മുഖവാക്ക്

കഴിഞ്ഞ ഫെബ്രുവരി പതിനാലിന് ജമാഅത്തെ ഇസ്്‌ലാമി കേരള ഘടകം കോഴിക്കോട് നഗരത്തില്‍ സംഘടിപ്പിച്ച ബഹുജന റാലിയും ബീച്ച് മറൈന്‍ ഗ്രൗണ്ടില്‍ നടത്തിയ സാഹോദര്യ സമ്മേളനവും ജനശ്രദ്ധയാകര്‍ഷിച്ചത് അതുയര്‍ത്തിപ്പിടിച്ച പ്രമേയത്തിന് അത്രക്കും അടിയന്തര പ്രാധാന്യമുള്ളതുകൊണ്ടാണ്. ജനമനസ്സുകളിലേക്ക് വിഷം കുത്തിവെക്കുന്ന, ജനാധിപത്യ സ്ഥാപനങ്ങളെ തികച്ചും ജനാധിപത്യവിരുദ്ധമായി നിശ്ശബ്ദമാക്കുന്ന ഹിന്ദുത്വ വംശീയ തേരോട്ടത്തിനെതിരെ ഉറക്കെ സംസാരിക്കണമെന്ന ആഹ്വാനമായിരുന്നു ബഹുജന റാലിയും തുടര്‍ന്നു നടന്ന സാഹോദര്യ സമ്മേളനവും ഉയര്‍ത്തിയത്. സാഹോദര്യ സമ്മേളനം ഉദ്ഘാടനം ചെയ്ത ജമാഅത്തെ ഇസ്്‌ലാമി അഖിലേന്ത്യാ അധ്യക്ഷന്‍ സയ്യിദ് സആദത്തുല്ലാ ഹുസൈനിയും മുഖ്യാതിഥിയായി പങ്കെടുത്ത ഗ്യാന്‍വാപി മസ്ജിദ് ഇമാം അബ്ദുല്‍ ബാത്വിന്‍ നുഅ്മാനിയും മറ്റു പ്രഭാഷകരും ഇക്കാര്യം അടിവരയിട്ട് പറയുകയുണ്ടായി.

നമ്മുടെ രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ ഭീഷണികളിലൊന്ന്, ഫാഷിസ്റ്റ് കിരാത വാഴ്ചക്കെതിരെ നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികളും സാംസ്‌കാരിക കൂട്ടായ്മകളും മുഖ്യധാരാ മാധ്യമങ്ങളും ഭരണഘടനാ സ്ഥാപനങ്ങളും തുടരുന്ന മൗനമാണ്. അയോധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് നിര്‍മിച്ച ക്ഷേത്രം ആരാധനക്കായി തുറന്നുകൊടുത്തതിനു ശേഷമുണ്ടായ അതിഗുരുതരമായ ഭരണകൂട കൈയേറ്റങ്ങളില്‍ ഇവയൊക്കെയും പുലര്‍ത്തുന്ന മൗനവും നിസ്സംഗതയും അമ്പരപ്പിക്കുന്നതാണ്. സകല നീതിന്യായ സങ്കല്‍പ്പങ്ങളെയും കാറ്റില്‍ പറത്തി വാരണസിയിലെ ഗ്യാന്‍വാപി മസ്ജിദിന്റെ നിലവറ പൂജകള്‍ക്കായി തുറന്നുകൊടുത്തപ്പോള്‍, മതേതരത്വത്തിന്റെ ദീര്‍ഘകാല പാരമ്പര്യം അവകാശപ്പെടുന്ന പത്രങ്ങള്‍ വരെ വാര്‍ത്ത ഉള്‍പ്പേജിലെവിടെയോ കൊടുത്തെന്ന് വരുത്തി. കേട്ടുകേള്‍വിയില്ലാത്ത ഈ അനീതിക്കെതിരെ ലേഖനങ്ങളില്ല, എഡിറ്റോറിയലുകളില്ല. പ്രാണപ്രതിഷ്ഠയോടനുബന്ധിച്ച് ദിവസങ്ങളോളം ഫുള്‍ കളര്‍ പേജ് പരസ്യങ്ങള്‍ നല്‍കിയതിനുള്ള പ്രത്യുപകാരം. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനിയില്‍ അനധികൃത കുടിയേറ്റം ഒഴിപ്പിക്കാനെന്ന പേരില്‍ സംസ്ഥാനത്തെ ബി.ജെ.പി ഭരണകൂടം അവിടെയുള്ള ഒരു പള്ളിയും മദ്‌റസയും പൊളിച്ചുകളഞ്ഞു. മറ്റുള്ള അനധികൃത കുടിയേറ്റങ്ങള്‍ക്കോ കുടിയേറ്റക്കാര്‍ക്കോ യാതൊരു പ്രശ്‌നവുമില്ല. മുസ്ലിം സ്ഥാപനങ്ങളെ തെരഞ്ഞു പിടിച്ച് നശിപ്പിക്കുകയാണ്. പള്ളിയും മദ്‌റസയും പൊളിച്ചതിനെത്തുടര്‍ന്നുള്ള സംഘര്‍ഷത്തില്‍ ഔദ്യോഗിക കണക്ക് പ്രകാരം തന്നെ അഞ്ച് പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്. ചട്ടങ്ങളൊന്നും പാലിക്കാതെ പോലീസ് വെടിവെക്കുകയായിരുന്നുവെന്ന് സ്ഥലവാസികള്‍ പറയുന്നു. അനധികൃത കുടിയേറ്റക്കാര്‍ പോലീസിനെതിരെ കലാപമുണ്ടാക്കി എന്ന രീതിയിലാണ് ദേശീയ മാധ്യമങ്ങളില്‍ മിക്കതും സംഭവം റിപ്പോര്‍ട്ട് ചെയ്തത്.

ഇത് ഒരു മാസത്തിനിടക്കുണ്ടായ ഏതാനും സംഭവങ്ങള്‍ മാത്രം. ഈ കുറ്റകരമായ മൗനം അവസാനിപ്പിക്കണമെന്ന തുറന്ന ആഹ്വാനമാണ് കോഴിക്കോട്ടെ ബഹുജന റാലിയിലും സാഹോദര്യ സമ്മേളനത്തിലും ഉയര്‍ന്നു കേട്ടത്. ആ അര്‍ഥത്തില്‍ അത് ചരിത്ര പ്രധാനവുമാണ്. പ്രബോധനം വാരിക ഈ ലക്കത്തില്‍ സാഹോദര്യ സമ്മേളനത്തിലെ ശ്രദ്ധേയമായ നാല് പ്രഭാഷണങ്ങള്‍ ഡോക്യുമെന്റ് ചെയ്യാനുള്ള കാരണവും അതാണ്. l

ബാബരി മസ്ജിദിനെ മുൻനിർത്തി ആലോചിക്കുമ്പോൾ 1949 ഡിസംബർ 22 - അന്നാണ് ബാബരി മസ്ജിദ് ജില്ലാ ഭരണകൂടം പൂട്ടിയിട്ടത്- മുതൽ സ്വാഭാവിക നീതിക്കും ജനാധിപത്യ മൂല്യങ്ങൾക്കും വിരുദ്ധമായിട്ടാണ് ഇന്ത്യ എന്ന രാഷ്ട്രം സഞ്ചരിച്ചത് എന്നു പറയേണ്ടിവരും. ഏത് ഇന്ത്യ ? 'നാം ഇന്ത്യയിലെ ജനങ്ങൾ…' എന്നാരംഭിക്കുന്ന ഭരണഘടനയുടെ ആമുഖം നിർവചിക്കുന്ന അതേ ഇന്ത്യ.

