പ്രഭാഷണം

വര്‍ത്തമാന കാല സാഹചര്യത്തില്‍ ഇത്തരത്തിലൊരു സമ്മേളനം സംഘടിപ്പിക്കുകയും അതിലേക്ക് എന്നെ ക്ഷണിക്കുകയും ചെയ്ത സംഘാടകര്‍ക്ക് നന്ദി. ഈ നാടിന്റെ നാനാ ഭാഗങ്ങളില്‍നിന്നായി ഇവിടേക്കൊഴുകിയെത്തിയ ജനങ്ങള്‍ക്കും നന്ദി.
ഈ രാജ്യത്തെ വിവിധ ധാരകളില്‍പെട്ട മനുഷ്യര്‍ പരസ്പരം സ്‌നേഹിച്ചും ആദരിച്ചും കഴിഞ്ഞുവന്ന വലിയൊരു പാരമ്പര്യം നമുക്കുണ്ട്. ഒരുപാട് കാലം ഈ രാജ്യം മുസ്്‌ലിം ഭരണാധികാരികളാല്‍ ഭരിക്കപ്പെട്ടിട്ടുണ്ട്. അതിനു ശേഷം വന്ന ബ്രിട്ടീഷുകാര്‍ ഈ രാജ്യനിവാസികളോട് കടുത്ത അക്രമവും അനീതിയുമാണ് ചെയ്തത്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ ദീര്‍ഘകാലത്തെ പോരാട്ടങ്ങളിലൂടെ നാം സ്വാതന്ത്ര്യം നേടിയെടുത്തു. ശേഷം ജനാധിപത്യത്തിലും മതേതരത്വത്തിലും അധിഷ്ഠിതമായൊരു രാജ്യമായി മുന്നോട്ട് പോകാന്‍ നാം ഒരുമിച്ച് തീരുമാനമെടുത്തു. ഇവിടത്തെ വിവിധ ജനവിഭാഗങ്ങള്‍ക്ക് അവരുടെ വിശ്വാസവും സംസ്‌കാരവും ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ട് പോകാനുള്ള സ്വാതന്ത്ര്യമുണ്ടാകുമെന്ന് തീരുമാനിക്കപ്പെട്ടു. ഓരോ മത വിഭാഗത്തിനും അവരവരുടെ ആരാധനാലയങ്ങള്‍ നിര്‍മിക്കാനും പരിപാലിക്കാനുമുള്ള അവകാശങ്ങള്‍ നല്‍കപ്പെട്ടു. എന്നാല്‍, ഏതൊരു ഭരണഘടനക്കും നിയമവ്യവസ്ഥക്കും അനുസൃതമായി മുന്നോട്ട് പോകാനാണോ രാജ്യം തീരുമാനിച്ചത് അതിനെ അട്ടിമറിക്കുന്ന പ്രവണതകളാണ് ഇന്ന് നാം കണ്ടുകൊണ്ടിരിക്കുന്നത്. സമാധാന കാംക്ഷികളായ മനുഷ്യരെ അസ്വസ്ഥപ്പെടുത്തുന്ന സംഭവങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്.

നമ്മുടെ പള്ളികളും മദ്‌റസകളും സുരക്ഷിതമല്ലാതായിരിക്കുന്നു. ഗ്യാന്‍വാപി മസ്ജിദിനെക്കുറിച്ചാണല്ലോ ഇന്ന് നാം ധാരാളമായി സംസാരിച്ചുകൊണ്ടിരിക്കുന്നത്. അമ്പലം തകര്‍ത്താണ് അവിടെ പള്ളി പണിതിരിക്കുന്നതെന്ന പ്രചാരണങ്ങള്‍ക്ക് യാഥാര്‍ഥ്യങ്ങളുമായി ഒരു ബന്ധവുമില്ല. ബനാറസിന്റെ പൗരാണിക ചരിത്രം വിവരിക്കുന്ന 'മുറഖഇ ബനാറസ്' എന്ന ചരിത്ര ഗ്രന്ഥത്തില്‍ പറയുന്നത് പ്രകാരം അക്ബര്‍ ചക്രവര്‍ത്തിക്ക് മുമ്പ് സുലൈമാന്‍ ജോൻപൂരി എന്നറിയപ്പെടുന്ന പണ്ഡിതനാണ് ഗ്യാന്‍വാപി മസ്ജിദ് നിര്‍മിക്കാന്‍ നേതൃത്വം നല്‍കിയത്. അതിന് ശേഷം അക്ബര്‍ ചക്രവര്‍ത്തി 'ദീനെ ഇലാഹി' ആശയത്തിന്റെ കേന്ദ്രമായി പള്ളിയെ നിശ്ചയിക്കുകയും നമസ്‌കാരമടക്കമുള്ള കാര്യങ്ങള്‍ അവിടെ വ്യവസ്ഥാപിതമായി മുന്നോട്ട് കൊണ്ടുപോവുകയും ചെയ്തു. മൂന്നാം ഘട്ടമാണ് ഔറംഗസീബിന്റേത്. അദ്ദേഹമാണ് നിലവിലുള്ള രൂപത്തില്‍ പള്ളി പുതുക്കിപ്പണിതത്.

നാലു ഭാഗത്തുനിന്നും പ്രവേശിക്കാവുന്ന രൂപത്തിലാണ് പള്ളി നിലനിന്നിരുന്നത്. തൊട്ടടുത്തുണ്ടായിരുന്ന അമ്പലം പുതുക്കിപ്പണിത സമയത്ത് പഴയ അമ്പലത്തിന്റെ അവശിഷ്ടങ്ങള്‍ പള്ളിക്ക് ചുറ്റിലും പരന്നുകിടക്കുകയായിരുന്നു. ചില ഭാഗങ്ങള്‍ പള്ളിയുടെ നിലവറയിലും സൂക്ഷിക്കപ്പെട്ടിരുന്നു. പിന്നീട് സര്‍വേ നടന്നപ്പോള്‍ ഈ ഭാഗങ്ങള്‍ കണ്ടെടുക്കപ്പെട്ടതാണ് അമ്പലം തകര്‍ത്താണ് പള്ളി പണിതതെന്ന വാദത്തിന് അവര്‍ തെളിവായി ഉയര്‍ത്തിക്കാണിച്ചത്. 1993 വരെ അവിടെ പൂജ നടന്നിരുന്നു എന്നാണിപ്പോള്‍ ചിലര്‍ പറയുന്നത്. ഞാന്‍ കാലമേറെയായി അവിടെ ജീവിച്ചുകൊണ്ടിരിക്കുന്നയാളാണ്. എനിക്ക് ഉറപ്പിച്ച് പറയാനാവും, അത്തരമൊരു പൂജയും പള്ളിയുടെ ഭാഗത്ത് നടന്നിട്ടില്ല. അവിടെയുള്ള സമാധാന കാംക്ഷികളായ ഇതര വിശ്വാസികളോട് ചോദിച്ചാല്‍ അവരും ഈ യാഥാര്‍ഥ്യത്തെ തുറന്ന് സമ്മതിക്കും.
രണ്ട് പ്രധാനപ്പെട്ട തെളിവുകളാണ് അവിടെ അമ്പലമുണ്ടായിരുന്നതായി വാദിക്കാന്‍ അവര്‍ ഉയര്‍ത്തിപ്പിടിക്കുന്നത്. ഒന്ന്, പള്ളിക്ക് അഭിമുഖമായി നില്‍ക്കുന്ന നന്ദിരൂപം (ശിവക്ഷേത്രങ്ങളില്‍ കോവിലിന് അഭിമുഖമായി സ്ഥാപിക്കപ്പെടുന്ന പശുവിന്റെ രൂപം). യഥാര്‍ഥത്തില്‍ 1830-ല്‍ നേപ്പാളിലെ രാജാവ് ബനാറസിലെ ഹിന്ദു ക്ഷേത്രത്തിന് നല്‍കിയ സമ്മാനമായിരുന്നു പ്രസ്തുത രൂപം. ബ്രിട്ടീഷുകാര്‍ അവരുടെ, ഭിന്നിപ്പിച്ച് ഭരിക്കുകയെന്ന തന്ത്രം നടപ്പാക്കുന്നതിന്റെ ഭാഗമായി പരസ്പരം പ്രശ്‌നമുണ്ടാക്കാനായി പ്രസ്തുത രൂപത്തെ പള്ളിക്ക് അഭിമുഖമായി സ്ഥാപിക്കുകയാണ് ചെയ്തത്. അന്ന് മുസ്്‌ലിംകള്‍ അതെതിര്‍ത്തെങ്കിലും ബ്രിട്ടീഷുകാര്‍ എതിര്‍പ്പിനെ മറികടന്ന് അവിടെ സ്ഥാപിക്കുകയാണ് ചെയ്തത്. അത് ഇന്നും പള്ളിക്ക് അഭിമുഖായിട്ടാണ് നിലൊള്ളുന്നത്. അതിനെ അടിസ്ഥാനപ്പെടുത്തിയാണ് പള്ളിയുടെ സ്ഥാനത്ത് അമ്പലമുണ്ടായിരുന്നതായി അവര്‍ വാദിക്കുന്നത്.

മുഫ്തി അബ്ദുല്‍ ബാത്വിന്‍ നുഅ്മാനി

വുദൂഖാനയിലെ ജലധാര ശിവലിംഗമാണെന്നതാണ് മറ്റൊരു വ്യാജ പ്രചാരണം. പക്ഷേ, നിര്‍മിതികളില്‍ പലയിടത്തും കാണുന്ന ജലധാര ഗ്യാന്‍വാപി മസ്ജിദിലെ വുദൂഖാനയിലുമുണ്ട്. കുറേ കാലമായി അത് പ്രവര്‍ത്തന രഹിതമായിരുന്നു. പള്ളിക്കുള്ളിലെ സര്‍വേക്കിടയിലാണ് പ്രസ്തുത ജലധാര ശിവലിംഗമാണെന്ന രൂപത്തില്‍ പ്രചാരണങ്ങളുണ്ടാകുന്നത്. ഉടനെത്തന്നെ കോടതി ഇടപെട്ട് വുദൂഖാന സീല്‍ ചെയ്യുകയും ചെയ്തു. ജലധാരയാണെന്ന് തെളിയിക്കാനായി അത് പ്രവർത്തനക്ഷമമാക്കാന്‍ ഞങ്ങള്‍ തയാറായെങ്കിലും അതിന് അനുമതി ലഭിക്കാതെ സീല്‍ ചെയ്ത അവസ്ഥയില്‍ ഇന്നും തുടരുകയാണ്.

1936-ല്‍ പള്ളിയുടെ കൈവശാവകാശവുമായി ബന്ധപ്പെട്ട് ബനാറസ് സിവില്‍ കോര്‍ട്ടില്‍ സമര്‍പ്പിക്കപ്പെട്ട കേസില്‍ പള്ളി പൂര്‍ണമായും മുസ്ലിം ഹനഫി വഖ്ഫ് ആയി വിധി വന്നതാണ്. 1942-ല്‍ ഹൈക്കോടതിയിലും പ്രസ്തുത വിധി തന്നെ അംഗീകരിക്കപ്പെട്ടു. 1991-ലാണ് കുറച്ച് ഹൈന്ദവ വിശ്വാസികള്‍ കേസുമായി രംഗത്തെത്തുന്നത്. മുസ്ലിംകള്‍ പള്ളി പൊളിച്ച് പ്രസ്തുത സ്ഥലം അമ്പലം നിര്‍മിക്കാനായി വിട്ടുതരണം എന്നതായിരുന്നു അവരുടെ ആവശ്യം. എന്നാല്‍, പള്ളിയുടെ തല്‍സ്ഥിതി തുടരാനുള്ള ഓര്‍ഡര്‍ ഹൈക്കോടതി വഴി ഞങ്ങളന്ന് നേടിയെടുത്തു. പിന്നീട് 2018-ലാണ് ശിവഭക്തന്‍ എന്ന് സ്വയം പരിചയപ്പെടുത്തി, ഭഗവാന്റെ നിർദേശപ്രകാരം പള്ളിയില്‍ സര്‍വേ നടത്തണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കുന്നത്. കോടതി സര്‍വേക്ക് അനുമതി നല്‍കി. അതിനെതിരെ ഞങ്ങള്‍ ഹൈക്കോടതിയില്‍ പോയെങ്കിലും കോടതി സര്‍വേ അനുമതി പിന്‍വലിച്ചില്ല. ശേഷം സുപ്രീം കോടതിയില്‍ കേസ് നല്‍കിയെങ്കിലും അവിടെ ഇതുവരെ കേസ് പരിഗണിച്ചിട്ടില്ല. 2021-ല്‍ നാല് വനിതാ ഭക്തര്‍ പള്ളിയില്‍ പൂജക്ക് അനുമതി തേടി കേസ് സമര്‍പ്പിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് എ.എസ്‌.ഐ സര്‍വേക്കുള്ള ഓര്‍ഡര്‍ നല്‍കുന്നത്. എ.എസ്.ഐ സര്‍വേ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കോടതിയില്‍നിന്ന് ഏറ്റവും ഒടുവിലത്തെ വിധി വരുന്നത്. കഴിഞ്ഞ ജനുവരി 17-ന് ജില്ലാ മസ്ജിസ്‌ട്രേറ്റിനെ റിസീവറായി നിയമിച്ചു. ജനുവരി 31-ന് ജില്ലാ ജഡ്ജി പള്ളിയുടെ നിലവറയില്‍ പൂജക്കുള്ള അനുമതി നല്‍കിക്കൊണ്ട് ഉത്തരവിറക്കി. അന്ന് ഈ ജഡ്ജി വിരമിക്കുന്ന ദിവസമായിരുന്നു.
ഏഴ് ദിവസം കഴിഞ്ഞ് പൂജ തുടങ്ങാമെന്നാണ് കോടതി പറഞ്ഞതെങ്കിലും അന്നു രാത്രി തന്നെ പുറത്തുനിന്ന് വിഗ്രഹം കൊണ്ടുവന്ന് നിലവറക്കുള്ളില്‍ സ്ഥാപിച്ച് ഹൈന്ദവ വിശ്വാസികള്‍ പൂജ തുടങ്ങി. പോലീസ് ഓഫീസര്‍മാരുടെ സാന്നിധ്യത്തിലാണ് ഇതെല്ലാം നടക്കുന്നത്.

