ലൈക് പേജ്

ജാവലിന്റെ അഗ്രം പോലെ മുന കൂർത്തതാണ് നമ്മുടെ അതിർത്തികൾ! ചാരിനിൽക്കാനാകാത്തവിധം കൂർത്തത്, മുറിവേൽപിക്കുന്നത്. ഇപ്പുറത്ത് നിന്നും നാം വിരൽ ചൂണ്ടും: അതാ, അതാണ് നമ്മുടെ ശത്രുരാജ്യം; പാകിസ്താൻ. അപ്പുറത്ത് നിന്ന് ഒരു വിരൽ ഇങ്ങോട്ടും നീളും: അതാ, അതാണ് നമ്മുടെ ശത്രുരാജ്യം; ഇന്ത്യയെന്ന് പേര്!

നിരീക്ഷണക്കണ്ണുകളും ബൂട്ടിൻപെരുക്കങ്ങളും തോക്കിൻ കുഴലുകളും കണ്ട് വസന്തം മടങ്ങിപ്പോകുന്ന ഇടങ്ങളാണ് അതിർത്തികൾ! ചാറുന്ന മഴത്തുള്ളികളും പരക്കുന്ന വെയിൽനൃത്തവും ഇറ്റുന്ന തുഷാര ബിന്ദുക്കളും പതിയെ മൊഴിയാറുണ്ട്; ഒന്നായിരുന്നു നാം, ഒരേ ഉടലായിരുന്നു, ഒരേ മണ്ണായിരുന്നു, ഒരേ മനമായിരുന്നു. പിന്നെ എപ്പോഴാണ് നാം ശത്രുക്കളായത്?! അർഷദ് നദീം നീട്ടിയെറിഞ്ഞ ജാവലിന്റെ കുതിപ്പ് നീരജ് ചോപ്രയുടെ അമ്മയുടെ മനവും, നീരജ് ചോപ്ര തൊടുത്ത ജാവലിന്റെ സ്പർശത്താൽ നദീമിന്റെ ഉമ്മയുടെ മനവും പൂത്തുല്ലസിച്ചു നിന്നപ്പോൾ അതിർത്തിയിലെ മുള്ളുവേലികൾ അല്പനേരത്തേക്കെങ്കിലും അപ്രത്യക്ഷമാവുകയായിരുന്നു.

2024 പാരീസ് ഒളിമ്പിക്സിൽ ജാവലിൻ ത്രോ പോരാട്ടത്തിൽ പാകിസ്താന്റെ അർഷദ് നദീമിനാണ് സ്വർണമെഡൽ, ഇന്ത്യയുടെ നീരജ് ചോപ്രക്ക് വെള്ളിയും. എന്നാൽ, ആ സ്വർണവും വെള്ളിയും രണ്ടു മാതാക്കളുടെ മനസ്സിലാണ് ഏറ്റം തിളങ്ങിയത്. "സ്വർണം നേടിയത് ഞങ്ങളുടെ കുട്ടിയാണ്, വെള്ളി നേടിയതും ഞങ്ങളുടെ കുട്ടിയാണ്" എന്ന് നീരജിന്റെ അമ്മ സരോജ്ദേവി സന്തോഷം പങ്കുവെക്കുമ്പോൾ നദീം നമ്മുടെ രാജ്യത്തിന്റെ സന്തതിയായി പിറക്കുന്നു. "അവർ സുഹൃത്തുക്കൾ മാത്രമല്ല, സഹോദരന്മാർ കൂടിയാണ്. നീരജിന് കൂടുതൽ വിജയങ്ങൾ ലഭിക്കാൻ ഞാൻ പ്രാർഥിക്കുന്നു" എന്ന് നദീമിന്റെ ഉമ്മ റസിയ പർവീൺ വാചാലമാകുമ്പോൾ നീരജ് 'ശത്രുരാജ്യത്തിന്റെ' കൂടി മകനാകുന്നു.

ആറുമാസം മുമ്പ് പുതിയൊരു ജാവലിൻ വാങ്ങാൻ പണം തികയാത്തതിനാൽ ജനങ്ങളോട് സഹായം അഭ്യർഥിച്ച നദീമിന് വേണ്ടി സംസാരിക്കാനും നീരജ് മുന്നോട്ടുവരികയുണ്ടായി. നദീമിനെ നിങ്ങൾ സഹായിക്കണം, അദ്ദേഹം നിരാശപ്പെടുത്തില്ല എന്ന നീരജിന്റെ വാക്കുകൾ അക്ഷരംപ്രതി ശരിവെക്കുന്നതാണ് ഒളിമ്പിക്സ് റെക്കോർഡ് കുറിച്ചിട്ട ആ ഏറ്. അത്്ലറ്റിക്സിൽ പാകിസ്താന്റെ ആദ്യ സ്വർണ മെഡൽ.

ടോക്യോ ഒളിമ്പിക്സിൽ നീരജിനായിരുന്നു സ്വർണം. നദീം അന്ന് അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. കാലപ്പഴക്കം ചെന്നൊരു ജാവലിൻ കൊണ്ടായിരുന്നു പരിശീലനം. അത് തകർന്നപ്പോഴായിരുന്നു ചാനലിലൂടെ ജനങ്ങളോട് തന്റെ സാമ്പത്തിക പരാധീനത തുറന്നുപറഞ്ഞത്. നീരജ് ചോപ്രയും അദ്ദേഹത്തിന്റെ ഒപ്പം നിന്നു.

നീരജും നദീമും തമ്മിലുള്ള ബന്ധം സുദൃഢമാണ്. അവർക്കിടയിൽ മുള്ളുവേലികൊണ്ട് തിരിച്ച അതിർത്തികളില്ല. ടോക്യോ ഒളിമ്പിക്സിനു വേണ്ടി നീരജിന്റെ ജാവലിൻ എടുത്തായിരുന്നു നദീമിന്റെ പരിശീലനമത്രയും. പക്ഷേ, വെറുപ്പിന്റെ ദുശ്ശക്തികൾ പാടിനടന്നു, ജാവലിനിൽ കൃത്രിമം വരുത്തി നീരജിനെയും അതുവഴി ഇന്ത്യയെയും തോൽപിക്കാനുള്ള കൗശലത്തിന്റെ ഭാഗമാണ് നദീമിന്റെ ഈ പരിശീലനമെന്ന്! നിങ്ങളുടെ ഈ വൃത്തികെട്ട അജണ്ടയിലേക്ക് തന്നെയും നദീമിനെയും വലിച്ചിഴക്കരുതെന്നായിരുന്നു നീരജിന്റെ നീരസം കലർന്ന മറുപടി. വാക്കുകൾകൊണ്ടും ചേർത്തുപിടിക്കൽ കൊണ്ടും ചിലർ അതിർത്തികൾ മായ്ക്കുന്നത് ഇപ്രകാരമാണ്. l

സൈൻ നദിയിലപ്പോൾ മഴ ചാറുന്നുണ്ടായിരുന്നു. ഇരു കരയിലുമിരുന്ന് ഉദ്ഘാടന ചടങ്ങ് വീക്ഷിക്കുകയായിരുന്ന ഏവരുടെയും ശ്രദ്ധയെ തൊട്ടുവിളിച്ചു രണ്ടക്കം പോലും തികയാത്ത ആ പ്രതിനിധി സംഘം! കൃത്യമായി പറഞ്ഞാൽ, മുപ്പത്തിമൂന്നാം ഒളിമ്പിക് ഗെയിംസ് വേദിയിൽ അവർ എട്ടു പേരുണ്ടായിരുന്നു. ഈഫൽ ടവറിനേയും സൈൻ നദിയേയും സാക്ഷിനിർത്തി ഫലസ്ത്വീൻ പതാക ആഞ്ഞുവീശിക്കൊണ്ട് പാരിസ് ഒളിമ്പിക്സിലേക്ക് ചുവടുവെക്കുമ്പോൾ ഒരു മെഡൽ പോലും അവർ കിനാവ് കണ്ടിരിക്കില്ല. മെഡലിനപ്പുറം ലോകത്തോട് അവർക്ക് ചിലത് പറയാനുണ്ട്; രാഷ്ട്രത്തെക്കുറിച്ച്, രാഷ്ട്രീയത്തെക്കുറിച്ച്, വംശഹത്യയെക്കുറിച്ച്, അധിനിവേശത്തെക്കുറിച്ച്, ഇനിയുമൊടുങ്ങാത്ത നിലവിളികളെക്കുറിച്ച്, ഇനിയും തുടരുന്ന നിങ്ങളുടെ മൗനത്തെക്കുറിച്ച്….

രാഷ്ട്രമെന്ന നിലയിൽ തങ്ങളെ അംഗീകരിക്കാത്ത ഫ്രാൻസിന്റെ മണ്ണിൽത്തന്നെ പച്ചയും കറുപ്പും ചുവപ്പും നിറങ്ങൾ ചാലിച്ച ഫലസ്ത്വീൻ പതാകകൾ അവർ ആഞ്ഞുവീശി. ചെറുത്തുനിൽപ്പിന്റെ പരമ്പരാഗത പ്രതീകമായ കഫിയ്യ ചുറ്റി സൈൻ നദിയോട് മിണ്ടിയും പറഞ്ഞുമവർ തുഴയെറിഞ്ഞു. അവർ ധരിച്ച കുപ്പായങ്ങൾക്കുപോലും നാവുണ്ടായിരുന്നു; അവരുടെ മൗനങ്ങൾക്ക് വാചാലതയും.
പ്രഥമ ഫലസ്ത്വീനിയൻ ഒളിമ്പിക് ബോക്സറായി മത്സരിക്കാനെത്തിയ വസീം അബൂ സാലിന്റെ എംബ്രോയ്ഡറി ചെയ്ത വെള്ളക്കുപ്പായത്തിന് ഒരു പിഞ്ചു കുട്ടിയുടെ നിലവിളിയെ ധ്വനിപ്പിക്കാൻ പോന്ന ശക്തിയുണ്ടായിരുന്നു; രക്തദാഹികളായ ഇസ്രയേലിന്റെ, ബോംബുകൾ ചുമന്ന് വട്ടമിട്ട് പറക്കുന്ന യന്ത്രപ്പക്ഷിയുടെ ഇരമ്പങ്ങളെ, അത് പാരീസിന്റെ മണ്ണിലേക്ക്, കാണികളുടെ മുന്നിലേക്ക് കുടഞ്ഞിട്ടു. ഉദ്ഘാടന ചടങ്ങിന് ദൃക്സാക്ഷികളായവർ മാത്രമല്ല, ടെലിവിഷനിലൂടെയും സോഷ്യൽ മീഡിയയിലൂടെയും ഒരാവൃത്തി കണ്ടവർ പോലും അതിന്റെ ഇരമ്പം കേട്ടു; ഒപ്പം ആ കുട്ടികളുടെ ചിതറിയ ഞെരക്കങ്ങളും.

സോക്കർ കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ മേൽ ബോംബുകൾ വർഷിക്കുന്ന വിമാനത്തിന്റെ ചിത്രങ്ങൾ എംബ്രോയ്ഡറി ചെയ്ത ആ വെള്ളക്കുപ്പായത്തിന് വാതോരാതെ സംസാരിക്കാനുള്ള വേദിയാണ് ഫലസ്ത്വീനികൾക്ക് ഒളിമ്പിക്സ്; മെഡൽ നേടാനുള്ളതല്ല. തങ്ങളെ മനുഷ്യരായിപ്പോലും പരിഗണിക്കാൻ വിമുഖത കാട്ടുന്നവന്റെ ഒപ്പം നിന്ന് മത്സരിക്കാനും, തോളോടു തോൾ ചേർന്ന് നിൽക്കാനും, ഇങ്ങനെയും ഒരു രാജ്യമുണ്ട് എന്ന് ഉദ്ഘോഷിക്കാനുമുള്ളതാണ് ഫലസ്ത്വീനികൾക്ക് ഒളിമ്പിക്സ്; തങ്കമെഡൽത്തിളക്കത്തിലേക്ക് ഒളികണ്ണെറിയാനുള്ളതല്ല.
ഫലസ്ത്വീനികൾക്ക് ഒളിമ്പിക്സ് എന്തെന്ന് റംസി ബാറൂദ് മുമ്പ് എഴുതിയിട്ടുണ്ട്:
"നമ്മുടെ ദൈനംദിന രാഷ്ട്രീയത്തിൽനിന്ന് വ്യത്യസ്തമാണ് ഒളിമ്പിക്സിനുള്ളിലെ രാഷ്ട്രീയം. തീർച്ചയായും അത് അഗാധവും ആഴത്തിലുള്ളതുമായ ആവിഷ്കാരമാണ്; സ്വത്വം, സംസ്കാരം, വിമോചനം, സമത്വം, വംശം, സ്വാതന്ത്ര്യം എന്നിവയ്‌ക്കായുള്ള ദേശീയ പോരാട്ടങ്ങളുമായി ബന്ധപ്പെട്ടത്.

ഞങ്ങളെ സംബന്ധിച്ചേടത്തോളം ഉദ്ഘാടന ചടങ്ങ് എപ്പോഴും നിർണായകമായിരുന്നു. ഓരോ പ്രതിനിധി സംഘവും കടന്നുപോകുമ്പോൾ ക്യാമറകൾ കുറച്ച് നിമിഷങ്ങൾ മാത്രമേ കൺമിഴിക്കുന്നുള്ളൂവെങ്കിലും, ഓരോ രാജ്യത്തെയും കുറിച്ചുള്ള നമ്മുടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാൻ ആ കുറച്ച് നിമിഷങ്ങൾ മതിയായിരുന്നു."
1996 ഒളിമ്പിക്സ് മുതലുള്ള ഫലസ്ത്വീൻ സാന്നിധ്യം, വംശഹത്യയുടെയും യുദ്ധക്കെടുതികളുടെയും ഈ നിർണായക ഘട്ടത്തിലും, 2024 പാരിസ് ഒളിമ്പിക്സിലും തുടരുകയാണ്. അഭയാർഥി ക്യാമ്പിലെ ബ്ലാക്ക് ആന്റ് വൈറ്റ് ടെലിവിഷന് മുന്നിലിരുന്ന് ഒളിമ്പിക്സ് ഗെയിമുകൾ കണ്ട ഓർമകൾ, അടിച്ചേൽപിക്കപ്പെട്ട പ്രവാസത്തിലിരുന്ന് ഫലസ്ത്വീനികൾ അയവിറക്കുന്നുണ്ടാകും. അന്നു മുതൽ ഇന്നേവരെ ഒരു മെഡലും നേടാത്തൊരു രാജ്യത്തിന്റെ പോരാട്ടവീര്യവും നിലപാടു പ്രഖ്യാപനവും തകർന്ന കെട്ടിടങ്ങൾക്കും ഇരുണ്ട ആകാശത്തിനും, മിസൈലുകൾ ചവച്ചുതുപ്പിയ ഭൂമിക്കു ചാരെയിരുന്നും പുതു തലമുറ കാണുന്നുണ്ടാവണം. അറ്റുപോകാത്ത കൈകൾകൊണ്ട് ക്ലാപ്പടിക്കുന്നുണ്ടാകണം . l

പതിനാറു വയസ്സ് മാത്രം പ്രായമുള്ള സ്പാനിഷ് താരം ലാമിൻ യമാലിന്റെ മഴവില്ലുപോലെ വലയിലേക്ക് വളഞ്ഞിറങ്ങിയ ഗോൾ, തുർക്കി മെസ്സി എന്നറിയപ്പെടുന്ന അർദ ഗുലറിന്റെ പോരാട്ടവീര്യം, രണ്ടു ദശകങ്ങളോളം മൈതാനമധ്യം അടക്കിഭരിച്ച ടോണി ക്രൂസിന്റെ വിടവാങ്ങൽ രാവ്, പറങ്കിപ്പടയുടെ കപ്പിത്താൻ റൊണാൾഡോയുടെ ഗോളില്ലാ ടൂർണമെന്റിൽ ഗോളിനോളം മൊഞ്ചുള്ള അസിസ്റ്റ്….. 2024 യൂറോ കപ്പിന് അവസാന വിസിൽ മുഴങ്ങുമ്പോൾ ഓർത്തിരിക്കാൻ ഒരുപിടി മുഹൂർത്തങ്ങളൊന്നുമില്ല. വിരസമായ യൂറോ കാൽപ്പന്തുനീക്കങ്ങളിൽ ഇങ്ങനെയും ചിലതുണ്ടായിരുന്നു എന്നുമാത്രം.

എന്നാൽ, മാനവികതയെ അണച്ചുപിടിച്ച ഫ്രഞ്ചുകാർക്ക് സന്തോഷിക്കാൻ, യൂറോ കപ്പിനുമേൽ ചാർത്തുന്ന മുത്തത്തെക്കാൾ മൂല്യമേറിയ ചിലതുണ്ട്. ജർമനി ആതിഥേയത്വം വഹിച്ച യൂറോ കപ്പ് സെമി ഫൈനലിൽ സ്പാനിഷ് പടക്ക് മുന്നിൽ തോൽക്കാനായിരുന്നു ദേശീയ ടീമിന്റെ വിധിയെങ്കിലും, നിർണായകമായ ദേശീയ പൊതു തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ പാർട്ടിയെ കലാശപ്പോരിൽ കടത്താതിരിക്കാൻ കിലിയൻ എംബാപ്പെയും കൂട്ടരും വഹിച്ച പങ്ക് നിസ്തുലമാണ്. വർഗീയതയെയും വംശീയതയെയും എതിർപക്ഷത്ത് നിർത്തുന്ന ആ നാട്ടിലെ ജനാധിപത്യസ്നേഹികൾക്ക് അത് വിസ്മൃതിയിലേക്ക് കുടഞ്ഞെറിയുക അത്ര എളുപ്പമല്ല.

ഫുട്ബോൾ ടീം ജർമനിയിലേക്ക് വണ്ടി കയറുമ്പോൾ, ഫ്രാൻസ് തെരഞ്ഞെടുപ്പ് ചൂടിന്റെ മൂർധന്യത്തിലായിരുന്നു. മെയ് 31-ന് നടന്ന ഒന്നാം ഘട്ട വോട്ടെടുപ്പിൽ മുപ്പത്തിമൂന്ന് ശതമാനം വോട്ട് നേടി വലതുപക്ഷ-വംശീയവാദി നേതാവ് മറീൻ ലെ പെൻ നയിക്കുന്ന നാഷണൽ റാലി പാർട്ടി അധികാരത്തിലേക്ക് ചുവട് വെക്കുമെന്ന പ്രതീതി. കുടിയേറ്റക്കാരുടെ ഇരട്ട പൗരത്വവും, ഹിജാബ് നിരോധനവും, കുടിയേറിയവരുടെ ഭാവിതലമുറയുടെ പൗരത്വവും പ്രശ്നവത്കരിച്ച്, ഫ്രഞ്ച് ഫ്രൈഡ്റൈസ് പോലെ വംശീയത രുചിച്ചിറക്കുന്ന സാഹചര്യം. മുസ് ലിം വിരുദ്ധതയും അതിതീവ്ര ദേശീയതാവാദവും വാരിവിതറി ഫ്രാൻസിന്റെ സാമൂഹിക അന്തരീക്ഷത്തിന് സാരമായ പോറലേൽപിച്ച് ലെ പെൻ ആഗോള വലതുപക്ഷ പ്രസ്ഥാനങ്ങളുടെ ശ്രദ്ധ തന്നിലേക്ക് തിരിച്ചുവെച്ച നിമിഷം. വാർത്താ സമ്മേളനത്തിൽ മൈക്കിനു മുന്നിലിരുന്ന് കിലിയൻ എംബാപ്പെ തൊടുത്ത മുന കൂർത്ത വാക്കുകൾ നാഷണൽ റാലി പാർട്ടിയുടെ അധികാരക്കൊതിക്കുമേൽ അശനിപാതമായി പതിക്കുകയായിരുന്നു.

