ആരാധനാവികാരം മനുഷ്യനിൽ കുടികൊള്ളുന്ന പല വികാരങ്ങളിലൊന്നാണ്. ആദരവ്, ബഹുമാനം, സ്‌നേഹം, കാരുണ്യം, ദയ, പ്രേമം തുടങ്ങി വേറെയും പല വികാരങ്ങളുമുണ്ട് മനുഷ്യനിൽ. മനുഷ്യന്‍ മറ്റുള്ളവരോട് തന്റെ ഈ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നത് ബന്ധം, സ്ഥാനം, പദവി തുടങ്ങിയവയുടെ സ്വഭാവമനുസരിച്ചാണ്.
കുട്ടികളോട് കാരുണ്യം, മാതാപിതാക്കളോട് സ്‌നേഹം, ഭാര്യാ ഭർത്താക്കൻമാർ തമ്മിലുള്ള പ്രേമം, അധ്യാപകരോട് ബഹുമാനം, നേതാക്കളോട് ആദരവ്, ദൈവത്തോട് ആരാധന തുടങ്ങിയ വികാര പ്രകടനങ്ങള്‍ മനുഷ്യത്വത്തിന്റെ താല്‍പര്യങ്ങളില്‍ പെട്ടതാണ്. അതുകൊണ്ടുതന്നെ അത്തരം വികാര പ്രകടനങ്ങളും സമീപനങ്ങളും പുണ്യകര്‍മങ്ങളുമാണ്. അതുകൊണ്ടാണ്, ദൈവാരാധന പുണ്യകർമമാണെന്ന് പഠിപ്പിച്ച പ്രവാചകൻ ഭാര്യാഭർത്താക്കന്മാർ തമ്മിൽ ഇണചേരുന്നതും പുണ്യകര്‍മമാണെന്ന് പഠിപ്പിച്ചത്.
എന്നാല്‍, ഭാര്യയോടുണ്ടാവുന്ന പ്രേമം മാതാവിനോടോ, സഹോദരിയോടോ മറ്റോ ഉണ്ടാവുന്നത് മഹാ പാപമാണ്. ഇതുപോലെ സ്രഷ്ടാവിനോടു മാത്രം ഉണ്ടാവേണ്ട ആരാധന സൃഷ്ടികളോടുണ്ടാവുമ്പോള്‍ അത് വൻ പാപമാകുന്നു.
ദൈവം ഏറ്റവും വലിയവൻ
മനുഷ്യനിലെ അങ്ങേയറ്റത്തെ വിധേയത്വ വികാരമാണ് ആരാധന. അതിനാല്‍, മനുഷ്യന്റെ മുന്നില്‍ ഏറ്റവും വലുത് എന്താണോ അവിടെയാണത് പ്രകടിപ്പിക്കേണ്ടത്. മനുഷ്യന്റെ മുന്നിൽ ഏറ്റവും വലുത് സ്രഷ്ടാവായ ദൈവമാണ്. 'അല്ലാഹു അക്ബര്‍' അഥവാ ദൈവമാണ് വലിയവൻ എന്ന് ഖുര്‍ആന്‍ നിരന്തരം മനുഷ്യനെ ഉണര്‍ത്തുന്നുണ്ട്.
‘പിതാവ് (ദൈവം) എന്നെക്കാള്‍ വലിയവനല്ലോ’ എന്ന് ബൈബിൾ പുതിയ നിയമത്തിലെ യോഹന്നാന്‍ സുവിശേഷം, പതിനാലാം അധ്യായം ഇരുപത്തി എട്ടാം വാക്യത്തിൽ യേശു പറയുന്നുണ്ട്. ശ്വേതാശ്വതരോപനിഷത് ആറാം അധ്യായം ഏഴ്, എട്ട് ശ്ലോകങ്ങളിൽ പറയുന്നു: ‘ഈശ്വരന്‍മാരുടെ മഹേശ്വരനും ദേവന്‍മാരുടെ പരമ ദേവനും, സ്രഷ്ടാക്കളില്‍ പരമ സ്രഷ്ടാവും രക്ഷകരുടെ രക്ഷാകര്‍ത്താവും ഭുവനേശ്വരനും സ്തുത്യനുമായ ആ ദൈവത്തെ നാം അറിയണം. അവന് കാര്യകാരണങ്ങള്‍ അറിയപ്പെടുന്നില്ല. അവന് തുല്യമായി ആരുമില്ല. അവനുപരിയായി മറ്റൊന്നും കാണപ്പെടുന്നില്ല. ആ പരമേശ്വരന്റെ ബലം, ജ്ഞാനം, ക്രിയാശേഷി എന്നിവ നാനാ പ്രകാരത്തില്‍ കേള്‍ക്കപ്പെടുന്നു.’