1991-ലെ ആരാധനാലയ സംരക്ഷണ നിയമം നിലനില്‍ക്കെ ബാബരിക്ക് ശേഷം ഇനിയൊരു പള്ളിക്ക് നേരെയും അവകാശവാദങ്ങളുന്നയിച്ച് കൈയേറ്റം ചെയ്യാന്‍ സാധിക്കുകയില്ലെന്നായിരുന്നു നമ്മള്‍ കരുതിയിരുന്നത്. എന്നാല്‍, അതെല്ലാം മിഥ്യാധാരണയാണെന്ന് നാമിപ്പോള്‍ മനസ്സിലാക്കുന്നു.
എന്നാല്‍, ഈ ഘട്ടത്തില്‍ ഞങ്ങളൊരിക്കലും നിരാശരാവുകയില്ല. ജനാധിപത്യത്തിന്റെ മുഴുവന്‍ സാധ്യതകളും ഉപയോഗപ്പെടുത്തി പോരാടാന്‍ തന്നെയാണ് തീരുമാനിച്ചിട്ടുള്ളത്. ഞങ്ങളുടെ പോരാട്ടത്തിന് നിങ്ങളുടെ പിന്തുണയും പ്രാര്‍ഥനയും ഞാന്‍ ആവശ്യപ്പെടുകയാണ്. രാജ്യത്തിന്റെ നിലവിലെ അവസ്ഥയെ മാറ്റിയെടുക്കാന്‍ തീര്‍ച്ചയായും നമുക്ക് സാധിക്കും. ''നിങ്ങള്‍ ദുര്‍ബലരാവുകയോ ദുഃഖിക്കുകയോ ചെയ്യരുത്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിങ്ങള്‍ തന്നെയാണ് ഉത്തമന്മാര്‍'' (3:139). l
(ജമാഅത്തെ ഇസ്്ലാമി കോഴിക്കോട്ട് സംഘടിപ്പിച്ച റാലിയിൽ നടത്തിയ പ്രഭാഷണം)
വിവ: സി.ടി സുഹൈബ്‌

ഫലസ്ത്വീൻ ജിഹാദിനെ/വിമോചനപ്പോരാട്ടത്തെ രൂപപ്പെടുത്തുന്നതിൽ മൗലിക സംഭാവനകൾ നൽകിയവരാണ് പണ്ഡിത സമൂഹം. ജിഹാദിന്റെ രണഭൂമികളിൽ രക്തസാക്ഷികളായി വീണവരുണ്ട് അക്കൂട്ടത്തിൽ. നമുക്ക് മുന്നിൽ ഇപ്പോൾ ഉലമാക്കളുണ്ട്, ശുഹദാക്കളുമുണ്ട്. പണ്ഡിതൻമാർ പ്രവാചകൻമാരുടെ അനന്തരാവകാശികളാണ്. ശഹാദത്ത് അഥവാ രക്തസാക്ഷ്യം ഇസ് ലാമിക സമൂഹത്തിന്റെ ഏറ്റവും സുപ്രധാനമായ സവിശേഷ ഗുണങ്ങളിലൊന്നുമാണ്. രക്തസാക്ഷ്യം നെഞ്ചേറ്റിയ സമൂഹം (ഉമ്മത്തുശ്ശഹാദ) എന്ന് നമുക്കതിനെ വിശേഷിപ്പിക്കാം. റസൂലിന്റെയും സ്വഹാബത്തിന്റെയും കാലം മുതൽക്ക് ഇത് രക്തസാക്ഷികളുടെ സമൂഹമാണ്. ചരിത്രത്തിന്റെ എല്ലാ ദശാസന്ധികളിലും രക്തസാക്ഷികൾ തങ്ങളുടെ ദൗത്യം നിർവഹിച്ചു വന്നിട്ടുണ്ട്. അതുകൊണ്ടാണ് ഭൂരിപക്ഷം സ്വഹാബികളും മറവ് ചെയ്യപ്പെട്ടത് മക്കക്കും മദീനക്കും അറേബ്യൻ ഉപദ്വീപിന് തന്നെയും പുറത്തുള്ള പ്രദേശങ്ങളിലായത്. ഇസ് ലാം വിവിധ നാടുകളിലേക്കും ജനപദങ്ങളിലേക്കും മുന്നേറിയപ്പോൾ ആ ജൈത്ര യാത്രയെ മുന്നിൽനിന്ന് നയിച്ചത് സ്വഹാബികളായിരുന്നു. അവർ രക്തസാക്ഷികളുടെ ആദ്യ തലമുറയായിരുന്നു. അങ്ങനെ അവരുടെ മഖ്ബറകൾ പുതുതായി ഇസ് ലാമിന് കീഴിൽ വന്ന പ്രദേശങ്ങളിലായിത്തീർന്നു. അതുകൊണ്ടാണ് ഇത് പോരാട്ടത്തിന്റെയും രക്തസാക്ഷ്യത്തിന്റെയും സമൂഹമാണെന്ന് പറയുന്നത്. ഉലമാക്കൾ ആ സമൂഹത്തിന്റെ മഷിയും രക്തവുമാണ്.

ഇസ്രയേൽ സ്ഥാപിച്ച കൂറ്റൻ വേലി പൊളിച്ച് പ്രവേശിക്കുന്ന ഹമാസ് പോരാളികൾ

ഇപ്പോൾ ഫലസ്ത്വീൻ, പ്രത്യേകിച്ച് ഗസ്സ രചിച്ചുകൊണ്ടിരിക്കുന്ന വീരേതിഹാസത്തിൽ നാം അടയാളപ്പെടുത്തിവെക്കേണ്ട ഒരു പാട് കാര്യങ്ങളുണ്ട്. ഒന്ന്: എന്തുകൊണ്ട് ത്വൂഫാനുൽ അഖ്സ്വാ? എന്തുകൊണ്ട് ഫലസ്ത്വീനിയൻ വിമോചനപ്പോരാട്ടത്തിന് ഇത്രക്ക് വലിയ ഒരു ദിശാമാറ്റം സംഭവിച്ചു? ഇതിന് മറുപടി പറയുന്നതിന് മുമ്പ്, ത്വൂഫാനുൽ അഖ്സ്വാക്ക് മുമ്പുണ്ടായ മൂന്ന് സംഭവവികാസങ്ങളെക്കുറിച്ച് പറയേണ്ടതുണ്ട്. ഫലസ്ത്വീൻ പ്രശ്നത്തെ ഓരങ്ങളിലേക്ക് തള്ളിമാറ്റി എന്നതാണ് അതിൽ ആദ്യത്തേത്. അന്താരാഷ്ട്ര സമൂഹമോ കൂട്ടായ്മകളോ ഫലസ്ത്വീൻ പ്രശ്നത്തെ മുഖവിലക്കെടുക്കുന്നുണ്ടായിരുന്നില്ല. സയണിസ്റ്റുകളുടെ ആഗ്രഹാഭിലാഷങ്ങൾ പ്രകാരമാണ് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരുന്നത്. ദ്വിരാഷ്ട്ര പരിഹാരത്തെക്കുറിച്ച് പോലും ആരും സംസാരിക്കുന്നുണ്ടായിരുന്നില്ല. ലോക കാര്യങ്ങൾ തീരുമാനിക്കപ്പെടുന്ന ഇടങ്ങളിൽനിന്നൊക്കെ അത് പുറന്തള്ളപ്പെട്ടു കഴിഞ്ഞിരുന്നു. ഫലസ്ത്വീൻ പ്രശ്നത്തിന്റെ പൂർണമായ അരികുവൽക്കരണം. രണ്ടാമത്തേത്, സയണിസ്റ്റ് രാജ്യത്തിനകത്ത് അതിതീവ്ര കക്ഷികൾ അധികാരത്തിലെത്തി എന്നതാണ്. മതതീവ്രത മാത്രമല്ല, തീവ്ര ദേശീയതയും കൊണ്ടുനടക്കുന്ന കക്ഷികൾ. ഖുദ്സ് - അഖ്സ്വാ പോരാട്ടത്തിന് എത്രയും വേഗം തീർപ്പുണ്ടാക്കുക എന്നതാണ് ഈ തീവ്ര വലതു പക്ഷത്തിന്റെ ആദ്യ മുൻഗണനകളിൽ വരുന്ന ഒരു കാര്യം. വെസ്റ്റ് ബാങ്കിനെ ജൂതവൽക്കരിക്കുക എന്നതും ഗസ്സക്കെതിരെ ഏർപ്പെടുത്തിയ ഉപരോധം തുടരുക എന്നതും ആ മുൻഗണനകളിൽ വരും. അവരുടെ പ്ലാനിൽ ഏറ്റവും മാരകമായത്, ഫലസ്ത്വീനികളെ വെസ്റ്റ് ബാങ്കിൽനിന്ന് ജോർദാനിലേക്കും ഗസ്സയിൽനിന്ന് ഈജിപ്തിലേക്കും ആട്ടിയോടിക്കുക എന്നതാണ്. ഇസ്രയേലി സമൂഹത്തിൽ ദേശീയതയിലും മതപരതയിലും വന്നിട്ടുള്ള മാറ്റത്തിന്റെ പ്രതിഫലനമാണിത്. ഈ തീവ്ര ദേശീയ ഭരണകൂടം നിലവിൽവന്ന അന്നുമുതൽ ഈ പ്ലാനുകളെല്ലാം നടപ്പാക്കാൻ തുടങ്ങി. വിശുദ്ധ അഖ്സ്വാ പള്ളിയിൽ നടന്നതൊക്കെ നാം കണ്ടതാണ്. ഗസ്സ പതിനേഴ് വർഷമായി കടുത്ത ഉപരോധം നേരിട്ടുകൊണ്ടിരിക്കുകയാണ്. ഫലസ്ത്വീനികളിൽ ആയിരങ്ങളാണ് ഇസ്രയേലി തടവറയിലേക്ക് തള്ളപ്പെടുന്നത്. മസ്ജിദുൽ അഖ്സ്വാ തകർക്കാൻ തന്നെയാണ് അവരുടെ പദ്ധതിയെന്നും വ്യക്തമായിക്കഴിഞ്ഞിരുന്നു. ഏറ്റവും ചുരുങ്ങിയത്, മസ്ജിദുൽ അഖ്സ്വാ പൂർണമായി സയണിസ്റ്റ് നിയന്ത്രണത്തിൽ കൊണ്ടുവരണമെന്ന് അവർ തീരുമാനമെടുത്തുകഴിഞ്ഞിരുന്നു. മൂന്നാമത്തെ അപകടകരമായ പരിണാമം, രാഷ്ട്രീയ പ്രക്രിയയെ പിന്നിലേക്ക് മാറ്റിവെക്കുക എന്നതായിരുന്നു. നോർമലൈസേഷൻ / തത്വ്്ബീഅ് എന്നാണ് ഈ നീക്കം അറിയപ്പെടുന്നത്. അതായത്, സയണിസ്റ്റ് സ്വരൂപത്തെ മേഖലയിൽ നിയമാനുസൃതമായി കുടിയിരുത്തുക. അതുമായുള്ള സകല ഇടപാടുകളും നിയമാനുസൃതമാക്കുക. ഇസ് ലാമിക സമൂഹം ഇന്നു വരെ ഉയർത്തിപ്പിടിച്ച അടിസ്ഥാന തത്ത്വങ്ങളുടെയും മനുഷ്യാവകാശങ്ങളുടെയും ലംഘനമായിരുന്നു ഇസ്രയേലുമായുള്ള ബന്ധങ്ങളെ ഈ വിധം സ്വാഭാവികവൽക്കരിക്കൽ. ഫലസ്ത്വീനികളുടെ ചെലവിൽ മേഖലയിൽ സമാധാനമുണ്ടാക്കുക എന്ന ഇസ്രയേൽ പദ്ധതിയുടെ നടത്തിപ്പായിരുന്നു യഥാർഥത്തിലത്. മേഖലയിലെ പല തലസ്ഥാനങ്ങളിലും നോർമലൈസേഷൻ ആയിരുന്നു തിരക്കിട്ട ചർച്ച. പിന്നെ ഈ തലസ്ഥാന നഗരികൾ ഇസ്രയേലുമായി സൈനിക- സുരക്ഷാ കരാറുകളിൽ ഏർപ്പെട്ടു. ഇസ്രയേലാണ് ഈ സഖ്യങ്ങളുടെയൊക്കെയും അച്ചുതണ്ട്. ഈ മൂന്ന് നീക്കങ്ങളും ഫലസ്ത്വീൻ പ്രശ്നത്തെ ആഗോള തലത്തിൽ തന്നെ അരികിലേക്ക് തള്ളിമാറ്റാനും അങ്ങനെ അതിനെ കുഴിച്ചുമൂടാനും വേണ്ടിയുള്ളതായിരുന്നു.
അധിനിവേശത്തിനെതിരെ ഞങ്ങൾ ഫലസ്ത്വീനികളുടെ പോരാട്ടം, അതിൽ എല്ലാ പോരാട്ട സംഘങ്ങളുമുണ്ട്; അവയുടെ മുൻനിരയിലാണ് ഹമാസ്. പ്രതിരോധത്തിന്റെതായ പരമ്പരാഗത, ക്ലാസിക്കൽ ചെറുത്തുനിൽപ്പു രീതികളെ അപ്രസക്തമാക്കുന്ന, അല്ലാഹുവിന്റെ വചനങ്ങളെ അന്വർഥമാക്കുന്ന പോരാട്ടമാണ് ഹമാസ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ഖുർആൻ പറഞ്ഞിട്ടുണ്ടല്ലോ: "ആ പ്രബലന്മാർക്കെതിരെ നിങ്ങൾ കവാടത്തിലൂടെ കടന്നുചെല്ലുവിൻ. അകത്തെത്തിച്ചേർന്നാൽ നിങ്ങൾ തന്നെയാണ് ജേതാക്കളാവുക" (അൽ മാഇദ 23). ഇന്ന് ത്വൂഫാനുൽ അഖ്സ്വാ ഫലസ്ത്വീൻ പോരാട്ട ചരിത്രത്തിലോ ഇസ് ലാമിക ചരിത്രത്തിലോ മാത്രമല്ല, മുഴുവൻ മാനവകുലത്തിന്റെയും ചരിത്രത്തിൽ നിർണായകമായ വഴിത്തിരിവായി നിലകൊള്ളുന്നു.

