യഹ്‌യാ ഇബ്റാഹീം ഹസൻ അസ്സിൻവാർ എന്ന യഹ്‌യാ സിൻവാർ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ തലവനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. മൂസാ അബൂ മർസൂഖിനും ഖാലിദ് മിശ്അലിനും ശഹീദ് ഇസ്മാഈൽ ഹനിയ്യക്കും ശേഷം നാലാമനായാണ് അദ്ദേഹം ഉത്തരവാദിത്വമേൽക്കുന്നത്. 2012 മുതൽ ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗമായ സിൻവാർ 2017 മുതൽ ഗസ്സ മുനമ്പിലെ ഹമാസ് ഘടകത്തിന്റെ തലവനായി പ്രവർത്തിച്ചുവരികയായിരുന്നു.
ഹമാസിന്റെ മുൻനിര നേതാക്കളിൽ പ്രധാനിയായ യഹ്‌യാ സിൻവാർ 1962-ൽ ഖാൻ യൂനിസ് അഭയാർഥി ക്യാമ്പിലാണ് ജനിക്കുന്നത്. ഇസ്ലാമിക് യൂനിവേഴ്സിറ്റി ഓഫ് ഗസ്സയിൽനിന്ന് അറബി ഭാഷയിൽ ബിരുദധാരിയായ അദ്ദേഹം പഠനകാലത്ത് ഹമാസിന്റെ വിദ്യാർഥി സംഘടനയായ അൽകുത്്ലത്തുൽ ഇസ്‌ലാമിയ്യയുടെ അധ്യക്ഷനായിരുന്നു. പല സമയങ്ങളിലായി നിരവധി തവണ ഇസ്രയേലി ജയിലുകളിൽ കഴിയേണ്ടി വന്ന യഹ്‌യാ സിൻവാറിന് 1988 മുതൽ 2011 വരെ നീണ്ട 23 വർഷത്തെ ജയിൽ വാസം ജീവിതത്തിലെ നിർണായക ഘട്ടങ്ങളിലൊന്നായിരുന്നു. അക്കാലത്താണ് അദ്ദേഹം ഹീബ്രു ഭാഷയിലുള്ള വ്യത്യസ്ത പഠനങ്ങൾ വായിക്കുന്നതും ഇസ്രയേലിന്റെ ആഭ്യന്തര സാഹചര്യങ്ങളെ കുറിച്ച് ആഴത്തിൽ മനസ്സിലാക്കുന്നതും. 2011-ൽ ജയിൽ മോചിതനായതിന് ശേഷം ഹമാസിലും അവരുടെ സൈനിക വിഭാഗമായ അൽ ഖസ്സാം ബ്രിഗേഡ്സിലും നിർണായകമായ പല ഉത്തരവാദിത്വങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
2023 ഒക്ടോബർ 7-ന് ആരംഭിച്ച ത്വൂഫാനുൽ അഖ്സ്വാ പത്തു മാസം പിന്നിടുന്ന ഈ സന്ദർഭത്തിൽ ശഹീദ് ഇസ്മാഈൽ ഹനിയ്യയെ പോലെ കരുത്തനായൊരു നേതാവിന്റെ പിൻഗാമിയായി യഹ്‌യാ സിൻവാറിനെ തെരഞ്ഞെടുക്കുന്നതിലൂടെ ഹമാസ് വ്യക്തമായ ചില സന്ദേശങ്ങൾ ലോകത്തിന് കൈമാറുന്നുണ്ട്. ഹമാസിന്റെ ആഭ്യന്തര കാര്യങ്ങളെ കുറിച്ചും ഗസ്സയുടെ നിശ്ചയദാർഢ്യത്തെ കുറിച്ചും ത്വൂഫാനുൽ അഖ്സ്വയുടെ ഭാവിയെ കുറിച്ചുമെല്ലാമുള്ള നിർണായക സൂചനകൾ ആ തെരഞ്ഞെടുപ്പിലുണ്ട്. സർവോപരി ഇസ്രയേൽ അധിനിവേശ ശക്തികൾക്ക് ഈ ഘട്ടത്തിൽ നൽകാവുന്ന ആഘാതമേറിയ പ്രഹരമാണ് ഈ പ്രഖ്യാപനം.
