ആഗസ്റ്റ് 18-ന് ശാന്തപുരം അൽ ജാമിഅയിൽ നടന്ന ക്വസ്റ്റ് '24 സയൻസ് കാഡേഴ്സ് മീറ്റ് (Quest'24 Science Cadres Meet) വേറിട്ട ഒത്തുചേരലായിരുന്നു. പ്രസ്ഥാനപരിസരത്തുള്ള ശാസ്ത്രവിദ്യാർഥികളുടെയും ഗവേഷകരുടെയും പ്രഫഷനലുകളുടെയും അപൂർവസംഗമം. കേരളത്തിലും പുറത്തും സയൻസ് പഠിക്കുകയും വിവിധ ശാസ്ത്രമേഖലകളിൽ പ്രവർത്തിക്കുകയും ചെയ്യുന്ന മൂന്നൂറോളം പ്രവർത്തകർ തിരക്കുകളിൽ നിന്ന് ഒരു ദിവസം അവധിയെടുത്ത് രാവിലെ മുതൽ വൈകുന്നേരം വരെ ഒരുമിച്ചിരുന്നു. പ്രതിനിധികളിൽ പകുതിയോളം സ്ത്രീകളും വിദ്യാർഥിനികളുമായിരുന്നു.
സെന്റർ ഫോർ സ്റ്റഡി ആന്റ് റിസർച്ച് കേരളയുടെ (CSR Kerala) യുടെ കീഴിൽ പ്രവർത്തിക്കുന്ന ക്വസ്റ്റ് സയൻസ് ഫോറം, എസ്.ഐ.ഒ, ജി.ഐ.ഒ സംയുക്തമായാണ് സംഗമം സംഘടിപ്പിച്ചത്. ശാസ്ത്രമേഖലയിലെ പ്രസ്ഥാനാഭിമുഖ്യമുള്ള കേഡറുകളെ ഒരുമിച്ചു കൂട്ടുക, അവർക്ക് ഇസ്‌ലാമികവും പ്രാസ്ഥാനികവുമായ ദിശാബോധം നൽകുക, പരസ്പരം അറിയാനും അനുഭവങ്ങൾ പങ്കുവെക്കാനും സൗഹൃദം പുതുക്കാനും പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കാനും അവസരമൊരുക്കുക, ശാസ്ത്രവും സാങ്കേതികവിദ്യയും ഉയർത്തുന്ന സാധ്യതകളെയും വെല്ലുവിളികളെയും ഇസ്‌ലാമിന്റെ ജ്ഞാനശാസ്ത്ര കാഴ്ചപ്പാടിലൂടെ മനസ്സിലാക്കാൻ ശ്രമിക്കുക ഇതൊക്കെയായിരുന്നു സംഗമത്തിന്റെ ലക്ഷ്യങ്ങൾ. ഉള്ളടക്കം കൊണ്ടും സംഘാടക മികവ് കൊണ്ടും വേറിട്ടു നിന്ന ഒന്ന്. ശാസ്ത്രമേഖലയിൽ അപൂർവ നേട്ടങ്ങൾ കൈവരിച്ച പലരുടെയും സാന്നിധ്യം പരിപാടിയുടെ മാറ്റു കൂട്ടി.
ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുർറഹ്മാൻ ഉദ്ഘാടനപ്രസംഗം ആരംഭിച്ചത് ഇങ്ങനെ: "ഞാൻ ഇവിടെ വന്നില്ലായിരുന്നെങ്കിൽ പ്രസ്ഥാനത്തിന്റെ ഇത്രയും വലിയ ഒരു റിസോഴ്സിനെക്കുറിച്ച് അജ്ഞനായിപ്പോയേനെ."
