1967. ഉശിരുള്ള അരുണ കിരണങ്ങളേറ്റ് വെട്ടിത്തിളങ്ങി സുന്ദരിയാകാൻ വെമ്പൽ കൊള്ളുന്ന ആസന്നമായ വസന്തത്തെ, ആകാശം മൂടുന്ന മേഘങ്ങൾ കൊണ്ട് ഞെക്കി ഞെരുക്കി തടഞ്ഞുനിർത്തി വിട പറയാൻ വിസമ്മതിക്കുകയാണ് കനത്ത ശൈത്യകാലം. അസഹനീയ ശൈത്യത്തിനുമേൽ കുത്തിച്ചൊരിയുന്ന പേമാരിയും. ക്യാമ്പിലെ വീടുകളെ അത് വെള്ളത്തിൽ മുക്കി. ഇടവഴികളിലെ ഓടകളിലൂടെ കുത്തിയൊഴുകുന്ന മഴവെള്ളം ക്യാമ്പിലെ ടെന്റുകളിലേക്കും കൂടാരങ്ങളിലേക്കും ഇരച്ചുകയറി. അഭയാർഥികൾ ക്യാമ്പിലെ ഒറ്റമുറിയിലേക്ക് കൂട്ടത്തോടെ തിക്കിക്കയറി. സമീപത്തെ തെരുവിനെക്കാൾ മോശമായ നിലമാണ് ഒറ്റമുറിയിലേത്.
1948-ൽ ഫലസ്ത്വീൻ കൈയേറപ്പെട്ടപ്പോൾ ഫല്ലൂജ പട്ടണത്തിൽനിന്ന് ഇവിടേക്കു കുടിയേറിയതാണ് ഞങ്ങൾ. സ്ഥിതിഗതികൾ ഒട്ടൊക്കെ സ്ഥിരത കൈവരിച്ചുവെങ്കിലും ഞങ്ങളുടെ കുടുംബം താമസിച്ചിരുന്ന വീടുകളിലേക്ക് മഴക്കാലമായാൽ തോടുകളിലെ വെള്ളം പലപ്പോഴും ഇരച്ചുകയറുമായിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ എനിക്കും എന്റെ സഹോദരങ്ങൾക്കും വല്ലാത്ത ബേജാറും ഭയവുമാണ്. എനിക്ക് മൂന്നു സഹോദരന്മാരും രണ്ടു സഹോദരിമാരുമാണ്. വീട്ടിലേക്ക് മഴവെള്ളം കയറുന്ന രാത്രികളിൽ ഉമ്മാക്കും ഉപ്പാക്കും ഉറക്കമില്ല. നിലത്ത് പായ വിരിച്ച് ഞങ്ങൾ ഉറങ്ങുമ്പോൾ അവർ ഉറങ്ങാതെ ഉണർന്നിരിക്കും. പൊളിഞ്ഞ മേൽക്കൂരയുടെ വിടവിലൂടെ കിടപ്പുമുറിയിലേക്ക് ചോർന്നുവീഴുന്ന മഴത്തുള്ളികൾ ഉമ്മ ചെറു പിഞ്ഞാണങ്ങളിൽ ശേഖരിക്കും. പിഞ്ഞാണത്തിൽ വെള്ളം വീഴുന്ന ടപ് ടപ് ഒച്ച കാരണം ഉറക്കം ഇടക്കിടെ മുറിയും. പുതപ്പും വിരിപ്പും നനയാതിരിക്കാൻ, ഉള്ള സൗകര്യങ്ങളിൽ അവ ചുരുട്ടിക്കൂട്ടി വെക്കും. മുല കുടിക്കുന്ന കുഞ്ഞിപെങ്ങളാണ് ഉമ്മയുടെ മടിയിൽ. തിക്കിത്തിരക്കി ഞാനും അവിടെ കയറിപ്പറ്റിയിട്ടുണ്ടാവും. ശൈത്യകാലത്തെയും മഴക്കാലത്തെയും രാത്രികൾ ഞങ്ങൾക്ക് സമ്മാനിക്കുന്നത് ദുഃഖത്തിന്റെയും വേദനയുടെയും ഓർമകളാണ്.