ഇതാണ് ഒന്നാമത്തെ പോയന്റ്. രണ്ടാമത്തെ പോയന്റ്, യുദ്ധത്തിന്റെ തുടക്കത്തിലേ അതിന്റെ ലക്ഷ്യങ്ങളെന്ത് എന്ന് ശത്രു കൃത്യമായി നിർണയിച്ചിരുന്നു എന്നതാണ്. മൂന്നായിരുന്നു പ്രഖ്യാപിത ലക്ഷ്യങ്ങൾ. ഒന്ന്, ഹമാസിനെ ഇല്ലാതാക്കുക. മറ്റൊരു വാക്കിൽ, ചെറുത്തുനിൽപ്പിനെ ഇല്ലാതാക്കുക. രണ്ട്, ഹമാസിന്റെയും മറ്റു ചെറുത്തുനിൽപ്പ് പ്രസ്ഥാനങ്ങളുടെയും പിടിയിലുള്ള ബന്ദികളെ മോചിപ്പിക്കുക. മൂന്നാമത്തെ ലക്ഷ്യമാണ് ഏറ്റവും അപകടം പിടിച്ചത് - ഗസ്സക്കാരെ ഈജിപ്തിലേക്ക് ആട്ടിയോടിക്കുക. ഇതൊന്നും രഹസ്യ ലക്ഷ്യങ്ങളല്ല, ഇസ്രയേലും അമേരിക്കയും അവരുടെ കൂട്ടാളികളായ മറ്റു പാശ്ചാത്യ രാഷ്ട്രങ്ങളും പരസ്യമായി പ്രഖ്യാപിച്ചതാണ്. ഈ യുദ്ധം ഇസ്രയേൽ മാത്രമായി നടത്തുന്ന യുദ്ധവുമല്ല. അമേരിക്കൻ ഭരണകൂടം നേരിട്ട് ആക്രമണത്തിൽ പങ്കാളിയാവുകയാണ്. ചെറുത്തുനിൽപ്പിനെ ഇല്ലാതാക്കാനുള്ള കുതന്ത്രങ്ങൾക്ക് രൂപം നൽകുന്നതും അമേരിക്കയാണ്. ഈ കടന്നാക്രമണത്തിന്റെ അലയൊലികൾ നാം കാണാനിരിക്കുന്നതേയുള്ളൂ. ഈ മൂന്ന് ലക്ഷ്യങ്ങളും നേടാൻ ഈ നാസി പൈശാചിക സഖ്യം അതിന്റെ കൈയിലുള്ള മുഴുവൻ ശക്തിയും പ്രയോഗിച്ചു. സഹോദരൻമാരേ സഹോദരിമാരേ, നിങ്ങളറിയണം: എഴുപതിനായിരത്തിലധികം ടൺ സ്ഫോടകവസ്തുക്കളാണ് (പ്രസംഗിക്കുന്ന ദിവസത്തെ കണക്ക് - വിവ:) ശത്രു ഗസ്സക്ക് മേൽ എറിഞ്ഞിരിക്കുന്നത്. ഹിരോഷിമയിലും നാഗസാക്കിയിലും എറിഞ്ഞ ബോംബുകളുടെ സ്ഫോടനശേഷിയുണ്ട് ഇവക്ക്.

യുദ്ധത്തിന് മൂന്നോ നാലോ ഘട്ടങ്ങൾ നിശ്ചയിച്ചിരുന്നു. ഒന്നാമത്തേത്, മുന്നൂറ്റി അറുപത് ചതുരശ്ര കിലോ മീറ്റർ മാത്രം വിസ്തൃതിയുള്ള ഗസ്സയിലെ ഒരിടവും ബാക്കി വെക്കാത്ത തരത്തിലുള്ള വ്യോമാക്രമണം. രണ്ടാമത്തെ ഘട്ടം കരയാക്രമണമാണ്. മൂന്നാമത്തെ ഘട്ടത്തിലേക്ക് കടക്കുമ്പോൾ ചെറുത്തുനിൽപ്പിന്റെ യാതൊന്നും അവശേഷിക്കാത്ത വിധത്തിൽ മുഖാവമയെ ഉൻമൂലനം ചെയ്യണം. നാലാമത്തെ ഘട്ടം രാഷ്ട്രീയ തീരുമാനങ്ങളുടേതാണ്. അതായത് ഹമാസില്ലാത്ത, പ്രതിരോധ സംഘങ്ങളിലാത്ത ഗസ്സ എന്ന രാഷ്ട്രീയ വിഭാവന. ചെറുത്തുനിൽപ്പ് നൂറ് ദിവസം പിന്നിട്ടുകഴിഞ്ഞ ഈ സന്ദർഭത്തിൽ ഉയരുന്ന ഒരു ചോദ്യമുണ്ട്: ശത്രു അതിന്റെ പ്രഖ്യാപിത സൈനിക ലക്ഷ്യങ്ങളിൽ ഏതെങ്കിലുമൊന്ന് നേടിയോ? ഞാൻ നിങ്ങളോട് ഉറപ്പിച്ച് പറയുന്നു, ഇത്ര ഭീകരമായ കൂട്ടക്കൊലകൾ നടത്തിയിട്ടും, അടിസ്ഥാന സംവിധാനങ്ങൾ പാടേ തകർത്തെറിഞ്ഞിട്ടും ഇപ്പറഞ്ഞ ലക്ഷ്യങ്ങളിൽ ഒന്നുപോലും ശത്രുവിന് നേടാനായിട്ടില്ല.

ഇസ്രയേൽ ബോംബിംഗിൽ തകർന്ന ഗസ്സയിലെ കെട്ടിടങ്ങൾ

അവർ പറഞ്ഞു, ഹമാസിനെ ഞങ്ങൾ തകർത്തെറിയും. യാതൊരു അടിസ്ഥാനവുമില്ലാത്ത അവരുടെ മനസ്സിലെ പൂതി മാത്രമാണത്. 'ഹമാസ് അന്നാസ് ' (ഹമാസ് എന്നാൽ ജനങ്ങളാണ്). ഗസ്സയിലോ വെസ്റ്റ് ബാങ്കിലോ മാത്രമല്ല, ലോകത്തിന്റെ പല ഭാഗങ്ങളിലായി ചിതറിപ്പോയ ഫലസ്ത്വീനി വംശജരുടെയോ മുഴുവൻ മുസ്ലിം ഉമ്മത്തിന്റെയോ ഹൃദയാന്തരാളങ്ങളിൽ മാത്രമല്ല, നീതിക്കായി പൊരുതുന്ന മുഴുവൻ മനുഷ്യരുടെയും മനസ്സുകളിൽ ഹമാസ് ജീവിക്കുകയാണ്. ലോകത്തിന്റെ ഏത് മുക്കുമൂലയിലുള്ള വീട്ടിലേക്കും ഇന്ന് ഹമാസ് എന്ന വാക്ക് കടന്നുവന്നിരിക്കുകയാണ്. ആറ് ഭൂഖണ്ഡങ്ങളിലെയും വാർത്തകളിൽ ഫലസ്ത്വീൻ, മുഖാവമ, ഹമാസ്, ഗസ്സ, വംശഹത്യ തുടങ്ങിയ വാക്കുകൾ നിറഞ്ഞുനിൽക്കുകയാണ്. അല്ലാഹുവിന്റെ ഈ വചനം സത്യമായി പുലരുകയാണ്: " സ്വന്തം വായകൊണ്ട് അല്ലാഹുവിന്റെ പ്രകാശം ഊതിക്കെടുത്താമെന്ന് അവർ വിചാരിക്കുന്നു. അധർമികൾ വെറുത്താലും അല്ലാഹു അവന്റെ പ്രകാശം പൂർണതയിലെത്തിക്കുക തന്നെ ചെയ്യും." പ്രതിരോധ സംഘങ്ങളുടെ റോക്കറ്റുകൾ നിർവീര്യമാക്കാമെന്ന് അവർ കരുതുന്നു. പക്ഷേ, ആ റോക്കറ്റുകളുടെ ദൗത്യം അല്ലാഹു പൂർത്തീകരിക്കുക തന്നെ ചെയ്യും. രണ്ടാമത്തെ കാര്യം, തടവിലാക്കപ്പെട്ട സൈനികരുടെ മോചനമാണ്. അത്യന്താധുനിക രഹസ്യാന്വേഷണ സംവിധാനങ്ങൾ അവരുടെ പക്കലുണ്ട്. പാശ്ചാത്യ രാജ്യങ്ങളുടെ ചാരവിമാനങ്ങൾ തടവുകാരെ ഒളിപ്പിച്ചത് എവിടെ എന്ന് കണ്ടെത്താൻ ഗസ്സക്ക് മുകളിൽ വട്ടമിടുകയാണ്. പക്ഷേ, ഒരു തടവുകാരനെപ്പോലും അവർക്ക് കണ്ടെത്താനായില്ല. വെടിനിർത്തൽ പ്രാബല്യത്തിൽ വന്നപ്പോൾ കരാർ വ്യവസ്ഥകൾ പ്രകാരം കൈമാറിയ തടവുകാരല്ലാതെ മറ്റു തടവുകാർ എവിടെയെന്ന് പോലും അവർക്ക് നിശ്ചയമില്ല. ഞാൻ അവരോട് പറയുന്നു, നിങ്ങളുടെ തടവറയിലുള്ള മുഴുവൻ ഫലസ്ത്വീനികളെയും വിട്ടയക്കാതെ ഞങ്ങൾ നിങ്ങളുടെ തടവുകാരെ വിട്ടയക്കുന്ന പ്രശ്നമില്ല.

