പൗരത്വ സമരത്തെ എതിരിട്ട കലാപത്തിൽ ദൽഹി കത്തിയമർന്ന നാളുകൾ. ജീവിത സമ്പാദ്യങ്ങളത്രയും കൺമുന്നിൽ കത്തിയമരുന്നതിന്റെയും, ഉറ്റവരും ഉടയവരും കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തതിന്റെയും ഞെട്ടലിൽനിന്ന് മുക്തമാകാത്ത മനുഷ്യർ. ജീവനും കൊണ്ടോടി വന്ന അവരുടെ കണ്ണുകളിൽ ഭാവിയിലേക്ക് നോക്കുമ്പോൾ ഇരുട്ട് മാത്രമാണ്. അവർക്ക് പറയാനുള്ളത് കേട്ടും കുറിച്ചുവെച്ചും മൗജ്പൂരിൽനിന്ന് ശിവ് വിഹാർ വരെ പോയിക്കൊണ്ടിരിക്കുന്നതിനിടയിലാണ് മുസ്തഫാബാദിലെ ഹോട്ടലിന് മുന്നിൽ ഒരു കൂട്ടം എം.എസ്.എഫ് പ്രവർത്തകർക്കൊപ്പം അഡ്വ. ഹാരിസ് ബീരാനെ കാണുന്നത്. മുസ്തഫാബാദിലെ അഭയാർഥി ക്യാമ്പിലും പരിസരത്തെ വീടുകളിലുമായി കഴിയുന്ന ഇരകളെ കണ്ട് കലാപത്തിന്റെ കണക്കെടുപ്പ് നടത്തുകയാണ് ദൽഹിയിലെ വിവിധ കേന്ദ്ര സർവകലാശാലകളിലായി പഠിക്കുന്ന വിദ്യാർഥികൾ. മുസ്‍ലിം ലീഗും കേരള മുസ്‍ലിം കൾച്ചറൽ സെന്ററും എം.എസ്.എഫും ചെയ്യാനുദ്ദേശിക്കുന്ന ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾക്ക് മുന്നോടിയായുള്ള സ്ഥിതി വിവര ശേഖരണത്തിലാണ് തങ്ങളെന്ന് ഹാരിസ് ബീരാൻ പറഞ്ഞു. രാജ്യത്തിന്റെ പല ഭാഗങ്ങളിൽനിന്നും ആളുകൾ വടക്കുകിഴക്കൻ ദൽഹിയിലേക്ക് വന്നുകൊണ്ടിരിക്കുന്നുണ്ട്. ഞങ്ങൾ കൈകളിൽ കരുതിയത് കൈനീട്ടുന്നവർക്ക് കൊടുക്കുന്നുണ്ട്. എന്തു ചെയ്യണമെന്ന് ചോദിച്ച് പലരും വിളിക്കുന്നുണ്ട്. എന്തെങ്കിലുമൊക്കെ ചെയ്തുവെന്ന് വരുത്തിയാൽ പോരല്ലോ. ഇരകളിലേക്ക് തന്നെ സഹായമെത്തണമെങ്കിൽ സർവേ നടത്തിയേ മതിയാകൂ. അതുകൊണ്ടാണ് ദൽഹി കെ.എം.സി.സിക്കാരെയും എം.എസ്.എഫുകാരെയും കൊണ്ടിറങ്ങിയത് - ഹാരിസ് ബീരാൻ പറഞ്ഞു.
