പ്രശ്നവും വീക്ഷണവും

ബാങ്കിൽ കിടക്കുന്ന പലിശപ്പണം എന്തു ചെയ്യണം?
പലിശയെ സംബന്ധിച്ച് വളരെ ഗൗരവത്തോടെയാണ് ഇസ്ലാം അത് നിഷിദ്ധമെന്ന് വ്യക്തമാക്കിയിട്ടുള്ളത്. അത് വാങ്ങുന്നവരും കൊടുക്കുന്നവരും മാത്രമല്ല, അതിന് സാക്ഷികളാവുന്നവരും അതെഴുതുന്നവരുമെല്ലാം ദൈവ ശാപത്തിന് വിധേയരായിത്തീരും. അല്ലാഹു ഒരാളെ ശപിച്ചാല്‍ അതിന്റെ പ്രത്യാഘാതം വിശദീകരിക്കേണ്ടതില്ല. മദ്യപാനത്തെയും വ്യഭിചാരത്തെയും മ്ലേഛമായി കാണുന്നവര്‍ പോലും പലിശയെ ആ ഗൗരവത്തില്‍ പരിഗണിക്കാറില്ല.
എന്നാല്‍, ചിലരുടെ അക്കൗണ്ടിലേക്ക് അവരറിയാതെ പലിശ വന്നുകൊണ്ടിരിക്കും. അവരെന്തു ചെയ്യണം? ഇതില്‍ പണ്ഡിതന്മാര്‍ക്ക് വ്യത്യസ്ത വീക്ഷണങ്ങളുണ്ട്. അതില്‍ സ്വീകരിക്കാവുന്നത് എന്നു തോന്നിയ ഒരു വീക്ഷണം ഇങ്ങനെയാണ്:
ചോദ്യത്തില്‍ സൂചിപ്പിച്ച പോലെയുള്ള സാഹചര്യത്തില്‍ അവര്‍ നാലിലൊരു മാര്‍ഗം തെരഞ്ഞെടുക്കേണ്ടിവരും.
1) പലിശ വാങ്ങി സ്വയം ഉപയോഗിക്കുക.
2) പലിശ വാങ്ങി കത്തിച്ചുകളയുകയോ നശിപ്പിക്കുകയോ ചെയ്യുക.
3) ബാങ്കില്‍ തന്നെ തിരിച്ചുവെച്ചുകൊണ്ടിരിക്കുക.
4) വാങ്ങിച്ച് സ്വയം ഉപയോഗിക്കാതെ അര്‍ഹമായ മേഖലകളിലേക്ക് നല്‍കി കുറ്റത്തില്‍നിന്ന് ഒഴിവാകുക.

ഇതില്‍ ഒന്നാമത് പറഞ്ഞത് ഒരു മുസ്ലിമിനെ സംബന്ധിച്ചേടത്തോളം ഒട്ടും പാടില്ലെന്ന് വ്യക്തം. രണ്ടാമത് പറഞ്ഞതിലും പ്രശ്നമുണ്ട്. പലിശയെന്നാല്‍ പന്നിമാംസം, മദ്യം, മാലിന്യം തുടങ്ങിയവ പോലെ, ആ വസ്തു സ്വയമേവ നിഷിദ്ധമല്ല. പണം സ്വന്തം നിലക്ക് മൂല്യമുള്ളതും പ്രയോജനമുള്ളതുമായ വസ്തുവാണ്. അത് നശിപ്പിക്കുന്നത് കുറ്റമാണ്. അതിനാല്‍, അത് അംഗീകരിക്കാന്‍ നിര്‍വാഹമില്ല.

മൂന്നാമത്തെ രൂപമായ, ബാങ്കില്‍ തന്നെ വെച്ചുകൊണ്ടിരിക്കുന്നത് പലിശ സംവിധാനത്തെ കൂടുതല്‍ പുഷ്ടിപ്പെടുത്തുകയാണ് ചെയ്യുന്നത്. നാലാമത്തെ മാര്‍ഗമാണ് സ്വീകരിക്കാവുന്ന രീതി. പലിശ ബാങ്കിൽനിന്ന് പിൻവലിച്ച് ധന സഹായം ആവശ്യമുള്ള മേഖലയിൽ ചെലവഴിക്കുക. ഇങ്ങനെ ചെയ്യുമ്പോൾ അതിന്റെ പേരിൽ സ്വന്തം യശസ്സ് ഉയരുന്നതിനോ ജനമനസ്സിൽ തന്റെ മതിപ്പ് വർധിക്കുന്നതിനോ ഇടയായിക്കൂടാ. അങ്ങനെ സംഭവിക്കാത്ത നിലയിലായിരിക്കണം പണം ആർക്കെങ്കിലും കൊടുക്കേണ്ടത്. പക്ഷേ, വ്യക്തികൾക്ക് കൊടുക്കുമ്പോൾ ഗുണഭോക്താവായിത്തീരുന്ന ആളിൽ പണം നൽകിയ വ്യക്തിയെ പറ്റി മതിപ്പും കൃതജ്ഞതയും ഉണ്ടാവുക എന്നത് സ്വാഭാവികമാണ്. അപ്പോൾ എന്തു ചെയ്യും? പണ്ഡിതന്മാർ നിർദേശിക്കുന്നത് ഇങ്ങനെയാണ്:
ബാങ്കിൽനിന്ന് പിൻവലിക്കുന്ന പലിശപ്പണം ജനോപകാരപ്രദമായ പൊതു സംരംഭങ്ങൾക്ക് നൽകുക. പൊതു കിണർ, പൊതു വഴികൾ, പൊതു സ്ഥാപനങ്ങൾ എന്നിവ നിർമിക്കാനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മറ്റും നൽകാം. ഇവയൊക്കെ പൊതു സംരംഭങ്ങൾ ആയതിനാൽ അവയുടെ ഗുണഭോക്താക്കൾ അത്തരം സംരംഭങ്ങൾക്ക് പണം നൽകുന്ന ആളുകളോട് പ്രത്യേകിച്ച് കൃതജ്ഞത പ്രകടിപ്പിക്കാൻ സാധ്യത വിരളമാണ്. കൂടാതെ പൊതു സംരംഭങ്ങളിൽ പണം മുടക്കുന്ന ആളുകൾ ആരൊക്കെയാണെന്ന് മറ്റുള്ളവർ അറിയണമെന്ന് പോലുമില്ല.
ഇനി പൊതു സംരംഭങ്ങളുടെ നടത്തിപ്പുകാർക്കാവട്ടെ, ഇങ്ങനെ പണം നല്കുന്നവരോട് കൃതജ്ഞതാ ബോധം ഉണ്ടാകേണ്ട കാര്യവുമില്ല. കാരണം, അവരല്ലല്ലോ നൽകപ്പെടുന്ന ആ പണത്തിന്റെ ഗുണ ഭോക്താക്കൾ. ഈ മാർഗമാണ് സൂക്ഷ്മതയുടെ മാർഗം എന്നാണ് സൂക്ഷ്മാലുക്കളായ പണ്ഡിതന്മാർ പറയുന്നത്.