ജനാധിപത്യ വ്യവസ്ഥയെ ഔപചാരികമായി രാജ്യം അംഗീകരിക്കുന്നതിന് മുമ്പ് തന്നെ എതിർദിശയിലുള്ള അതിന്റെ സഞ്ചാരം ആരംഭിച്ചിരുന്നു എന്നർഥം. അന്നത്തെ ഭരണാധികാരികളുടെ രാഷ്ട്രീയ അപക്വത മുതലെടുത്തുകൊണ്ടാണ്, രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രമാക്കാൻ പ്രതിജ്ഞയെടുത്തവർ തങ്ങളുടെ ഗതിവേഗം വർധിപ്പിച്ചത്.
തുടർന്നിങ്ങോട്ട് ബാബരി മസ്ജിദ് വിഷയമാക്കിയുള്ള സംഘ് പരിവാറിന്റെ ഹിംസാത്മക തേരോട്ടത്തിൽ നിസ്സഹായരായ മനുഷ്യരുടെ ആർത്തനാദങ്ങളാണ് ഉയർന്നുകേട്ടത്. രാജ്യത്തിന്റെ നാനാ ഭാഗങ്ങളിൽ നടന്ന അനേകം കലാപങ്ങൾ. പതിനായിരങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ട ആ കലാപങ്ങൾ തീർത്തും ഏകപക്ഷീയവും മുസ്ലിം വിരുദ്ധവുമായിരുന്നു. ഭൂരിപക്ഷ മതസമൂഹത്തിന്റെ വികാരങ്ങൾ ആളിക്കത്തിക്കാൻ ആസൂത്രിത ശ്രമങ്ങൾ നടന്ന 75 വർഷങ്ങൾ. എന്തെല്ലാം ഓർക്കാനുണ്ട്! രക്തക്കളങ്ങൾ തീർത്ത്, മനുഷ്യസഹവർത്തിത്വത്തെ കലുഷമാക്കി എൽ.കെ അദ്വാനി നടത്തിയ രഥയാത്ര, രാജ്യത്തിന്റെ നാഡീ ഞരമ്പുകളിലേക്ക് വർഗീയതയുടെ കൊടുംവിഷം കയറ്റിയ മുരളി മനോഹർ ജോഷിയുടെ നേതൃത്വത്തിലുള്ള ഏകതാ യാത്ര ….. ബാബരി മസ്ജിദിനുമേൽ ഉന്നയിച്ച അവകാശവാദങ്ങളെ ഓരോന്നോരോന്നായി പൊക്കിക്കൊണ്ടു വന്നാണ് കഴിഞ്ഞ ഏഴര പതിറ്റാണ്ടിലൂടെ അധികാരത്തിലേക്കുള്ള പടവുകൾ ഹിന്ദുത്വ ശക്തികൾ ചവിട്ടിക്കയറിയത്.

മറുവശത്ത്, ഭരണകൂടവും നീതിന്യായ സംവിധാനങ്ങളും രാജ്യത്തിന്റെ സാമൂഹിക, രാഷ്ട്രീയ ഗതിവിഗതികൾ നോക്കി അതിനനുസരിച്ച് പായ കെട്ടിയപ്പോൾ അതേ സമുദായത്തിന് ഏറ്റുവാങ്ങേണ്ടി വന്നത് തികഞ്ഞ അനീതി. ആ അനീതി നമ്മുടെ പൊതുബോധത്തെ എത്രമേൽ സ്വാധീനിച്ചു എന്നതിന്റെ മൂർത്തമായ ഉദാഹരണമാണ് ബാബരി മസ്ജിദ് വിഷയത്തിൽ പരമോന്നത നീതിപീഠം നടത്തിയ അന്തിമ വിധി.
