മനുഷ്യനു മേൽ കണക്കറ്റ അനുഗ്രഹങ്ങൾ വർഷിച്ചിട്ടുണ്ട് അല്ലാഹു. നന്ദി കാണിക്കാൻ മനുഷ്യൻ ഏതവസ്ഥയിലും ഏത് സമയത്തും ബാധ്യസ്ഥനാണ്. മാലാഖമാർ അല്ലാഹുവിന്റെ സമീപസ്ഥരാണല്ലോ. അവരുടെ പ്രധാന പ്രത്യേകതയായി എടുത്തുപറഞ്ഞിട്ടുള്ളത്, അവർ ദൈവത്തെ സ്തുതിച്ചും സ്തോത്രങ്ങളർപ്പിച്ചും കഴിഞ്ഞുകൂടുന്നു എന്നതാണ്. ഖുർആൻ പറയുന്നു: "ദൈവ സിംഹാസനത്തിന്റെ വാഹകരും അതിനു ചുറ്റും നിലകൊള്ളുന്നവരുമായ മലക്കുകൾ തങ്ങളുടെ റബ്ബിനെ സ്തുതിച്ചുകൊണ്ട് കീർത്തനം ചെയ്തുകൊണ്ടിരിക്കുകയാകുന്നു'' (40:7).
ഇനി, മനുഷ്യരിൽ ഏറ്റവും ശ്രേഷ്ഠർ പ്രവാചകൻമാരും മുർസലുകളുമല്ലേ. അവരുടെ സ്ഥിതിയും ഇതുതന്നെ. നൂഹ് നബിയെ അക്രമികളിൽനിന്ന് രക്ഷപ്പെടുത്തിയപ്പോൾ അദ്ദേഹം പറഞ്ഞു:"അൽഹംദു ലില്ലാഹ് .. അക്രമികളിൽനിന്ന് ഞങ്ങളെ രക്ഷിച്ച അല്ലാഹുവിന് സ്തുതി" (23: 28). സുലൈമാൻ, ദാവൂദ് എന്നിവർ നബിമാരായിരുന്നു; ഒപ്പം അവർ ഭരണാധികാരികളുമായിരുന്നു. ഏതൊരു നല്ല കാര്യം സംഭവിച്ചാലും അവർ ദൈവത്തെ സ്തുതിക്കും. "തന്റെ വിശ്വാസികളായ ദാസന്മാരിൽ മിക്കവരെക്കാളും ഞങ്ങൾക്ക് ശ്രേഷ്ഠത നൽകിയ അല്ലാഹുവിന് സ്തുതി" (27:15).
വിശ്വാസി നിത്യജീവിതത്തിലൂടെ കടന്നുപോകുന്നത് പല തവണ അല്ലാഹുവിനെ സ്തുതിച്ചു കൊണ്ടാണ്. രാവിലെ എഴുന്നേൽക്കുമ്പോൾ 'ഉറക്കമാവുന്ന മരണത്തിൽനിന്ന് എന്നെ ഉണർത്തിയ നാഥന് സ്തുതി' എന്നവൻ ഉരുവിടുന്നു. ഭക്ഷണം കഴിച്ചുകഴിയുമ്പോൾ,
الحمد لله الذي اطعمني هذا ورزقنيه من غير حول مني ولا قوة
( ابن ماجه )
(സ്വന്തമായി ഒരു കഴിവും ശേഷിയും ഇല്ലാതിരുന്നിട്ടും എനിക്ക് ഈ ഭക്ഷണം നൽകി എന്നെ ഊട്ടിയ നാഥനു സ്തുതി) എന്ന് പറയുന്നു. പുതുവസ്ത്രം ധരിക്കുമ്പോൾ വിശ്വാസി 'ഈ വസ്ത്രം ധരിപ്പിച്ച ദൈവമേ നിനക്ക് സ്തുതി' എന്ന വാക്യം ഉരുവിടുന്നു.
