2007 -ൽ മനുഷ്യാവകാശ ദിനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഒരു പരിപാടിയിൽ ബി.ആർ.പി ഭാസ്കർ സംസാരിക്കുന്നു. പാനായിക്കുളം കേസിന്റെ പശ്ചാത്തലമാണ് അദ്ദേഹം പറഞ്ഞുതുടങ്ങിയത്. ആ കേസ് സംബന്ധിച്ച് കേരളാ കൗമുദി പത്രത്തിൽ വന്ന ഒരു വാർത്ത അദ്ദേഹം ഉദ്ധരിച്ചു. കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടവരിലൊരാളുടെ കൈയിൽനിന്ന് അസവർണർക്ക് നല്ലത് ഇസ്ലാം എന്ന പുസ്തകം പിടിച്ചതിനെ സംബന്ധിച്ചായിരുന്നു ആ വാർത്ത. ഏതോ ഒരു സുകുമാരന്‍ എഴുതിയതെന്ന പേരില്‍ മുസ്‌ലിംകള്‍ പ്രസിദ്ധീകരിച്ചതാണ് ആ കൃതിയെന്നാണ് ആ പത്രത്തിൽ അച്ചടിച്ചു വന്നത്. 'ഏതോ ഒരു സുകുമാരൻ' ആ പത്രത്തിന്റെ സ്ഥാപക പത്രാധിപരും, പത്രാധിപർ സുകുമാരൻ എന്ന് അറിയപ്പെടുകയും ചെയ്തിരുന്ന കെ. സുകുമാരനാണ് എന്നാണ് ബി.ആർ.പി ചൂണ്ടിക്കാണിച്ചത്. സ്വന്തം പത്രത്തിന്റെ സ്ഥാപക പത്രാധിപരെയും അദ്ദേഹം നൽകിയ സംഭാവനകളെയും അറിയാത്ത എഡിറ്റോറിയൽ ഡെസ്കുകളെ അദ്ദേഹം തന്റെ സ്വതഃസിദ്ധമായ പതിഞ്ഞ, എന്നാൽ മൂർച്ചയുള്ള ശൈലിയിൽ വിമർശിച്ചു.
(1936-ൽ കേരള തിയ്യ യൂത്ത് ലീഗ് പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് അസവർണർക്ക് നല്ലത് ഇസ്ലാം. കേരളകൗമുദി സ്ഥാപക പത്രാധിപരായിരുന്ന കെ. സുകുമാരൻ, എസ്.എൻ.ഡി.പി യോഗം നേതാക്കളായിരുന്ന കെ.പി തയ്യിൽ, എ.കെ ഭാസ്കർ, സഹോദരൻ അയ്യപ്പൻ, ഒറ്റപ്പാലം പി.കെ കുഞ്ഞുരാമൻ എന്നിവർ ചേർന്ന് എഴുതിയതാണ് ഈ പുസ്തകം. ഇതിൽ എ.കെ ഭാസ്കരൻ ബി.ആർ.പി ഭാസ്കറിന്റെ പിതാവാണ്).
ബാബു രാജേന്ദ്ര പ്രസാദ് ഭാസ്കർ എന്ന ബി.ആർ.പി 1932 മാർച്ച് 12-ന് കൊല്ലം ജില്ലയിലെ കായിക്കരയിൽ ഈഴവ നേതാവും സാമൂഹിക പരിവർത്തനവാദിയും നവഭാരതം പത്രത്തിന്റെ പത്രാധിപരുമായിരുന്ന എ.കെ ഭാസ്കരന്റെയും മീനാക്ഷിയുടെയും മകനായാണ് ജനിച്ചത്. 1951-ൽ കേരള സർവകലാശാലയിൽനിന്ന് ബിരുദം നേടിയ ശേഷം 1953-ൽ പത്ര പ്രവർത്തന ജീവിതം ആരംഭിച്ചു. യൂനിവേഴ്സിറ്റി ഓഫ് ഫിലിപ്പൈൻസിൽനിന്ന് മാസ്റ്റർ ബിരുദവും പിന്നീട് അദ്ദേഹം നേടിയിട്ടുണ്ട്. ഇന്ത്യയിലെ പല പ്രമുഖ ദേശീയ പത്രങ്ങളിലും ബി.ആർ.പി സേവനമനുഷ്ഠിച്ചു. ദ ഹിന്ദുവിന്റെ സഹപത്രാധിപർ, ദ സ്റ്റേറ്റ്മാനിൽ ഉപ പത്രാധിപർ, പാട്രിയറ്റിന്റെ സഹ പത്രാധിപർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ന്യൂസ് ഏജൻസിയായ UNI, ഡക്കാൻ ഹെറാൾഡ്, ആഡ്രാപ്രദേശ് ടൈംസ് എന്നിവയിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. 1991-ൽ സജീവ പത്രപ്രവർത്തനം അവസാനിപ്പിച്ച അദ്ദേഹം പിന്നീട് വിവിധ പത്രങ്ങളിൽ കോളങ്ങൾ കൈകാര്യം ചെയ്തിരുന്നു. ഏഷ്യാനെറ്റിൽ അദ്ദേഹം സക്കറിയയോടൊപ്പം അവതരിപ്പിച്ചിരുന്ന 'പത്രവിശേഷം' എന്ന പരിപാടി, കേരളത്തിന് അന്നുവരെ കാര്യമായി പരിചയമില്ലാത്ത മാധ്യമ വിമർശനമാണ് കൈകാര്യം ചെയ്തത്. കേരളത്തിലെ മാധ്യമങ്ങളുടെ മുഖം ഒരളവോളം മാറ്റാൻ ആ പരിപാടി ഇടയാക്കിയിട്ടുണ്ട്.
പത്രപ്രവർത്തനത്തിന്റെ നൈതികതയും ധാർമികതയും അദ്ദേഹം എക്കാലത്തും ഉയർത്തിപ്പിടിച്ചു. ഒരു മാധ്യമ പ്രവർത്തകൻ എങ്ങനെയായിരിക്കണം എന്നതിന്റെ വലിയ റഫറൻസായിരുന്നു അദ്ദേഹം. ധാർമിക ബോധമുള്ള പ്രഫഷണൽ മാധ്യമ പ്രവർത്തകൻ എന്ന ലേബൽ തന്നെ സാമൂഹിക പ്രവർത്തനത്തിന് വലിയ അംഗീകാരമാകുമായിരുന്ന കാലത്തും അദ്ദേഹം ആയിടത്തു മാത്രമായി ഒതുങ്ങിനിന്നില്ല. ജനാധിപത്യത്തിന്റെ നാലാം തൂണായി മാധ്യമ പ്രവർത്തനത്തെ വിശേഷിപ്പിക്കാറുണ്ട്. അതിനപ്പുറം ജനാധിപത്യത്തെ താങ്ങിനിർത്തുന്ന അഞ്ചാമതൊരു തൂണുകൂടിയുണ്ട്. അതാണ് സിവിൽ സമൂഹത്തിന്റെ ഇടപെടൽ. ബി.ആർ.പി ഭാസ്കർ മാധ്യമ പ്രവർത്തകൻ മാത്രമായിരുന്നില്ല; സിവിൽ സമൂഹത്തിന്റെ ഉറച്ച ശബ്ദം കൂടിയായിരുന്നു. മുത്തങ്ങ സമരം, പ്ലാച്ചിമട സമരം അടക്കം കേരളത്തിൽ നടന്ന ജനകീയ മൂവ്മെന്റുകളോടൊപ്പം സഞ്ചരിക്കുന്ന ബി.ആർ.പിയെയാണ് നമുക്ക് കാണാനാവുക.
അദ്ദേഹത്തിന്റെ അത്തരം ഇടപെടലുകളിൽ ഏറ്റവും ജ്വലിച്ചുനിന്നത് 2009-11 കാലയളവിൽ ഡി.എച്ച്.ആർ.എം മൂവ്മെന്റിനെതിരെ പോലീസ്-മാധ്യമ വേട്ട നടക്കുന്ന കാലത്താണ്. വർക്കലയിൽ നടന്ന ഒരു കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ ഡി.എച്ച്.ആർ.എം എന്ന സംഘടനക്ക് സ്വാധീനമുള്ള വർക്കലയിലെ നിരവധി ദലിത് കോളനികളിൽ പോലീസ് ഭീകരമായി അഴിഞ്ഞാടി. വർക്കലയിൽ ഒതുങ്ങി നിന്നില്ല ആ വേട്ട. കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഡി.എച്ച്.ആർ.എമ്മിന് സ്വാധീനമുള്ള ദലിത് കോളനികളിലും ആ വേട്ട തുടർന്നു. നിരവധി ഡി.എച്ച്.ആർ.എം പ്രവർത്തകർ പോലീസ് കസ്റ്റഡിയിൽ കൊടിയ പീഡനം നേരിട്ടു. അന്നത്തെ കേരള ഡി.ജി.പി ജേക്കബ് പുന്നൂസ് പത്രസമ്മേളനം നടത്തി ദലിത് ടെററിസം ആണ് നടക്കുന്നത് എന്ന് പ്രഖ്യാപിച്ചു. തലസ്ഥാന നഗരിയിൽ ദലിത് സംഘടനകൾക്ക് പ്രതിഷേധിക്കാൻ പോലും കഴിയാത്ത സാഹചര്യം. ശിവസേനയും സി.പി.എമ്മുമൊക്കെ പോലീസിനൊപ്പം ചേർന്ന് വേട്ടക്കാരായി.
രാഷ്ട്രീയ പാർട്ടികളും സാമൂഹിക പ്രവർത്തകരും ഭയന്ന് മൗനം പാലിച്ചിരിക്കുന്ന ഈ സമയത്ത് ദലിത് വേട്ടയ്ക്കെതിരെ ഉറച്ച നിലപാടുമായി ബി.ആർ.പി രംഗത്തുവന്നു. അദ്ദേഹം മനുഷ്യാവകാശ പ്രസ്ഥാനങ്ങളുമായും സിവിൽ പ്രസ്ഥാനങ്ങളുമായും ബന്ധപ്പെട്ടു. തിരുവനന്തപുരത്ത് ദലിത് ഐക്യദാർഢ്യ വേദി രൂപവത്കരിക്കാൻ അത്തരം ആളുകളുമായി ചേർന്ന് മുൻകൈയെടുത്തു. ദലിത് വേട്ടയ്ക്കെതിരെ പത്ര സമ്മേളനവും പ്രതിഷേധങ്ങളും ദലിത് ഐക്യദാർഢ്യ വേദി സംഘടിപ്പിച്ചു. സോളിഡാരിറ്റി പോലുള്ള സംഘടനകൾ നടത്തിയ പരിപാടികളിൽ അദ്ദേഹം സജീവ സാന്നിധ്യമായി. ശിവസേന പോലുള്ള സംഘടനകൾ അദ്ദേഹത്തിന്റെ കോലം കത്തിക്കലും, അദ്ദേഹം പങ്കെടുക്കുന്ന പരിപാടികളിലേക്ക് മാർച്ചു നടത്തലും പതിവ് കാഴ്ചയായി. അതൊന്നും അദ്ദേഹത്തെ തെല്ലും പിന്നോട്ടടിപ്പിച്ചില്ല. യു.എ.പി.എ അടക്കമുള്ള ഭീകര നിയമങ്ങൾക്കെതിരെയും, ഏറ്റുമുട്ടൽ കൊലപാതകങ്ങൾക്കെതിരെയും ഉറച്ച നിലപാടെടുക്കാനും അദ്ദേഹത്തിനായി. തലസ്ഥാന നഗരിയിൽ അത്തരം വിഷയങ്ങളിൽ നടക്കുന്ന ഒട്ടുമിക്ക പരിപാടികളുടെയും സംഘാടകനായും അദ്ദേഹം ഉണ്ടാകും. കേരളത്തിലെ ഒട്ടുമിക്ക ജനകീയ സമരങ്ങളോടും അദ്ദേഹം അടുപ്പം സൂക്ഷിക്കുകയും അവരുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുകയും തന്റെ തൂലിക അതിനു വേണ്ടി ചലിപ്പിക്കുകയും ചെയ്തു. 2010-ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ സജീവമായി ഇടപെട്ട് പ്രാദേശിക ഭരണകൂടങ്ങളിൽ ബദൽ സിവിൽ സമൂഹ മുന്നേറ്റം സാധ്യമാക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. പഞ്ചായത്തി രാജ് നിയമത്തിന്റെ അന്തസ്സത്തയ്ക്കനുസരിച്ച് രാഷ്ട്രീയ മത്സരങ്ങൾക്ക് പകരം ഓരോ പ്രദേശത്തിന്റെയും പ്രാദേശിക വികസന കാഴ്ചപ്പാടുള്ള സിവിൽ മുന്നേറ്റങ്ങൾ രൂപപ്പെടണം എന്ന കാഴ്ചപ്പാടാണ് അദ്ദേഹം മുന്നോട്ടുവെച്ചത്. സാമൂഹിക പ്രവർത്തകരെയും ബദൽ രാഷ്ട്രീയം ഉയർത്തുന്നവരെയും ഏകോപിപ്പിക്കാൻ ജനകീയ ഐക്യവേദി എന്ന പേരിൽ ഒരു ജനകീയ കൂട്ടായ്മ രൂപപ്പെടുത്താനും അദ്ദേഹം മുൻകൈയെടുത്തു. സംസ്ഥാനത്താകെ ആയിരത്തോളം വാർഡുകളിൽ അത്തരം ബദൽ സംവിധാനങ്ങൾ മത്സര രംഗത്തുണ്ടായിരുന്നു. കാതിക്കൂടം സമരസമിതി സ്ഥാനാർഥി അടക്കം കേരളത്തിൽ പത്തിലധികം വാർഡുകളിൽ വിജയിച്ചുവെങ്കിലും ആ സംവിധാനം പൊതുവായ ഒരു കൂട്ടായ്മയായി വളർന്നില്ല. മുഖ്യധാരാ മീഡിയ അവഗണിച്ചതിനാൽ ജനകീയ ഐക്യവേദി എന്ന പേരിൽ ഒരു ബ്ലോഗും ഫേസ്ബുക്ക് പേജും അദ്ദേഹം തന്നെ തുടങ്ങുകയും, അദ്ദേഹം തന്നെ കൃത്യമായ ഇടവേളകളിൽ അന്നത് അപ്ഡേറ്റ് ചെയ്യുകയും ചെയ്തിരുന്നു. സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകളിലും വിവര സാങ്കേതിക വിദ്യയുടെ ഉപയോഗത്തിലും അദ്ദേഹം എപ്പോഴും അപ്ഡേറ്റായിരുന്നു. അദ്ദേഹത്തിന്റെ ബ്ലോഗുകളും ഫേസ്ബുക്ക് പ്രൊഫൈലും പേജും അദ്ദേഹം തന്നെയായിരുന്നു കൈകാര്യം ചെയ്തിരുന്നത്. 92-ാം വയസ്സിൽ ഈ ലോകത്തോട് വിടപറയും വരെ അദ്ദേഹം തന്റെ വിജ്ഞാന സപര്യ തുടർന്നു. ആരോഗ്യകരമായ സംവാദങ്ങളാണ് ജനാധിപത്യത്തിന്റെ മുഖമുദ്ര എന്ന് വിശ്വസിക്കുന്നതിനാൽ, അഭിപ്രായ വ്യത്യാസം പുലര്‍ത്തുന്നവരെ ആക്ഷേപിക്കാനോ ചെറുതാക്കാനോ ബി.ആര്‍.പി ശ്രമിക്കാറില്ലായിരുന്നു. എതിരഭിപ്രായം പറയുകയോ വിമര്‍ശിക്കുകയോ ചെയ്യുന്നവരെ വ്യക്തിപരമായി നിന്ദിക്കുക എന്നതും അദ്ദേഹത്തിന്റെ രീതിയായിരുന്നില്ല. ബി.ആര്‍.പിയുടെ വിമര്‍ശകരിൽനിന്ന് പലപ്പോഴും അതിരുകടന്ന പ്രതികരണങ്ങളുണ്ടാകുമ്പോഴും സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനങ്ങളോട് ബി.ആര്‍.പി പുലര്‍ത്തുന്ന സഹിഷ്ണുത അസാധാരണം തന്നെയായിരുന്നു. മോശം ഭാഷയില്‍ അധിക്ഷേപിക്കുന്നവരോട് പോലും ക്ഷുഭിതനാകാതെ, ക്ഷമയോടെ സ്വന്തം നിലപാട് വിശദീകരിക്കുകയായിരുന്നു അദ്ദേഹത്തിന്റെ രീതി.
തന്റെ ഏക മകൾ രോഗിയായതിനെ തുടർന്ന് അദ്ദേഹം തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് താമസം മാറിയത് കേരളത്തിലെ സിവിൽ സമൂഹത്തിന് വലിയ നഷ്ടം തന്നെയായിരുന്നു. സഹധർമിണിയുടെയും മകളുടെയും മരണം അദ്ദേഹത്തെ തളർത്തിയെങ്കിലും കേരളത്തിലേക്ക് അദ്ദേഹം തിരിച്ചു വന്നിരുന്നില്ല. കേരളത്തിലുള്ളത് വയോജനങ്ങൾക്ക് പറ്റിയ സാമൂഹികാന്തരീക്ഷമല്ല എന്ന് അദ്ദേഹം പറയുമായിരുന്നു.
അവസാന കാലത്ത് കേരളത്തിലേക്ക് തിരിച്ചുവന്ന അദ്ദേഹം ഒടുവിൽ പങ്കെടുത്ത പൊതുപരിപാടി ജമാഅത്തെ ഇസ്ലാമി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഇഫ്ത്വാർ സംഗമം ആയിരുന്നു. ഫാഷിസത്തെ തടുക്കാൻ തിരുവനന്തപുരത്ത് പൊതു കൂട്ടായ്മ രൂപവത്കരിക്കുന്നത് സംബന്ധിച്ച ആലോചനാ യോഗത്തിൽ താൻ പങ്കെടുക്കാമെന്ന് അദ്ദേഹം ഉറപ്പും പറഞ്ഞിരുന്നു. അനാരോഗ്യം മൂലം അദ്ദേഹത്തിന് അതിൽ പങ്കെടുക്കാൻ കഴിഞ്ഞില്ല.
മാധ്യമ രംഗത്തെ അതികായൻ എന്നതിനപ്പുറം, മനുഷ്യാവകാശ പോരാട്ടങ്ങളിലും സിവിൽ സമൂഹങ്ങളുടെ ഇടപെടലുകളിലും അദ്ദേഹം എന്നും മുൻപന്തിയിലുണ്ടായിരുന്നു. പിന്നാക്ക ജനവിഭാഗങ്ങളുടെ പ്രാതിനിധ്യം, സാമൂഹിക നീതി തുടങ്ങിയ വിഷയങ്ങളിലെല്ലാം അദ്ദേഹം കൃത്യമായി ഇടപെട്ടിരുന്നു. രാജ്യത്ത് രൂപപ്പെട്ട ഫാഷിസ്റ്റ് അധികാര കേന്ദ്രം അദ്ദേഹത്തെ വല്ലാതെ അസ്വസ്ഥപ്പെടുത്തി. എങ്കിലും, ഭരണഘടനയുടെ പിൻബലംകൊണ്ട് ജനം അത്തരം ദുശ്ശക്തികളെ അതിജയിക്കും എന്ന് അവസാന ശ്വാസം വരെ അദ്ദേഹം ഉറച്ചു വിശ്വസിച്ചു. l
2024 മെയ് 11-ന് തമിഴ്നാട്ടിലെ ഉമറാബാദിൽ അന്തരിച്ച മൗലാനാ കാക്കാ സഈദ് അഹ്മദ് ഉമരി പ്രമുഖ പണ്ഡിതന്‍, തെന്നിന്ത്യയിലെ പ്രശസ്‌ത ദീനീ വിദ്യാഭ്യാസ കേന്ദ്രമായ ഉമറാബാദ് ജാമിഅ ദാറുസ്സലാം ജനറൽ സെക്രട്ടറി, ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് ഉപാധ്യക്ഷന്‍ എന്നീ നിലകളില്‍ സേവനം ചെയ്തുവന്ന മഹത് വ്യക്തിത്വമായിരുന്നു. ഇസ്‌ലാമിക വിഷയങ്ങളിൽ ആഴത്തിലുള്ള പാണ്ഡിത്യവും പ്രബോധന രംഗത്തെ വേറിട്ട കാഴ്ചപ്പാടുമാണ് കാക്കാ സഈദ് ഉമരിയുടെ പ്രത്യേകത. പ്രബോധന പ്രവർത്തനത്തിലെ തന്റെ പരിശ്രമങ്ങളെ ഒരിക്കലും പരസ്യപ്പെടുത്താൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല. തമിഴ്‌നാടിനകത്തും പുറത്തുമുള്ള നിരവധി മത, സാംസ്‌കാരിക, ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യവുമായിരുന്ന കാക്കാ സഈദ് ഉമരിയുടെ വിയോഗം ഇന്ത്യൻ മുസ്‌ലിംകളുടെ വിദ്യാഭ്യാസ രംഗത്ത് വലിയ ശൂന്യതയാണ് സൃഷ്ടിച്ചത്.
കാക്കാ സഈദ് ഉമരി എല്ലാ അർഥത്തിലും ഒരു മാതൃകാ വ്യക്തിത്വമായിരുന്നുവെന്ന് ആൾ ഇന്ത്യാ മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് അധ്യക്ഷൻ മൗലാനാ ഖാലിദ് സൈഫുല്ലാ റഹ്‌മാനി തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു. വിജ്ഞാനവും കർമവും ഏകോപിപ്പിച്ച അദ്ദേഹം വിദ്യാഭ്യാസ രംഗത്ത് പകരംവെക്കാനില്ലാത്ത വ്യക്തിത്വവുമായിരുന്നു. ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അധ്യക്ഷൻ സയ്യിദ് സആദത്തുല്ലാ ഹുസൈനി തന്റെ അനുശോചന സന്ദേശത്തിൽ ഇങ്ങനെ കുറിച്ചു: "മൗലാനയുടെ വിയോഗത്തോടെ ആത്മാർഥതയുടെ നിറകുടമായ ഒരു പണ്ഡിതനെയും അഡ്മിനിസ്ട്രേറ്ററെയും സാമൂഹിക പ്രവർത്തകനെയുമാണ് സമുദായത്തിന് നഷ്ടപ്പെട്ടിരിക്കുന്നത്. തെന്നിന്ത്യയിലെ സമുന്നത ദീനീകലാലയമായ ഉമറാബാദ് ദാറുസ്സലാം വൈജ്ഞാനിക ലോകത്ത് സവിശേഷമായ ഒരിടം കണ്ടെത്തിയത് അദ്ദേഹം സ്ഥാപനത്തിന്റെ ജനറൽ സെക്രട്ടറിയായിരിക്കുമ്പോഴാണ്. വിദ്യാഭ്യാസ, സാമൂഹിക സേവന മേഖലകളിൽ നിരവധി സംഭാവനകൾ അർപ്പിച്ച കാക്കാ കുടുംബത്തിൽ ജനിച്ച അദ്ദേഹം ഇസ്ലാമിനെ സമഗ്രമായി ഉൾക്കൊള്ളുകയും മിതവാദ നിലപാടുകളിൽ ഉറച്ചുനിൽക്കുകയും ചെയ്തു. എല്ലാ വിഭാഗങ്ങളുടെയും സേവന പ്രവർത്തനങ്ങളെ അദ്ദേഹം വിലമതിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ദഅ്വാ പ്രവർത്തനങ്ങളിൽ വളരെ ഉത്സുകനായിരുന്ന അദ്ദേഹം സംഘടിപ്പിച്ചിരുന്ന പരിശീലന കളരികൾക്ക് ധാരാളം പ്രബോധകരായ പണ്ഡിതൻമാരെ വാർത്തെടുക്കാൻ സാധിക്കുകയുണ്ടായി. ജമാഅത്തെ ഇസ്ലാമിയുമായി എന്നും സഹകരിച്ച് പ്രവർത്തിച്ചിരുന്ന അദ്ദേഹം ജമാഅത്തെ ഇസ്ലാമി മുൻ അഖിലേന്ത്യാ അമീർ മർഹൂം സയ്യിദ് ജലാലുദ്ദീൻ ഉമരിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു."
ലോക ഇസ്ലാമിക നേതൃത്വങ്ങളുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ച അദ്ദേഹം സ്ഥാപനത്തിലെ മലയാളി വിദ്യാർഥികളോട് പ്രത്യേകം താത്പര്യം കാണിച്ചിരുന്നു. ആദ്യ കാലങ്ങളിലുണ്ടായിരുന്ന മലയാളി വിദ്യാർഥികളുടെ ഒഴുക്ക് പിൽക്കാലത്ത് നിലച്ചുപോയതിൽ അദ്ദേഹം അസംതൃപ്‌തി പ്രകടിപ്പിക്കുകയുണ്ടായി. ഇസ്‌ലാമിക വിദ്യാഭ്യാസ രംഗത്ത് വിലപ്പെട്ട സംഭാവനകൾ നൽകിയ പാരമ്പര്യമുള്ള രാജ്യത്തെ പ്രമുഖ കലാലയമാണ് തമിഴ്‌നാട്ടിലെ ആമ്പൂരിനടുത്തുള്ള ഉമറാബാദ് ജാമിഅ ദാറുസ്സലാം. ഈ സ്ഥാപനത്തിന്റെ വളർച്ചക്കു വേണ്ടി ജീവിതം സമർപ്പിച്ച കാക്കാ സഈദ് ഉമരി അവസാന കാലം വരെ അതിനായി പരിശ്രമിച്ചു. പ്രായാധിക്യം കൊണ്ടും മറ്റുമുള്ള അവശതകൾ അനുഭവിക്കുമ്പോഴും ജാമിഅഃയുടെ പുരോഗതിക്കായി അദ്ദേഹം നിലകൊണ്ടു. കേരളത്തിലെ ഉമറബാദ് ജാമിഅ പൂർവ വിദ്യാർഥികളുടെ (ഉമരി) കൂട്ടായ്മകളിൽ പങ്കെടുക്കുന്നതിൽ അദ്ദേഹത്തിന് വലിയ താല്പര്യമായിരുന്നു. പെരിന്തല്‍മണ്ണയില്‍ നടന്ന അത്തരമൊരു കൂട്ടായ്മയിൽ പങ്കെടുക്കാനാണ് 2021-ൽ അദ്ദേഹം അവസാനമായി കേരളത്തില്‍ എത്തിയത്.
വിദ്യാഭ്യാസ മേഖലയിലും ജീവകാരുണ്യ രംഗത്തും പേരുകേട്ട ഉമറാബാദിലെ കാക്കാ കുടുംബത്തിൽ 1936-ലാണ് കാക്കാ സഈദ് ഉമരിയുടെ ജനനം. മർഹൂം കാക്കാ ഉമർ, ഇപ്പോൾ വിടപറഞ്ഞ കാക്കാ സഈദ് എന്നീ സഹോദരങ്ങളുടെ പിതാമഹനും തുകൽ വ്യാപാരിയുമായിരുന്ന കാക്കാ മുഹമ്മദ് ഉമർ സാഹിബാണ് 1924-ൽ ജാമിഅ ദാറുസ്സലാം സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ചാണ് കോളേജ് സ്ഥിതി ചെയ്യുന്ന കൊച്ചു ഗ്രാമത്തിന് 'ഉമറാബാദ്' എന്ന പേരുനൽകിയത്. തന്റെ പിതാവിന്റെ വസ്വിയ്യത് പ്രകാരം 1946-ൽ കാക്കാ സഈദ് ജാമിഅ ദാറുസ്സലാമിൽ ചേർന്നു പഠനം ആരംഭിച്ചു. 1956-ൽ ജാമിഅയിൽനിന്ന് പഠനം പൂർത്തിയാക്കി. 1958-ൽ സ്ഥാപനത്തിന്റെ അസിസ്റ്റന്റ് സെക്രട്ടറി ജനറലായി നിയോഗിതനായി. 1988-ലാണ് കാക്കാ സഈദ് ഉമരി ജാമിഅ ദാറുസ്സലാമിന്റെ മുഴുവൻ ഉത്തരവാദിത്വവും ഏറ്റെടുത്തുകൊണ്ട് സെക്രട്ടറി ജനറൽ സ്ഥാനത്തേക്ക് വരുന്നത്. അദ്ദേഹത്തെ അല്ലാഹു സ്വർഗത്തിൽ ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കുമാറാകട്ടെ. l
ഇസാമുല്‍ അത്താര്‍: വിലയ്ക്കെടുക്കാൻ കഴിയാത്ത വ്യക്തിത്വം-2
ഇഖ് വാന്റെ തന്നെ യുവജന സംഘടനയായ 'ശബാബ് മുഹമ്മദി' (മുഹമ്മദീയ യുവജനം)ലൂടെയാണ് ഇസാമുല്‍ അത്താര്‍ ഇഖ് വാനിലെത്തുന്നത്. സിറിയയുടെ പല ഭാഗങ്ങളിലായി പല പേരുകളില്‍ ഇഖ് വാന്‍ അക്കാലത്ത് യുവജനങ്ങളെ സംഘടിപ്പിച്ചുവരുന്നുണ്ടായിരുന്നു. അലപ്പോവില്‍ (ഹലബ്) അവര്‍ ദാറുല്‍ അര്‍ഖം എന്ന പേരിലായിരുന്നു സംഘടിച്ചിരുന്നത്; ദീര്‍ സൂറില്‍ 'അൻസാര്‍' എന്ന പേരിലും. ഹമാത്തില്‍ ഇഖ് വാനുല്‍ മുസ്ലിമൂന്‍ എന്ന പേരില്‍തന്നെയായിരുന്നു പ്രവര്‍ത്തനം. 1945-ല്‍ ഡോ. മുസ്ത്വഫസ്സിബാഇയാണ് ഈ വേദികളെയെല്ലാം 'ഇഖ് വാനുല്‍ മുസ്ലിമൂന്‍' എന്ന പേരില്‍ ഏകോപിപ്പിക്കുന്നത്.