ഇസ്മാഈൽ ഹനിയ്യയുടെ പകരക്കാരനെച്ചൊല്ലി ഹമാസിൽ ഭിന്നതകൾ രൂപപ്പെടുന്നുവെന്ന ഇസ്രയേൽ പ്രചാരണങ്ങൾക്കിടയിലാണ് ആഗസ്റ്റ് 6 ചൊവ്വാഴ്ച രാത്രി യഹ്‌യാ സിൻവാറിനെ തെരഞ്ഞെടുത്തതായി ഹമാസിന്റെ ഔദ്യോഗിക പ്രസ്താവന പുറത്തുവരുന്നത്. ഹനിയ്യയുടെ ശഹാദത്തിന് ഒരാഴ്ച തികയും മുമ്പേ ഐകകണ്ഠ്യേന പുതിയ നേതാവിനെ തെരഞ്ഞെടുത്തതിലൂടെ ഹമാസിന്റെ കെട്ടുറപ്പും ചടുലതയും ഒരിക്കൽ കൂടി സ്ഥാപിക്കപ്പെടുകയായിരുന്നു. ഹമാസിന്റെ സൈനിക - രാഷ്ട്രീയ വിഭാഗങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും യഹ്‌യാ സിൻവാറിന് ഹമാസിന്റെ ബാഹ്യ നേതൃത്വവുമായി ബന്ധം നഷ്ടപ്പെട്ടുവെന്നുമുള്ള ഇസ്രയേലീ പ്രചാരണങ്ങൾക്കുള്ള മറുപടി കൂടിയാണ് ഈ തെരഞ്ഞെടുപ്പ്. സിൻവാറിന് തങ്ങൾ പരിപൂർണ പിന്തുണ പ്രഖ്യാപിക്കുന്നുവെന്നും അദ്ദേഹത്തിന്റെ ഏത് തീരുമാനവും നടപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നുമുള്ള അൽ ഖസ്സാം ഔദ്യോഗിക വക്താവ് അബൂ ഉബൈദയുടെ പ്രസ്താവനയും ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ്.
ഫലസ്ത്വീനിയൻ ചെറുത്തുനിൽപ്പിന്റെ തന്ത്രപ്രധാന മേഖലയും ത്വൂഫാനുൽ അഖ്സ്വയുടെ പ്രഭവ കേന്ദ്രവുമായ ഗസ്സയുടെ സ്ഥൈര്യത്തെ പല രൂപത്തിൽ സ്ഥിരപ്പെടുത്തുന്നുണ്ട് ഈ തെരഞ്ഞെടുപ്പ്. ഗസ്സയിലെ ഹമാസ് നേതാവിനെ മുഴുവൻ ഹമാസിന്റെയും പരമോന്നത പദവിയിലേക്ക് ഉയർത്തുന്നതിലൂടെ മാസങ്ങളായി തുടരുന്ന നരഹത്യയും സംഹാര താണ്ഡവവും ഗസ്സയുടെ നിശ്ചയദാർഢ്യത്തെ തെല്ലും ബാധിച്ചിട്ടില്ലെന്നും പൂർവാധികം ശക്തിയിൽ തുടരുമെന്നുമുള്ള വ്യക്തമായ സന്ദേശമാണവർ ലോകത്തിന് നൽകുന്നത്. ഗവേഷകൻ സഈദ് സിയാദ് നിരീക്ഷിക്കുന്നതു പോലെ, ഗസ്സയാണ് ഈ പോരാട്ടത്തെ നയിക്കുന്നതെന്നും ഹമാസ് ഗസ്സയിൽനിന്നാണ് ഈ പോരാട്ടത്തിന്റെ ദിശ നിർണയിക്കുന്നതെന്നും അസന്ദിഗ്ധമായി പ്രഖ്യാപിക്കുന്നതാണ് പുതിയ നീക്കം.
