നിലപാട്‌

2022 ജനുവരി 31 തിങ്കളാഴ്ച ഉച്ചക്ക് 12 മണിക്ക് കോഴിക്കോട് വെള്ളിപറമ്പിലെ മനോഹരമായ മീഡിയവണ്‍ ചാനല്‍ ടവറിലെ കോണ്‍ഫറന്‍സ് ഹാളില്‍ നിന്ന് പതിവ് എം.ഡി യോഗത്തില്‍നിന്ന്, സംപ്രേഷണത്തിന്റെ എട്ടാം വര്‍ഷം പിന്നിടുമ്പോള്‍ ചാനല്‍ ലാഭമോ നഷ്ടമോ ഇല്ലാത്ത ആശ്വാസകരമായ കണക്കുകള്‍ സി.ഇ.ഒ അവതരിപ്പിച്ചതിലെ സന്തോഷം പങ്കിട്ട് പുറത്തിറങ്ങുമ്പോഴാണ് നടുക്കുന്ന വാര്‍ത്ത അശനിപാതം പോലെ വന്നുവീഴുന്നത്. സുരക്ഷാ കാരണങ്ങളാല്‍ മീഡിയവണ്‍ ന്യൂസ് ചാനലിന്റെ സംപ്രേഷണാനുമതി ഉടനടി പ്രാബല്യത്തോടെ കേന്ദ്ര വാര്‍ത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം റദ്ദാക്കിയിരിക്കുന്നു! ഉടനെ എഡിറ്റര്‍ പ്രമോദ് രാമന്‍ സ്‌ക്രീനിലെത്തി വാര്‍ത്ത ലോകത്തെങ്ങുമുള്ള പ്രേക്ഷകരെ അറിയിച്ചതോടെ മലയാളത്തിലെ വേറിട്ട വാര്‍ത്താ ചാനലിന്റെ സംപ്രേഷണത്തിന് തിരശ്ശീല വീഴുകയും ചെയ്തു. 2020 മാര്‍ച്ച് ആറിന് സമാനാനുഭവം ഉണ്ടായിരുന്നതാണ്. അന്നു പക്ഷേ മലയാളത്തിലെ പ്രഥമ വാര്‍ത്താ ചാനലായ ഏഷ്യാനെറ്റ് കൂടി കൂട്ടിനുണ്ടായിരുന്നു. രാത്രി ഒമ്പത് മണിക്ക് വീണ താഴ് പിറ്റേന്ന് പത്ത് മണിയോടെ ഐ.ബി മന്ത്രാലയം സ്വയം എടുത്തു മാറ്റുകയായിരുന്നു. ആയിടെ നടന്ന ദല്‍ഹി വംശീയ കലാപം റിപ്പോര്‍ട്ട് ചെയ്തതിലെ വീഴ്ചയായിരുന്നു വിലക്കിന് കാരണമായി ചൂണ്ടിക്കാട്ടിയത്. ക്ഷമാപണം ചെയ്തതിനാല്‍ രാജീവ് ചന്ദ്രശേഖരന്‍ എന്ന ബി.ജെ.പി നേതാവിന്റെ ഉടമസ്ഥതയിലുള്ള ഏഷ്യാനെറ്റിന്റെ വിലക്ക് നീക്കിയതോടൊപ്പം മീഡിയ വണ്ണിനും നിരുപാധികം സംപ്രേഷണാനുമതി പുനഃസ്ഥാപിക്കുകയായിരുന്നു. പിന്നീടാണ് 10 വര്‍ഷം മാത്രം കാലാവധിയുള്ള ലൈസന്‍സ് പുതുക്കാന്‍ മീഡിയവണ്‍ ഉടമകളായ എം.ബി.എല്‍ വാര്‍ത്താ വിതരണ മന്ത്രാലയത്തില്‍ യഥാസമയം അപേക്ഷ സമര്‍പ്പിച്ചത്. എല്ലാ ഉപാധികളും പൂര്‍ത്തിയാക്കിയതിനാലും, ഇടക്കാലത്ത് നിയമലംഘനം ആരോപിച്ച് കാരണം ബോധിപ്പിക്കല്‍ ഉത്തരവ് ഒന്നും ലഭിക്കാതിരുന്നതിനാലും ലൈസന്‍സ് സ്വാഭാവികമായി പുതുക്കി നല്‍കുമെന്ന പ്രതീക്ഷയില്‍ ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യുന്ന വേളയിലാണ് ഇടിത്തീ കണക്കെ വീണ്ടും വിലക്ക് വരുന്നത്. മണിക്കൂറുകള്‍ക്കകം കേരള ഹൈക്കോടതിയെ സമീപിച്ച് വിലക്ക് നീക്കാന്‍ നടത്തിയ ശ്രമം തല്‍ക്കാലം സഫലമായി. സംപ്രേഷണം അന്നു രാത്രി തന്നെ പുനരാരംഭിക്കുകയും ചെയ്തുവെങ്കിലും ജഡ്ജി ജസ്റ്റിസ് നാഗേശരന്റെ സിംഗിള്‍ ബെഞ്ച് വാദം കേള്‍ക്കെ കേന്ദ്ര സര്‍ക്കാറിന്റെ അഭിഭാഷകന്‍ വിലക്കിന്നാധാരമായ സുപ്രധാന രേഖകള്‍ ഹാജരാക്കാന്‍ സാവകാശം വേണമെന്ന് ആവശ്യപ്പെട്ടതിനാല്‍ അത് അനുവദിക്കുകയായിരുന്നു. അതുവരെ വിലക്കിന്റെ സ്റ്റേ തുടരാനും സിംഗിള്‍ ബഞ്ച് ഉത്തരവിട്ടു. വീണ്ടും ഫെബ്രുവരി ഏഴിന് കോടതി കേസ്സ് പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാക്കിയ സീല്‍ വെച്ച