പാകിസ്താൻ ജമാഅത്തെ ഇസ്ലാമിയുടെ പുതിയ അധ്യക്ഷനായി ഹാഫിസ് നഈമുർറഹ്മാൻ തെരഞ്ഞെടുക്കപ്പെട്ടു. 2029 വരെയായിരിക്കും അദ്ദേഹത്തിന്റെ കാലാവധി. നേരത്തെ ജമാഅത്തെ ഇസ്ലാമി കറാച്ചി മേഖലാ അധ്യക്ഷനായിരുന്നു. ഐകകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പാക് ജമാഅത്തെ ഇസ്ലാമിയുടെ ആറാമത്തെ അമീറാണ്. മൗലാനാ സയ്യിദ് അബുൽ അഅ്ലാ മൗദൂദി (1941-72), മിയാൻ ത്വുഫൈൽ മുഹമ്മദ് (1972- 87), ഖാദി ഹുസൈൻ അഹ്മദ് (1987- 2008), മുനവ്വർ ഹസൻ (2008- 2013), സിറാജുൽ ഹഖ് (2013- 2024) എന്നിവരാണ് നേരത്തെ ഈ പദവി വഹിച്ചവർ. കഴിഞ്ഞ ഫെബ്രുവരി എട്ടിന് നടന്ന പൊതു തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിച്ച ജമാഅത്തെ ഇസ്ലാമിക്ക് കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാൻ കഴിയാത്തതിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് അന്നത്തെ അമീർ സിറാജുൽ ഹഖ് ഉടൻ സ്ഥാനമൊഴിഞ്ഞിരുന്നെങ്കിലും ജമാഅത്ത് കേന്ദ്ര കൂടിയാലോചനാ സമിതി രാജി നിരസിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജമാഅത്ത് പാർലമെന്റിലേക്ക് 243 സ്ഥാനാർഥികളെ നിർത്തിയിരുന്നെങ്കിലും ആരും ജയിച്ചില്ല. 531 പ്രവിശ്യാ അസംബ്ലി സീറ്റുകളിലേക്ക് മത്സരിച്ചെങ്കിലും ആറ് പേർക്കാണ് വിജയിക്കാനായത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ സൈന്യത്തിന്റെ അറിവോടെയും സമ്മതത്തോടെയും വ്യാപകമായ തിരിമറി നടത്തിയതാണ് പരാജയത്തിന്റെ പ്രധാന കാരണമെന്നും അതിന്റെ പേരിൽ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നുമായിരുന്നു സമിതിയുടെ തീരുമാനം. കാലാവധി അവസാനിച്ചതിനെ തുടർന്നായിരുന്നു പുതിയ തെരഞ്ഞെടുപ്പ്.
കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കപ്പെട്ടപ്പോൾ താൻ വിജയിച്ച പ്രവിശ്യാ അസംബ്ലി സീറ്റ് PS- 129 (സെൻട്രൽ കറാച്ചി)പരാജയപ്പെട്ട തന്റെ തൊട്ടടുത്ത ഇൻസാഫ് പാർട്ടി സ്ഥാനാർഥിക്ക് വേണ്ടി ഒഴിഞ്ഞു കൊടുത്ത് ലോക ശ്രദ്ധ നേടുകയുണ്ടായി നഈമുർറഹ്മാൻ. 26, 296 വോട്ടിന് താൻ ജയിച്ചുവെന്ന് തെരഞ്ഞെടുപ്പ് കമീഷൻ പ്രഖ്യാപിച്ചെങ്കിലും പ്രവർത്തകർ ഓരോ ബൂത്തിലെയും വോട്ടിംഗ് നില പരിശോധിച്ചപ്പോൾ പതിനായിരത്തിനും മുപ്പത്തിയൊന്നായിരത്തിനും ഇടക്ക് വോട്ടുകൾ ഇൻസാഫിലെ എതിർ സ്ഥാനാർഥിക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നും അത് നിക്ഷിപ്ത താൽപ്പര്യക്കാരുടെ ഇടപെടലാണെന്നും വിലയിരുത്തിയാണ് സീറ്റ് ഉപേക്ഷിച്ചത്. ധാർമികമായി അതാണ് ശരി എന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നു. എഞ്ചിനീയറിംഗിൽ ബിരുദവും ഇസ്ലാമിക ചരിത്രത്തിൽ ബിരുദാനന്തര ബിരുദവുമുള്ള നഈമുർ റഹ്മാൻ (53 വയസ്സ്) പാക് രാഷ്ട്രീയത്തിൽ ജമാഅത്തിന്റെ പൊതുമുഖമാണ്. ജമാഅത്തിന്റെ വിദ്യാർഥി വിഭാഗമായ ജംഇയ്യത്തുത്ത്വലബയുടെ സാരഥ്യം രണ്ടു തവണ വഹിച്ചിട്ടുണ്ട്. ജമാഅത്തിന്റെ കീഴിലുള്ള എൻ.ജി.ഒ ആയ അൽ ഖിദ്മ ഫൗണ്ടേഷന്റെ കറാച്ചി ചാപ്റ്റർ പ്രസിഡന്റുമായിരുന്നു. കറാച്ചി നഗരത്തിലെ പൊതു പ്രശ്നങ്ങൾ ഏറ്റെടുത്ത് നഈമുർറഹ്മാന്റെ നേതൃത്വത്തിൽ വലിയ ജന സ്വീകാര്യതയാണ് ജമാഅത്ത് നേടിയത്. 2023- ലെ കറാച്ചി കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ ഒമ്പത് ടൗണുകളും 87 യൂനിയൻ കമ്മിറ്റികളും ജമാഅത്തിനാണ് ലഭിച്ചത്. മേയർ തെരഞ്ഞെടുപ്പിൽ ജമാഅത്ത് സ്ഥാനാർഥി നഈമുർ റഹ്മാൻ വളരെ മുമ്പിൽ എന്ന് ദ ഡോൺ പത്രം വരെ റിപ്പോർട്ടെഴുതിയാണ്. പക്ഷേ, എതിരാളിയായ പീപ്പ്ൾസ് പാർട്ടി അതിന്റെ വൃത്തികെട്ട പതിവ് രാഷ്ട്രീയ കളികൾ പുറത്തെടുത്തപ്പോൾ മുർതസാ വഹാബിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. നഈം 160 വോട്ടും വഹാബ് 173 വോട്ടും നേടി എന്നാണ് ഔദ്യോഗിക വിശദീകരണം. പി.പി. പി മേയറെ 'പറ്റിപ്പ് മേയർ' എന്നാണത്രെ ജനം ഇപ്പോൾ വിളിക്കുന്നത്. നഈമുർ റഹ്മാൻ നേതൃത്വമേറ്റെടുത്തതോടെ പാക് രാഷ്ട്രീയത്തിൽ ജമാഅത്ത്- ഇൻസാഫ് പാർട്ടി സഖ്യത്തിന് സാധ്യത തെളിഞ്ഞിരിക്കുകയാണെന്ന് പി.ടി.ഐ നേതാവ് അസദ് ഖൈസർ പറയുന്നു. l
കഴിഞ്ഞ മാർച്ച് 31-ന് തുർക്കിയയിൽ നടന്ന പ്രാദേശിക തെരഞ്ഞെടുപ്പിൽ ഭരണ കക്ഷിയായ അക് പാർട്ടിക്കെതിരെ മുഖ്യ പ്രതിപക്ഷമായ റിപ്പബ്ലിക്കൻ പീപ്പിൾസ് പാർട്ടി നേടിയ അട്ടിമറി വിജയമാണ് ഏറെ ചർച്ച ചെയ്യപ്പെട്ടത്. ആ തെരഞ്ഞെടുപ്പിൽ അതിശയകരമായ പ്രകടനം കാഴ്ച വെച്ച ന്യൂ റഫാഹ് (വെൽഫെയർ) പാർട്ടിയെക്കുറിച്ച് അധിക വിശകലനങ്ങളൊന്നും കണ്ടില്ല. തുർക്കിയയിലെ എല്ലാ ഇസ്ലാമിക കക്ഷികൾക്കും പിതൃതുല്യനാണല്ലോ നജ്മുദ്ദീൻ അർബകാൻ. അദ്ദേഹത്തിന്റെ മകൻ മുഹമ്മദ് അലി ഫാതിഹ് അർബകാൻ മാതൃസംഘടനയായ സആദയിൽ നിന്ന് തെറ്റിപ്പിരിഞ്ഞ് 2018-ൽ രൂപം കൊടുത്തതാണ് ന്യൂ റഫാഹ്. കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ന്യൂ റഫാഹ്, അക് പാർട്ടി നേതൃത്വം നൽകുന്ന സഖ്യത്തോടൊപ്പമായിരുന്നു. ഒന്നര മില്യൻ വോട്ട് നേടിയ സംഘടനക്ക് മൊത്തം വോട്ടിന്റെ 2.8 ശതമാനവും പാർലമെന്റിൽ അഞ്ച് സീറ്റും ലഭിച്ചു. എന്നാൽ പ്രാദേശിക തെരഞ്ഞെടുപ്പ് ആയപ്പോഴേക്കും ഫാതിഹ് അർബകാൻ അക് പാർട്ടിയുമായി വഴി പിരിഞ്ഞു. ഒറ്റക്ക് മത്സരിക്കാനായിരുന്നു തീരുമാനം. ഉർദുഗാനെതിരെ ജനരോഷം ശക്തിപ്പെടുന്നുണ്ടെന്ന് മനസ്സിലാക്കിയുള്ള തന്ത്രപരമായ നീക്കമായിരുന്നു ഇത്. പല കാരണങ്ങളാൽ ഉർദുഗാനുമായി തെറ്റിപ്പിരിഞ്ഞ പലരെയും ഒപ്പം നിർത്തി അദ്ദേഹം മത്സരിപ്പിച്ചു. ഉർദുഗാന്റെ സാമ്പത്തിക നയത്തെയും ഗസ്സ നിലപാടിനെയും സ്വീഡനെ നാറ്റോയിൽ ഉൾപ്പെടുത്താൻ അനുവദിച്ചതിനെയും അദ്ദേഹം തുറന്നെതിർത്തു. ഇതിനകം പാർട്ടി അംഗസംഖ്യ രണ്ടര ലക്ഷത്തിൽനിന്ന് നാലേ മുക്കാൽ ലക്ഷമായി കുതിച്ചുയർന്നിരുന്നു.
പ്രാദേശിക മുനിസിപ്പൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ അക് പാർട്ടിയുടെ ശക്തികേന്ദ്രങ്ങളിൽ അമ്പരപ്പിക്കുന്ന മുന്നേറ്റമാണ് ന്യൂ റഫാഹ് നടത്തിയത്. അക് പാർട്ടി വോട്ടർമാരിൽ പത്തു ശതമാനം പാർട്ടി നയങ്ങളിൽ പ്രതിഷേധിച്ച് വോട്ട് ചെയ്യാൻ തന്നെ എത്തിയില്ല എന്നാണ് റിപ്പോർട്ട്. എത്തിയവരിൽ നല്ലൊരു പങ്ക് ന്യൂ റഫാഹിനെ തുണക്കുകയും ചെയ്തു. ശാൻലി ഉർഫ, യൊസഗാത്ത് നഗരസഭകളുടെ നിയന്ത്രണം അക് പാർട്ടിയിൽനിന്ന് ന്യൂ റഫാഹ് പിടിച്ചെടുത്തു. 67 ഡിസ്ട്രിക്കുകളുടെ ഭരണവും അവർക്ക് ലഭിച്ചു. മൊത്തം പോൾ ചെയ്തതിന്റെ 6.19 ശതമാനമാണ് അവർക്ക് ലഭിച്ച വോട്ട് വിഹിതം. അതായത്, പ്രാദേശിക തെരഞ്ഞെടുപ്പിൽ തുർക്കിയയിലെ മൂന്നാമത്തെ വലിയ പാർട്ടിയായി മാറിയിരിക്കുകയാണ് ന്യൂ റഫാഹ്. അക് പാർട്ടിക്ക് ഒപ്പമുള്ള നാഷനലിസ്റ്റ് കക്ഷിയുടെ വരെ വോട്ട് വിഹിതം ഇതിനെക്കാൾ എത്രയോ കുറവാണ്. അക് പാർട്ടിയിൽനിന്ന് തെറ്റിപ്പിരിഞ്ഞ ദാവൂദ് ഒഗ് ലുവിന്റെ ഫ്യൂച്ചർ പാർട്ടിക്കോ, അലി ബാബാജാന്റെ ഡമോക്രസി ആന്റ് പ്രോഗ്രസ് പാർട്ടിക്കോ തെരഞ്ഞെടുപ്പിൽ ഒരു ചലനവുമുണ്ടാക്കാനായില്ല.
അക് പാർട്ടിക്ക് ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുക ന്യൂ റഫാഹ് തന്നെയായിരിക്കുമെന്നാണ് ഇതെല്ലാം നൽകുന്ന സൂചന. മികച്ച സംഘാടകനാണ് ഫാതിഹ് അർബകാൻ. ഇസ്ലാമികതയിലും ദേശീയതയിലും ഊന്നിയ തന്റെ പിതാവിന്റെ രാഷ്ട്രീയ കാഴ്ചപ്പാടുകൾക്ക് പുതു ഭാഷ്യം നൽകാനാണ് ഫാതിഹ് ശ്രമിക്കുന്നത്. അതെത്രത്തോളം വിജയിക്കുമെന്ന് കാത്തിരുന്നു കാണാം.
ഇന്തോനേഷ്യയിലെ "ഹരിത ഇസ്ലാം'
ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലെ അൽ ഇസ്തിഖ്ലാൽ മസ്ജിദിൽ ഇമാമും ഖത്വീബുമാണ് നസ്വ്്റുദ്ദീൻ ഉമർ. അദ്ദേഹത്തിന്റെ വെള്ളിയാഴ്ച പ്രഭാഷണം കേൾക്കാൻ സ്ത്രീകളും പുരുഷൻമാരുമായി ആയിരങ്ങളാണ് പള്ളിയിൽ തടിച്ചുകൂടുക. 'മനുഷ്യൻ ഭൂമിയിൽ ദൈവത്തിന്റെ പ്രതിനിധി' എന്ന ഖുർആനികാശയമാണ് അദ്ദേഹം ഖുത്വ് ബകളിൽ ഊന്നിപ്പറയുക. ഭൂവിഭവങ്ങളുടെ ഉപഭോക്താവ് മാത്രമല്ല അവയുടെ സംരക്ഷകൻ കൂടിയായിത്തീരണം മനുഷ്യൻ. പരിസ്ഥിതി സംരക്ഷണത്തിന് സ്വത്തുക്കൾ വഖ്ഫ് ആയി നൽകാൻ അദ്ദേഹം വിശ്വാസികളെ ഉദ്ബോധിപ്പിക്കുന്നു. പള്ളിയുടെ ചാരെ ഒഴുകുന്ന നദി മലിനമായപ്പോൾ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ അന്നാട്ടുകാരാണ് മാലിന്യങ്ങൾ എടുത്തുമാറ്റിയത്. ഇലക്ട്രിസിറ്റി ബിൽ കൂടി വന്നപ്പോൾ പള്ളിയിൽ സോളാർ പാനലുകൾ സ്ഥാപിച്ച് സൗരോർജത്തിലേക്ക് മാറി. ഗ്രീൻ ബിൽഡിംഗ് അന്താരാഷ്ട്ര അവാർഡ് നേടുന്ന ആദ്യത്തെ ആരാധനാലയമാണിതെന്ന് ന്യൂയോർക്ക് ടൈംസ് എഴുതുന്നു.
ലോകത്ത് ഏറ്റവും കൂടുതൽ മുസ്ലിംകളുള്ള ഈ രാജ്യത്ത് പണ്ഡിത സമിതികൾ പരിസ്ഥിതി സംരക്ഷണത്തിന്റെ അനിവാര്യത ജനങ്ങളെ പഠിപ്പിക്കുന്നു. ഖുർആന്റെയും നബിചര്യയുടെയും അടിസ്ഥാന അധ്യാപനങ്ങളിലൊന്നാണ് പരിസ്ഥിതി സംരക്ഷണമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. "രാഷ്ട്രം നിയമമുണ്ടാക്കിയാൽ ജനം അനുസരിച്ചുകൊള്ളണമെന്നില്ല. ഇമാമുമാരും ഖത്വീബുമാരും പറഞ്ഞാൽ അവർ അനുസരിക്കും. ഭൗതിക നിയമത്തിൽനിന്ന് ഒളിച്ചോടിയാലും ദൈവിക നിയമത്തിൽനിന്ന് ഒളിച്ചോടാനാവില്ലെന്ന ബോധം അവർക്കുണ്ടാവണം'' - ഇന്തോനേഷ്യൻ പണ്ഡിത സമിതിയുടെ വക്താവ് ഹായു ബറാബൂ പറയുന്നു. മരം വെച്ചുപിടിപ്പിക്കാൻ 'ഹരിത സൈന്യ' ത്തിനും സമിതി രൂപം നൽകിക്കഴിഞ്ഞു. ഇന്തോനേഷ്യയിൽ എട്ട് ലക്ഷം പള്ളികളുണ്ടെന്നും അവയിൽ എഴുപത് ശതമാനം പള്ളികളെയെങ്കിലും പരിസ്ഥിതി സൗഹൃദപരമാക്കാൻ താൻ ധനസഹായം തേടിക്കൊണ്ടിരിക്കുകയാണെന്നും നസ്വ് റുദ്ദീൻ ഉമർ പറയുന്നു.