എല്ലാ വിഭാഗങ്ങള്‍ക്കിടയിലും ഇസാമുല്‍ അത്താര്‍ സ്വീകാര്യത നേടിയിരുന്നു. അതേസമയം ഭരണകൂടത്തെ ഒട്ടും ഭയപ്പെട്ടിരുന്നുമില്ല. 1951-ല്‍ അദീബ് ശീശ്കലിയുടെ ഭരണകൂടത്തെ നിശിതമായി അദ്ദേഹം വിമര്‍ശിച്ചു. അറസ്റ്റ് വാറന്റായിരുന്നു അനന്തര ഫലം. അലി ത്വന്‍ത്വാവിയടക്കം അടുപ്പമുള്ളവരുടെ ഉപദേശ പ്രകാരം ഈജിപ്തിലേക്ക് പോകാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. അവിടെ വെച്ചു ഹസന്‍ ഹുദൈബി, അബ്ദുൽ ഖാദിര്‍ ഔദ, സയ്യിദ് ഖുത്വ്്ബ്, ബശീര്‍ ഇബ്‌റാഹീമീ, മഹ്മൂദ് ശാകിര്‍, അബ്ദുല്‍ വഹാബ് അസാം എന്നിവരുമായി സമ്പര്‍ക്കം സ്ഥാപിക്കാനും ഇഖ് വാനുമായി ചേര്‍ന്ന് പ്രവര്‍ത്തന നിരതനാകാനും അവസരം ലഭിച്ചു.
പിതാവിന്റെ രോഗവിവരമറിഞ്ഞപ്പോള്‍ 1952-ല്‍ ദമസ്‌കസിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിതനായി. 1954-ല്‍ ഇഖ് വാന്റെ എക്‌സിക്യൂട്ടീവ് സമിതിയില്‍ അംഗമായി ഇസാമുല്‍ അത്താര്‍ തെരഞ്ഞെടുക്കപ്പെട്ടു.
ഐക്യ അറബ് റിപ്പബ്ലിക് 1958-ല്‍ ഈജിപ്തും സിറിയയും ഒന്നായി ലയിച്ച് ഐക്യ അറബ് റിപ്പബ്ലിക് (യുനൈറ്റഡ് അറബ് റിപ്പബ്ലിക്-യു.എ.ആര്‍) പ്രഖ്യാപിച്ചപ്പോള്‍ ഇഖ് വാന്‍ അത് സ്വാഗതം ചെയ്യുകയാണുണ്ടായത്. എല്ലാ പാര്‍ട്ടികളും പിരിച്ചുവിടണമെന്നായിരുന്നു അന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് നാസിര്‍ ഇതിന് വെച്ച ഉപാധി. അതനുസരിച്ച് മുസ്ത്വഫസ്സിബാഈ ഇഖ് വാന്‍ പിരിച്ചുവിടുകയും ചെയ്തു. എന്നാല്‍, ഇസാമുല്‍ അത്താര്‍ ഏകീകരണത്തിന് അനുകൂലിയായിരുന്നെങ്കിലും ഇഖ് വാന്‍ പിരിച്ചുവിടുന്നതിന് അനുകൂലമായിരുന്നില്ല. നാസിറിന്റെ ഏകാധിപത്യ പ്രവണതയെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പും നല്‍കി. ഉമവി മസ്ജിദിലെ മിമ്പറില്‍ വെച്ച് ഐക്യ ഭരണകൂടത്തിന്റെ മനുഷ്യാവകാശ ലംഘനങ്ങളെയും അടിച്ചമര്‍ത്തലുകളെയും ഇസാമുല്‍ അത്താര്‍ രൂക്ഷമായി വിമര്‍ശിച്ചു.
അത്താര്‍ മുന്നറിയിപ്പ് നല്‍കിയത് തന്നെ സംഭവിച്ചു. ഏകീകരണത്തില്‍നിന്ന് പിന്‍വാങ്ങാനുള്ള നാസിറിന്റെ പത്രികയില്‍ ദേശീയ വാദികളും കമ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും ഒപ്പുവെച്ചു. ഐക്യ സര്‍ക്കാറിന് കീഴില്‍ ഏറ്റവുമധികം പീഡനത്തിന് വിധേയരായവര്‍ ഇഖ് വാന്‍കാരായിരുന്നെങ്കിലും അവരതില്‍ ഒപ്പുവെച്ചില്ല. അതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ അത്താറിന്റെ മറുപടി ഇതായിരുന്നു: 'നൂറ്റാണ്ടുകളായി ഈ സമുദായത്തിന്റെ മക്കള്‍ താലോലിച്ചു പോരുന്ന ഒരു സ്വപ്‌നം തകര്‍ക്കാനുള്ള നീക്കത്തിന് ഞാന്‍ ഒപ്പു ചാര്‍ത്തുമെന്ന് കരുതാന്‍ നിങ്ങള്‍ക്കെങ്ങനെ സാധിച്ചു? ഐക്യ സര്‍ക്കാറിനോടുള്ള ഞങ്ങളുടെ വിയോജിപ്പും, ഐക്യത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധതയും രണ്ടും രണ്ടാണ്.''
ഏകാധിപത്യത്തിനെതിരെ ഈജിപ്തില്‍നിന്ന് വേര്‍പ്പെട്ട ശേഷവും രാഷ്ട്രീയ സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദിക്കുന്നത് അത്താര്‍ നിര്‍ത്തിയില്ല. പുതിയ സര്‍ക്കാറിനോട് ജനാധിപത്യ പാത സ്വീകരിക്കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. ശീശ്കലിയുടെ പട്ടാള അട്ടിമറിയോട് അദ്ദേഹം മുഖം തിരിച്ചു. മന്ത്രിസഭ രൂപവത്കരിക്കാന്‍ ചുമതല ഏല്‍പിക്കപ്പെട്ട മഅ്‌റൂഫ് ദുവാലബി അതില്‍ ചേരാന്‍ ഇസാമുല്‍ അത്താറിനെ ക്ഷണിച്ചു,. ജനാധിപത്യം അവകാശപ്പെടുകയും പട്ടാള വിപ്ലവത്തിന് അരങ്ങൊരുക്കുകയും ചെയ്ത ഒരു സംവിധാനത്തില്‍ എങ്ങനെ ഞാന്‍ പങ്കെടുക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. ''ഈ തെരഞ്ഞെടുപ്പുകള്‍ക്ക് അധികം ആയുസ്സൊന്നും പ്രതീക്ഷിക്കണ്ട. പുതിയൊരു പട്ടാള അട്ടിമറി വരുന്നത് വരെ മാത്രമേ ഇത് നിലനില്‍ക്കൂ.'' അദ്ദേഹം പറഞ്ഞപോലെത്തന്നെ പ്രസിഡന്റ് നാസിം ഖുദ്‌സിയുടെ ഭരണത്തെ പട്ടാളം അട്ടിമറിച്ചു. അട്ടിമറിക്കാര്‍ ഭരണം കൈയേല്‍ക്കാന്‍ ഒരു പതിമൂന്നംഗ സമിതിയെ നാമനിര്‍ദേശം ചെയ്തു. അവരില്‍ ഇസാമുല്‍ അത്താറിന്റെ പേരുമുണ്ടായിരുന്നു. ഓഫര്‍ നിരസിച്ച അത്താര്‍ ഉമവി മസ്ജിദിലെ മിമ്പറില്‍ കയറി ഭരണത്തില്‍നിന്നിറക്കിയ നാസിമുല്‍ ഖുദ്‌സിയെ തിരികെ കൊണ്ടുവരാന്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ ജനകീയ പ്രക്ഷോഭത്തിന് തിരികൊളുത്തുമെന്ന് മുന്നറിയിപ്പ് നല്‍കി.
അട്ടിമറിക്കാർ ഖുദ്‌സിയെ പുനഃപ്രതിഷ്ഠിക്കാന്‍ നിര്‍ബന്ധിതരായി. ബശീറുല്‍ അള്മയെ പ്രധാനമന്ത്രിയാക്കാന്‍ ഖുദ്‌സിയില്‍ അവര്‍ സമ്മര്‍ദം ചെലുത്തി. അത്താര്‍ വീണ്ടും മിമ്പറില്‍ കയറി. കമ്യൂണിസ്റ്റുകാരനായ അള്മ സിറിയയുടെ അറബ്-ഇസ്്‌ലാമിക മുഖഛായ മാറ്റുമെന്ന് പറഞ്ഞുകൊണ്ട് ആ നീക്കത്തെ എതിര്‍ത്തു. പകരം എല്ലാ വിഭാഗങ്ങളും ഉള്‍ക്കൊള്ളുന്ന ദേശീയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ ആവശ്യപ്പെട്ടു. അത്താര്‍ പ്രസിഡന്‍ഷ്യല്‍ കൊട്ടാരത്തിലേക്ക് ക്ഷണിക്കപ്പെട്ടു. അള്‌മയെ അംഗീകരിക്കാന്‍ പ്രസിഡന്റ് അദ്ദേഹത്തോട് ആവശ്യപ്പെട്ടു. പകരം അത്താര്‍ നിര്‍ദേശിക്കുന്ന നാലു പേരെ മന്ത്രിസഭയിലെടുക്കാമെന്ന ഓഫര്‍ മുന്നില്‍ വെച്ചു. ആ ഓഫറും അത്താര്‍ തള്ളിക്കളഞ്ഞു. ബശീറുല്‍ അള്മക്ക് രാജി വെച്ച് ഒഴിയുകയല്ലാതെ നിവൃത്തിയില്ലെന്ന് വന്നു.
ബഅസ് അട്ടിമറി 1963-ല്‍ ബഅസ് വിപ്ലവം നടന്നപ്പോള്‍ എല്ലാ കഴുത്തുകളും ഇസാമുല്‍ അത്താറിന്റെ നേര്‍ക്കു നീണ്ടു. വിപ്ലവാനന്തരം നടന്ന ആദ്യത്തെ ജുമുഅ പ്രസംഗം കേള്‍ക്കാന്‍ പതിനായിരങ്ങള്‍ ഉമവി മസ്ജിദില്‍ ഇരമ്പിയെത്തി. പട്ടാള ടാങ്കുകള്‍ മസ്ജിദിനെ വലയം ചെയ്തു. അതൊന്നും കണ്ട് അത്താര്‍ കൂസിയില്ല. അദ്ദേഹം അതിഗംഭീരമായൊരു പ്രസംഗം ചെയ്തു; ടാങ്കുകള്‍ പോലും വിറകൊണ്ട പ്രസംഗം.
''നമ്മുടെ താളുകള്‍ മറ്റേതൊരു താളുകളെക്കാള്‍ തിളങ്ങുന്നതാണ്. നമ്മുടെ നെറ്റിത്തടം മറ്റേതൊരു നെറ്റിത്തടത്തെക്കാള്‍ ഉത്തുംഗമാണ്. ഞാന്‍ വെല്ലുവിളിക്കുന്നു. ആരായാലും ഞാന്‍ വെല്ലുവിളിക്കുന്നു. നമ്മുടെ നെറ്റിത്തടത്തില്‍ പോയിട്ട് പാദരക്ഷയുടെ മുകളിലെങ്കിലും ഒരു തരി മണ്ണ് കൊണ്ടിടാന്‍ ആര്‍ക്കെങ്കിലും ധൈര്യമുണ്ടോ എന്ന്. ഏകാധിപത്യത്തിന്റെ സകലമാന രൂപങ്ങളെയും തള്ളിക്കളയുന്നതായി ഞാന്‍ വിളംബരം ചെയ്യുന്നു. ഓരോ ഭീകര ഭരണകൂടവും നാം ഈ പ്രസംഗപീഠത്തില്‍ നില്‍ക്കവെ ഒന്നൊന്നായി നമ്മുടെ കാല്‍ ക്കീഴില്‍ മുഖം കുത്തി വീണതാണ് കഴിഞ്ഞകാല കഥ. ഈ ഭീകരരും പോകും; അവരുടെ മുന്‍ഗാമികള്‍ പോയപോലെത്തന്നെ.''
തൊട്ട നാളുകളില്‍ തന്നെ പട്ടാളം അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കി. 1964-ല്‍ ഹജ്ജിന് പോകുന്നത് വരെ വീട്ടുതടങ്കലിലായിരുന്നു അദ്ദേഹം. ഹജ്ജിന് ശേഷം ബഅസ് ഭരണകൂടം നാട്ടിലേക്ക് തിരിച്ചുവരാന്‍ അദ്ദേഹത്തെ അനുവദിച്ചില്ല. അങ്ങനെ ആദ്യം ലബനാനിലേക്കും പിന്നീട് ബ്രസല്‍സിലേക്കും പോയി അദ്ദേഹം. 1968-ല്‍ അദ്ദേഹം പക്ഷാഘാതത്തിന് ഇരയായി. പിന്നീട് ജര്‍മനിയില്‍ രാഷ്ട്രീയാഭയം തേടി. 1964-ല്‍ മുസ്ത്വഫസ്സിബാഈ നിര്യാതനായ ശേഷം 1973 വരെ സിറിയന്‍ ഇഖ് വാന്റെ തലവന്‍ അദ്ദേഹമായിരുന്നു.
1957-ല്‍ ഇഖ് വാന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിന് അദ്ദേഹം അനുകൂലമായിരുന്നില്ല. ഇടതുപക്ഷം വ്യാപകമായ കൃത്രിമം കാണിക്കുമെന്നതിനാല്‍ ഇഖ് വാന് വിജയ സാധ്യത കുറയുമെന്ന് അദ്ദേഹം ആശങ്കിച്ചു. സിബാഈ ആ തെരഞ്ഞെടുപ്പില്‍ തോല്‍ക്കുകയാണുണ്ടായത്. 1961-ൽ പാര്‍ലമെന്റിലേക്ക് ഇഖ് വാന്‍ അത്താറിനെ സ്ഥാനാര്‍ഥിയാക്കി നിര്‍ത്തിയിരുന്നു. ദമസ്‌കസ് മണ്ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹം തലയെടുപ്പുള്ള രാഷ്ട്രീയ നേതാക്കളെ പരാജയപ്പെടുത്തി വന്‍ ഭൂരിപക്ഷത്തോടെ തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. ഇസ്ലാംവിരുദ്ധ ശക്തികളെ പ്രകോപിപ്പിച്ച വിജയമായിരുന്നു അത്.
73-ന് ശേഷം സംഘടനാ ബന്ധങ്ങളില്‍നിന്നെല്ലാം ഒഴിഞ്ഞ്, എല്ലാ വിഭാഗീയതകള്‍ക്കും അതീതനായി ജര്‍മനിയില്‍ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ മുഴുകി. അസദ് ഭരണകൂടവുമായി സഹകരിച്ച സഹോദരിയുമായി അദ്ദേഹം കുടുംബബന്ധം മുറിച്ചിരുന്നില്ല. സിറിയൻ പ്രവാസിയും കോളമിസ്റ്റുമായ അഹ്മദ് ഉമർ ജർമനിയിൽ അദ്ദേഹത്തെ സന്ദർശിച്ച അനുഭവം എഴുതുകയുണ്ടായി. നജാഹുമായുള്ള ബന്ധത്തെപ്പറ്റി അദ്ദേഹം ചോദിച്ചപ്പോൾ ഇപ്പോഴും ഊഷ്മളമായ ബന്ധമാണെന്നായിരുന്നു അത്താറിന്റെ മറുപടി. 2018-ല്‍ ഹാഫിസുല്‍ അസദിന്റെ ഭാര്യ അസ്മാ കാന്‍സര്‍ ബാധിതയായപ്പോള്‍ അവരുടെ രോഗശമനത്തിന് പ്രാര്‍ഥിച്ചതിന്റെ പേരില്‍ ചിലര്‍ക്കെങ്കിലും നീരസമുണ്ടായിരുന്നു. ഹാഫിസുല്‍ അസദും മകന്‍ ബശ്ശാറും ഇടക്കാലത്ത് ഭരണകൂടത്തില്‍ ചേരാന്‍ ക്ഷണിച്ചിരുന്നെങ്കിലും അദ്ദേഹം തന്റെ തത്ത്വാടിസ്ഥിത നിലപാടില്‍നിന്ന് പിന്‍മാറാന്‍ തയാറാവുകയുണ്ടായില്ല. അംബാസഡർ സുലൈമാൻ ഹദ്ദാദ് ഈ വിഷയവുമായി കണ്ടപ്പോൾ അത്താർ പറഞ്ഞ മറുപടി പ്രസിദ്ധമാണ്. അവസാനത്തെ സിറിയൻ അഭയാർഥിയും നാട്ടിലെത്തിയ ശേഷമല്ലാതെ താൻ സിറിയയിൽ കാലുകുത്തുന്ന പ്രശ്നമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അസദ് ഭരണകൂടത്തിന്റെ ഔദാര്യത്തിൽ മടങ്ങിയ അബ്ദുൽ ഫത്താഹ് അബൂ ഗദ്ദ ഒറ്റപ്പെട്ട അനുഭവം ഓർത്തു കാണും.
അറബ് വസന്തകാലത്ത് സിറിയയില്‍ പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ടപ്പോൾ അദ്ദേഹം അതിന് പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി. എന്നാല്‍, സമാധാനപരമായ പാതയില്‍നിന്ന് വ്യതിചലിക്കരുതെന്ന് ഉപദേശിക്കാന്‍ അപ്പോഴും അദ്ദേഹം മറന്നില്ല. ആർക്കും വിലയ്‌ക്കെടുക്കാന്‍ കഴിയാത്ത ആ ഇസ്്‌ലാമിക പ്രതിബദ്ധത, അറിയാതെ വല്ല അരുതായ്മയും സംഭവിച്ചിട്ടുണ്ടെങ്കില്‍ എല്ലാവരോടും ക്ഷമായാചനം നടത്തുന്ന വസ്വിയ്യത്ത് കുറിച്ചുവെച്ചുകൊണ്ടാണ് 97-ാം വയസ്സില്‍ ലോകത്തോട് വിടവാങ്ങിയത്. ആ ഖബർ മൂടപ്പെട്ടുവെങ്കിലും അതിനകത്തെ സിറിയയുടെ അത്തർ മണം തലമുറകളുടെ മനസ്സിൽ എന്നെന്നും ഓർമയായി തങ്ങിനിൽക്കുക തന്നെ ചെയ്യും. l (അവസാനിച്ചു)
സ്വന്തം സഹോദരി ഭരണകൂടത്തില്‍ മന്ത്രി പദവിയിലിരിക്കുക, അതേ സര്‍ക്കാര്‍ വിദേശത്ത് അഭയാര്‍ഥിയായി കഴിയുന്ന സഹോദരനെ വധിക്കാന്‍ ചാരന്മാരെ അയക്കുക- 1981-ലാണ് സംഭവം. സിറിയയിലെ നിരോധിക്കപ്പെട്ട ഇഖ് വാനുല്‍ മുസ്ലിമൂന്‍ തലവന്‍ ഇസാമുല്‍ അത്താര്‍ പടിഞ്ഞാറന്‍ ജര്‍മനിയിലെ ആഖനില്‍ ഇസ്ലാമിക് സെന്ററുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചുവരികയായിരുന്നു. ജര്‍മന്‍ അധികൃതര്‍ നിരന്തരം അദ്ദേഹത്തോട് താമസസ്ഥലം മാറിക്കൊണ്ടിരിക്കാന്‍ ആവശ്യപ്പെടുമായിരുന്നു. കാരണം, സിറിയയിലെ ബഅസ് ഭരണകൂടത്തിലെ ചാരന്മാര്‍ അദ്ദേഹത്തെ കൊലപ്പെടുത്താന്‍ തക്കം പാര്‍ത്ത് നടക്കുന്ന വിവരം ജര്‍മന്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ടായിരുന്നു. അവസാനം തോക്കുധാരി അദ്ദേഹത്തിന്റെ വീട്ടുപടിക്കലെത്തി വാതിലില്‍ മുട്ടി. അദ്ദേഹത്തിന്റെ ഭാര്യ വാതില്‍ തുറന്നതും കൊലയാളി തുരുതുരാ അവരുടെ നേരെ വെടിയുതിര്‍ത്തു. ഇസാമുല്‍ അത്താര്‍ അപ്പോള്‍ വീട്ടിലുണ്ടായിരുന്നില്ല. അങ്ങനെ അത്താറിന് പകരം രക്തസാക്ഷിയാകാന്‍ ഭാഗ്യമുണ്ടായത് അദ്ദേഹത്തിന്റെ പ്രിയ പത്‌നി ബനാന്നാണ്. വളരെ കരുതലോടെ നീങ്ങിയിരുന്ന ബനാന്‍ ഒരിക്കലും വാതില്‍ തുറക്കുമായിരുന്നില്ല. ചിരപരിചിതയായ അയല്‍ക്കാരിയെ വീട് കാണിച്ചുകൊടുക്കാന്‍ കൂടെ കൂട്ടിയായിരുന്നു കൊലയാളി വീട്ടുപടിക്കലെത്തിയത്. അയല്‍ക്കാരിയെ കണ്ടതുകൊണ്ട് മാത്രമാണ് ബനാന്‍ വാതില്‍ തുറന്നത്.
ഈ ദാരുണവും ജുഗുപ്‌സവുമായ സംഭവം നടക്കുമ്പോള്‍ ഇസാമുല്‍ അത്താറിന്റെ സഹോദരി ഡോ. നജാഹ് അത്താര്‍ സിറിയന്‍ മന്ത്രിസഭയില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രിയായിരുന്നു. സംഭവത്തിന്റെ തുടര്‍ വാര്‍ത്തകളും വിശകലനങ്ങളുമൊക്കെ കൂടുതലായി അന്ന് വന്നുകൊണ്ടിരുന്നത് പാരീസില്‍നിന്ന് പ്രസിദ്ധീകരിക്കുന്ന ' അല്‍ വത്വനി'ലായിരുന്നു. സദ്ദാം ഹുസൈന്‍ ഫണ്ട് ചെയ്യുന്ന മാഗസിനായിരുന്നു, നല്ല മേനിക്കടലാസില്‍ ആകര്‍ഷകമായി പുറത്തിറങ്ങിയിരുന്ന 'അല്‍ വത്വന്‍.' ഈ ലേഖകന്‍ ജോലി ചെയ്തിരുന്ന പ്രബോധനത്തില്‍ ഇസാമുല്‍ അത്താര്‍ ജര്‍മനിയിലെ ഇസ്്‌ലാമിക് സെന്ററില്‍നിന്ന് എഡിറ്റ് ചെയ്തിരുന്ന മാഗസിനും, മേല്‍പറഞ്ഞ അല്‍ വത്വനും വരാറുണ്ടായിരുന്നു. സിറിയയിലും ഇറാഖിലും ഭരണകക്ഷി ബഅസ് പാര്‍ട്ടിയായിരുന്നെങ്കിലും രണ്ടും തമ്മിൽ അടിയായിരുന്നു അന്ന്.
ഹാഫിസുല്‍ അസദായിരുന്നു അന്ന് സിറിയന്‍ പ്രസിഡന്റ്. സിറിയന്‍ മന്ത്രിസഭയില്‍ ബനാന്റെ കൊലപാതകം പ്രതിസന്ധി സൃഷ്ടിക്കുമെന്നും അസദ് ഭരണകൂടവുമായി നജാഹ് തെറ്റിപ്പിരിയുമെന്നുമുള്ള പ്രചാരണത്തില്‍ ഊന്നുന്നതായിരുന്നു 'അല്‍ വത്വ'നിലെ വിശകലനങ്ങള്‍. എന്നാല്‍, പാര്‍ട്ടി ബന്ധങ്ങളൊന്നുമില്ലാത്ത, കോളമിസ്റ്റും സാഹിത്യകാരിയും ബുദ്ധിജീവിയുമായ ഡോ. നജാഹ് 'അല്‍ വത്വന്‍' പ്രതീക്ഷിച്ച പോലെ 'കോളിളക്ക'മൊന്നും ഉണ്ടാക്കിയില്ല. അസദ് ഭരണകൂടത്തെക്കാളുപരി അസദ് കുടുംബവുമായിട്ടായിരുന്നു അവരുടെ ഉറ്റബന്ധം. ആ ബന്ധത്തിന് ഉലച്ചിലൊന്നും തട്ടിയില്ലെന്ന് മാത്രമല്ല, അറബ് ലോകത്തെ ആദ്യത്തെ വനിതാ മന്ത്രിയായ അവരെ 80-ാം വയസ്സില്‍ ആദ്യത്തെ വൈസ് പ്രസിഡന്റായി 2006-ല്‍ അസദിന്റെ പുത്രന്‍ ബശ്ശാര്‍ നിയമിക്കുന്നതിനാണ് പിന്നീട് ലോകം സാക്ഷിയായത്. ഹന്നാ മീനായോടൊപ്പം ചെറുകഥാ സമാഹാരമടക്കം നിരവധി പുസ്തകങ്ങള്‍ രചിച്ച അവര്‍ ഹാഫിസുല്‍ അസദിന്റെ ജീവചരിത്രവും എഴുതിയിട്ടുണ്ട്. ദമസ്‌കസ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഇസ്ലാമിക് സ്റ്റഡീസില്‍ ബിരുദമെടുത്ത അവര്‍ എഡിന്‍ ബറോ യൂനിവേഴ്‌സിറ്റിയില്‍നിന്നാണ് ഉപരിപഠനം നടത്തിയത്. മുന്‍ സോവിയറ്റ് റഷ്യ, പോളണ്ട്, ഫ്രാന്‍സ്, റോം തുടങ്ങി നിരവധി രാജ്യങ്ങളില്‍നിന്ന് എഴുത്തുകാരി എന്ന നിലയില്‍ പുരസ്‌കാരങ്ങള്‍ നേടിയ നജാഹ് ഹിജാബ് അഴിച്ചുവെച്ചുകൊണ്ടാണ് ബ്രിട്ടനില്‍നിന്ന് സ്വദേശത്ത് തിരിച്ചുവന്നത്.
മെയ് 2-നു ഇസാമുല്‍ അത്താറിന്റെ ചരമവാര്‍ത്ത വായിച്ചപ്പോള്‍ അത്താര്‍ കുടുംബത്തിലെ ഈ വിരുദ്ധ ദ്വന്ദ്വങ്ങളെ കുറിച്ച് ഓര്‍ത്തുപോയതാണ്.