ഗസ്സക്കാരെ ആട്ടിയോടിക്കാനുള്ള പദ്ധതിയും പൊളിഞ്ഞു. കാരണം, ഫലസ്ത്വീനികൾ ഈ വിശുദ്ധ ഭൂമിയിൽ ആഴത്തിൽ വേരുകളാഴ്ത്തിയവരാണ്. ഒരു കാര്യം വ്യക്തമാക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു: ഇനിയൊരിക്കലും 1948 'നക്ബ' ആവർത്തിക്കില്ല. ഞങ്ങൾ പലായനം ചെയ്യില്ല. ഞങ്ങളുടെ ഭൂമി വിട്ട് ഞങ്ങൾ എങ്ങോട്ടും പോകുന്നില്ല. ശരിയാണ്, അതിഭീകരമായ വംശഹത്യയാണ് നടന്നുകൊണ്ടിരിക്കുന്നത്. പത്തിലധികം അംഗങ്ങളുള്ള 450 കുടുംബങ്ങൾ അപ്പാടെ തുടച്ചുനീക്കപ്പെട്ടിരിക്കുന്നു. നൂറ്റിതൊണ്ണൂറ്റിരണ്ട് പേർ ശഹീദായ കുടുംബങ്ങൾ വരെയുണ്ട്. ഇനിയുള്ള ജീവിതം ഖുദ്സിന് സമർപ്പിതം, ഫലസ്ത്വീൻ മുഖാവമക്ക് സമർപ്പിതം എന്ന് വിളിച്ചുപറയാൻ ആ കുടുംബങ്ങളിൽ ഒന്നോ രണ്ടോ പേർ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽനിന്ന് എഴുന്നേറ്റ് വന്നിട്ടുണ്ടാവാം. ത്വൂഫാനുൽ അഖ്സ്വാക്ക് ശേഷം ഫലസ്ത്വീനികൾ ഗസ്സ വിട്ടുപോവുകയല്ല ചെയ്തത്. പുറനാടുകളിൽ താമസിക്കുകയായിരുന്ന ഗസ്സക്കാർ വരെ ഗസ്സയിലേക്ക് തിരിച്ചുവരികയായിരുന്നു. അതുകൊണ്ട് സഹോദരൻമാരേ സഹോദരിമാരേ, മുന്നോട്ട് വെച്ച ഒരു ലക്ഷ്യം പോലും നേടാനാവാതെ ശത്രു പൂർണമായി പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഒരു കാര്യത്തിൽ മാത്രമാണ് ശത്രു വിജയിച്ചിട്ടുള്ളത്. നിരപരാധികളുടെ ചോര തെറിച്ച അതിന്റെ കൊലയാളി മുഖം ലോകത്തിന് മുമ്പിൽ പ്രദർശിപ്പിക്കുന്നതിൽ മാത്രം. അത് ധാർമികതയുടെയോ മൂല്യബോധത്തിന്റെയോ ജനാധിപത്യത്തിന്റെയോ മുഖമല്ലെന്ന് ത്വൂഫാനുൽ അഖ്സ്വാ ലോകത്തിന് കാണിച്ചു കൊടുത്തു.

മൂന്നാമത്തെ പോയന്റ്, ഗസ്സയിൽ മാത്രമല്ല വെസ്റ്റ് ബാങ്കിലും നടക്കുന്നത് വളരെ ഭീതിജനകമായ സംഭവങ്ങളാണ് എന്നതാണ്. ത്വൂഫാനുൽ അഖ്സ്വാക്ക് ശേഷം വെസ്റ്റ് ബാങ്കിൽ മാത്രം മുന്നൂറ്റി അമ്പതിലേറെ രക്തസാക്ഷികളുണ്ടായി. ഓരോ ദിവസവും വീടുകൾ, സ്വത്തുക്കൾ അധിനിവേശ സേന കൈയേറുന്നു. അടുത്ത ദിവസമാണ് നാല് പേർ ശഹീദായത്. നാല് മക്കളെ നഷ്ടപ്പെട്ട അവരുടെ ഉമ്മ ചരിത്രത്തിലെ ഖൻസാഇനെപ്പോലെ ധീരയായി നിലകൊണ്ടു. ഖുദ്സിലും അഖ്സ്വായിലുമൊക്കെയുള്ള പോരാട്ടങ്ങളും രക്തസാക്ഷ്യങ്ങളും നാം ചേർത്തു വായിക്കണം. ഗസ്സയിൽ അൽ ഖസ്സ്വാം ഉൾപ്പെടെയുള്ള പോരാളി സംഘങ്ങൾ രണ്ട് യുദ്ധമുഖങ്ങളാണ് തുറന്നിരിക്കുന്നത്. ഗസ്സക്കകത്ത് അവർ ശത്രുവിന് കനത്ത നാശനഷ്ടങ്ങൾ ഏൽപ്പിച്ചുകൊണ്ടിരിക്കുന്നു. നാശനഷ്ടങ്ങളെക്കുറിച്ച് ഇസ്രയേൽ പുറത്തുവിടുന്ന കണക്കുകളൊന്നും സത്യസന്ധമല്ല. അൽ ഖസ്സ്വാമും മറ്റു പോരാളി സംഘങ്ങളും പുറത്തുവിടുന്ന വീഡിയോകളിൽ പോലും ചില ഭാഗങ്ങളിലെ ഓപ്പറേഷനുകൾ മാത്രമേ ചിത്രീകരിക്കുന്നുള്ളൂ. അവയും അധിനിവേശ സൈന്യത്തിന്റെ നഷ്ടക്കണക്കുകൾ പൂർണമായി നൽകുന്നില്ല. എല്ലാം ചിത്രീകരിക്കാൻ കഴിയില്ലല്ലോ. എന്നാൽ, നഷ്ടങ്ങളുടെയും മരണങ്ങളുടെയും യഥാർഥ കണക്ക് ഇസ്രായേലിനറിയാം. ഞാനിവിടെ പ്രസംഗിക്കുന്നതിന്റെ തലേ ദിവസം ഇസ്രയേൽ പറഞ്ഞത്, ഞങ്ങൾക്കിന്ന് ഏറ്റവും കഠിനമായ ദിവസമായിരുന്നു എന്നാണ്. ഫലസ്ത്വീൻ പോരാളികൾ എല്ലാ മേഖലകളിൽനിന്നും അവരെ തുരത്തിയോടിക്കുകയാണ്. ഞാൻ നിങ്ങളോട് പറയുന്നു, പോരാട്ട മുന്നണി വളരെ ശക്തമാണ്. വളരെ ഒത്തൊരുമയോടെ, നമുക്ക് വലിയ പ്രതീക്ഷകൾ നൽകിയാണ് അവർ മുന്നോട്ട് പോകുന്നത്. അവർക്ക് കൃത്യമായ പ്ലാനും സ്ട്രാറ്റജിയുമുണ്ട്. ശക്തമായ നേതൃത്വമുണ്ട്. മുസ് ലിം സമൂഹത്തിനും സ്വാതന്ത്ര്യത്തിന് വേണ്ടി നിലകൊള്ളുന്ന മുഴുവൻ ജനസമൂഹങ്ങൾക്കും ഗസ്സ പോരാളികൾ അഭിമാനമാണ്. ഗസ്സയുടെ രണ്ടാമത്തെ പോരാട്ടമുഖം സിവിലിയൻ മേഖലകളിലാണ്. മനുഷ്യർ കൂട്ടത്തോടെ മരിച്ചുവീഴുകയാണ്. ഞെട്ടിക്കുന്ന മാനുഷിക ദുരന്തമാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ഈ രണ്ട് മേഖലകളിലും ലോക മുസ് ലിം സമൂഹത്തിനും അവരിലെ പണ്ഡിതൻമാർക്കും വലിയ റോൾ നിർവഹിക്കാനുണ്ട്. മുഖാവമയെ എല്ലാ അർഥത്തിലും പിന്തുണച്ചുകൊണ്ടാണ് അവരത് നിർവഹിക്കേണ്ടത്. ശത്രുവിന് നാനാഭാഗത്തുനിന്നും ആയുധങ്ങൾ വന്നുകൊണ്ടേയിരിക്കുന്നു. ലോകത്ത് ആരെയും അവർക്ക് പേടിക്കേണ്ടതായിട്ടില്ല. അതിനാൽ, ത്വൂഫാനുൽ അഖ്സ്വാക്ക് ഒപ്പം നിൽക്കുക എന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ ബാധ്യതയായി(ഫർദ് ഐൻ)ത്തീർന്നിരിക്കുന്നു. ഇത് ഗസ്സക്ക് വേണ്ടിയുള്ള പോരാട്ടമല്ല; ഖുദ്സിനും അഖ്സ്വാക്കും വേണ്ടിയുള്ള പോരാട്ടമാണ്. പണ്ഡിതൻമാരേ നേതാക്കളേ, ഇതു പോലുള്ള അവസരം വളരെ അപൂർവമായേ ചരിത്രം നമുക്ക് ഒരുക്കിത്തരാറുള്ളൂ. അത് നഷ്ടപ്പെടുത്താതിരിക്കാൻ നിങ്ങൾ ശ്രദ്ധവെക്കണം. കാരണം, ഇത്തരമൊരു അവസരം ഇനി ഒത്തുവരിക എത്ര പതിറ്റാണ്ടുകൾ കഴിഞ്ഞാണെന്ന് നമുക്കറിയില്ല.
നാലാമത്തെ പോയന്റ്, എന്താണ് നമുക്ക് ചെയ്യാനുള്ളത് എന്നതാണ്. പശ്ചിമേഷ്യ മുഴുവൻ ഇപ്പോൾ സംഘർഷഭരിതമാണ്. ലബ്നാനിലും മറ്റു അയൽപ്രദേശങ്ങളിലും നമ്മുടെ സഹോദരൻമാർ ത്വൂഫാനുൽ അഖ്സ്വായെ ശക്തിപ്പെടുത്താൻ പൊരുതിക്കൊണ്ടിരിക്കുന്നു. എന്നല്ല, ലോക ജനസഞ്ചയങ്ങൾ ഫലസ്ത്വീനികൾക്ക് വേണ്ടി രംഗത്തിറങ്ങുന്നു. ഇതെല്ലാം ലോകം ഈ പോരാട്ടത്തിന് നൽകുന്ന സ്ഥാനമെത്രയാണെന്ന് വെളിപ്പെടുത്തുന്നു. സഹോദരൻമാരേ, സമയം നമുക്ക് അനുകൂലമാണ്. നിങ്ങളോർക്കണം, ത്വൂഫാനുൽ അഖ്സ്വായുടെ തുടക്ക ദിനങ്ങളിൽ, പല നാടുകളിലെയും അധികൃതർ അന്നാട്ടിലെ ഫലസ്ത്വീൻ വംശജരെ വിളിച്ചുവരുത്തി ഫലസ്ത്വീൻ പതാക ഉയർത്തിപ്പോകരുതെന്ന് കർശന നിർദേശം നൽകിയിരുന്നു. അതേ നാടുകളുടെ ഭാഷ ഇന്ന് മാറിക്കഴിഞ്ഞു. അവർ സ്വരം മാറ്റാൻ എന്താണ് കാരണം? ലോക മനസ്സ് തന്നെ മാറിക്കഴിഞ്ഞല്ലോ. പോരാളികളുടെ ഉറച്ചുനിൽപ്പ് തന്നെ. ഇത് മുമ്പിൽ വെച്ചാണ് സ്ട്രാറ്റജികളും കർമപരിപാടികളും രൂപപ്പെടുത്തേണ്ടത്.

പണ്ഡിതൻമാർക്ക് മറ്റൊരു ദൗത്യവും കൂടി നിർവഹിക്കാനുണ്ട്: അവർ നാട്ടിൽ തിരിച്ചെത്തിയാൽ അതത് നാട്ടിലെ ഉത്തരവാദപ്പെട്ടവരെ ചെന്ന് കാണണം. ഭരണാധികാരികളുമായി മാത്രമല്ല, രാഷ്ട്രീയ കക്ഷികളുമായും സിവിൽ സംഘടനകളുമായും സ്ഥാപനാധികാരികളുമായും അവർ സംവദിക്കണം. ഗസ്സക്ക് നമ്മുടെ കേവല സംഭാവനകൾ മതിയാവുകയില്ല. ധനം കൊണ്ടുള്ള ജിഹാദാണ് ഇപ്പോൾ ആവശ്യമായിട്ടുള്ളത്. ഈയൊരു സംസ്കാരം സമൂഹത്തിൽ വളർത്തിയെടുക്കേണ്ട സന്ദർഭമാണിത്. l

(ഹമാസിന്റെ രാഷ്ട്രീയ കാര്യ അധ്യക്ഷൻ ഇസ്മാഈൽ ഹനിയ്യ, ദോഹയിൽ ചേർന്ന അന്താരാഷ്ട്ര മുസ് ലിം പണ്ഡിത സഭ ആറാം അന്താരാഷ്ട്ര സമ്മേളനത്തിൽ ചെയ്ത പ്രസംഗം)

അര നൂറ്റാണ്ട് കാലം ജമാഅത്തെ ഇസ് ലാമി അഖിലേന്ത്യാ കൂടിയാലോചനാ സമിതിയിൽ ഇടവേളയില്ലാതെ പ്രവർത്തിച്ച അപൂർവ പ്രതിഭയാണ് ടി.കെ അബ്ദുല്ല സാഹിബ്. അര നൂറ്റാണ്ടുകാലം ആ മഹാൻ തുടർച്ചയായി ചിന്തിച്ചുകൊണ്ടിരുന്നത് ഇന്ത്യൻ മുസ് ലിംകൾ നേരിടുന്ന വെല്ലുവിളികളെ പറ്റിയും അതിന്റെ പരിഹാരത്തെ കുറിച്ചും തന്നെയായിരുന്നു. ഇന്ത്യൻ മുസ് ലിംകളെ പറ്റി ഇത്രയും ആഴത്തിൽ ചിന്തിച്ചുകൊണ്ടിരുന്ന മറ്റൊരു ദേശീയ നേതാവിനെ ഇക്കാലയളവിൽ ഞാൻ പരിചയിച്ചിട്ടില്ല. ആ മനുഷ്യന്റെ ഓർമയിൽ ഒരു പ്രഭാഷണം നടത്തുമ്പോൾ, അതിന് 'ഇന്ത്യൻ മുസ് ലിംകൾ: വെല്ലുവിളികളും സാധ്യതകളും' എന്ന പ്രമേയം നിശ്ചയിക്കുന്നത് നൂറു ശതമാനം സംഗതമാണ്.

