ലേഖനം

റോഡിലൂടെ പോകുന്ന ഒരു ആണ്‍കുട്ടിയെയും പെണ്‍കുട്ടിയെയും ഞാനൊന്ന് ശ്രദ്ധിച്ചു നോക്കി. പതിവായി വൈകുന്നേരങ്ങളില്‍ എന്നും അവരാ വഴിക്ക് പോകാറുണ്ട്. ആണ്‍കുട്ടിയുടെ വേഷം ബര്‍മുഡ, ടീഷര്‍ട്ട്. പെണ്‍കുട്ടിയുടേത് ഇടുങ്ങിയ ജീന്‍സ് പാന്റ്സ്. അതിന് മുകളില്‍ അര വരെ മാത്രം ഇറങ്ങി നില്‍ക്കുന്ന ഒരു ടീഷര്‍ട്ട്. ഇറക്കി വെട്ടിയ മുടി. പെണ്ണാണെന്ന് തിരിച്ചറിയാനാവാം തോളില്‍ ഒരു ഷാള്‍ മടക്കിയിട്ടിട്ടുണ്ട്. സംസാരവും പെരുമാറ്റവുമെല്ലാം കണ്ടാല്‍ ദമ്പതികള്‍ ആണെന്നേ തോന്നൂ. മുസ്‌ലിമാണോ അല്ലേയെന്ന് വേഷംകൊണ്ട് വ്യക്തമല്ല. പക്ഷേ, പിന്നീട് അറിഞ്ഞു; അവര്‍ രണ്ടു പേരും മുസ് ലിംകളാണ്. ദമ്പതികളൊന്നുമല്ലതാനും. വെറും ഫ്രന്റ്ഷിപ്പ്. ഒരുമിച്ച് പഠിക്കുന്ന കൂട്ടുകാര്‍.

തങ്ങളുടെ വേഷഭൂഷാദികളെക്കുറിച്ചോ ഹാവഭാവങ്ങളെക്കുറിച്ചോ അവര്‍ക്ക് യാതൊരു പരാതിയുമില്ല. കാണുന്നവര്‍ക്കും അതിലൊരു പരിഭവവുമില്ല. കാരണം, ഇത്തരക്കാര്‍ ഇക്കാലത്ത് ഒന്നോ രണ്ടോ പേരൊന്നുമല്ലല്ലോ. ആരെ അധിക്ഷേപിക്കും, ആരെ കുറ്റപ്പെടുത്തും, ആര്‍ക്കുണ്ടതിനവകാശം? ഇസ്‌ലാമിക മൂല്യബോധമുള്ളവര്‍ക്ക് അവരുടെ മട്ടും ഭാവവും കണ്ട് മനസ്സിൽ നീരസമുണ്ടാവുന്നു എന്നു മാത്രം. ഒരു പക്ഷേ, ആ കുട്ടികളും പരലോകത്തില്‍ വിശ്വസിക്കുന്നവരായിരിക്കാം. തങ്ങളുടെ രീതി, ഒരു ഫാഷന്‍, പുതിയ കാലത്തെ ജീവിത ശൈലി എന്നൊക്കെയായിരിക്കാം അവരുടെ അഭിപ്രായം. പക്ഷേ, ഒരു യഥാര്‍ഥ മുസ്‌ലിമിന് ഇതില്‍ പ്രയാസമുണ്ടാകും. നബി (സ) പറഞ്ഞിട്ടുണ്ടല്ലോ: ''നിങ്ങളില്‍ ആരെങ്കിലും ഒരു തെറ്റ് ചെയ്യുന്നത് കണ്ടാല്‍ ആദ്യം തന്റെ കൈകൊണ്ട് തടുക്കട്ടെ. അല്ലെങ്കില്‍ നാവ് കൊണ്ട് പറഞ്ഞ് തടുക്കട്ടെ. അതിനും കഴിയില്ലെങ്കില്‍ മനസ്സുകൊണ്ട് വെറുക്കുകയെങ്കിലും ചെയ്യട്ടെ.''

ഇസ്‌ലാമില്‍ സ്ത്രീയുടെയും പുരുഷന്റെയും വേഷത്തിനും പെരുമാറ്റത്തിനുമെല്ലാം ചില നിബന്ധനകളുണ്ട്. വിശുദ്ധ ഖുർആൻ അൽ അഹ്സാബ് അധ്യായത്തിലെ 59-ാം വചനത്തില്‍ പറയുന്നു:
"അല്ലയോ ദൈവദൂതരേ, താങ്കളുടെ പത്നിമാരോടും പെണ്‍മക്കളോടും വിശ്വാസിനികളായ സ്ത്രീകളോടൊക്കെയും പറയുക. തങ്ങളുടെ മേലാടകള്‍ അവരുടെ മേല്‍ താഴ്ത്തിയിടട്ടെ. അത് അവര്‍ തിരിച്ചറിയപ്പെടുന്നതിനും പീഡിപ്പിക്കപ്പെടാതിരിക്കുന്നതിനും ഏറ്റം ഉചിതമായ ഉപാധിയാകുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമല്ലോ.''തെമ്മാടികളുടെ ശല്യത്തില്‍നിന്ന് രക്ഷപ്പെടാന്‍ മുസ്‌ലിം സ്ത്രീകള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചാണ് ഈ സൂക്തം പറയുന്നത്.

സ്ത്രീപീഡനം ഇന്നത്തെക്കാലത്ത് സ്ഥിരം വാര്‍ത്തയാണല്ലോ. മോഷണവും പിടിച്ചു പറിയും കുറ്റാര്‍ഹമായതുകൊണ്ട് മാത്രം ആളുകളുടെ മുതലുകള്‍ സുരക്ഷിതമാകുന്നില്ല. ഉടമകള്‍ അവരുടെ മുതലുകള്‍ ഭദ്രമായി സൂക്ഷിക്കുകയും വേണം. പിടിച്ചു പറിക്കാനും അത് കൈക്കലാക്കാനും മനഃപൂര്‍വമല്ലെങ്കിലും മോഷ്ടാക്കള്‍ക്ക് പ്രചോദനമുണ്ടാകുന്ന വിധത്തില്‍ സ്വത്തിന്റെ അവകാശി അവന്റെ മുതല്‍ കൈകാര്യം ചെയ്യരുത്. നബി(സ)യുടെ ഭാര്യമാര്‍ക്കും പെണ്‍മക്കള്‍ക്കും നേരെ മദീനയിലെ കപടവിശ്വാസികളുടെ ശല്യം വര്‍ധിച്ചപ്പോഴാണ് ഈ സൂക്തം അവതരിച്ചത്. സ്ത്രീകള്‍ അന്യ പുരുഷന്മാര്‍ക്ക് മുമ്പില്‍ നഗ്നതയും ശരീരവും പുറത്ത് കാണിക്കാതിരിക്കുക എന്നത് അവര്‍ പീഡിപ്പിക്കപ്പെടാതിരിക്കാനും സുരക്ഷിതരാവാനും ആവശ്യമാണ്. മാന്യമായ വസ്ത്രധാരണം ചെയ്ത് മറയ്ക്കേണ്ട ഭാഗങ്ങള്‍ മറച്ചുവെച്ചു കൊണ്ട് മാത്രമേ അവര്‍ പുറത്തിറങ്ങാവൂ. ഇതാണ് സ്ത്രീയുടെ സംരക്ഷണത്തിന് വേഷവിധാനത്തില്‍ ഇസ്‌ലാം നല്‍കുന്ന മര്യാദ. ഇതേ വിഷയം സൂറത്തുന്നൂര്‍ 31-ാം വചനത്തിലും സത്യവിശ്വാസിനികളായ സ്ത്രീകളെ അല്ലാഹു ഉപദേശിക്കുന്നുണ്ട്.

അന്യ പുരുഷന്മാരുടെ അനാവശ്യമായ ലൈംഗിക ചോദനയുള്ള നോട്ടമാണ് ഖുര്‍ആന്‍ നിരോധിക്കുന്നത്. ന്യായമായ ആവശ്യങ്ങള്‍ക്കുവേണ്ടി സ്ത്രീ-പുരുഷന്മാര്‍ പരസ്പരം കാണുന്നതും നോക്കുന്നതുമൊന്നും തെറ്റല്ല. പ്രവാചകന്റെ മുന്നില്‍ വന്ന് ദീനീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്ന എത്രയോ സ്ത്രീ-പുരുഷന്മാരുണ്ടായിരുന്നു. ആവശ്യ സന്ദര്‍ഭങ്ങളില്‍ നബി (സ) സ്ത്രീകളുടെ സഭയില്‍ അങ്ങോട്ട് കയറിച്ചെന്ന് ഉപദേശിക്കാറുണ്ടായിരുന്നു. മസ്ജിദുന്നബവിയിലെ നമസ്‌കാരങ്ങളില്‍ പുരുഷന്മാര്‍ക്ക് പിന്നില്‍ നിന്ന് സ്ത്രീകളും നമസ്‌കരിക്കാറുണ്ടായിരുന്നു. യുദ്ധങ്ങളില്‍ വരെ സ്ത്രീകളുടെ സാന്നിധ്യമുണ്ടായിരുന്നു. പെരുന്നാള്‍ ദിവസങ്ങളില്‍ പ്രവാചക ഭവനങ്ങളില്‍ വരെ സ്ത്രീകള്‍ പാട്ടുകള്‍ പാടി ആസ്വദിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ അബൂബക്്ര്‍ (റ) അത് തടയാന്‍ ശ്രമിച്ചപ്പോള്‍ പ്രവാചകന്‍ വിലക്കുകയാണുണ്ടായത്. കല്യാണാഘോഷങ്ങളില്‍ സ്ത്രീകളുടെ ഗാനാലാപനത്തെ നബി (സ) പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്. കല്യാണാഘോഷങ്ങളില്‍ ഇതിനെല്ലാം നബി (സ) ഇളവ് നൽകിയിരുന്നു.

കാമചോദനകളില്ലാതെ സ്ത്രീകള്‍ക്ക് അന്യ പുരുഷന്മാരെ നോക്കുന്നതിന് വിരോധമില്ല. ഹിജ്റ ഏഴാം നൂറ്റാണ്ടില്‍ ഒരു കൂട്ടം അബിസീനിയക്കാര്‍ മദീനയില്‍ വന്നു. അവര്‍ മസ്ജിദുന്നബവിയുടെ പൂമുഖത്ത് ഒരു കലാപരിപാടി അവതരിപ്പിച്ചു. പ്രവാചക പത്നി ആഇശ (റ) പ്രവാചകന്റെ പിന്നില്‍ നിന്നുകൊണ്ട് മതിവരുവോളം അതു കണ്ട് ആസ്വദിക്കുകയുണ്ടായി (ബുഖാരി, മുസ്‌ലിം).
സ്ത്രീകള്‍ പുറത്തിറങ്ങുമ്പോള്‍ മാന്യമായി വസ്ത്രം ധരിച്ചിരിക്കണം. ആണുങ്ങളെ തങ്ങളുടെ മേനിയഴകിലേക്ക് ആകര്‍ഷിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളുണ്ടായിക്കൂടാ. ശിരോവസ്ത്രം മാറിടത്തിലേക്ക് താഴ്ത്തിയിടണമെന്നാണ് മേൽ സൂക്തം പറയുന്നത്.

സ്ത്രീകള്‍ മാന്യമായി വസ്ത്രം ധരിക്കുന്നത് പ്രാകൃതമായും അധഃസ്ഥിതിയുടെ അടയാളമായും കാണുന്നവരുണ്ട്. ചില യൂറോപ്യന്‍ രാജ്യങ്ങള്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് ശിരോവസ്ത്രം നിരോധിക്കുകയും ചെയ്തിട്ടുണ്ട്. ആധുനിക സമൂഹം സൃഷ്ടിച്ച അധമ സംസ്‌കാരമാണിത്. യഥാര്‍ഥത്തില്‍ പുരുഷന്മാര്‍ വരെ ശരീരം മുഴുവന്‍ വസ്ത്രംകൊണ്ട് അലങ്കരിക്കുന്നതാണ് ഉന്നതമായ സംസ്‌കാരം. സ്ത്രീ കേവലം ഭോഗവസ്തുവാകാതിരിക്കുകയും അവളുടെ നഗ്‌നത ആഘോഷിക്കപ്പെടാതിരിക്കുകയും ചെയ്യേണ്ടതിനു വേണ്ടിയാണ് ഇസ്‌ലാം ഈ വക നിയമങ്ങള്‍ കൊണ്ടുവന്നത്.

ഒരിക്കല്‍ ആഇശ(റ)യുടെ സഹോദരി അസ്മ (റ) നബിയുടെ സദസ്സിലേക്ക് കയറിവന്നു. നേരിയ ഒരു വസ്ത്രമണ് അവര്‍ ധരിച്ചിരുന്നത്. നബി (സ) അതു കണ്ട് മുഖം തിരിച്ചു. എന്നിട്ട് ഇപ്രകാരം പറഞ്ഞു: 'ഹേ അസ്മാ, ഒരു സ്ത്രീ അവള്‍ക്ക് പ്രായപൂര്‍ത്തി എത്തിക്കഴിഞ്ഞാല്‍ അവളുടെ ശരീരത്തില്‍നിന്ന് ഇതും ഇതുമൊഴികെ വെളിവാക്കിക്കൂടാ.' എന്നിട്ട് അദ്ദേഹം സ്വന്തം മുഖത്തേക്കും കൈപത്തിയിലേക്കും ചൂണ്ടി. ഒരു സ്ത്രീ പുറത്തേക്കിറങ്ങുമ്പോള്‍ മുന്‍കൈയും മുഖവുമൊഴിച്ച് ശരീരത്തിന്റെ മറ്റു ഭാഗങ്ങള്‍ മാന്യമായി മറച്ചുപിടിക്കണം എന്ന് പഠിപ്പിക്കുകയാണ്. നരകവാസികളായ സ്ത്രീകളെക്കുറിച്ച് ഒരിക്കല്‍ നബി (സ) ഇപ്രകാരം പറഞ്ഞു: ''ഒരുതരം സ്ത്രീകളുണ്ട്. അവര്‍ വസ്ത്രം ധരിച്ച നഗ്നകളാണ്. അവര്‍ ചാഞ്ഞും ചരിഞ്ഞും നടക്കുന്നവരാണ്. അവരുടെ തല ഒട്ടകത്തിന്റെ പൂഞ്ഞ പോലെയായിരിക്കും. അവരൊരിക്കലും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല. സ്വര്‍ഗത്തിന്റെ പരിമളം പോലും അവര്‍ അനുഭവിക്കുകയില്ല.''

ഇവിടെ ഈ ദുനിയാവില്‍ ആണാവട്ടെ, പെണ്ണാവട്ടെ എങ്ങനെയും ജീവിക്കാം. തോന്നിയപോലെ വസ്ത്രം ധരിക്കാം. ഫ്രണ്ട്ഷിപ്പിന്റെ പേര് പറഞ്ഞ് ഇഷ്ടമുള്ളതു പോലെ ആരുടെ കൂടെയും അഴിഞ്ഞാടി നടക്കാം. പക്ഷേ, ജീവിതം ഇതുകൊണ്ടവസാനിക്കുന്നില്ല. പരലോകം എന്ന യഥാര്‍ഥ ലോകം വരാനിരിക്കുന്നുണ്ട്. ഇവിടെ മനുഷ്യന്‍ പരലോകത്തിലേക്കുള്ള യാത്രയില്‍ ഒരു വഴിയമ്പലത്തില്‍ ജീവിക്കുന്നവനെ പോലെയാണ്. ഈ ജീവിതത്തെക്കുറിച്ച് പരലോകത്ത് കണക്ക് പറയേണ്ടി വരും. എന്തു ധരിച്ചു, എന്തു തിന്നു, എങ്ങനെ ജീവിച്ചു എന്നതിനെല്ലാം സ്രഷ്ടാവായ നാഥന്റെ മുന്നില്‍ മറുപടി പറയേണ്ടിവരും. ഇതെപ്പോഴും ഒരു സത്യവിശ്വാസിയുടെ ഓര്‍മയിലുണ്ടായിരിക്കണം. സൂറത്ത് ആലു ഇംറാനിലെ 25-ാം വചനത്തില്‍ പറയുന്നു: ''നിശ്ചയമായും വരാനിരിക്കുന്ന വിചാരണാ നാളില്‍ നാം അവരെ ഒരുമിച്ചു കൂട്ടുകയും ആരോടും യാതൊരു അനീതിയുമില്ലാതെ ഓരോ മനുഷ്യരെ അവന്റെ കര്‍മഫലം കണക്കു തീര്‍ത്ത് കൊടുക്കുകയും ചെയ്യുമ്പോള്‍ എങ്ങനെയായിരിക്കും അവര്‍ രക്ഷപ്പെടുക?''

''സ്വഗൃഹങ്ങളിലൊതുങ്ങി വര്‍ത്തിക്കുവിന്‍. പഴയ ജാഹിലിയ്യാ കാലത്തെപ്പോലെ വെളിയില്‍ ചന്തംകാട്ടി വിലസാതിരിക്കുവിന്‍. നമസ്‌കാരം നിലനിര്‍ത്തുവിന്‍. സകാത്ത് കൊടുക്കുവിന്‍. അല്ലാഹുവിനും അവന്റെ ദൂതനും വഴിപ്പെട്ട് വാഴുവിന്‍. അല്ലാഹു ഉദ്ദേശിക്കുന്നത് നിങ്ങളില്‍നിന്ന് മാലിന്യമകറ്റാനും നിങ്ങളെ പൂര്‍ണമായി ശുദ്ധീകരിക്കാനും തന്നെയാണ്'' (അൽ അഹ്സാബ് 33) എന്ന് ഖുർആൻ പറയുന്നുണ്ട്. ന്യായമായ കാര്യങ്ങള്‍ക്ക് സ്ത്രീക്ക് പുറത്തിറങ്ങിക്കൂടാ എന്ന് ഇതിനര്‍ഥമില്ല. അതിനേറ്റവും നല്ല ഉദാഹരണമാണ് ബീവി ആഇശ(റ)യെ പറ്റി വന്നിട്ടുള്ള വിവരണങ്ങൾ. ഹജ്ജ്കാലങ്ങളില്‍ സൗര്‍ മലയുടെ അടിവാരത്തില്‍ ആഇശ (റ) തമ്പടിച്ച് താമസിക്കും. സ്ത്രീകളും കുട്ടികളും അവരുടെ മുമ്പിലിരിക്കും. പര്‍ദ നിര്‍ബന്ധമായ പുരുഷന്മാര്‍ മറയ്ക്ക് പിന്നിലിരിക്കും. ആഇശ (റ) ഇവര്‍ക്കെല്ലാം ഖുര്‍ആനും ഹദീസും പഠിപ്പിച്ചുകൊടുക്കും. ഇങ്ങനെ ആഇശ(റ)യില്‍നിന്ന് അറിവ് നേടിയ ഒരുപാട് പണ്ഡിതന്മാര്‍ അക്കാലത്തുണ്ടായിരുന്നു. യഥാര്‍ഥ മുസ്‌ലിമത്തായി ജീവിച്ചാല്‍ ഏത് മുസ്‌ലിം സ്ത്രീക്കും ദുനിയാവിലും പരലോകത്തും ഉന്നതിയിലെത്തിച്ചേരാം.

വേഷവിധാനങ്ങള്‍ പോലെ പുതിയ കാലത്ത് കാണുന്ന ഒരു ദുഷിച്ച പ്രതിഭാസമുണ്ട്; സൗന്ദര്യ വര്‍ധക വസ്തുക്കളുടെ അമിതമായ ഉപയോഗം. പ്രത്യേകിച്ചും പെണ്‍കുട്ടികളില്‍, ലിപ്സ്റ്റിക് അടക്കമുള്ള സൗന്ദര്യവസ്തുക്കളുടെ ഉപയോഗം വ്യാപകമാണ്. ഒരു കുട്ടിയെ കണ്ടാല്‍ ആരെന്ന് തിരിച്ചറിയാന്‍ പറ്റാത്ത വിധത്തില്‍ ഇവയുടെ ഉപയോഗം വര്‍ധിച്ചിരിക്കുകയാണ്. ഇതിലധികവും മാരകമായ വിഷം തന്നെയാണ്. പല തരത്തിലുള്ള രോഗത്തിനും അത് കാരണമാകും. ഒത്തിരി പണവും അതിനവര്‍ ചെലവഴിക്കുന്നുണ്ട്. പെണ്‍കുട്ടികളുടെ ബാഗില്‍ അധികവും ലിപ്സ്റ്റിക്, കണ്‍മഷി, പലതരം ക്രീമുകള്‍ മുതലായവയായിരിക്കും.

ഇസ്‌ലാമിന് ഒരു സൗന്ദര്യസങ്കല്‍പമുണ്ട്. അത് ലിപ്സ്റ്റിക്കും പൗഡറും ക്രീമുകളും ഇട്ട് അലങ്കരിച്ച് ഉണ്ടാക്കുന്നതല്ല. വിനയം, താഴ്മ, പെരുമാറ്റ മര്യാദ ഇതൊക്കെയാണ് ഒരാളുടെ വ്യക്തിത്വത്തെ ആകര്‍ഷണീയമാക്കുന്നത്. മറ്റു കാട്ടിക്കൂട്ടലുകളൊക്കെയും ആണിന്റെതായാലും പെണ്ണിന്റെതായാലും അവരുടെ വ്യക്തിത്വത്തെ കൂടുതല്‍ ഇകഴ്ത്തുകയേ ഉള്ളൂ. l

മലബാർ മേഖലയിലെ പൊതു വിദ്യാഭ്യാസ രംഗത്ത് സർക്കാർ സംവിധാനങ്ങളുടെയും സ്ഥാപനങ്ങളുടെയും അപര്യാപ്തതയെ കുറിച്ച് കാലങ്ങളായി പല തരത്തിലുള്ള പഠനങ്ങളും സമരങ്ങളും നടക്കുന്നുണ്ട്. അത്തരം വിമർശനങ്ങളും സമരങ്ങളും പ്രസക്തമാകുമ്പോൾ തന്നെ കോവിഡ് കാലത്തിനു ശേഷമുള്ള കഴിഞ്ഞ മൂന്നു അക്കാദമിക വർഷങ്ങളിൽ പ്രകടമായിക്കൊണ്ടിരിക്കുന്ന കേരളത്തിലെ ബിരുദ-ബിരുദാനന്തര പഠന മേഖലയുൾക്കൊള്ളുന്ന ഉന്നത വിദ്യാഭ്യാസ രംഗത്തെ നൂതന പ്രവണതകൾ കേന്ദ്ര സർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയത്തിന്റെ വെളിച്ചത്തിൽ സൂക്ഷ്മമായി വിലയിരുത്തേണ്ടതുണ്ട്.

കഴിഞ്ഞ വർഷം നവംബറിൽ പുറത്തു വന്ന കണക്ക് പ്രകാരം കേരളത്തിലെ പ്രധാനപ്പെട്ട നാലു യൂനിവേഴ്സിറ്റികൾക്ക് കീഴിലെ ആർട്സ് ആന്റ് സയൻസ് കോളേജുകളിലെ മൂന്നിലൊന്ന് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്. ആകെയുള്ള 2,22,201 ഡിഗ്രി സീറ്റുകളിൽ 82,230 (അതായത് 37 ശതമാനം) സീറ്റുകളാണ് പ്രവേശന നടപടികളെല്ലാം പൂർത്തീകരിച്ച ശേഷവും ഒഴിഞ്ഞുകിടക്കുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. അതിൽ തന്നെ 58,065 സീറ്റുകൾ (അതായത് ഒഴിവുള്ള സീറ്റുകളുടെ 70 ശതമാനം സീറ്റുകൾ) സ്വാശ്രയ കോളേജുകളിലാണ്. നിരവധി തവണ പ്രവേശന നടപടികൾ മാറ്റിവെച്ച ശേഷവും ഈ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകളിൽ പ്രവേശനം നേടാൻ വിദ്യാർഥികളെത്തുന്നില്ല എന്നത് വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവരെയും രാഷ്ട്രീയ നേതാക്കളെയും ഇരുത്തിച്ചിന്തിപ്പിക്കേണ്ടതാണ്.

ഏറ്റവും കൂടുതൽ ഡിഗ്രി സീറ്റുകൾ ഒഴിവുള്ളതായി റിപ്പോർട്ട് ചെയ്യപ്പെട്ടത് ഏറ്റവും കൂടുതൽ സീറ്റുകൾ നിലവിലുള്ള കാലിക്കറ്റ് സർവകലാശാലയിലാണ്. സർവകലാശാലയുടെ കീഴിലെ വിവിധ കോളേജുകളിലായി 39,873 സീറ്റുകൾ ഒഴിവുള്ളതിൽ 33,085 സീറ്റുകളും സ്വാശ്രയ കോളേജുകളിലാണ്. എം.ജി സർവകലാശാലയിൽ 22,310 സീറ്റുകൾ ഒഴിവ് റിപ്പോർട്ട് ചെയ്തപ്പോൾ കണ്ണൂർ സർവകലാശാലയിലും കേരള സർവകലാശാലയിലും യഥാക്രമം 10,546-ഉം 9501-ഉം സീറ്റുകളാണ് ഒഴിവു വന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.

സ്വാശ്രയ കോളേജുകൾ കൂടാതെ എയ്ഡഡ്- സർക്കാർ കോളേജുകളിലും സീറ്റ് ഒഴിഞ്ഞുകിടക്കുന്നുണ്ട്. സ്വാശ്രയ കോളേജുകളുമായി തട്ടിച്ചു നോക്കുമ്പോൾ ഭേദമാണെന്ന് പറയുമെങ്കിലും ഇത് ഒരൊറ്റ വർഷത്തെ പ്രതിഭാസമാണെന്ന് പറഞ്ഞ് ഒഴിയാൻ കഴിയില്ല. കാരണം, 2022-2023 അക്കാദമിക വർഷത്തിൽ കേരളത്തിലാകമാനം 43,328 സീറ്റും 2021 -2022 വർഷത്തിൽ 47,045 സീറ്റുകളും ഒഴിഞ്ഞുകിടന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു (2021 -2022 വർഷത്തിലെ കണക്ക് കണ്ണൂർ സർവകലാശാലയിലെ ഒഴിവ് ഒഴിച്ചുനിർത്തിയുള്ളതാണ്). കണക്കുകൾ പരിശോധിക്കുമ്പോൾ, കഴിഞ്ഞ വർഷവുമായി തട്ടിച്ചു നോക്കുമ്പോൾ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകളുടെ എണ്ണത്തിൽ 2023 -2024 വർഷത്തിൽ 47 ശതമാനം വർധനവാണ് കാണിക്കുന്നത്. ഈ വർഷത്തെ കണക്കുകൾ പ്രവേശന നടപടികൾ പൂർത്തീകരിച്ച ശേഷം നോക്കിയാൽ കഴിഞ്ഞ മൂന്ന് വർഷത്തെ ട്രെൻഡിന് തുടർച്ചയുണ്ടോ എന്നറിയാം.

ഒഴിവുകൾ കൂടുതൽ സയൻസ് സീറ്റുകളിൽ

കഴിഞ്ഞ മൂന്നു വർഷങ്ങളായി എല്ലാ വർഷവും എല്ലാ സർവകലാശാലകളിലും സയൻസ് സീറ്റുകളിലാണ് ഏറ്റവും കൂടുതൽ ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നത്. 2021 -2022 വർഷത്തിൽ കേരള സർവകലാശാലയിൽ 1131 സയൻസ് സീറ്റുകളാണ് ഒഴിഞ്ഞു കിടന്നതെങ്കിൽ 2023-2024 വർഷത്തിൽ അത് 3839 ആയി ഉയർന്നു. സമാനമാണ് എം.ജി സർവകലാശാലയിലെയും അവസ്ഥ. 2021 -2022 വർഷത്തിൽ 6544 സയൻസ് സീറ്റുകൾ ഒഴിഞ്ഞുകിടന്നപ്പോൾ ഇക്കഴിഞ്ഞ അക്കാദമിക വർഷത്തിൽ അത് 11,564 സീറ്റുകളാണ്. എന്തുകൊണ്ടാണ് ഒരു കാലത്തും സീറ്റുകൾ ഒഴിഞ്ഞുകിടക്കാറില്ലാതിരുന്ന സയൻസ് വിഷയങ്ങളിൽ തെക്കൻ കേരളത്തിലടക്കം ഇത്രയേറെ സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതെന്നത് വിദ്യാഭ്യാസ വിചക്ഷണർ ആഴത്തിൽ പഠിക്കേണ്ട വിഷയമാണ്. പല കോളേജുകളും കുട്ടികളെ ലഭിക്കാത്തതിനാൽ കോഴ്സ് വേണ്ടെന്ന് വെക്കുന്നുമുണ്ട്.

സയൻസ് സീറ്റുകളോളം വരില്ലെങ്കിലും ബി.കോം മുതലായ സ്ട്രീമുകളിലും സമാനമായി സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത് . 2021 -2022 അക്കാദമിക വർഷത്തിൽ കേരള സർവകലാശാലയിലാകെ 172 ബി.കോം സീറ്റുകളാണ് ഒഴിഞ്ഞുകിടന്നതെങ്കിൽ 2023 -2024 വർഷത്തിലത് 3031 സീറ്റുകളായി ഉയർന്നു. എം.ജിയിലാകട്ടെ 2021 -2022 വർഷത്തിൽ 2027 സീറ്റുകളായിരുന്നു ഒഴിഞ്ഞു കിടന്നതെങ്കിൽ ഇക്കഴിഞ്ഞ വർഷം അത് 2713 സീറ്റുകളാണ്.