സർവേയിലൂടെ ശേഖരിച്ച കണക്കുകൾ വെച്ച് മുസ്‍ലിം ലീഗിന്റെയും കെ.എം.സി.സിയുടെയും ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾ നടക്കുമ്പോഴാണ് ജംഇയ്യത്തുൽ ഉലമായെ ഹിന്ദ്, ജമാഅത്തെ ഇസ്‍ലാമി ഹിന്ദ്, ഹ്യൂമൻ വെൽഫെയർ ഫൗണ്ടേഷൻ, ദൽഹി മലയാളി ഹൽഖ, കാന്തപുരം വിഭാഗത്തിന്റെ ഉത്തരേന്ത്യയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ദൽഹി മർകസ്, കേരള നദ്‍വത്തുൽ മുജാഹിദീൻ, മുംബൈയിൽനിന്നുള്ള പി.എ ഇനാംദാർ തുടങ്ങി നിരവധി ഗ്രൂപ്പുകളും വ്യക്തികളും സമാനമായ സർവേകളുമായി സജീവമായി രംഗത്തുണ്ടെന്ന് മനസ്സിലാകുന്നത്. പല സംഘടനകളുടെയും സഹായങ്ങൾ ഒരേ ഗുണഭോക്താക്കളിലേക്ക് എത്തുകയും പലർക്കും സഹായമൊന്നും കിട്ടാതിരിക്കുകയും അർഹരല്ലാത്ത പലരും ഇരകൾക്കുള്ള സഹായം കൈവശപ്പെടുത്തുകയും ചെയ്യുന്നുണ്ടെന്ന് മനസ്സിലാക്കിയ ഹാരിസ് ബീരാൻ ഇത് ഒഴിവാക്കാനായി ജന്തർ മന്തർ റോഡിലെ തന്റെ ഓഫീസിൽ ഒരു യോഗം വിളിച്ചു. ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തന രംഗത്തുള്ള മുഴുവൻ മലയാളി സംഘടനകളുടെയും പ്രതിനിധികളെ ഹരിസ് ബീരാൻ യോഗത്തിന് ക്ഷണിച്ചു. വടക്കു കിഴക്കൻ ദൽഹി കലാപത്തിലെ ഇരകളുടെ കണ്ണീരൊപ്പാനിറങ്ങിയ മലയാളി സംഘടനകളുടെ പ്രവർത്തനത്തിൽ വഴിത്തിരിവായ യോഗമായി അത് മാറി. ആശയപരമായി ഭിന്ന തലങ്ങളിലുള്ള ഈ സംഘടനകളെല്ലാം കലാപമുഖത്ത് കണ്ണീരൊപ്പുന്നതിൽ കൈകോർക്കാൻ ഈ യോഗം നിമിത്തമായി. ദുരിതാശ്വാസ, പുനരധിവാസ പ്രവർത്തനങ്ങൾ യഥാർഥ ഇരകളിലെത്തിക്കാനും, ഒരിക്കൽ കൊടുത്തവരിലേക്ക് വീണ്ടുമെത്തുന്നതും അനർഹർ കൈപ്പറ്റുന്നതും ഒഴിവാക്കാനും എല്ലാവരും പരസ്പരം സഹകരിക്കാമെന്ന് യോഗം തീരുമാനിച്ചു. ഓരോ സംഘടനയും വെവ്വേറെ നടത്തിയ സർവേകളിലൂടെ ശേഖരിച്ച ഡാറ്റയും തയാറാക്കിയ ഗുണഭോക്താക്കളുടെ പട്ടികയും അതിനകം നൽകിക്കഴിഞ്ഞ സഹായങ്ങളുടെ കണക്കും പരസ്പരം കൈമാറി. പ്രവർത്തനങ്ങൾക്ക് ഒരു ഏകോപന സമിതിയും നിലവിൽ വന്നു.
