥ്യവും മഹത്വവും വ്യക്തമാവുക അതിന്റെ വിപരീതത്തിലൂടെയാണ്' എന്ന് ഇമാം റാസി പറഞ്ഞത് എത്ര അര്‍ഥവത്താണ്!
ഇതിനര്‍ഥം മനുഷ്യസഹജമായ ദൗര്‍ബല്യങ്ങളൊന്നുമില്ലാത്ത മലക്കുകളുടെ കൂട്ടായ്മയാണിത് എന്നൊന്നുമല്ല. അത് അസാധ്യവുമാണ്. കാരണം, ഒരു തെറ്റും ചെയ്യാത്ത മലക്കുകളുടെയും തെറ്റുകള്‍ മാത്രം ചെയ്യുന്ന ഇബ്‌ലീസിന്റെയും മധ്യേയാണല്ലോ മനുഷ്യന്റെ നില. 
അതേസമയം, നേരത്തേ സൂചിപ്പിച്ചതുപോലുള്ള മനുഷ്യത്വവിരുദ്ധ സ്വഭാവങ്ങളുമായി ഏറെക്കാലം ഈ കൂട്ടായ്മയില്‍ തുടരാന്‍ ഇസ്‌ലാമിന്റെ സ്വഭാവം സമ്മതിക്കുകയില്ല. തെറ്റുതിരുത്തി പശ്ചാത്തപിച്ച് മടങ്ങാനുള്ള അവസരമാണ് പിന്നെ ഉണ്ടാവുക. അതിന് സന്നദ്ധമല്ലെങ്കില്‍ തുടരാനാവില്ല.
മനുഷ്യസഹജമായ ദൗര്‍ബല്യങ്ങളാല്‍ എന്തെങ്കിലും തിന്മകളില്‍ ഒരാള്‍ പെട്ടുപോയാല്‍ പോലും കൂട്ടായ്മയുടെ ഒരു ഇടപെടല്‍ ആ വിശ്വാസിയെ രക്ഷിച്ചെടുക്കുന്നതായി കാണാം. അത്തരം പല സംഭവങ്ങള്‍ക്കും സാക്ഷിയായിട്ടുണ്ട്.
ചുണ്ടോട്ടുകുന്ന് എസ്.ഐ.ഒ യൂനിറ്റ് പ്രസിഡന്റായിരുന്നപ്പോഴുണ്ടായ സങ്കടകരമായൊരു സംഭവം ഓര്‍മയില്‍ വരുന്നു. ഒരു പ്രവര്‍ത്തകന്റെ മകന്‍ കല്യാണത്തിന് സ്ത്രീധനം വാങ്ങുന്നുണ്ടെന്നറിഞ്ഞു. അത് ചര്‍ച്ചയായി. കല്യാണ വിഷയത്തില്‍ അധികം ഇടപെടാന്‍ പിതാവിന് അവസരമില്ലായിരുന്നു. എന്തു ചെയ്യും എന്നായി ചര്‍ച്ച. ഒടുവില്‍, രണ്ടും കല്‍പിച്ച് അദ്ദേഹം ആ കല്യാണത്തില്‍നിന്ന് വിട്ടുനില്‍ക്കുകയാണ് ചെയ്തത്.
ആ സന്ദര്‍ഭത്തില്‍ ഒരു പിതാവ് എന്ന നിലക്ക് അദ്ദേഹം അനുഭവിച്ച മനഃ സംഘര്‍ഷത്തിന്റെ ആഴം എത്രയായിരിക്കും? എന്തിനായിരുന്നു ആ ത്യാഗം?
സാമൂഹിക തിന്മകളോടുള്ള ഇസ്‌ലാമിന്റെ സന്ധിയില്ലാ സമരത്തെ വാര്‍ധക്യത്തില്‍ പോലും വിശ്വാസികള്‍ നെഞ്ചേറ്റുന്നതിന്റെ ഉദാഹരണങ്ങളിലൊന്നായി അതിനെ കാണാം.
