യുവത്വം; ജീവിതത്തിലെ ഏറ്റവും തിരക്കുപിടിച്ച പ്രായം. ജോലിയും ബിസിനസും കുടുംബവും വീടും സൗഹൃദങ്ങളും സാമൂഹിക പ്രവർത്തനങ്ങളുമൊക്കെയായി നിറഞ്ഞും കവിഞ്ഞും ഒഴുകുന്ന കാലം. അതേ സമയം എല്ലാറ്റിനെയും വേണ്ടതുപോലെ ചേർത്തു പിടിക്കാൻ കഴിയാത്ത സാഹചര്യം സ്വാഭാവികമായും വന്നു ചേരുകയും ചെയ്യും. ജീവിതത്തിന്റെ മുന്നോട്ടുള്ള ഒഴുക്കിൽ ഏതെങ്കിലുമൊന്നിലേക്കോ ചിലതിലേക്കോ സമയവും ശ്രദ്ധയും പരിഗണനയുമൊക്കെ ചാഞ്ഞുപോകുമ്പോൾ നമ്മളറിയാതെ മറ്റു പലതും ചോർന്നു പോകുന്നുണ്ടാകും. ചിലപ്പോഴത് ദാമ്പത്യമാകാം, മക്കളാകാം, പടച്ചോനോടുള്ള ബന്ധമാകാം, സാമൂഹിക പ്രവർത്തനമാകാം, സൗഹൃദങ്ങളാകാം. ഏത് ചോർന്നുപോയാലും അത് യുവത്വത്തിന്റെ സൗന്ദര്യത്തെ കെടുത്തിക്കളയും.
തിരക്കുകൾക്ക് ഒരു ദിവസം അവധി കൊടുത്ത് ഒരുമിച്ചിരിക്കാം. സമാന പ്രായക്കാരോടൊപ്പം കുടുംബവും മക്കളുമായി ഒരു യുവത്വത്തിന്റെ വൈബുള്ള കൂടിയിരുത്തം. പടച്ചോനെയും ദീനിനെയും കുടുംബത്തെയും വീടിനെയും നാടിനെയും കുറിച്ചൊക്കെ പങ്ക് വെക്കലുകളാകാം. നമ്മളിലുള്ളതൊക്കെയും മെച്ചപ്പെടുത്താനും ഇല്ലാതായിപ്പോകുന്നതിനെ ചേർത്തു വെക്കാനും ഒന്ന് ഉള്ളു തുറന്ന് ശ്രമിച്ചു നോക്കാം. സോളിഡാരിറ്റി അതിനുള്ള അവസരമൊരുക്കുകയാണ് യൂത്ത് കഫേയിലൂടെ. തീർച്ചയായും വരുംകാല ജീവിതത്തിന് വെളിച്ചമാകുന്ന ചിലതൊക്കെ അതിലൂടെ നമുക്ക് നേടാനായേക്കാം.
യുവാക്കളുടെയും അവരുടെ കുടുംബത്തിന്റെയും ദീനീ സംസ്കരണം സാധ്യമാക്കുകയെന്നതാണ് യൂത്ത് കഫേയുടെ പ്രാഥമിക ലക്ഷ്യം. അല്ലാഹുവിന്റെ ഖലീഫയെന്ന നിലയിൽ ഈ ലോകത്ത് വലിയ ഉത്തരവാദിത്വങ്ങൾ നിർവഹിക്കുന്നവനാണ് വിശ്വാസി. ഈ ഉത്തരവാദിത്വ നിർവഹണത്തിന് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് ഇസ്‌ലാമികമായ ജീവിതസങ്കൽപവും ലോകഭാവനയും ഉണ്ടാകൽ. യുവാക്കൾക്ക് ശക്തമായ ആദർശത്തിന്റെ വെളിച്ചത്തിലുള്ള ജീവിത ശൈലി നൽകാൻ യൂത്ത് കഫേ സഹായകമാകും. ഒരാളുടെ ദീനീ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത കാര്യമാണ് കുടുംബത്തിന്റെ ദീനീവൽക്കരണം. ഇണകളും മക്കളും ദീനിന്റെ മാർഗത്തിൽ ആണെങ്കിൽ മാത്രമേ ഇരു ലോകത്തും വിജയിക്കാൻ വിശ്വാസിക്ക് സാധിക്കുകയുള്ളൂ.
''ശാശ്വതമായ സ്വർഗീയാരാമങ്ങളിൽ അവർ പ്രവേശിക്കും. സ്വാലിഹുകളായ അവരുടെ മാതാപിതാക്കൾ, ഇണകൾ, മക്കൾ എന്നിവരും അവരോടൊപ്പം പ്രവേശിക്കും'' (അർറഅ്ദ് 23,24) എന്ന് ഖുർആൻ പറയുന്നുണ്ട്. മക്കളും മാതാപിതാക്കളും ഇണകളും മരണാനന്തരം സ്വര്‍ഗത്തില്‍ ഒന്നിച്ച് ചേരുന്ന ആനന്ദകരമായ സന്ദര്‍ഭത്തെ കുറിച്ചാണ് അല്ലാഹു ഇവിടെ പറയുന്നത്. കുടുംബത്തെക്കുറിച്ചുള്ള വിശ്വാസിയുടെ സ്വപ്‌നത്തിന്റെ ചിത്രമാണ് ഈ ആയത്ത് വരച്ചുവെക്കുന്നത്. സ്വര്‍ഗത്തില്‍ പ്രവേശിക്കാനുള്ള പ്രധാന ഗുണമായി ഇവിടെ പറഞ്ഞിരിക്കുന്നത് അവരില്‍ 'സ്വലാഹ്' ഉണ്ടാവുക എന്നതാണ്. എല്ലാ നന്മകളും ഗുണങ്ങളും ഉണ്ടാകലാണ് 'സ്വലഹ' എന്ന വാക്കിനർഥം. മക്കളുടെയും കുടുംബാംഗങ്ങളുടെയും കൈകോര്‍ത്ത് പിടിച്ച് സ്വര്‍ഗത്തിലേക്ക് സ്വാഗതം ചെയ്യപ്പെടുന്ന സുന്ദര മുഹൂര്‍ത്തം ലക്ഷ്യം വെച്ചുകൊണ്ടാണ് വിശ്വാസി കുടുംബ ജീവിതം നയിക്കേണ്ടത്. വിശ്വാസി ഇസ്‌ലാമിക ജീവിതം പരിശീലിക്കുന്ന അടിസ്ഥാന യൂനിറ്റാണ് കുടുംബം. വിശ്വാസികളുടെ ജീവിത ലക്ഷ്യമായ ദീന്‍ സ്ഥാപിക്കലും, ദൗത്യമായ സത്യസാക്ഷ്യവും അടിസ്ഥാനപരമായി നടപ്പാകേണ്ട സംവിധാനമാണ് കുടുംബം. വ്യക്തികളുടെ ഇസ്‌ലാമിക ജീവിതവും ഭാവി വിജയവും തീരുമാനിക്കുന്നതില്‍ കുടുംബത്തിന് വലിയ പങ്കുണ്ട്. ഉദാരവാദവും വ്യക്തിവാദവും ശക്തമായിക്കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തിൽ ഇത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. അതിനാൽ കുടുംബത്തോടൊപ്പം യുവാക്കൾക്ക് ദീനീ സംസ്‌കരണം സാധ്യമാക്കുകയെന്നത് യൂത്ത് കഫേയുടെ പ്രധാന പരിഗണനയാകും.
പുതിയ കാലത്ത് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു മേഖലയാണ് മെന്റൽ ഹെൽത്ത് അഥവാ മാനസികാരോഗ്യം. മെന്റൽ ഹെൽത്തുമായി ബന്ധപ്പെട്ട വലിയ ഇൻവെസ്റ്റ്മെന്റുകളും നിരവധി കൗൺസലിംഗ് സ്ഥാപനങ്ങളും ഇന്ന് വ്യാപകമാണ്. ആളുകൾ ഇന്ന് അനുഭവിക്കുന്ന വലിയ പ്രശ്നങ്ങളിൽ ഒന്ന് മെന്റൽ ഹെൽത്തുമായി ബന്ധപ്പെട്ടതാണ്. ടെൻഷൻ, ഡിപ്രഷൻ തുടങ്ങിയവ കൗമാരക്കാരിലും യുവതീ യുവാക്കളിലും വർധിച്ചുവരുന്നു. ഗർഭകാല ഡിപ്രഷൻ, ഗർഭാനന്തര ഡിപ്രഷൻ തുടങ്ങിയവയും കൂടിക്കൊണ്ടിരിക്കുന്നു.
വ്യക്തികളിൽ മാനസികാരോഗ്യം ശക്തിപ്പെടുത്തുന്നതിൽ ഏറ്റവും കൂടുതൽ പങ്കുവഹിക്കാനാവുക കുടുംബത്തിനാണ്. സമാധാനവും ശാന്തിയും ലഭിക്കുന്ന ഇടം അന്വേഷിച്ചു നടക്കുന്നവരാണ് അധികമാളുകളും. അങ്ങനെ സമാധാനം അന്വേഷിച്ച് അലയേണ്ട ആവശ്യമില്ലെന്നും വീട്ടിനകത്തു നിന്ന് അത് ലഭിക്കേണ്ടതാണെന്നുമാണ് അല്ലാഹു ഉണർത്തുന്നത്. വീട്ടിലെ ഓരോ വ്യക്തിയും വ്യത്യസ്ത ഇടങ്ങളിൽ എൻഗേജ് ചെയ്യുന്നവരാണ്. അയൽപക്കം, നാട് , നാട്ടുകാർ, കൂട്ടുകാർ, തൊഴിലിടം, കാമ്പസ് തുടങ്ങിയവ ഉദാഹരണം. ഈ ഇടങ്ങളിൽ വെച്ച് നമ്മുടെ മക്കൾക്കും ഇണകൾക്കും ഏറ്റവും പ്രിയപ്പെട്ട ഇടമായി കുടുംബം മാറുകയാണെങ്കിൽ സുന്ദരമായ കുടുംബമായിരിക്കും അത്.
കുടുംബത്തിലെ ഓരോ വ്യക്തിയുടെയും മാനസികാരോഗ്യം ശക്തിപ്പെടുത്താൻ സഹായിക്കുന്ന തരത്തിൽ കുടുംബത്തിനകത്തും വീട്ടിലെ വ്യക്തികൾക്കിടയിലും രൂപപ്പെടേണ്ട ഘടകങ്ങളെ കുറിച്ച് യൂത്ത് കഫേയിൽ ചർച്ച ചെയ്യപ്പെടും. ലൈഫ് സ്റ്റൈൽ ബാലൻസിംഗിനെ കുറിച്ച ചർച്ചകളും യൂത്ത് കഫേയിൽ ഉണ്ടാകും. ഫാമിലി ബജറ്റിംഗ്, ഫിനാൻസിംഗ്, വരുമാനം, ജോലി, പാരന്റിംഗ്, കഴിവുകളുടെ പരിപോഷണം, കുട്ടികളുടെ ആക്ടിവിറ്റികൾ എന്നിവക്കുള്ള ക്രിയാത്മക രീതികളും യൂത്ത് കഫേയുടെ ഭാഗമായിരിക്കും.
സംസ്ഥാനത്തുടനീളം എൺപതിൽ അധികം കേന്ദ്രങ്ങളിൽ സംഘടിപ്പിക്കപ്പെടുന്ന യൂത്ത് കഫേകളിലൂടെ, ദീനിന്റെ വെളിച്ചത്തിൽ കുടുംബത്തെ കൈപിടിച്ച് മനോഹരമായ ജിവിതത്തിലേക്ക് നടന്നുകയറാനുള്ള പുതിയ വാതിലുകൾ തുറക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. l
വിശുദ്ധ ഖുർആൻ പഠിക്കാൻ വിവിധ രാജ്യങ്ങളിൽ പല ഭാഷകളിൽ ധാരാളം സംവിധാനങ്ങളും സ്ഥാപനങ്ങളും സൗകര്യങ്ങളുമുണ്ട്. ബഹ്‌റൈനിൽ പ്രവർത്തിക്കുന്ന ബൈത്തുൽ ഖുർആൻ എന്ന സ്ഥാപനം ഇതിൽ പ്രമുഖ സ്ഥാനം വഹിക്കുന്നു. ഇത്രയും വിപുലമായ രീതിയിൽ ഒരു ഖുർആൻ മ്യൂസിയം ലോകത്ത് തന്നെ ബഹ്‌റൈനിലാണ് ആദ്യമായി നിർമിക്കപ്പെടുന്നത്. ഖുർആൻ - ഇസ്ലാമിക കലകൾക്കായി സമർപ്പിച്ചിരിക്കുന്ന വിവിധോദ്ദേശ്യ സമുച്ചയമാണിത്. 1990-ൽ സ്ഥാപിതമായ ഈ സമുച്ചയം ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഇസ്ലാമിക മ്യൂസിയങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു. ഏഴാം നൂറ്റാണ്ടിന്റെ അവസാനത്തിൽ വികസിപ്പിച്ച ഖുർആനിന്റെ ആദ്യകാല കൂഫിക് കൈയെഴുത്തുപ്രതി വരെ ഇവിടെ പ്രദർശിപ്പിച്ചിട്ടുണ്ട്. ഇന്ന് ലോകത്തിന്റെ പല ഭാഗത്തും ഖുർആൻ മ്യൂസിയങ്ങൾ നിലവിൽ വന്നെങ്കിലും ഇത്രയും അപൂർവ ശേഖരങ്ങളുള്ള മറ്റൊരു മ്യൂസിയം കാണാൻ പ്രയാസമാണ്.
ബഹ്‌റൈനിലെ അറിയപ്പെടുന്ന എഴുത്തുകാരനും എഞ്ചിനീയറുമായ ഡോ. അബ്ദുല്ലത്വീഫ് ജാസിം കാനൂ ആണ് ഇങ്ങനെയൊരു ആശയത്തിന്റെ പിന്നിൽ. അദ്ദേഹത്തിന്റെ കൈയിലുണ്ടായിരുന്ന നിരവധി അപൂർവങ്ങളായ ഖുർആൻ കൈയെഴുത്തു പ്രതികളും പകർപ്പുകളുമാണ് ഇങ്ങനെയൊരു സംരംഭത്തിലേക്ക് വഴിതുറക്കുന്നത്. അദ്ദേഹത്തിന്റെ ഏറെ നാളത്തെ പരിശ്രമഫലമാണ് ഈ സംരംഭം. ഖുർആൻ / അറബിക് കാലിഗ്രഫിയുടെ അപൂർവ ശേഖരങ്ങൾ എവിടെകണ്ടാലും അദ്ദേഹം കാശ് കൊടുത്തു അത് സ്വന്തമാക്കുമായിരുന്നു. ഇതിനു വേണ്ടി മാത്രം അദ്ദേഹം ലോകത്ത് പലയിടത്തും സഞ്ചരിച്ചിട്ടുണ്ട്. സാധാരണക്കാർ കൂടി പങ്കാളികളായ പൊതുസമ്പത്തിലൂടെ പടുത്തുയർത്തിയ ഒരു സംരംഭമെന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്. പൊതുസമൂഹത്തിൽനിന്നും, രാജ്യത്തിനകത്തും മറ്റു ജി.സി.സി രാജ്യങ്ങളിൽനിന്നുമുള്ള വിവിധ ചാരിറ്റി സംഘടനകളിൽനിന്നും പ്രമുഖരിൽനിന്നുമുള്ള സാമ്പത്തിക സഹായവും കൂടി സ്വീകരിച്ചാണ് ഇതിന്റെ നിർമാണം പൂർത്തിയാക്കിയത്. 1984-ൽ നിർമാണം തുടങ്ങി 1990-ലാണ് ബൈത്തുൽ ഖുർആൻ സന്ദർശകർക്കായി തുറന്നുകൊടുത്തത്. ബഹ്‌റൈൻ സാംസ്‌കാരിക വകുപ്പിന് കീഴിൽ സ്വതന്ത്ര സ്ഥാപനമായി പ്രവർത്തിക്കുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിലെ ഇസ്‌ലാമിക വാസ്തുശിൽപ മാതൃകയിലാണ് ഇതിന്റെ കെട്ടിടം രൂപകൽപന ചെയ്‌തിരിക്കുന്നത്.
വിശുദ്ധ ഖുർആന്റെ ആദ്യകാല ഏടുകൾ മുതൽ ഏറ്റവും നവീനമായ ഖുർആൻ അച്ചടിരൂപങ്ങൾ വരെ സമാഹരിച്ചിരിക്കുന്നു ഈ കേന്ദ്രത്തിലെ 'അൽ ഹയാത്ത്' മ്യൂസിയത്തിൽ. ഇറാഖ്, യമൻ, തുർക്കിയ തുടങ്ങിയ രാജ്യങ്ങളിൽനിന്ന് കണ്ടെടുക്കപ്പെട്ട ആദ്യകാല കൂഫി ലിപിയിലും മറ്റുമുള്ള അപൂർവ ഖുർആൻ കൈയെഴുത്ത് പ്രതികളാണ് സന്ദർശകരെ ആദ്യം വരവേൽക്കുക. ഇറാഖിൽനിന്ന് ലഭിച്ച, മരത്തൊലിയിൽ കറുത്ത മഷിയിൽ രൂപപ്പെടുത്തിയ അപൂർവ പ്രതിയും ഇവിടെയുണ്ട്. പന്ത്രണ്ട് വാക്യങ്ങൾ അടങ്ങുന്നതാണ് ഒരു പേജ്. ഇത്തരം 280 പേജുകളാണുള്ളത്. സി.ഇ ഒമ്പതാം നൂറ്റാണ്ടിലുള്ളതാണിത്. ഖലീഫ ഉസ്മാന്റെ ഭരണകാലത്ത് ഏടുകളുടെ രൂപത്തിൽ എഴുതിയ ഖുർആന്റെ ആദ്യ കോപ്പി, സി.ഇ 1694-ൽ ജർമനിയിൽ അച്ചടിച്ച ഖുർആനിന്റെ ആദ്യ കോപ്പി എന്നിവ ഉൾപ്പെടെ ഏകദേശം ഖുർആന്റെ 10,000 പകർപ്പുകളും കൈയെഴുത്തു പ്രതികളും ഇവിടെയുണ്ട്. മൃഗങ്ങളുടെ തോലിലും കല്ല്, മരം എന്നിവക്ക് മേലും കുറിച്ചിട്ട പൗരാണിക ഖുർആൻ ലിഖിതങ്ങളുടെ രൂപമാതൃകകൾ ഇവിടെ ധാരാളമായുണ്ട്; ഖുർആനിക കാലിഗ്രഫിയുടെ നിരവധി മാതൃകകളും.