കലാപത്തിലെ ഇരകൾക്കായി തുടങ്ങിയ ഏകോപനം പിന്നീട് കോവിഡ് ലോക്ഡൗണിന്റെ പേരിൽ ഭക്ഷണം കിട്ടാതെ കുടുങ്ങിയ മലയാളികൾക്കും, തബ്‍ലീഗ് മർകസ് അടക്കമുള്ള മതസ്ഥാപനങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ഭരണകൂട വേട്ടയിലെ ഇരകൾക്കും സഹായമെത്തിക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ചു. കാന്തപുരം വിഭാഗത്തിന്റെ നിസാമുദ്ദീൻ മർകസിൽനിന്ന് ലോക്ഡൗണിൽ കുടുങ്ങിയവർക്കായി വിതരണം ചെയ്ത പൊതിച്ചോറുകൾ ദൽഹിയുടെ അതിർത്തിക്കപ്പുറം ഉത്തർ പ്രദേശിലെ ലോണിയിലെ സ്കൂളുകളിൽ ക്വാറന്റയിനിലാക്കി പട്ടിണിക്കിട്ട തബ്‍ലീഗുകാരിലേക്ക് പോലുമെത്തിയത് തുടർന്നുപോന്ന ഈ സഹവർത്തിത്വത്തിലൂടെയാണ്. അന്ന് ജന്തർ മന്തറിലെ ദവൻദീപ് അപാർട്ട്മെന്റിലെ വക്കീൽ ഓഫീസിൽ ഇരുന്ന് ഹരിസ് ബീരാൻ വിത്തിട്ട ഏകോപനമാണ് ദൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മലയാളി മുസ്‍ലിം സംഘടനകൾക്കിടയിൽ ഇന്നും നിലനിൽക്കുന്ന ഊഷ്മളമായ ബന്ധത്തിന് നിദാനമെന്ന് പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല. അന്ന് കേരള മുസ്‍ലിം കൾച്ചറൽ സെന്ററിന്റെ ദൽഹി ഘടകം പ്രസിഡന്റായിരുന്ന അഡ്വ. ഹാരിസ് ബീരാനെ ദൽഹി മലയാളി മുസ്‍ലിംകളുടെ പൊതുവേദിയായ കേരള മുസ്‍ലിം വെൽഫെയർ അസോസിയേഷന്റെ അമരത്തെത്തിച്ചതും ദൽഹി കലാപാനന്തരം സൃഷ്ടിച്ച ഈ ഏകോപനമാണ്.
ആയിരക്കണക്കിന് മലയാളി വിദ്യാർഥികൾ വർഷം തോറും കേരളത്തിൽനിന്ന് ഉപരിപഠനത്തിനെത്തുന്ന ദൽഹിയിൽ അവരുടെ പ്രവേശന പരീക്ഷാ വേളയിലും പ്രവേശനത്തിന്റെ ആദ്യ നാളുകളിലും വിവിധ മലയാളി സംഘടനകൾ ഒരുക്കുന്ന സൗകര്യങ്ങളിലും പരസ്പര സഹായവും സഹകരണവും നിലനിന്നു പോരുന്നു. പ്രവേശന പരീക്ഷാ സമയത്ത് ആയിരവും രണ്ടായിരവുമൊക്കെ വിദ്യാർഥികളാണ് താമസത്തിനായി വിവിധ സംഘടനകളെ സമീപിക്കുക. ഓരോ സംഘടനയും തങ്ങൾ ഒരുക്കുന്ന താമസ സ്ഥലത്ത് മലയാളി വിദ്യാർഥികളെ ഉൾക്കൊള്ളാനാവാതാകുമ്പോൾ ഇതര സംഘടനകളുടെ താമസ സ്ഥലങ്ങളിലേക്ക് അയക്കുന്ന പരസ്പര ആശ്രയത്വവും ദൽഹിയുടെ മുഖമുദ്രയാണ്. ദൽഹിയിൽ വന്ന് പഠിക്കുന്ന ആയിരക്കണക്കിന് മലയാളി വിദ്യാർഥികൾക്ക് അവരുടെ പഠനവുമായി ബന്ധപ്പെട്ടും അല്ലാതെയും പലപ്പോഴും ദൽഹിയിലെയും കേന്ദ്രത്തിലെയും സർക്കാറുകളുമായി ആശയവിനിമയം നടത്തേണ്ടി വരുമ്പോൾ, എം.എസ്.എഫ് പ്രവർത്തകർ അതിനായി ആശ്രയിച്ചിരുന്നത് മുൻ കേന്ദ്ര മന്ത്രി ഇ. അഹമ്മദിനെയായിരുന്നു. ഇ. അഹമ്മദിന്റെ മരണ ശേഷം ദൽഹിയിലെ എം.എസ്.എഫ് വിദ്യാർഥികൾ ഇത്രയും കാലമായി അനുഭവിക്കുന്ന ശൂന്യത കൂടിയാണ്, നാട്ടിലെ പലർക്കും അപ്രതീക്ഷിതമെന്ന് തോന്നിയ ഹാരിസ് ബീരാന്റെ രാജ്യസഭാംഗത്വത്തിന് കാരണമായത്.