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യമത്സരത്തിന് മുന്നോടിയായുള്ള വാർത്താ സമ്മേളനത്തിൽ ഫുട്ബോളിനെക്കുറിച്ച് വാചാലനാകുന്നതിന് പകരം ടീം ക്യാപ്റ്റൻ എംബാപ്പെ, ദേശീയ തെരഞ്ഞെടുപ്പിൽ തീവ്ര വലതുപക്ഷ പാർട്ടിയെ തുരത്തേണ്ടതുണ്ടെന്നാണ് ഊന്നിപ്പറഞ്ഞത്. പോർച്ചുഗലുമായുള്ള ക്വാർട്ടർ ഫൈനൽ മത്സരത്തിന് മുമ്പുള്ള വാർത്താ സമ്മേളനത്തിലും രാഷ്ട്രീയം തന്നെ സംസാരിക്കാൻ ആ വേദി ഉപയോഗപ്പെടുത്തി. വംശീയതയും വർഗീയതയും അഴിച്ചുവിട്ട കൊടുങ്കാറ്റിനു മുന്നിൽ രാജ്യം ആടിയുലയുമ്പോൾ കാൽപ്പന്തുകളിയുടെ സ്ട്രാറ്റജിയെക്കുറിച്ച് വാചാലനാകാൻ ഒരു രാജ്യസ്നേഹിക്ക് എങ്ങനെയാണ് സാധ്യമാവുക?

"ഫുട്ബോളും രാഷ്ട്രീയവും കലർത്തരുതെന്നാണ് പലരുടെയും അഭിപ്രായം. കളിയെക്കാൾ അതീവ പ്രാധാന്യമുള്ള ഒരു സാഹചര്യത്തെക്കുറിച്ചാണ് ഞങ്ങൾ സംസാരിക്കുന്നത്. ഫ്രാൻസിൽ അശുഭകരമായ സാഹചര്യമാണുള്ളത്. മനുഷ്യരെ ഭിന്നിപ്പിക്കുന്ന തീവ്ര ആശയങ്ങൾക്ക് എതിര് നിൽക്കുന്നവനാണ് ഞാൻ. ഫ്രാൻസിനെ പ്രതിനിധീകരിക്കുന്നതിൽ എനിക്ക് അഭിമാനമുണ്ട്. എന്നാൽ, എന്റെയോ നമ്മുടെയോ മൂല്യങ്ങളെ പ്രതിഫലിപ്പിക്കാത്ത ഒരു രാജ്യത്തെ പ്രതിനിധീകരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല" - ഫ്രഞ്ച് ജനതയെ, വിശേഷിച്ചും യുവാക്കളെ പ്രബുദ്ധരാക്കുന്ന വാക്കുകൾ കൊണ്ട് ജർമനിയിലിരുന്ന് ഫ്രീകിക്ക് തൊടുക്കുകയായിരുന്നു കിലിയൻ എംബാപ്പെ. ആ ഫ്രീകിക്കിന്റെ കൃത്യതയും തീക്ഷ്്ണതയും മറീൻ ലെ പെന്നിന്റെ ഗോൾമുഖത്താണ് നാശം വിതച്ചത്. 577 അംഗ ദേശീയ അസംബ്ലിയിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ മൂന്നാം സ്ഥാനത്തേക്ക് കൂപ്പുകുത്തി വീണു നാഷണൽ റാലിയെന്ന തീവ്ര വലതുപക്ഷ- വംശീയ പാർട്ടി. ആർക്കും ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമില്ലെങ്കിലും 188 സീറ്റുകൾ നേടി ഇടതുപക്ഷസഖ്യം മേൽക്കൈ നേടി.
കിലിയൻ എംബാപ്പെയും സഹകളിക്കാരും മാത്രമല്ല, അധ്യാപകരും വിദ്യാർഥികളും ചരിത്രകാരന്മാരും ജനാധിപത്യ വിശ്വാസികളും മുസ്ലിം- ക്രിസ്ത്യൻ ആക്ടിവിസ്റ്റുകളുമെല്ലാം മുൻനിരയിൽ തന്നെയുണ്ടായിരുന്നു ലെ പെന്നിന്റെ വിജയത്തിന് വിഘാതം തീർക്കാൻ. എങ്കിലും, ജർമനിയിൽനിന്ന് ഫ്രാൻസിന്റെ തെരഞ്ഞെടുപ്പ് മൈതാനത്തേക്ക് വളഞ്ഞിറങ്ങിയ, അധികാരക്കൊതിയുടെ കോട്ടമതിൽ പിളർത്തിയ എംബാപ്പെയുടെ ആ ഫ്രീക്കിക്കിനുണ്ട് വർണനാതീതമായ ചാരുത. വിദ്വേഷ-വിഭജന രാഷ്ട്രീയത്തിന്റെ ഇഴകളാൽ കടുംകെട്ടിട്ട വലക്കണ്ണികളെയാണ് ആ രാഷ്ട്രീയ കിക്ക് കീറിമുറിച്ചത്. l

വർഷം 1967. അറബ്-ഇസ്രയേൽ യുദ്ധത്തിന്റെ അലയൊലികൾ ഏതാണ്ട് അവസാനിച്ചുവെന്ന് തോന്നിപ്പിച്ച സമയം. ഫലസ്ത്വീൻ ചിത്രകാരനും പ്രതിരോധത്തിന്റെ കലാരൂപങ്ങൾ പ്രദർശിപ്പിക്കുന്നവനുമായിരുന്ന സ്ലിമാന്‍ മന്‍സൂറിന്റെ ആർട് ഗാലറിയിലേക്ക് ഇസ്രയേൽ സേന കയറിവന്ന് ഉത്തരവിറക്കി: ''ഇനി മുതൽ ഫലസ്ത്വീനിലെ എല്ലാ ചിത്രകാരന്മാരും പൂക്കളും പ്രകൃതി ചിത്രങ്ങളും മാത്രം വരച്ചാൽ മതി. അധിനിവേശ വിരുദ്ധമായ ഒരു ചിത്രം പോലും ആരും ഇനി വരച്ചു പോകരുത്. ഫലസ്ത്വീൻ പതാകയുടെ നിറങ്ങളായ ചുവപ്പ്, പച്ച, കറുപ്പ്, വെള്ള എന്നീ നിറങ്ങള്‍ പെയിന്റിംഗിനായി ഒരിക്കലും ഉപയോഗിക്കരുത്.''
ഇതു കേട്ട് മൻസൂറിന്റെ കൂടെയുണ്ടായിരുന്ന ഇസാം ബദർ പട്ടാളക്കാരോട് ചോദിച്ചു: ''ചുവപ്പും വെള്ളയുമടങ്ങുന്ന കളറുകൾ ഉപയോഗിച്ച് പൂക്കൾ വരച്ചാൽ നിങ്ങളെന്ത് ചെയ്യും?''

"ആ നിറങ്ങളുപയോഗിച്ച് നിങ്ങള്‍ എന്ത് വരച്ചാലും ഞങ്ങളത് കണ്ടുകെട്ടും. അത് തണ്ണിമത്തന്റെ ചിത്രമായാല്‍ പോലും.." ഇതായിരുന്നു ഇസ്രയേൽ പട്ടാളത്തിന്റെ മറുപടി.

ഈ സംഭവത്തിന് ശേഷം സ്ലിമാൻ മൻസൂർ തണ്ണിമത്തന്റെ ചിത്രവും, നിരോധിക്കപ്പെട്ട നാല് നിറങ്ങൾ ഉപയോഗിച്ചുള്ള ചിത്രങ്ങളും മാത്രം വരയ്ക്കാൻ തുടങ്ങി. നിരോധിക്കപ്പെട്ട കളറുകൾ ഉപയോഗിച്ചതിന് സ്ലിമാൻ അറസ്റ്റ് ചെയ്യപ്പെട്ടു. ഒരു വർഷം ജയിലിൽ കിടക്കുകയും ഭക്ഷണവും വെള്ളവുമില്ലാതെ പീഡിപ്പിക്കപ്പെടുകയും ചെയ്തു.
സംഭവം പുറം ലോകം അറിഞ്ഞതോടെ ലോകത്തിന്റെ നാനാദിക്കുകളിൽ നിന്നുമുള്ള ചിത്രകാരന്മാർ മൻസൂറിന് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ മുന്നോട്ടു വന്നു. അവരുടെയൊക്കെ പ്രതിഷേധവും ഐക്യദാർഢ്യവും തണ്ണിമത്തന്റെ ചിത്രം വരച്ചു കൊണ്ടായിരുന്നു. അങ്ങനെയാണ് തണ്ണിമത്തൻ ഫലസ്ത്വീൻ പ്രതിരോധത്തിന്റെയും ചെറുത്തുനിൽപ്പിന്റെയും പ്രതീകമായി മാറിയത്.