മ്യൂസിയത്തിന്റെ ഘടനയും വേറിട്ടതും മനോഹരവുമാണ്. മൂന്നു നിലകളിലായി പത്ത് ഹാളുകളിലായാണ് മ്യൂസിയം സംവിധാനിച്ചിരിക്കുന്നത്. ഫൈബർ ഒപ്റ്റിക് ലൈറ്റിങ് സാങ്കേതികതയാണ് മ്യൂസിയത്തിൽ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഇസ്‌ലാമിക കാലിഗ്രഫിയുടെ വർണപ്രപഞ്ചവും ഇവിടെ മനോഹരമായി വിന്യസിച്ചിരിക്കുന്നു. ഇന്ത്യൻ, ഇറാനി, അഫ്‌ഗാനി കാലിഗ്രഫി മാതൃകയിൽ രൂപപ്പെടുത്തിയ ഖുർആൻ വാക്യങ്ങളുടെ നല്ലൊരു ശേഖരവും മനോഹരമായി സംവിധാനിച്ചിരിക്കുന്നു. ഖുർആൻ പഠനത്തിനും ഗവേഷണത്തിനും സൗകര്യപ്രദമായ രീതിയിൽ 'അൽ ഫുർഖാൻ' എന്ന പേരിൽ ഒരു റഫറൻസ് ലൈബ്രറിയും പ്രവർത്തിക്കുന്നു. അറബി, ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളിലായി ഖുർആനും അനുബന്ധ വിഷയങ്ങളുമായും ബന്ധപ്പെട്ട അര ലക്ഷത്തിലേറെ ഗ്രന്ഥങ്ങൾ ഇവിടെയുണ്ട്. ലോകത്തെ മികച്ച സർവകലാശാലകളുമായി നിരന്തരം ബന്ധപ്പെടുകയും ഖുർആൻ സംബന്ധിച്ച പുതിയ വിവരങ്ങൾ കൈമാറുകയും ചെയ്യാനുള്ള സംവിധാനം ബൈത്തുൽ ഖുർആനിനെ കൂടുതൽ മികവുറ്റതാക്കുന്നു. സുഊദി അറേബ്യയിലെ മുൻ ഓയിൽ മന്ത്രി ശൈഖ് അഹ്‌മദ് സാകി യമാനിയാണ് ലൈബ്രറിയുടെ രൂപീകരണത്തിന് വലിയ സാമ്പത്തിക സഹായം നൽകിയത്.
ഖുർആൻ മനഃപാഠം, പാരായണ ശാസ്ത്രം എന്നിവയുടെ പഠനത്തിനായുള്ള യൂസുഫ് ബിൻ അഹ്‌മദ് കാനൂ സ്‌കൂളും ഇതിന്റെ ഭാഗമായി പ്രവർത്തിക്കുന്നു. യുവാക്കളിലും വിദ്യാർഥികളിലും അവരുടെ അഭിരുചിക്കനുസരിച്ചു ഖുർആൻ പഠിക്കാൻ ഇവിടെ സംവിധാനമുണ്ട്. ഖുർആൻ പഠനത്തിനും പാരായണത്തിനും പ്രമുഖ പണ്ഡിതന്മാരാണ് നേതൃത്വം നൽകുന്നത്. 'മുഹമ്മദ് ബിൻ ഖലീഫാ ആൽ ഖലീഫ' ലക്ച്ചർ ഹാൾ ഇതിനു വേണ്ടിയാണ്. ലോക പ്രശസ്‌തരായ പണ്ഡിതന്മാരുടെയും പ്രഭാഷകരുടെയും പരിപാടികൾ ഇവിടെ നടക്കാറുണ്ട്. ബൈത്തുൽ ഖുർആന്റെ കവാടത്തോട് ചേർന്നുള്ള അബ്‌ദുർറഹ്‌മാൻ ജാസിം കാനൂ മസ്‌ജിദും ഏറെ ഭംഗിയിലാണ് നിർമിച്ചിരിക്കുന്നത്. മികച്ച ഇസ്‌ലാമിക വാസ്തുശിൽപ മാതൃകയാണ് ഈ പള്ളി. l
അരനൂറ്റാണ്ട് പിന്നിടുന്ന പേരാമ്പ്ര ദാറുന്നുജൂം യതീം ഖാനയുൾപ്പെടെ ഒരു നാടിന്റെ പരിവർത്തനത്തിന് ഹേതുവായ നിരവധി സംരംഭങ്ങളുടെ അമരക്കാരനും വിദ്യാഭ്യാസ-ജീവകാരുണ്യ പ്രവർത്തകനുമായ വി.ടി കുഞ്ഞാലി മാസ്റ്ററെ പരിചയപ്പെടുത്തുന്നു.
സ്വാതന്ത്ര്യ സമര സേനാനിയും കോൺഗ്രസ് നേതാവുമായിരുന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ ആശയങ്ങളാൽ പ്രചോദിതനായാണ് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിൽ ദാറുന്നുജൂം യതീം ഖാനക്ക് വി.ടി കുഞ്ഞാലി മാസ്റ്റർ 1971-ൽ തുടക്കം കുറിക്കുന്നത്. 1948 മുതൽ മൂന്ന് വർഷം പരപ്പിൽ എം.എം ഹൈസ്കൂളിൽ പഠിച്ചിരുന്ന കാലത്ത് കുഞ്ഞാലി മാസ്റ്റർ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് സ്ഥാപിച്ച അൽ അമീൻ പത്രത്തിന്റെ ലോഡ്ജിലായിരുന്നു താമസിച്ചിരുന്നത്. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് 1945-ൽ മരണപ്പെട്ടെങ്കിലും അൽ അമീൻ ലോഡ്ജിലെ താമസവും, സാഹിബിന്റെ സഹചാരിയും സ്വാതന്ത്ര്യ സമര സേനാനിയുമായ ഇ. മൊയ്തു മൗലവി ഉൾപ്പെടെയുള്ള പ്രമുഖരുടെ സഹവാസവും കുഞ്ഞാലി മാസ്റ്ററുടെ വ്യക്തിത്വ രൂപീകരണത്തിൽ ചെറുതല്ലാത്ത സ്വാധീനമാണ് ചെലുത്തിയത്. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് തുടങ്ങിവെച്ച സാമൂഹിക പരിഷ്കരണ ദൗത്യത്തെ ഹൃദയത്തിൽ ഏറ്റെടുത്തായിരുന്നു കുഞ്ഞാലി മാസ്റ്റർ ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം നാട്ടിലേക്ക് മടങ്ങിയത്.
കർമ മണ്ഡലത്തിലെ സ്വപ്ന സഞ്ചാരം
കുഞ്ഞാലി മാസ്റ്റർക്ക് പ്രായം തൊണ്ണൂറോടടുക്കുകയാണ്. ഓർമയുടെ അറകളിലേക്ക് സഞ്ചരിക്കുന്നതിന് മാസ്റ്റർക്ക് പ്രായം തടസ്സമേയല്ല. 'സ്വപ്നം കാണേണ്ടത് ഉറക്കത്തിലല്ല, പകൽ കാണുന്നതാണ് യഥാർഥ സ്വപ്നം' എന്ന മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിന്റെ വാക്കുകൾ ഉദ്ധരിച്ചായിരുന്നു കുഞ്ഞാലി മാസ്റ്റർ സംസാരം ആരംഭിച്ചത്. വെറും പകൽ കിനാവുകളായിരുന്നില്ല വയൽതൃക്കോവിൽ കുഞ്ഞാലിയെന്ന വി.ടി കുഞ്ഞാലി മാസ്റ്റർ കണ്ടത്. കുറ്റ്യാടി തളീകര മാരാപുതിയോട്ടിൽ മൊയ്തീൻ ഹാജിയുടെയും മറിയത്തിന്റെയും മകനായി പേരാമ്പ്രക്കടുത്തുള്ള കാമ്പ്രം ഇല്ലത്ത് തറവാട്ടിലാണ് ജനനം. പേരാമ്പ്രയിലെ നാടുവാഴികളുടെ തറവാടായ വയൽതൃക്കോവിൽ 1944-ൽ പിതാവ് വിലകൊടുത്തു വാങ്ങിയതോടെ അതായി മേൽവിലാസം. മരക്കച്ചവടക്കാരനായ പിതാവ് മൊയ്തീൻ ഹാജി സമ്പന്നനും ധർമിഷ്ഠനുമായിരുന്നു. പുരോഗമന ആശയങ്ങളോട് അനുഭാവവും താൽപര്യവും ഉണ്ടായിരുന്നു. മഖ്ദൂം കുടുംബത്തിൽ ജനിക്കുകയും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ബ്രിട്ടീഷുകാർ വളപട്ടണത്തേക്ക് നാടുകടത്തുകയും ചെയ്ത അബ്ദുല്ലക്കുട്ടി മൗലവി കുറ്റ്യാടിയിലെ പുരോഗമന പ്രവർത്തനങ്ങളുടെ നായകനായെത്തിയ കാലത്ത് അദ്ദേഹത്തെ പേരാമ്പ്രയിൽ കൊണ്ടുവന്ന് പ്രസംഗിപ്പിക്കുന്നതിന് ഹാജി മുൻകൈയെടുത്തിരുന്നു. കുഞ്ഞാലി മാസ്റ്ററുടെ പത്താം വയസ്സിൽ പിതാവ് അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകി. കുഞ്ഞാലി മാസ്റ്ററും ഒരു സഹോദരിയുമുൾപ്പെടെ ബാല്യം പിന്നിടാത്ത 6 മക്കളെയായിരുന്നു ആ മരണം അനാഥമാക്കിയത്.
ആയിടക്കാണ് മലപ്പുറം മേലാറ്റൂരിൽനിന്ന് പി. സെയ്താലിക്കുട്ടി മൗലവിയെന്ന പണ്ഡിതൻ പേരാമ്പ്രയിലെത്തുന്നത്. യാഥാസ്ഥിതിക കാഴ്ചപ്പാടുകളുടെ കെട്ടുകളിൽ കുടുങ്ങിക്കിടന്ന സമുദായത്തിന് മത വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി അദ്ദേഹം നുസ്റത്തുൽ ഇസ് ലാം മദ്റസ ആരംഭിച്ചു. മദ്റസയിൽ എൽ.പി സ്കൂളിനുള്ള അനുമതികൂടി ലഭിച്ചതോടെ ഭൗതിക വിദ്യാഭ്യാസത്തിനുള്ള അവസരവും പ്രദേശവാസികൾക്ക് കൈവന്നു. ഇന്ന് എൻ.ഐ.എം.എൽ.പി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന നുസ്റത്തുൽ ഇസ് ലാം മദ്റസാ എൽ.പി സ്കൂളിലായിരുന്നു കുഞ്ഞാലി മാസ്റ്ററുടെ പ്രാഥമിക വിദ്യാഭ്യാസം. പഠനത്തിൽ മിടുക്കനായ കുഞ്ഞാലിക്ക് സെയ്താലിക്കുട്ടി മൗലവി പ്രത്യേക ശ്രദ്ധ നൽകി. അനാഥത്വത്തിന്റെ കയ്പറിഞ്ഞ കുഞ്ഞാലിയെന്ന കുരുന്നിന് രക്ഷിതാവിന്റെ കരസ്പർശമാവുകയായിരുന്നു സെയ്താലിക്കുട്ടി മൗലവി. കുഞ്ഞാലിയുടെ ഒരു ചുവടും പിഴക്കരുതെന്ന് മൗലവിക്ക് നിർബന്ധമുണ്ടായിരുന്നു. മൗലവിയുടെ തന്നെ പ്രേരണയിലാണ് 1948-ൽ മൂന്ന് വർഷത്തെ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനായി കുഞ്ഞാലി മാസ്റ്റർ കോഴിക്കോട്ടെത്തിയതും.
ജീവിതത്തിന് ഒരു ലക്ഷ്യവും അതിലേക്ക് നയിക്കുന്ന ശരിയായ മാർഗവും കണ്ടെത്തണമെന്ന് കോഴിക്കോട് നഗരത്തിലെ പഠനം പൂർത്തിയാക്കി മടങ്ങുമ്പോൾ തന്നെ അദ്ദേഹം മനസ്സിൽ കുറിച്ചിട്ടതാണ്. അധ്യാപകനാവാനുള്ള യോഗ്യതയും അദ്ദേഹം നേടിയിട്ടുണ്ട്. പഠനം പൂർത്തിയാക്കിയതിന്റെ അടുത്ത വർഷം തന്നെ അധ്യാപന ജോലിക്ക് അവസരം ലഭിച്ചു. ഇരിങ്ങത്ത് എൽ.പി സ്കൂളിൽ ഹെഡ്മാസ്റ്ററായിട്ടായിരുന്നു ആദ്യത്തെ നിയമനം. അവിടെ സേവനം ചെയ്തുകൊണ്ടിരിക്കെ തന്റെ അധ്യാപകൻ കൂടിയായ എഴുത്തച്ഛൻ മാഷ് പേരാമ്പ്ര ഹൈസ്കൂളിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു. അവിടെ യു.പി സെക് ഷനിൽ അധ്യാപകനാക്കി നിയമിച്ചു. അമ്പതിലധികം അധ്യാപകരുണ്ടായിരുന്ന സ്കൂളിലെ രണ്ട് മുസ് ലിം അധ്യാപകരിൽ ഒരാളായിരുന്നു കുഞ്ഞാലി മാസ്റ്റർ. ഇത് മുസ് ലിം വിദ്യാഭ്യാസത്തിന്റെ ശോചനീയാവസ്ഥ വെളിപ്പെടുത്തുന്നുണ്ട്. സ്കൂളിലെ ജോലിയിലും കുടുംബത്തിലും മാത്രമായി തന്റെ ജീവിതത്തെ പരിമിതപ്പെടുത്താൻ കുഞ്ഞാലി മാസ്റ്റർ തയാറായിരുന്നില്ല. മുസ് ലിം സമുദായത്തിന്റെ വിദ്യാഭ്യാസപരവും സാമൂഹികവുമായ പിന്നാക്ക സ്ഥിതി മാസ്റ്ററെ വല്ലാതെ അലട്ടി. രാഷ്ട്രീയ നേതാവായി ഉയരാനുള്ള എല്ലാ സാധ്യതകളും ഒത്തുവന്നിട്ടും സാമുദായിക പരിഷ്കരണ പ്രവർത്തനങ്ങളാണ് തന്റെ ദൗത്യമെന്ന് തീരുമാനിച്ചുറപ്പിക്കാൻ അതാണ് കാരണമായത്. പുരോഗമന ആശയങ്ങളോടും സംഘടനകളോടും ചേർന്നുനിന്നുകൊണ്ട് അദ്ദേഹം തന്റെ കർമമണ്ഡലം ചിട്ടപ്പെടുത്തി.
ദാറുന്നുജൂം അഥവാ നക്ഷത്രങ്ങളുടെ ഗേഹം
ഇസ് ലാമിക് കൾച്ചറൽ അസോസിയേഷൻ എന്ന പേരിൽ യുവാക്കൾക്ക് വേണ്ടി ഒരു സാംസ്കാരിക വേദി രൂപവത്കരിച്ചുകൊണ്ടായിരുന്നു തുടക്കം. സമപ്രായക്കാരായ സുഹൃത്തുക്കളെയും നാട്ടിലെ യുവാക്കളെയും ചേർത്ത് പരിഷ്കരണ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള കൂട്ടായ്മ. അത് സജീവമായതോടെ 1968-ൽ കുഞ്ഞാലി മാസ്റ്ററുടെയും പ്രഫ. ടി അബ്ദുല്ല സാഹിബിന്റെയും നേതൃത്വത്തിൽ നൊച്ചാട് ഹൈസ്കൂൾ ആരംഭിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങി. എ.വി അബ്ദുറഹ്മാൻ ഹാജിയും പ്രദേശത്തെ രാവുണ്ണി നായരുൾപ്പെടെയുള്ള പൗരപ്രമുഖരും നൽകിയ പിന്തുണയിൽ നൊച്ചാടെന്ന ഗ്രാമത്തിൽ ഹൈസ്കൂളെന്ന സ്വപ്നം സാക്ഷാത്കൃതമായി. പിന്നീട് ഹയർ സെക്കന്ററിയായി ഉയർത്തപ്പെട്ടു പ്രസ്തുത വിദ്യാഭ്യാസ സ്ഥാപനം. അതിനെത്തുടർന്ന് കക്കാട് ജുമാ മസ്ജിദ്, കൈതക്കൽ പള്ളി, നൊച്ചാട് പള്ളി, പേരാമ്പ്ര മസ്ജിദുന്നൂർ, പേരാമ്പ്ര ഹൈസ്കൂളിനടുത്തുള്ള സ്രാമ്പി, യതീം ഖാന പള്ളി തുടങ്ങിയവയൊക്കെയും കുഞ്ഞാലി മാസ്റ്ററുടെ നേതൃത്വത്തിൽ യാഥാർഥ്യമായി. സലഫി ആശയങ്ങളോടും ഇസ് ലാമിക പ്രസ്ഥാനത്തോടും ചേർന്നുനിന്നായിരുന്നു തന്റെ ആശയ പ്രതലം അദ്ദേഹം രൂപപ്പെടുത്തിയത്. യാഥാസ്ഥിതിക ചിന്തകളിൽനിന്ന് സമുദായത്തിന് വെളിച്ചം പകരാൻ നവോത്ഥാന ആശയങ്ങളുടെ അനിവാര്യത അദ്ദേഹത്തിന് ബോധ്യപ്പെട്ടിരുന്നു. മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിന്റെ ആശയങ്ങളെ മനസ്സിൽ താലോലിക്കുമ്പോൾ തന്നെയും, സമുദായ നവീകരണത്തിന് എല്ലാവരുമായും സഹകരിച്ചും അവരെ സഹകരിപ്പിച്ചുമായിരുന്നു കുഞ്ഞാലി മാസ്റ്റർ തന്റെ പരിഷ്കരണ പാത വെട്ടിത്തെളിച്ചത്.