ബനാന്‍
അന്ന് കൊല്ലപ്പെട്ട ബനാനും ഒരു സാധാരണക്കാരിയല്ലായിരുന്നു. ഒരേസമയം മതപണ്ഡിതനും സാഹിത്യകാരനുമായ അലി ത്വന്‍ത്വാവിയുടെ പുത്രിയായിരുന്നു അവര്‍. ത്വന്‍ത്വാവിയും സിറിയന്‍ ഏകാധിപത്യ ഭരണകൂടത്തിന്റെ മുഷ്‌കില്‍നിന്ന് രക്ഷപ്പെട്ട് സുഊദിയില്‍ അഭയം തേടിയ, അവിടെത്തന്നെ ജീവിതം അവസാനിച്ച മറ്റൊരു പ്രതിഭയാണ്. പിന്നീട് സുഊദിയിലെ 'അല്‍ മജല്ല'യില്‍ തന്റെ ഓര്‍മക്കുറിപ്പുകളില്‍ ('ദിക് രിയാത്ത്' എന്നുതന്നെയാണ് അതിന്റെ ശീര്‍ഷകം) മകള്‍ ബനാന്റെ ഈ വേര്‍പാട് സൃഷ്ടിച്ച കൊടും ദുഃഖത്തിന്റെ ആഷാഢമേഘങ്ങള്‍ പെയ്തിറങ്ങുന്നുണ്ട്. ബനാന്‍ കൊല്ലപ്പെട്ട് നാലു വര്‍ഷത്തിന് ശേഷമാണ് ത്വന്‍ത്വാവി ഓര്‍മക്കുറിപ്പുകളെഴുതുന്നത്. ബാഷ്പ സാന്ദ്രമായ ആ വരികള്‍ ഇങ്ങനെ വായിക്കാം: അവളുടെ രക്തസാക്ഷ്യം, അവള്‍ മരിച്ചുവെന്ന യാഥാര്‍ഥ്യം ഇപ്പോഴും എനിക്ക് വിശ്വസിക്കാനാവുന്നില്ല. ടെലിഫോണ്‍ മണി മുഴങ്ങുമ്പോള്‍ ഇപ്പോഴും എനിക്ക് തോന്നും സുഖവിവരങ്ങള്‍ പങ്കുവെച്ച് ചടപടായുള്ള അവളുടെ സംസാരം കേള്‍ക്കാമെന്ന്. അങ്ങനെയാണ് എപ്പോഴും അവള്‍ സംസാരിക്കുക പതിവ്. നിറുത്താത്ത വാക്കുകള്‍ ഒന്നിനു പിറകെ ഒന്നായി വരുന്ന മണി മണിയായ സംസാരം. ആ പാതകി, ആ ദുഷ്ടന്‍, ഹോ എന്തൊരു കഷ്ടമാണ്, അറബി ഭാഷ, അവനെപ്പോലെയുള്ള ഒരു മഹാ ദുഷ്ടനെ വര്‍ണിക്കാന്‍ പറ്റുന്ന വാക്കുകള്‍ ഇല്ലാതെ ചുരുങ്ങിപ്പോകുന്നു! മഹാ പാതകം നടക്കുമ്പോഴും മാന്യത കൈവിടാത്ത ഒരു സമൂഹത്തിന്റെ സംസാര ഭാഷയാണല്ലോ അത്. ദുഷ്ടതയെ കുറിക്കാന്‍, നീചത്വത്തെ ധ്വനിപ്പിക്കാന്‍ പല വാക്കുകളുമുള്ള ഭാഷ തന്നെ അറബി. പക്ഷേ, ഒരു അയല്‍ക്കാരിയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി, തൊട്ടടുത്ത് താമസിക്കുന്നവരെ കാണിച്ചുകൊടുക്കാനും എന്നിട്ട് അവളെക്കൊണ്ട് വാതിലില്‍ മുട്ടിച്ച് തുറപ്പിക്കാനും, അങ്ങനെ ഇടിച്ചു കയറി അകത്ത് ഒറ്റക്കിരിക്കുന്ന ഒരു പെണ്ണിന്റെ നെഞ്ചത്തും മുഖത്തും തുരുതുരാ അഞ്ച് വെടിയുണ്ടകള്‍ പായിക്കാനും ധൃഷ്ടനായ ആ ഭീരുവിനെ എന്താണ് ഞാന്‍ വിളിക്കേണ്ടത്. ആ പാവം പിടിച്ച പെണ്ണ് പിറകോട്ടോടിയില്ല. ''രക്തം പൊടിയുന്നുണ്ടെങ്കില്‍ അത് ഞങ്ങളുടെ കാല്‍മടമ്പുകളിലായിരിക്കില്ല ഞങ്ങളുടെ പുറം കാലുകളില്‍തന്നെ ഞങ്ങളുടെ രക്തം ഇറ്റി വീഴും'' എന്ന് പാടിയ പിതാ മഹന്മാരുടെ രക്തമായിരുന്നു അവളുടെ ഞരമ്പുകളിലൂടെ ഒഴുകിക്കൊണ്ടിരുന്നത്! '' എന്നിട്ടവന്‍…ചവിട്ടിയരച്ചു. എന്റെ ദൈവമേ, എന്താണവനെ കുറിച്ച് പറയേണ്ടതെന്ന് എനിക്കറിയില്ല. 'മഹാ പാതകി' എന്നോ? കുറ്റവാളികളിലുമുണ്ടാകുമല്ലോ മനുഷ്യത്വത്തിന്റെ ചില അവശേഷിപ്പുകളൊക്കെ, മരണമുറപ്പിക്കാന്‍ മലിനമായ കാലുകൊണ്ട് ജഡത്തെ ചവിട്ടാതിരിക്കാനുള്ള മാന്യത…. ''സംഭവം നടക്കുന്നതിന്റെ ഒരു മണിക്കൂര്‍ മുമ്പ് ഞാന്‍ അവളോട് സംസാരിച്ചതാണ്.'' ''എവിടെ ഇസാം?'' ഞാന്‍ അവളോട് ചോദിച്ചു. കൊലയാളികള്‍ അദ്ദേഹത്തെയും തേടി ഇറങ്ങിയിട്ടുണ്ടെന്ന് അറിഞ്ഞ അധികൃതര്‍ അദ്ദേഹത്തെ വീട്ടില്‍നിന്ന് അകലേക്ക് കൊണ്ടുപോയിരിക്കുകയാണെന്ന് അവള്‍ പറഞ്ഞപ്പോള്‍ തനിച്ച് നീ എങ്ങനെ താമസിക്കും എന്ന് ഞാന്‍ അന്വേഷിച്ചു. ''ബാബാ'' - അവള്‍ പറഞ്ഞു: ''എന്നെ ചൊല്ലി നിങ്ങള്‍ വെറുതെ ആധി കൊള്ളണ്ട. ഞാന്‍ സുരക്ഷിതയാണ്. അല്ലാഹുവില്‍ വിശ്വാസമര്‍പ്പിക്കൂ ബാബാ. എനിക്ക് ഒന്നും സംഭവിക്കുകയില്ല. ഞാന്‍ ആര്‍ക്കും വാതില്‍ തുറന്നു കൊടുക്കില്ല. ശബ്ദവും രൂപവും തിരിച്ചറിഞ്ഞാലല്ലാതെ ആര് മുട്ടി വിളിച്ചാലും ഞാന്‍ വാതില്‍ തുറക്കാന്‍ പോകുന്നില്ല. സുരക്ഷക്കായി ഇവിടെ ഇലക്ട്രിക് സംവിധാനമുണ്ട്. പിന്നെ എന്തിന് നിങ്ങള്‍ ബേജാറാകണം. സംരക്ഷകന്‍ അല്ലാഹുവല്ലേ.''
''ആ വന്യമൃഗം, തോക്കിന്റെ മുനയില്‍ അവളുടെ അയല്‍ക്കാരിയെക്കൊണ്ട് സംസാരിപ്പിച്ചു വാതില്‍ തുറപ്പിക്കുന്ന കാര്യം അവള്‍ എങ്ങനെ ചിന്തിക്കാനാണ്.'' വത്സലനായ ആ പിതാവിന്റെ ഹൃദയം പിന്നെയും അക്ഷരങ്ങളിലൂടെ ഏറെ വിതുമ്പുന്നുണ്ട്. ഈ സംസാരം കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷമാണ് മകള്‍ കൊല്ലപ്പെട്ട വിവരം ജര്‍മന്‍ വിദേശകാര്യ വകുപ്പ് ഫോണ്‍ ചെയ്യുന്നത്. പിതൃ ഹൃദയത്തിന്റെ കണ്ണീരില്‍ കുതിര്‍ന്ന നൊമ്പരങ്ങളുടെ ലവണ കണങ്ങളാണ് ആ ഓര്‍മകളിലൂടെ നിറഞ്ഞൊഴുകിയത്. എന്നാല്‍, ജീവിതകാലം മുഴുവന്‍ നിഴല്‍പോലെ തന്റെ ഭാഗമായ തന്റെ തന്നെ മധുരപ്പാതിയായ ബനാന്‍, ഇസാമുല്‍ അത്താറിന്റെ ഓര്‍മകളില്‍ തെളിയുന്നതെങ്ങനെയെന്ന് കൂടി കാണുക. വധിക്കപ്പെട്ട് 34 വര്‍ഷം പിന്നിട്ട ശേഷം 2019-ല്‍ അത്താര്‍ അവരെ ഓര്‍ക്കുന്നു: ''എന്റെ ജീവിതത്തില്‍, കുടുംബത്തില്‍, പ്രവാസത്തിന്റെയും അന്യഥാത്വത്തിന്റെയും തമോ നിബിഡമായ രാവുകളില്‍, ജീവിതപ്പാതയിലുടനീളം വെളിച്ചം വിതറിയ ആ തോജോമയിയായ നക്ഷത്രം… സ്വന്തം നാടിന്റെയും നാട്ടുകാരുടെയും സഹോദരി -സഹോദരന്മാരുടെയും മാത്രമല്ല, ചുറ്റുമുള്ള എല്ലാ മനുഷ്യരുടെയും ദുഃഖങ്ങളും വേവുകളുമായിരുന്നു സദാ അവളുടെ മനസ്സ് നിറയെ. ഞാന്‍ ഒരിക്കലും കണ്ടിട്ടോ കേട്ടിട്ടോ ഇല്ലാത്ത പരസഹസ്രം ആളുകളുടെ പ്രശ്‌നങ്ങളും ആധികളും എന്നോടുള്ള അവളുടെ സംസാരത്തില്‍ കടന്നുവരുമായിരുന്നു. എന്റെ ഉള്ളില്‍ വസിക്കുന്നപോലെ അത്രക്കടുത്ത് അവള്‍ എന്നെ മനസ്സിലാക്കി. എന്റെ വികാരങ്ങളോട് പൂര്‍ണമായും താദാത്മ്യം പ്രാപിച്ചു. എന്റെ ചിന്തകളുടെയും ആശയങ്ങളുടെയും സഹയാത്രികയായി. ഞാന്‍ ചുണ്ടനക്കാതെത്തന്നെ ഒറ്റനോട്ടത്തില്‍ അവള്‍ക്ക് എന്റെ ആഗ്രഹങ്ങള്‍ മനസ്സിലാകുമായിരുന്നു. ബനാന്‍ സ്‌നേഹിച്ച പോലെ ഒരു ഭാര്യയും ഭര്‍ത്താവിനെ സ്‌നേഹിച്ചിട്ടുണ്ടാവില്ല. ബനാന്‍ മനസ്സിലാക്കിയ പോലെ ഒരു ഭാര്യയും സ്വന്തം ഭര്‍ത്താവിനെ മനസ്സിലാക്കിയിട്ടുണ്ടാവില്ല. ബനാന്‍ സഹിച്ച പോലെ ഒരു ഭാര്യയും ഭര്‍ത്താവിനു വേണ്ടി സഹിക്കുകയോ ത്യാഗം അനുഷ്ഠിക്കുകയോ ചെയ്തിട്ടുണ്ടാവില്ല. ബനാന്‍ പങ്കിട്ടെടുത്ത പോലെ ഒരു ഭാര്യയും ഭര്‍ത്താവിന്റെ സുഖ-ദുഃഖങ്ങളും കഷ്ടപ്പാടുകളും പങ്കിട്ടെടുത്തിട്ടുണ്ടാവില്ല. എന്റെ ഹൃദയം സ്പന്ദിച്ചിരുന്നത് അവളുടെ നെഞ്ചകത്തായിരുന്നു. അവളുടെ ഹൃദയം സ്പന്ദിച്ചിരുന്നത് എന്റെ നെഞ്ചകത്തുമായിരുന്നു. എന്റെ വികാരങ്ങള്‍ അവളും അവളുടേത് ഞാനും തൊട്ടറിയും. അവളുടെ ആത്മാവ് തന്നെയായിരുന്നു എന്റെയും ആത്മാവ്. അവള്‍ എഴുതിയാല്‍ അത് എന്റെ ഭാഷയിലും ശൈലിയിലുമായിരിക്കും. വിദഗ്ധരായ ഭാഷാ ശാസ്ത്രകാരന്മാര്‍ക്കല്ലാതെ ഞങ്ങളുടെ ശൈലീ വ്യത്യാസം മനസ്സിലാകുമായിരുന്നില്ല….'' ഇങ്ങനെ നീണ്ടുപോകുന്നതാണ് ബനാനെക്കുറിച്ചുള്ള അത്താറിന്റെ വികാരവായ്പുകള്‍.
അത്താറിന്റെ ജീവിതം പറയുമ്പോള്‍ ബനാന്റെ ജീവിതത്തില്‍നിന്ന് തുടങ്ങിയത് അവര്‍ അക്ഷരാര്‍ഥത്തില്‍തന്നെ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവിഭാജ്യമായ ഭാഗമായതുകൊണ്ടാണ്. അതിനും മുമ്പേ അത്താറിന്റെ സഹോദരി നജാഹിനെക്കുറിച്ചു പറഞ്ഞത്, നൂഹ് നബി, ലൂത്വ് നബി തുടങ്ങിയ പ്രവാചകന്മാരുടെ കുടുംബത്തില്‍ പോലും അവര്‍ പ്രതിനിധാനം ചെയ്യുന്ന ആശയത്തിന്റെ വിരുദ്ധ ദിശയിലൂടെ സഞ്ചരിച്ചവര്‍, ഇസ്്‌ലാമിക പ്രസ്ഥാന നായകരുടെ ജീവിതത്തിലും പ്രത്യക്ഷപ്പെടാമെന്നും അതില്‍ അന്ധാളിക്കേണ്ടതില്ലെന്നും ചൂണ്ടിക്കാണിക്കാനാണ്. മറുവശത്ത്, ബനാനെപ്പോലെ രക്തബന്ധത്തെ അതിശയിക്കുന്ന ആദര്‍ശബന്ധത്തിന്റെ മാതൃകയും ചരിത്രത്തിന്റെ പുളകമായി കാലാകാലങ്ങളിലായി ആവര്‍ത്തിക്കുന്നതും കാണാം. പാരമ്പര്യത്തിന് ഇവിടെ അപ്രമാദിത്വമൊന്നുമില്ല.
അത്താര്‍ കുടുംബം
ദമസ്‌കസിലെ ജ്ഞാന സദസ്സുകള്‍ പണ്ടേ അത്താര്‍ കുടുംബത്തിന്റെ സൗരഭ്യത്താല്‍ അനുഗൃഹീതമായിരുന്നു. ദമസ്‌കസിലെ പുരാതനമായ ഉമവി മസ്ജിദില്‍ പതിവായിരുന്നു അവരുടെ ക്ലാസ്സുകള്‍. നബിചരിതവും അനുഷ്ഠാന നിയമങ്ങളും (ഫിഖ്ഹ്) ഹദീസ് ക്ലാസ്സുകളും അങ്ങനെ വൈവിധ്യമാര്‍ന്ന പഠന വേദികള്‍ മസ്ജിദില്‍ അവര്‍ പരമ്പരയായി കൊണ്ടുനടന്നു. കവിയും ചരിത്ര കുതുകിയും നിയമ വിശാരദനു(ഫഖീഹ്)മായ മുഹമ്മദ് രിദാ അത്താർ ആ പരമ്പരയിലെ ഒരു പ്രധാന കണ്ണിയാണ്. സിവില്‍ കോര്‍ട്ടിലും ശരീഅത്ത് കോര്‍ട്ടിലും ജഡ്ജിയായിരുന്നു മുഹമ്മദ് രിദാ ഇബ്‌റാഹീം അത്താര്‍. തുർക്കി ഖിലാഫത്തിന് കീഴിലായിരുന്നു അന്ന് സിറിയ. ഐക്യ പുരോഗമന പാര്‍ട്ടി (ഇത്തിഹാദ് വതറഖീ)യുടെ ഏകാധിപത്യ പ്രവണതക്കെതിരെ പരസ്യമായ നിലപാടെടുത്തതിന്റെ പേരിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടപ്പോള്‍ അത്താർ സിറിയയുടെ ഉള്‍ഗ്രാമങ്ങളിലേക്ക് ഒളിവില്‍ പോയി. പിന്നീട് അധികാരികളുടെ പിടിയിലകപ്പെട്ട അദ്ദേഹം അനാത്തോലിയയിലേക്ക് നാട് കടത്തപ്പെട്ടു. സിറിയയിലെ തുര്‍ക്കി ഭരണം അവസാനിച്ചപ്പോഴാണ് അദ്ദേഹം സ്വദേശത്ത് തിരിച്ചെത്തുന്നത്. അദ്ദേഹത്തിന് അള്‍ജീരിയക്കാരിയായ ഭാര്യയില്‍ 1927-ല്‍ ഒരു കുഞ്ഞ് ജനിച്ചു. അവന് അവര്‍ ഇസാം എന്ന് നാമകരണം ചെയ്തു.
സിദ്ധിമാനായ വിദ്യാര്‍ഥി
ചെറിയ പ്രായത്തിലേ അസാധാരണമായ പ്രതിഭാവിലാസം പ്രകടിപ്പിച്ച വിദ്യാര്‍ഥിയായിരുന്നു ഇസാമുല്‍ അത്താര്‍. പ്രാഥമിക പാഠശാലയില്‍ വെച്ചുതന്നെ ഇസാം പ്രഭാഷണ കലയില്‍ നൈപുണ്യം തെളിയിച്ചു. ഇതര പാഠശാലകളില്‍നിന്ന് ആരെങ്കിലും സന്ദര്‍ശനത്തിനെത്തിയാല്‍ സ്വന്തം സ്‌കൂളിനെ പ്രതിനിധാനം ചെയ്ത് സംസാരിക്കാന്‍ ഇസാമുല്‍ അത്താറിനെയായിരുന്നു സ്‌കൂള്‍ അധികൃതര്‍ ചുമതലപ്പെടുത്താറുണ്ടായിരുന്നത്. 1933-ല്‍ പ്രസിദ്ധ അറബി സാഹിത്യകാരനായ അഹ്മദ് സയ്യാത്ത് കയ്‌റോയില്‍നിന്ന് പുറത്തിറക്കിയിരുന്ന 'അര്‍രിസാല' മാഗസിന്‍ 12-ാം വയസ്സ് തൊട്ടേ ഇസാമിന് പരിചയമായിരുന്നു. മുസ്തഫാ സാദിഖ് റാഫി, ത്വാഹാ ഹുസൈന്‍, സയ്യാത്ത്, മാസിനി, അഹ്മദ് അമീന്‍, അഖാദ് തുടങ്ങിയ ഉന്നത ശ്രേണിയില്‍ പെട്ട സാഹിത്യകാരന്മാരുടെ കളരിയായിരുന്നു ഈ മാസിക. സിറിയയിലെ ഒരു പുസ്തകശാലയില്‍നിന്ന് അതിന്റെ പഴയ ലക്കങ്ങള്‍ വാങ്ങിയ ഇസാമുല്‍ അത്താര്‍ ഇവരെയൊക്കെ വായിച്ചു കലക്കി. രിസാലയിലൂടെ തന്നെയാണ് ഇഷ്ട തൂലികാകാരനായ അലി ത്വന്‍ത്വാവിയെയും അദ്ദേഹം ആദ്യമായി പരിചയപ്പെടുന്നത്. പിതാവില്‍നിന്ന് ഖുര്‍ആനും ഇബ്‌നു മാലികിന്റെ പദ്യവ്യാകരണവും കാണാതെ പഠിച്ച ഇസാമിന്റെ ജ്ഞാന തൃഷ്ണ അപാരമായിരുന്നു.
ത്വന്‍ത്വാവിയെ അദ്ദേഹം ആദ്യമായി കാണുന്നത് ദമസ്‌കസിലെ ഉമവി മസ്ജിദില്‍ വെച്ചാണ് - 1935-ല്‍. അന്നദ്ദേഹത്തിന് ഏതാണ്ട് എട്ടു വയസ്സ് മാത്രം; ത്വന്‍ത്വാവിക്ക് ഏകദേശം ഇരുപത്തിയാറും. 1945-46 കാലത്ത് ദമസ്‌കസില്‍ അറബ്-ഇസ്ലാമിക് ഇന്‍സ്റ്റിറ്റ്യൂട്ട് (അല്‍ മഅ്ഹദുല്‍ അറബി അല്‍ ഇസ്ലാമി) ഉദ്ഘാടനം ചെയ്യപ്പെട്ടു. ഇസാമും അവിടത്തെ വിദ്യാര്‍ഥിയായിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ ത്വന്‍ത്വാവിയെ മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കുമായി ഒരു സാഹിത്യ പ്രഭാഷണം നടത്താന്‍ ക്ഷണിച്ചു. പ്രസംഗാനന്തരം വിദ്യാര്‍ഥികള്‍ക്ക് അഭിപ്രായ പ്രകടനത്തിന് അവസരമുണ്ടായിരുന്നു. ഇസാം എഴുന്നേറ്റു നിന്ന് ചോദ്യം ഉന്നയിച്ചു. പ്രഭാഷണ വിഷയത്തില്‍ ത്വന്‍ത്വാവിയില്‍നിന്ന് വ്യത്യസ്തമായ ഒരു വീക്ഷണം ഇസാമിനുണ്ടായിരുന്നു. അതു കേട്ടപ്പോള്‍ ഇസാമിനോട് അദ്ദേഹം സ്റ്റേജിലേക്ക് വരാൻ ആവശ്യപ്പെട്ടു. അദ്ദേഹം സ്‌റ്റേജില്‍നിന്ന് താഴെ ഇറങ്ങി സദസ്സില്‍ ഇരിക്കുകയും ചെയ്തു. ഇസാം മുന്നോട്ടുവരാന്‍ മടിച്ചപ്പോള്‍ സദസ്സിന്റെ നേരെ തിരിഞ്ഞ്- അതില്‍ വിദ്യാര്‍ഥികളും അധ്യാപകരുമൊക്കെ ഉണ്ടായിരുന്നു - ത്വന്‍ത്വാവി പറഞ്ഞു: ''ദൈവത്താണ, ഇതുപോലൊരു സാഹിത്യകാരനും പണ്ഡിതനുമുണ്ടായിരിക്കെ എന്തിനാണ് എന്നെപ്പോലെ ഒരാളെ ഇവർ ഇവിടെ കൊണ്ടുവന്നതെന്ന് എനിക്ക് മനസ്സിലാകുന്നില്ല.''
ഇസാം സ്‌റ്റേജില്‍ കയറി പ്രഭാഷണമാരംഭിച്ചു. പക്ഷേ, വിഷയം ത്വന്‍ത്വാവി സംസാരിച്ചതായിരുന്നില്ല; ത്വന്‍ത്വാവിയെപ്പറ്റി തന്നെയായിരുന്നു. അദ്ദേഹത്തിന്റെ എഴുത്തിനെക്കുറിച്ച്, ശൈലീ വിശേഷങ്ങളെക്കുറിച്ച്, സാഹിത്യ സംഭാവനകളെക്കുറിച്ച്. അനര്‍ഗളമൊഴുകിയ ആ പ്രഭാഷണ നിർഝരി അത്ഭുത സ്തബ്ധനായാണ് ത്വന്‍ത്വാവി കേട്ടിരുന്നത്. പ്രസംഗം അവസാനിച്ചപ്പോള്‍ ആരാണ് നീ എന്ന് ത്വന്‍ത്വാവി ചോദിച്ചു. അപ്പോള്‍ ഇസാമുല്‍ അത്താര്‍ എന്ന് മറുപടി പറഞ്ഞു. ''ശൈഖ് രിദാ അല്‍ അത്താറിനെ അറിയുമോ?'' ''എന്റെ പിതാവാണ്'' - ഇസാം മറുപടി പറഞ്ഞു. അന്ന് മുതല്‍ മുഹാജിരീന്‍ 5-ാം സ്ട്രീറ്റിലെ ത്വന്‍ത്വാവിയുടെ വീട്ടില്‍നിന്ന് ജസ്‌റുല്‍ അബ്്യദിലെ തങ്ങളുടെ വീട്ടിലേക്ക് ഒരു 'പാലം' നിലവില്‍ വന്നതായി ഇസാമുല്‍ അത്താര്‍ എഴുതുന്നുണ്ട്.
മഹാരഥന്മാരുമായുള്ള ഈ സമ്പര്‍ക്കത്തിന്റെ അന്തരീക്ഷത്തിലാണ് ഇസാമുല്‍ അത്താര്‍ വളരുന്നത്. ഇരുപത് വയസ്സ് പൂര്‍ത്തിയാകുമ്പോഴേക്ക് ദമസ്‌കസിലെ ഉജ്ജ്വല പ്രഭാഷകനായി അദ്ദേഹം പ്രശസ്തനായിത്തീര്‍ന്നു. ഇസാമുല്‍ അത്താറിന്റെ പ്രഭാഷണ മികവിനെ കുറിച്ചും ത്വന്‍ത്വാവി തന്റെ ഓര്‍മക്കുറിപ്പുകളില്‍ പരാമര്‍ശിക്കുന്നുണ്ട്. l (തുടരും)
ഇക്കഴിഞ്ഞ ഏപ്രില്‍ 22-ന് 82-ാം വയസ്സില്‍ വിടപറഞ്ഞ യമനി മതപണ്ഡിതന്‍ അബ്ദുല്‍ മജീദ് സന്‍ദാനി ജീവിതത്തിന്റെ ബഹുമുഖ മേഖലകളില്‍ പതിഞ്ഞ സേവന മുദ്രകളിലൂടെ ശ്രദ്ധേയനായ വരിഷ്ഠ വ്യക്തിത്വമാണ്. ഒരേസമയം മുജ്തഹിദായ പണ്ഡിത ശ്രേഷ്ഠനും മുജാഹിദായ പ്രബോധകനുമായിരുന്നു അദ്ദേഹം. സമകാലികനായ അലി മുഹമ്മദ് സ്വല്ലാബി വിശേഷിപ്പിച്ച പോലെ, ഈ കാലഘട്ടത്തിലെ ഇസ്്‌ലാമിക നവജാഗരണത്തിന് ഇന്ധനം പകര്‍ന്ന ചടുല വ്യക്തിത്വങ്ങളിലൊരാള്‍. സ്വല്ലാബിയുടെ തന്നെ തലമുറയില്‍ അവശേഷിക്കുന്ന മൊറോക്കോവിലെ റൈസൂനിയെപ്പോലെ, ഒമാനിലെ മുഫ്തി അഹ്്മദ് ഖലീലിയെപ്പോലെ, സമീപകാലത്ത് അന്തരിച്ച യൂസുഫ് ഖറദാവിയെപ്പോലെയുള്ള പണ്ഡിതന്മാരുടെ കണ്ണികളില്‍ ഒരു കണ്ണിയാണ് യമന് മാത്രമല്ല, ആഗോള മുസ്ലിം സമൂഹത്തിന് നഷ്ടപ്പെട്ടിരിക്കുന്നത്. മുന്‍ ഈജിപ്ഷ്യന്‍ മുഫ്തി അലി ജുമുഅ, അസ്ഹര്‍ സർവകലാശാലാ റെക്ടര്‍ അഹ്മദ് ത്വയ്യിബ്, മോറിത്താനിയക്കാരനായ അബ്ദുല്ല ബയ്യ എന്നിവരെ ഇക്കൂട്ടത്തില്‍ എണ്ണാത്തത് അവര്‍ പണ്ഡിതന്മാരല്ലാത്തതുകൊണ്ടല്ല; സന്‍ദാനി അവരെപ്പോലുള്ള പണ്ഡിതരല്ലാത്തതുകൊണ്ടാണ്. ഇസ്ലാമിക ചരിത്രത്തില്‍ എക്കാലത്തും ഏങ്കോണിച്ചു നിന്നിരുന്ന, അധികാരത്തിന്റെ അരമന നിരങ്ങികളായ 'ഉലമാഉസ്സുല്‍ത്താനി'ല്‍ പെട്ട കീട ജന്മമായിരുന്നില്ല സന്‍ദാനിയുടേത്. മറിച്ച്, 'സുല്‍ത്താനുല്‍ ഉലമാ' പദവിയിലേക്കുള്ള യാത്രയായിരുന്നു ആ മഹദ് ജീവിതം. യമനിലെ തിളച്ചുമറിയുന്ന രാഷ്ട്രീയവും ജീവിതത്തിന്റെ ഭാഗമാക്കാന്‍ അദ്ദേഹം മടിക്കുകയുണ്ടായില്ല. അതേസമയം ആയുധമേന്തേണ്ട സന്ദര്‍ഭങ്ങളിൽ സംഗ്രാമ ഭൂമിയിലും സാന്നിധ്യമറിയിക്കാന്‍ ശങ്കിച്ചില്ല. യമനിലെ യുവ തലമുറയെ വിശ്വാസത്തിന്റെ മൂശയില്‍ വാര്‍ത്തെടുക്കാനുള്ള അദ്ദേഹത്തിന്റെ നിഷ്‌കാമവും നിസ്തന്ത്രവുമായ യജ്ഞ സഹസ്രങ്ങളുടെ സ്മാരകമാണ് ആ രാജ്യത്തെ 'ജാമിഅത്തുല്‍ ഈമാന്‍' എന്ന വ്യതിരിക്തമായ സര്‍വകലാശാല.