മുസ്ലിം ലീഗിന് നാല് എം.പിമാരുണ്ടായിട്ടും ഇ. അഹമ്മദ് സൃഷ്ടിച്ച ശൂന്യതയിലേക്ക് കയറി നിൽക്കാൻ അവർക്കാർക്കും കഴിയാതെ വന്നതുകൂടിയാണ് ഹാരിസിന് ഈ സ്ഥാനത്തേക്ക് വഴിയൊരുക്കിയതെന്ന് പറയാം. മൂന്ന് പതിറ്റാണ്ടായി ദൽഹി കേന്ദ്രീകരിച്ച ഹാരിസ് ബീരാന് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലുള്ള പരിജ്ഞാനവും എല്ലാ വിഭാഗങ്ങളുമായും കാത്തുസൂക്ഷിക്കുന്ന വ്യക്തി ബന്ധങ്ങളും വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളുമായുള്ള സമ്പർക്കവും മത, രാഷ്ട്രീയ ഭേദമന്യേ മലയാളി വൃത്തങ്ങളിലുള്ള സ്വീകാര്യതയും അനുകൂല ഘടകങ്ങളായി. മുസ്ലിം ലീഗിന്റെയും മുസ്ലിം സമുദായത്തിന്റെയും സാമൂഹിക, രാഷ്ട്രീയ അവസ്ഥകളറിഞ്ഞ് അതിന് അനുസൃതമായി നയനിലപാട് കൈക്കൊള്ളുന്ന പാർട്ടിക്കാരനാണെന്ന് ബോധ്യപ്പെടുത്തുന്നതിലും ദൽഹിയിലെ കെ.എം.സി.സി, എം.എസ്.എഫ് പ്രവർത്തകർ വിജയിച്ചു.
രാജ്യത്തിന്റെ നീതിന്യായ ചരിത്രത്തിൽ എക്കാലത്തും ഓർക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ നൂറ് കണക്കിന് ഹരജികളും കക്ഷികളുമുള്ള ഒരു നിയമ പോരാട്ടത്തെ ‘ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗ് വേഴ്സസ് യൂനിയൻ ഓഫ് ഇന്ത്യ’ എന്ന നിയമപുസ്തകത്തിൽ രേഖപ്പെടുത്തിയത് ഹാരിസ് ബീരാന്റെ ചടുലമായ നീക്കമായിരുന്നു. വിവാദ ബില്ലിൽ രാഷ്ട്രപതി ഒപ്പുവെക്കുമ്പോഴേക്കും ഹാരിസ് ബീരാൻ മുസ്‍ലിം ലീഗിന്റെ ഹരജിയുമായി സുപ്രീം കോടതിയിലെത്തിയിരുന്നു. സുപ്രീം കോടതിയിലെ പല അഭിഭാഷകരും ഏറ്റെടുക്കാൻ ധൈര്യപ്പെടാത്ത, ഭരണകൂടത്തിനെതിരായ നിയമപോരാട്ടങ്ങളും ഇതുപോലെ ഏറ്റെടുത്തു.