എനിക്ക് അന്ന് അഞ്ചു വയസ്സ് പ്രായം. ഒരു ശൈത്യകാല പ്രഭാതം. വസന്ത സൂര്യൻ, ശൈത്യം കവർന്നെടുത്ത തന്റെ സ്വത്തുവകകൾ തിരിച്ചുപിടിക്കാൻ വെപ്രാളപ്പെടുന്നുണ്ടായിരുന്നു. അതിശൈത്യത്തിന്റെ അടയാളങ്ങളെ, ടെന്റുകളുടെ മേൽ തണുപ്പ് കോരിച്ചൊരിഞ്ഞ രാവിന്റെ ആക്രമണ ശേഷിപ്പുകളെ നക്കിത്തുടച്ച് അവയുടെ മേൽക്കൂര പഴയ പടിയാക്കാൻ സൂര്യപ്രകാശം കിണഞ്ഞു ശ്രമിക്കുന്നുണ്ടായിരുന്നു.
എന്റെ ഇക്കാക്ക ഏഴ് വയസ്സുള്ള മുഹമ്മദ് എന്റെ കൈയും പിടിച്ച് എഴുന്നേറ്റു. ടെന്റുകൾക്കിടയിലുള്ള തെരുവിലൂടെ ഞങ്ങൾ നടക്കാൻ തുടങ്ങി. അതിന്റെ അങ്ങേയറ്റത്താണ് ഈജിപ്ഷ്യൻ പട്ടാള ക്യാമ്പ്. ഈജിപ്ഷ്യൻ പട്ടാളക്കാർക്ക് ഞങ്ങളോട് വലിയ സ്നേഹവും വാത്സല്യവുമാണ്. ഞങ്ങളുടെ പേര് പോലും അവർക്ക് അറിയാമായിരുന്നെന്ന്, അവരിലൊരാൾ ഞങ്ങളെ പേര് വിളിച്ചു അങ്ങോട്ടേക്ക് കൂട്ടിക്കൊണ്ടു പോയപ്പോഴാണ് മനസ്സിലായത്. അയാൾ പറഞ്ഞു: ''മുഹമ്മദേ, അഹ്മദേ.. ഇങ്ങോട്ട് വാടാ മക്കളേ…'' ഇഷ്ടത്തോടെ തലകുനിച്ചു ഞങ്ങൾ അയാളുടെ അടുത്ത് പോയി നിൽക്കും. പതിവുപോലെ അദ്ദേഹം ഞങ്ങൾക്ക് നൽകാറുള്ളത് ഇപ്പോൾ കിട്ടുമെന്ന പ്രതീക്ഷയോടെയാണ് നിൽപ്പ്. തന്റെ യൂണിഫോമിന്റെ കീശയിൽനിന്ന് ഞങ്ങൾക്കായി കരുതിയ പിസ്ത മിഠായിയും ഹൽവയും എടുത്തു തരും. ആർത്തിയോടെ ഞങ്ങളത് കഴിക്കും. വാത്സല്യത്തോടെ ആ പട്ടാളക്കാരൻ ഞങ്ങളുടെ തോളിൽ തട്ടും. മൂർധാവിൽ തലോടും. ഇനി വീട്ടിലേക്ക് പോയിക്കോളൂ, ഇവിടെ നിൽക്കണ്ട എന്നു പറയും. ക്യാമ്പിലേക്കുള്ള വഴിയിലൂടെ ഞങ്ങൾ തിരിച്ച് നടക്കും.
ദീർഘവും കഠിനതരവുമായ ആ കാലത്തിനു ശേഷം തണുപ്പൊഴിഞ്ഞു. വശ്യമനോഹരവും മിതശീതോഷ്ണവുമായ കാലാവസ്ഥ. എന്നാലും മഴയുടെ ദുരന്തങ്ങൾ ഞങ്ങളെ വിട്ടൊഴിഞ്ഞു പോയിരുന്നില്ല. ശൈത്യം ഒഴിഞ്ഞുപോകാൻ ഒരുപാട് കാത്തിരുന്നതുപോലെ. അടുത്തൊന്നും അതിനി വരാതിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു. പക്ഷേ, ഞാൻ ……. എന്നെ ആശങ്കകളും ആശയക്കുഴപ്പങ്ങളും വലയം ചെയ്യുന്നതായി തോന്നി. മഴയുള്ള രാത്രിയെക്കാൾ മോശമായ അവസ്ഥയിലാണ് എന്റെ കുടുംബത്തിലെ എല്ലാവരും എന്ന് ഞാൻ തിരിച്ചറിഞ്ഞു. ചുറ്റിലും സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണെന്ന് തിട്ടപ്പെടുത്താൻ എനിക്കാവുന്നുണ്ടായിരുന്നില്ല. അത്രയ്ക്കും അസാധാരണത്വം അതിനുണ്ടായിരുന്നു; ശൈത്യകാലത്തെ രാത്രികളെക്കാൾ.