പലിശയിനത്തില്‍ ലഭിച്ച പണം പാവങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിനെ ദീന്‍ മഹത്തായ പുണ്യകര്‍മമായി നിശ്ചയിച്ചിട്ടുള്ള ദാനധര്‍മമായി കരുതരുത്. സ്വന്തം ഉടമസ്ഥതയിലുള്ള സമ്പത്താണ് ദാനം ചെയ്യേണ്ടത്. പലിശയായി കൈയില്‍ കിട്ടിയത് തനിക്ക് ഉടമസ്ഥാവകാശമുള്ള സമ്പത്തല്ല. അറിയപ്പെടാത്ത ആരുടെയോ മുതലാണ്. അത് അര്‍ഹരായ പാവങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിലൂടെ നിഷിദ്ധ ധനം സ്വയം ഉപയോഗിക്കുക എന്ന കുറ്റത്തില്‍നിന്ന് രക്ഷപ്പെടുക മാത്രമാണയാള്‍ ചെയ്യുന്നത്.
ചിലയാളുകള്‍ പലിശയിനത്തില്‍ ലഭിച്ച വന്‍ തുകകള്‍ സംഭാവന ചെയ്ത് വലിയ ധര്‍മിഷ്ഠരായി ചമയുകയും സ്വന്തം ധനം ചില്ലിക്കാശ് ദാനം ചെയ്യാതിരിക്കുകയും ചെയ്യുന്നുണ്ട്. അത്തരക്കാര്‍ പലിശയിലൂടെ നേടുന്ന പേരും പ്രശസ്തിയും ശാപഹേതുവായിത്തീര്‍ന്നേക്കാമെന്ന് ഭയപ്പെടേണ്ടതുണ്ട്.

നിഷിദ്ധ മാര്‍ഗേണ ലഭിച്ച പണം, അതിന്റെ യഥാര്‍ഥ അവകാശികളെ കണ്ടെത്താന്‍ സാധിക്കാത്ത പക്ഷം പൊതു നന്മക്കായി വിനിയോഗിക്കുകയാണ് വേണ്ടത് എന്ന് പണ്ഡിതന്മാർ അഭിപ്രായപ്പെട്ടിട്ടുണ്ട്. തനിക്ക് പലിശ നല്‍കിക്കൊണ്ടിരിക്കുന്ന ബാങ്കില്‍നിന്ന് ഗത്യന്തരമില്ലാതെ കടം വാങ്ങിയതിന്റെ പേരില്‍ പലിശ കൊടുക്കേണ്ടിവരുന്നവരുണ്ടാവുമല്ലോ. അവര്‍ക്കത് നല്‍കാമോ എന്നതും പരിഗണനാര്‍ഹമാണ്.

റിയൽ എസ്റ്റേറ്റ് ഇടപാടുകൾ

റിയൽ എസ്റ്റേറ്റിൽ ഇടപാട് നടക്കുമ്പോൾ ലഭിക്കുന്ന ലാഭത്തിന് സകാത്തുണ്ടോ?
ഭൂമിയും മറ്റും വാങ്ങി വില്‍പന നടത്തുകയാണല്ലോ റിയല്‍ എസ്റ്റേറ്റ്. അതുകൊണ്ടതിനെ കച്ചവടമായിട്ടാണ് പരിഗണിക്കേണ്ടത്. വര്‍ഷാവസാനം അതിന്റെ മാര്‍ക്കറ്റ് വില നിശ്ചയിക്കുക. അതില്‍ നിന്ന് 2.5 ശതമാനം സകാത്ത് നല്‍കുക (85 ഗ്രാം സ്വർണത്തിന്റെ വിലയാണ് നിസ്വാബ്). വ്യാപാരമാന്ദ്യം, നിയമപരമായ പ്രശ്നങ്ങൾ തുടങ്ങി തന്റെ നിയന്ത്രണത്തിൽ പെടാത്ത കാരണങ്ങളാൽ വര്‍ഷങ്ങളോളം വില്‍പന നടക്കാതെ ഭൂമി കിടക്കാം. ഓരോ വര്‍ഷവും വില നോക്കി അതിന്റെ സകാത്ത് നല്‍കണമെന്നാണ് ഭൂരിഭാഗം പണ്ഡിതന്മാരും പറയുന്നത്. എന്നാല്‍, മാലിക്കികള്‍ പറയുന്നു: ഓരോ വര്‍ഷവും അതിനു സകാത്ത് ബാധകമാകുന്നില്ല. പ്രത്യുത, വില്‍പന നടക്കുന്ന അവസരത്തില്‍ മാത്രം സകാത്ത് നല്‍കിയാല്‍ മതി.

റിയൽ എസ്റ്റേറ്റിൽ ഇടപാട് നടക്കുമ്പോൾ ലഭിക്കുന്ന ലാഭം നിസ്വാബ് തികയുമെങ്കിൽ സകാത്തുണ്ട്. ആ ലാഭം 85 ഗ്രാം സ്വർണത്തിന്റെ വിലയ്ക്ക് തുല്യമായ തുകയുണ്ടെങ്കിൽ അപ്പോൾ മുതൽ അല്ലെങ്കിൽ അത്രയും തുക തന്റെ കൈവശം എപ്പോൾ വന്നുചേരുന്നുവോ അപ്പോൾ മുതൽ സകാത്ത് വർഷം ആരംഭിക്കുകയായി. അങ്ങനെ ഒരു വർഷം പൂർത്തിയായപ്പോൾ നിസ്വാബ് കുറയാത്ത തരത്തിൽ തുക അവശേഷിക്കുന്നുവെങ്കിൽ അതിന്റെ രണ്ടര ശതമാനം സകാത്ത് നൽകേണ്ടതാണ്. തുടർന്നുള്ള വർഷങ്ങളിൽ അതേ പോലെ തന്നെ ചെയ്യേണ്ടതാണ്. എന്നാൽ, വർഷം പൂർത്തിയായപ്പോൾ അത്രയും തുകയില്ലെങ്കിൽ അങ്ങനെയുള്ളവർക്ക് സകാത്ത് നിർബന്ധമാവുകയില്ല.