സെനഗലിൽ പുതിയ പ്രഭാതം
സെനഗലിലെ യുവാക്കൾക്ക് വലിയ പ്രതീക്ഷ നൽകിയ രാഷ്ട്രീയ പ്രസ്ഥാനമാണ് PASTEF. ആഫ്രിക്കൻ പാട്രിയറ്റ്സ് ഓഫ് സെനഗൽ ഫോർ വർക്, എത്തിക്സ് ആന്റ് ഫ്രട്ടേണിറ്റി എന്നതിന്റെ ഫ്രഞ്ച് ചുരുക്കപ്പേരാണ് 'പാസ്റ്റെഫ്'. ആക്ടിവിസ്റ്റും തീപ്പൊരി പ്രഭാഷകനുമായ ഉസ്മാൻ സോങ്കോ 2014-ലാണ് ഇത് രൂപവത്കരിച്ചത്. 2019- ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിച്ച സോങ്കോക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. 2024 ആയപ്പോഴേക്ക് രാഷ്ട്രീയ സ്ഥിതിഗതികൾ ആകെ മാറിക്കഴിഞ്ഞിരുന്നു. മുൻ ഫ്രഞ്ച് കോളനിയായ സെനഗലിനെ ഭരണകൂടത്തിന്റെ ഒത്താശയോടു കൂടി ഫ്രഞ്ച് കോർപറേറ്റുകൾ കൊള്ളയടിക്കുന്നതിനെതിരെ ഉസ്മാൻ സോങ്കോയുടെ നേതൃത്വത്തിൽ ജനം തെരുവിലിറങ്ങി. പാസ്റ്റെഫിന് ജനസ്വീകാര്യത ലഭിക്കുന്നതിൽ അസ്വസ്ഥനായ സെനഗൽ പ്രസിഡന്റ് മാകി സാൽ ഉസ്മാൻ സോങ്കോയെ ജയിലിലടച്ചു. കഴിഞ്ഞ വർഷം സോങ്കോ നേതൃത്വം നൽകുന്ന പാസ്റ്റെഫ് പാർട്ടിയെ നിരോധിക്കുകയും ചെയ്തു. രണ്ടു തവണ തുടർച്ചയായി പ്രസിഡന്റായിരുന്ന മാകി സാലിന് മൂന്നാം തവണ മത്സരിക്കാൻ കഴിയുമായിരുന്നില്ല. തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ മാകി സാൽ ശ്രമിച്ചെങ്കിലും ജനകീയ പ്രതിരോധം ശക്തമാവുകയും കോടതി ഇടപെടുകയും ചെയ്തതോടെ അതിൽനിന്ന് പിൻവാങ്ങേണ്ടിവന്നു. എന്നാൽ, തന്റെ മുഖ്യ എതിരാളി സോങ്കോയെ കേസുകളിൽ കുടുക്കി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനും സമ്മതിച്ചില്ല.
സോങ്കോക്ക് മത്സരിക്കാൻ കഴിയാതെ വന്നപ്പോൾ അദ്ദേഹം തന്റെ വലംകൈയും, പാസ്റ്റെഫിന്റെ ചെറുപ്പക്കാരനായ സെക്രട്ടറി ജനറലുമായ ബാസിറോ ഡയോമായ് ഫായിയെ തനിക്ക് പകരം പ്രസിഡന്റ് സ്ഥാനാർഥിയായി കളത്തിലിറക്കി. ആ സ്ഥാനാർഥിയെയും ജയിലിലടച്ചുകൊണ്ടാണ് പ്രസിഡന്റ് മാകി സാൽ പ്രതികരിച്ചത്. ഇതിനെതിരെ ജനകീയ പ്രക്ഷോഭം ശക്തിപ്പെട്ടപ്പോൾ തെരഞ്ഞെടുപ്പിന് പത്തു ദിവസം മാത്രമുള്ളപ്പോൾ ഇരുവരെയും ജയിലിൽനിന്ന് മോചിപ്പിച്ചു. കഴിഞ്ഞ മാർച്ച് 25-ന് നടന്ന തെരഞ്ഞെടുപ്പിൽ ബാസിറോ ഒന്നാം റൗണ്ടിൽ തന്നെ 54 ശതമാനം വോട്ടുകൾ നേടി സെനഗലിന്റെ അഞ്ചാമത്തെ പ്രസിഡന്റായി സ്ഥാനമേൽക്കുകയും ചെയ്തു. സകല മേഖലകളിലും പിടിമുറുക്കിയ അഴിമതിക്കെതിരെയായിയിരിക്കും തന്റെ ആദ്യ പോരാട്ടമെന്ന് ബാസിറോ പ്രഖാപിച്ചിട്ടുണ്ട്. ഫ്രഞ്ച് കോർപറേറ്റുകളുടെ പിടിയിൽനിന്ന് സമ്പദ്ഘടനയെ മോചിപ്പാക്കാനും ശ്രമിക്കും. നേരത്തെ ഭരണ പരിചയമില്ലാത്ത ബാസിറോയെ സഹായിക്കുക പ്രധാനമന്ത്രിയായി അദ്ദേഹം നോമിനേറ്റ് ചെയ്ത പാസ്റ്റെഫിന്റെ സാരഥി ഉസ്മാൻ സോങ്കോ തന്നെയായിരിക്കും.
അപകടം മണത്ത് ഫ്രഞ്ച് കേന്ദ്രങ്ങൾ ബാസിറോ ഫായ്ക്കെതിരെ കരുക്കൾ നീക്കിത്തുടങ്ങിയിട്ടുണ്ട്. ബാസിറോ ' ഇഖ് വാനി' ആണെന്നാണ് ആരോപണം. സലഫിയാണെന്ന് പറയുന്നവരും ഉണ്ട്. താൻ ഇത് രണ്ടുമല്ലെന്ന് പറയുന്ന ബാസിറോ താനൊരു മതഭക്തനാണെന്ന് തുറന്നുപറയുന്നു. സ്വകാര്യ ജീവിതത്തിൽ കാത്തുസൂക്ഷിച്ച ജീവിത വിശുദ്ധി പൊതുജീവിതത്തിലും തുടരും. അക്ഷരാർഥത്തിൽ ഇഖ് വാനിയല്ലെങ്കിലും തൊള്ളായിരത്തി എഴുപതുകളുടെ അവസാനത്തിൽ സെനഗലിലെ കലാലയങ്ങളിൽ ഇഖ് വാനി ആശയങ്ങളാൽ പ്രചോദിതമായി രൂപവത്കരിക്കപ്പെട്ട 'ഇബാദുർറഹ്മാനു'മായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുണ്ട് ബാസിറോയും പാസ്റ്റെഫിന്റെ പല നേതാക്കളും. ഇസ്ലാമിക പ്രസ്ഥാനം ( ഹർക ഇസ്ലാമിയ്യ), ഇസ്ലാമിന്റെ പ്രസ്ഥാനം ( ഹർകത്തുൽ ഇസ്ലാം) ആയിത്തീരുന്നതിന്റെ പുതിയ ആവിഷ്കാരമാണിതെന്ന് ചൂണ്ടിക്കാണിക്കുന്ന നിരീക്ഷകരും ഉണ്ട്. അതായത്, വ്യവസ്ഥാപിത ഇസ്ലാമിക പ്രസ്ഥാനങ്ങളുമായി ഇവർക്ക് ബന്ധമുണ്ടാവുകയില്ല. എന്നാൽ, ഇസ്ലാമിക പ്രസ്ഥാനത്തിന്റെ അജണ്ടകൾ അവരെ സ്വാധീനിക്കാതിരിക്കുകയുമില്ല. ഇസ്ലാമിന്റെ അജണ്ടകളായി അവരതിനെ പുനരവതരിപ്പിക്കുകയാണ്. ബാസിറോവിന്റെ അതേ ഗണത്തിൽ പെടുന്ന ആളായിട്ടാണ് മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്റാഹീമിനെയും ആ നിരീക്ഷകർ കാണുന്നത്. l
കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനാണ് തുര്‍ക്കിയ തലസ്ഥാനമായ അങ്കാറയുടെ ഹൃദയഭാഗത്ത് ചാവേര്‍ ആക്രമണം ഉണ്ടായത്. ഏഴ് വര്‍ഷത്തിനുള്ളില്‍ ഇതാദ്യമായാണ് നഗരത്തില്‍ ഇത്തരമൊരു ആക്രമണം. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം തുര്‍ക്കിയ ഭീകര സംഘങ്ങളില്‍ ഉള്‍പ്പെടുത്തിയ കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി (പി.കെ.കെ) ഏറ്റെടുത്തിട്ടുണ്ട്. ചാവേര്‍ ആക്രമണത്തിന് തെരഞ്ഞെടുത്ത സമയം വളരെ പ്രധാനമാണ്. ലജിസ്ലേറ്റീവ് വര്‍ഷത്തിന്റെ രണ്ടാം പാതി ആരംഭിക്കുന്ന സമയമാണിത്. ഇതോടനുബന്ധിച്ച് പ്രസിഡന്റ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യും. പാര്‍ലമെന്റിന്റെ തൊട്ടടുത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സുരക്ഷാ കേന്ദ്രത്തിന്റെ സമീപമാണ് ചാവേര്‍ പൊട്ടിത്തെറിച്ചത്. അതീവ സുരക്ഷാ മേഖലയിലേക്ക് ചാവേറിന് നുഴഞ്ഞു കയറാന്‍ കഴിഞ്ഞെങ്കിലും കാര്യമായ നാശനഷ്ടങ്ങളൊന്നും ഉണ്ടായില്ല. ചാവേറിന്റെ കൂടെയുണ്ടായിരുന്ന ആളെ പോലീസ് വെടിവെച്ചു കൊന്നു. രണ്ട് പോലീസുകാര്‍ക്ക് നിസ്സാര പരിക്കുകളേല്‍ക്കുക മാത്രമേ ചെയ്തുള്ളൂ. പ്രസിഡന്റ് ഉര്‍ദുഗാനാകട്ടെ, നിശ്ചിത സമയത്ത് തന്നെ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്തു. സ്വൈരജീവിതത്തിന് വിഘാതം സൃഷ്ടിക്കുന്ന തെമ്മാടിക്കൂട്ടങ്ങളെ അമര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സ്‌ഫോടനം നടത്തിയ പി.കെ.കെയുടെ പ്രധാന താവളങ്ങള്‍ ഇറാഖിലും സിറിയയിലുമാണ്. അവ തങ്ങളുടെ സുരക്ഷക്ക് ഭീഷണിയാണെന്ന് പറഞ്ഞ് തുര്‍ക്കിയ അവിടങ്ങളില്‍ ഇടക്കിടെ സൈനിക ഓപ്പറേഷനുകള്‍ നടത്താറുമുണ്ട്. അതിനുള്ള തിരിച്ചടിയാവണം ഈ ചാവേര്‍ ആക്രമണം. വരും ദിനങ്ങളില്‍ പി.കെ.കെ കേന്ദ്രങ്ങളില്‍ തുര്‍ക്കിയയുടെ കൂടുതല്‍ റെയ്ഡുകള്‍ പ്രതീക്ഷിക്കാം. l
ഹിജാബ് ധരിച്ച് ഇല്ലിനോയി പോലീസ് സേനയില്‍
വാര്‍പ്പ് മാതൃകകളെ തകര്‍ക്കുക, പ്രതിബന്ധങ്ങളെ തട്ടിമാറ്റുക -പിതാവും മാതാവും, വില്ല പാര്‍ക്കിലെ ഇസ്്‌ലാമിക് ഫൗണ്ടേഷനിലെ ഇമാം ഹിശാം അല്‍ ഖൈസിയുമൊക്കെ അതാണ് മഹാ ആയിശിനോട് പറഞ്ഞുകൊണ്ടിരുന്നത്. മഹാ എന്ന മുപ്പത്തിയൊന്നുകാരി അത് അക്ഷരം പ്രതി അനുസരിച്ചു. അമേരിക്കയിലെ ഇല്ലിനോയി സംസ്ഥാനത്ത് ഹിജാബ് ധരിച്ച ആദ്യത്തെ മുസ്്‌ലിം വനിതാ പോലീസ് ഓഫീസറാണ് ഇന്ന് മഹാ ആയിശ്. മതവിശ്വാസമോ ഹിജാബ് ധരിക്കലോ തന്റെ ജോലിക്ക് തടസ്സമല്ലെന്ന് മഹാ തെളിയിച്ചു. പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിനും അവളെക്കുറിച്ച് നല്ല മതിപ്പാണ്.
കഠിനാധ്വാനത്തിലൂടെയാണ് മഹാ താന്‍ സ്വപ്‌നം കണ്ട ജോലി എത്തിപ്പിടിച്ചത്. മഹായുടെ മാതാപിതാക്കള്‍ ഫലസ്ത്വീനി വംശജരാണ്. തൊള്ളായിരത്തി എണ്‍പതുകളിലാണ് അവര്‍ അമേരിക്കയില്‍ എത്തുന്നത്. വില്ല പാര്‍ക്കിലെ ഇസ്്‌ലാമിക് ഫൗണ്ടേഷനിലാണ് മഹായുടെ സ്‌കൂള്‍ പഠനം. ഫോറന്‍സിക് സൈക്കോളജിയില്‍ അഡ്‌ലര്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദാനന്തര ബിരുദം. കുറച്ചു കാലം ഇറാഖി അഭയാര്‍ഥികള്‍ക്ക് വേണ്ടി പരിഭാഷകയായി ജോലി നോക്കിയിരുന്നു. 2020 ഒക്ടോബറിലാണ് ബാര്‍റ്റ്‌ലറ്റ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ പട്രോള്‍ വിഭാഗത്തില്‍ മഹക്ക് ജോലി ലഭിച്ചത്. l
റമദാന്‍ ഖാദിറോവ് ജീവിച്ചിരിപ്പുണ്ടോ?
കഴിഞ്ഞ സെപ്റ്റംബര്‍ 15-ന് യുക്രെയ്ൻ സൈനിക രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവന്‍ ആന്‍ഡ്രില്‍ യുസോവ് പത്രക്കാര്‍ക്ക് ഒരു രഹസ്യ വിവരം നല്‍കി- ചെച്‌നിയന്‍ ഗവര്‍ണര്‍ റമദാന്‍ ഖാദിറോവ് അബോധാവസ്ഥയിലാണ്. മരിച്ചെന്ന കിംവദന്തിയും പിന്നീട് പരന്നു. റഷ്യന്‍ പ്രസിഡന്റ് പുടിന്റെ വലം കൈയാണ് ഈ ഖാദിറോവ്. മറ്റു റഷ്യന്‍ ഗവര്‍ണർമാരോടൊന്നുമില്ലാത്ത അടുപ്പം പുടിന്, ഖാദിറോവുമായി ഉണ്ട്. ചെച്‌നിയക്ക് കേന്ദ്രത്തില്‍നിന്ന് കൂടുതല്‍ ഫണ്ട് ലഭിക്കാനും ഈ ബന്ധം ഉപകരിച്ചു. യുക്രെയ്ൻ യുദ്ധ പശ്ചാത്തലത്തില്‍ പുടിന് വേണ്ടി സംഘടിപ്പിക്കപ്പെടുന്ന പ്രോപഗണ്ടാ യുദ്ധത്തിന്റെ മുഖ്യ കാര്‍മികരിലൊരാളുമാണ്.
പുടിനെ പോലെ തന്നെ എതിരാളികളെ പല രീതിയില്‍ വകവരുത്തുക എന്നതാണ് ഖാദിറോവിന്റെയും ശൈലി. സോവിയറ്റ് യൂനിയന്‍ ശിഥിലമായപ്പോള്‍ തൊണ്ണൂറുകളില്‍ സ്വതന്ത്ര രാഷ്ട്രത്തിന് വേണ്ടി റഷ്യയോട് സൈനികമായി പൊരുതിയ നാടാണ് ചെച്‌നിയയെങ്കിലും റഷ്യന്‍ വിരുദ്ധ പക്ഷത്തെ തല പൊക്കാനാവാത്ത വിധം അടിച്ചമര്‍ത്താന്‍ ഖാദിറോവിന് കഴിഞ്ഞു. അതുകൊണ്ട് ഖാദിറോവിന് ശേഷം അധികാര കൈമാറ്റത്തിന്് സങ്കീര്‍ണതകളൊന്നുമുണ്ടാവില്ല. ഖാദിറോവിന്റെ പിന്‍ഗാമിയായി മൂത്ത മകന്‍ അഖ്മത് വരുമെന്നാണ് കരുതപ്പെടുന്നത്. പുടിനും അക്കാര്യത്തില്‍ എതിര്‍പ്പില്ല. പക്ഷേ, ഗവര്‍ണറാകാനുള്ള പ്രായം ആയിട്ടില്ല അഖ്മതിന് എന്ന പ്രശ്‌നമുണ്ട്. ഏഴു വര്‍ഷം കൂടി കഴിയണം. ചെച്‌നിയ പാര്‍ലമെന്റ് സ്പീക്കര്‍ മഗോമദ് ദാവൂദോവ്, ഉപ പ്രധാനമന്ത്രി അബൂസൈദ് വിസ്മുറദോവ്, പ്രധാനമന്ത്രി മുസ് ലിം കൂച്ചേവ് തുടങ്ങിയവരിലാരെങ്കിലും ഇടക്കാല ഗവര്‍ണറായി വന്നുകൂടായ്കയില്ല. ആരു വന്നാലും നിലവിലുള്ള അവസ്ഥക്ക് ഒരു മാറ്റവും പ്രതീക്ഷിക്കേണ്ടതില്ല.