സ്ത്രീധനം പോലെയുള്ള അരുതായ്മകളോട് രാജിയായതിന്റെ പേരില്‍ പ്രസ്ഥാനത്തില്‍നിന്ന് പുറത്താക്കപ്പെട്ടവര്‍ വരെയുണ്ട്. എന്തിനാണിത്ര കാര്‍ക്കശ്യം? രണ്ട് കാരണങ്ങളാണ് കണ്ടത്. അതിലൊന്ന്, ഇസ്‌ലാമില്‍ വിവാഹം സാധുവാകണമെങ്കില്‍ പുരുഷന്‍ സ്ത്രീക്ക് 'മഹ്‌റ്' നല്‍കണമെന്ന വ്യവസ്ഥയാണുള്ളത്. സ്ത്രീയില്‍നിന്ന് പുരുഷന്‍ ധനം വാങ്ങുന്ന സമ്പ്രദായം ഇസ്‌ലാമിലില്ല. രണ്ടാമത്തേത്, അതൊരു സാമൂഹിക വിപത്താണ്. 
ആ വിപത്തിന്റെ ആഴം മനസ്സിലായത് ഒരു കുഞ്ഞു ജനിച്ചപ്പോഴാണ്.
'ഭാര്യ പ്രസവിച്ചു' എന്ന് സന്തോഷത്തോടെ അറിയിക്കുമ്പോള്‍, ഉടനെ മറുചോദ്യം 'എന്തു കുട്ട്യാ?'
'പെണ്‍കുട്ടി.'
ഇത് കേള്‍ക്കുമ്പോള്‍ പലരുടെയും മുഖം ചുളിയുന്നത് ശ്രദ്ധയില്‍പെട്ടു.
ഒരാള്‍ ചോദിച്ചു: 'കുട്ടിയുടെ പേരെന്താ?'
'സനാ ഹിറ'
'സാരല്യ; ദൈവം തന്നതല്ലേ.' പെണ്‍കുട്ടിയാണെന്നറിഞ്ഞപ്പോഴുണ്ടായ പ്രതികരണമാണത്. എന്തോ വിപത്ത് സംഭവിച്ച പോലെ! ഈ സംഭവത്തിനു ശേഷമാണ് 'അവള്‍ എന്തു പിഴച്ചു?' എന്ന തലക്കെട്ടില്‍ ആരാമം മാസികയില്‍ ആദ്യമായി ലേഖനമെഴുതിയത്. പ്രബോധനം വാരികയിലും ആദ്യമായി ലേഖനമെഴുതിയത് ഈ വിഷയത്തിലാണ് എന്നാണ് ഓര്‍മ.
ഭാര്യാസഹോദരന്‍ ഖത്തറിലാണ്. ഒരു സന്ദര്‍ശനവേളയില്‍ അവിടെ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. പ്രഭാഷണം കഴിഞ്ഞപ്പോള്‍ ഒരു സഹോദരന്‍ വന്ന് സങ്കടം പറഞ്ഞു: 'ഞാന്‍ വലിയൊരു പ്രതിസന്ധിയിലാണ്. ഭാര്യ ഗര്‍ഭിണിയാണ്. കുട്ടി പെണ്ണാണ്. ആദ്യത്തേതും പെണ്ണാണ്. അതിനാലിത് കളയണമെന്നാണവള്‍ പറയുന്നത്. ഞാന്‍ സമ്മതിക്കാത്തതിനാല്‍ ചില സമയത്ത് അവളുടെ സമനില പോലും തെറ്റുന്നു...'
'കുട്ടി ആണാണോ പെണ്ണാണോ എന്നറിഞ്ഞതെങ്ങനെ?' എന്ന് ചോദിച്ചപ്പോള്‍:
'നമ്മുടെ നാട്ടിലെ പോലെ ലിംഗനിര്‍ണയം ഇവിടെ കുറ്റമല്ല. ടെസ്റ്റ് ചെയ്താല്‍ അതും പറയും. ഇവിടെ പെണ്‍കുട്ടികള്‍ ജനിക്കുന്നത് ആരും പേടിക്കുന്നില്ല.'
ഇസ്‌ലാമിന്റെ സ്വാധീനം കാരണം എത്രയധികം  പെണ്‍കുഞ്ഞുങ്ങള്‍ കൊല്ലപ്പെടാതിരിക്കുന്നു എന്ന് ചിന്തിക്കാന്‍ ഈ സംഭവം കാരണമായി. പെണ്ണായതിന്റെ പേരില്‍ മറ്റിടങ്ങളില്‍ എത്രയെത്ര കുട്ടികള്‍ കൊല്ലപ്പെടുന്നു! 