ആഭ്യന്തര യുദ്ധമുഖത്ത്
ഈ ലേഖകന്‍ ഖത്തറിലായിരുന്ന കാലത്ത് ഡോ. സന്‍ദാനി ഒന്നിലേറെ തവണ ദോഹ സന്ദര്‍ശിച്ചത് ഓര്‍ക്കുന്നു. അപ്പോഴൊക്കെ സര്‍ക്കാര്‍ അതിഥിയായ അദ്ദേഹത്തിന് ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്‌മെന്റുകൾ പ്രഭാഷണത്തിന് വേദി സജ്ജമാക്കി കൊടുക്കാറുണ്ടായിരുന്നു.
ഖുര്‍ആനിലെ ശാസ്ത്ര സൂചനകളെക്കുറിച്ചാണ് മിക്കപ്പോഴും അദ്ദേഹം പ്രസംഗിക്കാറുണ്ടായിരുന്നത്. സന്‍ദാനി ഏറെ കൗതുകവും താല്‍പര്യവും പ്രകടിപ്പിച്ചുപോന്ന പ്രമേയമായിരുന്നു അത്. ഖുര്‍ആന്റെ അമാനുഷികതയുടെ തെളിവെന്നോണമാണ് ഈ വിഷയം അദ്ദേഹം അവതരിപ്പിച്ചിരുന്നത്. 1994-ല്‍ ഐക്യ യമനില്‍ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തര കലാപം അടിച്ചമര്‍ത്തപ്പെട്ട ശേഷമായിരുന്നു അദ്ദേഹത്തിന്റെ ദോഹാ സന്ദര്‍ശനങ്ങളിലൊന്ന്. ആ കലാപത്തിന്റെ രാഷ്ട്രീയമായിരുന്നു അത്തവണത്തെ പ്രഭാഷണ വിഷയം. തെക്കും വടക്കുമായി വിഭജിക്കപ്പെട്ടു കിടന്നിരുന്ന യമന്‍ 1990 മെയ് 20-നാണ് പരസ്പരം ലയിച്ച് റിപ്പബ്ലിക് ഓഫ് യമന്‍ നിലവില്‍ വന്നത്. തുടര്‍ന്ന് 1993-ല്‍ ബഹുകക്ഷി വ്യവസ്ഥ അംഗീകരിക്കപ്പെടുകയും, സ്വതന്ത്രമായ തെരഞ്ഞെടുപ്പ് നടക്കുകയും, അലി അബ്ദുല്ല സാലിഹിന്റെ ജനറല്‍ പീപ്പ്ള്‍സ് കോണ്‍ഗ്രസ്സും അലി സാലിം ബീദ്, അബൂബക്കര്‍ അത്വാസ് എന്നിവരുടെ സോഷ്യലിസ്റ്റ് യൂനിയനും ഇസ്ലാമിസ്റ്റുകളുടെ അല്‍ ഇസ് ലാഹ് പാര്‍ട്ടിയും ചേര്‍ന്ന് ദേശീയ സര്‍ക്കാര്‍ രൂപവത്കരിക്കുകയും ചെയ്തു. എന്നാല്‍, ഒരു വര്‍ഷത്തിനകം 1994-ല്‍ തന്നെ ഈ ഐക്യ സര്‍ക്കാര്‍ തകര്‍ന്നു. ദക്ഷിണ യമനില്‍ എണ്ണപ്പാടം കണ്ടെത്തിയതോടെ വിഘടനത്തിലേക്ക് വീണ്ടും മടങ്ങിപ്പോയി. ദക്ഷിണ യമന്‍ നേതാക്കളായ വൈസ് പ്രസിഡന്റ് അലി സാലിം ബീദും അബൂബക്കര്‍ അത്വാസും രാജ്യം വിട്ട് ഒമാനില്‍ ചേക്കേറി, അവിടെ നിന്ന് വിഘടിതരുടെ സായുധ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. പക്ഷേ, ആ സായുധ കലാപം പരാജയപ്പെടുകയാണുണ്ടായത്. അതിന്റെ പരാജയത്തില്‍ ഇസ്്‌ലാഹ് പാര്‍ട്ടിക്ക് മുഖ്യ പങ്കുണ്ടായിരുന്നു. യമനിലെ ഇമാമി ഭരണകൂടത്തിനെതിരെ സായുധമായിത്തന്നെ രംഗത്തിറങ്ങിയിരുന്ന സന്‍ദാനി വിഘടിതര്‍ക്കെതിരെയുള്ള ഈ സൈനിക നീക്കത്തിന്റെയും മുന്‍പന്തിയിലുണ്ടായിരുന്നു. അതു കഴിഞ്ഞ ഉടനെയായിരുന്നു അദ്ദേഹത്തിന്റെ ദോഹ സന്ദര്‍ശനം. എന്നാല്‍, ഇത്തവണ പ്രഭാഷണ വിഷയം പതിവില്‍നിന്ന് ഭിന്നമായി വിഘടിതര്‍ക്കെതിരെയുള്ള സൈനിക നീക്കവുമായി ബന്ധപ്പെട്ട അനുഭവ വിവരണമായിരുന്നു.
കലാപകാരികളെ തെരഞ്ഞുപിടിക്കാനുള്ള ഇസ്്‌ലാഹ് പാര്‍ട്ടിയുടെ പട്ടാള ഗ്രൂപ്പില്‍ സന്‍ദാനിയുമുണ്ടായിരുന്നു. ആ തെരച്ചിലിനിടയില്‍ അവര്‍ക്ക് വഴിതെറ്റി. 'ളലൽനാ അത്ത്വരീഖ ലി നസ്വില അത്ത്വരീഖ സ്വഹീഹ' എന്നാണ് അതിനെക്കുറിച്ച് സന്‍ദാനി പറഞ്ഞത്. വഴിതെറ്റിയത് ശരിയായ വഴിയിലെത്താനായിരുന്നു എന്നര്‍ഥം. ഓടി രക്ഷപ്പെടാനുള്ള വെപ്രാളത്തിനിടയില്‍ വിഘടിതര്‍ ഉപേക്ഷിച്ചുപോയ വലിയൊരു ആയുധ കൂമ്പാരത്തിന് മുന്നിലാണ് അവര്‍ എത്തിപ്പെട്ടത്. അങ്ങനെ വഴിതെറ്റിയതിന്റെ 'ഗനീമത്തു'മായാണ് അവര്‍ സ്വന്തം സങ്കേതകങ്ങളില്‍ മടങ്ങിയെത്തുന്നത്.
യമന്റെ സുസ്ഥിരതയിലുള്ള താല്‍പര്യമായിരുന്നു ഖത്തറിനെ ആ രാജ്യവുമായും സന്‍ദാനിയുമായും അടുപ്പിച്ചു നിര്‍ത്തിയ ഘടകം. ജി.സി.സിയില്‍ അംഗത്വം ലഭിക്കാന്‍ എന്തുകൊണ്ടും അര്‍ഹമായ രാജ്യമാണ് യമന്‍ എന്നതായിരുന്നു ഖത്തറിന്റെ കാഴ്ചപ്പാട്. പെട്രോള്‍ ഉല്‍പാദക രാജ്യമല്ലാത്തതുകൊണ്ട് മാത്രമാണ് ഇതര ജി.സി.സി രാജ്യങ്ങള്‍ യമനെ അകറ്റിനിര്‍ത്തിയത്.
വിദ്യാഭ്യാസവും രാഷ്ട്രീയ നിലപാടും
ഇബ് പ്രവിശ്യയിലെ അള്ളഹ്ബി ഗ്രാമത്തില്‍ 1942-ലാണ് സന്‍ദാനിയുടെ ജനനം. ഓത്തു പള്ളിയിലെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പരമ്പരാഗത നിസാമിയ്യ പാഠശാലയില്‍ ചേര്‍ന്ന് പഠനം തുടര്‍ന്നു. ഉപരി പഠനം ഈജിപ്തില്‍ വെച്ചായിരുന്നു. രണ്ടു വര്‍ഷം ഫാര്‍മസി പഠനത്തിനായി വിനിയോഗിച്ചു. ചെറുപ്പത്തിലേയുള്ള മതപഠന താല്‍പര്യം അദ്ദേഹത്തെ അല്‍ അസ്ഹര്‍ സര്‍വകലാശാലയിലെത്തിച്ചു. അസ്ഹറിലെ പണ്ഡിതന്മാരുമായുള്ള സഹവാസം ശരീഅത്ത് വിജ്ഞാനീയങ്ങളില്‍ ആഴത്തിലുള്ള പഠനത്തിന് സഹായകമായി. യമന്‍ വിപ്ലവത്തില്‍ നേതൃപരമായ പങ്ക് വഹിച്ച മുഹമ്മദ് മഹ്മൂദ് സുബൈരിയുമായി പരിചയപ്പെടുന്നത് ഇവിടെ വെച്ചാണ്. ഈജിപ്തിലെ പഠനം മുസ്ലിം ബ്രദര്‍ ഹുഡുമായി സമ്പര്‍ക്കം സ്ഥാപിക്കാനും അവസരം നല്‍കി.
യമനിലേക്ക് മടക്കം
ഐന്‍ ശംസ് യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഫാര്‍മോക്കോളജിയും അസ്ഹറില്‍നിന്ന് ശരീഅഃ പഠനവും പൂര്‍ത്തിയാക്കുന്നതിന് മുമ്പുതന്നെ ദേശീയ വിപ്ലവ വികാരാവേശം തലക്കു പിടിച്ച സന്‍ദാനി അമ്പതുകളില്‍ ഇമാമി ഭരണകൂടത്തെ താഴെയിറക്കാനുള്ള വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ വിപ്ലവത്തിന്റെ ധ്വജവാഹകരിലൊരാളായ മുഹമ്മദ് മഹ്മൂദ് സുബൈരിയോടൊപ്പം യമനിലേക്ക് മടങ്ങുന്നുണ്ട്. ഇക്കാലത്ത് സന്‍ആ റേഡിയോ നിലയത്തില്‍നിന്ന് 'മതവും വിപ്ലവവും' എന്ന ഒരു പരിപാടി അദ്ദേഹം അവതരിപ്പിക്കുകയുണ്ടായി.
ഇമാമി ഭരണകൂടത്തെ നിഷ്‌കാസനം ചെയ്ത് ജനാധിപത്യ വ്യവസ്ഥ സ്ഥാപിതമായപ്പോള്‍ നിലവില്‍ വന്ന സര്‍ക്കാറില്‍ പ്രസിഡന്റ് മാര്‍ഷല്‍ അബ്ദുല്ല സലാല്‍ അദ്ദേഹത്തെ ദേശീയ മാധ്യമ ഗൈഡന്‍സ് മന്ത്രിയുടെ ഡെപ്യൂട്ടിയായി നിയമിക്കുകയുണ്ടായി. 1968-ല്‍ പ്രൈമറി- സെക്കന്ററി തലങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്കു വേണ്ടി പാഠപുസ്തക നിര്‍മാണത്തിന്റെ ചുമതല ഏല്‍പിച്ചത് അദ്ദേഹത്തെയായിരുന്നു. അദ്ദേഹം തന്നെ രചിച്ച 'കിതാബുത്തൗഹീദ്' ഈ പാഠപുസ്തകങ്ങളിലൊന്നാണ്. 'കിതാബുല്‍ വാജിബാത്തുദ്ദീനിയ്യ' (നിര്‍ബന്ധ മത ബാധ്യതകള്‍ പഠിപ്പിക്കാനുള്ള ഗ്രന്ഥം), കിതാബുല്‍ ഈമാന്‍ എന്നിവ ഇക്കാലത്താണ് അദ്ദേഹം രചിക്കുന്നത്. ഏഡന്‍ പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന അന്നൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചുമതലയും അദ്ദേഹത്തിനായിരുന്നു.
'70-കളില്‍ വിദ്യാഭ്യാസ മന്ത്രാലയത്തിലെ സയന്‍സ് വകുപ്പിന്റെ അഡ്മിന്‍ കാര്യങ്ങളുടെ ചുമതല സന്‍ദാനിയെ ഏല്‍പിച്ചു. ബയോളജി തുടങ്ങിയ വിഷയങ്ങളുടെ അധ്യാപന ചുമതലയും അദ്ദേഹത്തിന് നല്‍കപ്പെട്ടു. ഈ കാലത്താണ് 'നഹ് വല്‍ ഈമാന്‍' (വിശ്വാസത്തിലേക്ക്), 'ത്വരീഖുല്‍ ഈമാന്‍' (വിശ്വാസത്തിന്റെ വഴി) എന്നീ കൃതികള്‍ അദ്ദേഹം രചിക്കുന്നത്. ശാസ്ത്രവും വിശ്വാസവും തമ്മില്‍ സാഹോദര്യം സൃഷ്ടിച്ചെടുക്കാനുള്ള സംരംഭത്തിന്റെ ഭാഗം കൂടിയായിരുന്നു ഈ രചനകള്‍. മതവും ശാസ്ത്രവും വിരുദ്ധ ദ്വന്ദ്വങ്ങളാണെന്ന് വിദ്യാര്‍ഥി മനസ്സുകളില്‍ സംഘര്‍ഷം ഉല്‍പാദിപ്പിക്കുന്ന നവീന വിദ്യാഭ്യാസ പദ്ധതിയുടെ വിനകളില്‍നിന്ന് യുവതലമുറയെ എങ്ങനെ രക്ഷിച്ചെടുക്കാം എന്നതായിരുന്നു അദ്ദേഹത്തിന്റെ ആലോചന. വിജ്ഞാനത്തിന്റെ ഇസ്ലാംവത്കരണം എന്ന ഇസ്മാഈല്‍ റാജിയുടെ പ്രോജക്ട് തിടംവെക്കുന്നതിന് മുമ്പേ ആ ദിശയിലേക്ക് ആലോചനകള്‍ കൊണ്ടുപോയ പണ്ഡിതനായിരുന്നു സന്‍ദാനി എന്നു വേണം ഇതില്‍നിന്ന് മനസ്സിലാക്കാന്‍. പില്‍ക്കാലത്ത് 'ജാമിഅത്തുല്‍ ഈമാന്‍' എന്ന പേരില്‍ ഒരു യൂനിവേഴ്‌സിറ്റി തന്നെ അദ്ദേഹം സന്‍ആയില്‍ സ്ഥാപിക്കുകയുണ്ടായി. ശാസ്ത്രബോധവും വിശ്വാസ ദാര്‍ഢ്യവും സമഞ്ജസമായി സമ്മേളിച്ച ഒരു തലമുറയെ വാര്‍ത്തെടുക്കുക എന്നതായിരുന്നു ഇതിലൂടെ അദ്ദേഹം ഉന്നം വെച്ചിരുന്നത്. ഇക്കാലത്തു തന്നെ ഡെപ്യൂട്ടി വിദ്യാഭ്യാസ മന്ത്രിയായും സന്‍ദാനി നിയമിക്കപ്പെടുകയുണ്ടായി. ഖാദി അബ്ദുര്‍റഹ്മാന്‍ ഇര്‍യാനി പ്രസിഡന്റായിരുന്ന 1975-ല്‍ ഗൈഡന്‍സ് ഓഫീസിന്റെ തലവനായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.
സുഊദിയിലേക്ക്
ഈ ഔദ്യോഗിക പദവികളിലൊക്കെ ഇരിക്കുമ്പോഴും താന്‍ പാതിവഴിക്ക് ഉപേക്ഷിച്ച ശരീഅ പഠനം പൂര്‍ത്തീകരിക്കാനുള്ള അദമ്യമായ ത്വര അദ്ദേഹത്തെ അസ്വസ്ഥപ്പെടുത്തിക്കൊണ്ടിരുന്നു. അങ്ങനെയാണ് 1978-ല്‍ പരമ്പരാഗത പണ്ഡിതന്മാരില്‍നിന്ന് അസ്ഹറില്‍ തുടങ്ങിവെച്ച ശരീഅ പഠനം പൂര്‍ത്തിയാക്കാന്‍ സുഊദിയിലെത്തുന്നത്. പഠനം പുനരാരംഭിച്ചതിനൊപ്പം സുഊദിയിലെ പാഠശാലകളിലും യൂനിവേഴ്‌സിറ്റികളിലും അധ്യാപനത്തിലും പ്രഭാഷണങ്ങളിലും വ്യാപൃതനാകാനും അദ്ദേഹം സമയം കണ്ടെത്തി. ഇതോടൊപ്പം ഏതാനും ഉലമാക്കളോടൊപ്പം ചേര്‍ന്ന് ഖുർആനിലും സുന്നത്തിലുമുള്ള ശാസ്ത്രീയമായ അമാനുഷികതകള്‍ കണ്ടെത്താനായി ഒരു അന്താരാഷ്ട്ര വേദി അദ്ദേഹം രൂപവത്കരിച്ചു. അതിന്റെ സെക്രട്ടറിയായും പിന്നീട് ഹോണററി പ്രസിഡന്റായും പ്രവര്‍ത്തിച്ചത് സന്‍ദാനി തന്നെയായിരുന്നു. മക്കയിലെ മുസ്ലിം വേള്‍ഡ് ലീഗില്‍ യമന്റെ പ്രതിനിധിയായും പ്രവര്‍ത്തിച്ചു. ഖുര്‍ആനിലെ ശാസ്ത്ര സൂചനകളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ മോസ്‌കോ, മലേഷ്യ, ഇന്തോനേഷ്യ, പാകിസ്താന്‍ എന്നിവിടങ്ങളില്‍ അന്താരാഷ്ട്ര ശാസ്ത്ര സെമിനാറുകളും സംഘടിപ്പിക്കുകയുണ്ടായി. അതിനിടെ സന്‍ദാനിയുടെ ഏറ്റവും വലിയ ചിന്താവിഷയം തന്നെ ഖുര്‍ആനിലെ ശാസ്ത്ര സത്യങ്ങളായി മാറിക്കഴിഞ്ഞിരുന്നു. 'തഅ്സ്വീലുല്‍ ഇഅ്ജാസില്‍ ഇല്‍മിയ്യ്' (ഖുര്‍ആന്റെ അമാനുഷികതക്കുള്ള ശാസ്ത്രീയ തെളിവുകള്‍), 'വഇന്നഹുല്‍ ഹഖ്' (അതാണ് [ഖുര്‍ആന്‍] സത്യം), മിന്‍ത്വഖത്തുല്‍ മുസ്വബ്ബ് വല്‍ ഹവാജിസ് ബൈനല്‍ ബിഹാര്‍ (സമുദ്രങ്ങളിലെ ശുദ്ധജല-ഉപ്പുജല മേഖലകള്‍ വേര്‍തിരിയുന്നിടം) എന്നിവ ഈ കാലയളവില്‍ അദ്ദേഹം രചിച്ച ഗവേഷണ കൃതികളാണ്. സുഡാനിലെ ഉമ്മു ദര്‍മാന്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് ഡോക്ടറേറ്റ് നേടാനും ഇക്കാലത്ത് അദ്ദേഹം സമയം കണ്ടെത്തി.
രാഷ്ട്രീയ ഗോദയില്‍
1991-ല്‍ മുസ്ലിം ബ്രദര്‍ഹുഡിന്റെ യമനി പതിപ്പായ 'അത്തജമ്മുഉല്‍ യമനി ലില്‍ ഇസ്വ്‌ലാഹ് (ഗാദറിംഗ് ഫോര്‍ റിഫോര്‍മേഷന്‍) എന്ന രാഷ്ട്രീയ വേദിക്ക് രൂപം കൊടുക്കുന്നതില്‍ ഡോ. സന്‍ദാനി മുന്‍നിരയില്‍ പ്രവര്‍ത്തിക്കുകയുണ്ടായി. തജമ്മുഇന്റെ ഉന്നതതല സമിതിയില്‍ അംഗമായ സന്‍ദാനിയായിരുന്നു അതിന്റെ കൂടിയാലോചനാ സമിതിയുടെ പല യോഗങ്ങളിലും അധ്യക്ഷത വഹിച്ചിരുന്നത്. 1991-ല്‍ യമന്റെ ഏകീകരണവും സമാധാനവും ലക്ഷ്യം വെച്ചുകൊണ്ടുള്ള സെമിനാറിന്റെ കാമ്പയിന്‍ നയിച്ചവരില്‍ പ്രമുഖനായിരുന്നു സന്‍ദാനി. ഇതിനായി ഭരണഘടനാ ഭേദഗതി ലക്ഷ്യം വെച്ച് യമന്റെ നാനാ ഭാഗങ്ങളില്‍നിന്നും ഒത്തുകൂടിയ മില്യന്‍ മാര്‍ച്ച് നയിക്കുന്നതിലും അദ്ദേഹം ആവേശപൂര്‍വം പ ങ്കെടുത്തു. 1993-ല്‍ പാര്‍ലമെന്റ് നിലവില്‍ വന്നപ്പോള്‍ പ്രസിഡൻഷ്യൽ സമിതിയില്‍ സന്‍ദാനി അംഗമായി നിയമിക്കപ്പെട്ടു. യമന്റെ ഏകീകരണത്തിനു ശേഷം വിഘടനവാദം വീണ്ടും തലപൊക്കിയപ്പോള്‍ അതിനെ സായുധമായിത്തന്നെ നേരിടാന്‍ അദ്ദേഹം ഉത്സാഹഭരിതനായി മുന്നോട്ടുവന്ന കഥ ഈ ലേഖനത്തിന്റെ ആരംഭത്തില്‍ സൂചിപ്പിക്കുകയുണ്ടായല്ലോ. വിഘടനവാദികളെ അടിച്ചമര്‍ത്തിയ ശേഷം 1995-ല്‍ പ്രസിഡന്‍ഷ്യല്‍ സമിതിയില്‍ ഡെപ്യൂട്ടി പദവി വഹിച്ച സന്‍ദാനി പിറ്റേ വര്‍ഷം സ്വമേധയാ ആ സ്ഥാനം രാജിവെക്കുകയായിരുന്നു. വീണ്ടും ഗ്രന്ഥരചനയില്‍ വ്യാപൃതനായ അദ്ദേഹം 1997-ല്‍ പുതിയ ചില കൃതികളുമായാണ് രംഗത്തു വരുന്നത്. 'ഇല്‍മുല്‍ അജിന്ന ഫീ ദൗഇല്‍ ഖുര്‍ആന്‍ വസ്സുന്ന' (ഭ്രൂണശാസ്ത്രം ഖുര്‍ആന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍), 'ബയ്യിനാത്തുര്‍റസൂല്‍ വമുഅ്ജിസാത്തുഹു' (പ്രവാചകന്റെ തെളിവുകളും അമാനുഷ സിദ്ധികളും) എന്നിവ ഈ കാലയളവിലെ അദ്ദേഹത്തിന്റെ സംഭാവനകളില്‍ ഉള്‍പ്പെടുന്നു.
ഇസ്തംബൂളില്‍
അറബ് വസന്താനന്തരം യമനില്‍ ആഭ്യന്തര കലാപം കലുഷിതമായപ്പോള്‍ ഹൂഥികള്‍ അദ്ദേഹത്തിന്റെ വസതിയും ആസ്ഥാനവും ആക്രമിക്കുകയുണ്ടായി. ഇതിനെ തുടര്‍ന്ന് രാജ്യം വിടാന്‍ അദ്ദേഹം നിര്‍ബന്ധിതനാവുകയായിരുന്നു. അങ്ങനെയാണ് സുഊദി അറേബ്യ വഴി അദ്ദേഹം തുര്‍ക്കിയയിലെ ഇസ്തംബൂളിലെത്തുന്നത്. 1998-ല്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയിലാണ് കേന്ദ്രീകരിക്കുന്നത്. ഇസ്ലാമിക ബാങ്കുകളെ സംബന്ധിച്ച ഒരു സെമിനാറിന്റെ പ്രിപ്പറേറ്ററി കമ്മിറ്റി അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ കൂടുകയുണ്ടായി. 2000-ത്തില്‍ പങ്കാളിത്ത സംരംഭങ്ങളുടെ മുന്‍പന്തിയിലും അദ്ദേഹത്തെ കാണാൻ സാധിക്കും. ഇങ്ങനെ ഒന്നിന് പിന്നാലെ ഒന്നായി ഒരവിശ്രമ ജീവിതമായിരുന്നു ശൈഖ് സന്‍ദാനിയുടേത്.
2023-ല്‍ അന്താരാഷ്ട്ര ഇസ്ലാമിക പണ്ഡിത വേദിയായ ഇത്തിഹാദു ഉലമാഇല്‍ ആലമില്‍ ഇസ്ലാമിയുടെ ഒരു പ്രതിനിധി സംഘം ഇസ്തംബൂളില്‍ സന്‍ദാനിയുടെ ആസ്ഥാനം സന്ദര്‍ശിച്ച് അദ്ദേഹത്തിന് ഇമാമുല്‍ ഉലമാ എന്ന ബഹുമതി ഷീല്‍ഡ് സമ്മാനിക്കുകയുണ്ടായി.
എയ്ഡ്‌സിന് ശമനൗഷധം?
ഈജിപ്തിലെ ഐന്‍ ശംസ് യൂനിവേഴ്‌സിറ്റിയില്‍ ഫാര്‍മസി കോഴ്‌സ് പഠനം നടത്തിയ സന്‍ദാനിക്ക് ഔഷധ മേഖലയില്‍ കമ്പമുണ്ടായത് സ്വാഭാവികമാണ്. ത്വിബ്ബുന്നബി എന്ന പേരിലറിയപ്പെടുന്ന പ്രവാചക ചികിത്സയും അദ്ദേഹത്തിന്റെ താല്‍പര്യ വിഷയങ്ങളിലൊന്നായിരുന്നു. യഥാര്‍ഥത്തില്‍ ചികിത്സ എന്നത് പ്രവാചകന്റെ ദൗത്യത്തില്‍ ഉള്‍പ്പെടുന്നതല്ല. തന്റെ കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ചില ചികിത്സാ രീതികളോ ഔഷധങ്ങളോ പ്രവാചകനും സ്വീകരിക്കുകയോ നിര്‍ദേശിക്കുകയോ ചെയ്തിട്ടുണ്ടാകാം. ഇതിലപ്പുറം അത് ദിവ്യബോധനത്തിന്റെ അടിസ്ഥാനത്തിലുള്ള പരമ സത്യങ്ങളൊന്നുമല്ല. പരാഗണത്തെക്കുറിച്ച ഹദീസില്‍ പ്രവാചകന്‍ പ്രസ്താവിച്ച പോലെ, അനുഭവത്തിന്റെയും പരീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുക്കേണ്ട ഭൗതിക വിജ്ഞാനങ്ങള്‍ മാത്രമാണവ. നബി വല്ലപ്പോഴും നടപ്പു ചികിത്സാ രീതികളെ കുറിച്ച് സംസാരിച്ചതിന്റെ മേല്‍ പില്‍ക്കാലക്കാര്‍ 'ഉണ്ടാക്കിയെടുത്ത' ഒന്നാണ് ത്വിബ്ബുന്നബി അഥവാ പ്രവാചക ചികിത്സ.