ബാബരി മസ്ജിദ്

1992-ലെ ബാബരി മസ്ജിദ് ധ്വംസനം ഇന്ത്യൻ മുസ് ലിം ചരിത്രത്തിലെ നിർണായക വേളയാണ്. ആ ഘട്ടത്തിൽ ഇന്ത്യൻ മീഡിയ സ്വീകരിച്ച നിലപാട് ശുഭോദർക്കമായിരുന്നു. പള്ളിയല്ല തകർക്കപ്പെട്ടത്, ഇന്ത്യൻ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളാണ് എന്ന് മീഡിയ ഒരേ ശബ്ദത്തിൽ പറഞ്ഞു / എഴുതി. ചിലരെല്ലാം മുഖപ്രസംഗ കോളം ഒന്നുമെഴുതാതെ കറുപ്പിച്ച് കാലിയാക്കിയിട്ടു. മറ്റു ചിലർ ഒന്നാം പേജിൽ മുഖപ്രസംഗം എഴുതി. ഇന്നിപ്പോൾ 2024-ൽ ക്ഷേത്ര പ്രതിഷ്ഠ നടക്കാനിരിക്കുമ്പോൾ സ്ഥിതി പാടേ മാറിയിരിക്കുന്നത് ഇന്ത്യൻ മുസ് ലിംകൾ നേരിടുന്ന വെല്ലുവിളി എന്തെന്ന ചോദ്യത്തിന്റെ വ്യക്തതയുള്ള ഉത്തരമാണ്.
മീഡിയ ആഘോഷപൂർവമാണ് ക്ഷേത്ര പ്രതിഷ്ഠാദിനത്തെ കാത്തിരിക്കുന്നത്. സെലിബ്രിറ്റികൾ, രാഷ്ട്രീയത്തിലെ അതികായൻമാർ, സാംസ്കാരിക നായകർ, സോകോൾഡ് സെക്കുലർ ചാമ്പ്യൻമാർ…. എല്ലാവരും പ്രതിഷ്ഠക്ക് സാക്ഷിയാകാനുള്ള ധൃതിയിലാണ്. ഒറ്റപ്പെട്ടതെങ്കിലും കരുത്തുറ്റ ചില മറുവാക്കുകളും മറുശബ്ദങ്ങളും ഉണ്ടെന്നത് കാണാതെയല്ല. 1992 ഡിസംബറിൽനിന്ന് 2023 ഡിസംബറിൽ എത്തിനിൽക്കുമ്പോൾ ഇന്ത്യൻ പൊതുബോധം ഭയാനകമാം വിധം മാറിയിട്ടുണ്ടെന്നത് തന്നെയാണ് മുസ് ലിം വെല്ലുവിളിയുടെ ആഴം അടയാളപ്പെടുത്തുന്ന പ്രധാന ഘടകം. തകർത്തെറിയപ്പെട്ട ബാബരി മസ്ജിദ് ഇന്ന് ഓർമയല്ലാതായിത്തീരുകയാണ്. ബാബരി മസ്ജിദിന്റെ പുനർ നിർമാണം ചർച്ചയേ അല്ലാതാക്കി മാറ്റുന്നതിൽ ഫാഷിസ്റ്റുകൾ വിജയിച്ചുകഴിഞ്ഞു.

ഇന്ത്യൻ മുസ് ലിംകൾ അനുഭവിക്കുന്ന അന്യവൽക്കരണം ഭീകരമാണ്. ഒരു കേസിൽ മുസ് ലിം നാമം വഹിക്കുന്നവൻ പ്രതിയാകുമ്പോൾ ഒരു വിഭാഗം മീഡിയയും സാമൂഹിക-രാഷ്ട്രീയ ഫോറങ്ങളും പ്രകടിപ്പിക്കുന്ന അസഹനീയമായ ഉൽസാഹത്തിന് നാം ഇന്ത്യയിൽ നിരന്തരം സാക്ഷികളായിക്കൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ പ്രബുദ്ധതയും ഇടത്- മതേതര ലിബറൽ പശ്ചാത്തലവുമുള്ള കേരളവും പ്രസ്തുത വിഷയത്തിൽ ഒട്ടും വേറിട്ട നിലപാടല്ല സ്വീകരിക്കുന്നത്. കളമശ്ശേരിയിലെ സ്ഫോടനത്തെ ആദ്യം ഫലസ്ത്വീനുമായി ബന്ധപ്പെടുത്തി, മുസ് ലിം ആക്രമണമാക്കി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു തുടങ്ങിയതാണ്. ഡൊമനിക് മാർട്ടിൻ എന്നൊരാൾ കുറ്റമേറ്റെടുത്ത് രംഗത്ത് വന്നതോടെ മാധ്യമങ്ങളും രാഷ്ട്രീയ- സാമൂഹിക വിഭാഗങ്ങളും മൗനികളായി. 8 പേർ കൊല്ലപ്പെട്ട, കൊടും ഭീകര സംഭവമായിട്ടു പോലും പ്രത്യേകിച്ചൊന്നും സംഭവച്ചില്ലെന്ന മട്ടിലാണ് പിന്നീടുള്ള റിപ്പോർട്ടിംഗ് ശൈലി രൂപപ്പെട്ടു വന്നത്.

മുസ് ലിം അന്യവൽക്കരണത്തിലൂടെയാണ് ഫാഷിസം വളരുന്നത്. അതുതന്നെയാണ് ദുരൂഹ സ്ഫോടനങ്ങളും ഫാബ്രിക്കേറ്റഡ് കേസുകളുമായി രൂപാന്തരപ്പെടുന്നത്. അന്യവൽക്കരണം തന്നെയാണ് ആൾക്കൂട്ട കൊലപാതകങ്ങൾക്ക് തറയൊരുക്കുന്നത്. മുസ് ലിം അന്യവൽക്കരണത്തെ ചെറുക്കേണ്ടത് മുസ് ലിംകളുടെ മാത്രം രാഷ്ട്രീയ ബാധ്യതയല്ലെന്ന് പൊതു സമൂഹം മനസ്സിലാക്കണം. അന്യവൽക്കരണത്തിനെതിരെ ജനാധിപത്യ- മതേതര ചേരിയുടെ ഒരുമയാണ് കാലം തേടുന്നത്. ഹിന്ദുവും ക്രിസ്ത്യാനിയും മുസ് ലിമും കമ്യൂണിസ്റ്റും ഒരുമിച്ചിരുന്ന് ഭരണഘടനയുടെ പക്ഷം ചേർന്ന് അന്യവൽക്കരണത്തെ ചെറുക്കണം.

ഏറ്റവും ഒടുവിൽ നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യാ സഖ്യം തോറ്റു. ഇന്ത്യയെന്ന ആശയം തന്നെയാണ് തോറ്റത്. എന്തുകൊണ്ട് തോറ്റു എന്ന് പ്രസ്തുത രാഷ്ട്രീയ സഖ്യം കൃത്യമായി മനസ്സിലാക്കി, തെറ്റുതിരുത്തണം. മൃദു ഹിന്ദുത്വം കൊണ്ട് തീവ്ര ഹിന്ദുത്വത്തെ നേരിടുക അസാധ്യമാണ് എന്ന സന്ദേശമാണ് അതിൽ ഏറ്റവും പ്രധാനം. ഭരണഘടനയും മതേതര- ജനാധിപത്യ മൂല്യങ്ങളും വീണ്ടെടുക്കുന്ന അർഥപൂർണമായ രാഷ്ട്രീയ നിലപാടാണ് ഇൻഡ്യ മുന്നണി രൂപപ്പെടുത്തേണ്ടത്. വലിയ പാർട്ടികൾ വല്യേട്ടൻ മനോഭാവം ഉപേക്ഷിക്കണം. ചെറു കക്ഷികളെ ഉൾക്കൊള്ളണം. അവരുടെ ഇടം അംഗീകരിക്കണം. അങ്ങനെ ആശയതലത്തിലും പ്രയോഗതലത്തിലും ഇൻഡ്യ മുന്നണിയെ വിപുലപ്പെടുത്തിയാലേ ഫാഷിസത്തെ മറികടക്കാൻ സാധിക്കുകയുള്ളൂ.

സ്ഥിതി എത്ര ഗുരുതരമായാലും മുസ് ലിം സമൂഹം ഒരിക്കലും ഉൾവലിയരുത്. ആദർശ ശാക്തീകരണത്തിലൂടെ അവർ തങ്ങളുടെ വ്യക്തിത്വം ശക്തിപ്പെടുത്തേണ്ടതുണ്ട്. സഹനവും സമർപ്പണവും സമം ചേർത്ത ഒരു കർമവഴി അവർ വെട്ടിത്തെളിക്കണം. വംശഹത്യയിലൂടെ ഇന്ത്യൻ മുസ് ലിംകളെ തീർത്തുകളയാമെന്നത് വ്യാമോഹം മാത്രമാണ്. ഭയത്തിൽനിന്നും നിരാശയിൽനിന്നും ഇന്ത്യൻ മുസ് ലിംകൾ സ്വയം പുറത്തുകടക്കണം. ഗസ്സ നല്ലൊരു പാഠമാണ്. ആശയക്കരുത്തുള്ള ഒരു ന്യൂനപക്ഷത്തിന് ഏത് വൻശക്തിയെയും ആത്മവിശ്വാസത്തോടെ നേരിടാൻ കഴിയുമെന്ന പാഠം.
മുസ് ലിം വിരുദ്ധമായ എല്ലാ പ്രചാരണങ്ങളെയും യുക്തിഭദ്രമായി നേരിടാൻ മുസ് ലിം സമൂഹം സജ്ജമാകണം. ഇന്ത്യൻ മുസ് ലിം സമൂഹം തങ്ങളെ പറ്റിയുള്ള ശരിയായ അഭിപ്രായ രൂപീകരണത്തിന് പൊതു സമൂഹത്തെ പ്രാപ്തമാക്കും വിധം യഥാർഥ ഇസ് ലാമിന്റെ പ്രതിനിധാനം നിർവഹിക്കുന്നവരായിത്തീരണം. ധ്രുവീകരണം, അന്യവൽക്കരണം, ദാരിദ്ര്യം എന്നീ മൂന്ന് വെല്ലുവിളികളെയും നേരിടാൻ ദേശീയാടിസ്ഥാനത്തിൽ തന്നെ മുസ് ലിം ഐക്യം ശക്തിപ്പെടുത്തേണ്ടതുണ്ട്.
മൂന്ന് കാര്യങ്ങളാണ് മുസ് ലിം സമൂഹത്തിന് കൂട്ടായി നിർവഹിക്കാനുള്ളത്:
1- ഇസ് ലാമിനും മുസ് ലിംകൾക്കുമെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ ചെറുക്കുന്ന യുക്തിപൂർണമായ ഇടപെടലും ബദൽ പ്രചാരണവും.
2- യഥാർഥ ഇസ് ലാമിന്റെ കരുത്തുറ്റ പ്രതിനിധാനം.
3 - ഇന്ത്യൻ മുസ് ലിംകളെ പറ്റിയുള്ള ശരിയായ അഭിപ്രായ രൂപീകരണത്തിന് സഹായകമായ വിപുലമായ കാമ്പയിൻ.
ഈ മൂന്ന് കാര്യങ്ങൾ ഏതെങ്കിലും ഒരു സംഘടനക്ക് ചെയ്തുതീർക്കുക സാധ്യമല്ല. മുസ് ലിം ഉമ്മത്ത് ഒരുമിച്ച് ഈ മാർഗത്തിൽ കർമോൽസുകരാകണം.
ഇന്ത്യ എന്ന ആശയം സാക്ഷാത്കരിക്കാൻ, ഫാഷിസത്തിന്റെ അടിവേരറുക്കാൻ മുസ് ലിം സമുദായം മാത്രം ഒരുമിച്ചാൽ മതിയാവില്ല. രാജ്യനിവാസികൾ ഒന്നടങ്കം, അതായത് ഭരണഘടനയിൽ വിശ്വാസമുള്ളവരും ആത്മാർഥമായ മതേതര ചിന്തയുള്ളവരും ഒരുമിച്ചുനിൽക്കൽ മാത്രമാണ് പരിഹാരം. l
(ഇന്ത്യൻ ജമാഅത്തെ ഇസ് ലാമി ജനറൽ സെക്രട്ടറി ടി. ആരിഫലി കുറ്റ്യാടി കുല്ലിയ്യത്തുൽ ഖുർആനിൽ ചെയ്ത ടി.കെ അബ്ദുല്ല സ്മാരക പ്രഭാഷണത്തിൽ നിന്ന്)