ഇങ്ങനെ ഒരു 'പെണ്‍പേടി' ഇസ്‌ലാം ഉല്‍പാദിപ്പിക്കുന്നേയില്ല. എന്നിട്ടും എന്തുകൊണ്ടാണ് നാട്ടിലെ മുസ്ലിം സമുദായത്തിന് മറ്റുള്ളവരെപ്പോലെത്തന്നെ, പെണ്‍കുട്ടികള്‍ ജനിക്കുമ്പോള്‍ പേടി വരുന്നത്? സ്ത്രീധനം പോലെയുള്ള ദുരാചാരങ്ങള്‍ക്ക് അതില്‍ വലിയ പങ്കാണല്ലോ ഉള്ളത്.
വിവാഹത്തില്‍ മഹ്‌റാണ് ഇസ്‌ലാമിന്റെ സംസ്‌കാരം. സ്ത്രീധനം ജാഹിലിയ്യത്തിന്റെ സംസ്‌കാരമാണ്. സമുദായം മഹ്‌റിനെ ആചാരമാക്കി ചുരുക്കി. സ്ത്രീധനത്തെ സംസ്‌കാരമാക്കി കൊണ്ടുനടന്നു. ഇക്കാര്യത്തില്‍ മാത്രമല്ല മറ്റു പല കാര്യങ്ങളിലും ഇതു തന്നെയല്ലേ ചെയ്തുവെച്ചത്. ഇത്തരം 'പുത്തന്‍വാദ'ങ്ങളെ തിരിച്ചറിഞ്ഞ് തിരുത്തലാണ് നവോത്ഥാനം. അതാണ് പ്രസ്ഥാനം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നത്. ജാഹിലിയ്യത്തിനെ സംസ്‌കാരമായി സ്വീകരിച്ച് പടച്ചവന്റെ സഹായവും ഇസ്‌ലാമിന്റെ സമാധാനവും പ്രതീക്ഷിക്കുന്നതില്‍ എന്തര്‍ഥമാണുള്ളത്?
ഈ പ്രസ്ഥാനത്തെപ്പറ്റി ഒന്നും കേട്ടിട്ടില്ലാത്ത കാലത്തു തന്നെ രണ്ട് 'പൊക്കിള്‍ക്കൊടി ബന്ധങ്ങള്‍' രൂപപ്പെട്ട കാര്യം പലപ്പോഴും അത്ഭുതത്തോടെ ഓര്‍ക്കാറുണ്ട്. അതിലൊന്ന്, മഹല്ല് പള്ളിയോടനുബന്ധിച്ചുള്ള മദ്‌റസയില്‍നിന്ന് കേട്ട ഖുര്‍ആന്‍ പാരായണമാണ്. ഏതോ പ്രോഗ്രാമിനോടനുബന്ധിച്ച് ഉച്ചഭാഷിണിയിലായിരുന്നു പാരായണം. അതിന്റെ ഈണവും താളവും ഹൃദയത്തിന്റെ അടിത്തട്ടിലെവിടെയോ ഒരു മുഴക്കമായി അവശേഷിച്ചിരുന്നു. ഒരു നിരീശ്വരനായിരിക്കെ തന്നെ!
മറ്റൊന്ന്, മാധ്യമം ദിനപത്രമാണ്. കോളേജില്‍ പഠിച്ചിരുന്ന കാലത്ത് ലൈബ്രറിയില്‍ കയറിയാല്‍ ആദ്യം നോക്കുക മാധ്യമം പത്രമാണ്. മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടിക്കോളേജിലായിരുന്നു അഞ്ചു വര്‍ഷം പഠിച്ചത്. മാധ്യമം പത്രത്തിലെ എഡിറ്റോറിയല്‍ പേജ് വായിക്കല്‍ ഹരമായിരുന്നു. ഏതൊരു വിഷയത്തെ സംബന്ധിച്ചും സന്തുലിതമായ കാഴ്ചപ്പാട് ലഭിക്കാന്‍ അത് സഹായകമായിരുന്നു.
'ഇസ്‌ലാം സന്തുലിത'മാണല്ലോ. ഇതിന്റെ സ്വാധീനമായിരുന്നു ആ എഡിറ്റോറിയലുകളുടെ പിന്നിലെന്നറിഞ്ഞത് വര്‍ഷങ്ങള്‍ക്കു ശേഷമാണ്.