വീട്ടിൽ മഴ ചോരുന്നിടങ്ങളിൽ പിഞ്ഞാണങ്ങൾ നിരത്തിവെച്ച് മഴക്കാലത്തിന്റെ വേദനകൾ തെല്ലൊന്നു ശമിപ്പിക്കാൻ ഉമ്മ ശ്രമിക്കും. പിഞ്ഞാണങ്ങൾ നിറഞ്ഞു കഴിഞ്ഞാൽ വെള്ളം പുറത്തുകൊണ്ടുപോയി കളഞ്ഞു വീണ്ടും ആ പാത്രങ്ങൾ അവിടെ കൊണ്ടുവന്നു വയ്ക്കും. ഇതൊരു പരിഹാരം അല്ലെന്ന് ഉമ്മയ്ക്ക് അറിയാം. പക്ഷേ, വേറെ നിവൃത്തി ഒന്നുമില്ലല്ലോ.
അങ്ങനെയിരിക്കെ, ഒരുനാളുണ്ട് ഉപ്പ അയൽപക്കത്തുനിന്ന് മൺവെട്ടിയും കോടാലിയുമൊക്കെ എടുത്തുകൊണ്ടുവരുന്നു. വീടിന്റെ മുറ്റത്ത് അടുക്കളയോട് ചേർന്ന ഭാഗത്ത് ഉപ്പ വലിയൊരു കിടങ്ങ് കുഴിക്കുകയാണ്. പന്ത്രണ്ടു വയസ്സുള്ള ഇക്കാക്ക മഹ്മൂദ് ഉപ്പയെ സഹായിക്കാൻ കൂടെക്കൂടി. കിടങ്ങു കുഴിക്കൽ പൂർത്തിയായി. അതിന്റെ മുകളിൽ മരക്കഷ്ണങ്ങൾ നിരത്തി. അതിന് മുകളിൽ ടിൻ ഷീറ്റ് കൊണ്ട് ഒരു മേൽക്കൂര ഉണ്ടാക്കി. അപ്പോഴേക്കും അത് വീടിനോട് ചേർന്ന ഒരു ചാർത്ത് പോലെയായി. എന്തോ അന്വേഷിക്കുന്ന പോലെ ഉപ്പ തിരിഞ്ഞുനോക്കുന്നത് ഞാൻ കണ്ടു. എന്താണെന്ന് എനിക്ക് മനസ്സിലായില്ല. പിന്നെ ഞാൻ നോക്കുമ്പോൾ, ഉപ്പ അടുക്കള വാതിൽ ഇളക്കി മാറ്റുകയാണ്. അത് കിടങ്ങിന്റെ മുകളിലെ പുതിയ മുറിയുടെ വാതിലായി സ്ഥാപിച്ചു. ഉമ്മയും മഹ്മൂദിക്കയും തുറന്നുകിടക്കുന്ന ഇടുങ്ങിയ ഒരു ദ്വാരത്തിലൂടെ ആ കിടങ്ങിലേക്ക് ഇറങ്ങുകയാണ്. കിടങ്ങിന്റെ പണികൾ പൂർത്തിയായെന്ന് എനിക്ക് മനസ്സിലായി. അതിന്റെ അകം കാണാനുളള ജിജ്ഞാസ എന്റെ കുഞ്ഞു മനസ്സിൽ മുളപൊട്ടി. ധൈര്യം സംഭരിച്ച് ഞാൻ അതിനടുത്തു ചെന്ന് അകത്തേക്ക് എത്തിനോക്കി. ഭൂമിക്കടിയിൽ ഇരുട്ട് കട്ടപിടിച്ച ഒരു അറ. അതിൽ കൂടുതലായി ഒന്നും എനിക്കു തിരിഞ്ഞില്ല. അസാധാരണവും കുഴപ്പം പിടിച്ചതുമായ എന്തോ ഒന്ന് തന്നെയായിരിക്കണമത്. കൊടുങ്കാറ്റ് വീശി, പേമാരി പെയ്തൊഴിഞ്ഞ രാവുകളുടെ നിഗൂഢതയെക്കാൾ കഠിനതരമായി അനുഭവപ്പെട്ടു ആ ഭൂഗർഭ അറ.