കാരണങ്ങൾ

എന്തുകൊണ്ട് വിദ്യാർഥികളുടെ ആദ്യ പരിഗണനയിൽ കേരളത്തിലെ സർവകലാശാലകൾ വരുന്നില്ല എന്നതിന് നിരവധി കാരണങ്ങളുണ്ട്. സയൻസ് ആണെങ്കിലും കൊമേഴ്‌സ്, മാനവിക വിഷയങ്ങൾ ആണെങ്കിലും സിലബസിൽ കാലോചിതമായ പരിഷ്‌കാരങ്ങൾ നടക്കാത്തതും വിദ്യാർഥികൾക്ക് ദേശീയ-അന്തർ ദേശീയ നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭിക്കാത്തതുമെല്ലാം ബിരുദ-ബിരുദാനന്തര പഠനത്തിന് കേരളത്തിലെ സർവകലാശാലകൾ/ സ്വാശ്രയ കോളേജുകൾ തെരഞ്ഞെടുക്കാത്തതിന് കാരണമാണ് . പ്ലസ് ടു സയൻസ് കഴിഞ്ഞ വിദ്യാർഥികൾ പിന്നീട് സ്ട്രീം മാറി കമ്പനി സെക്രട്ടറി, ചാർട്ടേർഡ് അക്കൗണ്ടന്റ്, നിയമം തുടങ്ങിയ പ്രഫഷണൽ ഡിഗ്രികളിലേക്ക് തിരിയുന്നതും പരമ്പരാഗത സയൻസ് കോഴ്‌സുകളിൽ സീറ്റ് ഒഴിഞ്ഞുകിടക്കുന്നതിന് കാരണമാണ്. കഴിഞ്ഞ ഒന്നര ദശകമായി ഇതര സംസ്ഥാനങ്ങളിലെ ദേശീയ യൂനിവേഴ്സിറ്റികളിലേക്കാണ് കേരളത്തിൽ നിന്നു വിദ്യാർഥികൾ ഒഴുകിക്കൊണ്ടിരിക്കുന്നത്. ബിരുദം ദൽഹി പോലുള്ള നഗരങ്ങളിലെ കേന്ദ്ര സർവകലാശാലകളിൽ നിന്നായാൽ ബിരുദാനന്തര ബിരുദം വിദേശ സർവകലാശാലകളിൽ പൂർണ സ്കോളർഷിപ്പോടെ പഠിക്കാനുള്ള അവസരങ്ങൾ തുറന്നുകിട്ടുന്നുണ്ട്.

ഡോ. ആർ. ബിന്ദു

2018-ൽ 1.29 ലക്ഷം വിദ്യാർഥികളാണ് കേരളത്തിൽനിന്ന് കടൽ കടന്നതെങ്കിൽ 2023-ലെത്തുമ്പോൾ അത് 2.5 ലക്ഷം കടന്നുവെന്ന് നോർക്കയുടെ ആഭിമുഖ്യത്തിൽ ഡോ. എസ്. ഇരുദയരാജന്റെ നേതൃത്വത്തിൽ നടന്ന കേരള മൈഗ്രേഷൻ സർവേ 2023 റിപ്പോർട്ട് സൂചിപ്പിക്കുന്നു. അവയിൽ 80 ശതമാനവും ബിരുദധാരികളാണ് എന്നും റിപ്പോർട്ടിലുണ്ട്. ഇന്ത്യയിൽ തന്നെ വിദ്യാർഥി കുടിയേറ്റത്തിന്റെ 11.3 ശതമാനവും കേരളത്തിൽനിന്നാണെന്നും സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു. നമ്മുടെ ഉന്നത വിദ്യാഭ്യാസ രംഗം അന്താരാഷ്ട്ര നിലവാരം പോയിട്ട് ദേശീയ നിലവാരം പോലും പുലർത്താത്തതുകൊണ്ടാണ് വിദ്യാർഥികൾ കേരളം വിട്ട് മറ്റു സംസ്ഥാനങ്ങളിലേക്കും രാജ്യങ്ങളിലേക്കും വിദ്യാഭ്യാസത്തിനായി കുടിയേറുന്നത്. ഈയൊരു സാഹചര്യത്തെ എങ്ങനെ മറികടക്കാമെന്നതിനെ കുറിച്ച് കൂലങ്കഷമായി ചിന്തിക്കേണ്ടിയിരിക്കുന്നു.

പ്രഫഷണൽ സ്വാശ്രയ വിദ്യാഭ്യാസ മേഖല

കേരളത്തിലെ സ്വാശ്രയ മേഖലയിലെ ആർട്സ് ആന്റ് സയൻസ് കോളേജുകൾ വിദ്യാർഥികളെ ലഭിക്കാത്തതിനാൽ അനുഭവിക്കുന്ന പ്രതിസന്ധി പോലെ തന്നെ ചർച്ച ചെയ്യപ്പെടേണ്ടതാണ് സ്വാശ്രയ പ്രഫഷണൽ കോളേജുകളുടെ പ്രതിസന്ധികൾ. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ ഇരുപത് വർഷങ്ങൾക്കിടയിൽ ഒട്ടേറെ സ്വാശ്രയ പ്രഫഷണൽ കോളേജുകൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. മലബാറിലെ വിദ്യാഭ്യാസ രംഗത്തെ സർക്കാർ സംവിധാനങ്ങളുടെ അപര്യാപ്തത ഒരു പരിധി വരെ പരിഹരിച്ചതും സ്വാശ്രയ മേഖലയിലെ ആർട്സ് ആന്റ് സയൻസ് കോളേജുകളും പ്രഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണെന്നു പറയാം. ഓരോ കാലഘട്ടത്തിലും വിദ്യാർഥികളുടെ ഒഴുക്ക് ഏറ്റവും കൂടുതലുള്ള മേഖലകളിൽ സ്ഥാപനങ്ങൾ തുടങ്ങി ലാഭം നേടുകയെന്നതാണ് സ്വാശ്രയ കോളേജുകൾ തുടങ്ങുന്നവരിൽ ഭൂരിപക്ഷത്തിന്റെയും ചിന്ത. ഒരു പഠന മേഖലയിലേക്കുള്ള വിദ്യാർഥികളുടെ ഒഴുക്ക് നിലക്കുന്നതോടെ ആ മേഖലയിലുള്ള സ്ഥാപനങ്ങൾ നടത്തിക്കൊണ്ടുപോകാൻ കഴിയാതെയാവുകയും സ്ഥാപനം അടച്ചുപൂട്ടുന്നതിന് കാരണമാവുകയും ചെയ്യുന്നുണ്ട്. യോഗ്യതയുള്ള അധ്യാപകർ ഇല്ലാതിരിക്കുക, അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെ കോളേജുകൾ തുടങ്ങുക, കാലികമായ മാറ്റങ്ങളോട് പ്രതികരിക്കാൻ കഴിയാതെ പോവുക എന്നിവയെല്ലാം സ്വാശ്രയ സ്ഥാപനങ്ങൾ പൂട്ടിപ്പോകാൻ കാരണമാണ്. നിലവിൽ എഞ്ചിനീയറിംഗ് കോളേജുകൾ, ബി.എഡ് കോളേജുകൾ തുടങ്ങിയവ ഇത്തരത്തിൽ പ്രതിസന്ധി നേരിടുന്നവയാണ്. കുട്ടികളെ കിട്ടാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നില്ലെങ്കിലും തൊഴിൽ സാധ്യത മുന്നിൽവെച്ചു നോക്കുമ്പോൾ ജേർണലിസവും ഇപ്പോൾ ആകർഷകമായ കോഴ്സ് അല്ല. ഒരു പരിധി വരെ മെഡിക്കൽ രംഗത്തും യുനാനി, സിദ്ധ തുടങ്ങിയ സ്ട്രീമുകളിൽ കുട്ടികളെ ലഭിക്കാത്ത സാഹചര്യമുള്ളതായി റിപ്പോർട്ടുകൾ വന്നിട്ടുണ്ട്. (എം.ബി.ബി.എസ് അടക്കമുള്ള പ്രഫഷണൽ ബിരുദധാരികൾകൾക്കിടയിലും പഠനം കഴിഞ്ഞ ശേഷമുള്ള തൊഴിൽ ലഭ്യതയുടെ അഭാവം വേറെ തന്നെ ചർച്ച ചെയ്യേണ്ടതാണ്).

ഏറ്റവും മികച്ച വിദ്യാഭ്യാസവും അധ്യാപകരും ഭൗതിക സൗകര്യങ്ങളും ഒരുക്കാൻ കഴിഞ്ഞ എഞ്ചിനീയറിംഗ് സ്ഥാപനങ്ങളിൽ മാത്രമേ നിലവിൽ വിദ്യാർഥികൾ പ്രവേശനം നേടുന്നുള്ളൂ. എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ കഴിഞ്ഞു ഒറ്റ കുട്ടി പോലും പ്രവേശനം നേടാത്ത എഞ്ചിനീയറിംഗ് കോളേജുകൾ കേരളത്തിൽ ഓരോ വർഷവും വർധിച്ചുകൊണ്ടിരിക്കുന്നുണ്ട്. പല കാരണങ്ങളാൽ കുട്ടികൾ കുറഞ്ഞുകൊണ്ടിരുന്ന എഞ്ചിനീയറിംഗ് കോളേജുകളും ബി.എഡ് കോളേജുകളും പുതിയ മേച്ചിൽ പുറങ്ങൾ തേടിക്കൊണ്ടിരിക്കെയാണ് 2012-ൽ യു.ഡി.എഫ് സർക്കാർ നിയമ വിദ്യാഭ്യാസ മേഖലയിൽ സ്വാശ്രയ കോളേജുകൾ അനുവദിക്കാൻ തീരുമാനിച്ചത്. സർക്കാർ മേഖലയിൽ 4 കോളേജുകളും കുസാറ്റും എം.ജി യൂനിവേഴ്സിറ്റി സ്‌കൂൾ ഓഫ് ലോ, കണ്ണൂർ സർവകലാശാല എന്നിവയും സ്വകാര്യ മേഖലയിൽ തിരുവനന്തപുരം ലോ അക്കാദമി എന്നിവയും മാറ്റിനിർത്തിയാൽ സ്വകാര്യ മേഖലയിൽ നിയമ വിദ്യാഭ്യാസത്തിന് സാധ്യത ഇല്ലാതിരുന്ന കാലത്തു നിന്ന് മാറി ഇന്ന് മേൽ പറഞ്ഞ സ്ഥാപനങ്ങൾ കൂടാതെ 20-നു മുകളിൽ സ്വാശ്രയ ലോ കോളേജുകൾ നിലവിൽ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ട്. പുതിയ ദേശീയ വിദ്യാഭ്യാസ നയ പ്രകാരം വിദേശ സർവകലാശാലകൾക്ക് തങ്ങളുടെ ഓഫ് കാമ്പസുകൾ ഇന്ത്യയിൽ തുടങ്ങാനുള്ള അനുമതി കേന്ദ്ര സർക്കാർ നൽകിയതും, യു.ജി.സി വിദേശ സർവകലാശാലകൾ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പുറത്തുവിട്ടതുമെല്ലാം സ്വാശ്രയ മേഖലയിൽ പുതുതായി കടന്നുവരുന്ന ലോ കോളേജുകൾക്ക് തിരിച്ചടിയാകാൻ സാധ്യത കൂടുതലാണ്.

ഉന്നത വിദ്യാഭ്യാസ മേഖലയിൽ അനുനിമിഷം വന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ പെട്ടെന്നു തന്നെ തിരിച്ചറിഞ്ഞ് അതിനനുസരിച്ചു തങ്ങളുടെ സ്ഥാപനങ്ങളിൽ വരുത്തേണ്ട അക്കാദമികമായ മാറ്റങ്ങളെക്കുറിച്ച് സ്വാശ്രയ കോളേജുകൾ തുടങ്ങുന്നവർ ബോധവാൻമാരാകണം. കഴിവുള്ള ആളുകളെ കണ്ടെത്തി, അവർക്ക് ആവശ്യമായ ട്രെയിനിങ് നൽകുകയും അവരെ സ്ഥാപനത്തിന്റെ ഭാഗമാക്കുകയും ചെയ്യണം. ഓരോ പഠന മേഖലയിലെയും പുതിയ ട്രെൻഡുകളെ പഠിച്ചുകൊണ്ടിരിക്കണം. അതിനനുസരിച്ച് വിദ്യാഭ്യാസ സമീപനത്തെയും പദ്ധതികളെയും ദ്രുതഗതിയിൽ മാറ്റാനും പുതുക്കിപ്പണിയാനും കഴിയുന്ന 'അക്കാദമിക് അഡ്മിനിസ്ട്രേറ്റർമാർ' സ്ഥാപനങ്ങളുടെ തലപ്പത്തുണ്ടായിരിക്കണം. സ്ഥാപനങ്ങളിൽ അന്താരാഷ്ട്ര നിലവാരം പുലർത്തുന്ന അക്കാദമിക അന്തരീക്ഷവും ഭൗതിക സൗകര്യങ്ങളും ഉണ്ടാക്കാൻ കഴിഞ്ഞാൽ മാത്രമേ, അന്താരാഷ്ട്ര നിലവാരം നോക്കി വിദേശത്തേക്ക് കുടിയേറാൻ നിൽക്കുന്ന പുതു തലമുറയെ പുതുതായി തുടങ്ങുന്ന സ്വാശ്രയ കോളേജുകളിലേക്ക് ആകർഷിക്കാനാവൂ. l

മുഹമ്മദിന്റെ കാര്യത്തില്‍ ചില ഉറച്ച തീരുമാനങ്ങളെടുക്കാന്‍ മക്കയിലെ താഗൂത്തുകള്‍ ദാറുന്നദ് വയില്‍ ഒരുമിച്ചുകൂടിയിരിക്കുകയാണ്. മുഹമ്മദിന്റെ കൈകാലുകളില്‍ കൂച്ചുവിലങ്ങിട്ട് കാരാഗൃഹത്തില്‍ തള്ളുക. ആഹാരം നല്‍കാം. മരണം വരെ അങ്ങനെ ജയിലില്‍ കിടക്കട്ടെ. മക്കയില്‍നിന്ന് നാടുകടത്തുകയാണ് നല്ലതെന്ന് മറ്റു ചിലര്‍. ഈ രണ്ട് അഭിപ്രായങ്ങളും പ്രയോജനമില്ലെന്നു കണ്ട് തള്ളപ്പെട്ടു. അബൂ ജഹ് ല്‍ പ്രകടിപ്പിച്ച അഭിപ്രായമാണ് സര്‍വര്‍ക്കും സ്വീകാര്യമായത്. അബൂ ജഹ് ല്‍: ''ഓരോ ഖുറൈശി കുടുംബത്തില്‍നിന്ന് ഓരോ കരുത്തുറ്റ യുവാവിനെ തെരഞ്ഞെടുക്കുക. ഓരോ യുവാവിനും വാള്‍ നല്‍കുക. എല്ലാവരും വീട് വളഞ്ഞ്, പുറത്തിറങ്ങുന്ന മുഹമ്മദിനെ ഒറ്റ വെട്ട്. കഥ കഴിയും. കൊല്ലപ്പെട്ടാല്‍ ഉത്തരവാദിത്വം എല്ലാ ഗോത്രത്തിനുമായിരിക്കും. മുഹമ്മദിന്റെ ബനൂഹാശിം കുടുംബത്തിന് സര്‍വ ഗോത്രങ്ങളോടും പകരം ചോദിക്കാന്‍ കഴിയില്ല. ദിയാധനമാണ് ഇനി അവര്‍ മുന്നോട്ടുവെക്കുന്ന നിര്‍ദേശമെങ്കില്‍ അത് നമുക്കൊന്നായി നല്‍കുകയും ചെയ്യാം.'' തങ്ങളെ അലട്ടിയ സങ്കീര്‍ണ പ്രശ്‌നത്തിന് ഗൂഢാലോചനക്കാര്‍ കണ്ടെത്തിയ പരിഹാരമാണിത്. ഈ ഗൂഢാലോചന ഖുര്‍ആന്‍ തുറന്നുകാട്ടി: ''നിന്നെ തടവിലാക്കുകയോ വധിച്ചുകളയുകയോ നാടു കടത്തുകയോ ചെയ്യുന്നതിനു വേണ്ടി സത്യവിരോധികള്‍ തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചുകൊണ്ടിരുന്ന സന്ദര്‍ഭവും അനുസ്മരണീയമാകുന്നു. അവര്‍ സ്വന്തം തന്ത്രം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. അല്ലാഹുവോ അവന്റെ തന്ത്രവും പ്രവര്‍ത്തിച്ചുകൊണ്ടിരുന്നു. തന്ത്രം പ്രവര്‍ത്തിക്കുന്നവരില്‍ ഏറ്റവും സമര്‍ഥന്‍ അല്ലാഹു വാകുന്നു'' (അല്‍ അന്‍ഫാല്‍ 30). ഖുറൈശിക്കൂട്ടത്തിന്റെ തീരുമാനം രഹസ്യ യോഗത്തിലായിരുന്നില്ല; ദാറുന്നദ്‌വയിലെ പൊതുയോഗത്തിലായിരുന്നു.

റസൂല്‍ ഈ വിവരം അറിയുക സ്വാഭാവികം. മക്കയില്‍ തന്റെ സ്ഥിതിയെന്താകുമെന്ന് അദ്ദേഹത്തിന് മനസ്സിലായി. അവര്‍ തീരുമാനം നടപ്പാക്കും. പിന്നെ തന്റെ ശരീരം വിഗ്രഹങ്ങള്‍ക്ക് നിവേദ്യമായി സമര്‍പ്പിക്കും. തന്റെ അനുചരന്മാരെ യസ് രിബിലേക്ക് പറഞ്ഞയച്ച് തനിക്കിവിടെ മക്കയില്‍ തന്നെ കഴിയാമെന്നല്ല മുഹമ്മദ് തീരുമാനിച്ചത്. മുസ്്‌ലിംകള്‍ യസ് രിബിലേക്ക് പോയിക്കഴിഞ്ഞപ്പോൾ, തനിക്കും യസ് രിബിലേക്ക് ഹിജ്‌റ പോകുന്നതിനുള്ള പദ്ധതിയുടെ ആസൂത്രണത്തില്‍ മുഴുകി റസൂല്‍. നബിപത്‌നി ആഇശയില്‍നിന്ന് ഉര്‍വ ഉദ്ധരിച്ചത് സുഹ് രി റിപ്പോര്‍ട്ട് ചെയ്യുന്നു: ''മക്കയിലായിരുന്നപ്പോള്‍ റസൂല്‍ മുസ്്‌ലിംകളോട് പറഞ്ഞു: നിങ്ങള്‍ ഹിജ്‌റ പോകുന്ന സ്ഥലം എനിക്ക് ഒരു തിരശ്ശീലയില്‍ കാണിക്കപ്പെട്ടു-അതായത് യസ് രിബ്-രണ്ട് കൂറ്റന്‍ പര്‍വതങ്ങള്‍ക്കിടയിലെ താഴ് വരയാണത്. ഈ കൂറ്റന്‍ മലകളുടെ അടിവാരങ്ങളില്‍ ചെറു കുന്നുകളുമുണ്ട്'' (ബുഖാരി).

റസൂലിന്റെ വാക്കുകൾ കേട്ട മുസ്്ലിംകൾ യസ് രിബിലേക്ക് പ്രയാണമാരംഭിച്ചു. ഹബ്ശ(എത്യോപ്യ)യിലേക്ക് അഭയം തേടിപ്പോയവരും യസ് രിബ് ലക്ഷ്യമാക്കി നീങ്ങി. മക്ക വിട്ട് മദീനയിലേക്ക് പോകാനുറച്ച റസൂലിന്റെ ഹൃദയത്തിലും നാവിലും ഒരു പ്രാര്‍ഥനാ വാചകം വഹ് യായി വന്നു: ''പ്രാര്‍ഥിക്കുക: നാഥാ, എന്നെ നീ എങ്ങോട്ട് കൊണ്ടുപോയാലും സത്യത്തോടൊപ്പം കൊണ്ടുപോകേണമേ! എവിടെ നിന്ന് പുറപ്പെടുവിക്കുകയാണെങ്കിലും സത്യത്തോടൊപ്പം പുറപ്പെടുവിക്കേണമേ! നിന്നില്‍നിന്നുള്ള ഒരു അധികാര ശക്തിയെ എനിക്ക് തുണയാക്കിത്തരികയും ചെയ്യേണമേ!'' (അല്‍ ഇസ്റാഅ് 80). പ്രബോധന ജീവിതപാതയില്‍ കഠിന കഠോര പരീക്ഷണങ്ങള്‍ക്ക് വിധേയനായ മുഹമ്മദിനെക്കാള്‍ അല്ലാഹുവിന്റെ സഹായത്തിന് അര്‍ഹനും യോഗ്യനുമായ ഒരാളെ നമുക്ക് ചൂണ്ടിക്കാട്ടാനാവില്ല. അതോടൊപ്പം, അല്ലാഹുവിന്റെ സഹായത്തിന് അര്‍ഹനാവുക എന്നതിനര്‍ഥം, തന്റെ കടമയിലും സംവിധാനവും സൗകര്യവും ഒരുക്കുന്നതിലും ഒരു അണുമണിത്തൂക്കമെങ്കിലും വീഴ്ച വരുത്തുക എന്നല്ല. റസൂല്‍ തന്റെ ഹിജ്‌റക്ക് കൃത്യവും ഭദ്രവുമായ പദ്ധതി ആവിഷ്‌കരിച്ചു. 'ആക്്ഷന്‍ പ്ലാന്‍' തയാറാക്കി. 'വരുംപോലെ വരട്ടെ, അപ്പോള്‍ കാണാം' എന്ന നിരുത്തരവാദ സമീപനത്തിന് ആ ജീവിതത്തില്‍ ഇടമില്ലായിരുന്നു. ഇങ്ങനെ വേണം വിശ്വാസികള്‍. തന്റെ ദൗത്യം വിജയിക്കാനാവശ്യമായ എല്ലാ ഉപാധികളും പൂര്‍ത്തിയാക്കുക. അതിനു ശേഷം അല്ലാഹുവില്‍ തവക്കുല്‍ ചെയ്യുക, ഭരമേല്‍പിക്കുക. ദൗത്യം വിജയിപ്പിക്കുന്നത് അല്ലാഹുവാകുന്നു. അവന് മാത്രമേ അത് കഴിയൂ. തനിക്ക് സാധ്യമായ മുന്നൊരുക്കങ്ങളും കര്‍മങ്ങളും എല്ലാം ചെയ്തു തീര്‍ത്തിട്ട് പിന്നെയും പരാജയം നേരിട്ടുവെന്നിരിക്കട്ടെ, അതിന്റെ പേരില്‍ അല്ലാഹു അയാളെ കുറ്റപ്പെടുത്തുകയില്ല. അത്തരം തോല്‍വികള്‍ നിയന്ത്രണാതീതമായ സാഹചര്യങ്ങള്‍കൊണ്ട് മാത്രമേ ഉണ്ടായിട്ടുള്ളൂ. ദൗത്യ വിജയത്തിനാവശ്യമായ ക്രമീകരണങ്ങളെല്ലാം നല്ല നിലയില്‍ ചെയ്താല്‍ അല്ലാഹുവിന്റെ സഹായം വരിക തന്നെ ചെയ്യും. അനേക ഫലം കൊയ്യുന്ന വിജയം സംഭവിച്ചേ മതിയാവൂ.

കാറ്റിന്റെ ഗതിയും തിരയിളക്കവും നന്നായറിയുന്ന സമര്‍ഥനായ നാവികന് കപ്പലിനെ ഉദ്ദേശിച്ചതിലും നേരത്തെ ഉദ്ദിഷ്ട സ്ഥാനത്ത് എത്തിക്കാന്‍ കഴിയും. മക്കയില്‍നിന്ന് മദീനയിലേക്കുള്ള നബിയുടെ ഹിജ്‌റ ഈവിധമായിരുന്നു. നബി, അലിയെയും അബൂബക്‌റിനെയും മക്കയില്‍ തന്നെ തടഞ്ഞുനിര്‍ത്തി. മറ്റുള്ള മുസ്്‌ലിംകള്‍ക്കെല്ലാം മദീനയിലേക്ക് പോകാന്‍ അനുമതി നല്‍കി.

കൃത്യമായ ആസൂത്രണം

ഹിജ്‌റക്ക് അനുവാദം ചോദിച്ച അബൂബക്‌റിനോട് റസൂല്‍: ''തിരക്ക് കൂട്ടേണ്ട. താങ്കള്‍ക്ക് അല്ലാഹു ഒരു കൂട്ടുകാരനെ നിശ്ചയിച്ചുതന്നേക്കാം.'' തന്നെക്കുറിച്ചാണ് നബിയുടെ സൂചനയെന്ന് അബൂബക് ര്‍ മനസ്സില്‍ കുറിച്ചിട്ടു. അലിക്കാവട്ടെ ഈ സന്ദിഗ്ധ ഘട്ടത്തില്‍ ചെയ്തുതീര്‍ക്കേണ്ട മറ്റൊരു ചുമതല നബി മനസ്സില്‍ കരുതിവെച്ചിട്ടുണ്ടായിരുന്നു. ആഇശയുടെ ഓര്‍മകള്‍ ഉര്‍വയുമായി പങ്കിട്ടത് ഇബ്‌നു ഇസ്ഹാഖ് ഉദ്ധരിക്കുന്നു: ''പകലിന്റെ രണ്ടറ്റങ്ങളില്‍ - രാവിലെയാവാം, വൈകിട്ടാവാം- റസൂല്‍ പതിവായി അബൂബക്‌റിന്റെ വസതിയില്‍ വരാറുണ്ട്. ഹിജ്‌റക്ക് അനുവാദം നല്‍കി, മക്ക വിട്ടുപോകാന്‍ അല്ലാഹു നിര്‍ദേശം നല്‍കിയ ദിവസം. പതിവില്ലാത്ത നേരത്ത് നബി വീട്ടില്‍ വന്നു. നബിയെ കണ്ട അബൂബക് ര്‍ ആത്മഗതം ചെയ്തു. പുതുതായെന്തോ സംഭവിച്ചതിനാലായിരിക്കണം നബിയുടെ അസമയത്തുള്ള ഈ വരവ്; നബി വന്നപ്പോള്‍ അബൂബക് ര്‍ നബിക്ക് കൂടി ഇരിക്കാനായി കട്ടിലില്‍ അല്‍പം നീങ്ങിയിരുന്നു. ഞാനും എന്റെ സഹോദരി അസ്മാഉം മാത്രമേ അവിടെയുള്ളൂ. നബി: ''അവരെ പുറത്ത് നിര്‍ത്തൂ.'' അബൂബക് ര്‍: 'അതിനെന്താണ് റസൂലേ! അവര്‍ ഇരുവരും എന്റെ രണ്ട് മക്കളല്ലേ?'

നബി: 'മക്ക വിട്ട്, ഹിജ്‌റ പോകാന്‍ അല്ലാഹു എനിക്ക് അനുമതി തന്നിരിക്കുന്നു.'
അബൂബക് ര്‍: 'റസൂലേ, അപ്പോള്‍ ആരാണ് അങ്ങയോടൊപ്പം കൂട്ട്?'
നബി: 'താങ്കള്‍ തന്നെ.'
ആഇശ: 'സന്തോഷത്താല്‍ അബൂബക് ര്‍ അന്ന് കരഞ്ഞതു പോലെ ആരെങ്കിലും ആവിധം കരഞ്ഞതായി ഞാന്‍ ഇന്നേവരെ കണ്ടിട്ടില്ല.'
പിന്നീട് അബൂബക് ര്‍: 'നബിയേ, ഈ രണ്ട് ഒട്ടകങ്ങളെ നമുക്കായി ഞാന്‍ ഒരുക്കിനിര്‍ത്തിയിട്ടുണ്ട്. അബ്ദുല്ലാഹിബ്‌നു ഉറൈഖിനെ-അവിശ്വാസിയാണ്- നമുക്ക് വഴികാണിച്ചുതരാന്‍ പ്രതിഫലം നല്‍കി കൂടെ കൂട്ടാം.' നബിയുടെ പുറപ്പാടിനെ കുറിച്ച് അബൂബക്‌റും അലിയും അല്ലാതെ മറ്റാരും അറിഞ്ഞില്ല. മക്കയിലെ ജനങ്ങള്‍ സൂക്ഷിക്കാനായി നബിയെ ഏല്‍പിച്ച വസ്തുവകകള്‍ അവര്‍ക്ക് തിരിച്ചേല്‍പിക്കാനുള്ള ചുമതല അലിക്ക് നല്‍കി. നബിയുടെ സത്യസന്ധതയും വിശ്വസ്തതയും ശരിക്കറിയാവുന്ന മക്കക്കാര്‍ വിലപിടിപ്പുള്ള പല ദ്രവ്യങ്ങളും സൂക്ഷിക്കാന്‍ നബിയെ ഏല്‍പിച്ചിരുന്നു.

ഇവിടെ ചില വസ്തുതകള്‍ നമ്മുടെ പഠനത്തിന് വിഷയമാവണം. നബി തന്റെ യാത്രാ രഹസ്യങ്ങള്‍ മറച്ചുവെച്ചു. വളരെ അടുത്ത ബന്ധമുള്ളവരോട് മാത്രമേ വെളിപ്പെടുത്തിയുള്ളൂ. ഓരോരുത്തര്‍ക്കും ഏല്‍പിക്കപ്പെട്ട ചുമതലകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മാത്രമാണ് നല്‍കിയത്. മരുഭൂ വഴികളെക്കുറിച്ച അഭിജ്ഞനെ പ്രതിഫലം നല്‍കി കൂടെക്കൂട്ടി. മുശ് രിക്കായിരുന്നു വഴികാട്ടി. നൈപുണിയും കാര്യപ്രാപ്തിയുമായിരുന്നു ഈ തെരഞ്ഞെടുപ്പിന് മാനദണ്ഡം. ഈ ഗുണങ്ങള്‍ മേളിച്ചാല്‍- അയാള്‍ ബഹുദൈവാരാധകനായാല്‍ പോലും ആ കഴിവുകള്‍ ഉപയോഗപ്പെടുത്താമെന്നായിരുന്നു നബിയുടെ മതം. ആസൂത്രണത്തില്‍ പ്രായോഗികതക്കും വിശാല കാഴ്ചപ്പാടിനും ഊന്നല്‍ നല്‍കിയ നബി, തനിക്കുള്ള ഒട്ടകത്തിന്റെ വില താന്‍ നല്‍കുമെന്ന് ശഠിച്ചു. അബൂബക്‌റിന്റെ സൗമനസ്യം നന്ദിപൂര്‍വം നബി നിരസിച്ചു. കാരണം, ഹിജ്‌റക്ക് വേണ്ടിയുള്ള ധനവ്യയം ഉത്സാഹപൂര്‍വം ചെയ്യേണ്ട ഒരുതരം ഇബാദത്താണെന്ന് നബി കരുതി. അത് മറ്റൊരാള്‍ തനിക്കു വേണ്ടി ചെയ്താല്‍ മതിയാവില്ല. പുറപ്പാടിന്റെ വിശദാംശങ്ങളെക്കുറിച്ച് നബി, അബൂബക്‌റുമായി ധാരണയിലെത്തി. തങ്ങേണ്ട ഗുഹ അവര്‍ തെരഞ്ഞെടുത്തു. അന്വേഷകരെ വഴിതെറ്റിക്കാന്‍ യമനിലേക്ക് പോകുന്ന ദക്ഷിണ പാതയാണ് തെരഞ്ഞെടുത്തത്. ഗുഹയിലെ താമസവേളയില്‍ തങ്ങളുമായി ബന്ധപ്പെടേണ്ട ആളുകളെ നിര്‍ണയിച്ചു. മക്കയിലെ വിവരങ്ങള്‍ അപ്പപ്പോള്‍ എത്തിച്ചുനല്‍കാന്‍ ആട്ടിടയന്‍ ആമിറുബ്‌നു ഫുഹൈറയും അബൂബക്‌റിന്റെ മകന്‍ അബ്ദുല്ലയും. ഭക്ഷണമൊരുക്കാനും എത്തിക്കാനും ആഇശയും അസ്മാഉം. ഓരോരുത്തരുടെയും ചുമതലകള്‍ നിര്‍ണയിച്ചു നല്‍കി.