പേരാമ്പ്രയിലെ നാടുവാഴിയായിരുന്ന ഗോശാലക്കൽ എ.ജി.കെ നായർ, തന്റെ ബന്ധുവീടായ വയൽതൃക്കോവിൽ തറവാട് വാങ്ങിച്ച കുഞ്ഞാലി മാസ്റ്ററുടെ കുടുംബവുമായി വളരെ അടുത്ത ബന്ധത്തിലായിരുന്നു. അതുകൊണ്ടുതന്നെ പേരാമ്പ്രയിൽ കുഞ്ഞാലി മാസ്റ്റർ ആരംഭിച്ച നവീകരണ സംരംഭങ്ങൾക്ക് എ.ജി.കെ നായരുടെ നിർലോഭ പിന്തുണ ലഭിച്ചു. എന്നാൽ, വിദ്യാഭ്യാസത്തോട് മുഖംതിരിഞ്ഞു നിന്ന സ്വന്തം സമുദായത്തിൽനിന്ന് ഉണ്ടായത് കയ്പേറിയ അനുഭവങ്ങളായിരുന്നു. പള്ളികളിലൊതുങ്ങിയിരുന്ന മുസ് ലിം വിദ്യാഭ്യാസത്തിന് ഒരു തിരുത്ത് കുറിക്കാൻ കുഞ്ഞാലി മാസ്റ്റർ നിരന്തരമായി ആലോചനകൾ നടത്തി. തന്റെ കോഴിക്കോടൻ വിദ്യാഭ്യാസ ജീവിതത്തിലെ ഹോസ്റ്റൽ അനുഭവം പേരാമ്പ്രയിൽ ഒരു ഹോസ്റ്റൽ തുടങ്ങുന്നതിനെക്കുറിച്ച ചിന്തയിൽ അദ്ദേഹത്തെ എത്തിച്ചു. പണംപയറ്റ് നടത്തി പേരാമ്പ്ര ഹൈസ്കൂളിനടുത്ത് പാറക്കണ്ടത്തിൽ 40 സെന്റ് സ്ഥലം അതിനായി വാങ്ങുകയും ചെയ്തു. ഈ ആശയം കുറ്റ്യാടിയിലെ പൗരപ്രമുഖനും ജമാഅത്തെ ഇസ് ലാമി പ്രവർത്തകനുമായ ഒ.കെ അമ്മദ് സാഹിബിനോട് പങ്കുവെച്ചതോടെ തന്റെ ചിന്തകൾക്ക് ഒരു വഴിത്തിരിവുണ്ടാവുകയായിരുന്നുവെന്ന് കുഞ്ഞാലി മാസ്റ്റർ ഓർത്തെടുക്കുന്നു. കേവലം ഹോസ്റ്റലല്ല, ഒരു യതീം ഖാനയാണ് നമുക്ക് വേണ്ടതെന്ന ഒ.കെയുടെ അഭിപ്രായമാണ് മാസ്റ്ററെ അങ്ങനെയൊരു ഉദ്യമത്തിലേക്ക് നയിച്ചത്. എന്നാൽ, യതീം ഖാനയെന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിന് ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്യേണ്ടതുണ്ടായിരുന്നു.
സമുദായത്തിലെ യാഥാസ്ഥിതികരുടെ വിമർശനം തന്നെയായിരുന്നു മുഖ്യ പ്രതിബന്ധം. പക്ഷേ, മുഴുവൻ സമുദായ നേതാക്കളുടെയും പിന്തുണ ഉറപ്പാക്കിക്കൊണ്ടുള്ള സംരംഭമായിരിക്കണമെന്ന നിർബന്ധമുള്ളതിനാൽ കുഞ്ഞാലി മാഷ് മത-രാഷ്ട്രീയ-സാംസ്കാരിക പൊതുമണ്ഡലങ്ങളിൽ പ്രവർത്തിക്കുന്ന പ്രമുഖരെ നേരിൽ പോയി കണ്ടു, അവരുടെ സമ്മതവും പിന്തുണയും ഉറപ്പാക്കി. യതീം ഖാനയുടെ ഉദ്ഘാടനച്ചടങ്ങിനെത്തിയ സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളോട് 'അത് ജമാഅത്തുകാരുടെ സ്ഥാപനമല്ലേ, തങ്ങൾ എന്തിനാണ് അതിൽ പങ്കെടുക്കുന്നത്' എന്ന പ്രാദേശിക യാഥാസ്ഥിതിക ചിന്താഗതിക്കാരുടെ ചോദ്യത്തിന്, 'ഇത് നമ്മൾകൂടിച്ചേർന്ന് വലുതാവട്ടെ’ എന്ന സർഗാത്മക മറുപടിയായിരുന്നു തങ്ങൾ അവർക്ക് നൽകിയതെന്ന് കുഞ്ഞാലി മാസ്റ്റർ ഓർത്തെടുത്തു.
32 മുറികളുള്ള തങ്ങളുടെ കുടുംബവീടായ വയൽതൃക്കോവിൽ തറവാട് യതീം ഖാനക്ക് വേണ്ടി തത്കാലം ഉപയോഗിക്കാമെന്ന കുഞ്ഞാലി മാസ്റ്ററുടെ നിർദേശം സഹോദരങ്ങളൊക്കെയും അംഗീകരിച്ചു. നേരത്തെ പാറക്കണ്ടത്തിൽ വാങ്ങിയ സ്ഥലം വിറ്റ് നിലവിൽ യതീം ഖാനയുടെ ഓഫീസ് പ്രവർത്തിക്കുന്ന കുട്ടമ്പത്ത് സ്ഥലം വാങ്ങി സ്വന്തം കെട്ടിടം നിർമിക്കുന്നത് വരെ വയൽതൃക്കോവിൽ തറവാട്ടിലായിരുന്നു യതീം ഖാന പ്രവർത്തിച്ചിരുന്നത്. 1971 മെയ് 5-ന് അന്നത്തെ ആഭ്യന്തര-വിദ്യാഭ്യാസ മന്ത്രി സി.എച്ച് മുഹമ്മദ് കോയയായിരുന്നു യതീം ഖാന ഉദ്ഘാടനം ചെയ്തത്. സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സംബന്ധിച്ചവരിൽ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പ്രമുഖരും ഉണ്ടായിരുന്നു. സംസ്ഥാനത്തിന്റെ അന്നത്തെ ചീഫ് എഞ്ചിനീയർ ടി.പി കുട്ട്യാമു സാഹിബായിരുന്നു നക്ഷത്ര ഗേഹം എന്നർഥം വരുന്ന ദാറുന്നുജൂം എന്ന പേര് നിർദേശിച്ചത്. 1970-ൽ പുതുക്കുടി ബാവാച്ചി ഹാജി പ്രസിഡന്റും പ്രഫ. ടി. അബ്ദുല്ല സാഹിബ് സെക്രട്ടറിയുമായി 23 അംഗ കമ്മിറ്റിക്ക് രൂപം നൽകി. എ.വി അബ്ദുറഹ്മാൻ ഹാജി, പി.വി കുഞ്ഞമ്മദ് ഹാജി, കളത്തിൽ കുഞ്ഞമ്മദ് ഹാജി, പി. അമ്മദ് മാസ്റ്റർ, വി.ടി ഇബ്റാഹീം സാഹിബ്, നെല്ലിയുള്ളതിൽ ആലിക്കുട്ടി ഹാജി, കൊയലോട്ട് അമ്മദ് മാസ്റ്റർ, ആർ.പി അഹമ്മദ് കുട്ടി ഹാജി, പി.സി മാമു ഹാജി, അയനോത്ത് കണ്ണത്താഴ പക്രൻ സാഹിബ്, എ.ജി.കെ നായർ, മുൻ മന്ത്രി ഡോ. കെ.ജി അടിയോടി, ഡോ. ഒ. മുഹമ്മദ് തുടങ്ങിയവർ സ്ഥാപനത്തിന്റെ ആരംഭത്തിൽ പിന്തുണ നൽകിയ പ്രധാനികളിൽ ചിലരാണ്. ജമാഅത്തെ ഇസ് ലാമി മുൻ അമീർ കെ.സി അബ്ദുല്ല മൗലവിക്ക് മരക്കച്ചവടത്തിന്റെ പേരിൽ തന്റെ കുടുംബവുമായി വളരെ നേരത്തെതന്നെ നല്ല ബന്ധമാണുണ്ടായിരുന്നത്. വയൽതൃക്കോവിൽ തറവാട്ടിൽ കെ.സി അബ്ദുല്ല മൗലവി വന്ന് താമസിക്കാറുണ്ടായിരുന്നു. യതീം ഖാനയുടെ ആരംഭം മുതൽതന്നെ കെ.സി അബ്ദുല്ല മൗലവിയും സ്ഥാപനത്തിന്റെ മാർഗദർശിയായി കൂടെയുണ്ടായിരുന്നുവെന്ന് കുഞ്ഞാലി മാസ്റ്റർ ഓർത്തെടുക്കുന്നു.
വയൽതൃക്കോവിൽ തറവാട്ടിൽ 4 വർഷം പ്രവർത്തിച്ച ശേഷം 1975-ലാണ് സ്ഥാപനം ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് ചെറിയ കെട്ടിടമുണ്ടാക്കി മാറ്റുന്നത്. അന്നത്തെ ഭവന-വിദ്യുഛക്തി വകുപ്പ് മന്ത്രി എം.എൻ ഗോവിന്ദൻ നായരാണ് അതിന്റെ ഉദ്ഘാടനം നിർവഹിച്ചത്.
തുടക്കത്തിൽ ആൺകുട്ടികൾക്ക് മാത്രമായിരുന്നു ദാറുന്നുജൂമിൽ പ്രവേശനം നൽകിയിരുന്നത്. 1978-ലാണ് പെൺകുട്ടികൾക്ക് വേണ്ടിയുള്ള സംവിധാനമൊരുക്കാൻ തീരുമാനിക്കുന്നത്. വയൽതൃക്കോവിൽ തറവാട്ടിൽ തന്നെയായിരുന്നു അതിന്റെയും ആരംഭം. 1987-ൽ പെൺകുട്ടികളുടെ ഹോസ്റ്റൽ സ്ഥാപിക്കുന്നതു വരെ 10 വർഷത്തോളം അവിടെത്തന്നെ അത് തുടർന്നു. ആൺകുട്ടികളുടെ ഹോസ്റ്റൽ കെട്ടിടത്തിന് വി.എൻ.കെ അഹമ്മദ് സാഹിബാണ് ശിലാസ്ഥാപനം നിർവഹിച്ചത്. ജമാഅത്തെ ഇസ് ലാമി കേരള അമീറായിരുന്ന പ്രഫ. കെ.എ സിദ്ദീഖ് ഹസൻ സാഹിബ് ആൺകുട്ടികളുടെ ഹോസ്റ്റലിന്റെയും, മുസ് ലിം ലീഗ് നേതാവായിരുന്ന എ.വി അബ്ദുറഹ്മാൻ ഹാജി പെൺകുട്ടികളുടെ ഹോസ്റ്റലിന്റെയും ഉദ്ഘാടനം നിർവഹിച്ചു. സാമ്പത്തിക പരാധീനതകളുടെ മരുഭൂ സഞ്ചാരമായിരുന്നു തുടക്കക്കാലത്തെ യതീം ഖാനാ പ്രവർത്തനങ്ങളെന്ന് കുഞ്ഞാലി മാസ്റ്ററുടെ വാക്കുകളിൽ വ്യക്തം. കമ്മിറ്റികളിൽ നിരവധി പേരുണ്ടായിരുന്നെങ്കിലും ഒരു മുഴുസമയ പ്രവർത്തകന്റെ റോളിൽ കുഞ്ഞാലി മാസ്റ്ററുടെ ഒറ്റയാൾ പോരാട്ടമായിരുന്നു യതീം ഖാനയെ ചലിപ്പിച്ചത്. കാൽനടയായി വീടുകൾ തോറും കയറിയിറങ്ങി ആവശ്യമായ നെല്ലും അരിയും സംഭരിച്ചായിരുന്നു അന്നന്നത്തെ അവശ്യ വിഭവങ്ങൾ കണ്ടെത്തിയത്. പലപ്പോഴും ചില പട്ടിണി ദിനങ്ങൾ കടക്കാരുടെ കനിവുകൊണ്ട് മറികടന്നിട്ടുണ്ട്. ഒരു ഘട്ടത്തിൽ യതീം ഖാനയിലെ മക്കളുടെ വിശപ്പകറ്റാൻ വല്യുമ്മയായ കാമ്പ്രത്ത് ആയിശുമ്മയുടെ കാതിലെ സ്വർണം മുറിച്ചുവിറ്റ അനുഭവവും ഒരു ദീർഘ നിശ്വാസത്തോടെ കുഞ്ഞാലി മാസ്റ്റർ ഓർത്തെടുത്തു.സർക്കാർ ആശുപത്രിയിൽ ഹെൽത്ത് ഇൻസ്പെക്ടറായി ജോലി ചെയ്യുകയായിരുന്ന സഹോദരൻ വി.ടി ഇബ്റാഹീം സാഹിബിന്റെ പിന്തുണയാണ്, തളർന്നുപോയേക്കാവുന്ന ഘട്ടങ്ങളിൽ ആത്മവിശ്വാസവും ഊർജവും പകർന്നത്. ദാറുന്നുജൂമിനുവേണ്ടി സേവനം ചെയ്യാൻ തന്റെ ഹെൽത്ത് ഇൻസ്പെക്ടർ ജോലിയിൽനിന്ന് വൊളണ്ടിയർ റിട്ടയർമെന്റ്എടുക്കാൻ വരെ വി.ടി ഇബ്റാഹീം സാഹിബ് തയാറായി. പിതാവിന്റെ വിയോഗാനന്തരം സെയ്താലിക്കുട്ടി മൗലവി തന്റെ രക്ഷാകർതൃത്വം ഏറ്റെടുത്തതു പോലെ മൗലവിയുടെ വിയോഗശേഷം അദ്ദേഹത്തിന്റെ മകനായ വി.പി അബ്ദുൽ അസീസിന്റെ രക്ഷാകർതൃത്വം കുഞ്ഞാലി മാസ്റ്ററും ഏറ്റെടുത്തു. അതോടെ കുഞ്ഞാലി മാസ്റ്റർക്ക് യതീം ഖാനാ പ്രവർത്തനങ്ങളിൽ ഒരു കൈത്താങ്ങായി അസീസ് മാസ്റ്ററും സഹചാരിയായി.
ദാറുന്നുജൂം ഉൾപ്പെടെ കേരളത്തിലെ യതീം ഖാനകൾ നിർവഹിച്ച സാമൂഹിക ദൗത്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് കുഞ്ഞാലി മാസ്റ്റർക്ക് വിശദവും വ്യക്തവുമായ മറുപടിയുണ്ട്. കേരളത്തിൽ, പ്രത്യേകിച്ച് മലബാറിൽ യതീം ഖാനകളില്ലായിരുന്നെങ്കിൽ വിദ്യാഭ്യാസത്തിന്റെ അവസ്ഥ വളര ശോചനീയമാവുമായിരുന്നു. യതീം ഖാനകൾ ഏറ്റെടുത്ത അനാഥരും അഗതികളുമായ മക്കളെ സംബന്ധിച്ചേടത്തോളം അത് അവർക്ക് ജീവിതത്തിലെ ഒരു വഴിത്തിരിവായി മാറിയിട്ടുണ്ടാകുമെന്നതിൽ സംശയമില്ല. യതീം ഖാനകളുടെ കീഴിൽ ആരംഭിച്ച എത്രയെത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്! സ്കൂളുകൾ, കോളേജുകൾ, മദ്റസകൾ, തൊഴിലധിഷ്ഠിത കോഴ്സുകൾ, മറ്റു സംരംഭങ്ങൾ ഇതെല്ലാം യതീം ഖാനാ പ്രസ്ഥാനത്തിന്റെ ഫലമായി ഉണ്ടായി വന്നിട്ടുണ്ട്.
സംതൃപ്തം ഈ സപ്ത ദശകം
തന്റെ നേരിട്ടുള്ള ശിക്ഷണത്തിൽ വളർന്ന മക്കൾ ഇന്ന് സമൂഹത്തിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കുന്നുവെന്നത് വലിയ ചാരിതാർഥ്യമാണ് പകരുന്നതെന്ന് മാസ്റ്റർ പറയുന്നു. സംസ്ഥാന മുൻ തുറമുഖ-മ്യൂസിയം-പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ദാറുന്നുജൂമിലെ കുഞ്ഞാലി മാസ്റ്ററുടെ അരുമ ശിഷ്യനായിരുന്നു. ദാറുന്നുജൂമിലെ മറ്റൊരു വിദ്യാർഥിയായിരുന്ന ഫാറൂഖ് കോളേജ് ഇംഗ്ലീഷ് വകുപ്പ് മേധാവിയായി വിരമിച്ച പ്രഫ. സി ഉമർ ഇന്ന് ദാറുന്നുജൂം കമ്മിറ്റിയുടെ പ്രസിഡന്റ് സ്ഥാനം അലങ്കരിക്കുകയാണ്. എഴുത്തുകാരും നിയമ വിദഗ്ധരും അധ്യാപകരും സാംസ്കാരിക-രാഷ്ട്രീയ പ്രവർത്തകരുമായി നൂറുകണക്കിന് പേരെ ഇന്ന് ഈ പട്ടികയിൽ ചേർത്തുവെക്കാൻ കഴിയും.