ഇന്ന് ആഗോളതലത്തിൽ തന്നെ ഫലസ്ത്വീൻ ഐക്യദാർഢ്യത്തിന്റെ ഔദ്യോഗിക ചിഹ്നമാണ് തണ്ണിമത്തൻ. പേപ്പർ പോസ്റ്ററുകളിലും കാനുകളിലും ക്യാൻവാസുകളിലും ബാഗുകളിലുമെല്ലാം തണ്ണിമത്തന്റെ ചിത്രവും രൂപവുമാണ് താരം. ക്യാൻ ഫെസ്റ്റിവലിൽ ഇന്ത്യയുടെ പ്രതിനിധികൾ തണ്ണിമത്തൻ ബാഗുകൾ ഉയർത്തിപ്പിടിച്ചതും അത് ശ്രദ്ധിക്കപ്പെട്ടതുമെല്ലാം ഈ ഐക്യദാർഢ്യ ഗാഥയുടെ തുടർക്കഥകൾ മാത്രം. l

കഫിയ്യ ചുറ്റിയും ഫലസ്ത്വീൻ പതാക പുതച്ചും അമേരിക്കയിലെ യൂനിവേഴ്സിറ്റികൾ തൊണ്ടയിടറി സയണിസ്റ്റ് വിരുദ്ധ ഗീതമാലപിക്കുമ്പോൾ, വംശഹത്യക്ക് ഒരുക്കിനിർത്തിയ ഇസ്രയേലിന്റെ യന്ത്രപ്പക്ഷികളുടെ ചിറകുകളാണ് ഒടിഞ്ഞുതൂങ്ങാൻ തുടങ്ങുന്നത്. ബോംബുകൾ കുത്തിനിറച്ച് ഗസ്സയുടെ ആകാശത്ത് വട്ടമിടുന്ന ആ പക്ഷികൾ, നിരാലംബരും അധിനിവേശത്തിന്റെ കെടുതികൾ അനുഭവിക്കുന്നവരുമായ ആ മർദിതജനതയെ വിഴുങ്ങാൻ കൊക്കുപിളർത്തുന്നത് ഇനിയും കണ്ടുനിൽക്കാനാവില്ലെന്ന്, പാഠപുസ്തകങ്ങളിൽനിന്നും തലയൂരിയെടുത്ത ഒരുപറ്റം വിദ്യാർഥികൾ തെരുവിലിരുന്ന് ക്ഷോഭിക്കുന്നു. മുദ്രാവാക്യങ്ങളിൽ കുപ്പിച്ചില്ലുകൾ വാരിനിറക്കുന്നു. ചൂണ്ടുവിരലുകൾ രാകിരാകി മുനകൂർപ്പിക്കുന്നു. അനീതിയുടെ തിരുത്തൽ ശക്തികളായി കളം വാഴുന്നു.

കലാലയ വളപ്പുകളിൽ തമ്പുകൾ കെട്ടി, രാപാർത്ത്, സമരമുഖങ്ങളിൽ കത്തിച്ചുവെച്ച റാന്തലുകൾ അണയാതെ അവർ കാവലുണ്ട്. വിദ്യാർഥികൾ മാത്രമല്ല, പ്രഫസർമാരും മാധ്യമ പ്രവർത്തകരും ഇതിന്റെ ഭാഗമാകുന്നത് ശുഭോദർക്കമാണ്. അമേരിക്കൻ ഭരണകൂടത്തിന്റെ ആശീർവാദത്തോടുകൂടിയാണ് ഈ വംശഹത്യ എന്നതിനാൽ, അതേ ഭരണകൂടത്തിന്റെ മുന്നിൽ തിളക്കുന്ന ഈ സമരങ്ങൾക്ക് പ്രാധാന്യമേറുകയാണ്. പ്രഥമ യു.എസ് പ്രസിഡന്റ് ജോർജ് വാഷിംഗ്ടണിന്റെ പ്രതിമ കഫിയ്യ ധരിച്ചും പതാകയണിഞ്ഞും നിൽക്കുന്ന കാഴ്ചക്ക് ഇന്ന് മറ്റെന്തിനെക്കാളും ചാരുതയേറെയുണ്ട്.

സയണിസം അവിരാമം തുടരുന്ന രക്തപാനത്തിന് ലഹരിയുടെ ഐസ് ക്യൂബുകൾ ഇട്ട് തണുപ്പേറ്റുന്നതും, മാംസഭോജനത്തിന് വെറുപ്പിന്റെ മസാലകൾ വിതറി രുചിയേറ്റുന്നതും നിർലോഭം പടക്കോപ്പുകൾ വാരിക്കോരി നൽകുന്ന അമേരിക്കയാണ്; അവർ വെച്ചുനീട്ടുന്ന ആയുധങ്ങളും സാമ്പത്തിക പിന്തുണയുമാണ്. ഇസ്രയേലിന്റെ പള്ള നിറയുമ്പോൾ മനസ്സ് നിറയുന്നത് അമേരിക്കയുടേതാണ്. ആ വംശീയതയെ ഫലസ്ത്വീൻ മണ്ണിൽ പ്രതിഷ്ഠിക്കാൻ അഹോരാത്രം പണിയെടുത്ത ഏതാനും യൂറോപ്യൻ രാഷ്ട്രങ്ങളുടേതുമാണ്. വ്യാജം ചമച്ച് അതിനെ സൈദ്ധാന്തികവത്കരിച്ച ക്രിസ്ത്യൻ സയണിസത്തിന്റേതുമാണ്. അതിനാൽ അമേരിക്കയിൽ മാത്രമല്ല, ആ യൂറോപ്യൻ രാഷ്ട്രങ്ങളിലും പുതു യുവതകൾ വംശീയതക്കെതിരെ കലഹത്തിന്റെ കാഹളം മുഴക്കുന്നത് ചരിത്രത്തിന്റെ കാവ്യനീതിയാവുകയാണ്.

ന്യൂയോർക്കിൽനിന്ന് കൂട്ടംകൂട്ടമായി കൊളംബിയ സർവകലാശാലയിലേക്ക് ദൂരം താണ്ടുന്ന പ്രക്ഷോഭകരുടെ അധരങ്ങളിൽ 'ലീവെ ലീവെ പലസ്തീന'യും സയണിസത്തിന്റെ ആസന്നമായ തകർച്ചയുടെ പ്രവചനാത്മക ഈരടികളുമാണ് കവിഞ്ഞൊഴുകുന്നത്. ഹാവാർഡ്സിലെ ഇലകൊഴിഞ്ഞ മരത്തിനു ചുവട്ടിൽ പ്രക്ഷോഭത്തിന്റെ കൊടിനാട്ടുന്നതും തമ്പ് കെട്ടുന്നതും ഡ്രമ്മിന്റെ താളമേളങ്ങളോടെയാണ്. ബോംബുകൾ വിതറി ലോകത്തെ ചൊൽപ്പടിയിൽ നിർത്താൻ ശീലിച്ചവരോട്, വാക്കുകൾ വിതറി അനീതിയുടെ തിരുത്തൽ ശക്തിയാവാൻ ഈ കലാലയവും, ഈ തെരുവും, ഇലകൊഴിഞ്ഞ ഈ മരത്തിന്റെ ഇത്തിരിപോന്ന തണലും മതിയെന്ന് അവർ മുദ്രാവാക്യങ്ങൾ കൊണ്ട് ഒപ്പുചാർത്തുന്നു.
യു.എസിൽ മാത്രം ഇതിനകം മുപ്പത്തിയാറ് സർവകലാശാലകളിൽ സമരത്തിന് നാന്ദികുറിക്കപ്പെട്ടിരിക്കുന്നു. ഗസ്സയിലെ വംശഹത്യയെ അപലപിക്കാൻ അക്കാദമിയുടെ തലപ്പത്തുള്ളവർ തയാറാകണം, വംശഹത്യയും കോളനിവത്കരണവും നടത്തുന്ന ഇസ്രയേലുമായും അവിടുത്തെ അക്കാദമിക സംവിധാനങ്ങളുമായും സർവകലാശാലകൾ ഒരു സഹവർത്തിത്വവും പുലർത്തരുത്, സംയുക്ത പരിപാടികളും പദ്ധതികളും ഉപേക്ഷിക്കണം തുടങ്ങി ഇസ്രായേലിനെ സമ്മർദത്തിലാക്കുന്ന ഒരുപിടി ആവശ്യങ്ങളുടെ പട്ടികയാണ് പ്രക്ഷോഭകാരികൾ നിവർത്തിപ്പിടിച്ചിരിക്കുന്നത്. ഉപരോധിച്ചും നിരാഹാരമനുഷ്ഠിച്ചും, കലാലയകവാടങ്ങളിൽ മനുഷ്യകവചം സൃഷ്ടിച്ചും, മുദ്രാവാക്യം മുഴക്കിയും ലോകശ്രദ്ധയാകർഷിച്ച പ്രക്ഷോഭം, അമേരിക്കൻ സർവകലാശാലകളിൽനിന്ന് ബ്രിട്ടനിലേക്കും ഇറ്റലിയിലേക്കും പാരീസിലേക്കും മെൽബണിലേക്കും സിഡ്നിയിലേക്കുമെല്ലാം കൊടിക്കൂറ കൈമാറുകയാണ്.
ലീവെ ലീവെ….
ലീവെ പലസ്തീനാ….
തമ്പുകളിലിരുന്നും തെരുവിൽ കൂട്ടംകൂടിനിന്നും അവർ പാടുകയാണ്, അനീതിയോട് കലഹിക്കുകയാണ്. l

''തന്റെ വയറിനെക്കാള്‍ വിനാശകരമായി
ഒരു പാത്രവും മനുഷ്യന്‍ നിറക്കുന്നില്ല''
(നബിവചനം)

തെറ്റായ ജീവിത ശൈലികളുടെ ഫലമായി ഉണ്ടാവുന്ന ജീവിത ശൈലീ രോഗങ്ങളാണ് കേരളത്തിന്റെ ഏറ്റവും വലിയ പൊതുജനാരോഗ്യ പ്രശ്‌നം. ജീവിത ശൈലീ രോഗങ്ങളുടെ ദേശീയ തലസ്ഥാനം എന്നാണ് കേരളം ഇപ്പോള്‍ അറിയപ്പെടുന്നത്. 18-നും 64-നും ഇടയില്‍ പ്രായമുള്ള 82.4 ശതമാനം മലയാളികളും ഏതെങ്കിലും തരത്തിലുള്ള ജീവിത ശൈലീ രോഗങ്ങള്‍ വരാന്‍ സാധ്യതയുള്ളവരാണെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. 30 വയസ്സ് കഴിഞ്ഞ നാലിലൊന്നു പേരും ഇപ്പോള്‍ തന്നെ അത്തരം രോഗങ്ങളുടെ പിടിയിലാണ്. ഇന്ത്യയില്‍ തന്നെ 80 ശതമാനം മരണ കാരണങ്ങളും ജീവിത ശൈലീ രോഗങ്ങളാണ്.