അനന്തരം റസൂല്‍ വീട്ടിലേക്ക് മടങ്ങി. തന്റെ വീട് വളയാന്‍ ഖുറൈശികള്‍ യുവാക്കളെ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് നബി മനസ്സിലാക്കി. നബിയെ വധിക്കാന്‍ വിവിധ ഗോത്രങ്ങളില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട യുവാക്കള്‍ ഇരുളിന്റെ മറവില്‍ നബിവസതി ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയിരുന്നു.

താന്‍ ഉപയോഗിക്കുന്ന പുതപ്പ് പുതച്ച് തന്റെ കട്ടിലില്‍ കിടക്കാന്‍ നബി അലിയെ ചട്ടം കെട്ടി. രാത്രിയിലെ കൂരിരുട്ടില്‍, പാറാവുകാരുടെ അശ്രദ്ധ മുതലെടുത്ത്, റസൂല്‍ തന്റെ വീട്ടില്‍നിന്ന് മെല്ലെ പുറത്തു കടന്ന് അബൂബക്‌റിന്റെ വീട്ടിലെത്തി. വാതിലിന്റെ വിടവിലൂടെ അരിച്ചെത്തിയ നേരിയ വെട്ടത്തില്‍ ഇരുവരും 'സൗര്‍' ഗുഹയെ ലക്ഷ്യമാക്കി നീങ്ങി.

അന്ത്യപ്രവാചകന്റെ മഹത്തായ ദൗത്യത്തിന് കരുതലും കാവലും നല്‍കിയ ഗുഹയാണ് 'സൗര്‍'. ആ സൗകര്യം ഏര്‍പ്പെടുത്തിയവന്‍ പ്രപഞ്ചനാഥനായ അല്ലാഹു. നവീനമായ സംസ്‌കാരത്തിന്റെയും നാഗരികതയുടെയും സ്രഷ്ടാവായ മുഹമ്മദിന്, ഒരു വിഘ്‌നവും വരാതെ സൗര്‍ ഗുഹ സുരക്ഷിത ഗേഹമൊരുക്കി. നിശ്ശബ്ദതയുടെയും ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും ഭീതിദ നിമിഷങ്ങള്‍ സൗര്‍ ഗുഹയെ പുണര്‍ന്നു. കരുത്തുറ്റ വിശ്വാസത്തിന്റെ നിറവെളിച്ചമായിരുന്നു 'സൗറി'ല്‍.
('ഫിഖ്ഹുസ്സീറ' എന്ന കൃതിയിൽ നിന്ന്)
വിവ: പി.കെ ജമാല്‍

ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിലെ മായ്ക്കപ്പെടാനാവാത്ത കറയാണ് അടിയന്തരാവസ്ഥ. തന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കുകയും മല്‍സരിക്കുന്നതില്‍നിന്ന് ആറു വര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്ത അലഹബാദ് ഹൈക്കോടതി വിധി മറികടക്കാന്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി ഭരണഘടനക്കെതിരെ നടത്തിയ കടന്നാക്രമണത്തിന്റെ അമ്പതാം വാര്‍ഷികത്തിലാണ് രാജ്യം. പ്രധാനമന്ത്രി പദവിയിലിരിക്കെ ഇന്ദിരാ ഗാന്ധി നടത്തിയ 21 മാസം നീണ്ട തുല്യതയില്ലാത്ത പൗരാവകാശ ധ്വംസനങ്ങള്‍, നൂറ്റാണ്ട് പിന്നിട്ട കോണ്‍ഗ്രസിന്റെ ചരിത്രത്തിലും കറുത്ത അധ്യായമായി നിലനില്‍ക്കും. എന്നാല്‍, അടിയന്തരാവസ്ഥയെ ശക്തിയായി അപലപിച്ച് പാര്‍ലമെന്റിലും പുറത്തും രംഗത്തുവന്നിരിക്കുന്നത് ബി.ജെ.പിയാണ് എന്നതാണ് വലിയ തമാശ. ഇന്ദിരാ ഗാന്ധിയുടേത് മാസങ്ങള്‍ നീണ്ട പ്രഖ്യാപിത അടിയന്തരാവസ്ഥ ആയിരുന്നെങ്കില്‍ കഴിഞ്ഞ പത്തു വര്‍ഷം നരേന്ദ്ര മോദിയുടെ കീഴില്‍ ഭീകരമായ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് ഇന്ത്യയില്‍ നടമാടിയത്. അതിനാല്‍, അടിയന്തരാവസ്ഥക്കെതിരെ ശബ്ദിക്കാന്‍ ധാര്‍മികാവകാശമുള്ള പാര്‍ട്ടിയാണോ ബി.ജെ.പി എന്ന് പരിശോധിക്കേണ്ട സമയം കൂടിയാണിത്.
1975 ജൂണ്‍ 25-നാണ് ഇന്ദിരാ ഗാന്ധി അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. പിന്നാലെ പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്തു ജയിലുകളില്‍ അടക്കുകയും അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുകയും ചെയ്തു. 1977 മാര്‍ച്ച് 21-ന് അടിയന്തരാവസ്ഥ പിന്‍വലിക്കുകയും രാഷ്ട്രീയ എതിരാളികളെ മോചിപ്പിച്ച് പൊതു തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ അവര്‍ക്ക് അവസരം നല്‍കുകയും ചെയ്തതും ഇന്ദിരാ ഗാന്ധി തന്നെ. ഇലക് ഷന്‍ പ്രഖ്യാപിച്ച ശേഷം പ്രതിപക്ഷ പാര്‍ട്ടികളിലെ ഒരാളെപ്പോലും ഇന്ദിര അറസ്റ്റ് ചെയ്തിരുന്നില്ല.

മോദി ഭരണത്തിലെ അപ്രഖ്യാപിത അടിയന്തരാവസ്ഥയില്‍ രാജ്യം സാക്ഷ്യം വഹിച്ചത് മറിച്ചായിരുന്നു. 2024 മാര്‍ച്ച് 21-ന് പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിന്നാലെ പ്രതിപക്ഷ നേതാക്കളെയും മുഖ്യമന്ത്രിമാരെയും വരെ അറസ്റ്റ് ചെയ്ത് ജയിലുകളിലടച്ചു. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്്രിവാള്‍, ഝാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, തെലങ്കാനയിലെ ഭാരത് രാഷ്ട്ര സമിതി നേതാവും അന്നത്തെ മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖര റാവുവിന്റെ മകള്‍ കെ. കവിത എന്നിവര്‍ അഴിമതിക്കുറ്റം ചുമത്തപ്പെട്ട് ജയിലുകളിലായി. കെജ്്രിവാള്‍ അറസ്റ്റിലാവുന്നതിന് മുമ്പ് തന്നെ പുതിയ എക്‌സൈസ് നിയമത്തില്‍ അഴിമതി ആരോപിച്ച് ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജയിന്‍, ആം ആദ്മി പാര്‍ട്ടിയുടെ രാജ്യസഭാംഗം സഞ്ജയ് സിംഗ് എന്നിവരെ തടവിലാക്കിയിരുന്നു. കെജ്്രിവാള്‍ കുറച്ചു ദിവസം ജാമ്യം കിട്ടി പുറത്തുവന്നെങ്കിലും വീണ്ടും ജയിലിലായി. ഹേമന്ത് സോറന് ദിവസങ്ങള്‍ക്ക് മുമ്പാണ് ജാമ്യം ലഭിച്ചത്.

പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ വീടുകളിലെ റെയ്ഡുകളും മോദി ഭരണത്തില്‍ നിത്യ സംഭവമായി. ഏപ്രില്‍ അഞ്ചിന് ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ ലാലു പ്രസാദ് യാദവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത് 1995-97-ലെ കേസുമായി ബന്ധപ്പെട്ടായിരുന്നു. ഇലക്്ഷനു മുമ്പ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ബാങ്ക് എക്കൗണ്ടുകള്‍ മണിക്കൂറുകളോളം മരവിപ്പിച്ചു. അതിനു മുമ്പ് ആദായ നികുതി വകുപ്പിന്റെ വക നിരവധി നോട്ടീസുകളും പാര്‍ട്ടിക്ക് ലഭിച്ചു. 135 കോടി രൂപ പാര്‍ട്ടിയുടെ എക്കൗണ്ടില്‍നിന്ന് പിടിച്ചെടുത്തു. എന്നാല്‍, ഇന്ത്യ കണ്ട ഏറ്റവും വലിയ കുംഭകോണങ്ങളില്‍ ഒന്നായ ഇലക്ടറല്‍ ബോണ്ടിലൂടെ ബി.ജെ.പി നടത്തിയത് വമ്പന്‍ കൊള്ളയായിരുന്നു. ജനാധിപത്യ ശക്തികള്‍ക്ക് മിണ്ടാന്‍ പോലും കഴിയാതിരുന്ന ഈ കള്ളപ്പണ ഇടപാടിനെതിരെ ഒടുവില്‍ സുപ്രീം കോടതിക്ക് ഇടപെടേണ്ടി വന്നു. 385 കമ്പനികള്‍ വഴി 5363 കോടി രൂപയാണ് ബി.ജെ.പിയുടെ എക്കൗണ്ടില്‍ അനധികൃതമായി എത്തിയത്.

പാര്‍ലമെന്റില്‍ പ്രതിപക്ഷ ശബ്ദം തടയുകയെന്ന ഫാഷിസ്റ്റ് നിലപാടാണ് പത്തു വര്‍ഷം മോദിയും കൂട്ടരും സ്വീകരിച്ചത്. രണ്ടാം മോദി കാലത്തെ അവസാന പാര്‍ലമെന്റ് സമ്മേളനത്തില്‍ 140 പ്രതിപക്ഷ അംഗങ്ങളെ ഇരു സഭകളില്‍നിന്നും സസ്‌പെന്റ് ചെയ്തതായിരുന്നു ഒടുവിലത്തെ സംഭവം. സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ചതും ചോദ്യങ്ങള്‍ ഉന്നയിച്ചതുമായിരുന്നു, പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ ചരിത്രത്തില്‍ ഇതുവരെ കണ്ടിട്ടില്ലാത്ത നടപടിയുടെ പ്രകോപനം. പാര്‍ലമെന്റ് പ്രതിപക്ഷത്തിന്റേത് കൂടിയാണെന്നും ഗവണ്‍മെന്റിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കലാണ് അവരുടെ ജോലിയെന്നും പറഞ്ഞത് ഭരണഘടനാ ശില്‍പി ഡോ. ബി.ആര്‍ അംബേദ്കറാണ്. എന്നാല്‍, മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ച് പ്രതിപക്ഷ ശബ്ദം ഇല്ലാതാക്കാനാണ് മോദിയും സംഘവും ശ്രമിച്ചത്. പതിനേഴാം ലോക്‌സഭയില്‍ മൂന്നിലൊന്ന് ബില്ലുകള്‍ ഒരു മണിക്കൂര്‍ സമയം പോലും ചര്‍ച്ചയില്ലാതെയാണ് പാസ്സാക്കിയത്. 34 ബില്ലുകള്‍ (20 ശതമാനം) രണ്ടു മുതല്‍ മൂന്നു മണിക്കൂറിനകവും 28 ബില്ലുകള്‍ (16 ശതമാനം) മൂന്നു മുതല്‍ നാലു മണിക്കൂറിനകവും പാസ്സാക്കി. ഗുരുതരമായ ജനകീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിസമ്മതിക്കുന്ന സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തുന്ന സമയത്താണ് പല ബില്ലുകളും പാസ്സാക്കിയത്.

താരതമ്യമില്ലാത്ത ഏകാധിപത്യം

ഇന്ദിരാ ഗാന്ധി തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയാണെങ്കില്‍ കോണ്‍ഗ്രസിന്റെ പണക്കൊഴുപ്പിനു മുന്നില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മുട്ടുമടക്കേണ്ടി വരുമെന്ന് അന്ന് ജയിലില്‍ തന്നോടൊപ്പമുണ്ടായിരുന്ന ബിജു പട്‌നായിക്ക് ആശങ്കപ്പെട്ടിരുന്നത് സോഷ്യലിസ്റ്റ് നേതാവ് ചന്ദ്രശേഖര്‍ ജയില്‍ കുറിപ്പുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, ആശങ്ക അസ്ഥാനത്തായിരുന്നു. ഇന്ദിരയുടെ ഭാഗത്തുനിന്ന് അത്തരമൊരു നീക്കം ഉണ്ടായില്ല. ഇന്ദിരയുമായി താരതമ്യത്തിനു പോലും പറ്റാത്ത വിധത്തിലായിരുന്നു ഇക്കാര്യത്തില്‍ മോദിയുടെ ഏകാധിപത്യം. അടിയന്തരാവസ്ഥ പ്രഖ്യാപിക്കാതെ രാജ്യത്തിന്റെ ഭരണഘടനാ സ്ഥാപനങ്ങള്‍ പിടിച്ചടക്കി. ഒടുവിലത്തെ ഉദാഹരണമായിരുന്നു തെരഞ്ഞെടുപ്പ് കമീഷന്റെ പുനഃസംഘടന. തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇലക്്ഷന്‍ കമീഷനിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള ചട്ടങ്ങള്‍ ഭേദഗതി ചെയ്തു. പ്രധാന മന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ ഉള്‍പ്പെടുന്നതായിരുന്നു കമ്മിറ്റി. ചീഫ് ജസ്റ്റിസിനെ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി പകരം പ്രധാനമന്ത്രി നിര്‍ദേശിക്കുന്ന കേന്ദ്ര മന്ത്രിയെ അവിടെ പ്രതിഷ്ഠിച്ചു. അതോടെ സര്‍ക്കാറിന്റെ താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കമുള്ള കമ്മിറ്റിക്ക് എളുപ്പത്തില്‍ തെരഞ്ഞെടുപ്പ് കമീഷന്‍ പിടിച്ചടക്കാനുള്ള വഴിയുമൊരുങ്ങി.

അതിന്റെ പ്രതിഫലനം തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് കണ്ടു. മോദിയുടെ ഫാഷിസത്തിനും കൊടിയ വര്‍ഗീയ ഭ്രാന്തിനും കുഴലൂത്ത് നടത്തുന്ന പണി ഇലക്്ഷന്‍ കമീഷനും അതിന്റെ തലപ്പത്തുള്ള രാജീവ് കുമാറും ഭംഗിയായി നടത്തി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ മുസ്‌ലിം വിരുദ്ധ പ്രസംഗങ്ങള്‍ മോദിയെ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതില്‍നിന്ന് അയോഗ്യനാക്കാവുന്ന മുഴുവന്‍ ചേരുവകളും അടങ്ങിയതായിരുന്നിട്ടും കമീഷന്‍ കണ്ട ഭാവം നടിച്ചില്ല. 1975-ല്‍ അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജഗ്‌മോഹന്‍ലാല്‍ സിന്‍ഹ ഇന്ദിരാ ഗാന്ധിക്കെതിരെ സ്വീകരിച്ചതിനെക്കാള്‍ കടുത്ത നടപടിക്ക് അര്‍ഹനായിരുന്നു മോദി. അതുപോലെ, 1977-ല്‍ അടിയന്തരാവസ്ഥക്കു ശേഷമുള്ള തെരഞ്ഞെടുപ്പില്‍ ഇന്ദിരാ ഗാന്ധിക്കു മുന്നില്‍ മുട്ടുമടക്കുകയായിരുന്നില്ല ടി. സ്വാമിനാഥന്റെ നേതൃത്വത്തിലുള്ള ഇലക്്ഷന്‍ കമീഷന്‍. അതുകൊണ്ടായിരുന്നു സ്വതന്ത്രവും നീതിപൂര്‍വകവുമായ വോട്ടെടുപ്പിലൂടെ ഏകാധിപത്യത്തിന് ചുട്ട മറുപടി നല്‍കാന്‍ ജനതക്ക് കഴിഞ്ഞത്. ഇത്തവണ മോദിയുടെ വര്‍ഗീയതക്കെതിരെ ജനം തന്നെ ആഞ്ഞടിച്ചുവെന്നത് മറ്റൊരു കാര്യം.

മുസ്‌ലിംകള്‍ക്കെതിരെ വംശഹത്യാ ഭീഷണി, പശുവിന്റെ പേരിലുള്ള നിഷ്ഠുര കൊലകള്‍, പ്രതിഷേധിക്കുന്നവരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കല്‍, ദലിതുകള്‍ക്കെതിരായ മനുഷ്യാവകാശ ലംഘനങ്ങള്‍, ന്യൂനപക്ഷങ്ങള്‍ക്കെതിരായ വെറുപ്പ്, ഹിന്ദുത്വ വംശീയതയെ വിമര്‍ശിക്കുന്ന ലിബറല്‍ ബുദ്ധി ജീവികളെയും മാധ്യമപ്രവര്‍ത്തകരെയും ലക്ഷ്യമിട്ടുള്ള കൊലകള്‍, ചരിത്രത്തിലെ മുസ്‌ലിം ശേഷിപ്പുകള്‍ തുടച്ചുനീക്കല്‍, പാഠ പുസ്തകങ്ങള്‍ ഹിന്ദുത്വത്തിന് അനുകൂലമായി മാറ്റിയെഴുതല്‍ തുടങ്ങിയവയൊക്കെ മോദിയുടെ അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ മാത്രം സംഭാവനകളാണ്.

അരവിന്ദ് കെജ് രിവാൾ

ഇന്ദിരയുടെ അടിയന്തരാവസ്ഥക്കെതിരെ രോഷം കൊള്ളുമ്പോഴും അതിന് കൂട്ടുനിന്നവരെ പാര്‍ട്ടിയുടെ ഉന്നതങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ ബി.ജെ.പിക്ക് മടിയുണ്ടായില്ല. അടിയന്തരാവസ്ഥയില്‍ ഇന്ദിരയുടെ പുത്രന്‍ സഞ്ജയ് ഗാന്ധിയുടെ മനുഷ്യത്വ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടുനിന്നയാളാണ് ഐ.എ.എസ് ഉദ്യാഗസ്ഥനായിരുന്ന ജഗ്‌മോഹന്‍. തലസ്ഥാന നഗരിയുടെ സൗന്ദര്യവല്‍ക്കരണ പരിപാടിയുടെ ഭാഗമായി പാവപ്പെട്ടവരുടെ കെട്ടിടങ്ങളും വീടുകളും ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് നിരപ്പാക്കി ഏഴു ലക്ഷത്തോളം പേരെയാണ് ഇയാള്‍ വഴിയാധാരമാക്കിയത്. അടിയന്തരാവസ്ഥയുടെ സകല ദുഷിപ്പുകളും പേറിയ ജഗ്‌മോഹന്‍ 1995-ല്‍ ബി.ജെ.പിയില്‍ അംഗമാവുകയും വാജ്‌പേയി മന്ത്രിസഭയില്‍ ടൂറിസം, വാര്‍ത്താ വിനിമയം തുടങ്ങിയ വകുപ്പുകളുടെ ചുമതലകള്‍ വഹിക്കുകയുമുണ്ടായി. കശ്മീരുമായി ബന്ധപ്പെട്ട ഭരണഘടനയുടെ 370, 35-എ അനുഛേദങ്ങള്‍ റദ്ദാക്കുന്നതിന് മുന്നോടിയായി 2019-ല്‍ ബി.ജെ.പി നടത്തിയ പ്രചാരണങ്ങളില്‍ ജഗ്‌മോഹന്‍ ഭാഗഭാക്കായിരുന്നു.

നരേന്ദ്ര ദാഭോൽക്കർ

അടിയന്തരാവസ്ഥയുടെ നിയന്ത്രണം സഞ്ജയ് ഗാന്ധിയുടെ കൈയില്‍ ആയിരുന്നതിനാല്‍ ഗവണ്‍മെന്റ് പ്രവര്‍ത്തിക്കുന്നത് പി.എം.ഒയില്‍ (Prime Minister's Office) നിന്നല്ല, പി.എം.എച്ചില്‍ (Prime Minister's House) നിന്നാണെന്ന പരിഹാസം പോലും അന്ന് നിലനിന്നിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് സഞ്ജയ് ഗാന്ധിക്കൊപ്പം നിഴല്‍ പോലെ പ്രവര്‍ത്തിച്ചിരുന്നവരില്‍ ഒരാള്‍ ഭാര്യ മേനകാ ഗാന്ധിയായിരുന്നു. 1977-ലെ പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടപ്പോള്‍ പാര്‍ട്ടിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സൂര്യ എന്ന വാര്‍ത്താ മാഗസിന്‍ ആരംഭിച്ചതും അടിയന്തരാവസ്ഥയെ ന്യായീകരിക്കുകയും ചെയ്തയാളാണ് മേനക. ഏഴു തവണ എം.പിയായിരുന്ന അവര്‍ ബി.ജെ.പി ടിക്കറ്റില്‍ മാത്രം തുടര്‍ച്ചയായി മൂന്നു തവണ തെരഞ്ഞെടുക്കപ്പെട്ടു. ഇത്തവണ യു.പിയിലെ സുൽത്താന്‍പൂരില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ റാം ഭുവല്‍ നിഷാദിനോട് പരാജയപ്പെട്ടു. ബി.ജെ.പി നേതാവായിരുന്നിട്ടും കോണ്‍ഗ്രസിന്റെ അടിയന്തരാവസ്ഥയെ മേനകയോ പുത്രനും മുന്‍ എം.പിയുമായ വരുണ്‍ ഗാന്ധിയോ തള്ളിപ്പറഞ്ഞിട്ടില്ലെന്നത് ശ്രദ്ധേയമാണ്.

ഭയപ്പെടുത്തി വരുതിയിലാക്കുന്നു

മോദിയെപ്പോലെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ദുരുപയോഗം ചെയ്ത മറ്റൊരു പ്രധാനമന്ത്രി ഇന്ത്യയില്‍ ഉണ്ടായിട്ടില്ല. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെക്കൊണ്ട് റെയ്ഡ് നടത്തിച്ച് പ്രതിപക്ഷ നേതാക്കളെ ഭീഷണിപ്പെടുത്തുന്ന വൃത്തികെട്ട നടപടികളാണ് മോദി-അമിത് ഷാ കൂട്ടുകെട്ട് നടത്തിപ്പോന്നത്. അതിലൂടെ പാര്‍ട്ടികള്‍ പിളര്‍ത്തി തെരഞ്ഞെടുപ്പുകള്‍ ജയിച്ചു. സര്‍ക്കാര്‍ ഏജന്‍സികളെ ഉപയോഗിച്ച് പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ ബി.ജെ.പി സര്‍ക്കാര്‍ വേട്ടയാടുകയാണെന്ന് 2019-ല്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ആരോപിച്ച മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന അശോക് ചവാന്‍ 2024 ഫെബ്രുവരിയില്‍ ബി.ജെ.പിയില്‍ ചേരുന്നതാണ് കണ്ടത്. തനിക്കെതിരെയും അന്വേഷണം നീളുമെന്നും അത് ജയില്‍വാസത്തിലാണ് കലാശിക്കുകയെന്നും ബോധ്യപ്പെട്ടതോടെയാണ് ചവാന്റെ കൂറുമാറ്റം.

ഫാദർ സ്റ്റാൻ സ്വാമി

ബി.ജെ.പിയില്‍ ചേര്‍ന്ന പ്രതിപക്ഷ നേതാക്കളെ സംബന്ധിച്ച് 2024 ഏപ്രില്‍ നാലിന് ഇന്ത്യന്‍ എക്‌സ്പ്രസ് അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. 2014-നുശേഷം ബി.ജെ.പിയില്‍ ചേര്‍ന്ന 25 പ്രതിപക്ഷ നേതാക്കളുടെ അഴിമതിക്കേസുകളില്‍ മൂന്നെണ്ണം റദ്ദാക്കുകയും 20 കേസുകളില്‍ അന്വേഷണം മരവിപ്പിക്കുകയുമുണ്ടായി. കോണ്‍ഗ്രസില്‍നിന്ന് പത്തും എന്‍.സി.പി, ശിവസേന പാര്‍ട്ടികളില്‍നിന്ന് നാലു വീതവും ടി.എം.സിയില്‍നിന്ന് മൂന്നും ടി.ഡി.പിയില്‍നിന്ന് രണ്ടും എസ്.പി, വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്നിവയില്‍നിന്ന് ഓരോരുത്തരുമാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. ഇവരില്‍ ആറു പേര്‍ ഈ വര്‍ഷമാണ് ഇ.ഡിപ്പേടിയില്‍ സംഘ് പരിവാരത്തിന്റെ ഭാഗമായത്. 2022-ല്‍ ശിവസേനയില്‍ കലാപമുണ്ടാക്കി പാര്‍ട്ടി പിളര്‍ത്തി ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തില്‍ മഹാരാഷ്ട്രയില്‍ ബി.ജെ.പി പുതിയ സര്‍ക്കാര്‍ ഉണ്ടാക്കി. ഒരു വര്‍ഷം പിന്നിടുമ്പോഴേക്ക് എന്‍.സി.പി നേതാക്കളായ അജിത് പവാര്‍, പ്രഫുല്‍ പട്ടേല്‍ തുടങ്ങിയവരും ബി.ജെ.പി നിര്‍ദേശത്തെ തുടര്‍ന്ന് പാര്‍ട്ടിയില്‍ വിള്ളലുണ്ടാക്കി എന്‍.ഡി.എ മുന്നണിയുടെ ഭാഗമായതോടെ ഇവരുടെ പേരിലുള്ള അഴിമതികള്‍ ആവിയായി. വാഷിംഗ് മെഷിനില്‍ അലക്കുന്നതു പോലെയാണ് ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ അഴിമതിക്കറകള്‍ മാഞ്ഞുപോകുന്നതെന്ന് കോണ്‍ഗ്രസ് ഇതിനെ പരിഹസിക്കുകയും ചെയ്തു.

മിണ്ടിയാല്‍ യു.എ.പി.എയും ജയിലും

ആറ് മൗലികാവകാശങ്ങളാണ് ഇന്ത്യന്‍ ഭരണഘടന പൗരന് അനുവദിച്ചിരിക്കുന്നത്. സമത്വം (അനുഛേദം 14-18), വ്യക്തി സ്വാതന്ത്ര്യം (19-22) ചൂഷണത്തിന് എതിരായ അവകാശം (23-24), മത സ്വാതന്ത്ര്യം (25-28), സാംസ്‌കാരികവും വിദ്യാഭ്യാസപരവുമായ അവകാശം (29-30), ഭരണഘടനാപരമായ പരിഹാരങ്ങള്‍ക്കുള്ള അവകാശം (29-30) എന്നിവ. മേല്‍പറഞ്ഞ മൗലികാവകാശങ്ങള്‍ പച്ചയായി ഹനിക്കപ്പെട്ടതും കഴിഞ്ഞ പത്തു വര്‍ഷത്തെ മോദി ഭരണത്തിലാണ്. മോദിയുടെ അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ ഭീകര മുഖമാണ് യു.എ.പി.എ എന്ന കരിനിയമത്തിന്റെ പ്രയോഗം. കോണ്‍ഗ്രസാണ് നിയമം ചുട്ടെടുത്തതെങ്കിലും, തന്നെയും ഭരണകൂടത്തെയും വിമര്‍ശിക്കുന്നവര്‍ക്കുള്ള ചാട്ടവാറായി അതിനെ മാറ്റിയത് മോദിയാണ്. 2016-നും 2020-നുമിടയില്‍ ചാര്‍ജ് ചെയ്യപ്പെട്ട 97.5 ശതമാനം യു.എ.പി.എ കേസുകളിലും വിചാരണ നടത്താതെ ആരോപിതരെ ജയിലുകളില്‍ പീഡിപ്പിക്കുകയായിരുന്നു. 2022-ല്‍ രാജ്യസഭയില്‍ സര്‍ക്കാര്‍ തന്നെയാണ് ഇക്കാര്യം സമ്മതിച്ചത്. 5027 കേസുകളില്‍ ജയിലുകളില്‍ അടക്കപ്പെട്ട 24,134 തടവുകാരില്‍ 212 പേര്‍ മാത്രമാണ് ശിക്ഷിക്കപ്പെട്ടത്. 386 പേരെ കുറ്റക്കാരല്ലെന്നു കണ്ട് വെറുതെ വിട്ടു. ഗുജറാത്ത് വംശഹത്യയില്‍ നരേന്ദ്ര മോദിക്കെതിരെ മൊഴി നല്‍കിയ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ കെട്ടിച്ചമച്ച കേസുകളിലൂടെ ഭരണകൂടം വേട്ടയാടുന്നത് തുടരുകയാണ്. പൗരത്വ സമരത്തിനെതിരെ പ്രസംഗിച്ചതിന്റെ പേരില്‍ ദേശദ്രോഹം, യു.എ.പി.എ തുടങ്ങിയ ഗുരുതരമായ വകുപ്പുകള്‍ ചുമത്തിയാണ് മുസ്‌ലിം യുവാക്കളെ ജയിലില്‍ തള്ളിയത്. അക്കൂട്ടത്തില്‍ പ്രത്യേകം പരാമര്‍ശിക്കേണ്ടവരാണ് ശര്‍ജീല്‍ ഇമാമും ഉമര്‍ ഖാലിദും.