സോവിയറ്റ് യൂനിയന്റെ തകര്‍ച്ച സംഭവിച്ച കാലം. ഒരു ആത്മസുഹൃത്തിന്റെ വേര്‍പാട് പോലെയാണ് അതനുഭവപ്പെട്ടത്. ആ സന്ദര്‍ഭത്തില്‍ കമ്യൂണിസവുമായി ബന്ധപ്പെട്ട് മാധ്യമം പത്രത്തില്‍ ധാരാളം ലേഖനങ്ങള്‍ വന്നിരുന്നു. അനുകൂലവും പ്രതികൂലവുമായ ആ ലേഖനങ്ങള്‍, കമ്യൂണിസത്തെ സംബന്ധിച്ച 'സിദ്ധാന്തവാശി'യില്‍നിന്ന്  ചിന്തയെ മറ്റൊരു ലോകത്തേക്ക് നയിച്ചതായി തോന്നിയിട്ടുണ്ട്.
ചുണ്ടോട്ടുകുന്ന് എസ്.ഐ.ഒ യൂനിറ്റ് പ്രസിഡന്റായിരിക്കെ ഒരു സംഘടനയുടെ യോഗത്തിലേക്ക് ഒരിക്കല്‍ ക്ഷണിക്കപ്പെട്ടു. പ്രിയ സുഹൃത്ത് അബ്ദുന്നാസറും കൂടെ ഉണ്ടായിരുന്നു. എടത്തനാട്ടുകര കോട്ടപ്പള്ളയിലെ ഒരു പള്ളിയില്‍ വെച്ചായിരുന്നു ചര്‍ച്ച. സൗഹൃദാന്തരീക്ഷത്തിലാണ് ചര്‍ച്ച നടന്നത്. ഇസ്ലാം മനുഷ്യജീവിതത്തിനാവശ്യമായ എല്ലാ അടിസ്ഥാന നിയമങ്ങളുമുള്ള ഒരു സമ്പൂര്‍ണ ജീവിത വ്യവസ്ഥയാണല്ലോ. പിന്നെന്തിനാണ് മുസ്ലിംകള്‍ ഭൗതിക പ്രത്യയശാസ്ത്രങ്ങള്‍ക്കു വേണ്ടി പണിയെടുക്കുന്നതും കൊടി പിടിക്കുന്നതും എന്നിടത്തു നിന്നാണ് ചര്‍ച്ച തുടങ്ങിയത്.
'മതം വേറെ, രാഷ്ട്രീയം വേറെ' എന്ന ചര്‍ച്ച സമുദായത്തില്‍ കത്തിനില്‍ക്കുന്ന സമയമാണത്. അതു സംബന്ധമായ ചര്‍ച്ചകളും വാദപ്രതിവാദങ്ങളും നിരന്തരം നടന്നുകൊണ്ടിരിക്കുന്നുണ്ട്. ഈയൊരു പശ്ചാത്തലത്തില്‍, കോട്ടപ്പള്ള അങ്ങാടിയില്‍, പണ്ഡിതനും വാഗ്മിയുമായ ശൈഖ് മുഹമ്മദ് കാരകുന്നിനെ പങ്കെടുപ്പിച്ച് ഒരു പൊതു പ്രഭാഷണം സംഘടിപ്പിച്ചിരുന്നു. രണ്ടു മണിക്കൂറോളം നീണ്ടുനിന്ന ഉജ്ജ്വല പ്രഭാഷണമായിരുന്നു അത്. ഇസ്‌ലാം നല്ലതായിട്ടും മുസ്‌ലിംകള്‍ അതിനെ നല്ല ഭാഷയില്‍ അവതരിപ്പിക്കുന്നില്ല എന്ന പരിഭവത്തെ തിരുത്തിത്തന്ന പ്രഭാഷണം! സമകാലിക സംഭവങ്ങളെ കോര്‍ത്തിണക്കിയായിരുന്നു അവതരണം. ദൈവിക അധ്യാപനങ്ങളെ പൊതുജീവിതത്തില്‍നിന്ന് പറിച്ചുമാറ്റിയാലുണ്ടാവുന്ന ദുരന്തങ്ങളെക്കൂടി പറഞ്ഞുകൊണ്ടുള്ള പ്രഭാഷണമായിരുന്നു അത്. 'സമ്പൂര്‍ണ ജീവിത പദ്ധതി'യാണ് ഇസ്ലാം എന്നതായിരുന്നു അതിന്റെ ആകസാരം.