യഹ്‌യാ സിൻവാറിന്റെ നേതൃത്വത്തെ കുറിച്ച് ടൈംസ് ഓഫ് ഇസ്രയേലിന്റെ മിഡിൽ ഈസ്റ്റ് വിശകലന വിദഗ്ധൻ ആഫി യസ്ഹാറൂഫ് 'ഹമാസ് ഏറ്റവും അപകടകാരിയായ വ്യക്തിയെ അവരുടെ നേതാവാക്കിയിരിക്കുന്നു' എന്നാണ് പ്രതികരിച്ചത്. അധിനിവേശ ശക്തികൾ ഏറ്റവും ഭയപ്പെടുന്ന പോരാളിയെ ഈ ഘട്ടത്തിൽ നേതാവാക്കുന്നതിലൂടെ ഇസ്രയേലിന് ശക്തമായ മുന്നറിയിപ്പാണ് ഹമാസ് നൽകുന്നത്. അവർ തങ്ങളുടെ ഒന്നാമത്തെ ശത്രുവായി പ്രഖ്യാപിച്ച് ഇതിനകം കൊലപ്പെടുത്തിയെന്നോ, ഏതു നിമിഷവും കൊലപ്പെടുത്തുമെന്നോ നിരന്തരം ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഒരാളെ നേതൃത്വമേൽപ്പിക്കുക വഴി ഒരിക്കൽ കൂടി ഇസ്രയേലിനെ പരാജയപ്പെടുത്തുകയാണവർ. ഇസ്മാഈൽ ഹനിയ്യയുടെ കാര്യത്തിൽ സംഭവിച്ചതു പോലെ നേതാക്കളുടെയോ അവരുടെ പ്രിയപ്പെട്ടവരുടെയോ ജീവൻ നഷ്ടപ്പെടുന്നത് തങ്ങളെ ഒരർഥത്തിലും പിറകോട്ട് നയിക്കുകയില്ലെന്ന വ്യക്തമായ സന്ദേശമാണത് കൈമാറുന്നത്. ഇസ്രയേലിനെ കുറിച്ച് അവരെക്കാൾ നന്നായറിയുന്നവനെന്ന സിൻവാറിനെ കുറിച്ച നിരീക്ഷണം കേവല അതിശയോക്തിയല്ല.
വംശഹത്യ ആരംഭിച്ച് പത്തു മാസം കഴിഞ്ഞിട്ടും പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നുപോലും നേടാൻ കഴിയാത്ത ദയനീയ പരാജയത്തെ നേതാക്കളുടെ ജീവനെടുക്കുന്നതിലൂടെ മറച്ചുവെക്കാൻ ശ്രമിക്കുന്ന നെതന്യാഹുവിനേറ്റ ശക്തമായ തിരിച്ചടി കൂടിയാണ് ഹമാസിന്റെ പുതിയ തീരുമാനം. ഹനിയ്യയെ കൊലപ്പെടുത്തി ചെറുത്തുനിൽപ്പിന്റെ വീര്യം കുറക്കാമെന്ന് കരുതിയ നെതന്യാഹുവിന് തങ്ങളുടെ എല്ലാ വീര്യവും കളഞ്ഞ ത്വൂഫാനുൽ അഖ്സ്വയുടെ സൂത്രധാരനെയാണ് ഇനി നേരിടാനുള്ളത്. ഇനിയും എവിടെയാണെന്ന് സ്ഥിരീകരിക്കാൻ പോലും കഴിയാത്ത വിധം തങ്ങളിൽ പലരുടെയും പ്രിയപ്പെട്ടവർ ബന്ദികളാക്കപ്പെട്ട 'ത്വൂഫാനുൽ അഖ്സ്വയുടെ എഞ്ചിനീയർ' ഹമാസിന്റെ തലപ്പത്തേക്ക് വരുന്നത് ഇസ്രയേൽ രാഷ്ട്രത്തിനകത്ത് നിലവിലുള്ള ആഭ്യന്തര അസ്വസ്ഥതകളെ കൂടുതൽ രൂക്ഷമാക്കുമെന്ന മഹ്മൂദ് അലൂശിനെപ്പോലുള്ളവരുടെ നിരീക്ഷണവും ശ്രദ്ധേയമാണ്. ഈജിപ്ഷ്യൻ എഴുത്തുകാരനും ഗ്രന്ഥകർത്താവുമായ അദ്ഹം ശർഖാവി ട്വിറ്ററിൽ കുറിച്ചതു പോലെ 'താരതമ്യേന ശാന്ത പ്രകൃതനും വിവേകശാലിയുമായ ഹനിയ്യയെ നിങ്ങൾ കൊന്നുകളഞ്ഞിരിക്കുന്നു, ഇനി വിലപേശലുകളിൽ താൽപര്യമില്ലാത്ത, എതിരാളികളെ തന്റെ തീരുമാനങ്ങൾക്ക് മുന്നിൽ അടിയറവ് പറയിക്കുന്ന സിൻവാറിനെ നേരിട്ടുകൊള്ളുക.'