ആനന്ദ് തെൽതുംബ്ദെ

രാജ്യത്തെ ഏറ്റവും പ്രായമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകനെ നിഷ്ഠുരമായി പീഡിപ്പിച്ച് കൊന്നുതള്ളിയ മോശമായ റെക്കോര്‍ഡും മോദിക്കുണ്ട്. കത്തോലിക്കാ പുരോഹിതന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമി ഭീകരമായ മനുഷ്യാവകാശ വേട്ടയില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഭീമ കൊറേഗാവ് സംഭവത്തില്‍ 2020 ഒക്ടോബറില്‍ യു.എ.പി.എ ചുമത്തപ്പെട്ട പാര്‍ക്കിന്‍സന്‍ രോഗിയായ സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ നിരവധി തവണ കോടതി തള്ളി. 2021 ജൂലൈയില്‍ അദ്ദേഹം മരണപ്പെട്ടു. ഭീമ കൊറേഗാവ് കേസില്‍ രാജ്യദ്രോ ഹ കുറ്റം ചുമത്തി നിരവധി പൗരാവകാശ പ്രവര്‍ത്തകരെ ജയിലിലടച്ചിട്ടുണ്ട്. പ്രഫ. ജി.എന്‍ സായിബാബ, വരവര റാവു, അസമിലെ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ഹിരെന്‍ ഗോഹയിന്‍, ദലിത് ബുദ്ധിജീവി ആനന്ദ് തെൽതുംബ്ദെ എന്നിവര്‍ അവരില്‍ ചിലരാണ്. മുംബൈ ഹൈക്കോടതി കേസ് തള്ളിയെങ്കിലും കേന്ദ്രം വീണ്ടും സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചുവെന്ന കുറ്റമാണ് വരവര റാവുവിനു മേല്‍ ചുമത്തിയത്!

ഹേമന്ത് സോറൻ

ഭരണഘടനയുടെ 14, 21 വകുപ്പുകള്‍ ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങള്‍ കാറ്റില്‍ പറത്തി ബി.ജെ.പി ഭരണകൂടം തടവിലാക്കിയ രാഷ്ട്രീയ പ്രവര്‍ത്തകരെയും പണ്ഡിതരെയും മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബുദ്ധിജീവികളും മനുഷ്യാവകാശ പ്രവര്‍ത്തകരുമായ റൊമീള ഥാപ്പര്‍, ദേവകി ജെയിന്‍, സതീശ് ദേശ്പാണ്ഡെ, പ്രഭാത് പട്‌നായിക്, മജ ദാറുവാല എന്നിവര്‍ 2018 ആഗസ്റ്റില്‍ സുപ്രീം കോടതിയെ സമീപിക്കുകയുണ്ടായി. പരാതി കോടതി അംഗീകരിച്ചില്ല. നീതിപീഠത്തിന്റെ ഭാഗത്തുനിന്നുള്ള തലോടല്‍ കൂടുതല്‍ മനുഷ്യാവകാശ പോരാളികളെ അറസ്റ്റ് ചെയ്ത് യു.എ.പി.എ ചുമത്തി ജയിലിലടക്കാന്‍ സംഘ് പരിവാര്‍ ഭരണകൂടത്തിന് പ്രചോദനമായി. 2020 ജൂലൈയില്‍ ദല്‍ഹി സര്‍വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം പ്രഫസര്‍ ഹാനി ബാബുവിനെയും എന്‍.ഐ.എ അറസ്റ്റ് ചെയ്യുകയുണ്ടായി. ജി.എന്‍ സായിബാബയുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന കമ്മിറ്റിയിലെ അംഗമായിരുന്ന ഹാനി ബാബു നയിച്ചത്.

മാധ്യമ സ്വാതന്ത്ര്യമെന്ന തമാശ

'പ്രതികരണശേഷിയുള്ള ഒരു സമൂഹമുള്ളതു കൊണ്ടാണ് ഇന്ത്യയെപ്പോലുള്ള ജനാധിപത്യ രാജ്യങ്ങള്‍ മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നത്. ഇക്കാര്യത്തില്‍ രാജ്യത്തെ മാധ്യമങ്ങള്‍ സുപ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യം ഇല്ലെന്ന പ്രചാരണം കെട്ടിച്ചമച്ചതും ദുരൂഹവുമാണ്…' പൊതു തെരഞ്ഞെടുപ്പിനു തൊട്ടു മുമ്പ് ഏപ്രിലില്‍ അമേരിക്കയിലെ ന്യൂസ് വീക്ക് വാരികക്ക് നല്‍കിയ അഭിമുഖത്തില്‍ മോദി പറഞ്ഞതാണിത്. പത്തു വര്‍ഷത്തെ ഭരണത്തിനിടയില്‍ മാധ്യമങ്ങളില്‍നിന്ന് ഓടിയൊളിച്ച പാരമ്പര്യമുള്ള മോദി അവസാന ഘട്ടത്തില്‍ തന്റെ ഇഷ്ട മാധ്യമങ്ങള്‍ക്ക് നല്‍കിയ സ്‌റ്റേജ്ഡ് ഇന്റര്‍വ്യൂവിന്റെ വിദേശ പതിപ്പ് മാത്രമായിരുന്നു ന്യൂസ് വീക്ക് അഭിമുഖം. പ്രധാന മന്ത്രിയുടെ ഓഫീസില്‍നിന്നുള്ള പത്രക്കുറിപ്പെന്നതിലപ്പുറം മുസ്‌ലിംകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന വെല്ലുവിളികള്‍, പശുവിന്റെ പേരിലുള്ള കൊലകള്‍, മണിപ്പൂരിലെ ക്രിസ്ത്യന്‍ വിരുദ്ധ വര്‍ഗീയ കലാപങ്ങള്‍, കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ തുടങ്ങിയ സുപ്രധാന പ്രശ്‌നങ്ങളൊന്നും പരാമര്‍ശിച്ചിരുന്നില്ല. തന്റെ കീഴിലുള്ള 'പുരോഗമന ഇന്ത്യ'യില്‍ മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങള്‍ ഏറെ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്ന മോദിയുടെ പച്ച നുണ അപ്പടി വിഴുങ്ങുക കൂടിയായിരുന്നു ന്യൂസ് വീക്ക്.
2007-ല്‍ മാധ്യമ പ്രവര്‍ത്തകന്‍ കരൺ ഥാപ്പര്‍ സി.എന്‍.എന്‍-ഐ.ബി.എന്നിനു വേണ്ടി മോദിയെ നിര്‍ത്തിപ്പൊരിച്ച ഗുജറാത്ത് വംശഹത്യ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് സമാനമായത് അതിനുശേഷം ആര്‍ക്കും ചോദിക്കാന്‍ കഴിഞ്ഞിട്ടില്ല. ഥാപ്പറുടെ അഭിമുഖം നാലു മിനിറ്റ് പോലും തികയ്ക്കാതെ ഇറങ്ങിപ്പോയ മോദിക്ക് അതിനുശേഷം ഇന്നോളം റിയല്‍ ജേര്‍ണലിസ്റ്റുകളെ നേരിടാനുള്ള ത്രാണിയുണ്ടായിട്ടില്ല. ഇന്ത്യയില്‍ മത ന്യൂനപക്ഷങ്ങള്‍ നേരിടുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് കഴിഞ്ഞ വര്‍ഷം വൈറ്റ് ഹൗസില്‍ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ടര്‍ സബ്രീന സിദ്ദീഖി ഉന്നയിച്ച ചോദ്യത്തിന് നേര്‍ക്കുനേര്‍ മറുപടി നല്‍കാതെ രാജ്യത്തിന്റെ ജനാധിപത്യ പൈതൃകത്തെക്കുറിച്ച് ലക്ചറടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച മോദിയെ നമ്മള്‍ മറന്നിട്ടില്ല.
2002-ലെ ഗുജറാത്ത് വംശഹത്യയില്‍ മോദിയുടെ പങ്ക് വെളിപ്പെടുത്തുന്ന ബി.ബി.സി ഡോക്യുമെന്ററി (India: The Modi Question) നിരോധിച്ചവരാണ് അടിയന്തരാവസ്ഥയില്‍ ഇന്ദിരാ ഗാന്ധി പത്രങ്ങളുടെ വായ മൂടിക്കെട്ടിയതിനെ അപലപിക്കുന്നത്. ഇതിന്റെ പേരില്‍ 2023 ഫെബ്രുവരിയില്‍ ബി.ബി.സിയുടെ ഓഫീസുകള്‍ റെയ്ഡ് ചെയ്യുകയുണ്ടായി.
2018-ഓടെ ഇന്ത്യ ഇലക്ടറല്‍ ഓട്ടോക്രസി (തെരഞ്ഞെടുക്കപ്പെട്ട സ്വേഛാധിപത്യം) യിലേക്ക് വീണെന്നും പത്ത് ഏകാധിപത്യ രാജ്യങ്ങളുടെ കൂട്ടത്തിലാണ് മോദിയുടെ കീഴില്‍ ഇന്ത്യയുടെ സ്ഥാനമെന്നും സ്വീഡനിലെ വി-ഡെം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നത് ഇക്കഴിഞ്ഞ മാര്‍ച്ചിലാണ്. മോദി ഭരണത്തില്‍ സംഘ് പരിവാര്‍ നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളില്‍ 500 ശതമാനം വര്‍ധനവുണ്ടായെന്ന് 2018 ഏപ്രിലില്‍ കണക്കുകള്‍ ഉദ്ധരിച്ച് എൻ.ഡി ടി.വി റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. കമ്യൂണിസ്റ്റ് നേതാവ് ഗോവിന്ദ് പന്‍സാര, കന്നഡ ബുദ്ധിജീവി എം.എം കല്‍ബുര്‍ഗി, എഴുത്തുകാരനും സാമൂഹിക പ്രവര്‍ത്തകനുമായ നരേന്ദ്ര ദാഭോല്‍ക്കര്‍, മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് എന്നിവരെ വധിച്ചത് ഹിന്ദുത്വ തീവ്രവാദികളായിരുന്നു. ഓടുന്ന ട്രെയിനില്‍ ക്രൂരമായി കൊല്ലപ്പെട്ട പതിനാറുകാരന്‍ ഹാഫിസ് ജുനൈദ് മുതല്‍ ബീഫിന്റെ പേരില്‍ രക്തസാക്ഷികളാവേണ്ടി വന്ന ഡസന്‍ കണക്കിന് മുസ്‌ലിംകളും ഹിന്ദുത്വ ഏകാധിപത്യ ഭരണത്തിന്റെ ഇരകളായിരുന്നു. l

സത്യനിഷേധത്തിന്റെയും ജാഹിലിയ്യത്തിന്റെയും ഘനാന്ധകാരത്താല്‍ ഇരുള്‍മുറ്റിയ മണലാരണ്യത്തിന്റെ മധ്യത്തില്‍ ഒരു രാഷ്്ട്രം സ്ഥാപിക്കുന്നതില്‍ ഇസ്്‌ലാം കൈവരിച്ച വിജയം അനുപമവും അതുല്യവും വിസ്മയാവഹവുമായ നേട്ടമായിരുന്നു. എല്ലാ ദേശത്തു നിന്നും മുസ്്‌ലിംകളുടെ പ്രഘോഷണം മുഴങ്ങി: ''യസ്്രിബിലേക്ക് വരൂ.''

നാനാതരം പീഡന പര്‍വങ്ങളില്‍നിന്നും അവഹേളനങ്ങളില്‍നിന്നും പരിഹാസത്തില്‍നിന്നുമുള്ള മോചനം മാത്രമായിരുന്നില്ല ഹിജ്‌റ. നിര്‍ഭയത്വമുള്ള ഒരു രാജ്യത്ത് നവ സമൂഹത്തെ നിര്‍മിച്ചെടുക്കാനുള്ള കൂട്ടായ യത്‌നവും അനുപമ സഹകരണവുമായിരുന്നു അത്.

പുതിയ രാജ്യത്തിന്റെ നിര്‍മിതിയില്‍ കഴിവുള്ള ഓരോ മുസ്്‌ലിമും പങ്കുവഹിക്കേണ്ടത് നിര്‍ബന്ധ ബാധ്യതയായി. ആ രാഷ്ട്രത്തിന്റെ സുരക്ഷിതത്വവും ഭദ്രമായ നിലനില്‍പും ഉറപ്പാക്കുന്ന കഠിനാധ്വാനത്തില്‍ ഏര്‍പ്പെടാനും ആജ്ഞാപിക്കപ്പെട്ടു. ഹിജ്‌റക്ക് ശേഷം മദീന ഉപേക്ഷിച്ചു പോകുന്നത്, അല്ലാഹുവിനെയും അവന്റെ ദൂതനെയും സഹായിക്കുന്നതില്‍നിന്നും, സത്യത്തോടൊപ്പം നിലകൊള്ളേണ്ട കടമയില്‍നിന്നുമുള്ള പിന്മാറ്റമായി വിലയിരുത്തപ്പെട്ടു. കാരണം, ആ രാഷ്ട്രത്തെ ശക്തിപ്പെടുത്തേണ്ടത് ദീനിന്റെ നിലനില്‍പിന് അനിവാര്യമായിരുന്നു.

നമ്മുടെ ഈ കാലത്ത് തന്നെയുണ്ടായ ഇസ്രയേലിന്റെ പിറവി പഠിക്കുക. ആ സന്ദർഭത്തിൽ ആവേശഭരിതരായ ജൂതന്മാര്‍ അഭിവാദ്യമര്‍പ്പിച്ച് പരസ്പരം കെട്ടിപ്പുണര്‍ന്നു. നീണ്ട നൂറ്റാണ്ടുകള്‍ ലോകത്തിന്റെ പല ഭാഗത്തുമായി ചിതറി ജീവിച്ച അവര്‍ക്ക് ഒരു വംശീയ രാഷ്ട്രം സ്ഥാപിക്കാന്‍ സാധിച്ചിരിക്കുകയാണ്. ഈ രാജ്യം സ്ഥാപിക്കാനും നാനാ ദിക്കുകളില്‍നിന്നും ഇസ്രയേലില്‍ കുടിയേറിപ്പാര്‍ക്കാനും അവര്‍ കാണിച്ച ആവേശം നാം നിഷേധിക്കുന്നില്ല. എന്നാല്‍ ഇക്കാലത്തെ ജൂതന്മാര്‍ ചെയ്തതും, തടസ്സമില്ലാതെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ തുടരാനും രാഷ്ട്രം സ്ഥാപിക്കാനുമായി മുസ്്‌ലിംകള്‍ 'യസ് രിബി'ലേക്ക് ഹിജ്‌റ പോയതും തമ്മില്‍ വലിയ അന്തരമുണ്ട്.
അറബികളുടെ ഛിദ്രതയും അശ്രദ്ധയും ബലഹീനതയും മുതലെടുത്തുകൊണ്ടാണ് ജൂതന്മാര്‍ വന്നത്. ഇസ്്‌ലാമിനോടും മുസ്്‌ലിംകളോടും നിതാന്ത ശത്രുതയും പ്രതികാര വാഞ്ഛയും പുലര്‍ത്തുന്ന പാശ്ചാത്യ രാഷ്ട്രീയ ഭൂമികയില്‍ നിലയുറപ്പിച്ച് അവര്‍ ഗൂഢ തന്ത്രങ്ങള്‍ മെനഞ്ഞു. ലോകം മുഴുവന്‍ പണം കൊണ്ടും ആയുധം കൊണ്ടും സ്വാധീനം കൊണ്ടും ഫലസ്ത്വീനെ ആക്രമിക്കാനൊരുമ്പെട്ടു. വഞ്ചനയുടെയും കുടില തന്ത്രങ്ങളുടെയും അഗാധ ഗര്‍ത്തങ്ങളില്‍ ആപതിച്ചുപോയ ദശലക്ഷക്കണക്കിന് അറബികള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അറബ് രാജാക്കന്മാരാവട്ടെ പാവങ്ങളായ അറബ് ജനതയെ വഞ്ചിച്ചു കൊണ്ടുമിരുന്നു. ഒടുവില്‍ സംഭവിച്ചതോ? ജൂതന്മാരുടെ ഒരു വംശീയ രാഷ്ട്രം സ്ഥാപിതമായി. പുതിയ ജൂത രാഷ്ട്രത്തിലേക്ക് കുടിയേറാനുള്ള ആഹ്വാനം ലോകമെങ്ങും മുഴങ്ങി. നവ ജൂത രാഷ്ട്രത്തെ ആളും അര്‍ഥവും നല്‍കി പിന്തുണക്കാന്‍ ലോക രാഷ്ട്ര നായകന്മാര്‍ ഒരുമ്പെട്ടിറങ്ങി.
ഇനി മറ്റൊരു ചിത്രം: തങ്ങള്‍ക്കുള്ളതെല്ലാം അല്ലാഹുവിന് സമര്‍പ്പിച്ച ഒരു സംഘമാളുകള്‍. ഭൗതിക താല്‍പര്യങ്ങള്‍ക്ക് അവരുടെ ഹൃദയങ്ങളില്‍ അശേഷം ഇടമില്ലായിരുന്നു. തങ്ങളുടെ സമ്പത്തും സൗകര്യങ്ങളും അത്യുന്നതമായ ആദര്‍ശത്തിനു വേണ്ടി അവര്‍ ത്യജിച്ചു. തങ്ങള്‍ ആശ്ലേഷിച്ച ഉദാത്തമായ ആദര്‍ശത്തിന്റെ ഭാവിയിലാണ് തങ്ങളുടെ ഭദ്രമായ ഭാവിയും സുരക്ഷിത ജീവിതവും എന്നവര്‍ വിശ്വസിച്ചു. സമരത്തിനു വേണ്ടി ഉഴിഞ്ഞുവെച്ച ആ മഹാ മനുഷ്യനെ അവര്‍ അനുഗമിച്ചു. ആ മഹാരഥന്ന് പറയാനുണ്ടായിരുന്നത് ഒന്നു മാത്രം: ''നീ അവരോട് തീര്‍ത്ത് പറഞ്ഞേക്കുക: എന്റെ മാര്‍ഗം ഇതാകുന്നു. തികഞ്ഞ ഉള്‍ക്കാഴ്ച.യോടെ ഞാനും എന്നെ അനുഗമിച്ചവരും നിങ്ങളെ അല്ലാഹുവിങ്കലേക്ക് ക്ഷണിക്കുന്നു. അല്ലാഹു പരിശുദ്ധനാകുന്നു. ബഹുദൈവാരാധകരുമായി എനിക്ക് യാതൊരു ബന്ധവുമില്ല'' (യൂസുഫ് 108).

ആത്മജ്ഞാനികള്‍ പ്രേമിക്കുകയും ഹൃദയത്തിലിടം നല്‍കി ഓമനിക്കുകയും ഗ്രന്ഥങ്ങളുടെ താളുകളില്‍ പൂര്‍ണതയുടെ പരകോടി പ്രാപിച്ച മഹാനഗരമെന്ന് വാഴ്ത്തുകയും ചെയ്യുന്ന 'മദീന' ആദ്യകാല മുഹാജിറുകള്‍ നിര്‍മിച്ചതാണ്. ഔന്നത്യത്തിലും പ്രഭാ പ്രസരത്തിലും മലക്കുകളോട് കിടപിടിക്കുന്ന സൃഷ്ടി ശ്രേഷ്ഠരായി മനുഷ്യരെ മാറ്റാന്‍ ദൃഢവിശ്വാസത്തിനും ഈമാനിനും കഴിയുമെന്ന് അവര്‍ ലോകത്തിന് കാണിച്ചുകൊടുത്തു. മുസ്്‌ലിം സമൂഹം-പ്രവാചകന്റെ അനുമതിയോടെ- മക്കയില്‍നിന്നും മറ്റിടങ്ങളില്‍നിന്നും യസ് രിബില്‍ ഓടിയണഞ്ഞു. തികഞ്ഞ ആത്മവിശ്വാസവും ഭാവിയെക്കുറിച്ച ഉറച്ച ബോധ്യങ്ങളുമായിരുന്നു അവരുടെ കൈമുതല്‍.

സുഖ-സന്തോഷങ്ങളോടെ തന്റെ വീട്ടില്‍ സുരക്ഷിതനായി ജീവിക്കുന്ന ഒരു വ്യക്തി. അയാളുടെ നാട്ടിലെ മണ്ണില്‍ അയാളുടെ കുടുംബബന്ധങ്ങളുടെ വേരുകള്‍ ആഴ്ന്നിറങ്ങിയിരിക്കുന്നു. ആ താല്‍പര്യങ്ങളെല്ലാം കൈയൊഴിച്ചും സമ്പത്തും സൗകര്യങ്ങളുമെല്ലാം ത്യജിച്ചും കച്ചവടവും വ്യവഹാരവുമെല്ലാം ഉപേക്ഷിച്ചും രാജ്യം വിടാന്‍ നിര്‍ബന്ധിക്കപ്പെടുക. സര്‍വം വിട്ടെറിഞ്ഞു പോകുന്ന ആ യാത്രയില്‍ എന്തും സംഭവിക്കാം, കൊള്ളയടിക്കപ്പെടാം, കവര്‍ച്ചക്ക് വിധേയനാവാം, വഴിയില്‍ ജീവിതം തന്നെ ഒടുങ്ങിയെന്നും വരാം. അജ്ഞാതമായ ഭാവിയിലേക്കാണ് ആ യാത്ര. ഏതെല്ലാം സങ്കടക്കടലാണ് അയാള്‍ക്ക് നീന്തേണ്ടിവരിക? ഏതെല്ലാം ദുഃഖ പര്‍വങ്ങളാണ് താണ്ടേണ്ടിവരിക? ഇതൊരു വ്യക്തിയുടെ സാഹസിക സഞ്ചാരമാണെങ്കില്‍ ആളുകള്‍ തീര്‍ച്ചയായും പറയും: ''വിഡ്ഢിയായ സാഹസികന്‍. തന്റെ കുട്ടികളെയും കുടുംബത്തെയും കൂട്ടി നാടുനീളെ തെണ്ടുകയാണ്. എല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണോ ദുരിതക്കടല്‍ താണ്ടിയുള്ള ഈ യാത്ര?''
എന്നാല്‍ അവര്‍ക്കറിയില്ല, പര്‍വതത്തെക്കാള്‍ ഘനമുള്ളതും ശക്തവുമായ വിശ്വാസമാണ്, ഈമാനാണ് അയാളെ പ്രചോദിപ്പിക്കുന്നത്. അതൊരു ഭ്രാന്തമായ ആവേശമോ ഉന്മാദിയുടെ വിളയാട്ടമോ അല്ല. ആരിലുള്ള ഈമാന്‍ എന്നറിയാമോ? ആകാശങ്ങളെയും ഭൂമിയെയും അവക്കിടയിലുള്ളതിനെയുമെല്ലാം സൃഷ്ടിക്കുകയും സംവിധാനിക്കുകയും ചെയ്ത അല്ലാഹുവിലുള്ള ഈമാന്‍. ഈ വൈതരണികള്‍ മുറിച്ചുകടക്കാന്‍ ഒരു വിശ്വാസിക്കല്ലാതെ സാധിക്കില്ല. ഭീരുവും ചഞ്ചല ചിത്തനുമായ വ്യക്തിക്ക് അത് കഴിയില്ല. അത്തരക്കാരെക്കുറിച്ചാണ് ഖുർആൻ പറഞ്ഞത്: ''നിങ്ങള്‍ നിങ്ങളെത്തന്നെ നശിപ്പിക്കണമെന്നോ സ്വവസതികള്‍ വിട്ടുപോകണമെന്നോ നാം അവരോട് ആജ്ഞാപിച്ചിരുന്നുവെങ്കില്‍ അവരില്‍ കുറച്ചു പേര്‍ മാത്രമേ അപ്രകാരം പ്രവര്‍ത്തിക്കുമായിരുന്നുള്ളൂ'' (അന്നിസാഅ് 66).

ആരവങ്ങള്‍ അടങ്ങിയ മക്ക

എന്നാല്‍ മക്കയില്‍ മുഹമ്മദിന് ചുറ്റും കൂടിയ, മുഹമ്മദില്‍നിന്ന് വിശ്വാസത്തിന്റെ വെളിച്ചം കൊളുത്തിയെടുത്ത ആ മഹദ് വ്യക്തിത്വങ്ങള്‍, 'ഇസ്്‌ലാമിന് ഭദ്രമായ ഭാവിയും നിങ്ങള്‍ക്ക് സുരക്ഷിത ജീവിതവും പ്രദാനം ചെയ്യുന്നിടത്തേക്ക് പ്രയാണം ചെയ്യൂ' എന്ന ആഹ്വാനം കേട്ട മാത്രയില്‍ യാത്രയാരംഭിച്ചു.
ജനനിബിഡമായിരുന്ന മക്കയിലെ വസതികള്‍ ആളൊഴിഞ്ഞും, ജനം ഇരമ്പിയാര്‍ത്ത മക്കയിലെ തെരുവീഥികളും കടകളും വിജനമായി കിടക്കുന്നതുമാണ് പിന്നെ മുശ് രിക്കുകള്‍ കണ്ടത്. ഉത്ബയും അബ്ബാസും അബൂജഹ് ലും പൂട്ടിക്കിടന്ന ആമിറുബ്‌നു റബീഅയുടെ വസതിക്ക് മുന്നിലൂടെ കടന്നുപോയി. ഗൃഹനായകനും അയാളുടെ ഭാര്യയും അന്ധനായ സഹോദരനും എല്ലാം സ്ഥലം വിട്ടിരിക്കുന്നു. ആള്‍ പാര്‍പ്പില്ലാതെ നിലത്ത് വീണുകിടക്കുന്ന വാതിലിന്റെ പഴുതിലൂടെ വീശിയടിച്ച കാറ്റിന്റെ മര്‍മരം കേട്ട ഉത്ബത്: 'ഒരുകാലത്ത് ശാന്തി കളിയാടിയ ഏത് വീടും ദുരന്തവും നാശവും ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടതാണ്. ആളൊഴിഞ്ഞു. അരങ്ങൊഴിഞ്ഞു.'
അബൂജഹ് ല്‍ അബ്ബാസിനോട്: 'നിങ്ങളുടെ സഹോദര പുത്രന്റെ പണിയാണിത്. നമ്മുടെ സംഘശക്തി അവന്‍ തകര്‍ത്തു. ബന്ധങ്ങള്‍ ഛിന്നഭിന്നമാക്കി. കുടുംബത്തിന്റെ കണ്ണികള്‍ അവന്‍ അറുത്തുമാറ്റി.' താഗൂത്തുകളുടെ രൗദ്ര ഭാവം, ഇത് പറയുമ്പോള്‍ അബൂജഹ് ലിന്റെ മുഖത്ത് കാണാമായിരുന്നു.
അവര്‍ കുറ്റങ്ങളെല്ലാം ചെയ്ത്, പാപഭാരം മറ്റുള്ളവരുടെ ചുമലില്‍ ചാര്‍ത്തുന്നു. മര്‍ദിതരെ അടക്കി ഭരിക്കുന്നു. അവര്‍ വഴങ്ങാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍, ആദര്‍ശധീരരായ ആ വിശ്വാസികളാണ് സര്‍വ കുഴപ്പങ്ങള്‍ക്കും കാരണമെന്ന് ആരോപിക്കുന്നു. അബൂ സലമയും ഭാര്യയും അവരുടെ കുഞ്ഞും മുഹാജിറുകളുടെ ആദ്യ സംഘത്തില്‍ ഉണ്ടായിരുന്നു. അവര്‍ പുറപ്പെടാന്‍ ഒരുങ്ങിയപ്പോള്‍ ഭാര്യാ ബന്ധുക്കള്‍ അബൂ സലമയോട്: 'നീ ഞങ്ങളെ തോല്‍പിച്ചു കടന്നുകളയുകയാണല്ലേ? നിന്റെ ഭാര്യ ഉമ്മു സലമ. എന്തു കണ്ടിട്ടാണ് മക്ക വിട്ടുപോകാന്‍ ഞങ്ങള്‍ അവളെ അനുവദിക്കേണ്ടത്?' ഭാര്യയെ ബലാല്‍ക്കാരം അവര്‍ പിടിച്ചുകൊണ്ടുപോയി. അബൂ സലമയുടെ ഗോത്രവും രോഷാകുലരായെത്തി. 'ഞങ്ങളുടെ ഈ കുഞ്ഞിനെ ഇനി ഇവളോടൊപ്പം വിടുന്ന പ്രശ്‌നമില്ല. അവളെ സ്വഭര്‍ത്താവില്‍നിന്നും തട്ടിയെടുത്തുവല്ലോ നിങ്ങള്‍?' കുഞ്ഞിന് വേണ്ടി പിടിവലി കൂടിയ അവര്‍ ആ ഇളം പൈതലിനെയും കൊണ്ടുപോയി. അബൂ സലമ തനിച്ച് മദീനയിലേക്ക് യാത്ര തിരിച്ചു. ഭാര്യ ഉമ്മു സലമയാവട്ടെ- ഭര്‍ത്താവിന്റെയും കുഞ്ഞിന്റെയും വേര്‍പാടിന് ശേഷം- എല്ലാ ഓരോ പ്രഭാതത്തിലും അബ്‌തഹിലെത്തി വിദൂരതയിലേക്ക് കണ്ണ് നട്ട് സന്ധ്യയാവോളം ഇരുന്ന് കരയും. ഭര്‍ത്താവും കുഞ്ഞും നഷ്ടപ്പെട്ട ഉമ്മു സലമയുടെ കരള്‍ പിളര്‍ക്കുന്ന ഈ പതിവ് ഒരു വര്‍ഷത്തോളം തുടര്‍ന്നു. ആര്‍ദ്രത വറ്റിയിട്ടില്ലാത്ത അവരുടെ ഒരു കുടുംബാംഗം: 'ഈ പാവം സ്ത്രീയെ മദീനയിലേക്ക് പോകാന്‍ അനുവദിച്ചുകൂടേ നിങ്ങള്‍ക്ക്? അവരുടെ ഭര്‍ത്താവിനെയും കുഞ്ഞിനെയും നിങ്ങള്‍ അവരില്‍നിന്ന് വേര്‍പ്പെടുത്തി. മതിയായില്ലേ നിങ്ങള്‍ക്ക്?'

അവര്‍ ഉമ്മു സലമയോട്: 'നിങ്ങള്‍ക്ക് വേണമെങ്കില്‍ ഭര്‍ത്താവിനോടൊപ്പം ചേരാം.' കുഞ്ഞിനെ അബൂ സലമയുടെ കുടുംബത്തില്‍നിന്ന് അവര്‍ തിരികെ വാങ്ങി അവര്‍ക്ക് നല്‍കി. അവര്‍ മദീനയിലേക്ക് യാത്ര തിരിച്ചു.
റോമക്കാരനായ സുഹൈബ് ഹിജ്‌റക്ക് ഒരുങ്ങിയപ്പോള്‍ മക്കയിലെ ഖുറൈശികൾ പറഞ്ഞു: 'നീ ഞങ്ങളുടെ അടുത്ത് വരുമ്പോള്‍ ദരിദ്രനായിരുന്നു, ഒരു മേല്‍ഗതിയുമില്ലാത്ത നിസ്വനായിരുന്നു. പിന്നീട് ഇവിടെയെത്തി നീ വലിയ സമ്പന്നനായി. ഈ കാണുന്ന മുതലൊക്കെയും നീ വാരിക്കൂട്ടി. ഈ സ്വത്തും മുതലുമായി നീ മദീനയിലേക്ക് പലായനം ചെയ്യാന്‍ മുതിരുകയാണോ? നടക്കില്ല മോനേ, നടക്കില്ല.'