ഈ കാഴ്ചപ്പാടോടെയാണ് ചര്‍ച്ചയില്‍ ചില ചോദ്യങ്ങള്‍ ഉന്നയിച്ചത്. കമ്യൂണിസ്റ്റായിരുന്ന കാലത്ത്, കാള്‍ മാര്‍ക്‌സിനെ പോലുള്ള കമ്യൂണിസ്റ്റ് ചിന്തകരുടെ അധ്യാപനപ്രകാരമുള്ള ഒരു സാമ്പത്തിക വ്യവസ്ഥക്കു വേണ്ടിയാണ് ആഗ്രഹിച്ചതും പണിയെടുത്തതും. എന്നാല്‍, സമ്പൂര്‍ണ ജീവിത വ്യവസ്ഥയായ ഇസ്‌ലാമിനെ തെരഞ്ഞെടുത്തു കഴിഞ്ഞാല്‍ പിന്നെ അതെങ്ങനെ സാധ്യമാകും? മതപരമായ ആദര്‍ശം ഇസ്‌ലാമിന്റേതും രാഷ്ട്രീയ ആദര്‍ശം കമ്യൂണിസത്തിന്റേതോ അല്ലെങ്കില്‍ മുതലാളിത്തത്തിന്റേതോ ഒക്കെ ആകുന്നതിന്റെ യുക്തി എന്താണ്?
ഇങ്ങനെയുള്ള ചോദ്യങ്ങള്‍ ചോദിച്ചിരുന്നെങ്കിലും ഉത്തരങ്ങളുണ്ടായിരുന്നില്ല.
സോഷ്യലിസ്റ്റ്  കാഴ്ചപ്പാടനുസരിച്ച് സമ്പത്തിന്റെ ഉടമസ്ഥാവകാശം സ്റ്റേറ്റിനാണല്ലോ. മുതലാളിത്തത്തില്‍ അത് വ്യക്തികള്‍ക്കാണ്. ഇസ്‌ലാമിലോ? ദൈവത്തിനാണെന്നാണ് മറുപടി. എങ്കില്‍, സമ്പാദിക്കേണ്ടതും ചെലവഴിക്കേണ്ടതുമൊക്കെ എങ്ങനെയാവണം എന്ന് പറയേണ്ടതാരാണ്?
കാള്‍ മാര്‍ക്‌സാണോ? ആഡം സ്മിത്താണോ? അതോ, സ്രഷ്ടാവായ ദൈവമോ? 
ദൈവം ഈ വിഷയത്തില്‍ ഒന്നും പറഞ്ഞിട്ടില്ല എന്നു പറയാന്‍ എന്തു ന്യായമാണുള്ളത്? ചിലയിടങ്ങളില്‍, സകാത്ത്  വാങ്ങാന്‍ പോലും ആളില്ലാത്ത വിധം ദാരിദ്ര്യനിര്‍മാര്‍ജനം സാധ്യമായ ചരിത്രമുണ്ടല്ലോ ഇസ്‌ലാമിന്റെ സാമ്പത്തിക വ്യവസ്ഥക്ക്. അതെങ്ങനെ സാധ്യമായി?
ഇതിനൊന്നും വ്യക്തമായ മറുപടി ചര്‍ച്ചയിലുണ്ടായില്ല.
ഇസ്‌ലാമിനെ ഒരു 'മത'മായി കണ്ടാല്‍ ഈ ചോദ്യങ്ങള്‍ക്കൊന്നും ഒരു പ്രസക്തിയുമില്ല. എന്നാല്‍, ഖുര്‍ആനും പ്രവാചകനും പഠിപ്പിക്കുന്ന അധ്യാപനങ്ങള്‍ അതിനു സമ്മതിക്കില്ലെന്നാണ് മനസ്സിലായിട്ടുള്ളത്. മാത്രമല്ല, ഇസ്ലാമിനെ ഇങ്ങനെ കേവല മതമാക്കിക്കൊണ്ടുള്ള സമീപനമുണ്ടാക്കുന്ന ദുരന്തം അല്‍പം ഒന്നാലോചിച്ചാല്‍ മനസ്സിലാവുന്ന കാര്യമാണ്.
