ജമാഅത്തെ ഇസ്ലാമി കേരള ഹല്ഖയുടെ മുഖപത്രമാണ് പ്രബോധനം വാരിക. ജമാഅത്തിന്റെ ഔദ്യോഗിക നയങ്ങളും കാഴ്ചപ്പാടുകളും വിജ്ഞാപനങ്ങളുമെല്ലാം പ്രബോധന ത്തിലൂടെയാണ് പ്രത്യക്ഷപ്പെടാറുള്ളത്. അതേസമയം, പ്രബോധനത്തില് വരുന്നതെല്ലാം ജമാഅത്തിന്റെ ഔദ്യോഗിക കാഴ്ചപ്പാടുകളല്ല. ഭിന്ന വീക്ഷണക്കാര്ക്കും പ്രബോധനം അതിന്റെ പേജുകള് അനുവദിക്കാറുണ്ട്.
1949 ആഗസ്റ്റിലാണ് പ്രബോധനത്തിന്റെ ആദ്യ ലക്കം പുറത്തിറങ്ങിയത്. പ്രതിപക്ഷപത്രം (ദൈ്വവാരിക) ആയിരുന്നു അന്ന്. ജ.ഇ കേരള ഘടകത്തിന്റെ സ്ഥാപകന് കൂടിയായ ഹാജി വി.പി. മുഹമ്മദലി സാഹിബും കെ.സി അബ്ദുല്ല മൗലവിയുമായിരുന്നു അണിയറ ശില്പികള്. എടയൂരില് ഹാജി സാഹിബിനടുത്തുള്ള പുല്ലംപറമ്പില് നമസ്കാരപള്ളി(ഇന്നത്തെ മസ്ജിദുല് ഇലാഹ്)യില് വെച്ചാണ് ഇരുവരും പത്രത്തിന്റെ മാറ്ററുകള് തയാറാക്കിയിരുന്നത്. അച്ചടിച്ചത് തിരൂരിലെ ജമാലിയ്യ പ്രസ്സിലും.