video

കേരളത്തിന് ഇസ്‌ലാമിനെ നേരത്തെ അറിയാം. എന്നാല്‍, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ കേരളം പരിചയിച്ചത് ആചാരാനുഷ്ഠാനങ്ങളില്‍ പരിമിതപ്പെട്ട ഇസ്‌ലാമിനെയായിരുന്നു. മുസ്‌ലിംകള്‍ മാത്രം പരിചയിച്ച അറബിമലയാളത്തില്‍ ഇസ്‌ലാംവായനയും. അതങ്ങനെ ആവരുതല്ലോ. മുഴുവന്‍ മനുഷ്യര്‍ക്കുമായി അല്ലാഹു നല്‍കിയ ദീനിനെ അതിന്റെ എല്ലാ സവിശേഷതകളോടും കൂടി മലയാളത്തിന് പരിചയപ്പെടുത്താനുള്ള ആഗ്രഹത്തിന്റെയും ശ്രമത്തിന്റെയും പേരാണ് പ്രബോധനം വാരിക

ജമാഅത്തെ ഇസ്‌ലാമി കേരള ഹല്‍ഖയുടെ മുഖപത്രമാണ് പ്രബോധനം വാരിക. ജമാഅത്തിന്റെ ഔദ്യോഗിക നയങ്ങളും കാഴ്ചപ്പാടുകളും വിജ്ഞാപനങ്ങളുമെല്ലാം പ്രബോധന ത്തിലൂടെയാണ് പ്രത്യക്ഷപ്പെടാറുള്ളത്. അതേസമയം, പ്രബോധനത്തില്‍ വരുന്നതെല്ലാം ജമാഅത്തിന്റെ ഔദ്യോഗിക കാഴ്ചപ്പാടുകളല്ല. ഭിന്ന വീക്ഷണക്കാര്‍ക്കും പ്രബോധനം അതിന്റെ പേജുകള്‍ അനുവദിക്കാറുണ്ട്.

1949 ആഗസ്റ്റിലാണ് പ്രബോധനത്തിന്റെ ആദ്യ ലക്കം പുറത്തിറങ്ങിയത്. പ്രതിപക്ഷപത്രം (ദൈ്വവാരിക) ആയിരുന്നു അന്ന്. ജ.ഇ കേരള ഘടകത്തിന്റെ സ്ഥാപകന്‍ കൂടിയായ ഹാജി വി.പി. മുഹമ്മദലി സാഹിബും കെ.സി അബ്ദുല്ല മൗലവിയുമായിരുന്നു അണിയറ ശില്‍പികള്‍. എടയൂരില്‍ ഹാജി സാഹിബിനടുത്തുള്ള പുല്ലംപറമ്പില്‍ നമസ്‌കാരപള്ളി(ഇന്നത്തെ മസ്ജിദുല്‍ ഇലാഹ്)യില്‍ വെച്ചാണ് ഇരുവരും പത്രത്തിന്റെ മാറ്ററുകള്‍ തയാറാക്കിയിരുന്നത്. അച്ചടിച്ചത് തിരൂരിലെ ജമാലിയ്യ പ്രസ്സിലും.

September 3, 2024
Prabodhanam Weekly
by | 2 min read