ഒരു സത്യവിശ്വാസി അംഗമായ മത സംഘടനയുടെ കാഴ്ചപ്പാടില്‍ മദ്യം നിഷിദ്ധമാണല്ലോ. എന്നാല്‍, അതേ സത്യവിശ്വാസി അംഗമായ രാഷ്ട്രീയ സംഘടനയുടെ കാഴ്ചപ്പാടില്‍ മദ്യം നിഷിദ്ധമല്ല. അങ്ങനെയാണല്ലോ മിക്ക രാഷ്ട്രീയ സംഘടനകളും. മദ്യത്തിന്റെ കാര്യം മാത്രമല്ല വ്യഭിചാരം, സ്വവര്‍ഗരതി, ചൂതാട്ടം, പലിശ, കൈക്കൂലി, അഴിമതി, വര്‍ഗീയത, വംശീയത, ജാതീയത തുടങ്ങി ഇസ്‌ലാം വിലക്കിയ മിക്ക തിന്മകളുടെ കാര്യത്തിലും ഈ വൈരുധ്യം കാണാം. മതപരമായ ആദര്‍ശം വിലക്കുന്ന കാര്യങ്ങള്‍ രാഷ്ട്രീയപരമായ ആദര്‍ശം അനുവദിക്കുന്നു. ഒരേ വ്യക്തി ഈ രണ്ട് വിരുദ്ധ വീക്ഷണങ്ങളെയും ഒരുമിച്ച് കൊണ്ടുനടക്കുന്നതെങ്ങനെ? ഇസ്‌ലാം വിഭാവന ചെയ്യുന്ന സംസ്‌കാരത്തെ സംഘടിതമായി ഇല്ലാതാക്കുകയല്ലേ ഇവിടെ ചെയ്യുന്നത്. ഒരു നാട്ടില്‍ നന്മയാണെങ്കിലും തിന്മയാണെങ്കിലും എന്തെല്ലാം വേണം, എന്തെല്ലാം വേണ്ട എന്നൊക്കെ നിയമപരമായിത്തന്നെ തീരുമാനിക്കാന്‍ കഴിയുക രാഷ്ട്രീയ സംഘടനകള്‍ക്കാണല്ലോ. ഇസ്‌ലാമിനെക്കുറിച്ച വായനയില്‍ സാമൂഹിക ഇടപെടല്‍ കൂടി നടത്തുന്ന ഒന്നായിട്ടാണ് അതിനെ കാണാല്‍ കഴിഞ്ഞിട്ടുള്ളത്. അതില്ലാത്ത കേവല 'മത'ത്തെ കണ്ടെത്താനേ കഴിഞ്ഞിട്ടില്ല.
പ്രവാചകന്‍ മദീനാ പള്ളിയില്‍ നമസ്‌കാരത്തിന് നേതൃത്വം നല്‍കിയിരുന്നു. അതേസമയം മദീനാ മാര്‍ക്കറ്റിലൂടെ നടന്നു നോക്കി കള്ളക്കച്ചവടക്കാരുടെ കൈക്ക് പിടിക്കുകയും ചെയ്തിരുന്നു. ഇതാണല്ലോ യഥാര്‍ഥത്തില്‍ ഇസ്‌ലാം. ഇങ്ങനെ ഇസ്‌ലാമിനെ അതിന്റെ സാകല്യത്തില്‍ മനസ്സിലാക്കിയാല്‍ അതിനെ കേവലം മതമാക്കുന്നത് രാജാവിനെ പൂജാരിയാക്കുന്ന വിധമുള്ള അബദ്ധമല്ലേ?
മര്‍ഹൂം സ്വാദിഖ് മൗലവി പറഞ്ഞ ഒരു സംഭവം വല്ലാതെ ചിന്തിപ്പിച്ചിട്ടുണ്ട്. സംഭവം ഇതാണ്: ആലുവയില്‍ നടക്കുന്ന ഒരു സര്‍വമത സമ്മേളനത്തിലേക്ക് അതിന്റെ സംഘാടകര്‍ ഹാജി സാഹിബിനെ ക്ഷണിച്ചു. അദ്ദേഹം അതിനു നല്‍കിയ മറുപടി, 'ആ സമ്മേളനത്തില്‍ ഇസ്‌ലാമിനെ പ്രതിനിധീകരിച്ച് ഞാന്‍ പങ്കെടുത്താല്‍ ഇസ്‌ലാമിക പ്രസ്ഥാനം ഒരു മത സംഘടനയാണെന്ന് ജനങ്ങള്‍ തെറ്റിദ്ധരിക്കും. അതിനാല്‍, ഒരു സര്‍വ പാര്‍ട്ടി സമ്മേളനത്തിലേക്കാണെങ്കില്‍ പങ്കെടുക്കാം' എന്നായിരുന്നു!