ബിസിനസ്സിലെ സകാത്ത്

ബിസിനസ്സിൽ നിക്ഷേപിച്ച പണത്തിന്റെ സകാത്ത്?
നിക്ഷേപങ്ങളുടെയും (ഇന്‍വെസ്റ്റ്‌മെന്റ്‌സ്) സേവിംഗ് (സമ്പാദ്യ) അക്കൗണ്ടുകളുടെയും നിക്ഷേപ ഫണ്ടുകളുടെയും സകാത്ത് വര്‍ഷാവസാനം മുതലും ലാഭവും ചേര്‍ത്ത് കണക്കുകൂട്ടി 2.5 ശതമാനം നല്‍കണം. അതായത് നിക്ഷേപകർ തങ്ങൾ നിക്ഷേപിച്ച മുതലിന്റെയും, ലാഭമുണ്ടെങ്കില്‍ അതിന്റെയും കൂടി സകാത്ത് നല്‍കണം. എന്നാല്‍, കൂട്ടുസംരംഭത്തിലെ പങ്കാളി, ലാഭം തന്റെ മറ്റു ധനവുമായി കൂട്ടി വര്‍ഷാവസാനം നിസ്വാബ് തികഞ്ഞാല്‍ സകാത്ത് നല്‍കണം. ഇനി അത് സ്വന്തം നിലക്ക് നിസ്വാബ് തികയില്ലെങ്കിലും തന്റെ ഉടമസ്ഥതയിൽ മറ്റു വകയിലുള്ള സംഖ്യ കൂടി ചേർത്താൽ നിസ്വാബ് തികയുമെങ്കിലും സകാത്ത് നൽകണം. l

എത്രയാണ് ഫിദ് യ?
റമദാനില്‍ നോമ്പെടുക്കാനോ പിന്നീടത് നോറ്റുവീട്ടാനോ കഴിയാത്തവര്‍ ഫിദ് യ (പ്രായശ്ചിത്തം) നല്‍കണമെന്നാണല്ലോ വിധി. എന്താണ് ഫിദ് യ നല്‍കേണ്ടത്?

നോമ്പെടുക്കാന്‍ കഴിയാത്തവരും പിന്നീടത് നോറ്റുവീട്ടാന്‍ നിര്‍വാഹമില്ലാത്തവരും‍ തങ്ങൾ ഒഴിവാക്കുന്ന ഓരോ നോമ്പിനും പകരമായി ഫിദ് യ നല്‍കണമെന്നാണ് ഖുര്‍ആനും സുന്നത്തും പഠിപ്പിക്കുന്നത്. ഒരു അഗതിയുടെ ആഹാരം എന്ന് പറയുകയല്ലാതെ അതിന്റെ തോതോ, അളവോ, ഇനമോ വ്യക്തമായി പരാമര്‍ശിച്ചിട്ടില്ല. അതുകൊണ്ടു തന്നെ അതില്‍ സ്വഹാബിമാര്‍ മുതലിങ്ങോട്ട് ഭിന്ന വീക്ഷണങ്ങള്‍ കാണാം.
ഇങ്ങനെ നൽകുന്ന ഭക്ഷണം എന്തായിരിക്കണമെന്നോ, എത്രയായിരിക്കണമെന്നോ വ്യക്തമാക്കുന്ന പ്രമാണങ്ങളൊന്നും തന്നെയില്ല. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ പല അഭിപ്രായങ്ങളുമുണ്ട്. ഒരു മുദ്ദ് (രണ്ടു കൈകളും ചേർത്തു പിടിച്ചാല്‍ കൊള്ളുന്ന അളവ് അഥവാ 543 ഗ്രാം), രണ്ട് മുദ്ദ് അഥവാ അര സ്വാഅ് (1.100 കിലോ ഗ്രാം), ഇങ്ങനെയൊക്കെ പറഞ്ഞുവരുന്നതായി കാണാം.

ഇതെല്ലാം പണ്ഡിതന്മാരുടെ അഭിപ്രായങ്ങളാണെന്നല്ലാതെ ഖുർആനിലോ സുന്നത്തിലോ വ്യക്തമായി വന്നിട്ടുള്ളതല്ല. അങ്ങനെ വരാത്തതിനാലാണീ അഭിപ്രായാന്തരവും. എന്തായാലും നോമ്പിന് പ്രായശ്ചിത്തമായി ഒരാൾക്ക് മാന്യമായി ഭക്ഷണം കഴിക്കാനുള്ള വക നല്കണം. അത് ഭക്ഷണമായി നൽകാം. ലഭിക്കുന്നവർക്ക് സൗകര്യം അതിന്റെ വിലയാണെങ്കില്‍ വിലയായി നല്കിയാലും മതിയാകും. കാല-ദേശങ്ങൾക്കനുസരിച്ച് അതിന്റെ തോത് വ്യത്യസ്തമായിരിക്കും.