അമിതവും അനാരോഗ്യകരവുമായ ഭക്ഷണ ശീലങ്ങളാണ് മിക്ക ജീവിതശൈലീ രോഗങ്ങളുടെയും അടിസ്ഥാന കാരണം. പ്രമേഹം, കൊളസ്‌ട്രോള്‍, ബി.പി, ഹൃദ്രോഗം, ഫാറ്റിലിവര്‍, കിഡ്‌നി രോഗം, അമിതവണ്ണം തുടങ്ങി പലതിനും മുഖ്യകാരണം അഹിതകരമായ ഭക്ഷണശീലങ്ങളാണ്. ഇങ്ങനെ രോഗാതുരമായ സമൂഹമായി നാം മാറുന്നതില്‍ 'മാതൃകാ സമൂഹ'മായ മുസ് ലിംകളുടെ പങ്ക് ഒട്ടും ചെറുതല്ല.
വിശപ്പിന്റെ ആത്മീയത കൂടി വിശ്വാസികളെ പഠിപ്പിക്കുന്ന റമദാനില്‍, പലരും ആരോഗ്യത്തിന് ഹാനികരമാകുന്ന അമിതാഹാരം ശീലിക്കുന്നതാണ് കാണാനാവുക. രുചി വൈവിധ്യങ്ങള്‍ നിറഞ്ഞ ആഹാര പദാര്‍ഥങ്ങള്‍കൊണ്ട്, അതിരു വിടുന്ന സദ്യവട്ടങ്ങളുടെ കാലമായി റമദാന്‍ ആഘോഷിക്കുന്നു. നോമ്പു തുറക്കാന്‍ നേരം ഭക്ഷ്യമേള നടത്താന്‍ വേണ്ടിയാണോ നോമ്പെടുത്തത് എന്ന് തോന്നിപ്പോകും, ഒരുവേള!
ഈ പുണ്യമാസത്തിലാണ് പലരും വേണ്ടതിലധികം ഭക്ഷണമൊരുക്കുന്നതും കൂടുതല്‍ ആഹരിക്കുന്നതും പണച്ചെലവ് ഉണ്ടാക്കുന്നതും ഭക്ഷണം വെറുതെ കളയുന്നതുമെല്ലാം. പ്രഭാതം മുതല്‍, നോമ്പുതുറ സമയത്തെ ഭക്ഷണം എങ്ങനെ കെങ്കേമമാക്കാമെന്ന ചിന്തയില്‍ മത്സ്യവും മാംസവും പഴവര്‍ഗങ്ങളും തേടിയിറങ്ങുന്നവരുടെ ബഹളങ്ങളാണ് മാര്‍ക്കറ്റുകളില്‍. വീടകങ്ങളില്‍ സ്ത്രീകളാവട്ടെ, പൊരിച്ചും കരിച്ചും വൈവിധ്യമാര്‍ന്ന വിഭവങ്ങളൊരുക്കാനുള്ള നെട്ടോട്ടത്തിലും. പുതുമയുള്ള പേരുകളിലും വര്‍ണങ്ങളിലും ആഹാരമൊരുക്കി പവിത്രമായ സമയങ്ങളത്രയും പാഴാക്കുന്നു. പകലിലെ പട്ടിണിക്ക് പ്രതികാരം തീര്‍ത്ത്, ഇര വിഴുങ്ങിയ ഉരഗത്തെപ്പോലെ ചലനമറ്റ് കിടക്കുന്നവര്‍ക്ക് എങ്ങനെയാണ് ആരാധനകള്‍ ചൈതന്യവത്തായി നിര്‍വഹിച്ച് 'തഖ് വ' നേടിയെടുക്കാനാവുക!
രോഗങ്ങളെ തടുത്തുനിര്‍ത്തി സ്വശരീരത്തെ സംരക്ഷിക്കാനുള്ള ഹിതവും മിതവുമായ ആഹാരരീതി ശീലിക്കാനുള്ള കാലവും കൂടിയാവണം റമദാന്‍. കുതിരകളെ ഭക്ഷണ നിയന്ത്രണത്തിലൂടെ മെരുക്കിയെടുത്ത് ശക്തി വീണ്ടെടുക്കാനും മത്സരങ്ങളില്‍ മുന്നേറാനും സഹായിക്കുന്നതുപോലെ നോമ്പിലെ ഭക്ഷണ നിയന്ത്രണം കൂടുതല്‍ ശക്തി വീണ്ടെടുക്കാനുള്ളതാവണം. ''നോമ്പനുഷ്ഠിക്കൂ… ആരോഗ്യവാന്മാരാവൂ'' എന്നാണ് പ്രവാചക വചനം.

ആര്‍ത്തിയെ ചികിത്സിച്ചും സുഖഭോഗതൃഷ്ണയെ നിയന്ത്രിച്ചും ജീവിക്കാനുള്ള പരിശീലന കാലത്ത് നാം രോഗങ്ങള്‍ വിലയ്ക്കു വാങ്ങുന്ന അമിതാഹാരികളാവരുത്. ആരോഗ്യകരമായ മനസ്സും ശരീരവും ആര്‍ജിക്കുക റമദാനിന്റെ താല്‍പര്യമാണ്. മാനസികവും ശാരീരികവുമായ സൗഖ്യമാണ് ആരോഗ്യം എന്നാണ് ലോകാരോഗ്യ സംഘടന ആരോഗ്യത്തിന് നല്‍കിയ നിര്‍വചനം.

''ആഹാരം നിങ്ങള്‍ മരുന്നുപോലെ കഴിക്കുകയാണെങ്കില്‍, മരുന്ന് നിങ്ങള്‍ക്ക് ആഹാരമാക്കേണ്ടി വരില്ല.''
-ഹിപ്പോക്രാറ്റസ്-
l

ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ട റോഹിങ്ക്യൻ ജനതക്ക് വിദ്യാഭ്യാസം ഏറെ അന്യമാണ്. മ്യാന്മറിലെ പട്ടാള ഭീകരതയിൽ നിന്ന് രക്ഷ തേടി ഇന്ത്യ, ബംഗ്ലാദേശ് പോലെയുള്ള അയൽ രാജ്യങ്ങളിലേക്ക് കുടിയേറുന്ന തത്രപ്പാടിൽ ജീവനും ജീവിതവുമല്ലാതെ മറ്റൊന്നിനെയും പറ്റി അവർ ചിന്തിക്കാറില്ല.
എന്നാൽ, എന്നും ഏഴകളായി ജീവിക്കേണ്ടവരല്ല തങ്ങളെന്നുള്ള ചിന്ത അവരിൽ പലരിലും മുളച്ചു തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ റോഹിങ്ക്യകളിൽനിന്ന് ആദ്യത്തെ ബിരുദധാരിണിയായി മാറിയ തസ്‌മിദ ജോഹറിന്റെ നേട്ടം ഇതാണ് സൂചിപ്പിക്കുന്നത്.
"എന്റെ ഈ ബിരുദ നേട്ടത്തിന് രണ്ട് വശങ്ങളുണ്ട്. ഒരു വശത്ത് സന്തോഷമാണെങ്കില്‍ മറുപുറം ദുഃഖത്തിന്റേതാണ്. ഞാൻ സഹിച്ച കഷ്ടപ്പാടുകൾക്ക് പകരമായി ലഭിച്ചതാണ് ഈ നേട്ടം എന്നത് ഏറെ സന്തോഷിപ്പിക്കുന്നു. എന്നാൽ, എന്നെപ്പോലെ ഒരുപാട് ആളുകൾ ഇത്തരം നിലയിലേക്ക് എത്തിച്ചേരാൻ താല്പര്യപ്പെടുന്നവരും കഷ്ടപ്പെടുന്നവരുമാണെങ്കിലും അവർക്കാർക്കും അതിന് സാധിക്കുന്നില്ല എന്നത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നുമുണ്ട്."

തസ്‌മിദ ജോഹർ

"തസ്മിൻ ഫാത്തിമയിൽനിന്ന് തസ്‌മിദ ജോഹർ എന്ന പേരിലേക്ക് എത്തിച്ചേരേണ്ടി വന്നത് വിദ്യാഭ്യാസത്തിനും മറ്റ് ആനുകൂല്യങ്ങൾക്കും വേണ്ടിയാണ്. കാരണം, ഒരു ബുദ്ധിസ്റ്റ് പേരില്ലെങ്കിൽ സ്കൂളിലോ മറ്റു പഠനാലയങ്ങളിലോ പോവാൻ കഴിയുമായിരുന്നില്ല." മ്യാന്മറിൽ റോഹിങ്ക്യൻ ജനതക്ക് സ്വന്തമായി ബിസിനസ്‌ നടത്താനോ കട നടത്താനോ സ്വാതന്ത്ര്യമില്ല. തസ്‌മിദ ജോഹറിന്റെ പിതാവിന്റെ കട മ്യാന്മർ പട്ടാളം കൈയേറുകയും പണം തട്ടിയെടുക്കുകയും ചെയ്തിട്ടുണ്ട്.
മ്യാന്മറിലെ സ്കൂളുകളിലും ഇത്തരം വിവേചനങ്ങൾ നിലനിൽക്കുന്നു. ബുദ്ധന്മാരല്ലാത്ത കുട്ടികൾ ഏറ്റവും കൂടുതല്‍ മാർക്ക് നേടിയാല്‍ പോലും അവർക്ക് ഉയർന്ന റാങ്കുകൾ നൽകിയിരുന്നില്ല. റോൾ നമ്പറുകളിലും ക്ലാസ്സ്‌ റൂമുകളിലും എക്കാലത്തും റോഹിങ്ക്യകൾക്ക് അവഗണന സഹിക്കേണ്ട സാഹചര്യമാണുള്ളത്. ഹിജാബ് ധരിക്കാനുള്ള അവകാശം അത്തരം കുട്ടികൾക്ക് വകവെച്ചു കൊടുക്കാത്ത സമീപനമാണ് അവിടത്തെ അധികാരികളുടേത്.