ബാബരി പള്ളി തകര്‍ത്തത് നിയമവിരുദ്ധമായ പ്രവൃത്തിയാണ്, ക്ഷേത്രം പൊളിച്ചാണ് പള്ളി പണിതതെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ കണ്ടെത്തിയിട്ടില്ല എന്ന് നിരീക്ഷിച്ച കോടതിയുടെ തുടർന്നുള്ള വിധിതീർപ്പ് നീതിയുടെ വിദൂര അതിരുകളെപ്പോലും അതിലംഘിക്കുന്നതായിരുന്നു. തര്‍ക്ക ഭൂമി ഹിന്ദുക്കള്‍ക്കു നല്‍കണം, പള്ളി പണിയുന്നതിനു മുസ് ലിംകള്‍ക്ക് അഞ്ച് ഏക്കര്‍ പകരം ഭൂമി നല്‍കണം എന്നായിരുന്നു വിധി.

കർസേവകർ 1992 ഡിസംബർ ആറിന് മസ്ജിദ് തകർത്തത് ആസൂത്രിതമായിരുന്നുവെന്നും സംഘ് പരിവാർ നേതാക്കൾ അതിനുത്തരവാദികളാണെന്നും സംഭവത്തെ കുറിച്ചന്വേഷിക്കാൻ കേന്ദ്ര സർക്കാർ നിയോഗിച്ച ലിബർഹാൻ കമ്മീഷൻ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രസ്തുത റിപ്പോർട്ടിൻമേൽ നടപടിയെടുക്കാത്തതിന് കേന്ദ്ര സർക്കാറിനെ വിമർശിച്ചിട്ടുണ്ട്, ഇതേ നീതിപീഠം എന്നോർക്കണം.

അങ്ങനെ 2019-ൽ ഇന്ത്യയുടെ പരമോന്നത നീതിപീഠം തീറെഴുതി നൽകിയ, ബാബരി മസ്ജിദ് നിലനിന്നിരുന്ന വഖ്ഫ് ഭൂമിയിൽ 3000 കോടി രൂപ ചെലവിൽ രാമക്ഷേത്രമുയർന്നുകഴിഞ്ഞു. '2025-ൽ ഹിന്ദു രാഷ്ട്രം' എന്ന നൂറ്റാണ്ടിന്റെ സ്വപ്നം സാക്ഷാൽക്കരിക്കാനുള്ള യാത്രയിലെ സുപ്രധാന നാഴികക്കല്ലാണ് രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം. ഇത്രയും പറഞ്ഞത് ഉദ്ഘാടനം ചെയ്യപ്പെടാനിരിക്കുന്ന രാമക്ഷേത്രത്തിന് മതവുമായോ വിശ്വാസവുമായോ യാതൊരു ബന്ധവുമില്ല എന്നുറപ്പിച്ച് പറയാനാണ്. സംഘ് പരിവാറിന്റെ ഭീകരമായ രാഷ്ട്രീയ അജണ്ടക്കപ്പുറം ഒരു ഹിന്ദുമത വിശ്വാസിയുടെയോ ആധ്യാത്മികതയിൽ താൽപര്യമുള്ള മറ്റാരുടെയോ മനസ്സിൽ നിമിഷാർധം കുളിര് നൽകാൻ പോലും പര്യാപ്തമല്ല ഈ ഉദ്ഘാടനച്ചടങ്ങ്. എന്നാലോ, അതോർത്ത് രാജ്യത്തിന്റെ ഭാവിയിലും ജനാധിപത്യത്തിലും മതനിരപേക്ഷതയിലും പ്രതീക്ഷയുള്ളവരുടെ നെടുവീർപ്പുയരുകയും ചെയ്യും.