കേരളത്തിലിന്ന് ഇരുനൂറ് രൂപ കണക്കാക്കിയാല്‍ രണ്ടുനേരം ഭക്ഷണം വാങ്ങാനുള്ള കാശായി. ഹോട്ടലില്‍ കയറി ഇടത്തരം ഭക്ഷണം കഴിക്കാനും ഏതാണ്ടിത് മതിയാകും. അങ്ങനെ വരുമ്പോള്‍ ഒരു മാസത്തെ റമദാന് 6000 രൂപ കൊടുക്കാം. നമ്മുടെ രാജ്യത്തുതന്നെ പല ഇടങ്ങളിലും അന്നത്തിനു വകയില്ലാതെ കഷ്ടപ്പെടുന്ന ധാരാളമാളുകളുണ്ട്. അങ്ങനെയുള്ളവർക്ക് ശരിയാംവണ്ണം അത് എത്തിച്ചുകൊടുക്കാനുള്ള സംവിധാനങ്ങള്‍ ഇന്ന് നമ്മുടെ നാട്ടിലുണ്ട്. ഫിദ് യ നൽകുന്നതിന് അത് ഉപയോഗപ്പെടുത്തുന്നതാവും ഏറെ ഉചിതം. സ്വന്തം പ്രദേശത്തും അറിവിലും അങ്ങനെ വല്ലവരും ഉണ്ടെങ്കില്‍ അവർക്കാണ് മുൻഗണന. ഫിദ് യയെ പറ്റി പറഞ്ഞപ്പോൾ, നോമ്പുതുറക്കും അത്താഴത്തിനുമുള്ള ഭക്ഷണം എന്നു കൂടി വിശദീകരിച്ചിട്ടുണ്ടല്ലോ. ഒരു അഗതിക്ക് ഒരു ദിവസം അത്താഴത്തിനും നോമ്പുതുറക്കാനും ഉതകുന്ന തരത്തില്‍ ഭക്ഷണമോ, ഭക്ഷണം വാങ്ങിച്ചു കഴിക്കാനുള്ള തുകയോ, ഏതാണോ അവര്‍ക്ക് ഗുണകരം അതു ചെയ്തുകൊടുക്കാം.
ഇമാം ബുഖാരി രേഖപ്പെടുത്തുന്നു: 'പടുകിഴവനായ ആള്‍ക്ക് നോമ്പെടുക്കാന്‍ പറ്റാത്ത അവസ്ഥയില്‍ എന്താണ് ചെയ്യേണ്ടത് എന്നതിന് മഹാനായ സ്വഹാബി അനസ് (റ) ചെയ്തതാണ് മാതൃക. അദ്ദേഹം വൃദ്ധനായപ്പോള്‍ ഒന്നോ രണ്ടോ വര്‍ഷം ഓരോ ദിവസവും ഒരു അഗതിയെ ഇറച്ചിയും പത്തിരിയും കഴിപ്പിച്ചിരുന്നു' (ബുഖാരി). ഇതിന്റെ വിശദീകരണത്തില്‍ ഹാഫിള് ഇബ്‌നു ഹജര്‍ പറയുന്നു: അബ്ദുബ്‌നു ഹുമൈദ് നള്‌റു ബ്‌നു അനസില്‍നിന്ന് ഉദ്ധരിക്കുന്നു: 'അനസ് (റ) ഒരു റമദാനില്‍ നോമ്പൊഴിവാക്കി. അദ്ദേഹം വാർധക്യത്തിലെത്തിയിരുന്നു. അങ്ങനെ ഓരോ ദിവസവും ഒരഗതിക്ക് ഭക്ഷണം നല്‍കുകയുണ്ടായി. …. അദ്ദേഹം മരണപ്പെട്ട വര്‍ഷം നോമ്പെടുക്കാന്‍ പറ്റാതായി. അദ്ദേഹത്തിന്റെ മകന്‍ ഉമറിനോട് ഞാന്‍ ചോദിച്ചു: അദ്ദേഹത്തിന് നോമ്പെടുക്കാന്‍ പറ്റിയോ? ഇല്ല. പിന്നീട് നോമ്പെടുത്തു വീട്ടാനും കഴിയില്ല എന്ന് ബോധ്യമായപ്പോള്‍ ഇറച്ചിയും പത്തിരിയും ഏര്‍പ്പാടാക്കാന്‍ നിർദേശിക്കുകയും എന്നിട്ട് അത്രയും എണ്ണമോ അതിലധികമോ ദിവസം അത് ഭക്ഷണമായി നൽകുകയും ചെയ്തു' (ഫത്ഹുല്‍ ബാരി).

ഉപേക്ഷിക്കുന്ന ഓരോ നോമ്പിനും പകരം ഒരു അഗതിക്ക് ആഹാരം നല്കിയാല്‍ മതിയാകും. 30 നോമ്പ് ഉപേക്ഷിക്കുന്നവര്‍ 30 അഗതികൾക്ക് ഒരു തവണയായോ, ഒരു അഗതിക്ക് 30 തവണയായോ സൗകര്യം പോലെ ആഹാരം നല്കാം. സാമ്പത്തിക ഞെരുക്കം മൂലം വല്ലവർക്കും സാധ്യമാകുന്നില്ലെങ്കില്‍ അതില്‍ ആശങ്കപ്പെടുകയോ ദുഃഖിക്കുകയോ വേണ്ടതില്ല. അല്ലാഹു പറഞ്ഞല്ലോ 'ഒരാൾക്ക് കഴിയാത്തത് അല്ലാഹു കൽപിക്കുകയില്ല…' (അല്‍ ബഖറ 286, അത്ത്വലാഖ് 7). അത്തരക്കാര്‍ ദിക്റുകളും പ്രാർഥനകളും വർധിപ്പിക്കുക, തൗബ പുതുക്കിക്കൊണ്ടിരിക്കുക, തങ്ങളാലാകുന്ന സൽക്കർമങ്ങള്‍, ഖുർആൻ പഠനം, പാരായണം, മറ്റു ഉപകാരപ്രദമായ കാര്യങ്ങള്‍ തുടങ്ങിയവ വർധിപ്പിക്കുക. മനസ്സുകൊണ്ട് നോമ്പുകാരനായിരിക്കുക. l
(തുടരും)

പുതിയ കാലത്ത് ജനങ്ങളുടെ വരുമാന സ്രോതസ്സുകൾ ധാരാളമായി വർധിച്ചിരിക്കുന്നു. സർവീസ് മേഖലയിലാണ് വലിയ വികാസം ഉണ്ടായിരിക്കുന്നത്. നബിയുടെയോ സ്വഹാബിമാരുടെയോ കാലത്ത് ഇല്ലാതിരുന്ന അത്തരം വരുമാന സ്രോതസ്സുകൾക്ക് സകാത്ത് വേണ്ടതില്ല എന്ന് പ്രമാണങ്ങളുടെ പിൻബലമില്ലാതെ ചിലർ പ്രചരിപ്പിക്കുന്നുണ്ട്. ഇത് സാധാരണക്കാർക്കിടയിൽ സംശയങ്ങളും ആശയക്കുഴപ്പങ്ങളും വർധിപ്പിക്കുന്നു. സകാത്ത് നൽകുന്നതുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടി നൽകുകയാണ് ഇവിടെ.

ഷെയറിന്റെ സകാത്ത്

കമ്പനിയിൽ ഷെയർ എടുത്ത ആളുടെ സകാത്ത് കമ്പനിയാണോ ആ വ്യക്തിയാണോ നൽകേണ്ടത്? ഷെയറിന്റെ സകാത്ത് വിഹിതം എങ്ങനെയാണ് കണക്കാക്കുക?