സ്രഷ്ടാവായ ദൈവത്തെക്കാൾ വലുതായി മറ്റൊന്നുമില്ലെന്ന് ഈ ഉപനിഷത് വാക്യങ്ങളും വ്യക്തമാക്കുന്നു. അതിനാല്‍, സ്രഷ്ടാവിനു കൊടുക്കേണ്ട സ്ഥാനം സൃഷ്ടികള്‍ക്ക് കൊടുക്കാന്‍ പാടില്ല. കാരണം, അങ്ങേയറ്റത്തെ വിധേയത്വ സമീപനമായ ആരാധന സൃഷ്ടികള്‍ക്ക് നല്‍കിയാല്‍ പിന്നെ സ്രഷ്ടാവിന് നല്‍കാന്‍ മനുഷ്യനില്‍ എന്തുണ്ട് ബാക്കി?
സൃഷ്ടികൾക്ക് ഒരു സ്രഷ്ടാവേ ഉണ്ടാവൂ. എന്നതുപോലെ, ഒരാൾക്ക് ഒരഛനാണുണ്ടാവുക. അഛന്റെ സ്ഥാനം അയല്‍വാസിക്ക് നല്‍കുന്നത് തെറ്റാണ്. ഒരു രാജ്യത്തിന് ഒരു പ്രധാനമന്ത്രിയാണുണ്ടാവുക. പ്രധാനമന്ത്രിക്ക് നല്‍കേണ്ട സ്ഥാനം മുഖ്യമന്ത്രിക്ക് നല്‍കുന്നത് തെറ്റാണ്. അങ്ങനെ ചെയ്താൽ മുഖ്യമന്ത്രി പരിഗണിക്കപ്പെടുന്നു എന്നതിനെക്കാള്‍ പ്രധാനമന്ത്രി അവഗണിക്കപ്പെടുന്നു എന്ന തെറ്റാണ് സംഭവിക്കുക. ഇതുപോലെ സ്രഷ്ടാവിന് കല്‍പിക്കേണ്ട സ്ഥാനം സൃഷ്ടികള്‍ക്ക് കല്‍പിച്ചാല്‍ അത് സ്രഷ്ടാവിനെ സൃഷ്ടികളിലേക്ക് താഴ്ത്തലാണ്. സ്രഷ്ടാവിനെ സൃഷ്ടികളിലേക്ക് താഴ്ത്തുന്നതും സൃഷ്ടികളെ സ്രഷ്ടാവിനോളം ഉയര്‍ത്തുന്നതും തെറ്റാണ്.
ദൈവാരാധന പ്രമാണങ്ങളിൽ
ദൈവാരാധനയുമായി ബന്ധപ്പെട്ട് ഭാരതീയ പ്രമാണങ്ങളില്‍ ഇങ്ങനെ കാണാം: 'ത്വമേകം വരണ്യം ത്വമേകം ശരണ്യം ത്വമേകം ജഗത്കാരണം വിശ്വരൂപം' (നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു. നിന്നോട് മാത്രം ഞങ്ങള്‍ ശരണം തേടുന്നു. ലോകോത്പത്തിക്കു കാരണം നീ തന്നെ. നീ വിശ്വരൂപം). ബൈബിൾ പുതിയ നിയമം മത്തായി സുവിശേഷം, നാലാം അധ്യായം പത്താം വാക്യത്തിൽ, ‘നിന്റെ ദൈവമായ കര്‍ത്താവിനെ നമസ്‌കരിച്ച് അവനെ മാത്രമേ ആരാധിക്കാവൂ’ എന്ന് യേശു പറയുന്നതായി കാണാം.
ഖുര്‍ആൻ നല്പത്തി ഒന്നാം അധ്യായം മുപ്പത്തി ഏഴാം വാക്യത്തിൽ പറയുന്നു: ‘രാപ്പകലുകളും സൂര്യചന്ദ്രന്‍മാരും അവന്റെ അടയാളങ്ങളില്‍ പെട്ടതാണ്. അതിനാല്‍, നിങ്ങള്‍ സൂര്യനെയോ ചന്ദ്രനെയോ പ്രണമിക്കരുത്. അവയെ സൃഷ്ടിച്ച ദൈവത്തെ മാത്രം പ്രണമിക്കുക. നിങ്ങള്‍ അവനു മാത്രം വഴിപ്പെടുന്നവരെങ്കില്‍.’
പ്രകൃതിയിലെ പാഠം
പ്രകൃതിയില്‍ ഒരു സൃഷ്ടിയും മറ്റു സൃഷ്ടികളെ ആരാധിക്കുന്നില്ല. കല്ല് കല്ലിനെയോ, പുല്ല് പുല്ലിനെയോ, പക്ഷി പക്ഷിയെയോ, മൃഗം മൃഗത്തെയോ ആരാധിക്കുന്നില്ല. മനുഷ്യന്‍ പക്ഷേ, മനുഷ്യനെക്കാള്‍ താഴെയുള്ള സൃഷ്ടികളെ വരെ തന്നെക്കാള്‍ ഉയര്‍ത്തി സങ്കല്‍പിച്ച് ആരാധിക്കുന്നു!
ഇതിനെ ന്യായീകരിക്കാൻ, എല്ലാം ദൈവമാണ് എന്ന് ചിലർ പറയാറുണ്ട്. അതനുസരിച്ച് മനുഷ്യനും ദൈവമാണെന്ന് വരുന്നു. എങ്കില്‍, ദൈവം ദൈവത്തെ പൂജിക്കുന്നതെന്തിന്?
മനുഷ്യന്റെ മഹത്വം
വിശുദ്ധ ഖുർആനിലെ പതിനേഴാം അധ്യായം എഴുപതാം വാക്യത്തിൽ, ‘ആദം സന്തതികളെ നാം ആദരിച്ചിരിക്കുന്നു’ എന്ന ദൈവവചനം കാണാം. ദൈവത്താല്‍ ആദരിക്കപ്പെട്ട ഉന്നതനാണ് മനുഷ്യന്‍ എന്നാണ് ഈ വചനം പഠിപ്പിക്കുന്നത്. അതുകൊണ്ടു തന്നെ മനുഷ്യന്‍ സൃഷ്ടിപൂജ നടത്തുമ്പോള്‍ സ്വന്തം മഹത്വത്തെ ഇകഴ്ത്തുകയാണ് ചെയ്യുന്നത്.
ആകാശത്തേക്ക് തല ഉയര്‍ത്തി നടക്കുന്ന ജീവിയാണ് മനുഷ്യന്‍. മനുഷ്യന്റെ ഔന്നത്യം അവന്റെ സൃഷ്ടിഘടനയില്‍ തന്നെ പ്രകടമാണെന്നര്‍ഥം. മനുഷ്യനെക്കാള്‍ ഔന്നത്യം ദൈവത്തിനു മാത്രമാണ്. എന്നിരിക്കെ, ദൈവത്തിന്റെ മുന്നിലല്ലാതെ ഒരു സൃഷ്ടിയുടെ മുന്നിലും തല കുനിക്കുകയില്ല എന്ന നിലപാടെടുക്കുമ്പോഴാണ് മനുഷ്യന്‍ തന്റെ പദവി നിലനിർത്തുന്നത്.
ദരിദ്രന് താഴെയും രാജാവിന് മീതെയും
സ്രഷ്ടാവിന്റെ മുന്നിലല്ലാതെ ഒരു സൃഷ്ടിയുടെ മുന്നിലും മനുഷ്യന്‍ തല കുനിക്കുകയോ നട്ടെല്ല് വളക്കുകയോ ചെയ്യരുത്. ഇതിനർഥം അഹങ്കാരി ആവണം എന്നല്ല. തനിക്ക് മുകളിലൊരു ദൈവമുണ്ടെന്ന ബോധമില്ലെങ്കില്‍ അങ്ങനെ സംഭവിക്കാം. അതുകൊണ്ടാണ്, ‘കരുണാമയനായ ദൈവത്തിന്റെ യഥാര്‍ഥ ദാസന്‍മാര്‍ ഭൂമിയില്‍ വിനീതരായി ചരിക്കുന്നവരാകുന്നു’ എന്ന് ഖുര്‍ആന്‍ ഇരുപത്തി അഞ്ചാം അധ്യായം അറുപത്തി ഒന്നാം വാക്യത്തിൽ പറഞ്ഞത്. വിശ്വാസികളുടെ ഈ നിലപാടിനെ കുറിച്ച് ലോക പ്രശസ്തനായ ഇസ് ലാമിക പണ്ഡിതൻ ഇമാം റാസി പറഞ്ഞത് 'ഇത് ദരിദ്രന് താഴെയും രാജാവിന് മീതെയുമാണ് ' എന്നാണ്.
ഇതിലൂടെ വിശ്വാസികൾ വിനയാന്വിതരായ വിപ്ലവകാരികളാവുകയാണ് ചെയ്യുക; അഹങ്കാരികളായ കലാപകാരികളാവുകയല്ല.