സംഘ് പരിവാർ അധികാരത്തിലേറിയതിന് ശേഷമുള്ള കഴിഞ്ഞ പത്തു വർഷത്തെ അനുഭവം നമ്മോട് പറയുന്ന പോലെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ആർ.എസ്.എസ് സർസംഘ് ചാലക് മോഹൻ ഭഗവതും തന്നെയാണ് ഉദ്ഘാടന ചടങ്ങിന്റെ എല്ലാമെല്ലാം. ആത്മീയ വ്യക്തിത്വങ്ങളും ഹൈന്ദവ ആചാര്യന്മാരും ഉദ്ഘാടന ചടങ്ങിനില്ല. ക്ഷേത്ര ഉദ്ഘാടനത്തിന് പിന്നിൽ സമ്പൂർണമായും രാഷ്ട്രീയ അജണ്ടയാണുള്ളത് എന്നിത് വ്യക്തമാക്കുന്നുണ്ട്.

യാഥാർഥ്യം ഇതായിരിക്കെ, ചരിത്രത്തെയും വസ്തുതകളെയും പാടേ മറന്നു കൊണ്ടും, രാജ്യത്തിന്റെ ഓർമയിൽനിന്ന് ആ ചരിത്ര വസ്തുതകളെ മായ്ചുകളഞ്ഞും 'ഒരു ക്ഷേത്രത്തിന്റെ ഉദ്ഘാടനം നടക്കുന്നു' എന്ന മട്ടിലാണ് സംഘ് പരിവാറിന്റെ ആഖ്യാന നിർമിതി. നാനാ ജാതികളും മതങ്ങളും മത, ജാതി സങ്കൽപങ്ങളില്ലാത്തവരുമെല്ലാമുള്ള ഒരു നാട്ടിൽ ഒരു ഹിന്ദു ക്ഷേത്രം നിർമിക്കപ്പെട്ടിരിക്കുന്നു, അതിന്റെ ഉദ്ഘാടനം നടക്കാനിരിക്കുന്നു എന്ന നിലക്കാണ് രാമക്ഷേത്ര ഉദ്ഘാടനത്തെ സംഘ് പരിവാർ അവതരിപ്പിക്കുന്നത്. ആ ചടങ്ങിലേക്ക് രാജ്യത്തെ രാഷ്ട്രീയ കക്ഷികളെ സംഘ് പരിവാർ ക്ഷണിക്കുകയും ചെയ്യുന്നു.
അത്തരമൊരു ഘട്ടത്തിൽ ഇത് കേവലമൊരു ക്ഷേത്രമല്ല, രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷ മതസമുദായം ആരാധന നിർവഹിച്ചിരുന്ന പള്ളി തകർത്തുകൊണ്ടാണ് ഈ ക്ഷേത്രം നിർമിക്കപ്പെട്ടിരിക്കുന്നത്, അതിന്റെ ഉദ്ഘാടനമാണ് നിർവഹിക്കപ്പെടുന്നത് എന്ന് ആവർത്തിച്ചാവർത്തിച്ച് ഉച്ചത്തിൽ വിളിച്ചുപറയേണ്ട സന്ദർഭമാണിത്. ഇതിനു സന്നദ്ധമാകാതെ തീവ്ര ഹിന്ദുത്വത്തെ മൃദു ഹിന്ദുത്വംകൊണ്ട് നേരിട്ടുകളയാമെന്നത് വ്യാമോഹമാണ്. അത്തരം ദുർമോഹങ്ങൾ വെച്ചുപുലർത്തിയതിന്റെ ഫലമാണ് രാജ്യം സംഘ് പരിവാറിന് കീഴിലമരാൻ മാത്രം പാകപ്പെട്ടത് എന്നോർക്കണം.
ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുകയില്ല എന്ന് ഇന്ത്യ ഒരേ ശബ്ദത്തിൽ പ്രഖ്യാപിക്കുകയാണ് വേണ്ടത്. അത് മറ്റൊന്നുകൊണ്ടുമല്ല. ഇന്ത്യൻ ഭരണഘടനാ തത്ത്വങ്ങൾക്ക് വിരുദ്ധമാണത് എന്നതു കൊണ്ടാണ്. ഒരു സമുദായത്തിന് നേരെ അനീതി തുടരുമ്പോൾ, ഈ നിലപാടിലെത്താൻ വൈകുന്നതും ഇരുട്ടിൽ തപ്പുന്നതുമെല്ലാം അക്രമിയോട് ഐക്യപ്പെടലാണ്. സംഘ് പരിവാരം ചെയ്തതും ചെയ്തു കൊണ്ടിരിക്കുന്നതും ഇനിയവർ ചെയ്യാനിരിക്കുന്നതുമായ അത്യന്തം ക്രൂരമായ ചെയ്തികളെ നോർമലൈസ് ചെയ്യാനാണ് അതുപകരിക്കുക. ഉദ്ഘാടന ചടങ്ങിൽനിന്ന് വിട്ടുനിൽക്കുമെന്ന് സംഘ് പരിവാരമല്ലാത്ത ആർക്കും സംശയരഹിതമായി പ്രഖ്യാപിക്കാൻ സാധിക്കണം.

ക്ഷേത്ര ഉദ്ഘാടനത്തിൽ പങ്കെടുക്കാതിരിക്കുക എന്നത് ഇന്ത്യയുടെ ഭാവിയെ കൂടി നിർണയിക്കുന്ന നിലപാടാണ്. കാരണം, ഒരു നൂറ്റാണ്ട് മുമ്പ് രൂപംകൊണ്ട ആർ.എസ്.എസും അതിന്റെ വിധ്വംസക പ്രത്യയശാസ്ത്രവും ജനാധിപത്യ ഇന്ത്യയിൽ വളർന്നതും വികസിച്ചതും മുകളിൽ സൂചിപ്പിച്ച പോലെ, രാമക്ഷേത്രം ആയുധമാക്കിയാണ്. അതിന്റെ പേരിൽ തന്നെ, 2002-ൽ കലാപം നടത്തി, മുസ് ലിം സമുദായത്തിൽ പെട്ട ആയിരങ്ങളെ കൂട്ടക്കൊല ചെയ്തതിന്റെ ബലത്തിലാണ് നരേന്ദ്ര മോദി ഗുജറാത്തിൽ രണ്ടാം തവണയും മുഖ്യമന്ത്രിയാവുന്നതും ദേശീയ പുരുഷനായി അവരോധിക്കപ്പെടുന്നതും, തുടർന്ന് രാഷ്ട്ര ഭരണം തന്നെ മോദിയുടെ പിടിയിലാവുന്നതും. സുപ്രീം കോടതിയുടെ വിധി രാമക്ഷേത്ര നിർമാണത്തിന് അവസരമൊരുക്കിക്കൊടുത്തു. ഉദ്ഘാടനത്തിലൂടെ മൂന്നാമൂഴം ഉറപ്പിക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. അങ്ങനെ സംഭവിച്ചാൽ അത് ഇന്ത്യയുടെ അന്ത്യമായിരിക്കും. തുടർന്ന് രാജ്യത്ത് ഉൻമാദ ദേശീയതയുടെ സംഘനൃത്തമായിരിക്കും. ഇതിനെ മതിലു കെട്ടി പ്രതിരോധിക്കാനുള്ള മികച്ച അവസരമാണ് കൈവന്നിരിക്കുന്നത്.