കമ്പനി തന്നെ നേരിട്ട് സകാത്ത് നൽകിയ ശേഷമാണ് ഓഹരി ഉടമകൾക്ക് ലാഭം വിതരണം ചെയ്യുന്നതെങ്കിൽ പിന്നെ ഓഹരി ഉടമകൾ ആ തുകക്ക് വീണ്ടും സകാത്ത് നൽകേണ്ടതില്ല. എന്നാൽ, കമ്പനി അതിന് സകാത്തു നൽകാറില്ലെങ്കിൽ ഓഹരി ഉടമകൾ ഓരോരുത്തരും അവനവന്റെ സകാത്ത് സ്വന്തം നിലക്ക് നൽകേണ്ടതാണ്.
ഇനി ഷെയർ തന്നെ വിൽക്കുകയും വാങ്ങുകയും ചെയ്യുന്ന കമ്പനികളിലാണ് ഇൻവെസ്റ്റ് ചെയ്തിട്ടുള്ളത്; ഷെയർ വാല്യു കൂടുമ്പോൾ ലാഭത്തിന് വിൽക്കാമെന്ന ഉദ്ദേശ്യാർഥമാണ് ഷെയർ വാങ്ങിയിട്ടുള്ളതും - എങ്കിൽ തങ്ങളുടെ ഷെയറിന്റെ കമ്പോള വില നോക്കുകയും അത് നിസ്വാബ് തികയാൻ മാത്രം ഉണ്ടെങ്കിൽ അഥവാ 85 ഗ്രാം സ്വർണത്തിന്റെ വിലയുടെ അത്രയും വരുമെങ്കിൽ അതിന്റെ രണ്ടര ശതമാനം സകാത്ത് നൽകുകയും വേണം. അത് സ്വന്തം നിലക്ക് നിസ്വാബ് തികയില്ലെങ്കിലും തന്റെ ഉടമസ്ഥതയിൽ മറ്റു വകയിൽ ഉള്ള സംഖ്യ കൂടി ചേർത്താൽ നിസ്വാബ് തികയുമെങ്കില്‍ അപ്പോഴും സകാത്ത് നൽകണം.

ഇനി ഇങ്ങനെയുള്ള ഷെയറല്ല, മറിച്ച് കമ്പനി ഉണ്ടാക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം പറ്റാമെന്ന ഉദ്ദേശ്യത്തില്‍ പണം ഇൻവെസ്റ്റ് ചെയ്തതാണെങ്കിൽ ആ ലഭിക്കുന്ന ലാഭം നിസ്വാബ് തികയുമെങ്കിൽ അഥവാ 85 ഗ്രാം സ്വർണത്തിന്റെ വിലയുടെ അത്രയും വരുമെങ്കിൽ അതിന്റെ രണ്ടര ശതമാനം സകാത്ത് നൽകണം. അത് സ്വന്തം നിലക്ക് നിസ്വാബ് തികയില്ലെങ്കിലും തന്റെ ഉടമസ്ഥതയിൽ മറ്റു വകയിൽ ഉള്ള സംഖ്യ കൂടി ചേർത്താൽ നിസ്വാബ് തികയുമെങ്കിലും സകാത്ത് നൽകണം.
കച്ചവട സ്ഥാപനത്തിലാണ് ഷെയറെങ്കിൽ കച്ചവടത്തിന്റെ സകാത്താണ് അതിന് ബാധകമാവുക.

കച്ചവടത്തിന്റെ സകാത്ത്

എനിക്കൊരു കടയുണ്ട്, അതിൽനിന്ന് തരക്കേടില്ലാത്ത വരുമാനവും ഉണ്ട്. ഞാനെങ്ങനെയാണ് സകാത്ത് നൽകേണ്ടത്?

താങ്കൾ എങ്ങനെയാണ് സകാത്ത് നൽകേണ്ടത് എന്ന് ചുരുക്കിപ്പറയാം:

  1. കച്ചവടം തുടങ്ങി ഒരു വർഷം പൂർത്തിയാവുമ്പോൾ ചരക്കുകളുടെ സ്റ്റോക്കെടുക്കണം.
  2. സ്റ്റോക്കെടുത്തു കഴിഞ്ഞാൽ വിറ്റുപോവാൻ സാധ്യതയില്ലാത്തതും, കേടുവന്നതും, കാലഹരണപ്പെട്ടതിനാൽ വിൽക്കാൻ പറ്റാത്തതുമായവ ഒഴിവാക്കാവുന്നതാണ്. അഥവാ അവക്ക് സകാത്ത് നിർബന്ധമല്ല എന്നർഥം.
  3. സ്റ്റോക്കെടുത്തപ്പോൾ 85 ഗ്രാം സ്വർണത്തിന്റെ വിലയ്ക്ക് തുല്യമായ സംഖ്യക്കുള്ള ചരക്കുകൾ ഉണ്ടെങ്കിൽ അതിന്റെ രണ്ടര ശതമാനം സകാത്ത് നൽകണം.
  4. ഇനി അത് സ്വന്തം നിലക്ക് നിസ്വാബ് തികയാൻ മാത്രം ഇല്ലെങ്കിലും, മറ്റുള്ള വകയിൽ കൈവശം ബാങ്കിലോ മറ്റോ കാശുണ്ട്, അല്ലെങ്കിൽ തിരിച്ചു കിട്ടുമെന്ന് പ്രതീക്ഷയുള്ള കടമുണ്ട് അങ്ങനെ ഇതെല്ലാം കൂട്ടുമ്പോൾ നിസ്വാബ് തികഞ്ഞാലും മൊത്തം തുകയുടെ രണ്ടര ശതമാനം സകാത്ത് നൽകണം.
  5. സകാത്ത് നൽകാനായി വിൽപ്പനക്കുള്ള ചരക്കുകൾ മാത്രമേ സ്റ്റോക്കിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. അഥവാ കടയിൽ വിൽപ്പനക്കല്ലാതെ വെച്ചിട്ടുള്ള ഇനങ്ങൾക്ക് സകാത്ത് ബാധകമല്ല.
  6. ബാങ്ക് ഡിപ്പോസിറ്റ്, സൂക്ഷിച്ചു വെച്ചിട്ടുള്ള സ്വർണം, കാശ് എല്ലാം കണക്കുകൂട്ടി കച്ചവടത്തിന്റെ സകാത്തിനോടൊപ്പം ഒന്നിച്ച് കൊടുത്താൽ മതി.
  7. എല്ലാ വർഷവും ഇതുപോലെ തന്നെയാണ് ചെയ്യേണ്ടത്.
    ചുരുക്കത്തിൽ, സകാത്ത്‌ നല്‍കാന്‍ സമയമായാല്‍ കച്ചവടക്കാരന്‍ താന്‍ വില്‍പനക്ക്‌ വെച്ച വസ്‌തുക്കളുടെ സ്റ്റോക്കെടുപ്പ്‌ നടത്തി അവയുടെ മാര്‍ക്കറ്റ്‌ വില കണക്കാക്കുകയും തുടര്‍ന്ന്‌ കിട്ടാന്‍ സാധ്യതയുള്ള കടങ്ങളും കൈയിരിപ്പുള്ള ധനവും -അത് കച്ചവടത്തില്‍ നിന്ന്‌ ലഭിച്ചതാകട്ടെ അല്ലാതിരിക്കട്ടെ- എല്ലാം അതിനോട്‌ ചേര്‍ക്കണം. ശേഷം കൊടുത്തുവീട്ടാനുള്ള കടങ്ങള്‍ കഴിച്ച്‌ ബാക്കിയുള്ള മൊത്തം സംഖ്യ എത്രയാണെന്ന്‌ കണക്കാക്കി അതിന്റെ 2.5% സകാത്ത്‌ നല്‍കുക.

