يَقُولُ يَعْلَى الْعَامِرِيُّ رَضِيَ اللهُ عَنْهُ :جَاءَ الْحَسَنُ وَالْحُسَيْنُ يَسْعَيَانِ إلَى النَّبيِّ صلَّى اللهُ علَيهِ وسلَّمَ فَضَمَّهُمَا إلَيْهِ وَقَالَ: “ إنَّ الْوَلَدَ مَبْخَلَةٌ مَجْبَنَةٌ ‘’ (رَوَاه أَحْمَدُ وَابْنُ مَاجَه)
യഅ്ലാ അൽ ആമിരി (റ) പറയുന്നു: "നബി(സ)യുടെ അടുത്തേക്ക് ഹസനും ഹുസൈനും ഓടിച്ചെന്നു. പ്രവാചകൻ ഇരുവരേയും മാറോട് ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു: "കുട്ടികൾ പിശുക്കാണ്; ഭീരുത്വവും" (അഹ്മദ്, ഇബ്നുമാജ).
ചില നിവേദനങ്ങളിൽ ഹദീസിന്റെ അവസാനത്തിൽ مَحْزَنَة (ദുഃഖമാണ്), مَجْهَلَة (അജ്ഞതയാണ്) എന്ന് കൂടിയുണ്ട്. കുട്ടികൾ ഭീരുത്വമാണെന്നതിന്റെ ഉദ്ദേശ്യം, കുട്ടികളോടുള്ള സ്നേഹം യുദ്ധങ്ങളിൽനിന്നും സമര പോരാട്ടങ്ങളിൽനിന്നും പലരേയും പിന്തിരിപ്പിക്കും എന്നാണ്. സ്വന്തം കുട്ടികൾക്ക് വേണ്ടിയാണല്ലോ പലപ്പോഴും ആളുകൾ നല്ല മാർഗത്തിൽ പണം ചെലവഴിക്കാതെ പിടിച്ചുവെക്കുന്നത്.പിശുക്കാണ് എന്ന് പറഞ്ഞതിന്റെ പൊരുൾ അതാണ്. അറിവില്ലായ്മയാണ് എന്നു പറഞ്ഞത്, മക്കൾ കാരണം അറിവ് തേടിയുള്ള യാത്രകളും ചിന്തകളും മുടങ്ങിപ്പോകും എന്നതിനാലാണ്. സന്താനങ്ങൾക്ക് രോഗവും മറ്റുള്ള പ്രയാസങ്ങളുമുണ്ടാവുമ്പോൾ മാതാപിതാക്കൾ ഏറെ ദുഃഖിക്കുമല്ലോ. അതുകൊണ്ടവർ ദുഃഖകാരണവുമാണ്.
അല്ലാഹു മനുഷ്യന് നൽകുന്ന അനുഗ്രഹങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണ് സന്താനങ്ങൾ. മകൻ യൂസുഫ് നബി(അ)യെ കാണാതായപ്പോൾ പിതാവ് യഅ്ഖൂബ് നബിക്കുണ്ടായ ദുഃഖം വിശുദ്ധ ഖുർആൻ ഇപ്രകാരം വിവരിക്കുന്നു: "അദ്ദേഹം അവരില്‍നിന്ന് പിന്തിരിഞ്ഞ് ഇങ്ങനെ പറഞ്ഞു: ഹാ, യൂസുഫിന്റെ കാര്യമെത്ര കഷ്ടം! ദുഃഖം കൊണ്ട് അദ്ദേഹത്തിന്റെ ഇരു കണ്ണുകളും വെളുത്തു വിളറി. അദ്ദേഹം അതീവ ദുഃഖിതനായി" (12: 84).
പക്ഷേ, ഇതേ അനുഗ്രഹം കാരണം പലതരം ഭാരങ്ങളും പ്രയാസങ്ങളും ഏറ്റുവാങ്ങുന്നവരാണ് പലരും. ഇതിനെക്കുറിച്ചുള്ള മുന്നറിയിപ്പാണ് ഹദീസിൽ. സന്താന സൗഭാഗ്യത്തെ വളരെ ശ്രദ്ധയോടെയും കരുതലോടെയും കൈകാര്യം ചെയ്യണമെന്ന താക്കീതാണ് ഹദീസിൽ.
സന്താനങ്ങളുമായി ബന്ധപ്പെട്ട ധാരാളം ദുആകളുണ്ട് വിശുദ്ധ ഖുർആനിൽ. അൽ ഫുർഖാൻ 74, ഇബ്റാഹീം 40, അൽബഖറ 128, ആലു ഇംറാൻ 36,38, അൽ അഹ്ഖാഫ് 15 എന്നീ വാക്യങ്ങളിൽ ഈ പ്രാർഥനകൾ കാണാം.
സന്താനങ്ങളോടുള്ള സ്നേഹം ഒരിക്കലും അല്ലാഹുവിനെ സ്മരിക്കുന്നതിനും പുണ്യങ്ങൾ പ്രവർത്തിക്കുന്നതിനും തടസ്സമാവരുത് എന്നും വിശുദ്ധ ഖുർആൻ പ്രത്യേകം ഉണർത്തുന്നു.
"വിശ്വസിച്ചവരേ, നിങ്ങളുടെ സമ്പത്തും സന്താനങ്ങളും ദൈവചിന്തയില്‍നിന്ന് നിങ്ങളെ അശ്രദ്ധരാക്കാതിരിക്കട്ടെ. ആര്‍ അങ്ങനെ ചെയ്യുന്നുവോ, അവരത്രെ നഷ്ടം പറ്റിയവര്‍" (63:9).
സന്താനങ്ങളും സമ്പത്തും പരീക്ഷണങ്ങളാണെന്നും വിശുദ്ധ ഖുർആൻ ഉണർത്തുന്നുണ്ട്: "അറിയുക: നിങ്ങളുടെ സമ്പത്തും സന്താനങ്ങളും പരീക്ഷണോപാധികള്‍ മാത്രമാണ്. അല്ലാഹുവിങ്കലാണ് അതിമഹത്തായ പ്രതിഫലമുള്ളത്" (8:28).
ഭാര്യാ സന്താനങ്ങൾ പരലോകത്ത് ശത്രുക്കളാവുന്നതിനെ അത്യധികം ഭയപ്പെടണമെന്ന് അല്ലാഹു താക്കീത് നൽകുന്നുണ്ട്: ''വിശ്വസിച്ചവരേ, നിങ്ങളുടെ ഭാര്യമാരിലും മക്കളിലും നിങ്ങള്‍ക്ക് ശത്രുക്കളുണ്ട്. അതിനാല്‍ അവരെ സൂക്ഷിക്കുക" (64:14).
മക്കളെ ഇഹത്തിലും പരത്തിലും പ്രയോജനപ്പെടുന്നവരാക്കാൻ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും അതിനായി നിരന്തരം പ്രാർഥിക്കണമെന്നുമാണ് അല്ലാഹുവും റസൂലും ഉൽബോധിപ്പിക്കുന്നത്. l