പടിഞ്ഞാറിന്റെ ജ്ഞാനാധികാരവും രാഷ്ട്രീയാധികാരവുമാണ് ഇന്നത്തെ ശാസ്ത്രത്തെ നിയന്ത്രിക്കുന്നത് എന്നതിനാൽ, യൂറോകേന്ദ്രിത ശാസ്ത്രബോധങ്ങളെ തിരുത്തിയെഴുതണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. ശാസ്ത്രം നിരപേക്ഷമായ ഒരു ജ്ഞാനശാഖയല്ല. ശാസ്ത്രം മതവിരുദ്ധമാണെന്ന ആശയം പടിഞ്ഞാറിന്റെ ആശയ പരിസരത്ത് ഉടലെടുത്തതാണ്. ശാസ്ത്രചിന്തയും ശാസ്ത്രജ്ഞാനവും ദൈവബോധത്തെ നിരാകരിക്കുകയല്ല, മറിച്ച് പരസ്പര പൂരകമായി വർത്തിക്കുകയാണ് - അദ്ദേഹം വ്യക്തമാക്കി.
സി.എസ്.ആർ ദേശീയ ഡയറക്ടർ ഡോ. മുഹമ്മദ് രിസ് വാൻ മുഖ്യ പ്രഭാഷണം നിർവഹിച്ചു. ശാസ്ത്രവും ശാസ്ത്രവാദവും തമ്മിലുള്ള വ്യത്യാസം, ജ്ഞാനശാസ്ത്രത്തെക്കുറിച്ച ഇസ്ലാമിക-സെക്യുലർ വീക്ഷണങ്ങൾ, അറിവിന്റെ ഉറവിടങ്ങൾ തുടങ്ങിയ ഗഹനമായ വിഷയങ്ങൾ അദ്ദേഹം ചർച്ച ചെയ്തു. ഉദ്ഘാടന സെഷനിൽ സി.എസ്. ആർ കേരള ഡയറക്ടർ ടി.കെ.എം ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. സമ്മേളനത്തിന്റെ ഭാഗമായി ഒരുക്കിയ എക്സിബിഷൻ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ശാസ്ത്രരംഗത്ത് ഗവേഷണം നടത്തുന്ന പ്രസ്ഥാന പ്രവർത്തകരുടെ ശ്രദ്ധേയമായ ഗവേഷണങ്ങളും കണ്ടെത്തലുകളും 60 ചാർട്ടുകളാക്കി പ്രദർശിപ്പിച്ചുകൊണ്ടാണ്, ശാസ്ത്രമേഖലയിൽ ഇനിയും വേണ്ടവിധം തിരിച്ചറിയപ്പെട്ടിട്ടില്ലാത്ത പ്രസ്ഥാനത്തിന്റെ വിഭവശേഷിയെ സംഘാടകർ അടയാളപ്പെടുത്തിയത്.
പ്രതിനിധികളെ അവരുടെ പഠന-ഗവേഷണ മേഖലകളെ അടിസ്ഥാനമാക്കി ഏഴ് കാറ്റഗറികളിലായി തിരിച്ചുള്ള ഗ്രൂപ്പ് ഡിസ്കഷൻ ആയിരുന്നു സമ്മേളനത്തിലെ രണ്ടാമത്തെ സെഷൻ. സയൻസ് വിദ്യാർഥികളും അധ്യാപകരും ഗവേഷകരും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ചും ഭാവിയിലെ സാധ്യതകളെക്കുറിച്ചും അവർ ചർച്ച ചെയ്തു. വിവിധ ഗ്രൂപ്പുകളെ പ്രതിനിധാനം ചെയ്ത് ഡോ. മുഹമ്മദ് അലിഫ് (മെഡിക്കൽ സയൻസ്), ഫാഇസ എം.എ (എഞ്ചിനീയറിങ്), ഇൻഫാസ് റഹീം പി. (ലൈഫ് സയൻസ്), അർഷദ് ടി. (കെമിസ്ട്രി), ആതിഫ് സയ്യാഫ് (ഭൗമശാസ്ത്രം), ആയിഷ നഫാ, അൻസാഫ് കെ. അമീൻ (മാത്തമാറ്റിക്സ്), അംന റയ്യാൻ കെ.വി., ജാബിർ വി.