ക്രൊയേഷ്യന്‍ നോവലിസ്റ്റും മാധ്യമപ്രവര്‍ത്തകയുമായ സ്ലാവ്ങ്ക ഡ്രാക്കുലികിന്റെ ''സ് '- ദ നോവല്‍ എബൗട്ട് ദ ബാള്‍കന്‍സ്' 1992-ല്‍ ബോസ്‌നിയന്‍ യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്തെ ഭയാനകത വെളിപ്പെടുത്തുന്ന നോവലാണ്. ബോസ്‌നിയയില്‍ സെര്‍ബ് സൈന്യം അധിനിവേശം നടത്തി സ്ത്രീകളെ കൂട്ട ബലാല്‍സംഗം ചെയ്തിരുന്നു.ഒരു ജയില്‍ ക്യാമ്പിലെ മുറിയില്‍ സെര്‍ബിയന്‍ പട്ടാളക്കാര്‍ സ്ത്രീകളെ പീഡിപ്പിച്ചു കൊണ്ടിരുന്നപ്പോള്‍ ഇങ്ങനെ ആക്രോശിച്ചു; 'നിങ്ങളുടെ ഗര്‍ഭപാത്രത്തില്‍ ആയിരം സെര്‍ബ് മക്കള്‍ പിറക്കട്ടെ'!
പ്രവാസിയായ ബോസ്‌നിയന്‍ സ്ത്രീയുടെ കഥയാണ്, 'സ് ' ദ നോവല്‍ എബൌട്ട് ദ ബാല്‍ക്കന്‍സി'ന്റെ മുഖ്യ പ്രമേയം. ബലാത്സംഗത്തിന് ഇരയായി അവള്‍ ഗര്‍ഭിണിയാവുന്നു. ഉദരത്തില്‍ വളരുന്ന കുഞ്ഞിനെ വെറുപ്പോടെയല്ലാതെ നോക്കാന്‍ അവള്‍ക്കു കഴിഞ്ഞിരുന്നില്ല. ആ ഗര്‍ഭം അലസിപ്പോകാന്‍ പലതും അവള്‍ ചെയ്തു നോക്കി. പക്ഷെ, പറ്റുന്നില്ല. കുഞ്ഞു ജനിച്ചപ്പോള്‍ മുലയൂട്ടാന്‍ പോലും തോന്നാതെ ആ അമ്മ കടുത്ത മാനസിക സമ്മര്‍ദ്ദത്തിന് അടിപ്പെടുന്നു. ബോസ്‌നിയന്‍ വംശഹത്യയുടെ നടുക്കുന്ന ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് സ്ലവെങ്ക ഡ്രാക്കുലീക്കിന്റെ ഈ നോവല്‍.
എല്ലാ വര്‍ഷവും ജൂലൈ പതിനൊന്ന്, 1995-ലെ സ്രെബ്രനീസ വംശഹത്യയെ അനുസ്മരിക്കുന്ന അന്താരാഷ്ട്ര ദിനമായി പ്രഖ്യാപിക്കുന്ന പ്രമേയം 2024 മേയില്‍ യുഎന്‍ പൊതുസഭയില്‍ അവതരിപ്പിക്കുകയുണ്ടായി. 84 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു.
ബോസ്‌നിയ ഹെര്‍സോഗോവിന തെക്കന്‍ യൂറോപ്പിലെ ബാല്‍കന്‍ ഉപദ്വീപിലുള്ള രാജ്യമാണ്. ബോസ്‌നിയയിലെ ഒരു പട്ടണമാണ് മുസ്ലിം ഭൂരിപക്ഷ പ്രദേശമായ സ്രെബ്രനീസ.
1992 മാര്‍ച്ച് മുതല്‍ 1995 നവംബര്‍ വരെ ബോസ്‌നിയ ഹെര്‍സഗോവിനയില്‍ നടന്ന മുസ്‌ലിം വംശഹത്യയില്‍ സെര്‍ബിയന്‍ വംശജര്‍ക്ക് സൈനികവും സാമ്പത്തികവുമായ പിന്തുണ നല്‍കിയത് സെര്‍ബിയന്‍ റിപ്പബ്ലിക്കായിരുന്നു. അത് പിന്നീട് യുഗോസ്ലോവ് പീപ്പിള്‍സ് ആര്‍മിയായി മാറി. ക്രോയേഷ്യയും സൈന്യത്തെ നല്‍കി.