‘എക്സലൻസ് ആന്റ് എത്തിക്സ്’ ഇതായിരിക്കണം നമ്മുടെ മുഖമുദ്ര എന്ന ഉപദേശം കേൾക്കാത്ത ഒരു സന്ദർശകനും കുഞ്ഞാലി മാസ്റ്റർക്കുണ്ടാവുകയില്ല. നിലവിൽ അനാഥാലയങ്ങൾ അനുഭവിക്കുന്ന പ്രതിസന്ധിയെക്കുറിച്ച ചോദ്യത്തിനാണ് ഈ മറുപടി പറഞ്ഞത്. സ്ഥാപനം നടത്തുന്നുണ്ടെങ്കിൽ ഇത് ഉറപ്പാക്കാൻ കഴിയണമെന്ന് അദ്ദേഹം തീർത്തുപറഞ്ഞു. യതീം ഖാന എന്ന പേരാണ് തടസ്സമെങ്കിൽ മറ്റു വഴികൾ ആലോചിക്കണം. ഗുണമേന്മയുള്ള വിദ്യാഭ്യാസവും ശിക്ഷണവും നൽകാൻ ഹോസ്റ്റൽ സംവിധാനം അത്യാവശ്യമാണ്. അതിലൂടെ മാത്രമേ മൂല്യബോധമുള്ള തലമുറയെ വാർത്തെടുക്കാൻ കഴിയുകയുള്ളൂ. അതേസമയം തന്നെ കുട്ടികൾക്ക് മാതാവിന്റെ സ്നേഹവും ലാളനയും അനുഭവിക്കാൻ കഴിയും വിധത്തിൽ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ അവരെക്കൂടി പുനരധിവസിപ്പിക്കാനുള്ള സംവിധാനങ്ങളും യതീം ഖാനാ നടത്തിപ്പുകാർ ആലോചിക്കണമെന്ന നിർദേശവും കുഞ്ഞാലി മാസ്റ്റർ പങ്കുവെക്കുന്നു.
ദാറുന്നുജൂം യതീം ഖാനക്ക് കീഴിൽ ഇന്ന് നിരവധി സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. ഓർഫനേജ് വിദ്യാർഥികൾക്ക് ഖുർആനുൽ ഫജ്ർ എന്ന പേരിൽ ഖുർആൻ ഹിഫ്ള് കോഴ്സ് കൂടി സമന്വയിപ്പിച്ചിട്ടുണ്ട്. ഇതിന് പുറമെ ഡിഗ്നിറ്റി കോളേജ് ഓഫ് ആർട്സ് ആന്റ് സയൻസ് (അൺ എയ്ഡഡ്), എൻ.ഐ.എം.എൽ.പി സ്കൂൾ, ഹെവൻസ് പ്രീസ്കൂൾ, നഴ്സറി, മദ്റസ, കൗൺസലിംഗ് സെന്റർ തുടങ്ങിയ വ്യത്യസ്ത സംരംഭങ്ങളും യതീം ഖാനാ കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിച്ചുവരുന്നുണ്ട്. പ്രഫ. സി. ഉമർ പ്രസിഡന്റും പി.കെ ഇബ്റാഹീം മാസ്റ്റർ ജനറൽ സെക്രട്ടറിയും കെ. ഇമ്പിച്യാലി സാഹിബ് ട്രഷററുമായ 25 അംഗ നിർവാഹക സമിതിയാണ് യതീം ഖാനയുടെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്. യതീം ഖാനാ കമ്മിറ്റിയുടെ പ്രസിഡന്റ് സ്ഥാനം അലങ്കരിച്ചിരുന്ന നിലവിലെ കേരള ജമാഅത്തെ ഇസ് ലാമി അസി. അമീർ എം.കെ മുഹമ്മദലി സാഹിബ് ഉൾപ്പെടെയുള്ളവരുടെ സമിതിയിലെ സാന്നിധ്യം സ്ഥാപനത്തിന് ദിശാബോധം നൽകുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നത്.
ദാറുന്നുജൂം സ്ഥാപനങ്ങൾ മുഖേനയുണ്ടായ ചലനങ്ങൾ നാടിന്റെ പുരോഗതിക്ക് കാരണമായിട്ടുണ്ടെങ്കിൽ അല്ലാഹുവിന്റെ സഹായംകൊണ്ട് മാത്രമാണെന്നായിരുന്നു അതു സംബന്ധിച്ച് കുഞ്ഞാലി മാസ്റ്റർക്ക് പറയാനുണ്ടായിരുന്നത്. അവയുടെ സ്വാധീനഫലമായി നിരവധി സ്ഥാപനങ്ങൾ പ്രദേശത്ത് ഉയർന്നുവന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സാമൂഹിക പ്രവർത്തനങ്ങൾക്കും തന്റെതായ വ്യത്യസ്ത മാനമുണ്ടാകണമെന്ന് കുഞ്ഞാലി മാസ്റ്റർ നിഷ്കർഷിച്ചിരുന്നു. ദാറുന്നുജൂമിന് വേണ്ടി സമൂഹത്തിലെ എല്ലാവരെയും അദ്ദേഹം ചേർത്തുപിടിച്ചു. വർഷങ്ങൾക്കിപ്പുറം, തന്റെ നന്മയുടെ നനവുള്ള ഗതകാല സ്മരണകൾക്ക് മുന്നിൽ സന്തോഷാശ്രുപൊഴിക്കുകയാണ് വി.ടി കുഞ്ഞാലി മാസ്റ്ററെന്ന മനുഷ്യസ്നേഹി. സഹധർമിണി മർയം കഴിഞ്ഞ മാസമാണ് അല്ലാഹുവിങ്കലേക്ക് യാത്രയായത്. പിതാവ് നിർമിച്ച നൂറിലധികം വർഷം പഴക്കമുള്ള വീട്ടിലാണ് ഇപ്പോഴും കുഞ്ഞാലി മാസ്റ്റർ താമസിക്കുന്നത്. മനസ്സിന് പ്രായത്തിന്റെ പാടുകളേൽക്കാത്ത ഈ ഗുരുവിനെ തേടി നിത്യവും ധാരാളം പേർ സന്ദർശനത്തിനായി വീട്ടിലേക്കെത്തിക്കൊണ്ടിരിക്കുന്നു. l
ശാന്തപുരം അൽ ജാമിഅക്ക് രണ്ടു ചരിത്ര ഘട്ടങ്ങളുണ്ട്. ഉന്നത ദീനീ വിദ്യാഭ്യാസത്തിനായി കേരള മുസ്‌ലിംകള്‍ വെല്ലൂരിലെ ബാഖിയാത്തുസ്സ്വാലിഹാത്ത് പോലുള്ള സ്ഥാപനങ്ങളിലേക്ക് പോയിരുന്ന കാലത്ത്, ഇസ്സുദ്ദീന്‍ മൗലവി മുന്നോട്ടുവെച്ച സ്വപ്നമാണ് മലബാര്‍ ബാഖിയത്തുസ്സ്വാലിഹാത്ത് എന്ന ഉന്നത കലാലയം. ആ സ്ഥാപനം പടുത്തുയര്‍ത്താന്‍ ശാന്തപുരമാണ് അദ്ദേഹം തെരഞ്ഞെടുത്തിരുന്നത്. തന്റെ സ്വപ്നം ശാന്തപുരം ഇസ്‌ലാമിയ്യ കോളേജിന്റെ ആദ്യ പ്രിന്‍സിപ്പലായ എ.കെ അബ്ദുൽ ഖാദിര്‍ മൗലവിക്ക് അദ്ദേഹം കൈമാറിയിരിക്കാം. കോളേജ് ലൈബ്രറിയിലേക്ക് ആദ്യമായി ലഭിച്ച പുസ്തകത്തിന്റെ ആദ്യ പേജില്‍തന്നെ എ.കെ ആ സ്വപ്നം ഇങ്ങനെ എഴുതിവെച്ചു: ''മൗഖൂഫുന്‍ ഫീ അൽ ജാമിഅ അൽ ഇസ്‌ലാമിയ്യ.'' പൂര്‍വികര്‍ സ്വപ്നം കണ്ട ഈ കാലമാണ് അൽ ജാമിഅയുടെ ആദ്യഘട്ടം.
2000 മുതലാണ് രണ്ടാം ഘട്ടം ആരംഭിക്കുന്നത്. എണ്‍പതുകളുടെ ഒടുക്കത്തിലും തൊണ്ണൂറുകളുടെ ആദ്യത്തിലും ഇസ്‌ലാമിക പ്രസ്ഥാന വൃത്തത്തില്‍, പ്രത്യേകിച്ച് അതിലെ പണ്ഡിതരും അക്കാദമീഷ്യരുമൊക്കെ ഒരുമിച്ചിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ വന്നുകൊണ്ടിരുന്ന ഒരു ചര്‍ച്ചയുണ്ടായിരുന്നു. നമുക്ക് കരുത്തരായ ഇസ്‌ലാമിക പണ്ഡിതരെ വളര്‍ത്തിയെടുക്കുന്നതിന് ഉയര്‍ന്ന നിലവാരമുള്ള ഒരു സ്ഥാപനം വേണമെന്നതായിരുന്നു ആ ചര്‍ച്ചയുടെ മര്‍മം. ഇത് ഏറ്റവും ശക്തമായി ജമാഅത്ത് വൃത്തത്തില്‍ പറഞ്ഞുകൊണ്ടിരുന്നത് ഉസ്താദ് കെ. മൊയ്തു മൗലവിയായിരുന്നു. 1997-ൽ ഞാന്‍ ദഅ്‌വാ കോളേജ് പ്രിന്‍സിപ്പലായപ്പോള്‍ അവിടെ ഉസ്താദായി എത്തിയിരുന്ന മൊയ്തു മൗലവി അപ്പോഴും അതു പറഞ്ഞുകൊണ്ടിരുന്നു. അദ്ദേഹം തന്നെയാണ് ഉന്നത വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് അവതരിപ്പിക്കപ്പെട്ടിരുന്ന ആശയങ്ങള്‍ ജമാഅത്ത് കേരള ശൂറയുടെ ശ്രദ്ധയിൽ കൊണ്ടു വന്നതും. ആശയം നേരത്തെയുള്ളതായതിനാല്‍ പ്രായോഗിക രൂപം നിർദേശിക്കപ്പെട്ടപ്പോള്‍ ശൂറ പെട്ടെന്ന് തന്നെ ഐകകണ്ഠ്യേന അത് അംഗീകരിക്കുകയായിരുന്നു. അന്നത്തെ കേരള അമീർ പ്രഫ. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബ് വലിയ ഉത്തേജനവും പ്രോത്സാഹനവും നൽകി. വി.കെ അലി സാഹിബിനെ മുദീറുല്‍ ജാമിഅയായും എന്നെ വകീലുൽ ജാമിഅയായും നിയമിച്ചു.
2003-ലാണ് അല്‍ ജാമിഅ പ്രഖ്യാപന സമ്മേളനം നടന്നത്. അന്നത് കേരളത്തിന്റെ അക്കാദമിക ഉത്സവം തന്നെയായിരുന്നു. ശൈഖ് യൂസുഫുല്‍ ഖറദാവിയുടെ സാന്നിധ്യം തന്നെയായിരുന്നു അതിന്റെ പ്രത്യേകത. ശാരീരിക അവശത ഉള്ളതിനാൽ വീല്‍ചെയറിലാണ് അദ്ദേഹം വന്നത്. എപ്പോഴും വലിയ സ്വപ്നങ്ങള്‍ കാണുന്ന അദ്ദേഹം ജാമിഅയെ ഒരു അന്താരാഷ്ട്ര സര്‍വകലാശാലയായി വളര്‍ത്തുമെന്ന് പ്രഖ്യാപിച്ചു. ആ പ്രഖ്യാപനത്തിന് ജാമിഅയുടെ പിന്നീടുള്ള വളര്‍ച്ചയില്‍ വലിയ പങ്കുണ്ടായിരുന്നു. അല്‍ ജാമിഅയുടെ ഇതുവരെയുള്ള വിജയത്തിനു കാരണം നിസ്സംശയം പറയാം, ടീം വര്‍ക്കാണ്. ജമാഅത്തെ ഇസ് ലാമി നേതൃത്വം മുതല്‍ സാധാരണ പ്രവര്‍ത്തകർ വരെ അല്‍ ജാമിഅയെ സ്വന്തം കുഞ്ഞിനെപ്പോലെ വളര്‍ത്തി വലുതാക്കുകയായിരുന്നു. അധ്യാപകരും അധ്യാപകേതര ജീവനക്കാരും ഒരു കുടുംബമായി നിലകൊണ്ടു.
വിദ്യാര്‍ഥികളുടെ വൈജ്ഞാനിക വളര്‍ച്ചക്കു വേണ്ട എല്ലാ വിഭവങ്ങളും വലിയൊരളവോളം ഒരുക്കിവെക്കാൻ ജാമിഅക്ക് കഴിഞ്ഞിട്ടുണ്ട്. അതില്‍ സുപ്രധാനമായ ഒന്നാണ് അന്താരാഷ്ട്ര നിലവാരമുള്ള സിലബസ്. നിരവധി ലോകോത്തര യൂനിവേഴ്‌സിറ്റികളുടെ സിലബസുകള്‍ പഠിക്കുകയും പരിശോധിക്കുകയും ചെയ്തിട്ടാണ് അല്‍ ജാമിഅയുടെ സിലബസ് രൂപപ്പെടുത്തിയത്. മറ്റൊന്ന്, മികച്ച അധ്യാപകരാണ്. ലോകോത്തര യൂനിവേഴ്‌സിറ്റികളില്‍ പഠനം പൂര്‍ത്തിയാക്കിയിട്ടുള്ള പ്രഗത്ഭര്‍. പഠനത്തിൽ മികവു പുലര്‍ത്തുന്ന വിദ്യാര്‍ഥികളെ ഉന്നത പഠനത്തിന് വിദേശ യൂനിവേഴ്‌സിറ്റികളിൽ അയച്ച് പഠന ശേഷം അവരെ തിരിച്ചുകൊണ്ടുവന്ന് അല്‍ ജാമിഅയില്‍ തന്നെ അധ്യാപകരായി നിയമിക്കുന്നുമുണ്ട്. ലോകത്തെ അറിയപ്പെട്ട പണ്ഡിതന്മാരുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. മറ്റൊരു പ്രത്യേകത, മികച്ച പഠനാന്തരീക്ഷമാണ്. ഒരു സ്ഥാപനത്തിന്റെ ഇന്‍ഫ്രാസ്ട്രക്ചറിന് ആ സ്ഥാപനത്തിന്റെ നിലവാരമുയര്‍ത്തുന്നതില്‍ വലിയ പങ്കുണ്ടല്ലോ. വിപുലവും ആധുനികവുമായ ഇന്‍ഫ്രാസ്ട്രക്ചറാണ് അല്‍ ജാമിഅയുടേത്. കാമ്പസിലെ ഏറ്റവും വലിയ ആകര്‍ഷണമാണ് അല്‍ ജാമിഅ സെന്‍ട്രല്‍ ലൈബ്രറി. ഇന്ത്യയിലെ മുന്‍നിര റഫറന്‍സ് ലൈബ്രറികളില്‍ ഒന്നാണിത്. അര ലക്ഷത്തിലധികം അമൂല്യ ഗ്രന്ഥങ്ങളുടെ ശേഖരവും ആധുനിക വിജ്ഞാന സ്രോതസ്സായ ഡിജിറ്റല്‍ ലൈബ്രറിയും അതിന്റെ മാറ്റുകൂട്ടുന്നു.
ഇസ് ലാമിക വിദ്യാഭ്യാസ രംഗത്ത് സ്‌പെഷ്യലൈസേഷന്‍ കൊണ്ടുവന്നു എന്നതാണ് അല്‍ ജാമിഅയുടെ സുപ്രധാന ചുവടുവെപ്പ്. അത് കേരളത്തിലെ പല സ്ഥാപനങ്ങള്‍ക്കും മാതൃകയായി. ഇസ് ലാമിക പ്രസ്ഥാനത്തിന് പുറത്തുള്ളവരും സിലബസിനെയും കോഴ്‌സുകളെയും കുറിച്ച് പഠിക്കാന്‍ അൽ ജാമിഅയില്‍ വരികയും ഈ സിലബസിനെ അടിസ്ഥാനമായി സ്വീകരിക്കുകയും ചെയ്യുകയുണ്ടായി.
സ്കോളർലി ലീഡർഷിപ്പ്
ഇന്ത്യയില്‍ മതവിദ്യാഭ്യാസത്തിന്റെ വ്യത്യസ്ത മോഡലുകളുണ്ട്. ദാറുല്‍ ഉലൂം ദയൂബന്ദ്, നദ്‌വത്തുല്‍ ഉലൂം, ജാമിഅത്തുല്‍ ഫലാഹ് തുടങ്ങിയവ ഉദാഹരണങ്ങള്‍. ശാന്തപുരം എന്നത് 70 വര്‍ഷത്തോളം പാരമ്പര്യമുള്ള ഒരു മോഡലാണ്. അതേയവസരം സമയാസമയങ്ങളില്‍ അത് അപ്ഡേഷന്‍ നടത്തുന്നുമുണ്ട്. സ്‌കോളര്‍ലി ലീഡര്‍ഷിപ്പ് എന്നതാണ് ജാമിഅയുടെ വിഷന്‍. അഥവാ വിവരമുള്ള നേതാക്കള്‍, നേതൃശേഷിയുള്ള പണ്ഡിതന്മാര്‍. ഇവിടെനിന്ന് പുറത്തിറങ്ങുന്നവര്‍ക്ക് സമൂഹത്തില്‍ ഒരു വലിയ ദൗത്യമുണ്ട്. അവര്‍ എത്തിപ്പെടുന്ന പ്രവര്‍ത്തന മേഖലകളിലെല്ലാം നേതൃപാടവത്തോടെ നിലകൊള്ളുന്ന മോഡലുകളാവണം അവര്‍ എന്നതാണത്. നല്ലൊരു അളവോളം അത് സാധിച്ചിട്ടുണ്ട് എന്നാണ് വിശ്വാസം.