കടുത്ത നടപടികൾ കൂടിക്കൂടി വന്നതോടെ 2005-ൽ തസ്‌മിദയുടെ കുടുംബം ബംഗ്ലാദേശിലേക്ക് കുടിയേറി. മ്യാന്മറിൽ മൂന്നാം ക്ലാസ്സ് വരെ പഠിച്ചെങ്കിലും ബംഗ്ലാദേശിൽ ആദ്യം മുതൽ വീണ്ടും പഠിച്ചു തുടങ്ങുകയാണുണ്ടായത്. പക്ഷേ, പുതിയ ചുറ്റുപാടുകളും സംസ്കാരങ്ങളും കൂടുതൽ ഭാഷകളും അറിവുകളും സ്വായത്തമാക്കാൻ അതവളെ സഹായിച്ചു. ബർമീസ്, റോഹിങ്ക്യ ഭാഷകൾക്ക് പുറമെ ഇംഗ്ലീഷ്, ബംഗാളി, ഉർദു എന്നീ ഭാഷകൾ കൂടി തസ്‌മിദ പഠിച്ചെടുത്തു. 2012-ൽ വീണ്ടും റോഹിങ്ക്യൻ സമൂഹം അക്രമങ്ങൾക്കും പീഡനങ്ങൾക്കും ഇരയായിത്തീർന്നത് മൂലം ഇന്ത്യയിലേക്ക് കുടിയേറാൻ ആ കുടുംബം തീരുമാനിച്ചു. അങ്ങനെയാണ് തസ്‌മിദയും കുടുംബവും ഹരിയാനയിലും ദൽഹിയിലും അവസാനം ഈസ്റ്റ്‌ ദൽഹിയിലെ കാളിന്ദി കുഞ്ച് ക്യാമ്പിലും എത്തിച്ചേരുന്നത്.

"ഇന്ത്യയിലേക്കുള്ള വരവ് എന്നെ ഏറെ ഭയപ്പെടുത്തിയിരുന്നു. അതുകൊണ്ടു തന്നെ എന്റെ ഐഡന്റിറ്റി മറച്ചു വെച്ചാണ് സ്കൂളുകളിലും കോളേജുകളിലും പോയത്. ബസ് കേറാൻ പോകുമ്പോഴും ഇറങ്ങുന്ന നേരവും എന്റെ ഉമ്മ എന്നെ കാത്തുനിൽക്കുമായിരുന്നു. മ്യാൻമറിൽ ജീവിച്ച സമയത്ത് കാണേണ്ടിവന്ന ദുരനുഭവങ്ങൾ തന്നെയാവും അങ്ങനെ കാത്തുനിൽക്കാൻ ഉമ്മയെ പ്രേരിപ്പിച്ചത്"- ഇത് പറയുമ്പോഴും തസ്മിദയുടെ കണ്ണുകള്‍ നിറയുന്നുണ്ട്.
തസ്‌മിദ ജോഹർ എല്ലാവർക്കും മാതൃകയാണ്. തസ്‌മിദയെ കണ്ട് ഒരുപാട് വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും പഠനത്തിലും അനുബന്ധ കാര്യങ്ങളിലും കൂടുതൽ ശ്രദ്ധ ചെലുത്താൻ തുടങ്ങിയിട്ടുണ്ട്. UNHCR ഡൗലിങ്ങോ പ്രോഗ്രാമുമായി ബന്ധപ്പെട്ട് തെരഞ്ഞെടുക്കപ്പെട്ട 25 അഭയാർഥികളിൽ ഒരാളാണ് തസ്‌മിദ ജോഹർ. കാനഡയിലെ വിൽഫ്രഡ്‌ ലാറിയർ യൂനിവേഴ്സിറ്റിയിൽനിന്നുള്ള അക്‌സെപ്റ്റൻസ് ലെറ്ററിനു വേണ്ടി കാത്തിരിക്കുകയാണ് ഇപ്പോള്‍ തസ്‌മിദ.

"പഠിച്ച് ഒരു മനുഷ്യാവകാശ പ്രവർത്തകയാവുകയെന്നതാണ് എന്റെ ലക്ഷ്യം. എന്റെ സമൂഹത്തിനും ഇതര പിന്നാക്ക വിഭാഗങ്ങൾക്കും വേണ്ടി പ്രവർത്തിക്കണം. എന്നാൽ മാത്രമേ അവരിൽ മാറ്റങ്ങൾ ഉണ്ടാവുകയുള്ളൂ." പറഞ്ഞു നിര്‍ത്തുമ്പോള്‍ തസ്മിദയുടെ കണ്ണുകളില്‍ പ്രത്യാശയുടെ ഒരായിരം പൂത്തിരികള്‍ കാണും. ആ വെളിച്ചത്തില്‍ റോഹിങ്ക്യകളുടെ ഭാവി പ്രകാശപൂരിതമാവട്ടെ എന്ന് നമുക്ക് ആശിക്കാം. l

ഫലസ്ത്വീനെ കുറിച്ചുള്ള ഓർമകളുടെ മുൻപന്തിയിൽ ഒലീവ് മരത്തെ കെട്ടിപ്പുണർന്നു നിൽക്കുന്ന, പ്രായമേറെ ചെന്ന ഒരുമ്മയുടെ ചിത്രമുണ്ട്. പട്ടാളക്കാരോട് വെറും കൈയാലെ എതിരിടുമ്പോഴുള്ള കണ്ണിലെ കനലായിരുന്നില്ല അവർക്ക്. മറിച്ച്, ഏറെ പ്രിയപ്പെട്ടതൊന്നിനോടുള്ള ആർദ്രമായ സ്നേഹമായിരുന്നു.
ആ സ്നേഹത്തിന്റെ വേരുകൾ തേടിയുള്ള അന്വേഷണം ചെന്നെത്തുക, നൂറ്റാണ്ടുകൾക്കപ്പുറത്തു നിന്ന് തുടരുന്ന, ഫലസ്ത്വീനും ഒലീവും തമ്മിലുള്ള ആത്മബന്ധത്തിലാണ്. ഈസാ(അ)യുടെ കാലത്തെക്കാൾ പഴക്കമുണ്ട് അതിന്. മിത്തും യാഥാർഥ്യവും ഉൾച്ചേർന്ന, ഒരേ സമയം ആശ്ചര്യവും ആദരവും കൗതുകവുമുണർത്തുന്ന കഥയാണത്.

വെള്ളരിപ്രാവിന്റെ കൊക്കിലുള്ള ഒലീവു ചില്ല നമുക്ക് സമാധാനത്തിന്റെ പ്രതീകമാണ്. നൂഹ് നബിയുടെ കാലത്തെ മഹാപ്രളയത്തിനു ശേഷം മൃതഭൂമിയിൽ പച്ചപ്പുണ്ടായത് ഒരു പ്രാവ് അദ്ദേഹത്തിന് നൽകിയ ഒരു കഷ്ണം ഒലീവിൽനിന്നാണെന്ന് വിശ്വസിക്കപ്പെടുന്നുണ്ട്. ഫലസ്ത്വീൻകാർക്ക് അവിടംകൊണ്ടു മാത്രം തീരുന്നതല്ല ഒലീവിനോടുള്ള ബന്ധം. നൂറ്റാണ്ടുകളോളം ആ നാടിന്റെ പ്രധാനപ്പെട്ട വരുമാന മാർഗമായിരുന്നു ഒലീവ്. ഒലീവെണ്ണയും കായും കൊണ്ട് അന്നം കണ്ടെത്തിയിരുന്ന ഒരു ലക്ഷത്തോളം കുടുംബങ്ങളുണ്ടായിരുന്നു ഫലസ്ത്വീനിൽ.

ഏത് പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാനുള്ള കരുത്താണ് ഒലീവ് മരത്തിന്റെ പ്രത്യേകത. നിൽക്കുന്ന മണ്ണിൽ ആഴ്ന്ന വേരുറപ്പാണതിനെ വ്യത്യസ്തമാക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഒലീവ് മരം അത്ര എളുപ്പത്തിലൊന്നും പിഴുതുമാറ്റാനാകാത്ത ഫലസ്ത്വീനിയുടെ ഏറ്റവും മനോഹരമായ പ്രതിനിധാനമായത്. ഫലസ്ത്വീനി കവികളുടെയും ചിത്രകാരന്മാരുടെയും ഇഷ്ടപ്പെട്ട കാവ്യബിംബവുമാണ് ഒലീവ്.

"തന്നെ നട്ട കൈകളെ അറിയുമായിരുന്നെങ്കിൽ ഒലീവു കായയിൽ നിന്നുള്ള എണ്ണയെല്ലാം കണ്ണുനീരായി മാറിയേനേ…" എന്നെഴുതിയത് മഹ്മൂദ് ദർവീശാണ്. ഫദ്‌വ ത്വൂഖാൻ, സൽമാൻ മൻസൂർ, നബീൽ അനാനി തുടങ്ങി എത്രയധികം പ്രശസ്തരായവരാണ്, ഒലീവിനെ പൊരുതുന്ന ഫലസ്ത്വീനിയോടുപമിച്ച് പാടുകയും പറയുകയും ചെയ്തിട്ടുള്ളത്!