കച്ചവടത്തിൽ മുഴുവൻ കച്ചവടച്ചരക്കുകൾക്കുമാണോ സകാത്ത്? അതോ വർഷാവസാനമുള്ള മൊത്തം ലാഭത്തിനോ?

ഒരാളുടെ ഉടമസ്ഥതയിൽ വിൽപ്പനയാവശ്യാർഥം സ്റ്റോക്കുള്ള എല്ലാ വസ്തുക്കൾക്കും സകാത്ത് കൊടുക്കൽ നിർബന്ധമാണ്. കച്ചവടത്തിന്റെ ലാഭത്തിനു മാത്രമല്ല, മുതലിനും കൂടി വർഷാവർഷം സകാത്ത് നൽകൽ നിർബന്ധമാണ്.
അനാഥകളുടെ സ്വത്ത് പോലും സകാത്ത് കൊടുത്ത് തീര്‍ന്നുപോയേക്കാമെന്നും അതിനിടവരുത്താതെ വല്ല ബിസിനസ്സ് സംരംഭങ്ങളിലും ഇറക്കി പരിപോഷിപ്പിക്കണമെന്നുമൊക്കെ ഹദീസുകളിൽ കാണാം. എങ്കില്‍ പിന്നെ ഒരു കച്ചവടക്കാരന്‍ തന്റെ മുതലിന് ഒരു പ്രാവശ്യം സകാത്ത് കൊടുക്കുകയും അതോടെ തന്റെ ബാധ്യത തീര്‍ന്നുവെന്ന് മനസ്സിലാക്കുകയും ചെയ്യുന്നതിന് യാതൊരു ന്യായവുമില്ല. നിസ്വാബ് തികഞ്ഞ പണത്തിന് എല്ലാ വര്‍ഷവും സകാത്ത് കൊടുക്കണം. ഇതിലാര്‍ക്കും സംശയമില്ല. തന്റെ പണംകൊണ്ട് ചരക്കുകള്‍ വാങ്ങിയ ശേഷം അത് എത്ര വര്‍ഷം സൂക്ഷിച്ചാലും അതിന് സകാത്ത് കൊടുക്കേണ്ടതില്ല എന്ന് പറയുന്നതില്‍ എന്ത് യുക്തിയാണുള്ളത്?!

ഉദാഹരണമായി, ഒരാള്‍ പത്ത് ലക്ഷം ബാങ്കില്‍ നിക്ഷേപിച്ചു. മറ്റൊരാള്‍ ലാഭത്തിനു മറിച്ചു വിൽക്കാമെന്ന ഉദ്ദേശ്യത്തോടെ ഭൂമി വാങ്ങി പരമാവധി ലാഭത്തിന് മറിച്ചു വില്‍ക്കാമെന്നും വെച്ചു. ഭീമമായ തോതില്‍ വിലവർധിക്കുമ്പോള്‍ കൂടുതല്‍ വിലയും ലാഭവും പ്രതീക്ഷിച്ച് മൂന്ന് വര്‍ഷം വരെ അയാളത് വില്‍ക്കാതെ വെച്ചുകൊണ്ടിരുന്നു. ബാങ്കില്‍ നിക്ഷേപിച്ച വ്യക്തി വര്‍ഷം തോറും 2.5% സകാത്ത് നല്‍കണം. അതേസമയം വില്‍പനക്കായി ഭൂമി വാങ്ങിയ മറ്റേ വ്യക്തി സകാത്ത് നല്‍കേണ്ടതില്ലെന്നോ? അതിനാല്‍ കച്ചവടത്തിന്റെ സകാത്ത് മുതലും ആദായവും ചേര്‍ത്ത് കണക്കാക്കി, വര്‍ഷം തോറും കൊടുക്കണമെന്നാണ് ഫുഖഹാക്കള്‍ വ്യക്തമാക്കിയിട്ടുള്ളത്.

അതേസമയം, ന്യായമായ പ്രതിബന്ധങ്ങള്‍ കാരണം കച്ചവടം മുടങ്ങിപ്പോയവരാണെങ്കില്‍ അവരുടെ ഒഴികഴിവുകള്‍ മനസ്സിലാക്കാമായിരുന്നു. അങ്ങനെ വരുമ്പോള്‍, എപ്പോഴാണോ വില്‍പന നടക്കുന്നത് അപ്പോള്‍ സകാത്ത് നല്‍കിയാല്‍ മതിയാവുമെന്ന് ഇമാം മാലികിനെ പോലുള്ളവർ വ്യക്തമാക്കിയിട്ടുണ്ട്.

റിയൽ എസ്റ്റേറ്റിന്റെ സകാത്ത്

റിയൽ എസ്റ്റേറ്റിന്റെ സകാത്ത് എങ്ങനെ? ചിലരതിനെ കൃഷിഭൂമിയായി കണ്ട് ലഭിക്കുന്ന കാർഷികോൽപ്പന്നങ്ങൾക്ക് മാത്രം സകാത്ത് നൽകുന്നത് ശരിയാകുമോ?