നാം ധാരാളം പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. അവയുടെ പരിഹാരത്തിനുള്ള ഏറ്റവും സുപ്രധാനമായ ചുവടുവെപ്പ്, നാം ഭാവിയെക്കുറിച്ച് ചിന്തിക്കാൻ തയാറാവുക എന്നതാണ്. എന്നാൽ, നിലവിലെ പ്രശ്നങ്ങളിൽ കെട്ടിമറിയുക എന്നതാണ് പൊതുവെ കണ്ടുവരുന്ന രീതി. നമ്മുടെ രാജ്യത്ത് പ്രശ്നങ്ങൾക്കൊന്നും ഹ്രസ്വകാല പരിഹാരങ്ങൾ ഇല്ല എന്നതാണ് നാം മനസ്സിലാക്കേണ്ട ഒന്നാമത്തെ കാര്യം. ദീർഘകാല പരിഹാരങ്ങളാണുള്ളത്. വരാൻ പോകുന്ന നാളെയെ മുൻനിർത്തിയാവണം പരിഹാര നിർദേശങ്ങൾ സമർപ്പിക്കേണ്ടതും കർമപദ്ധതി തയാറാക്കേണ്ടതും.
ഇന്ന് നമ്മുടെ രാജ്യത്തിന്റെയും ഇവിടെ ജീവിക്കുന്ന മുസ് ലിം സമുദായത്തിന്റെയും സ്ഥിതി വളരെ ആശങ്കാജനകമാണ്. നമുക്കറിയാവുന്നതു പോലെ, ഭരണഘടനാ മൂല്യങ്ങളുടെ അടിത്തറയിലാണ് നമ്മുടെ രാഷ്ട്രം കെട്ടിപ്പടുക്കപ്പെട്ടിട്ടുള്ളത്. പക്ഷേ, രാഷ്ട്ര ഘടന തന്നെ അട്ടിമറിക്കപ്പെടുന്ന സ്ഥിതിയാണ് സംജാതമായിക്കൊണ്ടിരിക്കുന്നത്. ജനാധിപത്യം, സ്വാതന്ത്ര്യം, എല്ലാ മതവിഭാഗങ്ങളോടും തുല്യ ആദരവ്, എല്ലാവർക്കും തുല്യാവസരങ്ങൾ, രാഷ്ട്രീയ- സാമ്പത്തിക - സാമൂഹിക നീതി- ഈ മൂല്യങ്ങളെക്കുറിച്ചാണ് വിവിധ ജനവിഭാഗങ്ങളെ ചേർത്തുനിർത്തുന്ന നമ്മുടെ ഭരണഘടന സംസാരിക്കുന്നത്. ആ മൂല്യങ്ങളെല്ലാം അവമതിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ജനാധിപത്യത്തെ നാല് ഭാഗത്തുനിന്നും അപകടങ്ങൾ വലയംചെയ്തു നിൽക്കുന്നു. ഏകാധിപത്യമല്ല നമ്മുടെ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന് ഫ്രഞ്ച് തത്ത്വചിന്തകൻ റോസൻ വെലോൺ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ പോപുലിസമാണ് ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ ഭീഷണി. ജനങ്ങളെ കൈയിലെടുത്ത് അമ്മാനമാടുന്ന പോപുലിസ്റ്റ്, കരിസ്മാറ്റിക് നേതാക്കൻമാർ മീഡിയയെ അടക്കം വിലക്കെടുക്കുന്നു. സ്വാർഥ താൽപര്യങ്ങൾക്ക് വേണ്ടി ജനവികാരങ്ങളെ ഇളക്കിവിടുന്നു. പിന്നീട് തങ്ങളെ അധികാരത്തിലെത്തിച്ച ജനങ്ങളുടെ അവകാശങ്ങൾ ഒന്നൊന്നായി കവർന്നെടുക്കുന്നു. ലോകത്തെ എല്ലാ ജനാധിപത്യ സംവിധാനങ്ങളും ഈ ഭീഷണി നേരിടുന്നുണ്ട്. ഈ ഭീഷണി ഏറ്റവും ഭീമാകാരം പൂണ്ടുനിൽക്കുന്നത് നമ്മുടെ രാജ്യത്താണ്. സാമ്പത്തിക, സാമൂഹിക അസമത്വങ്ങൾ ഭീതിദമാം വിധം വർധിച്ചുവരുന്നതും ഭാവിയിൽ വലിയ ഭീഷണിയായിത്തീരും. ഓക്സ്ഫാം പോലുള്ള ഏജൻസികളുടെ റിപ്പോർട്ട് പ്രകാരം 2014-ന് ശേഷം ഓരോ വർഷവും ഇത്തരം അസമത്വങ്ങൾ വലിയ തോതിൽ കൂടുകയല്ലാതെ കുറയുന്നില്ല. രാജ്യത്തിന്റെ സമ്പത്തെല്ലാം ഏതാനും ശതകോടീശ്വരൻമാരുടെ കൈകളിൽ കുമിഞ്ഞുകൂടുകയാണ്. ജനങ്ങൾക്കാണെങ്കിൽ തൊഴിലില്ല; വരുമാനമില്ല. തങ്ങളുടെ അത്യാവശ്യങ്ങൾ നിറവേറ്റാനുള്ള വക കണ്ടെത്താനാവുന്നില്ല. കോടിക്കണക്കിന് മനുഷ്യർ ദാരിദ്ര്യത്തിലേക്ക് എടുത്തെറിയപ്പെടുകയാണ്.

അൽ ജാമിഅ അൽ ഇസ്ലാമിയ്യ ശാന്തപുരം

ഈ വെല്ലുവിളികൾ ഏറ്റവും കൂടുതലായി നേരിടേണ്ടിവരുന്നത് മുസ് ലിം സമൂഹം തന്നെയാണ്. നോക്കൂ, ഇന്ത്യയിലെ പകുതിയിലധികം സംസ്ഥാനങ്ങളിൽ ഇന്ന് ഒരു മുസ് ലിം മന്ത്രി പോലുമില്ല. ഇന്ത്യൻ മുസ് ലിം ചരിത്രത്തിൽ ഇത്തരമൊരു അനുഭവം ഇതാദ്യമാണ്. എന്നു മാത്രമല്ല, മുസ് ലിംകൾക്കെതിരിലുള്ള എന്ത് അതിക്രമങ്ങളും തികച്ചും സ്വാഭാവികവൽക്കരിക്കപ്പെട്ടിരിക്കുന്നു / നോർമലൈസ് ചെയ്യപ്പെട്ടിരിക്കുന്നു. ഇന്ന് രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമായി ഞാനിതിനെ കാണുന്നു. അതേസമയം, ഭാവിയെക്കുറിച്ച് പറയുമ്പോൾ ഇത്തരം പ്രതിസന്ധികൾ മാത്രമായിപ്പോവരുത് നമ്മുടെ സംസാരം. നമ്മൾ സ്വപ്നം കാണുന്ന, നമ്മൾ സാക്ഷാൽക്കരിക്കണമെന്ന് ആഗ്രഹിക്കുന്ന ആ ഭാവി എന്താണ്? നമ്മൾ അത് എങ്ങനെ സാക്ഷാൽക്കരിക്കും? നമ്മുടെ ചർച്ചയുടെ മർമം ഇതായിരിക്കണം. ലോക ചരിത്രം പഠിച്ചു നോക്കൂ. അതിക്രമങ്ങൾ കൊടികുത്തി വാണ സന്ദർഭങ്ങളിലാണ് നവോത്ഥാന - പരിഷ്കരണ സംരംഭങ്ങളെല്ലാം ഉണ്ടായിവന്നിട്ടുള്ളത് എന്നു കാണാം. അതിക്രമത്തിന്റെ, അനീതിയുടെ, അവകാശ നിഷേധത്തിന്റെ, ഫാഷിസത്തിന്റെ ഈ തേരോട്ടത്തിന് അന്ത്യം കുറിക്കപ്പെടുമെന്നും ശോഭനമായ ഒരു ഭാവി പുലരുമെന്നും, ഇന്ത്യൻ ജനത വലിയ മാറ്റങ്ങൾക്ക് കളമൊരുക്കുമെന്നും തന്നെയാണ് നാം പ്രതീക്ഷിക്കുന്നത്. അത്തരമൊരു മുന്നേറ്റത്തിന് ദിശ നിർണയിച്ചു കൊടുക്കാൻ മുസ് ലിം സമൂഹത്തിന് കഴിയണം. നമ്മുടെ എല്ലാ കഴിവുകളും വിഭവങ്ങളും നിലവിൽ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളിൽ, വൈകാരിക വിഷയങ്ങളിൽ നഷ്ടപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണം. നമ്മുടെ കാഴ്ച പോകേണ്ടത് വരാൻപോകുന്ന കാലത്തേക്കാണ്. ഫാഷിസാനന്തര, വർഗീയാനന്തര, ഹിന്ദുത്വാനന്തര ഇന്ത്യയെ കെട്ടിപ്പടുക്കുന്നതിൽ നാം നിർവഹിക്കേണ്ട റോൾ എന്ത്? ഇതാണ് നാം ചിന്തിക്കേണ്ടത്.
നാല് വിഷയങ്ങളിൽ ഊന്നി നാം മുന്നോട്ടു പോകണമെന്നാണ് എനിക്ക് നിർദേശിക്കാനുള്ളത്.

ഒന്ന്: ഇന്ത്യൻ മുസ് ലിംകളുടെ ഐക്യം. ഐക്യപ്പെടുക എന്നത് നമ്മുടെ സുപ്രധാന അജണ്ടകളിലൊന്നായി മാറണം. നാം ഐക്യപ്പെടേണ്ടതുണ്ട്; കാരണം സമുദായ സുരക്ഷ അപകടത്തിലാണ്, ഫാഷിസ്റ്റു ശക്തികൾ രാഷ്ട്രത്തിന്റെ സകല മേഖലകളിലും പിടിമുറുക്കുകയാണ്, അല്ലെങ്കിൽ നമ്മുടെ വ്യക്തിനിയമങ്ങളും മസ്ജിദുകളും ഭീഷണി നേരിടുകയാണ് ….. ഇമ്മാതിരി വർത്തമാനങ്ങൾ പറഞ്ഞുകൊണ്ടല്ല ഐക്യമുണ്ടാക്കേണ്ടത്. ഇത് നെഗറ്റീവ് അജണ്ടയാണ്. ഇത്തരം ഉദ്ദേശ്യങ്ങൾ പറഞ്ഞ് ഒരിക്കലും സ്ഥായിയായ ഐക്യം ഉണ്ടാക്കാൻ കഴിയില്ല. ഐക്യത്തിന്റെ അടിസ്ഥാനം ഒരു പ്രോ ആക്ടീവ് അജണ്ടയായിരിക്കണം. ക്രിയാത്മകമായ ഒരു വിഷന്റെയും പ്രവർത്തന പരിപാടിയുടെയും അടിസ്ഥാനത്തിൽ ഐക്യപ്പെടുക. നാം ഏത് സംഘടനയുടെ ഭാഗമാണെങ്കിലും നാലോ അഞ്ചോ മേഖലകളിൽ നമുക്കൊന്നിച്ച് ഭാവിയിലേക്ക് ഒരു പ്രവർത്തന പരിപാടി രൂപപ്പെടുത്താനാവുമെങ്കിൽ അതിനു വേണ്ടി യത്നിക്കുക. നിഷേധാത്മക അജണ്ടയല്ല, ക്രിയാത്മക അജണ്ടയായിരിക്കണം ഐക്യത്തിന്റെ ആധാരശില എന്നർഥം. പൊതു മിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ ഒരു ആക് ഷൻ പ്ലാൻ ഉണ്ടാക്കി മുന്നോട്ട് പോവുക.

രണ്ട്: ഈ രാജ്യത്ത് നമ്മുടെ അജണ്ടയിൽ ഒന്നാമതായി വരേണ്ടതാണ് നീതി. ഇത് ഖുർആൻ തന്നെ ഊന്നിപ്പറഞ്ഞിട്ടുള്ളതാണ്. മുസ് ലിം സമൂഹത്തിന്റെ നിയോഗ ലക്ഷ്യമായി പറയുന്നത്, അവർ തങ്ങളുടെ സുരക്ഷക്കായി നിലകൊള്ളണം എന്നല്ലല്ലോ. ജനങ്ങൾക്കു വേണ്ടി ഉയിർത്തെഴുന്നേൽപിക്കപ്പെട്ട ഉത്തമ സമുദായം എന്നതാണ് അവരുടെ വിശേഷണം. ആ സമുദായം ജനങ്ങൾക്കിടയിൽ നീതിക്കു വേണ്ടി നിലകൊള്ളുന്നവരാകണം എന്നും പറഞ്ഞിരിക്കുന്നു. ഈ അജണ്ടയുമായി നാം കർമ രംഗത്തിറങ്ങിയാൽ അത് സമുദായ ഐക്യത്തിന് നിദാനമാവുമെന്ന് മാത്രമല്ല, ഈ സമൂഹത്തിന്റെ സമകാലിക പ്രസക്തി മറ്റു ജനവിഭാഗങ്ങൾക്കെല്ലാം ബോധ്യമാവുകയും ചെയ്യും. പോലീസിന്റെ അതിക്രമങ്ങൾ അവസാനിപ്പിക്കാനും ഗവൺമെന്റ് തസ്തികകളിൽ എല്ലാ അധഃസ്ഥിത വിഭാഗങ്ങൾക്കും മതിയായ പ്രാതിനിധ്യം ഉറപ്പ് വരുത്താനുമൊക്കെയുള്ള ശ്രമങ്ങൾ നീതി സംസ്ഥാപനത്തിന്റെ പരിധിയിൽ വരുന്നതാണ്. അതുകൊണ്ട് സമുദായത്തിന്റെ മുഖ്യ അജണ്ടയായി നീതിക്ക് വേണ്ടിയുള്ള പോരാട്ടം മാറേണ്ടതുണ്ട്.