ഹസ്രത്ത് ഫാത്വിമ വീട്ടുജോലിക്ക് ഒരു വേലക്കാരിയെ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ പിതാവ് മുഹമ്മദ് നബി (സ), 'ഞാൻ നിനക്ക് വേലക്കാരിയെക്കാൾ നല്ല ഒരു കാര്യം നിർദേശിച്ചു തരാം. രാത്രി ഉറങ്ങാൻ നേരം 33 വട്ടം സുബ്ഹാനല്ലാ, 33 വട്ടം അൽഹംദു ലില്ലാ, 34 വട്ടം അല്ലാഹു അക്ബർ എന്ന് പറയുക. ഇത് നിനക്ക് ഈ ലോകത്ത് ഒരു വേലക്കാരിയെ കിട്ടുന്നതിനെക്കാൾ ഉത്തമമാണ്' (അൽ ജാമിഉസ്സഗീർ) എന്നാണ് മകളെ ഉപദേശിച്ചത്. ആഇശ (റ) പറയുന്നു: റസൂൽ തിരുമേനി(സ)ക്ക് പ്രത്യേകമായ വല്ല സന്തോഷവും ഉണ്ടായാൽ അദ്ദേഹം ഇങ്ങനെ പ്രാർഥിക്കാറുണ്ടായിരുന്നു:
الحمد لله الذي بنعمته تتم الصالحات
''സർവസ്തുതിയും അല്ലാഹുവിന്. അവന്റെ അനുഗ്രഹത്താലത്രെ എല്ലാ സത്കർമങ്ങളും പൂർത്തിയാവുന്നത്'' (അൽ ജാമിഉസ്സഗീർ 4640).
വെറുക്കപ്പെട്ടത് സംഭവിച്ചാൽ നബിതിരുമേനി "ഏതവസ്ഥയിലും ദൈവത്തിന് സ്തുതി" എന്നു പറയുമായിരുന്നു. സ്വർഗത്തിൽ കടക്കുന്ന വിശ്വാസി മന്ത്രിക്കുന്നത്, അൽഹംദു ലില്ലാഹില്ലദീ ഹദാനാ ലി ഹാദാ… (നമുക്ക് ഈ മാർഗം കാണിച്ചു തന്നവനായ ദൈവത്തിന് മാത്രമാകുന്നു സ്തോത്രം) എന്നായിരിക്കും. 'ദൈവം നമുക്ക് മാർഗദർശനം നൽകിയിരുന്നില്ലെങ്കിൽ നാം സ്വയം സന്മാർഗം പ്രാപിക്കാൻ കെൽപുള്ളവരായിരുന്നില്ല' (7:43). സ്വർഗപ്രാപ്തരായ ശേഷം വിശ്വാസികളുടെ അവസാനവാക്കും ഹംദ് മാത്രമായിരിക്കും. വ ആഖിറു ദഅ്വാഹും.. "അവരുടെ സകല സംഗതികളുടെയും പര്യവസാനം സർവസ്തുതിയും ലോകനാഥനായ അല്ലാഹുവിന് മാത്രമാകുന്നു" (ഖുർആൻ 10:10).
ഒരു നബിവചനത്തിൽ ഇങ്ങനെ കാണാം:
أفضل الذكر لا اله الا الله وأفضل الدعاء الحمد لله
"ഏറ്റവും നല്ല കീർത്തനം ലാ ഇലാഹ ഇല്ലല്ലാഹ് എന്നാകുന്നു. ഏറ്റവും ശ്രേഷ്ഠമായ പ്രാർഥന അൽഹംദു ലില്ലാഹ് എന്നും" (ഇബ്നു മാജ).
താബിഈ പണ്ഡിതനായ ഇമാം ബക്റുബ്നു അബ്ദില്ല മുസനി പറയുന്നു: ചുമലിൽ വലിയ ഭാരം വഹിച്ചുപോകുന്ന ഒരു തൊഴിലാളിയെ ഞാൻ കണ്ടു. ആ തൊഴിലാളി അൽഹംദു ലില്ലാ എന്നും അസ്തഗ്ഫിറുല്ലാ എന്നും മാറിമാറി ഉരുവിടുന്നുണ്ട്. ഞാൻ അയാളോട് ചോദിച്ചു: നിങ്ങൾ എന്താണ് ഈ പ്രാർഥനകൾ ഇങ്ങനെ മാറിമാറി ഉരുവിടുന്നത്, മറ്റൊരു പ്രാർഥനയും ഉരുവിടുന്നുമില്ലല്ലോ? അദ്ദേഹം പറഞ്ഞു: ഞാൻ ഖുർആൻ മനപ്പാഠമാക്കിയ ഒരാളാണ്. എനിക്ക് മറ്റു പ്രാർഥനകളും അറിയാം.
