2010-ന് ശേഷം ജനിച്ച ആൽഫ ജനറേഷൻ കൗമാരപ്രായത്തിൽ എത്തിയിരിക്കുന്നു. ഓൺലൈൻ ലോകത്തിലേക്ക് പിറന്നുവീണ തലമുറയാണ് ആൽഫ ജനറേഷൻ. വളരെ വേഗത്തിൽ കാര്യങ്ങൾ പഠിച്ചെടുക്കുന്ന ഈ തലമുറക്ക് വേണ്ടത് ഈ കാലത്തിനനുയോജ്യമായ മാർഗനിർദേശങ്ങളാണ്. നിലവിലെ നമ്മുടെ വിദ്യാഭ്യാസ സിസ്റ്റത്തിന് പോലും മൂന്നു നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. അവയിൽ മിക്കതും കാലത്തോടൊപ്പമോ കുട്ടികളോടൊപ്പമോ സഞ്ചരിക്കുന്നില്ല. പുതിയ കാലത്ത് കുറഞ്ഞ കാലംകൊണ്ട് കുട്ടികൾക്ക് പഠിച്ചെടുക്കാൻ കഴിയുന്ന കാര്യങ്ങളാണ് ഒട്ടും കാര്യക്ഷമമല്ലാത്ത പഠന രീതികളിലൂടെ വർഷങ്ങൾ ചെലവഴിച്ച് പഠിപ്പിക്കുന്നത്. ഇന്ന് വിദ്യാലയങ്ങളിൽനിന്ന് നേടുന്നതിനെക്കാൾ അറിവ് കുട്ടികൾ നേടുന്നത് അവരുടെ വിരൽത്തുമ്പിലുള്ള ടെക്നോളജിയിലൂടെയാണ്. വീട്ടുകാരെക്കാൾ കുട്ടികളിപ്പോൾ കൂട്ടുകൂടുന്നത് ഡിജിറ്റൽ ഡിവൈസുകളുമായാണ്. ഇത്തരമൊരു സാമൂഹിക സാഹചര്യത്തിൽ പുതിയ സാങ്കേതിക വിദ്യക്കൊപ്പം വളരുന്ന കുട്ടികൾക്കുണ്ടാവേണ്ട ഡിജിറ്റൽ ഹാബിറ്റ്സിനെ കുറിച്ച് സംസാരിക്കുകയാണ് മെഹദ് മഖ്ബൂൽ എഴുതിയ 'ആൽഫ ഹാബിറ്റ്സ്' എന്ന പുസ്തകം.
മൊബൈലും ഇന്റർനെറ്റും മറ്റു ഡിജിറ്റൽ ഡിവൈസുകളും കുട്ടികൾക്ക് വിലക്കുന്ന കാലം കഴിഞ്ഞു. പണ്ട് മുതിർന്നവർ കുട്ടികൾക്ക് വിലക്കിയ ഡിജിറ്റൽ ലോകം ഇന്നവരുടെ വിദ്യാലയ പഠനത്തിന്റെ തന്നെ ഭാഗമായിരിക്കുന്നു. അനന്തമായ ഡിജിറ്റൽ സാധ്യതകളുടെ കാലത്തെ എങ്ങനെ കൃത്യമായി ഉപയോഗപ്പെടുത്തണമെന്ന് പഠിപ്പിക്കുകയാണ് ഇനി വേണ്ടത്. അവിടെയാണ് ഡിജിറ്റൽ ഹാബിറ്റ്സ് പ്രസക്തമാകുന്നത്. വിവരങ്ങളുടെ ആധിക്യത്തിന്റെ കാലത്ത് ഇത്രയേറെ വിവരങ്ങൾ നമുക്ക് വേണ്ടതില്ല. ആവശ്യമുള്ള വിവരങ്ങളെ ഫിൽട്ടർ ചെയ്യുന്ന പണിയാണ് ഇൻഫർമേഷൻ ഡയറ്റ്. ചില സമയങ്ങളിൽ ഓൺലൈൻ ലോകത്തേക്ക് കടക്കില്ല എന്ന് തീരുമാനിക്കുകയും, റിയൽ ലൈഫിൽ മുഴുകുകയും ചെയ്യുന്നതാണ് ഡിജിറ്റൽ ഫാസ്റ്റിംഗ്. നമ്മൾ ഓൺലൈൻ ലൈഫിന് അടിമപ്പെടാതിരിക്കാനുള്ള പലതരം വഴികൾ പുസ്തകം പറഞ്ഞുവെക്കുന്നുണ്ട്. ഓൺലൈനിൽ എപ്പോൾ, എന്ത് നോക്കണം, എന്ത് വായിക്കണം എന്ന് തീരുമാനിക്കേണ്ടത് നമ്മളാണ്. ഡിജിറ്റൽ ഡിവൈസിൽ കാണുന്നതെല്ലാം പ്രൊഡക്റ്റീവായ കാര്യങ്ങളാവുമ്പോൾ അതിന്റെ ഗുണവും കാണുന്നവർക്കുണ്ടാവും. മൊബൈൽ തുറക്കുന്നതിനുമുമ്പേ എന്തെല്ലാം വായിക്കണം, എന്തെല്ലാം കാണണം, എത്ര സമയം വിനിയോഗിക്കണം എന്ന് കൃത്യമായി ധാരണയുണ്ടാവണം. ഇങ്ങനെ, എങ്ങനെ ഈ ഡിജിറ്റൽ കാലത്തെ പ്രൊഡക്ടീവായി ഉപയോഗിക്കാം എന്നാണ് പുസ്തകം ചർച്ച ചെയ്യുന്ന മറ്റൊരു വിഷയം. കുട്ടികൾക്ക് വിജ്ഞാനവളർച്ചക്ക് ഗുണപ്രദമായ ചില ആപ്പുകളും ഓൺലൈൻ പ്ലാറ്റ്ഫോമുകളും ഈ പുസ്തകം പരിചയപ്പെടുത്തുന്നുണ്ട്.
ഡിസ്ട്രാക്്ഷൻ ആണ് പുതിയ തലമുറ നേരിടുന്ന മുഖ്യ ഡിജിറ്റൽ പ്രശ്നങ്ങളിലൊന്ന്. ഒരു കാര്യത്തിലും ഫോക്കസ് ചെയ്യാൻ ചില കുട്ടികൾക്ക് കഴിയുന്നില്ല. പഠനത്തിനിടയിൽ മടുപ്പ് തോന്നുമ്പോൾ മൊബൈൽ കൈയിലെടുക്കുന്നു. 10 മിനിറ്റിനു ശേഷം മൊബൈൽ ഓഫാക്കി പഠനം തുടരാം എന്ന് കരുതിയാണ് റീൽസും ഷോട്സും കാണാനിരിക്കുക. പക്ഷേ, കണ്ടുതുടങ്ങിയാൽ പിന്നീട് മണിക്കൂറുകളോളം അവിടെത്തന്നെയായിരിക്കും. ക്ഷീണം കാരണം പിന്നീട് പഠനത്തിലേക്ക് തിരിച്ചുവരാനും പറ്റില്ല. ഒരു ദിവസമിങ്ങനെ ധാരാളം മണിക്കൂറുകൾ സ്ക്രീൻ ടൈമായി പലരും നഷ്ടപ്പെടുത്തുന്നു. ഇത്തരക്കാർക്ക് ശ്രദ്ധ ഫോക്കസ് ചെയ്യാനുള്ള ഫോമോഡോറോ ടെക്നിക്കും 1 -3 -5 റൂൾസും പുസ്തകം പരിചയപ്പെടുത്തുന്നു.
കുട്ടികളോട് സംവദിക്കുന്ന രീതിയിലാണ് പുസ്തകത്തിന്റെ ഭാഷയും ഉള്ളടക്കവും. ഓരോ അധ്യായവും രണ്ടോ മൂന്നോ പേജുകൾ മാത്രം. കഥകളോ ചരിത്ര സംഭവങ്ങളോ പ്രശസ്തമായ പുസ്തകങ്ങളുടെ ഉള്ളടക്കമോ പറഞ്ഞുകൊണ്ടായിരിക്കും ഓരോ അധ്യായവും ആരംഭിക്കുക. ഓരോ കുട്ടിയും ജീവിതത്തിൽ ശീലമാക്കേണ്ടതോ ഒഴിവാക്കേണ്ടതോ ആയ നാലഞ്ചു കാര്യങ്ങൾ ഓരോ അധ്യായത്തിന്റെയും ഒടുവിൽ പ്രത്യേകമായി ചേർത്തിട്ടുണ്ട്. l