ഈമാന്‍ യൂനിവേഴ്‌സിറ്റിയിലെ റിസര്‍ച്ച് സെന്ററില്‍ നടന്ന ഗവേഷണത്തിലൂടെ, ചില ഔഷധ സസ്യങ്ങളില്‍നിന്ന് എയ്ഡ്‌സിന് ചികിത്സ കണ്ടെത്തിയതായി സന്‍ദാനി അവകാശപ്പെട്ടിരുന്നു. ബൗദ്ധിക സ്വത്തവകാശം സ്ഥാപിക്കേണ്ടതിനാല്‍ അതിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്താന്‍ അദ്ദേഹം കുറേകാലം വിസമ്മതിച്ചിരുന്നു. പലര്‍ക്കും ഈ ചികിത്സ ഫലം ചെയ്തതായ അവകാശവാദവുമുണ്ടായിരുന്നു. പക്ഷേ, കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റിയിലെ ക്ലാസിക്കല്‍ ഇമ്യൂണോളജി സര്‍വീസസ് തലവന്‍ ഡോ. ജമാല്‍ മുഖ്‌ലിസ്വ് ഈ അവകാശവാദങ്ങള്‍ ചോദ്യം ചെയ്യുകയുണ്ടായി. സന്‍ദാനിയുടെ ചികിത്സ സ്വീകരിച്ച രോഗികളില്‍ താന്‍ വ്യക്തിപരമായി നടത്തിയ രക്തപരിശോധനയില്‍, ഈ അവകാശവാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞതായി ഡോ. മുഖ്‌ലിസ്വ് പരസ്യ പ്രസ്താവന നടത്തുകയുണ്ടായി.
ഇതുപോലെ തന്നെ ഖുർആനെ ഒരു ശാസ്ത്ര ഗ്രന്ഥമായി അവതരിപ്പിക്കുന്നതിലും സൂക്ഷ്മതക്കുറവുണ്ട്. ഖുര്‍ആന്‍ അടിസ്ഥാനപരമായി ഒരു ശാസ്ത്ര ഗ്രന്ഥമല്ല, സന്മാര്‍ഗ വേദമാണ്. ശാസ്ത്രം വികസിക്കുകയും പരിണമിക്കുകയും ചെയ്യുന്ന പ്രതിഭാസമാണ്. ഈ വക കാര്യങ്ങളിലുള്ള അത്യാവേശം വിപരീത ഫലങ്ങളിലാണ് കലാശിക്കുക. സന്‍ദാനി വിളിച്ചുകൂട്ടിയ കോണ്‍ഫറന്‍സുകളില്‍ പങ്കെടുത്ത മറൈന്‍ സയന്റിസ്റ്റ് വില്യം ഹൂയ്, ജിയോളജിസ്റ്റ് ആല്‍ഫ്രഡ് ക്രോണര്‍ തുടങ്ങിയ ചില ശാസ്ത്രജ്ഞന്മാര്‍ തന്നെ തങ്ങളെ തെറ്റായി ഉദ്ധരിച്ചതിനെ കുറിച്ച് പിന്നീട് പരാതിപ്പെടുകയുണ്ടായിട്ടുണ്ട്. സന്‍ദാനിയുടെ ആത്മാര്‍ഥതയെ ചോദ്യം ചെയ്യുകയല്ല. ഇതര മേഖലകളിലുള്ള അദ്ദേഹത്തിന്റെ സംഭാവനകളുടെ ശോഭയെ ഇത് കെടുത്തിക്കളയുന്നുമില്ല. ഇസ്തംബൂളില്‍ മഹാനായ സ്വഹാബി വര്യന്‍ അബൂ അയ്യൂബില്‍ അന്‍സ്വാരിയുടെ ചാരത്ത് അന്ത്യവിശ്രമം കൊള്ളുന്ന സന്‍ദാനിയുടെ ആത്മാവിന് അല്ലാഹു ശാന്തി അരുളട്ടെ. l
ജീവിതം അർഥവത്താകുന്നത് അതിന് ഒരു ദൗത്യം ഉണ്ടാകുമ്പോഴാണ്. അത്തരം ജീവിതങ്ങള്‍ കാണുന്നവര്‍ക്ക് അതൊരു സൗന്ദര്യമാണ്; ജീവിക്കുന്നവര്‍ക്ക് സംതൃപ്തിയും. അത്തരമൊരു ജീവിതമായിരുന്നു ഈയിടെ വിടവാങ്ങിയ മലപ്പുറം കോഡൂര്‍ സ്വദേശിയും കുറ്റ്യാടി ഐഡിയല്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പലുമായിരുന്ന എ.കെ ഹാരിസിന്റേത്. സ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം തളിക്കുളം ഇസ്‌ലാമിയാ കോളേജിലാണ് ഹാരിസിന്റെ പ്രീഡിഗ്രി, ഡിഗ്രി പഠനങ്ങൾ ഇസ്‌ലാമിക വിദ്യാഭ്യാസത്തോടൊപ്പം പൂര്‍ത്തീകരിച്ചത്. മജ്‌ലിസുത്തഅ്ലീമില്‍ ഇസ്്ലാമിയുടെ ഇസ്‌ലാമിക് ഹയര്‍ സെക്കന്ററി പരീക്ഷയില്‍ റാങ്ക് ജേതാവായിരുന്നു ഹാരിസ്. ഇക്കണോമിക്‌സിലായിരുന്നു ഹാരിസിന്റെ ബിരുദം. മമ്പാട് എം.ഇ.എസ് കോളേജില്‍നിന്ന് അതില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. വളാഞ്ചേരി മര്‍കസ് ട്രെയ്‌നിംഗ് കോളേജില്‍നിന്ന് അധ്യാപന പരിശീലനത്തിലും ബിരുദം നേടി. സാമ്പത്തിക ശാസ്ത്രത്തില്‍ നെറ്റ് കോളിഫൈഡായിരുന്നു.
എസ്.ഐ.ഒ മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ്, സംസ്ഥാന ശൂറാ അംഗം, സംവേദന വേദി സംസ്ഥാന കണ്‍വീനര്‍, സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി അംഗം, ടീന്‍ ഇന്ത്യ-മലര്‍വാടി സംസ്ഥാന സമിതി അംഗം എന്നീ പ്രാസ്ഥാനിക ചുമതലകള്‍ വഹിച്ചിരുന്നു. നേതാവായിരിക്കുമ്പോഴും അല്ലാത്തപ്പോഴും പ്രതിബദ്ധതയുള്ള അനുയായി കൂടിയായിരുന്നു അദ്ദേഹം. മരണപ്പെടുമ്പോള്‍ കുറ്റ്യാടി പാറക്കടവ് ഹല്‍ഖയിലെ സജീവ പ്രവര്‍ത്തകനായിരുന്നു.
മഞ്ചേരി മുബാറക് സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍, ഇര്‍ശാദിയ കോളേജ് പ്രിന്‍സിപ്പല്‍, രാമനാട്ടുകര നെസ്റ്റ് ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍, കുറ്റ്യാടി ഐഡിയല്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എന്നീ നിലകളില്‍ ജോലി ചെയ്തു. കുറ്റ്യാടി ഐഡിയല്‍ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ആയിരിക്കേയാണ് ഹാരിസിന്റെ ആകസ്മിക നിര്യാണം. സഹപ്രവര്‍ത്തകരെയും വിദ്യാർഥികളെയും രക്ഷിതാക്കളെയും നാട്ടുകാരെയും അക്ഷരാർഥത്തില്‍ ഞെട്ടിച്ചുകളഞ്ഞ മരണമായിരുന്നു അത്. സ്‌കൂള്‍ വാര്‍ഷിക പരിപാടിയിൽ ഒരു വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് പവര്‍പോയിന്റ് പ്രസന്റേഷന്‍ സഹായത്തോടെ അതിഗംഭീരമായി വേദിയില്‍ അവതരിപ്പിച്ച് മഗ്്രിബ് നമസ്‌കാരത്തിന്റെ ഇടവേളക്ക് പരിപാടി പിരിഞ്ഞതിനിടയിലാണ് ഹാരിസിന്റെ വിയോഗം.
റിപ്പോര്‍ട്ട് അവതരണത്തില്‍ സ്‌കൂളിന്റെ പാഠ്യവും പാഠ്യേതരവുമായ മികവുകള്‍ എണ്ണിയെണ്ണി അവതരിപ്പിച്ച് ഓരോന്നിനു ശേഷവും രക്ഷിതാക്കളും വിദ്യാർഥികളും സ്ഥാപനാധികൃതരും ഉള്‍ക്കൊള്ളുന്ന സദസ്സിനോട് ഹാരിസ് ആവര്‍ത്തിച്ചു ചോദിച്ച ചോദ്യമുണ്ടായിരുന്നു: 'ഐഡിയല്‍ എക്‌സലന്റ് അല്ലേ, do you agree?' ആ സദസ്സ് അതിന് ഹൃദയംകൊണ്ട് പറഞ്ഞ ഉത്തരം, അതെ എന്നായിരുന്നു. 'എന്നെ ഏല്‍പ്പിച്ച, ഞാനേറ്റെടുത്ത ദൗത്യം ഞാന്‍ പൂര്‍ത്തീകരിച്ചിട്ടില്ലേ, നിങ്ങള്‍ അതിന് സാക്ഷിയല്ലേ?' എന്ന ചോദ്യം കൂടിയായിരുന്നു അത്. ഒരു ദൗത്യത്തിനു വേണ്ടി ജീവിച്ചതിന്റെ കരുത്ത് ആ ചോദ്യത്തിനുണ്ടായിരുന്നു.
പുതുമകള്‍ തേടുന്ന മനസ്സ് അദ്ദേഹത്തെ എന്നും വ്യത്യസ്്തനാക്കി. പുതുമകളെ പ്രണയിച്ച വിദ്യാഭ്യാസ പ്രവര്‍ത്തകനായിരുന്നു ഹാരിസ്. 'ഇവിടെ അങ്ങനെയാണ് നടക്കാറ്' എന്ന ഉത്തരം ഹാരിസിനെ ഒരിക്കലും തൃപ്തിപ്പെടുത്തിയിരുന്നില്ല എന്ന് സഹപ്രവര്‍ത്തകരായ അധ്യാപകര്‍ ഹാരിസിനെ ഓര്‍ക്കുന്നുണ്ട്. Excellence is our habit എന്നത് ഐഡിയല്‍ സ്‌കൂളിന് ഹാരിസ് സംഭാവന ചെയ്ത മുദ്രാവാക്യമായിരുന്നു. ആ മുദ്രാവാക്യത്തിന് ജീവന്‍ നല്‍കാന്‍ സമര്‍പ്പിതനായി നേതൃത്വം നല്‍കിയ ലീഡറായിരുന്നു ഹാരിസ്.
അതുകൊണ്ടുതന്നെ വൈജ്ഞാനിക രംഗത്തെ പുതിയ പ്രവണതകളെ ഹാരിസ് നിരന്തരം അന്വേഷിക്കുകയും അവ തന്റെ സഹപ്രവര്‍ത്തകര്‍ക്കും വിദ്യാർഥികള്‍ക്കും പകര്‍ന്നുനല്‍കുകയും ചെയ്തിരുന്നു. സ്‌കൂളില്‍ വെക്കേഷനില്‍ നടക്കുന്ന അധ്യാപകരുടെ പരിശീലന പരിപാടികള്‍ക്ക് ഹാരിസ് തന്നെയാണ് നേതൃത്വം നല്‍കിയിരുന്നത്. ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടിയില്‍ ഓരോ ദിവസവും ആവര്‍ത്തനങ്ങളില്ലാതെ പുത്തന്‍ ആശയങ്ങളുമായി ഹാരിസ് മികച്ച പരിശീലകനായത് സഹപ്രവര്‍ത്തകര്‍ അനുസ്മരിക്കുകയുണ്ടായി. ഹാരിസ് സംഘടിപ്പിച്ച രക്ഷാകര്‍തൃ യോഗങ്ങള്‍ കേവല രക്ഷാകര്‍തൃ യോഗങ്ങളായിരുന്നില്ല. ഹാരിസിന്റെ പാരന്റിങ് ക്ലാസുകള്‍ അതിന്റെ വലിയ ആകര്‍ഷണീയതയായിരുന്നു. രക്ഷാകർതൃത്വ ശാസ്ത്രത്തിലെ പുതിയ വിവരങ്ങള്‍ കോര്‍ത്തുകെട്ടി പലപ്പോഴും ഇസ്ലാമിക വിജ്ഞാനീയങ്ങളുടെ കൂടി പിന്‍ബലത്തില്‍ നടത്തിപ്പോന്നിരുന്ന അവതരണങ്ങളായിരുന്നു അവ.
പുതിയ രീതിയില്‍ ചിന്തിച്ചതുകൊണ്ടാണ് താൻ പഠിച്ച വാടാനപ്പള്ളി ഇസ്ലാമിയ കോളേജുള്‍പ്പെടുന്ന ട്രസ്റ്റിന് കീഴിലുള്ള മുഴുവന്‍ സ്ഥാപനങ്ങള്‍ക്കുമായി ഒരു പൊതു പേരു വേണമെന്ന ആശയവും അത്തരമൊരു പേരും ഹാരിസ് നിർദേശിച്ചത്. വാടാനപ്പള്ളി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് എന്ന ആശയവും പേരും ഹാരിസിന്റേതായിരുന്നു എന്ന് വാടാനപ്പള്ളി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ഡയറക്ടര്‍ ഹനീഫ് മാസ്റ്റര്‍ അനുസ്മരിക്കുന്നുണ്ട്.
കായിക രംഗത്ത് ഹാരിസിന്റെ കാലത്ത് സ്‌കൂള്‍ വലിയ മുന്നേറ്റങ്ങള്‍ നടത്തുകയുണ്ടായി. കായികാധ്യാപകരുടെ മിടുക്കിനോടൊപ്പം അവരെ പ്രചോദിപ്പിക്കുന്നതില്‍ ടീം ലീഡര്‍ എന്ന നിലക്കുള്ള ഹാരിസിന്റെ വിജയം കൂടിയായിരുന്നു അത്. എന്തായിരുന്നു ഹാരിസ് മാഷുടെ സവിശേഷതകള്‍ എന്ന് സ്‌കൂളിലെ മുതിര്‍ന്ന വിദ്യാർഥികളോട് ചോദിച്ചപ്പോള്‍ അവര്‍ പറഞ്ഞ ഉത്തരങ്ങളില്‍ ഒന്ന്, മാഷ് നല്ല കേള്‍വിക്കാരനായിരുന്നു എന്നതാണ്. ഇതേ കാര്യം അനുസ്മരണ സദസ്സില്‍ ചില രക്ഷിതാക്കളും പറയുകയുണ്ടായി. ക്ഷമയോടെ കേള്‍ക്കുക, അതിന്റെ അടിസ്ഥാനത്തില്‍ തിരുത്തണമെന്ന് ബോധ്യപ്പെട്ടാല്‍ തിരുത്തുക. വിഷയം പറഞ്ഞവരെയാണ് തിരുത്തേണ്ടതെങ്കില്‍ അവര്‍ക്ക് ബോധ്യമാവുന്ന രീതിയില്‍ അവരെ അത് പറഞ്ഞു ബോധ്യപ്പെടുത്തുക- ഇതാണ് ഒരു സ്ഥാപനാധികാരി എന്ന നിലയില്‍ ഹാരിസ് ചെയ്തത്.
ബഹുവിധ കഴിവുകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. മലയാളം, ഇംഗ്ലീഷ്, അറബി ഭാഷകളിലെ പ്രാവീണ്യം അതില്‍ പ്രധാനമായിരുന്നു. നല്ല ഭാഷാബോധവും എഴുത്തില്‍ അഭിരുചിയുമുണ്ടായിരുന്നു. ഹാരിസ് സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി അംഗമായിരുന്ന സമയത്ത് ജലീല്‍ മോങ്ങം എഡിറ്റ് ചെയ്ത മലബാര്‍ വികസനത്തിന്റെ ഭൂപടം എന്ന പുസ്തകത്തിന്റെ സഹായിയായി ഹാരിസ് പ്രവര്‍ത്തിച്ചിട്ടുണ്ട്. കുറ്റ്യാടി സ്‌കൂളിലെ നോട്ടീസ് വര്‍ക്കുകള്‍ ചെയ്തിരുന്ന ഗായകനും കവിയും മാപ്പിളപ്പാട്ട് രചയിതാവുമായ ശരീഫ് നരിപ്പറ്റ ഹാരിസിന്റെ ഭാഷാപരമായ നൈപുണ്യത്തെക്കുറിച്ച് അനുസ്മരണ കുറിപ്പില്‍ എഴുതുന്നുണ്ട്. ആ തിരുത്തലുകള്‍ എത്ര ഭംഗിയുള്ളതായിരുന്നു എന്ന് അദ്ദേഹം അനുസ്മരിക്കുന്നു.
ഹാരിസ് പ്രിന്‍സിപ്പല്‍ മാത്രമായിരുന്നില്ല, വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്നു. ഇസ്ലാമിക പ്രസ്ഥാനത്തിന്റെ വിദ്യാഭ്യാസ ഏകോപന സംവിധാനമായ ഐ.ഇ.സി.ഐ യുടെ സ്‌കൂള്‍ ഇസ്ലാമിക പാഠ്യ പദ്ധതിയുടെ തലവനായി അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ഐ.ഇ.സി.ഐയെ സംബന്ധിച്ചേടത്തോളം ഹാരിസിന്റെ വിയോഗം എളുപ്പത്തില്‍ നികത്തപ്പെടാത്ത നഷ്ടമായിരിക്കുമെന്ന് ഐ.ഇ.സി. ഐ പ്രതിനിധി അഡ്വ. മുബശ്ശിര്‍ അസ്ഹരി അനുസ്മരിക്കുന്നു തികഞ്ഞ ആദര്‍ശ പ്രതിബദ്ധതയോടെയായിരുന്നു ഹാരിസ് സ്‌കൂള്‍ അക്കാദമിക ഭരണം നിര്‍വഹിച്ചിരുന്നത്.
'പുഞ്ചിരിക്കാനറിയാത്തവര്‍ കട തുറന്നുവെക്കരുത്' എന്ന ഒരു ചൈനീസ് പഴമൊഴിയുണ്ട്. വശ്യമായ പുഞ്ചിരി ഹാരിസിന്റെ വ്യക്തിത്വത്തിന്റെ മുഖമുദ്രയായിരുന്നു. സ്ഥാപന മേധാവി എന്ന നിലക്ക് നിരവധി പ്രശ്‌നങ്ങളെ മഞ്ഞുരുക്കിക്കളയാന്‍ ഈ മുഖപ്രകാശത്തിനു കഴിഞ്ഞിരുന്നു. ഒരു ദൗത്യത്തിനായി ജീവിക്കുകയും ഒരു രക്തസാക്ഷിയെപ്പോലെ പ്രവര്‍ത്തന മുഖത്ത് മരിച്ചുവീഴുകയും ചെയ്ത കർമയോഗിയായിരുന്നു ഹാരിസ്. l
ജമാൽ സാഹിബ് അല്ലാഹുവിലേക്ക് യാത്രയായി. അദ്ദേഹത്തിന്റെ ജനാസയെ സുൽത്താൻ ബത്തേരി വലിയ മസ്ജിദ് ഖബറിസ്ഥാൻ ഏറ്റുവാങ്ങുമ്പോൾ ഏറെയകലെ ഉത്തർ പ്രദേശിലെ മുസഫർ നഗറിൽ ഒരു വിദ്യാലയം കണ്ണീരണിഞ്ഞ പ്രാർഥനയിലായിരുന്നു. ആ വിദ്യാലയം മതി ജമാൽ സാഹിബ് എന്ന മനുഷ്യ സ്നേഹിയെ, ഇച്ഛാശക്തിയും ദീർഘ ദൃഷ്ടിയുമുള്ള നേതാവിനെ, സമുദായ സമുദ്ധാരണത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ സ്വപ്നങ്ങളെ വായിച്ചെടുക്കാൻ. എവിടെ നിന്നായാലും ഒരു അനാഥക്കുട്ടിയുടെ നിലവിളി ജമാൽ സാഹിബിന്റെ ഉള്ളുലക്കാതിരിക്കില്ല. 2013-ലെ മുസഫർ നഗർ കലാപത്തിന്റെ കനലടങ്ങുന്നതിന് മുമ്പാണ് ജമാൽ സാഹിബ് ചില സഹപ്രവർത്തകരുമായി അവിടെ ഓടിയെത്തുന്നത്. ചുറ്റുപാടുകളറിയുന്ന പലരും സ്നേഹപൂർവം പിന്തിരിപ്പിക്കാൻ ശ്രമിച്ചു; പ്രായത്തിന്റെയും രോഗത്തിന്റെയും പ്രയാസങ്ങൾ വേറെയും. എന്നാൽ, കലാപ ഭൂമിയിൽ നിന്നുയരുന്ന നിലവിളികൾ മാത്രമായിരുന്നു അദ്ദേഹത്തിന്റെ മനസ്സിൽ. അവിടെ അനാഥമാക്കപ്പെട്ട പിഞ്ചുമക്കളിൽ കുറച്ചു പേരെയെങ്കിലും തന്റെ സ്ഥാപനത്തിലെത്തിക്കണം. അവരെ സനാഥരാക്കണം. നേരത്തെ ഗുജറാത്ത് കലാപ വേളയിൽ ഇതേ ദൗത്യം അദ്ദേഹം നിർവഹിച്ചിട്ടുണ്ട്.
എന്നാൽ, മുസഫർ നഗർ നിവാസികളുടെ ആവശ്യം മറ്റൊന്നായിരുന്നു. തങ്ങളുടെ പിഞ്ചു മക്കളെ വിദൂര സ്ഥലങ്ങളിലേക്ക് പറഞ്ഞയക്കുകയല്ല, പകരം ഇഴ പിന്നിയ തങ്ങളുടെ ജീവിതം തുന്നിച്ചേർക്കാൻ സഹായകമാകുന്ന ഒരു വിദ്യാലയം അവിടെ തന്നെ സ്ഥാപിച്ചുകിട്ടുകയായിരുന്നു അവർക്ക് വേണ്ടത്. രണ്ടാമതൊന്നാലോചിക്കാതെ ജമാൽ സാഹിബ് അവർക്ക് ഉറപ്പുനൽകുകയാണ്. തന്റെ മുമ്പിലുള്ള കടമ്പകളെക്കുറിച്ച് അദ്ദേഹത്തിന് നന്നായറിയാം. താൻ നേതൃത്വം നൽകുന്ന വയനാട് മുസ്്ലിം ഓർഫനേജിന് ഈ ദൗത്യം ഏറ്റെടുക്കാൻ ഒട്ടനവധി പരിമിതികളുണ്ട്. എന്നാൽ, ആ പരിമിതികളിൽ ഉടക്കിനിൽക്കാതെ തന്നോട് സഹകരിക്കാൻ സന്നദ്ധതയുള്ള ഒരു കൂട്ടം സുമനസ്സുകളെ വിളിച്ചുചേർക്കുകയും ഒരു പുതിയ സംരംഭത്തിന് തുടക്കം കുറിക്കുകയുമായിരുന്നു അദ്ദേഹം. അങ്ങനെ രൂപംകൊണ്ട ‘ഔവർ ഇന്ത്യ ഫൗണ്ടേഷൻ’ സ്ഥാപിച്ച വിദ്യാലയം ഇന്ന് മുസഫർ നഗറിന്റെ ആശാകേന്ദ്രമായി വളർന്നുകഴിഞ്ഞിരിക്കുന്നു.
വയനാട് മുട്ടിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വയനാട് മുസ്‌ലിം ഓർഫനേജുമായാണ് ജമാൽ സാഹിബിന്റെ പേര് പ്രാഥമികമായി ചേർന്നുനിൽക്കുന്നത്. എന്നാൽ, ഏറെ പിന്നാക്കമായ വയനാട് ജില്ലയുടെ സാമൂഹിക-വിദ്യാഭ്യാസ-സാംസ്കാരിക ചരിത്രത്തിൽ ജമാൽ സാഹിബിന് സവിശേഷമായ കൈയൊപ്പുണ്ട്. വയനാട് മുസ്്ലിം ഓർഫനേജിന്റെ ബൃഹത്തായ സ്ഥാപന സംരംഭങ്ങൾ ഒരു പ്രദേശത്ത് മാത്രം ഒതുങ്ങിനിൽക്കാതെ വയനാട് ജില്ലയുടെ വിവിധ മേഖലകളിൽ വിന്യസിക്കപ്പെട്ടത് ജില്ലയുടെ വികസനത്തെക്കുറിച്ച ഈ കാഴ്ചപ്പാടിന്റെ ഭാഗമായിരുന്നു. എന്നാൽ, ഒരു ജില്ലയുടെയോ സംസ്ഥാനത്തിന്റെ തന്നെയോ അതിർവരമ്പുകളിൽ ഒതുങ്ങിനിൽക്കാത്ത മനുഷ്യസ്നേഹത്തിന്റെ അടയാളങ്ങളാണ് ഗുജറാത്തിലും മുസഫർ നഗറിലും ഒക്കെ നാം കാണുന്നത്.
1967-ലാണ് സയ്യിദ് അബ്‌ദുർറഹ്‌മാൻ ബാഫഖി തങ്ങളുടെ അധ്യക്ഷതയിൽ നടന്ന വയനാട്ടിലെ മുസ്്ലിം പൗരപ്രമുഖൻമാരുടെ യോഗത്തിൽ വയനാട് മുസ്്ലിം അനാഥശാലക്ക് തുടക്കമാകുന്നത്. അവിടെ ഒത്തുകൂടിയ പൗരപ്രമുഖൻമാരോടൊപ്പം 30 വയസ്സ് പോലും തികയാത്ത മുഹമ്മദ് ജമാൽ എന്ന ചെറുപ്പക്കാരനും ഉണ്ടായിരുന്നു. അന്ന് നിലവിൽവന്ന പ്രഥമ ഭരണസമിതിയിൽ ജോയിൻ സെക്രട്ടറിയായി ജമാൽ സാഹിബ് തെരഞ്ഞെടുക്കപ്പെട്ടു. തുടക്കത്തിൽ നേതൃത്വം നൽകിയവരിൽ പലരും അല്ലാഹുവിലേക്ക് യാത്രയായതോടെ 1987-ൽ അദ്ദേഹം ജനറൽ സെക്രട്ടറിയായി. അവിടുന്നിങ്ങോട്ട് ഇഴപിരിക്കാനാവാത്തതാണ് ജമാൽ സാഹിബിന്റെ ജീവിതവും അനാഥശാലയുടെ ചരിത്രവും. ചുമതലയേറ്റെടുക്കുമ്പോൾ ബാലാരിഷ്‌ടതകളിലായിരുന്നു സ്ഥാപനം. ബാക്കിയിരിപ്പായി വറുതിയും ദാരിദ്ര്യവും. പ്രതീക്ഷയായി അല്ലാഹുവിന്റെ കാവലും മഹാ മനസ്കരുടെ മനസ്സലിവും മാത്രം. എന്നാലിന്ന്, വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ വിവിധ മേഖലകളിൽ ചിറക് വിരിച്ച് നിൽക്കുന്ന മഹാ പ്രസ്ഥാനമായി വയനാട് മുസ്്ലിം ഓർഫനേജ് (ഡബ്ലു.എം.ഒ) വളർന്നു കഴിഞ്ഞിരിക്കുന്നു. ഈ വളർച്ചയുടെ ഓരോ പടവിലും ജമാൽ സാഹിബിന്റെ വിയർപ്പിന്റെ ഗന്ധമുണ്ട്; നിശ്ചയദാർഢ്യത്തിന്റെ തിളക്കമുണ്ട്.