വളരെ ക്രൂരമായാണ് എതിര്‍ ശബ്ദങ്ങളെ അടിച്ചൊതുക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഒരു സംഘമാളുകള്‍ തലസ്ഥാന നഗരിയായ ഗ്രോസ്‌നിയില്‍ പ്രതിഷേധവുമായി ഇറങ്ങിയപ്പോള്‍ മുഴുവനാളുകളെയും പോലീസ് പൊക്കി. സംഘത്തിലെ സ്ത്രീകളെ ക്രൂരമായി തല്ലിച്ചതച്ചു. പുരുഷന്മാരെ റഷ്യ-യുക്രെയ്ൻ യുദ്ധമുന്നണിയിലേക്ക് കൊണ്ടുപോയി. ഭരണകൂടത്തിന് ജനപിന്തുണ തീരെയില്ലെങ്കിലും പ്രതിപക്ഷ നേതാക്കളും കുറെയധികം അനുയായികളും ചെച്‌നിയ വിട്ടതുകൊണ്ട് കാര്യമായ എതിര്‍പ്പ് നേരിടേണ്ടിവരുന്നില്ല. ഈ പ്രതിപക്ഷ ശക്തികള്‍ ഇപ്പോള്‍ റഷ്യക്കെതിരെയുള്ള യുദ്ധത്തില്‍ യുക്രെയ്‌നോടൊപ്പം പൊരുതിക്കൊണ്ടിരിക്കുകയാണ്. യുക്രെയ്ൻ തലസ്ഥാനമായ കിയവ് പ്രതിരോധിക്കാനും ഇസ്്യൂം തിരിച്ചുപിടിക്കാനും ബഖ്മൂത്തിന് ചുറ്റും കനത്ത പോര്‍മുഖം തുറക്കാനും ഈ ചെച്‌നിയന്‍ പോരാളികളുടെ സേവനം യുക്രെയ്ൻ സേനക്ക് പ്രയോജനപ്പെട്ടിട്ടുണ്ട്. l
ഓക്‌സിജന്റെ കണക്ക്
78 വയസ്സുള്ള വയോധികന്‍. വല്ലാതെ ക്ഷീണവും തളര്‍ച്ചയും അനുഭവപ്പെട്ടപ്പോള്‍ അദ്ദേഹത്തെ രിയാദിലെ ഒരു ആശുപത്രിയിലേക്ക് കൊണ്ടുവന്നു. 24 മണിക്കൂര്‍ കൃത്രിമ ശ്വാസം നല്‍കേണ്ടിവരുമെന്ന് ഡോക്ടര്‍ പറഞ്ഞു. ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടു. പ്രശ്‌നമൊന്നുമില്ലെന്നും വീട്ടില്‍ പോകാമെന്നും ഡോക്ടര്‍ പറഞ്ഞു. 600 രിയാലിന്റെ ബില്ലും നല്‍കി. അപ്പോള്‍ വയോധികന്‍ കരയാന്‍ തുടങ്ങി. ബില്ലിലെ തുകയോര്‍ത്ത് കരയേണ്ടതില്ലെന്നും പരിഹാരമുണ്ടാക്കാമെന്നും ഡോക്ടര്‍ പറഞ്ഞപ്പോള്‍ വയോധികന്റെ പ്രതികരണം ഇങ്ങനെ: ''ബില്ലിലെ തുക കണ്ട് കരഞ്ഞതൊന്നുമല്ല ഞാന്‍. ഈ ബില്ലടക്കാനുള്ള കാശൊക്കെ എന്റെ കൈയിലുണ്ട്. ഞാന്‍ കരഞ്ഞത് എന്തിനാണെന്നോ? ഏതാനും മണിക്കൂറുകള്‍ എനിക്ക് ഓക്‌സിജന്‍ നല്‍കിയതിനാണ് 600 രിയാലിന്റെ ബില്ല്. നോക്കൂ, കഴിഞ്ഞ 78 വര്‍ഷമായി ഞാന്‍ പടച്ചതമ്പുരാന്‍ നല്‍കിക്കൊണ്ടിരിക്കുന്ന ശുദ്ധ ഓക്‌സിജന്‍ ശ്വസിച്ചുകൊണ്ടിരിക്കുന്നു. അതിനൊരു ബില്ലും ഞാന്‍ അടക്കുന്നില്ല. ഇത്രയും കാലം ശ്വസിച്ച ഓക്‌സിജന് ഞാന്‍ അവന് എത്ര തുക അടക്കേണ്ടിവരും!'' ഡോക്ടര്‍ തലതാഴ്ത്തി. അദ്ദേഹത്തിനും കരച്ചില്‍ വരുന്നുണ്ടായിരുന്നു (msha3er.magazine). l
മുതിര്‍ന്ന ഉര്‍ദു പത്രപ്രവര്‍ത്തകനും ഇന്‍ദിനോം പത്രത്തിന്റെ സ്ഥാപകനുമായ സയ്യിദ് മുഹമ്മദ് ആസിഫ് (എസ്.എം ആസിഫ്) അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. ഈ ദിനപത്രം ഉര്‍ദു, ഹിന്ദി, ഇംഗ്ലീഷ് എന്നീ മൂന്ന് ഭാഷകളില്‍ പ്രസിദ്ധീകരിക്കുന്നുണ്ട്. These Days എന്നാണ് ഇംഗ്ലീഷില്‍ ഇതിന്റെ പേര്. ന്യൂ ദല്‍ഹി, മുംബൈ, ബംഗളൂരു, ലഖ്‌നൗ, ജയ്പൂര്‍, സഹാറന്‍പൂര്‍ എന്നിവിടങ്ങളില്‍ പത്രത്തിന് എഡിഷനുകളുണ്ട്. 1975-ല്‍ ബിഹാറിലെ പാറ്റ്നയില്‍നിന്നാണ് ഇതിന്റെ തുടക്കം. ഉള്ളടക്കമാണ് പത്രത്തിന്റെ വ്യതിരിക്തത. മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മടിക്കുന്ന, മുസ്്‌ലിംകള്‍ ഉള്‍പ്പെടെയുള്ള അരികുവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ വാര്‍ത്തകളാണ് പത്രത്തില്‍ ഇടം കണ്ടെത്തുന്നത്.
സാമൂഹിക, രാഷ്ട്രീയ മേഖലകളിലും സജീവമായിരുന്നു. 1998-ല്‍ ആള്‍ ഇന്ത്യാ മൈനോരിറ്റീസ് ഫ്രന്റ് രൂപവത്കരിക്കപ്പെട്ടപ്പോള്‍ അതിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തി; അവരുടെ അവകാശങ്ങള്‍ക്കു വേണ്ടി പൊരുതി. അദ്ദേഹത്തിന്റെ മകള്‍ ലുബ്‌ന ആസിഫാണ് ഇപ്പോള്‍ ഇന്‍ദിനോമിന്റെ എഡിറ്റര്‍.
സംരംഭകര്‍ക്ക് സഹായവുമായി 'രിഫാഹ്'
കഴിഞ്ഞ എട്ടു വര്‍ഷമായി രിഫാഹ് ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി വ്യാപാര-വ്യാവസായിക മേഖലകളില്‍ സജീവമായി രംഗത്തുണ്ട്. 2015-ല്‍ മഹാരാഷ്ട്രയിലാണ് ഇതിന്റെ തുടക്കം. പല കാരണങ്ങളാല്‍ പിന്നാക്കമായിപ്പോയ ഇന്ത്യയിലെ മുസ്്‌ലിം സമൂഹത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങളിലേക്ക് കൊണ്ടുവരാന്‍ ബഹുമുഖ പദ്ധതികളാണ് രിഫാഹ് ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള്‍ 18 സംസ്ഥാനങ്ങളിലായി നൂറോളം നഗരങ്ങളില്‍ ഇതിന്റെ നെറ്റ് വര്‍ക്കുകള്‍ ഉണ്ട്. പിന്തുണക്കുകയും മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്യുന്നതോടൊപ്പം അവസരങ്ങള്‍ സൃഷ്ടിക്കുകയെന്നതും സംഘത്തിന്റെ ലക്ഷ്യമാണ്.
''ഞങ്ങള്‍ക്ക് യുവാക്കളോട് പറയാനുള്ളത് ഇതാണ്: നിങ്ങള്‍ കേവലം തൊഴിലന്വേഷകര്‍ ആവേണ്ടവരല്ല; തൊഴില്‍ ദായകര്‍ ആവേണ്ടവരാണ്. മറ്റുള്ളവര്‍ക്ക് തൊഴിലവസരങ്ങള്‍ ഉണ്ടാക്കുകയെന്നത് സമൂഹത്തോടുള്ള നിങ്ങളുടെ ബാധ്യതയായി കാണണം. അതിനാല്‍, യുവാക്കള്‍ സംരംഭകരായിത്തീരണം. അതിന് വേണ്ടതെല്ലാം രിഫാഹ് ചെയ്തു കൊടുക്കും.'' രിഫാഹിന്റെ ജനറല്‍ സെക്രട്ടറി മീര്‍സാ അഫ്‌സല്‍ ബേഗ് പറയുന്നു. രാജ്യത്തും പുറത്തുമുള്ള പ്രമുഖ കൊമേഴ്‌സ് ചേംബറുകളുമായി ചേര്‍ന്നാണ് രിഫാഹിന്റെ പ്രവര്‍ത്തനം. കര്‍ണാടകയില്‍ 15 നഗരങ്ങളിലും മഹാരാഷ്ട്രയില്‍ 12 നഗരങ്ങളിലും ഇതിന്റെ പ്രവര്‍ത്തനങ്ങളുണ്ട്. ഈയിടെ ബംഗളൂരുവില്‍ ചേര്‍ന്ന രിഫാഹ് കര്‍ണാടക ചാപ്റ്ററിന്റെ വാർഷിക സമ്മേളനം കര്‍ണാടക ജമാഅത്തെ ഇസ്്ലാമി അധ്യക്ഷന്‍ ഡോ. ബല്‍ഗാമി മുഹമ്മദ് സഅദ് ആണ് ഉദ്ഘാടനം ചെയ്തത്. l
വ്യാപാര ഇടനാഴികള്‍, പിന്നില്‍ കളിക്കുന്നത് രാഷ്ട്രീയം
ഈയിടെ ദല്‍ഹിയില്‍ സമാപിച്ച ജി 20 ഉച്ചകോടിയുടെ ഒരു പ്രധാന നേട്ടം, ഇന്ത്യ-മധ്യ പൗരസ്ത്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി (India-Middle East-Europe Corridor) നിര്‍മിക്കാനുള്ള കരാറില്‍ ഒപ്പുവെക്കാന്‍ കഴിഞ്ഞു എന്നതാണ്. മധ്യ പൗരസ്ത്യ ദേശത്തുനിന്ന് യു.എ.ഇ, സുഊദി അറേബ്യ, ജോര്‍ദാന്‍, ഇസ്രായേല്‍ എന്നീ നാല് രാജ്യങ്ങളാണ് പ്രോജക്ടിന്റെ ഭാഗമാവുക. യൂറോപ്പിൽനിന്ന് പത്ത് രാജ്യങ്ങളുണ്ടാകും- സൈപ്രസ്, ഗ്രീസ്, അല്‍ബേനിയ, മോണ്ടിനെഗ്രോ, ബോസ്‌നിയ ഹെര്‍സഗോവിന, ക്രൊയേഷ്യ, ഹംഗറി, ആസ്ട്രിയ, ചെക്ക് റിപ്പബ്ലിക്, ജര്‍മനി. ഈ ഇടനാഴി പൂര്‍ത്തിയാകുന്നതോടെ ആഗോള കമ്പോളങ്ങളിലേക്ക് വലിയ സാധ്യതകളാണ് ഇന്ത്യക്ക് തുറന്നുകിട്ടുക. 4800 കി.മീ. ദൈര്‍ഘ്യം വരുന്ന ഈ വ്യാപാര പാത ചൈനയുടെ ഭീമന്‍ പ്രോജക്ടായ ബെല്‍റ്റ് ആന്റ് റോഡ് ഇനീഷ്യേറ്റീവി(BRI)നുള്ള വെല്ലുവിളിയാകുമെന്ന മട്ടില്‍ തന്നെയാണ് രൂപകല്‍പന ചെയ്യപ്പെട്ടിരിക്കുന്നത്.
അമേരിക്ക പതിവിലധികം താല്‍പര്യമെടുക്കുന്നതും അതുകൊണ്ടാണ്. പക്ഷേ, ഇന്ത്യ മുന്‍കൈയെടുക്കുന്ന ഈ പ്രോജക്ടില്‍ തുര്‍ക്കിയയെ മാറ്റിനിര്‍ത്തിയിരിക്കുകയാണ്. യൂറോപ്പിലേക്കുള്ള കുറഞ്ഞ വഴിദൂരം തുര്‍ക്കിയ വഴിയാണെന്നാണ് തുര്‍ക്കിയ പ്രസിഡന്റ് ഉര്‍ദുഗാന്‍ പറയുന്നത്. ചൈനയുടെ വ്യാപാര പാത പ്രോജക്ടില്‍ തുര്‍ക്കിയ അംഗവുമാണ്. ഒഴിവാക്കപ്പെട്ടതിലുള്ള പ്രതിഷേധം കൊണ്ടാവാം, Iraq Development Road Project-ന് പിന്തുണയുമായി എത്തിയിരിക്കുകയാണ് തുര്‍ക്കിയ. ഗള്‍ഫ് നാടുകളെ തുര്‍ക്കിയ വഴി യൂറോപ്പുമായി ബന്ധിപ്പിക്കുന്ന പാതയാണിത്. എല്ലാ പ്രോജക്ടിന്റെയും പിന്നില്‍ കളിക്കുന്നത് രാഷ്ട്രീയം തന്നെ എന്നര്‍ഥം. l
പവര്‍ ഹൗസ് മ്യൂസിയം
ദൃശ്യകലകള്‍ക്ക് ആസ്‌ത്രേലിയന്‍ ഗവണ്‍മെന്റ് ഏര്‍പ്പെടുത്തിയ ക്രിയേറ്റീവ് ആസ്‌ത്രേലിയ അവാര്‍ഡ് ഖാലിദ് സബ്‌സാബിക്ക്. ഇദ്ദേഹം സിഡ്‌നിയില്‍ സ്ഥിരതാമസമാക്കിയ ലബനീസ് വംശജനാണ്. അദ്ദേഹം രൂപകല്‍പന ചെയ്തതാണ് സിഡ്‌നി പ്രാന്തമായ പരാമറ്റയിലെ പവര്‍ ഹൗസ് മ്യൂസിയം. Moments in Waiting എന്ന പേരില്‍ അദ്ദേഹം ഒരു പ്രോജക്ട് വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സാംസ്‌കാരിക ബഹുസ്വരതക്ക് വേണ്ടി വാദിക്കുന്ന ഖാലിദ് സബ്‌സാബി ആസ്ത്രേലിയന്‍ മുസ്്‌ലിംകളെക്കുറിച്ച വാര്‍പ്പ് മാതൃകകളെ തിരസ്‌കരിച്ചുകൊണ്ട് ആ സമൂഹത്തിന്റെ ആത്മീയ പൈതൃകങ്ങളെ കണ്ടെത്തി പ്രദര്‍ശിപ്പിക്കാനുള്ള ശ്രമത്തിലാണ്. l
ഉത്തരാഖണ്ഡിലെ മദ്‌റസാ കുട്ടികള്‍ ഇനി സംസ്‌കൃതവും പഠിക്കണം
ഉത്തരാഖണ്ഡ് വഖ്ഫ് ബോര്‍ഡിനു കീഴിലുള്ള 117 മദ്‌റസകളിലെ വിദ്യാര്‍ഥികള്‍ ഇനി മുതല്‍ സംസ്‌കൃത ഭാഷയും പഠിച്ചിരിക്കണമെന്ന് ഉത്തരവ്. വഖ്ഫ് ബോര്‍ഡ് വഴി തന്നെയാണ് ഉത്തരവ് പോയിരിക്കുന്നത്. എങ്കിലേ മദ്‌റസകളുടെ അപ്ഗ്രഡേഷന്‍ നടക്കൂ. സംസ്‌കൃത പഠനം നടക്കുന്നു എന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത അതത് മദ്‌റസാ ഭാരവാഹികള്‍ക്കുണ്ടാകും. ഉത്തരവ് അയച്ച വിവരം ഉത്തരാഖണ്ഡ് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ ശാദാബ് ശംസാണ് പുറത്തുവിട്ടത്. സംസ്‌കൃത പഠനം മദ്‌റസാ വിദ്യാര്‍ഥികള്‍ക്ക് കെട്ടിവെക്കുന്നത് എന്തിനാണെന്ന് ശാദാബ് ശംസ് വിശദീകരിക്കുകയുണ്ടായില്ല. എന്നാല്‍, പ്രസ്താവനയില്‍ അദ്ദേഹം ഒരു കാര്യം പറഞ്ഞു: ' ഉത്തരാഖണ്ഡ് പുണ്യഭൂമിയാണ്.' പുണ്യഭൂമിയായതു കൊണ്ട് മദ്‌റസാ വിദ്യാര്‍ഥികള്‍ സംസ്‌കൃതം പഠിക്കണമെന്നുണ്ടോ? അതിന് അധികാരികള്‍ക്ക് മറുപടിയില്ല.