2023 ഒക്ടോബർ 7-ന് ആരംഭിച്ച ത്വൂഫാനുൽ അഖ്സ്വയുടെ മുഖ്യ സൂത്രധാരന്മാരിൽ പ്രമുഖനാണ് യഹ്‌യാ സിൻവാർ. 'മുഹൻദിസു ത്വൂഫാനിൽ അഖ്സ്വാ' (ത്വൂഫാനുൽ അഖ്സ്വയുടെ എഞ്ചിനീയർ) എന്നാണ് അതിനു ശേഷം അറിയപ്പെടുന്നത്. അങ്ങനെ ഒരാൾ ഈ ഘട്ടത്തിൽ ഹമാസിന്റെ നേതൃത്വത്തിലേക്ക് വരുന്നത് നിലവിലെ പോരാട്ടത്തെ കൂടുതൽ ശക്തിപ്പെടുത്തുമെന്നാണ് പൊതുവേ നിരീക്ഷിക്കപ്പെടുന്നത്. പത്തു മാസം പിന്നിടുന്ന ആ പോരാട്ടത്തെ ഇപ്പോഴും വളരെ സജീവമായി അദ്ദേഹം നയിക്കുന്നുണ്ട് എന്നാണ് നേതൃമാറ്റത്തിലൂടെ വ്യക്തമാവുന്നത്.
ത്വൂഫാനുൽ അഖ്സ്വയുടെ ഭാവിയുമായി ബന്ധപ്പെട്ട് നിർണായകമായ ചില സൂചനകൾ കൂടി ഉൾക്കൊള്ളുന്നതാണ് സിൻവാറിന്റെ തെരഞ്ഞെടുപ്പ്. വിദേശത്തുനിന്ന് കാര്യങ്ങൾ നിയന്ത്രിക്കുന്ന പൊളിറ്റിക്കൽ ബ്യൂറോ തലവൻ എന്ന പതിവിന് വിപരീതമായി യഹ്‌യാ സിൻവാറിനെ ഹമാസിന്റെ നേതൃപദവിയിൽ നിയോഗിക്കുന്ന തീരുമാനം പോരാട്ടം മറ്റൊരു തലത്തിലേക്ക് വികസിക്കുന്നതിന്റെ സൂചനയാണെന്ന് നിരീക്ഷിക്കുന്നവരുണ്ട്. ഫീൽഡിൽ നിന്നു തന്നെ നേതാവിനെ നിശ്ചയിക്കുന്നത് പോരാട്ടഭൂമിക്ക് മുൻഗണന നൽകുന്നതിന്റെയും ചെറുത്തുനിൽപ്പ് കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെയും ഭാഗമാണെന്ന അമീൻ ഹുബ്്ലയുടെ വിശകലനം ഇതിൽ ശ്രദ്ധേയമാണ്. തീരുമാനങ്ങളെടുക്കാനുള്ള അവസാന അതോറിറ്റി പോരാട്ടഭൂമിയിലേക്ക് മാറുന്നു എന്നത് ആ അർഥത്തിൽ പ്രധാനമാണ്.
എല്ലാറ്റിനുമപ്പുറം, നേതാക്കളെ ഇല്ലാതാക്കിയാൽ അവസാനിക്കുന്നതല്ല ഫലസ്ത്വീനികളുടെ വിമോചനപ്പോരാട്ടം എന്ന യാഥാർഥ്യത്തെ ഒരിക്കൽ കൂടി അടിവരയിടുന്നതാണ് യഹ്‌യാ സിൻവാറിന്റെ പുതിയ നിയോഗം. ഹമാസിന്റെ ഇതഃപര്യന്തമുള്ള ചരിത്രം അതിന്റെ നേർസാക്ഷ്യമാണ്. 2004-ൽ ആഴ്ചകളുടെ ഇടവേളയിൽ ശൈഖ് അഹ്മദ് യാസീന്റെയും ശഹീദ് റൻതീസിയുടെയും ശഹാദത്തിനെയും അതിജീവിച്ച ചരിത്രമാണത്. ത്വൂഫാനുൽ അഖ്സ്വാ ആരംഭിച്ചതിന് ശേഷം സ്വാലിഹ് അൽ ആറൂറിയെപ്പോലുള്ളവരുടെ ശഹാദത്ത് അതിന്റെ തുടർച്ചയാണ്. ഒരു നേതാവ് അസ്തമിക്കുമ്പോൾ കൂടുതൽ കരുത്തനായ മറ്റൊരാൾ ഉദിച്ചു വരും. ഫലസ്ത്വീൻ വിമോചിതമാകുന്നതു വരെ പോരാട്ടം തുടരും. l