അതിനാൽ ഇന്ത്യൻ ജനതയുടെ മുന്നിൽ, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ മുന്നിൽ ഒരു സാധ്യതയേയുള്ളൂ. ക്ഷേത്ര ഉദ്ഘാടനത്തോട് പുറം തിരിഞ്ഞ് നിൽക്കുക. എങ്കിൽ ആസന്നമായ പൊതു തെരഞ്ഞെടുപ്പിൽ പോരാട്ടം ഇന്ത്യയും സംഘ് പരിവാറും തമ്മിലായിരിക്കും. ആ അങ്കത്തിൽ മനുഷ്യത്വവും നീതിബോധവുമുള്ളവർ ഇന്ത്യയോടൊപ്പം നിൽക്കും. അത് സംഘ് പരിവാറിന്റെ വർഗീയ ഭ്രാന്തിനും ഉൻമാദ ദേശീയതയ്ക്കും അന്ത്യം കുറിക്കും. l

ഗസ്സയിലെ ഏറ്റവും പുരാതനമായ ആശുപത്രികളിലൊന്നാണ് അല്‍ അഹ് ലി ബാപ്റ്റിസ്റ്റ് ഹോസ്പിറ്റല്‍. അല്‍ അഹ് ലി അറബ് ഹോസ്പിറ്റല്‍ എന്നും ഇതിനെ പേര് വിളിക്കാറുണ്ട്. അധിനിവിഷ്ട ജറൂസലമിലെ ആംഗ്ലിക്കന്‍ എപിസ്‌കോപല്‍ ചര്‍ച്ചാണ് ഇതിന്റെ നടത്തിപ്പുകാര്‍. 1882-ൽ ഇംഗ്ലണ്ടിലെ ആംഗ്ലിക്കന്‍ മിഷന്‍ ആണ് ഈ ആശുപത്രി നിര്‍മിച്ചത്. അന്നു തൊട്ട് ഇന്നു വരെ, അധിനിവേശത്തിന് മുമ്പും ശേഷവും, വളരെ മികച്ച വൈദ്യസഹായമാണ് ഈ ആശുപത്രി ഗസ്സക്കാര്‍ക്ക് നല്‍കിവന്നിരുന്നത്. ഈ ആശുപത്രി സമുച്ചയമാണ് ഇസ്രായേല്‍ േബാംബിട്ട് തകര്‍ത്തത്. ആശുപത്രിയില്‍ അഭയം തേടിയ അഞ്ഞൂറിലധികം പേരെയാണ് ഇസ്രായേല്‍ കൊലപ്പെടുത്തിയത്. അവരില്‍ ധാരാളം കുഞ്ഞുങ്ങളുമുണ്ട്. ഇതിന്റെ തൊട്ടടുത്ത് തന്നെയാണ് ഗസ്സയിലെ ഏറ്റവും പുരാതന ക്രിസ്ത്യന്‍ ദേവാലയം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സെന്റ് പെര്‍ഫ്യൂഷ്യസ് ചര്‍ച്ചുമുള്ളത്. ബോംബിംഗില്‍ അതിനും കാര്യമായ കേടുപാട് പറ്റി. ഇസ്രായേല്‍ നരമേധത്തെ ന്യായീകരിക്കുന്ന യൂറോപ്പിലും ഈ കൂട്ടക്കൊല കടുത്ത പ്രതിഷേധമുയർത്തിയപ്പോൾ ഇസ്രായേൽ ശരിക്കും പ്രതിരോധത്തിലായി. പിന്നെ പതിവു പോലെ പച്ചക്കള്ളങ്ങള്‍ എഴുന്നള്ളിച്ചു. ഫലസ്ത്വീനിയന്‍ ഇസ്്‌ലാമിക് ജിഹാദ് (പി.ഐ.ജെ) ഇസ്രായേലിലേക്ക് തൊടുത്തുവിട്ട റോക്കറ്റ് ഇടക്ക് വഴിതെറ്റി നേരെ ഗസ്സയിലേക്ക് തന്നെ വന്നുപതിച്ചതാണത്രെ. ഒരാളും ഈ കള്ളം വിശ്വസിക്കുമെന്ന് തോന്നുന്നില്ല. പ്രതിരോധത്തിലാവുമ്പോള്‍ ഇസ്രായേല്‍ തങ്ങള്‍ നടത്തിയ കുറ്റകൃത്യത്തില്‍നിന്ന് കൈകഴുകുക മാത്രമല്ല, ഏതെങ്കിലുമൊരു ഫലസ്ത്വീന്‍ വിമോചന സംഘത്തിന് മേല്‍ ഒരു തെളിവുമില്ലാതെ ആ കുറ്റകൃത്യം കെട്ടിവെക്കുകയും ചെയ്യും. അല്‍ ജസീറ റിപ്പോര്‍ട്ടര്‍ ശിറീന്‍ അബൂ ആഖ്‌ലയെ ഇസ്രായേലി സ്‌നൈപര്‍ വെടിവെച്ചു കൊന്നത് വലിയ വിവാദമായപ്പോഴും ഇത്തരം നുണകള്‍ പടച്ചുണ്ടാക്കിയിരുന്നു ഇസ്രായേല്‍.