പിന്നീടാരും കൈപിടിച്ച് ഈജിപ്ഷ്യൻ പട്ടാള ക്യാമ്പിലേക്ക് എന്നെ കൊണ്ടുപോയില്ല. പിസ്ത മിഠായിയും ഹൽവയും തിന്നാനും കഴിഞ്ഞില്ല. പലപ്പോഴും മഹ്മൂദിക്കാക്ക അങ്ങോട്ടു പോകരുതെന്ന് വിലക്കാറും ഉണ്ടായിരുന്നു. എനിക്കും മുഹമ്മദിനും ഇത് വലിയ മാറ്റം തന്നെയായിരുന്നു; എനിക്ക് ഉൾക്കൊള്ളാൻ കഴിയാത്ത മാറ്റം. ഹസന്റെ കാര്യവും അങ്ങനെ തന്നെയായിരുന്നു. ഞങ്ങളുടെ ഈ ഇടപാട് ഒന്നും അവന് അറിയില്ലായിരുന്നു. ഇനി അവന് അറിയാമായിരുന്നെങ്കിൽ തന്നെ ഇതിലൊന്നും അവൻ ഞങ്ങളോടൊപ്പം കൂട്ടു കൂടിയിരുന്നില്ല. ഇന്നലെ അവന്റെ കൂടെ ഞങ്ങളെ കൂട്ടാതിരുന്നത് എന്തിനാണെന്നും എനിക്ക് മനസ്സിലായില്ല. എന്നാൽ എന്റെ കുഞ്ഞുപ്പയുടെ മകൻ ഇബ്റാഹീം (അവരുടെ വീട് എന്റെ വീടിന്റെ തൊട്ടടുത്ത് തന്നെയാണ്), അവന് എല്ലാ കാര്യവും നന്നായി അറിയാമായിരുന്നു.
പട്ടാള ക്യാമ്പിലേക്ക് പോകാനും എന്റെ കൂടെ കൂടാനും മുഹമ്മദ് വിസമ്മതിച്ചതിനാൽ ഞാൻ കുഞ്ഞുപ്പയുടെ വീട്ടിലേക്കു പോയി. ഇബ്റാഹീമിനെ കൂട്ടാനാണ് അവിടെ ചെന്നത്. വാതിൽ തുറന്നു അകത്ത് ചെന്നപ്പോൾ കുഞ്ഞുപ്പ അവിടെ റൂമിൽ ഇരിക്കുന്നു. അദ്ദേഹത്തെ ഓർക്കാത്ത ഒരു ദിവസം പോലും എനിക്ക് ഉണ്ടായിട്ടില്ല എന്നു പറയാം. കാരണമുണ്ട്: മൂപ്പരുടെ കൈയിൽ എപ്പോഴും ഒരു റൈഫിൾ ഉണ്ടാകും. ഞാൻ ചെന്നപ്പോൾ അദ്ദേഹം അത് റിപ്പയർ ചെയ്തുകൊണ്ടിരിക്കുകയാണ്. എനിക്കും അതുപോലൊരു തോക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു. എപ്പോഴും അതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കുന്നതിനാൽ കുഞ്ഞുപ്പയുടെ കൈയിലെ റൈഫിളിൽ തന്നെ എന്റെ കണ്ണുടക്കി.