മറിച്ചു വിൽക്കാനുദ്ദേശിച്ച് ഒരാൾ സ്വന്തമാക്കിയ ഭൂമി, കെട്ടിടം പോലുള്ളവക്ക് സകാത്ത് നിർബന്ധമാണ്. അവ കച്ചവട വസ്തുക്കളാണ് എന്ന നിലക്ക് കച്ചവടത്തിന്റെ സകാത്താണ് ഇത്തരം സമ്പത്തിനു ബാധകമാവുക. സ്വാഭാവികമായും നിസ്വാബ് തികയുന്നവയായിരിക്കും അവയെല്ലാം എന്ന നിലക്കാണിത് പറയുന്നത്. അഥവാ 85 ഗ്രാം സ്വർണത്തിന്റെ വിലയുടെ അത്രയും വരുമെങ്കിൽ. അഥവാ അവ കൈവശം വന്ന് ഒരു വർഷം പൂർത്തിയാവുന്ന മുറക്ക് അവയുടെ വിലയുടെ രണ്ടര ശതമാനമാണ് നൽകേണ്ടത് എന്നർഥം.

എപ്പോഴും വിറ്റുപോകാവുന്ന വിലയാണ് പരിഗണിക്കേണ്ടത്. ഇത്തരം സമ്പത്ത് ഒരാളുടെ ഉടമസ്ഥതയിൽ എത്ര വർഷം ഇരിക്കുന്നുവോ അത്രയും വർഷം ഉടമസ്ഥൻ അതിന് സകാത്ത് നൽകണം. എന്നാൽ, തന്റേതല്ലാത്ത കാരണത്താൽ വിൽപ്പന മുടങ്ങിക്കിടക്കുന്ന സാഹചര്യമാണെങ്കിൽ എപ്പോഴാണോ അവ വിറ്റു പോവുന്നത് അപ്പോൾ ഒരു വർഷത്തെ സകാത്ത് കൊടുത്താൽ മതിയാവും.

സർവീസിന്റെ സകാത്ത്

സർവീസ് മേഖല ഇന്ന് വലിയൊരു ധനാഗമന സ്രോതസ്സാണ്. അതിന്റെ സകാത്ത് എങ്ങനെ കണക്കാക്കും?

സകാത്തിനെക്കുറിച്ചും, വിശിഷ്യാ അതിന്റെ അടിസ്ഥാന ഉപാധികളെ കുറിച്ചും സാമാന്യ ധാരണ ഉണ്ടായിക്കഴിഞ്ഞാൽ ഇത് എളുപ്പത്തിൽ മനസ്സിലാവും. നിസ്വാബ് തികഞ്ഞ ഒരു തുക ഒരാളുടെ കൈവശംം വരികയും, അതിന് ഒരു വർഷം പൂർത്തിയാവുകയും ചെയ്യുന്ന മുറക്ക് അതിന് സകാത്ത് നിർബന്ധമാകും എന്ന കാര്യത്തിൽ പക്ഷാന്തരമില്ല.

ഈ ചോദ്യത്തിലേക്ക് വന്നാൽ, സർവീസിലൂടെ ഒരാളുടെ കൈവശം എത്തിച്ചേരുന്ന പണം എപ്പോഴാണോ നിസ്വാബ് തികയുന്നത് (85 ഗ്രാം സ്വർണത്തിന്റെ വിലയ്ക്ക് തുല്യമായ തുക) അപ്പോള്‍ അതിന്റെ സകാത്ത് വർഷം ആരംഭിച്ചു. അങ്ങനെ ഒരു വർഷം പൂർത്തിയായപ്പോൾ നിസ്വാബിൽ കുറയാത്ത തുക അയാളുടെ കൈവശം ശേഷിക്കുന്നുവെങ്കിൽ അതിന്റെ രണ്ടര ശതമാനം സകാത്ത് നൽകൽ നിർബന്ധമാണ്. തുടർന്നുള്ള വർഷങ്ങളിലും അതേ പോലെ തുടരുക. എന്നാൽ, വർഷം പൂർത്തിയായപ്പോൾ അത്രയും തുകയില്ലെങ്കിൽ അങ്ങനെയുള്ളവർക്ക് സകാത്ത് നിർബന്ധമാവുകയില്ല.

വാടകയുടെ സകാത്ത്

വാടകക്കെട്ടിടങ്ങൾക്ക് വരുമാനത്തിന്റെ എത്ര ശതമാനമാണ് സകാത്ത്? ആസ്തിയും വരുമാനവും കൂട്ടിയാണോ സകാത്ത് കൊടുക്കേണ്ടത്?

വാടകക്കെട്ടിടങ്ങൾ, അവ എത്ര വിലമതിക്കുന്ന കെട്ടിടങ്ങളായാലും അവക്ക് സകാത്തില്ല. എന്നാൽ, അതിൽനിന്ന് ലഭിക്കുന്ന വാടകക്ക് അത് നിസ്വാബ് തികയുമെങ്കിൽ സകാത്തുണ്ട്. ലഭിക്കുന്ന വാടക 85 ഗ്രാം സ്വർണത്തിന്റെ വിലയ്ക്ക് തുല്യമായ തുകയുണ്ടെങ്കിൽ അപ്പോൾ മുതൽ അല്ലെങ്കിൽ അത്രയും തുക തന്റെ കൈവശം എപ്പോൾ വന്നുചേരുന്നുവോ അപ്പോൾ മുതൽ സകാത്ത് വർഷം ആരംഭിക്കുകയായി. അങ്ങനെ ഒരു വർഷം പൂർത്തിയായപ്പോൾ നിസ്വാബ് കുറയാത്ത തരത്തിൽ തുക അവശേഷിക്കുന്നുവെങ്കിൽ അതിന്റെ രണ്ടര ശതമാനം സകാത്ത് നൽകേണ്ടതാണ്. തുടർന്നുള്ള വർഷങ്ങളിൽ അതേ പോലെ തന്നെ ചെയ്യേണ്ടതാണ്. എന്നാൽ, വർഷം പൂർത്തിയായപ്പോൾ അത്രയും തുകയില്ലെങ്കിൽ അങ്ങനെയുള്ളവർക്ക് സകാത്ത് നിർബന്ധമാവുകയില്ല.

ടാക്സി വാഹനങ്ങളുടെ സകാത്ത്

ടാക്സിയായി ഓടുന്ന വാഹനങ്ങൾക്ക് സകാത്ത് ബാധകമല്ലേ? കുടുംബാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് സകാത്തുണ്ടോ?