"റെസ്പെക്റ്റ് ദ ചൈൽഡ് ആസ് എ പെഴ്സൺ' (കുട്ടികളെ മുതിർന്നവരെപ്പോലെ ആദരിക്കുക) എന്നതാണ് ഡബ്ലു.എം.ഒ യുടെ ആപ്‌ത വാക്യം. ജമാൽ സാഹിബിന് ഇത് കേവല മുദ്രാവാക്യം എന്നതിനപ്പുറം ജീവിത ദർശനം തന്നെയായിരുന്നു. അന്തേവാസികളെ മക്കൾ എന്നോ ഹോസ്റ്റൽ വിദ്യാർഥികൾ എന്നോ അല്ലാതെ അനാഥ കുട്ടികൾ എന്ന് വിളിക്കരുതെന്നത് ജമാൽ സാഹിബിന്റെ കർശന നിർദേശമാണ്. ഭക്ഷണ ഹാളിൽ അവരോടൊപ്പം ഭക്ഷണം കഴിച്ച്, ഭക്ഷണ പാത്രവും കൈവെള്ളയും പരിശോധിച്ച് സ്നേഹപൂർവം ഭക്ഷണ മര്യാദകൾ ഉപദേശിച്ചുകൊടുക്കുന്നത് അദ്ദേഹത്തിന്റെ പതിവായിരുന്നു. ഈ സ്നേഹ വായ്പിലൂടെയാണ് അദ്ദേഹം മലയാളി കുട്ടികളുടെ 'ജമാലുപ്പ'യും ഇതര ഭാഷക്കാരുടെ 'അബ്ബ'യുമായി മാറിയത്. ദീനാനുകമ്പയും നിശ്ചയ ദാർഢ്യവുമായിരുന്നു ജമാൽ സാഹിബിന്റെ മുഖമുദ്ര. ഭിന്നശേഷിക്കാർ, മാനസിക പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നവർ, സാന്ത്വന പരിചരണം ആവശ്യമുള്ളവർ തുടങ്ങിയവരെ മുന്നിൽ കണ്ട്, ഡോക്ടർ ഇദ്‌രീസിനൊപ്പം നൂറ് കോടി രൂപയുടെ സഹാറാ ഭാരത് ഫൗണ്ടേഷൻ എന്ന സ്വപ്ന പദ്ധതിയുമായി മുന്നോട്ടുപോകുന്നതിനിടയിലാണ് അദ്ദേഹം അല്ലാഹുവിലേക്ക് യാത്രയാകുന്നത്. ജിഫ്രി തങ്ങൾ നേതൃത്വം നൽകുന്ന സമസ്തയുടെ പ്രവർത്തകനായിരുന്നു ജമാൽ സാഹിബ്. മുസ്്ലിം ലീഗായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ തട്ടകം. എന്നാൽ, ആരെയും ചേർത്തുനിർത്തുന്നതിലും ആരോടും ചേർന്നു നിൽക്കുന്നതിലും ഇതൊന്നും അദ്ദേഹത്തിന് തടസ്സമായിരുന്നില്ല. ഏതൊരാളെയും സ്നേഹംകൊണ്ടും അവർക്ക് നൽകുന്ന ആദരവ് കൊണ്ടും കീഴ്്പെടുത്തുന്ന അദ്ദേഹത്തിന്റെ വശ്യവ്യക്തിത്വത്തിന്റെ അനുഭവ സാക്ഷി കൂടിയാണ്, അദ്ദേഹം നേതൃത്വം നൽകിയ സ്ഥാപനത്തിൽ ദീർഘ കാലം ജോലി ചെയ്യാൻ അവസരം ലഭിച്ച ഈയുള്ളവൻ. മഹത്തുക്കൾക്ക് ഒരു സവിശേഷതയുണ്ട്. അവർ മൺമറഞ്ഞാലും അവരുടെ കാൽപ്പാടുകൾ നമ്മെ പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കും. അവർ എറിഞ്ഞിട്ടു പോയ വിത്തുകൾ മരുപ്പറമ്പിലാണെങ്കിലും ഒരുപാട് വസന്തങ്ങൾക്ക് കാരണമാകും. അവരിലൊരാളായിരുന്നു ജമാൽ സാഹിബ് എന്ന എം.എ മുഹമ്മദ് ജമാൽ. പ്രശാന്തമായ മനസ്സിനുടമയായി, മാലാഖമാർ വരവേൽക്കുന്ന സച്ചരിതരുടെ കൂട്ടത്തിൽ അല്ലാഹു അദ്ദേഹത്തെ ഉൾപ്പെടുത്തുമാറാകട്ടെ. l
മാളയുടെ ഇസ് ലാമിക ഉണര്‍വിന്റെയും മതസൗഹാര്‍ദത്തിന്റെയും ചരിത്രം രേഖപ്പെടുത്തുമ്പോള്‍ നിര്‍ബന്ധമായും ഉൾപ്പെടുത്തേണ്ട രണ്ട് വ്യക്തിത്വങ്ങളാണ് കോഴിക്കോട് ജില്ലയിലെ വാണിമേലിലെ നരിപ്പറ്റയില്‍നിന്ന് മാളയില്‍ താമസമാക്കിയ കെ. അബ്ദുസ്സലാം മൗലവിയും ആലപ്പുഴ ജില്ലയിലെ നീര്‍ക്കുന്നത്ത് നിന്ന് മാളയില്‍ താമസമാക്കിയ ടി.എ മുഹമ്മദ് മൗലവിയും. ഇരുവരും തങ്ങളുടെ പേരിനോടൊപ്പം മാളയുടെ പേരും ചേര്‍ത്താണ് അറിയപ്പെട്ടത്. അബ്ദുസ്സലാം മൗലവി ഇരുപത്തിനാല് വര്‍ഷം മുമ്പ് അല്ലാഹുവിലേക്ക് യാത്രയായി. ഇക്കഴിഞ്ഞ നവംബര്‍ പതിനാലിന് മാള ടി.എ മുഹമ്മദ് മൗലവി(87)യും നമ്മെ വിട്ടുപിരിഞ്ഞു.
പൊന്നാനി താലൂക്കിലെ പുന്നയൂര്‍ക്കുളം പെരുമ്പടപ്പില്‍നിന്ന് ആലപ്പുഴ ജില്ലയിലെ നീര്‍ക്കുന്നത്ത് വന്നു താമസമാക്കിയ അഹ് മദ് കുട്ടി ഹാജിയാണ് ടി.എ മുഹമ്മദ് മൗലവിയുടെ പിതാവ്. പണ്ഡിത കുടുംബമായിരുന്നു ടി.എ മൗലവിയുടേത്. പിതാവും പിതാമഹന്‍ കുട്ട്യാമു മുസ് ലിയാരും പിതാവിന്റെ അമ്മാവനും (വടക്കന്‍ മുസ് ലിയാര്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടത്) പണ്ഡിതന്മാരും കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഖത്വീബും മുദർരിസുമൊക്കെയായി സേവനമനുഷ്ഠിച്ചവരുമാണ്. നീര്‍ക്കുന്നത്ത് നിന്ന് വിവാഹം കഴിച്ച് അവിടത്തുകാരനായി മാറിയ അമ്മാവന്‍ വടക്കന്‍ മുസ് ലിയാരുടെ ആഗ്രഹ പ്രകാരം ടി.എ മൗലവിയുടെ പിതാവും നീര്‍ക്കുന്നത്ത് നിന്ന് വിവാഹം കഴിച്ച് പരിസര പ്രദേശങ്ങളില്‍ ഖത്വീബും മുദർരിസുമായി സേവനമനുഷ്ഠിച്ച് നീര്‍ക്കുന്നത്തുകാരനായി മാറി. പുന്നയൂര്‍ക്കുളത്തെയും നീര്‍ക്കുന്നത്തെയും രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം അതോടെ കൂടുതല്‍ ശക്തമായി.
പുന്നയൂര്‍ക്കുളം കോറോത്തതില്‍ അഹ് മദ് കുട്ടി ഹാജിയുടെയും നീര്‍ക്കുന്നം കപ്പാംമൂട്ടില്‍ ഉമ്മുകുത്സൂം ബീവിയുടെയും ഒമ്പത് മക്കളില്‍ ഒന്നാമനായാണ് 1936-ൽ ടി.എ മുഹമ്മദ് മൗലവി ജനിക്കുന്നത്. നാലം ക്ലാസില്‍ സ്‌കൂള്‍ പഠനം അവസാനിപ്പിക്കേണ്ടി വന്ന അദ്ദേഹം പള്ളിദര്‍സിലേക്ക് തിരിഞ്ഞത് അദ്ദേഹത്തിന്റെ ജീവിതത്തിലെ വഴിത്തിരിവായി. ആറാട്ടുപുഴ, പുന്നപ്ര, നീര്‍ക്കുന്നം, പുന്നയൂര്‍ക്കുളം, കീരിക്കാട്, ക്ലാപ്പന, പന്താവൂര്‍, ചന്തിരൂര്‍ തുടങ്ങിയ വിവിധ പള്ളിദര്‍സുകളിലൂടെ ആ പഠനയാത്ര തുടര്‍ന്നു. ഒടുവില്‍ കായംകുളം ഹസനിയ അറബിക് കോളേജില്‍ എത്തിച്ചേരുകയും അവിടന്നു 'മൗലവി അല്‍ ഹസനി' ബിരുദം നേടുകയും ചെയ്തു.
ഹസനിയയിലെ പഠനകാലത്ത് അദ്ദേഹം കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആകൃഷ്ടനായി. അധികൃതരുടെ കണ്ണ് വെട്ടിച്ച് പാര്‍ട്ടി സാഹിത്യങ്ങള്‍ വായിക്കുകയും പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്യുമായിരുന്നു. സഹപാഠികളുമായും അധ്യാപകരുമായും അദ്ദേഹം സംവാദത്തിലേര്‍പ്പെട്ടു. പാര്‍ട്ടിക്കുവേണ്ടി വാദിച്ചു. കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കളായ എം.എന്‍ ഗോവിന്ദന്‍ നായര്‍, തോപ്പില്‍ ഭാസി, ഇമ്പിച്ചി ബാവ, അഡ്വ. ആഇഷ ഭായ് തുടങ്ങിയവരുമായി ഉറ്റബന്ധം പുലര്‍ത്തി. ചെറുപ്പത്തില്‍ ദിവാന്‍ സര്‍ സി.പി രാമസ്വാമിയുടെ രാജഭരണത്തിലെ ഭരണകൂട ഭീകരതകളും അതിനെതിരെ നടന്ന പുന്നപ്ര വയലാര്‍ സമര പോരാട്ടങ്ങളും കണ്ടു വളര്‍ന്ന ടി.എ മൗലവിയുടെ മനസ്സില്‍ ഭരണകൂട-മുതലാളിത്ത അവിശുദ്ധ കൂട്ടുകെട്ടിനെതിരെ അമര്‍ഷം വളര്‍ന്നു. കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നടത്തുന്ന ശ്രമങ്ങളും പാര്‍ട്ടി നേതാക്കളുടെ ലളിത ജീവിതവും പോരാട്ടവീര്യവുമൊക്കെയാണ് അദ്ദേഹത്തെ കമ്യൂണിസത്തിലേക്ക് ആകര്‍ഷിച്ചത്. തന്റെ സ്വത്ത് മുഴുവന്‍ വിറ്റ് പാര്‍ട്ടിക്ക് സംഭാവന ചെയ്ത് പാര്‍ട്ടി ഓഫീസില്‍ അന്തിയുറങ്ങി ജീവിതം പാര്‍ട്ടിക്കുവേണ്ടി സമര്‍പ്പിച്ച ആര്‍. സുഗതന്‍ ടി.എ മൗലവിയെ ഏറെ സ്വാധീനിച്ച നേതാവാണ്.
അദ്ദേഹത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍നിന്ന് പിന്തിരിപ്പിക്കാന്‍ ഗുരുനാഥന്മാരില്‍ പലരും ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. ആയിടക്ക് ഹസനിയ സന്ദര്‍ശിച്ച സി.എന്‍ അഹ്്മദ് മൗലവിയുമായി സംസാരിക്കാന്‍ അധ്യാപകര്‍ അവസരമൊരുക്കിക്കൊടുത്തെങ്കിലും ടി.എ മൗലവി തന്റെ നിലപാടില്‍ ഉറച്ചുനിന്നു. സംസാരത്തിനൊടുവില്‍ സി.എന്‍ അഹ്്മദ് മൗലവി പ്രബോധനം വായിക്കാന്‍ നിര്‍ദേശിക്കുകയും അദ്ദേഹം തന്നെ അത് ടി.എ മൗലവിക്ക് അയച്ചുകൊടുക്കുകയും ചെയ്തു. പ്രബോധനം വായന തുടങ്ങിയത് അദ്ദേഹത്തിന്റെ ജീവിതത്തിലെ മറ്റൊരു വഴിത്തിരിവായിരുന്നു. പ്രബോധനം വായന തന്നിലുണ്ടാക്കിയ ചിന്താപരമായ മാറ്റത്തെക്കുറിച്ച് അദ്ദേഹം തന്റെ ജീവിതം പറയവെ രേഖപ്പെടുത്തിയത് ഇങ്ങനെയാണ്: ''പേജുകള്‍ മറിച്ചു നോക്കിയപ്പോൾ ആദ്യം ശ്രദ്ധയില്‍ പെട്ടത് 'ഒരു മനുഷ്യന്‍ ഒരു വ്യവസ്ഥ' എന്ന ലേഖനമാണ്. എഴുതിയത് പി. ഉസ്മാന്‍ കറാച്ചി. ലേഖനം വായിച്ചു തീര്‍ന്നപ്പോള്‍ മനസ്സ് കലുഷമായി. പിന്നീടങ്ങോട്ട് കുറച്ച് ദിവസം ചിന്തയില്‍ തന്നെയായിരുന്നു. തുടര്‍ ലക്കങ്ങളില്‍ വന്ന ലേഖനത്തിന്റെ ബാക്കി ഭാഗങ്ങള്‍ താല്‍പര്യത്തോടെ വായിച്ചു. തലയില്‍ പുതിയൊരു വെളിച്ചം കയറുന്നതു പോലെ അനുഭവപ്പെട്ടു. ഇസ് ലാമിന്റെ സമ്പൂര്‍ണത, പ്രായോഗികത, സാര്‍വലൗകികത, സര്‍വ പ്രശ്‌നങ്ങള്‍ക്കും പരിഹാരങ്ങള്‍ നല്‍കാനുള്ള ശേഷി തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ അപ്പോള്‍ മാത്രമാണ് മനസ്സിലായത്. കനപ്പെട്ട കിത്താബുകള്‍ ഓതിയിട്ടും എനിക്കത് എന്തുകൊണ്ട് നേരത്തെ ബോധ്യപ്പെട്ടില്ല! ഇസ് ലാമിനെ സമഗ്ര സ്വഭാവത്തില്‍ അവതരിപ്പിക്കുന്ന പ്രൗഢമായ ഗ്രന്ഥങ്ങളായിരുന്നല്ലോ അവയെല്ലാം. കിത്താബുകള്‍ പഠിപ്പിക്കേണ്ട വിധം പഠിപ്പിക്കപ്പെട്ടില്ല എന്നു സാരം. ഞാന്‍ പ്രബോധനത്തിന്റെ സ്ഥിരം വായനക്കാരനായി. ഇസ് ലാം മനോഹരമായ ഒരു സാമൂഹിക, രാഷ്ട്രീയ വ്യവസ്ഥ മുന്നോട്ട് വെക്കുന്നുണ്ട് എന്ന് ബോധ്യപ്പെട്ടു. അതുകൊണ്ടു തന്നെ മനുഷ്യ നിര്‍മിത ഭൗതിക പ്രസ്ഥാനങ്ങളുടെ രാഷ്ട്രീയ സിദ്ധാന്തങ്ങള്‍ അംഗീകരിക്കാന്‍ ഒരു മുസ് ലിമിന് വകുപ്പില്ല എന്നു മനസ്സിലായി. എന്റെ ജീവിതത്തിലെ അപ്രതീക്ഷിത വഴികാട്ടിയായി സി.എന്‍ മാറുകയായിരുന്നു'' (പ്രബോധനം 2018 ഫെബ്രുവരി 16).
ഹസനിയയില്‍ പഠിക്കുന്ന കാലത്താണ് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ രൂപവത്കരണം നടക്കുന്നത്. ആ യോഗത്തില്‍ പങ്കെടുക്കുകയും അംഗത്വമെടുക്കുകയും ചെയ്തിരുന്നു. ഹസനിയയിലെ പഠനം പൂര്‍ത്തിയാക്കിയ ശേഷം തേയിലക്കച്ചവടക്കാരനായി 1957-ല്‍ മാളയിലേക്ക് വണ്ടികയറി. അങ്ങനെയാണ് 'മൗലവി അല്‍ ഹസനി' ബിരുദം നേടിയ അദ്ദേഹം മാളക്കാരുടെ 'ചായപ്പൊടി മുസ് ലിയാര്‍' ആകുന്നത്.
മാളയില്‍ വെച്ചാണ് അദ്ദേഹം സജീവ ജമാഅത്തെ ഇസ് ലാമി പ്രവര്‍ത്തകനാകുന്നത്. മാളയിലെ അംഗുലീപരിമിതമായ ജമാഅത്ത് പ്രവര്‍ത്തകരോടൊപ്പം ചേര്‍ന്നു മാള മഹല്ല് പള്ളിയായ മുഹ് യിദ്ദീന്‍ ജുമുഅത്ത് മസ്ജിദിന്റെയും പരിസരത്തെ പള്ളികളുടെയും നടത്തിപ്പ് കാര്യക്ഷമമാക്കുന്നതില്‍ ശ്രദ്ധ ചെലുത്തി. വീടുകള്‍ കയറിയിറങ്ങി ആളുകളെ പള്ളിയിലേക്ക് ക്ഷണിച്ചു.
കെ. അബ്ദുസ്സലാം മൗലവി മാളയില്‍ താമസമാക്കിയതോടെ മാളയിലെ ഇസ് ലാമിക പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമായി. തല്‍പരകക്ഷികളുടെ എതിര്‍പ്പും കൂടിക്കൂടി വന്നു. സ്വന്തമായി നമസ്‌കാരത്തിനും ജുമുഅക്കും സൗകര്യമൊരുക്കാന്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യവുമുണ്ടായി. അങ്ങനെയാണ് ഇന്ന് മാള ടൗണില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ഇസ് ലാമിക പ്രസ്ഥാനത്തിന്റെ അഭിമാനമായ ഐ.എസ്.ടി പിറവിയെടുക്കുന്നത്. ഐ.എസ്.ടിയുടെ തുടക്കമായി പണിത ഷെഡില്‍ സ്ത്രീകള്‍ക്കു കൂടി സൗകര്യം ഏര്‍പ്പെടുത്തി ജുമുഅയും ആരംഭിച്ചു. ഇപ്പോഴത്തെ ഐ.എസ്.ടി ബില്‍ഡിംഗിലെ ജുമുഅത്ത് പള്ളിയുടെ ഉദ്ഘാടനം ടി.കെ മുഹമ്മദ് ആലുവ, സച്ചിദാനന്ദ സ്വാമി, ഒരു ക്രൈസ്തവ പുരോഹിതന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചത്. ഇംഗ്ലീഷ് പത്രമുള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ വളരെ പ്രാധാന്യത്തോടെ അത് റിപ്പോര്‍ട്ട് ചെയ്തു. ഈ സംഭവം ഏറെ വിമര്‍ശനങ്ങള്‍ക്കും കാരണമായി. മുസ് ലിംകള്‍ അല്ലാത്തവരെ പള്ളിയില്‍ കയറ്റി എന്നതായിരുന്നു ആക്ഷേപം. ഉദ്ഘാടനം ഇങ്ങനെയായിരിക്കണം എന്നു തീരുമാനിക്കുന്നതിലും അതു നടപ്പാക്കുന്നതിലും മുന്നില്‍നിന്നത് ടി.എ മൗലവി ആയിരുന്നു. അദ്ദേഹത്തെ വിമര്‍ശിച്ചുകൊണ്ട് ആരോ അദ്ദേഹത്തിന് എഴുതിയ കത്തിന്റെ തുടക്കം 'ഓം മുഹമ്മദ് സ്വാമി നമ ശിവായഃ' എന്നായിരുന്നു; തുടർന്ന് കുറെ തെറികളും.
വിവിധ മതനേതാക്കളുമായും രാഷ്ട്രീയ നേതാക്കളുമായും വ്യക്തിബന്ധം സ്ഥാപിച്ചിരുന്ന അദ്ദേഹം മതസൗഹാര്‍ദത്തിനുവേണ്ടി നിലകൊള്ളുകയും ആവശ്യമായ സന്ദര്‍ഭങ്ങളില്‍ വേണ്ട ഇടപെടലുകള്‍ നടത്തുകയും ചെയ്തു. മാളക്കടുത്ത ചക്കാംപറമ്പ് അമ്പലത്തിലെ ഉത്സവത്തിനിടയില്‍ രണ്ട് മുസ് ലിം കുട്ടികൾ എന്തോ പറഞ്ഞ് തല്ലുണ്ടാക്കി. വര്‍ഗീയ ലഹളയിലേക്ക് വരെ തെന്നിമാറിപ്പോകുമായിരുന്ന ആ സംഭവം രമ്യമായി പരിഹരിക്കുന്നതില്‍ മൗലവിയുടെ ഇടപെടലിന് വലിയ പങ്കുണ്ടായിരുന്നു.
ഐ.എസ്.ടിയുടെ ആഭിമുഖ്യത്തില്‍ വിവിധ മതവിഭാഗങ്ങളെ പങ്കെടുപ്പിച്ച് സമൂഹ വിവാഹം സംഘടിപ്പിച്ചപ്പോള്‍ അതിന്റെ ഫണ്ട് ശേഖരണം ഉദ്ഘാടനം ചെയ്തത് മുൻ മുഖ്യമന്ത്രി കെ. കരുണാകരനാണ്. കെ.എ സിദ്ദീഖ് ഹസന്‍ സാഹിബ് ഖുത്വ്്ബ നിര്‍വഹിച്ച ചടങ്ങില്‍ മുഖ്യ അതിഥിയായി പങ്കെടുത്തത് അന്നത്തെ ജില്ലാ കളക്ടര്‍ ടിക്കാറാം മീണയായിരുന്നു. വടക്കേ ഇന്ത്യക്കാരനായ അദ്ദേഹം ആശംസാ പ്രസംഗത്തില്‍ ആവേശത്തോടെ പറഞ്ഞു: ''മതസൗഹാര്‍ദം എന്നൊന്നുണ്ടെങ്കില്‍ അതിവിടെയാണ്, ഇവിടെയാണ്, ഇവിടെയാണ്.'' ഈ പ്രവര്‍ത്തനങ്ങള്‍ക്കൊക്കെയും ചുക്കാന്‍ പിടിച്ചത് ടി.എ മൗലവിയായിരുന്നു. പാലക്കാട് ജില്ലാ നാസിമായിരിക്കെ വിവിധ മതവിഭാഗങ്ങളെ ഉള്‍പ്പെടുത്തി രൂപവത്കരിച്ച പാലക്കാട് സൗഹൃദ വേദി മതസൗഹാര്‍ദം നിലനിര്‍ത്തുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്.
മുന്‍ മുഖ്യമന്ത്രി കെ. കരുണാകരനുമായി വളരെ അടുത്ത ബന്ധമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ആ ബന്ധം ഇസ് ലാമിക പ്രസ്ഥാനത്തിന് അനുഗുണമാംവിധം ഉപയോഗപ്പെടുത്തുന്നതിലും മൗലവി പ്രത്യേകം ശ്രദ്ധിച്ചു. ഒരിക്കല്‍ പരിചയപ്പെടുന്നവരോട് ബന്ധം സ്ഥാപിച്ച് നിലനിര്‍ത്തുന്നതില്‍ പ്രത്യേക തല്‍പരനായിരുന്നു അദ്ദേഹം. ബന്ധപ്പെടുന്നവരില്‍ പ്രധാനപ്പെട്ടവരുടെയൊക്കെ ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തിയ ഡയറി ഈ മൊബൈല്‍ യുഗത്തിലും സന്തത സഹചാരിയായി കൂടെ ഉണ്ടാകുമായിരുന്നു. അതെവിടെയെങ്കിലും മറന്നുപോയാല്‍ (അതു പലപ്പോഴും സംഭവിക്കുമായിരുന്നു) അത് തിരികെ കിട്ടുന്നതു വരെ വലിയ അസ്വസ്ഥത പ്രകടിപ്പിക്കും.
ഭൗതിക പ്രസ്ഥാനങ്ങളില്‍ ആകൃഷ്ടരായ ഒരുപാട് പേരെ ഇസ് ലാമിന്റെ വഴിയിലേക്ക് കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായിരുന്ന എന്റെ വാപ്പയെ ഇസ് ലാമിക പ്രസ്ഥാന പ്രവര്‍ത്തകനാക്കി മാറ്റിയത് എന്റെ അമ്മാവന്‍ കൂടിയായ ടി.എ മൗലവിയാണ്. അതുവഴി ഞങ്ങളുടെ കുടുംബത്തിലെ ഉമ്മയുള്‍പ്പെടെ എല്ലാവര്‍ക്കും ഇസ് ലാമിക പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരാകാന്‍ ഭാഗ്യം ലഭിച്ചു. അങ്ങനെ എത്രയെത്ര കുടുംബങ്ങള്‍. ഒരുകാലത്ത് കേരളത്തിലെ ഇസ് ലാമിക പ്രസ്ഥാനത്തിന്റെ സ്റ്റേജുകളിലെ തീപ്പൊരി പ്രസംഗകനായിരുന്ന സി.കെ.ബി വാളൂരിനെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തില്‍നിന്ന് ഇസ് ലാമിക പ്രസ്ഥാനത്തിലേക്ക് വഴിനടത്തിച്ചത് കെ. അബ്ദുസ്സലാം മൗലവിയുടെയും ടി.എ മൗലവിയുടെയും ശ്രമങ്ങളാണ്.
1979-ല്‍ ജമാഅത്ത് അംഗമായതോടെ മുഴുസമയ ജമാഅത്ത് പ്രവര്‍ത്തകനായി മാറി. തൃശൂര്‍ ജില്ലാ നാസിം, പാലക്കാട് ജില്ലാ നാസിം, സംസ്ഥാന കൂടിയാലോചനാ സമിതി അംഗം എന്നീ ഉത്തരവാദിത്വങ്ങള്‍ വഹിച്ചു.
കേരളത്തിലെ ഒരുപാട് വേദികളില്‍ ഇസ് ലാമിക പ്രഭാഷണങ്ങളും പ്രാസ്ഥാനിക പ്രഭാഷണങ്ങളും നടത്തി. പരലോകം അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ് വിഷയമായിരുന്നു. പരലോകത്തെ കുറിച്ച അദ്ദേഹത്തിന്റെ പ്രഭാഷണം കേള്‍ക്കുന്നവരില്‍ കണ്ണീര്‍ പൊഴിക്കാത്തവരായി ആരുമുണ്ടാവില്ല.
1977-ല്‍ അടിയന്തരാവസ്ഥക്കു ശേഷം എന്റെ നാടായ നീര്‍ക്കുന്നത്ത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ പ്രവര്‍ത്തകര്‍ പത്ത് ദിവസം നീണ്ടുനിന്ന ഒരു ജമാഅത്ത് വിമര്‍ശന വഅ്‌ള് പരമ്പര സംഘടിപ്പിച്ചു. സമസ്ത നേതാക്കളായ വാണിയമ്പലം അബ്ദുര്‍റഹ് മാന്‍ മുസ് ലിയാര്‍, ഇ.കെ അബൂബക്കര്‍ മുസ് ലിയാര്‍, ഇ.കെ ഹസന്‍ മുസ് ലിയാര്‍ തുടങ്ങിയ പ്രഗത്ഭ പണ്ഡിതന്മാരായിരുന്നു പ്രഭാഷകര്‍. ഈ പത്ത് ദിവസത്തെ ഖണ്ഡന പ്രസംഗങ്ങള്‍ക്ക് ജമാഅത്ത് സംഘടിപ്പിച്ച മറുപടി പ്രസംഗത്തിലെ പ്രാസംഗികന്‍ നീര്‍ക്കുന്നത്തുകാരനായ മാള ടി.എ മുഹമ്മദ് മൗലവിയായിരുന്നു. 'വിമര്‍ശനങ്ങളുടെ പൊള്ളത്തരങ്ങള്‍' എന്ന തലക്കെട്ടില്‍ നാല് മണിക്കൂറിലധികം നീണ്ടുനിന്ന പ്രസംഗത്തില്‍, പത്ത് ദിവസം വിവിധ പണ്ഡിതന്മാര്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും സമസ്ത വിഭാഗം തന്നെ അംഗീകരിക്കുന്ന കിത്താബുകളുടെ പിന്‍ബലത്തില്‍ യുക്തിഭദ്രമായി അക്കമിട്ട് മറുപടി നല്‍കി. നീര്‍ക്കുന്നത്തെയും പരിസരപ്രദേശങ്ങളിലെയും ജമാഅത്തെ ഇസ് ലാമി പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശം പകര്‍ന്നുനല്‍കുന്നതും, നാട്ടുകാരില്‍ ധാരാളമാളുകളുടെ തെറ്റിദ്ധാരണകള്‍ നീക്കുന്നതും പ്രസ്ഥാനവ്യാപനത്തിന് ആക്കം കൂട്ടുന്നതുമായിരുന്നു ആ പ്രസംഗം. നീര്‍ക്കുന്നത്ത് അതിന് മുമ്പോ ശേഷമോ അതുപോലൊരു പരിപാടി നടന്നിട്ടില്ല.