കുഞ്ഞുപ്പ എന്നെ വിളിച്ച് അടുത്തിരുത്തി. തോക്ക് എന്റെ കൈയിൽ പിടിപ്പിച്ചു. അതിന്റെ മാഹാത്മ്യങ്ങൾ, അത് ഉപയോഗിക്കേണ്ട രീതി തുടങ്ങി ഒട്ടേറെ കാര്യങ്ങൾ എന്നോട് പറഞ്ഞു. പറഞ്ഞത് അധികമൊന്നും എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല. വാൽസല്യപൂർവം എന്നെ തലോടിയും കവിളിൽ മുത്തം നല്കിയും എന്നെ ഇബ്റാഹീമിന്റെ അടുത്തേക്കു വിട്ടു. ഇബ്റാഹീമിനെയും കൂട്ടി ഞാൻ ടെന്റിനു വെളിയിലിറങ്ങി. തെരുവിന്റെ അങ്ങേയറ്റത്തുള്ള പട്ടാള ക്യാമ്പിലേക്ക് നടന്നു.
അവിടെ എത്തിയപ്പോൾ… കാര്യങ്ങൾ ആകെ തകിടം മറിഞ്ഞിരിക്കുന്നു. പതിവുപോലെ ആ പട്ടാളക്കാരൻ ഞങ്ങളെ സ്വീകരിക്കാൻ അവിടെ ഉണ്ടായിരുന്നില്ല. അവിടെയാകെ എന്തോ അസ്വാഭാവികത തളംകെട്ടി നിൽക്കുന്നതായി തോന്നി. പട്ടാളക്കാർ ഞങ്ങളെ ഊഷ്മളമായി സ്വീകരിക്കാറുണ്ടായിരുന്നു. എന്നാലിന്ന് അവർ ഞങ്ങളോട് ഒച്ചവെക്കുകയാണ്. വീട്ടിലേക്ക് പോകൂ, ഉമ്മമാരുടെ അടുത്തിരിക്ക് എന്നൊക്കെ വിളിച്ചുപറയുകയാണ്. നിരാശയോടെ ഞങ്ങൾ മടങ്ങിപ്പോന്നു. പിസ്തയും ഹൽവയും കിട്ടാഞ്ഞത് പോട്ടെ എന്നു വെക്കാം, എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവേണ്ടേ!
പിറ്റേന്ന് ഉമ്മ പായകളും വിരിപ്പുകളുമെടുത്ത് ഉപ്പയുണ്ടാക്കിയ കിടങ്ങിലേക്ക് ഇറങ്ങിപ്പോകുന്നത് കണ്ടു. ഉമ്മ അതെല്ലാം അവിടെ വിരിച്ചു. വെള്ളവും ഭക്ഷണവും അത്യാവശ്യം പാത്രങ്ങളും അവിടെ എത്തിച്ചു. ഞങ്ങളെ എല്ലാവരെയും അവിടെ കൊണ്ടുപോയി ഇരുത്തി. കുറച്ചുനേരം കഴിഞ്ഞപ്പോൾ കുഞ്ഞുമ്മയും മക്കൾ ഇബ്റാഹീമും ഹസനും ഞങ്ങൾക്കൊപ്പം ചേർന്നു. എന്താണ് സംഭവിക്കുന്നത് എന്ന് അറിയാത്തതുകൊണ്ട് ആ ട്രഞ്ചിൽ എനിക്ക് വലിയ കുടുസ്സാണ് അനുഭവപ്പെട്ടത്.
വീടും അതിലെ മുറികളും മുറ്റവും അയൽപക്കവും തെരുവുകളും ഇടവഴികളും കളിസ്ഥലങ്ങളും……. എല്ലാം വിട്ട്, ഞങ്ങളുടെ ഇഷ്ടങ്ങൾക്ക് ഒട്ടും ചേരാത്ത മറ്റൊരിടത്ത് ഞങ്ങൾ എന്തിന് ഇരിക്കണം? ഗുഹയിൽ നിന്ന് പുറത്തുകടക്കാൻ ഞാൻ വാശിപിടിച്ചു. അപ്പോഴെല്ലാം ഉമ്മ എന്നെ പിന്തിരിപ്പിച്ചുകൊണ്ടിരുന്നു. അകത്ത് ആ ഇരുട്ടിൽതന്നെ എന്നെ പിടിച്ചിരുത്തി. ഇടക്കിടെ എനിക്ക് ഉമ്മ ഒരു കഷ്ണം റൊട്ടിയും കുറച്ച് ഒലിവും തരും.