കേരളത്തില്‍ പരിമിതപ്പെടാതെ, മൊത്തം ഇന്ത്യക്കുവേണ്ടി ഒരു യൂനിവേഴ്‌സിറ്റി എന്നതായിരുന്നു നമ്മുടെ സങ്കല്‍പം. അതുകൊണ്ടുതന്നെ ഉത്തരേന്ത്യയില്‍ വലിയ ചലനങ്ങള്‍ ഉണ്ടാക്കാന്‍ നമുക്ക് സാധിച്ചു. നൂറുകണക്കിന് ഇതര സംസ്ഥാന വിദ്യാര്‍ഥികള്‍ ജാമിഅയില്‍ പഠനം പൂര്‍ത്തിയാക്കി. അവര്‍ അവരുടെ നാടുകളില്‍ ഇസ് ലാമിക പ്രവര്‍ത്തനരംഗത്തും സാമൂഹിക സേവന രംഗങ്ങളിലും നേതൃപരമായ പങ്ക് വഹിക്കുന്നു. അൽ ജാമിഅ മോഡല്‍ കേരളത്തിനു പുറത്തേക്കും വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഉത്തരേന്ത്യയില്‍ അല്‍ ജാമിഅ കാമ്പസുകളുണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ആദ്യ കാമ്പസ് നാലു വര്‍ഷം മുമ്പ് ഹരിയാനയിലെ മേവാത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. കഴിഞ്ഞ വര്‍ഷം പശ്ചിമ ബംഗാളിലെ മാള്‍ഡയിലും കാമ്പസ് തുടങ്ങിയിട്ടുണ്ട്. മറ്റു സ്റ്റേറ്റുകളിലും ക്രമേണയായി പ്രവര്‍ത്തനങ്ങള്‍ തുടങ്ങണം എന്നാണ് ഉദ്ദേശിക്കുന്നത്.
അൽ ജാമിഅ സന്തതികൾ
ലോകത്തിന്റെ പല കോണുകളില്‍ വൈവിധ്യമാര്‍ന്ന മേഖലകളില്‍ സജീവ സാന്നിധ്യമായി അല്‍ ജാമിഅയുടെ സന്തതികളുണ്ട്. നേതാക്കന്‍മാര്‍, പണ്ഡിതര്‍, എഡിറ്റര്‍മാര്‍, പത്രപ്രവര്‍ത്തകര്‍, ഗ്രന്ഥകര്‍ത്താക്കള്‍, എഴുത്തുകാര്‍, ചാനല്‍ പ്രവര്‍ത്തകര്‍, കോളേജ് പ്രഫസര്‍മാര്‍, സ്ഥാപന മേധാവികള്‍, അക്കാദമീഷ്യര്‍, അധ്യാപകര്‍, കമ്പനി മാനേജര്‍മാര്‍, ഗ്രാഫിക് ഡിസൈനര്‍മാര്‍, വിവര്‍ത്തകര്‍, സിനിമ/ഡോക്യുമെന്ററി സംവിധായകര്‍, നോവലിസ്റ്റുകള്‍, കഥാകൃത്തുകള്‍, പാട്ടെഴുത്തുകാര്‍, സംഗീതജ്ഞര്‍ ഇങ്ങനെ നീളുന്ന പട്ടികയാണത്. അൽ ജാമിഅയില്‍നിന്ന് പുറത്തിറങ്ങിയവരില്‍ പലരും ഇസ് ലാമിക പ്രസ്ഥാനത്തിന്റെ നേതൃരംഗത്തും, വൈജ്ഞാനികവും ചിന്താപരവും അക്കാദമികവുമായ വ്യവഹാരങ്ങളിലും കഴിവ് തെളിയിക്കുകയും വ്യക്തിമുദ്ര പതിപ്പിക്കുകയും ചെയ്തവരാണ്. ചെറുപ്പക്കാരുടെ ഈ സംഘം ഇസ് ലാമിക നവജാഗരണത്തിന്റെ ഭാവിയിലേക്കുള്ള കരുതിവെപ്പും പ്രതീക്ഷയുമാണ്.
ഇതിനകം 30-ഓളം വിദ്യാർഥികള്‍ പി.എച്ച്.ഡി എടുത്തു. വിദേശ യൂനിവേഴ്‌സിറ്റികളില്‍ പഠനം നടത്തിക്കൊണ്ടിരിക്കുന്ന ദശക്കണക്കിന് അല്‍ ജാമിഅ വിദ്യാർഥികളുമുണ്ട്. ഈ വളർച്ചയിൽ സമൂഹത്തിന്റെ പാതിയായ സ്ത്രീകളുടെ പങ്കും അനിവാര്യമാണ്. കുറഞ്ഞ കാലയളവിൽ തന്നെ അല്‍ ജാമിഅ വിദ്യാര്‍ഥിനികളിൽനിന്ന് മികച്ച കഴിവുള്ളവര്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. അന്താരാഷ്ട്ര അക്കാദമിക് കോണ്‍ഫറന്‍സുകളില്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുന്നവരും, കേരളത്തിനകത്തും പുറത്തും വൈജ്ഞാനിക മത്സരങ്ങളില്‍ ഉന്നത വിജയം കരസ്ഥമാക്കുന്നവരും അവരിലുണ്ട്.
പുതിയ ചുവട് വെപ്പുകൾ
ഭാവിയില്‍ ഒരു റിസര്‍ച്ച് യൂനിവേഴ്‌സിറ്റിയായി അൽ ജാമിഅയെ വികസിപ്പിക്കണം എന്ന് ഉദ്ദേശിക്കുന്നു. ഇന്ത്യന്‍ വിദ്യാഭ്യാസ രീതിയില്‍ റിസര്‍ച്ചിന് പ്രാധാന്യം വളരെ കുറവാണ്. ലോകയൂനിവേഴ്‌സിറ്റികളുമായി ഇന്ത്യന്‍ യൂനിവേഴ്‌സിറ്റികളെ താരതമ്യം ചെയ്യുമ്പോള്‍ ഇക്കാര്യം വ്യക്തമാകും. സിലബസിലുള്ള 'കിതാബു'കള്‍ അര്‍ഥം വെച്ചും ശറഹ് ചെയ്തും പഠിപ്പിക്കുന്ന നമ്മുടെ പരമ്പരാഗത രീതി, പ്രമാണങ്ങളെ കാലികമായി വായിക്കാന്‍ ശ്രമിക്കുന്നില്ല. ദീനീ വിജ്ഞാനങ്ങളെ നിലവിലുള്ള ലോകവുമായി ബന്ധിപ്പിക്കുന്ന പ്രക്രിയ നടക്കുന്നില്ല. പാഠപുസ്തകത്തിനപ്പുറം വിഷയത്തില്‍ അധിക വായന നടത്താനും ഗവേഷണം നടത്താനും പ്രമാണങ്ങളെ സംഭവലോകത്തേക്ക് ഇറക്കിവെക്കാനും വിദ്യാര്‍ഥിക്ക് സാധിക്കുന്നില്ല. റിസര്‍ച്ചിലൂടെ സാധിക്കേണ്ടതാണ് ഇതൊക്കെ.
റിസര്‍ച്ചിനെക്കുറിച്ച അവബോധം വിദ്യാര്‍ഥികളിലും അധ്യാപകരിലും സൃഷ്ടിക്കുക എന്നതാണ് നമ്മുടെ പ്രഥമ ചുവടുവെപ്പ്. കഴിഞ്ഞ നാലു വര്‍ഷമായി ഈ ദിശയിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. അതിന്റെ ഫലമായി റിസര്‍ച്ച് വര്‍ക്കുകളിലേക്ക് വിദ്യാര്‍ഥികള്‍ പ്രവേശിച്ചുകഴിഞ്ഞിട്ടുണ്ട്. ഗ്രാജ്വേറ്റ് പ്രോഗ്രാമില്‍തന്നെ റിസര്‍ച്ച് വര്‍ക്ക് ഉള്‍പ്പെടുത്തിയിട്ടുണ്ട്. പി.ജി സെക് ഷനില്‍ ഗവേഷണ പ്രധാനമായ പഠന രീതിയാണ് അവലംബിച്ചുവരുന്നത്. ഈ ദിശയിലുള്ള ശ്രമങ്ങള്‍ക്ക് കൂടുതല്‍ സമയം കണ്ടെത്തേണ്ടതുണ്ട്.
അൽ ജാമിഅ കേവല മതവിദ്യാഭ്യാസ സ്ഥാപനമല്ല. അതൊരു വിദ്യാഭ്യാസ പ്രസ്ഥാനമാണ്. അതുകൊണ്ടാണ് അൽ ജാമിഅക്ക് പ്ലസ്ടു വരെയുള്ള സി.ബി.എസ്.ഇ സ്‌കൂളുകള്‍, എയ്ഡഡ് എല്‍.പി, യു.പി സ്‌കൂളുകള്‍, ആര്‍ട്‌സ് & സയന്‍സ് കോളേജുകള്‍ എന്നിങ്ങനെ വ്യത്യസ്ത അനുബന്ധ സ്ഥാപനങ്ങളുണ്ടായത്. ഈ സ്ഥാപനങ്ങളിലൊക്കെയായി മൊത്തം ഏഴായിരത്തിലധികം വിദ്യാര്‍ഥികള്‍ പഠിച്ചുവരുന്നു.
ഒരു വിദ്യാഭ്യാസ പ്രസ്ഥാനമെന്ന നിലക്ക് കാലത്തിന്റെ ആവശ്യങ്ങളെ അഭിമുഖീകരിക്കാന്‍ അൽ ജാമിഅക്കു കഴിയണം. കേവല മതവിദ്യാഭ്യാസത്തിനു പുറത്തും അതിനു ചുവടുവെപ്പുകള്‍ നടത്തേണ്ടിവരും. ഇക്കാലത്ത് ഏറ്റവും ആവശ്യമുള്ള മറ്റൊരു വിദ്യാഭ്യാസ യജ്ഞത്തിന് അൽ ജാമിഅ മുൻകൈയെടുക്കുകയാണ്. രാജ്യത്തെ ഉന്നത ഉദ്യോഗങ്ങളില്‍ ന്യൂനപക്ഷ പ്രാതിനിധ്യം വര്‍ധിപ്പിക്കുക എന്നതാണത്. പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങള്‍ സമൂഹത്തില്‍ അരികുവല്‍ക്കരിക്കപ്പെടുന്നുവെന്ന് പരാതിപ്പെട്ടതുകൊണ്ടായില്ല. അതു പരിഹരിക്കാനുള്ള ആസൂത്രണം നടത്തേണ്ടതുണ്ട്. അവര്‍ക്ക് ഉന്നതോദ്യോഗങ്ങളില്‍ പങ്കുണ്ടാവുമ്പോഴല്ലേ തീരുമാനകേന്ദ്രങ്ങളില്‍ അവരുടെ ശബ്ദമെത്തുകയുള്ളൂ? ഈ ഉദ്ദേശ്യാര്‍ഥം അൽ ജാമിഅ രണ്ടു വര്‍ഷം മുമ്പ് ബൃഹത്തായൊരു പ്രോജക്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നോളജ് വേള്‍ഡ് എന്നാണ് അതിനു പേരിട്ടിരിക്കുന്നത്. ഈ പ്രോജക്ടിനായി പെരിന്തല്‍മണ്ണക്കടുത്ത് 35 ഏക്കര്‍ ഭൂമി സജ്ജീകരിച്ചിട്ടുണ്ട്. സയന്‍സ് ആന്റ് ടെക്‌നോളജി, ലോ, മീഡിയ, സോഷ്യല്‍ സയന്‍സ്, സിവില്‍ സർവീസ്, ബിസിനസ്സ് അഡ്മിനിസ്‌ട്രേഷന്‍, റിസര്‍ച്ച്, ലാംഗ്വേജസ് തുടങ്ങി നിർണായകമായ ചില മേഖലകള്‍ തെരഞ്ഞെടുത്ത് പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളില്‍നിന്ന് ഏറ്റവും സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് മികച്ച സൗകര്യങ്ങളോടെ ക്വാളിറ്റി വിദ്യാഭ്യാസം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. കെട്ടിടങ്ങളുടെ നിർമാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. മനുഷ്യ വിഭവശേഷിയും സാമ്പത്തിക ശേഷിയും ആവശ്യമുള്ള പ്രോജക്ടാണിത്. സമൂഹത്തിന്റെ നിര്‍ലോഭ പിന്തുണ ആവശ്യമുള്ള പ്രോജക്ട്. ഗവേഷണ പ്രധാനമായ പഠന രീതിക്ക് പ്രാമുഖ്യം നല്‍കുന്നതിന്റെ ഭാഗമായി പോസ്റ്റ് ഗ്രാജ്വേറ്റ് അക്കാദമിക് പ്രോഗ്രാമുകള്‍ കൊണ്ടുവരാന്‍ തീരുമാനമെടുത്തിട്ടുണ്ട്. തദടിസ്ഥാനത്തിലാണ് രണ്ടു വര്‍ഷം മുമ്പ് കണ്ടംപററി ഫിഖ്ഹില്‍ പി.ജി ആരംഭിച്ചത്. ഈ വര്‍ഷം ഇസ് ലാമിക് തോട്ടിലും പി.ജിക്ക് തുടക്കം കുറിച്ചു.
2023 ഡിസംബർ 30, 31 തീയതികളിൽ നടക്കുന്ന ഈ വര്‍ഷത്തെ ബിരുദദാന സമ്മേളനത്തോടനുബന്ധിച്ച് അല്‍പം കൂടി മുന്നിലേക്ക് നടക്കുകയാണ് അൽ ജാമിഅ. പി.ജി കഴിഞ്ഞ സമർഥരായ വിദ്യാര്‍ഥികള്‍ക്കു വേണ്ടി ഇസ് ലാമിക് സ്റ്റഡീസില്‍ ഡോക്ടറല്‍ പ്രോഗ്രാം ആരംഭിക്കുകയാണ്. പ്രോഗ്രാമിന്റെ പ്രഖ്യാപനം ബിരുദദാന സമ്മേളനത്തില്‍ നടക്കും. l (തയാറാക്കിയത്: ശമീം ചൂനൂർ)
''ഫലസ്ത്വീനികള്‍ക്ക് പോരാടാന്‍ അപാച്ചെ ഹെലികോപ്റ്ററുകളോ എഫ്-16 വിമാനങ്ങളോ ടാങ്കുകളോ മിസൈലുകളോ ഇല്ല, രക്തസാക്ഷികളാവാനുള്ള ധീരതയാണ് അവരുടെ കൈമുതല്‍. പിറന്ന മണ്ണിന്റെ മോചനത്തിനായുള്ള പോരാട്ടത്തിലെ രക്തസാക്ഷിത്വമാണ് ഞാനും ആഗ്രഹിക്കുന്നത്. ഒരു ഹമാസ് നേതാവ് കൊല്ലപ്പെട്ടാല്‍ നൂറു നേതാക്കള്‍ ഉയര്‍ന്നുവരും.''
രക്തസാക്ഷിത്വം വരിക്കുന്നതിന് ഒരുമാസം മുമ്പ് ഹമാസ് സ്ഥാപകന്‍ ശൈഖ് അഹ്്മദ് യാസീന്‍ റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലെ വാചകങ്ങളാണിത്.
ഇസ്രായേലിന്റെ അധിനിവേശ ഭീകരതക്കെതിരെ ഫലസ്ത്വീനിലെ ചെറുത്തുനില്‍പ് പ്രസ്ഥാനമായ ഹമാസ് നടത്തിവരുന്ന ഐതിഹാസിക പോരാട്ടങ്ങള്‍ക്ക് മൂന്നര പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. കല്ലുകളില്‍നിന്നും ചാവേറുകളില്‍നിന്നും പുരോഗമിച്ച് ശത്രുവിനെതിരായ പോരാട്ടം ലോംഗ് റെയ്ഞ്ച് റോക്കറ്റുകളിലും പാരാഗ്ലൈഡറുകളിലുമെത്തിയ ഘട്ടമാണിത്. ഒക്ടോബർ ഏഴിന് ഇസ്രായേലിനെ ഞെട്ടിച്ച 'ത്വൂഫാനുല്‍ അഖ്‌സ്വാ' ഓപറേഷന്‍ ഹമാസിന്റെ സൈനിക വിഭാഗമായ ഇസ്സുദ്ദീന്‍ അല്‍ ഖസ്സാമിന്റെ ചരിത്രത്തിലെ നിര്‍ണായക നീക്കമായാണ് വിലയിരുത്തപ്പെടുന്നത്. നാല്‍പതിനായിരത്തോളം അംഗങ്ങളുള്ള ഖസ്സാം ബ്രിഗേഡ്‌സ് രണ്ടു വര്‍ഷത്തോളമായി ഈ ഓപറേഷന്‍ ആസൂത്രണം ചെയ്തുവരികയായിരുന്നുവെന്നാണ് ഹമാസിന്റെ വിദേശകാര്യ വക്താവ് അലി ബറക ഒരു അഭിമുഖത്തില്‍ പറഞ്ഞത്. റോക്കറ്റുകളും പാരാഗ്ലൈഡറുകളും ബുള്‍ഡോസറുകളും പിക്കപ്പ് ട്രക്കുകളും മോട്ടോര്‍ ബൈക്കുകളും ഉപയോഗിച്ച് നടത്തിയ ഓപറേഷനായിരുന്നു അത്. പത്ത് കിലോമീറ്റര്‍ മുതല്‍ 250 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള റോക്കറ്റുകള്‍ ഖസ്സാമിന്റെ പക്കലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
അടിയുറച്ച ദൈവ വിശ്വാസമാണ് ഹമാസിന്റെ പോരാട്ടങ്ങളുടെ കരുത്ത്. സംഘടനയുടെ രാഷ് ട്രീയ, സൈനിക വിഭാഗങ്ങളുടെ നേതൃനിരയിലുണ്ടായിരുന്ന നിരവധി പേരെയാണ് ഇസ്രായേല്‍ വധിച്ചത്. അവരില്‍ സ്ഥാപക നേതാക്കളായ മൂന്നു പേരും ഉള്‍പ്പെടും. ഗസ്സയിലെയും വെസ്റ്റ് ബാങ്കിലെയും നൂറിലേറെ പ്രാദേശിക നേതാക്കളെയും പ്രവര്‍ത്തകരെയും ഇസ്രായേല്‍ കൊന്നൊടുക്കി. നിരവധി നേതാക്കള്‍ വധശ്രമത്തില്‍നിന്ന് രക്ഷപ്പെട്ടു. ഇതൊന്നും ഇസ്രായേല്‍ ഭീകരതക്കെതിരായ പോരാട്ടത്തില്‍നിന്ന് ഹമാസിനെ പിന്തിരിപ്പിച്ചിട്ടില്ല.