ടാക്സിയായി ഓടുന്ന വാഹനങ്ങൾക്ക് അവ എത്ര വിലമതിക്കുന്ന വാഹനങ്ങളായാലും അവക്ക് സകാത്തില്ല. എന്നാൽ, അതു വഴി ലഭിക്കുന്ന വരുമാനം നിസ്വാബ് തികയുമെങ്കിൽ സകാത്തുണ്ട്. ലഭിക്കുന്ന വരുമാനം 85 ഗ്രാം സ്വർണത്തിന്റെ വിലയ്ക്ക് തുല്യമായ തുകയുണ്ടെങ്കിൽ അപ്പോൾ മുതൽ - അല്ലെങ്കിൽ അത്രയും തുക തന്റെ കൈവശം എപ്പോൾ വന്നുചേരുന്നുവോ അപ്പോൾ മുതൽ- സകാത്ത് വർഷം ആരംഭിക്കുകയായി. അങ്ങനെ ഒരു വർഷം പൂർത്തിയായപ്പോൾ നിസ്വാബ് കുറയാത്ത തരത്തിൽ തുക അവശേഷിക്കുന്നുവെങ്കിൽ അതിന്റെ രണ്ടര ശതമാനം സകാത്ത് നൽകുക. തുടർന്നുള്ള വർഷങ്ങളിൽ അതേ പോലെ തുടരുക. എന്നാൽ, വർഷം പൂർത്തിയായപ്പോൾ അത്രയും തുകയില്ലെങ്കിൽ നിർബന്ധ സകാത്ത് ബാധ്യതയില്ല.

ആഭരണങ്ങളുടെ സകാത്ത്

ഉപയോഗിക്കാത്ത ആഭരണങ്ങൾക്ക് മാത്രമാണോ സകാത്തുള്ളത്? അവയുടെ സകാത്ത് വിഹിതം എത്രയാണ്?

സാധാരണ ഗതിയിൽ ഒരു സ്ത്രീ മിതമായ തോതിൽ ഉപയോഗിക്കുന്ന ആഭരണങ്ങൾക്ക് സകാത്തില്ല. 10-ഉം 20-ഉം 30-ഉം ലക്ഷം രൂപ വിലയുള്ള വാഹനങ്ങളും ഉപയോഗിക്കുന്നവർ അതിനൊന്നും സകാത്ത് നൽകേണ്ടതില്ല. ഉപയോഗിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് ന്യായം. ഉപയോഗിക്കുക എന്ന ന്യായം ആഭരണം ഉപയോഗിക്കുന്ന സ്ത്രീകൾക്കും ബാധകമാണ്. എന്നാൽ, ഉപയോഗിക്കാതെ സൂക്ഷിച്ചുവെക്കുന്നതിനും പരിധി വിട്ട് ധൂർത്തോളം എത്തിയതുമായ ആഭരണങ്ങൾക്കും സകാത്ത് നൽകൽ നിർബന്ധമാണ്. 85 ഗ്രാം എത്തിക്കഴിഞ്ഞാൽ നിസ്വാബെത്തി. നിസ്വാബെത്തിയ സ്വർണം കൈയിൽ വന്ന് ഒരു വർഷം പൂർത്തിയാവുന്ന മുറക്ക് അതിന്റെ രണ്ടര ശതമാനം സകാത്ത് നൽകണം.

ശമ്പളത്തിന്റെ സകാത്ത്

50,000 രൂപ മാസശമ്പളം വാങ്ങിക്കുന്ന ഒരു സർക്കാർ ജീവനക്കാരനാണ് ഞാന്‍. ഞാൻ സകാത്ത് നൽകേണ്ടതുണ്ടോ? എങ്കിൽ എങ്ങനെയാണത് നൽകേണ്ടത്?

താങ്കളുടെ കൈവശം നിസ്വാബ് എത്തിയ തുക അഥവാ 85 ഗ്രാം സ്വർണത്തിന്റെ വിലക്ക് തുല്യമായ തുക എപ്പോൾ വന്നുചേരുന്നുവോ അപ്പോൾ മുതൽ അതിന്റെ സകാത്ത് വർഷം ആരംഭിക്കുന്നു. അങ്ങനെ ഒരു വർഷം പൂർത്തിയായപ്പോൾ അതിൽ കുറയാത്ത തുക താങ്കളുടെ കൈവശം അവശേഷിക്കുന്നുവെങ്കിൽ അതിന്റെ രണ്ടര ശതമാനം സകാത്ത് നൽകുക. തുടർന്നുള്ള വർഷങ്ങളിൽ അതേ പോലെ തുടരുക. എന്നാൽ, വർഷം പൂർത്തിയായപ്പോൾ അത്രയും തുകയില്ലെങ്കിൽ താങ്കൾക്ക് സകാത്ത് നിർബന്ധമല്ല.

കൃഷിയുടെ സകാത്ത്

തേങ്ങ, വാഴക്കുല, പച്ചക്കറികൾ എന്നിവ കൃഷി ചെയ്യുകയും അവ വിറ്റ് വരുമാനം ഉണ്ടാക്കുകയും ചെയ്യുന്ന ഒരു കർഷകനാണ് ഞാൻ. ലാഭകരമല്ലാത്തതിനാലും തൊഴിലാളികളെ വേണ്ട രീതിയിൽ ലഭിക്കാത്തതിനാലും നെൽകൃഷി ചെയ്യാറില്ല. കൃഷിയുടെ സകാത്ത് എങ്ങനെയാണ് കണക്കാക്കുക?

വരുമാനത്തിനായി തേങ്ങ, റബ്ബർ, വാഴപ്പഴം, പച്ചക്കറി തുടങ്ങിയവ കൃഷി ചെയ്ത് ധനം സമ്പാദിക്കുന്നവർ അവ വിറ്റും അല്ലാതെയും തങ്ങളുടെ കൈവശം നിസ്വാബ് എത്തിയ തുക അഥവാ 85 ഗ്രാം സ്വർണത്തിന്റെ വിലയ്ക്ക് തുല്യമായ തുക എപ്പോൾ വന്നുചേരുന്നുവോ അപ്പോൾ മുതൽ അതിന്റെ സകാത്ത് വർഷം ആരംഭിച്ചതായി കണക്കാക്കുക. അങ്ങനെ ഒരു വർഷം പൂർത്തിയാവുമ്പോൾ അതിൽ കുറയാത്ത തുക തന്റെ ഉടമസ്ഥതയിൽ അവശേഷിക്കുന്നുവെങ്കിൽ അതിന്റെ രണ്ടര ശതമാനം സകാത്ത് നൽകുക. തുടർന്നുള്ള വർഷങ്ങളിലും അതേ പോലെ തുടരുക. എന്നാൽ, വർഷം പൂർത്തിയായപ്പോൾ അത്രയും തുകയില്ലെങ്കിൽ അങ്ങനെയുള്ളവക്ക് സകാത്ത് നിർബന്ധ ബാധ്യതയില്ല. l