സൂര്യൻ അസ്തമയത്തോടടുത്തു. പകലിന്റെ ശോഭ മങ്ങിത്തുടങ്ങി. ഞങ്ങൾ അഭയം തേടിയ ഭൂമിക്കടിയിലെ ഇരുണ്ട അറയിൽ ഇരുട്ടിനു കനം പെരുകിവരുന്നു. ഞങ്ങൾ കുട്ടികളുടെ ഉള്ളിൽ ഭയവും ഭീതിയും അരിച്ചു കയറുകയാണ്. ഞങ്ങൾ കരഞ്ഞു നിലവിളിച്ചു. പുറത്തു കടക്കാൻ വാശിപിടിച്ചു. കുതറി ഓടിയ ഞങ്ങളെ ഏറെ പണിപ്പെട്ട് ഉമ്മയും കുഞ്ഞുമ്മയും തടയാൻ ശ്രമിച്ചു. അവരുടെ കണ്ണുവെട്ടിച്ച് വീണ്ടും പുറത്തുചാടാൻ മുതിരവേ, അൽപ്പം കാർക്കശ്യത്തോടെ അവർ ഞങ്ങളെ പിടിച്ചുനിർത്തി. ഇത്തവണ ഉമ്മക്കും കുഞ്ഞുമ്മക്കും ഞങ്ങളെ ശകാരിക്കേണ്ടി വന്നു. അവർ പറഞ്ഞു: “മക്കളേ, ദുനിയാവ് മുഴുവൻ യുദ്ധമാണ്. എന്താണ് യുദ്ധം എന്ന് നിങ്ങൾക്ക് അറിയാമോ?” അതുവരേയും യുദ്ധം എന്താണെന്ന് എനിക്കറിയില്ലായിരുന്നു. എങ്കിലും അസാധാരണമായ, ഭയാനകമായ എന്തൊക്കെയോ ആണ് യുദ്ധം എന്ന് ഞാൻ മനസ്സിലാക്കിയിരുന്നു.
പുറത്തു കടക്കാനുള്ള ഞങ്ങളുടെ ചെറുത്തുനിൽപ്പും ഞങ്ങൾ പുറത്തു പോകാതിരിക്കാനുള്ള ഉമ്മമാരുടെ എതിർപ്പും തുടർന്നു. മെല്ലെ മെല്ലെ ഞങ്ങളുടെ കരച്ചിലിന്റെ ശബ്ദം ഉയരാൻ തുടങ്ങി. നിഷ്ഫലമെങ്കിലും ഞങ്ങളെ ആശ്വസിപ്പിക്കാൻ അവരിരുവരും കിണഞ്ഞു ശ്രമിച്ചു. അതിനിടയിൽ അഹ്മദിക്ക പറഞ്ഞു: “ഉമ്മാ, ഞാനൊരു വിളക്കെടുത്തു വരാം. നമുക്ക് വെളിച്ചത്തിലിരിക്കാലോ?” ‘ശരി മോനേ, ആയിക്കോട്ടേ’ - ഉമ്മ പറഞ്ഞു. പുറത്തേക്കിറങ്ങാൻ മുതിരേണ്ട താമസം, ഉമ്മയുടെ കൈ അവനെ തടഞ്ഞു. മഹ്മൂദേ, മോനേ, നീ പുറത്ത് പോകണ്ട.
ഉമ്മ അവനെ അവിടെ തന്നെ പിടിച്ചിരുത്തി. പിന്നെ ഉമ്മ പുറത്ത് പോയി ഒരു മണ്ണെണ്ണ വിളക്കുമായി തിരികെ വന്നു. ഉമ്മ തന്നെ അത് കത്തിച്ചു. അവിടെയാകെ പ്രകാശം പരന്നു. അസാധാരണമായ ഒരു ശാന്തത അവിടെയാകെ പടർന്നു. സമാധാനത്തിന്റെ കിരണങ്ങൾ ഞങ്ങളെ തഴുകിത്തലോടി. അപ്പോഴേക്കും എന്റെ സഹോദരങ്ങളെയും കുഞ്ഞുമ്മാന്റെ മക്കളെയും ഉറക്കം കീഴടക്കിയിരുന്നു. ഞാനും മയക്കത്തിലേക്ക് വഴുതി. ഉമ്മയും കുഞ്ഞുമ്മയും ഉറങ്ങാതെ കുറേ നേരം ഇരുന്നു. അവസാനം ഉറക്കം അവരെയും തോൽപ്പിച്ചു. പിറ്റേന്നും പ്രത്യേകിച്ച് ഒന്നും സംഭവിച്ചില്ല. ഞങ്ങൾ ആ കിടങ്ങിൽ തന്നെ ഇരുന്നു.