ആരാധനയും അനുസരണവും
ഒന്നിനോടുള്ള മനുഷ്യന്റെ വിധേയത്വം അങ്ങേയറ്റത്തെത്തുമ്പോൾ അത് ആരാധനയിലേക്ക് എത്തിച്ചേരും. അതിനാൽ, ആരാധിക്കപ്പെടുന്ന ശക്തിയെക്കാൾ, ഉപാധികളില്ലാതെ അനുസരിക്കപ്പെടാൻ യോഗ്യത മറ്റൊന്നിനും ഉണ്ടാവുകയില്ല.
യഥാർഥത്തിൽ, ഇസ് ലാം പഠിപ്പിക്കുന്നതനുസരിച്ച് ദൈവാരാധന പോലും ദൈവത്തെ അനുസരിക്കുന്നതിന്റെ ഭാഗമാണ്. അഞ്ചു നേരത്തെ നിർബന്ധ നമസ്കാരം നാല് നേരമാക്കാനോ ആറ് നേരമാക്കാനോ പറ്റാത്തത് അതുകൊണ്ടാണ്.
സൃഷ്ടികളെല്ലാം സ്രഷ്ടാവിനെ അനുസരിക്കുന്നുണ്ട്. എന്നതുപോലെ മനുഷ്യനും സ്രഷ്ടാവായ ദൈവത്തെ അനുസരിക്കേണ്ടതുണ്ട്. മനുഷ്യരെ സംബന്ധിച്ചേടത്തോളം ദൈവത്തെ അനുസരിക്കാനും ധിക്കരിക്കാനും സ്വാതന്ത്ര്യമുണ്ട്. മറ്റുള്ള ചരാചരങ്ങൾക്ക് അങ്ങനെയുള്ള സ്വാതന്ത്ര്യമില്ല. മനുഷ്യ ജീവിതം ദൈവത്തിന്റെ പരീക്ഷണം ആയതിനാലാണ് ഈ സ്വാതന്ത്ര്യം നൽകപ്പെട്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ വിശുദ്ധ ഖുർആൻ മൂന്നാം അധ്യായം എൺപത്തിമൂന്നാം വാക്യത്തിൽ പറയുന്നു: ''ആകാശ ഭൂമികളിലുള്ള സകല ചരാചരങ്ങളും ഒന്നുകില്‍ നിര്‍ബന്ധിതമായി അല്ലെങ്കില്‍ സ്വയം ദൈവത്തിന് അനുസരണം സമര്‍പ്പിക്കവേ ഇവര്‍ (മനുഷ്യര്‍) ഇസ്‌ലാമല്ലാത്ത മറ്റു വല്ല വ്യവസ്ഥകളുമാണോ തേടിപ്പോകുന്നത്?'
സൂര്യനും ചന്ദ്രനും ഗ്രഹങ്ങളുമൊക്കെ ചലിക്കുന്നത് ദൈവത്തെ അനുസരിച്ചുകൊണ്ടാണ്. പാടത്ത് വിതക്കുന്ന നെൽവിത്ത് നെൽച്ചെടിയായി മുളക്കുന്നതും പുൽവിത്ത് പുൽച്ചെടിയായി മുളക്കുന്നതും ഇതേ പ്രകാരമാണ്. അണു മുതൽ അണ്ഡകടാഹം മുഴുവൻ ദൈവത്തെ അനുസരിക്കുന്നു. വിശുദ്ധ ഖുർആൻ പറഞ്ഞത് പ്രകാരം അവയൊക്കെയും 'മുസ് ലിം' എന്ന അവസ്ഥയിലാണ്. ദൈവത്തെ അനുസരിക്കുന്നതാണ് 'മുസ് ലിം'. മുസ്‌ലിം എന്ന അറബി പദത്തിന്റെ അർഥം അതാണ്. 'ഇസ് ലാം' എന്നാൽ ''അനുസരണം' എന്നാണർഥം. 'സമർപ്പണം' എന്നും അർഥമുണ്ട്.
ദൈവത്തെയും ദൈവകല്പനകളെയും അറിഞ്ഞ് അനുസരിക്കുമ്പോഴാണ് ഒരു മനുഷ്യൻ യഥാർഥ മുസ്‌ലിം ആകുന്നത്. അതിനുള്ള വഴിയും വെളിച്ചവുമാണ് ഇസ്‌ലാം. പ്രവാചകന്മാരിലൂടെ ദൈവം മനുഷ്യനെ പഠിപ്പിച്ച സന്മാർഗമാണത്; ഏതെങ്കിലും സമുദായത്തിന്റെ കേവല 'മതം' അല്ല. l