ആയിരക്കണക്കിന് വർഷങ്ങൾ ആയുസ്സുള്ള മരമാണത്.
"സീനാ മലയിൽ മുളച്ചുവളരുകയും ഭക്ഷണം കഴിക്കുന്നവർക്ക് കറിയായിത്തീരുകയും ചെയ്യുന്ന മരത്തെ നാം ഉണ്ടാക്കിത്തന്നു" എന്ന് അല്ലാഹു ഒലീവ് മരത്തെ അനുഗ്രഹമായി എടുത്തുപറയുന്നുണ്ട് (അൽ മുഅ്മിനൂൻ 20).
ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഒലീവ് മരം ഫലസ്ത്വീനിലാണുള്ളത്. ഇപ്പോഴത്തെ അതിന്റെ പരിപാലകനായ അബൂ അലി, 13-ാം നൂറ്റാണ്ടിലെ പ്രശസ്ത സൂഫീ ഇമാമായിരുന്ന അഹ്‌മദ് അൽ ബദവിയുടെ നാമമാണ് ബഹുമാനപൂർവം ഈ മരത്തിന് നൽകിയിരിക്കുന്നത്. അല്ലെങ്കിലും ഒരു ഫലസ്ത്വീനിക്കും ഒലീവ് വെറുമൊരു മരമല്ല. തന്റെ തന്നെ പ്രതീകമാണ്. പണ്ട്, ഇസ്രായേൽ അധിനിവേശത്തിന് മുമ്പുള്ള സമാധാന കാലത്ത് ചേലാകർമം പോലുള്ളവയും പാവങ്ങൾക്കുള്ള അന്നദാനവും നടത്തപ്പെട്ടിരുന്നത് ഒലീവു മരങ്ങളുടെ തണലുകളിലായിരുന്നു.

വിശുദ്ധ ഖുർആനിൽ ഏഴു തവണ ഒലീവ് എന്ന പദം പരാമർശിക്കപ്പെട്ടിട്ടുണ്ട്. അതിൽ ഒരു തവണ ഫലസ്ത്വീൻ എന്ന നാടിനെത്തന്നെയാണ് (ബൈത്തുൽ മുഖദ്ദസിനെ) ഉദ്ദേശിക്കുന്നതെന്ന് സൂറത്തുത്തീനിലെ ആദ്യ ആയത്തിന്റെ വിശദീകരണത്തിൽ മൗലാനാ മൗദൂദി വ്യക്തമാക്കുന്നുണ്ട്. അല്ലാഹു തന്നെക്കുറിച്ച് പറയുന്ന, ഏറെ മനോഹരമായ സൂറത്തുന്നൂറിലെ 35-ാമത്തെ ആയത്തിൽ ഇങ്ങനെയൊരു ഭാഗമുണ്ട്:
"അനുഗൃഹീതമായ ഒലീവ് മരത്തിൽ നിന്നുള്ള എണ്ണകൊണ്ട് ആ വിളക്ക് കത്തിക്കപ്പെടുന്നു. അതിന്റെ ഒലീവെണ്ണ സ്വയം പ്രകാശിക്കുമാറാകുന്നു; തീ തൊട്ടില്ലെങ്കിൽ പോലും."

ഫലസ്ത്വീനിലെ ചില ഒലീവു മരങ്ങളുടെ തടിയും വേരും തണലും കണ്ടാൽ അവ ഈസാ നബിയുടെ കാലത്തോളം പഴക്കം തോന്നുമെന്ന് പല യാത്രികരും എഴുതിയിട്ടുണ്ട്.

"അത്തിയെ കൊണ്ടും ഒലീവിനെ കൊണ്ടും സത്യം" എന്ന് അല്ലാഹു സത്യം ചെയ്തു പറഞ്ഞ, പ്രവാചകന്മാരുടെ സാന്നിധ്യം കൊണ്ട് പവിത്രമായ ഒലീവിനെ ഏറെ ബഹുമാനത്തോടെയാണ് ഫലസ്‌ത്വീനികൾ കാണുന്നത്. തസ്ബീഹ് മാലയുടെ മുത്തുകളായി ഒലീവിന്റെ കുരുവാണ് അവർ ഉപയോഗിക്കുക. ഒലീവ് വിളവെടുപ്പ് ഫലസ്ത്വീൻ കുടുംബങ്ങളുടെ സന്തോഷകാലമാണ്. അവർ ഒരുമിച്ചുകൂടുകയും ഒത്തൊരുമയോടെ പണിയെടുക്കുകയും ചെയ്യുന്നു.

അത്രമാത്രം 'ഫലസ്ത്വീനി'യായ ഒലീവിനെ പിന്നെങ്ങനെയാണ് അധിനിവേശക്കാർക്ക് ഇഷ്ടമാവുക! ഒരു ഫലസ്ത്വീനിയെ കൊല്ലുന്ന ഈർഷ്യയോടെ ഇസ്രായേൽ പട്ടാളക്കാർ ഒലീവ് മരം വെട്ടുകയോ കത്തിച്ചു കളയുകയോ മറ്റേതെങ്കിലും തരത്തിൽ നശിപ്പിക്കുകയോ ചെയ്യുന്നുണ്ട്. വരുമാനം തടയുക മാത്രമല്ല, പ്രതിരോധത്തിന്റെ പാഠങ്ങൾ തലമുറകൾക്ക് പകരുന്ന ഒരു പ്രതീകത്തെ ഇല്ലാതാക്കുക എന്നതാണ് ഇസ്രായേലിന്റെ ഉള്ളിലിരിപ്പ്. അതുകൊണ്ടാണവർ മനുഷ്യരോടെന്ന പോലെ മനസ്സിൽ പക വെച്ച് ലക്ഷക്കണക്കിന് ഒലീവ് മരങ്ങൾ നശിപ്പിക്കുന്നത്. ഒലീവ് തൈകൾ നട്ടാണ് ഒരു സമയത്ത് ലോകം ഫലസ്ത്വീനിനോട് ഐക്യപ്പെട്ടത് പോലും.
വീണ്ടും തളിർക്കും, വേരുറക്കും, പൂക്കും, കായ്ക്കും, കിളികൾ വിരുന്നെത്തും എന്ന പ്രത്യാശയുടെ പേരുകൂടിയാണ് ഒലീവ്. അതുകൊണ്ടാണ് ആ ചിത്രത്തിലെ ഉമ്മ, അത്രമേൽ സ്നേഹത്തോടെ അതിനെ ആലിംഗനം ചെയ്തത്. l

ഫലസ്ത്വീനിലെ കർഷകനായ ഇമാദ് ബർനത്ത് ഒരു പുതിയ ക്യാമറ വാങ്ങുന്നത് തന്റെ കുടുംബത്തിന്റെ നല്ല നിമിഷങ്ങളെ പകർത്തുന്നതിന് വേണ്ടിയായിരുന്നു. വിശേഷിച്ചും, തന്റെ നാലാമത്തെ മകൻ ജിബ്്രീലിന്റെ കുട്ടിത്തങ്ങളെയും അവന്റെ വളർച്ചയിലെ ഓരോ പടവുകളെയും, കുടുംബവുമൊത്തുള്ള അവന്റെ സല്ലാപങ്ങളെയും കാലത്തിന് പ്രഹരിക്കാനാകാത്തവണ്ണം മങ്ങാത്ത ഓർമകളായി മിഴിവോടെ പകർത്താൻ.

പക്ഷേ, വിധി മറ്റൊന്നായിരുന്നു.
ആ ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തതത്രയും ടിയർഗ്യാസിൽ കണ്ണെരിയുന്ന ഗ്രാമവാസികളെ, തീയിൽ പച്ചയോടെ വെന്തെരിയുന്ന അവരുടെ ഒലീവ് മരങ്ങളെ, വെടിയുണ്ടയുടെ രൂപത്തിൽ കടന്നുവന്ന് ഉറ്റവരുടെ ജീവൻ അപഹരിക്കുന്ന ക്രൂരനിമിഷങ്ങളെ, മുള്ളുവേലികൾ കൊണ്ടും കൂറ്റൻ മതിൽ കൊണ്ടും വിഭജിക്കപ്പെടുകയും കൈയേറ്റം ചെയ്യപ്പെടുകയും ചെയ്യുന്ന കൃഷിയിടങ്ങളെ, വിലാപങ്ങളെ, സമരങ്ങളെ, ചെറുത്തുനിൽപുകളെ… ഇങ്ങനെയിങ്ങനെ അധിനിവേശത്തിന്റെ കൊടും ക്രൂരതകളെ നേർക്കുനേർ നിന്ന് വീക്ഷിക്കുന്ന ഒരു തത്സമയ ദൃക്സാക്ഷിയാകാനായിരുന്നു ഇമാദിന്റെ ക്യാമറയുടെ നിയോഗം.

ഇങ്ങനെ ഒന്നൊന്നായി പകർത്താൻ നാലു വർഷംകൊണ്ട് അഞ്ചു ക്യാമറകൾ വാങ്ങേണ്ടിവന്നു വെസ്റ്റ് ബാങ്കിലെ ബിലിൻ ഗ്രാമവാസിയായ ആ കർഷകന്! ഒന്നിനു പിറകെ ഒന്നായി ഓരോ പുതിയ ക്യാമറയും ഉടക്കപ്പെട്ടുകൊണ്ടിരുന്നു.

ഇസ്രായേലിന്റെ അധിനിവേശപ്പടക്ക് അത്ര അരോചകമായിരുന്നു തങ്ങളുടെ മനുഷ്യത്വരഹിതമായ പ്രവൃത്തികളെയും കൈയേറ്റങ്ങളെയും ഒപ്പിയെടുത്തു സൂക്ഷിക്കുന്നത്. ആ വീഡിയോ ചിത്രങ്ങളൊക്കെയും നാളെ ലോകത്തിന് മുന്നിൽ നിവർന്നുനിന്ന് സംസാരിക്കുമെന്ന് അവർ ആശങ്കപ്പെട്ടിരിക്കാം.