ഞങ്ങളുടെ അയൽവാസി ആഇശ ടീച്ചറുടെ സന്തതസഹചാരിയാണ് റേഡിയോ. ഒളിത്താവളമായ ട്രഞ്ചിന്റെ കവാടത്തിലെ കാവൽക്കാരി കൂടിയായിരുന്നു ടീച്ചർ. യുദ്ധത്തിന്റെ തൽസമയ വിവരണങ്ങൾ ടീച്ചർക്കും ഞങ്ങൾക്കും കേൾക്കാനായി റേഡിയോ ഉച്ചത്തിൽ തുറന്നുവെച്ചാണ് ടീച്ചർ ട്രഞ്ചിനു കാവൽ നിന്നത്. പുതിയ ഓരോ വാർത്തയും കേട്ടുകഴിയുമ്പോഴും ഉമ്മയും കുഞ്ഞുമ്മയും വാർത്തയിൽ കേട്ട സംഭവങ്ങളെ കുറിച്ച് വിശകലനങ്ങൾ നടത്തും. ഈ സംസാരം കേൾക്കുമ്പോൾ അന്തരീക്ഷത്തിൽ ദുഃഖവും വിഷാദവും തളം കെട്ടും. ഇരുട്ടിന് കൂടുതൽ കനം വെക്കും. അവർക്കു ഞങ്ങളെ കേൾക്കാനും ഞങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റാനുമുള്ള സന്നദ്ധതയെ യുദ്ധ വാർത്തകൾ തകിടംമറിച്ചു എന്നതാവും ശരി. അവരിൽ അത് യാന്ത്രികമായ മാറ്റമാണുണ്ടാക്കിയത്. ഇതൊക്കെ സഹിക്കാം. ‘മിണ്ടരുത്, ഒച്ചവെക്കരുത്’ തുടങ്ങിയ വിലക്കുകളാണ് ഞങ്ങൾക്ക് എല്ലാറ്റിനെക്കാളും ഭാരമായി മാറിയത്. അവർ ഞങ്ങളോട് നിശ്ശബ്ദരാകാൻ ആവശ്യപ്പെടുകയായിരുന്നു.
‘സൗത്തുൽ അറബ്’ എന്ന റേഡിയോയിലെ കമന്റേറ്ററായ അഹ്മദ് യസീദിന്റെ വാക്കുകളും യുദ്ധവിവരണങ്ങളും ദുർബലമാകാൻ തുടങ്ങിയിരുന്നു. ജൂത കുടിയേറ്റത്തെ കുറിച്ചും, അവർ രാജ്യത്തിന് നേരെ ഉയർത്തുന്ന ഭീഷണികളെ കുറിച്ചുമൊക്കെ ആയിരുന്നു യസീദിന്റെ റിപ്പോർട്ടുകളിൽ അധികവും. പക്ഷേ, അതിന്റെയൊക്കെ തീക്ഷ്ണത പറ്റെ ദുർബലമാകുന്നതായി ഞങ്ങൾക്ക് തോന്നി. എന്നാൽ, ഞങ്ങളുടെ മനസ്സിൽ സ്വന്തം നാട്ടിലേക്കുള്ള മടക്കയാത്രയെ കുറിച്ച സ്വപ്നങ്ങൾക്ക് ബലക്ഷയം സംഭവിച്ചിരുന്നില്ല. ആ സ്വപ്നങ്ങൾക്ക് പുതുനാമ്പുകൾ മുളക്കാൻ തുടങ്ങിയിരുന്നു. തങ്ങൾ കുടിയിറക്കപ്പെട്ട ഭവനങ്ങളിലേക്കുള്ള മടക്കയാത്രയെ കുറിച്ച സ്വപ്നമായിരുന്നു അത്. എത്ര പെട്ടെന്നാണ് ഞങ്ങൾക്ക് നാടും വീടും നഷ്ടമായത്! അവിടേക്ക് ഞങ്ങൾക്ക് മടങ്ങിപ്പോണം. കുട്ടിക്കാലത്ത് ഞങ്ങൾ തത്തിക്കളിച്ച കളിമുറ്റങ്ങൾ, അവിടെ ഞങ്ങൾ ഉണ്ടാക്കിയ മൺകൊട്ടാരങ്ങൾ, അതെല്ലാം ഞങ്ങൾക്ക് തിരികെ കിട്ടണം. ഞങ്ങൾ പാർത്ത പ്രദേശങ്ങളിലേക്കുള്ള മടക്കയാത്രയാണ് ഞങ്ങളുടെ അങ്ങേയറ്റത്തെ അഭിലാഷം. എന്നാലല്ലേ പട്ടാളത്തിൽ സേവനം ചെയ്യുന്ന ഞങ്ങളുടെ കുഞ്ഞുപ്പാക്ക് ഞങ്ങളുടെ അടുത്തേക്ക് മടങ്ങിയെത്താനാകൂ. അദ്ദേഹം ഫലസ്ത്വീൻ വിമോചന സമര പോരാട്ടത്തിൽ ഏർപ്പെട്ട സൈന്യത്തിലാണ്. ഞങ്ങളുടെ ഉപ്പയ്ക്ക് സുരക്ഷിതമായി ഞങ്ങളുടെ വീട്ടിലേക്ക് തിരിച്ചെത്താനും അതല്ലാതെ മറ്റൊരു വഴിയുമില്ലല്ലോ.
കേൾക്കുന്ന ഓരോ പുതിയ വാർത്താ ബുള്ളറ്റിനും ആഇശ ടീച്ചറുടെ മനസ്സിൽ വിഷാദവും പിരിമുറുക്കവും കൂട്ടിക്കൊണ്ടിരുന്നു. അതിനെ മറികടക്കാൻ ടീച്ചർക്കുള്ള ഏക ആയുധം പ്രാർഥന മാത്രമായിരുന്നു. സമാധാനത്തിനും മോചനത്തിനും വേണ്ടി അവർ ആകാശത്തേക്ക് കൈകളുയർത്തും. പ്രാർഥനയിലുടനീളം, ഉപ്പാന്റെയും കുഞ്ഞുപ്പാന്റെയും മടങ്ങിവരവിനുള്ള തേട്ടമായിരുന്നു.
സ്ഫോടനങ്ങളുടെ കാതടപ്പിക്കുന്ന ഭീകര ശബ്ദം തൊട്ടടുത്ത് വരെയെത്തി. അതുണ്ടാക്കുന്ന പ്രകമ്പനം ഞങ്ങളുടെ പ്രദേശത്തെയാകെ പിടിച്ചുലയ്ക്കുകയാണ്. ഇടക്കിടെ ഉമ്മ പുറത്തു പോയി വിവരങ്ങൾ തിരക്കി വരും. ചിലപ്പോഴെല്ലാം മടങ്ങിവരുന്ന സമയത്ത് ഞങ്ങൾക്ക് തിന്നാൻ വല്ലതും കൊണ്ടുവരും. മറ്റു ചിലപ്പോൾ ഉമ്മ കുഞ്ഞുമ്മാനെ ആശ്വസിപ്പിക്കുകയായിരിക്കും. കിടങ്ങിലേക്കിറങ്ങാൻ വിസമ്മതിച്ച് വീട്ടിലെ തന്റെ മുറിയിൽ തനിച്ചിരിക്കുന്ന വല്യുപ്പാനെ കുറിച്ച് പറഞ്ഞ് അവർ കരയുന്നതും കാണാം. l
വിവ: എസ്.എം സൈനുദ്ദീൻ
(ഗസ്സയിലെ ഐതിഹാസികമായ ചെറുത്തുനിൽപ്പിന് നേതൃത്വം നൽകുന്ന യഹ്‌യാ സിൻവാർ ജയിൽ ജീവിത കാലത്ത് എഴുതിയ 'മുൾച്ചെടിയും ഗ്രാമ്പൂവും' (അശ്ശൗകു വൽ ഖറൻഫുൽ ) എന്ന നോവലിന്റെ ആദ്യഭാഗം. നോവലിന്റെ പരിഭാഷ ഐ.പി.എച്ച് ഉടൻ പ്രസിദ്ധീകരിക്കും)