രണ്ടാമതും സ്ഫോടനക്കേസിൽ കുടുക്കി ജയിലിലടച്ച പി.ഡി.പി നേതാവ് അബ്ദുന്നാസിർ മഅ്ദനിക്ക് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ചെലമേശ്വറിന്റെ ബെഞ്ചിൽനിന്ന് ആദ്യമായി ജാമ്യം വാങ്ങിക്കൊടുത്ത ശേഷം പിന്നീട് ഇന്നു വരെ ആ കേസ് കൈവിട്ടിട്ടില്ല. മഅ്ദനിയും മുസ്‍ലിം ലീഗും തമ്മിലുള്ള രാഷ്ട്രീയമായ ഭിന്നതയൊന്നും ഭരണകൂട വേട്ടക്കിരയായ ഒരു മുസ്‍ലിം നേതാവിന്റെ നീതിക്കായുള്ള യുദ്ധത്തിൽ അദ്ദേഹം ഗൗനിച്ചില്ല. കേരളത്തിൽ മുസ്‍ലിം സമുദായത്തിനെതിരെ ആളിക്കത്തിച്ച ലവ് ജിഹാദ് വ്യാജ പ്രചാരണത്തെ ഹാദിയ കേസ് ഏറ്റെടുത്ത് വെള്ളമൊഴിച്ച് നിർവീര്യമാക്കിയതും നിയമപോരാട്ടത്തിൽ ഹാരിസ് ബീരാന്റെ സംഭാവനയാണ്. ബി.ജെ.പി സർക്കാർ അറസ്റ്റ് ചെയ്ത് യു.എ.പി. എ ചുമത്തി ജയിലിലടച്ച സിദ്ദീഖ് കാപ്പന്റെ കേസ് ഏറ്റെടുത്ത് അനുകൂല വിധി നേടിക്കൊടുത്തതും ഏറെ നിർണായകമായ ഘട്ടത്തിലാണ്.
‘മാധ്യമം ബ്രോഡ്കാസ്റ്റിങ് ലിമിറ്റഡ് x യൂനിയൻ ഓഫ് ഇന്ത്യ’ എന്ന് മാധ്യമ ചരിത്രത്തിൽ സുവർണ ലിപികളാൽ രേഖപ്പെടുത്തിയ മീഡിയാ വൺ ചാനലിന്റെ നിരോധനം നീക്കിയ സുപ്രീം കോടതി വിധിയിലേക്ക് നയിച്ചതും, കേസ് ഏറ്റെടുത്ത് നടത്തിയ അഡ്വ. ഹാരിസ് ബീരാൻ ബെഞ്ചിന്റെ രസതന്ത്രം നോക്കി മുതിർന്ന അഭിഭാഷകരെ ഇറക്കി നടത്തിയ ബുദ്ധിപരമായ നീക്കമാണ്. സുപ്രീം കോടതിയിൽ ഭിന്ന ചേരികളിൽനിന്ന് പരസ്പരം വാദപ്രതിവാദം നടത്തിയിരുന്ന മുൻ ബാർ അസോസിയേഷൻ പ്രസിഡന്റ് ദുഷ്യന്ത് ദവെയെയും എൻ.ഡി.എ സർക്കാറിന്റെ മുൻ അറ്റോർണി ജനറൽ മുകുൽ രോഹത്ഗിയെയും മീഡിയാ വണിനായി ഹാജരാക്കി.
പാർലമെന്റിൽ പാർട്ടി എം.പിമാരുടെ തണുപ്പൻ സമീപനം വിമർശനം ക്ഷണിച്ചുവരുത്തിയ മുത്തലാഖ് ബില്ലിനെതിരെ മുസ്‍ലിം ലീഗിനെ അദ്ദേഹം സുപ്രീം കോടതിയിൽ എത്തിച്ചു. കർണാടകയിലെ ഹിജാബ് നിരോധം, ജാതി സെൻസസ് തുടങ്ങി പ്രമാദമായ കേസുകളിലെല്ലാം മുസ്‍ലിം ലീഗിന്റെ രാഷ്ട്രീയം നിർണയിച്ച ഇടപെടലായിരുന്നു ഹാരിസ് ബീരാന്റേത്. ഹാരിസ് ബീരാനെ രാജ്യസഭയിൽ എത്തിച്ച് മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ കേരളത്തിലെ മുസ്‍ലിം സമുദായത്തിന് നൽകിയ സന്ദേശവും അതു തന്നെയാണ്. മൂന്നാമതും മോദി സർക്കാർ അധികാരമേറ്റ രാജ്യത്ത് ഭരണഘടനാ സംരക്ഷണമാണ് മുസ്‍ലിം ലീഗ് തന്നിലേൽപിച്ച ബാധ്യതയെന്ന് സാദിഖലി തങ്ങളെ ഇരുത്തി ഹാരിസ് ബീരാൻ പറഞ്ഞതും അതുകൊണ്ടുതന്നെയാണ്. l