മതം വേറെ, രാഷ്ട്രീയം വേറെ എന്ന വിഭജനം നടത്തി, ഇസ്‌ലാമിനെ എങ്ങനെയാണ് വിശ്വാസികള്‍ അഡ്ജസ്റ്റ് ചെയ്യുന്നത് എന്ന് ഇന്നും മനസ്സിലായിട്ടില്ലാത്ത സമസ്യയാണ്. ഇസ്‌ലാമിനെ വെറും മതമാക്കാനോ വെറും രാഷ്ട്രീയമാക്കാനോ പറ്റില്ലെന്നാണ് ഖുര്‍ആന്‍ പഠിച്ചപ്പോള്‍ മനസ്സിലായത്. യഥാര്‍ഥത്തില്‍ ഇസ്‌ലാം എല്ലാറ്റിനും പകരമാണ്; ഇസ്‌ലാമിനു പകരമായി മറ്റൊന്നുമില്ല.
ഖുര്‍ആനില്‍ രണ്ടാം അധ്യായത്തിലെ 208-ാം വാക്യത്തില്‍ 'വിശ്വസിച്ചവരേ, നിങ്ങള്‍ പൂര്‍ണമായി ഇസ്ലാമില്‍ പ്രവേശിക്കുക' എന്ന കല്‍പന കാണാം. അത് വിരല്‍ ചൂണ്ടുന്നത് വിശ്വാസികളുടെ ഇത്തരം നിലപാടുകളിലേക്കാണെന്നല്ലേ മനസ്സിലാക്കാന്‍ കഴിയുക? 
എല്ലാവിധ തിന്മകള്‍ക്കുമെതിരാണല്ലോ ഇസ്ലാം. അതോടൊപ്പം സകല നന്മകളെയും അത് പ്രതിനിധീകരിക്കുന്നുമുണ്ട്. ഈ ആദര്‍ശത്തിന്റെ അടിസ്ഥാനത്തിലുള്ള കൂട്ടായ്മയിലേക്ക് പൊതുസമൂഹത്തെ ക്ഷണിക്കുക എന്ന പണിയല്ലേ വിശ്വാസികള്‍ ചെയ്യേണ്ടത്? പ്രവാചകന്മാര്‍ അതാണല്ലോ ചെയ്തത്.
എന്നാല്‍, 'മത ജീവിത'ത്തില്‍ ഒരു കാല്‍ ഇസ്‌ലാമിന്റെ തോണിയില്‍, 'പൊതുജീവിത'ത്തില്‍ മറ്റേ കാല്‍ ഭൗതിക പ്രത്യയശാസ്ത്രങ്ങളുടെ തോണിയിലും! ഇങ്ങനെ പോയാല്‍ കരക്കടുക്കാന്‍ കഴിയുന്നതെങ്ങനെ?
അക്ഷരങ്ങളിലൂടെ വായിച്ചറിഞ്ഞ ഇസ്‌ലാമിനെ ഈ കൂട്ടായ്മയിലൂടെയാണ് തൊട്ടറിഞ്ഞത്. നാട്ടില്‍ നടക്കുന്ന പല വിഷയങ്ങളിലും എടുത്തുചാട്ടമില്ലാതെ പക്വതയോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അബ്ദുല്‍ അസീസ് സാഹിബിന്റെ ഉപദേശങ്ങള്‍ക്ക് വലിയ പങ്കുണ്ടായിരുന്നു. ഇസ്‌ലാമിന്റെ കൂടിയാലോചനാ സിസ്റ്റമാണവിടെയെല്ലാം പ്രവര്‍ത്തിച്ചിരുന്നത് എന്ന് പിന്നീടാണ് മനസ്സിലായത്.    
ഒരു വിഷയത്തില്‍തന്നെ വ്യത്യസ്ത അഭിപ്രായങ്ങളും നിലപാടുകളുമുള്ളവരാണല്ലോ മനുഷ്യര്‍. ഇങ്ങനെയുള്ള മനുഷ്യരുടെ ഒരു പ്രശ്‌നം പരിഹരിക്കാന്‍ 'കൂടിയാലോചന'യെ ആയുധമാക്കാനാണല്ലോ ഇസ്‌ലാമിന്റെ നിര്‍ദേശം. ഓരോ വിഷയത്തിലും ദൈവത്തില്‍നിന്ന് വെളിപാട് ലഭിച്ചിരുന്ന പ്രവാചകന്, അനുചരന്മാരോട് കൂടിയാലോചിക്കാനുള്ള  നിര്‍ദേശം തന്നെ വെളിപാടായി ലഭിച്ചത് ഖുര്‍ആനിലുണ്ടല്ലോ.   