സുഹൈബ്: 'എന്റെ സമ്പത്തെല്ലാം നിങ്ങള്‍ക്ക് തന്നാല്‍ നിങ്ങള്‍ എന്നെ പോകാന്‍ സമ്മതിക്കുമോ?'
ഖുറൈശിക്കൂട്ടം: 'തീര്‍ച്ചയായും.'
സുഹൈബ്: 'എന്നാല്‍ എന്റെ സമ്പത്തെല്ലാം നിങ്ങള്‍ എടുത്ത് അനുഭവിച്ചുകൊള്ളൂ. അവ ഞാന്‍ ഇവിടെ വിട്ടേച്ചുപോവുകയാണ്.'
ഈ വിവരമറിഞ്ഞ റസൂല്‍: 'സുഹൈബ് ലാഭം കൊയ്തു' (സീറത്തു ഇബ്‌നി ഹിശാം).
ഇങ്ങനെ മുഹാജിറുകള്‍ ഒറ്റക്കും കൂട്ടമായും മക്കയോട് വിട ചൊല്ലി. അതോടെ മക്ക മുസ്്‌ലിം മുക്തമായി. ഇസ്്‌ലാമിന് അഭയം അരുളുന്ന ഒരു ഗേഹം അങ്ങ് യസ് രിബില്‍ ഉണ്ടായിക്കഴിഞ്ഞിട്ടുണ്ടെന്ന് ബഹുദൈവാരാധകര്‍ക്ക് ബോധ്യമായി. മുഹമ്മദിന്റെ പ്രബോധനം തങ്ങള്‍ക്കുണ്ടാക്കുന്ന അപകടങ്ങള്‍ മണത്തറിഞ്ഞ അവരുടെ ഉള്ളം ചകിതമായി. ആശങ്കാകുലരായി അവര്‍ നാളുകള്‍ തള്ളിനീക്കി. സ്വന്തം ജീവന്റെ ഭാവിയില്‍ ഉത്കണ്ഠ പേറുന്ന ഹിംസ്ര ജന്തുവിന്റെ രോഷമായിരുന്നു അവരുടെ മനസ്സില്‍. അവരുടെ സിരകളില്‍ പ്രതികാര രക്തമൊഴി.
മുഹമ്മദ് മക്കയില്‍ തന്നെയായിരുന്നു. ഇന്നല്ലെങ്കില്‍ നാളെ മുഹമ്മദിനും തന്റെ അനുചരന്മാരോടൊപ്പം കൂടിയേ തീരൂ. അദ്ദേഹം അല്ലാഹുവിന്റെ അനുമതിക്ക് കാതോര്‍ത്ത് കഴിഞ്ഞു. l
(തുടരും)
(പ്രശസ്ത ചിന്തകനും പണ്ഡിതനുമായ ശൈഖ് മുഹമ്മദുല്‍ ഗസാലിയുടെ ഫിഖ്ഹുസ്സീറഃ എന്ന ഗ്രന്ഥത്തില്‍നിന്ന്).
വിവ: പി.കെ ജമാല്‍

'സകാത്ത് മുതലുകള്‍ അതിന്റെ അവകാശികളുടെ ആവശ്യങ്ങള്‍ നിവർത്തിക്കുന്നതിന് വേണ്ടി ചെലവഴിക്കുക, സ്ഥാപനത്തിന്റെ ഭരണപരമായ ചെലവുകള്‍ക്ക് വേണ്ടിയും ഇതര ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയും വിനിയോഗിക്കുക' എന്ന വിഷയത്തെക്കുറിച്ചുള്ള ശര്‍ഈ വിധി (ഫത് വ) ചോദിച്ചുകൊണ്ടുള്ള ഒരന്വേഷണം കേരളത്തിലെ സകാത്ത് ഹൗസ് എന്ന സ്ഥാപനത്തില്‍നിന്ന് ലഭിക്കുകയുണ്ടായി. അതില്‍ പറയുന്നു:
'ഇന്ത്യയിലെ കേരള സംസ്ഥാനത്തില്‍ ഔദ്യോഗിക അംഗീകാരമുള്ളതും എന്നാല്‍ ഗവണ്‍മെന്റില്‍നിന്ന് ഒരു സഹായവും സ്വീകരിക്കാത്തതുമായ പ്രൈവറ്റ് സ്ഥാപനമാണ് ഞങ്ങളുടേത്. ഭവന നിര്‍മാണം, ചികിത്സ, വിദ്യാഭ്യാസം, ഋണബാധിതര്‍ക്കുള്ള സഹായം, വയോവൃദ്ധര്‍ക്ക് നല്‍കുന്ന സഹായം, കുടിവെള്ള പദ്ധതികള്‍ തുടങ്ങിയ സകാത്തിന്റെ അവകാശികളിലാണ് സകാത്ത് വിനിയോഗിക്കുന്നത്. വരുമാനത്തില്‍നിന്നുള്ള 5% ഓഫീസ് ചെലവുകള്‍, ഉദ്യോഗസ്ഥരുടെ ശമ്പളം, ലഘുലേഖ പ്രസിദ്ധീകരണം, പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ക്കും ചെലവഴിക്കുന്നു. മേല്‍പറഞ്ഞ ആവശ്യങ്ങള്‍ക്ക് സകാത്ത് മുതല്‍ വിനിയോഗിക്കുന്നതിന്റെ സാധ്യതയെക്കുറിച്ച് അങ്ങയുടെ അഭിപ്രായമറിയാന്‍ താല്‍പര്യമുണ്ട്.'
മറുപടി:
1) സകാത്ത് ആര്‍ക്കെല്ലാമാണ് വിതരണം ചെയ്യുകയെന്ന് വിശുദ്ധ ഖുര്‍ആന്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എട്ടു ഇനങ്ങളിലാണ് അതിനെ പരിമിതപ്പെടുത്തിയിരിക്കുന്നത്.
إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللَّهِ وَابْنِ السَّبِيلِۖ فَرِيضَةً مِّنَ اللَّهِۗ وَاللَّهُ عَلِيمٌ حَكِيمٌ
''സകാത്ത് മുതലുകള്‍ പാവങ്ങള്‍, അഗതികള്‍, സകാത്തു ജോലിക്കാര്‍, മനസ്സുകള്‍ ഇണക്കപ്പെടേണ്ടവര്‍ എന്നിവര്‍ക്കും, അടിമത്ത മോചനത്തിനും കടക്കാരെ സഹായിക്കുന്നതിനും ദൈവിക മാര്‍ഗത്തിലും സഞ്ചാരികളെ സേവിക്കുന്നതിലും മാത്രമാണ് വിനിയോഗിക്കേണ്ടത്. ഇത് അല്ലാഹു നിര്‍ദേശിച്ച ഒരു നിര്‍ബന്ധ ബാധ്യതയാണ്. അല്ലാഹു സകലതും അറിയുന്നവനും യുക്തിമാനുമല്ലോ'' (അത്തൗബ 60).

ഈ സൂക്തത്തില്‍ പറഞ്ഞ അവകാശികളിൽ ഫഖീര്‍, മിസ്‌കീന്‍, കടക്കാര്‍, അടിമ മോചനം, വഴിയാത്രക്കാര്‍, ഹൃദയങ്ങള്‍ ഇണക്കപ്പെടേണ്ടവര്‍ എന്നിവരെപ്പോലെ വ്യക്തിപരമായ ആവശ്യക്കാരും, فِي سَبِيلِ اللَّهِ എന്ന പ്രയോഗത്തില്‍ പെടുന്ന പൊതു താല്‍പര്യങ്ങളും ഉൾപ്പെടും. الْعَامِلِينَ عَلَيْهَا എന്ന വകുപ്പിലാണ് ഓഫീസ് ചെലവുകൾ പെടുക. പൂര്‍വികരും ആധുനികരുമായ നല്ലൊരു വിഭാഗം സൂക്ഷ്മ ദൃക്കുകളായ പണ്ഡിതന്മാര്‍ ഈ അഭിപ്രായക്കാരാണ്. ഖാദി ഇയാദില്‍നിന്ന് ഇമാം നവവി ഉദ്ധരിക്കുന്നു: ചില പണ്ഡിതന്മാര്‍ 'സകാത്ത് പൊതു താല്‍പര്യങ്ങള്‍ക്ക് വേണ്ടിയും വിനിയോഗിക്കാം' (شرح مسلم) എന്ന് പറഞ്ഞിട്ടുണ്ട്. ഇമാം കാസാനി ഈ അഭിപ്രായത്തിനാണ് മുന്‍ഗണന നല്‍കുന്നത്.

2) ഖുര്‍ആനിലെ ചില പ്രയോഗങ്ങള്‍ സ്ഥലകാല മാറ്റങ്ങള്‍ക്കനുസരിച്ച് പുതിയ ഇജ്തിഹാദുകള്‍ക്കും സാധ്യത നല്‍കുന്നു എന്നത് അല്ലാഹു നല്‍കിയ അനുഗ്രഹമാണ്. ശരീഅത്തിന്റെ പൂര്‍ണതയും ശാശ്വതികതയും നൈരന്തര്യവും തന്മൂലം ഉറപ്പാകുന്നു. പണ്ഡിതന്മാരുടെ അഭിപ്രായത്തില്‍ മികച്ചു നില്‍ക്കുന്നത്, സകാത്ത് മുതലുകള്‍ അനാഥകള്‍, വിധവകള്‍ എന്നിവര്‍ക്കും നല്‍കാമെന്നാണ്. അവര്‍ ദരിദ്രരും അഗതികളുമാകണമെന്ന് മാത്രം. അഥവാ, അവരുടെ കൈയിലുള്ള ധനം (അനന്തരാവകാശമായി ലഭിച്ചതും അല്ലാത്തതും) വിദ്യാഭ്യാസം, വീട്, വസ്ത്രം, അനുയോജ്യമായ ഭക്ഷണം എന്നീ അടിസ്ഥാനാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പര്യാപ്തമല്ലെങ്കില്‍ അവരും ഖുര്‍ആന്‍ പ്രസ്താവിച്ച مصارف (ചെലവിനങ്ങൾ)ല്‍ ഉള്‍പ്പെടും. മാത്രമല്ല, ചിലപ്പോള്‍ അവര്‍ക്ക് നല്‍കുന്നതാകും മറ്റു സാധാരണ ദരിദ്രര്‍ക്ക് കൊടുക്കുന്നതിനെക്കാള്‍ പ്രതിഫലാര്‍ഹം. കാരണം, അവര്‍ പിഴച്ചു പോകാനും വഴിതെറ്റാനും കൂടുതല്‍ സാധ്യതയുണ്ട്.

3) വിശ്വാസ്യതയുള്ള ചാരിറ്റി സൊസൈറ്റികള്‍ മുഖേന സകാത്തിന്റെ ഒരു വിഹിതം നീക്കിവെക്കാവുന്നതാണ്. ഭവന നിര്‍മാണം, രോഗ ചികിത്സ, കുട്ടികളുടെ വിദ്യാഭ്യാസം, കടം വീട്ടല്‍, വയോവൃദ്ധര്‍ക്കുള്ള സഹായം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് അവ നീക്കിവെക്കാം. ഖുര്‍ആനില്‍ പറഞ്ഞ എട്ടു ഇനങ്ങളില്‍ ഇവര്‍ ഉള്‍പ്പെടും. അവര്‍ ഞെരുക്കക്കാരും കടക്കാരും രോഗികളും അധ്വാനിക്കാന്‍ കഴിയാത്തവരും തനിക്കാവശ്യമായത്ര വരുമാനമില്ലാത്തവരുമാണെങ്കില്‍, അവരുടെ ആവശ്യത്തിന്റെ തോതനുസരിച്ച് സകാത്തില്‍നിന്ന് കൊടുക്കാം. കാരണം, അവരുടെ ഇത്തരം ആവശ്യങ്ങള്‍ ഭക്ഷണം, വസ്ത്രം, പാനീയം പോലുള്ള ആവശ്യങ്ങളെക്കാള്‍ ഒട്ടും അപ്രധാനമല്ല.

സകാത്ത് നല്‍കപ്പെടുന്ന വ്യക്തികളെ സംബന്ധിച്ച് സൂക്ഷ്മമായി അന്വേഷിച്ചു ഉറപ്പുവരുത്തേണ്ടതുണ്ട്. അത് എല്ലാതരം അവകാശികള്‍ക്കും ബാധകമാണ്. നബി(സ)യുടെ അടുത്ത് ഒരാള്‍ വന്ന് എനിക്ക് സകാത്ത് തരുമോ എന്ന് ചോദിച്ചു. അപ്പോള്‍ നബിതിരുമേനിയുടെ മറുപടി: 'സകാത്ത് വിഷയത്തില്‍ ഒരു പ്രവാചകന്റെയോ മറ്റാരുടെയോ തീരുമാനം അല്ലാഹു ഇഷ്ടപ്പെട്ടിട്ടില്ല. അവന്‍ തന്നെയാണത് തീരുമാനിച്ചത്. അങ്ങനെ, അവന്‍ അത് എട്ട് ഇനമാക്കി തിരിച്ചിരിക്കുകയാണ്. അതില്‍ നീ പെടുകയാണെങ്കില്‍ ഞാന്‍ നിനക്ക് തരാം.'
അതിനാല്‍ തന്നെ, സകാത്ത് ധനികര്‍ക്കും ജോലി ചെയ്യാന്‍ കഴിവുള്ളവര്‍ക്കും നല്‍കരുതെന്ന് പണ്ഡിതന്മാര്‍ ഏകോപിച്ച് പറയുന്നുണ്ട്.

4) സകാത്ത് മുതലുകളിലെ ഒരു വിഹിതം വിശ്വസ്തതയുള്ള ചാരിറ്റി സൊസൈറ്റികള്‍ മുഖേന ദരിദ്രര്‍ക്കും മറ്റു ആവശ്യക്കാര്‍ക്കും പ്രയോജനപ്പെടുന്ന വിധം സേവന പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടി നീക്കിവെക്കാവുന്നതാണ്. കുടിവെള്ളത്തിനുവേണ്ടി കിണറുകള്‍ കുഴിക്കുക പോലുള്ള പ്രോജക്ടുകള്‍ ഉദാഹരണം. ഇത്തരം സേവനങ്ങള്‍ സകാത്തിന്റെ അവകാശികള്‍ക്ക് മാത്രമാകണം. മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന സേവനങ്ങളുടെ പ്രയോജനം സകാത്തിന്റെ അവകാശികള്‍ക്ക് ലഭിക്കുന്നതാകണം. അടിസ്ഥാന വസ്തു സകാത്തിന്റെ അവകാശികളുടെ ഉടമയില്‍ ബൈത്തുസ്സകാത്തിന്റെ മേല്‍നോട്ടത്തില്‍ ആയിരിക്കേണ്ടതാണ്.
5) ദഅ് വാ പ്രവര്‍ത്തനങ്ങള്‍ക്കും ബോധവല്‍ക്കരണങ്ങള്‍ക്കും വേണ്ടി ലഘുലേഖകള്‍ പ്രസിദ്ധീകരിക്കുക, പ്രഭാഷണങ്ങള്‍ സംഘടിപ്പിക്കുക എന്നിവക്കെല്ലാം സകാത്തില്‍നിന്ന് ഒരു വിഹിതം നീക്കിവെക്കാവുന്നതാണ്. 'ഫീ സബീലില്ലാ' (ദൈവമാര്‍ഗത്തില്‍) എന്നു പറഞ്ഞ സകാത്തിന്റെ അവകാശികളില്‍ അവ ഉള്‍പ്പെടും. എന്നാല്‍, ഈ പ്രവര്‍ത്തനങ്ങളെല്ലാം 'ദഅ്‌വ' ഉദ്ദേശ്യത്തോടെയായിരിക്കണം.
ഇമാം റാസി പറയുന്നു: 'ഫീ സബീലില്ലാ' എന്ന ദൈവവാക്യം യോദ്ധാക്കളില്‍ പരിമിതപ്പെടുത്തേണ്ടതില്ല. ഇമാം ഖഫ്ഫാല്‍ ചില കര്‍മശാസ്ത്ര പണ്ഡിതരെ ഉദ്ധരിച്ചുകൊണ്ട് പറയുന്നു: ''എല്ലാ നല്ല കാര്യങ്ങള്‍ക്കും സകാത്തുകള്‍ ചെലവഴിക്കുന്നത് പണ്ഡിതന്മാര്‍ അനുവദിച്ചിരിക്കുന്നു. മയ്യിത്ത് കഫന്‍ ചെയ്യുക, പാലങ്ങള്‍ നിര്‍മിക്കുക, പള്ളി പരിപാലിക്കുക എന്നിവയെല്ലാം അതില്‍ പെടും. കാരണം, 'ഫീ സബീലില്ലാ' എന്ന അല്ലാഹുവിന്റെ വാക്യം എല്ലാറ്റിനെയും ഉള്‍ക്കൊള്ളുന്നു.

ഇത്രയേറെ വിശാലമാക്കണമെന്ന് നമുക്കഭിപ്രായമില്ല. അതേസമയം, യോദ്ധാക്കളിൽ മാത്രം പരിമിതപ്പെടുത്തണമെന്നും നാം പറയുന്നില്ല. ഒരു മധ്യമ നിലപാടാണ് നാം സ്വീകരിക്കുന്നത്. അഥവാ, പ്രബോധനപരമായ എല്ലാ കാര്യങ്ങളെയും അത് ഉള്‍ക്കൊള്ളുന്നു. ലോക സകാത്ത് വേദി (الهيئة العالمية للزكاة) ചില സകാത്തുകള്‍ പള്ളികളുടെയും ഇസ് ലാമിക് സെന്ററുകളുടെയും നിര്‍മാണത്തിന് ഉപയോഗിക്കാം എന്ന് അനുവദിച്ചിട്ടുണ്ട്. ഇസ് ലാമിക് യൂനിവേഴ്‌സിറ്റികളുടെയും ദഅ്‌വാ പ്രോജക്ടുകളുടെയും ആവശ്യാര്‍ഥം ചില സകാത്തുകള്‍ ഉപയോഗപ്പെടുത്താമെന്നാണ് നമ്മുടെ അഭിപ്രായം.

എന്നാല്‍, എല്ലാ സന്ദര്‍ഭങ്ങളിലും വളരെ സൂക്ഷ്മത പാലിക്കേണ്ട ഒരു വിഷയമാണിത്. അത്യാവശ്യത്തിന് മാത്രമായിരിക്കണം, സകാത്ത് കൈകാര്യം ചെയ്യുന്നവര്‍ അതീവ സൂക്ഷ്മാലുക്കളാകണം, അവകാശികള്‍ക്കല്ലാതെ അത് വിനിയോഗിക്കരുത്.
6) ഓഫീസ് പ്രവര്‍ത്തനങ്ങള്‍, കെട്ടിട വാടക, ഉദ്യോഗസ്ഥരുടെ ശമ്പളം എന്നിവ സകാത്ത് ഫണ്ടില്‍നിന്ന് വിനിയോഗിക്കാവുന്നതാണ്. കാരണം, الْعَامِلِينَ عَلَيْهَا (സകാത്തിന്റെ പ്രവര്‍ത്തകര്‍) എന്ന് പറഞ്ഞതില്‍ അവര്‍ തീര്‍ച്ചയായും ഉള്‍പ്പെടും. എന്നാല്‍, ആവശ്യത്തിന്റെ തോതനുസരിച്ച് മാത്രമാകണം അത്. എന്റെ അഭിപ്രായത്തില്‍, ഓഫീസ് ആവശ്യങ്ങള്‍ക്കും സകാത്ത് പിരിക്കുന്നതിനും ചെലവഴിക്കുന്നതിനും വേണ്ട ചെലവുകള്‍ 12 ശതമാനത്തെക്കാള്‍ ഒരിക്കലും അധികരിക്കരുത് എന്നാണ് (അഥവാ എട്ടില്‍ ഒന്ന്). ഇതിലധികം സകാത്ത് ഫണ്ടില്‍നിന്നെടുക്കുന്നത് ശരിയല്ല.

നമ്മുടെ ഈ ഫണ്ട് ഫത് വ ആധുനിക അക്കാദമികളുടെയും സകാത്ത് വിഷയങ്ങള്‍ക്കായുള്ള ലോക പണ്ഡിത വേദി (الهيئة العالمية لقضايا الزكاة المعاصرة) യുടെ വിവിധ ഫത് വകളുടെയും അടിസ്ഥാനത്തിലാണ് (അവ തയാറാക്കുന്നതിലും അവയുടെ പ്രമേയങ്ങളും അഭിപ്രായങ്ങളും രൂപപ്പെടുത്തുന്നതിലും ഈയുള്ളവന്‍ പങ്കെടുത്തിട്ടുണ്ട്). l
വിവ: വി.കെ അലി

  • (ഡോ. യൂസുഫുല്‍ ഖറദാവി ലോക ഇസ് ലാമിക പണ്ഡിത വേദിയുടെ അധ്യക്ഷനായിരുന്ന കാലത്ത് ഡോ. അലി മുഹ് യിദ്ദീന്‍ ഖറദാഗി അതിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. ഖറദാവിയുടെ വിയോഗാനന്തരം ഇപ്പോള്‍ ഡോ. അലി ഖറദാഗിയാണ് പണ്ഡിത വേദിയുടെ അമരക്കാരന്‍. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവായ അദ്ദേഹം മുസ് ലിം ലോകത്ത് പൊതുസ്വീകാര്യതയുള്ള പണ്ഡിതന്മാരിലൊരാളാണ്).

ഖിലാഫത്ത് റാശിദയുടെ കാലത്ത് മാത്രം നില നിന്ന ഖിലാഫത്തിന്റെ സവിശേഷതയായിരുന്നു അത് വംശീയ പിന്തുടർച്ചയിൽ അധിഷ്ഠിതമായിരുന്നില്ല എന്നത് . ഖിലാഫത്ത് റാശിദയിലെ ഓരോ ഖലീഫയും കൂടിയാലോചനയിലൂടെ തെരഞ്ഞെടുക്കപ്പെട്ടവരായിരുന്നു എന്ന് പറഞ്ഞല്ലോ. അങ്ങനെ തെരഞ്ഞെടുക്കപ്പെട്ട നാല് ഖലീഫമാരും വ്യത്യസ്ത കുടുംബക്കാരായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കണം. അബൂബക്ർ സിദ്ദീഖ്, തൈമി കുടുംബക്കാരനാണെങ്കിൽ ഉമർ ഖത്വാബ് ബനൂ അദിയ്യ് കുടുംബക്കാരനായിരുന്നു. ഉസ് മാൻ ഉമവിയായിരുന്നുവെങ്കിൽ അലി ഹാശിമിയായിരുന്നു. വംശീയ പിന്തുടർച്ചയുടെ നേരിയ ലാഞ്ഛന പോലും ഈ തെരഞ്ഞെടുപ്പുകളിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഇസ് ലാമിക ഖിലാഫത്തിന്റെ സകല സവിശേഷതകളും ഖിലാഫത്തുർറാശിദയിൽ മാത്രമാണ് ഉണ്ടായത് എന്നു പറയാം. ഇസ് ലാമിക ഖിലാഫത്തിന്റെ സുവർണ കാലവും അതു തന്നെ. ഖിലാഫത്തുൻ അലാ മിൻഹാജിന്നുബുവ്വ (പ്രവാചക മാതൃകയിലുള്ള ഖിലാഫത്ത്) ആയതിനാൽ അതിനെ ഇസ് ലാമിക സമൂഹം സർവാത്മനാ അനുസരിക്കുകയും അവരുടെ നേതൃത്വത്തിൽ ഇസ് ലാമിന്റെ വ്യാപനത്തിനായി പരിശ്രമിക്കുകയും ചെയ്തു. മുകളിൽ സൂചിപ്പിച്ചതുപോലെ, അവരുടെ കാലത്ത് ആദർശമാനമുള്ള വിഭാഗീയ സംഘങ്ങൾ ഉയർന്നുവരികയോ ഭരണകൂട വിരുദ്ധമായ തീവ്രവാദ പ്രസ്ഥാനങ്ങൾ ശക്തിപ്പെടുകയോ ചെയ്തില്ല. ഭരണത്തിൽ അവർ ഉയർത്തിപ്പിടിച്ച നീതിബോധവും ഭരണ നിർവഹണത്തിൽ ദീക്ഷിച്ച കൂടിയാലോചനാ സംസ്കാരവും പിൽക്കാല ഖിലാഫത്തിനെ വിലയിരുത്താനുള്ള ഉരകല്ലായി മാറുകയും ചെയ്തു.

ഉമവികൾ തുടക്കം കുറിച്ച വംശീയ പിന്തുടർച്ചാ രീതി

ഖിലാഫത്തുർറാശിദയിൽനിന്നുള്ള വ്യതിചലനമായിരുന്നു എന്നതിൽ സംശയമില്ല. പിന്നീട് ഒരു തിരിച്ചു പോക്ക് അസാധ്യമായ ഈ വ്യതിചലനത്തിൽ ഖിലാഫത്തിന്റെ പല സവിശേഷതകളും അട്ടിമറിക്കപ്പെട്ടു. സ്വജന പക്ഷപാതമായിരുന്നു അതിൽ ഏറ്റവും വലിയ തിൻമ. ഇബ്നു ഖൽദൂൻ നിരീക്ഷിച്ചതു പോലെ, ഒരു ഭരണ സംവിധാനമോ നാഗരികതയോ നിലനിൽക്കണമെങ്കിൽ അസ്വബിയ്യ (സംഘബോധം) അനിവാര്യമാണ്. ഖിലാഫത്തുർറാശിദയിൽ ഈ സംഘബോധം ഇസ് ലാമികാദർശമായിരുന്നു. രാജവാഴ്ചയിൽ അത് ദുർബലമായപ്പോൾ പകരം വെക്കപ്പെട്ടത് ഗോത്രമോ കുടുംബമോ ആണ്. ഉമവി, അബ്ബാസി, ഉസ് മാനി ഖിലാഫത്തുകളിൽ അവരുടെ സംഘ ബോധത്തിന്റെ അടിത്തറ ഇസ് ലാമികാദർശത്തെക്കാൾ അവരവരുടെ കുടുംബമോ ഗോത്രമോ ആയിരുന്നു. ഈ സംഘബോധം നിലനിർത്തണമെങ്കിൽ വിഭവങ്ങളുടെയും അധികാരത്തിന്റെയും വിതരണത്തിൽ സ്വജന പക്ഷപാതം വേണ്ടിവരും. അത് ഇതര സമൂഹങ്ങളോടും ഗോത്രങ്ങളോടും അനീതി ചെയ്യാൻ ഭരണാധികാരികളെ നിർബന്ധിതരാക്കും. ഇത് സ്വാഭാവികമായും ജനങ്ങളിൽനിന്ന് പ്രതിഷേധം ക്ഷണിച്ചു വരുത്തും. ഖിലാഫത്തിനെ അമിതാധികാര പ്രവണതയിലേക്ക് തള്ളിവിടാൻ ഈ പ്രതിഷേധം കാരണമാവുകയും ചെയ്തു. കാരണം, അമിതാധികാര പ്രയോഗത്തിലൂടെ മാത്രമേ പ്രതിഷേധങ്ങളെ അടിച്ചമർത്താനാവൂ.

രാജവാഴ്ചക്കാലത്ത് ഖിലാഫത്തിൽ നടമാടിയ സ്വജന പക്ഷപാതം മൂലം ഉണ്ടായ അനീതിയും അതിനെതിരെ ഉയർന്നുവന്ന പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള അമിതാധികാര പ്രയോഗവും ഖിലാഫത്തിനോടുള്ള സമീപനത്തിൽ പരസ്പര വിരുദ്ധമായ പലതരം കാഴ്ചപ്പാടുകൾ ഇസ് ലാമിക സമൂഹത്തിൽ ഉയർന്നുവരാൻ കാരണമായി. അതിലൊന്ന് അതി തീവ്രവാദപരമായിരുന്നു. നീതിമാനായ ഖലീഫയുടെ അഭാവത്തിൽ ഇസ്ലാമിന്റെ സാമൂഹികവും മതപരവുമായ മുഴുവൻ വ്യവഹാരങ്ങളും നിശ്ചലമാവുകയും ഹജ്ജ്, ജുമുഅ പോലുള്ള സംഘം ചേർന്നുള്ള ഇബാദത്തുകൾ വരെ പ്രസക്തമല്ലാതായിത്തീരുകയും ചെയ്യും എന്നായിരുന്നു ആ തീവ്രവാദ സമീപനം. മുഅ്തസിലുകളും ഖവാരിജുകളുമാണ് ഈ തീവ്ര ആശയത്തിന്റെ വക്താക്കൾ. പക്ഷേ, ഒരേ ഉദ്ദേശ്യത്തോടു കൂടിയല്ല ഈ രണ്ട് കൂട്ടരും ഈ ആശയം പ്രചരിപ്പിച്ചത്. ഖവാരിജുകൾ നിലവിലുള്ള ഖിലാഫത്തിന്റെ പ്രതിപക്ഷമായി അവർക്കെതിരെ നിരന്തരം രക്തരൂഷിതമായ പോരാട്ടം നടത്തിയവരാണ്. അവർക്ക് പോരാട്ടത്തിന്റെ പ്രത്യയശാസ്ത്രമായിരുന്നു അത്. മുഅ്തസിലുകൾ ഖിലാഫത്തിന് ഇസ് ലാമിക സാമൂഹിക നിയമത്തിൽനിന്ന് പരമാവധി വിടുതൽ നൽകാനാണ് ഈ ആശയത്തെ ഉപായമാക്കിയത്. ഫലത്തിൽ മുഅ്തസിലുകൾ ഈ ആശയത്തിലൂടെ രാഷ്ട്രീയത്തെ മത മുക്തമാക്കുകയാണ് ചെയ്തത്.