ശ്രുതി മധുരമായിരുന്നു അദ്ദേഹത്തിന്റെ ഖുര്‍ആന്‍ പാരായണം. സ്വരമാധുര്യമുള്ളതായിരുന്നു അറബി കവിതാലാപനം. മാളക്കാര്‍ ഒരു കാലത്ത് ഉറക്കമുണര്‍ന്നിരുന്നത് മാള മുഹ് യിദ്ദീന്‍ ജുമുഅ മസ്ജിദില്‍നിന്ന് സ്വുബ്ഹിക്ക് മുമ്പ് മൈക്കിലൂടെയുള്ള അദ്ദേഹത്തിന്റെ ഖുര്‍ആന്‍ പാരായണം കേട്ടുകൊണ്ടായിരുന്നു. ധാരാളം അറബിക്കവിതകള്‍ മനഃപാഠമുണ്ടായിരുന്ന അദ്ദേഹത്തിന് സന്ദര്‍ഭാനുസാരം അവ ഉദ്ധരിക്കാനും കഴിഞ്ഞിരുന്നു. നല്ല ശബ്ദത്തിന് ഉടമയായ അദ്ദേഹം ഖുര്‍ആനും ഹദീസും മേമ്പൊടിയായി അറബിക്കവിതകളും ഉദ്ധരിച്ചുകൊണ്ട് നടത്തുന്ന പ്രഭാഷണങ്ങള്‍ എത്രനേരം വേണമെങ്കിലും കേട്ടിരുന്നുപോകും.
ജില്ലാ നാസിം സ്ഥാനത്തുനിന്ന് ഒഴിഞ്ഞ ശേഷം കേരളത്തിലെ, പ്രത്യേകിച്ച് തെക്കന്‍ കേരളത്തിലെ പണ്ഡിതന്മാരെയും ഖത്വീബുമാരെയും കാണാനും പ്രസ്ഥാനത്തെ അവര്‍ക്കു പരിചയപ്പെടുത്താനുമാണ് കൂടുതല്‍ സമയം ചെലവഴിച്ചത്. മൂന്നു വര്‍ഷക്കാലത്തെ ഈ പ്രവര്‍ത്തനത്തില്‍ നൂറ്റിയമ്പതിലധികം പണ്ഡിതന്മാരുമായി ബന്ധം സ്ഥാപിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
കുടുംബ ബന്ധങ്ങള്‍ ചേര്‍ക്കുന്നതിലും പരിപാലിക്കുന്നതിലും അദ്ദേഹം അതീവ ശ്രദ്ധ പുലര്‍ത്തി. അറ്റുപോകുമായിരുന്ന എത്രയെത്ര കുടുംബബന്ധങ്ങളും ദാമ്പത്യ ബന്ധങ്ങളുമാണ് അദ്ദേഹത്തിന്റെ സ്‌നേഹസമ്പന്നമായ ഇടപെടലിലൂടെ വിളക്കിച്ചേര്‍ത്തത്! ഒരേവീട്ടില്‍ താമസിക്കവെ തന്നെ പരസ്പരം മിണ്ടാതെ, ഉരിയാടാതെ രണ്ടു റൂമുകളിലായി വര്‍ഷങ്ങളോളം പിണങ്ങിക്കഴിഞ്ഞ പേരക്കുട്ടികളുള്ള ദമ്പതികളുടെ വിഷയത്തില്‍ ഇടപെട്ട് രണ്ടു മൂന്ന് മണിക്കൂറെടുത്ത സംഭാഷണത്തിനൊടുവില്‍ അവര്‍ സന്തോഷത്തോടെ പഴയ ജീവിതത്തിലേക്ക് മടങ്ങിയതിന് ഞാന്‍ സാക്ഷിയാണ്.
പിതാവിന്റെ ജന്മനാടായ പുന്നയൂര്‍ക്കുളത്തെയും മാതാവിന്റെ നാടായ നീര്‍ക്കുന്നത്തെയും കുടുംബബന്ധങ്ങള്‍ നിലനിര്‍ത്താനും ബന്ധുക്കളെ സന്ദര്‍ശിക്കാനും പ്രത്യേകം താല്‍പര്യമെടുത്തിരുന്നു. നീര്‍ക്കുന്നത്ത് വരുമ്പോഴൊക്കെ ഞങ്ങളെ ആരെയെങ്കിലും ഒപ്പം കൂട്ടി എല്ലാ കുടുംബവീടുകളും സന്ദര്‍ശിച്ചേ മാളക്ക് മടങ്ങുമായിരുന്നുള്ളൂ. പെരുന്നാളിനോടനുബന്ധിച്ച് നീര്‍ക്കുന്നത്ത് വരുമ്പോള്‍ ഞങ്ങള്‍ ഒരുമിച്ചു കൂടും. കുട്ടികള്‍ക്കു നല്‍കാന്‍ പെരുന്നാള്‍പടിയും കരുതിയാണ് ആ വരവ്. അവര്‍ അതിനായി കാത്തിരിക്കും. ആ കറുത്ത ബാഗില്‍ കരുതിയിട്ടുള്ള തേനെടുത്ത് കൈയിലൂടെ ഹൃദയത്തിലേക്ക് പകര്‍ന്നുനല്‍കും. കുട്ടികളുടെ എല്ലാവരുടെയും പേര് ഓര്‍മയുണ്ടാവില്ല. എന്നാലും അവനെന്ത്യേ, അവളെന്ത്യേ എന്നു ചോദിച്ച് എല്ലാവരെയും അന്വേഷിക്കും. തോളില്‍ കൈയിട്ടും കെട്ടിപ്പിടിച്ചും മുത്തം നല്‍കിയുമുള്ള ആ സ്‌നേഹസ്പര്‍ശം ഇനിയില്ല എന്ന യാഥാര്‍ഥ്യം അംഗീകരിക്കാന്‍ മനസ്സ് വിസമ്മതിക്കുന്നു. ടി.എ മൗലവി എന്ന ഞങ്ങളുടെ വല്യ മാമയോട് തര്‍ക്കിക്കാനും വിയോജിക്കാനും മറുവാക്കു പറയാനും തമാശ പറയാനുമുള്ള സ്വാതന്ത്ര്യം അദ്ദേഹം ഞങ്ങള്‍ മരുമക്കള്‍ക്കും മക്കള്‍ക്കും നിര്‍ലോഭം അനുവദിച്ചു തന്നിരുന്നു. ഞങ്ങള്‍ അത് വേണ്ടുവോളം ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
അതിഥികളെ സ്വീകരിക്കലും സല്‍ക്കരിക്കലും അദ്ദേഹത്തിന് ഏറെ ഇഷ്ടമായിരുന്നു. ഞങ്ങളുടെ അമ്മായി (മൗലവിയുടെ ഭാര്യ) ജീവിച്ചിരുന്ന കാലത്ത് അതിഥികളില്ലാത്ത ദിവസങ്ങള്‍ ആ വീട്ടില്‍ അപൂര്‍വമായിരുന്നു. പലവിധ പ്രയാസങ്ങള്‍ അനുഭവിക്കുന്നവരെ വീട്ടിൽ കൊണ്ടുവന്ന് ദിവസങ്ങളോളം നിര്‍ത്തുമായിരുന്നു. അവര്‍ക്കൊക്കെ വെച്ചുവിളമ്പിക്കൊടുക്കുന്നതില്‍ അമ്മായിയും സംതൃപ്തി കണ്ടിരുന്നു. കഷ്ടപ്പെടുന്നവരുടെയും, ജീവിതാവശ്യങ്ങള്‍ നിറവേറ്റാന്‍ പ്രയാസപ്പെടുന്നവരുടെയും വിഷമതകള്‍ നീക്കാന്‍ തന്നാലാവുന്നത് ചെയ്യും. ബാക്കി മറ്റുള്ളവരെക്കൊണ്ട് ചെയ്യിപ്പിക്കും. 2018-ലെയും 19-ലെയും വെള്ളപ്പൊക്ക ദുരിതബാധിതരെ സഹായിക്കാന്‍ തന്നാലാവുന്നത് ചെയ്തും, മറ്റുള്ളവരെക്കൊണ്ട് ചെയ്യിപ്പിച്ചും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. വെള്ളപ്പൊക്ക ദുരിതബാധിതരെ ഐ.എസ്.ടി ബില്‍ഡിംഗില്‍ താമസിപ്പിക്കുക മാത്രമല്ല, തന്റെ അനാരോഗ്യം അവഗണിച്ച് ഒരു കാര്‍ന്നോരെപ്പോലെ അതിനൊക്കെയും നേതൃത്വം വഹിക്കുകയും ചെയ്തു.
കുടുംബത്തിലെയും പരിചിത വൃത്തത്തിലെയും കുട്ടികളെ ഇസ് ലാമിക പ്രസ്ഥാനത്തിന്റെ കലാലയങ്ങളില്‍ അയച്ച് പഠിപ്പിക്കാന്‍ ഏറെ താല്‍പര്യം കാണിച്ചു, അദ്ദേഹം. ഞാനും അതിന്റെ ഗുണമനുഭവിച്ചവരില്‍ ഒരാളാണ്. പത്താം ക്ലാസില്‍ പഠനം അവസാനിപ്പിച്ച് തൊഴിലില്‍ ഏര്‍പ്പെട്ട എന്നെ രണ്ട് വര്‍ഷത്തിനു ശേഷം നിര്‍ബന്ധപൂര്‍വം കുറ്റ്യാടി ഇസ് ലാമിയാ കോളേജിലേക്ക് പഠനത്തിനായി പറഞ്ഞുവിട്ടത് വല്യമാമയും അനുജന്‍ സത്താര്‍ മാമയുമായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ വഴിത്തിരിവായിരുന്നു കുറ്റ്യാടിയിലേക്കുള്ള ആ യാത്ര.
കെ. അബ്ദുസ്സലാം മൗലവിയെയും ടി.എ മുഹമ്മദ് മൗലവിയെയും അനുസ്മരിക്കുമ്പോള്‍ നിര്‍ബന്ധമായും ഓര്‍മിക്കേണ്ട രണ്ടു പേര്‍ കൂടിയുണ്ട്- അവരുടെ രണ്ടു പേരുടെയും ഭാര്യമാര്‍. അബ്ദുസ്സലാം മൗലവിയുടെ ഭാര്യ റാബിത്തയും ടി.എ മുഹമ്മദ് മൗലവിയുടെ ഭാര്യ സഫിയയും. അവര്‍ സ്റ്റേജിലോ പൊതുരംഗത്തോ ഉണ്ടായിരുന്നില്ല. പക്ഷേ, അവര്‍ ഈ രണ്ട് മൗലവിമാരുടെയും പിന്നിലെ ശക്തിസ്രോതസ്സായിരുന്നു. അക്ഷരാര്‍ഥത്തില്‍ അവര്‍ക്കു താങ്ങും തണലുമായിരുന്നു. അവരില്ലായിരുന്നുവെങ്കില്‍ ഈ രണ്ട് മൗലവിമാരെയും ഈ രൂപത്തില്‍ നമുക്ക് ലഭിക്കുമായിരുന്നില്ല. ടി.എ മൗലവിയുടെ ഭാര്യ സഫിയ, ഞങ്ങളുടെ വല്യമ്മായി ആറു വര്‍ഷം മുമ്പ് അല്ലാഹുവിലേക്ക് യാത്രയായി. ആ വേർപാട് വല്യമാമയില്‍ വലിയ ആഘാതമാണ് ഉണ്ടാക്കിയത്. റാബിത്ത ടി.എ മൗലവിയുടെ വേര്‍പാടിന് ഒരാഴ്ച മുമ്പ് നവംബര്‍ 7-ന് അല്ലാഹുവിലേക്ക് യാത്രയായി. അല്ലാഹു എല്ലാവര്‍ക്കും മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കുമാറാകട്ടെ - ആമീന്‍.
ടി.എ മൗലവിയുടെ മക്കള്‍: ടി.എം നജീബ്, ടി.എം സഈദ. മരുമകന്‍ കെ. അബ്ദുസ്സലാം മൗലവിയുടെ മകന്‍ മുഹമ്മദലി. അദ്ദേഹത്തിന്റെ എട്ട് സഹോദരങ്ങളില്‍ ഒരാള്‍ ചെറുപ്രായത്തില്‍ തന്നെ മരണപ്പെട്ടു. മറ്റൊരാള്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായിലെ അറിയപ്പെടുന്ന പണ്ഡിതനായിരുന്ന മര്‍ഹൂം പാണാവള്ളി മുഹമ്മദ് മൗലവിയുടെ ഭാര്യ സൈനബ. മറ്റുള്ള സഹോദരങ്ങള്‍: എന്റെ മാതാവ് ടി.എ നഫീസ, ടി.എ സത്താര്‍, ടി.എ ആസിയ, ടി.എ അബൂബക്കര്‍, ടി.എ സഫിയ, ടി.എ കബീര്‍. l
കുറിപ്പ്: ടി.എ മുഹമ്മദ് മൗലവിയുടെ ആദ്യകാല ജീവിതത്തെക്കുറിച്ച് ഈ ലേഖനത്തില്‍ പറഞ്ഞ വിവരങ്ങള്‍ 2018 ഫെബ്രുവരി 16 മുതല്‍ മൂന്നു ലക്കങ്ങളിലായി പ്രബോധനത്തില്‍ വന്ന മൗലവിയുടെ ജീവിതം പറയുന്ന ലേഖനത്തെ അവലംബിച്ചുള്ളതാണ്.
ഡോ. മിസ്അബ് ഇരിക്കൂർ അല്ലാഹുവിന്റെ അലംഘനീയ വിധിക്ക് കീഴടങ്ങി 2023 ഒക്ടോബർ 7-ന് അവങ്കലേക്ക് മടങ്ങി. കർമോത്സുകതയുടെ നക്ഷത്ര തിളക്കം എന്നേക്കുമായി അണഞ്ഞുപോയെന്ന് ഇനിയും വിശ്വസിക്കാൻ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും കഴിഞ്ഞിട്ടില്ല. അത്രമേൽ പ്രിയപ്പെട്ടവനായിരുന്നു എല്ലാവർക്കുമവൻ. പടച്ചവന്റെ കണക്കു ബുക്കിലെ അവധി തീരുമ്പോൾ അവൻ തിരിച്ചുവിളിക്കും. അവനുമായി കരാർ പൂർത്തീകരിച്ച് മുമ്പേ പറക്കുന്ന സംഘത്തെ കുറിച്ച് അവൻ സൂചിപ്പിച്ചിട്ടുണ്ടല്ലോ. അവരിലൊരുവനായി ഡോ. മിസ്അബും.
കണ്ണൂർ ജില്ലയിലെ കൂടാളി പഞ്ചായത്തിൽ കൂരാരിയിലാണ് ജനനം. ഇസ് ലാമിക പ്രസ്ഥാനത്തെ ഹൃദയത്തിലേറ്റിയ പി.പി.കെ അലി, എൻ. നജ്മ ദമ്പതികളുടെ അഞ്ച് ആൺമക്കളിൽ ആദ്യത്തെയാളാണ് മിസ്അബ് ഇരിക്കൂർ.
എ.എം.ഐ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസവും ഇരിക്കൂർ ഹയർ സെക്കന്ററി സ്കൂളിൽ ഹൈസ്കൂൾ വിദ്യാഭ്യാസവും കഴിഞ്ഞ ശേഷം വാടാനപ്പള്ളി തളിക്കുളം ഇസ് ലാമിയാ കോളേജിലായിരുന്നു ഉപരി പഠനം. ബാല്യകാലത്തുതന്നെ പ്രസംഗകലയിലും അഭിനയ കലയിലും മികവ് പുലർത്തിയിരുന്ന മിസ്അബ് കഴിവുകളെ വളർത്താനുള്ള സുവർണാവസരമായി കോളേജ് പഠനകാലം പ്രയോജനപ്പെടുത്തി. അവധിക്കാലത്ത് നാട്ടിൽ വരുമ്പോൾ ചില നേരങ്ങളിൽ ഞങ്ങൾ രണ്ടു പേരും ചെറു യാത്രകൾ ചെയ്യാറുണ്ട്.
കണ്ണൂർ കോട്ടയോട് ചേർന്നുള്ള കടൽക്കരയിൽ ദീർഘസായാഹ്നം ചെലവഴിച്ചപ്പോൾ കവിതയെഴുത്തിന്റെ അറിയാവുന്ന ബാല പാഠങ്ങളാണ് പരസ്പരം പങ്കുവെച്ചത്. പഠന കാലത്ത് തന്നെ ഇസ് ലാമിക വിദ്യാർഥി പ്രസ്ഥാനത്തിൽ നേതൃപരമായ സാന്നിധ്യം അറിയിച്ചിരുന്നു. തുടർപഠനങ്ങളെയും കരിയറിനെയും കുറിച്ച് മികച്ച ചർച്ചകൾ നടക്കുന്ന കൂട്ടു കുടുംബമാണ് മിസ്അബിന്റേത്. അവരുടെ മാർഗനിർദേശവും കൂടിയാണ് മിസ്അബിനെ ഉപരി പഠനത്തിനായി ചെന്നൈയിലെത്തിച്ചത്. അവിടെ വിദ്യാർഥിയായിരിക്കെ എസ്. ഐ.ഒവിനെ നട്ടുവളർത്തുന്നതിലായിരുന്നു മുഴുസമയ ശ്രദ്ധ.
ഹ്രസ്വ സന്ദർശനാർഥം ചെന്നൈയിലെത്തിയ പി. മുജീബുർറഹ് മാൻ സാഹിബിനെ ഒരു ദിനം മുഴുവൻ കൊണ്ടുനടക്കുമ്പോൾ അദ്ദേഹത്തിന്റെ ചുറുചുറുക്കും ഉത്സാഹവും നേരിട്ടനുഭവിച്ചതിന്റെ മധുര സ്മരണകൾ അദ്ദേഹം പങ്കുവെച്ചതോർമിക്കുന്നു. പി.ജി യും എം.ഫിലും ചെന്നൈയിൽനിന്ന് പൂർത്തീകരിച്ചാണ് പി.എച്ച്.ഡിക്ക് ദൽഹി ജെ.എൻ.യുവിലെത്തിയത്. അവിടെയും പ്രസ്ഥാന പ്രവർത്തനങ്ങൾക്കും സംഘാടനങ്ങൾക്കും വേണ്ടത്ര സമയം കണ്ടെത്തി.
കുറഞ്ഞ കാലംകൊണ്ട് തന്നെഎസ്. ഐ.ഒവിന്റെ കേന്ദ്ര ശൂറാംഗമായി മിസ്അബ് തെരഞ്ഞെടുക്കപ്പെട്ടു. അവിടെ താമസിക്കുന്ന കാലം വിഷൻ 2016-ന്റെ സെക്രട്ടറിയായും സേവനം ചെയ്തിട്ടുണ്ട്. ആ സമയങ്ങളിലാണ് 'മിസ്അബ് ഇരിക്കൂർ' എന്ന തൂലികാ നാമത്തിൽ ജമാഅത്തെ ഇസ് ലാമി ദേശീയ നേതാക്കളുടെ അഭിമുഖങ്ങൾ പ്രബോധനത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടത്.
പി.എച്ച്.ഡി കഴിഞ്ഞ് നാട്ടിൽ തിരിച്ചെത്തിയ ശേഷം അധ്യാപനം തെരഞ്ഞെടുക്കുകയായിരുന്നു. ജേണലിസത്തിൽ പി.എച്ച് .ഡി നേടിയിട്ട് ആ മേഖലയിലേക്ക് നീങ്ങാത്തതിനെ കുറിച്ച് ചോദിക്കുമ്പോൾ അധ്യാപനമാണ് തന്റെ പാഷൻ എന്ന് പങ്കുവെച്ചിട്ടുണ്ട്. പെരിങ്ങോം ഗവ. കോളേജിൽ ജേണലിസത്തിൽ ഗസ്റ്റ് ലക്ചററായാണ് അധ്യാപനം തുടങ്ങിയത്.
വാദി ഹുദ വിമൻസ് അക്കാദമി, ഐഡിയൽ അറബിക് കോളേജ് എന്നിവിടങ്ങളിൽ പ്രിൻസിപ്പലായി സേവനമനുഷ്ഠിച്ച കാലങ്ങൾ സ്മരണീയമാണ്. കാമ്പസ് ആക്ടിവിസത്തിലേക്ക് വിദ്യാർഥികളെ കൊണ്ടുവരുന്നതിന് ധാരാളം പ്രോഗ്രാമുകൾ പ്രമുഖ ആക്ടിവിസ്റ്റുകളെ സംഘടിപ്പിച്ച് കോളേജുകളിൽ നടത്തിയിട്ടുണ്ട്.
ഈ അധ്യയന വർഷം മുതൽ ചുമതലയെടുത്ത കുറ്റ്യാടി ഐഡിയൽ കോളേജിലും ആ ദിശയിലേക്കുള്ള സഞ്ചാരമാർഗത്തിലിരിക്കെയാണ് വിധിക്ക് കീഴടങ്ങിയത്. മരണ ദിവസം നടന്നത് കോളേജ് മാഗസിന്റെ കവർ ചിത്ര പ്രകാശന ചടങ്ങായിരുന്നു. ഔദ്യോഗിക കൃത്യ നിർവഹണത്തോട് തികഞ്ഞ കണിശത കാണിക്കുകയും സ്നേഹ വാത്സല്യങ്ങളോടെ വിദ്യാർഥികളെ ചേർത്തു നിർത്തുകയും ചെയ്യുന്ന അധ്യാപന രസത്തിന്റെ മർമമറിഞ്ഞ നിഷ്കാമ കർമിയായ അധ്യാപകനായിരുന്നു മിസ്അബ്.
ഹൊറൈസൺ ഇംഗ്ലീഷ് സ്കൂളിന്റെ മാനേജ്മെന്റ് കമ്മിറ്റിയംഗം, അക്കാദമിക് ഡയറക്ടർ എന്നീ നിലകളിലുള്ള പ്രവർത്തനങ്ങൾ ശ്രദ്ധേയമായിരുന്നു. സ്ഥാപനത്തിന്റെ വിഷനും മിഷനും സെറ്റ് ചെയ്യുന്നതിൽ അനൽപമായ പങ്കുവഹിച്ചിട്ടുണ്ട്. വിനയം, ലാളിത്യം, നിറചിരി, സൗമ്യത, ഗുണകാംക്ഷ, സ്ഥിരോത്സാഹം, ആത്മാർഥത, കുടുംബ സ്നേഹം എന്നിവ മിസ്അബിനെ വേറിട്ട് നിർത്തിയ ഗുണഗണങ്ങളാണ്. പട്ടാമ്പി എം.എൽ.എ മുഹ്സിൻ പി.ജി - പി.എച്ച്ഡി കാലത്ത് അദ്ദേഹത്തിന്റെ സഹപാഠിയായിരുന്നു. മരണവാർത്തയറിഞ്ഞ് അദ്ദേഹത്തിന്റെ മുഖ പുസ്തകത്തിൽ സൗഹൃദത്തിന്റെ പരിമളത്തെ കുറിച്ച് വിസ്തരിച്ച് എഴുതിയിട്ടുണ്ട്.
"പ്രിയ സുഹൃത്ത് മിസ്അബ് നമ്മെ വിട്ടുപിരിഞ്ഞു എന്നത് വിശ്വസിക്കാനാവുന്നില്ല. മദ്രാസ് യൂനിവേഴ്സിറ്റിയിൽ ചേരാൻ ചെന്നൈയിലെത്തിയ സമയത്ത് ഒരു സാംസ്കാരിക പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് ആദ്യമായി കാണുന്നത്. അന്ന് സംസാരിച്ചപ്പോൾ, ഒരുപാട് കാലമായി സുഹൃത്തുക്കളായിരുന്നു എന്ന അനുഭവമാണ് ഞങ്ങളുടെ പിന്നീടുള്ള ഒന്നിച്ചുള്ള യാത്രക്ക് കാരണം. "ഞാൻ ചേരുന്ന അതേ കോഴ്സിന് ചേരാൻ താൽപര്യം ഉണ്ടെങ്കിൽ വാ.." എന്ന് അന്ന് പറയുകയും ചെയ്തു. പിറ്റേ ദിവസം മിസ് അബ് വിളിക്കുകയും ഡിപ്പാർട്ട്മെന്റിൽ വന്ന് അപേക്ഷ കൊടുക്കുകയും ചെയ്തു. പിന്നീടങ്ങോട്ട് മദ്രാസ് യൂനിവേഴ്സിറ്റിയിലെ എം.ഫിൽ കാലം ഞങ്ങളൊരുമിച്ചു ചെന്നൈയിലെ ഒരുപാട് പരിപാടികൾക്ക് പോവുകയും യാത്രകൾ നടത്തുകയും ചെയ്തു. പരസ്പരം കടപ്പെടുന്ന ഒരുപാട് നല്ല ഓർമകളുടെ കാലമാണ് പിന്നീടങ്ങോട്ട് ഞങ്ങൾക്കുണ്ടായത്. ഒരുമിച്ചാണ് ജെ.എൻ.യുവിൽ ചേരാൻ തീരുമാനിച്ചത്. ഒരുമിച്ചു ദൽഹിയിലെത്തിയ കാലവും, എല്ലാ അവധി ദിവസങ്ങളിലും ദൽഹിയിലെ വിവിധ സ്ഥലങ്ങൾ കാണാനിറങ്ങിയതുമെല്ലാം ആ നല്ല കാലത്തിന്റെ ഓർമകളാണ്.
മദ്രാസ് ക്ലബ്ബിന്റെ ഭാഗമായി മരുഭൂമിയിൽ നാലു ദിവസം ഒരുമിച്ച്, വാഗാ ബോർഡർ-ഗോൾഡൻ ടെമ്പിൾ-ജാലിയൻവാലാബാഗ് … അങ്ങനെ പഠിക്കുന്ന കാലത്ത് നിരവധി സ്ഥലങ്ങളിൽ ഒരുമിച്ച് യാത്ര ചെയ്യുകയും പരസ്പരം സഹായിക്കുകയും സ്നേഹിക്കുകയും ചെയ്ത ആ നല്ല ഓർമകൾ മാത്രം ബാക്കി.. "
മറ്റൊരനുഭവമാണ് മരണ വിവരമറിഞ്ഞ് തൃശൂരിൽനിന്ന് വീട്ടിലെത്തിയ രാജീവേട്ടൻ പങ്കുവെച്ചത്. ''ഞാൻ ബസ്സിന്റെ ബോർഡ് വായിക്കാൻ കൂടി അറിയാത്ത നിരക്ഷരൻ. മോൾക്ക് ദൽഹിയിൽ അഡ്മിഷനെടുക്കേണ്ട അവസാന ദിവസം മിസ്അബിനെയാണ് മറ്റൊരാളിലൂടെ ബന്ധപ്പെട്ടത്. ഒരു ദിവസം മുഴുവൻ എന്നെയും കൂട്ടി മോളുടെ അഡ്മിഷൻ ശരിയാക്കാനുള്ള ഏർപ്പാടുകൾ ചെയ്തു. നാട്ടിലെത്തിയപ്പോൾ തൃശൂരിലുള്ള എന്റെ വീട് തേടിപ്പിടിച്ചു വന്ന് സൗഹൃദം പുതുക്കി. അത്യപൂർവ വ്യക്തികൾക്ക് മാത്രം സാധ്യമാവുന്നതാണ് ഇത്രയും അഗാധമായ മനുഷ്യ ബന്ധം.''