വിഷയത്തെ മറ്റൊരു തരത്തില്‍ കാണുന്നവരുമുണ്ട്. വിദ്യാര്‍ഥികള്‍ക്ക് ഇപ്പോള്‍തന്നെ പഠനഭാരം കൂടുതലാണെങ്കിലും, ഒരു ഭാഷ കൂടി കൂടുതല്‍ അറിയുന്നത് നല്ലതല്ലേ എന്നാണ് അവരുടെ ചോദ്യം. വേദഭാഷ പഠിക്കുന്നത് ഇസ്്‌ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് പലവിധത്തില്‍ പ്രയോജനപ്പെടും. ഉത്തരാഖണ്ഡിലെ റസിയ്യ സുല്‍ത്വാന എന്ന മുസ്്‌ലിം വിദ്യാര്‍ഥിനി സംസ്‌കൃതത്തില്‍ പി.എച്ച്.ഡി നേടിയത് അവര്‍ തെളിവായി ചൂണ്ടിക്കാട്ടുന്നു. ഇപ്പോള്‍ ആ യുവതി ഖുര്‍ആന്‍ സംസ്‌കൃതത്തിലേക്ക് പരിഭാഷപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
ഓസ് ലോ കരാറിന് മുപ്പത് വയസ്സ്
പി.എല്‍.ഒ നേതാവ് യാസര്‍ അറഫാത്തും ഇസ്രായേല്‍ പ്രധാനമന്ത്രി യിസാക് റബീനും അന്നത്തെ യു.എസ് പ്രസിഡന്റ് ബില്‍ ക്ലിന്റന്റെ സാന്നിധ്യത്തില്‍ ഓസ് ലോ കരാര്‍ ഒപ്പിട്ടത് 1993 സെപ്റ്റംബര്‍ 13-ന്. ആ കരാറിന് ഇപ്പോള്‍ മുപ്പത് വയസ്സ് തികഞ്ഞിരിക്കുന്നു. ഇസ്രായേല്‍-ഫലസ്ത്വീന്‍ സംഘര്‍ഷത്തിന് ശാശ്വത പരിഹാരം കാണാനുള്ള 'ചരിത്രപ്രധാന സമാധാനക്കരാര്‍' എന്നാണത് വിശേഷിപ്പിക്കപ്പെട്ടത്. ഒരു വര്‍ഷം കഴിഞ്ഞ് യാസര്‍ അറഫാത്തും യിസാക് റബീനും ഇതിന്റെ പേരില്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനവും അടിച്ചെടുത്തു. തങ്ങളില്‍നിന്ന് കവര്‍ന്നെടുക്കപ്പെട്ട ഭൂമിയുടെ വളരെ ചെറിയ ചില പോക്കറ്റുകളേ തങ്ങള്‍ക്ക് വിട്ടു നല്‍കുകയുള്ളൂ എന്ന് ഉറപ്പായിട്ടും, സ്വതന്ത്രരാഷ്ട്രം എന്ന സ്വപ്‌നത്തിലേക്കുള്ള ഒരു പ്രധാന ചുവട് വെപ്പായി അവരതിനെ കണ്ടു.
പക്ഷേ, മുപ്പത് വര്‍ഷത്തിന് ശേഷം തിരിഞ്ഞു നോക്കുമ്പോള്‍ കരാറിലെ ഒരു വ്യവസ്ഥ പോലും പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല, തീര്‍ത്തും നിയമവിരുദ്ധമായി സയണിസ്റ്റ് സര്‍ക്കാര്‍ അധിനിവിഷ്ട പ്രദേശങ്ങളില്‍ ജൂത പാര്‍പ്പിട സമുച്ചയങ്ങള്‍ പണിതുകൊണ്ടിരിക്കുകയാണ്. അഞ്ച് വര്‍ഷക്കാലത്തേക്ക് വെസ്റ്റ് ബാങ്കിലും ഗസ്സയിലും ഫലസ്ത്വീനിയന്‍ അതോറിറ്റി (പി.എ) എന്ന പേരില്‍ ഒരു താല്‍ക്കാലിക ഭരണസംവിധാനം ഉണ്ടാക്കും എന്ന വ്യവസ്ഥ പാലിക്കപ്പെട്ടെങ്കിലും, ആ ഘടനക്ക് കാര്യമായ ഒരു അധികാരവും നല്‍കാന്‍ ഇസ്രായേല്‍ തയാറായില്ല. എന്നു മാത്രമല്ല, യാസര്‍ അറഫാത്തിന്റെ പാര്‍ട്ടിയായ ഫതഹിന്റെ കൈയിലാണ് അതിന്റെ മുഴുവന്‍ അധികാരങ്ങളും. ഫലസ്ത്വീനിയന്‍ അതോറിറ്റിയുടെ നിലവിലുള്ള പ്രസിഡന്റ് മഹ് മൂദ് അബ്ബാസിന്റെ ഭരണകാലാവധി കഴിഞ്ഞിട്ട് പതിനാല് വര്‍ഷമായി. അദ്ദേഹത്തിന് വയസ്സ് 87 ആയി. ഇത്രയും പടുവൃദ്ധനായ മറ്റൊരു ഭരണാധികാരി ഇപ്പോള്‍ ലോകത്തെങ്ങുമില്ല. എന്നിട്ടും അധികാരം കൈമാറാനോ തെരഞ്ഞെടുപ്പ് നടത്താനോ അബ്ബാസ് തയാറല്ല. സയണിസ്റ്റ് അതിക്രമങ്ങള്‍ക്കെതിരെ പ്രക്ഷോഭം നയിക്കുന്ന ഫലസ്ത്വീനികളെ ഇസ്രായേല്‍ സൈന്യത്തിന് പിടിച്ചുകൊടുക്കുന്ന പണി അബ്ബാസിന്റെ ഭരണകൂടം ഒരു വീഴ്ചയും കൂടാതെ ചെയ്തുവരുന്നുമുണ്ട്. l
ഇതാദ്യമായി റഷ്യന്‍ ഭരണകൂടം ഇസ് ലാമിക് ബാങ്കിംഗിന് തുടക്കം കുറിക്കാന്‍ പോകുന്നു. ഇതിന്റെ ഭാഗമായി രണ്ട് വര്‍ഷത്തെ സാധ്യതാ പഠനങ്ങള്‍ (Two-year Pilot Programme) ക്ക് സെപ്റ്റംബര്‍ ഒന്നിന് ആരംഭമായി. രണ്ടര കോടി മുസ് ലിംകളുള്ള റഷ്യയില്‍ നേരത്തെ തന്നെ പല സ്വഭാവത്തിലുള്ള ഇസ് ലാമിക സാമ്പത്തിക സ്ഥാപനങ്ങളും സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. രാജ്യം ഈ സംവിധാനത്തിന് നിയമപരമായ അംഗീകാരം നല്‍കുന്നത് ഇതാദ്യമായാണ്. നിയമാംഗീകാരം നല്‍കിക്കൊണ്ടുള്ള ഉത്തരവില്‍ കഴിഞ്ഞ ആഗസ്റ്റ് നാലിനാണ് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍ ഒപ്പുവെച്ചത്.
ഇസ്്ലാമിക് ബാങ്കിംഗിന്റെ ആദ്യസാധ്യതാ പഠനങ്ങള്‍ നടക്കുക റഷ്യയിലെ മുസ്്ലിം ഭൂരിപക്ഷ റിപ്പബ്ലിക്കുകളായ തതാര്‍സ്താന്‍, ബശ്‌കോര്‍സ്താന്‍ (ബശ്കീരിയ), ചെച്‌നിയ, ദാഗിസ്താന്‍ എന്നിവിടങ്ങളിലാണ്. സ്വകാര്യ മേഖലയില്‍ നേരത്തെ തന്നെ ഇസ്്ലാമിക സാമ്പത്തിക സ്ഥാപനങ്ങളുള്ള ഈ നാല് റിപ്പബ്ലിക്കുകളിലും പലിശ രഹിത സമ്പദ് ഘടന വിജയകരമാണെന്ന് തെളിഞ്ഞാല്‍ രാജ്യത്തിന്റെ മറ്റിടങ്ങളിലേക്കും പരീക്ഷണം വ്യാപിപ്പിക്കും.
രാജ്യത്ത് ഏറ്റവും കൂടുതല്‍ വായ്പ നല്‍കുന്ന Sberbank ന്റെ വൈസ് പ്രസിഡന്റായ ഒലെഗ് ഗനീവ് പറയുന്നത്, 40 ശതമാനം വളര്‍ച്ച കാണിക്കുകയും 2025-ഓടെ മൂല്യം 7.7 ട്രില്യന്‍ അമേരിക്കന്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെടുകയും ചെയ്യുന്ന പലിശ രഹിത സമ്പദ് ഘടനയെ ഇനിയാര്‍ക്കും അവഗണിക്കാന്‍ കഴിയില്ല എന്നാണ്. സാമ്പത്തിക പ്രതിസന്ധിയില്‍ പല പലിശ സഹിത പരമ്പരാഗത ബാങ്കുകളും തകര്‍ന്നടിഞ്ഞപ്പോള്‍ ഇസ് ലാമിക് ബാങ്കുകള്‍ വെല്ലുവിളികളെ മറികടന്നു. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ പാശ്ചാത്യ രാഷ്ട്രങ്ങളുടെ സാമ്പത്തിക ഉപരോധം നേരിടുന്ന റഷ്യക്ക് പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ സഹായമുറപ്പിക്കാന്‍ ഈ നീക്കം വഴിയൊരുക്കുമെന്നും പ്രസിഡന്റ് പുടിന്‍ കണക്കു കൂട്ടുന്നുണ്ടാവണം. l
മതസ്ഥാപനങ്ങളുടെ സംരക്ഷണത്തിന്
ആസ്‌ത്രേലിയയില്‍ അറ്റോര്‍ണി ജനറലിന്റെ ഓഫീസ്, ആരാധനാസ്ഥാനങ്ങളുടെ സംരക്ഷണാര്‍ഥം ഗ്രാന്റ് നല്‍കാന്‍ (Securing Faith- Based Places grant) തീരുമാനിച്ചിരിക്കുന്നു. 25,000 മുതല്‍ 50,000 വരെ ഡോളര്‍ ഗ്രാന്റായി ലഭിക്കും. ആരാധനാലയങ്ങള്‍ക്കും മറ്റു മതസ്ഥാപനങ്ങള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്ഥാപനാധികാരികള്‍ തന്നെ സുരക്ഷാ സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനാണ് ഈ തുക വിനിയോഗിക്കേണ്ടത്. മസ്ജിദുകളും ഇസ്്ലാമിക് സ്‌കൂളുകളും ഇത്തരത്തില്‍ ഭീഷണി നേരിടുന്നുണ്ടെങ്കില്‍ ഫണ്ടിന് അപേക്ഷിക്കണമെന്ന് അവയുടെ ഭാരവാഹികളോട് ഭരണകൂടം പ്രത്യേകം അഭ്യര്‍ഥിച്ചിട്ടുണ്ട്. l
'രാജസ്ഥാന്‍ മിഷന്‍ 2030'
അടുത്ത ഏഴ് വര്‍ഷത്തിനകം രാജസ്ഥാനെ ഇന്ത്യയിലെ ഏറ്റവും വികസിത സംസ്ഥാനങ്ങളിലൊന്നായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്. എല്ലാ ജനവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന പദ്ധതിയായിരിക്കും ഇതെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്്‌ലോട്ട് ഉറപ്പ് നല്‍കിയിട്ടുണ്ട്. വിവിധ ജനവിഭാഗങ്ങളില്‍നിന്ന് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും ക്ഷണിക്കുകയാണ് ഇതിന്റെ ആദ്യപടി. ഇതിന്റെ ഭാഗമായി ന്യൂനപക്ഷ ക്ഷേമവകുപ്പ് ജയ്പൂരില്‍ വിവിധ മതന്യൂനപക്ഷ പ്രതിനിധികളെ ക്ഷണിച്ചു വരുത്തി നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയുണ്ടായി. അടുത്ത ഡിസംബറില്‍ അസംബ്ലി തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുസ് ലിംകള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ വോട്ട് ഉറപ്പിക്കാനുള്ള നീക്കമായും ഇത് വ്യാഖ്യാനിക്കപ്പെടുന്നുണ്ട്.
ഒമ്പത് ശതമാനമാണ് രാജസ്ഥാനിലെ മുസ് ലിം ജനസംഖ്യ. സംസ്ഥാനത്തെ 200 നിയമസഭാ മണ്ഡലങ്ങളില്‍ 40 സീറ്റുകളില്‍ അവരുടെ വോട്ട് നിര്‍ണായകമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഈ നാല്‍പ്പതില്‍ 33 സീറ്റും കോണ്‍ഗ്രസിനാണ് ലഭിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നിര്‍ത്തിയ 15 മുസ്്ലിം സ്ഥാനാര്‍ഥികളില്‍ ഏഴ് പേര്‍ വിജയിച്ചിരുന്നു. മുസ് ലിം നേതാക്കളും ജനപ്രതിനിധികളും ചേര്‍ന്ന് സംസ്ഥാനത്ത് സമുദായത്തിന്റെ പിന്നാക്കാവസ്ഥ പരിഹരിക്കാന്‍ കാതലായ പല നിര്‍ദേശങ്ങളും സമര്‍പ്പിച്ചിട്ടുണ്ട്. രാജസ്ഥാന്‍ ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനായ വി.ജെ പാല്‍, ക്രിസ്ത്യന്‍ മാനേജ്‌മെന്റ് നടത്തുന്ന സ്‌കൂളുകളും ആശുപത്രികളും സംഘ് പരിവാര്‍ കക്ഷികളില്‍നിന്ന് ഭീഷണി നേരിടുന്നുണ്ടെന്നും അതിനാല്‍ അവയെ സംരക്ഷിക്കാന്‍ നിയമനിര്‍മാണം നടത്തണമെന്നും ആവശ്യപ്പെട്ടു. l
'അബായ' നിരോധത്തിന്റെ മറവില്‍
ഫ്രഞ്ച് സ്‌കൂളുകളില്‍ ഇനിമേല്‍ അബായ /അബാഅ (മുസ്്ലിം കുട്ടികള്‍ അണിഞ്ഞുവരാറുള്ള അയഞ്ഞ നീളന്‍ വസ്ത്രം) പാടില്ലെന്ന് ഫ്രഞ്ച് ഗവണ്‍മെന്റിന്റെ ഉത്തരവ്. പുതിയ അധ്യയനവര്‍ഷം മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വന്നത്. വിലക്കുണ്ടായിട്ടും 12 മില്യന്‍ വിദ്യാര്‍ഥികളില്‍ 298 പേര്‍ അബായ ധരിച്ചു വന്നുവെന്നും 67 പേര്‍ അത് ഊരിവെക്കാന്‍ വിസമ്മതിച്ചുവെന്നും വിദ്യാഭ്യാസമന്ത്രി ഗബ്രിയേല്‍ അത്താല്‍ പറഞ്ഞു. മീഡിയയില്‍ അത് വലിയ ചര്‍ച്ചയുമാണ്. അധ്യാപകരുടെ കുറവ്, കുട്ടികളെ കുത്തിനിറച്ച ക്ലാസ് റൂമുകള്‍ തുടങ്ങി വിദ്യാഭ്യാസ രംഗത്തെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ മറച്ചുവെക്കാനാണ് അബായ നിരോധം പോലുള്ള വിവാദ വിഷയങ്ങള്‍ കുത്തിപ്പൊക്കുന്നതെന്നാണ് ട്രേഡ് യൂനിയന്‍ നേതാക്കളുടെ വിമര്‍ശം. l
ബി.ജെ.പിയെ കൈവിട്ട് 'പസ്മാന്ദകള്‍'
ഉത്തർ പ്രദേശിലെ ഘോസി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തോല്‍വി. ഇടക്കാല തെരഞ്ഞെടുപ്പിൽ സമാജ് വാദി പാര്‍ട്ടിയിലെ സുധാകര്‍ സിംഗ് ഒന്നേകാല്‍ ലക്ഷത്തിലധികം വോട്ട് നേടി ജയിച്ചപ്പോള്‍ ബി.ജെ.പിയിലെ ദാരാസിംഗ് ചൗഹാന് എണ്‍പത്തിയൊന്നായിരം വോട്ടേ നേടാനായുള്ളൂ. പസ്മാന്ദകളുടെ/അധഃസ്ഥിത മുസ്്ലിം വിഭാഗങ്ങളുടെ പേര് പറഞ്ഞ് മുസ്്ലിം വോട്ട് ശിഥിലമാക്കാമെന്നായിരുന്നു ബി.ജെ.പിയുടെ കണക്ക് കൂട്ടല്‍. തൊണ്ണൂറായിരം മുസ്്ലിം വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ എഴുപതിനായിരവും പസ്മാന്ദകളാണെന്ന് ബി.ജെ.പി കണക്ക് കൂട്ടി. ആ വോട്ട് വിഹിതം കിട്ടിയാല്‍ തങ്ങള്‍ ജയിക്കുമെന്നും ഉറപ്പിച്ചു. അതിനു വേണ്ട കാര്‍ഡുകളും ഇറക്കി. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ മുസ് ലിം വോട്ടുകളില്‍ വിള്ളലുണ്ടാക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞില്ലെന്ന് വ്യക്തമായി. l
പാക് പഞ്ചാബില്‍ ഫൈസലാബാദ് ജില്ലയിലെ നഗരമാണ് ജറാന്‍വാല. പാകിസ്താനിലെ അമ്പത്തിയെട്ടാമത്തെ വലിയ നഗരം. സ്വാതന്ത്ര്യസമര പോരാളി ഭഗത് സിംഗിന്റെ ജന്മനാട്. ഖുര്‍ആനെയും പ്രവാചകനെയും നിന്ദിച്ചു എന്ന ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ആഗസ്റ്റ് 21-ന് 19 ചര്‍ച്ചുകളും 89 ക്രിസ്ത്യന്‍ വീടുകളുമാണ് അവിടെ അഗ്നിക്കിരയാക്കപ്പെട്ടത്. കരിമ്പ് തോട്ടത്തില്‍ കയറി ഒളിച്ചാണ് പലരും രക്ഷപ്പെട്ടത്. അക്രമികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഭരണകൂടം ഉറപ്പ് നല്‍കുന്നു. ഹ്യൂമന്‍ റൈറ്റ്‌സ് ഫോക്കസ് പാകിസ്താന്‍ (എച്ച്.ആര്‍.എഫ്.പി) നല്‍കുന്ന വിവരങ്ങളാണിത്. പാക് ജമാഅത്തെ ഇസ് ലാമി അധ്യക്ഷന്‍ സിറാജുല്‍ ഹഖ്, സമൂഹങ്ങള്‍ക്കിടയില്‍ അവിശ്വാസവും ഛിദ്രതയുമുണ്ടാക്കാന്‍ ചിലര്‍ നടത്തുന്ന കരുതിക്കൂട്ടിയുള്ള ശ്രമങ്ങളാണ് ഇതിന്റെ പിന്നിലെന്ന് ആരോപിച്ചു. ക്രിസ്ത്യന്‍ സമൂഹത്തിന് സംരക്ഷണവലയമൊരുക്കിയ നഗരവാസികളെ അദ്ദേഹം അഭിനന്ദിച്ചു.