രണ്ടാമത്തെ സമീപനം, മുർജിഅകളും ജബരികളും പ്രതിനിധാനം ചെയ്യുന്നതാണ്. ഖിലാഫത്ത് എത്ര മാത്രം അനീതിപരമോ മർദകമോ ആകട്ടെ അതിനെ ചോദ്യം ചെയ്യാതെ അനുസരിക്കാൻ മതപരമായി തന്നെ വിശ്വാസികൾ നിർബന്ധിതരാണ്. കാരണം, ദൈവിക ഇഛയും വിധിയും ആണത്. അതിൽ ഇടപെടാൻ നമുക്ക് അധികാരമോ അവകാശമോ ഇല്ല. അലി പക്ഷക്കാരായി അറിയപ്പെട്ട ശീഈകൾ മുഖ്യധാരയിൽനിന്ന് വേർപെട്ട് ഇമാമത്ത് സങ്കൽപം ഒരു ദൈവശാസ്ത്രം എന്ന നിലയിൽ രൂപപ്പെടുത്തിയതും ഖിലാഫത്ത് രാജവാഴ്ചയിലേക്ക് വ്യതിചലിച്ചപ്പോഴാണ്. അവരും ചരിത്രത്തിലുടനീളം ഖിലാഫത്തിന്റെ പ്രതിപക്ഷമായിട്ടാണ് പ്രവർത്തിച്ചത്.

രാജവാഴ്ചക്കാലത്തെ ഖിലാഫത്തിനോടുള്ള ഈ മൂന്ന് ആത്യന്തിക സമീപനങ്ങളോടും വിയോജിച്ചു കൊണ്ടാണ് അഹ് ലുസ്സുന്നത്ത് വൽജമാഅത്ത് അതിന്റെ സന്തുലിത വീക്ഷണം രൂപപ്പെടുത്തിയത്. ഇമാം അബൂ ഹനീഫയായിരുന്നു അതിന്റെ സൂത്രധാരൻ.
ആയിരിക്കേണ്ടതും ആയിരിക്കുന്നതുമായ അവസ്ഥ വേർതിരിച്ച് കാണിച്ചു അദ്ദേഹം. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഖിലാഫത്തുർറാശിദ തന്നെയാണ് ഖിലാഫത്തിന്റെ റോൾ മോഡൽ. ഖലീഫ നീതിമാനായിരിക്കുക എന്നതും ഖിലാഫത്ത് നിയമാനുസൃതമാകാൻ അനിവാര്യമാണ്. പക്ഷേ, ഇത്തരം നിയമാനുസൃത നേതൃത്വത്തിന്റെ അഭാവത്തിൽ ഫലത്തിൽ മുസ് ലിംകളുടെ നേതൃത്വം ആരിലാണോ, അയാൾക്ക് കീഴിൽ മുസ് ലിംകളുടെ സകല സാമൂഹിക വ്യവഹാരങ്ങളും സാധുവാകും. ഇതാണ് രാജവാഴ്ചക്കാലത്തെ ഖിലാഫത്തിനോടുള്ള ഇമാം അബൂ ഹനീഫയുടെ കാഴ്ചപ്പാടിന്റെ രത്നച്ചുരുക്കം. അതു തന്നെയായിരുന്നു ഖിലാഫത്ത് സംബന്ധിച്ച സുന്നി മുഖ്യധാരയുടെയും നിലപാട്. ഖിലാഫത്തുർറാശിദക്ക് ശേഷമുള്ള എല്ലാ ഭരണാധികാരികൾക്കും ഖലീഫയായി ലെജിറ്റമസി ലഭിച്ച നിലപാടായിരുന്നു ഇത്. എന്നുവെച്ച് ഖലീഫക്കെതിരെ പ്രതിഷേധം പാടില്ലെന്നോ അക്രമിയായ ഖലീഫയെ മാറ്റി തൽസ്ഥാനത്ത് ഖിലാഫത്ത് നീതിപൂർവകമാക്കാനുള്ള വിപ്ലവം പാടില്ലെന്നോ അബൂ ഹനീഫക്ക് അഭിപ്രായമുണ്ടായിരുന്നില്ല. അബൂ ഹനീഫ തന്നെ അബ്ബാസി ഖിലാഫത്തിനെതിരെ ചില വിപ്ലവ ശ്രമങ്ങളെ സാമ്പത്തികമായി പിന്തുണച്ചിരുന്നു. എന്നാൽ, ഖിലാഫത്തിനെതിരെ യാതൊരു വിപ്ലവ ശ്രമവും പാടില്ല എന്ന നിലപാടാണ് ഹമ്പലികൾക്ക്.
ഖലീഫ ഖുറൈശിയായിരിക്കണം എന്ന നിലപാടും അഹ് ലുസ്സുന്ന പൊതുവെ വെച്ചുപുലർത്തുന്നുണ്ട്. ഈ കാഴ്ചപ്പാടിന് സമൂഹത്തിൽ വലിയ സ്വാധീനമുണ്ടായിരുന്നതുകൊണ്ടാണ് ആദ്യത്തെ ഒന്നര നൂറ്റാണ്ടിനു ശേഷം അബ്ബാസി ഖിലാഫത്ത് ദുർബലമായപ്പോൾ പോലും പിന്നീട് വന്ന സൽജൂഖി, ബുവൈഹ് സുൽത്താൻമാർ അബ്ബാസി കുടുംബക്കാരിൽനിന്നുള്ളവരെ നാമമാത്ര ഖലീഫമാരായി നിലനിർത്തി ഭരണം നടത്തിയത്. സൽജൂഖികൾക്ക് ശേഷം ഏഷ്യാ മൈനറിൽ ഉയർന്നു വന്ന ഉസ്മാനികളുടെ ഭരണം മുസ് ലിം ലോകം ഖിലാഫത്തായി അംഗീകരിച്ചത്, 1517-ൽ തുർക്കി സുൽത്താൻ ഈജിപ്തിൽ സുഖവാസ ജീവിതം നയിച്ചിരുന്ന അബ്ബാസി കുടുംബത്തിലെ മുതവക്കിലിനെ തുർക്കിയിൽ കൊണ്ടുവന്ന് നാമമാത്ര ഖലീഫയായി ആദരിച്ചതിന് ശേഷമാണ്. എന്നാൽ, ഈ മുതവക്കിൽ മരണപ്പെട്ടതിന് ശേഷം സുൽത്താൻ സലീം സ്വയം ഖലീഫയായി പ്രഖ്യാപിക്കുകയും മുസ് ലിം ലോകം അതിന് അംഗീകാരം നൽകുകയും ചെയ്തു. അതോടെ ഉസ് മാനി സൽത്തനത്ത് ഉസ് മാനി ഖിലാഫത്തായി അറിയപ്പെട്ടു.

പ്രഫ. അബ്ദുൽ ബാരി, ശരീഫ് ഹുസൈൻ

ഉസ് മാനി ഖിലാഫത്തിനെ ദുർബലപ്പെടുത്താൻ കൊളോണിയൽ ശക്തികൾ ഖലീഫ ഖുറൈശിയായിരിക്കണം എന്ന അഹ് ലുസ്സുന്ന കാഴ്ചപ്പാടിനെ ഉപയോഗിച്ചതായി കാണാം. 1881-ൽ വിൽഫ്രണ്ട് ബ്ലന്റ്, മത കാര്യങ്ങളിൽ മാത്രം അധികാരമുള്ള ഒരു ഖുറൈശിയെ ഖലീഫയാക്കാൻ ആഹ്വാനം ചെയ്തതായി കാണാം. മുസ് ലിം ലോകത്തെ കൊ ളോണിയൽ ഭരണത്തിന് ലെജിറ്റമസി ലഭിക്കാൻ ശരീഫ് ഹുസൈൻ, ഫുആദ് രാജാവ് തുടങ്ങിയവരെ ഖലീഫമാരായി വാഴിക്കാൻ ലോക ഖിലാഫത്ത് സമ്മേളനം മക്ക, മദീന, ജറൂസലം എന്നിവിടങ്ങളിൽ വിളിച്ചുകൂട്ടിയെങ്കിലും വിജയിച്ചില്ല.

ഉസ് മാനി ഖിലാഫത്ത് സംരക്ഷിക്കാനായി ഇന്ത്യൻ മുസ് ലിം കൾ ഒറ്റക്കെട്ടായി ആരംഭിച്ച ഖിലാഫത്ത് പ്രസ്ഥാനത്തിൽ ഭിന്നതകൾ പ്രകടമായതും ഖലീഫ ഖുറൈശിയായിരിക്കണം എന്ന കാഴ്ചപ്പാടിനെ ചൊല്ലിയാണ്. ഒന്നാം ലോക യുദ്ധാനന്തരം കൊളോണിയൽ ശക്തികൾ ഹിജാസിനെ ഉസ് മാനി ഖിലാഫത്തിൽനിന്ന് അടർത്തി അവിടെ തങ്ങളുടെ തോഴനായ ശരീഫ് ഹുസൈനെ അധികാരത്തിൽ വാഴിച്ചപ്പോൾ അതുവരെ കൊളോണിയൽ പദ്ധതികളെ എതിർത്തിരുന്ന ഖിലാഫത്ത് പ്രസ്ഥാനത്തിലെ അബ്ദുൽ ബാരി ഫിറങ്കി മഹലിനെ പോലുള്ള പണ്ഡിതൻമാർ, ഖുറൈശിയായതിന്റെ പേരിൽ ശരീഫ് ഹുസൈനെ പിന്തുണച്ചത് ഖിലാഫത്ത് പ്രസ്ഥാനത്തിൽ ഭിന്നതയുണ്ടാക്കി. ശരീഫ് ഹുസൈനെ മുന്നിൽ നിർത്തി സാമ്രാജ്യത്വം ആസൂത്രണം ചെയ്ത ഈ ശിഥിലീകരണ പദ്ധതിയെ അംഗീകരിക്കാൻ മൗലാനാ മുഹമ്മദലി ഒരു നിലക്കും കൂട്ടാക്കിയില്ല. ഖിലാഫത്ത് ക്ഷയിച്ചതോടെ മുസ് ലിം മുഖ്യധാര അതിനെ ഒരാത്മീയ സ്ഥാപനമായി കാണാൻ തുടങ്ങിയിരുന്നുവെന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്.

ഇസ് ലാമിക ഖിലാഫത്തിന്റെ ദാർശനികവും പ്രായോഗികവുമായ മാനത്തെ കുറിച്ച് ഇമാം അബൂ ഹനീഫക്ക് ശേഷം ഗൗരവമായി ചർച്ച ചെയ്ത പണ്ഡിതൻമാരാണ് ഷാ വലിയ്യുല്ലാ ദഹ് ലവി, ഷാ ഇസ്്മാഈൽ ശഹീദ്, മൗലാനാ മൗദൂദി തുടങ്ങിയവർ. ഷാ വലിയ്യുല്ലാ ദഹ് ലവി തന്റെ 'ഇസാലത്തിൽ ഖഫാ അൻ ഖിലാഫത്തിൽ ഖുലഫാഅ്' എന്ന കൃതിയിൽ ഖിലാഫത്ത് രണ്ടു വിധമുണ്ട് എന്ന് പറയുന്നുണ്ട്.
1- ഖിലാഫത്ത് ഖാസ്സ്വ: അഥവാ എല്ലാ ഉപാധികളും തികഞ്ഞ ഖലീഫ.
2- ഖിലാഫത്ത് ആമ്മ: അതായത്, പിന്തുടർച്ചയിൽ അധിഷ്ഠിതമായ രാജവാഴ്ച. ഖിലാഫത്ത് ആമ്മ എങ്ങനെയാണ് ഇസ് ലാമിക സമൂഹത്തിന്റെ ധാർമികതയെ ക്ഷയിപ്പിച്ചത് എന്നും തുടർന്ന് അദ്ദേഹം വിശദീകരിക്കുന്നുണ്ട്. ഷാ ഇസ്്മാഈൽ ശഹീദിന്റെ 'മൻസിബേ ഇമാമത്ത്' എന്ന കൃതിയിലും ഖിലാഫത്തിന്റെ സവിശേഷത ചർച്ച ചെയ്യുന്നുണ്ട്. ഈ രണ്ട് കൃതികളും പ്രസരിപ്പിച്ച നവോത്ഥാന ചിന്തകളുടെ കൂടി സ്വാധീനത്തിലാണ് 1830-ൽ തഹ് രീകെ മുജാഹിദീൻ എന്ന ഇന്ത്യയിലെ ആദ്യത്തെ ഇസ് ലാമിക പ്രസ്ഥാനം അഹ് മദ് ശഹീദിന്റെ നേതൃത്വത്തിൽ രൂപം കൊള്ളുന്നത്. അവർ പെഷവാർ ആസ്ഥാനമായി സ്ഥാപിച്ച ഇസ് ലാമിക ഭരണകൂടത്തിന് ദയൂബന്ദി, നദ് വ ധാരയിൽ പെട്ട പണ്ഡിതൻമാരും അബുൽ കലാം ആസാദ്, മൗലാനാ മൗദൂദി തുടങ്ങിയവരും ഖിലാഫത്തുൻ അലാ മിൻഹാജുന്നുബുവ്വ എന്ന വിശേഷണമാണ് നൽകിയത്. മൗലാനാ മൗദൂദിയുടെ 'ഖിലാഫത്ത് വൊ മുലൂകിയത്ത്' (ഖിലാഫത്തും രാജവാഴ്ചയും) എന്ന കൃതിയിൽ ഖിലാഫത്തുർറാശിദയുടെ സവിശേഷതകളും അത് രാജവാഴ്ചയിലേക്ക് വഴിമാറാനുള്ള കാരണങ്ങളും അതിന്റെ തെറ്റായ സ്വാധീനങ്ങളുമാണ് ചർച്ച ചെയ്യുന്നത്. ഇസ് ലാമിക രാഷ്ട്രീയ ചിന്തയിൽ മൗലാനാ മൗദൂദിയുടെ മൗലിക സംഭ‌ാവനകളിലൊന്നാണിത്; അദ്ദേഹത്തിന്റെ നവോത്ഥാന ചിന്തയുടെ അടിത്തറകളിലൊന്നും. l
(അവസാനിച്ചു)

ആദ്യമായി ഹാമിദിനെക്കുറിച്ച് പറഞ്ഞുകൊടുക്കുമ്പോൾ എന്റെ മകൾക്കും അവനും ഏതാണ്ട് ഒരേ പ്രായമായിരുന്നു -അഞ്ചു വയസ്സ്. ഹാമിദിന് ഉമ്മയും ഉപ്പയുമില്ലായിരുന്നു. ദാദി അമീനയുടെ സംരക്ഷണയിലാണവൻ വളര്‍ന്നത്. കീറിത്തുന്നിയ കുപ്പായമിട്ട് അവന്‍ പെരുന്നാള്‍ നിസ്കരിക്കാന്‍ പോയി. പളപളപ്പുള്ള കോടികള്‍ ധരിച്ചു വന്ന ചങ്ങാതിമാര്‍ നമസ്കാര ശേഷം ഈദ് ഗാഹിനരികിലെ മേളപ്പറമ്പില്‍ പോയി അവനു കൊടുക്കാതെ കൊതിപ്പിച്ച് സര്‍ബത്തും പലഹാരങ്ങളും വാങ്ങിക്കഴിക്കുമ്പോള്‍ ഹാമിദ് രാവിലെ കുടിച്ച അര ഗ്ലാസ് പാലിന്റെ പച്ചയില്‍നിന്നു. കൂട്ടുകാര്‍ ആകാശത്തൊട്ടിലില്‍ കറങ്ങാനും കളിപ്പാട്ടങ്ങള്‍ വാങ്ങാനും പോയപ്പോള്‍ അവന്‍ കണ്ണുകള്‍ മുകളിലേക്കുയര്‍ത്തി- സ്വര്‍ഗത്തില്‍ നിന്ന് സമ്മാനങ്ങളുമായി വരുമെന്ന് പറഞ്ഞ ഉമ്മയും ഉപ്പയും പുറപ്പെട്ടോ എന്ന് നോക്കാന്‍. അവര്‍ കൊണ്ടുവരുന്ന സമ്മാനവും പലഹാരങ്ങളും കൂട്ടുകാര്‍ക്കും കൊടുക്കണം. കൂട്ടുകാര്‍ നിറങ്ങളഞ്ചും കളിപ്പാട്ടങ്ങള്‍ വാങ്ങിയപ്പോള്‍ സ്വാഭാവികമായും കൊതി തോന്നിയിരുന്നു- പക്ഷേ, കീശയിലുണ്ടായിരുന്ന ചില്ലിത്തുട്ടുകള്‍ പലഹാരത്തിനോ കളിപ്പാട്ടത്തിനോ പാഴാക്കാനുള്ളതല്ലെന്ന് അവന്‍ ഉറച്ചിരുന്നു. ആ പണംകൊണ്ട്, മേളയില്‍ ഇരുമ്പു സാധനങ്ങള്‍ വില്‍ക്കുന്ന കടയില്‍ ചെന്ന് അവനൊരു കൊടിലു വാങ്ങി. ഇത്തിരിക്കുഞ്ഞന്‍ ചെന്ന് വില ചോദിച്ചപ്പോള്‍ കടക്കാരന്‍ ആദ്യം പറഞ്ഞത് അത് നിനക്കാവശ്യമുള്ളതല്ല എന്നാണ്. വില്‍ക്കാന്‍ വെച്ചിരിക്കുകയല്ലേ എന്നു ചോദിച്ചപ്പോള്‍ അയാള്‍ വില പറഞ്ഞു. അവന്റെ കൈയിലുണ്ടായിരുന്ന ചില്ലികള്‍ പോരായിരുന്നു അതിന്. എന്നാലും അയാളതവന് നല്‍കി. അടുപ്പില്‍നിന്ന് വെറും കൈയാലെ ചപ്പാത്തി ചുട്ടെടുക്കുമ്പോള്‍ ദാദിയുടെ കൈ പൊള്ളുന്നത് അവന്‍ കണ്ടിട്ടുണ്ട്. ഇനി കൈ പൊള്ളാതിരിക്കാന്‍ ദാദിക്ക് ഈദ് സമ്മാനമായി ആ കൊടില്‍ വാങ്ങാനാണ് ബാല്യത്തിന്റെ എല്ലാ മോഹങ്ങളും മാറ്റിവെച്ച് അവനാ ആ ചില്ലറത്തുട്ടുകള്‍ മിച്ചം പിടിച്ചത്.

മുന്‍ഷി പ്രേം ചന്ദ് എഴുതിയ 'ഈദ് ഗാഹ്' എന്ന ഈ കഥയും അതിലെ ഹാമിദുമാണ് ആഘോഷത്തിന്റെയും പങ്കുവെപ്പിന്റെയും സന്ദേശം-അഥവാ ഈദിന്റെ പൊരുള്‍ പഠിപ്പിക്കാൻ ഓരോ പെരുന്നാളിനും ഞാനെന്റെ മകൾക്ക് പറഞ്ഞുകൊടുക്കുന്നത്. തക്ബീര്‍ ചൊല്ലുകയും ഈദ് ഗാഹിലേക്ക് പോവുകയും ഞങ്ങളുടെ സ്വന്തം പെരുന്നാൾ വിഭവം കഴിക്കുകയും ചെയ്യുന്നതു പോലെ (ഓരോ നാടിനുമുണ്ടാകും അവരുടെ സ്വന്തം പെരുന്നാൾ സ്പെഷ്യൽ) ആചാരമെന്നോണം എല്ലാ പെരുന്നാളിനും ആ കുഞ്ഞു പുസ്തകം മക്കളെ വായിച്ചു കേൾപ്പിക്കും. വര്‍ഷങ്ങളായി പെരുന്നാള്‍ പ്രഭാതങ്ങളുടെ ഈ ശീലം, നന്മ നിറഞ്ഞ, ഗുരുതുല്യനായ പ്രിയപ്പെട്ടൊരാളിൽനിന്ന് പകർന്നു കിട്ടിയതാണ്.
ത്യാഗത്തെ കുഞ്ഞുങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ എഴുതിവെച്ചതുകൊണ്ട് മാത്രമല്ല അത്. അന്നൊരു കാലത്ത് മുസ്‌ലിംകളുടേതുമായിരുന്ന ഇന്ത്യയിലെ ഏറ്റവും നല്ല എഴുത്തുകാരിലൊരാൾ പെരുന്നാളിനെ ശരിയായി മനസ്സിലാക്കിയിരുന്നു എന്നതുകൊണ്ട് കൂടിയാണ്.

കുട്ടിയായിരിക്കുമ്പോഴും മുതിർന്നപ്പോഴും എന്റെ ഏറ്റവും വലിയ പെരുന്നാൾ ഇഷ്ടങ്ങളിലൊന്ന് ഈദ് ഹഗ് (ആലിംഗനം) ആണ്. മനസ്സുകളെ കുറിച്ച് അറിവുള്ള ആളുകൾ ആലിംഗനങ്ങളുടെ ശമന സ്വഭാവത്തെ പുകഴ്ത്തുകയും അത് വ്യാപകമാകേണ്ടതിനെ കുറിച്ച് ലേഖനങ്ങളെഴുതുകയും ചെയ്യുന്നതിനും എത്രയോ മുമ്പ് പെരുന്നാളിന്റെയന്ന് ആളുകൾ പരസ്പരം ആലിംഗനങ്ങളുടെ സുഗന്ധം കൈമാറി. അവിടെ വലുപ്പച്ചെറുപ്പമോ അപരിചിതത്വമോ ഉണ്ടായിരുന്നില്ല. ഈദ് ഗാഹിലുള്ളവരെല്ലാം സ്വന്തം സഹോദരങ്ങളായി മാറി. തിളങ്ങുന്ന കണ്ണുകളോടെയും നിറഞ്ഞ സന്തോഷത്തോടെയും പരസ്പരം കെട്ടിപ്പിടിച്ചു. പെരുന്നാളിനല്ലാതെ മറ്റെന്നാണ് നമ്മളൊരു അയൽക്കാരനെ/നാട്ടുകാരനെ, വഴിയിൽ കണ്ടു പരിചയമുള്ളൊരു കടക്കാരനെ/ അന്യനാട്ടിൽ നിന്ന് പെരുന്നാള് കൂടാൻ വന്നവനെ കെട്ടിപ്പിടിച്ചിട്ടുള്ളത്?!

മുന്‍ഷി പ്രേം ചന്ദ്

ഏത് അനിശ്ചിതത്വത്തിന് നടുവിലും പെരുന്നാൾ ആഘോഷിക്കാനുള്ളതാണ് എന്ന് പ്രായോഗികമായി പഠിപ്പിച്ചു തന്നത് ഫലസ്ത്വീനിൽനിന്നുള്ളവരാണ്. കത്തിയെരിയുകയും ചോരയിറ്റുകയും ചെയ്യുന്ന നാട്ടിൽ ജീവനില്ലാത്ത കുഞ്ഞുങ്ങളുടെ കൂമ്പാരത്തിന് നടുവിൽ "അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ്" എന്ന് ഉറക്കെപ്പറയുന്നവരെ ഞാൻ ടി.വിയിൽ കണ്ടിട്ടുണ്ട്. ഇസ്‌ലാമിന്റെ ആഘോഷത്തിന് മാത്രം സാധ്യമാവുന്നതാണത്. ആഘോഷം എന്ന പൊതു സങ്കൽപ്പത്തെ അപ്പാടെ പുനർ നിർവചിക്കുന്നുണ്ട് പെരുന്നാൾ. സന്തോഷങ്ങൾ ഉള്ള മനുഷ്യൻ ദൈവത്തെ ഓർക്കാറില്ല, സങ്കടം വരുമ്പോഴാണ് ദൈവം അത്യാവശ്യമാകുന്നത് എന്ന അലസ വിചാരത്തിന് പ്രത്യേകിച്ചുമുള്ള തിരുത്താണത്. ഒരേസമയം വൈയക്തികമായ ആനന്ദം നിറഞ്ഞതും, ദൈവത്തിന്റെ പരമാധികാരത്തിന്റെ ആവർത്തിച്ചാവർത്തിച്ചുള്ള പ്രഖ്യാപനവും, തിന്മക്കും സ്വേഛാധിപത്യത്തിനും എതിരെയുള്ള സമരവുമാണ് പെരുന്നാൾ! "ഫസ്വല്ലി ലി റബ്ബിക്ക വൻഹർ" എന്ന ആയത്തിൽ അതിന്റെ മുഴുവൻ പൊരുളുമുണ്ട്. വ്യക്തികളുടെ സന്തോഷങ്ങൾ ആരാധനയും സാമൂഹികമായ ഐക്യപ്പെടലും ഒക്കെ ആവുന്നതിന്റെ അതിശയം.

"നിങ്ങളുടെ പെരുന്നാൾ എന്ത് രസാണ്! മൈലാഞ്ചി, തക്ബീർ, ഈദ് ഗാഹ്, എല്ലാർക്കും പങ്കുവെക്കുന്ന രുചിയുള്ള ഭക്ഷണം, എല്ലാർക്കും സന്തോഷം മാത്രം. ഞങ്ങളുടെ പോലെ ആണുങ്ങൾ കള്ള് കുടിക്കുന്നില്ലല്ലോ.." എന്ന് ഡിഗ്രി കാലത്ത് ഒരമുസ്ലിം കൂട്ടുകാരി പറഞ്ഞതോർക്കുന്നു.

ബലിയെ കുറിച്ച് ആലോചിക്കുകയായിരുന്നു. ആദിമ മനുഷ്യനോളം ചെന്നെത്തുന്ന മഹത്തായ ആരാധനാ കർമം. നമസ്‌കാരത്തോട് ചേർത്ത് പരാമർശിക്കപ്പെട്ടത്. ആദം നബിയുടെ മക്കളിലൊരുവന്റെ ബലി സ്വീകരിക്കുകയും അപരന്റേത് തിരസ്കരിക്കുകയും ചെയ്തതിനെ കുറിച്ച് സൂറ അൽമാഇദയിലെ 27-ാം സൂക്തത്തിൽ അല്ലാഹു പറയുന്നുണ്ട്. അവിടുന്നിങ്ങോട്ട് മനുഷ്യകുലത്തിന്റെ ചരിത്രത്തിലുടനീളം ദൈവപ്രീതിക്കായുള്ള ബലി ഉണ്ടായിട്ടുണ്ട്. ഉദ്ദിഷ്ട കാര്യത്തിനും നന്ദി സൂചനക്കും മാത്രമല്ല, പ്രായശ്ചിത്തമായും ബലി നിർദേശിക്കപ്പെട്ടിട്ടുണ്ട്.

കേവലം ഒരു മൃഗത്തെ അറുക്കുക എന്ന ബാഹ്യ കർമത്തിനപ്പുറം സാമൂഹികവും തത്ത്വ ചിന്താപരവുമായ ഒരുപാട് അർഥ വ്യാഖ്യാനങ്ങൾ അതിൽ ഉൾക്കൊള്ളുന്നുണ്ട്. കരുത്തുറ്റ മാടുകളെ കായികമായി താരതമ്യേന നിസ്സാരനായ മനുഷ്യന് കീഴ്്പ്പെടുത്തിക്കൊടുത്തതിന്റെ നന്ദി അതിൽ ഉൾക്കൊള്ളുന്നുണ്ട് എന്നും, അങ്ങനെയല്ല, ഒരു ചെറിയ അനുസരണക്കേട് പോലും കാണിക്കാതെ മനുഷ്യനെക്കാൾ ദൈവത്തോട് അടുപ്പമുള്ളവയാണ് മറ്റു ജീവജാലങ്ങൾ എന്നതിനാൽ അവയുടെ ബലി ശ്രേഷ്ഠമാകുന്നു എന്നും ഒക്കെ വിവിധങ്ങളായ പണ്ഡിത നിരൂപണങ്ങളുണ്ട്. എന്തൊക്കെ ആയാലും മനുഷ്യരാൽ നിറഞ്ഞ, മനുഷ്യരോടുള്ള പെരുമാറ്റത്തിലൂടെ ദൈവത്തിലേക്ക് എളുപ്പവഴി പഠിപ്പിച്ച മതത്തിലെ മറ്റു ആരാധനകളെപ്പോലെ തന്നെ സഹ ജീവികൾക്കാണ് ബലി യുടെയും ഒന്നാമത്തെ ഗുണം കിട്ടുന്നത്. അവനവനു പുണ്യവും അപരന് ഭക്ഷണവും. എത്ര നല്ല ഏർപ്പാടാണത്!!
ആഘോഷങ്ങളിൽ പോലും പരിഗണന എന്നതാണ് ഇസ്‌ലാമിന്റെ അടിസ്ഥാനം. അതിന്റെ ഏറ്റവും ഭംഗിയുള്ളതും ലളിതവുമായ ആവിഷ്കാരമാണ്, "ഉമ്മീ, ഈ പെരുന്നാളിന് എനിക്ക് ഫലസ്ത്വീൻ പതാക മൈലാഞ്ചിയിട്ടു തരണം" എന്ന് മകൾ ആവശ്യപ്പെടുമ്പോൾ സംഭവിക്കുന്നത്. ദൃശ്യതയെ പ്രതിരോധമാക്കി മാറ്റുന്നവരാണല്ലോ മുസ്‌ലിംകൾ.

നമ്മുടെ രാജ്യത്തെ ബലി പെരുന്നാൾ എന്നാൽ ഫ്രിഡ്ജിൽ ഒരൽപം മാംസം സൂക്ഷിച്ചതിന് മുഹമ്മദ് അഖ്‌ലാഖിനെയും, പെരുന്നാൾ കോടി എടുക്കാൻ പോയപ്പോൾ വെറുപ്പ് മൂത്ത് ജുനൈദിനെയും ഹിന്ദുത്വർ കൊന്നുകളഞ്ഞതിന്റെ വാർഷികം കൂടിയാണ്.