ഇമാദ് അഖില്‍ (1971 - 1993 )
1993 നവംബര്‍ 24-നാണ് ഹമാസിന്റെ ഒരു കമാണ്ടറെ ഇസ്രായേല്‍ സൈന്യം ആദ്യമായി വധിക്കുന്നത്. ഇമാദ് അഖിൽ ആണ് ആ അര്‍ഥത്തില്‍ ഹമാസിന്റെ ആദ്യ രക്തസാക്ഷി. ഇരുപത്തിരണ്ടു വയസ്സു മാത്രമായിരുന്നു അന്ന് ഇമാദിന്റെ പ്രായം. ഇത്രയും ചെറു പ്രായത്തില്‍ ഇസ്സുദ്ദീന്‍ അല്‍ ഖസ്സാം ബ്രിഗേഡ്‌സിന്റെ കമാണ്ടര്‍ പദവിയിലെത്താന്‍ മാത്രം അപാരമായ ധൈര്യവും നേതൃപാടവവുമുണ്ടായിരുന്നു ഇമാദിന്. ഹമാസ് പ്രസ്ഥാനം സ്ഥാപിതമായതിന്റെ അടുത്ത വര്‍ഷം തന്നെ ഇമാദ് അതിന്റെ ഭാഗമായി. ഹമാസില്‍ അംഗത്വമെടുത്തതിന്റെ പേരില്‍ ഇമാദിനെയും മൂത്ത സഹോദരന്‍ ആദിലിനെയും ഇസ്രായേല്‍ അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. ജയില്‍ മോചിതനായതോടെ പോരാളിയുടെ കുപ്പായമണിയുകയായിരുന്നു ആ കൗമാരക്കാരന്‍.
വേഷം മാറി പ്രത്യക്ഷപ്പെടുന്നതില്‍ മിടുക്കനായിരുന്നു ഇമാദ്. ജൂത കുടിയേറ്റക്കാരന്റെ വേഷത്തിലും ഇസ്രായേലി സൈനികരെ അദ്ദേഹം കബളിപ്പിക്കുകയുണ്ടായി. തന്റെ ജീവനെടുക്കാന്‍ സയണിസ്റ്റ് സൈന്യവും അവരുടെ ചാര സംഘടനകളും പിന്നാലെയുണ്ടെന്ന് ഇമാദിന് അറിയാമായിരുന്നു. 1991-ല്‍ എഴുതിയ ഡയറിക്കുറിപ്പില്‍ ഇക്കാര്യം ഇമാദ് സൂചിപ്പിച്ചിട്ടുണ്ട്. സ്വര്‍ഗത്തിലേക്കുള്ള പാതയിലാണ് താനുള്ളതെന്നും അദ്ദേഹം അതില്‍ കുറിക്കുന്നു. 1993 നവംബറില്‍ ഗസ്സ ചീന്തിലെ ശുജാഇയ്യയില്‍ വീട് ഉപരോധിച്ചാണ് ഇസ്രായേല്‍ സൈന്യം ഇമാദിനെയും സഹപ്രവര്‍ത്തകരെയും വധിച്ചത്. വലീദ് ഹംദിയ എന്ന മുന്‍ ഹമാസ് പ്രവര്‍ത്തകനാണ് ഇമാദിനെ ഒറ്റുകൊടുത്തത്. 2002-ല്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയും ചെയ്തു. ഇമാദ് അഖിലിന്റെ ജീവിതവും രക്തസാക്ഷിത്വവും വരച്ചുകാട്ടുന്ന ഡോക്യുമെന്ററി 2009-ല്‍ ഹമാസ് പുറത്തിറക്കിയിരുന്നു. ഹമാസ് സര്‍ക്കാറില്‍ വിദേശകാര്യ മന്ത്രിയായിരുന്ന മഹ്്മൂദ് സഹാറും ആഭ്യന്തര മന്ത്രിയായിരുന്ന ഫാതിഹ് ഹമദുമാണ് രചന നിര്‍വഹിച്ചത്. ഖസ്സാമിന്റെ ഇപ്പോഴത്തെ കമാണ്ടര്‍ മുഹമ്മദ് ദൈഫ് ഇമാദിനെ തന്റെ ഗുരുവായി കാണുന്നു.
യഹ്‌യാ അയ്യാശ് (1966 - 1996)
ഇമാദ് അഖിലിന്റെ മരണശേഷമാണ് യഹ്‌യാ അബ്ദുല്ലത്വീഫ് അയ്യാശ് ഖസ്സാമിന്റെ കമാണ്ടര്‍ പദവി ഏറ്റെടുക്കുന്നത്. ഖുര്‍ആന്‍ പഠനത്തില്‍ ഉള്‍പ്പെടെ മികവ് കാണിച്ച അയ്യാശ് 1991-ല്‍ ബീര്‍സൈത് സര്‍വകലാശാലയില്‍നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി. ജോര്‍ദാനില്‍ ബിരുദാനന്തര ബിരുദം നേടാനുള്ള അദ്ദേഹത്തിന്റെ നീക്കം ഇസ്രായേല്‍ തടഞ്ഞത് ഹമാസ് ബന്ധത്തിന്റെ പേരിലായിരുന്നു.
ഖസ്സാമിന്റെ ബോംബുകളുടെയും റോക്കറ്റുകളുടെയും ശില്‍പി എന്നറിയപ്പെടുന്ന അയ്യാശിനെ ഇല്ലാതാക്കാനുള്ള ചുമതല നല്‍കപ്പെട്ടത് ഇസ്രായേലിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗമായ ഷിന്‍ബെറ്റിനായിരുന്നു. 1996 ജനുവരി അഞ്ചിന് പിതാവുമായി സംസാരിക്കവെയാണ് മൊബൈലില്‍ ഫോണ്‍ പൊട്ടിത്തെറിച്ച് അദ്ദേഹം രക്തസാക്ഷിയാവുന്നത്. 15 ഗ്രാം ആര്‍.ഡി.എക്‌സ് നിറച്ച മൊബൈല്‍ ഫോണ്‍ അയ്യാശിന്റെ പക്കല്‍ എത്തിക്കുകയും റിമോട്ട് ഉപയോഗിച്ച് സ്‌ഫോടനം നടത്തുകയുമായിരുന്നു.
അയ്യാശിന്റെ മരണത്തിന് നാലു ചാവേര്‍ സ്‌ഫോടനങ്ങളിലൂടെയാണ് ഖസ്സാമിന്റെ ഉപ ഗ്രൂപ്പുകള്‍ പകരം വീട്ടിയത്. 1996 ഫെബ്രുവരി, മാർച്ച് മാസങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ 78 പേര്‍ കൊല്ലപ്പെട്ടത് ഇസ്രായേലിനെ ഞെട്ടിച്ചു. ഹമാസ് അണികള്‍ക്കിടയില്‍ 'എഞ്ചിനീയര്‍' എന്ന പേരില്‍ അറിയപ്പെട്ടിരുന്ന അയ്യാശിനോടുള്ള ആദരവായാണ് 250 കിലോമീറ്റര്‍ ദൂരപരിധിയുള്ള റോക്കറ്റുകള്‍ക്ക് 'അയ്യാശ് 250' എന്ന പേര് ഖസ്സാം നല്‍കിയത്.
സ്വലാഹ് ശഹാദ (1953 - 2002)
ഗസ്സയിലെ ഹമാസ് നേതാവായിരുന്ന സ്വലാഹ് മുസ്ത്വഫാ മുഹമ്മദ് ശഹാദ ഖസ്സാം ബ്രിഗേഡ്‌സിന്റെ കമാണ്ടറായിരുന്നു. അയ്യാശിനു ശേഷം ഈ ചുമതല ഏറ്റെടുത്ത ശഹാദയെ 2002 ജൂലൈ 22-നാണ് സയണിസ്റ്റ് സൈന്യം വധിച്ചത്. ശഹാദയോടൊപ്പം ഭാര്യയും മകളും രക്തസാക്ഷികളായി. അമേരിക്കന്‍ നിര്‍മിത എഫ്-16 വിമാനത്തില്‍നിന്ന് ഒരു ടണ്‍ ബോംബാണ് അദ്ദേഹത്തിന്റെ വീടിനു മുകളില്‍ വര്‍ഷിച്ചത്. ഇസ്രായേലിനെ വിറപ്പിച്ച നിരവധി ചാവേര്‍ ആക്രമണങ്ങളുടെ ആസൂത്രകനായിരുന്നു ശഹാദ. 2000 -ത്തിലെ അല്‍ അഖ്‌സ്വാ ഇന്‍തിഫാദക്കാലത്ത് ഇസ്രായേലിനകത്ത് പ്രകമ്പനം കൊള്ളിക്കുന്ന ഓപറേഷനുകള്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടക്കുകയുണ്ടായി. ശഹാദയുടെ കാലത്താണ് ഇസ്രായേലിനകത്തേക്ക് ഖസ്സാം റോക്കറ്റുകള്‍ പ്രയോഗിക്കാന്‍ തുടങ്ങിയത്.
ഇസ്മാഈല്‍ അബൂ ശനബ് (1950 - 2003)
ഹമാസിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ ഇസ്മാഈല്‍ അബൂ ശനബിനെ 2003 ആഗസ്റ്റ് 21-ന് ഗസ്സയിലെ റിമാലില്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍ മിസൈലാക്രമണത്തിലൂടെയാണ് വധിച്ചത്. ചാവേര്‍ ആക്രമണങ്ങളെ ശക്തമായി എതിര്‍ക്കുകയും ദീര്‍ഘകാലത്തെ വെടിനിര്‍ത്തലിനെ അനുകൂലിക്കുകയും ചെയ്തയാളായിരുന്നു ഇസ്മാഈല്‍ അബൂ ശനബെന്ന് ദ ഇക്കണോമിസ്റ്റിന്റെ ദക്ഷിണേഷ്യന്‍ ബ്യൂറോ ചീഫ് ആയിരുന്ന മാക്‌സ് റോഡന്‍ബെക്കും മിഡിലീസ്റ്റ് ലേഖകനായിരുന്ന നിക്കോളാസ് പെല്‍ഹാമും സാക്ഷ്യപ്പെടുത്തുന്നു. ഇസ്രായേലുമായുണ്ടായിരുന്ന മൂന്നു മാസത്തെ വെടിനിര്‍ത്തല്‍ ഇതോടെ ഹമാസും ഇസ്‌ലാമിക് ജിഹാദും ഫതഹിന്റെ സൈനിക വിഭാഗമായ അല്‍ അഖ്‌സ്വാ ബ്രിഗേഡും അവസാനിപ്പിച്ചു.
ഗസ്സയിലെ ഹമാസിന്റെ ഏറ്റവും മുതിര്‍ന്ന മൂന്നു നേതാക്കളിലൊരാളായ അബൂ ശനബിന്റെ ഖബറടക്കച്ചടങ്ങില്‍ ഒരു ലക്ഷത്തിലേറെ പേരാണ് പങ്കെടുത്തത്. അമേരിക്കയിലെ കൊളറാഡോ സ്‌റ്റേറ്റ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയ ശേഷം ഗസ്സ ഇസ്‌ലാമിക് സര്‍വകലാശാലയില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിരുന്ന ഇസ്മാഈല്‍ അബൂ ശനബിനെ ശൈഖ് അഹ്്മദ് യാസീനുമായുള്ള അടുത്ത ബന്ധമാണ് ഹമാസിലെത്തിച്ചത്. യാസീന്റെ ഡെപ്യൂട്ടിയായും പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം ഏഴു വര്‍ഷം ഇസ്രായേലി തടവറയില്‍ കഴിച്ചുകൂട്ടുകയുണ്ടായി. 1996-ലാണ് മോചിതനായത്.
ശൈഖ് അഹ്്മദ് യാസീന്‍ (1936 - 2004)
ഇന്‍തിഫാദക്ക് കാരണക്കാരനെന്ന് ഇസ്രായേല്‍ ആരോപിക്കുന്ന അഹ്്മദ് യാസീന്‍ ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളെ വധിക്കാനുള്ള പദ്ധതി ഷാരോണിന്റെ നേതൃത്വത്തിലാണ് രൂപം കൊണ്ടത്. 2003 സെപ്റ്റംബര്‍ ആറിന് ശൈഖ് യാസീനും മുതിര്‍ന്ന നേതാക്കളും ഗസ്സയില്‍ യോഗം ചേരുന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് അര ടണ്‍ ബോംബുകളുമായി അമേരിക്കന്‍ നിര്‍മിത എഫ് 16 വിമാനം തയാറാക്കി നിര്‍ത്തി. ശൈഖ് യാസീനു പുറമെ ഹമാസ് രാഷ്ട്രീയ വിഭാഗത്തിലെ പ്രമുഖന്‍ ഇസ്മാഈല്‍ ഹനിയ്യ, സൈനിക വിഭാഗത്തിലെ മുതിര്‍ന്ന നേതാവ് മുഹമ്മദ് ദൈഫ് എന്നിവരുമുണ്ടായിരുന്നു. ഇസ്രായേല്‍ യുദ്ധ വിമാനം ബോംബ് വര്‍ഷിച്ചെങ്കിലും തലനാരിഴക്ക് ശൈഖ് യാസീനും കൂട്ടരും രക്ഷപ്പെട്ടു. ബോംബിന്റെ ചീളുകള്‍ യാസീന്റെ വലതു ചുമലില്‍ പതിച്ച് നേരിയ പരിക്കേറ്റു.
2005 -ല്‍ ഇസ്രായേല്‍ പിന്‍മാറ്റം നടത്തുന്നതു വരെ ഗസ്സയില്‍ ധാരാളം ജൂത കുടിയേറ്റ കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു. ഇസ്രായേല്‍ സൈന്യത്തിന്റെ സമ്പൂര്‍ണ നിരീക്ഷണത്തിലായിരുന്നു ഗസ്സ. അവിടത്തെ അല്‍ സബ്റയിലെ അല്‍ മുജമ്മ പള്ളിയിലാണ് ശൈഖ് യാസീന്‍ പ്രഭാത നമസ്‌കാരത്തിന് എത്താറുള്ളതെന്ന് ഇസ്രായേല്‍ രഹസ്യാന്വേഷണ വിഭാഗത്തിന് അറിയാമായിരുന്നു. 2004 മാര്‍ച്ച് 22-ന് തിങ്കളാഴ്ച പുലര്‍ച്ചെ 4.30-ന് ഒരു ഇസ്രായേലി ഡ്രോണ്‍ ഗസ്സയുടെ മുകളിലൂടെ പറന്ന് ശൈഖ് യാസീന്‍ വീല്‍ ചെയറില്‍ പള്ളിയിലേക്ക് പോകുന്നതിന്റെ ദൃശ്യങ്ങള്‍ സൈനിക കണ്‍ട്രോള്‍ റൂമിലേക്ക് നല്‍കിക്കൊണ്ടിരുന്നു. ശൈഖ് യാസീന്‍ പള്ളിയില്‍നിന്ന് പുറത്തുകടന്നതോടെ ഡ്രോണില്‍നിന്ന് ലേസര്‍ രശ്മികള്‍ പ്രവഹിക്കാന്‍ തുടങ്ങി. വെളിച്ചം ലക്ഷ്യസ്ഥാനത്ത് പതിച്ചതോടെ അപാച്ചെ കോപ്റ്ററില്‍നിന്ന് മൂന്ന് റോക്കറ്റുകള്‍ ശൈഖിന്റെ നേരെ തൊടുത്തുവിട്ടു. ശൈഖ് യാസീനും മകള്‍ ഖദീജയുടെ ഭര്‍ത്താവും അംഗരക്ഷകന്‍ ഖമീസ് മുശ്തഹയും ഉള്‍പ്പെടെ എട്ടു പേര്‍ സംഭവസ്ഥലത്ത് രക്തസാക്ഷികളായി. 17 പേര്‍ക്ക് പരിക്കേറ്റു. ആക്രമണത്തിനു മണിക്കൂറുകള്‍ക്ക് മുമ്പ് ആകാശത്ത് ഡ്രോണ്‍ പറക്കുന്നത് ശ്രദ്ധയില്‍പെട്ടതായി മകന്‍ മുഹമ്മദ് പറഞ്ഞപ്പോള്‍, 'നാം രക്തസാക്ഷിത്വം കൊതിക്കുന്നുവെന്നും അല്ലാഹുവിങ്കലേക്കാണ് നമ്മുടെ മടക്കമെന്നും' ആയിരുന്നു ശൈഖ് യാസീന്റെ പ്രതികരണം. പ്രഭാത നമസ്‌കാരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ മറ്റൊരു മകന്‍ അബ്ദുല്‍ ഗനിയും പിതാവിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പക്ഷേ, ശൈഖ് അത് അവഗണിച്ച് രക്തസാക്ഷിത്വത്തിലേക്ക് പാഞ്ഞടുക്കുകയായിരുന്നു.