തകർക്കപ്പെട്ട വീട് തങ്ങള്‍ പുനര്‍നിര്‍മിച്ച് നല്‍കുമെന്ന് സിറാജുല്‍ ഹഖ് ഒരു ക്രിസ്ത്യന്‍ ബാലികയോട് പറയുന്ന വീഡിയോ വൈറലായിട്ടുണ്ട്. ജമാഅത്തിന് കീഴിലുള്ള അല്‍ ഖിദ്മത്ത് ഫൗണ്ടേഷന്‍ തകര്‍ന്ന വീടുകളും ചര്‍ച്ചുകളും പുനര്‍നിര്‍മിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. കലാപബാധിതരായ കുട്ടികളുടെ ഇന്റര്‍മീഡിയറ്റ് വരെയുള്ള പഠനച്ചെലവുകള്‍ സംഘടന ഏറ്റെടുക്കും. അതിനു വേണ്ട സ്‌പോണ്‍സര്‍ഷിപ്പ് കണ്ടെത്തും. ക്രിസ്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് പലിശ രഹിത കടവും നല്‍കും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അല്‍ഖിദ്മത്ത് ഫൗണ്ടേഷന്‍ നേരത്തെ തുടങ്ങിയിട്ടുണ്ട്. വാട്ടര്‍ ഫില്‍റ്റര്‍ പ്ലാന്റിന്റെ പണി ആരംഭിച്ചുകഴിഞ്ഞു. ഹിന്ദു, ക്രിസ്ത്യന്‍, സിഖ് പോലുള്ള ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ദേശീയ ന്യൂനപക്ഷ കമീഷന്‍ രൂപവത്കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മന്‍സ്വൂറയിലെ സംഘടനാ ആസ്ഥാനത്ത് സംഘടിപ്പിക്കപ്പെട്ട സമാധാന സമ്മേളനം കഴിഞ്ഞ ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെറുപ്പും വിദ്വേഷവും പടര്‍ത്താന്‍ ശ്രമിക്കുന്ന സംഘങ്ങള്‍ക്കും സ്ഥാപനങ്ങള്‍ക്കും കോര്‍പറേറ്റ് കമ്പനികള്‍ ഫണ്ട് നല്‍കരുതെന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ബംഗളൂരുവിലെ (IIMB) ഫാക്കല്‍റ്റി അംഗങ്ങള്‍. പ്രസ്താവനയില്‍ ഒപ്പ് വെച്ചവരില്‍ പതിനൊന്ന് പേര്‍ നിലവില്‍ ഫാക്കല്‍റ്റി അംഗങ്ങളാണ്; ആറ് പേര്‍ ജോലിയില്‍നിന്ന് വിരമിച്ചവരും. ന്യൂനപക്ഷങ്ങളെ പൈശാചികവല്‍ക്കരിച്ച് അവര്‍ക്കെതിരെ ഹിംസാത്മക നീക്കങ്ങള്‍ നടത്തുന്ന പ്രവണത വര്‍ധിച്ചിരിക്കുകയാണെന്നും ഇക്കാര്യം കോര്‍പറേറ്റുകള്‍ കണക്കിലെടുക്കണമെന്നും അവര്‍ പറഞ്ഞു.
'ബ്രിക്‌സി'ലേക്ക് ക്ഷണിക്കപ്പെട്ട നാലും 'മിന'യില്‍നിന്ന്
ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് BRICKS. യഥാക്രമം ഈ രാജ്യങ്ങളുടെ പേരിന്റെ ആദ്യാക്ഷരം ചേര്‍ത്താണ് ഈ ചുരുക്കപ്പേര് ഉണ്ടാക്കിയിരിക്കുന്നത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള ഏഴ് രാഷ്ട്ര കൂട്ടായ്മയായ ജി 7-ന്റെ എതിര്‍ചേരിയായാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയില്‍ ചേര്‍ന്ന 'ബ്രിക്‌സി'ന്റെ സമ്മേളനത്തില്‍ ആറ് രാഷ്ട്രങ്ങളെക്കൂടി കൂട്ടായ്മയിലേക്ക് ക്ഷണിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഇതില്‍ നാലും 'മിന' (MENA- Middle East and North Africa) മേഖലയില്‍ നിന്നുള്ളവയാണ്. ഈ മേഖലയില്‍ 21 രാജ്യങ്ങളുണ്ട്. സുഊദി അറേബ്യ, യു.എ.ഇ, ഇറാന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ക്കാണ് ക്ഷണം കിട്ടിയിരിക്കുന്നത് (അര്‍ജന്റീനയും എത്യോപ്യയുമാണ് മറ്റു രണ്ട് രാജ്യങ്ങള്‍). നാലു രാജ്യങ്ങളും ഇതു വരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെങ്കിലും ക്ഷണത്തോട് അവ അനുകൂലമായി പ്രതികരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. ക്ഷണം സ്വീകരിക്കുന്ന പക്ഷം അടുത്ത വര്‍ഷം ജനുവരി ഒന്നിന് അവ ബ്രിക്‌സില്‍ ഔദ്യോഗികമായി അംഗങ്ങളാകും.
അവര്‍ സംഗമിച്ചു, നീതിക്കും സമാധാനത്തിനും വേണ്ടി
രാജ്യത്ത് സമാധാനവും നീതിയും പുലരുന്ന ഒരു നല്ല നാളെക്ക് വേണ്ടി അവര്‍ അസം തലസ്ഥാനമായ ഗുവാഹത്തിയിലെ മാക്കുവ പ്രഗ്‌ജ്യോതി ഐ.ടി. എ സെന്ററില്‍ കഴിഞ്ഞ ആഗസ്റ്റ് 22-ന് ഒത്തുചേര്‍ന്നു. ജംഇയ്യത്തുല്‍ ഉലമായേ ഹിന്ദ്, ജമാഅത്തെ ഇസ് ലാമി, ആള്‍ ഇന്ത്യ മില്ലി കൗണ്‍സില്‍, ജംഇയ്യത്ത് അഹ് ലെ ഹദീസ്, ഇമാറ ശറഇയ്യ എന്നീ സംഘടനകളാണ് സമ്മേളനത്തിന്റെ സംഘാടകര്‍. 'പീസ് ആന്റ് ജസ്റ്റിസ്' കാമ്പയിന്റെ ഭാഗമായിരുന്നു സമ്മേളനം. വിവിധ കൂട്ടായ്മകളെ പ്രതിനിധാനം ചെയ്ത് രണ്ടായിരം പ്രതിനിധികള്‍ പങ്കെടുത്തു. വിവിധ മതവിഭാഗങ്ങളെ പ്രതിനിധാനം ചെയ്യുന്നവരും സമ്മേളനത്തില്‍ സംബന്ധിച്ചു. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദ് പ്രസിഡന്റ് മൗലാനാ സയ്യിദ് മഹ്്മൂദ് അസ്അദ് മദനിയായിരുന്നു സമ്മേളന അധ്യക്ഷന്‍. ഇന്ത്യന്‍ ജമാഅത്തെ ഇസ്്ലാമി അധ്യക്ഷന്‍ സയ്യിദ് സആദത്തുല്ലാ ഹുസൈനി, ഇമാറ ശറഇയ്യ പ്രസിഡന്റ് മൗലാനാ മുഹമ്മദ് ഫൈസല്‍ വാലി റഹ് മാനി, അഹ് ലുസ്സുന്ന വല്‍ ജമാഅ പ്രസിഡന്റ് പീര്‍ എസ്.ഡി തന്‍വീര്‍, പീസ് ആന്റ് ജസ്റ്റിസ് സമ്മേളന അഖിലേന്ത്യാ കോര്‍ഡിനേറ്റര്‍ മുജ്തബ ഫാറൂഖ് എന്നിവരായിരുന്നു മുഖ്യ പ്രഭാഷകര്‍. മണിപ്പൂര്‍ സംഘര്‍ഷവും ട്രെയിനില്‍ ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍ മുസ് ലിംകളെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയതും മറ്റു നിരവധി വിഷയങ്ങളും ചര്‍ച്ചയായി. പ്രഗ് ജ്യോതി കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. ദയാനന്ദ പഥക്, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ അദീപ് കുമാര്‍, ശ്രീചൈതന്യമഠ് പ്രചാരക് ബിഷ്ണു മഹാരാജ്, ബുദ്ധമത നേതാവ് ഖൈമാനന്ദ ദിക്കു, ആര്‍ച്ച് ബിഷപ്പ് തോമസ് മെനാംപറമ്പില്‍, സിഖ് മതനേതാവ് ദേവേന്ദ്ര സിംഗ് സെഹ്്മി, ശ്രീരാമകൃഷ്ണ മിഷ നിലെ സ്വാമി റിഥതമാനന്ദ, ജൈനനേതാവ് ചന്ദന്‍ മാന്‍ ജെയ്ന്‍ തുടങ്ങി നിരവധി പ്രമുഖര്‍ സംബന്ധിച്ചു.
അഭിഭാഷകരെ കാണാന്‍ അനുവദിക്കണം
തങ്ങള്‍ ആഗ്രഹിക്കുന്ന അഭിഭാഷകരെയും ഡോക്ടര്‍മാരെയും കാണാന്‍ രാഷ്ട്രീയ തടവുകാരാക്കപ്പെട്ട പ്രമുഖര്‍ക്ക് അനുവാദം നല്‍കണമെന്ന് മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്ന 'ആഫ്രിക്കന്‍ കോര്‍ട്ട്' തുനീഷ്യന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. കഴിഞ്ഞ മെയ് മാസം നാല് രാഷ്ട്രീയ തടവുകാര്‍ക്ക് വേണ്ടി ഫയല്‍ ചെയ്യപ്പെട്ട കേസിലാണ് കോടതി ഈ ആവശ്യം ഉന്നയിച്ചത്. അന്നഹ് ദ നേതാവും മുന്‍ പാര്‍ലമെന്റ് സ്പീക്കറുമായ റാശിദുൽ ഗന്നൂശി, ഡമോക്രാറ്റിക് കറന്റ് പാര്‍ട്ടി സെക്രട്ടറി ജനറല്‍ ഗാസി ഷവാശി, മുന്‍ നീതിന്യായ മന്ത്രി നൂറുദ്ദീന്‍ ബിഹ്്രി, മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബശീര്‍ അക്‌റമി എന്നിവര്‍ക്ക് അഭിഭാഷകരെ കണ്ട് സംസാരിക്കാന്‍ അവസരം നല്‍കണം. ഇവരുടെ പേരില്‍ ചാര്‍ത്തിയ കുറ്റങ്ങള്‍ എന്താണെന്ന് കുടുംബാംഗങ്ങളെ അറിയിക്കണമെന്നും 'ആഫ്രിക്കന്‍ കോര്‍ട്ട്' ആവശ്യപ്പെട്ടു.
ലിബിയ മറ്റൊരു ദുരന്തമുഖത്ത്
ഇതെഴുതുമ്പോൾ കിഴക്കൻ ലിബിയയിൽ ആഞ്ഞടിച്ച ഡാനിയൽ കൊടുങ്കാറ്റിലും തുടർന്നുണ്ടായ പേമാരിയിലും ജീവൻ നഷ്ടപ്പെട്ടത് ആറായിരത്തോളം പേർക്ക്. പതിനായിരത്തോളം പേരെ കുറിച്ച് യാതൊരു വിവരവുമില്ല. കഴിഞ്ഞ നാല് നൂറ്റാണ്ടിനിടയിൽ ഇത്ര മാരകമായ ഒരു പ്രകൃതി ദുരന്തം ലിബിയയിൽ ഉണ്ടായിട്ടില്ല. ബൻഗാസി, ബൈദാഅ്, സൂസ, സിർത്ത്, ദർന എന്നീ ലിബിയൻ നഗരങ്ങളെ പ്രളയം വിഴുങ്ങി. രണ്ടായിരത്തോളം പേർ മരിച്ചത് ദർന നഗരത്തിൽ തന്നെയാണ്. അവിടത്തെ രണ്ട് അണക്കെട്ടുകൾ വെള്ളപ്പാച്ചലിൽ തകർന്നു. ആഭ്യന്തര സംഘർഷം അതിരൂക്ഷമായ രാജ്യങ്ങളിലൊന്നാണ് ലിബിയ. ഫലത്തിൽ അവിടെ രണ്ട് ഭരണകൂടങ്ങളാണ്. ഖലീഫ ഹഫ്തർ എന്ന വിമത സൈനിക നേതാവിന്റെ നിയന്ത്രണത്തിലാണ് ദർന നഗരം. ഐക്യരാഷ്ട്ര സഭയുടെ അംഗീകാരമുള്ള കേന്ദ്ര ഭരണത്തിന് അവിടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നതിന് പരിമിതിയുണ്ട്. ആഭ്യന്തര യുദ്ധം കാരണം അണക്കെട്ടുകളുടെ കേടുപാടുകൾ തീർക്കാതിരുന്നതാണ് അവ തകരാൻ കാരണമായത്. ദർന നഗരത്തിന്റെ കാൽ ഭാഗവും ജലപ്രവാഹത്തിൽ കുത്തിയൊലിച്ചു പോയി. പെട്രോൾ പോലുളള പ്രകൃതി വിഭവങ്ങളാൽ അതിസമ്പന്നമാണെങ്കിലും പതിറ്റാണ്ടുകൾ ലിബിയയെ അടക്കിഭരിച്ച കേണൽ മുഅമ്മർ ഖദ്ദാഫി രാജ്യത്ത് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ പൂർണ്ണ പരാജയമായിരുന്നു. ഖദ്ദാഫി വധിക്കപ്പെട്ടതിന് ശേഷം ലിബിയ പൂർണ്ണ അരാജകത്വത്തിന്റെ പിടിയിലും. ദുരന്തത്തിന്റെ വ്യാപ്തി കൂടാൻ ഇതും കാരണമാണ്.
ഗൂഗ്ളിന് ഇരുപത്തിയഞ്ച് വയസ്സായി. തൊള്ളായിരത്തി തൊണ്ണൂറുകളുടെ അവസാനത്തില്‍ ലാറി പെയ്ജും സെര്‍ജി ബ്രിനും ഏറ്റെടുത്ത ഒരു റിസര്‍ച്ച് പ്രോജക്ടാണ്, ലോകത്തിന്റെ അതിശയങ്ങളിലൊന്നായി മാറിയ ഗൂഗ്ള്‍ എന്ന തിരച്ചില്‍ യന്ത്ര(search engine)ത്തിന് ജന്മം നല്‍കിയത്. ഈ മേഖലയില്‍ ഗൂഗ്‌ളിന്റെ കമ്പോള വിഹിതം 92 ശതമാനമാണ്. അതിന്റെ തൊട്ടടുത്ത എതിരാളി Bing-ന് മൂന്ന് ശതമാനം മാര്‍ക്കറ്റ് ഷെയറേയുള്ളൂ. യാഹൂവിന് ഒരു ശതമാനത്തില്‍ അല്‍പം കൂടുതലും. googol (ഒന്നിന് ശേഷം നൂറ് പൂജ്യങ്ങള്‍) എന്ന ഗണിതശാസ്ത്ര സംജ്ഞയില്‍നിന്നാണ് google എന്ന പ്രയോഗം. ഭാവനാതീതമായ വിവരങ്ങളുടെ ശേഖരം എന്നാവാം ആ പ്രയോഗംകൊണ്ട് അതിന്റെ ഉപജ്ഞാതാക്കള്‍ ഉദ്ദേശിച്ചിട്ടുണ്ടാവുക.
ഖത്തറിലെ അല്‍ ജസീറ 2003 മുതല്‍ 2022 വരെയുള്ള വര്‍ഷങ്ങളില്‍, ഓരോ വര്‍ഷവും ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ട അഞ്ച് വ്യക്തികള്‍/സംഭവങ്ങള്‍ ഏതൊക്കെയെന്ന് ഗ്രേഡ് തിരിച്ച് കൊടുത്തിട്ടുണ്ട്. പാട്ടുകാരോ നടന്മാരോ ഒക്കെയായ സെലിബ്രിറ്റികളാണ് പലപ്പോഴും ഒന്നാം സ്ഥാനത്ത് വരിക. 2003-ലും 2004-ലും ഏറ്റവും കൂടുതല്‍ സെര്‍ച്ച് ചെയ്യപ്പെട്ടത് ബിറ്റ്‌നി സ്പിയേഴ്‌സ് എന്ന അമേരിക്കന്‍ ഗായികയാണ്. 2009-ല്‍ മൈക്കല്‍ ജാക്‌സണ്‍. ഒബാമ (2008), നെല്‍സണ്‍ മണ്ടേല (2013) എന്നിവരാണ് ഒന്നാം സ്ഥാനത്തെത്തിയ ലോക നേതാക്കള്‍. അല്‍ ജസീറ നല്‍കിയ ആ ലിസ്റ്റ് (https://aje.io/415ue3) പരിശോധിച്ചാല്‍ ഇന്റര്‍നെറ്റ് പരതലിന്റെ പൊതു സ്വഭാവം മനസ്സിലാക്കാനാവും.