1995 ജൂലൈ പതിനൊന്നിന് 8372 മുസ്ലിം പുരുഷന്മാരെയും ആണ്‍കുട്ടികളെയും സെബ്രനീസ പട്ടണത്തിലും പരിസരത്തും റാദ്‌കോ മ്ലാദികിനു കീഴിലുള്ള ബോസ്‌നിയന്‍ സെര്‍ബ് ആര്‍മി ഓഫ് റിപ്പബ്ലിക്ക സ്ര്‍പ്‌സ്‌കയുടെ (വി ആര്‍ എസ് ) യൂനിറ്റുകളാണ് കൂട്ടക്കൊല നടത്തിയത്. 20000 സാധാരണക്കാരാണ് അവിടെ നിന്ന് തുടച്ചു നീക്കപ്പെട്ടത്. 1991 വരെ സെര്‍ബിയന്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഭാഗമായിരുന്ന സെര്‍ബിയയില്‍ നിന്നുള്ള അര്‍ധ സൈനിക വിഭാഗമായ 'സ്‌ക്കോര്‍പിയന്‍സ് 'കൂട്ടകൊലയിലും ആക്രമണങ്ങളിലും പങ്കെടുത്തു.
2000-ത്തില്‍ ഇന്റര്‍നാഷണല്‍ കമ്മീഷന്‍ ഓണ്‍ മിസ്സിംഗ് പേഴ്‌സണിന്റെ (ഐ.സി.എം.പി) നിര്‍ദ്ദേശ പ്രകാരം ഡി.എന്‍.എ പരിശോധനക്ക് തുടക്കമിട്ടു. 2012 ജൂലൈ വരെ, കൂട്ട കുഴിമാടങ്ങളില്‍ നിന്ന് കണ്ടെടുത്ത ശരീര ഭാഗങ്ങളുടെ ഡി.ന്‍.എ വിശകലനത്തിലൂടെ വംശഹത്യക്കു ഇരയായ 6,838 ഓളം പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 2021 ജൂലൈ വരെ 6,671 മൃതദേഹങ്ങള്‍ പോട്ടോകരിയിയിലെ സ്മാരകകേന്ദ്രത്തില്‍ സംസ്‌ക്കരിക്കുകയും 236 മൃതദേഹങ്ങള്‍ മറ്റൊരിടത്തു സംസ്‌കരിക്കിക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന്, 2023 നവംബര്‍ വരെ നടത്തിയ ഡി.എന്‍എ പരിശോധനയില്‍ കുറച്ചു പേരെയും കൂടി തിരിച്ചറിഞ്ഞു. ആയിരത്തോളം പേരെ ഇനിയും തിരിച്ചറിയാനുണ്ട്.
ബോസ്‌നിയയിലെ സ്രെബ്രനീസ മെമ്മോറിയല്‍ സെന്ററിന് മുകളില്‍ സൂര്യന്‍ അസ്തമിക്കുമ്പോള്‍, ശാന്തമെന്ന് തോന്നിക്കുന്ന ഒരു വിശ്രമ സ്ഥലം ഭയാനകമായ ഒരു ചരിത്രം മറച്ചു വെക്കുന്നുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം യൂറോപ്പ് ദര്‍ശിച്ച ഏറ്റവും ഭീകരമായകൂട്ട കൊലകള്‍ക്കും അക്രമങ്ങള്‍ക്കും ഏക പക്ഷീയമായി ഒരു വിഭാഗം ഇരകളായിത്തീരുകയായിരുന്നു. അന്താരാഷ്ട്ര കോടതികള്‍ കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരാന്‍ വര്‍ഷങ്ങളെടുത്തു. ആഗോള പ്രതികരണം തണുപ്പനായിരുന്നു. കുറെ കാല താമസവുമുണ്ടായി.
2004ല്‍ മുന്‍ യുഗോസ്ലാവ്യക്കായുള്ള ഇന്റര്‍നാഷണല്‍ ക്രിമിനല്‍ ട്രിബൂണല്‍ സ്രെബ്രനീസ കൂട്ടക്കൊലയെ വംശഹത്യയായി വിധിച്ചിരുന്നുവെങ്കിലും 2007ലാണ് സെര്‍ബിയയെ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. 29 വര്‍ഷം മുമ്പ് നടന്ന ബോസ്‌നിയയിലെ വംശഹത്യയില്‍ നിന്ന് മനുഷ്യ സമൂഹം പാഠം പഠിച്ചിരുന്നുവെങ്കില്‍ ഗസ്സയിലെ വംശഹത്യ ഇന്ന് സംഭവിക്കില്ലായിരുന്നു.