മൂന്ന്: മുഴുവൻ ഇന്ത്യൻ സമൂഹങ്ങളിലേക്കും ഇറങ്ങിച്ചെന്നുകൊണ്ടുള്ള ഔട്ട് റീച്ച് പരിപാടികൾ ഉണ്ടാവണം. നാം നമ്മിൽ ഒതുങ്ങിക്കൂടേണ്ടവരല്ല. ജനങ്ങളുടെ ധാരണകളും കാഴ്ചപ്പാടുകളും തിരുത്താൻ മുന്നിട്ടിറങ്ങേണ്ടവരാണ്. ഈ രാജ്യത്തിന് ശോഭനമായ ഭാവി ഉണ്ടാവണമെന്നാണ് നിങ്ങളുടെ ആഗ്രഹമെങ്കിൽ അതിനു വേണ്ടിയുള്ള യത്നത്തിന്റെ ഒരു മുഖ്യ ഇനം, ജനങ്ങളുടെ ധാരണകളെയും വീക്ഷണഗതികളെയും മാറ്റുക എന്നതാണ്. ജനങ്ങളുടെ ചിന്തകളും ധാരണകളും മാറ്റിമറിച്ചുകൊണ്ടാണ് ഫാഷിസ്റ്റ് ശക്തികൾ അധികാരത്തിലേറിയതെന്ന് നാം മനസ്സിലാക്കണം. അവയെ നിങ്ങൾക്ക് മാറ്റിത്തിരുത്തണമെന്നുണ്ടെങ്കിൽ നിങ്ങൾ സാധാരണക്കാരുമായി ബന്ധങ്ങൾ ഉണ്ടാക്കിയേ പറ്റൂ. എല്ലാവരും ചേർന്ന് ഈ ദൗത്യം വിപുലമായ തോതിൽ നിർവഹിക്കേണ്ടിയിരിക്കുന്നു. ഓരോ വ്യക്തിയുടെയും ഹൃദയ വാതിലുകൾ മുട്ടിവിളിക്കണം. ഇതൊരിക്കലും പെട്ടെന്ന്, എളുപ്പത്തിൽ ചെയ്യാവുന്ന കാര്യമല്ല. അതുകൊണ്ടാണ് തുടക്കത്തിൽ പറഞ്ഞത്, നമുക്ക് ഹ്രസ്വകാല പദ്ധതികളില്ല, ദീർഘകാല പദ്ധതികളേ ഉള്ളൂ എന്ന്.

നാല്: ഈ ദൗത്യങ്ങളൊക്കെ നിർവഹിക്കാൻ മുസ് ലിംകൾ സ്വയം ശാക്തീകരിക്കേണ്ടിയിരിക്കുന്നു. സാമ്പത്തികമായി അവർ മുന്നേറണം. വിദ്യാഭ്യാസപരമായി മുൻനിരയിലെത്തണം. ബിസിനസിൽ മുൻ നിരയിലുണ്ടാവണം. അവരുടെ ധാർമിക നിലവാരം ഏറ്റവും മികച്ചതായിരിക്കണം.
ഈ നാല് പോയന്റുകളും മുൻനിർത്തി മുസ് ലിംകളിലെ എല്ലാ വിഭാഗങ്ങളും ഒത്തുചേർന്ന് കൂട്ടായി പ്രവർത്തിച്ചാലേ അവ സാക്ഷാത്കരിക്കാനാകൂ. അങ്ങനെ ചെയ്താൽ ഈ രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ അവർക്ക് ശ്രദ്ധേയമായ പങ്കുണ്ടാകുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഈ അജണ്ട അനുസരിച്ചാണ് നാം പ്രവർത്തിക്കുന്നതെങ്കിൽ വെല്ലുവിളികളെല്ലാം അവസരങ്ങളായി മാറുന്നത് നിങ്ങൾക്ക് കാണാനാകും. l
(ശാന്തപുരം അൽ ജാമിഅ ബിരുദ ദാന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റിൽ ചെയ്ത പ്രഭാഷണം)

എല്ലാ സംഭവങ്ങളിലൂടെയും സ്ഥാപിക്കപ്പെട്ടുകൊണ്ടിരിക്കുന്നത് അല്ലാഹുവാണ് പരമവും ആത്യന്തികവുമായ സത്യം എന്നതാണ്. അവന്റെ നടപടിക്രമമാണ് ലോകത്ത് നടക്കുന്നത്. എല്ലാ അതിക്രമകാരികളും 'അല്ലാഹു അല്ലാതെ ദൈവമില്ല' എന്നു പറയുംവിധം അല്ലാഹു തന്റെ ദൃഷ്ടാന്തങ്ങള്‍ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ലോകം കണ്ട ഏറ്റവും വലിയ ത്വാഗൂത്തായ ഫറോവ മരണാസന്ന ഘട്ടത്തില്‍ 'ഇസ്രാഈല്‍ സന്തതികള്‍ വിശ്വസിച്ച ദൈവമല്ലാതെ മറ്റൊരു ദൈവമില്ല, ഞാന്‍ മുസ് ലിംകളില്‍ പെട്ടവനാണ്' (യൂനുസ് 90) എന്ന് സമ്മതിക്കേണ്ടിവരികയുണ്ടായി. എല്ലാ ധിക്കാരികളും സ്വേഛാധിപതികളും ഈ യാഥാര്‍ഥ്യം അംഗീകരിച്ചേ ലോകത്തുനിന്ന് വിടവാങ്ങുകയുള്ളൂ.

ഡോ. മുഹമ്മദ് റാതിബ് അൽ ‍നാബുൽസി

പരീക്ഷണങ്ങളില്‍ ചാഞ്ചല്യങ്ങളില്ലാതെ ഉറച്ചുനില്‍ക്കുന്നവരായിരിക്കണം സത്യവിശ്വാസികള്‍. ലോകത്ത് നടക്കുന്നതൊന്നും അല്ലാഹു അറിയുന്നില്ലേ, അവന്‍ എന്തുകൊണ്ട് ഇടപെടുന്നില്ല എന്നൊക്കെ ചില ദുര്‍ബല വിശ്വാസികള്‍ക്ക് തോന്നിയേക്കാം. എല്ലാം അല്ലാഹു അറിയുന്നു, നിര്‍ണയിക്കുന്നു, നിയന്ത്രിക്കുന്നു. എല്ലാ കാര്യങ്ങളും അല്ലാഹുവിങ്കലേക്കാണ് മടക്കപ്പെടുന്നതും. അഹ്‌സാബ് യുദ്ധവേളയില്‍ സഖ്യസേനയുടെ സംഘബലത്തില്‍ ആശങ്കാകുലരായ നബി(സ)യും സ്വഹാബികളും ആ പ്രതിസന്ധി ഘട്ടത്തിനു ശേഷം കരയണഞ്ഞത് നാം കണ്ടതാണ്. മുസ് ലിംകളിലെ നല്ലവരെയും ചീത്തയാളുകളെയും വേര്‍തിരിച്ചറിയുക എന്നതും പരീക്ഷണങ്ങളുടെ ലക്ഷ്യമാണ്.

ലോകം രണ്ടു ചേരികളായി തരംതിരിഞ്ഞതു നാം കണ്ടു. കുറ്റവാളികളുടെ ഒരു ചേരി, മാനവവാദികളുടെ മറ്റൊരു ചേരി. കുറ്റവാളികളുടെ പക്ഷം ചേരുന്നവരും കുറ്റവാളികളാണ്. സ്വാലിഹ് നബിയുടെ ജനതയിലെ ഒരാള്‍ ദിവ്യാത്ഭുത സൃഷ്ടിയായ ഒട്ടകത്തെ അറുത്തുകളഞ്ഞു. അയാളുടെ ദുര്‍നടപടിയെ പിന്തുണച്ചു എന്നതിനാല്‍ ആ സമൂഹത്തെയും പ്രതികളാക്കുന്ന തരത്തിലാണ് ഖുര്‍ആന്റെ പ്രയോഗം. അഥവാ 'അവര്‍ അറുത്തുകളഞ്ഞു' എന്ന്. പാപങ്ങളില്‍ മൗനം ഭജിക്കുന്നവരും പാപത്തില്‍ പങ്കാളികളാണെന്ന് പാഠം. ഈ അര്‍ഥത്തില്‍, ഇസ്രായേല്‍ പക്ഷത്ത് നില്‍ക്കുന്നവര്‍ പാപികളാണ്.

ഇസ് ലാമിക സമൂഹത്തിന്റെ സായുധ ശാക്തീകരണത്തില്‍ നേതൃത്വങ്ങള്‍ ഗുരുതരമായ വീഴ്ച വരുത്തി. അവര്‍ വിജയോപാധികള്‍ സ്വീകരിച്ചില്ല. അതേസമയം, 'നിങ്ങള്‍ ശത്രുക്കളെ നേരിടാനായി കഴിയുന്നത്ര അളവില്‍ സന്നാഹങ്ങളൊരുക്കുക' എന്ന ഖുര്‍ആനികാഹ്വാനം ഹമാസ് മുഖവിലക്കെടുത്തു. ശത്രുവിന്റെ സന്നാഹങ്ങള്‍ക്ക് തുല്യം സായുധ ശേഷി നേടണമെന്ന് ഖുര്‍ആന്‍ പറഞ്ഞിട്ടില്ല. 'കഴിവിന്റെ പരമാവധി' എന്നു മാത്രമേ നമ്മോട് ആവശ്യപ്പെട്ടുള്ളൂ. ഹമാസ് ആ അളവില്‍ അത് നേടിയെടുത്തു.

തകർക്കപ്പെട്ട ഇസ്രയേലി ടാങ്ക്

തമ്മില്‍ കാണാന്‍ പറ്റാത്തവിധം കുറ്റവാളികള്‍ ഒരു ഭൂഖണ്ഡത്തിലും നാം മറ്റൊരു ഭൂഖണ്ഡത്തിലുമായിരുന്നുവെങ്കില്‍ നന്നായേനെ. പക്ഷേ, അങ്ങനെ സംഭവിക്കുന്നില്ല. കുറ്റവാളികള്‍ പതിനഞ്ചാം നൂറ്റാണ്ടിലും സത്യവിശ്വാസികള്‍ പതിനാറാം നൂറ്റാണ്ടിലും ജീവിച്ചുകൊള്ളട്ടെ എന്നും വെക്കാമായിരുന്നു. അതും സംഭവിച്ചില്ല. സത്യവിശ്വാസികളും കുറ്റവാളികളും ഒരേ ഭൂമിയില്‍, ഒരേ കാലത്ത് ഇടപഴകിതന്നെ ജീവിക്കണം എന്നതാണ് അല്ലാഹുവിന്റെ നിശ്ചയം. ഈ തീരുമാനത്തിനു പിന്നില്‍ ഒരു ദൈവിക യുക്തിയുണ്ട്. അസത്യത്തിന്റെയും കുറ്റവാളികളുടെയും ഭാഗത്തുനിന്ന് വെല്ലുവിളികള്‍ ഉയരുമ്പോള്‍ മാത്രമേ, സത്യത്തിന് ശക്തി കൈവരികയുള്ളൂ എന്നതാണത്. സത്യവാദികള്‍ക്ക് ആകാശ ഭൂമികളോളം വിശാലമായ സ്വര്‍ഗം ലഭിക്കണമെങ്കിലും സത്യാസത്യ സംഘട്ടനത്തിലെ പങ്കാളിത്തം അനിവാര്യമാണ്. കുറ്റവാളികള്‍ക്കൊപ്പം ഒരേ കാലത്തും ഒരേ സ്ഥലത്തും ജീവിച്ചും പ്രവര്‍ത്തിച്ചും പ്രതിരോധിച്ചും തന്നെ വേണം ഈ നേട്ടം കൈവരിക്കാന്‍.

സംഘട്ടനങ്ങള്‍ മൂന്നു തരം
രണ്ടു സത്യങ്ങള്‍ തമ്മില്‍ സംഘട്ടനമുണ്ടാവില്ല; സത്യവും അസത്യവും തമ്മിലുള്ള സംഘട്ടനം നീണ്ടു നില്‍ക്കില്ല; രണ്ട് അസത്യങ്ങള്‍ തമ്മിലാണ് സംഘട്ടനമെങ്കില്‍ അത് അവസാനിക്കുകയുമില്ല. സത്യാസത്യ സംഘട്ടനത്തില്‍ അല്ലാഹു സത്യത്തോടൊപ്പമായിരിക്കും. അല്ലാഹു ഉദ്ദേശിച്ച വിധം സത്യാസത്യ സംഘട്ടനം നടന്നുകൊണ്ടിരിക്കുന്നു. അത് അല്ലാഹുവിന്റെ തൃപ്തിയാണെന്ന് നാം ധരിച്ചുവശാകേണ്ടതില്ല. അവനു മാത്രം അറിയുന്ന യുക്തികളാണ് അവക്കെല്ലാം പിന്നില്‍. ഗ്രാഹ്യതയുള്ളവര്‍ക്ക് അത് ഗ്രഹിക്കാനാവും; അല്ലാത്തവര്‍ക്ക് അത് അജ്ഞാതമായി തുടരും. ഈ യുദ്ധത്തിന്റെ രചനാത്മക ഫലങ്ങള്‍ പുറത്തുവരാനിരിക്കുന്നേയുള്ളൂ.