മരണ വിവരമറിഞ്ഞത് മുതൽ നാടിന്റെ നാനാ ഭാഗത്തുനിന്നും ഒഴുകിയെത്തിയ പ്രസ്ഥാന നേതാക്കളും പ്രവർത്തകരും സഹപാഠികളും വിദ്യാർഥികളും തെളിമയാർന്ന ആ ജീവിതത്തിന്റെ മഹത്വമാണ് പങ്കു വെച്ചത്. ഒക്ടോബർ 7, 8 തീയതികളിൽ അവനെ അറിയുന്നവരുടെ മുഖ പുസ്തകം നിറയെ ഡോ. മിസ്അബായിരുന്നു.
പ്രിയപ്പെട്ടവളോട്, ചേതനയറ്റ മേനി കണ്ട് കരയരുതെന്നും തന്റെ അധ്വാന വിഹിതം കൊണ്ട് കഫൻ പുടവ വാങ്ങണമെന്നും പറഞ്ഞതറിയുമ്പോൾ എല്ലാം മുൻകൂട്ടി മാലാഖ വന്ന് അവന്റെ കാതിൽ പറഞ്ഞിരുന്നു എന്നല്ലാതെ മറ്റെന്താണ് നമുക്ക് വിശ്വസിക്കാനാവുക.
കുടുംബം മിസ്അബിന്റെ പ്രധാന കൺസേണായിരുന്നു. ജോലി നോക്കിയ ഇടങ്ങളിൽ കുടുംബത്തോടൊപ്പം കഴിയാൻ സൗകര്യം ചോദിച്ചു വാങ്ങിയിട്ടുണ്ട്. ഒടുവിൽ അനുജൻ മുബശ്ശിറുമായി സംസാരിച്ചതും, സഹോദരങ്ങളും അവരുടെ കുടുംബവും മാതാപിതാക്കളുമൊത്തുള്ള ദീർഘയാത്രയെക്കുറിച്ചാണ്.
'വന്നു കണ്ടവർ മണ്ണിട്ട് മണ്ണിട്ട് നിന്റെ മീസാൻ കല്ല് നിറഞ്ഞതു പോലെ എന്റേതും നിറഞ്ഞെങ്കിൽ' എന്ന് പ്രിയ കവി കൂടിയായ ജമീൽ അഹ്്മദ് കുറിച്ചത് അക്ഷരം പ്രതി ശരിയാണ്. അത്രയധികമുണ്ടായിരുന്നു ഒഴുകിയെത്തിയ ജനാവലി; വിശേഷിച്ച് ചെറുപ്പം. സ്വർഗത്തിലേക്ക് യാത്രയായ മദീനയിലെ മുസ്വ്അബിനോടാണ് മിസ്അബ് ഇരിക്കൂറിനെ അധിക പേരും ഉപമിച്ചത്.
ചേതോഹരമായ മരണമുഹൂർത്തങ്ങൾ ഓർത്തെടുത്ത്, എത്ര മനോഹരമീ യാത്ര എന്ന് പറയാത്തവരാരുമില്ല. പിറ്റേ ദിവസം നടക്കേണ്ട പ്രസ്ഥാന കൺവെൻഷനിൽ അവതരിപ്പിക്കേണ്ട ഖുർആൻ ദർസിനും, വൈകുന്നേരമുള്ള 'വെളിച്ചമാണ് തിരുദൂതർ' എന്ന പ്രഭാഷണത്തിനുമുള്ള കുറിപ്പടികൾ തയാറാക്കവെയാണ് കുഴഞ്ഞു വീണത് ….
ശ്വാസം നിലക്കുമ്പോൾ നെഞ്ചകം നിറയെ ഖുർആനും റസൂലും … ആർക്കാണ് ഈ യാത്രയോട് അസൂയ തോന്നാതിരിക്കുക … ആരാണ് ഈ മരണം കൊതിക്കാതിരിക്കുക ..
എല്ലാ വേദനയും കടിച്ചിറക്കി സമാധാനപ്പെടാൻ കുടുംബത്തിന് അന്ത്യനിമിഷ ഒരുക്കങ്ങൾ ധാരാളം മതിയാവും …. ഒമ്പതും അഞ്ചും മൂന്നും വയസ്സുള്ള പിഞ്ചു പൈതങ്ങൾക്ക് നാഥനെ കാവലാക്കിയാണ് മിസ്അബ് പോയത്. നാഥാ … കാവൽ നൽകി സഹായിക്കേണമേ … l
വിടപറഞ്ഞ പണ്ഡിത പ്രതിഭ എം.വി മുഹമ്മദ് സലീം മൗലവിയുടെ വൈവിധ്യപൂര്‍ണമായ വ്യക്തിത്വത്തിന്റെ നാനാ വശങ്ങള്‍ പ്രബോധനം വാരിക(2023 സെപ്റ്റംബര്‍ 08)യിലൂടെ അനാവരണം ചെയ്യപ്പെട്ടത് ഹൃദ്യമായ വായനാനുഭവമാണ് സമ്മാനിച്ചത്. 1958-ല്‍ ശാന്തപുരം ഇസ്്‌ലാമിയാ കോളേജിലെ ആറാം ക്ലാസ്സില്‍ വിദ്യാര്‍ഥിയായി ചേര്‍ന്ന കാലം മുതല്‍ എം.വിയുമായുള്ള എന്റെ സൗഹൃദവും ആരംഭിച്ചു. പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളേജില്‍നിന്ന് പ്രസ്ഥാന ബന്ധം മൂലം പഠനം മുഴുമിക്കാന്‍ സാധിക്കാതെ ശാന്തപുരത്തെത്തിയ അദ്ദേഹം അഞ്ചാം ക്ലാസ്സിലാണ് പ്രവേശനം നേടിയത്. ഞങ്ങളാവട്ടെ ചേന്ദമംഗല്ലൂര്‍ അല്‍ മദ്‌റസത്തുല്‍ ഇസ്് ലാമിയ്യയില്‍ മുഴുസമയ പഠനം പൂര്‍ത്തീകരിച്ചതിനാലാണ് ആറാം ക്ലാസ്സിൽ പ്രവേശനം ലഭിച്ചത്. പ്രായത്തില്‍ സീനിയറാണെങ്കിലും എം.വി ഒരു ക്ലാസ് താഴെയാവാന്‍ അതാണ് കാരണം. പിന്നീട് അദ്ദേഹത്തിന് ഡബ്ള്‍ പ്രമോഷനും കിട്ടി.
കൗതുകകരമായ ഒട്ടേറെ ഓര്‍മകള്‍ അദ്ദേഹത്തെക്കുറിച്ച് പങ്കുവെക്കാനുണ്ടെങ്കിലും ചിലത് മാത്രം കുറിക്കട്ടെ: ആത്മീയമോ ഭൗതികമോ ആയ ഏതു കാര്യവും തന്റെ താല്‍പര്യമുന്നണർത്തിയാല്‍ അത് പഠിച്ചേ അടങ്ങൂ എന്ന ശാഠ്യം സലീം മൗലവി തന്റെ ജീവിതാന്ത്യം വരെ പുലര്‍ത്തിയതാണ് ആ വ്യക്തിത്വത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷത. ഫുട്‌ബോള്‍ അദ്ദേഹത്തിന് വശമുള്ള കളിയായിരുന്നില്ല. പക്ഷേ, ശാന്തപുരം വിദ്യാര്‍ഥികളില്‍ കാല്‍പന്തില്‍ കമ്പമുള്ളവര്‍ കൊയ്ത്ത് കഴിഞ്ഞ പാടത്ത് വൈകുന്നേരങ്ങളില്‍ പന്തുമായി ഇറങ്ങിയാല്‍ ആരും ക്ഷണിക്കാതെത്തന്നെ എം.വിയും അതില്‍ പങ്കാളിയാവും. അദ്ദേഹത്തിന്റെ ആക്രമണോത്സുകമായ അരങ്ങേറ്റത്തില്‍ അമ്പരന്നോ പ്രതിഷേധിച്ചോ മറ്റുള്ളവര്‍ ഗ്രൗണ്ട് വിട്ടാലൊന്നും എം.വി കുലുങ്ങില്ല. പള്ളിപ്പറമ്പിലെ മുക്രികാക്കയുടെ പോത്തുകള്‍ വിശ്രമിക്കുന്ന ഒരു വെള്ളക്കുഴിയുണ്ടായിരുന്നു. ഒരു നാള്‍ എം.വി കുഴിയില്‍ വീണുപോയി. അന്നു മുതല്‍ പോത്തുകുഴിക്ക് എം.വി കുണ്ട് എന്ന് പേരായി! ഒരു കൈക്കോട്ട് സംഘടിപ്പിച്ചു വിശാലമായ ആ കുണ്ട് മണ്ണ് കോരിയിട്ട് നികത്തിയേ എം.വിയിലെ 'ദുർവാസാവ്' അടങ്ങിയുള്ളൂ. സാഹിത്യ സമാജം യോഗങ്ങളിലെ പല പാട്ടുകളും അദ്ദേഹം രചിച്ചതായിരിക്കും. 'മോഹന ഭാവന ഉണരുമ്പോള്‍ നാം കാണുകയായി നവലോകം,
പത്തിവിടര്‍ത്തിയ ചൂഷകരഖിലം കമ്പിതരായി വിരണ്ടോടി…' എന്നു തുടങ്ങുന്ന ഗാനം ഇപ്പോഴും സ്മൃതിപഥത്തിലുണ്ട്. പില്‍ക്കാലത്ത് ഞാന്‍ പ്രബോധനത്തിലായിരിക്കെ വെസ്റ്റ് ചേന്ദമംഗല്ലൂര്‍ അല്‍ മദ്‌റസത്തുല്‍ ഇസ് ലാമിയ്യയുടെ വാര്‍ഷിക സമ്മേളനം തീരുമാനിക്കപ്പെട്ടു. ആകര്‍ഷകമായ ഒരു പരിപാടി വേണം. കഥാപ്രസംഗമായാലോ? ഉടനെ ഓര്‍മ വന്നത് സലീം മൗലവിയുടെ പേരാണ്. അദ്ദേഹവുമായി ബന്ധപ്പെട്ടപ്പോള്‍ സസന്തോഷം സമ്മതിച്ചു. പുല്‍പ്പറമ്പിലെ വയലില്‍ ആര്‍ഭാടപൂര്‍വം സംഘടിപ്പിക്കപ്പെട്ട വാര്‍ഷികാഘോഷത്തില്‍ 'നൈലിന്റെ തീരങ്ങളില്‍' എന്ന ശീര്‍ഷകത്തില്‍ സലീം മൗലവി അവതരിപ്പിച്ച കഥാപ്രസംഗം സദസ്സിനെ ഹഠാദാകര്‍ഷിച്ചു എന്ന് പറയേണ്ടല്ലോ. മൂസാ നബിയുടെയും ഫറോവയുടെയും ചരിത്രകഥ സ്വന്തം കാവ്യരചനയുടെ പിന്‍ബലത്തില്‍ അദ്ദേഹം തന്നെ ഗായകരുടെ അകമ്പടിയോടെ അവതരിപ്പിക്കുകയായിരുന്നു. ജുമുഅ ഖുത്വ്്ബയും മതപ്രഭാഷണങ്ങളും അധ്യാപനവും സംവാദങ്ങളുമൊക്കെയായി അരങ്ങില്‍ നിറഞ്ഞുനില്‍ക്കെ 1971-ല്‍ ഖത്തര്‍ അല്‍ മഅ്ഹദുദ്ദീനിയില്‍ ശാന്തപുരം ഇസ്്‌ലാമിയാ കോളേജ് പൂര്‍വ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുകള്‍ തരപ്പെടുത്താന്‍ പ്രിന്‍സിപ്പല്‍ മര്‍ഹൂം അബുല്‍ ജലാല്‍ മൗലവി നടത്തിയ ശ്രമഫലമായി ദോഹയിലേക്ക് വിമാനം കയറിയ പ്രഥമ ബാച്ചിലെ അഞ്ചു പേരില്‍ ഒരാള്‍ സലീം മൗലവിയായിരുന്നു. എ. മുഹമ്മദലി (ആലത്തൂര്‍), ഒ.പി ഹംസ (ഒലിപ്പുഴ), പി.എ സാലിഹ് (പൊന്നാനി), സി.ടി അബ്ദുര്‍റഹീം (ചേന്ദമംഗല്ലൂര്‍) എന്നിവരായിരുന്നു മറ്റുള്ളവര്‍. ശൈഖ് യൂസുഫുല്‍ ഖറദാവി ഡയറക്ടറായ മഅ്ഹദില്‍ ഹയര്‍ സെക്കന്ററി സിലബസ്സിലെ പാഠ്യവിഷയങ്ങള്‍ക്കൊപ്പം വിശുദ്ധ ഖുര്‍ആന്‍ വ്യാഖ്യാനം, ഹദീസ്, ഫിഖ്ഹ്, അറബി വ്യാകരണം - സാഹിത്യം, ഇസ്ലാമിക് സോഷ്യോളജി തുടങ്ങിയ വിഷയങ്ങളും ഉള്‍ക്കൊണ്ടതായിരുന്നു പ്രത്യേകത. ശാന്തപുരം പാഠ്യപദ്ധതിയില്‍ ഇല്ലാതിരുന്ന ഫിസിക്‌സും കെമിസ്ട്രിയും ശാസ്ത്ര ശാഖകളും ഗണിതവും പക്ഷേ പഠിച്ചെടുക്കാന്‍ സലീം മൗലവി ഉള്‍പ്പെടുന്ന ബാച്ചിന് പ്രയാസമുണ്ടായില്ല. ഫൈനല്‍ പരീക്ഷയില്‍ അറബികളും മലയാളികളും തമ്മില്‍ കനത്ത പോരാട്ടം തന്നെ നടന്നു. റിസല്‍ട്ട് വന്നപ്പോള്‍ ഒരൊറ്റ മാര്‍ക്കിന് മുഹമ്മദലി ആലത്തൂരിന് ഫസ്റ്റ് റാങ്ക്, സലീം മൗലവിക്ക് രണ്ടാം റാങ്കും. രണ്ടാമത്തെ ബാച്ച് ചേന്ദമംഗല്ലൂര്‍ ഇസ്വ്്ലാഹിയാ കോളേജിന്റേതായിരുന്നു. ഫൈനല്‍ പരീക്ഷയില്‍ പരേതനായ ഇ.വി അബ്ദുവും ഞാനും രണ്ടാം റാങ്ക് പങ്കിട്ടത് മാത്രമല്ല, ഖത്തരി വിദ്യാര്‍ഥികള്‍ മുഴുക്കെ പരാജയപ്പെട്ടത് കൂടിയാണ് അത്തവണത്തെ പ്രത്യേകത. അവര്‍ തോറ്റതോ, അറബി വ്യാകരണത്തിലും! മര്‍ഹൂം കെ. മൊയ്തു മൗലവിയില്‍നിന്ന് അല്‍ഫിയ്യ പഠിച്ചവര്‍ നഹ്്വ് -സ്വര്‍ഫില്‍ തോറ്റെങ്കിലേ അത്ഭുമുള്ളൂ (സലീം മൗലവിക്കാകട്ടെ അല്‍ഫിയ്യയിലെ 1000 പദ്യശകലങ്ങളും മനഃപാഠമായിരുന്നുവെന്നതും സ്മരണീയം!).
ഞങ്ങളുടെ രണ്ട് ബാച്ചുകളും ഹോസ്റ്റലില്‍ കഴിഞ്ഞ പ്രഥമ വര്‍ഷത്തില്‍ നടന്ന ഒരു കോമഡിയും ഓർക്കാതെ വയ്യ. ഒരുനാള്‍ വൈകിട്ട് മധ്യ വയസ്സ് പ ിന്നിട്ട ഒു മലയാളി കാക്ക ഹോസ്റ്റലില്‍ കയറിവരുന്നു. നാട്ടില്‍നിന്ന് പഠിക്കാനെത്തിയവരെയാണ് അയാള്‍ക്ക് കാണേണ്ടത്. ഞങ്ങള്‍ അദ്ദേഹത്തെ ആദരപൂര്‍വം ബെഡ്ഡിലിരുത്തി, എന്തിനാണ് വന്നതെന്ന് അന്വേഷിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു തുടങ്ങി: 'ഞാന്‍ പെരിന്തല്‍മണ്ണക്കാരന്‍ ഉണ്ണിച്ചേക്കു. ശൈഖ് അഹ്്മദ് ബിന്‍ അലി ആല്‍ഥാനി ഖത്തര്‍ അമീറായിരുന്ന കാലത്ത് ഉരുവില്‍ ഖത്തറില്‍ എത്തിയതാണ്. മനുഷ്യസ്‌നേഹിയായ ശൈഖ് അഹ്്മദിനെ കൊട്ടാരത്തില്‍ ചെന്നു കണ്ടു, തനിക്കൊരു ജോലി വേണമെന്ന് അപേക്ഷിച്ചപ്പോള്‍ തല്‍ക്കാലം കൊട്ടാരത്തില്‍ തന്നെ സേവകനാവാന്‍ അനുമതി നല്‍കി. പാചകവും അനുബന്ധ ജോലികളും ചെയ്തു കഴിയവെ ഖത്തര്‍ മൃഗബംഗ്ലാവില്‍ ഒഴിവുണ്ടെന്ന് അറിഞ്ഞപ്പോള്‍ അവിടേക്ക് മാറ്റി. രണ്ട് സിംഹങ്ങള്‍, ഒരാന, രണ്ട് ഒട്ടകപ്പക്ഷികള്‍ മുതലായവയായിരുന്നു മൃഗശാലയിലെ അന്തേവാസികള്‍. ഫലസ്ത്വീനികളും ബലൂചികളുമായിരുന്നു മൃഗബംഗ്ലാവിലെ സ്റ്റാഫ്. മൃഗങ്ങളുടെ ഭക്ഷണം യഥേഷ്ടം ഭുജിച്ചും പാവം നാല്‍ക്കാലികളെ പട്ടിണിക്കിട്ടും അവരങ്ങനെ സസുഖം വാഴവെ ഉണ്ണിച്ചേക്കു അവര്‍ക്ക് കണ്ണിലെ കരടായി. അയാളാവട്ടെ പച്ച മലയാളം ജീവികളെ പഠിപ്പിച്ചും സമയത്തിന് മതിയായ ആഹാരം തീറ്റിച്ചും കുളിപ്പിച്ചും മൃഗശാലയെ വേണ്ടവിധം പരിരക്ഷിച്ചു വന്നു. ഒരുനാള്‍ ഉണ്ണിച്ചേക്കു പുറത്തു പോയ നേരം നോക്കി ബലൂചി-ഫലസ്ത്വീനി കിങ്കരന്മാര്‍ മൃഗശാലയുടെ ഗേറ്റ് തുറന്നിട്ടു. സിംഹങ്ങള്‍ രണ്ടും പുറത്ത് ചാടി. പെട്രോളിയമോ ഗ്യാസോ കണ്ടെത്തിയിട്ടില്ലാത്ത കാലത്ത്, ഖത്തറിനെപ്പോലെ കാടും മലകളുമില്ലാത്ത ഒരു കൊച്ചു രാജ്യത്ത് സിംഹങ്ങള്‍ പട്ടണത്തിലിറങ്ങിയാലുള്ള കഥ ഓര്‍ത്തുനോക്കൂ. ജനങ്ങള്‍ പേടിച്ച് വിറച്ച് നാലുപാടും ഓടി. പോലീസ് പോരാഞ്ഞിട്ട് പട്ടാളത്തെയും ഇറക്കി. അവര്‍ തോക്കുമായി നിലയുറപ്പിക്കെ എന്തും സംഭവിക്കാവുന്ന സ്ഥിതി. അന്നേരമതാ സാക്ഷാല്‍ ഉണ്ണിച്ചേക്കുകാക്ക ഒന്നുമറിയാതെ പ്രത്യക്ഷപ്പെടുന്നു. സിംഹങ്ങളെ കണ്ടപ്പോള്‍ അയാള്‍ക്ക് സംഗതി പിടികിട്ടി. മൂപ്പര്‍ സൗമ്യനായി നീട്ടി വിളിച്ചു: 'മക്കളേ വാ!' മലയാളം മാത്രം അറിയാവുന്ന സിംഹങ്ങള്‍ അനുസരണയോടെ അന്നദാതാവിന്റെ മുന്നിലെത്തി. സുരക്ഷാ സേനയെയും കാണികളെയും അമ്പരപ്പിച്ചുകൊണ്ട് മൃഗരാജാക്കള്‍ രണ്ടും ഉണ്ണിച്ചേക്കുകാക്കയുടെ കൂടെ ബംഗ്ലാവിലേക്ക് മടങ്ങി. പക്ഷേ, അപ്പോഴേക്ക് ബലൂചി-ഫലസ്ത്വീന്‍ ടീമിന്റെ സാക്ഷിമൊഴിയുടെ ബലത്തില്‍ കൃത്യവിലോപത്തിനും ഭീതിജനകമായ അവസ്ഥ സൃഷ്ടിച്ചതിനും ഉണ്ണിച്ചേക്കുവിന്റെ പേരില്‍ നടപടി സ്വീകരിക്കണമെന്ന് നഗരസഭാധികൃതർ ആഭ്യന്തര വകുപ്പിനെ വിവരമറിയിച്ചു കഴിഞ്ഞിരുന്നു. ആഭ്യന്തര മന്ത്രാലയം ആ പാവത്തെ ഉടനടി പിരിച്ചുവിട്ടു. വഴിയാധാരമായ ഉണ്ണിച്ചേക്കുകാക്കക്ക് തന്റെ കദനകഥ അമീറിനെ അറിയിക്കണം. അത് അറബിയില്‍ എഴുതിക്കൊടുക്കാനാണ് ആരോ പറഞ്ഞുകേട്ടത് പ്രകാരം മലയാളി വിദ്യാര്‍ഥികളായ ഞങ്ങളെ തേടിയെത്തിയത്. ഉടനെ സലീം മൗലവി പെന്നും കടലാസുമെടുത്ത് ഹൃദയസ്പൃക്കായ ഭാഷയില്‍ പാവത്താന്റെ പരിവേദനം തയാറാക്കി ഉണ്ണിച്ചേക്കുകാക്കയെ ഏല്‍പിച്ചു. സ്‌നേഹപൂര്‍വം പറഞ്ഞയക്കുമ്പോള്‍ അയാള്‍ പറഞ്ഞതെന്തെന്നോ? ''മക്കളേ, ആ ലക്ഷണം കെട്ടവര്‍ എന്റെ പേരും മാറ്റിക്കളഞ്ഞു. 'അണ്‍ ഷെക്ക്' എന്നാണ് അവര്‍ എനിക്കിട്ട പേര്.'' ഞങ്ങള്‍ അമ്പരന്നു ഒരു നിമിഷം ആലോചിച്ചു: ഇതെന്ത് പേര്! പെട്ടെന്നെനിക്ക് തോന്നി, ടിയാന്റെ പാസ്‌പോര്‍ട്ട് ഒന്ന് കാണണമെന്ന്. ഉടനെ പാസ്‌പോര്‍ട്ട് അയാള്‍ കീശയില്‍നിന്നെടുത്തുതന്നു. ഞാന്‍ അതെടുത്തു നോക്കിയപ്പോള്‍ പൊട്ടിച്ചിരിച്ചു പോയി. Unnichekku എന്ന് എഴുതിയ പേര്‍ ഇംഗ്ലീഷ് ഉച്ചാരണ പ്രകാരം അൺഷെക്ക് എന്ന് വായിക്കാം!
ദിവസങ്ങള്‍ കഴിഞ്ഞു. ഒരു വൈകുന്നേരം ഉണ്ണിച്ചേക്കു സുസ്മേര വദനനായി ഹോസ്റ്റലിലേക്ക് കയറിവരുന്നു. 'എന്തായി?' ഞങ്ങള്‍ ഉത്കണ്ഠാകുലരായി ചോദിച്ചപ്പോള്‍ മറുപടി: 'എല്ലാം ശരിയായി മക്കളേ, അമീര്‍ ശൈഖ് അഹ്്മദ് എന്റെ കത്ത് ശ്രദ്ധയോടെ വായിച്ചു. ഞാനൊന്നും പറയേണ്ടിവന്നില്ല. എന്നെ ഉടനെ തിരിച്ചെടുക്കാന്‍ ഉത്തരവ് നല്‍കി.' ആ പാവത്തിന്റെ പ്രാര്‍ഥന മാത്രം മതി സലീം മൗലവിക്ക് അല്ലാഹുവിന്റെ കോടതിയില്‍ രക്ഷപ്പെടാന്‍ എന്ന് തോന്നിയ നിമിഷം. അതേസമയം ചിലര്‍ക്ക് വിയോജിക്കേണ്ടിവന്ന ചില നടപടികളും സലീം മൗലവിയുടെ പ്രവാസ ജീവിതത്തിലുണ്ടായി എന്നോര്‍ക്കുന്നത് സാന്ദര്‍ഭികമാവും. ഞങ്ങളുടെ ഖത്തര്‍ ജീവിതത്തിന്റെ തുടക്കത്തില്‍, അക്കാലത്തെ കേരളത്തിലെ സുന്നി യുവജന സംഘം ഭാരവാഹിയും പ്രമുഖ സുന്നി നേതാവുമായ ബി. കുട്ടി ഹസ്സന്‍ ഹാജി ഖത്തറില്‍ സന്ദര്‍ശനത്തിന് വന്നു. അന്ന് ആര് വന്നാലും സ്വീകരണം സംഘടിപ്പിക്കുന്നതും പ്രഭാഷണം നടത്തുന്നതും പള്ളിയിലാണ്. വേറെ ഓഡിറ്റോറിയങ്ങളൊന്നുമില്ല. കുട്ടി ഹസ്സന്‍ ഹാജിക്ക് ആതിഥേയര്‍ സ്വീകരണമൊരുക്കിയതും പള്ളിയില്‍ തന്നെ. അദ്ദേഹം സ്ഥലകാല ബോധമില്ലാതെ നാട്ടില്‍ ചെയ്യാറുള്ള പ്രസംഗത്തിന്റെ ട്രൂ കോപ്പി ഖത്തര്‍ മാര്‍ക്കറ്റിലെ പള്ളിയില്‍ ആവര്‍ത്തിച്ചു. എന്നു വെച്ചാല്‍, വഹാബി-മൗദൂദികളാകുന്ന പുത്തന്‍ പ്രസ്ഥാനക്കാരെ കണക്കിന് ശകാരിക്കുകയും മതഭ്രഷ്ട് പ്രഖ്യാപിക്കുകയും ചെയ്തു. സലീം മൗലവിക്ക് സഹിച്ചില്ല. സാക്ഷാല്‍ സലഫി പണ്ഡിതന്മാര്‍ നിര്‍ണായക പദവികളിലിരിക്കുന്ന ഖത്തറിലും കേരള മോഡല്‍ 'മതോപദേശമോ?' പ്രമുഖ സലഫി പണ്ഡിതന്‍ ശൈഖ് അഹ്്മദ് ഇബ്‌നു ഹജര്‍ ആലു ബൂത്വാമിയുടെ ശരീഅത്ത് കോടതിയില്‍ സലീം മൗലവി പരാതി ബോധിപ്പിച്ചു. മണിക്കൂറുകള്‍ക്കകം കുട്ടി ഹസ്സന്‍ ഹാജി പിടിയിലായി. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഹാജിക്ക് തന്റെ ഭാഗം ന്യായീകരിക്കാന്‍ സാധിച്ചില്ല. മൂന്നു ദിവസം കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചു. നാട്ടിലേക്ക് തിരിച്ചയക്കാനായിരുന്നു കോടതി ഉത്തരവിട്ടത്. സംഭവം മലയാളി സമൂഹത്തില്‍ ഭിന്നാഭിപ്രായങ്ങള്‍ക്ക് വഴിവെച്ചുവെങ്കിലും പിന്നീടൊരിക്കലും ഒരു അതിഥി പണ്ഡിതനും ഈ അബദ്ധം ആവര്‍ത്തിച്ചില്ല.
ബുദ്ധിയും വിവരവും പഠനോത്സുകതയും കഠിനാധ്വാനവും ഒത്തുചേര്‍ന്ന അപൂര്‍വ വ്യക്തിത്വത്തിന്റെ ഉടമയായിരുന്ന എം.വി മുഹമ്മദ് സലീം മൗലവിയുടെ വിയോഗം നികത്താന്‍ പ്രയാസമേറിയ നഷ്ടം തന്നെ എന്ന് അനുസ്മരിക്കാതെ വയ്യ. l