പ്രമേയം

(2024 ഏപ്രിൽ 20 മുതൽ 22 വരെ ചേർന്ന ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി കേന്ദ്ര കൂടിയാലോചനാ സമിതി അംഗീകരിച്ച പ്രമേയങ്ങൾ)

രാജ്യത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ചും അതിവേഗം വഷളായിക്കൊണ്ടിരിക്കുന്ന സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ചും ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേന്ദ്ര മജ്‌ലിസ് ശൂറാ ഉത്കണ്ഠ പ്രകടിപ്പിക്കുന്നു. ഇന്ത്യൻ സമൂഹത്തിൽ വർധിച്ചുവരുന്ന വിദ്വേഷം, മതസ്വാതന്ത്ര്യത്തിന്റെ ധ്വംസനം, ന്യൂനപക്ഷങ്ങൾക്കെതിരെ, പ്രത്യേകിച്ച് മുസ്‌ലിംകൾക്കെതിരെ വർധിച്ചുവരുന്ന അക്രമ സംഭവങ്ങൾ, ആരാധനാലയങ്ങളെ പ്രതിയുള്ള അരക്ഷിതാവസ്ഥ തുടങ്ങിയവ അപകടകരമായ തലങ്ങളിലേക്ക് നീങ്ങി, രാജ്യത്തിന്റെ സാമൂഹിക ഘടനയെ അതിവേഗം തകർത്തുകൊണ്ടിരിക്കുന്നു.
സ്വാർഥ താൽപര്യത്തിലും വർഗീയ വിദ്വേഷത്തിലും അധിഷ്ഠിതമായ രാഷ്ട്രീയവും, രാഷ്ട്രീയത്തിൽ വർധിച്ചുവരുന്ന സമ്പത്തിന്റെ സ്വാധീനവും, ദേശീയ നയങ്ങളിൽ മുതലാളിത്ത ശക്തികളുടെ ഇടപെടലും, രാഷ്ട്രീയത്തിൽ ക്രിമിനൽ മനസ്സുള്ളവരുടെ എണ്ണവർധനവും രാജ്യത്തെ നിരന്തരം ദുർബലപ്പെടുത്തുന്നു. ജനാധിപത്യ മൂല്യങ്ങളുടെ ശോഷണം, എതിർ ശബ്ദങ്ങളെയും സ്വാതന്ത്ര്യത്തെയും ഹനിക്കും വിധമുള്ള ജനാധിപത്യ, സർക്കാർ സ്ഥാപനങ്ങളുടെ ദുരുപയോഗം എന്നിവ സർവസാധാരണമായി മാറിയിരിക്കുന്നു. ആഗോളതലത്തിൽ രാജ്യത്തിന്റെ യശസ്സിനെ അത് പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി രാജ്യത്തിന്റെ സമ്പത്ത് വളരെയധികം വർധിച്ചു. പക്ഷേ, ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിന് അതിന്റെ പ്രയോജനം ലഭിക്കുന്നില്ല. ജനങ്ങൾക്കിടയിൽ വർധിച്ചുവരുന്ന സാമ്പത്തിക അസമത്വവും രാജ്യത്തിന്റെ സമ്പത്ത് ഏതാനും വ്യക്തികളിൽ കേന്ദ്രീകരിക്കുന്നതും പണപ്പെരുപ്പവും തൊഴിലില്ലായ്മയും പരിധി വിട്ടതും ജനങ്ങളിൽ, വിശേഷിച്ച് യുവാക്കളിലും കർഷകരിലും അസമാധാനവും അതൃപ്തിയും ഒപ്പം സാമ്പത്തിക മാന്ദ്യവുമാണ് വളർത്തിയത്. സർക്കാർ നയങ്ങളെ സംബന്ധിച്ച് ജനങ്ങൾക്ക് ഉത്കണ്ഠ വർധിച്ചുവരികയാണ്. ഇത് ഏറെ ആശങ്കാജനകമായ സാഹചര്യമാണെന്ന് ഈ യോഗം വിലയിരുത്തുന്നു.

ഈ പ്രശ്നങ്ങൾക്ക് പരിഹാരം കാണേണ്ട ചുമതല കേന്ദ്ര സർക്കാരിനാണെന്ന് ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര മജ്ലിസ് ശൂറാ കരുതുന്നു. അതുകൊണ്ട് ഇപ്പോൾ നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ സജീവമായി പങ്കെടുക്കാനും തങ്ങളുടെ സമ്മതിദാനാവകാശം രാജ്യ ക്ഷേമത്തിനും സാമൂഹിക സേവനത്തിനും മുൻഗണന നൽകുന്ന ആളുകൾക്ക് അനുകൂലമായി ഉപയോഗിക്കാനും ജനങ്ങളോട് അഭ്യർഥിക്കുന്നു.

ഈ തെരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷ പാർട്ടികൾക്ക് തുല്യ അവസരങ്ങൾ നൽകുന്നില്ലെന്ന പരാതി ജനാധിപത്യ സംവിധാനത്തിന് മാരകമായ പ്രഹരമാണെന്ന് മജ്‌ലിസ് ശൂറാ തിരിച്ചറിയുന്നു. ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുന്ന വിദ്വേഷ പ്രസംഗങ്ങളും തെരഞ്ഞെടുപ്പ് പ്രസ്താവനകളും ഇന്ത്യൻ ഭരണഘടനയുടെയും നിയമവ്യവസ്ഥയുടെയും വ്യക്തമായ ലംഘനവും രാജ്യത്തിന് ഹാനികരവുമാണ്. നീതിയും ന്യായവും, രാജ്യത്തെ നിയമവും ജനാധിപത്യ പാരമ്പര്യവും അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പുകൾ നടക്കുന്നതെന്ന് ഉറപ്പാക്കേണ്ടത് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമീഷന്റെ കടമയാണ്.