സയ്യിദ് അബ്ദുല്‍ ബാസിത്വ് അന്‍വര്‍ (1950-2023)
ഹൈദരാബാദിലെ സിയാസത്ത് പത്രത്തിന്റെ മാനേജിംഗ് എഡിറ്റര്‍ സഹീറുദ്ദീന്‍ അലി ഖാന്റെ മരണം സൃഷ്ടിച്ച ആഘാതം വിട്ടൊഴിയുന്നതിന് മുമ്പ് മറ്റൊരു വേര്‍പാട് കൂടി നഗരത്തെ ദുഃഖത്തിലാഴ്ത്തി. ദീര്‍ഘകാലം അവിഭക്ത ആന്ധ്രാപ്രദേശില്‍ ജമാഅത്തെ ഇസ്്‌ലാമിയുടെ സാരഥിയായിരുന്ന സയ്യിദ് അബ്ദുല്‍ ബാസിത്വ് അന്‍വര്‍ ആണ് വിടവാങ്ങിയത്. 1950-ല്‍ ഹൈദരാബാദിലെ ഒരു പ്രമുഖ കുടുംബത്തിലായിരുന്നു ജനനം. നിസാം കോളേജില്‍നിന്ന് ബിരുദവും ഉസ്മാനിയാ യൂനിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദാനന്തര ബിരുദ(അറബി)വും നേടി. ചെറുപ്പം മുതലേ ദീനീ ചിട്ടയില്‍ വളര്‍ന്നതിനാല്‍ ദീനീ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ വളരെയേറെ ഉത്സുകനായിരുന്നു. പിന്നീടുള്ള ജീവിതം ഇസ്്‌ലാമിക പ്രസ്ഥാനത്തിനു വേണ്ടി സമര്‍പ്പിക്കുകയായിരുന്നു.
വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കുമിടയില്‍ പ്രവര്‍ത്തിക്കാന്‍ സ്റ്റുഡന്റ്‌സ് ഇസ്്‌ലാമിക് ഓര്‍ഗനൈസേഷന്‍ (എസ്.ഐ.ഒ) രൂപവത്കരിക്കപ്പെട്ടപ്പോള്‍ സംസ്ഥാനത്ത് അതിനെ ശക്തിപ്പെടുത്താന്‍ അദ്ദേഹം അഹോരാത്രം യത്‌നിച്ചു. പിന്നീട് മാതൃ പ്രസ്ഥാനമായ ജമാഅത്തെ ഇസ്്‌ലാമിയിലേക്ക് വന്നപ്പോള്‍ പല ഉത്തരവാദിത്വങ്ങളും അദ്ദേഹം ഏറ്റെടുത്തു. പന്ത്രണ്ട് വര്‍ഷം സയ്യിദ് അബ്ദുല്‍ ബാസിത്വ് അവിഭക്ത ആന്ധ്രാപ്രദേശിലെ ജമാഅത്തെ ഇസ്്‌ലാമി അധ്യക്ഷനായിരുന്നു.
കുറച്ചു കാലമായി രോഗബാധിതനായിരുന്നു. രോഗത്തിന്റെ അവശതകള്‍ വകവെക്കാതെ അദ്ദേഹം പ്രവര്‍ത്തനനിരതനായി. പി.എച്ച്.ഡി പഠനം പോലും പൂര്‍ത്തിയാക്കാന്‍ കഴിയാത്ത വിധം വിപുലമായിരുന്നു അദ്ദേഹത്തിന്റെ കര്‍മ മണ്ഡലം. സമുദായത്തിലെ വിവിധ കൂട്ടായ്മകളുടെ നേതാക്കളുമായി അദ്ദേഹം അടുത്ത സുഹൃദ് ബന്ധം നിലനിര്‍ത്തി. പല പ്രാദേശിക പൊതു കൂട്ടായ്മകള്‍ക്കും രൂപം നല്‍കാന്‍ ഈ ബന്ധങ്ങള്‍ സഹായകമായി. l
എറിക് ആഡംസും ബാങ്ക് വിളിയും
അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റി മേയറാണ് കറുത്ത വര്‍ഗക്കാരനായ എറിക് ആഡംസ്. നേരത്തെ പോലീസ് സേനയില്‍ ഉയര്‍ന്ന പദവികള്‍ വഹിച്ചിട്ടുണ്ട്. ഡമോക്രാറ്റ് പാര്‍ട്ടിക്കാരനാണ്. കഴിഞ്ഞ ആഗസ്റ്റില്‍ അദ്ദേഹം നടത്തിയ ഒരു പ്രസ്താവന അമേരിക്കന്‍ മുസ്്‌ലിം സമൂഹത്തില്‍ പരക്കെ സ്വാഗതം ചെയ്യപ്പെടുകയുണ്ടായി. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനും റമദാന്‍ ദിനങ്ങളിലെ മഗ്്രിബ് നമസ്‌കാരങ്ങള്‍ക്കും ബാങ്ക് വിളിക്ക് ഉച്ചഭാഷിണി ഉപയോഗിക്കാന്‍ ഭരണകൂടത്തിന്റെ പ്രത്യേക അനുമതി വേണ്ടതില്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അമേരിക്കന്‍ നഗരങ്ങളില്‍ ശബ്ദക്രമീകരണത്തിന് പ്രത്യേകം ഓര്‍ഡിനന്‍സ് ഉള്ളതുകൊണ്ട് ഉച്ചഭാഷിണിയില്‍ ബാങ്ക് വിളിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. ശബ്ദതരംഗ തീവ്രത(decibel)യുടെ ക്രമീകരണം സംബന്ധിച്ച് പോലീസ് മേധാവികള്‍ മത നേതൃത്വവുമായി ധാരണയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു അമേരിക്കന്‍ നഗരമായ മിനിപോളിസില്‍ ഉച്ചഭാഷിണിയില്‍ ബാങ്ക് കൊടുക്കാന്‍ പ്രത്യേക അനുവാദം വേണമെന്ന നിയമം കഴിഞ്ഞ വര്‍ഷം തന്നെ നീക്കിയിരുന്നു.
മത നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് ന്യൂയോര്‍ക്ക് സിറ്റി മേയര്‍ എറിക് ആഡംസ്. പൊതുജീവിതത്തില്‍ മതത്തിന് വലിയ പങ്കുവഹിക്കാനുണ്ടെന്നും അദ്ദേഹം വിശ്വസിക്കുന്നു. അദ്ദേഹം പറയുന്നത് കാണുക: ''ഞാന്‍ ചര്‍ച്ച്- സ്റ്റേറ്റ് വിഭജനത്തെ അനുകൂലിക്കുന്നില്ല. സ്റ്റേറ്റ് ശരീരമാണ്; ചര്‍ച്ച് ഹൃദയവും. ഹൃദയം എടുത്തുമാറ്റിയാല്‍ പിന്നെ ശരീരത്തിന് ജീവനുണ്ടാവില്ല.''
അഫ്ഗാന്‍ കറന്‍സി അത്ര ചെറിയ മീനല്ല
സാമ്പത്തിക നിരീക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ് അഫ്ഗാന്‍ കറന്‍സിയുടെ മൂല്യ വര്‍ധന. 2021-ല്‍ അമേരിക്കന്‍ സൈന്യം അഫ്ഗാനിസ്താന്‍ വിടുകയും താലിബാന്‍ അധികാരത്തില്‍ വരികയും ചെയ്ത ശേഷം 20 മുതല്‍ 30 ശതമാനം വരെയാണ് അഫ്ഗാന്‍ സമ്പദ് ഘടന ചുരുങ്ങിപ്പോയത്. പക്ഷേ, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടക്ക് വന്‍ കുതിപ്പ് തന്നെ നടത്തി അഫ്ഗാന്‍ കറന്‍സി. എത്രത്തോളമെന്നാല്‍ അമേരിക്കന്‍ ഡോളറുമായി തട്ടിച്ചു നോക്കിയാല്‍ പാകിസ്താന്‍, ബംഗ്ലാദേശ്, ഇറാന്‍, ശ്രീലങ്ക എന്നീ നാടുകളിലെ കറന്‍സിയെക്കാള്‍ മൂല്യമുണ്ട് ഇപ്പോള്‍ അഫ്ഗാന്‍ കറന്‍സിയായ 'അഫ്ഗാനി'ക്ക്. ഇന്ത്യയുടേത് വലിയ സമ്പദ്ഘടനയാണെങ്കിലും ഒരു ഇന്ത്യന്‍ രൂപക്ക് 0.89 അഫ്ഗാനിയാണ് 2023 സെപ്റ്റംബര്‍ 4-ലെ റേറ്റ്. ഏതാണ്ട് സമാസസമത്തിലേക്ക് നീങ്ങുന്നുവെന്നും പറയാം.
ഇരുപത് വര്‍ഷം നാറ്റോ സൈന്യം നടത്തിയ അതിമാരകമായ യുദ്ധം, സകല രാഷ്ട്രങ്ങളുടെയും ഉപരോധം, പാശ്ചാത്യ രാഷ്ട്രങ്ങള്‍ അഫ്ഗാനിസ്താന്റെ എട്ട് ബില്യന്‍ അമേരിക്കന്‍ ഡോളര്‍ മരവിപ്പിച്ചത്- ഈ കടുത്ത പ്രതിസന്ധികൾക്കിടയിലും അഫ്ഗാൻ കറൻസി കരുത്ത് നേടുന്നതിന്റെ ഒരു കാരണം, ഇറക്കുമതി കുറച്ചതും പഴവര്‍ഗങ്ങളുടെയും മറ്റും കയറ്റുമതി ഗണ്യമായി കൂട്ടിയതുമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
മന്‍സികര്‍ട്ട് യുദ്ധ വിജയം
തുര്‍ക്കിയയുടെ ചരിത്രത്തില്‍ വളരെ സുപ്രധാനമാണ് ഒമ്പതര നൂറ്റാണ്ട് മുമ്പ് 1071-ല്‍ നടന്ന മന്‍സികര്‍ട്ട് (Manzikert) യുദ്ധം. തുര്‍ക്കിയയില്‍ ഇതറിയപ്പെടുന്നത് മലസ്ഗര്‍ട്ട് (Malazgirt) എന്നാണ്. ഈ യുദ്ധ വിജയത്തിന്റെ 952-ാം വാര്‍ഷികം കഴിഞ്ഞ ആഗസ്റ്റ് 25-ന് ആഘോഷിച്ചപ്പോള്‍ മുഖ്യാതിഥി തുര്‍ക്കിയ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ആയിരുന്നു. തുര്‍ക്കിയ വംശജര്‍ അനാത്വൂലി മേഖലയിലേക്ക് കടന്നുവരുന്നത് സല്‍ജൂഖി രാജാവായ അല്‍പ് അർസ്്ലാൻ നേടിയ ഈ വിജയത്തോടെയാണ്. ആറ് നൂറ്റാണ്ടിന് ശേഷം ഉസ്മാനിയാ സാമ്രാജ്യത്തിന്റെ ഉദയത്തിനും ആ യുദ്ധ വിജയം നിമിത്തമായി. 'മന്‍സികര്‍ട്ട് യുദ്ധം ഒരു സാധാരണ യുദ്ധമായിരുന്നില്ല; മൻസികർട്ട് വിജയം ഒരു സാധാരണ വിജയവുമായിരുന്നില്ല'- ഉര്‍ദുഗാന്‍ പറഞ്ഞു. l
ഇസ്്ലാമിക ചരിത്രത്തിലെ ഒരു പ്രധാന ചിന്താസരണി (മദ്ഹബ് ) യാണ് ഇബാദിയ്യ (الاباضية). പല നാടുകളിൽനിന്നുള്ള മുസ്്ലിംകൾ ആ ചിന്താസരണി പിന്തുടരുന്നുണ്ട്. ഈ മദ്ഹബ് പിന്തുടരുന്നവർ ഏറ്റവും കൂടുതലുള്ളത് ഒമാനിലാണ്. അവിടത്തെ മുസ്്ലിംകളിൽ ഭൂരിപക്ഷവും അവർ തന്നെ. ലിബിയ, അൾജീരിയ, തുനീഷ്യ, വടക്കനാഫ്രിക്ക, സാൻസിബാർ എന്നിവിടങ്ങളിലും ചെറിയ തോതിൽ ഇവരുടെ സാന്നിധ്യമുണ്ട്. പക്ഷേ, ചരിത്രത്തിൽ ഇവരെ അടയാളപ്പെടുത്തിയിരിക്കുന്നത് ഖവാരിജിൽ പെട്ട ഒരു വിഭാഗമായിട്ടാണ്. ഇസ്്ലാമിക ചരിത്രത്തിൽ ഭരണാധികാരികൾക്കെതിരെ സായുധ കലാപങ്ങൾ നടത്തിയവരാണ് ഖവാരിജ്. അവരുമായി സുന്നി മുഖ്യധാരയിലെ ചിന്താധാരകൾ അകലം പാലിക്കാൻ അതാണ് കാരണം.
യഥാർഥത്തിൽ ഇബാദികൾ ഭരണകൂടങ്ങൾക്കെതിരെ കലാപമഴിച്ചുവിടുന്ന ഖവാരിജ് ആയിരുന്നില്ല. ഈ ചിന്താധാരയുടെ സ്ഥാപകനും പ്രമുഖ സ്വഹാബികളുടെ ശിഷ്യനുമായ ഇമാം ജാബിറുബ്്നു സൈദ് (മരണം ഹി. 93) ഉമവി ഭരണകൂടത്തിന്റെ ഏകാധിപത്യ പ്രവണതകളെ വിമർശിച്ചിരുന്നതിനാൽ ഭരണകൂടം തന്നെ ചാർത്തി നൽകിയതായിരുന്നു ഈ ഖവാരിജ് ചാപ്പ. അബുൽ ഹസൻ അൽ അശ്അരി, ബഗ്ദാദി, ഇബ്്നു ഹസം പോലുള്ള പ്രമുഖർ പോലും ഈ ഭരണകൂട ഭാഷ്യം തങ്ങളുടെ കൃതികളിൽ അപ്പടി പകർത്തിവെച്ചു. പിൽക്കാലക്കാരും സൂക്ഷ്മ പഠനങ്ങൾ നടത്താതെ മുൻഗാമികളുടെ എഴുത്ത് പകർത്തിവെക്കുകയായിരുന്നു. ഈ തെറ്റിദ്ധാരണകൾ നീക്കാൻ ഇബാദികൾ മുൻകൈയെടുത്തതുമില്ല. മുഖ്യധാരയിൽനിന്നകന്ന് അവർ അവരുടെ രീതികളുമായി മുന്നോട്ടു പോയി.
ഇബാദികളെക്കുറിച്ച പഴയ തെറ്റിദ്ധാരണകൾ തിരുത്തുന്ന നിരവധി പഠനങ്ങൾ മുസ്്ലിം ലോകത്ത് ഇപ്പോൾ ഉണ്ടാകുന്നുണ്ട്. ശാഫിഈ, ഹനഫീ മദ്ഹബുകൾ പോലെ ഒരു മദ്ഹബ് തന്നെയാണ് ഇബാദിയ്യയും. ഇബാദികളുടെ രാഷ്ട്രീയ വീക്ഷണം കരുപ്പിടിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ച അബ്ദുല്ലാഹിബ്്നു ഇബാദി(മരണം ഹി. 83)യിലേക്ക് ചേർത്താണ് ഇവർ ഇബാദികൾ എന്നറിയപ്പെടുന്നത്. ഇപ്പോഴിതാ പ്രമുഖ ചരിത്രകാരനായ ഡോ. അലി സ്വല്ലാബി 'ഇബാദിയ്യ - ഖവാരിജിൽനിന്ന് അകലം പാലിക്കുന്ന ഇസ്്ലാമിക ചിന്താധാര' എന്ന പേരിൽ അറബിയിൽ ആയിരത്തോളം പേജ് വരുന്ന ഒരു പുസ്തകമെഴുതിയിരിക്കുന്നു.
മുസ്്ലിം ലോകത്ത് സർവാദരണീയനായ ഒമാൻ മുഫ്തി ശൈഖ് അഹ്്മദുൽ ഖലീലിയുടെ പ്രവർത്തനങ്ങളും ഇബാദി മദ്ഹബിനെ മുഖ്യധാരയിലേക്കടുപ്പിക്കാൻ ഏറെ സഹായകമായിട്ടുണ്ട്.