എം (ഫിസിക്സ്) എന്നിവർ സംസാരിച്ചു. ഡോ. നൗജാസ് ചർച്ച നിയന്ത്രിച്ചു. ജർമനിയിൽ നടന്ന നൊബേൽ ജേതാക്കളുടെ 73-ാം സമ്മേളനത്തിൽ പ്രത്യേക ക്ഷണിതാവായി പങ്കെടുത്ത ഡോ. അമൽ അബ്ദുർറഹ്മാൻ തന്റെ വൈജ്ഞാനിക യാത്രയുടെ അനുഭവങ്ങൾ പങ്കുവെച്ചു. സംഗമത്തിന്റെ മുന്നോടിയായി നടന്ന 'തിസിസ് അറ്റ് ഫൈവ്’ എന്ന ഓൺലൈൻ മത്സരത്തിൽ ഇരുപതോളം പേർ പങ്കെടുത്തു. അഞ്ച് മിനുട്ടിനുള്ളിൽ ഗവേഷണ പ്രബന്ധങ്ങൾ സംഗ്രഹിച്ച് അവതരിപ്പിക്കുന്നതായിരുന്നു മത്സരം. ചെന്നൈ ലയോളയിലെ വിദ്യാർഥി വർദ റഷീദയും പൂനെ എൻ. സി. എല്ലിലെ വിദ്യാർഥി അജ്മൽ പാണ്ടികശാലയും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
ശാസ്ത്രത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് ബാസിൽ സലീമിന്റെയും ഡോ. സാദിഖ് പി.കെയുടെയും ശ്രദ്ധേയമായ രണ്ട് അവതരണങ്ങളായിരുന്നു ഉച്ചക്ക് ശേഷമുള്ള ആദ്യ സെഷനിൽ. പടിഞ്ഞാറിന്റെ അധീശ താൽപര്യങ്ങളും കോർപറേറ്റ് താൽപര്യങ്ങളും എങ്ങനെയാണ് ശാസ്ത്രഗവേഷണങ്ങളെ സ്വാധീനിക്കുന്നതെന്ന് ബാസിൽ വിവരിച്ചു. ശാസ്ത്രം വംശീയതയുടെ ടൂളായി മാറുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ സാദിഖ് ചൂണ്ടിക്കാട്ടി. ജി.ഐ. ഒ സെക്രട്ടറി ലുലു മർജാൻ സെഷൻ നിയന്ത്രിച്ചു.
'മീറ്റ് ദ ലീഡേഴ്സ്' സെഷനിൽ ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ടി. മുഹമ്മദ് വേളം, എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് സഈദ്, ജി.ഐ.ഒ സംസ്ഥാന പ്രസിഡന്റ് അഡ്വ. തമന്ന സുൽത്താന, സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി സുഹൈബ് എന്നിവർ ശാസ്ത്രമേഖലയുമായി ബന്ധപ്പെട്ട പ്രസ്ഥാനത്തിന്റെയും പോഷക ഘടകങ്ങളുടെയും നിലപാടുകളും ചുവടുവയ്പുകളും വിശദീകരിച്ചു. എസ്. ഐ. ഒ സെക്രട്ടറി മിസ്അബ് ശിബ് ലി ചർച്ച നിയന്ത്രിച്ചു.
അൽ ജാമിഅ ഡെപ്യൂട്ടി ഡയറക്ടർ ഡോ. നഹാസ് മാള സമാപനപ്രഭാഷണം നിർവഹിച്ചു. അറിവും ദൈവിക മാർഗദർശനവും കണ്ണിചേരുമ്പോഴാണ് മനുഷ്യന് ദുഃഖവും ഭയവും അതിജീവിക്കാൻ കഴിയുക എന്ന് അദ്ദേഹം ഓർമിപ്പിച്ചു. പ്രോഗ്രാം കൺവീൻ ഡോ. അസ്വീൽ ഇ.എൻ സ്വാഗതവും അഹ്്ലാം സുബൈർ നന്ദിയും പറഞ്ഞു. ലുലു മുജീബുർറഹ്മാൻ, അംന റഹ്മാൻ കെ.വി എന്നിവർ ആങ്കർമാരായിരുന്നു. l