ജനാധിപത്യത്തിനും ഖുര്‍ആന്‍ അടിത്തറ പാകിയിട്ടുണ്ടെന്നര്‍ഥം. 'കൂടിയാലോചന അഭിപ്രായങ്ങളെ പവിത്രമാക്കും' എന്നാണ് പ്രവാചക മൊഴി. കൂടിയാലോചന അഥവാ 'ശൂറാ' എന്നത് ഒരു സംസ്‌കാരമാകുമ്പോള്‍ കൊടുങ്കാറ്റ് പോലെ വന്ന പ്രശ്‌നങ്ങള്‍ മന്ദമാരുതനെപ്പോലെ ഗതിമാറിപ്പോയ എത്രയോ അനുഭവങ്ങളുണ്ടായിട്ടുണ്ട്.
റോഡിലൂടെ ഒഴുകുന്ന മഴവെള്ളം ആരൊക്കെയോ പൊതുവഴിയിലേക്ക് തിരിച്ചുവിട്ടപ്പോള്‍ നാട്ടിലുണ്ടായ പ്രശ്‌നം തീര്‍ക്കുന്നതിലും, ഒരു സഹോദരന്റെ വീട് കത്തിയപ്പോള്‍ അത് പുനര്‍നിര്‍മിക്കാന്‍ നടത്തിയ പിരിവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും, കള്ളുഷാപ്പിനും ചീട്ടുകളിക്കുമെതിരിലുണ്ടായ സമരങ്ങളിലുമൊക്കെ ഈ കൂടിയാലോചനാ സംസ്‌കാരം വലിയ സഹായമായിരുന്നു.
ഇതിനിടയില്‍ എടത്തനാട്ടുകരയിലെ കോട്ടപ്പള്ള അങ്ങാടിയില്‍ വെച്ച് സക്കീര്‍ ഹുസൈന്‍ തുവ്വൂരിന്റെ ഒരു പൊതു പ്രഭാഷണം സംഘടിപ്പിച്ചു. അതൊരു മറുപടി പ്രസംഗമായിരുന്നു. ഘനഗംഭീരമായ ശബ്ദത്തില്‍ നല്ല ഒഴുക്കോടുകൂടിയ അദ്ദേഹത്തിന്റെ പ്രസംഗം ഒരനുഭവം തന്നെയായിരുന്നു. മറുപടി പ്രസംഗങ്ങളില്‍ പൊതുവിലുണ്ടാവാറുള്ള 'കരിവാരിത്തേക്കല്‍' ഉണ്ടായിരുന്നതേയില്ല. മാന്യമായ ഭാഷയിലുള്ള, വ്യക്തതയുള്ള മറുപടികള്‍. ശത്രുക്കളോട് പോലും മാന്യത പുലര്‍ത്താന്‍ നിഷ്‌കര്‍ഷിക്കുന്ന ഇസ്‌ലാമിന്റെ സമീപനം അവിടെ പ്രകടമായിരുന്നു. 'ഇസ്‌ലാം ഒരു സിദ്ധാന്തം മാത്രമല്ല, അതൊരു സമീപനം കൂടിയാണ്' എന്നത് മുസ്‌ലിം സമൂഹം മുഖവിലെക്കെടുത്തിരുന്നെങ്കില്‍ എന്ന് പല മറുപടി പ്രസംഗങ്ങള്‍ കേള്‍ക്കുമ്പോഴും തോന്നാറുണ്ട്. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ഒരു സ്റ്റേജില്‍നിന്നും അശ്ലീലമായ പദങ്ങളോ മാന്യതയില്ലാത്ത പ്രയോഗങ്ങളോ കേട്ടിട്ടേയില്ല.  പ്രസ്ഥാനത്തിന്റെ ഈ വ്യതിരിക്തതയില്‍ നിന്ന് ഇസ്‌ലാമിക സംസ്‌കാരത്തിന്റെ മഹത്വം വായിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ഇങ്ങനെയൊക്കെയായിട്ടും എന്തുകൊണ്ടാണിതിന്റെ വളര്‍ച്ച മന്ദഗതിയില്‍ എന്ന ചോദ്യം അലട്ടാതിരുന്നിട്ടില്ല.   
കള വളരുന്ന പോലെ കൃഷി വളരുകയില്ല എന്ന ഒരു മെസ്സേജ് പ്രകൃതിയില്‍ കാണാം.
'ഒരു ജനത സ്വയം മാറാത്തിടത്തോളം കാലം ദൈവം അവരെ മാറ്റുകയില്ല' (ഖുര്‍ആന്‍ 13:11). 

(തുടരും)