ഒരു കൂട്ടക്കുരുതിയുടെ ഓർമകൾ
ഈ പേരിലുള്ള ഒരു ഇംഗ്ലീഷ് ഡോക്യുമെന്ററി (Memories of a Massacre) വൈറൽ ആണിപ്പോൾ. ഒറ്റ ദിവസം കൊണ്ട് അഞ്ച് ലക്ഷം പേരാണ് ഇത് കണ്ടത്. ഈജിപ്തിലെ സൈനിക അട്ടിമറിയെ തുടർന്ന് 2013 ആഗസ്റ്റ് 14-ന് കൈറോയിലെ റാബിഅ അദവിയ്യ സ്ക്വയറിൽ ഒത്തുചേർന്ന പ്രതിഷേധകരെ സൈന്യം കൂട്ടക്കൊല നടത്തിയതിനെപ്പറ്റിയുള്ള വസ്തുനിഷ്ഠ വിവരണമാണ് ഈ ഡോക്യുമെന്ററി. കൂട്ടക്കൊലയിൽനിന്ന് രക്ഷപ്പെട്ടവരും സംഭവം നേരിൽ കണ്ട പത്രപ്രവർത്തകരും തങ്ങളുടെ അനുഭവങ്ങൾ പങ്ക് വെക്കുന്നുണ്ട്. കൂട്ടക്കൊലക്ക് പത്ത് വർഷം തികയുന്നതോടനുബന്ധിച്ച് ലണ്ടനിലായിരുന്നു പ്രദർശനം. 'ഈജിപ്ത് വാച്ച്' എന്ന കൂട്ടായ്മയാണ് അതിന് മുൻകൈയെടുത്തത്. ഈജിപ്തിലെ സീസി ഭരണകൂടം ഡോക്യുമെന്ററി പ്രദർശനം തടയാൻ സർവ കരുക്കളും നീക്കിയെങ്കിലും വിജയിച്ചില്ല.
തടവ് 16 വർഷം, പിഴ അഞ്ചര ലക്ഷം ഡോളർ
അമേരിക്കയിൽ മുസ്്ലിം പള്ളി കത്തിച്ചയാൾക്കാണ് ഈ ശിക്ഷ. 2020 ഏപ്രിൽ 24 - ന് റമദാൻ മാസത്തിലെ ആദ്യ ദിനത്തിൽ നിക്കളസ് ജോൺ പ്രഫിറ്റ് എന്നൊരാൾ കേപ് ഗിറാഡിയോവിലെ ഇസ്്ലാമിക് സെന്ററിന് തീവെക്കുന്നു. പഴുതടച്ച അന്വേഷണത്തിലൂടെ പ്രോസിക്യൂഷൻ കുറ്റം തെളിയിക്കുന്നു. തീവെപ്പ് അന്വേഷിക്കുന്ന സംഘത്തിന്റെ തലവൻ സ്റ്റീവൻ ഡെറ്റ്ൽബാച് പറയുന്നത് കാണൂ: "ഒരാൾക്ക് താനിഷ്ടപ്പെടുന്ന രീതിയിൽ പ്രാർഥിക്കാനുള്ള അവകാശം നമ്മുടെ രാഷ്ട്ര മൂല്യങ്ങളുടെ അകക്കാമ്പാണ്. ഒരാൾ ഒരു ആരാധനാലയം ആക്രമിക്കുമ്പോൾ ആ അമേരിക്കൻ അവകാശത്തെയാണ് ആക്രമിക്കുന്നത്. അവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക തന്നെ വേണം."
കറുത്ത തുർക്കികൾ, വെളുത്ത തുർക്കികൾ
2015-ൽ പ്രസിഡന്റിന്റെ വസതിയിൽ ഒരുക്കിയ ഇഫ്ത്വാർ സംഗമത്തിൽ തുർക്കിയ പ്രസിഡന്റ് ഉർദുഗാൻ പറഞ്ഞു: "വെളുത്ത തുർക്കികൾ നിങ്ങളെയും ഞങ്ങളെയും വിശേഷിപ്പിക്കുന്നത് കറുത്ത തുർക്കികൾ (Zenci Turk ) എന്നാണ്. കറുത്ത തുർക്കിയായതിൽ ഞാൻ അഭിമാനിക്കുന്നു." ആർക്കും ആശയക്കുഴപ്പമുണ്ടാകും; ഉർദുഗാന്റെ തൊലിനിറം കറുപ്പല്ലല്ലോ. പിന്നെ അദ്ദേഹം എങ്ങനെ കറുത്ത തുർക്കിയാകും? പക്ഷേ, തുർക്കിയക്കാർക്ക് യാതൊരു ആശയക്കുഴപ്പവുമില്ല. തുർക്കിയയിൽ ആഴത്തിൽ വേര് പടർത്തിയ ഒരു വംശീയതയെക്കുറിച്ചാണ് അതെന്ന് അവർക്ക് അറിയാം. തൊലിനിറം നോക്കിയല്ല ആ പ്രയോഗം ഉണ്ടായിട്ടുള്ളതും. അതൊരു ആലങ്കാരിക പ്രയോഗമാണ്. തുർക്കിയയിലെ ഭൂരിപക്ഷം വരുന്ന അധഃസ്ഥിത കീഴാള വിഭാഗമാണ് കറുത്ത തുർക്കികൾ; പ്രത്യേകിച്ച് അനാത്വൂലിയ മേഖലയിൽ വസിക്കുന്ന മത പാരമ്പര്യമുള്ള തുർക്കികൾ. കമാൽ അത്താതുർക്കിന്റെ ആധുനിക തുർക്കിയ ഈ മതബോധമുള്ള ജന വിഭാഗങ്ങളെ അടിച്ചമർത്തുകയും അധികാര സ്ഥാനങ്ങളിൽനിന്ന് മാറ്റിനിർത്തുകയുമായിരുന്നു. പാശ്ചാത്യവൽക്കരിക്കപ്പെട്ട ഒരു പറ്റം വരേണ്യ അൾട്രാ സെകുലറിസ്റ്റുകൾ(അവരാണ് വെളുത്ത തുർക്കികൾ )ക്കായിരുന്നു അധികാരക്കുത്തക. അക് പാർട്ടി അധികാരത്തിൽ വന്നതോടെ യഥാർഥത്തിൽ ഈ അധികാരക്കുത്തക അട്ടിമറിക്കപ്പെടുകയാണ് ചെയ്തത്. തുർക്കിയയിലെ സംഘർഷങ്ങളെ ഈയൊരു പശ്ചാത്തലത്തിൽ കൂടി വേണം കാണാൻ. ഈ വിഷയത്തിൽ നിരവധി പുസ്തകങ്ങളുണ്ട്. ഡോ. മുഹമ്മദ് മുഖ്താർ ശൻഖീത്വി ഈ വിഷയകമായി ഒരു ലേഖനമെഴുതിയിരിക്കുന്നു അൽ ജസീറ നെറ്റിൽ.
ടൂറിസ്റ്റുകൾ 500 ദശലക്ഷം!
എല്ലാ അധികാരവും തന്നിലേക്ക് കേന്ദ്രീകരിക്കുന്ന തുനീഷ്യൻ പ്രസിഡന്റ് ഖൈസ് സഈദ് തന്റെ ശിങ്കിടികളെ മാത്രമേ മന്ത്രിപദവികളിലും മറ്റും നിയമിക്കുന്നുള്ളൂ. സാമാന്യ യുക്തി പോലും കൈമോശം വന്ന അവരിൽ ചിലർ പറയുന്ന മണ്ടത്തരങ്ങൾ സോഷ്യൽ മീഡിയയിൽ പരിഹാസത്തിന്റെ കൂട്ടച്ചിരി ഉയർത്തുന്നുണ്ട്. അതിലൊന്നാണ് തുനീഷ്യൻ ടൂറിസം മന്ത്രി മുഹമ്മദുൽ മുഇസ്സ് ബൽഹസന്റെ പ്രസ്താവന. കഴിഞ്ഞ ജൂലൈ അവസാനത്തോടെ തുനീഷ്യയിലേക്ക് ഈ വർഷം ഇതുവരെ വന്നത് 500 ദശലക്ഷം ടൂറിസ്റ്റുകളാണെന്നാണ് മന്ത്രി പറഞ്ഞത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകാലത്തെ ലോക ചരിത്രമെടുത്താൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ വന്നിട്ടുള്ളത് ഫ്രാൻസിലേക്കാണ്; 2019 - ൽ, 90 ദശലക്ഷം ടൂറിസ്റ്റുകൾ. നമ്മുടെ തുനീഷ്യൻ മന്ത്രി പറയുന്നത്, ഏഴ് മാസമായപ്പോഴേക്ക് തന്നെ 500 മില്യൻ കടന്നെന്ന്! l
കഴിഞ്ഞ ഏതാനും വർഷങ്ങളായി സുഡാന്റെ തലസ്ഥാനമായ ഖുർത്വൂമിൽ സംഘടിപ്പിച്ചു വരുന്ന ഒരു സാംസ്കാരിക പരിപാടിയുണ്ട്. 'അശ്ജാൻ സൂമാനിയ്യ' എന്നാണതിന്റെ പേര്. 'സൂമാനിയ്യ രാഗങ്ങൾ' എന്ന് അതിനെ പരിഭാഷപ്പെടുത്താം. എന്താണ് സൂമാനിയ്യ? സുഡാനും യമനും ചേർന്നതാണ് സൂമാനിയ്യ. ഇങ്ങനെയൊരു പദം രൂപകൽപന ചെയ്തത് ഉമ്മു ദർമാൻ യൂനിവേഴ്സിറ്റിയിലെ ഡോ. നിസാർ ഗാനിം ആണ്. അദ്ദേഹം കവി കൂടിയാണ്. സാഹിത്യത്തിലായാലും കലയിലായാലും സംഗീതത്തിലായാലും യമനും സുഡാനും വളരെയേറെ സാമ്യതകൾ പുലർത്തുന്നു എന്ന് അദ്ദേഹം പറയുന്നു. അതിനാൽ, അദ്ദേഹത്തിന്റെ കാഴ്ചയിൽ സാംസ്കാരികമായി അവ രണ്ടും ഒരു രാജ്യം തന്നെയാണ്. യമനിൽനിന്ന് സുഡാനിലേക്കും തിരിച്ചും കാലങ്ങളായി കുടിയേറ്റങ്ങൾ നടന്നുകൊണ്ടിരിക്കുന്നതും സംസ്കാരങ്ങൾ സദൃശമാവാൻ കാരണമായിട്ടുണ്ടാവാം. അബ്ദുല്ല ബർദൂനിയെപ്പോലുള്ള പ്രശസ്ത യമനീ കവികളിലും ഇരു സംസ്കാരങ്ങളുടെയും മുദ്രകൾ ചേർന്നുവരുന്നത് കാണാം. ഈ സാംസ്കാരിക പ്രവണതയെ കുറിക്കാൻ 'യമാസൂദി' എന്ന വാക്കാണ് അദ്ദേഹം പ്രയോഗിച്ചതെങ്കിലും നിസാർ ഗാനിമിന്റെ 'സൂമാനിയ്യ'ക്കാണ് പ്രചാരം ലഭിച്ചത്.
മൗലാനാ ഫാറൂഖ് ഖാനെ (1932- 2023) നമുക്കെല്ലാം അറിയാം. ഹിന്ദിയിൽ വിശുദ്ധ ഖുർആന് പരിഭാഷയും വ്യാഖ്യാനവും തയാറാക്കി പ്രബോധന മേഖലയിൽ വലിയ സേവനങ്ങൾ അർപ്പിച്ച വ്യക്തിത്വം. ഈ വർഷമാണ് അദ്ദേഹം ലോകത്തോട് വിടപറഞ്ഞത്. അപ്പോൾ ഫറാസ് സുൽത്താൻപൂരിയോ? രണ്ടും ഒരാൾ തന്നെ. നല്ലൊരു ഉർദു കവി കൂടിയാണ് ഫാറൂഖ് ഖാൻ. കാവ്യരചനയിലെ അദ്ദേഹത്തിന്റെ തൂലികാനാമമാണ് ഫറാസ് സുൽത്താൻപൂരി. അദ്ദേഹത്തിന്റെ കവിതകളിൽ നിറഞ്ഞുനിൽക്കുന്നത് കളങ്കമില്ലാത്ത സ്വൂഫി ആധ്യാത്മികതയാണ്. ഉർദു കാവ്യാലാപന സദസ്സുകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. ഉർദു സാഹിത്യത്തിൽ കവിതയിലും ഗദ്യത്തിലും ഒരുപോലെ തിളങ്ങിയവർ ഹാലി, ശിബ്്ലി പോലെ ചുരുക്കം ചിലരേയുള്ളൂ. ആ ഗണത്തിലേക്കാണ് ഫറാസ് സുൽത്താൻപൂരിയെയും ചേർത്തുവെക്കേണ്ടത്. ഹിന്ദിയിലും കവിതയെഴുതി എന്ന പ്രത്യേകത ഒരു പക്ഷേ അദ്ദേഹത്തിന് മാത്രമുള്ളതാണ്. സംസ്കൃതവും അദ്ദേഹത്തിന് അറിയാമായിരുന്നു. ഈ വശം വേണ്ടപോലെ ചർച്ചയിൽ വരാത്തതിനാലാവാം ദൽഹിയിൽ നിന്ന് ഇദാറെ അദബെ ഇസ്്ലാമി പ്രസിദ്ധീകരിക്കുന്ന പേശ് റഫ്ത് എന്ന ഉർദു സാഹിത്യ മാസിക പുതിയ ലക്കം (ആഗസ്റ്റ്) ഫറാസ് സുൽത്താൻപൂരിയെക്കുറിച്ച് കവർ സ്റ്റോറി തയാറാക്കിയത്. ഡോ. ഹസൻ റിദയാണ് ആമുഖക്കുറിപ്പും ആമുഖ ലേഖനവും എഴുതിയിരിക്കുന്നത്.
സമാധാനം അകലെ
ലോകത്ത് ഏറ്റവും സമാധാനം കുറഞ്ഞ രാജ്യങ്ങളെടുത്താൽ അതിൽ അഞ്ചെണ്ണവും മുസ്്ലിം ലോകത്ത് നിന്നാണ്. യമൻ, സിറിയ, സോമാലിയ, സുഡാൻ, ഇറാഖ് എന്നിവയാണവ. ഏറ്റവും കൂടുതൽ സമാധാനം കളിയാടുന്ന നാടുകളിൽ ഖത്തറും കുവൈത്തും ജോർദാനും ഒമാനും ഇടം പിടിച്ചിട്ടുമുണ്ട്. ഗ്ലോബൽ പീസ് ഇൻഡക്സ് 2023 - ൽ തയാറാക്കിയ റാങ്ക് പട്ടികയിൽ സമാധാനം നിലനിർത്തുന്നതിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തുള്ളത് യഥാക്രമം ഐസ്്ലന്റും ഡൻമാർക്കും അയർലന്റുമാണ്.
ആദ്യ നൂറ്
2023-ലെ നൂറ് പ്രമുഖ അറബ് ബിസിനസ് കുടുംബങ്ങളുടെ പട്ടിക ഫോബ്സ് മാഗസിൻ പ്രസിദ്ധീകരിച്ചു. ഈ ബിസിനസ് സംരംഭങ്ങളിൽ ആറെണ്ണം 19-ാം നൂറ്റാണ്ടിൽ തന്നെ സ്ഥാപിതമായതാണ്. കാലത്തിന്റെ മാറ്റം ഉൾക്കൊണ്ട് നവീകരണങ്ങൾ നടത്താൻ കഴിഞ്ഞതാണ് അറബ് ലോകത്തെ ഏറ്റവും വലിയ ഈ ബിസിനസ് സംരംഭങ്ങളുടെ വിജയ രഹസ്യമെന്ന് ഫോബ്സ് വിലയിരുത്തുന്നു. നൂറിൽ 33-ഉം സുഊദി കമ്പനികളാണ്. തൊട്ടടുത്ത് യു.എ.ഇ - 29. ഈജിപ്തിൽനിന്ന് ഒമ്പതും ഖത്തറിൽനിന്ന് എട്ടും സംരംഭങ്ങളാണ് ലിസ്റ്റിൽ ഇടം പിടിച്ചിട്ടുള്ളത്. ഈജിപ്ഷ്യൻ ശത കോടീശ്വരൻ മുഹമ്മദ് മൻസ്വൂറിന്റെ മൻസ്വൂർ ഗ്രൂപ്പാണ് ഒന്നാം സ്ഥാനത്ത്. യു.എ.ഇയിലെ അൽ ഫുത്വൈം ഗ്രൂപ്പ് രണ്ടാം സ്ഥാനത്തും സുഊദിയിലെ അൽ ഉലയാൻ (Olayan) ഗ്രൂപ്പ് മൂന്നാം സ്ഥാനത്തുമാണ്.
ECOWAS
ഇക്കണോമിക് കമ്യൂണിറ്റി ഓഫ് വെസ്റ്റ് ആഫ്രിക്കൻ സ്റ്റേറ്റ്സ് എന്ന കൂട്ടായ്മയുടെ ചുരുക്കപ്പേരാണ് ECOWAS. ബുർക്കിനോ ഫാസോ, ഗാംബിയ, ഘാന, ഗിനിയ, മാലി, നൈജർ, നൈജീരിയ തുടങ്ങി പടിഞ്ഞാറൻ ആഫ്രിക്കയിലെ പതിനഞ്ച് രാജ്യങ്ങളാണ് ഇതിലെ അംഗങ്ങൾ. പേര് സൂചിപ്പിക്കുന്നതു പോലെ അംഗരാജ്യങ്ങളുടെ സാമ്പത്തിക സുസ്ഥിതിയാണ് 'ഇക്കൊവസി'ന്റെ മുഖ്യ ലക്ഷ്യം. പരസ്പര സാമ്പത്തിക സഹകരണം വർധിപ്പിച്ചു കൊണ്ട് അംഗരാജ്യങ്ങളിലെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്താനും ഈ വേദി ശ്രമിക്കും.