അബ്ദുല്‍ അസീസ് റന്‍തീസി (1947- 2004)
ഇഖ്‌വാനുൽ മുസ്‌ലിമൂന്റെ (മുസ്‌ലിം ബ്രദര്‍ഹുഡ്) ഗസ്സയിലെ ആറു മുതിര്‍ന്ന നേതാക്കളില്‍ ഒരാളായിരുന്നു അബ്ദുല്‍ അസീസ് അലി അബ്ദുല്‍ മജീദ് റന്‍തീസി. ശൈഖ് യാസീനൊപ്പം ഹമാസ് രൂപവത്കരണത്തില്‍ നേതൃപരമായ പങ്കുവഹിച്ച റന്‍തീസി, പ്രസ്ഥാനത്തിന്റെ നാവായി മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നു. അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്കും ആഗോള ടെലിവിഷന്‍ ചാനലുകള്‍ക്കും ഹമാസിനെ പരിചയപ്പെടുത്തുന്നതിലും സംഘടനയുടെ നയനിലപാടുകള്‍ വളച്ചുകെട്ടില്ലാതെ അവതരിപ്പിക്കുന്നതിലും റന്‍തീസിയുടെ വാക്ചാതുരി വലിയ പങ്കു വഹിക്കുകയുണ്ടായി. 1992 ഡിസംബര്‍ 17-ന് ഹമാസിന്റെയും ഇസ്‌ലാമിക് ജിഹാദിന്റെയും പ്രവര്‍ത്തകരായ 415 പേരെ തെക്കന്‍ ലബനാനിലെ നോ മാന്‍സ് ലാന്റി (മറജുസ്സുഹൂർ )ലേക്ക് ഇസ്രായേല്‍ നാടുകടത്തിയപ്പോള്‍ അക്കൂട്ടത്തിലുള്‍പ്പെട്ട പ്രമുഖനായിരുന്നു ഡോ. റന്‍തീസി.
ഗസ്സക്കു വടക്ക് അല്‍ ജലാല സ്ട്രീറ്റില്‍ 2004 ഏപ്രില്‍ 17-ന് സന്ധ്യയോടെ കാറില്‍ സഞ്ചരിക്കുമ്പോഴാണ് ഇസ്രായേല്‍ വ്യോമസേനയുടെ എ.എച്ച് അപാച്ചെ ഹെലികോപ്റ്ററില്‍നിന്ന് രണ്ട് എയര്‍ റ്റു സര്‍ഫസ് മിസൈലുകള്‍ റന്‍തീസിയുടെ വാഹനത്തില്‍ പതിച്ചത്. റന്‍തീസിയെ ഉടന്‍ അല്‍ ശിഫാ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവിടെവെച്ച് അന്ത്യശ്വാസം വലിച്ചു.
ഹമാസിന്റെ പരമോന്നത നേതൃത്വത്തിനു നേരെ ഒരു മാസം തികയും മുമ്പ് ഇസ്രായേല്‍ സൈന്യം നടത്തിയ രണ്ടാമത്തെ ഭീകരാക്രമണമായിരുന്നു അത്. ശൈഖ് യാസീന്റെ വധത്തിനു പിറ്റേന്ന് ഹമാസിന്റെ നേതൃത്വം ഏറ്റെടുത്ത റന്‍തീസിക്ക് നാലാഴ്ച തികച്ച് ആ ചുമതലയില്‍ തുടരാനായില്ല.
ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മിയുടെ (ഐ.ആര്‍.എ) രാഷ്ട്രീയ വിഭാഗമായ ഷിന്‍ഫൈന് സമാനമായി ഹമാസിന് രാഷ്ട്രീയ, സൈനിക നേതൃത്വങ്ങള്‍ ഉണ്ടാകണമെന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത് റന്‍തീസി ആയിരുന്നു. എന്നാല്‍, സൈനിക വിംഗുമായി നേരിട്ട് ബന്ധമില്ലാത്ത റന്‍തീസിയെയും മറ്റു ആറ് ഹമാസ് സ്ഥാപകാംഗങ്ങളെയും ഇസ്രായേലിനെതിരായ ആക്രമണങ്ങളില്‍ പങ്കുണ്ടെന്ന് ആരോപിച്ച് ഹിറ്റ്‌ലിസ്റ്റില്‍ പെടുത്തുകയായിരുന്നു.
മഹ്്മൂദ് അല്‍ മബ്ഹൂഹ് (1960 - 2010)
ഇസ്രായേലിന്റെ കുപ്രസിദ്ധ ചാര സംഘടനയായ മൊസ്സാദ് വിദേശ രാജ്യങ്ങളില്‍ നടത്തിവരുന്ന കൊലപാതക പരമ്പരകളില്‍ ഉള്‍പ്പെട്ടതാണ് 2010 ജനുവരി 19-ന് ദുബൈയിലെ അല്‍ ബുസ്താന്‍ റോട്ടാന ഹോട്ടലില്‍ നടന്നത്. ഖസ്സാമിന്റെ സ്ഥാപകരിലൊരാളായ മഹ്്മൂദ് അല്‍ മബ്ഹൂഹിനെ ഹോട്ടല്‍ മുറിയില്‍ ശ്വാസം മുട്ടിച്ചും വൈദ്യുതാഘാതം ഏല്‍പിച്ചുമാണ് വധിച്ചത്. ദമസ്‌കസില്‍നിന്ന് എമിറേറ്റ്‌സ് വിമാനത്തില്‍ ദുബൈയില്‍ ഇറങ്ങിയ മബ്ഹൂഹിനെ കൊലപ്പെടുത്താന്‍ 26 അംഗ സംഘത്തെയാണ് മൊസ്സാദ് നിയോഗിച്ചത്. ബ്രിട്ടീഷ്, ഐറിഷ്, ഫ്രഞ്ച്, ജര്‍മന്‍, ആസ്‌ത്രേലിയന്‍ പാസ്്പോര്‍ട്ടുകള്‍ ഉപയോഗിച്ചാണ് ഇവര്‍ യു.എ.ഇയിലെത്തിയത്. l
സാമ്പത്തിക ചൂഷണങ്ങൾക്കും തട്ടിപ്പുകൾക്കും മനുഷ്യ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. കാലഘട്ടത്തിലെ ട്രെന്റുകൾക്കനുസരിച്ച് അവ പുതു മോഡിയിൽ അവതരിക്കുന്നു. ആളുകളുടെ ആർത്തിയാണ് അവ തടിച്ചുകൊഴുക്കാൻ കാരണമെന്ന് പറഞ്ഞു ഒഴിഞ്ഞുമാറുന്നത് യാഥാർഥ്യ ബോധമാണെന്നു കരുതാൻ വയ്യ. ഹലാലായ സമ്പാദ്യവും മിതമായ ലാഭവും പ്രതീക്ഷിക്കുന്നവർ പോലും പലതരം തട്ടിപ്പുകളിലും ചെന്ന് ചാടുകയാണ്. കാരണം, പുതിയ സംരംഭങ്ങൾ അത്രയും ആസൂത്രിതമായാണ് സംഘടിപ്പിക്കപ്പെടുന്നത്. കെട്ടും മട്ടും കാണുമ്പോൾ അവ തട്ടിപ്പ് കമ്പനികളാണെന്ന് സാധാരണക്കാരന് തിരിച്ചറിയാനേ കഴിയില്ല. ഇത്തരം ആളുകൾ നിക്ഷേപകരിൽ വിശ്വാസം ജനിപ്പിക്കാനായി മതവിശ്വാസത്തെ വരെ കൂട്ടുപിടിക്കും. പണ്ട് ആട് - തേക്ക് - മാഞ്ചിയം മുതൽ നെറ്റ്്വർക്ക് മാർക്കറ്റിംഗ് വരെ ആയിരുന്നെങ്കിൽ, ഇപ്പോഴും അതിന്റെ വ്യത്യസ്ത രൂപങ്ങൾ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഇരകളെ തേടുന്നു. ആർട്ടിഫിഷൽ ഇന്റലിജൻസ്, ക്രിപ്റ്റോ കറൻസി, ബിറ്റ് കോയിൻ, ഷെയർ മാർക്കറ്റ്, എത്തിക്കൽ ഇൻവെസ്റ്റ്മെൻറ്, ഹലാൽ ബിസിനസ് തുടങ്ങിയ സങ്കേതങ്ങളെക്കൂടി കൂട്ടുപിടിച്ച് ഉപഭോക്താക്കളിൽ കൂടുതൽ വിശ്വാസ്യത ഉണ്ടാക്കിയെടുക്കുന്നു. അതിന്റെ പ്രക്രിയകളെയാകട്ടെ കൂടുതൽ സങ്കീർണമാക്കുന്നു. സാധാരണക്കാർക്ക് തട്ടിപ്പുകൾ തിരിച്ചറിയാൻ കഴിയാത്തത് ഇതുകൊണ്ട് കൂടിയാണ്. നിക്ഷേപകർക്ക് മോഹന വാഗ്ദാനങ്ങൾ നൽകി വിദഗ്ധമായി കബളിപ്പിക്കുന്നു. പ്രവാസികളും ഹലാൽ ബിസിനസ്സുകൾ തേടുന്ന സാധാരണക്കാരുമാണ് വളരെ എളുപ്പത്തിൽ കെണിയിൽ പെട്ടുപോകുന്നവർ.
ഹലാൽ ഇൻവെസ്റ്റ്മെൻറ് എന്ന പേരിൽ റിസോർട്ടുകളിലും ഹോട്ടലുകളിലും നിക്ഷേപം വാങ്ങിക്കൂട്ടിയ ഒരു പുരോഹിതനെ ആരും മറന്നുകാണില്ല. കൂട്ടത്തിൽ അഞ്ച് ജില്ലകളിൽ സാന്ത്വനം പാലിയേറ്റീവ് കെയറും ഉണ്ടായിരുന്നു. 'അറബ് മാന്ത്രികം' എന്ന പേരിൽ ചാനൽ പരിപാടി വേറെയും. ഇതെല്ലാം ഭക്തരായ വിശ്വാസികളെ സ്വാധീനിച്ചു (വ്യാജ വൈദ്യന്മാരെ സംസ്ഥാനത്ത് അറസ്റ്റ് ചെയ്യാന്‍ തുടങ്ങിയ സമയത്താണ് കുറച്ചു കാലത്തേക്ക് ചികിത്സ നിര്‍ത്തി പാലിയേറ്റീവ് രംഗത്തേക്ക് കടന്നത്). അവസാനം പലരുടെയും പരാതിയിൽ പോലീസ് കസ്റ്റഡിയിലെടുത്തപ്പോഴാണ് ഇയാൾ ചെയ്ത വഞ്ചനയുടെ വ്യാപ്തി ജനങ്ങൾ തിരിച്ചറിയുന്നത്. ഭര്‍ത്താവുമായി സ്വരച്ചേര്‍ച്ചയിലല്ലാതിരുന്ന ഒരു സ്ത്രീ, ഭര്‍ത്താവുമായി അടുക്കാന്‍ വേണ്ടി 'ചികിത്സ'ക്കായി ഏഴ് ലക്ഷം രൂപ നല്‍കിയതായി പോലീസിൽ പരാതി നൽകി. തുടർന്നാണ് അയാൾ അറസ്റ്റിലായത്.
കുറ്റിപ്പുറം ആസ്ഥാനമായി പ്രവർത്തിച്ച ഒരു കമ്പനി ശതകോടികളാണ് തട്ടിയെടുത്തത്. ഒരു മത സംഘടനയിൽ ഉള്ളവരായിരുന്നു മുഖ്യമായും കബളിപ്പിക്കപ്പെട്ടത്. വലിയൊരു വിഭാഗം മദ്റസാ അധ്യാപകരും കെണിയിൽ വീണിരുന്നു. പലവിധത്തിലുള്ള ഒത്തുതീർപ്പുകൾ നടന്നെങ്കിലും ഇതുവരെ പൂർണമായും എല്ലാവർക്കും നിക്ഷേപിച്ച പണം തിരിച്ചുകിട്ടിയിട്ടില്ല. ഇരുനൂറിൽ പരം കേസുകളും നിരവധി അറസ്റ്റ് വാറൻറുകളും കമ്പനി നടത്തിപ്പുകാരനെതിരെ ഇപ്പോഴും നിലവിലുണ്ട്.
കണ്ണൂരിലെ അർബൻ നിധി, എനി ടൈം മണി എന്നിവയിൽ 500-ഓളം നിക്ഷേപകരാണ് കബളിപ്പിക്കപ്പെട്ടത്. 2023 ജനുവരിയിലായിരുന്നു ഈ കേസ് രജിസ്റ്റർ ചെയ്തത്. അതേസമയത്ത് തന്നെയുള്ള മറ്റൊരു പ്രധാന കേസായിരുന്നു തൃശൂരിലെ പ്രവീൺ റാണയുടേത്. ഇതിലും നൂറുകണക്കിന് സാധാരണക്കാർക്ക് പണം നഷ്ടമായി. കേരളത്തിൽ ഏറ്റവുമധികം സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുള്ള തൃശൂരിൽ തട്ടിപ്പുകളുടെ എണ്ണവും കൂടുതലാണ്. കൊച്ചി ആസ്ഥാനമായ പോപ്പുലർ ഫിനാൻസിന്റേത് 2000 കോടി രൂപയുടെ തട്ടിപ്പായിരുന്നു. പലതും വാർത്തകൾ പോലും ആകാറില്ല എന്നതാണ് സത്യം.
Q-net
Gold investment, ബിറ്റ് കോയിൻ, ഷെയർ എന്നെല്ലാം പറഞ്ഞ് ഇന്ത്യയിലുടനീളം വലിയ രീതിയിൽ ആളുകളെ വഞ്ചിച്ച ഒരു 'ഇന്റർനാഷനൽ' സ്ഥാപനമാണ് ക്യൂ നെറ്റ്. എന്നാൽ, മലപ്പുറത്തും കോഴിക്കോട്ടും അവർ പ്രത്യേക രീതിയിലാണ് പ്രവർത്തിച്ചത്. മുസ്്ലിം പേരുള്ളവരായിരുന്നു ഓപ്പറേഷനുകളും പ്രമോഷനും നടത്തിയിരുന്നത്. വിശ്വാസികളെ ആകർഷിക്കാനായി അവർ ധാരാളം ഇസ്്ലാമിക സംജ്ഞകൾ ഉപയോഗിച്ചുകൊണ്ടിരുന്നു. Q-net മലബാർ മേഖലയിൽ 'ഹലാൽ ഇൻവെസ്റ്റ്മെൻറ്' എന്ന പേരിൽ നടത്തിയ തട്ടിപ്പിനെ കുറിച്ച് മലയാള മനോരമ ടി.വി അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടിരുന്നു. മാർച്ച് 2023-ൽ ഇവരുടെ 137 കോടി രൂപയാണ് ഇ.ഡി മരവിപ്പിച്ചത്. ഹോങ്കോങ്ങില്‍ രജിസ്റ്റർ ചെയ്ത ഈ കമ്പനിയുടെ 425 കോടി രൂപയുടെ കള്ളപ്പണവും ഹൈദരാബാദിൽ കണ്ടെത്തിയിരുന്നു. സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നായി അഞ്ച് ലക്ഷം ആളുകൾ ഇതിന്റെ ചതിയിൽ പെട്ടു എന്ന് പോലീസ് പറയുന്നു. ഫെയ്ക് സെലിബ്രിറ്റി പരസ്യങ്ങളും വെബ്സൈറ്റുകളും വഴി കേരളത്തിലെ ക്യാമ്പസുകളിൽ ഇപ്പോഴും ഇവർ നിലനിൽക്കുന്നുണ്ട്. Gold Quest എന്നായിരുന്നു ഇവരുടെ ആദ്യത്തെ പേര്. 1998-ൽ തുടങ്ങിയ ഈ കമ്പനി പേരും നാളും മാറ്റി 2023-ലും ആളുകൾക്ക് വലവിരിച്ചുകൊണ്ടിരിക്കുന്നു. അത്ഭുതകരം എന്ന് പറയട്ടെ, ഇപ്പോഴും ആളുകൾ ഇതിൽ ചേർന്നുകൊണ്ടിരിക്കുന്നു! കഴിഞ്ഞ ആഴ്ചയിലും ഇതിൽ ചേർന്ന ഒരാളെ ഈ ലേഖകൻ കണ്ടുമുട്ടുകയുണ്ടായി.
മോറിസ് കോയിൻ
മലപ്പുറത്ത് 11,200 കോടി രൂപയുടെ മറ്റൊരു തട്ടിപ്പ് Morris Coin-ന്റെ പേരിലാണ് അരങ്ങേറിയത്. ഇതിലെയും മുഖ്യ ഇരകൾ പ്രവാസികൾ, വിദ്യാർഥികൾ, യുവജനങ്ങൾ തുടങ്ങിയവർ തന്നെ. കോയമ്പത്തൂർ ആസ്ഥാനമായ UTS-ലും ഇരകളായവർ ഭൂരിപക്ഷം മലബാർ മേഖലയിൽനിന്നുള്ളവരായിരുന്നു. 3500 കോടി രൂപയായിരുന്നു ഇതിലൂടെ പൊതുജനങ്ങൾക്ക് നഷ്ടപ്പെട്ടത്. ക്യൂ നെറ്റിനെപ്പോലെ, ഇസ്്ലാംമത വിശ്വാസം ഉപയോഗിച്ച് ആളുകളെ കെണിയിലാക്കുന്നതിൽ യു.ടി.എസും വിജയിച്ചു. ഇങ്ങനെ ചെറുതും വലുതുമായി അറിഞ്ഞതും അറിയപ്പെടാത്തതുമായ തട്ടിപ്പുകൾക്ക് കൈയും കണക്കുമില്ല.