ഹാജിമാരോട് ഐക്യപ്പെടാൻ വേണ്ടി അറഫാ നോമ്പ് എടുക്കുന്ന, ബലിയർപ്പിക്കുന്ന മുഴുവൻ മനുഷ്യർക്കും പീഡിതരോട് ഒപ്പം നിൽക്കാനും കടമയുണ്ട്. ആയതിനാൽ പെരുന്നാൾ കിളികളേ, പൊരുതുന്ന ഫലസ്ത്വീനിലെ കുഞ്ഞുങ്ങൾക്ക് ഞങ്ങളുടെ ആലിംഗനം കൈമാറുക. അവരെ കൊന്നൊടുക്കുന്ന ഇന്നത്തെ നംറൂദുമാരോട് ഉറക്കെയുള്ള തക്ബീർ കേൾപ്പിക്കുക. അല്ലാഹു അക്ബർ, അല്ലാഹു അക്ബർ, വലില്ലാഹിൽ ഹംദ്.. l

മനുഷ്യന്റെ സര്‍വതോമുഖമായ ക്ഷേമമാണ് ഇസ് ലാം ലക്ഷ്യമാക്കുന്നത്. ആത്മീയവും ഭൗതികവുമായ ജീവിതരംഗങ്ങളില്‍ നന്മയുടെ നിറവിലാവണം മനുഷ്യന്റെ ഓരോ നിമിഷവും കഴിഞ്ഞുപോകേണ്ടതെന്ന് ഇസ്ലാം അനുശാസിക്കുന്ന നിയമ വ്യവസ്ഥയും ചട്ടങ്ങളും അപഗ്രഥിച്ചാല്‍ ബോധ്യപ്പെടും. മനുഷ്യ വര്‍ഗത്തെ നാശത്തിലേക്ക് നയിക്കുന്ന മദ്യപാനം, വ്യഭിചാരം, കൊലപാതകം, ആരോഗ്യത്തിന് ഹാനികരമായ ഭക്ഷണ പദാര്‍ഥങ്ങള്‍ ഇവയെല്ലാം കര്‍ശനമായി നിരോധിച്ചിരിക്കുന്നു. ആജ്ഞകളുടെയും നിരോധങ്ങളുടെയും അന്തസ്സത്ത മനുഷ്യ ക്ഷേമമാണെന്ന് സാരം. ആരോഗ്യ മേഖലയില്‍, രോഗ നിവാരണ മുന്‍കരുതല്‍ നടപടികള്‍ക്കാണ് ഇസ്ലാം ഊന്നല്‍ നല്‍കിയിട്ടുള്ളത്. രോഗം വരാനുള്ള സാധ്യതകളുടെയും സാഹചര്യങ്ങളുടെയും പഴുതടക്കുകയാണ്. ശരീരത്തിന്റെ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും രോഗാണുക്കള്‍ ശരീരത്തില്‍ കടക്കുന്നത് തടുക്കുകയും ചെയ്യുന്ന ചട്ടങ്ങളാണ് ഇസ്ലാം വ്യവസ്ഥ ചെയ്തിട്ടുള്ളത്. 'ആരോഗ്യമുള്ള ശരീരത്തില്‍ ആരോഗ്യമുള്ള മനസ്സ് ' എന്ന അടിസ്ഥാനത്തില്‍ ഊന്നിയാണ് അത് നിയമങ്ങള്‍ ആവിഷ്‌കരിച്ചിട്ടുള്ളതും.

വൃത്തിയിലും ശുദ്ധിയിലും ആരംഭിക്കുന്ന ആരോഗ്യ നിയമങ്ങള്‍ കേവല നിയമങ്ങള്‍ എന്നതിലുപരി, വിശ്വാസവുമായി ജീവിത ചലനങ്ങളെ ബന്ധിപ്പിച്ചു ഇസ്ലാം. നബി (സ) പറഞ്ഞു: ''ശുദ്ധി ഇസ്ലാമിന്റെ പാതിയാണ്'' (അഹ്്മദ്). വുദൂവും കുളിയും അതിന്റെ ഭാഗമാണ്. നബി നിര്‍ദേശിച്ചു: ''വുദൂ (അംഗശുദ്ധി) പൂര്‍ണമായ വിധത്തിൽ വേണം. വിരലുകള്‍ക്കിടയില്‍ കഴുകണം. നോമ്പുകാരനല്ലെങ്കില്‍ മൂക്കിലൂടെ വെള്ളമെടുത്ത് നസ്യം ചെയ്താവട്ടെ വുദൂ.'' ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും കൈകള്‍ കഴുകി അഴുക്ക് കളയണമെന്നത് നിര്‍ബന്ധമാണ്. നബി ഉണര്‍ത്തി: ''ആഹരിച്ച മാംസത്തിന്റെ ഗന്ധവും മെഴുക്കും കൊഴുപ്പും തീര്‍ത്തും കൈയില്‍നിന്നും വായില്‍നിന്നും പോക്കാതെ രാത്രി കിടന്നുറങ്ങിയിട്ട് വല്ല രോഗവും പിടിപെട്ടാല്‍ സ്വന്തത്തെയല്ലാതെ മറ്റാരെയും കുറ്റപ്പെടുത്തരുത്'' (അഹ്മദ്).

വ്രതാനുഷ്ഠാനം ആരോഗ്യപരിപാലനത്തിന് ഏറെ സഹായകമാണെന്ന് സര്‍വരും സമ്മതിക്കും. ഉപവാസത്തിന്റെ ആത്മീയവും ഭൗതികവുമായ നേട്ടങ്ങള്‍ വിശദീകരിക്കുന്ന നിരവധി പഠനങ്ങളുണ്ട്. നാശഹേതുകമായ പദാര്‍ഥങ്ങളെ ശരീരത്തില്‍നിന്ന് പുറംതള്ളി ശുദ്ധീകരിക്കുന്ന പ്രക്രിയയാണ് ഒരു മാസം നീണ്ടുനില്‍ക്കുന്ന റമദാന്‍ വ്രതം. നിരന്തരമായ ആത്മസംയമന സാധനയുടെ ഗുണഫലങ്ങളാണ് വ്രതാനുഷ്ഠാനത്തില്‍ ഏറെയുള്ളത്. ശരീരേഛകളെയും ജഡിക മോഹങ്ങളെയും കാമനകളെയും നിയന്ത്രിക്കാന്‍ നോമ്പിലൂടെ ശീലിക്കുന്ന വിശ്വാസിയുടെ മനഃശക്തിയും ആത്മബലവും ആകുന്നു ശരീരത്തിനും മനസ്സിനും രക്ഷാവകചമായിത്തീരുന്നത്.

വിവാഹേതര ലൈംഗിക ബന്ധങ്ങളെല്ലാം നിരോധിച്ച ഇസ്ലാം ശക്തവും ഭദ്രവുമായ കുടുംബത്തിന്റെയും സമൂഹത്തിന്റെയും നിര്‍മിതിയാണ് ലക്ഷ്യമാക്കുന്നത്. ആരുമായെല്ലാം വിവാഹം അനുവദനീയമാണ്, ആരുമായെല്ലാം വിവാഹം അനുവദനീയമല്ല എന്ന് കൃത്യമായും കണിശമായും പറയുന്ന ഇസ്ലാം, തജ്ജന്യമായ രോഗ സാധ്യതകളുടെ പഴുതുകള്‍ അടക്കുന്നുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. സൂറത്തുന്നിസാഇല്‍ സൂക്തം 22 മുതല്‍ 28 വരെയും സൂറത്തുല്‍ ബഖറയിലും വിശദീകരിച്ച വിവാഹ നിയമങ്ങളെക്കുറിച്ച പഠനം സമാപിപ്പിച്ചുകൊണ്ട് മൗലാനാ മൗദൂദി എഴുതി: ''അതിപ്രാചീന കാലം മുതല്‍ക്കേ, ഓരോ ചരിത്ര ഘട്ടത്തിലും ആഗതരായ പ്രവാചകന്മാരും അവരുടെ ഉത്തമാനുയായികളും അനുഷ്ഠിച്ചുപോന്ന സാമൂഹിക, ധാര്‍മിക, നാഗരിക നിയമങ്ങളും ചട്ടങ്ങളുമാണിവ'' (തഫ്ഹീമുല്‍ ഖുര്‍ആന്‍). അരോഗ ദൃഢഗാത്രരായ വ്യക്തികള്‍ക്ക് മാത്രമേ ആരോഗ്യമുള്ള ഒരു സമൂഹത്തെ നിര്‍മിക്കാന്‍ കഴിയുകയുള്ളൂ എന്ന ബോധ്യമാണ് ഈ അനുശാസനകള്‍ക്ക് പിന്നില്‍.

ദൈനംദിന ജീവിത ചിട്ടകള്‍

ദൈനംദിന ജീവിതത്തില്‍ നാം നിസ്സാരമായി ഗണിക്കുന്ന കാര്യങ്ങളില്‍ പോലും വ്യക്തമായ ചട്ടങ്ങള്‍ ഇസ്ലാം ആവിഷ്‌കരിച്ചു. തുമ്മുക, കോട്ടുവായിടുക തുടങ്ങി വ്യക്തിയുടെ കൊച്ചു കൊച്ചു കാര്യങ്ങളില്‍ പോലും മതശാസനയുണ്ട്. കോവിഡ് കാലത്ത് മാസ്‌ക് ധരിച്ച് രോഗവ്യാപനം തടയാന്‍ എടുത്ത മുന്‍കരുതല്‍ ഓര്‍മിക്കാം. തുമ്മുകയോ കോട്ടുവായിടുകയോ ചെയ്യുമ്പോള്‍ ഒരാളില്‍നിന്ന് മറ്റൊരാളിലേക്കുള്ള രോഗാണു വ്യാപനം തടയുകയായിരുന്നല്ലോ ലക്ഷ്യം. അനുചരന്മാര്‍ നബിചര്യ വിശദീകരിച്ചു: ''നബി തുമ്മുമ്പോള്‍ തന്റെ മുഖം കൈകൊണ്ടോ വസ്ത്രംകൊണ്ടോ മൂടിപ്പിടിക്കും, ശബ്ദമടക്കി ഒച്ചയില്ലാതെ അത് നിര്‍വഹിക്കും.'' മുഖം മറയ്ക്കാതെ തുമ്മിയത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ അനുചരന്മാരെ നബി ഉണര്‍ത്തി: 'നിങ്ങള്‍ ആരെങ്കിലും തുമ്മുകയാണെങ്കില്‍ വസ്ത്രംകൊണ്ട് മുഖം മൂടിപ്പിടിക്കണം.' കോട്ടുവായിടുമ്പോള്‍ തന്റെ കൈകള്‍ വായില്‍ ചേര്‍ത്തു പിടിച്ച് ശബ്ദമില്ലാതെ വേണം. കേട്ടുവാ ക്ഷീണത്തിന്റെയും ആലസ്യത്തിന്റെയും മടുപ്പിന്റെയും ലക്ഷണമാണ്. ''കോട്ടുവായിടുമ്പോള്‍ പിശാച് അയാളുടെ വായിലൂടെ ചിരിക്കുകയാണ്'' എന്ന് മറ്റൊരു നബിവചനത്തില്‍ ഉണ്ട്. ഒരാള്‍ കോട്ടുവായിട്ടാല്‍ സമീപത്തിരിക്കുന്ന ആളിലേക്കും അത് പടരുമല്ലോ. മറയില്ലാതെ ഇവ രണ്ടും ചെയ്യുന്നത് രോഗാണു വ്യാപനത്തിനിടയാക്കും എന്ന മുന്‍കരുതലാണ് നബിയുടെ നിര്‍ദേശത്തിന്റെ കാതല്‍.

ആരോഗ്യത്തിന് ഹാനികരമായ മാംസാഹാരങ്ങൾ ഇസ്ലാം നിരോധിച്ചു. അവ കൃത്യമായി എണ്ണിയെണ്ണി പറഞ്ഞു. ''ശവം തിന്നരുത്, രക്തവും പന്നിമാംസവും വര്‍ജിക്കുക, അല്ലാഹു അല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ട വസ്തുക്കളും ഭക്ഷിക്കാന്‍ പാടുള്ളതല്ല'' (അല്‍ബഖറ 173). മറ്റൊരിടത്ത് കൂടുതല്‍ ഇനങ്ങള്‍ വിശദീകരിക്കുന്നു: ''ശവവും രക്തവും പന്നിമാംസവും, അല്ലാഹു അല്ലാത്തവരുടെ നാമത്തില്‍ അറുക്കപ്പെട്ടതും, ശ്വാസം മുട്ടിയോ അടിയേറ്റോ ചത്തതും, മുകളില്‍നിന്ന് താഴേക്ക് വീണ് ചത്തുപോയതും, തമ്മില്‍ കുത്തി ചത്തതും, ഹിംസ്ര ജന്തുക്കള്‍ പരിക്കേല്‍പിച്ചതും-അനന്തരം ചാകുന്നതിന് മുമ്പ് നിങ്ങള്‍ അറുത്തിട്ടുള്ളത് ഇതില്‍ നിന്ന് ഒഴിവാകുന്നു- പ്രതിഷ്ഠകള്‍ക്ക് വേണ്ടി ബലിയറുക്കപ്പെട്ടതും നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു'' (അൽ മാഇദ 3).

ഭക്ഷ്യയോഗ്യമല്ലാത്ത മാംസം ശരീരത്തിനേല്‍പിക്കുന്ന ആഘാതങ്ങളും അവ മൂലം ഉളവാകുന്ന ആരോഗ്യ പ്രശ്‌നങ്ങളും അനുഭവ യാഥാര്‍ഥ്യങ്ങളായി നമ്മുടെ മുന്നിലുണ്ട്. രോഗ നിവാരണ മുന്‍കരുതല്‍ നടപടികളാണിത്.
മിതവും ഹിതവുമായ ഭക്ഷണ പാനീയങ്ങള്‍ക്കാണ് ഇസ്ലാമിന്റെ പ്രോത്സാഹനം. അമിതാഹാരവും ആഹാരത്തിലെ ധൂര്‍ത്തും കര്‍ശനമായി നിരോധിച്ചു: ''മനുഷ്യ പുത്രന്മാരേ, എല്ലാ ആരാധനാ സന്ദര്‍ഭങ്ങളിലും അലങ്കാരങ്ങള്‍ അണിഞ്ഞുകൊള്ളുവിന്‍. തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുവിന്‍. ധൂര്‍ത്തടിക്കാതിരിക്കുവിന്‍. ധൂര്‍ത്തന്മാരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല'' (അല്‍ അഅ്‌റാഫ് 31).

''തീറ്റയും കുടിയുമൊക്കെ അല്ലാഹു ഹലാലാക്കിയത് തന്നെ. പക്ഷേ, പൊങ്ങച്ചവും ധൂര്‍ത്തും അമിത വ്യയവും അതില്‍ ഉണ്ടാവരുതെന്ന നിര്‍ബന്ധമുണ്ട്'' - ഇബ്‌നു അബ്ബാസി(റ)ന്റെതാണ് ഈ വാക്കുകള്‍. 'ഇസ്‌റാഫി'ന് അബുല്ലൈസ് അല്‍ സമര്‍ഖന്ദി നല്‍കുന്ന നിര്‍വചനം: ''മിതമായ ആഹാരത്തിലും കവിഞ്ഞ് കഴിക്കുക, ആവശ്യത്തിലധികം കഴിക്കുക.'' അനുവദനീയ കാര്യങ്ങളില്‍ മിതത്വമില്ലായ്മയാണ് ഇസ്‌റാഫ്. അനുവദനീയമല്ലാത്ത കാര്യങ്ങളിലെ ധൂര്‍ത്താണ് തബ്്ദീര്‍. ആഹാരത്തില്‍ പാലിക്കേണ്ട ചിട്ടകളെക്കുറിച്ച് നബി നല്‍കിയ നിര്‍ദേശം: ''വയറിനെക്കാള്‍ ഉപദ്രവകരവും ദോഷകരവുമായ ഒരു പാത്രവും മനുഷ്യന് നിറയ്ക്കാന്‍ കഴിയില്ല. കുറഞ്ഞ ആഹാരം മതി ഒരു മനുഷ്യന് നട്ടെല്ല് നിവര്‍ത്തിനില്‍ക്കാന്‍. ഇനി, കൂടിയേ കഴിയൂ എങ്കില്‍ മൂന്നിലൊന്ന് തന്റെ ഭക്ഷണത്തിന്, മൂന്നിലൊന്ന് പാനീയത്തിന്, മൂന്നിലൊന്ന് സുഗമമായ ശ്വാസോഛ്വാസത്തിന്'' (തിര്‍മിദി).

രോഗം, പകര്‍ച്ചവ്യാധി

പകര്‍ച്ചവ്യാധികള്‍ ഉള്ളവരെ മാറ്റിപ്പാര്‍പ്പിക്കുകയാണ് പൊതു രീതി. കോവിഡ്- നിപ കാലത്ത് ക്വാറന്റയ്ൻ നമുക്ക് സുപരിചിതവുമാണ്. തദ്്വിഷയകമായി നബി നല്‍കിയ നിര്‍ദേശം: ''ഒരു രോഗി ആരോഗ്യമുള്ള, രോഗമില്ലാത്ത ആളുടെ അടുത്ത് കടന്നു ചെല്ലരുത്'' (ബുഖാരി, മുസ്ലിം). സുരക്ഷാ -മുന്‍കരുതല്‍ നടപടികള്‍ വ്യക്തമായി വിശദീകരിക്കുന്നു നബി: ''ഒരു രാജ്യത്ത് പ്ലാഗ് (പകര്‍ച്ചവ്യാധി) ഉണ്ടെന്ന് കേട്ടാല്‍ അവിടേക്ക് നിങ്ങള്‍ കടക്കരുത്. ഇനി നിങ്ങള്‍ ഉള്ള രാജ്യത്ത് അത് പിടിപെട്ടെന്നിരിക്കട്ടെ, അതില്‍നിന്ന് ഓടിയൊളിക്കാന്‍ നിങ്ങള്‍ പുറത്ത് പോവുകയും അരുത്'' (ബുഖാരി, മുസ്ലിം).

ആരോഗ്യ പരിരക്ഷണത്തിന് ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി, രോഗം ക്ഷണിച്ചുവരുത്തുന്ന ജീവിത ശൈലി വര്‍ജിക്കുക, ഭക്ഷ്യയോഗ്യമല്ലാത്ത ആഹാര പദാര്‍ഥങ്ങള്‍ ഒഴിവാക്കി, ഹിതകരവും ശുദ്ധവുമായ വിഭവങ്ങള്‍ കഴിക്കുക. ''ജനങ്ങളേ, ഹിതകരവും ശുദ്ധവുമായി ഭൂമിയില്‍ എന്തെല്ലാമുണ്ടോ, അതൊക്കെയും തിന്നു കൊള്ളുവിന്‍'' (അല്‍ബഖറ 168). അനുവദനീയമായാല്‍ മാത്രം പോരാ, ഓരോ വ്യക്തിയുടെയും ആരോഗ്യാവസ്ഥക്ക് പറ്റിയ ആഹാരങ്ങള്‍ വേണം തെരഞ്ഞെടുക്കുന്നത്. ''സ്വന്തം കരങ്ങളാല്‍ തന്നെ നിങ്ങളെ ആപത്തില്‍ ചാടിക്കാതിരിക്കുവിന്‍'' (അല്‍ബഖറ 193).

രോഗം വന്നാല്‍ ചികിത്സിക്കണം. പരീക്ഷണങ്ങളിലൂടെ ഫലപ്രാപ്തി തെളിയിക്കപ്പെട്ട ഔഷധങ്ങള്‍ വേണം സേവിക്കേണ്ടത്. വ്യാജ വൈദ്യന്മാരുടെയോ വൈദ്യശാസ്ത്രത്തില്‍ നിപുണതയില്ലാത്തവരുടെയോ മുന്നില്‍ തലവെച്ചു കൊടുക്കരുത്. 'പ്രവാചക വൈദ്യം', 'ശറഈ വൈദ്യം' എന്നീ പേരുകളിലൊക്കെ കമ്പോളത്തില്‍ പ്രചാരമുള്ള കള്ളനാണയങ്ങള്‍ തേടിപ്പോകരുത്. രോഗം വന്നാല്‍ വിദഗ്ധ ചികിത്സ തേടിയ നബിയെ വൈദ്യനും ഭിഷഗ്വരനുമായല്ല അല്ലാഹു നിയോഗിച്ചത്, പ്രവാചകനായാണ് എന്നു ഓര്‍മ വേണം. ചികിത്സാ തട്ടിപ്പുകള്‍ക്ക് വിധേയരാവരുത് എന്ന നിര്‍ബന്ധമുണ്ടെങ്കില്‍ വ്യാജ ചികിത്സകള്‍ രംഗം വിട്ട് പോയ്‌ക്കൊള്ളും. ചികിത്സ തേടണം. അതാണ് ശര്‍ഇന്റെ വിധി. ''അല്ലാഹുവിന്റെ ദാസന്മാരേ, നിങ്ങള്‍ മരുന്നുപയോഗിച്ച് ചികിത്സിക്കണം. ഏതൊരു രോഗത്തിനും ശമനൗഷധവും അല്ലാഹു ഏകിയിട്ടുണ്ട്'' (തിര്‍മിദി).

ശരീരാരോഗ്യം നിലനിര്‍ത്തുകയും രോഗ പ്രതിരോധ ശേഷി കൂട്ടുകയും ചെയ്യാന്‍ വ്യായാമങ്ങളിലും കായിക വിനോദങ്ങളിലും ഏര്‍പ്പെടണം. കര്‍മനിരതനാവേണ്ടവനാണ് വിശ്വാസി. ആരോഗ്യമുള്ള മനസ്സും ആരോഗ്യമുള്ള ശരീരവും കര്‍മാനുഷ്ഠാനത്തിന് ആവശ്യമാണ്. ''ശക്തനായ വിശ്വാസിയാണ് ദുര്‍ബലനായ വിശ്വാസിയെക്കാള്‍ ഉത്തമനും അല്ലാഹുവിന് ഏറെ പ്രിയപ്പെട്ടവനും. എല്ലാവരിലും ഉണ്ട് നന്മ എന്നത് മറ്റൊരു കാര്യം'' (മുസ്ലിം). ഉമര്‍ പ്രജകളെ ഉണര്‍ത്തിയ പ്രധാന കാര്യം: ''നിങ്ങളുടെ മക്കളെ നിങ്ങള്‍ അമ്പെയ്ത്തും നീന്തലും കുതിര സവാരിയും പഠിപ്പിക്കണം.''

വൈദ്യശാസ്ത്രത്തില്‍ അവഗാഹം നേടിയ മഹാരഥന്മാര്‍ പൗരാണിക കാലം മുതല്‍ക്കേ പറഞ്ഞു വന്നിട്ടുണ്ട്: ''ആരോഗ്യം ആഗ്രഹിക്കുന്നവര്‍ നല്ല ഭക്ഷണം കഴിക്കണം, ശുദ്ധമായത് ഭക്ഷിക്കണം, ദാഹിക്കുമ്പോള്‍ വെള്ളം കുടിക്കണം. ഉച്ചഭക്ഷണത്തിന് ശേഷം നീണ്ടുനിവര്‍ന്നു കിടന്ന് വിശ്രമിക്കണം, രാത്രി ഭക്ഷണ ശേഷം അല്‍പം നടക്കണം, മലമൂത്ര വിസര്‍ജന ശങ്ക തീര്‍ത്തേ ഉറങ്ങാവൂ.''
പ്രസിദ്ധ അറബ് ഭിഷഗ്വരന്‍ ഹാരിസുബ്‌നു കല്‍ദ; 'ത്വബീബുല്‍ അറബ്' എന്ന പേരില്‍ വിശ്രുതന്‍. ചികിത്സാര്‍ഥം നബി അദ്ദേഹത്തെ സമീപിച്ചിരുന്നു. അനുചരന്മാരെ ഹാരിസുബ്‌നു കല്‍ദയെ സമീപിച്ച് ചികിത്സ തേടാനും ഉപദേശിച്ചിരുന്നു. പുരാതന വൈദ്യശാസ്ത്ര ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്. ''ആരോഗ്യത്തോടെ ജീവിതം ആഗ്രഹിക്കുന്നവര്‍ ആഹാരം നേരത്തേ കഴിക്കണം, രാത്രി ഭക്ഷണം ഒരു കാരണവശാലും വൈകരുത്. നന്നായി പഴുത്ത പഴങ്ങളേ കഴിക്കാവൂ. ശരീരത്തിന് രോഗം താങ്ങാനാവുന്നില്ല എന്ന ഘട്ടത്തിലാണ് ചികിത്സ തേടേണ്ടത്. എല്ലാ മാസവും ആമാശയം ശുദ്ധമാക്കണം, ഉച്ചഭക്ഷണ ശേഷം കുറച്ചു നേരം ഉറങ്ങണം, രാത്രി ഭക്ഷണ ശേഷം നാല്‍പത് ചുവടുകള്‍ എങ്കിലും നടക്കണം.''

ആരോഗ്യമാണ് അമൂല്യ സമ്പത്ത്. 'പ്രാര്‍ഥിച്ചു നേടുന്നതില്‍ ഉത്തമം ആരോഗ്യമാ'ണെന്ന് നബിവചനം. അല്ലാഹുവിനോട് നിങ്ങള്‍ വിട്ടുവീഴ്ചയും സൗഖ്യവും ചോദിക്കുക. ദൃഢവിശ്വാസത്തിന് ശേഷം ഉത്തമമായ സിദ്ധി ആരോഗ്യമാണ്' (തിര്‍മിദി) l.

ശാരീരികാരോഗ്യം, മാനസികാരോഗ്യം- ഇവ രണ്ടുമായി ബന്ധപ്പെട്ട് പുതിയ കാലത്ത് പലതരത്തിലുള്ള പ്രതിസന്ധികൾ നാം അഭിമുഖീകരിക്കുന്നുണ്ട്. സ്ട്രെസ്സ്, ഡിപ്രഷൻ, കായികക്ഷമതയില്ലായ്മ, പലവിധ ജീവിതശൈലീ രോഗങ്ങൾ തുടങ്ങിയവ ഇന്ന് വ്യാപകമാണ്. സന്തുലിതവും ചിട്ടയാർന്നതുമായ ദൈനംദിന ജീവിത ശൈലി രൂപപ്പെടുത്തിയാൽ മാത്രമേ മാനസികാരോഗ്യവും ശാരീരികാരോഗ്യവും നിലനിർത്താനാവുകയുള്ളൂ.

ദുനിയാവിലെ സൗകര്യങ്ങളും വിഭവങ്ങളും മനുഷ്യർക്ക് അനുഭവിക്കാനും ആസ്വദിക്കാനും വേണ്ടി തന്നെയാണ് അല്ലാഹു സംവിധാനിച്ചിട്ടുള്ളത്. അതിനെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു ജീവിതമല്ല ഇസ്ലാം മുന്നോട്ട് വെക്കുന്നത്. അല്ലാഹു പറയുന്നു: "ചോദിക്കുക: അല്ലാഹു തന്റെ ദാസന്മാര്‍ക്കായുണ്ടാക്കിയ അലങ്കാരങ്ങളും ഉത്തമമായ ആഹാരപദാര്‍ഥങ്ങളും നിഷിദ്ധമാക്കിയതാരാണ്? പറയുക: അവ ഐഹിക ജീവിതത്തില്‍ സത്യവിശ്വാസികള്‍ക്കുള്ളതാണ്. ഉയിര്‍ത്തെഴുന്നേല്‍പു നാളിലോ, അവര്‍ക്കു മാത്രവും. കാര്യം ഗ്രഹിക്കുന്നവര്‍ക്കായി നാം ഇവ്വിധം തെളിവുകള്‍ വിശദീകരിക്കുന്നു"(അൽ അഅ്റാഫ് 32). ഇക്കാര്യത്തിൽ സന്തുലിതവും ചിട്ടയാർന്നതുമായ രീതി സ്വീകരിക്കാതിരിക്കുമ്പോൾ നമ്മുടെ ജീവിത താളം തെറ്റുകയും കാര്യങ്ങൾ വഷളാവുകയും ചെയ്യും.

അല്ലാഹു നമുക്ക് നൽകിയ ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണ് ആരോഗ്യം. ദുനിയാവുമായി ബന്ധപ്പെട്ട അനുഗ്രഹങ്ങളിൽ ആരോഗ്യത്തെക്കാൾ മഹത്തായ മറ്റൊരു അനുഗ്രഹം ഒരുപക്ഷേ ഉണ്ടാവുകയില്ല. ജീവിതത്തിൽ എല്ലാം ഉണ്ടാവുകയും ആരോഗ്യം മാത്രം ഇല്ലാതിരിക്കുകയും ചെയ്യുന്നതിനെക്കാൾ ഉത്തമം ജീവിതത്തിൽ ഒന്നും ഇല്ലെങ്കിലും ആരോഗ്യം മാത്രമുള്ളതായിരിക്കും. ഈമാൻ കഴിഞ്ഞാൽ പിന്നെ ഏറ്റവും വലിയ അനുഗ്രഹമാണ് ആരോഗ്യം. മുആദുബ്നു രിഫാഅ (റ) തന്റെ പിതാവില്‍നിന്ന് ഉദ്ധരിക്കുന്നു: അദ്ദേഹം പറഞ്ഞു: അബൂബക്ർ സിദ്ദീഖ്  (റ) മിമ്പറില്‍ കയറിനിന്നു, ശേഷം കരഞ്ഞു. എന്നിട്ട് പറഞ്ഞു: ഹിജ്റ ഒന്നാം വർഷം റസൂൽ (സ) ഞങ്ങളെ അഭിസംബോധന ചെയ്യാൻ വേണ്ടി (ഇതേപോലെ) എഴുന്നേറ്റുനിന്നു. ശേഷം അവിടുന്ന് കരഞ്ഞു. എന്നിട്ട് നബി (സ) പറഞ്ഞു: "നിങ്ങൾ അല്ലാഹുവിനോട് മാപ്പും സമ്പൂർണ ആരോഗ്യവും ചോദിക്കുക. ദൃഢവിശ്വാസത്തിന് ശേഷം സമ്പൂർണ ആരോഗ്യം പോലൊരു അനുഗ്രഹം ആർക്കും നൽകപ്പെട്ടിട്ടില്ല."
ആരോഗ്യം എന്ന അനുഗ്രഹത്തിന്റെ ആഴം യഥാർഥത്തിൽ രണ്ട് സന്ദർഭങ്ങളിലാണ് നമുക്ക് ബോധ്യപ്പെടുക. ഒന്ന്, ആരോഗ്യം നഷ്ടപ്പെടുമ്പോൾ. രണ്ട്, ആരോഗ്യം നഷ്ടപ്പെട്ടതു മൂലം ദുരിത ജീവിതം നയിക്കുന്ന ആളുകളെ കാണുമ്പോൾ. ആരോഗ്യമുള്ളപ്പോൾ ആരോഗ്യം എന്ന അനുഗ്രഹത്തെക്കുറിച്ച് നമ്മളിൽ പലരും അശ്രദ്ധരായിരിക്കും. അതുകൊണ്ടാണ് റസൂൽ പറഞ്ഞത്: "രണ്ട് അനുഗ്രഹങ്ങളുടെ കാര്യത്തില്‍ അധികം ആളുകളും അശ്രദ്ധരാണ്/ നഷ്ടകാരികളാണ്. ആരോഗ്യവും ഒഴിവ് സമയുവുമാണവ." ആശുപത്രികളും ക്യാൻസർ വാർഡുകളും ഡയാലിസിസ് സെൻററുകളും സന്ദർശിക്കുമ്പോൾ മാരകമായ രോഗം പിടിപെട്ട് വേദന തിന്ന് ജീവിക്കുന്ന നിരവധി ആളുകളെ നാം കാണാറുണ്ട്. ജീവിതത്തിൽ മറ്റൊന്നുമില്ലെങ്കിലും കുഴപ്പമില്ല, ആരോഗ്യമൊന്ന് തിരിച്ചു കിട്ടിയെങ്കിൽ എന്ന് ആഗ്രഹിച്ച് കിടക്കുന്നവരാണ് അവർ. ജീവിക്കുന്നേടത്തോളം കാലം ആരോഗ്യത്തോടെ ജീവിക്കാന്‍ സാധിച്ചാല്‍ മതിയായിരുന്നുവെന്ന് ആ കാഴ്ചകള്‍ കാണുമ്പോള്‍ നാം പറഞ്ഞുപോകും.