'ഇക്കൊവസി'ലെ അംഗരാജ്യമായ നൈജറിലാണ് ഇപ്പോൾ പട്ടാള അട്ടിമറി നടന്നിരിക്കുന്നത്. പ്രസിഡന്റ് മുഹമ്മദ് ബാസൂമിനെ പുറത്താക്കി ജനറൽ അബ്ദുർറഹ്്മാൻ തെശിയാനി അധികാരം പിടിച്ചിരിക്കുന്നു. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ചു നോക്കുന്നുണ്ടെങ്കിലും ജനറൽ വഴങ്ങുന്ന ലക്ഷണമില്ല. 'ഇക്കൊവസ്' സൈനികമായി ഇടപെടുമെന്നാണ് ഒടുവിൽ പറഞ്ഞുകേൾക്കുന്നത്. പക്ഷേ, ഈ കൂട്ടായ്മക്ക് സ്വന്തമായി സൈന്യമില്ല. ഇതിൽ നൈജീരിയക്ക് മാത്രമാണ് ഭേദപ്പെട്ട സൈന്യമുള്ളത്. മുൻ കാലങ്ങളിൽ ചില്ലറ സൈനിക ഇടപെടലുകളൊക്കെ അവർ അയൽനാടുകളിൽ നടത്തിയിരുന്നു. നഷ്ടക്കച്ചവടമാണെന്ന് കണ്ട് അവരത് നിർത്തി. നൈജർ പ്രശ്നത്തിൽ 'ഇക്കൊവസ്' ഇടപെടുമെന്ന് പറയുമ്പോഴും സൈന്യം എവിടെ എന്ന ചോദ്യം ബാക്കിയാണ്.
ഹലാൽ ഉൽപ്പന്നങ്ങളുടെ ജനപ്രിയത
നമ്മുടെ നാട്ടിൽ 'ഹലാൽ' വിശേഷണമുളള എന്തും വർഗീയത തലക്ക് പിടിച്ചവർക്ക് വിഭാഗീയത സൃഷ്ടിക്കാനുള്ള അവസരങ്ങൾ തുറന്നുകൊടുക്കുമ്പോൾ, ആഗോള മാർക്കറ്റിൽ ഹലാൽ ഉൽപ്പന്നങ്ങളുടെ ജനപ്രിയത അനുദിനം കൂടി വരികയാണ്. 2018 മുതൽ 2020 വരെ 19 ശതമാനം വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട് ഹലാൽ മാർക്കറ്റ്. ഹലാൽ ഉൽപ്പന്നങ്ങൾ പതിനാറായിരത്തിൽനിന്ന് ഇരുപതിനായിരവുമായി. 2021-ലെ കണക്കുപ്രകാരം ഹലാൽ ഇൻഡസ്ടിയുടെ മൂല്യം 1.27 ട്രില്യൻ അമേരിക്കൻ ഡോളറാണ്. 2025-ൽ അത് 1.67 ട്രില്യൻ അമേരിക്കൻ ഡോളറായി വളരുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ആ വേർപാടിന് അര നൂറ്റാണ്ട്
ഭാഷാപരമായും (ലുഗവി) ലാവണ്യശാസ്ത്രപരമായും (ബലാഗി) ഓരോ ഖുർആനിക സൂക്തത്തിനുമുള്ള പ്രത്യേകതകൾ സവിസ്തരം വിവരിക്കുന്ന അദ്ദേഹത്തിന്റെ ഖുർആൻ വ്യാഖ്യാന കൃതിയാണ് 'അത്തഹ്്രീർ വത്തൻവീർ.' നാൽപത് വർഷമെടുത്തു ഇത് പൂർത്തിയാക്കാൻ. ഇതും സൈത്തൂനയിൽ ചെയ്ത ലക്ചറുകളുടെ സമാഹാരമാണ്. തഫ്സീർ സാഹിത്യത്തിൽ ഇതുപോലൊരു കൃതി കണ്ടെത്തുക സാധ്യമല്ലെന്ന് കരുതുന്നവരുണ്ട്. തുടർന്നു പോരുന്ന വിദ്യാഭ്യാസ സമ്പ്രദായങ്ങൾ അടിമുടി പരിഷ്കരിക്കണമെന്നാവശ്യപ്പെട്ട് 25-ാം വയസ്സിൽ അദ്ദേഹമെഴുതിയ പുസ്തകമാണ് 'പ്രഭാതം അടുത്തല്ലയോ' (അലൈസസ്സുബ്ഹു ബി ഖരീബ്). സാമൂഹിക പരിഷ്കരണ സംരംഭങ്ങളിലും മുൻപന്തിയിലുണ്ടായിരുന്നു.
ഇരുപതാം നൂറ്റാണ്ടിലെ തുനീഷ്യ ഇസ്്ലാമിക ലോകത്തിന് സംഭാവന ചെയ്ത പ്രമുഖ പണ്ഡിതനും പരിഷ്കർത്താവുമായ മുഹമ്മദ് അത്ത്വാഹിറുബ്നു ആശൂർ (1879 - 1973) വിടവാങ്ങിയിട്ട് കഴിഞ്ഞ ആഗസ്റ്റ് 12-ന് അര നൂറ്റാണ്ട് പിന്നിട്ടു. മുസ്്ലിം സ്പെയ്നിൽ നിന്ന് തുനീഷ്യയിലേക്ക് കുടിയേറിയ ഒരു കുടുംബത്തിൽ ജനിച്ച അദ്ദേഹം സൈത്തൂന യൂനിവേഴ്സിറ്റിയുടെ സന്തതിയായിരുന്നു. ആ സർവകലാശാലയിൽ അധ്യാപകനായിരിക്കെ അദ്ദേഹവും സഹപ്രവർത്തകരും അതിനെ മികവിന്റെ ഉയരങ്ങളിൽ കൊണ്ടെത്തിക്കുകയും ചെയ്തു. പരമ്പരാഗത ഫിഖ്‌ഹിന്റെ യാന്ത്രികതയിൽ മനം മടുത്ത അദ്ദേഹം ഇമാം ശാത്വിബിയുടെ രചനകളെ കൂട്ടുപിടിച്ച് ശരീഅ പഠനങ്ങൾക്കും ഫിഖ്ഹിനും പുതിയ കരുത്തും ദിശാബോധവും നൽകുന്ന വിധത്തിൽ എടുത്തുവന്നിരുന്ന ക്ലാസ്സുകളാണ് 'മഖാസ്വിദുശ്ശരീഅ അൽ ഇസ്്ലാമിയ്യ' എന്ന പേരിൽ പിന്നീട് പുസ്തകമായി പ്രസിദ്ധീകരിച്ചത്. പുതിയ ഇസ്്ലാമിക പഠന ശാഖയായ മഖാസ്വിദുശ്ശരീഅ ഇന്ന് കൈവരിച്ച വളർച്ച എല്ലാ അർഥത്തിലും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു.
ഇരുപതാം നൂറ്റാണ്ടിൽ അദ്ദേഹത്തെപ്പോലുള്ള പരിഷ്കർത്താക്കൾ രൂപകൽപന ചെയ്ത ആധുനിക ഇസ്്ലാമിക ചിന്തയെ കാലത്തിനൊപ്പം വികസിപ്പിക്കുക എന്നതാണ് നമ്മുടെ കാലക്കാർക്ക് ചെയ്യാനുള്ളത്.
മൗലികതയുള്ള ഈജിപ്ഷ്യന്‍ ചിന്തകനും എഴുത്തുകാരനുമാണ് സ്വലാഹ് സാലിം. അമ്പത്തിയഞ്ച് വയസ്സ്. മുപ്പത് പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. നൂറ് കണക്കിന് പ്രബന്ധങ്ങളും. പശ്ചിമേഷ്യയും അറബ് സമൂഹവുമൊക്കെയാണ് സവിശേഷ പഠന മേഖല. ഇസ്രായേലിലെ ആഭ്യന്തര സംഘര്‍ഷത്തെക്കുറിച്ച് അദ്ദേഹം പറയുന്നത് നോക്കൂ:
''ചരിത്രത്തെ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ആളാണ് ഞാന്‍. ഭയത്തിൽനിന്ന് രൂപപ്പെട്ടു വന്നതാണ് ഇസ്രായേല്‍ എന്ന രാഷ്ട്രം. തങ്ങളെ പീഡിപ്പിച്ച പാശ്ചാത്യരെ അവര്‍ ഭയപ്പെടുന്നു. ചുറ്റുമുള്ള അറബികളെയും ഭയപ്പെടുന്നു. ഭയം പോഷകമാക്കിയാണ് അത് ഇന്നത്തെ നിലയിലെത്തിയത്. ഇപ്പോഴവിടെ സെക്യുലര്‍ സയണിസവും മത സയണിസവും തമ്മിലുള്ള ഏറ്റുമുട്ടലാണ് നടക്കുന്നത്. സെക്യുലര്‍ സയണിസ്റ്റുകള്‍ മത സയണിസ്റ്റുകളുടെ ഹോളോകോസ്റ്റില്‍ ഒടുങ്ങാന്‍ പോകുന്നു. എല്ലാ മത തീവ്ര പ്രസ്ഥാനങ്ങളെയും പോലെ മത സയണിസത്തിന്റെ ലോക കാഴ്ചപ്പാട് വളരെ സങ്കുചിതമാണ്. അത് ഇസ്രായേല്‍ എന്ന അസ്തിത്വത്തെ ശിഥിലമാക്കും; ആ പേരിലുള്ള രാഷ്ട്രത്തെയും. ഈ മത-സെക്യുലര്‍ പോരാട്ടം നാം സങ്കല്‍പിക്കാത്ത തലങ്ങളിലേക്ക് എത്തിയേക്കാം. ലോക ശാക്തിക ചേരികളില്‍ അട്ടിമറിയുണ്ടാക്കിയേക്കാം. ആ മാറ്റം അമേരിക്കക്കോ യൂറോപ്പിനോ അനുകൂലമായിരിക്കില്ല; അവരുടെ സന്താനമായ ഇസ്രായേലിനും. പാശ്ചാത്യ സംസ്‌കൃതി അതിന്റെ അസ്തമയങ്ങളിലേക്ക് നീങ്ങുകയാണ്. ഒന്ന് രണ്ട് ദശകത്തിനകം പാശ്ചാത്യ രാഷ്ട്രങ്ങള്‍ ലോക സംഘര്‍ഷങ്ങളെ നിയന്ത്രിക്കുന്നവര്‍ എന്ന തലത്തില്‍നിന്ന്, സ്വയം ആ സംഘര്‍ഷങ്ങളുടെ ഇരകളാകാന്‍ പോകുന്നു. ഇസ്രായേലിന്റെ ശക്തി അത് ചോർത്തിക്കളയും'' (അല്‍ ജസീറക്ക് നല്‍കിയ അഭിമുഖത്തില്‍നിന്ന്).
തൊഴിലവസരങ്ങള്‍ ഒന്നേകാല്‍ ലക്ഷം
കഴിഞ്ഞ മാര്‍ച്ച് മൂന്നിന് അബൂദബിയില്‍ ഒപ്പുവെച്ച തുര്‍ക്കിയ-യു.എ.ഇ സാമ്പത്തിക കരാര്‍ ഇരു രാജ്യങ്ങളിലുമായി ഒന്നേകാല്‍ ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് തുര്‍ക്കിയയിലെ യു.എ.ഇ അംബാസഡര്‍ സഈദ് ഥാനി ഹാരിബ് അള്ളാഹിരി. ഒരു ലക്ഷം തൊഴിലവസരങ്ങള്‍ തുര്‍ക്കിയയിലും കാല്‍ ലക്ഷം യു. എ.ഇയിലും. തുര്‍ക്കിയ- യു.എ.ഇ കോംപ്രിഹന്‍സീവ് ഇക്കണോമിക് പാർട്ണര്‍ഷിപ്പ് എഗ്രിമെന്റ് എന്ന പേരിലുള്ള കരാര്‍ സെപ്റ്റംബര്‍ ഒന്നിന് നിലവില്‍ വരും. l
"ഫ്രീഡം ഓഫ് ദ സിറ്റി' അവാര്‍ഡ്
ലണ്ടന്‍ നഗരം നല്‍കുന്ന ഏറ്റവും ഉയര്‍ന്ന പുരസ്‌കാരമായ 'ഫ്രീഡം ഓഫ് ദ സിറ്റി' ഇത്തവണ ദ മുസ്്‌ലിം ന്യൂസ് (muslimnews.co.uk) സ്ഥാപകനും എഡിറ്ററുമായ അഹ്്മദ് ജഫേറലി വെര്‍സിക്ക്. മികച്ച പത്രപ്രവര്‍ത്തനത്തിനാണ് അവാര്‍ഡ്. നേരത്തെ രാജകുടുംബത്തിലെ പന്ത്രണ്ട് പേര്‍ക്കും പത്ത് മുന്‍ ബ്രിട്ടീഷ് പ്രധാന മന്ത്രിമാര്‍ക്കും ഇത് ലഭിച്ചിട്ടുണ്ട്. താന്‍ സ്‌നേഹിക്കുകയും വളരുകയും ചെയ്ത ലണ്ടന്‍ നഗരം പുരസ്‌കാരം നല്‍കി ആദരിച്ചതില്‍ അഭിമാനിക്കുന്നുവെന്ന് എഡിറ്റര്‍ വെര്‍സി പറഞ്ഞു. l
വീണ്ടും ഖബ്റടക്കം
1995-ലെ സെബ്രനിക്ക വംശഹത്യക്കിരകളായ 27 പുരുഷന്മാരെയും മൂന്ന് കൗമാരക്കാരെയും വീണ്ടും ഖബ്റടക്കാന്‍ കഴിഞ്ഞ ജൂലൈ 11-ന് ആയിരക്കണക്കിന് ബോസ്‌നിയക്കാര്‍ സെബ്രനിക്ക യുദ്ധസ്മാരക ശ്മശാനത്തില്‍ ഒത്തുകൂടി. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞ ശേഷമായിരുന്നു വീണ്ടും ഖബ്റടക്കല്‍. 1992 മുതല്‍ '95 വരെ സെര്‍ബിയക്കാര്‍ നടത്തിയ വംശഹത്യയില്‍ ഒരു ലക്ഷം ബോസ്‌നിയക്കാര്‍ വധിക്കപ്പെടുകയും രണ്ടേകാല്‍ ദശലക്ഷം പേര്‍ അഭയാര്‍ഥികളാവുകയും ചെയ്തു. നിരവധി ബോസ്‌നിയന്‍ സ്ത്രീകള്‍ മാനഭംഗത്തിനിരയായി. വിദേശ പ്രതിനിധികളടക്കം ആറായിരം പേര്‍ ഖബ്റടക്ക ചടങ്ങില്‍ പങ്കെടുത്തു. l
ശൈഖ് അന്‍താ ദിയോബ്
കഴിഞ്ഞ നൂറ്റാണ്ടിന്റെ അമ്പതുകളില്‍ പ്രശസ്ത സെനഗലി ചരിത്രകാരനും നരവംശ ശാസ്ത്ര ഗവേഷകനുമായ ശൈഖ് അന്‍താ ദിയോബി(1923-1986)ന്റെ ഒന്നിലധികം ഗവേഷണ പ്രബന്ധങ്ങള്‍ തിരസ്‌കരിച്ചിട്ടുണ്ട് ഫ്രാന്‍സിലെ യൂനിവേഴ്‌സിറ്റികള്‍. അദ്ദേഹം ഉയര്‍ത്തിയ ആഫ്രോ കേന്ദ്രിത (Afrocentrist) വാദങ്ങള്‍ തന്നെയായിരുന്നു കാരണം. മനുഷ്യ ചര്‍മത്തിന്റെ യഥാര്‍ഥ നിറം കറുപ്പാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. മനുഷ്യന്‍ തുടക്കത്തില്‍ താമസിച്ചിരുന്നത് ഭൂമധ്യ രേഖാ പ്രദേശത്തായിരുന്നതുകൊണ്ട് അവന്റെ നിറം കറുപ്പാകാതെ തരമില്ല. പിന്നെയവന്‍ തണുപ്പുള്ള പ്രദേശങ്ങളിലേക്ക് നീങ്ങിയപ്പോഴാണ് തൊലിനിറം ക്രമേണ വെളുപ്പും മറ്റുമായത്. മനുഷ്യ നാഗരികതയുടെ തന്നെ ആധാരം ആഫ്രിക്കന്‍ സംസ്‌കാരമാണെന്നും അദ്ദേഹം വാദിച്ചു. ഈജിപ്തിലെ പിരമിഡ് സംസ്‌കാരം കറുത്ത വര്‍ഗക്കാരുടെ സംഭാവനയാണെന്നും സമര്‍ഥിച്ചു. ഈ വാദങ്ങളൊന്നും അംഗീകരിക്കാന്‍ മുഖ്യധാരാ ചരിത്രകാരന്മാര്‍ തയാറായില്ല.
ഇങ്ങനെ ഒരുകാലത്ത് പൂര്‍ണ തിരസ്‌കാരവും തമസ്‌കരണവും നേരിട്ട ദിയോബിന്റെ ചിന്തകള്‍ പുതിയ കാലത്തെ ഡികൊളോണിയൽ പഠനങ്ങളുടെ മുഖ്യ സ്രോതസ്സുകളിലൊന്നായി മാറിക്കഴിഞ്ഞു. ന്യൂയോര്‍ക്കിലെ മെട്രപോളിയന്‍ മ്യൂസിയം ഓഫ് ആർടില്‍ അദ്ദേഹത്തിന്റെ പുസ്തകങ്ങളെ കേന്ദ്രീകരിച്ചുള്ള ഒരു പ്രദര്‍ശനവും നടന്നുവരുന്നുണ്ട്. സെനഗല്‍ തലസ്ഥാനമായ ഡാക്കറിലെ അറുപതിനായിരം പേര്‍ പഠിക്കുന്ന ആ രാജ്യത്തെ ഏറ്റവും വലിയ യൂനിവേഴ്‌സിറ്റി (Cheikh Anta Diop University) ഇന്ന് അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്. l