കവര്‍ പരിശോധിച്ച ന്യായാധിപന്‍ ഉടനടി പ്രാബല്യത്തോടെ ചാനല്‍ വിലക്ക് പുനഃസ്ഥാപിക്കുകയാണ് ചെയ്തത്. രാജ്യ സുരക്ഷക്ക് ഭീഷണിയാണെന്ന് കണ്ടാല്‍ ഏത് ചാനലിനും തടയിടാന്‍ കേന്ദ്ര സര്‍ക്കാറിന് അധികാരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ വിധിന്യായത്തില്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളാണ് സുരക്ഷാ ഭീഷണിക്ക് തെളിവുകളായി പരാമര്‍ശിച്ചത്. അതാകട്ടെ വെളിപ്പെടുത്താന്‍ സര്‍ക്കാറോ കോടതിയോ ബാധ്യസ്ഥവുമല്ല. അതായത് കുറ്റം ബോധ്യപ്പെടുത്താതെത്തന്നെ 300-ല്‍ പരം ജീവനക്കാരുടെ ഉപജീവന മാര്‍ഗം മുടക്കുന്ന, അനേകം കോടികള്‍ മുതലിറക്കി സംപ്രേഷണ വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്ന നിയമാനുസൃത കമ്പനിക്ക് ഫലത്തില്‍ മരണം വിധിക്കാന്‍ ജനാധിപത്യ സര്‍ക്കാറിന് അധികാരവും അവകാശവുമുണ്ടെന്നര്‍ഥം!
ഈ വിധി പക്ഷേ അന്തിമമല്ല. കേരള ഹൈക്കോടതിയുടെ ഡിവിഷന്‍ ബെഞ്ചില്‍ സമര്‍പ്പിക്കപ്പെടുന്ന അപ്പീല്‍ ഹരജിയിന്മേലുള്ള വിധി കൂടി പ്രതികൂലമായി വന്നാല്‍ സുപ്രീം കോടതിയാണ് ഒടുവില്‍ ശരണം. തികഞ്ഞ പ്രതീക്ഷയോടും ആത്മവിശ്വാസത്തോടും കൂടി ഏതറ്റം വരെയും പോകാനാണ് ഉത്തരവാദപ്പെട്ടവരുടെ തീരുമാനം. പരമോന്നത കോടതി അന്തിമമായി എന്ത് വിധിച്ചാലും ഒരു കാര്യം സ്ഫടിക സമാനം തെളിഞ്ഞു കഴിഞ്ഞിരിക്കുന്നു. ജനാധിപത്യ മതനിരപേക്ഷ കേരളം ഒറ്റക്കെട്ടായി മീഡിയവണ്‍ ചാനലിനോടൊപ്പമുണ്ടെന്ന്. സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, സി.പി.എം, സി.പി.ഐ, കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് തുടങ്ങി പ്രമുഖ പാര്‍ട്ടികളുടെ മുഴുവന്‍ പാര്‍ലമെന്റംഗങ്ങള്‍, നേതാക്കള്‍ തുടങ്ങി മത-സാംസ്‌കാരിക-മനുഷ്യാവകാശ കൂട്ടായ്മകളുടെ വക്താക്കള്‍ അടക്കം എല്ലാവരും വിലക്ക് നീക്കണമെന്നും നടപടി ജനാധിപത്യ ധ്വംസനമാണെന്നും ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തണമെങ്കില്‍ പതിറ്റാണ്ട് കാലത്തോളമായി മലയാളത്തിന്റെ ഈ വേറിട്ട ചാനല്‍ മാനവികതയുടെയും മനുഷ്യാവകാശങ്ങളുടെയും ഭൂമികയില്‍ അടിയുറച്ച് നടത്തിയ പോരാട്ടത്തിനുള്ള നിസ്വാര്‍ഥമായ ജനപിന്തുണയാണ് അത് തെളിയിച്ചിരിക്കുന്നത്. ഘനാന്ധകാരം പിളര്‍ന്ന് വെളിച്ചത്തിന്റെ ഉജ്ജ്വല കിരണങ്ങള്‍ പ്രസരിക്കുമ്പോള്‍ മീഡിയവണ്‍ എന്ന പാവന ദൗത്യം വൃഥാവിലാകില്ലെന്ന തിരിച്ചറിവ് അതിനെ നയിക്കുന്നവര്‍ക്കും അതിന്റെ പ്രവര്‍ത്തകര്‍ക്കും നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. കേന്ദ്ര സര്‍ക്കാറിനെ സര്‍വവിധേനയും പിന്താങ്ങാന്‍ വിധിക്കപ്പെട്ടവര്‍ പോലും കണ്ണും ചിമ്മി വിലക്കിനെ ന്യായീകരിക്കാന്‍ അമാന്തിക്കുന്ന കാഴ്ച സുമനസ്സുകള്‍ക്ക് പകരുന്ന ശുഭ പ്രതീക്ഷ ഒട്ടും ലഘുവല്ല. ഏത് കാളരാത്രിക്കുമൊടുവില്‍ പ്രഭാതം പുലരാതെ വയ്യ. അതിനായി കാത്തിരിക്കാം, പ്രാര്‍ഥിക്കാം.