പിന്നീടത് ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററി ഫിലിമായി ലോകത്തോട് നിവർന്നുനിന്നു സംവദിച്ചു. അഞ്ച് ഉടക്കപ്പെട്ട ക്യാമറകളെയും അത് പകർത്തിയ ചോര കിനിയുന്ന നിമിഷങ്ങളെയും ലോകം കണ്ടു; Five Broken Cameras എന്ന ഡോക്യുമെന്ററിയിലൂടെ. ഉടക്കപ്പെട്ട അഞ്ചു ക്യാമറകളിലേയും ഫൂട്ടേജുകൾ കോർത്തിണക്കി സംവിധാനിച്ച ആ ഡോക്യുമെന്ററിക്ക് നിരവധി പ്രേക്ഷകരെ യാഥാർഥ്യം ബോധ്യപ്പെടുത്താനുള്ള നിയോഗമുണ്ടായി.

ക്യാമറ ഉപയോഗിക്കരുത്, പകർത്തരുത് എന്ന് ശക്തമായി താക്കീത് നൽകുന്ന ഇസ്രായേലി അധിനിവേശ സൈനികരോടും കോപാകുലരാകുന്ന കുടിയേറ്റക്കാരോടും താനൊരു ക്യാമറാമാനാണ് എന്ന് പറഞ്ഞ് തർക്കിക്കുന്ന ഇമാദിനെ ചിത്രത്തിലുടനീളം കാണാം. ഒലീവിന് തീയിടുമ്പോൾ ഈ മരം തന്റെ നാഥനോട് പരാതി ബോധിപ്പിക്കുമെന്ന് പറഞ്ഞ് വിലപിക്കുന്ന വയോധിക ഒരു നൊമ്പരക്കാഴ്ചയാകുന്നുണ്ട്.

2005-ലാണ് ഇമാദിന് നാലാമത്തെ സന്തതി ജിബ്്രീൽ ജനിക്കുന്നത്. ആ വർഷം തന്നെയാണ് ക്യാമറയുടെയും ജനനം. പ്രതിഷേധത്തിന്റെയും പ്രതിരോധത്തിന്റെയും ഓരോ ഘട്ടങ്ങളെന്നപോലെ അവന്റെ വളർച്ചയുടെ ഓരോ മുഹൂർത്തത്തെയും ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നുണ്ട്. അവൻ ഇസ്രായേലി പട്ടാളക്കാർക്ക് ഒലീവ് തൈ കൈമാറാൻ ശ്രമിക്കുന്നതും വിഭജന മതിലിൽ അക്ഷരങ്ങൾ കോറുന്നതും രാത്രി റെയ്ഡിൽ സാക്ഷിയാകുന്നതും എല്ലാ ഫലസ്ത്വീനി ബാലന്മാരുടെയും പ്രതിനിധി എന്ന നിലയിൽ തന്നെയാണ് നമ്മോട് സംവദിക്കുന്നത്. 2011- ലാണ് ചിത്രം റിലീസ് ചെയ്യുന്നത്. 2013-ൽ ഓസ്കാർ അവാർഡിന് നാമനിർദേശം ചെയ്യപ്പെട്ടു. 2019-ൽ ഡോക്യുമെന്ററി പ്രദർശനത്തിന്റെ ഭാഗമായി ഇമാദ് ദൽഹിയിൽ എത്തിയിരുന്നു. l

മരണമെത്തുന്ന നേരത്ത് ഹിബ അബൂ നദ ഉപരോധങ്ങളില്ലാത്ത ഗസ്സ കിനാവ് കാണുകയായിരിക്കണം. മുള്ളുവേലികൾ അതിർത്തി നിർണയിക്കുന്ന ഗസ്സയല്ല, അവളും ഇസ്രായേലിന്റെ നിഷ്ഠുരമായ ബോംബിംഗിൽ തലയോട്ടി പിളർന്ന പരശ്ശതം കുഞ്ഞുങ്ങളും സ്വർഗത്തിൽ പണിഞ്ഞുവെച്ചിരിക്കുന്നത്.

ആകാശപാതയിലൂടെ ഇടതടവില്ലാതെ മിസൈലുകൾ പാറിവരുമ്പോൾ മരണക്കുറിയെന്നോണം ഹിബ കുറിച്ച വാക്കുകൾക്ക് സ്വർഗത്തിൽ പൂത്ത ദേവതാരുവിന്റെ പരിമളം:

"ഞങ്ങളിപ്പോള്‍ അത്യുന്നതമായ സ്വർഗത്തിലാണ്. രക്തം ചാലിടാത്ത, മുറിവേറ്റവരില്ലാത്ത പുതിയൊരു നഗരം പണിയുകയാണ് അവിടം- അലമുറയിടുകയോ വെപ്രാളപ്പെടുകയോ ചെയ്യാത്ത അധ്യാപകരും, ദുഃഖവും വേദനയുമില്ലാത്ത കുടുംബങ്ങളുമുള്ള ഒരു പുതിയ നഗരം. സ്വര്‍ഗം കാമറയിലൊപ്പുന്ന റിപ്പോര്‍ട്ടര്‍മാർ, അനശ്വര പ്രണയത്തെക്കുറിച്ച് പാടുന്ന കവികള്‍, എല്ലാവരും ഗസ്സയില്‍നിന്നുള്ളവർ, എല്ലാവരും ഇപ്പോൾ സ്വർഗത്തിലാണ്. സ്വര്‍ഗത്തില്‍ പുതിയൊരു ഗസ്സ രൂപം കൊണ്ടിരിക്കുന്നു, ഉപരോധങ്ങളില്ലാത്ത ഗസ്സ"-

ഇത്രയും കുറിച്ച് മണിക്കൂറുകൾക്കകം മരണമവൾക്ക് ചിറക് തുന്നാൻ തുടങ്ങി. സ്വർഗത്തിൽ പണിയാനുള്ള ഗസ്സയുടെ സ്കെച്ചുമേന്തി അവൾ ഭൂമിയിലെ ഗസ്സയോട് വിടചൊല്ലി. ഒക്ടോബർ ഇരുപതിനാണ് ഖാൻ യൂനുസിൽ ഹിബ കൊല്ലപ്പെടുന്നത്. ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട അനേകം രക്തസാക്ഷികളിൽ ഒരാൾ.

ഹിബ കൊല്ലപ്പെട്ടത് സയണിസത്തിന് ആഘോഷങ്ങളുടെ തുടർച്ച സമ്മാനിക്കും. അധിനിവേശത്തെക്കുറിച്ചും പൊളിറ്റിക്കൽ സയണിസത്തിന്റെ നൃശംസതയെക്കുറിച്ചും എഴുത്തിലൂടെയും ആക്ടിവിസത്തിലൂടെയും ലോകത്തോട് സംവദിക്കുന്നവർ എന്നുമവർക്ക് തലവേദനയാണ്. ചെറു കല്ലുകളുടെ പ്രഹരശേഷി തന്നെയാണ് ചെറുകവിതകളുടെയും എന്നതിന് അനുഭവസ്ഥരാണ് സയണിസ്റ്റ് വലതുപക്ഷം. ഫലസ്ത്വീൻ കവിതകളുടെ മാതാവ് എന്നറിയപ്പെടുന്ന ഫദ്്വ ത്വൂഖാനെ (1917- 2003) പറ്റി ഇസ്രായേലി ജനറലായിരുന്ന മോഷെ ദയാൻ പറഞ്ഞത്, ഫദ്്വയുടെ ഒരു കവിതക്ക് ഇരുപത് കമാന്റോകളെയെങ്കിലും എതിരിടാനുള്ള കരുത്തുണ്ട് എന്നായിരുന്നു.

ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവർത്തകയുമായ അമേരിക്കക്കാരി റേച്ചൽ കോറിയെ ഫലസ്ത്വീൻ ഭൂമിയിൽവെച്ച് വകവരുത്തിയതിന്റെ വാർഷികാഘോഷം പരന്ന കേക്കുണ്ടാക്കിയാണ് ഇസ്രായേലി പട കൊണ്ടാടിയത്. ബുൾഡോസറിന്റെ ഭീമൻ ബ്ലേഡുകൾക്കടിയിൽ പരന്ന കേക്കു പോലെയായ അവളുടെ തലയോട്ടിയെ സ്മരിച്ചുകൊണ്ടവർ ആടിയും പാടിയും തലച്ചോറ് മണക്കുന്ന കേക്കിലേക്ക് തേറ്റ നീട്ടി. ഫലസ്ത്വീനു വേണ്ടി സംസാരിക്കുന്ന, ഫലസ്ത്വീനെ അടയാളപ്പെടുത്തുന്ന എന്തും സയണിസത്തിന് അരോചകം തന്നെയാണ്. ഹിബയുടെ മരണവും വൈകാതെ അവർ ആഘോഷിച്ചേക്കും.

അറിയപ്പെട്ട ഫലസ്ത്വീനിയൻ എഴുത്തുകാരിയായിരുന്നു മുപ്പത്തിരണ്ടുകാരിയായ ഹിബ കമാൽ അബൂ നദ. നോവലിസ്റ്റും ചെറുകഥാകാരിയും കവിയുമായിരുന്നു. 'അൽ ഉക്സിജീൻ ലൈസ ലിൽ മൗത്താ' (Oxygen is Not for the Dead) എന്ന അറബി നോവൽ 2017-ൽ ഷാർജ അവാർഡ് കരസ്ഥമാക്കുകയും ഏറെ നിരൂപണ ശ്രദ്ധ നേടുകയും ചെയ്ത കൃതിയാണ്. ഉപരോധങ്ങളില്ലാത്ത ഗസ്സയിലിരുന്നവൾ എഴുതുന്ന വരികൾ വായിക്കാൻ കുഞ്ഞുങ്ങളുടെ വൻ പട തന്നെയുണ്ടാകും ഇനിയവൾക്കു ചുറ്റും. അതേ മുറിവോടെ, അതേ ചോരയോടെ, അതേ നിഷ്കളങ്കതയോടെ അതവർ ഏറ്റുപാടും. l