പുതിയ കാലം, പുതിയ ലോകം; എല്ലാം മാറിക്കൊണ്ടേയിരിക്കുന്നു. ഭക്ഷണശീലങ്ങളിലും കായികാധ്വാനങ്ങളിലും ഉറക്കത്തിന്റെ സമയങ്ങളിലും എല്ലാം മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നു. അസന്തുലിതമായ ജീവിത ശൈലികൾ കാരണം പലരുടെയും കായികക്ഷമത കുറയുന്നു, രോഗങ്ങൾ വർധിക്കുന്നു, യൗവനത്തിൽ തന്നെ ശരീരം ദുർബലമാകുന്നു. ആരോഗ്യം നിലനിർത്താനും ശക്തിപ്പെടുത്താനും ദൈനംദിന ജീവിതത്തിൽ ചില ചിട്ടയായ ശീലങ്ങൾ ഇസ്ലാം നിർദേശിക്കുന്നുണ്ട്. ഭക്ഷണം, ഉറക്കം, വ്യായാമം, വൃത്തി, വിനോദം - ഈ അഞ്ച് ഘടകങ്ങളുമായി ബന്ധപ്പെട്ടതാണ് അവ.
ഈ അഞ്ച് ഘടകങ്ങളെ മുൻനിർത്തി നമ്മുടെ ദൈനംദിന ജീവിതത്തെ പുനഃക്രമീകരിക്കാൻ നാം ശ്രമിക്കണം.

ഭക്ഷണ ശീലം

ഭൂമിയിലുള്ള വിഭവങ്ങളെല്ലാം മനുഷ്യര്‍ക്ക് വേണ്ടിയാണ് സൃഷ്ടിച്ചതെന്ന് അല്ലാഹു പറയുന്നു (അൽ ബഖറ 29). ആസ്വാദനത്തിന്റെ വലിയ സാധ്യതകളാണ് ഇസ്ലാം ഇവിടെ തുറന്നുവെക്കുന്നത്. രുചികരമായ ധാരാളം ഭക്ഷണ വിഭവങ്ങളെ ഖുർആൻ പരാമർശിക്കുന്നുണ്ട്. അഥവാ, വൈവിധ്യമാർന്ന ഭക്ഷണ വിഭവങ്ങളെ ഇസ്ലാം നിരാകരിക്കുന്നില്ല. രണ്ട് നിബന്ധനകള്‍ പാലിച്ചുകൊണ്ട് എന്തും കഴിക്കാൻ ഇസ്ലാം അനുവാദം നൽകുന്നു. ഹലാല്‍, ത്വയ്യിബ് എന്നിവയാണ് ആ രണ്ട് നിബന്ധനകള്‍.
അല്ലാഹു പറയുന്നു: "അല്ലയോ ജനങ്ങളേ, ഭൂമിയില്‍നിന്ന് ഹലാലായതും ത്വയ്യിബായതും നിങ്ങള്‍ തിന്നുകൊള്ളുക" (അൽ ബഖറ 168).
ത്വയ്യിബ് എന്നാല്‍ ആരോഗ്യത്തിന് ദോഷകരമല്ലാത്തത് എന്നാണ് ഉദ്ദേശ്യം. അതായത്, ആരോഗ്യത്തിന് ഹാനികരമായത് എന്ന് തെളിയിക്കപ്പെട്ട ഭക്ഷണങ്ങള്‍ ഒഴിവാക്കണം. രുചിവൈവിധ്യങ്ങൾ തേടിപ്പോകുന്നവരാണ് നമ്മൾ. ഹോട്ടലുകളില്‍ കയറി വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ ആസ്വദിക്കുന്നവരാണ് പലരും. അതിന് ദീനിൽ തടസ്സമൊന്നുമില്ല. എന്നാൽ, നമ്മുടെ ആരോഗ്യത്തിന് ഹാനികരമായ ചില വിഭവങ്ങളും അക്കൂട്ടത്തിലുണ്ടാകാം. അവ സ്ഥിരമായി കഴിക്കുന്നത് ചിലപ്പോൾ ഗുണകരമായിരിക്കില്ല. രുചികള്‍ ആസ്വദിക്കുന്നതിനിടയില്‍ ആരോഗ്യത്തെ മറക്കുന്നുണ്ടോ? താല്‍ക്കാലിക സുഖം ആസ്വദിക്കുന്നതിനിടയിൽ നാം നമ്മുടെ ആരോഗ്യത്തെ കുറിച്ച് അശ്രദ്ധരായാൽ ഭാവിയില്‍ നിത്യരോഗത്തിന്റെ പിടിയിലകപ്പെടും.

എങ്ങനെ ഭക്ഷണം കഴിക്കണം എന്നതിനെക്കുറിച്ചും ഇസ്ലാം ചില നിർദേശങ്ങൾ മുന്നോട്ടുവെക്കുന്നുണ്ട്. അമിതാഹാരം പാടില്ല എന്നതാണ് അതിലൊന്ന്. അല്ലാഹു പറയുന്നു: "നിങ്ങള്‍ തിന്നോളൂ കുടിച്ചോളൂ, അതിര് കവിയരുത്. അതിര് കവിയുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല'' (അൽ അഅ്റാഫ് 31). ഇവിടെ ഇസ്റാഫ് എന്ന പദമാണ് അല്ലാഹു ഉപയോഗിച്ചിരിക്കുന്നത്. ആവശ്യത്തിലധികം ഭക്ഷിക്കരുത് എന്നാണ് അതിന്റെ ഒരു വിവക്ഷ.

അമിതാഹാരം ശാരീരികമായും ആത്മീയമായും നമുക്ക് ദോഷം ചെയ്യും.
ഓരോരുത്തരും അവർക്ക് ആവശ്യമായ ഭക്ഷണം കഴിക്കണം. ആവശ്യമായ ഭക്ഷണം കഴിക്കാതിരുന്നാല്‍ കരുത്ത് നഷ്ടപ്പെടും. നാം ക്ഷീണിച്ചുപോകും. ശരീരം ദുർബലമാവും. അതുകൊണ്ടു തന്നെ നല്ല ഭക്ഷണം നല്ല രീതിയിൽ കഴിക്കുക എന്നത് ആരോഗ്യ സംരക്ഷണത്തിന് അനിവാര്യമാണ്. അമിതമായി ഭക്ഷണം കഴിക്കുമ്പോൾ എന്താണ് സംഭവിക്കുക? ക്ഷീണം തോന്നും. അലസതയുണ്ടാകും. ശരീരത്തിന് ഭാരക്കൂടുതൽ അനുഭവപ്പെടും. ഭക്ഷണം കഴിച്ചാൽ ഉന്മേഷവും ഊർജസ്വലതയുമാണല്ലോ യഥാർഥത്തിൽ ഉണ്ടാകേണ്ടത്. അഥവാ ഭക്ഷണം കൊണ്ട് ലഭിക്കേണ്ട ഗുണങ്ങൾ പോലും അമിതാഹാരം കാരണം നഷ്ടപ്പെടുകയാണ്.
അമിതാഹാരത്താല്‍ അലസമായ ശരീരം ഇബാദത്തുകള്‍ നിര്‍വഹിക്കാന്‍ മടികാണിക്കും. വയറ് നിറച്ച് ഭക്ഷണം കഴിച്ച ശേഷം നമസ്കാരത്തിന് നില്‍ക്കുമ്പോഴുള്ള അവസ്ഥ ആലോചിച്ചാൽ മതി. അമിതാഹാരം പലവിധ രോഗങ്ങളിലേക്ക് നാം അറിയാതെ നമ്മെ കൊണ്ടെത്തിക്കും. ഉമര്‍ (റ) പറഞ്ഞു: "നിങ്ങള്‍ അമിതാഹാരത്തെ സൂക്ഷിക്കുക. അത് ശരീരത്തിന് ദോഷം ചെയ്യും. രോഗങ്ങള്‍ വരുത്തിവെക്കും. നമസ്കാര കാര്യത്തില്‍ അലസതയുണ്ടാക്കും. നിങ്ങള്‍ ആഹാരത്തില്‍ മിതത്വം പാലിക്കുക. അതാണ് ശരീരത്തിന് ഏറ്റവും നല്ലത്.'' മിതമായ ആഹാരം ഇത്രയാണ് എന്ന് തിട്ടപ്പെടുത്തി പറയാന്‍ സാധിക്കില്ല. വ്യക്തികള്‍ക്കനുസരിച്ച് അതില്‍ മാറ്റമുണ്ടാകും. ഇന്ന് പല ഹോട്ടലുകളിലും എഴുതിവെച്ചിരിക്കുന്ന പരസ്യ വാചകമാണല്ലോ 'അൺ ലിമിറ്റഡ് റൈസ്.' അൺ ലിമിറ്റഡ് ആയി കഴിക്കാൻ അവസരം ലഭിക്കുമ്പോഴും സ്വന്തമായൊരു ലിമിറ്റ് നിശ്ചയിക്കാൻ നമുക്ക് സാധിക്കേണ്ടതുണ്ട്.

വ്യായാമം

വ്യായാമം ശീലമാക്കാത്ത ശരീരം ആരോഗ്യമുള്ളതായിരിക്കില്ല. വ്യായാമമില്ലെങ്കിൽ ശരീരത്തിൽ അലസത നിറയുകയും ഊർജസ്വലതയും ഉന്മേഷവും ചോർന്നു പോവുകയും ചെയ്യും. വ്യായാമത്തിന്റെ അഭാവം പല വിധ രോഗങ്ങൾക്ക് കാരണമാവാറുണ്ട്. ഇന്ന് വ്യാപകമായി കാണുന്ന പല രോഗങ്ങളുടെയും പ്രധാനപ്പെട്ടൊരു കാരണമായി വിലയിരുത്തപ്പെടുന്നത് വ്യായാമം ശീലമില്ലാത്ത ജീവിത രീതിയാണ്. വ്യായാമം സ്ഥിരമാക്കുമ്പോൾ മനസ്സിൽ സന്തോഷവും ശരീരത്തിന് ഉന്മേഷവും ഉണ്ടാകുന്നത് നമ്മിൽ പലരുടെയും അനുഭവമാണ്. വ്യായാമവും വ്യത്യസ്ത കായിക പരിശീലനങ്ങളും ശീലമാക്കാൻ റസൂൽ ( സ) പ്രത്യേകം പഠിപ്പിച്ചിട്ടുണ്ട്. നീന്തൽ, കുതിര സവാരി, ആയോധന കല, ഓട്ടം തുടങ്ങിയവ ഉദാഹരണം. നബി (സ) പറഞ്ഞു: " നിങ്ങൾ നീന്തൽ പഠിക്കൂ. നിങ്ങളുടെ മക്കൾക്ക് നീന്തൽ പഠിപ്പിച്ച് കൊടുക്കൂ.”

Balanced diet organic healthy food clean selection with space for text, on black wooden background.

വ്യായാമത്തിന് ആരോഗ്യവുമായി മാത്രമല്ല ബന്ധമുള്ളത്. വ്യായാമവും ആത്മീയതയും തമ്മിൽ വലിയ ബന്ധമുണ്ട്. ആരോഗ്യവും ചിട്ടയായ ജീവിതക്രമവും തസ്കിയത്തിന്റെ ഒരു പ്രധാന വശമാണ്. വ്യായാമത്തിന്റെ അഭാവം നമ്മുടെ ആത്മീയതയെ പ്രതികൂലമായി ബാധിക്കും. വ്യായാമമില്ലാത്ത ശരീരത്തെ അലസത പിടികൂടുമെന്ന് പറഞ്ഞല്ലോ. അലസതയും മടിയും ബാധിച്ച ശരീരം ദേഹേഛക്ക് പെട്ടെന്ന് കീഴ്പെടുമെന്നും ഇബാദത്തുകൾ ചൈതന്യത്തോടെ നിർവഹിക്കുന്നതിന് തടസ്സമാകുമെന്നും മുൻഗാമികളായ പണ്ഡിതന്മാർ ഉണർത്തിയിട്ടുണ്ട്. അലസത ബാധിച്ച ശരീരത്തില്‍ പിശാചിന് പെട്ടെന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും പണ്ഡിതന്മാർ ഉണർത്തി. നമ്മുടെ ദേഹേഛയെ/ വികാരങ്ങളെ വളരെ വേഗം തൊട്ടുണര്‍ത്താനും തെറ്റിലേക്ക് വഴിതിരിച്ചു വിടാനും പിശാചിന് വലിയ റിസ്ക് എടുക്കേണ്ടി വരില്ല. അതുകൊണ്ടുതന്നെ വ്യായാമം, ആയോധന കലാ പരിശീലനം, കായിക വിനോദങ്ങൾ തുടങ്ങിയവ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കാൻ നാം ശ്രമിക്കണം.

ഉറക്കം

അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹമാണ് ഉറക്കം. ഉറങ്ങാൻ കഴിയുക എന്നത് അല്ലാഹുവിന്റെ ഒരു ദൃഷ്ടാന്തമായി ഖുർആനിൽ പറയുന്നുണ്ട്. "രാപ്പകലുകളിലെ നിങ്ങളുടെ ഉറക്കവും നിങ്ങള്‍ അവന്റെ അനുഗ്രഹം തേടലും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. കേട്ടുമനസ്സിലാക്കുന്ന ജനത്തിന് ഇതിലും നിരവധി തെളിവുകളുണ്ട്" (അർറൂം 23). ഭക്ഷണവും വെള്ളവും ശരീരത്തിന് അനിവാര്യമാണല്ലോ; അതുപോലെ അനിവാര്യമാണ് ഉറക്കവും. ഭക്ഷണം കൂടുന്നതും കുറയുന്നതും ശരീരത്തെ ബാധിക്കുന്നതു പോലെ, ഉറക്കത്തിന്റെ കുറവും കൂടുതലും ശരീരത്തെ ബാധിക്കും. ആവശ്യത്തിന് ഉറക്കം ലഭിക്കാത്ത ശരീരം ദുർബലമായിരിക്കും. മനുഷ്യരടക്കമുള്ള ഭൂമിയിലെ സകല ജീവജാലങ്ങളുടെയും ശരീരം ആരോഗ്യത്തോടെ നിലനിൽക്കാൻ അല്ലാഹു സംവിധാനിച്ച ജൈവിക വ്യവസ്ഥയാണ് ഉറക്കം. അല്ലാഹു പറയുന്നു:
"അവനാണ് നിങ്ങള്‍ക്ക് രാവിനെ വസ്ത്രമാക്കിയത്. ഉറക്കത്തെ വിശ്രമാവസരവും പകലിനെ ഉണര്‍വു വേളയുമാക്കിയതും അവന്‍ തന്നെ" (അൽ ഫുർഖാൻ 47).

പകൽ പ്രവർത്തിക്കാനുള്ള സമയം, രാത്രി ഉറങ്ങാനുള്ള സമയം; അങ്ങനെയാണ് ഭൂമിയിലെ ജീവിതത്തെ അല്ലാഹു സംവിധാനിച്ചിട്ടുള്ളത്. പകൽ പ്രവൃത്തികളിലേർപ്പെടുന്ന ഭൂമിയിലെ സകല ജീവജാലങ്ങളും രാത്രിയായാൽ ഉറക്കത്തിലേക്ക് നീങ്ങും.
മനുഷ്യരും ആ വ്യവസ്ഥ തന്നെയാണ് പിന്തുടരേണ്ടത്. എങ്കിലേ ശരീരത്തിൽ ആരോഗ്യം നിലനിൽക്കുകയുള്ളൂ.

ശരീരത്തിന് ആവശ്യമായ ഉറക്കം കിട്ടിയില്ലെങ്കിൽ മാനസികവും ശാരീരികവുമായ പലവിധ രോഗങ്ങൾ പതുക്കെപ്പതുക്കെ തലപൊക്കും. വിഷാദം, ഓർമക്കുറവ്, ഹൃദ്രോഗം, ശരീരം ദുർബലമാവുക, ക്ഷീണം, ഉൽസാഹക്കുറവ്, ഷുഗർ തുടങ്ങിയവക്ക് ഉറക്കക്കുറവ് കാരണമാകും. ഉറക്കത്തിന് അല്ലാഹു നിശ്ചയിച്ച ജൈവികമായ ക്രമത്തിന് നാം ഭംഗം വരുത്തുമ്പോഴാണ് ആരോഗ്യം വഷളാവാൻ തുടങ്ങുന്നത്.
ഉറക്കത്തെ കുറിച്ച് അല്ലാഹു പറയുന്നു: "നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമം ആക്കിയിരിക്കുന്നു" (അന്നബഅ് 9). വിശ്രമം എന്നതിന് ഖുര്‍ആൻ ഈ ആയത്തിൽ പ്രയോഗിച്ച വാക്ക് സുബാത്ത് എന്നാണ്. മറ്റെല്ലാ ജോലികളും പ്രവർത്തനങ്ങളും നിര്‍ത്തിവെച്ച് പൂർണമായ വിശ്രമത്തിൽ മുഴുകുന്നതിനെയാണ് സുബാത്ത് എന്ന് പറയുന്നത്. പ്രപഞ്ചത്തിലെ എല്ലാ ജീവജാലങ്ങളും രാത്രിയായാൽ ഉറങ്ങുന്നു. പക്ഷികളും മൃഗങ്ങളും മത്സ്യങ്ങളുമെല്ലാം ആഴമേറിയ ഉറക്കത്തിൽ മുഴുകുന്നു. അവയൊന്നും രാത്രി ഉറക്കമൊഴിക്കാറില്ല. അതുപോലെ തന്നെ കിടന്നിട്ട് ഉറക്കം വരാതെ നേരം പുലരുവോളം പ്രയാസപ്പെടാറില്ല. വളരെ സ്വാസ്ഥ്യമുള്ള ആഴമേറിയ ഉറക്കം അവക്ക് ലഭിക്കുന്നു. കാരണം, അവയെല്ലാം ഉറക്കത്തിന് അല്ലാഹു നിശ്ചയിച്ച പ്രകൃതിപരമായ സമയക്രമം പാലിക്കുന്നവയാണ്.

നേരത്തെ ഉറങ്ങുകയും നേരത്തെ എഴുന്നേൽക്കുകയും ചെയ്യുക എന്നതായിരുന്നു റസൂലിന്റെ രീതി. ആ രീതിയാണ് ആരോഗ്യത്തിന് നല്ലത് എന്ന് ശരീരശാസ്ത്ര വിദഗ്ധർ അഭിപ്രായപ്പെടുന്നു. വൈകി ഉറങ്ങുന്നത് ശരീരത്തിന് ഹാനികരമാണ്. മൊബൈലുകളിൽ വ്യാപൃതരായി വൈകി ഉറങ്ങുന്ന രീതി ഇന്ന് വ്യാപകമാണ്. ഇത് വളരെ ദോഷം ചെയ്യും. നിങ്ങൾ ഒരു രാത്രി മുഴുവൻ ഉറങ്ങാതെ ഇരുന്നു നോക്കൂ. ശേഷം വരുന്ന രണ്ടോ മൂന്നോ ദിവസങ്ങളിൽ അതിന്റെ അലസതയും ക്ഷീണവും നിങ്ങളിലുണ്ടാവും. നേരത്തെ ഉറങ്ങി രാത്രിയുടെ അന്ത്യയാമങ്ങളിൽ എഴുന്നേൽക്കുന്നത് ശീലിച്ചാൽ ശരീരത്തിനും മനസ്സിനും അത് ഉന്മേഷവും ഉണർവും സമ്മാനിക്കും. ആരാധനാ കർമങ്ങൾക്ക് വേണ്ടി പോലും സ്ഥിരമായി രാത്രി മുഴുവൻ ഉറക്കമൊഴിക്കുന്നത് റസൂൽ നിരോധിച്ചിട്ടുണ്ട്. എല്ലാ ദിവസവും രാത്രി ഉറങ്ങാതെ നമസ്കരിക്കാന്‍ തീരുമാനിച്ച ഒരു അനുയായിയെ റസൂൽ അതിൽനിന്ന് വിലക്കുകയുണ്ടായി.

വൃത്തി

ആരോഗ്യ സംരക്ഷണത്തിന് അനിവാര്യമായും ഉണ്ടാകേണ്ട ഘടകമാണ് വൃത്തി. ഇസ്ലാമിൽ വൃത്തി എന്നത് ഒരു ഇബാദത്താണ്. നബി (സ) പറഞ്ഞു: "വൃത്തി ഈമാനിലേക്ക് ക്ഷണിക്കുന്നു, ഈമാന്‍ തന്റെ കൂട്ടുകാരനോടൊപ്പം സ്വര്‍ഗത്തിലുമാണ്. "
മറ്റൊരിക്കൽ പറഞ്ഞു: "ശുദ്ധി ഈമാനിന്റെ പകുതിയാണ്.”
ഫിഖ്ഹ് ഗ്രന്ഥങ്ങളുടെ ആദ്യത്തെ അധ്യായം ‘ത്വഹാറ’ അഥവാ വൃത്തി/ ശുദ്ധി എന്നതാണ്. ഇസ്ലാമിക കര്‍മശാസ്ത്രത്തിൽനിന്ന് ഒരു മുസ്ലിമിന് ആദ്യമായി പഠിക്കാനുള്ളത് അതാണ്. ആരോഗ്യ സംരക്ഷണത്തിന് വൃത്തിയുള്ള ദൈനംദിന ജീവിത രീതി ചിട്ടപ്പെടുത്താൻ ഇസ്ലാം നിർദേശിക്കുന്നു. വൃത്തിയുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ റസൂൽ പ്രത്യേകം പ്രത്യേകം ഉണർത്തിയിട്ടുമുണ്ട്. ഉറക്കത്തിൽ നിന്നുണർന്നാൽ മൂന്നു പ്രാവശ്യം കൈകൾ കഴുകിയ ശേഷമല്ലാതെ വെള്ളപ്പാത്രത്തിൽ സ്പർശിക്കരുത് എന്ന് നബി പഠിപ്പിച്ചു . പല്ല് വൃത്തിയായി സൂക്ഷിക്കണം. റസൂൽ പറയുന്നു: "ദന്തശുദ്ധീകരണം വായയെ വൃത്തിയാക്കുന്നതും അല്ലാഹുവിനെ തൃപ്തനാക്കുന്നതുമാണ്”. പ്രത്യേകിച്ചും രാത്രി ഉറങ്ങുന്നതിനു മുമ്പ് പല്ല് വൃത്തിയാക്കുന്നത് നല്ലതാണ്. രാത്രി പല്ല് വൃത്തിയാക്കാതെ ഉറങ്ങുന്നത് ശീലമാക്കിയാൽ പല്ല് ക്രമേണ കേടുവരും. അതുകൊണ്ടാണ് റസൂൽ പറഞ്ഞത്: "എന്റെ സമുദായത്തിന് പ്രയാസമാകുമായിരുന്നില്ലായെങ്കിൽ എല്ലാ വുദൂവിനോടൊപ്പവും പല്ല് തേക്കാന്‍ കൽപിക്കുമായിരുന്നു".
തലമുടി ചീകിയൊതുക്കി വെക്കണമെന്നും റസൂൽ നിർദേശിച്ചു. നബി (സ) പറഞ്ഞു: “മുടിയുള്ളവൻ അതിനെ ബഹുമാനിക്കട്ടെ."
കക്ഷരോമവും ഗുഹ്യരോമവും നീക്കം ചെയ്യുക, നഖം മുറിക്കുക തുടങ്ങിയവയെല്ലാം റസൂലിന്റെ (സ) നിർദേശങ്ങളിൽ പെട്ടതാണ്.
വീടും പരിസരവുമെല്ലാം വൃത്തിയായി സൂക്ഷിക്കാനും ഇസ്ലാം ഉണർത്തുന്നുണ്ട്. റസൂൽ പറഞ്ഞു: “അല്ലാഹു വൃത്തി ഇഷ്ടപ്പെടുന്നു. അതിനാൽ നിങ്ങൾ സ്വന്തം മുറ്റങ്ങൾ വൃത്തിയായി സൂക്ഷിക്കുക.”
കഴിക്കുന്ന പാത്രങ്ങളും ഭക്ഷണവുമെല്ലാം വൃത്തിയായി സൂക്ഷിക്കാനും നിർദേശിച്ചു. ഭക്ഷണ പാത്രം തുറന്നിടരുത്, ഭക്ഷണത്തിന് മുമ്പ് കൈകഴുകണം, ഭക്ഷണത്തില്‍ ഊതരുത് തുടങ്ങിയ ജാഗ്രതാ നിര്‍ദേശങ്ങൾ അതിന്റെ ഭാഗമാണ്.

വിനോദം

വിനോദം മനുഷ്യന്റെ പ്രകൃതിപരമായ താൽപര്യങ്ങളിൽ പെട്ടതാണ്. വിനോദം മനസ്സിന് ആനന്ദവും ആശ്വാസവും ചിന്തക്ക് ഭാരക്കുറവും നൽകുന്നു. ജീവിതത്തിലെ ഉത്തരവാദിത്വങ്ങൾ നിർവഹിക്കാനുള്ള ഉണർവ് അതുവഴി ലഭിക്കുന്നു. വിനോദം ഇല്ലെങ്കിൽ ജീവിതവും മനസ്സും വരണ്ടുപോവും. കായിക വിനോദങ്ങൾ, യാത്രകൾ, ഭാര്യയോടും കുട്ടികളോടുമൊപ്പമുള്ള കളികൾ, ഇസ്ലാം നിരോധിക്കാത്ത വിവിധ തരം എന്റർടൈൻമെന്റുകൾ തുടങ്ങിയവ ജീവിതത്തിന്റെ ഭാഗമാകണം.

ലൈഫ് സ്റ്റൈൽ ബാലൻസിങ്

ബിസിനസും ജോലിയും ജോലിയിടങ്ങളിലെ തിരക്കുകളുമൊക്കെയായി നമ്മുടെ ജീവിതം മുന്നോട്ട് പോവുകയാണ്. വിവിധ പ്രൊഫഷനുകളിലും, വ്യത്യസ്ത ബിസിനസുകളിലും തൊഴിലുകളിലും ഏർപ്പെടുന്നവരാണ് നാം. ഓരോ മേഖലയിലും അതിന്റേതായ തിരക്കുകളും മെന്റൽ സ്ട്രെയ്്നുമൊക്കെയുണ്ട്. അതോടൊപ്പം കുടുംബം, പാരന്റിംഗ്, ഇബാദത്ത്, വ്യക്തിപരവും സംഘടിതവുമായ മറ്റു ദീനീ പ്രവർത്തനങ്ങൾ, വായന, പഠനം തുടങ്ങിയവയിൽ നാം ഏർപ്പെടുന്നുണ്ട്.
ഈ കാര്യങ്ങളിലെല്ലാം സന്തുലിതമായി എൻഗേജ് ചെയ്യുന്ന ജീവിത ശൈലിയാണ് നാം രൂപപ്പെടുത്തേണ്ടത്. മാനസികാരോഗ്യം നിലനിർത്തുന്നതിലും സ്ട്രെസ്സ് ഇല്ലാതാക്കുന്നതിലും ഇത് പ്രധാന പങ്കുവഹിക്കുന്നുണ്ട്. എന്നാൽ, ഇവയെല്ലാം സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകാൻ പലപ്പോഴും നാം പ്രയാസമനുഭവിക്കാറുണ്ട്. ഓരോ സന്ദർഭത്തിലും ഓരോന്നിന്റെയും മുൻഗണനാക്രമം മാറിക്കൊണ്ടിരിക്കാം. അതിനനുസരിച്ച് സമയ ക്രമീകരണവും ഊന്നലും നിശ്ചയിക്കുക എന്നത് പ്രധാനമാണ്. ഒന്നിൽ എൻഗേജ് ചെയ്യുമ്പോൾ മറ്റുള്ളതിൽ നിന്നെല്ലാം അശ്രദ്ധമാകുന്ന ജീവിതശൈലിയിൽ മാറ്റം ഉണ്ടാവണം. അത് മാനസിക സ്ട്രെസ്സിനും വിരസതക്കും മടുപ്പിനും കാരണമാകും. നമ്മിൽ ഏൽപ്പിക്കപ്പെട്ട ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്യും. ബിസിനസ്, കുടുംബം, ദീനീപ്രവർത്തനങ്ങൾ തുടങ്ങിയവ സന്തുലിതമായി കൊണ്ടുപോകുന്ന ജീവിത സംസ്കാരം നാം വളർത്തിയെടുക്കണം. നമ്മുടെ പ്രൊഡക്റ്റിവിറ്റി വർധിപ്പിക്കുന്ന രൂപത്തിൽ ജീവിത രീതിയെ ക്രമീകരിക്കുകയും ആസൂത്രണങ്ങൾ നടത്തുകയും വേണം.
നമുക്ക് ഓരോരുത്തർക്കും വ്യത്യസ്ത ശരീരപ്രകൃതമാണുള്ളത്. ഉയരമുള്ളവർ, ഉയരം കുറഞ്ഞവർ, മെലിഞ്ഞ ശരീരപ്രകൃതമുള്ളവർ, തടിച്ച ശരീരപ്രകൃതമുള്ളവർ, വൈകല്യമുള്ളവർ, വൈകല്യം ഇല്ലാത്തവർ…… ശരീരപ്രകൃതം ഏതാണെങ്കിലും വിശ്വാസിയുടെ ശരീരഭാഷ എപ്പോഴും ഊർജസ്വലതയും ഉന്മേഷവും നിറഞ്ഞതായിരിക്കണം. കാണുന്നവർക്കൊരു പോസിറ്റീവ് എനർജി ലഭിക്കുന്ന വിധത്തിൽ ബോഡി ലാംഗ്വേജ് എനർജറ്റിക് ആയിരിക്കണം. റസൂലിന്റെയും സ്വഹാബികളുടെയും ബോഡി ലാംഗ്വേജ് അപ്രകാരമായിരുന്നു. l