ലോക സമാധാനവും ഗുരുതര ഭീഷണിയിൽ

ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേന്ദ്ര മജ്‌ലിസ് ശൂറായുടെ ഈ യോഗം ലോകസമാധാനം ഇപ്പോൾ ഗുരുതരമായ ഭീഷണിയിലാണെന്ന് മനസ്സിലാക്കുന്നു. ദീർഘകാലമായി തുടരുന്ന റഷ്യ-യുക്രെയ്ൻ യുദ്ധം ലക്ഷക്കണക്കിന് ആളുകളെ ബാധിച്ചിട്ടുണ്ടെങ്കിലും കഴിഞ്ഞ ആറ് മാസമായി ഫലസ്ത്വീന് മേൽ ഇസ്രയേൽ നടത്തുന്ന ആക്രമണമാണ് ഇപ്പോഴത്തെ ഏറ്റവും ആശങ്കാജനകമായ സാഹചര്യം. ഫലസ്ത്വീൻ ജനതക്കെതിരെ ഇസ്രയേൽ നടത്തുന്ന നികൃഷ്ടമായ വംശഹത്യ, ക്രൂരതയുടെ മുൻകാല റെക്കോർഡുകളെല്ലാം തകർത്തു. ലോകത്തെ ഏറ്റവും ഭീകര കുറ്റവാളി ഇസ്രയേലാണെന്ന് ഇപ്പോൾ സംശയാതീതമായി തെളിഞ്ഞിരിക്കുന്നു. ലോകമെമ്പാടും, വിശേഷിച്ച് പാശ്ചാത്യ രാജ്യങ്ങളിൽ ഈ ക്രൂരതയ്‌ക്കെതിരെ ജനരോഷം ശക്തിപ്പെടുന്നുവെന്നത് സ്വാഗതാർഹമാണ്. ജനങ്ങളുടെ ഈ ആശങ്ക ബന്ധപ്പെട്ട ഭരണകൂടങ്ങൾ അടിയന്തരമായി കണക്കിലെടുക്കണം. എന്നാൽ ഈ സംഘട്ടനത്തിൽ, ഇസ്രയേൽ ആക്രമണത്തെ മിക്ക പാശ്ചാത്യ രാജ്യങ്ങളിലെയും ഭരണാധികാരികൾ നേരിട്ടോ അല്ലാതെയോ പിന്തുണയ്ക്കുകയാണ് ചെയ്യുന്നത്. ഈ വിഷയത്തിൽ മുസ്‌ലിം രാജ്യങ്ങൾ പുലർത്തുന്ന നിസ്സംഗത വളരെ സങ്കടകരമാണ്.
ഈ സംഘടിത വംശഹത്യയെ കേന്ദ്ര കൂടിയാലോചനാ സമിതി അപലപിക്കുകയും ഇസ്രയേലിനെ അന്യായമായി പിന്തുണയ്ക്കുന്നത് നിർത്താൻ പാശ്ചാത്യ രാജ്യങ്ങളോട്, വിശേഷിച്ച് അമേരിക്കയോട് ശക്തമായി ആവശ്യപ്പെടുകയും ചെയ്യുന്നു. കൂട്ടക്കൊലകളുടെ പരമ്പര ഉടനടി അവസാനിപ്പിക്കണം. ഫലസ്ത്വീനിൽ സമാധാനം ഉറപ്പാക്കണം. യുദ്ധകുറ്റകൃത്യങ്ങൾക്ക് ഇരകളായവരെ പുനരധിവസിപ്പിക്കണം. ഫലസ്ത്വീന്റെ സമ്പൂർണ സ്വാതന്ത്ര്യം പുനഃസ്ഥാപിക്കുന്നതിൽ നല്ല പങ്ക് വഹിക്കുകയും ഇസ്രയേലിലെ യുദ്ധക്കുറ്റവാളികളെ ശിക്ഷിക്കുകയും വേണം.
ഇപ്പോൾ ഈ സംഘർഷം ഇസ്രയേലിലും ഫലസ്ത്വീനിലും മാത്രമല്ല, മിഡിൽ ഈസ്റ്റിനെ മുഴുവൻ വിഴുങ്ങിയിരിക്കുകയാണെന്ന് മജ്‌ലിസ് ശൂറാ തിരിച്ചറിയുന്നു. അതിനാൽ, അന്താരാഷ്ട്ര സമൂഹത്തിന്റെയും ഐക്യരാഷ്ട്രസഭയുടെയും അടിയന്തരവും ഫലപ്രദവുമായ നടപടി അനിവാര്യമായിരിക്കുന്നു.

ഇന്ത്യൻ ഭരണകൂടം തങ്ങളുടെ സ്വാധീനമുപയോഗിച്ച് പ്രശ്നപരിഹാരത്തിന് മുന്നിട്ടിറങ്ങണമെന്ന് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് കേന്ദ്ര മജ്‌ലിസ് ശൂറാ ആവശ്യപ്പെടുന്നു. ഫലസ്ത്വീനിലെ നിസ്സഹായരും അടിച്ചമർത്തപ്പെട്ടവരുമായ സഹോദരങ്ങളെ സഹായിക്കാൻ ഇന്ത്യയിലെ ധാരാളം ആളുകൾ ആഗ്രഹിക്കുന്നുവെന്ന് മജ്‌ലിസ് ശൂറാ മനസ്സിലാക്കുന്നു. അതിന് ഭരണപരമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് ഇന്ത്യാ ഗവൺമെന്റിനോട് അഭ്യർഥിക്കുന്നു. l
(വിവ: പി.പി അബ്ദുർറഹ്മാൻ കൊടിയത്തൂർ)