തട്ടിപ്പുകാരുടെ ഊർജ സ്രോതസ്സും മാതൃകയും
ലോകത്തിലെ ഏറ്റവും വലിയ തട്ടിപ്പുകളിൽ ഒന്നാണ് One Coin Scam. 35 ലക്ഷം കോടി ഡോളർ തട്ടിപ്പ് നടത്തി അപ്രത്യക്ഷയാവുകയായിരുന്നു Dr. Ruja Ignatova എന്ന സ്ത്രീ. ഹോളിവുഡ് / സ്പോർട്സ് സെലിബ്രിറ്റികളെയും ബിസിനസ് മാഗ്നെറ്റുകളെയും രാഷ്ട്രീയക്കാരെയും കൂടെ കൂട്ടിയായിരുന്നു പറ്റിക്കൽ. ടൈം മാഗസിനിലെ പരസ്യം, കവർ ചിത്രം ആണെന്ന് പറഞ്ഞും ആളുകളെ തെറ്റിദ്ധരിപ്പിച്ചു. കേരളത്തിൽ കണ്ടുവരുന്ന പലതരം ഇടപാടുകൾക്കും ഇതുമായി സാമ്യതകളുണ്ട്. വ്യാജ ബിറ്റ് കോയിൻ സംരംഭങ്ങൾ, മൾട്ടിലെവൽ മാർക്കറ്റിംഗ്, ഗോൾഡ് ഇൻവെസ്റ്റ്മെന്റ് സ്കീമുകൾ തുടങ്ങിയവ ഇപ്പോഴും പിന്തുടരുന്ന മുഖ്യ മാതൃക ഈ സ്ത്രീയുടെതാണ്.
ബാംഗ്ലൂർ ഐ.എം.എ
ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ തട്ടിപ്പുകളിൽ ഒന്നായിരുന്നു ഐ.എം.എയുടേത് (I-Monetary Advisory). ബാംഗ്ലൂർ ആസ്ഥാനമായ ഈ കമ്പനി പലിശരഹിത ഹലാൽ ഇൻവെസ്റ്റ്മെൻറ് എന്ന് പറഞ്ഞായിരുന്നു വിശ്വാസികളെ കൂട്ടമായി ആകർഷിച്ചത്. മുപ്പതിനായിരത്തിലധികം ആളുകൾ ഇതിൽ കണ്ണിചേർന്നു. ഷെയർ ഹോൾഡർമാർക്ക് സമ്മാനമായി നൽകിയിരുന്നത് വിശുദ്ധ ഖുർആൻ ആയിരുന്നു. ഇതിന്റെ ഉടമ മുസ്്ലിം സ്ഥാപനങ്ങൾക്ക് ധാരാളമായി ധനസഹായവും നൽകിയിരുന്നു. ഒരു തരം ആത്മീയാന്തരീക്ഷം കമ്പനി പരിസരത്ത് ഇയാൾ ഉണ്ടാക്കിവെക്കും. ഇത് സാധാരണക്കാരായ മുസ്്ലിംകളെ വളരെയധികം ആകർഷിച്ചു. കോടിക്കണക്കിൽ രൂപ ആളുകളിൽനിന്ന് തട്ടിയെടുത്ത് കമ്പനി മുങ്ങിയപ്പോഴാണ് പണം മുടക്കിയവർക്ക് ചതി മനസ്സിലായത്. വിശ്വാസത്തെ മറയാക്കി വളർന്ന ഒരു വൻ തട്ടിപ്പ് സ്ഥാപനമായിരുന്നു ഇത്.
മീസാൻ, ഓർക്കിഡ്
കോഴിക്കോട് പട്ടണത്തിൽ മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന മറ്റൊരു സ്ഥാപനമായിരുന്നു മീസാൻ ഗോൾഡ്. ഷെയർ ഹോൾഡേഴ്സ് കബളിപ്പിക്കപ്പെട്ടതിനെ കുറിച്ച വാർത്തയും പോലീസ് കേസുകളും ഈയടുത്ത് മീഡിയയിൽ വന്നത് പലരും ഓർക്കുന്നുണ്ടാവും. പ്രവാസികളായിരുന്നു ഇതിന്റെ ഇരകൾ. ഉടമസ്ഥന്റെ ദാരുണമായ അന്ത്യത്തിലേക്ക് നയിച്ച സംരംഭമായിരുന്നു മലപ്പുറത്തെ ഓർക്കിഡ്.
സ്ഥാപനത്തിന്റെ സാമ്പത്തിക ദുർബലത കണക്കിലെടുക്കാതിരിക്കുക, അത് യഥാവിധി നിക്ഷേപകരെ അറിയിക്കാതിരിക്കുക, പുതിയ നിക്ഷേപകരിൽനിന്ന് പണം സ്വീകരിച്ച് അത് പഴയ ആളുകൾക്ക് ലാഭവിഹിതമായി നൽകുക - ഈ കെടുകാര്യസ്ഥതയാണ് ഇത്തരം സ്ഥാപനങ്ങളെ തകർത്തത്. ഇത് മലയാളികൾ നടത്തുന്ന പല ഷെയർ ബിസിനസ്സുകളിലും പിന്തുടരുന്ന രീതിയാണ്. ഒരു ഘട്ടത്തിൽ ഈ ചെയിൻ പൊട്ടി, കമ്പനിയുടെ നടത്തിപ്പ് അവതാളത്തിലായി അത് പൂട്ടുക എന്നതും, നിക്ഷേപകർക്ക് പണം തിരിച്ചു നൽകാനില്ലാതാവുക എന്നതും ഇത്തരം പ്രവർത്തന മാതൃകകളുടെ സ്വാഭാവിക പരിണിതിയാണ്.
പോൺസി സ്കീം (Ponzi scheme)
വഞ്ചനാപരമായ നിക്ഷേപ പദ്ധതിയെയാണ് പോൺസി സ്കീം (Ponzi scheme) എന്ന് പറയുന്നത്. അവിടെ ബിസിനസ്സ് ഉണ്ടാക്കുന്ന യഥാർഥ ലാഭത്തിന് പകരം പുതിയ നിക്ഷേപകരുടെ മൂലധനം ഉപയോഗിച്ച് മുൻ നിക്ഷേപകർക്ക് റിട്ടേൺ നൽകുന്നു. ലക്ഷണങ്ങൾ:
ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്യുക.
എല്ലാ മാസവും നിശ്ചിത ലാഭം (consistent return).
സുതാര്യതയുടെ അഭാവം.
യഥാർഥ ബിസിനസ്സിന് പകരം പുതിയ ആളുകളുടെ പണം തിരിമറി നടത്തി ആദ്യം ചേർന്നവർക്ക് നൽകുക.
പുതിയ നിക്ഷേപകരെ നിരന്തരം ചേർക്കുക.
സുസ്ഥിരമല്ലാത്ത വളർച്ച (unsustainable growth).
ആദ്യകാല നിക്ഷേപകരെ വീണ്ടും ഇൻവെസ്റ്റ് ചെയ്യാൻ പ്രേരിപ്പിക്കുക (പണം പിൻവലിക്കാൻ കഴിയാതെ ഷെയറുകളുടെ എണ്ണം കൂട്ടി നൽകുക).
പണം പിൻവലിക്കാനുള്ള ബുദ്ധിമുട്ട്. ലാഭമോ നിക്ഷേപിച്ച തുകയോ പിൻവലിക്കാൻ കഴിയാത്ത അവസ്ഥ.
നിയമാനുസൃതമായ ഡോക്യുമെന്റേഷനുകളുടെ അഭാവം.
കുറച്ച് ആളുകൾ പിന്മാറുന്നതോടു കൂടി തന്നെ നഷ്ടവും തകർച്ചയും ആരംഭിക്കും. കാരണം, ഈ സംരംഭത്തിൽ യഥാർഥ ലാഭം സൃഷ്ടിക്കപ്പെടുന്നില്ല എന്നത് തന്നെ.
വികാരം, മതവിശ്വാസം, സുഹൃദ് ബന്ധങ്ങൾ തുടങ്ങിയവയെ ചൂഷണം ചെയ്യുക. കണക്കുകൾ ചോദിക്കുമ്പോൾ വൈകാരിക അടവുകൾ പുറത്തെടുക്കുക.
പരസ്യം മാത്രമോ വില്ലൻ?
പരസ്യ വിപണിയാണ് ഇക്കാലത്ത് ഉപഭോക്താക്കളുടെ ആവശ്യങ്ങളെ നിർമിക്കുന്നതെന്നും ആഗ്രഹങ്ങൾ ഉണർത്തുന്നതെന്നും നമുക്കറിയാം. പത്ര-ടി.വി ചാനലുകളിൽ വരുന്ന പരസ്യങ്ങളെ പല ഉപഭോക്താക്കളും സത്യസന്ധമെന്ന് കരുതുന്നു. ഒരു കാര്യം മനസ്സിലാക്കണം: പരസ്യം നൽകുന്ന സ്ഥാപനത്തിന്റെ സത്യസന്ധത ഉറപ്പ് വരുത്താനോ ഭാവി പ്രവചിക്കാനോ പരസ്യം നൽകുന്ന മാധ്യമങ്ങൾക്ക് സാധിക്കണം എന്നില്ല. അത് അപ്രായോഗികവുമാണ്.
ചില പ്രോഡക്ടുകൾ, അവയുടെ ഉൽപാദന ചെലവിന്റെ അല്ലെങ്കിൽ ഓപ്പറേഷൻ കോസ്റ്റിന്റെ ഇരട്ടിയോ അതിലധികമോ തുക മാർക്കറ്റിംഗിനായി ഉപയോഗിക്കുന്നത് പോലും വിപണിയിൽ ഇന്നു സാധാരണയാണ്. പരമ്പരാഗത ചാനലുകളിലൂടെ അല്ലാതെ യൂട്യൂബ്, മറ്റ് സോഷ്യൽ മീഡിയ വഴി ആളുകളിലേക്ക് ഇക്കാലത്തേക്ക് പരസ്യങ്ങൾ എത്തുന്നു. അത് ആർക്കും നിയന്ത്രിക്കാൻ കഴിയില്ല. അതിനാൽ, നാം കാണുന്ന പരസ്യങ്ങളുടെ നെല്ലും പതിരും കണ്ടെത്തുക എന്നത് ഇക്കാലത്ത് ഓരോ ഉപഭോക്താവിന്റെയും ഉത്തരവാദിത്വമാണ്. കേൾക്കുന്ന മാത്രയിൽ തന്നെ 'അവിശ്വസനീയം' എന്ന് തോന്നുന്ന കാര്യങ്ങൾ വിശ്വസിക്കാതിരിക്കുക. വിപണിയിലുള്ളതിനെക്കാൾ ഉയർന്ന ലാഭം വാഗ്ദാനം ചെയ്യുന്ന എന്തിലും ചില ചതിക്കുഴികളുണ്ട് എന്ന് തിരിച്ചറിയുക.
സ്ഥിരമായി നിശ്ചിത ലാഭം?
ഭൂരിപക്ഷം നിക്ഷേപകരും നൽകുന്ന ആകർഷകമായ വാഗ്ദാനമാണിത്; എല്ലാ മാസവും നിശ്ചിത തുക (അല്ലെങ്കിൽ ഇത്ര ശതമാനം) നിങ്ങൾക്ക് ലാഭമായി നൽകുമെന്ന്. രണ്ട് കാര്യങ്ങൾ ഇത്തരം വാഗ്ദാനങ്ങൾ കാണുമ്പോൾ നാം ശ്രദ്ധിക്കണം. ഒന്ന്, അതിന്റെ സാമ്പത്തിക വശമാണ്; മറ്റേത് ഇസ്്ലാമിക വശവും. ലാഭം മാത്രം നൽകുന്ന ഒരു സംരംഭവും ലോകത്തില്ല എന്നതാണ് യാഥാർഥ്യം (പ്രത്യേകിച്ചും അതിന്റെ ആരംഭ ഘട്ടത്തിൽ തന്നെ ലാഭം മാത്രം ലഭിക്കുക എന്നത് സംഭവിക്കാനിടയില്ല). നൽകിയ നിശ്ചിത പണത്തിന് നിശ്ചിത സമയത്തിന് ശേഷം നിശ്ചിത സംഖ്യ, നഷ്ടങ്ങൾ ഒന്നുമില്ലാതെ നൽകാമെന്ന് തീരുമാനിക്കുന്നതാണ് പലിശ. ഇസ്്ലാമിൽ പലിശ നിരോധിച്ചപ്പോൾ തന്നെ കച്ചവടങ്ങളിൽ ഏർപ്പെടാനും പറയുന്നുണ്ട്. വ്യാപാര-വ്യവസായങ്ങളിൽ ലാഭ-നഷ്ടങ്ങൾ സംഭവിക്കുമെന്ന് ഇസ്്ലാമിക പ്രമാണങ്ങളിലും ഉണർത്തുന്നുണ്ട്. അതിനാൽ, നഷ്ടമില്ലാതെ നിശ്ചിത ലാഭം മാത്രം പറഞ്ഞുറപ്പിക്കുന്നത് തന്നെ ഇസ്്ലാമികമല്ല.
പണം നൽകിയാൽ നിശ്ചിത കാലത്തിന് ശേഷം നിശ്ചിത തുക നമുക്ക് വാഗ്ദാനം ചെയ്യുന്നത് കടപ്പത്രങ്ങൾ( bond) മാത്രമാണ്. ഗവൺമെൻറ് ഏജൻസികളും മറ്റും പൊതുജനങ്ങളിൽനിന്ന് പണം കടമായി സ്വരൂപിക്കുകയും പിന്നീട് അവർക്ക് അതിന്റെ പലിശ കൊടുക്കുകയുമാണ് കടപ്പത്രങ്ങളിൽ ചെയ്യുന്നത്. അതിനാൽ തന്നെ ബോണ്ടുകൾ വാങ്ങുന്നത് ഇസ്്ലാമികമല്ല എന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായം. നിയമപരമായി, വേറെ ഒരു ഷെയറിലും ഇത്തരം 'മുൻകൂട്ടി നിശ്ചയിച്ച തുക' വാഗ്ദാനങ്ങൾ ഇല്ല.
നിക്ഷേപം സ്വീകരിക്കൽ
ഒരു സംരംഭം നടത്തിക്കൊണ്ടുപോവുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. അതിന് പണം കണ്ടെത്തുന്നതും പ്രയാസകരം തന്നെ. സ്റ്റാർട്ടപ്പുകൾ വരെ ആളുകളെ പിരിച്ചുവിടുകയും സാമ്പത്തിക പ്രതിസന്ധികൊണ്ട് കമ്പനി പൂട്ടുകയും ചെയ്യുന്നത് നാം കാണുന്നുണ്ട്. ഉപഭോക്താക്കൾ മുടക്കുന്ന പണത്തിന് തത്തുല്യവും മൂല്യവത്തുമായി കമ്പനി നൽകുന്ന പ്രോഡക്ട് അല്ലെങ്കിൽ സർവീസിന്റെ ക്വാളിറ്റി, മാർക്കറ്റിൽ നിലവിലുള്ള പ്രോഡക്ടുകളിൽനിന്ന് തങ്ങളുടെ പ്രോഡക്ടിനുള്ള വ്യത്യസ്തത ഇതൊക്കെ ഉണ്ടെങ്കിലേ ഏതൊരു സംരംഭത്തിനും വിപണിയിൽ നിലനിൽക്കാൻ സാധിക്കൂ. അല്ലാത്തവ അകാല ചരമമടയും. അതുമല്ലെങ്കിൽ, നമ്മുടെ സംരംഭത്തിന്റെ സ്ഥാവര -ജംഗമ വിലയും ബ്രാൻഡ് വിലയും എല്ലാം കൂട്ടിച്ചേർത്ത് ഉയർന്ന വിലക്ക് നമ്മുടെ കമ്പനിയെ മറ്റൊരു വലിയ കമ്പനി ഏറ്റെടുത്താൽ, നാം തുടങ്ങുന്ന സംരംഭം വൻ ലാഭം തന്നേക്കും. ഇത്തരം കാര്യങ്ങളൊന്നുമില്ലാതെ, ഒരു കമ്പനിക്കും അവരുടെ നിക്ഷേപകർക്ക് വലിയ റിട്ടേൺ തിരിച്ചുനൽകാൻ സാധിക്കില്ല.
ഇന്നത്തെ പല ജ്വല്ലറി സ്കീമുകളും മാർക്കറ്റിന് തരാൻ കഴിയുന്നതിലും കൂടിയ ലാഭവിഹിതമാണ് ഓഫർ ചെയ്യുന്നത്. അതിനാൽ, ഇത്തരം ജ്വല്ലറികളുടെയും, അതേ പാത സ്വീകരിക്കുന്ന മറ്റ് നെറ്റ്‌വർക്കുകളുടെയും തകർച്ചയും സ്വാഭാവികമാണ്. നാം നിക്ഷേപിക്കുന്ന സംരംഭത്തിന് കണക്കുകളിൽ ട്രാൻസ്പരൻസി/ സുതാര്യത ഉണ്ടായിരിക്കണം. പണം നിക്ഷേപിക്കുന്നതിന് മുമ്പായി cash flow, profit and loss സ്റ്റേറ്റ്മെന്റുകൾ തുടങ്ങിയവ പരിശോധിച്ചിരിക്കണം. l