മരിച്ചവര്‍ മരിച്ചു, അവരുടെ കര്‍മങ്ങള്‍ അവസാനിച്ചു. തകര്‍ക്കപ്പെട്ടവ പുനര്‍നിര്‍മിക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍, ശത്രുവിന്റെ ലക്ഷ്യം നമ്മുടെ ഇഛാശക്തിയെ തകര്‍ക്കുക എന്നതായിരുന്നു. പക്ഷേ, ശത്രുക്കള്‍ക്ക് അത് സാധ്യമായിട്ടില്ല. നമ്മുടെ ശക്തിയെയും ഐക്യത്തെയും കുറിച്ച് അവര്‍ നമ്മെ ബോധ്യപ്പെടുത്തി. പതിറ്റാണ്ടുകളോളം നാം അവരെ ഭയന്നു ജീവിച്ചു. ഇപ്പോള്‍ നമുക്ക് അവരെ ഭയപ്പെടുത്താന്‍ കഴിഞ്ഞു. സയണിസത്തിന്റെ മര്‍മത്തില്‍ പ്രഹരിക്കാനായി. ഇസ്രായേലിന്റെ സുരക്ഷയായിരുന്നു ഇതുവരെ സയണിസ്റ്റുകളുടെ വിഷയം. ഇവിടം മുതല്‍ ഇസ്രായേല്‍ തന്നെ നിലനില്‍ക്കുമോ എന്ന ചോദ്യമാണ് ഉയര്‍ത്തപ്പെട്ടുകൊണ്ടിരിക്കുന്നത്.

ഉപരിപ്ലവമായി വിലയിരുത്തരുത്
സത്യവിശ്വാസികളെ അവരനുഭവിക്കുന്ന ഓരോ പരീക്ഷണവും അല്ലാഹുവിലേക്ക് അടുപ്പിക്കും. അവര്‍ അനുഭവിക്കുന്ന ഓരോ പരീക്ഷണവും (മിഹ്്ന -محنة) അവര്‍ക്കുള്ള അല്ലാഹുവിന്റെ സമ്മാന(മിന്‍ഹ-منحة)മായിരിക്കും. എല്ലാം സംഭവിക്കുന്നത് അല്ലാഹുവിന്റെ യുക്തിയുടെ ഭാഗമായാണ്. അല്ലാഹുവിന്റെ ഇഛ അവന്റെ കേവല ഇഛയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. അതാകട്ടെ, കേവല നന്മയുമായി ബന്ധപ്പെട്ടും. സംഭവങ്ങളുടെ നിഷേധാത്മക വശങ്ങള്‍ ഏവര്‍ക്കും മനസ്സിലാകും. നരഹത്യകള്‍, രക്തം ചിന്തല്‍, അറസ്റ്റ്, വീടുകള്‍ തകര്‍ക്കല്‍, ഭക്ഷണ വസ്തുക്കള്‍ അഗ്നിക്കിരയാക്കല്‍, ആശുപത്രികള്‍ ഇടിച്ചുനിരത്തല്‍.. അങ്ങനെ പലതും. എന്നാല്‍, ഈ കാഴ്ചകളെ ഉപരിതലം വിട്ട് ആഴങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പരിശോധിക്കുമ്പോള്‍ ചില മൗലിക വസ്തുതകള്‍ നമുക്ക് കാണാനാകും.

സയണിസത്തിന്റെ മര്‍മത്തിലേറ്റ കടുത്ത പ്രഹരമാണ് അവയില്‍ ഏറ്റവും പ്രധാനം. അവരുടെ ഒന്നാമത്തെ ലക്ഷ്യം ഇസ്രായേല്‍ സയണിസത്തിന് നിര്‍ഭയമായ താവളം ഒരുക്കുക എന്നതായിരുന്നു. ആ ലക്ഷ്യം തകര്‍ന്നു തരിപ്പണമായി. നിര്‍ഭയത്വം പോയിട്ട് നിലനില്‍പു പോലും പ്രതിസന്ധിയിലായി. രണ്ടാമതായി, യുദ്ധങ്ങള്‍ക്ക് തുടക്കമിട്ടിരുന്ന അവര്‍ മണിക്കൂറുകള്‍കൊണ്ട് അത് അവസാനിപ്പിച്ചിരുന്നു. ഇപ്പോള്‍ അതിനു കഴിയുന്നില്ല. മൂന്നാമതായി, അവർക്ക് അവരുടെ തീരുമാനശേഷി നഷ്ടമായിരിക്കുന്നു. ഹമാസിന്റെ റോക്കറ്റുകളെ അവര്‍ ഭയപ്പെടുന്നു. നമ്മുടെ ഐക്യം അവരെ ഭയപ്പെടുത്തുന്നു.

ശത്രുവിന്റെ മുഖം വികൃതമായി കാണിക്കാന്‍ മില്യനുകള്‍ ചെലവഴിക്കപ്പെടാറുണ്ട്. ഇവിടെ അതിന്റെയൊന്നും ആവശ്യമുണ്ടായില്ല. ശത്രു സ്വയം തന്നെ ലോകത്തിനു മുമ്പാകെ അതിന്റെ വികൃതമുഖം പ്രദര്‍ശിപ്പിച്ചിരിക്കുന്നു. മധ്യ പൗരസ്ത്യ ദേശത്തെ ഏക 'മരുപ്പച്ച' തങ്ങളുടേത് മാത്രമാണെന്നായിരുന്നു അവരുടെ അവകാശവാദം. സ്വാതന്ത്ര്യം, ജനാധിപത്യം, പാര്‍ട്ടികള്‍, തെരഞ്ഞെടുപ്പുകള്‍… സയണിസ്റ്റ് പ്രധാനമന്ത്രിക്ക് ലഭിച്ച 'സമാധാന'ത്തിനുള്ള നൊബേല്‍ സമ്മാനം ഇന്ന് ചവിട്ടിമെതിക്കപ്പെട്ടു കഴിഞ്ഞു. അതിന് ഇന്ന് ഒരു മൂല്യവും കല്പിക്കപ്പെടുന്നില്ല. ഇത് യഥാര്‍ഥത്തില്‍ ആ നാഗരികതയുടെ പതനമാണ് തെളിയിക്കുന്നത്.

എല്ലാ സമുദായത്തിനും അവരുടേതായ ഒരു അവധിയുണ്ട്. ഇസ്രായേലിന്റെ അന്ത്യം അടുത്തിരിക്കുന്നു. മുസ് ലിംകള്‍ ഒച്ചവെക്കുകയേ ഉള്ളൂ, പ്രവര്‍ത്തിക്കുകയില്ല എന്ന് ശത്രുക്കള്‍ കരുതിയിരുന്നു. മുസ് ലിംകള്‍ക്ക് പ്രവര്‍ത്തിക്കാനും അറിയാം എന്ന് ഹമാസിന് തെളിയിക്കാനായി. പൗരസ്ത്യരും പാശ്ചാത്യരുമായ ഇസ് ലാംവിരുദ്ധരും മുസ് ലിംകള്‍ തന്നെയായ ചിലരും ഹമാസിനെ തകര്‍ക്കാന്‍ ശ്രമിച്ചിട്ടും ഹമാസിന് തങ്ങളുടെ അസ്തിത്വത്തിന്റെയും സാന്നിധ്യത്തിന്റെയും ന്യായം ലോകത്തെ ബോധ്യപ്പെടുത്താനായി. ഇസ് ലാമിന്റെ മഹത്വം ലോകത്തെ നിരീക്ഷകരെ സമ്മതിപ്പിക്കും വിധം അവര്‍ക്ക് ഇടപെടാന്‍ കഴിഞ്ഞു. എല്ലാ സമവാക്യങ്ങളെയും തെറ്റിക്കുന്ന തരത്തിലായിരുന്നു ഹമാസിന്റെ പുറപ്പാടും തുടര്‍ പ്രവര്‍ത്തനങ്ങളും. സത്യവിശ്വാസത്തിന്റെ ഏക ബലത്തില്‍ ആണവശക്തിയായ ഇസ്രായേലിനെ അവര്‍ക്ക് ഞെട്ടിക്കാന്‍ കഴിഞ്ഞു; 'അവര്‍ അവരുടെ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു, നാമും നമ്മുടെ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചു' എന്ന സൂക്തത്തെ അന്വര്‍ഥമാക്കും വിധം. 'നിങ്ങള്‍ ക്ഷമിക്കുകയും ഭക്തി പുലര്‍ത്തുകയുമാണെങ്കില്‍ അവരുടെ കുതന്ത്രം നിങ്ങളെ ഏശുകയില്ല' എന്ന സൂക്തവും ഇത്തരുണത്തില്‍ ഓര്‍ക്കാം. ഏറക്കാലം നിരാശയുടെ കൈപ്പുനീര് കുടിച്ച മുസ് ലിംകള്‍ക്ക് ഉന്മേഷം പകരാന്‍ ഹമാസിന് കഴിഞ്ഞിരിക്കുന്നു, തീര്‍ച്ച. ഈ പോരാളികളുടെ ശിരസ്സുകളിലും കൈകളിലും മാത്രമല്ല, അവര്‍ ചവിട്ടിക്കടന്നുപോയ ഭൂനിലങ്ങളിലും നാം ചുംബിക്കണം. കാരണം, അവര്‍ ഇസ് ലാമിന്റെ പ്രതാപം നമുക്ക് കാണിച്ചുതന്നവരാണ്, അല്ലാഹു സത്യവിശ്വാസികള്‍ക്കൊപ്പമാണെന്ന് ബോധ്യപ്പെടുത്തിയവരാണ്.

അല്ലാഹുവാണ് നമ്മെ സഹായിക്കേണ്ടത്. അവന്‍ നമ്മെ സഹായിക്കണമെങ്കില്‍ നാം അവനെ സഹായിച്ചിരിക്കണം. സമൂഹത്തിലെ ദുര്‍ബലരെ നാം സഹായിക്കുമ്പോള്‍ അതുവഴി അല്ലാഹുവിന്റെ സഹായം നമുക്കും ലഭ്യമാവും. നമ്മെക്കാള്‍ ശക്തരായവരെ ജയിക്കാന്‍ അവന്റെ സഹായം നമുക്കുണ്ടാവും. 'സത്യവിശ്വാസികളെ സഹായിക്കുക എന്നത് നമ്മുടെ ബാധ്യതയാണ്' (അര്‍റൂം 47).

നാം സത്യവിശ്വാസികളായാല്‍ മാത്രം പോരാ. ശത്രുക്കളെ നേരിടാനുള്ള സന്നാഹങ്ങളും നടത്തിയിരിക്കണം. ശക്തിയില്ലെങ്കില്‍ സ്ഥാപനങ്ങളെയും നിര്‍മിതികളെയും സംരക്ഷിക്കാനാവില്ല. അക്രമിയായ ശത്രുവിന് ശക്തിയുടെ ഭാഷ മാത്രമേ മനസ്സിലാവുകയുള്ളൂ. 'തങ്ങള്‍ക്ക് വല്ല മര്‍ദനവും നേരിട്ടാല്‍ രക്ഷാനടപടി സ്വീകരിക്കുന്നവരായിരിക്കും സത്യവിശ്വാസികള്‍' (അശ്ശൂറാ 39). സ്വര്‍ഗപ്രാപ്തിയുടെ മുന്നുപാധി ജിഹാദാണ്. ആത്മാര്‍ഥമായ രക്തസാക്ഷ്യ നിയ്യത്തോടെയാണ് ജീവിക്കുന്നതെങ്കില്‍ മരിക്കുന്നത് വിരിപ്പില്‍ വെച്ചാണെങ്കിലും രക്തസാക്ഷിയായി മരിക്കാന്‍ നമുക്ക് കഴിയും. പോരാളികളെ തയാറാക്കുന്നതും പോരാട്ടം തന്നെയാണ്. ഇതിനൊന്നും കഴിയാത്തവര്‍ പാതിരാവില്‍ രണ്ട് റക്അത്ത് നമസ്‌കരിച്ച് പോരാളികള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുകയെങ്കിലും ചെയ്യട്ടെ. ആളുകളുടെ അസാന്നിധ്യത്തില്‍ അവര്‍ക്കു വേണ്ടി നടത്തുന്ന പ്രാര്‍ഥന അല്ലാഹുവിന്റെ പെട്ടെന്നുള്ള ഉത്തരം ലഭിക്കാന്‍ ഏറെ സാധ്യതയുള്ളതാണ്. l

വിവ: അബ്ദുല്ലത്വീഫ് കൊടുവള്ളി