ഇസ്രായേലിന്റെ ആശുപത്രിക്കുരുതിയിൽ പ്രതിഷേധം

ഇസ്രായേല്‍ എന്തൊക്കെ നുണകള്‍ പടച്ചാലും അല്‍ അഹ് ലി ബാപ്റ്റിസ്റ്റ് ആശുപത്രി ബോംബിട്ട് തകര്‍ത്തത് ഇസ്രായേല്‍ ആണെന്ന കാര്യത്തില്‍ അതിന്റെ ഉടമസ്ഥര്‍ക്ക് യാതൊരു സംശയവുമില്ല. ജറൂസലമിലെ ആംഗ്ലിക്കന്‍ എപിസ്‌കോപല്‍ ചര്‍ച്ച് ഇതിനെ വിശേഷിപ്പിച്ചത് മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യം എന്നാണ്. ഇസ്രായേലി ക്രൂരതയെ ലോകം അപലപിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇതെഴുതുമ്പോഴും ഇസ്രായേലിന്റെ നരമേധം തുടരുകയാണ്. ഭക്ഷണവും വെള്ളവും മരുന്നും വൈദ്യുതിയും തടഞ്ഞ് ഭീകരമായ വംശഹത്യക്ക് വഴിയൊരുക്കുകയാണ്. ഇസ്രായേല്‍ കരയുദ്ധത്തിലേക്ക് കടന്നാല്‍ പശ്ചിമേഷ്യ എന്തായിത്തീരുമെന്ന് പ്രവചിക്കാനാവില്ല. ഈ പശ്ചാത്തലത്തിലാണ് ഒ.ഐ.സി രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ അടിയന്തരമായി സുഊദി അറേബ്യയിലെ ജിദ്ദയില്‍ യോഗം ചേര്‍ന്നത്. ഫലസ്ത്വീന്‍ അതോറിറ്റി വിദേശകാര്യ മന്ത്രി രിയാദുല്‍ മാലികി എന്താണ് ഗസ്സയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് വിശദീകരിച്ചു. ഓരോ പതിനഞ്ച് മിനിറ്റിലും ഗസ്സയില്‍ ഒരു കുഞ്ഞ് കൊല്ലപ്പെടുകയാണെന്ന് അദ്ദേഹം പറഞ്ഞു. സുഊദി വിദേശകാര്യ മന്ത്രി ഫൈസലുബ്‌നു ഫര്‍ഹാന്‍ ഗസ്സക്കാരെ സംരക്ഷിക്കാനുള്ള ബാധ്യത ലോക സമൂഹത്തിനുണ്ടെന്ന് ചൂണ്ടിക്കാട്ടി. ഇറാനിയന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അബ്ദുല്ലഹ് യാന്‍, ഇസ്രായേല്‍ മുന്നുപാധികളില്ലാതെ ആക്രമണം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. മുസ് ലിം രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ മാത്രം കൂടിയിരുന്നതുകൊണ്ട് കാര്യമില്ല. ലോക നേതാക്കള്‍ നേരിട്ടിറങ്ങി എന്തെങ്കിലും ഉടനടി ചെയ്‌തേ പറ്റൂ. l