മനുഷ്യർ രണ്ടവസ്ഥയിലാണുള്ളത്. അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ അവർ സ്വീകരിക്കുന്നു. അതോടൊപ്പം അവർ നന്ദികേട് കാണിക്കുന്നു. ഞാൻ ദൈവത്തിന്റെ അനുഗ്രഹങ്ങൾ ഓർക്കുമ്പോൾ അവനെ സ്തുതിക്കുന്നു. തെറ്റുകളും കുറ്റങ്ങളും ഓർമ വരുമ്പോൾ ഞാൻ അസ്തഗ്ഫിറുല്ലാ ( അല്ലാഹുവേ, മാപ്പ്) എന്ന് ഏറ്റ് പറയുന്നു. തൊഴിലാളിയുടെ ഈ മറുപടി കേട്ട് ഞാൻ അത്ഭുതപ്പെട്ടു. എന്റെ മനസ്സ് മന്ത്രിച്ചു: "ഈ തൊഴിലാളി എത്ര വലിയ ജ്ഞാനിയാണ്" (ഇബ്നുൽ ഖയ്യിം).
അബൂ മൂസൽ അശ്അരിയിൽനിന്ന് നിവേദനം: 'വിശ്വാസിയായ ഒരാളുടെ മകൻ മരണപ്പെട്ടു. അപ്പോൾ അല്ലാഹു മലക്കുകളോട് ചോദിച്ചു. എന്റെ അടിമയുടെ കുട്ടിയുടെ ആത്മാവിനെ നിങ്ങൾ പിടിച്ചെടുത്തോ? അവർ പറഞ്ഞു: 'അതെ'. വീണ്ടും അല്ലാഹു ചോദിച്ചു: അല്ല, നിങ്ങൾ എന്റെ അടിമയുടെ കരളിന്റെ കഷ്ണത്തെ പിടിച്ചോ! അപ്പോഴും അവർ പറഞ്ഞു: അതേ ദൈവമേ! അപ്പോൾ ആ കുട്ടിയുടെ പിതാവിന്റെ പ്രതികരണം എന്തായിരുന്നു? അവർ പറഞ്ഞു: അദ്ദേഹം നിന്നെ സ്തുതിക്കുകയും ഇന്നാ ലില്ലാഹ് .. പറയുകയും ചെയ്തു. ഉടനെ അല്ലാഹുവിന്റെ ഉത്തരവ്: നിങ്ങൾ എന്റെ ആ അടിമക്ക് സ്വർഗത്തിൽ ഒരു ഭവനം പണിയുക. അതിന് ബൈത്തുൽ ഹംദ് (സങ്കീർത്തന ഭവനം) എന്ന് പേരിടുകയും ചെയ്യുക' (തിർമിദി).
ഇഹലോകത്ത് ധാരാളമായി അല്ലാഹുവിനെ സ്തുതിക്കുന്നവർ മരണ സമയത്തും സ്തുതിവാക്യങ്ങൾ ഉരുവിട്ടുകൊണ്ടാവും ഭൗതിക ലോകത്തോട് വിട പറയുക. റസൂൽ (സ) പറഞ്ഞു:
المؤمن بخير على كل حال وان المؤمن تخرج نفسه وهو يحمد الله
( مسند أحمد)
(വിശ്വാസി എല്ലാ അവസ്ഥയിലും നന്മയിലായിരിക്കും. അവന്റെ ശരീരത്തിൽനിന്ന് ആത്മാവ് ഉയർത്തപ്പെടുമ്പോൾ പോലും അവൻ അല്ലാഹുവിനെ സ്തുതിക്കുന്നു).
ഒരു നബിവചനം ഇങ്ങനെ വായിക്കാം: 'അന്ത്യദിനത്തിൽ ദൈവത്തിന്റെ അടിയാറുകളിൽ ഏറ്റവും ശ്രേഷ്ഠർ 'ഹമ്മാദൂൻ' അഥവാ ധാരാളമായി അല്ലാഹുവിനെ സ്തുതിക്കുന്നവരായിരിക്കും' (ത്വബ്റാനി).
പ്രയാസങ്ങളും പരീക്ഷണങ്ങളും ഉണ്ടാകുമ്പോൾ അല്ലാഹുവിനെ സ്തുതിക്കുന്നവർക്ക് അല്ലാഹു സ്വർഗത്തിൽ ഒരു ഇടം നൽകും. ആ സ്ഥലത്തിന്റെ പേരാണ് 'ബൈത്തുൽ ഹംദ് ' (സ്തുതിഗേഹം).
ഖുർആനിലെ പ്രഥമ അധ്യായം ആരംഭിക്കുന്നത് തന്നെ 'അൽഹംദു ലില്ലാഹി റബ്ബിൽ ആലമീൻ' എന്നോതിക്കൊണ്ടാണല്ലോ (സർവ സ്തുതിയും സർവലോകരക്ഷിതാവിനാകുന്നു). l